അന്റോണിയോ ഗ്രാംഷി: ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം

[ഇന്ത്യന്‍ ഫാഷിസത്തിനെതിരെ ധീരമായി പോരാടുന്നവര്‍ക്ക് ഈ ലേഖനം സമര്‍പ്പിക്കുന്നു.]

കടന്നുപോയ മുഴുവന്‍ നൂറ്റാണ്ടുകളുടെ ചരിത്രം എടുത്തു പരിശോധിച്ചാല്‍ മുന്‍ നൂറ്റാണ്ടുകള്‍ മൊത്തത്തില്‍ സൃഷ്ടിച്ച മാറ്റങ്ങളേക്കാള്‍ വിപ്ലവങ്ങള്‍ കടന്നുവന്നതും വൈരുദ്ധ്യങ്ങള്‍ ഉളവാക്കിയതുമായ ഒരു കാലമാണ് ഇരുപതാം നൂറ്റാണ്ട്. മുതലാളിത്തത്തിന്റെ വികസിതരൂപമായ സാമ്രാജ്യത്വത്തിന്റെ കടന്നുവരവ്, ലോകം കണ്ട ഭീകരമായ രണ്ടു മഹായുദ്ധങ്ങള്‍, മൃഗീയതയുടെ വിശ്വരൂപമായ ഫാഷിസം ജന്മം എടുത്തതും തകര്‍ത്തെറിയപ്പെട്ടതും, ഭൂമിയെ മുഴുവനായി നശിപ്പിച്ചുകളയുവാന്‍ തക്കവണ്ണമുള്ള ദ്രവ്യത്തിന്റെ പരമാണുവിനെ വേര്‍പ്പെടുത്തികൊണ്ടുള്ള ന്യൂക്ലിയര്‍ ആയുധങ്ങളുടെ നിര്‍മ്മാണം എന്നിവയെല്ലാം ഈ കാലഘട്ടത്തെ വ്യത്യസ്തമാക്കുന്നു. സാമ്രാജ്യത്വത്തെ തകര്‍ത്തുകൊണ്ടും കമ്മ്യൂണിസം എന്ന സമത്വസുന്ദരസ്വപ്നം കണ്ടുകൊണ്ടും ബോള്‍ഷെവിക് വിപ്ലവത്തോടെ സോഷ്യലിസമെന്ന ഉല്‍കൃഷ്ടമായ സാമൂഹികക്രമം കടന്നുവന്നതും തകര്‍ന്നതും ഇരുപതാം നൂറ്റാണ്ടില്‍ തന്നെ. തുടര്‍ന്ന് മറ്റൊരു രീതിയില്‍ ലാറ്റിന്‍ അമേരിക്കയില്‍ സോഷ്യലിസം രൂപം കൊണ്ടതും അതിജീവിച്ചതും ഈ നൂറ്റണ്ടില്‍ തന്നെ. മനുഷ്യന്റെ എല്ലാ വികാരങ്ങള്‍ക്കും വിലയിടുകയും, ചൂഷണോപാധിയായ ചരക്കാക്കി മാറ്റുകയും ചെയ്യുന്ന ആഗോളവല്‍ക്കരണ കാലഘട്ടം കടന്നുവന്നതും ഇരുപതാം നൂറ്റാണ്ടില്‍ തന്നെ. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ സാമ്രാജ്യത്വം അതിന്‍റെ ശക്തമായ കരങ്ങള്‍ കൊണ്ട് ലോകത്തെ വരിഞ്ഞു മുറുക്കിയ കാലത്താണ് അന്റോണിയോ ഗ്രാംഷി തന്‍റെ രാഷ്ട്രിയപ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്ന് ഏകരാജ്യവിപ്ലവം, വിശ്വവിപ്ലവം, യുദ്ധത്തോടുള്ള സമീപനം എന്നീ വിഷയങ്ങളില്‍ മുതലാളിത്തത്തിനു ബദലുകള്‍ മുന്നോട്ടു വക്കുന്ന സൈദ്ധാന്തികചര്‍ച്ച ഇടതുപക്ഷത്തു നടന്നുപോന്നിരുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിലെ മുതലാളിത്തവ്യവസ്ഥയിലെ ആന്തരികവൈരുദ്ധ്യങ്ങളും അതിനെതിരെ താഴെ തട്ടില്‍ നിന്നുള്ള തൊഴിലാളിവര്‍ഗ്ഗത്തിന്റെ ശക്തമായ എതിര്‍പ്പുമാണ് കാള്‍മാര്‍ക്സും, ഫെഡറിക് ഏംഗല്‍സും വിശദീകരിച്ചത്. മുതലാളിത്തത്തിന്റെ വികസിതരൂപമായ സാമ്രാജ്യത്വത്തിന്റെ സവിശേഷതകളും അതിനെതിരെയുള്ള തൊഴിലാളിവര്‍ഗ്ഗനിലപാടുകളുമാണ് ലെനിന്‍ ആവിഷ്കരിച്ചത്. ലിംഗവിവേചനം മുതലാളിത്തസമൂഹത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന മൂലധനത്തിലധിഷ്ഠിതമായ ചിന്തയാണ് റോസാ ലക്സംബര്‍ഗ് പങ്കുവക്കുന്നത്. ഏഷ്യന്‍ സാഹചര്യത്തില്‍ എങ്ങനെ സോഷ്യലിസ്റ്റ് വിപ്ലവം കടന്നുവരുമെന്നും ഫാക്ടറി തൊഴിലാളികള്‍ക്ക് പകരം ഇവിടെയുള്ള കര്‍ഷകരെ എങ്ങനെ വിപ്ലവത്തിനു സജ്ജരാക്കാം എന്നുമുള്ള പദ്ധതിയാണ് മാവോ സേദോങ് ആവിഷ്കരിക്കുന്നത്. ഇങ്ങനെ ഒറ്റ വാചകത്തിലൊതുക്കിയാല്‍, ഫാഷിസ്റ്റ് കാലഘട്ടത്തിലെ മാര്‍ക്സിസമാണ് ഗ്രാംഷിയന്‍ ചിന്ത. 1950 കളില്‍ മാത്രമേ ഗ്രാംഷിയന്‍ ആശയങ്ങള്‍ ലോകശ്രദ്ധയില്‍ വരുന്നുള്ളൂ. ചുരുങ്ങിയ കാലയളവില്‍ തന്നെ ഈ ആശയങ്ങള്‍ ഉളവാക്കിയ അക്കാദമികവും സൈദ്ധാന്തികവും രാഷ്ട്രീയവുമായ ചര്‍ച്ചകളുടെ വ്യാപ്തി വളരെ വലുതാണ്.

