ഇന്ത്യയുടെ കാര്‍ഷികമേഖല പുനഃരുജ്ജീവിപ്പിക്കാന്‍ വേണ്ടതെന്തൊക്കെ?

Economic expert Prof. Venkatesh Athreya proposes policy measures to solve agrarian distress in India.

ഇന്ത്യയിലെ പുതിയ സര്‍ക്കാരിന്റെ സാമ്പത്തിക കാര്യപരിപാടി എന്താകുമെന്നതിനെക്കുറിച്ച് മാധ്യമങ്ങളില്‍ ഒട്ടേറെ ചര്‍ച്ചകള്‍ (മിക്കതും അഭിപ്രായപ്രകടനങ്ങളാണ്) നടക്കുകയാണ്. അടിയന്തരമായി സര്‍വത്ര സ്വകാര്യവത്കരിക്കുക എന്ന ഉപദേശമാണ് കൂടുതലും. സമ്പദ്‌വ്യവസ്ഥയും ആ മേഖലയിലെ നയരൂപീകരണവും പൂര്‍ണമായും കോര്‍പറേറ്റ് മേഖലയ്ക്ക് കൈമാറുക എന്ന ഉപദേശവും ഏറിയും കുറഞ്ഞുമുണ്ട്.

കര്‍ഷകരുടെ വരുമാനം സംരക്ഷിക്കുക

അത്തരം നിര്‍ദേശങ്ങളുടെ ശരിതെറ്റുകളിലേക്ക് കടക്കുന്നതിന് മുമ്പ് നാം ഓര്‍മിക്കേണ്ട ഒരു കാര്യം, 2011ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം, ഏകദേശം അറുപത്തിയൊമ്പത് ശതമാനം പേര്‍ - 833.7 ദശലക്ഷം - ഗ്രാമീണമേഖകളില്‍ താമസിക്കുന്നുവെന്നാണ്. 481.9 ദശലക്ഷം വരുന്ന ഗ്രാമീണ തൊഴില്‍സേനയിലെ 263.1 ദശലക്ഷം പേരും (54.6 ശതമാനം) കാര്‍ഷികമേഖലയില്‍ തൊഴില്‍ ചെയ്യുന്നവരായിട്ടാണ് വര്‍ഗീകരിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം പേരും - 144.3 ദശലക്ഷം അല്ലെങ്കില്‍ ഏകദേശം അമ്പത്തിയഞ്ച് ശതമാനം പേര്‍ - കര്‍ഷകത്തൊഴിലാളികളും, ബാക്കിയുള്ള 118.8 ദശലക്ഷം പേര്‍ കര്‍ഷകരുമാണ്. മേല്‍ സൂചിപ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍, ജിവിഎയില്‍ (GVA - Gross Value Added) കൃഷിയുടെയും അനുബന്ധപ്രവര്‍ത്തനങ്ങളുടെയും പങ്ക് താരതമ്യേന കുറവാണെങ്കില്‍ കൂടിയും (ഏകദേശം 15.82 ശതമാനം വരും). നയരൂപീകരണത്തില്‍ കാര്‍ഷികജനതയ്ക്കും കാര്‍ഷികവൃത്തിക്കും മുന്‍ഗണനയുണ്ടാകണമെന്ന നിര്‍ദേശം യുക്തിരഹിതമാണ് എന്ന് പറയുവാനാകില്ല. കര്‍ഷകത്തൊഴിലാളികളും കര്‍ഷകരുമടങ്ങുന്ന കാര്‍ഷികസമൂഹത്തിലെ വ്യക്തികളുടെയും കുടുംബങ്ങളുടെയും ക്ഷേമം ഉറപ്പു വരുത്താൻ ഉതകുന്ന, കാര്‍ഷികവരുമാനം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്ന രീതിയില്‍ കൃഷിയിലൂടെയും അനുബന്ധപ്രവൃത്തികളിലൂടെയും ചേര്‍ക്കപ്പെടുന്ന ആളോഹരി മൂല്യം വലിയ രീതിയില്‍ വര്‍ദ്ധിപ്പിക്കുക  ഇന്ത്യയുടെ വികസനത്തിന്റെ പ്രധാനപ്രശ്നം എന്നാണ് ഈ സംഖ്യകള്‍ സൂചിപിക്കുന്നത്.

കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്‍കല്‍ പരിഹാരമല്ല

2019ലെ ലോകസഭാ തെരെഞ്ഞെടുപ്പിലെ ബിജെപി മാനിഫെസ്റ്റോ കൃഷ്ടിയുടെ പ്രാധാന്യത്തെ അംഗീകരിക്കുന്നുണ്ട്. കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനെക്കുറിച്ചുള്ള മുദ്രാവാക്യം അവര്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്നാലതെങ്ങനെ നടപ്പിലാക്കുമെന്നതിനെക്കുറിച്ച് അവര്‍ പറയുന്നില്ല. തെരെഞ്ഞെടുപ്പിന് തൊട്ടു മുമ്പവതരിപ്പിച്ച 2019-20ലെ ഇടക്കാല ബജറ്റിലെ കര്‍ഷകര്‍ക്കുള്ള വരുമാനപിന്തുണ പദ്ധതിയെ പറ്റി മാനിഫെസ്റ്റോയില്‍ എടുത്തു പറയുന്നുണ്ട്. അതിന്റെ ഭൂപരിധിയെടുത്ത് കളഞ്ഞ് എല്ലാ ഭൂവുടമകള്‍ക്കും നല്‍കും എന്നും വാഗ്ദാനം നല്‍കുന്നുണ്ട്. ഇത് ഒരു പിന്തിരിപ്പന്‍ നടപടിയാണ്. കാര്‍ഷകരംഗമോ വ്യക്തിഗത കാര്‍ഷികകുടുംബങ്ങളെയോ ശക്തിപ്പെടുത്തുന്നതിനുതകുന്ന ഒരു ഫലപ്രദമായ മാര്‍ഗമല്ല കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്‍കുന്ന പദ്ധതി. ഇത് വന്‍കിട ഭൂവുടമകള്‍ക്ക് കൂടി ലഭ്യമാക്കുന്നതും, അതേസമയം പാട്ടക്കൃഷിക്കാര്‍ക്ക് നിഷേധിക്കുന്നതും വിശിഷ്യാ എതിര്‍ക്കപ്പെടേണ്ടതാണ്.

വിവരങ്ങള്‍ അപ്രത്യക്ഷമായ ബിജെപിയുടെ പത്രിക

കാര്‍ഷികമേഖലയിലെ നിക്ഷേപങ്ങളുടെ ആവശ്യകതയെക്കുറിച്ചും ഉല്പാദനക്ഷമത വര്‍ദ്ധിപിക്കുന്നതിനെക്കുറിച്ചും ബിജെപി മാനിഫെസ്റ്റോ സംസാരിക്കുന്നുണ്ട്. ഇത് പ്രധാനപ്പെട്ടതും ഒപ്പം സ്വീകരിക്കേണ്ടതുമാണ്. കാര്‍ഷികമേഖലയില്‍ ഇരുപത്തിയഞ്ച് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് അത് പറയുന്നുണ്ട്. എന്നാല്‍ എത്ര കാലം കൊണ്ടാണിത് (അഞ്ച് വര്‍ഷം?) നടത്തേണ്ടതെന്നോ, അതിന്റെ സ്രോതസ്സുകള്‍ എന്തായിരിക്കുമെന്നോ എന്നതിനെപ്പറ്റിയൊന്നും യാതൊരു വിവരവുമില്ല താനും. ഇനി കേന്ദ്രഗവണ്‍മെന്റ് അഞ്ച് ലക്ഷം കോടി രൂപ വര്‍ഷം തോറും കാര്‍ഷികമേഖലയില്‍ നിക്ഷേപിക്കുമെന്നാണ് വാക്ക് തരുന്നതെങ്കില്‍, ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, 2014 മുതല്‍ 2019 വരെയുള്ള കാലയളവിലെ കേന്ദ്ര ബജറ്റുകളില്‍ കൃഷിക്കും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി വകയിരുത്തിയിക്കുന്ന തുക തീരെക്കുറവാണ്. മേല്പറഞ്ഞതിന്റെ പത്ത് ശതമാനം പോലും വരില്ല ഇത്. സഹകരണസംഘങ്ങളെക്കുറിച്ചും, കൃഷിയും സാങ്കേതികവിദ്യയും കൂട്ടിമുട്ടിക്കുന്നതിനെക്കുറിച്ചും എല്ലാം ബിജെപിയുടെ മാനിഫെസ്റ്റോ വാതോരാതെ സംസാരിക്കുന്നുണ്ടെങ്കിലും, ഇവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും അതില്‍ ലഭ്യമല്ല.

