പട്ടിണി വായിക്കുമ്പോള്‍

ഇന്ത്യയിലെ കുട്ടികളുടെ പട്ടിണി-പോഷകക്കുറവ് എന്നിവയെ കുറിച്ച് അവന്ത ഫൌണ്ടേഷന്‍, സോമ എന്റെര്പ്രൈസ്, മഹിന്ദ്ര ആന്‍ഡ്‌ മഹിന്ദ്ര തുടങ്ങിയ കമ്പനികളുടെ സാമ്പത്തികസഹായത്തോടെ നാന്ദി ഫൌണ്ടേഷന്‍ സംഘടിപ്പിച്ച ഹംഗാമാ സര്‍വെയുടെ റിപ്പോര്‍ട് ഈയിടെ പുറത്തു വന്നല്ലോ. അതിന്‍ പ്രകാരം നമ്മുടെ രാജ്യത്തിലെ അഞ്ചു വയസ്സു താഴെയുള്ള കുട്ടികളില്‍ 59% വളര്‍ച്ചാമുരടിപ്പും (stunting) 42% വളര്‍ച്ചാശോഷണവും (severe underweight) ഉള്ളവരാണ്. അത്യന്തം പരിതാപകരമായ ഈ സ്ഥിതിയുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ അടങ്ങുന്ന ഈ സര്‍വെ റിപ്പോര്‍ട് പുറത്തുവിടുന്ന ചടങ്ങില്‍ നമ്മുടെ പ്രധാനമന്ത്രി തന്നെ പറഞ്ഞു: "ഇത് നമ്മുടെ രാജ്യത്തിന്‌ നാണക്കേടാണ്". UNICEF ഡെവലപ്മെന്റ് സൂചികപ്രകാരം ആറു സംസ്ഥാനങ്ങളില്‍ (ബീഹാര്‍, ജ്ഹാര്കണ്ട്, മധ്യ പ്രദേശ്, ഒറിസ, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്) നിന്നായി തിരഞ്ഞെടുത്ത 100 ഫോക്കസ് ജില്ലകളിലും, ആ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓരോ മികവുറ്റ ജില്ലകളും, പിന്നെ ഇന്ത്യയിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട 6 ജില്ലകുളും (Kerala, Tamilnadu, Himachal Pradesh എന്നിവടങ്ങളില്‍ നിന്നു ഈരണ്ടു വച്ച്) ചേര്‍ത്ത് മൊത്തം 112 ജില്ലകളിലെ അഞ്ചു വയസ്സിനു താഴെയുള്ള പത്തു ലക്ഷത്തില്‍പരം കുട്ടികളിലും, 74000 അമ്മമാരിലുമായി നടത്തിയ സര്‍വെയാണ് ഈ നിഗമനത്തില്‍ എത്തിയത്.

ഹംഗാമാ സര്‍വെയുടെ സുപ്രധാനമായ ചില വെളിപ്പെടുത്തലുകളിലെക്കു പെട്ടെന്നു ഒന്നു കണ്ണോടിക്കാം.

1) കുട്ടികളില്‍ വ്യാപകവും അതിരൂക്ഷവുമായ പോഷകക്കുറവ്: പ്രധാനമായും ഉയരവും പ്രായവുമായുള്ള അനുപാതം(വളര്‍ച്ചാമുരടിപ്പ്; Stunting), തൂക്കവും പ്രായവുമായുള്ള അനുപാതം(വളര്‍ച്ചാശോഷണം; Severe underweight), തൂക്കവും ഉയരുവുമായുള്ള അനുപാതം(തൂക്കനഷ്ടം; Wasting) തുടങ്ങിയ സൂചികകളാണു പഠനവിധേയമാക്കിയത്. യഥാക്രമം 59%, 42%, 11.4% കുട്ടികളില്‍ ഈ സൂചികകള്‍ വളരെ കുറവാണ് എന്നത് വെളിപ്പെടുത്തുന്നത് അതിരൂക്ഷമായ പട്ടിണിയും പോഷകക്കുറവും ആണ് നമ്മുടെ രാജ്യത്തെ കുട്ടികള്‍ അനുഭവിക്കുന്നത് എന്നാണ്.
2) പോഷകക്കുറവ് കുഞ്ഞുപ്രായത്തില്‍ തന്നെ: കുട്ടികളുടെ വളര്‍ച്ചാമുരടിപ്പ് 24 മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രകടമാകുന്നു എന്നതാണ് പ്രധാനപ്പെട്ട ഒരു നിരീക്ഷണം. ഇത് സൂചിപ്പിക്കുന്നത് ജന്മനാ തന്നെ പോഷകക്കുറവോടെ ജനിക്കുന്ന അവസ്ഥ ഗണ്യമാണെന്നാണ്. അതു വിരല്‍ ചൂണ്ടുന്നത് അമ്മമാരുടെയും, പൊതുവില്‍ പ്രായമായവരുടെയും, പോഷകക്കുറവിലേക്കാണ്.
3) ഗാര്‍ഹിക സാമൂഹ്യസാമ്പത്തിക അവസ്ഥ: കുട്ടികളുടെ പരിതാപകരമായ അവസ്ഥ വീട്ടിലെ സാമ്പത്തികഅവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രത്യേകിചും SC, മുസ്ലീം, ST വിഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ പോഷകക്കുറവുള്ള കുട്ടികള്‍ എന്നതും മനസ്സിലാക്കേണ്ട കാര്യമാണ്.
4) പെണ്‍കുട്ടികളുടെ ശോച്യാവസ്ഥ: ജന്മനാ പെണ്‍കുട്ടികള്‍ക്ക് ജൈവപോഷകാനുകൂല്യം (biological nutrition advantage) ആണ്‍കുട്ടികളേക്കാള്‍ കൂടുതലാണ്. എന്നാല്‍ ജനിച്ചു കേവലം 39 മാസങ്ങള്‍ക്കകം ഇതു നേരെ തിരിയുന്ന അവസ്ഥയാണ്. അതു കാണിക്കുന്നത് ശൈശവാവസ്ഥയില്‍ പോലും പെണ്‍കുട്ടികള്‍ എത്രമാത്രം അവഗണിക്കപ്പെടുന്നു എന്നതാണ്.
5) വളര്‍ച്ചാശോഷണത്തിലുള്ള കുറവ്: 2004ല്‍ നടത്തിയ ജില്ലാ തല ആരോഗ്യസര്‍വെയിലെ(District Level Health Survey-02) കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളര്‍ച്ചാശോഷണത്തിന്റെ കാര്യത്തില്‍ 7 വര്‍ഷം കൊണ്ട് 11% നേട്ടം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഏറ്റവും രൂക്ഷമായ പട്ടിണിയുടെ അളവുകോലായ വളര്‍ച്ചാമുരടിപ്പിന്റെ കാര്യത്തില്‍ താരതമ്യം ചെയ്യാന്‍ കണക്കില്ല എന്നും പറയുന്നു.