ദുരിതപൂര്‍ണ്ണമായ ബാല്യം

അന്റോണിയോ ഗ്രാംഷിയുടെ ജീവിതത്തിലേക്ക് കണ്ണോടിച്ചാല്‍, ഇത്രത്തോളം വലിയ പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ച മറ്റൊരു രാഷ്ട്രീയപ്രവര്‍ത്തകനും സൈദ്ധാന്തികനും ഇല്ല എന്നു തന്നെ പറയാം. ഇറ്റലിയുടെ ഒരു ഭാഗവും മധ്യധരണ്യാഴിയിലെ ഒരു ദ്വീപുമായ, സാമൂഹികമായ പിന്നോക്കാവസ്ഥയിലുള്ള സര്‍ദീനിയായിലെ അലാസ് പട്ടണത്തിലാണ് 1891ല്‍ ഒരു ദരിദ്രകുടുംബത്തില്‍ ഗ്രാംഷി ജനിക്കുന്നത്. ഒരു ചെറിയ സര്‍ക്കാര്‍ ജോലിക്കാരനായ ഗ്രാംഷിയുടെ പിതാവ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ച ഒരു അഴിമതിക്കേസില്‍ ആരോപിതനാവുകയും തെളിവുകള്‍ ഒന്നും ഇല്ലാതിരിന്നിട്ടു പോലും ജോലി നഷ്ടപ്പെട്ട് തടവിലാക്കപ്പെടുകയും ചെയ്തു. ഇക്കാലമത്രയും ഗ്രാംഷിയുടെ മാതാവ് വളരെ കഷ്ടപ്പാടുകള്‍ അനുഭവിച്ചാണ് തന്‍റെ ഏഴു മക്കളെയും വളര്‍ത്തിയത്. ഗ്രാംഷിയുടെ ബാല്യം ഏറ്റവും ദുരിതപൂര്‍ണ്ണമായിരുന്നു. ചെറുപ്പം മുതലേ അസുഖങ്ങള്‍ കൂടപ്പിറപ്പായ ഗ്രാംഷിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. നട്ടെല്ലിനു സംഭവിച്ച തകരാറു മൂലം ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിന് ഒരു കൂനനായി കഴിച്ചു കൂട്ടേണ്ടി വന്നു. നട്ടെല്ലിനു വളവുണ്ടായതു മൂലം കഷ്ടിച്ച് അഞ്ച് അടി ഉയരം മാത്രമെ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. കൂടാതെ ആന്തരികാവയവങ്ങള്‍ക്കുണ്ടായ വൈകല്യം ഒരിക്കല്‍ മരണത്തിന്റെ വക്കു വരെ എത്തിക്കുകയും ചെയ്തു. തുടര്‍ന്നും അത് അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു.