ഗവണ്‍മെന്റ് എന്താണ് ലക്ഷ്യം വെക്കേണ്ടത്

എന്നാല്‍ അവരുടെ അഞ്ച് വര്‍ഷത്തിന് ശേഷവും ഇന്ത്യയില്‍ നിലനില്‍ക്കുന്ന അതീവഗുരുതരമായ കാര്‍ഷികപ്രതിസന്ധിയെക്കുറിച്ച് യാതൊരു സൂചനയും ബിജെപിയുടെ തെരെഞ്ഞെടുപ്പ് പത്രികയിലില്ല. അതിഭീമമായ ഈ കാര്‍ഷികപ്രതിസന്ധിയെ തിരിച്ചറിഞ്ഞുകൊണ്ട് വേണം കാര്‍ഷികമേഖലയെക്കുറിച്ചുള്ള നയരൂപീകരണം ആരംഭിക്കേണ്ടത്. ചെറുകിട/ഇടത്തരം കര്‍ഷകര്‍ക്ക് കൃഷിയില്‍ നിന്നും ഉല്പാദനച്ചെലവ് തിരികെപ്പിടിക്കുവാന്‍ കഴിയാത്തതും, തീരെക്കുറഞ്ഞ കൂലിനിരക്കുകളും, പരിമിതമായ തൊഴിലവസരങ്ങളും, കാര്‍ഷിക/ഗ്രാമീണത്തൊഴിലാളികളുടെ ഇടയിലുള്ള ദാരിദ്ര്യവും തുടങ്ങിയ കാരദ്യങ്ങള്‍ പരിഗണിച്ചു കൊണ്ട് മിനിമം നയ മുന്‍ഗണനകള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉറപ്പു തരേണ്ടതുണ്ട്:

  1. കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ക്ക് ന്യായമായ വില ലഭിക്കണം - മിനിമം താങ്ങുവില സംബന്ധിച്ച് പ്രൊഫ. എം. എസ്. സ്വാമിനാഥന്‍ നേതൃത്വം കൊടുത്ത കര്‍ഷകരുടെ ദേശീയ കമ്മീഷന്റെ (National Commission on Farmers) ശുപാര്‍ശകളില്‍ നിന്ന് തന്നെ തുടങ്ങാവുന്നതാണ് - മിനിമം താങ്ങുവിലയുടെ പ്രഖ്യാപനത്തില്‍ മാത്രമൊതുക്കേണ്ടതല്ല അത്, മറിച്ച് സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തിലുള്ള കൃത്യമായ വിളസംഭരണം കൂടി ഉറപ്പാക്കേണ്ടതുണ്ട്.
  2. മാന്യമായ മിനിമം കൂലി, വിലവര്‍ദ്ധനവുമായി ബന്ധിപ്പിക്കുകയും, കാര്‍ഷിക/ഇതരഗ്രാമീണ തൊഴിലാളികള്‍ക്ക് നിശ്ചിത ദിവസം തൊഴില്‍, തൊഴിലുറപ്പ് പദ്ധതി വഴി അഴിമതിരഹിതമായി ഉറപ്പു വരുത്തണം.
  3. ജലസേചനത്തിനും, ഗ്രാമീണതലത്തിലെ അടിസ്ഥാനസൗകര്യവികസനത്തിനും (കര്‍ഷകരെയും കമ്പോളത്തെയും ബന്ധിപ്പിക്കുന്ന മെച്ചപ്പെട്ട പാതകള്‍, കാര്‍ഷികോത്പന്നങ്ങള്‍ക്കുള്ള ശേഖരണസൗകര്യങ്ങള്‍, മെച്ചപ്പെട്ട ഊര്‍ജലഭ്യത എന്നിവയുള്‍പ്പടെ), ദേശീയകാര്‍ഷികഗവേഷണസംവിധാനം, ദേശീയകാര്‍ഷികവ്യാപനസംവിധാനം എന്നിവയ്ക്കായി കൂടുതല്‍ സംസ്ഥാന-കേന്ദ്രഗവണ്‍മെന്റുകളുടെ പൊതുനിക്ഷേപം.
  4. കര്‍ഷകരുടെ - പാട്ടക്കാര്‍ ഉള്‍പ്പടെയുള്ള യഥാര്‍ത്ഥകര്‍ഷകര്‍ക്ക്, വെറും ഭൂവുടമകള്‍ക്കല്ല - എല്ലാവിധ കാര്‍ഷികകടങ്ങളുടെയും ഒറ്റത്തവണ എഴുതിത്തള്ളല്‍, ഭൂവുടമസ്ഥതയില്‍ അധിഷ്ഠിതമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള അര്‍ഹതയ്ക്ക് വിധേയമായി, സ്വകാര്യകടംകൊടുപ്പുകാര്‍ക്ക് കൊടുക്കുവാനുള്ള കടം ഉള്‍പ്പടെ. 
  5. എല്ലാ കാര്‍ഷികകുടുംബങ്ങള്‍ക്കും, ഉചിതമായ സാമ്പത്തികപരിധികളോടെ, താങ്ങാനാവുന്ന വിലയിലുള്ള ആരോഗ്യപരിപാലനസംവിധാനം, വിദ്യാഭ്യാസം പൊതുസംവിധാനത്തിലൂടെ ലഭ്യമാക്കണം.
  6. കര്‍ഷകര്‍ക്ക് പ്രത്യേകിച്ചൊരു പ്രയോജനവുമില്ലത്ത, എന്നാല്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ചാകരയായ നിലവിലെ വിശ്വാസ്യതയില്ലാത്ത ഇന്‍ഷുറന്‍സ് സംവിധാനത്തിന് പകരം ഫലപ്രദമായ ഇന്‍ഷുറന്‍സ് സംവിധാനം.
  7. ദേശീയ ഭക്ഷ്യസുരക്ഷാസംവിധാനം ഫലപ്രദമായി നടപ്പിലാക്കുവാന്‍, ലക്ഷ്യവേധിതമല്ലാത്ത, സാര്‍വത്രികവും പ്രാവര്‍ത്തികവുമായ പൊതുവിതരണസംവിധാനം.