ഭക്ഷണം എന്ന അവകാശവും, അവകാശനിഷേധവും

വേദനിപ്പിക്കുന്ന കണക്കുകള്‍ക്കോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട് ഹംഗാമാ റിപ്പോര്‍ടില്‍. "Opportunities for investments in Nutrition in low-income Asia" എന്ന സൂസന്‍ ഹോര്‍ട്ടന്റെ പ്രബന്ധം ഉദ്ധരിച്ചു കൊണ്ട് അവര്‍ പറയുന്നു, പട്ടിണിയുടെ ഒരു പ്രധാന പ്രശ്നം, പോഷകക്കറവിന്റെ പരിണിതഫലമായി ബുദ്ധിയും ആരോഗ്യവുമില്ലാത്തവരായി മാറുന്ന യുവജനത 3% GDP നഷ്ടമാണ് പ്രതിവര്‍ഷം ഇന്ത്യക്ക് വരുത്തിവക്കാന്‍ പോകുന്നത്. നീതിയുടെ ഏതു അളവുകോല്‍ വച്ചു അളന്നാലും വിശക്കുന്നവന് ആരോഗ്യകരമായ ഭക്ഷണം നല്കുക എന്നത് എല്ലാ സമൂഹങ്ങളുടെയും അടിസ്ഥാനബാധ്യതയാണ്. (WHO മാനുവല്‍, ഇന്ത്യന്‍ ഭരണഘടന എന്നിവയില്‍ ഇതെഴുതി വച്ചിട്ടുണ്ട് എന്നതു വേറെ കാര്യം) പോഷകമൂല്യമുള്ള ഭക്ഷണം എന്നത് മനുഷ്യന്റെ അവകാശമാണ്. പട്ടിണിയെ കാണേണ്ടത് അടിസ്ഥാനഅവകാശനിഷേധമായാണ്, അല്ലാതെ GDP കണക്കുകളുടെ വെളിച്ചത്തിലല്ല. അതുകൊണ്ടു തന്നെ, ഹംഗാമാ റിപ്പോര്‍ടിലെ ശാസ്ത്രീയമായ സ്ഥിതിവിവരക്കണക്കുകളെ അംഗീകരിക്കുമ്പോള്‍ തന്നെ, പട്ടിണിയെ "നിക്ഷേപസാധ്യത"യായി കാണുന്ന അവരുടെ രാഷ്ട്രീയത്തെ സംശയത്തിന്റെ നിഴലില്‍ മാത്രമേ നിര്‍ത്താന്‍ കഴിയൂ.

null

ഈ സാഹചര്യത്തില്‍ ഇന്ത്യലെ പട്ടിണിയെകുറിച്ചുള്ള ഗവണ്‍മെന്റ് കണക്കുകള്‍ ഒന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കും. നാഷണല്‍ സാമ്പിള്‍ സര്‍വെ ഓര്‍ഗനൈസേഷന്റെ പട്ടിണിയുമായി ബന്ധപ്പെട്ട ചില കണക്കുകളെ ഒന്നു വിശകലനം ചെയ്യാം.

1) 1993-94 ല്‍ നിന്നും 2009-10 എത്തുമ്പോള്‍ പ്രതിശീര്‍ഷ ധാന്യഉപഭോഗം (Per capita food grain consumption) കുത്തനെ കുറയുകയാണുണ്ടായത്. 2007 ല്‍ ഇതു ആഗോളശരാശരിയുടെ കേവലം പകുതി (174kg) ആയിരുന്നെങ്കില്‍ 2008 ആയപ്പോള്‍ പിന്നെയും കുറഞ്ഞു 156kg ആയി. ഇന്ത്യയെ സംബന്ധിച്ച് (പൊതുവെ ഏഷ്യയെ സംബന്ധിച്ചും) 75% പ്രോട്ടീന്‍ ലഭ്യതയും ധാന്യങ്ങളില്‍ നിന്നാണ്, അല്ലാതെ ക്ഷീരമത്സ്യമാംസാദികളില്‍ നിന്നല്ല. അതുകൊണ്ട് ഇവിടെ ഭക്ഷ്യസുരക്ഷ എന്നാല്‍ ധാന്യസുരക്ഷയാണ്. ചില സാമ്പത്തികശാസ്ത്രജ്ഞരും കെ വി തോമസിനെ പോലെയുള്ള ചില മന്ത്രിമാരും പറയുന്ന ഒരു കാര്യം, ആളുകളുടെ ധാന്യഉപഭോഗം കുറയുന്നുണ്ടെങ്കിലും അവര്‍ക്കു ആവശ്യമുള്ള പ്രോട്ടീന്‍ ക്ഷീരമത്സ്യമാംസാദികളില്‍ നിന്നു കിട്ടുന്നുണ്ടെന്നാണ്. എന്നാല്‍ ഉത്സാ പട്‌നായികിനെ പോലുള്ളവര്‍ ഈ പൊള്ളവാദം തുറന്നു കാട്ടിയിട്ടുണ്ട് - പ്രതിശീര്‍ഷ ധാന്യഉപഭോഗത്തിന്റെ കണക്കില്‍ പൌള്‍ട്രിവ്യവസായത്തിനും മറ്റുമായുള്ള പരോക്ഷധാന്യഉപഭോഗം കൂടെ കൂട്ടുന്നുണ്ടെന്ന അടിസ്ഥാനവസ്തുത മറന്നിട്ടോ, മറന്നെന്നു നടിച്ചിട്ടോ ആണ് അവര്‍ ഈ പൊള്ളവാദം ഉന്നയിക്കുന്നത്.

