2G സ്പെക്ട്രം അഴിമതി: ഒരു അന്വേഷണം

ഖജനാവിനുണ്ടായ നഷ്ടത്തിന്റെ കണക്ക് നോക്കിയാല്‍ സ്വതന്ത്രഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്പെക്‌ട്രം അഴിമതി. വിവരവിനിമയവിപ്ലവം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി നില്കെ, വളരെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കേണ്ട ഒരു പൊതുവിഭവമാണ് ഇലക്‌ട്രോമാഗ്നെറ്റിക് സ്പെക്‌ട്രം. എന്നാല്‍, ഈ വിഭവത്തെ സ്വാര്‍ത്ഥലാഭത്തിനു വേണ്ടി ദുരുപയോഗം ചെയ്ത് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം കേന്ത്രമന്ത്രിമാരും മറ്റ് കോര്‍പറേറ്റ് ഉപജാപകസംഘങ്ങളും ഖജനാവിനു വരുത്തി വച്ചിരിക്കുന്നു. കൊള്ളലാഭത്തിനായി പൊതുവിഭവങ്ങളെ കോര്‍പറേറ്റുകള്‍ക്കു വേണ്ടി തീറെഴുതുന്ന നവലിബറല്‍ നയങ്ങളുടെ വികൃതമുഖം കൂടി ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. സ്പെക്‌ട്രം അഴിമതിയില്‍ എന്താണ് സംഭവിച്ചത് ? ഈ അഴിമതിയുടെ പശ്ചാത്തലമെന്ത്? അതുയര്‍ത്തുന്ന ദൂരവ്യാപക സമസ്യകളെന്ത്? ഒരു അന്വേഷണം.

2003-നു മുന്‍പ്

NTP 1994, NTP 1999 എന്നു വിളിക്കപ്പെടുന്ന 1994-ലെയും 1999-ലെയും രണ്ടു ദേശീയ ടെലികോം നയങ്ങള്‍ (National Telcom Policy) അനുസരിച്ചാണ് 2003-നു മുന്‍പ് സ്പെക്‌ട്രം ലൈസന്‍സുകള്‍ പ്രദാനം ചെയ്തിരുന്നത്. NTP 1994-ല്‍ രണ്ട് ഘട്ടങ്ങളായി നാല് CMTS(Cellular Mobile Telecom Service) ലൈസന്‍സുകളും ആറ് BS(Basic Service) ലൈസന്‍സുകളും ആണ് നല്കിയത്. NTP 1999 ടെലികോം മേഖല പുര്‍ണ്ണമായും ഉദാരീകരണത്തിനു വിധേയമാക്കാനും സ്വകാര്യമൂലധനപങ്കാളിത്തം ഉറപ്പു വരുത്താനും വേണ്ടി CMTS ലൈസന്‍സ് ലേലത്തിനു വച്ചു. NTP 1994-ല്‍ നിന്നു മറ്റൊരു വ്യത്യാസം കൂടി NTP 1999-ല്‍ ഉണ്ടായിരുന്നു. ക്ലിപ്തമായ മുന്‍കൂര്‍ ലൈസന്‍സ് ഫീക്കു (fixed licence fee regime) പകരം വരുമാനത്തിന്റെ അനുപാതത്തിലുള്ള ലൈസന്‍സ് ഫീ(Revenue sharing licence fee regime) നടപ്പിലാക്കി എന്നുള്ളത് ആണത്. പുതിയ ലൈസന്‍സ് ഫീ വ്യവസ്ഥ പ്രകാരം മൂന്ന് ഫീസുകളാണ് ഉള്ളത് - (1) ഒരു എന്‍ട്രീ ഫീ (2) അറ്റാദായത്തിന്റെ (Adjusted Gross Revenue) നിശ്ചിത ശതമാനമായി വാര്‍ഷിക ലൈസന്‍സ് ഫീ (3) മൊബൈല്‍ സേവനം കൊണ്ടു മാത്രമുള്ള അറ്റാദായത്തിന്റെ (Adjusted Gross Revenue) ഒരു നിശ്ചിത ശതമാനമായി വാര്‍ഷിക സ്പെക്‌ട്രം ചാര്‍ജ് . NTP 1994-ല്‍ ലൈസന്‍സ് ലഭിച്ച BS, CMTS ലൈസന്‍സികള്‍ക്കും BSNL, MTNL എന്നീ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും NTP 1999 വ്യവസ്ഥ പ്രകാരമുള്ള ലൈസന്‍സ് ലേലമില്ലാതെ പുനസ്ഥാപിച്ചു നല്കി. അതിലുപരി 2001-ല്‍ നിരവധി ഘട്ടങ്ങളിലൂടെ പൂര്‍ത്തിയാക്കപ്പെട്ട ലേലപ്രക്രിയയിലൂടെ 17 പുതിയ CMTS ലൈസന്‍സ് പ്രദാനം ചെയ്തു. അതോടൊപ്പം 2001-ല്‍ തന്നെ 25 BS ലൈസന്‍സുകള്‍ ചട്ടങ്ങള്‍ക്കനുസൃതമായി വിതരണം ചെയ്തു.

