മായാനദി ഒഴുകുന്ന വഴികൾ

Mayanadhi

മായാനദി കാണാനാണ് തീയറ്ററിൽ എത്തിയത്. ക്യൂവിന്റെ നീളം കണ്ടു ടിക്കറ്റ് കിട്ടുമോ എന്ന് ആദ്യം ഒന്ന് അമ്പരന്നു. പിന്നെയാണ് മനസിലായത്, എനിക്ക് ക്യൂ തെറ്റിയതാണ്. 'ടൈഗർ ജീവിച്ചിരിപ്പുണ്ട്' എന്നറിഞ്ഞു വന്നവരാണ്. നാട്ടുകാരൊക്കെ ഒറ്റയടിക്ക് നന്നായിപ്പോയല്ലോ എന്ന സന്തോഷത്തിന് ആയുസ്സ് കഷ്ടി രണ്ടു മിനിറ്റ്.
മായാനദി അപ്പുറത്ത് മിനിസ്ക്രീനിലാണ്. അവിടെ ആകെ അഞ്ചുപേരെ നിൽപ്പുള്ളൂ.

ആ ക്യൂവും ഈ ക്യൂവും പുച്ഛത്തോടെ തമ്മിൽ നോക്കുന്നുണ്ട്. "എന്തു കാണാനാണടെ അവിടെ?" എന്നു ചോദിക്കാതെ ചോദിക്കുന്നുണ്ട്. നിങ്ങളുടെ കാഴ്ചകൾ നിങ്ങളെ രസിപ്പിക്കട്ടെ എന്നു മനസുകൊണ്ട് എല്ലാവരെയും നേർന്നു തീയറ്ററിൽ കയറി. പുതുമയുടെ മായക്കാഴ്ചകളായിരുന്നു എന്നെ കാത്തിരുന്നത്.

ഔൾക്രീക്കിൽ നിന്ന് മായാനദിയിലേക്ക്

ജീവിതകാലം മുഴുവൻ നിങ്ങളെ പിന്തുടരുന്ന ചില സിനിമകളുണ്ട്. ഒരു നീറ്റലായി അത് നമ്മുടെ കൂടെ എന്നും ഉണ്ടാവും.
അരക്ഷിതമായ ബിരുദാധ്യയനദിനങ്ങളിലെന്നോ ആണ് ഞാനതുപോലെയുള്ള ഒരു സിനിമ കണ്ടത്. 'An occurrence at owl creek bridge' എന്ന ഒരു ചെറുസിനിമ. അമേരിക്കൻ സിവിൽ വാറിന്റെ കാലത്ത് എഴുതപ്പെട്ട കഥയെ ആസ്പദമാക്കി പിൽക്കാലത്ത് ഫ്രാൻസിൽ നിർമിച്ചതാണ് അത്.

owlcreek.jpg


ഔൾക്രീക്കിലെ ഒരു പാലത്തിനു മുകളിൽ പട്ടാളം തൂക്കുമരണത്തിന് ഒരുക്കി നിർത്തിയ ഒരു ചെറുപ്പക്കാരന്റെ കഥയാണത്. കുരുക്ക് മുറുകുന്നതിന് മുമ്പ് അയാൾ ജീവിതത്തിലേക്ക് നടത്തുന്ന ഒരു മരണപ്പാച്ചിലുണ്ട്. ജീവിതം അതിന്റെ സകലമാസ്മരികതകളും ചേർത്ത് നടത്തിയ അവസാനത്തെ മോഹിപ്പിക്കലായിരുന്നു അത്.

കാഴ്ചക്കാരന് ഊഹിച്ചു ചെല്ലാവുന്നതിന്റെ എല്ലാ അതിരുകൾക്കുമപ്പുറത്താണ് അതിന്റെ ക്ലൈമാക്സ്. പാതാളത്തിലൊളിപ്പിച്ചു വച്ച പരിണാമഗുപ്തി ഒരു ഭൂഭേദനത്തിലൂടെ പുറത്തു വരുമ്പോൾ കാഴ്ചക്കാരന്റെ ഹൃദയവും ശ്വാസകോശവും ഒറ്റ സ്ഫോടനത്തിൽ ചിതറിപ്പോകുന്നു.