2) ഉദാരീകരണനയങ്ങള്‍ നടപ്പാക്കാന്നതിനു മുമ്പ് 1983-84 മുതല്‍ 1993-94 കാലഘട്ടത്തില്‍ ഇന്ത്യയില്‍ തൊഴില്‍ വളര്‍ച്ച വര്‍ദ്ധിക്കുകയാണുണ്ടായത്; ഗ്രാമങ്ങളില്‍ 2.55% ഉം നഗരങ്ങളില്‍ 4.08% ഉം. എന്നാല്‍ പിന്നീട് തൊഴില്‍ വളര്‍ച്ചയുടെ പോക്ക് കീഴ്പ്പോട്ടാണ്. 1999-2000 ആയപ്പോള്‍ അത് യഥാക്രം 0.80%ഉം 2.73%ഉം ആയി കുറഞ്ഞു. 2000 ല്‍ നിന്നു 2004-05 വരെ അതു ചെറുതായി മെച്ചപ്പെട്ടെങ്കിലും 2004-05 മുതല്‍ 2009-10 വരെയുള്ള കാലഘട്ടത്തില്‍ തൊഴിലില്ലായ്മ വീണ്ടും വഷളായി. തൊഴിലുറപ്പു പദ്ധതി (MNREGA) നടപ്പാക്കിയ കാലഘട്ടം കൂടിയായിരുന്നു ഇതെന്നു ഓര്‍ക്കണം. അപ്പോള്‍ യഥാര്‍ത്ഥസ്ഥിതി എത്ര വഷളായിരിക്കും? NSSO (National Sample Survey Organisation)യുടെ കണക്കുകള്‍ വിശകലനം ചെയ്താല്‍ ഇന്ത്യയിലെ ഇന്നത്തെ "സാമ്പത്തികവളര്‍ച്ച"യില്‍ തൊഴില്‍ലഭ്യത കൂടുകയല്ല, കുറയുകയാണ് എന്ന് വ്യകതമാകും. നഗരങ്ങളിലെ നിര്‍മാണമേഖലയിലെ തൊഴിലിടങ്ങളിലേക്കു, രാവും പകലും പണി ചെയ്താല്‍ പോലും 50 രൂപ പ്രതിദിവസം ഉറപ്പില്ലാതെ, ഗ്രാമങ്ങളില്‍ നിന്നു ആളുകള്‍ കുടിയേറേണ്ടി വരുന്ന ഗതികേടിനെ ഈ കണക്കുകള്‍ സാധൂകരിക്കുന്നു. ഈ ലേഖകന്‍ ഭക്ഷണം കഴിക്കാന്‍ പോകുന്ന ഹോട്ടലിലെ ടെന്‍ഡര്‍ക്കു മാസം 2000 പോലും കൂലി ലഭിക്കുന്നില്ല എന്ന ദാരുണമായ യാഥാര്‍ത്ഥ്യത്തെ ഈ കണക്കുകള്‍ സാധൂകരിക്കുന്നു.

3) ദാരിദ്ര്യത്തിന്റെ വ്യാപ്തിയെ സൂചിപ്പിക്കുന്ന ചില കണക്കുകള്‍ പരിശോധിക്കുന്നതിനു മുന്‍പ് ദാരിദ്ര്യരേഖ എന്ന തമാശയെപ്പറ്റി പറയേണ്ടതുണ്ട്. മിനിമം ശാരീരികോര്‍ജലഭ്യത ഉറപ്പു വരുത്താനുള്ള ഭക്ഷണം ഉള്‍പെടെ എല്ലാ ഉല്പന്നസേവനള്‍ക്കും വേണ്ടി ഒരാള്‍ നടത്തുന്ന ചെലവ് ആണ് ദാരിദ്ര്യരേഖ. അതുകൊണ്ട് മിനിമം ശാരീരികോര്‍ജലഭ്യത ഉറപ്പുവരുത്താനുള്ള ചെലവുമായി ഇതു അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ പ്രതിദിവസം നഗരത്തില്‍ 2100 കിലോകാലറിയും ഗ്രാമങ്ങളില്‍ 2400 കിലോകാലറിയും ആയിട്ടാണ് മിനിമം ശാരീരികോര്‍ജആവശ്യകത നിജപ്പെടുത്തിയിരിക്കുന്നത്. ഇതു വാങ്ങാനുള്ള ചെലവിന്റെ അടിസ്ഥാനത്തില്‍ 1973-ല്‍ നഗരത്തില്‍ Rs. 56 ഉം ഗ്രാമത്തില്‍ Rs. 49 ഉം ആയിരുന്നു പ്രതിമാസ പ്രതിശീര്‍ഷ ദാരിദ്ര്യരേഖ. എന്നാല്‍ പിന്നീടിങ്ങോട്ട് എല്ലാ വര്‍ഷവും ഈ സംഖ്യകളെ അപ്പപ്പോഴത്തെ കണ്‍സ്യൂമര്‍ വിലസൂചികയുടെ (Consumer Price Index) അടിസ്ഥാനത്തില്‍ പുതിക്കിയെഴുതി അതിനു ദാരിദ്ര്യരേഖ എന്ന തലക്കെട്ടും കൊടുക്കുക എന്നതാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിലെ വിഡ്ഡിത്തം എന്തെന്നാല്‍, ഇന്നത്തെ സമൂഹത്തില്‍ കണ്‍സ്യൂമര്‍ വിലസൂചിക നിശ്ചയിക്കപ്പെടുന്നത് ഉപ്പു മുതല്‍ കമ്പ്യൂട്ടര്‍ വരെയുള്ള ഉല്പന്നങ്ങളെ ആധാരമാക്കിയാണ്. അതുകൊണ്ട് അതു ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തെ പ്രതിനിധാനം ചെയ്യുന്നില്ല എന്നതാണ്. തമാശ പൂര്‍ണമാകണമെങ്കില്‍ മനസ്സിലാക്കേണ്ടത്, 2004-05 ആയപ്പോള്‍ ഇങ്ങനെ കണ്ടുപിടിച്ച ദാരിദ്ര്യരേഖ പ്രകാരം ഒരാള്‍ക്കു ജീവിക്കാന്‍ ദിവസം ഗ്രാമത്തില്‍ 12 രൂപയും നഗരത്തില്‍ 18 രൂപയും മതി എന്നാണ്. ഇതു കേട്ടാല്‍ ആരും ചിരിച്ചു പോകും എന്നതു കൊണ്ട് 2010ല്‍ ടെന്‍ഡുല്‍കര്‍ കമ്മറ്റി ഇതു പരിഷകരിച്ച് ഗ്രാമത്തില്‍ 26 രൂപയും നഗരത്തില്‍ 32 രൂപയുമാക്കി. എന്നാല്‍ അതും യാഥാത്ഥ്യത്തില്‍ നിന്നും എത്ര വിദൂരമാണെന്നു മനസ്സിലാക്കാന്‍ ഒരു സാമ്പത്തികശാസ്ത്രബിരുദത്തിന്റെയും പിന്തുണ വേണ്ട. ഈ ഔദ്യോഗിക വിഡ്ഡികണക്കു പ്രകാരം പോലും ഇന്ത്യയില്‍ ഗ്രാമത്തില്‍ 28ഉം നഗരത്തില്‍ 26ഉം ശതമാനം പേര്‍ ദാരിദ്ര്യരേഖക്കു താഴെയാണ്. എന്നാല്‍ 1973-ല്‍ ചെയ്ത നിര്‍ണ്ണയരീതി ഒന്നു കൂടി ആവര്‍ത്തിച്ചാല്‍ മനസ്സിലാകും സത്യത്തില്‍ ഗ്രാമത്തില്‍ 70ഉം നഗരത്തില്‍ 65ഉം ശതമാനം ജനങ്ങള്‍ കൊടിയ ദാരിദ്ര്യത്തിലാണ്.

