ലെനിനൊരു പാട്ട്

An Ode to Lenin by Pablo Neruda - Malayalam Translation
 

 

വിപ്ലവത്തിനു നാല്പതു വയസ്സ്.

അവൾ ഒരു യുവതിയുടെ പ്രായം

സുന്ദരികളായ അമ്മമാരുടെ പ്രായം ഇതാണ്.

ലോകത്തിലേക്കവൾ

പിറന്നുവീണപ്പോൾ

നിങ്ങളാ വാർത്തയറിഞ്ഞിരുന്നോ?

വേറൊരുവിധത്തിൽ!

എന്താണത്? മേല്പട്ടക്കാർ തിരക്കി,

ഭൂതലം മാറി,

നമുക്കിനിയും സ്വർഗം വിറ്റുകൊണ്ടിരിക്കാനാവില്ല.

യൂറോപ്പിലെയും അമേരിക്കയിലെയും

ഭരണകൂടങ്ങൾ ക്ഷോഭിച്ചു,

സംഭ്രാന്തരായ സ്വേച്ഛാധിപതികൾ

ആപൽക്കരമായ സന്ദേശങ്ങൾ

മുരടനക്കാതെ വായിച്ചു.

കുത്തനെ താഴേക്കിറങ്ങാൻ

മൃദുവായ പടികൾക്കായി

ഞാനൊരു കമ്പി അടിക്കാം,

തെർമോമീറ്ററിൽ

പനി എങ്ങനെ?

ഒരു സംശയവുമില്ല,

ജനം പിടിച്ചടക്കിയിരിക്കുന്നു

ലോകം മാറിയിരിക്കുന്നു.

 

1

ലെനിൻ, നിന്നെക്കുറിച്ചുപാടാൻ

ഞാൻ വാക്കുരിയണം;

മരവും ചക്രവും

കലപ്പയും ധാന്യവും കൊണ്ടെഴുതണം.

ഭൂമിയും വസ്തുതകളും കണക്കെ

മൂർത്തമാണു നീ.

വി. ഉല്യാനോവിനോളം

മൺമയനായി ഒരുവനും

ഒരിക്കലുമുണ്ടായിട്ടില്ല.

മേഘങ്ങളോടനായാസമായി

പള്ളികളെന്നപോൽ സംവദിക്കുന്ന

മറ്റു പ്രൗഢ മനുജരുണ്ട്,

നെടിയ ഏകാകിളാണവർ.

ലെനിനോ, ഭൂമിയുമായി ഉടമ്പടിയിലേർപ്പെട്ടു.

മറ്റാരും നോക്കാത്തിടത്തോളം അവൻ നോക്കി.

മനുഷ്യരും

നദികളും കുന്നുകളും

പുൽമേടുകളും,

അവനു തുറന്ന പുസ്തകമായിരുന്നു,

എന്നിട്ടവൻ വായിച്ചു,

എല്ലാവരെക്കാളും കൂടുതലായി വായിച്ചു,

ആരെക്കാളും തെളിമയോടെ വായിച്ചു.

ജനതയെ, മനുഷ്യനെ,

ആഴത്തിൽ വീക്ഷിച്ചു

കിണറിലേക്കെന്നോണം നോക്കി,

അറിയപ്പെടാത്ത ധാതുവിനെ

കണ്ടെത്തിയ മട്ടിൽ നിരീക്ഷിച്ചു.

കാലത്തിനും ഭൂമിക്കും ചേർന്നമട്ടിൽ

എല്ലാം മുളപൊട്ടുകയും പിറവിയെടുക്കുകയും ചെയ്യേണ്ടതിന്

ജനങ്ങളുടെ

രഹസ്യ നിധി

ഊർജ്ജസ്വലമാം വെളിച്ചം

പുടപാകം ചെയ്യുന്നതിന് അതാവശ്യമായിരുന്നു,

കിണറ്റിൽ നിന്നു തെളിനീരെടുക്കേണ്ടതിന്

അതാവശ്യമായിരുന്നു.

 

2

അദ്ദേഹത്തെ തണുപ്പൻ എഞ്ചിനീറായി

തെറ്റിദ്ധരിക്കാതിരിപ്പാൻ കരുതുക,

തീക്ഷ്ണതയുള്ള സിദ്ധനായി

തെറ്റിപ്പോവാതെ ശ്രദ്ധിക്കുക.

ആളുകയാണാ മനീഷി, ചാരമാവാതൊരുനാളും;

ചങ്കിലെ തീയണയ്ക്കാ,നായതില്ല മരണത്തിനും.

 

3

പ്രിയമിക്കാഴ്ച

സ്വച്ഛമാം റാസ്ലിവ് തടാകത്തിൽ (1)

മീൻപിടിക്കും ലെനിൻ, അതിൻ ജലം

വിസ്തൃതമാം ഉത്തരദേശത്തെ

പുൽപ്പടർപ്പിൽ, നഷ്ടമായ ചെറുദർപ്പണം പോൽ

ഉറഞ്ഞ വെള്ളിപോൽ:

ഏകാന്തത, പിടിതരാത്തതാമേകാന്തത,

രാവിനും മഞ്ഞിനും ബലിയായ സസ്യജാലം,

ധ്രുവക്കാറ്റിൻ മൂളക്കമൊരുക്കിയ കുടീരം.

