ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ – പ്രജ്ഞാപ്രകാശവും സമഷ്ടിബോധവും

Renowned Physicist Albert Einsteins Contributions to Socialism and Science

ബവേറിയ ഒരു കാലത്ത് ഒരു സ്വതന്ത്രരാഷ്ട്രമായിരുന്നു. പിന്നീട് അത് ജര്‍മനിയുടെ അധിനിവേശപ്രദേശമായി മാറി. ബവേറിയക്കാര്‍ക്ക് തീര്‍ത്തും സ്വതന്ത്രമായ മനസ്സായിരുന്നു. കടുകട്ടിയായ ജര്‍മന്‍ ചിട്ടകളുടെ അടിച്ചേല്‍പ്പിക്കലിന്റെ അസ്വതന്ത്രത സഹിക്കാന്‍ സ്വാതന്ത്ര്യപ്രേമികളായ ബവേറിയക്കാര്‍ വിധിക്കപ്പെട്ടു.

ബവേറിയയുടെ ആ ചിത്തഭാവമാണ് ആല്‍ബര്‍ട് ഐന്‍സ്റ്റീന് ജന്മനാല്‍ പകര്‍ന്നു കിട്ടിയത്. അദ്ദേഹം ജനിച്ചത് പൂര്‍വകാല ബവേറിയയുടെ അതിരുകള്‍ക്കുള്ളിലെ ഒരു പ്രദേശമായ ഉല്‍മ്' എന്ന പട്ടണത്തിലായിരുന്നു. അഗാധമായ സ്വതന്ത്രചിന്തയുടെ മൗനം വളരെ കുട്ടിക്കാലത്തു പോലും ഐന്‍സ്റ്റീനെ ചൂഴ്ന്ന് നിന്നിരുന്നു. ചുണയും ചൊടിയും തുടങ്ങിയ ബാലസാമര്‍ത്ഥ്യത്തിന്റെ അംഗീകൃതമാനദണ്ഡങ്ങളില്ലാത്ത ഏതോ ഒരു വല്മീകം പൊതിഞ്ഞതായിരുന്നു ആ വ്യക്തിത്വം.

ആ മനസ്സ് എപ്പോഴും ഹൃദയപക്ഷത്തായിരുന്നു. സംഗീതവാസന ഒരു ഹൃദയപക്ഷവിശേഷമാണ്. അത് ഐന്‍സ്റ്റീന്റെ അമ്മ പൗളീന് ഉണ്ടായിരുന്നു. ആ പെറ്റമ്മയ്ക്ക് അവന്റെ മൗനത്തിന്റെ അര്‍ത്ഥം അറിയാമായിരുന്നു. അമ്മയുടെ സംഗീതപ്രേമ പ്രവണത അവനും ഉണ്ട് എന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. ഒരു ജന്മദിനസമ്മാനമായി അമ്മ അവന് വാങ്ങി കൊടുത്തത് ഒരു വയലിന്‍ ആയിരുന്നു. അവന്‍ അത് വായിക്കാൻ പഠിച്ചു. അച്ഛന്‍ ഹെര്‍മന്‍ ഐന്‍സ്റ്റീന്‍ ആകട്ടെ ഭൂതദയയാര്‍ന്ന മനസ്സുള്ള ആളായിരുന്നു. അദ്ദേഹം ചെയ്ത തൊഴിലോ കച്ചവടവും! ഇലക്റ്റ്രിക്‍ ഉപകരണങ്ങളുടെ വില്പന നടത്തിയ ആ ഹൃദയപക്ഷക്കാരനായ അച്ഛന്റെ കച്ചവടം പൊളിഞ്ഞു. അദ്ദേഹം കച്ചവടത്തിന് പറ്റിയ ആളല്ല എന്ന് ഇനി തെളിയക്കേണ്ട കാര്യമല്ല. അദ്ദേഹം മകനായ ആല്‍ബര്‍ട് ഐന്‍സ്റ്റീന് ഒരു കോമ്പസ് വാങ്ങികൊടുത്തു. അതിലെ വടക്കു നോക്കുന്ന സൂചി അവന്റെ മനസ്സിനെ ഇളക്കി. ശാസ്ത്രചിന്തയുടെ വഴിയില്‍ അവനെ നയിക്കാന്‍ ആ കോമ്പസ് കാരണമായി. കുട്ടിക്കാലത്ത് തന്നെ അവന്‍ ഇമ്മാനുവല്‍ കാന്റിന്റെ തത്ത്വശാസ്ത്രഗ്രന്ഥങ്ങള്‍ വായിക്കാന്‍ പ്രാപ്തനായിരുന്നു. അപൂര്‍വചിന്താ പന്ഥാവുകളിലേക്ക് അവന്റെ മനസ്സ് പറന്നുയര്‍ന്നു.


