ആലപ്പുഴ പരീക്ഷണം : ആശങ്കകളെ വായിക്കുമ്പോള്‍

ചവറുകൊണ്ടുകൊടുത്താല്‍ പുസ്തകം കൊടുക്കുന്ന പദ്ധതി വിഭാവനം ചെയ്യണമെങ്കില്‍ അത്യാവശ്യം ഭാവനകൂടി വേണം. അതിലൊരു ക്രിയേറ്റീവ് റൊമാന്‍സുണ്ട്, റൊമാന്‍സ് ക്രിയേറ്റീവാകുന്നത് അത്യപൂര്‍വ്വവുമാണ്. ഇത്തരമൊരു പദ്ധതിയുമായി തോമസ്‌ ഐസക്ക് മുന്നോട്ടു വരുമ്പോൾ, ഇയാൾ പറിക്കുന്ന ആണികൾ ഒക്കെയും ആവശ്യമില്ലാത്തതായിരിക്കും എന്ന വടിയും കുടയുമായി പോസ്റ്റ്മോഡേണ്‍ യു ജി സി 'ധിഷണ' യുദ്ധം പ്രഖ്യാപിക്കും എന്ന് ഉറപ്പായിരുന്നു. അതുകൊണ്ടാണ് ഫേസ്ബുക്കിൽ അത് കുറിച്ചതും - "ഈ പദ്ധതി പ്ലാസ്റ്റിക് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്യുന്ന മുതലാളിമാര്‍ക്ക് ഇടനിലക്കാരെ ഒഴിവാക്കി ചുരുങ്ങിയ വിലയ്ക്ക് വൃത്തിയുള്ള പ്ലാസ്റ്റിക് എത്തിച്ചുകൊടുക്കുക എന്ന നിയോലിബറല്‍ നയമാണ് തോമസ് ഐസക് നടപ്പിലാക്കുന്നതെന്നും ബാലവേല പ്രോത്സാഹിപ്പിക്കുന്നുവെന്നും കുടുംബശ്രീ പദ്ധതിയെപ്പറ്റി പറഞ്ഞതുപോലെ കുട്ടികളെ ചവറുപെറുക്കികളാക്കുന്നുവെന്നും പണത്തിനുപകരം പുസ്തകങ്ങള്‍ വാങ്ങാനുള്ള കൂപ്പണ്‍ നല്‍കുന്നത് കുട്ടികളെ യൂറോകേന്ദ്രീകൃതശാസ്ത്രത്തിന്റെ അടിമകളാക്കാനാണെന്നും പുസ്തകക്കട നടത്തുന്നത് ഐസക്കിന്റെ നാത്തൂന്റെ വകയിലൊരു ബന്ധുവാണെന്നും ചിത്രത്തില്‍ കാണുന്ന കുപ്പിയില്‍ ഞെക്കിയാല്‍ സി ഐ യെ യുടെ ലിങ്കിലേക്കാണ് പോകുന്നതെന്നും ലിങ്കെന്ന് വച്ചാല്‍ ബന്ധമാണെന്നും ബന്ധമെന്ന് വച്ചാല്‍ ബാന്ധവമാണെന്നും എം എന്‍ വിജയന്‍ - പോസ്റ്റ്മോഡേണ്‍ യു ജി സി 'ധിഷണ' താമസിയാതെ പ്രസ്താവിക്കുന്നതായിരിക്കും!"

പിടിച്ചതിലും വലുത് അളേലുണ്ടെന്ന് കണ്ടത് പിന്നീട് ടി.ടി. ശ്രീകുമാറിന്റെയും, ബി.ആർ.പി ഭാസ്ക്കറിന്റെയും അനിവറിന്റെയുമൊക്കെ പ്രസ്താവനകൾ കണ്ടപ്പോഴാണ്.

അനിവർ അരവിന്ദ് അഴിമുഖത്തിൽ എഴുതിയ "പ്ലാസ്റ്റിക്കും കുട്ടികളും: ആലപ്പുഴ പരീക്ഷണം ഉയര്‍ത്തുന്ന ആശങ്കകള്‍" എന്ന ലേഖനമാണ് ഈ കുറിപ്പിന് ആധാരം.

