കൊല്‍ക്കത്ത പ്ലീനത്തിന് ഒരു മുഖവുര

2015 ഡിസംബര്‍ 27 മുതല്‍ 31 വരെ കൊല്‍ക്കത്തയില്‍ നടന്ന സി.പി.ഐ. (എം)-ന്റെ സംഘടനാ പ്ലീനത്തിന് മുന്നോടിയായി പാര്‍ടി ജനറല്‍ സെക്രട്ടറി സ: സീതാറാം യെച്ചൂരി എഴുതിയ കുറിപ്പിന്റെ സ്വതന്ത്ര മലയാള തര്‍ജമ. വര്‍ഗീയ-നവലിബറല്‍ കടന്നാക്രമണങ്ങള്‍ കൊണ്ട് സവിശേഷതയാര്‍ജിച്ച സമകാലീന രാഷ്ട്രീയസാഹചര്യങ്ങളില്‍ സംഘടനാ പ്ലീനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളും, ചെറുത്തുനില്പിന്റെ ഭാഗമായി സി.പി.ഐ. (എം)-ന്റെ നേതൃത്വത്തില്‍ ഒരു ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യവും സ: സീതാറാം യെച്ചൂരി ഈ കുറിപ്പിലൂടെ വിശദീകരിക്കുന്നു.
പരിഭാഷ: പ്രതീഷ് പ്രകാശ്

ജനകീയ സമരങ്ങളില്‍ കൂടി മാത്രമേ ഒരു മെച്ചപ്പെട്ട ഇന്ത്യയെ നിര്‍മ്മിക്കുവാനും ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുവാനും സാധ്യമാവുകയുള്ളൂ. ഈ ദ്വിമുഖലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിന് സംഘടനാ ശേഷികള്‍ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷികമാണ്. പാര്‍ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്തിക്കൊണ്ട് ഈ ലക്ഷ്യങ്ങള്‍ ഗതിവേഗത്തോടെ പ്രാപ്തമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാനാണ് ഈ പ്ലീനം സമ്മേളനം സംഘടിപ്പിക്കുന്നത്.

മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് വിപ്ലവതത്വങ്ങളിന്മേലാണ് കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘാടനം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. ജനാധിപത്യ കേന്ദ്രീകരണം, വിമര്‍ശനവും ആത്മവിമര്‍ശനവും, വ്യക്തിഗതമായ ഉത്തരവാദിത്തങ്ങളോട് കൂടിയുള്ള സംഘടിത പ്രവര്‍ത്തനം മുതലായ ആശയങ്ങള്‍ മാര്‍ക്സിസ്റ്റ്-ലെനിനിസത്തിന്റെ ഭാഗമായിട്ടുള്ളവയാണ്. എന്നാല്‍ പാര്‍ടി സംഘടനയ്ക്ക് ജൈവസവിശേഷതകളാണുള്ളത്. ശൂന്യതയില്‍ അതിന് നിലനില്‍പ് അസാധ്യമാണ്. ഈ ഉദ്ദേശം മുന്നില്‍ കണ്ടുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി 'രാഷ്ട്രീയ-സംഘടനാപരമായ' ദൗത്യങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. പാര്‍ടിയുടെ ഘടനയും സ്വഭാവവും വിപ്ലവാശയങ്ങളില്‍ ആണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതെങ്കിലും പാര്‍ടിയുടെ അപ്പോഴത്തെ രാഷ്ട്രീയ നയരേഖ (political tactical line) മുന്നോട്ട് വയ്ക്കുന്ന ഉദ്ദേശലക്ഷ്യങ്ങളുമായിട്ട് പാര്‍ടി സംഘടനാ സംവിധാനം ഏകകാലികമായി നിലകൊള്ളേണ്ടതുണ്ട്.

