വാക്സിനുകളെക്കുറിച്ചുതന്നെ, പിന്നെ എന്റെ ഹന്നയെക്കുറിച്ചും...

എനിക്കു് രണ്ടായിരുന്നു മക്കള്‍. രണ്ടാമത്തെയാള്‍ നാലാം പിറന്നാളിനു് പത്തുദിവസം ശേഷിക്കെ 2013 ഡിസംബര്‍ നാലിനു് മൃതിയടഞ്ഞു. അത്യധികം സങ്കീര്‍ണ്ണമായ ഹൃദയവൈകല്യമായിരുന്നു ഹന്നയ്ക്കു്. ഹൃദയത്തിനു് രണ്ടറകളേ, ഉണ്ടായിരുന്നുള്ളൂ. അതായതു്, മേലറകള്‍ക്കും കീഴറകള്‍ക്കും ഇടയില്‍ വാല്‍വുകളുണ്ടായിരുന്നില്ല. അവ വെട്ടിത്തുറന്നു കിടന്നിരുന്നു. ഹൃദയത്തില്‍ നിന്നു് അശുദ്ധരക്തം ചങ്കിലേക്കു് എത്തിക്കേണ്ട കുഴല്‍ ഹൃദയത്തെ തൊടുന്നുണ്ടായിരുന്നില്ല. പിഡിഎ വഴി ലങ്സിലെത്തുന്ന രക്തം ശുദ്ധീകരിച്ച ശേഷം അശുദ്ധരക്തം പേറുന്ന ചേമ്പറിലായിരുന്നു വന്നു കയറിയിരുന്നതു്. കുഞ്ഞു് ഉദരത്തിലായിരിക്കെ രക്തത്തില്‍ ജീവവായു കലരുന്നതു് പിഡിഎ എന്ന ചെറുകുഴലിന്റെ സഹായത്തോടെയാണു്. അതിനറ്റത്തു് ചെറിയ ബ്ലോക്കുമുണ്ടായിരുന്നു. സാധാരണഗതിയില്‍ ജനിച്ചു മണിക്കൂറുകള്‍ക്കകം അലിഞ്ഞില്ലാതാവുന്ന പിഡിഎ ഹന്നയ്ക്കു് ജീവിച്ച കാലമത്രയും തുണയായിരുന്നു. സര്‍ജറി ചെയ്തിട്ടു കാര്യമുണ്ടായിരുന്നില്ല. വിജയസാധ്യത ഇല്ല എന്നു നിയോ നേറ്റല്‍ കാര്‍ഡിയോ സര്‍ജന്മാര്‍ തറപ്പിച്ചു പറഞ്ഞു. അമൃത, ശ്രീചിത്ര, നാരായണ ഹൃദയാലയ എന്നീ മൂന്നു് ആശുപത്രികളും ഒട്ടധികം പരിശോധനകള്‍ക്കു ശേഷം മണിക്കൂറുകളോ കൂട്ടിപ്പോയാല്‍ ആഴ്ചകളോ മാത്രം ആയുസ്സു പ്രവചിച്ചു് അവളെ തിരിച്ചയച്ചു.

കോട്ടയം മെഡിക്കല്‍ കോളജിലാണു് അവള്‍ ജനിച്ചതു്. പിറ്റേദിവസം തന്നെ, എത്രയും പെട്ടെന്നു കുഞ്ഞിനെ അമൃതയില്‍ എത്തിക്കണമെന്നും അവിടംവരെപ്പോലും എത്തുമോയെന്നു നിശ്ചയമില്ലെന്നുമാണു ഡോക്ടര്‍മാര്‍ പറഞ്ഞതു്. അന്നു് അമൃതയില്‍ എത്തിക്കാന്‍ പെട്ട പാടു്... കൊച്ചിയില്‍ സോണിയ ഗാന്ധി വരുന്നതിനാല്‍ റോഡ് മുഴുക്കെ കോണ്‍ഗ്രസുകാരുടെ വാഹനങ്ങള്‍ കൊണ്ടു നിറഞ്ഞിരുന്നു. ബ്ലോക്ക് മൂലം ഒച്ചിഴയും വേഗത്തിലാണു് വണ്ടി നീങ്ങിയതു്. സാധാരണഗതിയില്‍ വച്ചുപിടിച്ചാല്‍ ഒന്നര - ഒന്നേമുക്കാല്‍ മണിക്കൂര്‍ കൊണ്ടു് ഓടിയെത്തേണ്ട ദൂരം അഞ്ചുമണിക്കൂറിലേറെ എടുത്താണു് ഞങ്ങള്‍ പൂര്‍ത്തീകരിച്ചതു്.

ഡിസംബര്‍ 25നായിരുന്നു, അവളുടെ ഡേറ്റ്. അന്നേദിവസം ഹോസ്പിറ്റലില്‍ സ്റ്റാഫ് ഉണ്ടാവില്ലെന്നും പറഞ്ഞാണു്, ഗര്‍ഭകാലത്തു് പരിചരിച്ചിരുന്ന ഗൈനക്കോളജിസ്റ്റ് 14നു തന്നെ അവളെ സി സെക്ഷനിലൂടെ പുറത്തെടുത്തതു്. ആദ്യത്തെ കുഞ്ഞും സിസേറിയനായിരുന്നതിനാല്‍ ഇതും അങ്ങനെ തന്നെയേ മാര്‍ഗ്ഗമുള്ളൂ എന്നു പറഞ്ഞതിനാല്‍ ഞങ്ങള്‍ എതിര്‍പ്പു പറഞ്ഞില്ല. ആദ്യ കുഞ്ഞിനെയാവട്ടെ തിരുവനന്തപുരം എസ്എടി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നിന്നു് ഓപ്പറേറ്റ് ചെയ്തെടുക്കുമ്പോള്‍ പറഞ്ഞ ഡേറ്റ് കഴിഞ്ഞു മൂന്നു ദിവസം പിന്നിട്ടിരുന്നു. എന്നിട്ടും പുഷ് ഒന്നും കാണാഞ്ഞതിനെ തുടര്‍ന്നാണു് ഓപ്പറേറ്റ് ചെയ്തതു്. ഈയടുത്താണു് വേറൊരു ഗൈനക്കോളജിസ്റ്റ് പറയുന്നതു്, ഈ ഡേറ്റ് എന്നതു് ഇന്ത്യന്‍ ആവറേജ് ആണെന്നും അതില്‍ മാറ്റം വരാമെന്നും. 28 ദിവസത്തെ ആര്‍ത്തവചക്രമുള്ള സ്ത്രീകളില്‍ ആഗോളവ്യാപകമായി തൊട്ടുമുമ്പത്തെ ആര്‍ത്തവം തുടങ്ങിയ ദിനം മുതല്‍ 280 ദിവസം (40 ആഴ്ച) ആണു് ശരാശരി ഗര്‍ഭകാലം. ഇതില്‍ 38 ആഴ്ചയ്ക്കു ശേഷം എപ്പോള്‍ വേണമെങ്കിലും പ്രസവം നടക്കാം. ഇന്ത്യയില്‍ 36-37 ആഴ്ചകളില്‍ തന്നെ കുഞ്ഞു് പൂര്‍ണ്ണ വളര്‍ച്ചയെത്തുകയും സ്വാഭാവികപ്രസവം നടക്കുകയും ചെയ്യാറുണ്ടു്. യൂറോപ്പില്‍ ആവട്ടെ അതു പ്രിമച്വര്‍ ബേര്‍ത്ത് ആവും. അവിടെ അതു് 41-42 ആഴ്ചകള്‍ വരെ പോകാം. ഇതു് സ്റ്റാറ്റിസ്റ്റിക്സ് ആണു്. എല്ലായ്പ്പോഴും ശരിയാവണമെന്നില്ല. അമ്മയുടെ ആര്‍ത്തവചക്രവുമായി കൂടി ഇതിനു ബന്ധമുണ്ടാവും. തിരിഞ്ഞുനോക്കുമ്പോള്‍ എന്തിനാണു് മൂന്നുദിവസം പിന്നിട്ടുവെന്നു പറഞ്ഞു പേപ്പിടി കൂട്ടി സിസേറിയന്‍ ചെയ്തതു് എന്നു മനസ്സിലാകുന്നില്ല. സര്‍ക്കാര്‍ ആശുപത്രിയായതിനാല്‍ അതുവഴി ആശുപത്രിക്കോ ഡോക്ടര്‍ക്കോ അധികവരുമാനമൊന്നും ലഭിക്കുന്നില്ല... എന്നിട്ടും.

ഇന്‍ഫ്യൂഷന്‍ ഊരിയാല്‍ പരമാവധി ഒരു മണിക്കൂര്‍. കുഞ്ഞു് യാത്രാമദ്ധ്യേ ആംബുലന്‍സിലിരുന്നു മരിക്കും, അതിനാല്‍ നിങ്ങള്‍ രണ്ടുമണിക്കൂര്‍ കൂടി കാത്തിരുന്നിട്ടു മൃതശരീരവുമായി പോയാല്‍ മതി എന്നാണു് അമൃതയില്‍ നിന്നു് എന്നോടു പറഞ്ഞതു്. ആ കുഞ്ഞു് ഞങ്ങളോടൊപ്പം നാലുകൊല്ലം ജീവിച്ചു. ജീവിച്ചിരുന്ന കാലം അവള്‍ക്കു് ക്വാളിറ്റി ഓഫ് ലൈഫ് പ്രദാനം ചെയ്യാന്‍ ഞങ്ങള്‍ക്കു സാധിച്ചു. ആരോഗ്യമുള്ള ഒരു കുട്ടിക്കു് നല്‍കുന്ന എല്ലാ വാക്സിനേഷനും അവള്‍ക്കു നല്‍കിയിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പോയി മൂവായിരം രൂപ മുടക്കി പെന്റാവാലന്റ് വാക്സിനേഷന്‍ എടുത്തു. അന്നു് കേരളത്തില്‍ പെന്റാവാലന്റ് വാക്സിന്‍ സൗജന്യമായി കൊടുത്തു തുടങ്ങിയിരുന്നില്ല. കുഞ്ഞിനു് ഒരു തകരാറും അതുമൂലം സംഭവിച്ചില്ല. സാധാരണ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം തന്നെ അവള്‍ക്കും കൊടുത്തു. രക്തത്തില്‍ ഓക്സിജന്‍ കണ്ടന്റ് കുറഞ്ഞാല്‍ സംഭവിക്കുമെന്നു് ഡോക്ടര്‍മാര്‍ പറഞ്ഞ ബുദ്ധിമാന്ദ്യം അവള്‍ക്കു പിടിപെട്ടില്ല. ഓര്‍മ്മശക്തിയിലും ബുദ്ധിവൈഭവത്തിലും അവള്‍ക്കു കുഴപ്പമേതും ഉണ്ടായില്ല. ഞങ്ങള്‍ പോയിടത്തെല്ലാം അവളെയും കൂട്ടി. ഈ ചെറുകാലയളവില്‍ ബാംഗ്ലൂരിലും ഗോവയിലും മംഗലാപുരത്തും ബോംബെയിലും ഊട്ടിയിലും മൈസൂറിലും കൊടൈക്കനാലിലും തെന്മലയിലും കന്യാകുമാരിയിലും ഒക്കെ അവള്‍ പോയി. യാത്രാവേളകളില്‍ മുതിര്‍ന്നവരെപ്പോലെ സന്തോഷിച്ചു. നിറഞ്ഞു ചിരിച്ചു. തൃശ്ശൂരില്‍ കവി അനിലന്റെ വീട്ടിലും ബാംഗ്ലൂരില്‍ ദീപക് ശങ്കരനാരായണന്റെ വീട്ടിലും ഉന്മേഷ് ദസ്തക്കീറിന്റെ വീട്ടിലും ഒക്കെ അവള്‍ താമസിച്ചു. പല പ്രാവശ്യം തിരുവനന്തപുരം - കോട്ടയം ഷട്ടിലടിച്ചു. അപ്പൂപ്പനൊപ്പം (ഭാര്യാപിതാവു്) മുഖ്യമന്ത്രിയുടെയും സാംസ്കാരികമന്ത്രിയുടെയും ഒക്കെ ചേമ്പറില്‍ വരെ പോയി. എന്റെ അപ്പനെ വലിയ ഇഷ്ടമായിരുന്നു. അന്‍വറിനെയും വലിയ ഇഷ്ടമായിരുന്നു.