2003

1997-ല്‍ സ്ഥാപിക്കപ്പെട്ട (Telecom Regulatory Authority of India)TRAI-യുടെ നിര്‍ദ്ദേശപ്രകാരം 2003 മുതല്‍ ഏകീകൃത സന്നിവേശ ലൈസന്‍സ് (Unified Access Service Licence)(UAS) നിലവില്‍ വന്നു. 27 ഒക്ടോബര്‍ 2003-നു TRAI സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. 11 നവംബര്‍ 2003-ന് UAS ലൈസന്‍സിനു അപേക്ഷിക്കേണ്ടതിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ടെലികോം വകുപ്പ് (DoT) പ്രസിദ്ധപ്പെടുത്തി. TRAI വിഭാവനം ചെയ്ത ഏകീകൃത ലൈസന്‍സിന്റെ (Unified Licencing)(UL) ഒന്നാം ഘട്ടം മാത്രമായിരുന്നു UAS. UAS-ല്‍ BS-ഉം CMTS-ഉം ഏകീകരിച്ചു കൊണ്ട് ഒറ്റ ലൈസന്‍സ് ആക്കി മാറ്റുകയാണ് ചെയ്യുന്നത്. അതെ സമയം UL വ്യവസ്ഥ നടപ്പിലാക്കിയെടുക്കണമെങ്കില്‍ ഏകീകരണ ബില്‍ (Convergence Bill) എന്ന പേരില്‍ അറിയപ്പെടുന്ന ബില്‍ പാര്‍ലമെന്റില്‍ പാസാക്കി എടുക്കേണ്ടതുണ്ട്. ഈ ഏകീകൃത വ്യവസ്ഥയില്‍(UL) നിസ്സീമമായ മത്സരം ആണ് വിഭാവനം ചെയ്തത്. തുച്ഛമായ ഒരു എന്‍ട്രീ ഫീ ഒടുക്കി വ്യക്തമായ നിബന്ധനകള്‍ പാലിക്കുന്ന ആര്‍ക്കും ലൈസന്‍സ് കരസ്ഥമാക്കാന്‍ കഴിയുന്ന അവസ്ഥ(Automatic Licencing) ആണ് UL-ല്‍ ഉണ്ടാകേണ്ടത്. ഇങ്ങനെ ലൈസന്‍സ് സ്വന്തമാക്കിയ കമ്പനികളില്‍ നിന്നു ലൈസന്‍സ് ഫീ ഇനത്തില്‍ വാര്‍ഷികമായി പണം ഈടാക്കേണ്ടത് NTP 1999 പോലെ തന്നെ അറ്റാദായത്തിന്റെ നിശ്ചിത ശതമാനം വച്ചായിരിക്കും. NTP 1999-ല്‍ നിന്നു UL വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഒന്നം ഘട്ടമായി ഒരു പക്ഷെ UAS-നെ വിവക്ഷിക്കാവുന്നതാണ്. ഈ ഒന്നാം ഘട്ടത്തില്‍ (ആറ് മാസം കാലാവധി) നിലവിലുള്ള BSO(Basic Service Operators)-കളേയും CMSP(Cellular Mobile Service Providers)-കളേയും ഒരൊറ്റ വ്യവസ്ഥയായ UAS-ലൈസന്‍സിന്റെ കീഴില്‍ കൊണ്ട് വരണം. BSO-കള്‍ 2001-ലെ പഴയ ലേലത്തില്‍ പങ്കെടുത്തവര്‍ കൊടുത്ത എന്‍ട്രീ ഫീ കെട്ടി വച്ചും CMSP-കള്‍ 2001-ലെ ലേലത്തില്‍ പങ്കെടുത്തത് മൂലം മറ്റ് ഫീ ഒന്നും ഒടുക്കാതെയും UAS ലൈസന്‍സിലേക്ക് മാറി. UAS-ലൈസന്‍സിലും NTP 1999 പോലെ തന്നെ അറ്റാദായത്തിന്റെ നിശ്ചിത ശതമാനം വച്ചായിരിക്കും വാര്‍ഷിക ലൈസന്‍സ് ഫീയും സ്പെക്‌ട്രം ചാര്‍ജും. ആഠു മാസം കഴിഞ്ഞുടന്‍ തന്നെ രണ്ടാം ഘട്ടമായി എകീകൃത വ്യവസ്ഥയുടെ(UL) നടപ്പിലാക്കല്‍ ആരംഭിക്കുകയും വേണം എന്നതായിരുന്നു TRAI-നിര്‍ദ്ദേശം. അതിനു വേണ്ടി പുതിയ സ്പെക്‌ട്രം വിതരണചട്ടങ്ങള്‍, സ്പെക്‌ട്രം വിലനിര്‍ണ്ണയ ചട്ടങ്ങള്‍ എന്നിവ അടങ്ങിയ വിശദമായ മാര്‍ഗരേഖ പിന്നീട് നല്കുമെന്നും ഒക്ടോബര്‍ 27-നു തന്നെ TRAI DoT-യെ അറിയിച്ചിരുന്നു. ലൈസന്‍സിംഗ് പ്രക്രിയയും സ്പെക്‌ട്രം വിതരണ-വില്പന പ്രക്രിയയും വേര്‍തിരിക്കുക എന്നതായിരുന്നു UL-വ്യവസ്ഥയുടെ മര്‍മ്മം. UL-വ്യവസ്ഥക്കു ഒത്തിരി പ്രശ്നങ്ങളുണ്ടെങ്കിലും അതിന്റെ വിശകലനം ഈ ലേഖനത്തിന്റെ പരിധിക്കു പുറത്തുള്ള വിഷയമായതിനാല്‍ അതിലേക്കു കടക്കാന്‍ ഉദ്ദേശിക്കുന്നില്ല.