'മായാനദി' യിൽ മാത്തൻ നദിയോരത്ത് പോലീസുകാരന്റെ വെടിയേറ്റ് മരിച്ചുവീഴുമ്പോൾ അതിൽ രഹസ്യങ്ങളൊന്നുമില്ല. അയാളുടെ ഹൃദയം തുരന്നു പോകുന്ന ആ വെടിയുണ്ട മാത്തനും കാണികളും ഒരു പോലെ പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും വെടി പൊട്ടിയപ്പോൾ തലയ്ക്ക് പിന്നിലേറ്റ അടി പോലെ ഒരാഘാതം കാണികൾ അനുഭവിക്കുന്നു. കഥാന്ത്യത്തെ ഒളിച്ചുവെച്ച് അവസാനം കാണികളെ ഞെട്ടിക്കുന്ന പഴയ ഒടിവിദ്യ ഉപേക്ഷിക്കാൻ സമയമായി എന്നുകൂടി പറഞ്ഞു വയ്ക്കുന്നുണ്ട് സിനിമ. വെളിപ്പെട്ട ഒരു രഹസ്യത്തെ തീവ്രമായ അനുഭവമാക്കി മാറ്റാൻ കഴിയുന്നതാകണം സിനിമ എന്ന ഓർമ്മപ്പെടുത്തൽ.

നദിയുടെ ഇക്കരയിൽ വെടിയേറ്റു വീണ അവന്റെ കണ്ണുകളിലെ അവസാനത്തെ മായക്കാഴ്ച അവളായിരുന്നു. ഒരു ഫെയറി റ്റെയ്‌ലിലെ നായികയെപ്പോലെ ഞൊറിയും വാലുമുള്ള നീണ്ട വസ്ത്രങ്ങളണിഞ്ഞ പെൺകുട്ടി. ഒരു പക്ഷെ എല്ലാ പ്രണയികൾക്കും കാണാനുള്ള അവസാനത്തെ കാഴ്ചയാണത്.

ഓൾക്രീക്ക് ബ്രിഡ്ജിൽ നിന്ന് നദിയിലേക്ക് ഞാന്നു കിടന്ന ഒരു കയർക്കുരുക്കിൽ നിന്ന് ആ യുവാവും കണ്ടത് ഇതേ മായക്കാഴ്ചയായിരുന്നു. അയാളുടെ പ്രിയതമയുടെ മോഹനരൂപം. അവൾ നീട്ടിപ്പിടിച്ച കൈകളിലെ അഭയം. എല്ലാ മോഹങ്ങളും ഇല്ലാതെയാകുന്ന ആ അന്ത്യ നിമിഷത്തിലാണ് അവസാനത്തെ മോഹം വിരാട് രൂപിയായി നമ്മെ ആശ്ലേഷിക്കുന്നത്.

എല്ലാ മരണവും ഒരാലിംഗനമാണ്. ഏറ്റവും പ്രിയപ്പെട്ട ഒന്നിന്റെ അവസാനത്തെ ആലിംഗനം.

സദാചാരം വിൽക്കുന്ന ഇക്കമാർ

സമീറ എന്ന ഒരു കഥാപാത്രമുണ്ട് ഈ സിനിമയിൽ. മലയാള സിനിമയിൽ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടിയായിട്ടാണ് ആ കഥാപാത്രം രംഗത്തു വരുന്നത്. സ്വപ്നങ്ങളും പ്രതീക്ഷകളും കടലോളം മനസ്സിൽ കിടക്കുമ്പോൾ എല്ലാം ഉപേക്ഷിച്ച് അവൾക്ക് ദുബായിലേക്ക് തിരിച്ചു പോകേണ്ടി വരുന്നു.

ഏതോ ഒരു സിനിമയിൽ നൃത്തരംഗം ഷൂട്ട് ചെയ്തപ്പോൾ അവളുടെ നാഭി പ്രദേശം വെളിവായി എന്ന പേരിൽ കോപാകുലനായി പറന്നു വന്ന ഇക്ക ഒരടി കൊണ്ട് അവളുടെ ദീൻ വീണ്ടെടുത്ത ശേഷം അവളുമായി ദുബായിലേക്ക് തിരിച്ചു പറക്കുന്നു.

യഥാർത്ഥത്തിൽ ദുബായിയിൽ നിന്ന് പറന്നു വന്നത് സമിയുടെ മാത്രം ഇക്കയല്ല. എല്ലാ മലയാളിപ്പെണ്ണുങ്ങളുടെയും പൊതു ഇക്കയാണ്. മലയാളിപ്പെണ്ണുങ്ങൾക്ക് സദാചാരത്തിന്റെ വസ്ത്രം തുന്നിക്കൊടുക്കുന്ന ഓൺലൈൻ തയ്യൽക്കാരാണവർ. ഒരു സൗകര്യത്തിന് ദുബായിലോ സൗദിയിലോ ഖത്തറിലോ കാനഡയിലോ ഒക്കെ താമസിക്കുന്നു എന്നേയുള്ളൂ. ഓൺലൈൻ ആണ് അവരുടെ പൊതു ഇടം. അവിടത്തെ മഹല്ല് ഭരണം അവരുടെ കൈയിലാണ്. ഈ ഇക്ക ആ ഇക്കമാരുടെയെല്ലാം പ്രതിനിധിയാണ്. ആ ഉഗ്രശാസനകൾ, ആ ഭാവഹാവാദികൾ, ഇസ്ലാമിന് വേണ്ടി വിറക്കുന്ന മേൽച്ചുണ്ടുകൾ എല്ലാം പൊതുവാണ്. എല്ലാ ഇക്കമാർക്കും ഒരു പോലെ ചേരുന്നത്. ഒറ്റ സീനിൽ എല്ലാം ഭംഗിയാക്കിയിട്ടുണ്ട് സൗബിൻ എന്ന നടൻ.