xdfdfd
Image courtesy: Calcutta Rescue/Flickr

ഈ വിശകലനത്തിലൂടെ നമ്മള്‍ മനസ്സിലാക്കേണ്ടത്, പട്ടിണിയുടെ സൂക്ഷ്മമായ കാഴ്ചകള്‍ നമ്മെകൊണ്ടെത്തിക്കുന്നത് വ്യക്തമായ സാമ്പത്തികരാഷ്ട്രീയ അജണ്ടകളുടെ പിന്നാമ്പുറങ്ങളിലാണ്. അതു ഒന്നുകൂടി മനസ്സിലാക്കാനുള്ള ഏറ്റവും സമകാലികമായ ഉദാഹരണമാണ് ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ ഇരിക്കുന്ന ഭക്ഷ്യസുരക്ഷാനിയമത്തിന്റെ കരട്. ഇടതുപക്ഷരാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും ഭക്ഷ്യപോഷണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി സംഘടനകളുടെയും വ്യക്തികളുടെയും ഏറെ നാളത്തെ ആവശ്യങ്ങള്‍ക്കു ശേഷം ഒടുവില്‍ ഗവണ്‍മെന്റ് ഭക്ഷ്യസുരക്ഷാനിയമം കൊണ്ടു വരാന്‍ തീരുമാനിച്ചപ്പോള്‍ വളരെ പ്രതീക്ഷയോടെയാണ് എല്ലവരും അതിനെ നോക്കിക്കണ്ടത്. എന്നാല്‍ അതിനെ "തുടക്കത്തിലേ ഒടുക്കം" എന്നും "ദുരന്ത"മെന്നുമാണ് ഈ മേഖലയിലെ അഭിജ്ഞര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരം കുടുംബങ്ങളെ ജനറല്‍ (general), മുന്‍ഗണന (priority), ഒഴിവാക്കപ്പെട്ടവ (excluded) എന്നിങ്ങനെ തരംതിരിക്കും. ഇതില്‍ മുന്‍ഗണനയുള്ള കുടുംബങ്ങള്‍ക്കു മാത്രം പ്രതിമാസം 35kg ധാന്യം അന്ത്യോദയ(Rs.3 or Rs.2) വിലക്കു കൊടുക്കും; ജനറല്‍ വിഭാഗങ്ങള്‍ക്കു 20kg ധാന്യം പകുതി താങ്ങുവിലക്കും (Minimum Support Price) ബാക്കിയുള്ളവരെ പൊതുവിതരണസംവിധാനത്തില്‍ നിന്നു ഒഴിവാക്കുകയും ചെയ്യും. നിലവിലുള്ള APL-BPL വിഭാഗങ്ങളെ ഈ മൂന്നു വിഭാഗങ്ങളിലേക്കു എങ്ങനെ പുനര്‍നിര്‍ണ്ണയിക്കുമെന്നു ഒരു വ്യക്തതയും ഇല്ല. ഏറ്റവും ദരിദ്രമായ 200 ജില്ലകളെ സാര്‍വജനീനപൊതുവിതരണശൃംഖലയുടെ ഭാഗമാക്കണമെന്ന നിര്‍ദേശം പാടെ തള്ളികളഞ്ഞു. ഏറ്റവും പാര്‍ശ്വവല്കൃതരായ SC, ST വിഭാഗങ്ങളെ പോലും സമ്പൂര്‍ണ്ണമായി പൊതുവിതരണശൃംഖലയില്‍ ഉള്‍പെടുത്തില്ല. ചുരുക്കത്തില്‍ എല്ലാവരെയും പൊതുവിതരണശൃംഖലയുടെ ഭാഗമാക്കുന്നതിനു പകരം എങ്ങനെ ആളുകളെ അതില്‍ നിന്നു ഒഴിവാക്കാം എന്നാണ് നോക്കുന്നത്. APL-BPL തരംതിരിവിന്റെ ഫലമായി ആളുകള്‍ പൊതുവിതരണശൃംഖലയില്‍ നിന്നു അടര്‍ത്തി മാറ്റപ്പെടുകയും അതു ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയെ ദോഷകരമായി ബാധിച്ചുവെന്നും, പുതിയ നിയമം അവരെ തിരിച്ചു കൊണ്ടു വരുന്നതിനു പകരം ആളുകളെ പൊതുവിതരണശൃംഖലയില്‍ നിന്നു കൂടുതല്‍ അകറ്റുന്നതിനേ ഉപകരിക്കൂ എന്നുമാണ് ഇന്ത്യയിലെ ഭക്ഷ്യപോഷണമേഖലയില്‍ ഏറെ നാളായി ഗവേഷണം നടത്തുന്ന അലഹബാദ് യൂണിവേഴ്സിറ്റിയിലെ വിസിറ്റിങ്ങ് പ്രഫസറായ ഷാണ്‍ ദ്രെസിന്റെ അഭിപ്രായം. ചുരുക്കത്തില്‍ പട്ടിണിയെ ദേശീയ നാണക്കേട് എന്നു വിളിച്ച ശ്രീ മന്‍മോഹന്‍ സിങ്ങിന്റെ ക്യാബിനറ്റിനു പട്ടിണിയില്‍ നിന്നു ജനങ്ങളെ കരകയറ്റാനുള്ള ആതമാര്‍ത്ഥത എത്ര മാത്രമെന്നത് ഒരു ചോദ്യചിഹ്നമാണ്.