2004 മുതല്‍ 2006 മാര്‍ച്ച് വരെ

TRAI വിഭാവനം ചെയ്ത മട്ടില്‍ രണ്ടാം ഘട്ടമായ എകീകൃത വ്യവസ്ഥ(UL)യിലേക്കുള്ള സമ്പൂര്‍ണ്ണപരിവര്‍ത്തനം നടന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തത്കാലം UAS-വ്യവസ്ഥയുമായി മുന്നോട്ടു പോകുകുകയേ നിവൃത്തിയുള്ളായിരുന്നൂ. എന്നാല്‍ അതിനു വേണ്ട സുതാര്യമായ ചട്ടങ്ങള്‍ ഉണ്ടാക്കുകയും അവ പാലിക്കുകയും ചെയ്യുന്നതിനു പകരം, കേവലം താല്കിക ലൈസന്‍സിംഗ് വ്യവസ്ഥയായി നിര്‍ദ്ദേശിക്കപ്പെട്ട UAS ലൈസന്‍സുകള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറപ്പിച്ചു കൊണ്ട് പതിച്ചു കൊടുക എന്നതാണ് പിന്നീടങ്ങോട്ടു നടന്നത്. 2003-ലെ ആദ്യ UAS-നിബന്ധനകള്‍ 2005 ഡിസംബറില്‍ DoT പരിഷ്കരിക്കുക ഉണ്ടായി. ചട്ടപ്രകാരം, അപേക്ഷകരില്‍ നിന്നു നിബന്ധനകള്‍ പാലിക്കുന്നവര്‍ക്കു താത്പര്യപത്രം(Letter of Intent)(LoI) അയക്കുകയും 15 ദിവസത്തിനകം LoI അംഗീകരിച്ചു കൊണ്ടുള്ള മറുപടിയും എന്‍ട്രീ ഫീയും ലഭിച്ച പക്ഷം UAS-ലൈസന്‍സ് നല്കുകയും വേണം. പിന്നീടു UAS-ലൈസന്‍സ് കിട്ടിയവര്‍ക്കു "ആദ്യം വന്നവര്‍ക്കാദ്യം"(First Come First Serve - FCFS)എന്ന ക്രമത്തില്‍ സ്പെക്‌ട്രം അനുവദിക്കുകയും വേണം. എന്നാല്‍ ഈ മാര്‍ഗരേഖകളില്‍ പലതും പൂര്‍ണ്ണമായി പാലിക്കപ്പെട്ടില്ല. ഈ പുതിയ UAS-ലൈസന്‍സിനൊപ്പം 4.4+4.4 MHz എന്ന നിരക്കില്‍ (Global Service for Mobile)GSM-സര്‍വീസു ദാതാക്കള്‍ക്കും 2.5+2.5 MHz എന്ന നിരക്കില്‍ (Code Division Multiple Access)CDMA-സര്‍വീസു ദാതാക്കള്‍ക്കും സ്പെക്‌ട്രം വീതിചു നല്കുക ആയിരുന്നു. സ്പെക്‌ട്രം വിതരണത്തില്‍ FCFS-ക്രമം പോലും അട്ടിമറിക്കപ്പെട്ടു.