യു.എസ്.എസ്.ആറിന്റെ തകര്‍ച്ചയ്ക്ക് ശേഷം സാമ്രാജ്യത്വത്തിന് അനുകൂലമായി നിലകൊള്ളുന്ന ആഗോള രാഷ്ട്രീയസാഹചര്യത്തിലാണ് സി.പി.എമ്മിന് ഈ കര്‍ത്തവ്യങ്ങള്‍ നിറവേറ്റേണ്ടത്. ഈ പുതിയ രാഷ്ട്രീയവികാസങ്ങള്‍ എങ്ങനെ ഉടലെടുത്തു എന്നും, അന്താരാഷ്ട്രതലത്തി‌ലു‌ം ഇന്ത്യയ്ക്കകത്തുമുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ ഇവ എങ്ങനെ ബാധിക്കും എന്നും ഉള്ള കാര്യങ്ങളെ സംബന്ധിച്ച് സി.പി.ഐ. (എം)-ന്റെ പതിനാലാം പാര്‍ടി കോണ്‍ഗ്രസില്‍ വച്ച് വിശദമായി പഠിക്കുകയുണ്ടായി. ഈ രാഷ്ട്രീയ വികാസങ്ങള്‍ ഉയര്‍ത്തിയ പ്രക്ഷുബ്ദ്ധതകളില്‍ നിന്ന് പാര്‍ടി പ്രവര്‍ത്തകരെയും അനുഭാവികളിലെ വലിയൊരു വിഭാഗത്തിനെയും സംരക്ഷിച്ചു നിര്‍ത്തുവാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലു‌ം ഈ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് മാര്‍ക്സിസ്റ്റ്-ലെനിനിസത്തിന്റെയും സോഷ്യലിസത്തിന്റെയും മേല്‍ ഉള്ള ജനതാല്പര്യത്തിന്റെ ഭാവി സാധ്യതകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുവാന്‍ സാധിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

ശക്തവും പര്യാപ്തവുമായ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപപ്പെടുത്തിക്കൊണ്ട് വേണം ഈ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ആരംഭം കുറിക്കേണ്ടത്‌. വര്‍ഗ ശക്തികളുടെ പരസ്പരബന്ധത്തില്‍ മാറ്റം കൊണ്ടുവരിക, രണ്ടേ രണ്ടു ബൂര്‍ഷ്വ-ജന്മിത്ത പാര്‍ടികളില്‍ നിന്ന് ഒന്നിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയും അങ്ങനെ നിലവിലെ വ്യവസ്ഥയുടെ ചട്ടക്കൂടില്‍ അവര്‍ ബന്ധനസ്ഥരാവുകയും ചെയ്യുന്ന അവസ്ഥക്ക് അറുതി കാണുക, എന്നീ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള പരിശ്രമം എന്ന നിലയിലാണ് സി.പി.ഐ. (എ‌ം)-ന്റെ പത്താം പാര്‍ടി കോണ്‍ഗ്രസ്സില്‍ ‘ഇടതുപക്ഷ ജനാധിപത്യമുന്നണി’ വിഭാവനം ചെയ്യപ്പെട്ടത്.

രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം നോക്കുമ്പോള്‍ ഇത് സൃഷ്ടിച്ച ആഘാതങ്ങള്‍ കൂടുതല്‍ പ്രത്യക്ഷമായി വരികയാണ്. ഇരുപതാം നൂറ്റാണ്ടിൽ സോഷ്യലിസത്തിന്റെ തകര്‍ച്ചയോട് കൂടി സംഭവിച്ചത്, ആഗോള മുതലാളിത്തത്തിന്റെ അതിഭീമമായ മൂലധനസഞ്ചയവും തത്ഫലമായി ഉയര്‍ന്ന് വന്ന അന്താരാഷ്ട്ര സാമ്പത്തിക മൂലധനത്തിന്റെ (International Finance Capital) നേതൃത്വത്തിലുള്ള ആഗോള നവ-ലിബറല്‍ കടന്നാക്രമണങ്ങളുമാണ്. അനുദിനം ശക്തിപ്പെട്ടുക്കൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രപരവും ഭൗതികപരവുമായ നവ-ലിബറല്‍ കടന്നാക്രമണങ്ങള്‍ ഇന്ത്യന്‍ യുവതയെ ഋണാത്മകമായി ബാധിക്കുക മാത്രമല്ല ചില ഘടനാപരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. സമൂഹത്തിലെ വലിയൊരു വിഭാഗത്തിനെ, പ്രത്യേകിച്ചും യുവജനങ്ങളെ, അരാഷ്ട്രീയവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സാമ്രാജ്യത്വ സാംസ്കാരികതയും മുതലാളിത്ത ഭോഗപരതയും രൂപകല്പനചെയ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വലതുവ്യതിയാനം