നടപ്പിലാക്കുവാന്‍ ബുദ്ധിമുട്ടുള്ളതാണിതൊക്കെ എന്ന് തോന്നാം. ഈ നയപരിപാടികള്‍ നടപ്പില്‍വരുത്തുവാനാവശ്യമായ വിഭവങ്ങള്‍ ലഭ്യമാണോ എന്ന ചോദ്യങ്ങളും ഇതിനോടകം ഉയര്‍ന്നേക്കാം. വാസ്തവത്തില്‍, ഗ്രാമീണതൊഴില്‍സേനയുടെ പകുതിയലധികം പേരും ഉപജീവനത്തിനായി ആശ്രയിക്കുന്ന ഒരു മേഖലയ്ക്ക് സ‌ര്‍ക്കാരിനാല്‍ നല്‍കപ്പെടുന്ന പിന്തുണ തീരെക്കുറവാണ്. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ സംയോജിതധനവ്യയം ജിഡിപിയുടെ മൂന്ന് ശതമാനത്തില്‍ താഴെയായിരുന്നു, രണ്ട് ശതമാനത്തിനോടടുത്ത്. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ ആകെ ധനവ്യയം ജിഡിപിയുടെ ഇരുപത്തിയഞ്ച് ശതമാനത്തിലധികം വന്നത് വളരെ അപൂര്‍വമായിട്ട് മാത്രമേ  വന്നിട്ടുള്ളൂ എന്ന് പറയാം. എങ്കിലും, കൃഷിക്കുള്ള വിഹിതം ഇതിന്റെ പത്തിലൊന്ന് പോലുമില്ല എന്നത് ന്യായീകരിക്കുവാന്‍ ഏറെ ബുദ്ധിമുട്ടാണ്, കാരണം കാര്‍ഷികജനസംഖ്യയുടെ അനുപാതം അതിലുമെത്രയോ മടങ്ങ് വലുതാണ് എന്നതുകൊണ്ടു തന്നെ.

അതിധനികരില്‍ നിന്നുള്ള വിഭവസമാഹരണം

നവലിബെറല്‍ കാലയളവില്‍ ധനക്കമ്മിയോട് (fiscal deficit) അമിതമായ ഒരു അഭിവാഞ്ജ ഉണ്ടായിട്ടുണ്ട്. ഒരു നിശ്ചിതസമയത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി ജിഡിപിയുടെ മൂന്ന് ശതമാനമോ അതില്‍ താഴെയോ ആക്കണമെന്ന് നിര്‍ദേശിക്കുന്ന ഒരു നിയമം വരെ നാം നിര്‍മിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ കട ഇതര വരുമാനങ്ങളും (non-debt receipts) ആകെ ചെലവും തമ്മിലുള്ള വ്യത്യാസമാണ് ധനക്കമ്മി. ധനക്കമ്മിയോടുള്ള ഈ അന്ധമായ പ്രണയം യുക്തിരഹിതമാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ധനക്കമ്മിയുടെ നിര്‍വചനപ്രകാരം  സര്‍ക്കാരെടുക്കുന്ന കടം നിയമാനുസൃതമായ വരുമാനത്തില്‍ നിന്നും ഒഴിവാക്കപ്പെടുകയും, എന്നാല്‍ പൊതുമേഖലാ സ്വത്തുക്കളുടെ വില്പനയില്‍ നിന്നുള്ള വരുമാനം - കട ഇതര ‘മുതല്‍ വരുമാനം’ (capital receipt of the non-debt kind) - നിയമാനുസൃതമാക്കിയിട്ടുണ്ടെന്നുമാണ്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, പരിധികളില്ലാതെയും യുക്തിരഹിതമായും സ്വകാര്യവത്കരണം നടപ്പിലാക്കുക എന്ന ഗൂഢോദ്ദേശ്യത്തിന്റെ ഭാഗമാണ് ധനക്കമ്മിയുടെ ദൃഷ്ടികേന്ദ്രം. ഈ അന്ധപ്രണയത്തെ നിരാകരിക്കണം. കാര്‍ഷികസമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നതിനും, കാര്‍ഷികസമൂഹത്തിന്റെ ജീവിതനിലവാരമുയര്‍ത്തുന്നതിനും കോര്‍പറേറ്റ് മേഖലയില്‍ നിന്നും അതിസമ്പന്നരുടെയിടയില്‍ നിന്നും  പൊതുവിഭവങ്ങള്‍ സമാഹരിക്കുന്നതിന് നിലവിലുള്ളതിനേക്കാളധികം ശ്രമങ്ങളുണ്ടാകണമെന്നത് തുല്യപ്രാധാന്യമുള്ളതാണ്. എന്നിട്ടും ഇപ്പോഴും നമുക്ക് സമ്പദ്നികുതിയോ പിന്തുടര്‍ച്ചാനികുതിയോ ഇല്ല. 2015-16ലെ കേന്ദ്രബജറ്റില്‍ അരുണ്‍ ജെയ്റ്റ്‌ലി സമ്പദ്നികുതി പിന്‍വലിച്ചിരുന്നു. അതിനടുത്ത വര്‍ഷത്തെ ബജറ്റില്‍, വര്‍ഷികവിറ്റുവരവ് ഇരുന്നൂറ്റിയന്‍പത് കോടി രൂപയോ അതില്‍ കുറവോ ഉള്ള കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ കോര്‍പറേറ്റ് നികുതി ഇരുപത്തിയഞ്ച് ശതമാനമായി അയാള്‍ കുറച്ചിരുന്നു. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ സംയോജിതനികുതിവരുമാനം ജിഡിപിയുടെ പതിനാറ് ശതമാനത്തില്‍ അധികരിക്കുന്നില്ല. അതിസമ്പന്നരില്‍ നിന്നും മെച്ചപ്പെട്ട പൊതുവിഭവസമാഹരണത്തിനുള്ള സാധ്യത ഇനിയുമുണ്ടെന്നാണ് ഇതിന്റെയര്‍ത്ഥം. മുകളില്‍ പറഞ്ഞിരുന്ന ലക്ഷ്യങ്ങളെ അഭിസംബോധന ചെയ്യാതെയും ഫലപ്രദമായ വിഭവസമാഹരണത്തിന് പരിശ്രമിക്കാതെയും കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ പുനഃരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച എല്ലാ വര്‍ത്തമാനവും അടിസ്ഥാനപരമായി അസംബന്ധമാണ്.