കുലസ്ത്രീ

കുറച്ചു ദിവസം മുമ്പാണ് സുനിത ദേവദാസ് കുലസ്ത്രീകളുടെ ലക്ഷണങ്ങളെക്കുറിച്ചും എങ്ങനെ ഒരു നല്ല കുലസ്ത്രീയാവാം എന്നതിനെക്കുറിച്ചും വിവരിക്കുന്ന ഒരു സർക്കാസ്റ്റിക് വീഡിയോ പോസ്റ്റ് ചെയ്തത്. ആ ലക്ഷണങ്ങളുള്ള സ്ത്രീകൾ കൂട്ടത്തോടെ പ്രത്യക്ഷപ്പെടുന്ന ഒരു സീനുണ്ട് ഈ സിനിമയിൽ. നിലവിളക്ക് കത്തിക്കേണ്ടത് ഏഴു തരിയിട്ടാണോ അഞ്ചു തിരിയിട്ടാണോ എന്നതായിരുന്നു അവരുടെ പ്രധാനചർച്ച. ഗഹനമായ ഈ ചർച്ചകഴിഞ്ഞ് വയറ് നിറച്ച് ആഹാരവും കഴിച്ച് തങ്ങളുടെ പ്രതാപവും പ്രൗഡിയും വിജയകരമായി പ്രദർശിപ്പിച്ച് സമയത്തിന് വീട്ടിൽ ചെല്ലുന്നതോടെ കുലസ്ത്രീകളുടെ സാമൂഹ്യദൗത്യം പൂർത്തിയാവുന്നു.

ദുബായിലേക്ക് തിരിച്ചു പോകുന്ന സമി തന്നെ യാത്രയാക്കാനെത്തിയ അപർണ്ണയ്ക്ക് കൊടുക്കുന്ന ചില ടിപ്സുണ്ട്. അതിലൊന്ന് ഇതാണ്. 'നീ പത്രം വായിക്കണം. അറ്റ്ലീസ്റ്റ് ട്രോളുകളെങ്കിലും വായിക്കാൻ മറക്കരുത്.’ അത് ഒരു പ്രതിഷേധമാണ്. കുലസ്ത്രീക്കെതിരെയല്ല, കുലപുരുഷനെതിരെ. ഒരു പ്രതിഷേധത്തിന് തിരികൊളുത്തിയിട്ടാണ് അവൾ തന്റെ കുലത്തിലേക്ക് തിരിച്ചു പോകുന്നത്. കുലസ്തീ എന്നത് ഒരു തെരഞ്ഞെടുപ്പല്ല. ഒരു ആയിത്തീരലാണ്. ഒരു നിസ്സഹായതയാണ്. പരിഹസിക്കുമ്പോഴും അവർ നമ്മുടെ സ്വകാര്യദുഃഖമാണ്.

ആരാണ് ഈ വൈൻ കുപ്പി ഒന്നു തുറന്നു തരിക

മൂന്ന് പെൺകുട്ടികൾ ചേർന്ന് വൈൻ കുപ്പി പൊട്ടിക്കുന്ന ഒരു ദൃശ്യമുണ്ട്. സമിയുടെ നാവൽ സീൻ യൂ റ്റ്യൂബിൽ പ്രത്യക്ഷപ്പെട്ട ദിവസമായിരുന്നു അത്. ഹതാശയായ അവൾ ആരെങ്കിലും ഈ കുപ്പി പൊട്ടിച്ചു തരുമോന്ന് ചോദിക്കുന്നു. പിന്നെ കുപ്പിക്കഴുത്തിലെ കോർക്കുമായുള്ള മൽപ്പിടുത്തമാണ്. കോർക്ക് ഊരിയെടുക്കാനാവാത്തത് കൊണ്ടാവണം ഒരു സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കുത്തി അകത്തേക്ക് കയറ്റുകയാണ് ചെയ്യുന്നത്.

