നോട്ടു നിരോധനത്തിൽ ബാക്കിയാവുന്നത്..

അൻപത്‌ ദിവസത്തെ നോട്ടു നിരോധന സമയം കഴിഞ്ഞിരിക്കുന്നു. നവംബർ 8 നു രാത്രി തികച്ചും അപ്രതീക്ഷിതമായി ജനങ്ങളോട്‌ രാജ്യത്തിനു വേണ്ടി ചെറിയൊരു ത്യാഗം ചെയ്യാനാവശ്യപ്പെട്ട്‌ കള്ളപ്പണത്തിനെതിരെയും കള്ള നോട്ടിനെതിരേയും താൻ യുദ്ധം പ്രഖ്യാപിക്കുന്നു എന്നു പറഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷെ അൻപതു ദിവസങ്ങൾക്കിപ്പുറം പാടെ മലക്കം മറയുന്ന കാഴ്ച്ചയാണു നാം കണ്ടത്‌. ലോക സമ്പദ്‌വ്യവസ്ഥകളിൽ അതിവേഗത്തിൽ വളരുന്ന ഒന്നായിരുന്ന ഇന്ത്യയെ സാമ്പത്തിക അരാജകത്വത്തിലേക്ക്‌ തള്ളി വിട്ടതിനു ശേഷമൊടുവിൽ പ്രധാന ലക്ഷ്യമായി ഉയർത്തിക്കാട്ടിയ കള്ളപ്പണത്തിനെതിരായ യുദ്ധം എന്ന ആശയത്തെക്കുറിച്ച്‌ ഒരക്ഷരം മിണ്ടാതെ ബജറ്റ്‌ പ്രസംഗം പോലെ ഏതാനും ജനക്ഷേമ പരിപാടികൾ പ്രഖ്യാപിച്ച്‌ തടി തപ്പുകയാണു മോഡി ചെയ്തത്‌. കറൻസി പിൻവലിക്കൽ വഴി എത്ര കള്ള നോട്ടുകൾ ഇല്ലാതായി, എത്ര കള്ളപ്പണം പിടിച്ചെടുത്തു, എത്ര പേർക്കെതിരെ നടപടിയെടുത്തു, തങ്ങൾ ചെയ്ത ത്യാഗം കൊണ്ട്‌ രാജ്യം നേടിയ അഭിവൃദ്ധിയെന്ത്‌ തുടങ്ങി സാധാരണക്കാരന്റെ വെറും സാധാരണ ചോദ്യങ്ങൾക്ക്‌ മറുപടിയില്ലാതെ പതിവ്‌ നാടകീയമായ പ്രസംഗവുമായി മോഡി തടിതപ്പുകയായിരുന്നു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം എടുത്ത് നോക്കിയാൽ എല്ലാ ജനങ്ങളും ഒരുമിച്ചു നേരിട്ട പ്രതിസന്ധികളോ , ദുരന്തങ്ങളോ സമീപ കാലത്തെങ്ങുമില്ല. കാർഗിൽ യുദ്ധം പോലും തെക്കേ ഇന്ത്യയെ വലിയ തോതിൽ ബാധിച്ചില്ല. അടിയന്തരാവസ്ഥ വന്ന് പോയത് അറിഞ്ഞു പോലുമില്ലാത്ത വലിയൊരു സമൂഹം ഇവിടെ ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ലബ്ദിക്ക് എഴുപതു ദശകങ്ങൾക്ക് ശേഷം ഒരു മനുഷ്യ നിർമ്മിത ദുരന്തം ഇന്ത്യക്കാരെ ഒന്നാകെ ഓർമ്മിപ്പിക്കുന്നു. നല്ല ദിനങ്ങൾ വാഗ്‌ദാനം ചെയ്തു അധികാരത്തിലെത്തിയ ഭരണാധികാരി അവരെയൊന്നാകെ ബാങ്കുകൾക്ക് മുന്നിൽ, എ ടി എമ്മുകൾക്കു മുന്നിലെ നീണ്ട ക്യൂവുകളിൽ എത്തിച്ചിരിക്കുന്നു. അദ്ധ്വാനിച്ചുണ്ടാക്കിയ പണം സ്വന്തം ആവശ്യങ്ങൾക്ക് വേണ്ട പോലെ ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ ഒരു ജനത നിരായുധരായി തെരുവിലെ ക്യൂവിൽ ഊഴം കാത്ത് കിടന്ന അമ്പത് ദിനങ്ങൾ പിന്നിടുമ്പോൾ ഇതുവരെ നടന്ന സംഭവങ്ങൾ ഒന്ന് കൂടി അവലോകനം ചെയ്യുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. മോഡി സർക്കാരിന്റെ അമ്പതു ദിവസത്തെ സർക്കസ് ഒന്ന് നോക്കിയാൽ മനസിലാവുന്ന ചില വസ്തുതകൾ ഒന്ന് പരിശോധിക്കാം. അവ നമ്മെ ചില നിഗമനങ്ങളിൽ എത്തിച്ചേരാൻ പ്രേരിപ്പിക്കുന്നു