ഇന്ത്യ അത് വരെ പിന്തുടര്‍ന്ന് പോന്നിരുന്ന ചേരിചേരാ നിലപാടിനെ പുറംതള്ളിക്കൊണ്ടാണ്, ഇവിടത്തെ അധികാരിവര്‍ഗം, ശീതയുദ്ധത്തിന് ശേഷം നവ-ലിബറല്‍ നയങ്ങളെ ആശ്ലേഷിച്ചു തുടങ്ങിയത്. സാമ്രാജ്യത്വത്തിന്റെയും നവ-ലിബറല്‍ നയങ്ങളുടെയും കയ്യാള്‍പ്പണി നമ്മുടെ അധികാരിവര്‍ഗം ഏറ്റെടുത്തതോട് കൂടി നമ്മുടെ ജനതയുടെ സാമ്രാജ്യവിരുദ്ധബോധം കാലക്രമേണ നഷ്ടമാവുകയും, അവരില്‍ പുരോഗമനാശങ്ങളോടും ചിന്താപദ്ധതികളോടും വിപ്രപത്തി ഉണ്ടായിത്തുടങ്ങുകയും ചെയ്തു.

മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ്./ബി.ജെ.പി. തുടങ്ങിയ വര്‍ഗീയ-ഫാസിസ്റ്റ് സംഘടനകളുടെ വളര്‍ച്ചയ്ക്ക് വളക്കൂറേകുവാന്‍ ഇന്ത്യന്‍ അധികാരിവര്‍ഗത്തിന്റെ വലതുവ്യതിയാനം സഹായകമായി. വര്‍ഗീയ ശക്തികളുടെ വളര്‍ച്ചയും അവരുടെ അധികാരപ്രാപ്തിയും രാജ്യത്താകമാനമുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധശക്തികളെ പ്രോല്‍സാഹിപ്പിക്കുകയുണ്ടായി.

സി.പി.എമ്മിന് അതിന്റെ സ്വതന്ത്ര ശക്തി സമാഹരിക്കുന്നതിനും ഇന്ത്യന്‍ ജനത പ്രതിനിധീകരിക്കുന്ന വിവിധ വര്‍ഗ ശക്തികളെ പുരോഗമന പാതയില്‍ നയിക്കുന്നതിനായിട്ടും ഈ വര്‍ഗീയ പ്രത്യയശാസ്ത്രത്തിനെയും അതിന്റെ കടന്നാക്രമണങ്ങളെയും ചെറുത്തു തോല്പിക്കേണ്ടതായുണ്ട്. എല്ലാ തലങ്ങളിലും - രാഷ്ട്രീയമായും, പ്രത്യയശാസ്ത്രപരമായും, സംഘടനാപരമായും - ഈ ദൗത്യങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. 21-ആം പാര്‍ടി കോണ്‍ഗ്രസ് മുന്നോട്ട് വച്ച പൊളിറ്റിക്കല്‍-ടാക്റ്റിക്കല്‍ ലൈനിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നേടുന്നതിനായിട്ട് വലതുപക്ഷ ഹിന്ദുത്വ സംഘടനകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുവാന്‍ പാര്‍ടി സംഘടനയെ സുസജ്ജമാക്കേണ്ടതുണ്ട്.

പാര്‍ടി സംഘടന സംവിധാനത്തിന്റെ ശക്തിപ്പെടുത്തല്‍

വര്‍ഗീയതയുടെയും നവ-ലിബറലിസത്തിന്റെയും സംയോജിതാക്രമണങ്ങളെ ചെറുക്കുവാനും അതിനെതിരെ ശക്തമായ ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കുവാനും തക്ക ശേഷിയിലേക്ക് നമ്മുടെ പാര്‍ടി സംഘടനാ സംവിധാനത്തെ ഉയര്‍ത്തേണ്ടതുണ്ട്.

സി.പി.എമ്മിനെതിരെ, പശ്ചിമ ബംഗാള്‍ പോലെയുള്ള അതിന്റെ ശക്തിദുര്‍ഗങ്ങളില്‍ പോലും, വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ നടത്തുന്ന ഭീതിയുടെയും ഭീകരതയുടെയും രാഷ്ട്രീയത്തിലൂന്നിയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നത് മറ്റെന്തിനേക്കാളും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഈ രാജ്യത്ത് നിലനില്‍ക്കുന്ന ഇടതുപക്ഷത്തിന്റെ ശക്തിദുര്‍ഗങ്ങളും ഇന്ത്യന്‍ വിപ്ലവ ശക്തികളുടെ താവളങ്ങളും സംരക്ഷിക്കുവാനും പ്രതിരോധിക്കുവാനുമാണ് സി.പി.എമ്മിന്റെ എല്ലാ പാര്‍ടി യൂണിറ്റുകളും, ഈ അവസരത്തില്‍, ശ്രദ്ധ ചെലുത്തേണ്ടത്.