പട്ടിണി ആഗോളതലത്തില്‍

അമേരിക്കയിലായാലും, കെനിയയിലായാലും, പാകിസ്താനിലായാലും, ചോരക്കുഞ്ഞുങ്ങള്‍ വിശന്നു കരയുമ്പോള്‍ ഭക്ഷണമില്ലെങ്കില്‍ ഏതു മനുഷ്യമനസ്സിനും അതു ഹൃദയഭേദകം തന്നെ. പ്രതിവര്‍ഷം പട്ടിണി കൊണ്ട് മാത്രം 5 മില്ല്യണ്‍ കുട്ടികളാണ് മരണത്തിനടിമപ്പെടുന്നത്. 2010-ലെ കണക്കനുസരിച്ച് ലോകത്തെമ്പാടുമായി 925മില്ല്യണ്‍ ആളുകള്‍ പട്ടിണി കിടക്കുന്നു.

ഐക്യരാഷ്ട്ര ഭക്ഷ്യകാര്‍ഷിക സംഘടന (FAO), ലോകാരോഗ്യസംഘടന (WHO), ഐക്യരാഷ്ട്ര ശിശുക്ഷേമനിധി (UNICEF) എന്നിവര്‍ 2004-09 കാലഘട്ടത്തില്‍ സമാഹരിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ 2011ല്‍ അന്താരാഷ്ട്ര ഭക്ഷ്യനയ ഗവേഷണസ്ഥാപനം (IFPRI) ലോകരാഷ്ട്രങ്ങളെ ആഗോള പട്ടിണി സൂചിക (Global Hunger Index)യുടെ മാനദണ്ഡത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ അനുഭവിക്കുന്ന പട്ടിണി വിവിധ സാമ്പത്തികരാഷ്ട്രീയനയങ്ങളുടെ ഫലമാണെന്നും ബദല്‍ നയങ്ങള്‍ അത്യാവശ്യമാണെന്നും GHI റിപ്പോര്‍ട് വ്യക്തമാക്കുന്നു. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈ സംഘടനകളുടെയെല്ലാം രാഷ്ടീയനിയന്ത്രണം അമേരിക്കയുള്‍പെടെയുള്ള സമ്പന്നരാഷ്ട്രങ്ങള്‍ക്കാണ് എന്നത് കൊണ്ടുതന്നെ അവരുടെ സാമ്പത്തികരാഷട്രീയഅജണ്ടകളെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ കഴിവതും ഒഴിവാക്കാനുള്ള ശ്രമം റിപ്പോര്‍ടിലുടനീളം മുഴച്ചു നില്കുന്നുണ്ട്. എങ്കിലും കണക്കുകള്‍ക്കു മുമ്പില്‍ കണ്ണടക്കാന്‍ അവര്‍ക്കു പോലും കഴിയില്ലല്ലോ.

പോക്ഷകക്കുറവ് (Undernutrition), കുട്ടികളുടെ വളര്‍ച്ചാശോഷണം, ശിശുമരണനിരക്ക് (Child Mortality Rate) എന്നിവയാണ് GHI സൂചികയെ നിര്‍ണ്ണയിക്കുന്നത്. ഇതില്‍ പോഷകക്കുറവിന്റെ മാനദണ്ഡം പ്രതിദിനം 1800കിലോകാലറി ലഭ്യതയാണ്. സഹാറയിലെ പട്ടിണിരാജ്യങ്ങളുള്‍പെടെയുള്ളവര്‍ക്കു വേണ്ടിയുണ്ടാക്കിയ ഈ പൊതുമാനദണ്ഡം വളരെ തുച്ഛമാണെന്നു നമ്മള്‍ ആദ്യമേ മനസ്സിലാക്കണം. എന്നിട്ടു കൂടി സബ്‌സഹാറാ പ്രദേശത്തെയും ദക്ഷിണേഷ്യയിലെയും ഇന്ത്യയുള്‍പെടെ ഒട്ടുമിക്ക രാജ്യങ്ങളിലെയും പട്ടിണി GHI സൂചികപ്രകാരം രൂക്ഷം/അതിരൂക്ഷം (Alarming/Extremely alarming) എന്നീ വിഭാഗത്തിലാണ്. പോക്ഷകക്കുറവും ശിശുമരണനിരക്കും 1900 മുതല്‍1996 വരെ കുറവു രേഖപ്പെടുത്തിയെങ്കിലും 2000 എത്തിയപ്പോള്‍ വഷളാകുകയായിരുന്നു. ശിശുമരണനിരക്കു കുറയുന്ന തോത് കുറഞ്ഞെങ്കില്‍ പോഷകക്കുറവുള്ളവരുടെ എണ്ണം ഏതാണ്ട് അതേ പടി തുടര്‍ന്നു. ഈ ശോച്യാവസ്ഥക്കു മുക്ഷ്യകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഭക്ഷണസാധനങ്ങളുടെ വിലയിലുണ്ടാകുന്ന കടുത്ത വ്യതിയാനങ്ങളാണ്(Price volatality). ഈ വ്യതിയാനങ്ങള്‍ ലോകത്തെമ്പാടുമുള്ള സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ഒരു നോട്ടപ്രദക്ഷിണം നടത്താം: (1) ഗോതമ്പ്, ചോളം, അരി, സോയാബീന്‍ തുടങ്ങിയവയുടെ ആഗോളവില കുത്തനെ കൂടി. ചോളത്തിന്റെ വില 2011-ല്‍ 2010-ലേതിന്റെ ഇരട്ടിയായി. (2) താജികിസ്ഥാനില്‍ ഒറ്റവര്‍ഷം കൊണ്ടു ഭക്ഷ്യവസ്തുക്കള്‍ക്കു 30% വിലക്കയറ്റം ഉണ്ടായി. (3) ദക്ഷിണേഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും വിലക്കയറ്റം പ്രതിശീര്‍ഷ കലോറി ലഭ്യത (per capita calorie intake) കുത്തനെ കുറച്ചു; ലാറ്റിനമേരിക്കയില്‍ ഏതാണ്ട് 8% ശതമാനം. (3) വിലക്കയറ്റം എന്ന കാരണത്താല്‍ ബംഗ്ലാദേശിലും പാകിസ്താനിലും 80% കുടുംബങ്ങള്‍ കടുത്ത ദുരിതത്തിലേക്കു തള്ളിവിടപ്പെട്ടു. (4) സബ്‌സഹാറാ പ്രദേശത്ത് പോഷകക്കുറവു കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ കാരണം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപെടുന്ന് കുട്ടികളുടെ എണ്ണം 64% വര്‍ധിച്ചു.

ആഗോളതലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വിലവ്യതിയാനത്തിനും വിലക്കയറ്റത്തിനും മൂന്നു മുഖ്യകാരണങ്ങളാണുള്ളത്.

1) ഭക്ഷ്യവിപണിയിലെ അവധിവ്യാപാരം: നിശ്ചിതമൂല്യമുള്ള ഒരു ചരക്കിന്റെ നിശ്ചിതയൂണിറ്റ് ഒരു നിശ്ചിതവിലക്കു ഭാവിയില്‍ ഒരു നിശ്ചിതസമയത്ത് കൈമാറാം എന്ന ഉടമ്പടിയാണ് "കമ്മോഡിറ്റി ഫ്യൂച്ചര്‍"(Commodity futures). ഭക്ഷ്യവസ്തുക്കളുടെ കമ്മോഡിറ്റി ഫ്യൂച്ചറുകള്‍ പരസ്പരം വിറ്റും വാങ്ങിയും(അവധിവ്യാപാരം) ഊഹക്കച്ചവടക്കാര്‍ യഥാര്‍ത്ഥ ഉല്‍പാദകരുടെ നിക്ഷേപരീതികളിലും വസ്തുക്കളുടെ ലഭ്യതയിലും സാരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഇതു വിലവ്യതിയാനങ്ങള്‍ക്കു കാരണമാകുന്നു. അടിസ്ഥാനപരമായി പറഞ്ഞാല്‍, കോടിക്കണക്കിനാളുകള്‍ പട്ടിണി കിടക്കുമ്പോഴും ഭക്ഷണത്തെ കേവലം ചരക്കു മാത്രമായി കാണുന്ന സാമ്പത്തികമാതൃകയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.
2) ജൈവഇന്ധനത്തിന്റെ വര്‍ധിച്ച ആവശ്യകത: ജൈവഇന്ധനത്തിന്റെ (Biofuels) ആവശ്യകത വര്‍ധിച്ചതും കാര്‍ഷികോല്പാദാനത്തിന്റെ വിഭവങ്ങളെ ജൈവഇന്ധനവ്യവസായത്തിലേക്കു തിരിച്ചു വിടുന്നതും മറ്റൊരു പ്രധാന പ്രശ്നമാണ്. ലാഭം മാത്രം ലക്ഷ്യമായി മാറുമ്പോള്‍, കാര്‍ഷികവിളകള്‍ ഇന്ധനവിളകള്‍ക്കു വഴിമാറി കൊടുക്കുന്ന അപകടകരകമായ അവസ്ഥയിലേക്കാണ് സ്വാഭാവികമായും കാര്യങ്ങള്‍ ചെന്നെത്തുന്നത്.
3) കാലാവസ്ഥയിലുണ്ടാകുന്ന കടുത്ത വ്യതിയാനങ്ങള്‍: ആഗോളതാപനം, മഞ്ഞുരുകല്‍, മഴലഭ്യത, വെള്ളപ്പൊക്കം തുടങ്ങിയ പല തലങ്ങള്‍ ഉള്ള സങ്കീര്‍ണ്ണമായ ഈ പ്രശ്നത്തിനു പിന്നിലും നാം ഇപ്പോള്‍ തുടരുന്ന ഉലപാദനമാതൃകകളുമായി അഭേദ്യബന്ധമുണ്ട്.

എന്തു ചെയ്യണം?

ശാസ്ത്രസാങ്കേതികവിദ്യയുടെ അഭൂതപൂര്‍വ്വമായ കുതിപ്പിന് സാക്ഷ്യം വഹിച്ച ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും ഈ ഭക്ഷ്യദുരന്തം എന്തുകൊണ്ട് മൂര്‍ച്ചിക്കുന്നു എന്നത് ചിന്തിക്കേണ്ടതല്ലെ? നാന്നൂറ് കോടി ആള്‍ക്കാരുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ച മനുഷ്യന് പട്ടിണി കിടക്കുന്ന നൂറു കോടി ജനങ്ങളുടെ കയ്യില്‍ ഭക്ഷണമെത്തിക്കാന്‍ കഴിഞ്ഞില്ല എന്നത് പരാജയമല്ലെ? മേല്‍നിരത്തിയ പട്ടിക അതിന്റെ പ്രത്യക്ഷത്തിലെ ചില കാരണങ്ങളിലേക്കു വിരല്‍ ചൂണ്ടുമ്പൊഴും, മനുഷ്യരാശിയുടെ ഒരുപക്ഷെ ഏറ്റവും വലിയ ഈ പരാജയത്തിനുള്ള തൃപ്തികരമായ ഉത്തരങ്ങളാവുന്നില്ല അവയൊന്നും.

