ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീ കുമ്മനം രാജശേഖരനുള്ള തുറന്ന കത്ത്; കേരളത്തെ അടുത്ത ഗുജറാത്താക്കി മാറ്റൻ ഞങ്ങൾ അനുവദിക്കില്ല

"വഴിമുട്ടിയ കേരളം, വഴികാട്ടാൻ ബി.ജെ.പി".
ഇതാണ് നിങ്ങൾ അധ്യക്ഷത വഹിക്കുന്ന പാർടിയുടെ ഈ തിരഞ്ഞെടുപ്പിലെ മുദ്രാവാക്യം.

ഞാനും ഇത് വായിക്കുന്നവരിൽ ഭൂരിപക്ഷവും തികച്ചും സാധാരണക്കാരായ കേരളീയരാണ്. ഇവിടെ ജനിച്ചതിന്റെയന്നുമുതൽ തുടങ്ങിയ ഈ യാത്രയിൽ എന്നും മലയാളി എന്ന് അഭിമാനിക്കുന്ന കേരളീയർ. ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക്‌ അടിയുറച്ച വേരോട്ടമുള്ള സംസ്ഥാനം, ബി.ജെ.പിയ്ക്ക് ഇന്നുവരെ ഒരു എം.എല്‍.എയോ എം.പിയെയോ കൊടുക്കാത്ത സംസ്ഥാനത്തിലെ ജനങ്ങൾ. ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാർക്ക് മുന്നിൽ നാണംകെട്ട്, ലജ്ജിച്ച്, അപമാനിതരായി, തലകുനിച്ച്... 'അയ്യോ ഞങ്ങൾക്ക് വഴിമുട്ടി, തമ്പുരാന്മാർ രക്ഷിക്കണം' എന്ന് മുട്ടിൽ നിന്ന് അപേക്ഷിക്കുകയാണ് കേരളം എന്നാണ് തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളിലൂടെ നിങ്ങൾ പറയുന്നത്. ഗുജറാത്തിനെയും രാജസ്ഥാനെയുമൊക്കെ കൈപിടിച്ച് നടത്തിയ വികസനത്തിന്റെ അപ്പോസ്തലന്മാർ അവരുടെ തന്ത്രങ്ങളുമായി ഇവിടെ വരാനൊരുങ്ങുകയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്, വഴിമുട്ടിയ ഞങ്ങൾക്ക് വഴികാട്ടുവാൻ. ഞങ്ങളെ 'സേവ്' ചെയ്യുവാൻ. അത്രയ്ക്ക് ഗതികെട്ട് പോയി കേരളം എന്ന് താങ്കൾക്കും തോന്നുന്നുണ്ടോ?

രാഷ്ട്രീയമാകാം, പ്രചരണമാകാം, അതിനു തന്ത്രങ്ങൾ ഉപയോഗിക്കാം. പക്ഷെ പണ്ട് മദ്രാസികൾ എന്ന് വിളിച്ച് നമ്മളെ അധിക്ഷേപിച്ച അതേ വടക്കേ ഇന്ത്യൻ മേലാളന്മാരും ചില വിദേശ പി.ആർ. കമ്പനികളും നേതൃത്വം കൊടുക്കുന്ന ഈ 'അപമാന ക്യാംപൈൻ' പ്രതിഷേധാർഹമാണ്. ഞങ്ങൾ അങ്ങനെ ഒരിടത്തും വഴിമുട്ടി എത്തുംപിടിയും ഇല്ലാതെ നിൽക്കുകയുമല്ല.