പാര്‍ടിയുടെയോ ബഹുജനസംഘടനകളുടെയോ അംഗസംഖ്യയുടെ വളര്‍ച്ചയില്‍ ഇടിവില്ലെങ്കിലും ,അംഗങ്ങളുടെ പ്രാതിനിധ്യത്തിലുള്ള പൊരുത്തക്കേടുകളും തെരെഞ്ഞെടുപ്പുകളില്‍ പാര്‍ടി നേരിടുന്ന ശക്തിക്ഷയവും സൃഷ്ടിക്കുന്ന നിഷ്ക്രിയത്വത്തിന്റെ പശ്ചാത്തലത്തില്‍, പാര്‍ടി സംഘടനാസംവിധാനം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്ലീനം സമ്മേളിക്കുന്നത്.

xdfdfd

സംഘടനയെ സംബന്ധിച്ചുള്ള സി.പി.ഐ.(എം) നടത്തിയ ഏറ്റവും അവസാനത്തെ പ്ലീനം, പത്താം പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞയുടനെ, 1978 ഡിസംബറില്‍ സാല്‍ക്കിയയില്‍ വച്ചായിരുന്നു. ആ കാലഘട്ടത്തില്‍ സി.പി.ഐ. (എം) രാജ്യത്തെ ഒരു ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് ശക്തിയായി ഉയര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. യു.എസ്.എസ്.ആറിന്റെ നേതൃത്വതില്‍ ഉള്ള സോഷ്യലിസ്റ്റ് സഖ്യം ആഗോള സാമ്രാജ്യത്വത്തെ തുല്യ ശക്തിയോടെ എതിര്‍ത്തുവന്നിരുന്നതും ഇതേ കാലഘട്ടത്തില്‍ തന്നെ ആയിരുന്നു.

സാല്‍ക്കിയ പ്ലീനം നടന്ന സമയത്തെ അപേക്ഷിച്ച് ആഗോളതലത്തില്‍ സോഷ്യലിസ്റ്റ് പ്രതിരോധം തകര്‍ന്നിരിക്കുന്ന കാലഘട്ടത്തിലാണ് ഇന്ന് നാം കൊല്‍ക്കത്തയില്‍ പ്ലീനത്തിന് കൂടുന്നത്. പാര്‍ലമെന്റിന്റെ അകത്തും പുറത്തും പാര്‍ടിയുടെ ശക്തിക്കും സ്വാധീനത്തിനും സംഭവിച്ചിരിക്കുന്ന ഇടിവ് മൂലമുണ്ടായ നിശ്ചലാവസ്ഥയില്‍ ആണ് ഇന്ത്യന്‍ അധികാരിവര്‍ഗം വര്‍ഗിയ-നവലിബറല്‍ കടന്നാക്രമണങ്ങള്‍ക്ക് കോപ്പ് കൂട്ടുന്നത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കേണ്ട വിധം

പാര്‍ടി സ്വതന്ത്ര ശക്തിയാര്‍ജിക്കുന്നതിന്റെ ഒപ്പം തന്നെ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുവാനും വികസിപ്പിക്കുവാനും ഉള്ള ശ്രമങ്ങള്‍ പാര്‍ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്. തത്ഫലമായുണ്ടാകുന്ന ഇടതുപക്ഷ ഐക്യമായിരിക്കണം ഇടതുപക്ഷത്തെയും ജനാധിപത്യ ശക്തികളെയും ഒന്നിപ്പിച്ചു മുന്നോട്ട് കൊണ്ടുപോകേണ്ടത്.