പൊതുസമൂഹത്തിലെ ആങ്ങളമാരിൽ പലരും കുപ്പിക്കഴുത്തിലെ ഈ കോർക്കാണ്. അതൂരിയെടുക്കാതെ ജീവിതത്തിന്റെ വീഞ്ഞ് സ്ത്രീകൾ രുചിക്കുകയില്ല. അല്പാല്പമായി സ്ത്രീകൾ അത് ചെയ്തേക്കും. കോർക്ക് പുറത്തേക്കെടുക്കുകയോ അകത്തേക്ക് തള്ളിയൊതുക്കുകയോ ചെയ്യാതെ ജീവിതത്തിന്റെ കോപ്പ നിറയ്ക്കാൻ സ്ത്രീകൾക്ക് കഴിയുകയില്ല. ജീവിക്കുന്നതിന്റെ ലഹരി എന്നെങ്കിലും അവരും അറിയാതിരിക്കില്ല എന്നതു മാത്രമാണ് പ്രതീക്ഷ.

മാത്തനും അപ്പുവും

വിപ്ലവവീര്യമുള്ള ധീരയുവാവായി ടോവിനോ അഭിനയിച്ച ധാരാളം സിനിമകളുണ്ട്. അവയിൽ പലതും വൻ വിജയങ്ങളുമായിരുന്നു. മായാനദി വാണിജ്യവിജയം നേടുമോ ഇല്ലേ എന്ന് പറയാനാവില്ല. എന്നാൽ അദ്ദേഹം ഇതു വരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചത് മാത്തനാണെന്ന് നിസ്സംശയം പറയാം. അലസനും അലമ്പനും ലക്ഷ്യബോധമില്ലാത്തവനും ഒരു പെണ്ണിന്റെ പിന്നാലെ ചുറ്റിത്തിരിയുന്നവനും മാത്രമായ ഈ കഥാപാത്രത്തെ അതിന്റെ സകലസൗന്ദര്യത്തിലും ടോവിനോ അവതരിപ്പിച്ചിട്ടുണ്ട്.

ജീവിതത്തിൽ നിങ്ങൾക്ക് എല്ലാമായിത്തീരാനുള്ള സ്വാതന്ത്ര്യമുള്ളതുപോലെത്തന്നെയാണ് നിങ്ങൾക്ക് ഒരു മാത്തനായിത്തീരാനുള്ള സ്വാതന്ത്ര്യവും. ജാതി നോക്കാതെ മതം നോക്കാതെ സാമ്പത്തികാവസ്ഥ നോക്കാതെ പ്രണയിക്കുന്നതിനെ നിരന്തരം പുകഴ്ത്തുന്നവരും ഒരലമ്പനോടുള്ള പ്രണയത്തെ ഗൗരവമായി എടുക്കാറില്ല. അപർണ്ണയ്ക്ക് (അപ്പു) മാത്തനോട് പ്രണയമുണ്ടായിരുന്നോ എന്ന് നമുക്കറിഞ്ഞുകൂടാ. ഒരു പക്ഷെ, അപർണ്ണയ്ക്ക് തന്നെ അത് നിശ്ചയമില്ല. എങ്കിലും ഒരു കാര്യം ഈ സിനിമ നമ്മോട് ഉറച്ചു പറയുന്നുണ്ട്. പ്രണയം നിങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും തരുന്നു. നല്ലവനെ പ്രണയിക്കുന്നതു പോലെ തുല്യ അളവിൽ പ്രധാനമാണ് ചീത്തവനെ പ്രണയിക്കുന്നതും.

അപർണ്ണയുടെ ജനുസ്സിൽ കേരളത്തിൽ എത്ര പേരുണ്ടെന്ന് നമുക്കറിഞ്ഞുകൂടാ. അവൾക്കു മുമ്പും കുറച്ചു പേർ അങ്ങനെ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. എന്നാൽ മതിയായ അളവിൽ ഉണ്ടെന്ന് പറയാനാവില്ല. അത് കൊണ്ട് ഇനി വരാനിരിക്കുന്ന ഒരു തലമുറയുടെ പ്രതിനിധിയാണ് അപർണ്ണ എന്ന കഥാപാത്രം. ആ പ്രാതിനിധ്യം ശരിയായി ഏറ്റെടുക്കുന്നതിന് ആ കഥാപാത്രത്തെ അവതരിപ്പിച്ച പെൺകുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.

മായാനദി മലയാളസിനിമയിലെ പുതിയൊരു ഒഴുക്കാണ്. ഈ ഒഴുക്ക് നിലയ്ക്കാതിരിക്കട്ടെ എന്ന് അത്യാഗ്രഹിക്കുന്നു. ഒപ്പം മായാനദിയെ ഒരു പുതിയ സിനിമയാക്കിയ അതിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.