അവിടെ, മഴച്ചാർത്തിനും മണിപ്രാക്കൾ (2) തൻ ചിറകടിക്കും

ആരുംതൊടാത്തതാം കാടിൻ മിടിപ്പിനും

കാതോർക്കും നിന്നെ തനിച്ചുകാണാനെന്തൊരിനിപ്പ്.

പാവനപ്രകൃതിയിൽ

ചരിത്രവും മരുത്തും തീർത്ത പാദസ്പന്ദനം കേട്ടും

വനവും ചേതനയുമറിഞ്ഞും ലെനിൻ.

 

4

ഗ്രന്ഥത്തോളമാഴത്തിൽ ഭാവാത്മ ശാസ്ത്രം

പഠിക്കുക മാത്രം ചെയ്തൂ, ചില മനുഷ്യർ

മറ്റുചിലരുടെ ആത്മസത്ത തന്നെ

മുന്നേറ്റങ്ങളായിരുന്നു.

ലെനിനോ, രണ്ടുചിറകുകൾ:

ജ്ഞാനവും പ്രസ്ഥാനവും.

ചിന്തയിൽ പൊരുത്തും

കുരുക്കഴിച്ചും അവ

നരന്റെയും നേരിന്റെയും

പൊയ്മുഖം ചീന്തി.

അവനെല്ലായിടവുമുണ്ടായിരുന്നു

എല്ലായിടവുമുണ്ടായിരുന്നു

ഒരേനേരത്തുതന്നെ എല്ലായിടത്തും.

 

5

അതിനാൽ ലെനിൻ,

ചക്രവാളസീമയ്ക്കപ്പുറം

പുതുവ്യവസ്ഥിതി ദൃശ്യമാകുംവരെ

നിന്റെ കരങ്ങൾ പ്രവർത്തിച്ചു

നിന്റെ പ്രജ്ഞ വിശ്രമമറിഞ്ഞില്ല:

അതൊരു രക്താഭയാർന്ന പ്രതിമ

പുകക്കറപിടിച്ച്, ആസകലം മുറിപ്പാടുമായി

കീറക്കുപ്പായം ചുറ്റിയ വിജയം,

പ്രകാശംപോലെ മനോഹരിയായ പെൺകുട്ടി.

വിദൂരദേശങ്ങളിൽ നിന്നും ആളുകളതു കണ്ടു:

അതവൾ തന്നെയായിരുന്നു, ഒരു സംശയവുമില്ലായിരുന്നു,

അതായിരുന്നു വിപ്ലവം.

പഴഞ്ചൻ ലോകഹൃദയം മറ്റൊരുവിധം മിടിക്കുന്നു.

 

6

ഭൗമിക മനുഷ്യാ, ലെനിൻ,

നിന്റെ മകൾ സ്വർഗത്തിലെത്തിയിരിക്കുന്നു.

നിന്റെ കൈകൾ

താരാവൃന്ദങ്ങളെ ചലിപ്പിക്കുന്നു.

അപ്പത്തേയും ഭൂമിയേയും കുറിച്ചുള്ള ഉത്തരവിൽ

ജനങ്ങൾക്കുവേണ്ടി തുല്യം ചാർത്തിയ

അതേ കൈകൾ

ഒരു ഗ്രഹമായിത്തീർന്നിരിക്കുന്നു:

നീ മെനഞ്ഞ മനുഷ്യൻ എനിക്കായി

ഒരു നക്ഷത്രത്തെ പടുത്തിരിക്കുന്നു.

 

7

എല്ലാം മാറിയിരിക്കുന്നു, എന്നാൽ

കാലം കടുത്തതായിരുന്നു

ദിനങ്ങൾ പരുക്കനായിരുന്നു.

നാല്പതുസംവത്സരങ്ങളായി അവർ ഓരിയിടുന്നു,

അതിരുകളിലുള്ള ചെന്നായ്ക്കൾ:

ജീവിതമെന്ന എടുപ്പുകുതിരയെ നിലംപതുക്കാൻ

പച്ച കണ്ണുകളിൽ ചുണ്ണാമ്പു തേയ്ക്കാൻ,

വിശപ്പാൽ, തീയാൽ,

വാതകത്താൽ, മരണത്താൽ,

അവർക്കെന്നെ കൊല്ലണമായിരുന്നു

ലെനിൻ, നിന്റെ മകളെ

വിജയത്തെ

നീണ്ടതും ദൃഢവും മാധുര്യമുള്ളതും ബലവത്തും ഉയരമേറിയതുമായ

സോവിയറ്റ് യൂണിയനെ.

അവർക്കു കഴിഞ്ഞില്ല.