എന്റെ ജീവിതപങ്കാളിയുടെ അമ്മ മേഴ്സി തോമസ് വൈദ്യന്‍ ആണു് അവളെ ഏറ്റവും നന്നായി നോക്കിയതു്. അമ്മൂമ്മയ്ക്കൊപ്പം ടെക്സ്റ്റൈല്‍ ഷോപ്പില്‍ മാനേജര്‍ കളിച്ചിരുന്നു. മൂന്നുവയസ്സ് പിന്നിട്ടപ്പോഴേക്കും കടയിലെ സ്റ്റോക്കിനെക്കുറിച്ചും ഓരോരോ തുണികള്‍ എവിടെവിടെയാണെന്നതിനെക്കുറിച്ചും അവള്‍ക്കു് ധാരണയുണ്ടായിരുന്നു. ഏജന്റുമാര്‍ വരുമ്പോള്‍ തുണി സ്റ്റോക്കുണ്ടെങ്കില്‍ അതവള്‍ തന്നെ ചൂണ്ടിക്കാട്ടും. വേണ്ടെന്നു പറയും. സംസാരം തുടങ്ങാന്‍ താമസിച്ചെങ്കിലും തുടങ്ങിക്കഴിഞ്ഞു ധാരാളം വര്‍ത്തമാനം പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചു് അവള്‍ ജീവിച്ചിരുന്ന ഓരോ നിമിഷവും അത്ഭുതമായിരുന്നു. സ്റ്റാറ്റിസ്റ്റിക്കലി അത്രമേല്‍ അസാധ്യമായിരുന്നു, ആ ജീവിതം. യാത്രയായപ്പോള്‍ അവളുടെ നേത്രപടലങ്ങള്‍ ഞങ്ങള്‍ രണ്ടു കുഞ്ഞുമക്കള്‍ക്കായി നല്‍കി. ദേശാഭിമാനിയിലെ മനോജേട്ടനാണു് (പി എം മനോജ്) തിരുവനന്തപുരത്തെ കണ്ണാശുപത്രിയില്‍ ബന്ധപ്പെട്ടു് അതിനുള്ള സൗകര്യങ്ങള്‍ ചെയ്തുതന്നതു്. അവരിപ്പോള്‍ ആ പാളികളുടെ സഹായത്തോടെ ലോകത്തെ കാണുന്നു. അങ്ങനെ ആ ജീവിതം അതിന്റെ നിയോഗം പൂര്‍ത്തിയാക്കി.

അവള്‍ ജീവിച്ചിരുന്ന നാലുവര്‍ഷവും ഞങ്ങള്‍ അനുഭവിച്ച വേദന പറഞ്ഞറിയിക്കാനാവാത്തതാണു്. ആദ്യമാദ്യം കരഞ്ഞുശ്വാസം മുട്ടിയാല്‍ ഹന്നയുടെ ശരീരമാകെ നീലിക്കുമായിരുന്നു. സ്വാമി നിര്‍മലാനന്ദഗിരി മഹാരാജിന്റെ ആയുര്‍വേദ ചികിത്സ തുടങ്ങിയതില്‍ പിന്നെയാണു് അതിനു മാറ്റംവന്നതു്. അഞ്ചുമാസത്തോളം പ്രായമുള്ളപ്പോള്‍ ശരീരം തീരെ ശോഷിച്ചു് ശ്വാസം മുട്ടല്‍ മൂര്‍ച്ഛിച്ചു് ഇനി രക്ഷയില്ല എന്ന ഘട്ടത്തിലാണു് സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ ബാലചന്ദ്രന്‍ സാര്‍ പറഞ്ഞതനുസരിച്ചു് നിര്‍മ്മലാനന്ദഗിരിയെ സമീപിക്കുന്നതു്. അവളുടെ വേദന കണ്ടുനില്‍ക്കാനാവുന്നില്ല എന്നേ ഞങ്ങള്‍ പറഞ്ഞുള്ളൂ. അദ്ദേഹത്തിന്റെ മരുന്നു തുടങ്ങിക്കഴിഞ്ഞു് നില ക്രമാനുഗതമായി മെച്ചപ്പെട്ടുവന്നു. സ്വാമിയുടെ നിര്‍ദ്ദേശപ്രകാരം കടല പോലെ ചില ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍, ബേക്കറി ഐറ്റങ്ങള്‍, സിന്തറ്റിക് ഫുഡ് എന്നിവ ഞങ്ങള്‍ ഒഴിവാക്കി. അവളോടൊത്തു് കഴിയുന്നത്ര സമയം ചെലവിടാന്‍ അദ്ദേഹം ഉപദേശിച്ചു. മരിക്കുന്നതിനു് അരമണിക്കൂര്‍ മുമ്പുവരെ അവള്‍ മുലകുടിച്ചു. ഹന്നയ്ക്കു് അരയ്ക്കു താഴേക്കു് സ്വാധീനം കുറവായിരുന്നു. അവിടേക്കുള്ള രക്തചംക്രമണം കുറവായിരുന്നതാണു് കാരണം. ശരീരം തന്നെ കൂടുതല്‍ രക്തം തലച്ചോറിലേക്കു് തിരിച്ചുവിട്ടിരുന്നിരിക്കാം. കൈകള്‍ ഉപയോഗിക്കുംപോലെ ഫ്ളക്സിബിളായി അവള്‍ കാലുകളെയും ഉപയോഗിച്ചു. ഈ കാലയളവിലാണു് ഞാന്‍ സ്ഥിരം ജോലി വിട്ടു് വീട്ടിലിരുന്നു് malayal.am ചലിപ്പിക്കുന്നതു്. കോകിലയ്ക്കും അഭിഭാഷക എന്ന നിലയിലുള്ള പ്രാക്റ്റീസ് ആദ്യരണ്ടുവര്‍ഷങ്ങളില്‍ ബ്രെയ്ക്ക് ആയി. ഹന്ന മരിച്ചതിനു ശേഷം കടന്നുപോയ രണ്ടുവര്‍ഷങ്ങളില്‍ അവളെയോര്‍ത്തു കരയാത്ത ദിനങ്ങളില്ല. ഓരോ ദിവസവും അവള്‍ അവളുടെ സാമീപ്യം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. ആ ശൂന്യത ഞങ്ങള്‍ മരിക്കുവോളം ഞങ്ങളെ പിന്തുടരും.

ഇത്രയും വൈകാരികവും സ്വകാര്യവുമായ കാര്യങ്ങള്‍ ഒരിക്കലും എഴുതണമെന്നു വിചാരിച്ചതല്ല. എങ്കിലും ഇപ്പോള്‍ ഇതൊക്കെ പറയാന്‍ ഒരു കാരണമുണ്ടു്. നല്ലപാതിക്കു് കഴിഞ്ഞ ദിവസം റൊട്ടീന്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തിയിരുന്നു. അതില്‍ നിന്നു് ഒരുകാര്യം വ്യക്തമായി. കോകിലയുടെ രക്തത്തില്‍ റൂബെല്ല വൈറസിനോടു പ്രതിരോധിച്ചതിന്റെ ജനറ്റിക് മാര്‍ക്കര്‍ ഉണ്ടു്. അതായതു്, മുമ്പെപ്പോഴോ കോകിലയ്ക്കു് റൂബെല്ല പിടിപെട്ടിരിക്കുന്നു. അതേതായാലും ആദ്യകുട്ടി ജനിച്ചതിനു ശേഷമാണു്. കാരണം, ആ സമയത്തു് നടത്തിയ പരിശോധനകളിലൊന്നും ഇതു കണ്ടെത്തിയിരുന്നില്ല. കുട്ടിക്കാലത്തു് കോകിലയ്ക്കു മീസില്‍സ് (അഞ്ചാംപനി) വന്നിട്ടുണ്ടു്. റൂബെല്ല അഞ്ചാംപനിയോടു സാമ്യമുള്ള വൈറസ് ബാധയാണു്. ജര്‍മ്മന്‍ മീസില്‍സ് എന്നും ഇതിനു പേരുണ്ടു്. വേണമെങ്കില്‍ മൂന്നാംപനി എന്നു പറയാം. ഹന്നയെ ഗര്‍ഭം ധരിച്ചിരിക്കെ, ഗര്‍ഭത്തിന്റെ ആദ്യ ആഴ്ചകളില്‍ ഒന്നില്‍ കോകിലയ്ക്ക് പനിപിടിച്ചിരുന്നു. അന്നു് എന്റെ പെങ്ങളുടെ വിവാഹദിവസം പനി കൂടി കോട്ടയം ഭാരത് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയി. അതു് എന്തുപനിയാണെന്നു് കണ്ടുപിടിച്ചില്ല. അതിനുള്ള ടെസ്റ്റുകളൊന്നും നടത്തിയില്ല. ചെറിയ ചൂടുകുരുക്കള്‍ പോലെ ശരീരത്തിലുണ്ടായിരുന്നെങ്കിലും വേനല്‍ക്കാലമായിരുന്നതിനാല്‍ റൂബെല്ല സംശയിച്ചില്ല. റൂബെല്ലയ്ക്ക് വലിയ ടെമ്പറേച്ചര്‍ പതിവില്ലാത്തതാണു കാരണം. ഞങ്ങള്‍ക്കു് തിരുവനന്തപുരത്തേക്കു പോകേണ്ടിയിരുന്നതിനാല്‍ രക്തപരിശോധന നടത്തിയതുമില്ല. ഗര്‍ഭിണിയാണെന്നു പറഞ്ഞതിനാല്‍ ഗര്‍ഭകാലത്തു് കഴിക്കുന്നതില്‍ പ്രശ്നമില്ലാത്ത മരുന്നാണു് എന്നു പറഞ്ഞു ഡോക്ടര്‍ നല്‍കിയ മെഡിക്കേഷനാണു്, എടുത്തതു്. മൂന്നുദിവസം കൊണ്ടു് പനി വിട്ടു. പിന്നീടു പതിവു പരിശോധനകളും സ്കാനിങ്ങും ഒക്കെ നടത്തിയെങ്കിലും ആരും അബ്നോര്‍മാലിറ്റി ഒന്നും ഡിറ്റക്റ്റ് ചെയ്തില്ല. അപ്പോള്‍ പിന്നെ ഈ പരിശോധകരൊക്കെ എന്തായിരുന്നു ചെയ്തതു്?