ഇടതുപക്ഷ-ജനാധിപത്യ മുന്നണിയുടെ രൂപീകരണം തൊഴിലാളി വര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള ജനകീയ ജനാധിപത്യ മുന്നണിയുടെ നിര്‍മ്മിതിയിലെ മുന്നൊരുക്കങ്ങളില്‍ നിര്‍ണായകമാണ്. ഈ വര്‍ഗ മുന്നണി ആയിരിക്കും നമ്മുടെ രാജ്യത്ത് ജനകീയ ജനാധിപത്യ വിപ്ലവം വിജയകരമായി നടപ്പിലാക്കുന്ന ശക്തി.

ശക്തവും പര്യാപ്തവുമായ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപപ്പെടുത്തിക്കൊണ്ട് വേണം ഈ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ആരംഭം കുറിക്കേണ്ടത്‌. വര്‍ഗ ശക്തികളുടെ പരസ്പരബന്ധത്തില്‍ മാറ്റം കൊണ്ടുവരിക, രണ്ടേ രണ്ടു ബൂര്‍ഷ്വ-ജന്മിത്ത പാര്‍ടികളില്‍ നിന്ന് ഒന്നിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയും അങ്ങനെ നിലവിലെ വ്യവസ്ഥയുടെ ചട്ടക്കൂടില്‍ അവര്‍ ബന്ധനസ്ഥരാവുകയും ചെയ്യുന്ന അവസ്ഥക്ക് അറുതി കാണുക, എന്നീ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള പരിശ്രമം എന്ന നിലയിലാണ് സി.പി.ഐ. (എ‌ം)-ന്റെ പത്താം പാര്‍ടി കോണ്‍ഗ്രസ്സില്‍ ‘ഇടതുപക്ഷ ജനാധിപത്യമുന്നണി’ വിഭാവനം ചെയ്യപ്പെട്ടത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഒരു തെരഞ്ഞെടുപ്പു സഖ്യമായല്ല ധരിക്കേണ്ടത്, പിന്തിരിപ്പൻ ഭരണവര്‍ഗങ്ങളെ ഒറ്റപ്പെടുത്തിക്കൊണ്ട് സാമ്പത്തികവും രാഷ്ട്രീയവുമായ മാറ്റത്തിനായുള്ള സഹകരണമായി വേണം അതിനെ വീക്ഷിക്കുവാൻ. ഇത്തരം ഒരു ഇടതു ജനാധിപത്യ ഐക്യത്തിന്റെ രൂപീകരണം, അഭൂതപൂർവമായ സംഘടനാശക്തിയും എല്ലാ തുറയിലുമുള്ള തൊഴിലാളി സമൂഹങ്ങളുടെ പോരാട്ടവും ആവശ്യപ്പെടുന്നുണ്ട്. പാര്‍ടിയുടെ ശക്തിയിലുള്ള ബൃഹത്തായ വളര്‍ച്ചയും ഇതോടൊപ്പം ആവശ്യകമാണ്. ജനങ്ങളുമായി പാര്‍ടിക്കുള്ള ബന്ധം തീവ്രമാക്കുന്നതിലൂടെ, അതായത് ബഹുജന നയം (Mass Line) പ്രയോഗത്തിൽ വരുത്തുന്നതിലൂടെ, ഇത് സാധ്യമാവും - മത്സ്യം ജലത്തിലേയ്ക്കെന്ന പോലെ കമ്മ്യൂണിസ്റ്റുകള്‍ ജനങ്ങളുടെ ഇടയിലേക്ക്.

സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇന്ത്യന്‍ ജനതയുടെ പ്രക്ഷോഭത്തിലും അതിനെ തുടര്‍ന്നുള്ള മറ്റ് സമരങ്ങളിലും ഉള്ള കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ പങ്കാളിത്തത്തെ സംബന്ധിച്ചുള്ള നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമാണ്‌. പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ എല്ലാ വ്യതിചലനങ്ങളെയും എതിര്‍ത്തു തോല്പിച്ചുകൊണ്ട് സി പി ഐ (എം) ഇന്ത്യയിലെ ഏറ്റവും പ്രബലമായ കമ്മ്യൂണിസ്റ്റ് ശക്തിയായിട്ടുയര്‍ന്നു വന്നത് നമ്മുടെ സഖാക്കളുടെയും അനേകമനേകം ധീരരക്തസാക്ഷികളുടെയും ത്യാഗനിര്‍ഭരതയുടെയും കൂടി പിന്‍ബലത്തിലാണ്. അധികാരിവര്‍ഗത്തിന്റെ ചൂഷണങ്ങള്‍ക്കെതിരെ ചൂഷിത വര്‍ഗത്തില്‍ പെടുന്ന ജന വിഭാഗങ്ങള്‍ പ്രക്ഷോഭം തുടങ്ങി വയ്ക്കുക എന്നതല്ലാതെ സാമൂഹിക മാറ്റത്തിന് മറ്റൊരു വഴി സാധ്യമല്ല. ജനങ്ങളാണ് ചരിത്രനിര്‍മ്മിതി നടത്തുന്നത്. വിപ്ലവചരിത്രങ്ങളും ഇതിനൊരപവാദമായി നിലകൊള്ളുന്നില്ല.