എന്തുകൊണ്ട് സോഷ്യലിസം: ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ [മലയാള പരിഭാഷ]


സിദ്ധാന്തങ്ങളുടെ രാജകുമാരന്‍

ഐസക് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപ്പോള്‍, എന്തേ ഇത് മുകളിലേക്ക് പോകാതെ താഴേയ്ക്ക് വന്നു എന്ന അന്നുവരെ ആര്‍ക്കും തോന്നാത്ത സംശയം അദ്ദേഹത്തിനു തോന്നി. വെള്ളത്തില്‍ കിടക്കുന്ന വസ്തുവിന് എന്തുകൊണ്ട് ഭാരക്കുറവ് തോന്നുന്നു എന്നതിനു ഉത്തരം ആര്‍ക്കിമിഡീസിന് കിട്ടിയത് വെള്ളത്തില്‍ വസ്തമില്ലാതെ സ്വയം മുങ്ങി കിടക്കുമ്പോഴാണ്. ഉത്തരം കിട്ടിയ സന്തോഷത്തില്‍ നഗ്നനായി അദ്ദേഹം എഴുന്നേറ്റ് തെരുവിലൂടെ യുറീക്ക എന്നു വിളിച്ചു കൂവിക്കൊണ്ട് ഓടി. ഭൂമിയാണു സൂര്യനെ ചുറ്റുന്നത് എന്ന അതുവരെ ഇല്ലാതിരുന്ന തിരിച്ചറിവ് കോപ്പര്‍ നിക്കസിന് ഉണ്ടായി. വൈജ്ഞാനികവിപ്ലവത്തിലെ ഇത്തരം സംഭവപരമ്പരകളില്‍ പെട്ടതാണ് ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തമെന്ന ആശയം. സഞ്ചരിക്കുന്ന ആള്‍ വാഹനത്തിലിരുന്ന് പുറത്തേയ്ക്ക് ഒരു വസ്തുവിനെ നോക്കുന്നതും വസ്തുവിനടുത്ത് നിശ്ചലമായി നില്‍ക്കുന്ന ആള്‍ അതേ വസ്തുവിനെ നോക്കുന്നതും പകരുന്നത് വ്യത്യസ്തമായ കാഴ്ചകളാണ് എന്ന അപൂര്‍വചിന്തയാണ് ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തിന്റെ കാതല്‍.

പിന്നെ എത്ര സിദ്ധാന്തങ്ങള്‍ അദ്ദേഹം ലോകത്തിന് നല്‍കി. ശാസ്ത്രീയസമീപനത്തിന്റെ ലിഖിതവഴക്കങ്ങളെ മാറ്റിയെഴുതിക്കൊണ്ട്, പരീക്ഷണങ്ങള്‍ നടത്താതെ അദ്ദേഹം സിദ്ധാന്തങ്ങള്‍ സമ്മാനിച്ചു. നീളം, വീതി, പൊക്കം എന്ന ത്രിമാനങ്ങളെ കൂടാതെ നാലാമത് ഒരു മാനമുണ്ട് എന്നും അത് സമയമാണെന്നും അദ്ദേഹം സിദ്ധാന്തിച്ചു. ഗുരുത്വാകര്‍ഷണശക്തികൊണ്ട് സൗരയൂഥത്തിലെ ഗ്രഹങ്ങളെ ചുറ്റും സഞ്ചരിപ്പിക്കുന്ന സൂര്യന്റെ അടുത്തു കൂടി ഒരു പ്രകാശരശ്മി കടന്നു പോയാല്‍ സൂര്യന്‍ അത് തന്നിലേക്ക് അടുപ്പിച്ച് വളയ്ക്കുന്നു എന്ന് തിരിച്ചറിഞ്ഞുകൊണ്ട് പ്രകാശരശ്മികളുടെ വക്രണം (bending of light rays) എന്ന സിദ്ധാന്തത്തിന് ഐന്‍സ്റ്റൈന്‍ ജന്മം നല്കി. സിദ്ധാന്തിച്ചത് 1916ല്‍ ആയിരുന്നെങ്കിലും അത് തെളിയിക്കാന്‍ ഒരു സമ്പൂര്‍ണ സൂര്യഗ്രഹണം വേണ്ടിയിരുന്നു. അത് പിന്നെ ഉണ്ടായത് 1919 നവംബര്‍ 22ന് ആയിരുന്നു. അന്ന് ആര്‍തര്‍ എഡിങ്ടണ്‍ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ അത് ശരിയാണെന്ന് തെളിയിച്ചു. ആ സംഭവത്തിന് ഇപ്പോള്‍ ഒരു നൂറ്റാണ്ട് തികയുകയാണ്.