കുട്ടിയുണ്ടായപ്പോള്‍ ശരീരത്തില്‍ നിറംമാറ്റം കണ്ടു് പരിശോധിച്ചതോടെയാണു് ഒരു കാര്യം വ്യക്തമായതു്. കുട്ടിയുടെ ഹൃദയം ഡവലപ് ചെയ്യുന്ന സമയത്തായിരുന്നു പനി. ഒന്നുകില്‍ ആ പനി മൂലം, അല്ലെങ്കില്‍ അതിനു കഴിച്ച മരുന്നുമൂലം - ഇതിലേതെങ്കിലും കാരണത്താലായിരിക്കാം, ഹൃദയകോശങ്ങളുടെ വളര്‍ച്ചയെ അതു് പ്രതികൂലമായി ബാധിച്ചു. അന്നു് ഗൈനക്കോളജിസ്റ്റിനെ കണ്‍സല്‍റ്റ് ചെയ്തിട്ടാണു് മരുന്നു കഴിച്ചതു് എന്നതിനാല്‍ രണ്ടാമത്തെ കാരണത്തെ ഏതാണ്ടു് ഒഴിവാക്കാം. വില്ലന്‍ വൈറല്‍ പനി തന്നെ. അതുപക്ഷേ ഏതു പനി? അറിയില്ല.

പുതിയ ടെസ്റ്റില്‍ റൂബെല്ലയുടെ ആന്റി ബോഡി രക്തകോശങ്ങളില്‍ കണ്ടതോടെയാണു് അന്നു് പിടിപെട്ടതു് റൂബെല്ല ആയിരുന്നിരിക്കാം എന്ന സാധ്യത തെളിഞ്ഞതു്. ബാലികാബാലന്മാരില്‍ വളരെ ലഘുവായ ഫലമേ, റൂബെല്ല സൃഷ്ടിക്കൂ. അവര്‍ പലപ്പോഴും അറിയുകപോലുമില്ല. ഒരിക്കല്‍ വന്നുകഴിഞ്ഞാല്‍ ആജീവനാന്തം അവര്‍ റൂബെല്ലയോടു പ്രതിരോധശേഷിയുള്ളവരാവുകയും ചെയ്യും. എന്നാല്‍ ഗര്‍ഭിണികള്‍ക്കു റൂബെല്ല പിടിപെട്ടാല്‍ ഗര്‍ഭസ്ഥശിശുക്കളില്‍ മാരകമായ ദോഷഫലങ്ങളുണ്ടാക്കാന്‍ റൂബെല്ല വൈറസിനു കഴിയും. ഗര്‍ഭസ്ഥ ശിശുവിനു് ഹൃദയസംബന്ധിയായ പ്രശ്നങ്ങള്‍, കേള്‍വിക്കോ കാഴ്ചയ്ക്കോ തകരാറ്, ബുദ്ധിവളര്‍ച്ചയില്‍ മുരടിപ്പു്, കരളിനും പ്ലീഹയ്ക്കും ദോഷം തുടങ്ങി പലവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാം. ഗര്‍ഭത്തിന്റെ ആദ്യ ആഴ്ചകളില്‍ - പ്രത്യേകിച്ചു് 12 ആഴ്ചയ്ക്കു മുമ്പാണു് റൂബെല്ല പിടിപെടുന്നതെങ്കില്‍ ജന്മവൈകല്യങ്ങള്‍ ഗുരുതരമാവാം. ഗര്‍ഭം അലസാനോ കാലംതികയാതെ പ്രസവിക്കാനോ വരെ അതിടയാക്കിയേക്കാം. 1963നും 65നും ഇടയില്‍ ലോകമെങ്ങും പടര്‍ന്നുപിടിച്ച റൂബെല്ല വൈറസിന്റെ ആക്രമണത്തില്‍ യുഎസില്‍ മാത്രം പതിനോരായിരം ശിശുക്കള്‍ മരിക്കുകയും ഇരുപതിനായിരം കുട്ടികളില്‍ ജന്മവൈകല്യങ്ങള്‍ പിടിപെടുകയും ചെയ്തതായാണു കണക്കു്. 1969ല്‍ റൂബെല്ല വാക്സിന്‍ നല്‍കാന്‍ തുടങ്ങിയതോടെ രാജ്യത്തിനുള്ളില്‍ ഈ പകര്‍ച്ചവ്യാധിയുടെ വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ യുഎസിനായി.

2004ല്‍ യുഎസ് ഓഫ് എയില്‍ നിന്നു റൂബെല്ല തുടച്ചുനീക്കി. എന്നാല്‍ മറ്റുരാഷ്ട്രങ്ങളില്‍ നിന്നും വരുന്ന കുടിയേറ്റക്കാര്‍ വഴിയും വിനോദയാത്രക്കാര്‍ വഴിയും മറ്റുരാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തി മടങ്ങുന്ന, വാക്സിനേഷന്‍ എടുത്തിട്ടില്ലാത്ത യുഎസ് പൗരന്മാര്‍ വഴിയും റൂബെല്ല വൈറസ് അവിടെ തിരിച്ചെത്തുമെന്ന ഭീതിയില്‍ യുഎസിലെ ഫിലാന്ത്രോപ്പിസ്റ്റുകള്‍ വികസ്വര രാഷ്ട്രങ്ങളില്‍ റൂബെല്ല വാക്സിനേഷന്റെ പ്രചാരണത്തിനു വന്‍തുകയാണു് അടുത്തകാലത്തായി മുടക്കുന്നതു്. യുഎസ്എ എന്നാല്‍ സിഐഎ എന്നും സാമ്രാജ്യത്വ ഗൂഢാലോചന എന്നും കോര്‍പ്പറേറ്റ് മുതലാളിത്തം എന്നും മാത്രം തിരിയുന്ന ക്യൂബാ മുകുന്ദന്മാര്‍ പത്തരമാറ്റ് കമ്മ്യൂണിസ്റ്റുകളായി വാഴുന്ന കേരളരാജ്യത്തില്‍ റൂബെല്ല വാക്സിനേഷനെന്നാല്‍ മൂന്നാംലോക രാഷ്ട്രങ്ങളിലെ, പ്രത്യേകിച്ചു് ഇടതുപക്ഷ സ്വാധീനമുള്ള ഇടങ്ങളിലെ, ജനസംഖ്യാ വളര്‍ച്ച നെഗറ്റീവ് ആക്കാന്‍ കണ്ടെത്തിയ സാമ്രാജ്യത്വ പദ്ധതിയാണെന്നു പ്രചാരണം വരുന്നതില്‍ പ്രത്യേകിച്ചെന്തെങ്കിലും അത്ഭുതത്തിനു കോപ്പില്ല. അതോടൊപ്പം ജേക്കബ് വടക്കഞ്ചേരിയെ പോലെയുള്ള ഗജഫ്രോഡുകളും ബുദ്ധിജീവിത്താടി വളര്‍ത്തിനടക്കുന്ന ഹരിയെപ്പോലെയുള്ള ചില ഹോമിയോ ഒറ്റമൂലിക്കാരും കൂടി ചേര്‍ന്നാല്‍ പറയുകയും വേണ്ട. ഇവരറിയാന്‍ വേണ്ടി ഒരു കാര്യം പറയാം. കമ്മ്യൂണിസ്റ്റ് ക്യൂബ മാസ് വാക്സിനേഷന്‍ പ്രോഗ്രാമിലൂടെ 1962ല്‍ പോളിയോയും 72ല്‍ നിയോനേറ്റല്‍ ടെറ്റനസും 79ല്‍ ഡിപ്തീരിയയും 93ല്‍ അഞ്ചാംപനിയും 94ല്‍ വില്ലന്‍ ചുമയും 95ല്‍ റൂബെല്ലയും മുണ്ടിനീരും തുടച്ചുനീക്കിയിട്ടുണ്ടു്. അവിടെ അതൊരു ചോയ്സ് ആയിരുന്നില്ല. മെനിഞ്ജൈറ്റിസ് ബി, സി എന്നിവ വഴിയും ഹെപ്പറ്റൈറ്റിസ് ബി വഴിയും ടൈഫോയിഡ് വഴിയും ഉള്ള മരണങ്ങള്‍ 95% കണ്ടു കുറഞ്ഞു. 1990നു ശേഷം ടെറ്റനസ് വളരെ അപൂര്‍വ്വമായേ കാണുന്നുള്ളു. ഇതൊക്കെ യൂണിവേഴ്സല്‍ വാക്സിനേഷനിലൂടെ സാധിച്ചതാണു്.

പറഞ്ഞുവന്നതു് ഞങ്ങള്‍ക്കു് മിടുക്കിയായ ഒരു പെണ്‍കുട്ടിയെ നഷ്ടപ്പെട്ടു. അതിനു കാരണം റൂബെല്ലയായിരിക്കാനാണു സാധ്യത. ഞങ്ങളിരുവരുടെയും കുടുംബാംഗങ്ങളില്‍ ആര്‍ക്കും ഹൃദയസംബന്ധിയായ രോഗങ്ങളില്ലായിരിക്കെ ഹന്നയ്ക്കു് ഹൃദയത്തിനുണ്ടായ വൈകല്യം വേറെയൊരു കാരണംകൊണ്ടാവുമെന്നു കരുതാന്‍ തരമില്ല. പതിനെട്ടാം വയസ്സില്‍ റൂബെല്ല വാക്സിനേഷന്‍ എടുത്തിരുന്നെങ്കില്‍ ഒരുപക്ഷെ ഇങ്ങനെ ഉണ്ടാവുമായിരുന്നില്ല.