ഭൂമിയിലെ പരിമിതമായ വിഭവങ്ങളെ (ഭൂമിയും, ജലവും, ഊര്‍ജ്ജവ്വും) എന്തുണ്ടാക്കാന്‍ വേണ്ടി ഉപയോഗിക്കണം, അവ ആര്‍ക്ക് എത്ര അളവില്‍ വിതരണം ചെയ്യണം എന്ന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ തന്നെ മനുഷ്യന് പിഴവു പറ്റിയോ? അല്ലെങ്കില്‍ പിന്നെ നൂറു കോടി ജനങ്ങള്‍ പട്ടിണി കിടക്കുന്ന നമ്മുടെ ഭൂമിയില്‍ എന്തുകൊണ്ട് ഭക്ഷ്യയോഗ്യമായ ചോളം ഇന്ധനമുണ്ടാക്കാനായി മാറ്റിവെക്കുന്നു? പട്ടിണിപ്പാവങ്ങളുടെ ആഫ്രിക്കയില്‍ നിന്നും എന്തു കൊണ്ടു ഭക്ഷ്യവസ്തുക്കള്‍ അമേരിക്കയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ തീന്‍മേശയിലും അവിടുന്നു അതില്‍ സിംഹഭാഗം കുപ്പത്തൊട്ടിയിലുമെത്തുന്നു? ഇന്നത്തെ ലോകവ്യവസ്ഥയില്‍ ഈ തീരുമാനങ്ങള്‍ ഏടുക്കുന്നത് സര്‍ക്കാരുകളല്ല മറിച്ച് വിപണിയാണ്. അതുകൊണ്ടു തന്നെ ഈ തീരുമാനങ്ങളുടെ മാനദണ്ഡം മനുഷ്യന്റെ ആവശ്യങ്ങളല്ല മറിച്ച് വിപണിയില്‍ ലഭിക്കാവുന്ന ലാഭമാണ്. ഭക്ഷണത്തിനേക്കാളൂം ലാഭം ഇന്ധനത്തിനാവുന്നിടതോളം കാലം ചോളം ഇന്ധനഫാക്ടറികളിലെത്തും. ആഫ്രിക്കക്കാരെക്കാളും വിലകൊടുക്കാന്‍ തയ്യാറുള്ളിടത്തോളം കാലം അമേരിക്കക്കാരന്റെ തീന്‍മേശയിലേക്ക് ഭക്ഷണം ആഫ്രിക്കയില്‍ നിന്നും കടല്‍ കടന്നെത്തും. ഇരുമ്പിനും അലുമിനിയത്തിനും വിലയുള്ളിടത്തോളം കാലം ഖനിമാഫിയകള്‍ ആദിവാസികളെ അവരുടെ ഏകഭക്ഷ്യസ്രോതസ്സായ കാടുകളില്‍ നിന്നും തള്ളിപ്പുറത്താക്കും.

ഇതിന് ഏകപരിഹാരം എന്നത് ഭക്ഷണം പോലെയുള്ള ജീവദായകവസ്തുക്കളുടെയെങ്കിലും ഉല്പാദനവിതരണതീരുമാനങ്ങള്‍ വിപണിയില്‍ നിന്നും മാറ്റി ജനാധിപത്യ സംവിധാനത്തിന്റെ കീഴില്‍ കൊണ്ടുവരുക എന്നതാണ്. അതിനൊരു തുടക്കമെന്നോണം താഴെ പറയുന്ന കാര്യങ്ങളെങ്കിലും ഇന്ത്യയില്‍ അടിയന്തിരമായി ചെയ്യേണ്ടതാണ്. ഇന്ത്യയിലെ ഇടതുപക്ഷരാഷ്ട്രീയപ്രസ്ഥാനങ്ങളും, നിരവധി ഗവേഷകരും, സാമ്പത്തികവിദഗ്ധരും മുന്നോട്ടു വച്ചിട്ടുള്ള വിവിധ നിര്‍ദ്ദേശങ്ങളാണിവ.

1) കാര്‍ഷികമേഖലയുടെ പുനരുദ്ധാരണം: ഊര്‍ജ്ജം, റോഡുകള്‍, ജലസേചനം, വളങ്ങള്‍, ജൈവ-കാര്‍ഷികസാങ്കേതികവിദ്യ, ഉല്പന്നസംഭരണം, തണ്ണീര്‍ത്തടവികസനം തുടങ്ങിയ മേഖലകളില്‍ ലാഭേച്ഛ മാറ്റിനിര്‍ത്തി കൊണ്ട് സര്‍ക്കാര്‍ നിക്ഷേപം ഗണ്യമായി വര്‍ദ്ധിപ്പിക്കുക.

2) സമ്പൂര്‍ണ്ണ തൊഴിലുറപ്പു പദ്ധതി: ആളുകളുടെ വാങ്ങല്‍ശേഷി (purchasing power) ക്രമാതീതമായി കീഴ്പോട്ട് വരുന്നതായാണ് ഈ മേഖലയിലെ നിരവധി ഗവേഷകരുടെ കണ്ടെത്തല്‍. അതിനെ താങ്ങിനിര്‍ത്താന്‍ തൊഴിലുറപ്പു നല്കുകയാണ് വേണ്ടത്. ഗ്രാമങ്ങളിലെപ്പോലെ നഗരങ്ങളിലും തൊഴിലുറപ്പു പദ്ധതി നടപ്പാക്കുക.

3) സാര്‍വജനീന പൊതുവിതരണസംവിധാനം: ഇപ്പൊഴത്തെ ഭക്ഷ്യസുരക്ഷാനിയമം പൊളിച്ചെഴുതിക്കൊണ്ട് ഇന്ത്യയിലെ ഒരു പൌരനെയും വിട്ടുപോകാതെ, സാര്‍വജനീന പൊതുവിതരണസംവിധാനം നടപ്പിലാക്കുക. പലപ്പോഴും കുടുംബസംവിധാനത്തിനു പുറത്തു നില്ക്കുന്ന ഒറ്റക്കു ജീവിക്കുന്ന സ്ത്രീകള്‍, വികലാംഗര്‍, കുടിയേറിയ അസംഘടിത തൊഴിലാളികള്‍ എന്നിവരേയും റേഷന്‍ കാര്‍ഡിനു അര്‍ഹരാക്കുക. റാഗി പോലുള്ള പ്രാദേശീകധാന്യങ്ങള്‍ കൂടി വിതരണസംവിധാനത്തില്‍ ഉള്‍പെടുത്തുക.