ബ്രൗണിയന്‍ ചലനത്തിന് സാംഖ്യികശാസ്ത്രബന്ധമായ വ്യാഖ്യാനം പകര്‍ന്ന സിദ്ധാന്തം, പ്രകാശവൈദ്യുതപ്രഭാവത്തിന് (Photo Electric Effect) ക്വാണ്ടം സിദ്ധാന്തത്തിന്റെ സഹായത്താല്‍ നല്‍കിയ വ്യാഖ്യാനം എന്നിവ ആ മഹാമനീഷി തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ ലോകത്തിനു സമ്മാനിച്ചവയാണ്. പ്രകാശവൈദ്യുതപ്രഭാവം, മാക്സ് പ്ലാങ്കിന്റെ ക്വാണ്ടം സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിച്ചതിന് 1922ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഐന്‍സ്റ്റീന്‍ നേടി. 1905ല്‍ വിശിഷ്ട അപേക്ഷിക സിദ്ധാന്തവും 1915ല്‍ സാമാന്യ ആപേക്ഷിക സിദ്ധാന്തവും രചിച്ച ഐന്‍സ്റ്റീന്‍ ഏകീകൃത ക്ഷേത്രസിദ്ധാന്തം (Unified Field Theory) എന്ന സ്വപ്നപദ്ധതിക്കു വേണ്ടി പ്രവര്‍ത്തിച്ചു. പ്രപഞ്ചത്തിലെ എല്ലാ ബലങ്ങളേയും ഒറ്റ സിദ്ധാന്തം കൊണ്ട് വ്യാഖ്യാനിക്കാന്‍ ലക്ഷ്യമിടുന്നതായിരുന്നു ഏകീകൃതക്ഷേത്ര സിദ്ധാന്തം.

ഫാസിസത്തിനും സാമ്രാജ്യത്തിനുമെതിരെ

അദ്ദേഹം ഒരു ജര്‍മ്മന്‍ ജൂതനായിരുന്നു. ആ നിലയ്ക്ക് ശുദ്ധ ജര്‍മന്‍ രക്തവാദികളായ ഫാസിസ്സുകള്‍ അദ്ദേഹത്തെ ശത്രുസ്ഥാനത്ത് നിര്‍ത്തി. ജൂതര്‍ക്ക് സംഘടിക്കേണ്ടി വന്നു. അവര്‍ക്കൊപ്പം ഒത്താശയോടെ ഐന്‍സ്റ്റീന്‍ നിലകൊണ്ടു. ആ നിലപാട് അദ്ദേഹത്തെ നാസികള്‍ ആക്രമിക്കുന്ന നിലവരെ എത്തിച്ചു. ഒടുവില്‍ അദ്ദേഹം ജര്‍മ്മനി ഉപേക്ഷിച്ച് അമേരിക്കയില്‍ പോയി.