അനിവറിന്റെ വാദങ്ങള്‍:-

1.“ചര്‍ച്ചകള്‍ വളരെ കാല്‍പനികമാവുകയും എതിര്‍ശബ്ദങ്ങളെ കൂട്ട Ad-hominem ആക്രമണങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തില്‍ ഇത്രയെങ്കിലും പങ്കുവെക്കേണ്ടതുണ്ടെന്ന് തോന്നുന്നു”

അനിവറിന് വസ്തുതകള്‍ വച്ച് സംസാരിക്കാമോ? ടി ടി ശ്രീകുമാറിനെതിരെ നടന്ന വിമര്‍ശനങ്ങളാണ് സൂചിതമെങ്കില്‍. ശ്രീകുമാര്‍ നടത്തിയതാണ് ആദ്യാവസാനം അഡ്‌ഹൊമിനം ആക്രമണം. ഒരു തരത്തിലുള്ള ലോജിക്കല്‍ കോഹിറന്‍സുമില്ലാതെ, തെളിവോ മെറ്റീരിയല്‍ കണ്ടീഷനെക്കുറിച്ചുള്ള അടിസ്ഥാനപരമായ അനാലിസിസോ ഇല്ലാതെ, ദയനീയമായി വിഡ്ഢിത്തം പറയുകയാണ് ടി ടി ശ്രീകുമാര്‍ ചെയ്തത്. അനിവറിനെപ്പോലെയല്ല, ഒരു വിമര്‍ശനം പോലും ശ്രീകുമാര്‍ അര്‍ഹിക്കുന്നില്ല. He was not even wrong, to engage him in a debate. സി പി എം, പ്രത്യേകിച്ച് തോമസ് ഐസക്, പറിക്കുന്ന ആണിയൊക്കെ ആവശ്യമില്ലാത്തതായിരിക്കും എന്നതിനപ്പുറത്ത് ഒരു യുക്തിയും ശ്രീകുമാര്‍ മുന്നോട്ടുവച്ചിട്ടില്ല, ഒരു ചോദ്യത്തിനും അതിന്റെ മെറിറ്റില്‍ അദ്ദേഹം മറുപടിയും പറഞ്ഞിട്ടില്ല. പണിയറിയാവുന്ന തച്ചന്‍ രംഗത്തിറങ്ങുമ്പോള്‍ പ്രദേശത്തെ കയിലുകുത്ത് എക്പര്‍ട്ടിന് തോന്നുന്നതാണ് ഐസക്കിനെതിരെ ശ്രീകുമാറിന് തോന്നുന്നത് എന്ന് ഞാന്‍ പറഞ്ഞാല്‍ അതൊരു അഡ്‌ഹൊമിനം അറ്റാക്കാവുമെന്നതുകൊണ്ട് അങ്ങനെ പറയുന്നില്ല

അടുത്ത കാലത്തൊന്നും ഓണ്‍ലൈന്‍ പോളിറ്റി ഇത്രയും ദയാപൂര്‍വ്വം ഒരാളോട് പെരുമാറുന്നത് ഞാന്‍ കണ്ടിട്ടില്ലെന്നു പറയേണ്ടിവരും. പറയുന്നത് മുഴുവന്‍ ലോജിക്കല്‍ ഫാലസികളായിരുന്നിട്ടും ശ്രീകുമാറിനോട് യുക്തിപൂര്‍വ്വം സംസാരിക്കാനാണ് പൊതുവെ ആളുകള്‍ ശ്രമിച്ചത്. പറഞ്ഞ വിഡ്ഢിത്തത്തിന്റെ ഊക്കുവച്ച് സാധാരണഗതിയില്‍ ഗോക്രിയെ കൈകാര്യം ചെയ്ത പോലെ കൈകാര്യം ചെയ്യപ്പെടാവുന്നയാളായിരുന്നു ശ്രീകുമാര്‍. ഒരു ചിന്തകന്‍ എന്നും എഴുത്തുകാരന്‍ എന്നുമുള്ള അദ്ദേഹത്തിന്റെ ക്രെഡിബിലിറ്റികൊണ്ടായിരിക്കാം, അദ്ദേഹം മാന്യമായാണ് വിമര്‍ശിക്കപ്പെട്ടത്.