യൂണിവേഴ്സിറ്റി വിദ്യാഭ്യാസം, ബോള്‍ഷെവിക് വിപ്ലവം, വിപ്ലവകാരിയുടെ ജനനം

1898ല്‍ ഗീര്‍ലാസയില്‍ വിദ്യാഭ്യാസം ആരംഭിച്ചെങ്കിലും സമ്പത്തികപ്രയാസം കാരണം അത് മുടങ്ങിപ്പോയി. പിതാവ് ജയില്‍ മോചിതനായി തിരിച്ചെത്തിയ ശേഷമാണ് വിദ്യാഭ്യാസം തുടരാനായത്. സ്കൂള്‍ കാലഘട്ടം മുതലേ ഗ്രാംഷി കോളനി-വിരുദ്ധ സാമ്രാജ്യത്വവിരുദ്ധ കാഴ്ചപ്പാടുള്ള ആളായിരുന്നു. സോഷ്യലിസ്റ്റായ ജ്യേഷ്ഠന്‍ ഗ്രാംഷിയെ വളരെ സ്വാധീനിച്ചു. കൂടാതെ സ്വന്തം നാട്ടുകാരെ നിരന്തരം ചൂഷണം ചെയ്തുപോന്ന വ്യവസായികളായ വടക്കന്‍ പ്രദേശത്തുകാരുടെ പ്രവൃത്തികളും സര്‍ദീനിയയില്‍ ഉണ്ടായ ലഹളയെ മൃഗീയമായി അടിച്ചമര്‍ത്തിയ സര്‍ക്കാര്‍ നടപടിയും ഗ്രാംഷിയുടെ ഉള്ളിലെ തൊഴിലാളിവര്‍ഗ്ഗസ്നേഹിയെ ഉണര്‍ത്തി. ദരിദ്രവിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് നേടിയതിനാല്‍ 1911ല്‍ അദ്ദേഹത്തിന് ടൂറിന്‍ സര്‍വ്വകലാശാലയില്‍ ചേര്‍ന്ന് പഠിക്കുവാന്‍ കഴിഞ്ഞു. അവിടെവച്ചാണ് അദ്ദേഹം സഹകമ്യൂണിസ്റ്റുകാരനായ പാല്‍മീമോ തോഗ്ലിയാത്തിയുമായി പരിചയപ്പെടുന്നത്. യൂണിവേഴ്സിറ്റിയിലെ പല പ്രൊഫസര്‍മാരും കമ്യൂണിസ്റ്റ് ആശയത്തോട് അനുഭാവമുള്ളവരായിരുന്നു. ഉബര്‍ടോ തെരച്ചീനി, ദാന്തേസ്കോളര്‍, ആനിബാര്‍ പാസ്റ്റോള്‍ തുടങ്ങിയവരുടെ ക്ലാസ്സുകളില്‍ നിന്നും ഗ്രാംഷി മാര്‍ക്സിസത്തെ കുറിച്ച് ആഴത്തിലുള്ള അറിവ് സമ്പാദിച്ചു. അന്റോണിയോ ലാംബ്രിയോള, ബെനിറ്റോ ക്രോച്ചേ തുടങ്ങിയ ചിന്തകരും അദ്ദേഹത്തെ സ്വാധീനിച്ചു. സോഷ്യലിസ്റ്റ് ആശയഗതി ഇറ്റലിയില്‍ കൂടുതല്‍ വ്യാപകമാവുകയായിരുന്നു.

സ്കോളര്‍ഷിപ്പ് തുക വളരെ തുച്ഛമായതിനാല്‍ രോഗപീഡയില്‍ യാതന അനുഭവിച്ചിരുന്ന അദ്ദേഹത്തിന് വിദഗ്ദ്ധചികിത്സ തേടുവാനോ, മരുന്നുകള്‍ കഴിക്കുവാനോ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പോഷകാഹാരക്കുറവ് ഉണ്ടാവുകയും, വികലാംഗനായി തീരുമോ എന്ന സംശയം ഉണ്ടാവുകയും ചെയ്തു. 1915ല്‍ രോഗം മൂര്‍ച്ഛിച്ച അദ്ദേഹം പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി. ഈ സമയത്തും അദ്ദേഹം എല്ലാ വെല്ലുവികളെയും അതിജീവിച്ച് സോഷ്യലിസ്റ്റ് രാഷ്ട്രീയം പിന്‍തുടര്‍ന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ അവന്തിയുടെ പ്രിന്റ് എഡിഷന്‍റെ സഹപത്രാധിപരാവുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ആദ്യ പൊതുപ്രസംഗം 1916ല്‍ ആയിരുന്നു. റൊമൈന്‍ റോളങ്, പാരീസ് കമ്യൂണ്‍, വനിതാവിമോചനം എന്നീ വിഷയങ്ങളിലാണ് അദ്ദേഹം സംസാരിച്ചത്. ടൂറിനിലെ തൊഴിലാളികള്‍ ഭരണവര്‍ഗ്ഗത്തിന് എതിരെ നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെയും, ഫാക്ടറി കൗണ്‍സില്‍ പ്രസ്ഥാനത്തിന്‍റെയും സൈദ്ധാന്തികനേതാവും മുഖ്യവക്താവുമായതോടെ ദേശീയശ്രദ്ധ ആകര്‍ഷിക്കുന്ന വ്യക്തിയായി തീര്‍ന്നു ഗ്രാംഷി.