റൂബെല്ലയെ നിയന്ത്രിക്കാന്‍ ഇന്നു് എംഎംആര്‍, എംഎംആര്‍വി എന്നീ രണ്ടു വാക്സിനുകള്‍ ലഭ്യമാണു്. ആദ്യത്തേതു് മീസില്‍സ് (അഞ്ചാംപനി), മംപ്സ് (മുണ്ടിനീരു്), റൂബെല്ല (ജര്‍മ്മന്‍ മീസില്‍സ്) എന്നിവയ്ക്കെതിരായ പ്രതിരോധ വാക്സിനാണു്. രണ്ടാമത്തേതില്‍ ചിക്കന്‍പോക്സ് ഉണ്ടാക്കുന്ന വേരിസെല്ല വൈറസിനെക്കൂടി പ്രതിരോധിക്കുന്നു. രണ്ടാമത്തെ വാക്സിന്‍ 12 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കു മാത്രമേ നല്‍കൂ. ആദ്യത്തെ വാക്സിന്‍ ആണു് കൂടുതലായി പ്രചാരത്തിലുള്ളതു്. യുഎസില്‍ 12 മാസം മുതല്‍ 15 മാസം വരെ പ്രായമായ കുട്ടികള്‍ക്കു് ഒന്നാമത്തെ ഡോസും നാലുവയസ്സിനും ആറുവയസ്സിനും ഇടയില്‍ രണ്ടാമത്തെ ഡോസും നല്‍കുന്നു.

xdfdfd
ഒഡിഷയില്‍ വാക്സിനേഷന്‍ നല്‍കുന്ന ഒരു കമ്മ്യൂണിറ്റി ഹെല്‍ത് വര്‍ക്കര്‍. Image Creidts: Wikimedia

ഇന്ത്യയില്‍ റൂബെല്ല എന്‍ഡെമിക് ആണെങ്കിലും നമ്മുടെ സാര്‍വ്വത്രിക രോഗപ്രതിരോധ പദ്ധതി അഥവാ യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമില്‍ ഈ വാക്സിനേഷന്‍ പാന്‍ ഇന്ത്യ ലെവലില്‍ ലഭ്യമല്ല. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ 11 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ 6% മുതല്‍ 47% വരെ പെണ്‍കുട്ടികള്‍ക്കു് റൂബെല്ല ഇന്‍ഫെക്ഷന്‍ ഉണ്ടായിട്ടുണ്ടു് എന്നു് സര്‍വേ ഫലങ്ങള്‍ പറയുന്നു. ജമ്മു കശ്മീരില്‍ ഇതു് 67.3% ആണു്. പഞ്ചാബില്‍ 64%. ഈ പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം വീണ്ടുമൊരു റൂബെല്ല ഇന്‍ഫെക്ഷന്‍ ഉണ്ടാവില്ല. വാക്സിനേഷന്‍ ഇല്ലാതെ തന്നെ റൂബെല്ലയോടു പ്രതിരോധശേഷി നേടുന്ന പെണ്‍കുട്ടികളുടെ എണ്ണം നഗരജനസംഖ്യയില്‍ 80.2% വരെ ഉയര്‍ന്നു നില്‍ക്കുന്നു എന്നു് മഹാരാഷ്ട്രയില്‍ നടന്ന ഒരു പഠനം വ്യക്തമാക്കി. ഇതു് അവിടുത്തെ ഗ്രാമീണ ജനതയില്‍ 73.1% മാത്രമാണു്. ന്യൂഡല്‍ഹിയില്‍ 1988നും 2002നും ഇടയില്‍ സ്ത്രീകള്‍ക്കിടയിലെ റൂബെല്ല പ്രതിരോധം ഗണ്യമായി ഉയര്‍ന്നെങ്കിലും 10% മുതല്‍ 15% വരെ സ്ത്രീകള്‍ റൂബെല്ല പ്രതിരോധമില്ലാതെയാണു് ചൈല്‍ഡ് ബെയറിങ് ഏജില്‍ എത്തിയതു്. പറഞ്ഞുവന്നതു്, ഇങ്ങനെ വാക്സിനേഷനിലൂടെയോ ഇന്‍ഫെക്ഷനിലൂടെയോ റൂബെല്ലയുടെ ആന്റി ബോഡി ശരീരത്തില്‍ കടന്നുകൂടിയിട്ടില്ലാത്ത പെണ്‍കുട്ടികള്‍ ഹൈ റിസ്ക് വിഭാഗത്തിലാണു് പെടുന്നതു്. അവര്‍ക്കു് ഗര്‍ഭകാലത്തു് റൂബെല്ല പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണു്. ഇന്ത്യയില്‍ congenital rubella syndrome (CRS) അഥവാ ഗര്‍ഭസ്ഥ ശിശുക്കള്‍ക്കു് റൂബെല്ല മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍ കാര്യമായി പഠനവിധേയമാക്കിയിട്ടില്ല. അതായതു് അതുസംബന്ധിച്ചു പ്രസക്തമായ ഡേറ്റ നമുക്കു ലഭ്യമല്ല. എങ്കിലും ഇത്രയും വ്യാപകമായ റൂബെല്ല ഇന്‍ഫെക്ഷന്‍ രാജ്യത്തു് ഉണ്ടായിരിക്കെ മുമ്പു് റൂബെല്ല പിടിപെട്ടിട്ടില്ലാത്ത ഗര്‍ഭിണികളില്‍ റൂബെല്ല പിടിപെടുന്നതു് ഒട്ടും കുറവായിരിക്കാന്‍ സാധ്യതയില്ല.

ഇന്ത്യയ്ക്കു് സാര്‍വ്വത്രികമായ വാക്സിനേഷന്‍ സ്കെജ്യൂള്‍ താഴെപ്പറയുന്നു.

  1. ജനനസമയത്തു് BCGയും (TB അഥവാ ക്ഷയത്തിനെതിരെ) പോളിയോ തുള്ളിമരുന്നും.
  2. 6, 10, 14 ആഴ്ചകളില്‍ DPTയും (ഡിപ്തീരിയ അഥവാ ഗജചര്‍മ്മം എന്ന തൊണ്ടയ്ക്കുണ്ടാകുന്ന അസുഖം, പെര്‍ടൂസിസ് അഥവാ വില്ലന്‍ ചുമ, ടെറ്റനസ് അഥവാ ഞരമ്പുവലി എന്നിവയ്ക്കെതിരെ) പോളിയോ തുള്ളിമരുന്നും.
  3. 9 -ാം മാസം മീസില്‍സ് അഥവാ അഞ്ചാംപനിക്കെതിരെ
  4. 15 മാസത്തിനും 18 മാസത്തിനും ഇടയില്‍ ഡിപിറ്റിയുടെ അധിക ഡോസ്, ഒപ്പം പോളിയോ തുള്ളിമരുന്നു്
  5. പത്തുവയസ്സിലും പതിനഞ്ചു വയസ്സിലും ടെറ്റനസ് ടോക്സോയിഡ് കുത്തിവയ്പ്.

ഇത്രയും മാത്രമേ പാന്‍ ഇന്ത്യ തലത്തില്‍ നിര്‍ബന്ധമായി എടുക്കേണ്ടതായുള്ളൂ. ഇതുകൂടാതെ ചില തെരഞ്ഞെടുത്ത ജില്ലകളില്‍ ഹെപ്പറ്റൈറ്റിസ് ബി (ഒരിനം മഞ്ഞപ്പിത്തത്തിനെതിരെ), എംഎംആര്‍ (മംപ്സ്, മീസില്‍സ്, റൂബെല്ല എന്നിവയ്ക്കെതിരെ), എച്ച്ഐബി (മെനിഞ്ജൈറ്റിസ്, ന്യൂമോണിയ, ഓട്ടിസം എന്നിവയുണ്ടാക്കുന്ന ഹീമോഫൈലസ് ഇന്‍ഫ്ളുവന്‍സ ടൈപ് ബി വൈറസിനെതിരെ) വാക്സിനുകള്‍ കൂടി ഈ പദ്ധതിയുടെ ഭാഗമായി സൗജന്യമായി നല്‍കുന്നുണ്ടു്. കൂടാതെ ഓരോ വര്‍ഷവും അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കു് രണ്ടു ഡോസ് ഓറല്‍ പോളിയോ വാക്സിന്‍ നല്‍കുന്നുണ്ടു്. ഇതു് ആ കുട്ടികളെ മാത്രമല്ല, ചുറ്റുമുള്ള സമൂഹത്തെയും പ്രതിരോധമുള്ളവരാക്കാന്‍ സഹായിക്കുന്നു. ടെറ്റനസിനെതിരായ കുത്തിവയ്പ് എല്ലാ പത്തുവര്‍ഷം കൂടുമ്പോഴും എടുക്കുന്നതു് നല്ലതാണു്. പോളിയോയ്ക്കെതിരെ കുത്തിവയ്പ്പ് എടുക്കുന്നതും രണ്ടാംവയസ്സില്‍ ടൈഫോയിഡിനെതിരായ പ്രതിരോധ വാക്സിന്‍ എടുക്കുന്നതും ഇതു് ഓരോ മൂന്നോ നാലോ വര്‍ഷം കൂടുമ്പോഴും ആവര്‍ത്തിക്കുന്നതും നല്ലതാണു്. മാതാപിതാക്കള്‍ ആവശ്യപ്പെടുന്ന പക്ഷം വെരിസെല്ലാ വാക്സിന്‍ (ചിക്കന്‍പോക്സിനെതിരെ), ന്യൂമോകോക്കല്‍ കോന്‍ജുഗേറ്റ് വാക്സിന്‍ (ഇതു് ആറുവയസ്സിനു താഴെയും 65 വയസ്സിനു മുകളിലും ഉള്ളവര്‍ക്കാണു നല്‍കാറു്), റോട്ടാവൈറസ് വാക്സിന്‍ (ഡയേറിയയെ പ്രതിരോധിക്കാന്‍), ഹെപ്പറ്റൈറ്റിസ് എ വാക്സിന്‍ എന്നിവയും നല്‍കും. സെര്‍വിക്കല്‍ ക്യാന്‍സര്‍ (ഗര്‍ഭാശയ അര്‍ബുദം) തടയാനായി എച്ച്പിവി (ഹ്യൂമന്‍ പാപ്പിലോമ വൈറസ്) വാക്സിനും ലഭ്യമാണു്.

ഇന്ത്യയില്‍ അടുത്തകാലത്തു വിവാദമായ വാക്സിനേഷന്‍ പ്രോഗ്രാം പെന്റാവാലന്റ് വാക്സിനേഷനായിരുന്നു. ഡിപിടി വാക്സിനും എച്ച്ഐബി വാക്സിനും ഹെപ്പറ്റൈറ്റിസ് ബി വാക്സിനും വെവ്വേറെ നല്‍കുന്നതിനു പകരമായി ഇവയെല്ലാം ചേര്‍ത്ത ഒറ്റ വാക്സിനേഷനാണു് പെന്റാവാലന്റ് വാക്സിന്‍. ക്വിന്‍വാക്സം എന്ന ബ്രാന്‍ഡിലുള്ള വാക്സിന്‍ ലോകമെങ്ങും 400 ദശലക്ഷം കുട്ടികള്‍ക്കു നല്‍കിയിട്ടുള്ളതായാണു് 2013ലെ കണക്കു്. ഇതു് അപകടരഹിതവും ഫലപ്രദവുമാണെന്നു് ലോകാരോഗ്യസംഘടന സാക്ഷ്യപ്പെടുത്തിയിട്ടുണ്ടു്. എഫ്ഡിഎയുടെയും യൂറോപ്യന്‍ ഡ്രഗ് കണ്‍ട്രോള്‍ അഥോറിറ്റിയുടെയും സുരക്ഷാപരിശോധനകളില്‍ സുരക്ഷിതമെന്നു കണ്ട വാക്സിനാണിതു്. ഇന്ത്യയിലാവട്ടെ പൂണെ കേന്ദ്രമാക്കിയ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണു് പെന്റാവാക് പിഎഫ്എസ് എന്ന ബ്രാന്‍ഡില്‍ പെന്റാവാലന്റ് വാക്സിന്‍ നിര്‍മ്മിക്കുന്നതു്. ലഭ്യമായതില്‍ ഏറ്റവും ചെലവുകുറഞ്ഞ ബ്രാന്‍ഡാണിതു്. ഇവര്‍ എക്സ്പയറി ഡേറ്റും മാനുഫാക്ചറിങ് ഡേറ്റും വയ്ക്കാത്ത വാക്സിന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണത്തിനു് എത്തിച്ചതാണു് വലിയ വിവാദങ്ങള്‍ക്കു വഴിവച്ചതു്. അതേ സമയം സ്വകാര്യ ആശുപത്രികളില്‍ ഇതേ കമ്പനി ഇവ രണ്ടും രേഖപ്പെടുത്തിയ ബാച്ചും എത്തിച്ചു.