പിനെന് കാല്പനികത - “കൊച്ചുകുഞ്ഞുങ്ങളെക്കൊണ്ട്” “കുപ്പപെറുക്കിക്കുന്നതിലെ” റെട്ടറിക്കുകള്‍ ആരുടേതായിരുന്നുവെന്ന് അനിവര്‍ തന്നെ കണ്ടെത്തുന്നതാണ് ഭംഗി. ഞാന്‍ കാല്പനികത പറഞ്ഞത് (" അതിലൊരു ക്രിയേറ്റീവ് റൊമാന്‍സുണ്ട്, റൊമാന്‍സ് ക്രിയേറ്റീവാകുന്നത് അത്യപൂര്‍വ്വവുമാണ് ") അത് കാല്പനികവും കൂടിയാണെന്ന് പറഞ്ഞുകൊണ്ടുതന്നെയാണ്. ചവറുപെറുക്കുന്ന 'സ്വന്തം' കുട്ടികളുടെ ദയനീയമുഖങ്ങളെപ്പറ്റി സ്റ്റ്രോമാൻ പൈങ്കിളി എഴുതിക്കൂട്ടിയവര്‍ക്ക് എഴുതുന്നത് പൈങ്കിളിയാണ് എന്നുപോലുമറിയാമോ എന്ന് സംശയമുണ്ട്.

2.“അപ്പോഴാണ് പഴയ പ്ലാസ്റ്റിക്കിന് വിപണി മൂല്യവുമായി ഒരു പ്രൊജക്റ്റെത്തുന്നത്. കിലോവിന് 20 രൂപയുടെ പുസ്തകക്കൂപ്പണ്‍ ആണു് ഓഫര്‍. അതായത് 4 - 5 കിലോയെങ്കിലും കൊടുത്താലേ നല്ലൊരു പുസ്തകം വായിക്കാന്‍ കിട്ടൂ. എവിടെ നിന്നാണ് ഒരു കുട്ടി ഇത്രയും പ്ലാസ്റ്റിക്കുണ്ടാക്കുക? സ്വാഭാവികമായും പ്ലാസ്റ്റിക് ഉപഭോഗം കൂടും. വീട്ടുകാര്‍ കൂടുതല്‍ പ്ലാസ്റ്റിക് കവറുകളും പ്ലാസ്റ്റിക് കുപ്പികളും കിട്ടുന്നവ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നു തെരഞ്ഞുവാങ്ങും. ഒരു കിലോ പ്ലാസ്റ്റിക് തെകയ്ക്കാന്‍ തന്നെ എന്തു പാടാണ്! “

“പ്ലാസ്റ്റിക്കിന് വിപണി മൂല്യവുമായി ഒരു പ്രോജക്റ്റെത്തുന്നത് “ ഞാന്‍ കണ്ണുതിരുമ്മി നോക്കി. സ്പൂഫാണോ എന്ന്. അല്ലല്ലേ?

പഴയ പ്ലാസ്റ്റിക് കച്ചവടം തോമസ് ഐസക്ക് കണ്ടുപിടിച്ചതല്ല. കേരളത്തിലെമ്പാടും ആക്രിക്കടകളുണ്ട്. അവിടെ ആളുകള്‍, പ്രധാനമായും കുട്ടികള്‍, എനിക്കറിയാവുന്ന കഴിഞ്ഞ പത്തുനാല്പത് കൊല്ലമായിട്ട് കേരളത്തില്‍ കുപ്പയില്‍നിന്ന് ഓര്‍ഗാനിക് വേയ്സ്റ്റുമായി കലര്‍ന്നുകിടക്കുന്ന പ്ലാസ്റ്റിക് ശേഖരിച്ച് വെറും കൈകൊണ്ട് വൃത്തിയാക്കി ആക്രിക്കടകളില്‍ കൊടുക്കുന്ന ദയനീയമായ തൊഴില്‍ നിലവിലുണ്ട്. കിലോക്ക് പതിമൂന്ന് രൂപയാണ് ഇപ്പോള്‍ പഴയ പ്ലാസ്റ്റിക്കിന്റെ വിലയെന്നറിയുന്നു. പ്ലാസ്റ്റിക്കിന്റെ വിപണിമൂല്യ ഐസക്കുണ്ടാക്കിയതല്ല. കിലോക്ക് ഇരുപത് രൂപയുടെ പുസ്തക കൂപ്പണ്‍ എന്ന് പറയുന്നത് ശരാശരി മുപ്പത് ശതമാനം ഡിസ്കൌണ്ട് കഴിച്ചാല്‍ ഈപ്പറഞ്ഞ പതിമൂന്ന് രൂപ തന്നെയാണ്. ഒറ്റ വ്യത്യാസമേയുള്ളൂ, അവര്‍ നമ്മുടെ കുട്ടികളല്ല, ആരുടേയോ കുട്ടികളാണ്!