1917ലെ റഷ്യന്‍ ബോള്‍ഷെവിക് വിപ്ലവം അദ്ദേഹത്തെ വളരെ ആകര്‍ഷിച്ചു. മാര്‍ക്സിസത്തിന്‍റെ രാഷ്ട്രീയ, സാംസ്കാരിക സാധ്യതകളെക്കുറിച്ചറിയുവാന്‍ ഈ വിപ്ലവം പ്രചോദനമായി. തുടര്‍ന്ന് സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ദ ന്യൂ ഓര്‍ഡര്‍ (L'Ordine Nuovo) എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. റഷ്യന്‍ മോഡല്‍ ഫാക്ടറി കൗണ്‍സിലുകള്‍ എന്ന ആശയം ആദ്യമായി ചര്‍ച്ച ചെയ്യപ്പെടുന്നത് ഈ പ്രസിദ്ധീകരണത്തിലാണ്. ലെനിന്‍ വാഗ്ദാനം ചെയ്ത പിന്തുണ ഉപയോഗിച്ച് ഫാക്ടറി കൗണ്‍സിലുകള്‍ ജനാധിപത്യപരമായി ഏറ്റെടുക്കാമെന്ന ആശയം ഇറ്റാലിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി നിരാകരിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് ആശയപരമായ ഭിന്നതമൂലം 1921 ജനുവരി രണ്ടാം തീയതി സോഷ്യലിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നിന്ന് ഇടതുപക്ഷം വേര്‍തിരിക്കുകയും, ഗ്രാംഷിയുടെയും, തോഗ്ലിയാത്തിയുടെയും ബോര്‍ഡിഗോയുടെയും നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. പിന്നീട് ഈ പാര്‍ട്ടികകത്ത് ബോര്‍ഡിഗോയുടെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഗ്രാംഷിക്ക് പൊരുതേണ്ടി വന്നു.

xdfdfd
എല്ലാ മനുഷ്യരും ബുദ്ധിജീവികള്‍ തന്നെ! [Credits: LinneaWest.com]

ജയില്‍ ജീവിതം

1922ലാണ് മുസോളനിയുടെ നേതൃത്വത്തില്‍ ഫാഷിസ്റ്റുകള്‍ അധികാരം പിടിച്ചെടുക്കുന്നത്. അപ്പോള്‍ ഗ്രാംഷി മോസ്കോയില്‍ കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ 4-ആം കോണ്‍ഗ്രസില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു. 1924ല്‍ പാര്‍ലമെന്‍റിലേക്ക് തിരഞ്ഞെടുക്കുകയും 1926ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായി നിയമിക്കപ്പെടുകയും ഉണ്ടായി. 1926 ജനുവരിയില്‍ ലിയോണില്‍ വച്ച് നടന്ന കോണ്‍ഗ്രസ്സില്‍ വച്ചാണ് ഫാഷിസത്തിന് എതിരായ ഐക്യമുന്നണി എന്ന ഗ്രാംഷിയുടെ ആശയത്തിന് പിന്തുണ ലഭിച്ചത്. പക്ഷേ ഫാഷിസം ഏറ്റവും അധികം ഭയപ്പെട്ടത് കമ്യൂണിസത്തെയും ഗ്രാംഷിയുടെ തലച്ചോറിനെയും ആയതുകൊണ്ട് 1926ല്‍ തന്നെ മുസോളിനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കുകയും 1926 നവംബര്‍ 8-ആം തീയതി ഗ്രാംഷിയെ വിചാരണ ചെയ്യുകയും 20 വര്‍ഷം തടവിനു ശിഷിക്കുകയും ചെയ്തു. മുസോളിനിയുടെ ആജ്ഞാനുവര്‍ത്തിയായ ജഡ്ജി 25 വര്‍ഷത്തേക്ക് ഗ്രാംഷിയുടെ തലച്ചോറിനെ പ്രവര്‍ത്തനരഹിതമാക്കണം എന്നാണ് വിധിച്ചത്.

1917ലെ റഷ്യന്‍ ബോള്‍ഷെവിക് വിപ്ലവം അദ്ദേഹത്തെ വളരെ ആകര്‍ഷിച്ചു. മാര്‍ക്സിസത്തിന്‍റെ രാഷ്ട്രീയ, സാംസ്കാരിക സാധ്യതകളെക്കുറിച്ചറിയുവാന്‍ ഈ വിപ്ലവം പ്രചോദനമായി. തുടര്‍ന്ന് സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ദ ന്യൂ ഓര്‍ഡര്‍ (L'Ordine Nuovo) എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. റഷ്യന്‍ മോഡല്‍ ഫാക്ടറി കൗണ്‍സിലുകള്‍ എന്ന ആശയം ആദ്യമായി ചര്‍ച്ച ചെയ്യപ്പെടുന്നത് ഈ പ്രസിദ്ധീകരണത്തിലാണ്.