1) ഇന്ത്യൻ സാമ്പത്തിക രംഗത്തെക്കുറിച്ചോ അതി സങ്കീർണമായ ഇന്ത്യൻ സാമൂഹ്യ അവസ്ഥകളെക്കുറിച്ചോ യാതൊരു ബോധവും ഈ നിരോധനം പ്രഖ്യാപിക്കാൻ പദ്ധതിയിട്ട മസ്തിഷ്കങ്ങൾക്കു ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ കള്ളപ്പണത്തെക്കുറിച്ചുള്ള കണക്കുകൾ, പകരം പുതിയ കറൻസി ജനങ്ങളിൽ എത്താനുള്ള സമയം എന്നിവ തുടങ്ങി പുതിയ നോട്ടുകൾക്കനുസരിച്ചു എ ടി എമ്മുകൾ കാലിബറേറ്റ് ചെയ്യപ്പെടാനുള്ള സമയം, ബാങ്കുകൾ വഴി ലഭ്യമാവുന്ന പണത്തിന്റെ പരിധി എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സർക്കാർ നിരന്തരം മലക്കം മറയുകയാണ് നാം കണ്ടത്.

കേന്ദ്ര സർക്കാരിന്റെ സമീപകാല പ്രവർത്തനങ്ങൾ നിരീക്ഷിച്ചാൽ കാണാൻ സാധിക്കുക മോഡിയുടെ മന്ത്രി സഭയിൽ മറ്റു മന്ത്രിമാർ അപ്രസക്തരാണ് എന്നതാണ്. എല്ലാ വിഷയങ്ങളും മോഡിയുടെ പേരിലാണ് പ്രഖ്യാപിക്കപ്പെടുന്നത്. മോഡിയാണ് മന്ത്രി സഭ. സാമൂഹ്യ ക്ഷേമ പദ്ധതികൾ നേരിട്ട് പ്രഖ്യാപിക്കുക എന്നത് ജനങ്ങളെ ആകർഷിക്കാനുള്ള ഒരു വഴിയാണ്. എന്നാൽ അതിനു പരിമിതികളുണ്ട്. രാജ്യത്തെ എല്ലാ കുടുംബങ്ങളെയും ഒരു പോലെ സ്പർശിക്കുന്ന സാമൂഹിക ക്ഷേമ പദ്ധതികൾ കുറവാണ്.പകരം ഈ രാജ്യത്തെ ഓരോ പൗരനെയും താൻ കരുത്തനായ ഭരണാധികാരിയാണ് എന്നറിയിക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് രാജ്യതാല്പര്യമെന്ന മട്ടിൽ ദേശാഭിമാന പ്രചോദിതമായ രീതിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അവരുടെ അന്നമായ, തൊഴിലായ, ജീവിതമായ പ്രധാന കറൻസികൾ പിൻവലിക്കുക എന്നത്.