അവസാനമായി, ഒറ്റത്തവണയായുള്ള കടമെഴുതിത്തള്ളലും മിനിമം താങ്ങുവിലയും കഥയുടെ ഒരു ഭാഗം മാത്രമാണ്. കാര്‍ഷികപ്രതിസന്ധി പരിഹരിക്കുന്നതിന് ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. അതിന്റെ ഭാഗമായി കാര്‍ഷിക-ഗ്രാമീണമേഖലകളിലെ അടിസ്ഥാനസൗകര്യവികസനത്തിനായി വലിയ തോതിലുള്ള പൊതുനിക്ഷേപങ്ങള്‍ കൊണ്ടുവരണം. ഒപ്പം, ഭൂക്കുത്തകകള്‍ പൊളിച്ചടുക്കുന്നതിനായി ഭൂപരിഷ്കരണം നടപ്പിലാക്കണം. കാര്‍ഷികോത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും നൈസര്‍ഗികമായി ജനാധിപത്യപരമായിരിക്കുന്നതിനും ഭൂപരിഷ്കരണം ഒരു പ്രധാനമാര്‍ഗമാണെന്നാണ് ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, തയ്‌വാന്‍ പോലെയുള്ള ആധുനിക ഏഷ്യന്‍ രാജ്യങ്ങളുടെ ചരിത്രപരമായ അനുഭവങ്ങള്‍  തെളിയിക്കുന്നത്.

The Federalല്‍ വന്ന ലേഖനത്തിന്റെ സ്വതന്ത്ര മലയാളം പരിഭാഷ.

(പ്രൊഫ. വെങ്കടേഷ് അത്രേയ ഐഐറ്റി മദ്രാസില് നിന്ന് 1969ല്‍ കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി. പിന്നീട് അമേരിക്കയിലെ മാഡിസണിലുള്ള വിസ്കോണ്‍സിന്‍ സര്‍വകലാശാലയില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഗവേഷണബിരുബവും നേടി. തിരുച്ചിറപ്പള്ളിയിലെ ഭാരതിദാസന്‍ സര്‍വകലാശയില്‍ സാമ്പത്തികശാസ്ത്രവിഭാഗം മേധാവിയായി 2008ല്‍ വിരമിച്ചു.)