പക്ഷേ ഗ്രാംഷി തോറ്റു കൊടുക്കുവാന്‍ സന്നദ്ധനായിരുന്നില്ല. ഫാഷിസത്തിന് അദ്ദേഹത്തിന്‍റെ തലച്ചോറൊഴികെയുള്ള ഭാഗങ്ങളെ മാത്രമെ തടവിലാക്കുവാന്‍ സാധിച്ചുള്ളൂ. തടവറയില്‍ കഴിഞ്ഞ സമയത്ത് പീഡനങ്ങളെ അതിജീവിച്ചുകൊണ്ട് നടത്തിയ രചനകളിലൂടെ അദ്ദേഹത്തിന്‍റെ ഏറ്റവും സര്‍ഗാത്മകമായ കാലഘട്ടം കടന്നു വന്നു. തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ ഭാവിയെ സോഷ്യലിസത്തിലേക്ക് എങ്ങനെ നയിക്കാമെന്ന ധൈഷണിക അന്വേഷണത്തിന് തടവുകാലം ഗ്രാംഷി ഉപയോഗിച്ചു. അവിടെ വച്ചാണ് മാര്‍ക്സിസ്റ്റ് സൈദ്ധാന്തിക ചരിത്രത്തിലെ നാഴികകല്ലായി മാറിയ ജയില്‍കുറിപ്പുകള്‍ (Prison Notebooks) പിറവിയെടുക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട് മിലാനില്‍ കഴിയുമ്പോഴാണ് ജയില്‍ കുറിപ്പുകള്‍ക്കുള്ള പദ്ധതി തയ്യാറാക്കുന്നത്. ഈ കാലത്ത് അദ്ദേഹത്തിനു വായിക്കാനും ആഴ്ചയില്‍ രണ്ട് കത്തുകളെഴുതുവാനുമുള്ള അനുമതി ലഭിച്ചു. അദ്ദേഹം അത് പരമാവധി പ്രയോജനപ്പെടുത്തി. ആര്‍ത്തിയോടെ വായിച്ചു. 1927 മാര്‍ച്ച് 19ന് ഭാര്യാസഹോദരി താനിയ(താത്തിയാന)ക്കെഴുതിയ കത്തിലൂടെയാണ് ജയില്‍ കുറിപ്പുകളെഴുതാനുള്ള പദ്ധതിയെകുറിച്ച് സൂചിപ്പിക്കുന്നത്. നാലു ഭാഗങ്ങളായി തിരിച്ച് പഠനത്തിലേര്‍പ്പെടാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 1929 ജനുവരിയില്‍ എഴുതാനുള്ള അനുമതിയും അദ്ദേഹത്തിന് ജയില്‍ അധികൃതരില്‍ നിന്ന് ലഭിച്ചു. 1929 ഫെബ്രുവരി 8ന് ജയിലിന്‍റെ മുദ്രവച്ച നോട്ടുപുസ്തകത്തില്‍ അദ്ദേഹം എഴുതി തുടങ്ങി. തടവറയില്‍ വച്ചെഴുതിയതുകൊണ്ട് അപൂര്‍ണ്ണതയും അപര്യാപ്തതയും വാക്കുകളില്‍ പ്രകടമാണ്. വാക്കുകളുടെ യാഥാര്‍ത്ഥ അര്‍ത്ഥം അധികൃതരില്‍ നിന്ന് മറച്ചു പിടിക്കേണ്ടതു കൊണ്ട് ബദല്‍ വാക്കുകള്‍ ഉപയോഗിച്ചു. ഉദാഹരത്തിന് മാര്‍ക്സിസം എന്നതിനെ Philosophy of Praxis എന്നാണ് ഉപയോഗിച്ചിരുന്നത്.

ഈ സമയത്ത് രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ജയില്‍മോചിതനായ അദ്ദേഹം 1935 ആഗസ്റ്റില്‍ ക്വിസിസാനാ (Quisisana) സാനിട്ടോറിയത്തില്‍ എത്തുകയും മസ്തിഷ്കസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലാകുകയും ചെയ്തു. തുടര്‍ന്ന് 1937 ഏപ്രില്‍ 27ന് 46 വര്‍ഷം നീണ്ടു നിന്ന ചെറുത്തുനില്‍പ്പുകളുടെ ആ മഹത്തായ ജീവിതം അവസാനിച്ചു. അത് മരണമായിരുന്നില്ല, മറ്റൊരര്‍ത്ഥത്തില്‍ അത് രക്തസാക്ഷിത്വം തന്നെയാണ്.

ജയില്‍ കുറിപ്പുകള്‍

ഗ്രാംഷിയുടെ മരണശേഷം ഭാര്യാസഹോദരി താനിയ കുറിപ്പുകള്‍ സുരക്ഷിതമായി മാറ്റുകയും പിന്നീട് മോസ്ക്കോയിലേക്ക് കടത്തുകയും ചെയ്തു. 1947 പ്രസിദ്ധീകൃതമാകുന്നതുവരെ നോട്ടുബുക്കുകളുടെ ഉള്ളടക്കം ആര്‍ക്കും അറിയില്ലായിരുന്നു. ആദ്യത്തെ രണ്ടുവാല്യങ്ങള്‍ പ്രധാനമായും അദ്ദേഹത്തിന്‍റെ കത്തുകളായിരുന്നു. തുടര്‍ന്ന് ആറ് വാല്യങ്ങള്‍ കൂടി പ്രസിദ്ധീകരിച്ചു. ഗ്രാംഷിയുടെ രചനകളെ രണ്ടു ഭാഗങ്ങളായി തിരിക്കാം. 1914 മുതല്‍ 1926 വരെയുള്ളവ “Preprison writings” എന്ന് അറിയപ്പെടുന്നു. അധികാരം പിടിച്ചെടുക്കുന്നതിനു മുമ്പ് തൊഴിലാളിവര്‍ഗ്ഗം നേതൃത്വം കാണാന്‍ കഴിവുള്ളവരാകണമെന്ന ആശയം ഗ്രാംഷിയന്‍ ചിന്തയില്‍ നിറഞ്ഞു നില്‍ക്കുന്നു. 2848 പേജുകളുള്ള അദ്ദേഹത്തിന്‍റെ ജയില്‍കുറിപ്പുകള്‍ റോമിലുള്ള ഗ്രാംഷി ഗവേഷണകേന്ദ്രത്തില്‍ സൂക്ഷിച്ചുവച്ചിരിക്കുന്നു. വളരെ ജാഗ്രതയോടെ സംരക്ഷിക്കുന്ന ഈ നോട്ടുബുക്കുകള്‍ പരിശോധിക്കുവാനുള്ള അവസരം ലഭിച്ചുവെന്ന് അഭിമാനപൂര്‍വ്വം പ്രൊഫസര്‍ കെ.എന്‍.പണിക്കര്‍ രേഖപ്പെടുത്തുന്നു.