ഐന്‍സ്റ്റീന്റെ ജീവിതകാലത്തായിരുന്നു ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമാഹയുദ്ധവും ഉണ്ടായത്. യുദ്ധം സൃഷ്ടിക്കുന്ന മനുഷ്യത്വരാഹിത്വമാര്‍ന്ന സാമ്രാജ്യശക്തികളുടെ വിമര്‍ശകനായി ധര്‍മപക്ഷത്തായിരുന്നു ഐന്‍സ്റ്റീന്‍. എല്ലാ സാമ്രാജ്യശക്തികളേയും നിലയ്ക്കു നിര്‍ത്തുന്ന ഒരു ലോകസംഘടനയും ലോക ഗവെണ്‍മെന്റും ഉണ്ടാവണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അങ്ങനെ ഒന്നാം ലോകമഹായുദ്ധാനന്തരം ആദ്യത്തെ അന്താരാഷ്ട്രസംഘടനയായ ലീഗ് ഓഫ് നേഷന്‍സ് ഉണ്ടായി.

ഐന്‍സ്റ്റീന്‍ ഒരിക്കല്‍ പറഞ്ഞു, എന്റെ സമാധാനവാദം എന്റെ സഹജസ്വഭാവമാണ്. മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നത് എത്രയോ അധമമായ പ്രവര്‍ത്തിയാണ്. എന്റെ ഈ നിലപാട് ഒരു ബുദ്ധിജീവി ചമയലില്‍ നിന്ന് ഉണ്ടായതല്ല. പിന്നെയോ, എല്ലാത്തരം ക്രൂരതകളോടും ദുഷ്ടതകളോടുമുള്ള എന്റെ ആത്മാര്‍ത്ഥമായ എതിര്‍പ്പിന്റെ ഭാഗമാണ്. സ്വന്തം ജന്മരാഷ്ട്രമായ ജര്‍മനി കൈകൊണ്ട കുത്സിതനിലപാടുകളെ എതിര്‍ക്കാന്‍ ഐന്‍സ്റ്റീന്‍ ആര്‍ജവം കാട്ടി. ഒന്നാം ലോകമഹായുദ്ധകാലത്ത് ജര്‍മനിയുടെ യുദ്ധനയത്തെ ന്യായീകരിക്കുന്ന ഒരു പ്രസ്താവന ജര്‍മന്‍ അധികൃതര്‍ തയ്യാറാക്കി. അതില്‍ ബുദ്ധിജീവികളെക്കൊണ്ടും മറ്റു പ്രഗത്ഭരെക്കൊണ്ടും നിര്‍ബന്ധിച്ച് ഒപ്പ് വയ്പ്പിച്ചു. ഐന്‍സ്റ്റീനെ അതുമായി സമീപിപ്പിച്ചപ്പോള്‍ അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞു, സാദ്ധ്യമല്ല!

മാരകമായ ഒരു ആണവായുധ നിര്‍മാണത്തില്‍ ജര്‍മനി രഹസ്യമായി ഏര്‍പ്പെട്ടിരുന്ന കാലത്ത് ജര്‍മന്‍ ജൂതരെ നാസികള്‍ തെരഞ്ഞു പിടിച്ച് വധിക്കുന്നുണ്ടായിരുന്നു. ആണവായുധഗവേഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു ലീസെ മീറ്റനര്‍ എന്ന ജൂത ശാസ്ത്രജ്ഞ പ്രാണന്‍ ഭയന്ന് ജര്‍മനി വിട്ടു. ഗവേഷണം മുടങ്ങി. പക്ഷേ അത് മറയ്ക്കാന്‍ ജര്‍മന്‍ ഭരണാധികാരികള്‍ ചുമ്മാ പ്രഖ്യാപിച്ചു, ഞങ്ങള്‍ മാരകമായ ആണവായുധം നിര്‍മ്മിച്ചു കഴിഞ്ഞു! ലോകത്തെ മിടുക്കന്മാരേ ജാഗ്രത! ഇത് ഒരു വാക്തന്ത്രം മാത്രം ആയിരുന്നു. എങ്കിലും ജര്‍മനിയെ ശരിക്കും കൈകാര്യം ചെയ്യാന്‍ യൂറോപ്യന്‍ ശാസ്ത്രജ്ഞനായ ലിയോ ഷിലാഡ് അമേരിക്കയില്‍ ചെന്നു. അവിടെ എത്തിപ്പെട്ട ഐന്‍സ്റ്റീനിനോട് ഷിലാഡ് പറഞ്ഞു, ജര്‍മനിയെ ഭയപ്പെടുത്താന്‍ വാക്കാല്‍ പറഞ്ഞാല്‍ മാത്രം പോരാ, യഥാര്‍ത്ഥത്തില്‍ ഒരു ആണവബോംബ് ഉണ്ടാക്കണം. അത് അമേരിക്ക ചെയ്യണം. അതിന് അങ്ങ് അമേരിക്കന്‍ പ്രസിഡന്റിനോട് നിര്‍ദ്ദേശിക്കണം. അതിന്റെ താത്വിക ഉപദേശവും അങ്ങ് നല്‍കണം. ഉദ്ദേശശുദ്ധിയാല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് എഫ്. ഡി. റൂസ്വെല്‍റ്റിന്, ആറ്റം ബോംബ് നിര്‍മിക്കണം, ജര്‍മനിയെ ഭയപ്പെടുത്താന്‍ വേണ്ടി മാത്രം, എന്ന് ഐന്‍സ്റ്റീന്‍ കത്തെഴുതി.