2) ഇന്ത്യൻ സാമ്പത്തിക രംഗത്തെ കൃത്യമായി അവലോകനം ചെയ്യാറുള്ള റിസർവ് ബാങ്ക് പോലെയുള്ള ഒരു സ്ഥാപനം ഇത്തരത്തിൽ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന ഒരു തീരുമാനം വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെ നടപ്പിലാക്കാൻ സാധ്യത വളരെ കുറവാണ്. അതുകൊണ്ടു തന്നെ റിസർവ് ബാങ്കിന് മുകളിൽ വലിയ രാഷ്ട്രീയ സമ്മർദം ഉണ്ടായിരുന്നു എന്ന് വേണം അനുമാനിക്കാൻ. ഇതൊരു സാമ്പത്തിക തീരുമാനമായിരുന്നില്ല പകരം രാഷ്ട്രീയ തീരുമാനമായിരുന്നു.

3) ബിജെപിയുമായി ബന്ധപ്പെട്ട നിരവധി വ്യക്തികൾ തീരുമാനം നേരത്തെ അറിഞ്ഞിരുന്നു. പ്രമുഖ കോർപ്പറേറ്റുകൾക്ക് ഈ വിവരം നേരത്തെ അറിയാൻ കഴിഞ്ഞിരുന്നു എന്ന് വേണം കരുതാൻ.

4) നോട്ടു നിരോധിച്ച ദിവസത്തെ പ്രഖ്യാപനം മുതലിങ്ങോട്ട് മോഡിയും ജെയ്റ്റ്ലിയുമടക്കമുള്ളവർ ജനങ്ങളോട് നിരന്തരമായി കള്ളം പറയുകയായിരുന്നു. അവരുടെ വാഗ്ദാനങ്ങൾ കള്ളപ്പണത്തിൽ നിന്നും കാഷ് ലെസ്സ് എക്കൊണോമിയിലേക്കു മാറിയതും തുടർന്നുള്ള റിസർവ് ബാങ്കിന്റെ മാറി മറഞ്ഞ വിവിധ ഉത്തരവുകളും രണ്ടു ദിവസത്തെ ദുരിതം എന്ന നിലയിൽ നിന്ന് 50 ദിവസത്തെ സമയം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതിന്റെ പിന്നിലെ വസ്തുതയുമെല്ലാം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ, ജനങ്ങളെ എത്ര നിസ്സാരമായാണ് ഭരണാധികാരികൾ കാണുന്നത് എന്നതിന്റെ തെളിവാണ്.

5) കറൻസിയുടെ അപര്യാപതത കൊണ്ടുള്ള ദുരിതം ഇനിയും മൂന്നു നാലുമാസം നീളും എന്ന് തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു. . ചെറുകിട കച്ചവടക്കാർ, വഴിയോരത്ത് നിന്നും വിവിധ സാധനങ്ങളും സേവനങ്ങളും വിൽക്കുന്നവർ, കാർഷികോത്പന്നങ്ങൾ ന്യായ വിലക്ക് വിൽക്കാൻ കഴിയാത്ത കൃഷിക്കാർ, പുതിയ സീസണിൽ വിളകൾ ഒരുക്കാൻ വേണ്ട കാർഷിക പ്രവർത്തികൾ ചെയ്യാൻ കഴിയാത്തവർ , നിർമ്മാണ മേഖലയിലെ സ്തംഭനത്തെതുടർന്ന് തൊഴിൽ നഷ്ടപ്പെടുന്നവർ, ടൂറിസമടക്കമുള്ള മേഖലയിൽ നിന്ന് ഉപജീവനം നയിക്കുന്നവർ അങ്ങനെ പലരും കൂടുതൽ ദുരിതങ്ങളിലേക്കു പോകുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം കർഷക ആത്മഹത്യ പോലുള്ള ദുരന്തങ്ങൾ വ്യാപകമാവും എന്ന് ഭയക്കേണ്ടിയിരിക്കുന്നു .

xdfdfd
കടപ്പാട്: മാതൃഭൂമി (നവംബർ 14)