കേരളത്തെ ഗുജറാത്ത് ആക്കുമെന്നൊക്കെ ശ്രീശാന്തിന്റെ ഒരു കമന്റ് ഉണ്ടായിരുന്നെങ്കിലും, ഈ ക്യാംപെയ്നു പിന്നിൽ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനു വലിയ പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവർക്കെങ്ങനെ പറയാനുള്ള ബുദ്ധിയില്ല എന്നത് മാത്രം കൊണ്ടല്ല, മറിച്ച്, അവരും ഈ നാടിന്റെ ഗുണഗണങ്ങൾ അനുഭവിക്കുന്നവരാണ് എന്നുള്ളതുകൊണ്ട്. ഇത് കേന്ദ്രത്തിലിരിക്കുന്ന ബി.ജെ.പി - ആർ.എസ്.എസ് ദൈവങ്ങളുടെ തന്ത്രമാണെന്ന് വിശ്വസിക്കുവാനാണ് എനിക്കിഷ്ടം. അങ്ങനെയായിരിക്കട്ടെ.

ഇനി അവർക്കും പറയാം, വിമർശിക്കാം, ഉപദേശിക്കാം. പക്ഷെ അതിനുള്ള അർഹത ഉണ്ടോയെന്നും ഇനി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് പരിഹരിക്കുവാനുള്ള ശേഷി തങ്ങൾക്കുണ്ടോയെന്നും ഒരു സ്വയം പരിശോധന നടത്തുന്നത് അഭികാമ്യമാണ്. ആ പരിശോധനയിൽ മനസ്സിലാകും യഥാർത്ഥത്തിൽ വഴിമുട്ടി നിൽക്കുന്നത് ആർക്കാണെന്ന്.

xdfdfd
കടപ്പാട്: പ്രൊജക്റ്റ് കേരള

പ്രീയപ്പെട്ട വികസന വിദഗ്ദ്ധരെ, കേരളത്തെയും നിങ്ങൾ (ബി.ജെ.പി) ഭരിക്കുന്ന ഗുജറാത്ത് രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളെയും എന്നെങ്കിലും ഒന്ന് താരതമ്യം ചെയ്തു നോക്കിയിട്ടുണ്ടോ? മനുഷ്യ ജീവിതത്തിന്റെ നിലവാരം അളക്കുന്ന 'ഹ്യൂമൻ ഡിവലപ്മെന്റ്റ് ഇണ്ടക്സ് ' എന്നൊരു സൂചികയുണ്ട്. യുണൈറ്റഡ് നേഷൻസ് ആണ് അത് തീരുമാനിക്കുന്നത്. വികസനം അളക്കേണ്ടത് പണത്തിന്റെ മാനദണ്ഡം വച്ചുമാത്രമാണ് എന്ന് വിശ്വസിക്കുന്ന നിങ്ങൾ അത് കേട്ടിട്ടുണ്ടോ എന്നറിയില്ല. പക്ഷെ മലയാളികൾക്ക് അതൊരു വലിയ സംഭവമാണ്. ആ സൂചികയിൽ ഒന്നാമതു നിൽക്കുന്ന സംസ്ഥാനമാകട്ടെ, അത് കേരളമാണ്. ഗുജറാത്തുണ്ടല്ലോ, മോഡിയുടെ വികസന മന്ത്രം ആദ്യം ഉയർന്ന ഗുജറാത്ത്, നിങ്ങൾ മോഡിനോമിക്സ് പ്രയോഗിച്ച ആ ഗുജറാത്ത്, അത് പതിനൊന്നാം സ്ഥാനത്താണ്. ഇനി മറ്റൊരു അഭിമാനസ്തംഭമായി നിങ്ങൾ ഉയർത്തുന്ന രാജസ്ഥാൻ ഉണ്ടല്ലോ അത് 15 ലോ 17 ലോ ആണ്.