ഈ പ്ലാസ്റ്റിക് കുപ്പയിലെത്താതെ, വൃത്തികേടാവാതെ, വീട്ടില്‍നിന്നുതന്നെ ശേഖരിച്ച് വീടിനടുത്തുതന്നെയുള്ള (The proximity principle)കളക്ഷന്‍ സെന്ററില്‍ കൊണ്ടുകൊടുത്താല്‍ (Precautionary principle)പുസ്തകം വാങ്ങാനുള്ള കൂപ്പണ്‍ കിട്ടുമെന്നാണ് ഐസക് പറഞ്ഞത്. അത് പുതുതായി ഒരു ഈവിള്‍ ഇന്റു്ട്രൊഡ്യൂഷ് ചെയ്യുന്നില്ല, പകരം നിലവിലുള്ള ഒരു പ്രോസസിലെ മനുഷ്യത്വരഹിതമായ ഭാഗത്തിനെ എലിമിനേയ്റ്റ് ചെയ്യുകയാണ്, പ്ലാസ്റ്റിക് കുപ്പയിലെത്താതെ നോക്കുകയാണ്, ചെയ്യുന്നത്. ആ പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്യാനുള്ളതാണ് (Resource recovery). അതാകട്ടെ ഒറ്റപ്പെട്ട ഒരു ബോധവല്‍ക്കരണപ്രവര്‍ത്തനമല്ല, വേയ്സ്റ്റ് ഹൈറാര്‍ക്കിയുടെ മൂന്ന് സ്റ്റേയ്ജുകളേയും (Reduce, Reuse, Recycle) എഡ്രസ് ചെയ്യുന്ന ഒരു വിപുലമായ പദ്ധതിയുടെ ചെറിയ ഒരു ബോധവല്‍ക്കരണപരിപാടിയാണ്. ഉല്‍പ്പന്നത്തിന്റെ ടോടല്‍ ലൈഫ് സൈക്കിള്‍ കവര്‍ ചെയ്താലേ Product stewardship നടക്കൂ, അതിലെ അവസാനത്തെ കണ്ണിയാണ് ഉപഭോക്താവ്. അതിനെയാണ് ഐസക് ലക്ഷ്യം വക്കുന്നതും. കുട്ടികളെ മാലിന്യത്തിന്റെ ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നു എന്നതിലെ അസംബന്ധം മനസ്സിലാവണമെങ്കില്‍ ഇതൊരു ബഹുമുഖ പദ്ധതിയാണെന്ന വസ്തുത മറച്ചുപിടിക്കണം. അത് ആണിപറിക്കല്‍ ലോജിക്കിന്റെ അഡ്വൊക്കേറ്റുമാര്‍ ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്.

കുട്ടികള്‍ക്ക് ഇരുപതുരൂപ കിട്ടുമെന്ന് പറഞ്ഞാല്‍ കുട്ടികളല്ലാത്തവര്‍ക്ക് കിട്ടില്ലെന്നല്ല അര്‍ത്ഥം, ആ ഇരുപത് രൂപയുടെ സാമ്പത്തിക പ്രലോഭനമല്ല, പകരം അതില്‍ അവര്‍ക്ക് കിട്ടുന്ന അംഗീകാരമാണ് ലക്ഷ്യമിടുന്നത്. എന്റെ ചെറുപ്പത്തിലൊക്കെ (ശ്രീകുമാറും അനിവറും ചെറുപ്പക്കഥ പറയുമ്പോള്‍ ഞാനും ഒരെണ്ണം പറയണ്ടേ!) സ്കൂളിലെ മത്സരങ്ങളില്‍ സമ്മാനമായി കൊടുത്തിരുന്ന സോപ്പുപെട്ടിയായിരുന്നു. കഷ്ടപ്പെട്ട മാസങ്ങള്‍ പ്രാക്ടീസ് ചെയ്ത് വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിരുന്ന ഞങ്ങള്‍ സോപ്പുപെട്ട്ടിക്കായിരുന്നു കഷ്ടപ്പെട്ടിരുന്നതെന്ന് ഇപ്പോഴാണ്മനസ്സിലായത്

3.“എവിടെ നിന്നാണ് ഒരു കുട്ടി ഇത്രയും പ്ലാസ്റ്റിക്കുണ്ടാക്കുക? സ്വാഭാവികമായും പ്ലാസ്റ്റിക് ഉപഭോഗം കൂടും. വീട്ടുകാര്‍ കൂടുതല്‍ പ്ലാസ്റ്റിക് കവറുകളും പ്ലാസ്റ്റിക് കുപ്പികളും കിട്ടുന്നവ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നു തെരഞ്ഞുവാങ്ങും.”