എന്തുകൊണ്ടാണ് ഇത്തരം ഒരു അബദ്ധജടിലമായ തീരുമാനത്തിലേക്ക് മോഡിയും ബി.ജെ.പിയും പോയത് എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. ബി ജെ പി എന്നാൽ മോഡിയും അമിത് ഷായും എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. അമിത്ഷാ പോലും പൂർണമായും മോഡിയുടെ നിയന്ത്രണത്തിലാണ് എന്നാണു മുൻ ഗുജറാത്ത് അനുഭവങ്ങൾ തെളിയിക്കുന്നത്. മാധ്യമ പ്രവർത്തക റാണാ അയൂബിന്റെ ഈയടുത്ത കാലത്ത് ഇറങ്ങിയ ഗുജറാത്ത് ഫയൽസ് എന്ന പുസ്തകത്തിൽ ഇതേക്കുറിച്ചു പറയുന്നുണ്ട് . ആ തരത്തിൽ ആലോചിക്കുമ്പോൾ ഇത്തരം ഒരു പ്രവർത്തിക്കു പിന്നിൽ പല കാരണങ്ങൾ കണ്ടെത്താനാവും .

വിദേശത്തുള്ള കള്ളപ്പണത്തിൽ തൊടാൻ കോർപ്പറേറ്റുകൾ/ഈ സർക്കാരിന്റെ ബന്ധുക്കൾ അനുവദിക്കാത്ത അവസ്ഥയിൽ ഭാവിയിൽ ഉയർന്നേക്കാവുന്ന പ്രതിഷേധത്തെ കുറക്കാൻ സ്വദേശത്തെ കള്ളപ്പണത്തിനെതിരെ നടപടിയെടുത്തു എന്ന് വരുത്തി തീർക്കാനുള്ള മോഡിയുടെ ശ്രമമാവാൻ നേരിയ സാധ്യത പലരും കാണുന്നുണ്ട് (അത് തീരെ നിഷ്കളങ്കമായ ഒരു വിലയിരുത്തലാണ്. അത്തരം ഒരു പ്രവർത്തിക്കു സാധ്യത കുറവാണ് )

രാജ്യത്തിന്റെ വൈവിധ്യത്തെയും സാമ്പത്തിക ശേഷിയുടെ സങ്കീർണതയെയും കുറിച്ചുള്ള അജ്ഞത നിറഞ്ഞ ഒരു ഭരണാധികാരിയുടെ അബദ്ധമായി ഇതിനെ കാണുന്നവരുമുണ്ട്. ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് ജനാധിപത്യ പരമായ സംവാദങ്ങളോ സാമ്പത്തിക രംഗത്ത് നടക്കേണ്ട പഠനങ്ങളെയോ ഒക്കെ കണക്കിലെടുക്കാനുള്ള ബോധമോ വീക്ഷണമോ ഇല്ലാത്ത ഒരു ഒരാളുടെ മനസ്സിൽ തോന്നിയ ഹിമാലയൻ മണ്ടത്തരം എന്ന് കരുതുന്നവരുണ്ട്. അതിനും സാധ്യത കുറവാണ്.

മൻമോഹൻ സിങ് പറഞ്ഞതുപോലെയുള്ള ഒരു ആസൂത്രിതമായ കൊള്ള (organized loot)യുടെ സാധ്യത കുറേക്കൂടി പ്രബലമാണ്. ഇന്ത്യൻ ജനതയുടെ പണം മുഴുവൻ ബാങ്കുകളിൽ എത്തിക്കാനുള്ള അവരെ നിര്ബന്ധ പൂർവം ഇ വാലറ്റ് പോലുള്ള വഴികളിലേക്ക് എത്തിക്കാനുള്ള സർക്കാർ തലത്തിലുള്ള ഒരു ഗൂഡാലോചന. ജിയോ മണിയും പേടിഎമ്മും ഒക്കെ മോഡിയെ വാഴ്ത്തുന്നത് കാണുമ്പോൾ അത്തരം സംശയങ്ങൾ ന്യായമായും ഉണരും. കറൻസി നിരോധനത്തെത്തുടർന്നു ചെറുകിട പ്രസ്ഥാനങ്ങൾക്ക് നേരെ നടക്കുന്ന പ്രചാരണങ്ങൾ ശ്രദ്ധിക്കുക. സഹകരണ മേഖല തളരേണ്ടതു വാണിജ്യ ബാങ്കുകളുടെ കോർപ്പറേറ്റ് രംഗത്തിന്റെ ആവശ്യമാണ്. അത്തരം പ്രചാരണങ്ങൾ വ്യാപകമായി നടക്കുന്നത് ശ്രദ്ധിക്കുക.