UAS-ലൈസന്‍സ് TRAI-യെ സംബന്ധിച്ചിടത്തോളം ഒരു താല്കിക ലൈസന്‍സിംഗ് വ്യവസ്ഥയായതു കൊണ്ട് തന്നെ, ഈ വ്യവസ്ഥയില്‍ പുതിയ ലൈസന്‍സ് നല്കാനുള്ള എന്‍ട്രി ഫീയെ പറ്റിയോ ലേലപ്രക്രിയയെ പറ്റിയോ TRAI സൂചിപ്പിച്ചിരുന്നില്ല. ഇതിനെ മുതലെടുത്തു കൊണ്ട് 2004 മുതല്‍ 2006 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ കൊടുത്ത 51 പുതിയ UAS-ലൈസന്‍സുകള്‍ക്കു 2001-ലെ തുച്ഛമായ എന്‍ട്രി ഫീ മാത്രമേ ഈടാക്കിയുള്ളൂ. ഈ പുതിയ ലൈസന്‍സുകളുടെ സ്പെക്‌ട്രം ചാര്‍ജ് നിര്‍ണ്ണയിക്കുമ്പോള്‍ നേരത്തെയുള്ള കാബിനറ്റ് തീരുമാനപ്രകാരം ധനവകുപ്പിനെ ഉള്‍പെടുത്തേണ്ടതുണ്ട്. (31 ഒക്ടോബര്‍ 2003 ലെ കാബിനറ്റ് തീരുമാനപ്രകാരം സ്പെക്‌ട്രം ചാര്‍ജ് നിര്‍ണ്ണയിക്കുമ്പോള്‍ ധനവകുപ്പിനെയും(MoF) സ്പെക്‌ട്രത്തിന്റെ ലഭ്യത ഉറപ്പു വരുത്തുന്നതുമായുള്ള തീരുമാനങ്ങളില്‍ പ്രതിരോധവകുപ്പിനേയും(MoD) ഉള്‍പെടുത്തണം എന്നായിരുന്നു തീരുമാനം.) എന്നാ പുതിയ UAS-ലൈസന്‍സുകളുടെ സ്പെക്‌ട്രം ചാര്‍ജ് നിര്‍ണ്ണയിച്ചപ്പോഴും പിന്നീടു ഫെബ്രുവരി 2006-ലെ കാബിനറ്റില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ പോലും, DoT ബോധപൂര്‍വം കാര്യങ്ങള്‍ ധനവകുപ്പില്‍ നിന്നു ഒളിപ്പിചു വച്ചു.

2006 മാര്‍ച്ച് മുതല്‍ 2008 മാര്‍ച്ച് വരെ

2006 മാര്‍ച്ചില്‍ തന്നെ 51 അപേക്ഷകള്‍ നടപടിയെടുക്കാതെ ഉണ്ടായിരുന്നു. പെട്ടന്ന് 2006 മാര്‍ച്ചിന് ശേഷം വന്ന UAS-ലൈസന്‍സ് അപേക്ഷകള്‍ "സ്പെക്‌ട്രം ലഭ്യമല്ല" എന്ന കാരണം കാട്ടി DoT പിടിച്ചു വക്കുക ഉണ്ടായി. എന്നാല്‍ 2007 ഏപ്രില്‍ വരെ ബാക്കിയുള്ള സ്പെക്‌ട്രം ലഭ്യതയെ കുറിച്ചു ഒരു കണക്കെടുപ്പും DoT നടത്തിയതിനു രേഖകളില്ല. 2006 മാര്‍ച്ച് വരെ നടത്തിയ സ്പെക്‌ട്രം വിതരണം പോലും MoD വഴിയാണ് ചെയ്തു പോന്നത്. അതുകൊണ്ട് 2006 മാര്‍ച്ചിന് ശേഷം വന്ന അപേക്ഷകളെ മേല്‍പറഞ്ഞ കാരണത്താല്‍ പിടിച്ചു വച്ചതിനു യാതൊരു ന്യായീകരണവും ഇല്ല. എന്നാല്‍ ഇതിന് പിന്നില്‍ തട്ടിപ്പിന്റെ വ്യക്തമായ രഹസ്യഅജണ്ട ഉണ്ടായിരുന്നു.

ഈ തട്ടിപ്പിന് പകല്‍ പോലെ വ്യക്തമായ മൂന്ന് വശങ്ങള്‍ ഉണ്ടായിരുന്നു. ആ മൂന്നു കാര്യങ്ങള്‍ ഓരോന്നായി പരിശോധിക്കാം.