നമ്മുടെ സ്വതന്ത്ര ശക്തിയിലുള്ള ഈ വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍, ഇരുപത്തിയൊന്നാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ നയരേഖ സംഘടിത മുന്നണി (United Front) തന്ത്രത്തിന്റെ പ്രാധാന്യത്തെ അടിവര ഇടുന്നുണ്ട്. സംഘടിത മുന്നണി എന്ന വിപ്ലവതന്ത്രം ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും പ്രമാണങ്ങളെ എകീകരിക്കുന്നതില്‍ ഊന്നല്‍ നല്കുന്നു. അതായത്, ഭരണവര്‍ഗത്തിലെ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളെ ഉപയോഗിക്കുകയും, സത്വരമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ചിലരുമായി ഐക്യത്തില്‍ ഏര്‍പ്പെടുകയും, അതേസമയം, ഇവരുടെ ജനവിരുദ്ധവും തൊഴിലാളിവര്‍ഗ വിരുദ്ധവുമായ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുക. ബൂര്‍ഷ്വാ പാര്‍ടികളുടെ സ്വാധീനതയിലുള്ള ബഹുജനങ്ങളെ നമ്മിലേക്ക് എത്തിക്കുകയും, അങ്ങനെ വര്‍ഗ സമരത്തെ മുൻപോട്ടു നയിക്കുകയും ചെയ്യുക എന്നതാണ് സംഘടിത മുന്നണി തന്ത്രത്തിലൂടെ നാം കൈവരിക്കേണ്ട ലക്ഷ്യം. സ്വതന്ത്രമായ വര്‍ഗ ബഹുജന മുന്നേറ്റങ്ങള്‍ തീവ്രമാക്കുക ,അതോടൊപ്പം ബൂര്‍ഷ്വാ പാര്‍ടികളുടെ അന്തര്‍സംഘര്‍ഷങ്ങളെ ഉപയോഗപ്പെടുത്തുക, എന്നിവയാണ് സംഘടിത മുന്നണി തന്ത്രം നടപ്പിലാക്കുന്നതിലെ രണ്ട് വീക്ഷണങ്ങൾ.

അതെ സമയം, ഇരുപത്തിയൊന്നാം പാര്‍ടി കോണ്‍ഗ്രസ് രാഷ്ട്രീയനയരേഖ, രാഷ്ട്രീയ സാഹചര്യങ്ങളിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ നേരിടുന്നതിനായി സി.പി.ഐ. (എ‌ം) ബഹുമുഖ തന്ത്രങ്ങള്‍ ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകത അടിവരയിടുന്നുണ്ട്. അതിനപ്പുറം, ഈ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിനായി രൂപപ്പെടുത്തണം. പാര്‍ടി സംഘടന ഈ കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പര്യാപ്തമാവണം.