ഏതാണ്ടു് ഇതോടനുബന്ധിച്ചു തന്നെ വാക്സിനേഷനെതിരെ കൊണ്ടുപിടിച്ച പ്രചാരണമാണു് കേരളത്തില്‍ നടന്നതു്. ഇന്ത്യയില്‍ കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഹരിയാന തുടങ്ങിയ തെരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ മാത്രമാണു്, സാര്‍വ്വത്രിക രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി പെന്റാവാലന്റ് വാക്സിനേഷന്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കിയതു്. രാജ്യത്തു് ആകെ 90 ദശലക്ഷം കുട്ടികളില്‍ ഈ വാക്സിന്‍ അഡ്മിനിസ്റ്റര്‍ ചെയ്തു എന്നാണു് വാക്സിനേഷനെതിരെ ഡയലോഗ് വിടുന്നവര്‍ അവതരിപ്പിക്കുന്ന കണക്കു്. വാക്സിനേഷന്റെ ഫലമായി തമിഴകത്തു് മൂന്നു ശിശുക്കളും ഹരിയാനയില്‍ ഏഴു ശിശുക്കളും കേരളത്തില്‍ ഇരുപതു ശിശുക്കളും മരണമടഞ്ഞു എന്നാണു പ്രചാരണം. എന്നാല്‍ ഇതു സംശയാതീതമായി തെളിയിക്കപ്പെട്ട കാര്യമല്ല. അവയില്‍ 6 മരണങ്ങള്‍ ഈ വാക്സിനുമായി ബന്ധപ്പെട്ടവ തന്നെയെന്നു സംശയിക്കപ്പെടുന്നു. അതായതു് ദശാംശത്തിനു ശേഷം അഞ്ചുപൂജ്യവും കഴിഞ്ഞു് 6 ഇട്ടാല്‍ അത്രയും ശതമാനം ആണു് ഈ മരണകാരണം വാക്സിന്‍ മൂലം തന്നെയെന്നു സംശയാതീതമായി തെളിയിക്കപ്പെട്ടാല്‍ പറയാവുന്ന അപകടനിരക്കു്.

ശിശുമരണം സങ്കടകരമായിരിക്കെ ഈ ക്യാമ്പെയ്ന്‍ അത്യന്തം അപകടകരമാണു്. ബാലാരിഷ്ടതകള്‍ മൂലം മുമ്പു് സംസ്ഥാനത്തു് മരണമടഞ്ഞിരുന്ന ശിശുക്കളുടെ നിരക്കും ഇപ്പോഴത്തെ ശിശുമരണനിരക്കും കൂടി താരതമ്യം ചെയ്താല്‍ തന്നെ ആധുനിക വൈദ്യ ശാസ്ത്രം ഈ മേഖലയില്‍ പ്രവര്‍ത്തിച്ചതിന്റെ വ്യത്യാസം അറിയാന്‍ സാധിക്കും. ആറാം വയസ്സില്‍ അസുഖം ബാധിച്ചു മരിച്ച അവിട്ടം തിരുന്നാളിന്റെ പേരിലാണു തിരുവനന്തപുരത്തു് മെഡിക്കല്‍ കോളജിനും ആര്‍സിസിയ്ക്കും ശ്രീചിത്രയ്ക്കുമിടയില്‍ എസ്എടി ആശുപത്രി പ്രവര്‍ത്തിക്കുന്നതു്. അതായതു് രാജകുടുംബത്തിനു പോലും വേണ്ടത്ര ആരോഗ്യസംരക്ഷണം ലഭിച്ചിരുന്നില്ല. വാക്സിന്‍ അശാസ്ത്രീയമായി സൂക്ഷിച്ചു് അപകടം വരുത്തിവച്ചിട്ടുണ്ടെങ്കില്‍ അന്വേഷിച്ചു് നടപടി സ്വീകരിക്കേണ്ടതുണ്ടു്. എന്നാല്‍ വാക്സിന്‍ തന്നെ അപകടമാണു് എന്നുവാദിച്ചു് ഈ സംരക്ഷണഭിത്തി പൊളിക്കാന്‍ മുമ്പില്‍ നില്‍ക്കുന്ന ഗജഫ്രോഡുകള്‍ 35 വയസ്സും കവിഞ്ഞു ജീവിച്ചിരിക്കുന്നതു് നമ്മുടെ രാജ്യത്തു നടപ്പിലാക്കിയ മാസ് വാക്സിനേഷന്റെയും മോഡേണ്‍ ഹെല്‍ത്ത് കെയറിന്റെയും ഫലമായിട്ടാണെന്നതു മറക്കുന്നു.

ഇപ്പോള്‍ ഈ വിഡ്ഢിക്കൂട്ടം ഏറ്റവും എതിര്‍ക്കുന്നതു് റൂബെല്ല വാക്സിനേഷനെയാണു്. കേരളത്തില്‍ 13നും 17നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ പള്ളിക്കൂടങ്ങള്‍ കേന്ദ്രീകരിച്ചു വാക്സിനേറ്റ് ചെയ്യാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിയാണു് എതിര്‍പ്പു നേരിടുന്നതു്. ഗര്‍ഭവതിയാകുന്നതിനു് കുറഞ്ഞതു് ഒരു മാസം മുമ്പെങ്കിലും നല്‍കേണ്ട വാക്സിനേഷനാണിതു്. ഗര്‍ഭംവഹിക്കെ ഒരു കാരണവശാലും നല്‍കരുതാത്തതുമാണു്, ഈ വാക്സിന്‍. ഗര്‍ഭസ്ഥ ശിശുക്കള്‍ക്കു് റൂബെല്ല എത്രമാത്രം അപകടകാരിയാവുമെന്നു് നേരത്തെ പറഞ്ഞിരുന്നല്ലോ. അതെന്തിനാണു് സ്കൂള്‍ തലത്തില്‍ നല്‍കുന്നതു് എന്നതാണു ചോദ്യം. പ്രത്യേകിച്ചു് ഡ്രഗ് അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ടു മാതാപിതാക്കള്‍ സമ്മതപത്രം പൂരിപ്പിച്ചു നല്‍കണം എന്ന Good Practice ഈ വാക്സിനേഷന്റെ ഭാഗമായി ഉള്‍പ്പെടുത്തിയതു് ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ക്കു് അനുഗ്രഹമായി. കേരളത്തില്‍ 18നും 21നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ വിവാഹം പല പ്രദേശങ്ങളിലും ഇപ്പോഴും വ്യാപകമായിരിക്കെ യൂണിവേഴ്സലായി മോണിറ്റര്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും പറ്റിയ പ്രായമാണു്, ഈ ഏജ് ഗ്രൂപ്പ്. അവര്‍ ഒരിക്കല്‍ ക്യാമ്പസ് വിട്ടു പുറത്തിറങ്ങിയാല്‍ പിന്നെ ഇവരെ മോണിറ്റര്‍ ചെയ്യാന്‍ ഒരു വഴിയുമില്ല. വിവാഹത്തിനു മുമ്പു് ഈ വാക്സിനേഷന്‍ എടുക്കണം എന്ന നിര്‍ദ്ദേശം നടപ്പാവാന്‍ സാധ്യത കുറവാണു്. അതേ സമയം സ്കൂളുകളിലൂടെ ഈ വാക്സിനേഷന്‍ നല്‍കിയാല്‍ വാക്സിന്റെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്യാം.

ആറാം വയസ്സില്‍ അസുഖം ബാധിച്ചു മരിച്ച അവിട്ടം തിരുന്നാളിന്റെ പേരിലാണു തിരുവനന്തപുരത്തു് മെഡിക്കല്‍ കോളജിനും ആര്‍സിസിയ്ക്കും ശ്രീചിത്രയ്ക്കുമിടയില്‍ എസ്എടി ആശുപത്രി പ്രവര്‍ത്തിക്കുന്നതു്. അതായതു് രാജകുടുംബത്തിനു പോലും വേണ്ടത്ര ആരോഗ്യസംരക്ഷണം ലഭിച്ചിരുന്നില്ല. വാക്സിന്‍ അശാസ്ത്രീയമായി സൂക്ഷിച്ചു് അപകടം വരുത്തിവച്ചിട്ടുണ്ടെങ്കില്‍ അന്വേഷിച്ചു് നടപടി സ്വീകരിക്കേണ്ടതുണ്ടു്.

വാക്സിന്‍ വിരുദ്ധ ലോബി ഭരണഘടനയുടെ പതിമ്മൂന്നാം അനുച്ഛേദത്തെ പൊക്കിപ്പിടിച്ചു് ദേശസ്നേഹത്തില്‍ മുക്കിയാണു് യൂടൂബിലൂടെ തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കുന്നതു്. ദേശീയഗാനത്തിന്റെ ഡ്രം ബീറ്റിന്റെ പശ്ചാത്തലത്തില്‍ അവര്‍ ആധികാരികമെന്നോണം തങ്ങളുടെ അറിവില്ലായ്മ തട്ടിമൂളിക്കുന്നു. ജനസംഖ്യാവളര്‍ച്ച നിയന്ത്രിക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയാണു് ഇതിനു പിന്നില്‍ എന്ന ആരോപണവും അവര്‍ മുന്നോട്ടുവയ്ക്കുന്നു. റൂബെല്ല വാക്സിന്‍ പെണ്‍കുട്ടികളെ മച്ചികളാക്കുമത്രേ! ബില്‍ ഗേറ്റ്സിന്റെ ഒരു ടെഡ് പ്രസംഗത്തെ മിസ് ക്വോട്ട് ചെയ്താണു് ഇവര്‍ ഭീതി പരത്തുന്നതു്. ജനസംഖ്യ കുറയുന്നതു പോലും ഏതോ വലിയ പാതകമാണെന്ന മട്ടിലാണു്, കേരളത്തില്‍ മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ ആറുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ പോപ്പുലേഷന്‍ നെഗറ്റീവ് ഗ്രോത്ത് ആണു കാണിക്കുന്നതു് എന്ന വാര്‍ത്ത ഇവര്‍ പങ്കുവയ്ക്കുന്നതു്. നിര്‍ഭാഗ്യവശാല്‍ ഇവരുടെ ഉദ്ദീരണങ്ങള്‍ക്കു തുല്യം ചാര്‍ത്താന്‍ സൈമണ്‍ ബ്രിട്ടോ എന്ന ജീവിക്കുന്ന രക്തസാക്ഷിയുടെ ബൈറ്റുമുണ്ടു്. ക്രൈം സീരിയലുകളില്‍ ഉപയോഗിക്കുന്ന കാതടപ്പിക്കുന്ന പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയില്‍ ഇവര്‍ തങ്ങളുടെ മുറിവിജ്ഞാനം വിളമ്പുന്നതു കാണുന്ന ആരും അന്തം വിടും. അവരോടു് ഒന്നേ പറയാനുള്ളൂ. മണ്ടത്തരം ബ്രിട്ടോ പറഞ്ഞാലും മണ്ടത്തരം തന്നെയാണു്. അതു വിപ്ലവകരമായ മണ്ടത്തരം ആവുന്നില്ല.