2007 സെപ്തംബര്‍ 24-ന് DoT ഒക്ടോബര്‍ 1-നു ശേഷം പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല എന്നു പത്രക്കുറിപ്പിലൂടെ അറിയിച്ചു. പെട്ടെന്നുള്ള അറിയിപ്പിനെ തുടര്‍ന്ന്, 575 അപേക്ഷകള്‍ കുമിഞ്ഞു കൂടി. എന്നാല്‍ പിന്നീട് മന്ത്രി ശ്രീ. എ രാജ നേരിട്ടു ഇടപെട്ടു സെപ്തംബര്‍ 25 വരെയുള്ള അപേക്ഷകള്‍ മാത്രം പരിഗണിക്കാന്‍ നിര്‍ദ്ദേശം കൊടുത്തു - അങ്ങനെ പരിഗണിക്കേണ്ട അപേക്ഷകളുടെ എണ്ണം 232 ആയി കുറഞ്ഞു. 10 ഒക്ടോബറില്‍ ടെലികോം കമ്മീഷന്റെ ഒരു യോഗം കൂടിയെങ്കിലും, അതിന്റെ മിനിട്സ് ആര്‍ക്കും നല്കിയിട്ടില്ല. പിന്നീട് 2008 ജനുവരി 10 വരെ ഒരു യോഗവും നടന്നിട്ടുമില്ല. എന്നാല്‍ പൊടുന്നനെ, ജനുവരി 10-നു 2.45PM നു DoT വെബ്‌സൈറ്റില്‍ ഒരു പ്രഖ്യാപനം പ്രത്യക്ഷപ്പെട്ടു - "121 അപേക്ഷകര്‍ക്കുള്ള താതപര്യപത്രവും സ്പെക്‌ട്രവും ഒരുമിച്ചു 3.30PMനും 4.30PMനും ഇടക്കു വിതരണം ചെയ്യുന്നതായിരിക്കും." UAS-നു യോഗ്യരായവര്‍ക്കു എന്‍ട്രീ ഫീ ഡി ഡി ആയി എടുക്കാന്‍ പോലുമുള്ള സമയം എങ്ങനെ കിട്ടും എന്നു അതിശയപ്പെട്ടു പോകുന്നില്ലേ? എന്നാല്‍ 13 കമ്പനികള്‍ നേരത്തെ തന്നെ ഡി ഡി എടുത്തു വച്ചിരുന്നു എന്നതാണ് രസകരമായ വസ്തുത. LoI വിതരണം ചെയ്തതിലും പിന്നീട് സ്പെകു്ട്രം വിതരണം ചെയ്തതിലും FCFS-ക്രമം നഗ്നമായി ലംഘിക്കപ്പെട്ടു. അങ്ങനെ 2 മാര്‍ച്ചു 2007 നു അപേക്ഷ നല്കിയ സ്വാന്‍ (Swan) കമ്പനിക്കു (റിലയന്‍സിന്റെ ബിനാമി കമ്പനി) ദില്ലിയില്‍ ലൈസന്‍സും സ്പെകു്ട്രവും ലഭിച്ചപ്പോള്‍ 31 ആഗസ്ത് 2006-ല്‍ അപേക്ഷ കൊടുത്ത സ്പൈസ് കമ്മ്യൂണിക്കേഷന്‍സിനു ദില്ലില്‍ ഒരു ലൈസന്‍സും കിട്ടിയില്ല. യൂണിടെക്കും(Unitech) വിഡിയോക്കോണും(Videocon) ഇത്തരത്തില്‍ അനര്‍ഹമായ ലാഭം കൊയ്ത കമ്പനികാളാണ്. ജനുവരി 10-ന് നല്കിയ 121 ലൈസന്‍സുകളില്‍ 13 കമ്പനികള്‍ക്കായി നല്കിയ 88 ലൈസന്‍സുകള്‍ മാര്‍ഗരേഖകള്‍ ഒന്നും പാലിക്കാതെ ആയിരുന്നു. മൊത്തം സ്പെകു്ട്രം വിതരണം നടന്നതോ 2001-ലെ തുച്ഛമായ വിലയിലും. ഏഴു വര്‍ഷം കൊണ്ടായ വിപണിയുടെ വളര്‍ച്ച സ്പെകു്ട്രത്തിന്റെ വിലയില്‍ ഉണ്ടാക്കിയ വമ്പിച്ച മൂല്യവര്‍ദ്ധന അപ്പാടെ തമസ്കരിക്കുകയാണുണ്ടായത്. ഇതിനിടക്കു UAS-ലൈസന്‍സിന്റെ എന്‍ട്രീ ഫീ 2001-ലെത് തുടരുന്നതിനെ പറ്റി വിലനിര്‍ണ്ണയവുമായി അഭിപ്രായപ്രകടനത്തിനു യാതൊരു ബാധ്യതയുമില്ലാത്ത TRAI പോലും ആഗസ്ത് 2007-ല്‍ വിമര്‍ശിച്ചിരുന്നു. അതു മാത്രമല്ല, 2008-മാര്‍ച്ചില്‍ DoT കമ്പനികളുടെ സംയോജനത്തെ(merger) കുറിച്ചു അസാധാരണമായ ഒരു പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. സംയോജനത്തെക്കുറിച്ചുള്ള മാര്‍ഗരേഖയില്‍ സ്വാഭാവികമായും ഏറ്റെടുക്കലിനെ (acquisition) കുറിച്ചും സൂചിപ്പിക്കേണ്ടപ്പോള്‍, അതിനെ കുറിചു "വിദഗ്ധമായി" മൌനം അവലംബിച്ചു. ഈ മാര്‍ഗരേഖ പ്രകാരം ലൈസന്‍സ് ലഭിച്ച കമ്പനികളുടെ സംയോജനം മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമേ പാടുള്ളൂ. എന്നാല്‍ "ഏറ്റെടുക്കല്‍" എന്ന കുറുക്കുവഴി അവസരമാക്കി പല തിരിമറികളും പിന്നീട് നടന്നു. ഉദാഹരണത്തിനു സ്വാന്‍ കമ്പനി എതിസലാതിനു(Etisalat) 4200 കോടി രൂപക്കു അതിന്റെ 45 ശതമാനം ഓഹരികള്‍ വിറ്റു - വെറും 1537 കോടി രൂപ കൊടുത്ത് കൈക്കലാക്കിയ UAS-ലൈസന്‍സ് എന്നു ഒരു തുണ്ടു പേപ്പറിന്റെ ബലത്തിലായിരുന്നു ഈ പെരുപ്പിച്ച വില. അതുപോടെ ടാടാ കമ്പനി (Tata Teleservices) അതിന്റെ 26 ശതമാനം ഓഹരികള്‍ ഡോകോമോക്കു (Docomo) 13230 കോടി രൂപക്കു വിറ്റു. ഈ കോര്‍പറേറ്റ് ഇടപാടുകള്‍ക്കെല്ലാം വഴിയൊരുക്കാനായുള്ള ഉപാധിയാക്കി ചുളുവിലക്കു കൈക്കലാക്കിയ സ്പെകു്ട്രത്തെ കരുവാക്കുകയായിരുന്നു.