പതിനാലാം പാര്‍ടി കോണ്‍ഗ്രസ് മുതല്‍ സി.പി.ഐ. (എ‌ം) ഇടവിടാതെ ഊന്നല്‍ നല്കുന്ന ലെനിനിസ്റ്റ് പ്രമാണമാണ് "മൂര്‍ത്തമായ അവസ്ഥകളുടെ മൂര്‍ത്തമായ അപഗ്രഥനമാണ് വൈരുദ്ധ്യാത്മകതയുടെ ജീവസത്ത" എന്നത്. ഇന്നത്തെ ഇന്ത്യന്‍ വ്യവസ്ഥയി‌ല്‍, പതിനാലാം കോണ്‍ഗ്രസ് മുതലുള്ള രണ്ടു ദശാബ്ദങ്ങളില്‍ വന്നിരിക്കുന്ന മൂര്‍ത്തമായ മാറ്റങ്ങള്‍ നിരീക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. അതേ തുടര്‍ന്ന്, ഇന്ത്യന്‍ കാര്‍ഷികവൃത്തിയില്‍ നവ ലിബറല്‍ നയങ്ങളുടെ സ്വാധീനം, തൊഴിലാളി വര്‍ഗത്തില്‍ വരുത്തപ്പെട്ട മാറ്റങ്ങള്‍, മധ്യവര്‍ഗത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ എന്നിവ പഠിക്കാന്‍ കേന്ദ്ര കമ്മിറ്റി മൂന്നു പഠനഗ്രൂപ്പുകൾ രൂപീകരിച്ചു. ആ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, നമ്മുടെ മുദ്രാവാക്യങ്ങള്‍, വേണ്ട സംഘടനാ നടപടികള്‍, എന്നിവ ഇരുപത്തിയൊന്നാം കോണ്‍ഗ്രസിലും കേന്ദ്ര കമ്മിറ്റിയിലും ചര്‍ച്ച ചെയ്യുകയും ചില തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. ഇതിനു വേണ്ട സംഘടനാനടപടികള്‍ ഈ പ്ലീനത്തില്‍ കൈക്കൊള്ളേണ്ടതുണ്ട് .

വര്‍ഗീയത ഉയര്‍ത്തുന്ന വെല്ലുവിളികളെ ചെറുത്തു തോല്പിക്കുക

വര്‍ഗീയതയുടെ ഇപ്പോഴത്തെ കടന്നാക്രമണങ്ങള്‍ അതിന്റെ എല്ലാ മാനങ്ങളിലും - രാഷ്ട്രീയവും, പ്രത്യയശാസ്ത്രപരവും, സാമൂഹികവും, സാംസ്കാരികവും വിദ്യാഭ്യാസപരവും - ചെറുക്കപ്പെടേണ്ടതാണ്. ഈ വെല്ലുവിളികളെ നേരിടുവാന്‍ നമ്മുടെ സംഘടനാ ശേഷിയുടെ ബൃഹത്തായ വളര്‍ച്ച ആവശ്യമാണ്. ജനപ്രിയ ശൈലികളില്‍ പ്രത്യയശാസ്ത്ര-രാഷ്ട്രീയ ആശയ പ്രചരണങ്ങള്‍ വലിയ തോതില്‍ നടത്തേണ്ടതായിട്ടുണ്ട്. വര്‍ഗീയ ശക്തികള്‍ക്കെതിരായ പ്രത്യയശാസ്ത്രയുദ്ധത്തില്‍ ഒരു വലിയ വിഭാഗം ബുദ്ധിജീവികളെയും, ചരിത്രകാരെയും, വിദ്യാഭ്യാസവിചക്ഷണരെയും, സാംസ്കാരിക പ്രവര്‍ത്തകരെയും മുന്നില്‍ അണിനിരത്തേണ്ടതുണ്ട്. ഈ ദൗത്യങ്ങള്‍ നിറവേറ്റുന്നതിനും വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനുമായി നമ്മളേവരും പാര്‍ടി സംഘടനയെ പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും ശക്തിപ്പെടുത്തേണ്ടതുണ്ട്.

സി.പി.ഐ. (എം)-ന്റെ ബദല്‍ വീക്ഷണം

നമ്മുടെ രാജ്യത്തിന്റെ വിഭവങ്ങള്‍ - അത് ഭൗതിക സമ്പത്ത് ആയാലും മനുഷ്യവിഭവശേഷി ആയാലും - ഒരു മെച്ചപ്പെട്ട ഇന്ത്യ നിര്‍മ്മിക്കുന്നതിനായിട്ടും, ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനായിട്ടും ബദല്‍ നയരൂപീകരണങ്ങളിലൂടെ ഉപയോഗപ്പെടുത്തണമെന്നാണ് സി.പി.ഐ. (എം)-ന്റെ നിലപാട്. ഇന്നത്തെ സാഹചര്യത്തില്‍ സ്വന്തം കീശ വീര്‍പ്പിക്കുവാനും, സമൂഹത്തില്‍ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുവാനും അന്താരാഷ്ട്ര സാമ്പത്തിക മൂലധനത്തിന് തങ്ങളുടെ ലാഭം പരമാവധിയാക്കുവാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുവാനുമാണ് ഈ വിഭവങ്ങളെ ഇന്ത്യന്‍ അധികാരിവര്‍ഗം ഉപയോഗപ്പെടുത്തുന്നത്. ഈ വീക്ഷണം യാഥാര്‍ത്ഥ്യമാക്കുന്നതിന് നമ്മുടെ സംഘടനാ ശക്തി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.