വാക്സിനുകളില്‍ മെര്‍ക്കുറി അടങ്ങിയിരിക്കുന്നുവെന്നും അതു കാന്‍സര്‍ പരത്തുന്നുവെന്നുമൊക്കെയാണു് ഇവരുടെ വാദം. അര്‍ദ്ധസത്യം നുണയേക്കാള്‍ അപകടം ചെയ്യുമെന്നു് ഇവരറിയുന്നില്ല. വാക്സിനുകളുടെ മിത്തും യാഥാര്‍ത്ഥ്യവും അറിയാന്‍ ലോകാരോഗ്യസംഘടനയുടെ വെബ്സൈറ്റിലെ ഈ ചോദ്യോത്തരം വായിക്കുക. അതില്‍ ഒന്‍പതാമതായി രസത്തിന്റെ കാര്യം പറയുന്നുണ്ടു്. സെര്‍വിക്കല്‍ കാന്‍സറിനെതിരെ എന്നു പറഞ്ഞു് വാക്സിന്‍ നല്‍കി വിദേശ കമ്പനികള്‍ അര്‍ബുദം പരത്തി ജനസംഖ്യ കുറയ്ക്കുകയാണെന്നാണു് മറ്റൊരു വാദം. ഇവര്‍ മിനിമം ഹെന്‍ട്രിയാറ്റ ലാക്സ് എന്ന കറുത്തവര്‍ഗ്ഗക്കാരിയായ യുവതിയെക്കുറിച്ചു് ഒന്നു വായിക്കാന്‍ മെനക്കെടട്ടെ. സെര്‍വിക്കല്‍ കാന്‍സര്‍ വന്നു മരിക്കാനിടയായ ആ യുവതിയുടെ ശരീരകോശങ്ങളില്‍ നിന്നാണു് ലാബില്‍ ഒരിക്കലും മരിക്കാത്ത ഹീലാ കോശങ്ങളെ വേര്‍തിരിച്ചെടുക്കുന്നതു്. ആ കണ്ടെത്തലാണു് ഇന്നു ലോകത്തു് പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ ആധുനിക ശാസ്ത്രത്തിനു് കരുത്താകുന്നതു്. ഗര്‍ഭാശയ അര്‍ബുദം അവയില്‍ ഒന്നുമാത്രം. ഒരു വാക്സിനേഷനിലൂടെ ഒഴിവാക്കാവുന്ന ഇനം കാന്‍സറാണു് അതെന്നും അറിയുക. (വായനയ്ക്കു്: അനശ്വരതയുടെ കീഴാളകോശങ്ങള്‍ ഭാഗം 1, ഭാഗം 2)

വാക്സിന്‍ നല്‍കിയാല്‍ ഓട്ടിസം വരും എന്ന പ്രചാരണത്തില്‍ കുടുങ്ങി തങ്ങളുടെ കുട്ടികള്‍ക്കു് വാക്സിനേഷന്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നു് 15 വര്‍ഷത്തോളം ഇല്ലാതിരുന്ന മീസില്‍സ് യുഎസിലെ ഡിസ്നിലാന്‍ഡില്‍ വന്‍ പണക്കാര്‍ക്കിടയില്‍ തിരികെ വന്നതിനെക്കുറിച്ചുള്ള ഈ ബിബിസി റിപ്പോര്‍ട്ടും കാണുക.

ഓട്ടിസവും എംഎംആര്‍ വാക്സിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു് പ്രസിദ്ധീകരിച്ച ഏക പ്രബന്ധം ആന്‍ഡ്രൂ വെയ്ക്ഫീല്‍ഡ് എന്ന മുന്‍ ബ്രിട്ടീഷ് സര്‍ജന്‍ തട്ടിക്കൂട്ടിയതാണു്. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഈ പഠനത്തെ കോഓഥര്‍മാര്‍ തന്നെ തള്ളിക്കളഞ്ഞതോടെ ബ്രിട്ടീഷ് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ അന്വേഷണം പ്രഖ്യാപിക്കുകയും തുടര്‍ന്നു് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് പ്രബന്ധം പിന്‍വലിക്കുകയും ചെയ്തു. പ്രബന്ധം പരിപൂ‍ര്‍ണ്ണമായും തട്ടിപ്പായിരുന്നെന്നും ഇതിനുപിന്നില്‍ "elaborate fraud" നടന്നിട്ടുണ്ടെന്നും ലാന്‍സെറ്റ് പ്രസ്താവിച്ചു. ഇവിടെ ക്ലിക് ചെയ്യുക. അനുഭവത്തിന്റെ വെളിച്ചത്തില്‍ മാത്രം വിശ്വസിക്കുന്നവര്‍ക്കായി ചുവടെ ഒരു വീഡിയോ കൂടി നല്‍കുന്നു.

null

ഈ വാക്സിന്‍ വിരോധികള്‍ ചില മാദ്ധ്യമപ്രവര്‍ത്തകരെയും വട്ടമിട്ടു പിടിച്ചിട്ടുണ്ടു്. അത്തരത്തിലൊരാളാണു്, മറുനാടന്‍ മലയാളിയില്‍ അടുത്തകാലത്തു് ജോയിന്‍ ചെയ്ത വി വി ഷാജു എന്ന ലേഖകന്‍. ഒരാഴ്ചയ്ക്കിടയില്‍ രണ്ടു വാക്സിന്‍ വിരുദ്ധ ലേഖനങ്ങളാണു് ഇയാള്‍ ഈ പോര്‍ട്ടലില്‍ പ്ലാന്റ് ചെയ്തതു്. അദ്ദേഹമെഴുതിയ റൂബെല്ല വാക്സിനെതിരായ ലേഖനത്തില്‍ ഷാജുവിന്റെ ഒരു പരാമര്‍ശം, വാക്സിന്‍ ബീജശേഷി കുറയ്ക്കുമെന്നാണു്. ആരുടെ? പെണ്‍കുട്ടികളില്‍ എവിടെയാണു് ബീജോത്പാദനം നടക്കുന്നതു്? വെറുതെ ആരെങ്കിലും തരുന്ന വിവരം കൊള്ളാവുന്ന ഭാഷയില്‍ എഴുതിവയ്ക്കുക എന്നതു മാത്രമാണു് ഒരു റിപ്പോര്‍ട്ടറുടെ ധര്‍മ്മം എന്നു കരുതുന്നവര്‍ ദയവായി ഈ പ്രൊഫഷനിലേക്കു് വരാതെയിരിക്കാനുള്ള കരുണ കാട്ടുക. നാലക്കമുള്ള സംഖ്യ ഉപയോഗിച്ചു് ഹരിക്കാനെങ്കിലും അറിയാവുന്നവരെ മാത്രമേ പത്രപ്രവര്‍ത്തകരായി പരിഗണിക്കൂ എന്നു് ഒരു മാദ്ധ്യമസ്ഥാപനം നിഷ്കര്‍ഷിക്കാത്തിടത്തോളം ഇമ്മാതിരി പാതിവെന്ത അറിവുമായി ശാസ്ത്രത്തെ എതിര്‍ക്കാന്‍ നടക്കുന്ന ഡോണ്‍ ക്വിക്സോട്ടുമാര്‍ നാടുവാഴും.

മറുനാടന്‍ മലയാളി ഇന്നു മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള സ്വതന്ത്ര വാര്‍ത്താ പോര്‍ട്ടലാണു്. അതില്‍ വരുന്ന ഒരു സ്റ്റോറി വിശ്വസിക്കുന്ന ഒട്ടനവധി ആളുകളുണ്ടു്. ഇത്തരം വാര്‍ത്തകള്‍ ഈ മാദ്ധ്യമത്തോടു ചെയ്യുന്നതു് രണ്ടു തരം ദ്രോഹമാണു്. ഒന്നു് ശാസ്ത്രീയബോധമുള്ളവര്‍ക്കിടയില്‍ മറുനാടന്‍ മലയാളിയുടെ വിശ്വാസ്യത ഇടിയാന്‍ ഇത്തരം വാര്‍ത്തകള്‍ കാരണമാകും. ശാസ്ത്രവിഷയങ്ങളില്‍ മാത്രമല്ല, ഇതരവിഷയങ്ങളിലും സ്ഥാപനം ഇത്തരം അയഞ്ഞ രീതിയാണു് സ്വീകരിക്കുക എന്ന തോന്നല്‍ അവര്‍ക്കിടയില്‍ ശക്തമാകും. രണ്ടാമത്തെ ദ്രോഹം, മാദ്ധ്യമത്തെ കണ്ണുംപൂട്ടി വിശ്വസിക്കുന്ന ഒരു വിഭാഗം ഇതില്‍ പറയുന്നതു് ശാസ്ത്രീയ സത്യമാണെന്നു വിശ്വസിക്കുകയും തങ്ങളുടെ കുട്ടികളെ വാക്സിനേറ്റ് ചെയ്യേണ്ടതില്ല എന്നു തീരുമാനിക്കുകയും ചെയ്യും എന്നതാണു്. ഈ തീരുമാനമാകട്ടെ, തങ്ങളുടെ കുട്ടികളെ മാത്രമല്ല, അപകടത്തിലാക്കുക എന്നിവര്‍ ഒരുകാലത്തും തിരിച്ചറിയുകയുമില്ല.

ഇനി വി വി ഷാജു എന്ന, മുമ്പധികം കേട്ടിട്ടില്ലാത്ത ഈ ലേഖകന്‍ മാത്രമാണു് ഇതില്‍ പ്രതി എന്നു വിചാരിക്കേണ്ട. ഒരുകാലത്തു കൊണ്ടാടപ്പെട്ട മുന്‍ കലാകൗമുദി ലേഖകന്‍ വിജു വി നായര്‍ ഇത്തരം പാതിവെന്ത ശാസ്ത്രം എഴുന്നള്ളിക്കുന്നതില്‍ ഉസ്താദാണു്. അടുത്തകാലത്തായി ജീവന്‍ ജോബ് തോമസിന്റെ പല മാതൃഭൂമി ലേഖനങ്ങളിലും ഇതേ അപകടം ആവര്‍ത്തിച്ചു കാണുന്നു. മിനിമം പ്ലസ് ടു തലത്തിലെങ്കിലും ബയോളജി പഠിക്കാത്ത ഒരാളെ ജീവശാസ്ത്രവും ആരോഗ്യശാസ്ത്രവും എഴുതാന്‍ നിയോഗിക്കാതെ ഇരിക്കുക എന്നതു് മാദ്ധ്യമങ്ങള്‍ അടിയന്തിരമായി സ്വീകരിക്കേണ്ട ക്രൈറ്റീരിയ ആണു്.