ഡുവല്‍ ടെക്നോളജി (dual technology) UAS-ലൈസന്‍സ് ക്രമവിരുദ്ധമായി അനുവദിച്ചതുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ അഴിമതി. ആഗസ്ത് 2007-ല്‍ TRAI പുതിയ ചില നിര്‍ദ്ദേശങ്ങള്‍ DoT-ക്കു നല്കുകയുണ്ടായി. നിലവിലുള്ള UASL-വ്യവസ്ഥയില്‍ അപേക്ഷകരുടെ എണ്ണം അതിരില്ലാതെ അനുവദിക്കണം എന്നതായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒന്ന് - സമയപരിധിയുടെയോ എണ്ണത്തിന്റെ പരിധിയുടെയോ പേരില്‍ നിബന്ധനകള്‍ പാലിക്കുന്ന ആരും ഒഴിവായിപോകരുത് എന്നതായിരുന്നു താത്പര്യം. രണ്ടാമത്തേത് ഒരു UAS-ലൈസന്‍സി തങ്ങള്‍ ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യക്കു(GSM അല്ലെങ്കില്‍ CDMA) പുറമെ, രണ്ടാമത്തെ സാങ്കേതികവിദ്യ കൂടി ഉപയോഗിക്കാന്‍ അവസരം ആരാഞ്ഞാല്‍ പുതിയ ഫീ ഈടാക്കി (നിലവിലുള്ളതോ അല്ലെങ്കില്‍ ക്യൂവില്‍ ഉള്ള അപേക്ഷകരില്‍ നിന്നു ഉടന്‍ ലഭിക്കാന്‍ സാധ്യത ഉള്ളതോ ആയ തുക) സ്പെകു്ട്രം നല്കണം എന്നതാണ്. ഇതിനെ ഡുവല്‍ ടെക്നോളജി (dual technology) UAS-ലൈസന്‍സ് എന്നു വിളിക്കുന്നു. 17 ഒക്ടോബറില്‍ മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ രണ്ടും ടെലികോം കമ്മീഷനില്‍ പോലും ചര്‍ച്ച ചെയ്യാതെ, നിയമവകുപ്പിന്റെ എതിര്‍പ്പിനെ അവഗണിച്ചു കൊണ്ട് അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു. എന്നാല്‍ ആദ്യത്തെ നിര്‍ദ്ദേശം പരിപൂര്‍ണ്ണമായി ലംഘിക്കുകയും രണ്ടാമത്തെത് ക്രമവിരുദ്ധമായി നടപ്പാക്കി അഴിമതിക്കുള്ള അവസരമായി ഉപയോഗിക്കുകയാണ് ചെയ്തത്. 17 ഒക്ടോബറില്‍ ധൃതി പിടിച്ചു DT അംഗീകരിച്ചതിനു പിന്നില്‍ ആര്‍കോം(RComm) എന്ന കമ്പനിയുമായുള്ള ഒത്തുകളി ആണെന്നു വ്യക്തമാകും. ഈ തീരുമാനം മുന്‍കൂട്ടി അറിഞ്ഞിരുന്ന ആര്‍കോം അന്നു തന്നെ 1651 കോടി രൂപയുടെ ഡി ഡിയുമായി തയ്യാറായി ഇരിക്കുകയായിരുന്നു. CDMA മാത്രം ഉള്‍ക്കൊള്ളുന്ന ലൈസന്‍സിനു വേണ്ടി അപേക്ഷിച്ചിരുന്ന ആര്‍കോം DT-ക്കു വേണ്ടി മാറുകയും 46 കമ്പനികളെ പിന്‍തള്ളി ചെറുവിലക്കു ലൈസന്‍സ് കൈക്കലാക്കുകയുമായിരുന്നു. ഇത്തരത്തില്‍ 35 DT ലൈസന്‍സുകളാണ് DoT പതിച്ചു നല്കിയത്.