ഇരുപത്തഞ്ച് ഗ്രാമിന്റെ കോളക്കുപ്പി കിട്ടാന്‍ അമ്പതുരൂപയോ മറ്റോ വില വരുന്ന കൊകക്കോള (അല്ലെങ്കില്‍ അതുപോലുള്ള മറ്റേതെങ്കിലും ഉല്‍പ്പന്നം), (20x0.025=Rs0.50) 50 പൈസ കിട്ടാന്‍, ആളുകള്‍ വാങ്ങും എന്ന് അല്ലേ? അമ്പതുരൂപക്ക് അമ്പതുപൈസ ഗംഭീരമായ റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്മെന്റാണ്. ഇനി കൂടുതല്‍ പ്ലാസ്റ്റിക്കുള്ളവ ആളുകള്‍ വാങ്ങുമെന്നത് ശരിയാണെങ്കില്‍ പാക്കിങ്ങ് കോസ്റ്റിന് അപ്പോള്‍ത്തന്നെ ആളുകള്‍ വിലയും കൂടുതല്‍ കൊടുക്കേണ്ടിവരും, പ്ലാസ്റ്റിക് സാധനങ്ങളുടെ ഉല്‍പ്പാദകര്‍ക്ക് വെറുതേ കിട്ടുന്നതല്ല. മനുഷ്യരുടെ കോമണ്‍സെന്‍സിനെ വെറുതേ ചോദ്യം ചെയ്യാതെ. തെര്‍മോഡൈനമിക്സിന്റെ രണ്ടാം നിയമം ഫിസിക്സിന്റെ മാത്രം പരിധിയില്‍ വരുന്നതല്ല!

4.“മാലിന്യം ആത്യന്തികമായി പ്രൊഡ്യൂസര്‍ റെസ്പോണ്‍സിബിലിറ്റിയാണ്; പ്ലാസ്റ്റിക്ക് മാലിന്യവും അതേ. ആ ഉത്തരവാദിത്വം കുട്ടികളിലോട്ടു കൈമാറ്റം ചെയ്യേണ്ടതല്ല. കുട്ടികളെ ബോധവല്‍ക്കരിക്കാം. എന്നാല്‍ പ്ലാസ്റ്റിക്ക് മാലിന്യത്തിനു റിവാര്‍ഡ് ബോറന്‍ പരിപാടിയാണ്. അത് പുസ്തകക്കൂപ്പണ്‍ ആയാലും."

ആരാണ് ഗാര്‍ഹികമാലിന്യത്തിന്റെ പ്രൊഡ്യൂസര്‍ എന്നൊന്ന് പറയാമോ? എന്റെ അറിവില്‍ ഇതേ കുട്ടികളും അവരുടെ അച്ഛനമ്മമാരുമാണ്. ഉല്‍പ്പാദകനല്ല, ഉപഭോക്താവാണ് ആത്യന്തികമായി മാലിന്യമുണ്ടാക്കുന്നത് (കോളയും പെപ്സിയുമല്ല മനുഷ്യര് മുഖ്യമായും വാങ്ങിക്കുന്നത്, അരിയും പലചരക്കുമൊക്കെയാണ്. മാലിന്യം പൂര്‍ണ്ണമായും എക്സ്റ്റെന്‍ഡഡ് പ്രൊഡ്യൂസര്‍ റെസ്പോണ്‍സിബിലിറ്റിയായി ഏല്‍പ്പിച്ചുകൊടുത്താല്‍ ഉല്‍പ്പാദകര്‍ ഉല്‍പ്പന്നത്തിന്റെ വിലയില്‍ അതിന്റെ കോസ്റ്റ്, അതിലും ലാഭവും ചേര്‍ത്ത് ഉപഭോക്താവിനെ കെട്ടിയേല്‍പ്പിക്കുമെന്നേയുള്ളൂ. എ ടി എമ്മില്‍ കാവല്‍ക്കാരെ നിയമിക്കുന്നതിനുള്ള ചെലവ് ബാങ്കുകള്‍ ഇപ്പോള്‍ നമ്മളില്‍നിന്ന് ഈടാക്കുന്നതുപോലെ ). അതൊരു കുറ്റമൊന്നുമല്ല, അതിലൊരു ഉത്തരവാദിത്വമുണ്ടെന്നേയുള്ളൂ. ആ ഉത്തരവാദിത്വം ഏല്‍ക്കുന്നതിലേക്ക് ഒരു ചെറിയ ചുവട്, പ്ലാസ്റ്റിക് കളക്ഷന്‍ സെന്ററില്‍ കൊണ്ടുകൊടുക്കാന്‍, അല്ലേ തോമസ് ഐസക് പറയുന്നത് (Polluter pays principle) പ്ലാസ്റ്റിക്കെടുത്ത് തിന്നാനല്ലല്ലോ? അതിനുള്ള ബോധവല്‍ക്കരണമല്ലേ തോമസ് ഐസക് ചെയ്യുന്നത്? ഇന്‍ഡസ്ട്രിയല്‍ വേയ്സ്റ്റിന്റെ ലോജിക്കെടുത്ത് വീടിനകത്ത് പിടിപ്പിച്ചാല്‍ ഇങ്ങനെയിരിക്കും