4) ICDS (അങ്കനവാടി) ശൃംഖലയുടെ ശാക്തീകരണം: കുട്ടികളെ (പാകം ചെയ്ത) ഭക്ഷണശൃംഖലയില്‍ കണ്ണി ചേര്‍ക്കാനുള്ള ഏറ്റവും ശക്തമായ മാര്‍ഗമാണ് അങ്കനവാടികള്‍. പെണ്‍കുട്ടികള്‍, SC, ST വിഭാഗങ്ങള്‍ എന്നിവരുടെ കാര്യത്തില്‍ കൌമാരപ്രായമെത്തിയവരെയും അങ്കനവാടിസേവനങ്ങളുടെ പരിധിയില്‍ കൊണ്ടുവരാവുന്നതാണ്. മാസം കേവലം 1500രൂപയാണ് ഇപ്പോള്‍ അങ്കനവാടി ജീവനക്കാരുടെ ഏറ്റവും ഉയര്‍ന്ന ശമ്പളം. അത്ര ശോഷിച്ചതാണ് ഈ മേഖലയില്‍ സര്‍ക്കാരിന്റെ നിക്ഷേപം. അതു മാറണം.

5) സമ്പൂര്‍ണ്ണ ആരോഗ്യസുരക്ഷിതത്വം ഉറപ്പാക്കല്‍: പ്രാഥമിക ആരോഗ്യസേവനം ഓരോ പൌരന്റെയും അവകാശമാണ്. അതു ഉറപ്പു വരുത്താനുള്ള നിക്ഷേപവും പ്രവര്‍ത്തനവും തുടങ്ങുക. GDPയുടെ കേവലം 1% മാത്രമാണ് ഇപ്പോള്‍ ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം. അതു മിനിമം 3% എങ്കിലും ആക്കേണ്ടതുണ്ട്.

പുര കത്തുമ്പോഴും വാഴയുടെ തടത്തില്‍ ഒഴിച്ചിട്ട് മിച്ചം വെള്ളമില്ല എന്നു പറയുന്നതു പോലെ "ഇതിനൊക്കെ പൈസ എവിടെ" എന്ന തലതിരിഞ്ഞ ചോദ്യം ചോദിക്കുന്നവരുണ്ട്. നികുതിയിനത്തില്‍ കോര്‍പ്പറേറ്റൂകള്‍ക്കുള്ള ഇളവുകളുള്‍പെടെ 14 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പിരിച്ചെടുക്കാത്തത്. 2G ലേലത്തില്‍ വരുത്തിവച്ച ലക്ഷം കോടികളുടെ നഷ്ടം വേറെ. അതുകൊണ്ട് വരുമാനസ്രോതസ്സുകളില്ലാത്തോ കണ്ടുപിടിക്കാന്‍ കഴിയാത്തതോ അല്ല, മറിച്ച് രാഷ്ട്രീയനയത്തിന്റെ ഭാഗമായ ഒരു തന്ത്രം മാത്രമാണ് പൈസയില്ല എന്ന മുട്ടാപ്പോക്ക്. മേല്പറഞ്ഞ നിര്‍ദേശങ്ങളുടെ എല്ലാം പൊതുസ്വഭാവം എന്തെന്നാല്‍ അവ നവലിബറല്‍ നയങ്ങളുടെ ഒഴുക്കിനെതിരെയുള്ള നീന്തലാണ്. ഇന്ത്യയിലെ ജനായത്തസംവിധാനത്തില്‍ അവ നടപ്പാക്കുന്നത് അസാധ്യമാണെന്നു ഈ ലേഖകന്‍ കരുതുന്നില്ല. ശക്തവും സംഘടിതവുമായ രാഷ്ട്രീയമൂന്നേറ്റത്തിലൂടെ അതു സാധ്യമാണ്. അങ്ങനെ മാത്രമേ അതു സാധ്യമാവുകയുമുള്ളൂ.

References

 1. HUNGaMA Survey report, 2011, Available Online: http://www.naandi.org/CP/HungamaBKDec11LR.pdf
 2. Hindu Report in Jan 10, 2012, http://www.thehindu.com/news/national/article2789902.ece
 3. Prof. Utsa Patnaik, "Capitalism and the production of poverty", First T.G.Narayanan Memorial Lecture, January 13, 2012 under the auspices of the Asian College of Journalism, Chennai.
 4. C P Chandrasekhar, "More Evidence of Jobless Growth", Peoples Democracy, vol. 35, no. 31, July 2011
 5. Editorial, "Hunger, Malnutrition Stalk the Land, Belie PM’s Claims, Peoples Democracy vol. 36, no.3, Jan 2012
 6. Times of India Report, 29th Oct, 2011 http://articles.timesofindia.indiatimes.com/2011-10-29/india/30336020_1_...
 7. Jean Dreze, "Mending the Food Security Act" in Opinion column of The Hindu, May 24, 2011
 8. IFPRI, "2011 Global Hunger Index - The challenges of hunger: Taming price spikes and excessive food price volatality", Oct 2011, Available Online: www.ifpri.org/sites/default/files/publications/ghi11.pdf
 9. Food and Agriculture Organization, "The State of Food Insecurity in the World 2010" http://www.fao.org/docrep/013/i1683e/i1683e.pdf
 10. National Food Security Bill Final draft, Available Online: http://fcamin.nic.in/dfpd_html/Draft_National_Food_Security_Bill.pdf
 11. www.worldhunger.org
 12. Angus Deaton, Jean Drèze, "Food and Nutrition in India: Facts and Interpretations", Economic & Political Weekly, vol. XLIV, no. 7, 2009
 13. Fred Magdoff, "Food as a Commodity", Monthly Review, Jan 2012
 14. Dr. Binayak Sen, member of Planning Commission's Steering Committee on Health, in a public gathering in Indian Institute of Science.