DT ലൈസന്‍സ് എന്ന മറ ഉപയോഗിച്ച് ചില കമ്പനികള്‍ക്കു അധിക സ്പെകു്ട്രം നല്കിയതാണ് തട്ടിപ്പിന്റെ മൂന്നാമത്തെ മുഖം. ഇത്തരത്തില്‍ അനര്‍ഹമായി എറ്റവും കൂടുതല്‍ സ്പെകു്ട്രം ലഭിച്ച രണ്ട് സ്വകാര്യകമ്പനികള്‍ ആണ് ഭാരതി-എയര്‍ടെലും(Bharti-Airtel) വോഡാഫോണ്‍-എസ്സാറും(Vodafone-Essar). അവര്‍ക്കു യഥാക്രമം 32.4MHz, 19.6MHz എന്നിങ്ങനെ അധിക സ്പെകു്ട്രം ലഭിച്ചു. മെയ് 2009 ലെ DoT-യുടെ തന്നെ മാര്‍ഗരേഖ പ്രകാരം പരമാവധി 6.2MHz നു മുകളില്‍ സ്പെകു്ട്രം ലഭിച്ചവരില്‍ നിന്നു 3Gയുടെ നിരക്കില്‍ സ്പെകു്ട്രം ചാര്‍ജ് ഈടാക്കണം എന്നാണ്.

മേല്‍പ്പറഞ്ഞ മൂന്നു വഴികളിലൂടെ പൊതു ഖജനാവിനുണ്ടായ നഷ്ടം കംട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍ (CAG) നിര്‍ണ്ണയിക്കുക ഉണ്ടായി. അതിനു വേണ്ടി 2G സ്പെകു്ട്രത്തിന്റെ 2008-ലെ മൂല്യം നിജപ്പെടുത്തേണ്ടിയുണ്ട്. മാസങ്ങള്‍ക്കകം നടന്ന 3G സ്പെകു്ട്രത്തിന്റെ മൂല്യത്തിലേക്കു നിജപ്പെടുത്തിയാല്‍, മേല്‍പ്പറഞ്ഞ നഷ്ടം യഥാക്രമം 102498, 37154, 36993 കോടി രൂപയാണ്. ആകെ 176645 കോടി രൂപ എന്ന ഭീമന്‍ തുകയാണ് ഈ നഷ്ടം. എന്നാല്‍ ടാടാ കമ്പനിയും റിലയന്‍സ് കമ്പനിയും TRAI-ക്കു കൊടുത്ത ഉപദേശപ്രകാരം 2G സ്പെകു്ട്രത്തിന്റെ മൂല്യം 3G സ്പെകു്ട്രത്തേക്കാള്‍ വളരെ വലുതാണ് എന്നതാണ്.