ചേര്‍ത്തുവായിക്കാന്‍: Sebin A. Jacob's Post

കൊല്ലത്തു് ഒരു കറണ്ടുമോഹനുണ്ടു്. ഉത്തരേന്ത്യയിലും അതേ കഴിവുള്ള ഒരു പയ്യനുണ്ടു്. 11 കെവി ലൈനില്‍ കയറി പിടിക്കുന്നതു് ഇരുവരുടെയും ഹോബിയാണു്. സ്വന്തം ശരീരത്തിലൂടെ മിന്‍സാരം പായിച്ചു് ബള്‍ബ് കത്തിക്കുക, ഓംലെറ്റ് വേവിക്കുക, തേപ്പുപെട്ടി ചൂടാക്കുക തുടങ്ങിയ കലാപരിപാടികളൊക്കെ ഇരുവരും ചെയ്യും. ഇവരെ ചൂണ്ടിക്കാട്ടി, നിങ്ങള്‍ ധൈര്യമായി വൈദ്യുതിക്കമ്പിയില്‍ പിടിച്ചോളൂ, കറണ്ടടിക്കില്ല എന്നു പറഞ്ഞാല്‍ എങ്ങനെയിരിക്കും?

ഇതിന്റെ റിവേഴ്സ് സിറ്റ്വേഷനാണു്, മാദ്ധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന വാക്സിന്‍ വിരുദ്ധ വാര്‍ത്തകള്‍. മാസ് വാക്സിനേഷന്‍ നടത്തുമ്പോള്‍ അതില്‍ അതീവ ന്യൂനപക്ഷത്തിനു് വളരെ ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടു്. പ്രത്യേകിച്ചു് ഓറല്‍ വാക്സിനുകളാണു് ഇങ്ങനെ പ്രശ്നമുണ്ടാക്കാറു്. അതു് വളരെ നിര്‍ഭാഗ്യകരമാണു്. വാസ്തവത്തില്‍ ഒരു മരുന്നു് ഒരു വ്യക്തിക്കു് അലര്‍ജിയുണ്ടാക്കുന്നതാണോ എന്നു പരീക്ഷിച്ചു നോക്കിയ ശേഷം മാത്രം പ്രയോഗിക്കുന്നതുപോലെ ഒരു പക്ഷെ വാക്സിനേഷന്റെ കാര്യത്തിലും ഏതെങ്കിലും വിധം ടെസ്റ്റ് ഡോസ് നല്‍കി പരീക്ഷണം നടത്താന്‍ സാധിക്കുമെങ്കില്‍ നല്ലതായിരുന്നേനെ. എങ്കിലും അത്തരം ഒറ്റതിരിഞ്ഞ സംഭവങ്ങളെ പര്‍വ്വതീകരിച്ചു് വാക്സിനേഷനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ സമൂഹത്തോടു ചെയ്യുന്നതു് വലിയ disservice ആണു്.

വാസ്തവത്തില്‍ ജീവിവര്‍ഗ്ഗങ്ങളുടെ പരിണാമത്തില്‍ വൈറസുകള്‍ വഹിക്കുന്ന പങ്കെന്നു പറയുന്നതു് ഊഹിക്കാവുന്നതിലും വലിയതാണു്.വളരെ ചെറിയ ടൈം ഫ്രെയിമില്‍ ധാരാളം തലമുറകള്‍ ഉണ്ടാവുന്നതുകൊണ്ടാണു് അവയ്ക്കു് വളരെയെളുപ്പം പരിണമിക്കാനും അതിനൊപ്പം ഹോസ്റ്റുകളുടെ പരിണാമത്തെ സ്വാധീനിക്കാനും കഴിയുന്നതു്. അതിനെ മനുഷ്യനെ പോലെ സമര്‍ത്ഥമായി എഞ്ചിനീയര്‍ ചെയ്തു കബളിപ്പിക്കാന്‍ കഴിയുന്ന മറ്റൊരു ജീവിവര്‍ഗ്ഗവുമില്ല.

ലോകമെങ്ങും കറുത്ത മരണം സമ്മാനിച്ചിരുന്ന വസൂരിയെ (small pox) ഗോവസൂരിക്കെതിരെ കന്നുകാലികള്‍ സ്വശരീരത്തില്‍ ഉത്പാദിപ്പിച്ച പ്രതിരോധദ്രവം മനുഷ്യശരീരത്തില്‍ പ്രയോഗിച്ചു് വെല്ലാന്‍ മനുഷ്യന്‍ ആരംഭിച്ചതു് വൈദ്യശാസ്ത്രം ഇന്നത്തെ നിലയിലൊക്കെ വളരുന്നതിനും വളരെ മുമ്പായിരുന്നു. സഞ്ചാരികളായ വണിക്കുകളാണു് ഇന്ത്യയില്‍ നിന്നും ചീനയില്‍ നിന്നുമൊക്കെ വസൂരിയെ യൂറോപ്പിലെത്തിച്ചതു്. വസൂരിക്കെതിരെ വസൂരിവന്നവരുടെ ചലം തന്നെ കുത്തിവച്ചു് പ്രതിരോധം വളര്‍ത്താമെന്ന ചിന്ത ചീനക്കാരുടേതാണു്. ഇംഗ്ലണ്ടില്‍ പശുക്കളെ പരിപാലിക്കുന്ന സ്ത്രീകളെ വസൂരി ബാധിക്കുന്നില്ല എന്ന നിരീക്ഷണത്തില്‍ നിന്നായിരുന്നു, വസൂരിക്കു് സമാനമായ, ഗോക്കളില്‍ വരുന്ന വൈറസ് ബാധയോടു് നാല്‍ക്കാലികള്‍ വളര്‍ത്തിയെടുത്ത പ്രതിരോധം അവരുമായി നിരന്തരം സഹവസിക്കുന്ന മില്‍ക് വിമണ്‍ നേടുന്നു എന്നും ശക്തികുറഞ്ഞ വൈറസ് എന്ന നിലയില്‍ അപകടം കുറവു്, യഥാര്‍ത്ഥ വസൂരിയുടെ ചലത്തെക്കാള്‍ ഗോവസൂരിയുടെ ചലം കുത്തിവയ്ക്കുന്നതാവും എന്നുമുള്ള നിരീക്ഷണം ഉണ്ടാവുന്നതു്. അന്നും വസൂരിക്കെതിരെ വാക്സിന്‍ എടുത്തവരില്‍ ഒരു ചെറുശതമാനം പേര്‍ വസൂരി പിടിപെട്ടു മരിച്ചുപോയ അനുഭവമുണ്ടായിട്ടുണ്ടു്. എന്നാല്‍ ബഹുഭൂരിപക്ഷം പേരും വസൂരിയോടു പ്രതിരോധമുള്ളവരായി. ഒടുവില്‍ സ്മോള്‍ പോക്സ് എന്ന ഈ കൊലയാളി രോഗം തന്നെ അപ്രത്യക്ഷമായി. (വസൂരി പരത്തുന്ന വൈറസിനെ ഒരു പരിചയവുമില്ലാതിരുന്ന റെഡ് ഇന്ത്യന്‍സിനിടയില്‍ പറങ്കികളില്‍ നിന്നു പിടിപെട്ട വസൂരിബാധ വലിയ തോതില്‍ നാശം വിതച്ചതും ചരിത്രം. അമേരിക്കയിലെ നേറ്റീവ് ഇന്ത്യന്‍സിന്റെ വംശീയ ഉന്മൂലനത്തോളം പോന്ന കൂട്ടക്കുരുതിക്കു് തെമ്മാടികളുടെ കയ്യിലെ വെടിമരുന്നിനോളം തന്നെ വസൂരിയും കാരണമായിരുന്നു.)

എന്റെ കുട്ടിക്കാലത്തുപോലും പോളിയോ ബാധിച്ച കുട്ടികളെ ഒറ്റയ്ക്കും തെറ്റയ്ക്കുമൊക്കെ കാണാന്‍ കഴിയുമായിരുന്നു. ഇന്നു് കേരളത്തില്‍ നമ്മുടെ അറിവില്‍ പോളിയോ ബാധിതരെ കാണാന്‍ കിട്ടാത്തതിനു് മാസ് വാക്സിനേഷനു നിര്‍ണ്ണായകമായ പങ്കാണുള്ളതു്. ഡിപ്തീരിയ, ഹെപ്പറ്റൈറ്റിസ് ബി, മെനിഞ്ജൈറ്റിസ് തുടങ്ങി അങ്ങനെ എത്രയെത്ര വൈറസ് ബാധകളെ ഇന്നു നിയന്ത്രിക്കാന്‍ വാക്സിനേഷനിലൂടെ കഴിയുന്നു. എന്നാല്‍ മാസ് വാക്സിനേഷന്‍ വിജയിക്കണമെങ്കില്‍ അതു് യൂണിവേഴ്സലായി അപ്ലൈ ചെയ്യപ്പടണം എന്നതു പ്രധാനമാണു്. ആ കോട്ടയില്‍ വിള്ളല്‍ വീണാല്‍ അതിലൂടെ വൈറസ് പരിണമിച്ചു പുതിയ രൂപങ്ങള്‍ കൈക്കൊള്ളും. നമ്മുടെ പ്രതിരോധവ്യവസ്ഥകളെ അതു തകര്‍ക്കും.

വാസ്തവത്തില്‍ ജീവിവര്‍ഗ്ഗങ്ങളുടെ പരിണാമത്തില്‍ വൈറസുകള്‍ വഹിക്കുന്ന പങ്കെന്നു പറയുന്നതു് ഊഹിക്കാവുന്നതിലും വലിയതാണു്. (Carl Zimmer-ന്റെ A Planet of Viruses എന്ന ചെറുപുസ്തകം വായിക്കുക.) വളരെ ചെറിയ ടൈം ഫ്രെയിമില്‍ ധാരാളം തലമുറകള്‍ ഉണ്ടാവുന്നതുകൊണ്ടാണു് അവയ്ക്കു് വളരെയെളുപ്പം പരിണമിക്കാനും അതിനൊപ്പം ഹോസ്റ്റുകളുടെ പരിണാമത്തെ സ്വാധീനിക്കാനും കഴിയുന്നതു്. അതിനെ മനുഷ്യനെ പോലെ സമര്‍ത്ഥമായി എഞ്ചിനീയര്‍ ചെയ്തു കബളിപ്പിക്കാന്‍ കഴിയുന്ന മറ്റൊരു ജീവിവര്‍ഗ്ഗവുമില്ല. എന്നാല്‍ മനുഷ്യന്‍ തന്നെയാണു് അതിനെ തോല്‍പ്പിക്കുന്നതും എന്നതാണു് ഇതിലെ ഐറണി. മറുനാടന്‍ മലയാളി ജനുവരി 25നു പ്രസിദ്ധീകരിച്ച ബാനര്‍ സ്റ്റോറി വാസ്തവത്തില്‍ കറണ്ടുമോഹനെ കാട്ടി കറണ്ടുകമ്പിയില്‍ പിടിച്ചോളാനുള്ള ആഹ്വാനമാണു്. മനുഷ്യവ്യഥകള്‍ വായന ഏറെ ലഭിക്കുന്ന സ്റ്റോറികളാണു്. എന്നാല്‍ ശാസ്ത്രബോധത്തെ എമ്പാടും നിരാകരിക്കുന്ന യുക്തികള്‍ അതിലേക്കു സന്നിവേശിപ്പിക്കുമ്പോള്‍ നാം നമുക്കു തന്നെയാണു് പാരപണിയുന്നതെന്നു് ഓരോ മാദ്ധ്യമപ്രവര്‍ത്തകനും ഓര്‍മ്മിക്കേണ്ടതുണ്ടു്. സെന്‍സേഷണലാവാം, അല്‍പ്പം ഉത്തരവാദിത്വത്തോടെ.