ഇതിലെല്ലാമപ്പുറമായി ഒരു ഏകാധിപതി തന്റെ കരുത്തിന്റെ, ജനങ്ങളുടെ ക്ഷമയുടെ അളവ് പരിശോധിക്കുന്ന ലിറ്റ്മസ് ടെസ്റ്റ് എന്ന ഒരു സാധ്യതക്ക് കൂടുതൽ സംഭവ്യത കാണുന്നുണ്ട്. സംഘപരിവാറും അതിന്റെ ഫാഷിസ്റ് ഐഡിയോളജിയും ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയിട്ട് മുക്കാൽ നൂറ്റാണ്ടോളം കഴിഞ്ഞു. ഗോൾവാൾക്കർ വിഭാവനം ചെയ്ത ഹിന്ദു രാഷ്ട്രം എന്ന സങ്കല്പം ഇത്രയും കാലം പ്രവർത്തിച്ചിട്ടും അവർക്കു പ്രാപ്യമായില്ല. ഇടക്കാലത്ത് വാജ്പേയീ സർക്കാർ അധികാരത്തിൽ എത്തിയപ്പോഴും ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വാജ്‌പേയിക്ക് വ്യതിചലിക്കാൻ കഴിഞ്ഞില്ല. (കൂട്ടുകക്ഷി മന്ത്രിസഭയായിരുന്നു അത് എന്നത് തന്നെയാണ് പ്രധാന കാരണം ) അതിനു ശേഷമാണ് മോഡി ദേശീയ നേതൃത്വത്തിലേക്ക് വരുന്നത്. രാജ്യമൊട്ടാകെ പ്രഭാവമുള്ള നേതാവായി മോഡി മാറിയതിനു ശേഷം സംഘപരിവാർ സ്വപ്നങ്ങൾക്കു മിഴിവേറിയിട്ടുണ്ട്. മോഡി അധികാരത്തിൽ എത്തിയതിനു ശേഷം ഇന്ത്യയുടെ ബഹുസ്വരതയെ തൃണവൽഗണിക്കുന്ന എതിർ ശബ്ദങ്ങളെ രാജ്യ ദ്രോഹികളാക്കുന്ന എത്ര പ്രസ്താവനകളും പ്രവർത്തികളുമാണ് സംഘ പരിവാർ നേതാക്കളിൽ നിന്നും ഉണ്ടായിരിക്കുന്നത് എന്നത് നോക്കിയാൽ മതി ഈ വിഷയം മനസിലാക്കാൻ. ദുർബലമായ പ്രതിപക്ഷവും എതിർ ശബ്ദങ്ങളും നില നിൽക്കുമ്പോൾ കൂടുതൽ കരുത്തനാവാൻ മോഡിയെ പ്രേരിപ്പിക്കുന്നത് സംഘപരിവാറിന്റെ ഈ സ്വപ്നം തന്നെയാണ്. എഴുപതു വർഷങ്ങൾക്കു മുൻപ് വരെ രാജഭരണം നില നിന്നിരുന്ന ഒരു പ്രദേശത്ത് ജനങ്ങളുടെ മാനസിക അവസ്ഥ ഏറെയൊന്നും മാറിയിട്ടില്ല എന്ന് തന്നെ പറയാം. രാജ്യം ഭദ്രമായി സംരക്ഷിക്കുന്ന രാജാവിനെപ്പോലെ, പാട്രിയാർക്കൽ സ്വഭാവമുള്ള സമൂഹങ്ങളിലെ കുടുംബം സംരക്ഷിക്കുന്ന പിതാവിനെപ്പോലെ കരുത്തനായ ഒരു നേതാവ് തങ്ങൾക്കുണ്ട് എന്നത് ആൾക്കൂട്ടത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളിൽ ഒന്നാണ്. വില്യം റീഹിന്റെ പ്രശസ്തമായ പുസ്തകമായ "ഫാസിസത്തിന്റെ ആൾക്കൂട്ട മനഃശാസ്ത്ര"ത്തിൽ (The Mass Psychology of Fascism: Wilhelm Reich) 'ആൾക്കൂട്ടത്തിന്റെ കരുത്തനായ ഭരണാധികാരി എന്ന ആശയത്തോടുള്ള ആരാധനയോടെയുള്ള മനോഭാവത്തെ ചൂഷണം ചെയ്താണ് ജർമനിയിൽ ഹിറ്റ്ലർ അധികാരത്തിലെത്തിയത് എന്നായിരുന്നു. സോഷ്യലിസത്തോടു അടുത്തു നിന്ന വാഗ്ദാനങ്ങളുമായി അധികാരത്തിലേക്കുയർന്ന ഹിറ്റ്ലറിനെ പിന്തുണച്ചവരിൽ ഏറിയ പങ്കും സാധാരണക്കാരായിരുന്നു. ഇപ്പോഴും ഇന്ദിരാ ഗാന്ധി അടിച്ചേൽപ്പിച്ച അടിയന്തിരാവസ്ഥയുടെ ആരാധകരായ നിരവധി പേർ ഇന്ത്യയിലുണ്ട് എന്ന് നമ്മുടെ പരിസരത്ത് തന്നെ നോക്കിയാൽ കാണാം.