അഴിമതിയുടെ ദൂരവ്യാപക സമസ്യകള്‍

CAG റിപ്പോര്‍ട്ട് പ്രകാരം പുറത്തു വന്ന അണിയറ രഹസ്യങ്ങളാണ് മേല്‍പറഞ്ഞവ മുഴുവന്‍. വ്യക്തമല്ലാത്ത ഒരുപാടു വശങ്ങള്‍ വേറെയുമുണ്ടാകാം. ഇവയെല്ലം പുറത്തു വരുന്നതിനു സമഗ്രമായ അന്വേഷണം ആവശ്യമാണ്. എന്നാല്‍ വെറും അനേഷണം കൊണ്ടു തീര്‍ക്കാന്‍ പറ്റിയതല്ല എല്ലാ വിഷയങ്ങളും. അന്വേഷണത്തോടൊപ്പം ഒരു തിരുത്തല്‍ പ്രക്രിയയും സമാന്തരമായി നടത്തേണ്ടതുണ്ട് - താഴെ പറയുന്ന സമസ്യകളില്‍ ശ്രദ്ധ പതിപ്പിച്ചു കൊണ്ടുള്ള ഒരു തിരുത്തല്‍ പ്രക്രിയ.

  1. വിവരവിനിമയവിപ്ലവത്തിന്റെ മുന്നോട്ടു പോക്കിനു ഇലക്‌ട്രോമാഗ്നെറ്റിക് സ്പെക്‌ട്രം എന്ന പൊതു വിഭവത്തിന്റെ ആസൂത്രിതമായ വിനിയോഗം ആവശ്യമാണ്. ഇപ്പോള്‍ ദുരുപയോഗത്തിന്റെ പടുകുഴിയിലേക്കു പതിച്ചു കഴിഞ്ഞ ഈ വിഭവത്തെ പുനരാസൂത്രണത്തിനു വിധേയമാക്കണം. അതിനു വേണ്ടിയുള്ള ഏറ്റവും ചുരുങ്ങിയ കാര്യമാണ് 2G സ്പെകു്ട്രത്തിന്റെ വിതരണത്തിനായി വീണ്ടും ലേലപ്രക്രിയ നടത്തുക എന്നത്.
  2. വളരെ പ്രാരംഭാവസ്ഥയിലുള്ളതും രാജ്യാഭിവൃദ്ധിക്ക് മര്‍മ്മപ്രധാനവുമായ ഒരു വ്യവസായമാണ് ടെലികോം. ഈ മേഖലയില്‍ കോര്‍പ്പറേറ്റുകളുടെ ഇടപെടലുകളെ നിയന്ത്രിക്കുന്നത്തിന് പര്യാപ്തമായ ശക്തമായ റെഗുലേറ്ററി നിയമങ്ങള്‍ കൊണ്ടു വരണം.
  3. TRAI നിര്‍ദ്ദേശിച്ച UL-ലൈസന്‍സിനെ കുറിച്ചു ചര്‍ച്ചയോ ആലോചനകളോ നടന്നിട്ടില്ല. രാജ്യത്തിന്റെ സമഗ്രമായ അഭിവൃദ്ധിക്കു യുക്തമായ രീതിയിലുള്ള സ്പെകു്ട്രം ഉപഭോഗം സാധ്യമാക്കുന്ന തരത്തില്‍ UL-ലൈസന്‍സ് പരിഷ്കരിച്ചു നടപ്പിലാക്കേണ്ട ബാധ്യത ഗവണ്‍മെന്റിന് ഉണ്ട്. അത് നിര്‍വഹിക്കപ്പെടണം.

ജനങ്ങളുടെ, അല്ലെങ്കില്‍ ഉത്തരവാദിത്തബോധമുള്ള ജനപ്രതിനിധികളുടെയും, രാഷ്ട്രീയ പാര്‍ടികളുടെയും ഇടപെടലിലൂടെ മാത്രമേ ഈ തിരുത്തല്‍ സാധ്യമാകൂ.

അവലംബം

  1. CAG റിപ്പോര്‍ട്ട് (http://www.cag.gov.in/html/reports/civil/2010-11_19PA/contents.htm)

  2. Paranjoy Guha Thakurta, Akshat Kaushal, "Underbelly of the Great Indian Telecom Revolution", EPW, December 4, 2010

  3. Ajoy Ashirwad Mahaprashasta, "Fixing Responsibility", Frontline Vol. 27, Issue 25

  4. Thomas K Thomas, "2G spectrum more valuable than 3G", Business Line dated 22-June-2010

  5. Reports from Business Line dated 11-Nov-2010

  6. Venkitesh Ramakrishnan, "Tainted system", Frontline Vol. 27, Issue 25

  7. Arvind Virmani, "Competitive Access to Telecom: Spectrum Policy and M&A", EPW, Feb 14, 2004