xdfdfd
മുസോളിനിയുടെ ആജ്ഞാനുവര്‍ത്തിയായ ജഡ്ജി 25 വര്‍ഷത്തേക്ക് ഗ്രാംഷിയുടെ തലച്ചോറിനെ പ്രവര്‍ത്തനരഹിതമാക്കണം എന്നാണ് വിധിച്ചത്. പക്ഷേ ഗ്രാംഷി തോറ്റു കൊടുക്കുവാന്‍ സന്നദ്ധനായിരുന്നില്ല. ഫാഷിസത്തിന് അദ്ദേഹത്തിന്‍റെ തലച്ചോറൊഴികെയുള്ള ഭാഗങ്ങളെ മാത്രമെ തടവിലാക്കുവാന്‍ സാധിച്ചുള്ളൂ. തടവറയില്‍ കഴിഞ്ഞ സമയത്ത് പീഡനങ്ങളെ അതിജീവിച്ചുകൊണ്ട് നടത്തിയ രചനകളിലൂടെ അദ്ദേഹത്തിന്‍റെ ഏറ്റവും സര്‍ഗാത്മകമായ കാലഘട്ടം കടന്നു വന്നു. അവിടെ വച്ചാണ് മാര്‍ക്സിസ്റ്റ് സൈദ്ധാന്തിക ചരിത്രത്തിലെ നാഴികകല്ലായി മാറിയ ജയില്‍കുറിപ്പുകള്‍ (Prison Notebooks) പിറവിയെടുക്കുന്നത്. [Crdits:Marxists.Org]

ഫാഷിസ്റ്റ് കാലഘട്ടത്തിലെ ഭൗതികസാഹചര്യങ്ങളില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് മാര്‍ക്സിന്‍റെ വിപ്ലവസിദ്ധാന്തത്തെ വികസിപ്പിക്കുവാനുള്ള ശ്രമമാണ് തടവറക്കുറിപ്പുകളില്‍ ഗ്രാംഷി നടത്തിയത്. ഗ്രാംഷിയുടെ ധൈഷണിക സംഭാവനകളിലെ ഏറ്റവും കാതലായ സങ്കല്‍പനമാണ് മേല്‍കോയ്മ (hegemony). ഗ്രാംഷി പൗരസമൂഹത്തേയും (civil society) രാഷ്ട്രീയസമൂഹത്തെയും (political society) വേര്‍തിരിച്ചു കാണുന്നു. സ്വകാര്യസ്ഥാപനങ്ങളായ വിദ്യാലയങ്ങള്‍, ദേവാലയങ്ങള്‍, സമിതികള്‍, പ്രസിദ്ധീകരണങ്ങള്‍, രാഷ്ട്രീയ കക്ഷികള്‍ മുതലായവകള്‍ പൗരസമൂഹത്തില്‍പ്പെടുന്നു. ഇവയാണ് സാമൂഹികവും രാഷ്ട്രീയുമായ ബോധം സമൂഹത്തില്‍ നിര്‍മ്മിക്കുകയും ദൃഡീകരിക്കുകയും ചെയ്യുന്നത്. നേരിട്ട് മേധാവിത്വം അടിച്ചേല്‍പ്പിക്കുന്ന പൊതുസ്ഥാപനങ്ങളായ ഗവണ്‍മെന്‍റ്, കോടതികള്‍, പോലീസ്, സൈന്യം എന്നിവയാണ് രാഷ്ട്രീയ സമൂഹത്തില്‍പ്പെടുന്നത്. മുതലാളിത്ത സമൂഹത്തില്‍ ജനങ്ങള്‍ ഭരിക്കപ്പെടുന്നത് പ്രത്യക്ഷമായ അടിച്ചമര്‍ത്തലുകളിലൂടെ മാത്രമല്ല, ക്യാപിറ്റലിസത്തിന്‍റെ ദര്‍ശനങ്ങളിലൂടെയുമാണ് എന്ന ആശയത്തെക്കുറിച്ചു സംവദിക്കുന്നതിനു വേണ്ടിയാണ് മേല്‍കോയ്മ എന്ന തന്റെ സങ്കല്പനം ഗ്രാംഷി അവതരിപ്പിക്കുന്നത്. ബലപ്രയോഗത്തിലൂടെയും (Force) പൊതുസമ്മതത്തിലൂടെയും (consent) മുതലാളിത്തം നേടിയെടുക്കുന്ന ഹെജിമണി തകര്‍ത്തുകൊണ്ട് തൊഴിലാളിവര്‍ഗ്ഗത്തിനന്റേതായ ഹെജിമണി സ്ഥാപിക്കപ്പെടണം എന്നാണ് ഗ്രാംഷി ചൂണ്ടിക്കാട്ടിയത്. വിപ്ലവപ്രവര്‍ത്തനത്തില്‍ ബുദ്ധിജീവികളുടെ പങ്ക്, കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാനം, ഫാഷിസത്തിനെതിരായ ഐക്യമുന്നണിയുടെ പ്രസക്തി അങ്ങനെ നിരവധി വിഷയങ്ങളില്‍ ഗ്രാംഷി നൂതനമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. സാംസ്കാരികമേല്‍കോയ്മ ബൂര്‍ഷ്വാസിക്കു നിലനിര്‍ത്താന്‍ കഴിയുന്നിടത്തോളം കാലം തൊഴിലാളിവര്‍ഗ്ഗവിപ്ലവം അസാധ്യമാണെന്നു ഗ്രാംഷി ചൂണ്ടിക്കാട്ടി. ഭരണകൂടം പിടിച്ചെടുത്തതുകൊണ്ടു മാത്രം തൊഴിലാളിവര്‍ഗ്ഗത്തിന് മേധാവിത്വം സ്ഥാപിക്കാന്‍ കഴിയുകയില്ലെന്നും, ഭരണകൂടാധികാരം പിടിച്ചെടുക്കുന്നതിനു മുമ്പ് തന്നെ പൗരസമൂഹത്തെയാകെ ആശയപരമായി ആയുധം അണിയിക്കുവാന്‍ തൊഴിലാളിവര്‍ഗ്ഗപാര്‍ടി ഒരു വിദ്യാഭ്യാസസ്ഥാപനമായി പ്രവര്‍ത്തിക്കണമെന്നും ഗ്രാംഷി ചൂണ്ടിക്കാട്ടി. ഇറ്റലിയിലെ പ്രതിസന്ധി മൂടിവയ്ക്കുവാനല്ലാതെ പരിഹരിക്കുവാന്‍ മുസോളിനിയുടെ ഫാഷിസത്തിന് കഴിയുകയില്ല എന്ന് ഗ്രാംഷി ചൂണ്ടിക്കാട്ടി. ഫാഷിസം ഒരുപക്ഷെ കുറച്ചുകാലം നിലനില്‍ക്കാമെങ്കിലും അത് ഒരു പുതുയുഗപ്പിറവിയാകില്ലെന്ന് ഗ്രാംഷി പ്രവചിച്ചത് തെളിയിക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ മരണശേഷം 8 വര്‍ഷം പിന്നിട്ടപ്പോള്‍ ഇറ്റലിയില്‍ നിന്ന് മാത്രമല്ല യൂറോപ്പില്‍ നിന്നു തന്നെ ഫാഷിസം തൂത്തെറിയപ്പെട്ടു.