കേന്ദ്ര സർക്കാരിന്റെ സമീപകാല പ്രവർത്തനങ്ങൾ നിരീക്ഷിച്ചാൽ കാണാൻ സാധിക്കുക മോഡിയുടെ മന്ത്രി സഭയിൽ മറ്റു മന്ത്രിമാർ അപ്രസക്തരാണ് എന്നതാണ്(മോഡി മുഖ്യ മന്ത്രിയായിരിക്കുമ്പോൾ ഗുജറാത്തിലും അവസ്ഥ അത് തന്നെയായിരുന്നു). എല്ലാ വിഷയങ്ങളും മോഡിയുടെ പേരിലാണ് പ്രഖ്യാപിക്കപ്പെടുന്നത്. മോഡിയാണ് മന്ത്രി സഭ. സാമൂഹ്യ ക്ഷേമ പദ്ധതികൾ നേരിട്ട് പ്രഖ്യാപിക്കുക എന്നത് ജനങ്ങളെ ആകർഷിക്കാനുള്ള ഒരു വഴിയാണ്. എന്നാൽ അതിനു പരിമിതികളുണ്ട്. രാജ്യത്തെ എല്ലാ കുടുംബങ്ങളെയും ഒരു പോലെ സ്പർശിക്കുന്ന സാമൂഹിക ക്ഷേമ പദ്ധതികൾ കുറവാണ്. പകരം ഈ രാജ്യത്തെ ഓരോ പൗരനെയും താൻ കരുത്തനായ ഭരണാധികാരിയാണ് എന്നറിയിക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് രാജ്യ താല്പര്യമെന്ന മട്ടിൽ ദേശാഭിമാന പ്രചോദിതമായ രീതിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അവരുടെ അന്നമായ, തൊഴിലായ, ജീവിതമായ പ്രധാന കറൻസികൾ പിൻവലിക്കുക എന്നത്.അതിനു മുന്നോടിയായി സർക്കാർ, സംഘപരിവാർ മെഷിനറികൾ രാജ്യ സ്നേഹത്തിന്റെതായ പ്രതലം ഒരുക്കിയിട്ടുണ്ട് സർജ്ജിക്കൽ സ്ട്രൈക്ക് പോലെയുള്ള ഒരു സംഭവം നടന്നിട്ടു അധിക കാലമായില്ല. കള്ളപ്പണത്തിനെതിരെയുള്ള സർജ്ജിക്കൽ സ്‌ട്രൈക് എന്ന പേരിലാണ് ഈ നോട്ടു നിരോധനവും അവതരിക്കപ്പെട്ടത് എന്ന് ഓർക്കുക. നോട്ടു നിരോധനത്തിന് ശേഷം മോഡി നടത്തിയ പ്രസംഗങ്ങൾ ശ്രദ്ധിച്ചാൽ മിക്കവയിലും സൈന്യത്തെയും ദേശീയതയെയും മനപൂർവം കൊണ്ട് വരുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ തീവ്ര ദേശീയ വികാരം ഇളക്കി വിട്ടു രാജ്യത്തെ ഓരോ മനുഷ്യനെയും സ്പർശിക്കുന്ന തരത്തിൽ ഒരു ഭരണാധികാരിയായി വാഴാനുള്ള ശ്രമമായി ഈ പദ്ധതിയെ കാണേണ്ടിയിരിക്കുന്നു. അത്തരമൊരു പരീക്ഷണം ഉറപ്പു നൽകുന്ന അധികാര തുടർച്ചയുടെ സാധ്യതകൾ ചില്ലറയല്ല. ഗുജറാത്തിൽ കലാപത്തെ തുടർന്നുണ്ടായ സാമൂഹ്യ ധ്രുവീകരണം ഓർക്കുക ഓരോ മനുഷ്യനെയും ആ കലാപം സ്പർശിച്ചു.