അപ്പവും കൽക്കരിയുമില്ലായിരുന്നു,

ജീവിതമില്ലായിരുന്നു,

ആകാശത്തുനിന്ന് മാരിയും മഞ്ഞും ചോരയും പൊടിഞ്ഞു,

ദരിദ്രഭവനങ്ങൾ കത്തിയമർന്നു,

എന്നാൽ പുകയ്ക്കും തീവെളിച്ചത്തിനുമിടയിൽ

കുഗ്രാമങ്ങൾ പോലും ആ ജൈവീക വിഗ്രഹത്തെ കണ്ടു

സ്വയം പ്രതിരോധിക്കുക, വളരുക വളരുക വളരുക

നിങ്ങളുടെ ധീരഹൃദയം

അഭേദ്യമായ ലോഹമായിത്തീരുവോളം

 

8

ലെനിൻ, ഞങ്ങൾ ദൂരയുള്ളവരാണ്.

അന്നുമുതൽ,

ചടുലമായ കാൽവെയ്പ്പുകളിലൂടെയും മിഴിയനക്കങ്ങളിലൂടെയും

നീ തീരുമാനിച്ചു തുടങ്ങിയതു മുതൽ

ആഹ്ലാദത്തിനായുള്ള പോരാട്ടത്തിൽ

ജനങ്ങളൊറ്റയ്ക്കല്ല.

യുദ്ധവും ഭീഷണിയും

പീഡനങ്ങളുമനുഭവിച്ചവർ,

തകർക്കാനാവാത്ത കൊത്തളങ്ങൾ

ഈടുനിൽക്കുന്ന മാതൃഭൂവിൻ അപരിമേയ പ്രകാശം

ഇനിമേൽ നിങ്ങൾക്കവളെ കൊല്ലാനാവില്ല.

അതിനാൽ മനുഷ്യർ

പുതിയൊരു ജീവിതം ജീവിക്കുന്നു,

പ്രതീക്ഷയോടെ

മറ്റൊരപ്പം കഴിക്കുന്നു,

കാരണം, ഭൂമദ്ധ്യത്തിലുണ്ടേനും,

ലെനിന്റെ പുത്രി, വ്യക്തവും നിർണായകവുമായി.

 

9

കൃതജ്ഞത, ലെനിൻ,

ഊർജ്ജത്താലും അധ്യയനത്താലും.

ആ ദൃഢതയ്ക്ക് നന്ദി

ലെനിൻഗ്രാഡിനും പുൽമേടുകൾക്കും നന്ദി

യുദ്ധത്തിനും സമാധാനത്തിനും നന്ദി

നിലയ്ക്കാത്ത ഗോതമ്പിന് നന്ദി

പള്ളിക്കൂടങ്ങൾക്കു നന്ദി

നിന്റെ ചെറുമക്കൾക്ക്,

ബലിഷ്ഠഗാത്രരായ പടയാളികൾക്ക് നന്ദി

നിന്റെ നാട്ടിൽ ഞാൻ ശ്വസിക്കുന്ന ഈ വായുവിന്

മറ്റെങ്ങും ലഭിക്കാത്ത ഈ ജീവവായുവിനു നന്ദി

ഇവിടം സുഗന്ധപൂരിതം

ഊക്കൻ പർവതങ്ങളിലെ മിൻസാരംപോലെ

കൃതജ്ഞത, ലെനിൻ,

വായുവിനാൽ, അപ്പത്താൽ, പ്രതീക്ഷയാൽ.

 

(പാബ്ലോ നെരൂദ, 1959, കപ്പലോട്ടങ്ങളും പിന്മടക്കങ്ങളും (Navigation and Returns) എന്ന സമാഹാരത്തിൽ നിന്ന്.)

_________________________

  1. ബാൾട്ടിക് കടലിനോടുചേർന്ന നേവാ ഉൾക്കടലിലേക്ക് തുറക്കുന്ന ലക്തിൻസ്കൈ റാസ്ലിവ് അഥവാ ലക്താ തടാകം സെന്റ് പീറ്റേഴ്സ് ബർഗിലെ പ്രൈമോർസ്കി ജില്ലയിലുള്ള കായൽപ്പരപ്പാണ്. മൂന്നു നദികളിൽ നിന്നുള്ള ജലം ഈ കായലിൽ വന്നുചേരുന്നു. കായലിൽ നിന്നു പുറപ്പെടുന്ന അരക്കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള മോബിൽക്ക നദിയാണ്, നേവാ ഉൾക്കടലിലേക്ക് ഈ ജലത്തെ കൊണ്ടുപോവുന്നത്. അങ്ങനെ ഇതൊരു കടലിടുക്കിന്റെ സ്വഭാവം പൂണ്ട ലഗൂണായി മാറുന്നു.

  2. ലാറ്റിൻ അമേരിക്കൻ ഭൂഖണ്ഡത്തിൽ കാണപ്പെടുന്ന റോളിന (Rolinha) എന്ന ചെറുപ്രാവുകളെയാണു നെരൂദ പരാമർശിച്ചിരിക്കുന്നത്. (കൊളമ്പീന എന്ന പ്രാവുവർഗത്തിൽ പെട്ടത്). നമ്മുടെ നാട്ടിലെ വലിപ്പം കുറഞ്ഞ മണിപ്രാവുകളുടെ കൂട്ടിരിക്കും ഇവ.