ഈ ഹിമാലയന്‍ ദൗത്യം സി.പി.ഐ. (എം)-ന് മാത്രമേ ഏറ്റെടുക്കുവാന്‍ സാധിക്കുകയുള്ളൂ. പാര്‍ടി സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്തിക്കൊണ്ടും എണ്ണയിട്ട യന്ത്രത്തെപ്പോലെ പ്രവര്‍ത്തിപ്പിച്ചുകൊണ്ടും മാത്രമേ ഈ ദൗത്യത്തിനായി പാര്‍ടിയെ ഉയര്‍ത്തികൊണ്ടുവരാന്‍ സാധ്യമാവുകയുള്ളൂ. ബി.ജെ.പി.-യുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ കേന്ദ്ര ഗവണ്‍മെന്റ്, സാമ്രാജ്യത്വത്തിന്റെയും ആഗോള സാമ്പത്തിക മൂലധനത്തിന്റെയും താല്പര്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന നയരൂപീകരണങ്ങളുടെ ദിശയെ നവ-ലിബറല്‍ പരിഷ്കാരങ്ങളും വര്‍ഗീയവല്‍ക്കരണവും നിര്‍ണയിക്കുമ്പോള്‍ പാര്‍ടി സംഘടനാ സംവിധാനത്തെ മെച്ചപ്പെടുത്തുക എന്ന ദൗത്യത്തിന്റെ പ്രാധാന്യം ഏറി വരുന്നു.

ഈ സാഹചര്യത്തില്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇന്ത്യന്‍ ജനതയുടെ പ്രക്ഷോഭത്തിലും അതിനെ തുടര്‍ന്നുള്ള മറ്റ് സമരങ്ങളിലും ഉള്ള കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ പങ്കാളിത്തത്തെ സംബന്ധിച്ചുള്ള നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമാണ്‌. പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ എല്ലാ വ്യതിചലനങ്ങളെയും എതിര്‍ത്തു തോല്പിച്ചുകൊണ്ട് സി പി ഐ (എം) ഇന്ത്യയിലെ ഏറ്റവും പ്രബലമായ കമ്മ്യൂണിസ്റ്റ് ശക്തിയായിട്ടുയര്‍ന്നു വന്നത് നമ്മുടെ സഖാക്കളുടെയും അനേകമനേകം ധീരരക്തസാക്ഷികളുടെയും ത്യാഗനിര്‍ഭരതയുടെയും കൂടി പിന്‍ബലത്തിലാണ്. അധികാരിവര്‍ഗത്തിന്റെ ചൂഷണങ്ങള്‍ക്കെതിരെ ചൂഷിത വര്‍ഗത്തില്‍ പെടുന്ന ജന വിഭാഗങ്ങള്‍ പ്രക്ഷോഭം തുടങ്ങി വയ്ക്കുക എന്നതല്ലാതെ സാമൂഹിക മാറ്റത്തിന് മറ്റൊരു വഴി സാധ്യമല്ല. ജനങ്ങളാണ് ചരിത്രനിര്‍മ്മിതി നടത്തുന്നത്. വിപ്ലവചരിത്രങ്ങളും ഇതിനൊരപവാദമായി നിലകൊള്ളുന്നില്ല. ജനങ്ങളുടെ പുരോഗമനപാതയിലൂടെയുള്ള ഈ കുതിച്ചുകയറ്റത്തിന് സി.പി.ഐ. (എം)-നെപ്പോലെയുള്ള ഒരു വിപ്ലവകക്ഷി നേതൃസ്ഥാനമാണ് വഹിക്കുന്നത്. കൊല്‍ക്കത്ത പ്ലീനത്തില്‍ ചരിത്രപരമായ ഈ ഉത്തരവാദിത്തം നിറവേറ്റുവാന്‍ ഉള്ള നമ്മുടെ കര്‍മ്മസന്നദ്ധത നമുക്ക് കൂടുതല്‍ ദൃഢപ്പെടുത്താം.

- സഖാവ് സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി, കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്).