സ്വന്തമായി വീട് ഉണ്ടാവുക എന്നത് ഏതു മനുഷ്യന്റെയും ആത്മാഭിമാനത്തിന്റെ ഭാഗമാണ്. ഇവിടെ കേരളത്തിൽ 99.06% പേർക്കും സ്വന്തമായി വീടുള്ളപ്പോൾ മോഡിജിയുടെ ഗുജറാത്തിൽ അത് 91% പേർക്ക് മാത്രമാണ്. രാജസ്ഥാനിൽ 20% ത്തിന് ഇനിയും സ്വന്തമായി വീട് ലഭിക്കേണ്ടതുണ്ട്. നിങ്ങൾ അറിയുന്നുണ്ടോ എന്നറിയില്ല, പക്ഷെ അവിടൊക്കെ കാര്യം വലിയ കഷ്ടമാണ്.

xdfdfd
കടപ്പാട്: പ്രൊജക്റ്റ് കേരള

മോഡിജി അധികാരമേറ്റപ്പോൾ നിർമൽ ഭാരത് അഭിയാന് പുതിയ പേര് കൊടുത്ത് സ്വച് ഭാരത് കൊണ്ടുവന്നല്ലോ. നല്ലത് തന്നെ. സത്യത്തിൽ പഴയതിനേക്കാൾ മികച്ചരീതിയിൽ അത് പ്രവർത്തിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നു. ഒന്നുമില്ലെങ്കിലും വൃത്തി, വൃത്തി എന്ന് ഇടയ്ക്കിടെ പരസ്യത്തിലെങ്കിലും കേൾക്കുന്നത് ഒരു മൈൻഡ് സെറ്റ് സൃഷ്ടിക്കുവാൻ നല്ലതാണ്. അതിന്റെ ഒരു അടിസ്ഥാന ലക്ഷ്യം ഞാൻ മനസ്സിലാക്കുന്നത് ശരിയെങ്കിൽ എല്ലാ വീടുകളിലും കക്കൂസുകൾ ഉണ്ടാവുക എന്നതാണ്. ആ കണക്കു നിങ്ങൾ നോക്കിയിട്ടുണ്ടോ. കേരളത്തിൽ 96% വീടുകളിലും സ്വന്തമായി കക്കൂസുകൾ ഉണ്ട്. ഈ കണക്കിൽ ഇന്ത്യയിൽ ഒന്നാമതാണ് നമ്മുടെ കേരളം. എന്നാൽ വെറും 56% വീടുകളിൽ മാത്രം സ്വന്തമായി കക്കൂസുള്ള ഗുജറാത്ത് ഈ നിരയിൽ 18 ആമാതും 35% തിനുമാത്രമുള്ള രാജസ്ഥാൻ 23 ആമതും ആണ്.

ഭരിക്കുന്ന സംസ്ഥാനത്തിൽ ജനത്തിന് സ്വന്തമായി വീടും കക്കൂസ് പോലും കൊടുക്കുവാൻ കഴിയാത്ത നിങ്ങൾ ഞങ്ങൾക്ക് എന്ത് വഴികാട്ടാനാണ് ഭായ്. ആരാണ് ഹേ ഇവിടെ വഴിമുട്ടി നില്ക്കുന്നത്.

ഇനി ഈ ആരോഗ്യം ഉണ്ടല്ലോ, യോഗയും ആയുർവേദവും ഒക്കെ ചെയ്തു നമ്മൾ സംരക്ഷിക്കുവാൻ വല്ലാതെ ശ്രമിക്കുന്ന ആരോഗ്യം. അതിന്റെ അവസ്ഥ വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ വായിക്കണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കും എന്ന് കണക്കുകൾ പറയുന്ന സമൂഹം മലയാളികൾ ആണ്. കേരളത്തിന് ലൈഫ് എക്സ്പെക്റ്റന്സി 74 വയസ്സാണ്. ഗുജറാത്തിനത് 64.1 ഉം രാജസ്ഥാന് 63 ഉം ആണ്. അതായത് കേരളത്തിൽ ജനിച്ചുവെന്ന ഒറ്റ കാരണം കൊണ്ട് 10 വർഷം കൂടുതൽ ജീവിക്കുവാൻ അവസരം ലഭിച്ചവരാണ് ഞങ്ങൾ. രാജസ്ഥാനിൽ ജനിക്കുന്ന 1000 കുട്ടികളിൽ 55 പേരും ഗുജറാത്തിൽ 44 പേരും അച്ഛനെയും അമ്മയെയും കരയിപ്പിച്ചുകൊണ്ട് മരണത്തിനെ പുൽകുവാൻ വിധിക്കപ്പെടുമ്പോൾ കേരളത്തിലിത് സംഭവിക്കുന്നത് 13 പേർക്ക് മാത്രമാണ് സാർ. ഗുജറാത്തിൽ 1000ത്തിൽ വെറും 555 ഉം രാജസ്ഥാനിൽ 638 ഉം കുഞ്ഞുങ്ങൾക്ക് മാത്രം പ്രതിരോധ മരുന്നുകൾ നൽകുമ്പോൾ കേരളത്തിൽ 810 പേർക്കും അത് ലഭിക്കുവാനുള്ള സംവിധാനങ്ങൾ ഇവിടെ സജ്ജമാണ്. ഇതിലും ഇപ്പോഴത്തെ കേരളം തന്നെയാണ് മുന്നിൽ.