ബലപ്രയോഗത്തിലൂടെയും (Force) പൊതുസമ്മതത്തിലൂടെയും (consent) മുതലാളിത്തം നേടിയെടുക്കുന്ന ഹെജിമണി തകര്‍ത്തുകൊണ്ട് തൊഴിലാളിവര്‍ഗ്ഗത്തിനന്റേതായ ഹെജിമണി സ്ഥാപിക്കപ്പെടണം എന്നാണ് ഗ്രാംഷി ചൂണ്ടിക്കാട്ടിയത്.

ഗ്രാംഷിയന്‍ ചിന്ത ഇന്ന്

ലോകപ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകരായ ലൂയി അള്‍ത്തൂസര്‍, പെരി ആന്റേഴ്സണ്‍, എറിക് ഹോബ്സ്ബോം എന്നിവര്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ക്സിസ്റ്റ് ചിന്തകനായി ഗ്രാംഷിയെ വിലയിരുത്തുന്നു. ലൂയി അള്‍ത്തൂസറും പെരി ആന്റേഴ്സണും സത്യത്തില്‍ ഗ്രാംഷിയുടെ ആരാധകരായിരുന്നില്ല. മറിച്ച് വിമര്‍ശകരായിരുന്നുവെന്ന് അറിയുക. "For Marx" എന്ന തന്‍റെ പ്രശസ്തമായ കൃതിയില്‍ അള്‍ത്തൂസര്‍ പറയുന്നു: "മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും അന്വേഷണങ്ങള്‍ യഥാര്‍ത്ഥത്തില്‍ തുടരാന്‍ ശ്രമിച്ചത് ആരാണെന്നു നോക്കിയാല്‍ എനിക്ക് ഗ്രാംഷിയെക്കുറിച്ച് മാത്രമേ ചിന്തിക്കാന്‍ കഴിയുന്നുള്ളൂ." ഗ്രാംഷിയെക്കുറിച്ച് എഴുതപ്പെട്ട വിമര്‍ശനാത്മകമായ ലേഖനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പെരി അന്റേഴ്സണിന്‍റെ ന്യൂ ലെഫ്റ്റ് റിവ്യൂ പ്രസിദ്ധപ്പെടുത്തിയ "The Antinomies of Antonio Gramsci". എങ്കിലും അത് ആരംഭിക്കുന്നതു തന്നെ "Today, no Marxist thinker after the classical epoch is so universally respected in the West as Antonio Gramsci" എന്ന വാചകത്തിലൂടെ ആണ്. “Gramsci is probably the most original communist thinker produced by the twentieth century West” എന്നാണ് എറിക്ക് ഹോബ്സ്ബോം രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇന്ത്യന്‍ ഇടതുപക്ഷരാഷ്ട്രീയത്തിലും അക്കാദമിക് അന്വേഷണങ്ങളിലും ഗ്രാംഷിയുടെ സ്വാധീനം വളരെ പരിമിതമാണ്. ഇന്ത്യന്‍ സ്വാതന്ത്യസമരത്തിന്‍റെ വിശകലനത്തില്‍ ബിബിന്‍ ചന്ദ്രയും, സുമിത്ത് സര്‍ക്കാരും, പാര്‍ത്ഥാ ചാറ്റര്‍ജിയും ഗ്രാംഷിയുടെ ചില പരികല്പനകളെ ഉപയോഗിച്ചിട്ടുണ്ട്. ഗ്രാംഷിയുടെ സൈദ്ധാന്തിക ചട്ടക്കൂടില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടെന്ന് അവകാശപ്പെടുന്ന