മതവും മതരാഹിത്യവും കൂടിക്കലരേണ്ടതിനെപ്പറ്റി

16 ജൂലൈ 2010 ലെ സമകാലിക മലയാളം വാരികയില്‍ ശ്രീ രവിചന്ദ്രന്‍ സി എഴുതിയ "സ്കാന്‍ഡിനേവിയയില്‍ സംഭവിക്കുന്നത്" എന്ന ലേഖനം ഫില്‍ സക്കര്‍മാന്‍ (Phil Zuckerman) എന്ന സാമൂഹ്യശാസ്ത്രജ്ഞനേയും അദ്ദേഹത്തിന്റെ "ദൈവരഹിതസമൂഹം : ലോകത്തെ ഏറ്റവും മതരഹിതമായ സമൂഹങ്ങള്‍ സംതൃപ്തിയെ പറ്റി നമ്മോടെന്തു പറയുന്നു?" എന്ന പുസ്തകത്തേയും നമ്മെ പരിചയപ്പെടുത്തുന്നു. പ്രസ്തുത പുസ്തകം കൈവശപ്പെടുത്താന്‍ ഇതു വരെ കഴിഞ്ഞെല്ലിങ്കെലും, ഫില്‍ സക്കര്‍മാനിലേക്കും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളിലേക്കും ഇറങ്ങിച്ചെല്ലാന്‍ ആ ലേഖനം പ്രേരകമായി. ശ്രീ രവിചന്ദ്രനോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ.

ഉത്തരയൂറോപ്പിലെ സ്വീഡന്‍, നോര്‍വെ, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളെ ഒരുമിച്ചു സ്കാന്‍ഡിനേവിയ എന്നു വിളിക്കുന്നു. ഫിന്‍ലാന്‍ഡിനേയും ഐസ്‌ലാന്‍ഡിനേയും കൂടി ചിലര്‍ ഇതില്‍പെടുത്താറുണ്ടെങ്കിലും അതല്ല ഭൂരിപക്ഷമതം. മേല്‍പ്പറഞ്ഞ പഞ്ചരാജ്യസമൂഹവും സമീപദ്വീപുകളും ചേര്‍ന്ന് നോര്‍ഡിക് രാജ്യങ്ങള്‍ എന്നു വിളിക്കപ്പെടുന്നു. മെയ് 2005 മുതല്‍ ജൂലൈ 2006 വരെ പതിനാല് മാസം ഡെന്മാര്‍ക്കിലെ ആര്‍ഹസ് പട്ടണത്തില്‍ താമസിച്ചു കൊണ്ട് വിശദമായ സര്‍വേകളുടെ അടിസ്ഥാനത്തില്‍ സ്കാന്‍ഡിനേവിയന്‍ സമൂഹത്തില്‍ മതത്തിന്റെയും ദൈവസങ്കല്പത്തിന്റെയും സ്വാധീനത്തെ കുറിച്ച് ഫില്‍ സക്കര്‍മാന്‍ പഠനം നടത്തി. പരമസ്രഷ്ടാവായ ഈശ്വരന്റെ സാന്നിധ്യത്തിലോ ആത്മാവ്, പരലോകം, മോക്ഷം എന്നിവ യഥാര്‍ഥമാണെന്നോ വിശ്വസിക്കുന്നവരെ ഒഴിച്ചു ബാക്കി എല്ലാവരേയും സക്കര്‍മാന്‍ നിരീശ്വരവാദിയായി കണക്കാക്കുന്നു. അതു പ്രകാരം, 46-85% പേര്‍ സ്വീഡനിലും, 43-80% പേര്‍ ഡെന്മാര്‍ക്കിലും 31-72% പേര്‍ നോര്‍വെയിലും നിരീശ്വരവാദികളാണ്. എങ്കിലും ലൂഥറന്‍ ക്രിസ്തുമതം പ്രചുരപ്രചാരമായ സ്കാന്‍ഡിനേവിയയില്‍ മാമൂദിസ പോലുള്ള പല ആചാരങ്ങളും ഇപ്പോഴും നടക്കുന്നു. ഇതിനെ സക്കര്‍മാന്‍ "സാംസ്കാരിക മതം" എന്നു വിളിക്കുന്നു. ഇതോടൊപ്പം ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊരു വസ്തുത കൊലപാതകം, ആത്മഹത്യ, ലിംഗനീതി, ദാരിദ്ര്യം, സാക്ഷരത തുടങ്ങിയ ക്ഷേമമാനദണ്ഡങ്ങളില്‍ സ്കാന്‍ഡിനേവിയ പരമോന്നത മാതൃകയാണ് എന്നതാണ്. ആഭ്യന്തര ഉത്പാദനത്തിന്റെ സിംഹഭാഗം ക്ഷേമ-സേവനമേഖലയില്‍ വിനിയോഗിക്കുകയും വന്‍തോതില്‍ നികുതി ഈടാക്കുകയും ചെയ്യുന്ന നോര്‍ഡിക് മോഡല്‍ സമ്പദ്‌ വ്യവസ്ഥ പണ്ടേ സുപ്രസിദ്ധമാണല്ലോ. എന്തായാലും മാനവികവികാസസൂചികയില്‍ (Human Development Index) സ്കാന്‍ഡിനേവിയയുടെ ഉയര്‍ന്ന സ്ഥാനം നിരീശ്വരവാദം കൊണ്ടാണെന്ന അബദ്ധത്തിലേക്കു പരിണിതപ്രജ്ഞനായ സുക്കര്‍മാന്‍ എടുത്തു ചാടുന്നില്ല. മറിച്ചു ഈശ്വരഭയം, മോക്ഷം, പാപ-പുണ്യബോധം ഇവ ഇല്ലാത്ത ഒരു ജനതക്കു സമത്വാധിഷ്ഠിതവും സമാധാനപൂര്‍ണ്ണവുമായ വികസനം സാധ്യമാണ് എന്നു സുക്കര്‍മാന്‍ വാദിക്കുന്നു.

സക്കര്‍മാന്റെ വാദങ്ങളെ ഭാരതീയസാഹചര്യത്തില്‍ എങ്ങനെ ആദേശം ചെയ്യാം എന്നതാണ് ഈ ലേഖകന്റെ ശ്രമം. തര്‍ക്കമില്ലാതെ തന്നെ പറയാം, നമ്മുടെ രാജ്യത്ത് ദൈവസങ്കല്പം അതിരൂഢമായ സാമൂഹികയാഥാര്‍ഥ്യമാണ്. അതംഗീകരിച്ചു കൊണ്ട് തന്നെ ഒരു മറുചോദ്യം ചോദിക്കട്ടെ. ഭാരതത്തിലെ പ്രമുഖ മതങ്ങളായ ഹിന്ദു, ഇസ്ലാം, ക്രിസ്തു മതങ്ങളില്‍ ഈശ്വരനെ നിരാകരിക്കുന്ന ഏതെങ്കിലും ചിന്താധാരകള്‍ ഉണ്ടായിട്ടുണ്ടോ?

ഉത്തരം ലളിതമല്ല. എങ്കിലും ഒരു ഹ്രസ്വഅന്വേഷണം നടത്തി നോക്കം. ഹിന്ദുതത്വചിന്തകളെ വര്‍ഗ്ഗീകരിച്ചാല്‍ പ്രഥമമായി അവയെ വേദാധിഷ്ഠിതമെന്നും (ആസ്തികം) വേദനിഷേധിയെന്നും (നാസ്തികം) വേര്‍തിരിക്കാം. സാംഖ്യം, യോഗം, ന്യായം, വൈശേഷികം, മീമാംസ, വേദാന്തം എന്നിവ ആസ്തികചിന്താധാരകളാണ്. ഇവയില്‍ സാംഖ്യം, യോഗം എന്നിവയില്‍ മാത്രം പരമസ്രഷ്ടാവായ ഈശ്വരന്‍ എന്ന സങ്കല്പമില്ല. എങ്കിലും അഭൌതികമായ ആത്മാവ് തന്നെയാണ് ജീവന്റെ ശക്തി. രണ്ടാമത്തെ വകഭേദത്തില്‍ വരുന്ന, വേദത്തെ നിഷേധിക്കുന്ന(നാസ്തിക) ചിന്താധാരകളാണ് ബുദ്ധമതം, ജൈനമതം, ലോകായതം എന്നിവ. ഇവയില്‍ ബുദ്ധമതത്തില്‍ പരമസ്രഷ്ടാവായ ഈശ്വരനോ ആത്മാവോ ഇല്ല. പക്ഷെ മനുഷ്യന്റെ ദുഷ്കര്‍മ്മങ്ങള്‍ നിമിത്തം അവര്‍ ജന്മ-പുനര്‍ജന്മ ചംക്രമണത്തില്‍ ഉഴലുന്നുവെന്നും അതില്‍ നിന്നു മോചനത്തിന് ബുദ്ധധര്‍മ്മങ്ങള്‍ പാലിക്കണമെന്നും അനുശാസിക്കുന്നു. ജൈനമതത്തിലും, ഈശ്വരസങ്കല്പം ഇല്ലെങ്കിലും, സദ്കര്‍മ്മങ്ങള്‍ മോക്ഷത്തിലേക്കു നയിക്കും എന്നു തന്നെയാണ് അനുശാസനം. മേല്പറഞ്ഞവയൊന്നിനേയും നിരീശ്വരവാദത്തിന്റെയോ മതരാഹിത്യതിന്റെയോ പട്ടികയില്‍ പെടുത്താന്‍ കഴിയില്ല‌. എന്നാല്‍ തികച്ചും വ്യത്യസ്തമാണ് ലോകായതാവാദം. ചാര്‍വാകമതം എന്ന പേരിലും അരിയപ്പെടുന്ന ഈ ചിന്താധാരയുടെ ഉത്ഭവം മൌര്യകാലഘട്ടത്തില്‍ രചിക്കപ്പെട്ടെന്ന് കരുതപ്പെടുന്ന "ബൃഹസ്പതിസൂത്രങ്ങള്‍" (ബൃഹസ്പതിയുടെ അപരനാമമത്രേ ചാര്‍വാകന്‍) ആണത്രേ. ബി സി ആദ്യനൂറ്റാണ്ടുകളില്‍ പ്രചാരം തുടങ്ങിയ ഈ ചിന്ത ഏതാണ്ട് പതിനഞ്ചാം നൂറ്റാണ്ട് വരെ നിലനിന്നുവെന്നാണ് അഭിജ്ഞമതം. പ്രപഞ്ചത്തെ തികച്ചും ഒരു ഭൌതികയാഥാര്‍ഥ്യമായി നോക്കിക്കാണുന്ന ചാര്‍വാകര്‍ പ്രകൃതിയാണ് പരമസത്യമെന്നും മതം മനുഷ്യസൃഷ്ടിയാണെന്നും ഉദ്ഘോഷിക്കുന്നു. ചാര്‍വാകമതത്തെകുറിച്ചുള്ള എല്ലാ ഗ്രന്ഥങ്ങളും ഇന്ന് നശിപ്പിക്കപ്പെട്ടിരിക്കുന്നു. പക്ഷെ പതിനാലാം നൂറ്റാണ്ടില്‍ വേദാന്തചിന്തകനായ മാധവാചാര്യ എഴുതിയ "സര്‍വദര്‍ശനസംഗ്രഹ"ത്തില്‍ ചാര്‍വാകമതത്തിനെ വിമര്‍ശിച്ചിരിക്കുന്നത് ആ ചിന്തകള്‍ അപ്പോഴും പ്രബലമായിരുന്നു എന്നതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തായാലും ശങ്കരാചാര്യരുടെയും അനുയായികളുടെയും ന്വേതൃത്വത്തില്‍ വേദാന്തചിന്തകള്‍ ഭാരതത്തില്‍ അങ്ങോളമിങ്ങോളം പ്രചരിപ്പിക്കപ്പെടുകയും നിരവധി മഠങ്ങളിലൂടെ അവയുടെ പ്രചാരത്തിനായുള്ള സുസ്ഥിരസംവിധാനങ്ങള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തതിലൂടെ മറ്റെല്ലാ ഹൈന്ദവതത്വചിന്തകളും മണ്‍മറഞ്ഞുപോയി എന്നു വേണം കരുതാന്‍. അവയില്‍ ഒന്നു മാത്രമായി ഒതുങ്ങി കൂട്ടത്തില്‍ തികച്ചും വ്യത്യസ്തമായ ചാര്‍വാകചിന്തകളും. ഇസ്ലാം മതത്തില്‍ സൂഫി സന്ന്യാസികള്‍ കലയിലൂടെയും കവിതയിലൂടെയും സാഹിത്യത്തിലൂടെയും ഈശ്വരസാന്നിധ്യം അനുഭവവേദ്യമാകും എന്നു വിശ്വസിച്ചു പോന്നു. ഇവരില്‍ ഒരു വിഭാഗം ബുദ്ധമതത്തിന്റെ സ്വാധീനത്തില്‍ ഈശ്വരനെ സത്യത്തിന്റെ പൂര്‍ണ്ണതയായും വിവക്ഷിച്ചിരുന്നുവെന്നും ചരിത്രജ്ഞര്‍ കരുതുന്നു. ക്രിസ്തു മതത്തില്‍, പ്രൊട്ടസ്ടന്റ് നവോത്ഥാനതിന്റെ ഫലമായി പോലും, ഇത്തരം ചിന്താധാരകള്‍ ഒന്നും തന്നെ ഉള്ളതായി അറിവില്ല. മധ്യകാലഘട്ടത്തില്‍ നിന്നു ആധുനികകാലഘട്ടത്തിലേക്കു കടക്കുമ്പോള്‍ പാശ്ചാത്യസ്വാധീനം ഇന്ത്യയില്‍ സജീവമായി. അതിനെ തുടര്‍ന്ന് നിരീശ്വരവാദികളായി തീര്‍ന്ന പല പ്രമുഖനേതാക്കളും ഭാരതത്തില്‍ ഉണ്ടായി. ഹിന്ദുത്വവാദത്തിന്റെ തുടക്കക്കാരനായിരുന്ന സവര്‍ക്കര്‍, സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ നെഹ്രു, തമിഴരെ ദ്രാവിഡസ്വത്വത്തിന്റെ പേരില്‍ സംഘടിപ്പിച്ച പെരിയാര്‍, എന്നിങ്ങനെ ആധുനിക ഇന്ത്യയെ സ്വാധീനിച്ച ഒത്തിരി വ്യക്തികള്‍ നിരീശ്വരവാദികളായിരുന്നു.

മേല്‍വിവരിച്ച ചരിത്രപശ്ചാത്തലം ഉണ്ടെങ്കിലും, ഒരു സ്വതന്ത്ര ആശയം എന്ന നിലയില്‍ നിരീശ്വരവാദത്തിനും മതരാഹിത്യത്തിനും ഭാരതത്തില്‍ തുലോം തുച്ഛമായ ജനസമ്മതി മാത്രമേ ഉള്ളൂ. ഒരു ചര്‍ച്ചാവിഷയമാക്കാന്‍ പോലുമുള്ള സാമൂഹികാംഗീകാരം മതരാഹിത്യത്തിനു പലപ്പോഴും നിഷേധിക്കപ്പെടുന്നു. മതവിശ്വാസം, ഈശ്വരവിശ്വാസം എന്നീ ആശയങ്ങള്‍ പ്രതിപക്ഷപൂരകങ്ങള്‍ക്കു മേല്‍ സ്വയംഭൂവായ സാസ്കാരികഅധീശത്വം നേടിയെടുക്കുന്ന അവസ്ഥയാണിത്. ബഹുസ്വരതയിലും നാനാത്വതിലും ഊന്നല്‍ കൊടുക്കുന്ന നമുക്കു ഇതു അഭികാമ്യമല്ല. മറിച്ചു മതവിശ്വാസവും മതരാഹിത്യവും തമ്മില്‍, ഈശ്വരവിശ്വാസവും ഈശ്വരനിഷേധവും തമ്മില്‍ നിസ്സീമമായി സംവദിക്കുക്കയും അവ യഥേഷ്ഠം കൂടിക്കലരുകയുമാണ് വേണ്ടത്. മതമൌലികവാദങ്ങള്‍ തടിച്ചുകൊഴുക്കുന്ന ഈ കാലഘട്ടത്തില്‍ അത്തരം സങ്കലനങ്ങള്‍ പുരോഗമനാത്മകമായി ഭവിക്കും എന്നാണ് ലേഖകന്റെ പ്രതീക്ഷ. അതിനു വേണ്ടി സക്കര്‍മാനെ പോലുള്ളവരുടെ പഠനങ്ങള്‍ക്കു നാം നമ്മുടെ നാട്ടിലും ചര്‍ച്ചാവേദികള്‍ ഒരുക്കണം.