നിലവിൽ ഭരിക്കുന്ന നാട്ടിലെ കുഞ്ഞുങ്ങളെപ്പോലും മരണത്തിൽ നിന്നും രക്ഷിക്കുവാൻ കഴിയാത്ത നിങ്ങൾ ഞങ്ങൾക്ക് എന്ത് വഴികാട്ടുവാനാണ്.

xdfdfd

മനുഷ്യനെ ഒരു വ്യക്തിയെന്ന നിലയിൽ വളർത്തിയെടുക്കുന്നതിൽ വലിയൊരു പങ്കു വഹിക്കുന്ന വിദ്യാഭ്യാസത്തിന്റെ തുടക്കം അതിന്റെ അടിസ്ഥാനമായ സാക്ഷരതയിൽ നിന്നുമാണല്ലോ. 94% പേരെയും സാക്ഷരരാക്കികൊണ്ട് ഇന്ത്യയിൽ ഇക്കാര്യത്തിൽ ഒന്നാമതു നില്ക്കുന്നത് കേരളമാണെന്ന് നമുക്കറിയാം. വികസനത്തിന്റെ മോഡലായി നിങ്ങൾ ഉയർത്തിപ്പിടിക്കുന്നത് ഗുജറാത്ത് ആണല്ലോ, 'ഗുജറാത്ത് മോഡൽ'. ഈ കണക്കിൽ 'ഗുജറാത്ത്' എവിടെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? വളരെ പുറകിലാണ്. വെറും 78% ത്തിനു മാത്രം അക്ഷരം പറഞ്ഞുകൊടുത്തുകൊണ്ട് 13 ആം സ്ഥാനത്ത്. രാജസ്ഥാൻ എന്ന സംസ്ഥനത്തിനെ ഇങ്ങനെ അപമാനിക്കുന്നതിൽ ക്ഷമിക്കുക. പക്ഷെ സത്യം പറയണമെല്ലോ. ദയനീയമാണ് അവരുടെ കാര്യം. 36% പേരും ഇപ്പോഴും നിരക്ഷരർ, ഇന്ത്യയിൽ 25 ആം സ്ഥാനം.

ഇനി വികസനം പണപരമായി നോക്കിയാലോ? പണം ചെയ്യേണ്ട ആദ്യ കടമ മനുഷ്യനെ കൊടിയ ദാരിദ്ര്യത്തിൽ നിന്നും പിടിച്ചുകയറ്റുക എന്നതാണല്ലോ. അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്. ഇവിടെ പണപരമായി പിന്നിലെന്ന് ബി.ജെ.പി ആക്ഷേപിക്കുന്ന കേരളത്തിൽ വെറും 7% പേര് മാത്രമാണ് ഇപ്പോൾ ദരിദ്രരേഖക്ക് കീഴിൽ ഉള്ളത്. എന്നാൽ നിങ്ങൾ പാടിപ്പുകഴ്ത്തുന്ന ഗുജറാത്തിൽ 16.63 % പേരും ഇന്നും അതിദാരിദ്രത്തിലാണ്. അപ്പൊ ഇവിടെയും നിങ്ങൾ ഞങ്ങൾക്ക് വഴികാണിക്കുവാൻമാത്രം ആശയങ്ങൾ കയ്യിലുള്ളവരാണെന്നു തോനുന്നില്ല. വഴിമുട്ടി നിൽക്കുന്നത് ഞങ്ങൾക്കുമല്ല.