അതിനു ശേഷമുള്ള തിരഞ്ഞെടുപ്പുകളിൽ ബി ജെ പിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തീവ്ര ഹിന്ദുത്വം പിന്തുടരുന്നവർക്കു മുന്നിൽ ഗുജറാത്തിന്റെ വോട്ടു പൊളിറ്റിക്സ് കേന്ദ്രീകരിച്ചത് പോലെ തീവ്ര ദേശീയത പിന്തുടരുന്നവർക്കു പിന്നിൽ ഇന്ത്യൻ ജനത ദീർഘ കാലത്തേക്ക് അണിനിരക്കുമെന്ന കണക്കു കൂട്ടൽ അല്ലെങ്കിൽ ഒരു സംഘപരിവാർ യുക്തി ഈ നിരോധനത്തിന് പിന്നിലുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സ്വതന്ത്രമായി ചിന്തിക്കുന്നവർ, ജനങ്ങളുടെ സാമൂഹിക പരിസരത്തെ അവലോകനം ചെയ്യാൻ കഴിയുന്നവർ, കറൻസി നിരോധനത്തിന്റെ ജനാധിപത്യ വിരുദ്ധത ചൂണ്ടിക്കാണിക്കുന്നവർ എന്നിവരുടെ അഭിപ്രായ പ്രകടനങ്ങൾ രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെടുന്നത് ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. തോമസ് ഐസക്കും എം ടി യുമൊക്കെ ആക്രമിക്കപ്പെടുന്ന പശ്ചാത്തലം നോക്കുക. ജനാധിപത്യ ഇന്ത്യയുടെ ഭരണാധികാരിയിൽ നിന്നും അധികാരത്തിന്റെ സകല വശങ്ങളുടെയും കടിഞ്ഞാൺ കയ്യിലുള്ള ഏകാധിപതിയിലേക്കുള്ള മോഡിയുടെ യാത്ര തടയേണ്ടതുണ്ട് . നിലവിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ അപര്യാപതമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. ദേശീയ തലത്തിൽ വൻ പ്രക്ഷോഭങ്ങൾ നടക്കേണ്ട കാലമാണ്. ജനങൾക്ക് മേൽ അധികാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഭരണാധികാരികൾക്ക് നില നില്പില്ല എന്ന് ജനം തന്നെ പറയേണ്ട അവസ്ഥയുണ്ട്. തങ്ങൾ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം വിലപ്പെട്ടതാണ് എന്ന തിരിച്ചറിവ് ജനങ്ങളിൽ എത്തിക്കുകയാണ് തീവ്ര ദേശീയത ഉയർത്തുന്ന വലതു പക്ഷത്തിനുള്ള മറുപടി. അത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് . സ്വാതന്ത്ര്യത്തെക്കുറിച്ചു നിരന്തരം സംസാരിക്കുക എന്നതാണ് രാജ്യം ഫാഷിസ്റ് വാഴ്ചയിലേക്ക് പോകാതിരിക്കാനുള്ള പ്രതിവിധി.