അടിക്കുറിപ്പു് - ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ എഴുതുന്നു എന്ന പല്ലവി വേണ്ട. സ്ഥാപനമോ വ്യക്തിയോ അല്ല പ്രശ്നം, മനോഭാവമാണു്. ഇതു് സ്ഥാപനവ്യത്യാസമെന്യേ എല്ലാ മലയാള പത്രങ്ങളിലും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ളതരം സ്റ്റോറിയാണു്. മനഃപാഠം പഠിക്കുന്നവരാണു് ഏറ്റവും മിടുക്കര്‍ എന്ന കരുതുന്ന സമൂഹത്തില്‍ ശാസ്ത്രബോധം ഉണ്ടാവാന്‍ ഇച്ചിരെ പാടാണു്. അതിന്റെയാണു്...

വിവി ഷാജുവിന്റെ വാക്സിന്‍ വിരുദ്ധ ലേഖനങ്ങള്‍: ഒന്ന്, രണ്ട്

അനുബന്ധം

  1. ഇത്രയും പറഞ്ഞതു് വാക്സിനുകളുടെ പ്രാധാന്യത്തെക്കുറിച്ചു് ഓര്‍മ്മിപ്പിക്കാനാണു്. അല്ലാതെ ഒരു കുട്ടിയുടെ മരണവും അതുണ്ടാക്കിയ സങ്കടവും ബോധിപ്പിക്കാനല്ല. നമ്മുടെ സിസ്റ്റത്തിലും അതിന്റെ ഘടനയിലും പ്രശ്നങ്ങളുണ്ടാവാം. എന്നാല്‍ സ്ഥാപനവത്കൃതമായ എന്തും തള്ളിക്കളയേണ്ടതാണു് എന്നു കരുതരുതു്. സിസ്റ്റത്തെ തന്നെ തള്ളിക്കളയാന്‍ നമുക്കാവില്ല. അതു് അപകടകരവുമാണു്. ആധുനികവൈദ്യശാസ്ത്രത്തില്‍ പല മോശപ്പെട്ട പ്രവണതകളും ഉണ്ടായിരിക്കാം. ഇവിടെ തന്നെ, പ്രസവത്തിനു കാക്കാതെ സിസേറിയന്‍ നടത്തിയതിനെ കുറിച്ചും മാനുഫാക്ചറിങ് ഡേറ്റോ എക്സ്പയറി ഡേറ്റോ രേഖപ്പെടുത്താതെ വാക്സിന്‍ വിതരണത്തിനെത്തിച്ചതിനെക്കുറിച്ചും ഞാന്‍ എഴുതിയിട്ടുണ്ടു്. എന്നുകരുതി ആരോഗ്യസംരക്ഷണത്തില്‍ ആധുനിക വൈദ്യശാസ്ത്രം കൊണ്ടുണ്ടായ മുന്നേറ്റത്തെ തള്ളിക്കളയാവതല്ല. നിങ്ങളുടെ കുട്ടികളെ സമയാസമയം വാക്സിനേറ്റ് ചെയ്യുക. അവര്‍ക്കു് ആരോഗ്യകരമായ ഒരു ജീവിതം ലഭിക്കട്ടെ. നിങ്ങളും സ്വയം വാക്സിനേറ്റ് ചെയ്യുക. മറ്റുള്ളവരെ വാക്സിനേഷന്‍ എടുക്കാന്‍ പ്രേരിപ്പിക്കുക.
  2. സ്വാമി നിര്‍മലാനന്ദഗിരി മഹാരാജിനെ കുറിച്ചു് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിങ്ങള്‍ക്കുണ്ടായേക്കാം. അദ്ദേഹത്തിനു് വൈദ്യശാസ്ത്ര ബിരുദമില്ലെന്നും വ്യാജ വൈദ്യനാണെന്നും ചില അഭിപ്രായങ്ങള്‍ കേട്ടിരിക്കുന്നു. ബിഎഎംഎസ് പാസായ ശേഷം നാട്ടാര്‍ക്കും വിദേശീയര്‍ക്കുമായി തിരുമ്മും ഉഴിച്ചിലും നടത്തുന്ന ചിലരാണു് ഇത്തരം പ്രചാരണത്തിനു മുന്നില്‍. അദ്ദേഹം പറയുന്നതപ്പാടെ അശാസ്ത്രീയമാണെന്നും ചിലര്‍ പറയുന്നു. അതെക്കുറിച്ചു് എനിക്കറിയില്ല. നിങ്ങള്‍ എങ്ങനെ കരുതിയാലും എനിക്കു് പ്രയാസമില്ല. മറ്റൊരാളെ കുറിച്ചു് മൂന്നാമതൊരാള്‍ പറയുന്നതുകേട്ടു് അഭിപ്രായം രൂപീകരിക്കാതെ നിങ്ങളുടെ യുക്തിക്കനുസൃതമായി വിലയിരുത്തുക. അതു് അനുകൂലമോ പ്രതികൂലമോ ആവുന്നതില്‍ ഞാന്‍ തടസ്സമല്ല. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ സംഭാഷണങ്ങളില്‍ പലതിനോടും വിയോജിപ്പുകള്‍ തോന്നിയിട്ടുണ്ടു്. സ്ത്രീവിരുദ്ധമായ പ്രസ്താവങ്ങള്‍ നടത്തുക, ശകാരിക്കുക, ആദ്യമായി ചെല്ലുന്നവരുടെ രോഗവിവരം പൂര്‍ണ്ണമായി കേള്‍ക്കാന്‍ നില്‍ക്കാതെ മരുന്നുപറഞ്ഞുതുടങ്ങുക, പാലിക്കാന്‍ പ്രയാസമുള്ള നിബന്ധനകളും പഥ്യവും മറ്റും നിര്‍ദ്ദേശിക്കുക തുടങ്ങിയതൊക്കെ അദ്ദേഹത്തിന്റെ രീതികളാണു്. ഇതിനെയൊക്കെ തലമുറകളുടെ സംഘര്‍ഷം എന്നു കാണുവാനാണു് എനിക്കു താത്പര്യം. എന്നാല്‍ ആവര്‍ത്തിച്ചു ചെല്ലുന്നവരുടെ കാര്യത്തില്‍ ഇതിലൊക്കെ മാറ്റമുണ്ടു്. പലരും അദ്ദേഹത്തെ ഒന്നു പരീക്ഷിച്ചുകളയാം എന്ന മട്ടിലാണു് ചെല്ലുന്നതു്. അല്ലാതെ ചികിത്സ വേണം എന്ന മട്ടിലല്ല. ഒരു ലോട്ടറി ടിക്കറ്റ് എടുത്തുനോക്കാം എന്ന മനോഭാവം. ഞങ്ങളെ സംബന്ധിച്ചു് അങ്ങനെ പരീക്ഷിക്കാനൊന്നും ഇല്ലായിരുന്നു. മകള്‍ ജീവിച്ചിരിക്കുന്ന കാലം മെച്ചപ്പെട്ട ലൈഫ് സ്റ്റൈല്‍ പ്രദാനം ചെയ്യുക എന്നതിനപ്പുറത്തു് ഞങ്ങള്‍ക്കു് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതൊക്കെ എങ്ങനെയായിരുന്നാലും അദ്ദേഹം നല്‍കിയ ആയുര്‍വേദ മരുന്നു് എന്റെ കുട്ടിയുടെ കാര്യത്തില്‍ ഉപകാരപ്പെട്ടു. തന്നെയുമല്ല, എന്റെ മകളുടെ മെഡിക്കല്‍ പരിശോധനാഫലങ്ങള്‍ വായിച്ചു് ആധുനിക ഫിസിഷ്യന്മാര്‍ ചെയ്യുന്നതുപോലെ അവ വിശദീകരിച്ചു തരാനും തദനുസാരിയായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടു്. അനുഭവമാണു് വലിയതു് എന്ന സിദ്ധാന്തമല്ല, ഞാന്‍ മുന്നോട്ടുവയ്ക്കുന്നതു്. എനിക്കുണ്ടായ അനുഭവം ഇതാണു് എന്നുമാത്രമേ പറയുന്നുള്ളൂ. എനിക്കു തോന്നുന്നതു് ഒരാളുടെ അഭിപ്രായത്തേയും അദ്ദേഹത്തിനു് ഒരു മേഖലയിലുള്ള അറിവിനെയും വേര്‍തിരിച്ചു കാണാനും മനസ്സിലാക്കാനും കഴിയണമെന്നാണു്. ആയുര്‍വേദത്തില്‍ ഫാര്‍മക്കോളജി ശാഖയില്‍ കാര്യമായ വളര്‍ച്ചയില്ലെന്നതും ആധുനിക രീതിയിലുള്ള പരീക്ഷണങ്ങള്‍ക്കു് തങ്ങളുടെ മരുന്നുകളെ വിധേയമാക്കാന്‍ അവര്‍ തയ്യാറല്ലെന്നതും പ്രസ്താവ്യമാണു്. എന്നാല്‍ ആയുര്‍വേദം ഒരു വൈദ്യശാഖയേയല്ല എന്നെനിക്കു് അഭിപ്രായമില്ല. ഹോമിയോപ്പതി പോലെ അതൊരു വ്യാജശാസ്ത്രമാണെന്നും പറയാനാവില്ല. ഇതൊക്കെ പറയുമ്പോഴും എന്റെയൊരാളുടെ അനുഭവസാക്ഷ്യം വച്ചു് നിര്‍മലാനന്ദഗിരിയേയോ അദ്ദേഹത്തിന്റെ ചികിത്സയേയോ വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ല. അതു് കറണ്ടുമോഹനെ കണ്ടു വൈദ്യുതിക്കമ്പിയില്‍ പിടിക്കുന്ന അതേ ഏര്‍പ്പാടാണു്. യുക്തി എനിക്കും നിങ്ങള്‍ക്കും ഉണ്ടു്. നിങ്ങളുടെ യുക്തി നിങ്ങള്‍ ഉപയോഗിക്കുക.
  • Sebin A. Jacob-ന്റെ Open House ബ്ലോഗിലാണ് ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത്. ലേഖകന്റെ അനുമതിയോടെ ബോധി കോമണ്‍സ് പുന:പ്രസിദ്ധീകരിക്കുന്നു.