കീഴാളചരിത്രരചന ഉണ്ടായിട്ടുണ്ട്. സമകാലിക രാഷ്ട്രീയത്തില്‍ ഫാഷിസത്തിന്‍റെ വളര്‍ച്ച വിശകലനം ചെയ്യാന്‍ ഐജാസ് അഹമ്മദ് ഗ്രാംഷിയെ ഫലപ്രദമായി ഉപയോഗിച്ചതാണ് മറ്റൊരു ഉദാഹരണം. സാര്‍വലൗകികപ്രസക്തിയുള്ള ഗ്രാംഷിയന്‍ സൈദ്ധിക ഉള്‍ക്കാഴ്ചയില്‍ നിന്നുകൊണ്ട് ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ വിശകലനം ചെയ്യേണ്ടതിന്റെ തയ്യാറെടുപ്പ് ഇടതുപക്ഷം നടത്തേണ്ടയിരിക്കുന്നു. മലയാളത്തില്‍ ഗ്രാംഷി പ്രത്യക്ഷപ്പെടുന്നത് തൊണ്ണൂറുകളില്‍ മാത്രമാണ്. ചിന്ത രവീന്ദ്രന്‍ എഴുതിയ കൊച്ചു ഗ്രന്ഥവും ഇ.എം.എസ്സും പി.ഗോവിന്ദപ്പിളയും കൂട്ടായി എഴുതിയ ഗ്രാംഷിയന്‍ വിചാരവിപ്ലവം എന്ന പഠനവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ മറ്റുചില പ്രസിദ്ധീകരണങ്ങള്‍ കൂടി ലഭ്യമാണ്. എങ്കിലും ശക്തമായ ഇടതുപക്ഷ സ്വാധീനം ഉള്ളിടത്ത് ഗ്രാംഷി വേണ്ടവിധം ചര്‍ച്ചയ്ക്കും പഠനത്തിനും വിധേയമായിട്ടില്ല എന്നത് അത്ഭുതമായി തോന്നാം.

ആഗോളവല്കരണത്തിന്റെ കാലഘട്ടത്തില്‍ മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രം ഇന്ത്യന്‍ സമൂഹത്തെ കീഴടക്കുകയും മേല്‍ക്കോയ്മ സൃഷ്ടിക്കുകയും ഇന്ത്യന്‍ നിര്‍മ്മതിമായ ഫാഷിസം വ്യക്തമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഇതിനെതിരെ ഒരു പ്രതിസംസ്കാരം സ്യഷ്ടിച്ചെടുക്കുവാനും പുരോഗമന ഇടതുശക്തികള്‍ക്ക് പുതിയ പ്രവര്‍ത്തനമണ്ഡലങ്ങള്‍ തുറന്നുകൊടുക്കുവാനും ഗ്രാംഷിയന്‍ ചിന്ത പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണ്.

അവലംബം

  1. ഇ.എം.എസ്സ്, പി.ഗോവിന്ദപ്പിള്ള, “ഗ്രാംഷിയന്‍ വിചാര വിപ്ലവം”
  2. ഡോ. കെ. എന്‍. പണിക്കര്‍, “അന്തോണിയോ ഗ്രാംഷി : ഒരാമുഖം” (പ്രസംഗം)
  3. പ്രൊഫ. വി. കാര്‍ത്തികേയന്‍നായര്‍, “ജയില്‍ക്കുറിപ്പുകള്‍” (പരിഭാഷ)
  4. രവീന്ദ്രന്‍, “അന്റോണിയോ ഗ്രാംഷി”
  5. പി. പി. സത്യന്‍, ഷിജു ഏലിയാസ്, “അന്റോണിയോ ഗ്രാംഷി ഫാസിസത്തെപ്പറ്റി”
  6. ജോര്‍ജ് ദിമിത്രോവ്, “ഫാസിസത്തിനെതിരായ ഐക്യമുന്നണി” (പരിഭാഷ: സി. പി. നാരായണന്‍)
  7. Perry Anderson, “The Antinomies of Antonio Gramsci,” New left review, no. 100, Nov. 1976 – Jan. 1977