ഒന്നാമത് കുട്ടികള്‍ക്ക് നാടുമുഴുവന്‍ നടന്ന് കളക്റ്റ് ചെയ്യാന്‍ പ്ലാസ്റ്റിക് അങ്ങനെ ചുമ്മാ കുപ്പത്തൊട്ടിയില്‍ കിടക്കുന്നൊന്നുമില്ല, ‘കുപ്പപെറുക്കികള്‍’ (അതേന്ന് കുട്ടികള്‍ തന്നെ, പക്ഷേ വല്ലവരുടെയും കുട്ടികള്‍!) അത് അന്നന്ന് കളക്റ്റ് ചെയ്ത് ഇപ്പോള്‍ത്തന്നെ ആക്രിക്കടയിലെത്തിക്കുന്നുണ്ട്. അവര്‍ക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റാത്ത ഒന്നാണ് വീട്ടുപറമ്പിലും വീട്ടിനകത്തുതന്നെയും കൂടിക്കിടക്കുന്ന പ്ലാസ്റ്റിക് വേയ്സ്റ്റ്. അത് ഓര്‍ഗാനിക് വേയ്സ്റ്റുമായി കലരാതിരുന്നാല്‍ വീട്ടിനകത്തിരിക്കുന്നതിലും വലിയ അപകടമൊന്നും കൊണ്ടുകൊടുക്കുന്ന കുട്ടികള്‍ക്ക് ഉണ്ടാകാന്‍ പോകുന്നില്ല. ഇന്‍ഡസ്ട്രിയല്‍ പ്ലാസ്റ്റിക് വേയ്സ്റ്റാണെങ്കില്‍ മിക്കവാറും സെന്‍ട്രലി മാനേയ്ജ്ഡാണ്, ബൈപ്രൊഡക്ടാണ്. വിഭവം കളയരുതെന്ന് അവരെ ആരും പഠിപ്പ്ക്കേണ്ടതില്ല.

കേരളം മുഖ്യമായും ഒരു സേവന-ഉപഭോക്തൃസമൂഹമാണ്. കണ്‍സ്ട്രക്ഷനൊഴിച്ചാല്‍ മാലിന്യമുണ്ടാക്കുന്ന വലിയ ഇന്‍ഡസ്ട്രികളോ കൃഷിയൊഴിച്ചുള്ള പ്രധാന ഉല്‍പ്പാദനമോ ഇല്ലെന്നുതന്നെ പറയാം. പ്ലാസ്റ്റിക് വേയ്സ്റ്റ് എന്നു പറയുന്നത് പ്രധാനമായും ഗാര്‍ഹികമാലിന്യമാണ്. കുപ്പകളില്‍ പ്ലാസ്റ്റിക്കെത്തുന്നത് പ്രധാനമായും വീടുകളില്‍നിന്നാണ്. വീടുകളില്‍ പ്ലാസ്റ്റിക് വീടുകളില്‍നിന്നുതന്നെ നേരിട്ട് റീസൈക്കിളിങ്ങ് പ്രോസസ്സിലേക്ക് പ്രവേശിക്കുമ്പോള്‍ പിന്നെ കുട്ടികള്‍ക്ക് പെറുക്കാന്‍ കുപ്പയിലെവിടെയാണ് പ്ലാസ്റ്റിക്കുണ്ടാവുന്നത്?

ലേബല്‍:- ചേരാതെ പോകുന്ന മാടപ്പിറാവിന്റെ തൂവലുകള്‍