ഇനിയും കണക്കുകൾ ധാരാളമുണ്ട്. സത്യങ്ങളും. മറ്റൊരവസരത്തിൽ കൂടുതൽ വിശദീകരിക്കാം. ഒന്ന് മാത്രം പറഞ്ഞോട്ടെ, ഇവിടെ കേരളത്തിൽ നിങ്ങളുടെ പാർടിക്ക് വഴിയിൽ പല മുട്ടലുകളും ഉണ്ടാകാം. പക്ഷെ ഈ നാട് തകർന്നു തരിപ്പണമായി കിടക്കുകയാണ്, ബി.ജെ.പി വന്നാലെ എല്ലാം ശരിയാവൂ എന്നൊക്കെ വരുത്തിതീർക്കുവാനുള്ള ശ്രമങ്ങൾ വേണ്ട. പോരായ്മകൾ ഉണ്ട്. കുറവുകളുണ്ട്. മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്. വിറ്റും വിഭജിച്ചും കട്ടും കൊള്ളയടിച്ചും നാട്‌ മുടിച്ച ഒരു മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് ഇന്ന് കേരളം ഭരിക്കുന്നത്. പൊറുതിമുട്ടിയ ഈ ഭരണത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തേണ്ടത്‌ അനിവാര്യവുമാണ്‌. പക്ഷെ നിങ്ങളുടെ പല താവളങ്ങളെക്കാളും വളരെ മികച്ചതാണ് കേരളം. ആദ്യം സ്വന്തമായി 'വികസനത്തിന്റെ ഒരു മോഡൽ', ഒരെണ്ണമെങ്കിലും, ഉണ്ടാക്കുവാൻ ശ്രമിക്കൂ. എന്നിട്ടാവാം മറ്റുള്ളവരെ അപമാനിക്കലും ഉപദേശവും.

അവസാനമായി, ബി.ജെ.പിയുടെ കേരള ഘടകത്തിലെ എല്ലാ നേതാക്കളോടും ഒന്ന് ചോദിച്ചോട്ടെ. നമ്മുടെ നാട് ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി മറ്റു പല സംസ്ഥാനങ്ങളെക്കാളും പിന്നിലാണെന്നും, വഴിമുട്ടി നിൽക്കുകയാണെന്നും നിങ്ങളും വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഇനി അങ്ങോട്ട് പോകുമ്പോൾ അഹമ്മദാബാദ്, ജയിപ്പൂർ എന്നിവയ്ക്കൊക്കെ പുറത്തേക്കു ഒരു ചെറു യാത്ര നല്ലതായിരിക്കും.

ഇനിയിപ്പോ നേരെമറിച്ച് ഗുജറാത്തിൽ നടന്നപോലുള്ള വംശഹത്യയുടെ മോഡൽ ആണ് നിങ്ങൾ പറയുന്നതെങ്കിൽ, അതിനെതിരെ ശക്തമായി പ്രതികരിക്കാൻ ഞങ്ങളെന്നും തെരുവുകളിൽ നിതാന്ത ജാഗ്രതയോടെ സദാ ജാഗരൂകരായി ഉണ്ടാവും എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് നിര്‍ത്തുന്നു.

എന്ന്,

യദുൽ കൃഷ്ണ

എസ് എഫ് ഐ പ്രവർത്തകൻ, ഡൽഹി സർവകലാശാല വിദ്യാർത്ഥി.