പിന്നെ സംഭവങ്ങള്‍ മാറി മറിഞ്ഞു. റൂസ്വെല്‍റ്റ് ഐന്‍സ്റ്റീന്റെ ശുദ്ധഗതിയില്‍ തന്നെ കാര്യങ്ങള്‍ നടത്താന്‍ ഒരുങ്ങി. പക്ഷേ പെട്ടെന്ന് റൂസ്വെല്‍റ്റ് അന്തരിക്കുകയും ഹാരി ട്രൂമാന്‍ പ്രസിഡന്റ് ആവുകയും ചെയ്തു. അതോടെ സമീപനം മാറി. ഓട്ടോഹാന്‍ എന്ന ശാസ്ത്രജ്ഞന്റെ നേതൃത്തില്‍ ലീസെമീറ്റ്നര്‍ തുടങ്ങിയ വിദഗ്ദ്ധര്‍ ആറ്റംബോംബ് ഉണ്ടാക്കി. പിന്നെ ഉള്ളത് ലോകചരിത്രം. റൂസ്വെല്‍റ്റിന് കത്തെഴുതിയ ഒരു നടപടി മാത്രമായിരുന്നു ഐന്‍സ്റ്റീന്റെ റോള്‍.

പക്ഷേ അതോടെ, ലോകസമാധാനത്തിന്റെ ഒരു ശക്തനായ വക്താവായി ഐന്‍സ്റ്റീന്‍ മാറുകയായിരുന്നു. സോഷ്യലിസ്റ്റ് ആശയഗതിയെ ശാസ്ത്രബുദ്ധിയോടെ അപഗ്രഥിച്ചു മനസ്സിലാക്കാന്‍ ഐന്‍സ്റ്റീന്‍ ശ്രമിച്ചു. മനുഷ്യന്‍ ഏകാകിയും അതേസമയം തന്നെ സാമൂഹ്യജീവിയുമാണ്.

Man is, at one and the same time, a solitary being and a social being. As a solitary being, he attempts to protect his own existence and that of those who are closest it to him, to satisfy his personal desires and to develop his inmate abilities. As a social being, he seeks to gain the recognition and affection of his fellow human beings, to share in their pleasures, to comfort them in their sorrows and to improve their conditions of life.

മുതലാളിത്ത വ്യവസ്ഥതിയുടെ അരാജകസ്വഭാവത്തെപ്പറ്റിയും ഐന്‍സ്റ്റീന്‍ കുറിച്ചു,

The economic anarchy of capitalist society as it exists today is, in my opinion, the real source of evil.

ഹൃദയപക്ഷമാര്‍ന്ന ഒരു അസാധാരണ പ്രജ്ഞയുടെ സാന്നിദ്ധ്യമായിരുന്നു ഐന്‍സ്റ്റീന്‍. മനുഷ്യന് അത്യന്താപേക്ഷിതമായ സമാധാന ജീവിതത്തിന്റെ സത്യസന്ധനായ വക്താവും.