ടുണീഷ്യയിലെ കൊലപാതകം

ശുക്രി ബലൈഡിന്റെ (Chokri Belaid) കവിതകളില്‍ ഒരുപക്ഷെ ഏറ്റവും ശ്രദ്ധിക്കപെട്ടത് 1984-ല്‍ സ്വവസതിയില്‍ വെച്ചു വധിക്കപ്പെട്ട ലബണീസ് സാഹിത്ത്യകാരനായ ഹുസൈന്‍ മുറുവയുടെ ഓ‌ര്‍മയ്ക്കായി എഴുതിയ വരികളായിരിക്കാം[1]. കഴിഞ്ഞയാഴ്ച (2013 ഫെബ്രുവരി 6) ടുണീഷ്യയിലെ തന്റെ വീടിനു മുന്നില്‍ വെച്ച് പട്ടാപകല്‍ കൊലചെയ്യപ്പെട്ട ബലൈഡിനെ പക്ഷെ അനശ്വരനാക്കുന്നത് അദ്ദേഹത്തിന്റെ കവിതകളായിരിക്കില്ല; മറിച്ച് തന്റെ മരണം ടുണീഷ്യയുടെ ചരിത്രത്തില്‍ വരുത്താനിരിക്കുന്ന വഴിത്തിരിവായിരിക്കും.

എണ്‍പതുകളില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ ബലൈഡ് തൊണ്ണൂറുകളില്‍ ബെന്‍ അലിയുടെ സ്വേച്ഛാധിപത്ത്യത്തിനെതിരായി ഉയര്‍ന്നുവന്ന മനുഷ്യാവകാശപോരാട്ടങ്ങളില്‍ സജീവമായി. അറബ് വസന്തത്തിന്റെ തുടക്കം കുറിച്ച 2011-ലെ ടുണീഷ്യന്‍ മുല്ലപ്പൂവിപ്ലവത്തിനു ശേഷം തന്റെ ആശയഭദ്രതയും വാഗ്ചാതുര്യവുമായി ടെലിവിഷന്‍ സ്ക്രീനുകളില്‍ ബലൈഡ് നിറഞ്ഞു നിന്നു. ഇടതുപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാട്രിയോട്സ് മൂവ്മെന്റിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ബലൈഡ് ടുണീഷ്യന്‍ വര്‍ക്കേര്‍സ് പാര്‍ട്ടി, ടുണീഷ്യന്‍ ഗ്രീന്‍ പാര്‍ട്ടി, തുടങ്ങി 12 പാര്‍ട്ടികള്‍ ചേര്‍ന്നു രൂപം കൊടുത്ത ഇടതുപക്ഷ കൂട്ടായ്മയുടെ നെടുംതൂണായിരുന്നു. നവലിബറല്‍ സാമ്പതികനയങ്ങളേയും ഇസ്ലാമിക ഭരണക്രമങ്ങളേയും ഒരുപോലെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന 49-കാരനായ ബലൈഡ് അങ്ങനെ ഒരേസമയം എന്നഹ്ദ നയിക്കുന്ന "മിത ഇസ്ലാമിക" സര്‍ക്കാരിന്റെയും തീവ്രവലതുപക്ഷ സലാഫികളുടെയും കണ്ണിലെ കരടായിത്തീര്‍ന്നു. ബലൈഡിനെ ഇമാമുകള്‍ 'കാഫിര്‍' എന്നും എന്നഹ്ദ സാമൂഹ്യവിരുദ്ധനെന്നും മുദ്രകുത്തി. ഇവരില്‍ ആര്‍ക്കാണ് ബലൈഡിന്റെ മരണം കൊണ്ട് കൂടുതല്‍ നേട്ടം എന്ന കാര്യത്തില്‍ ഏകാഭിപ്രായമില്ല [2][3]. എന്നാല്‍ പലകുറി വധഭീഷണിയുണ്ടായിട്ടും ഇങ്ങനെ ഒരു കൊലപാതകം സ്വതവെ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ടുണീഷ്യയില്‍ തടയാനാകാത്തതിന്റെ കുറ്റം എന്നഹ്ദ സര്‍ക്കാരിനാണെന്നതില്‍ എതിരഭിപ്രായവുമില്ല.

null

നിറഞ്ഞ തെരുവില്‍ രാവിലെ 8 മണിക്ക് മോട്ടോര്‍ബൈക്കിലെത്തിയ അക്രമി ബലൈഡിന്റെ നെഞ്ചിലും തലയിലും നാലുതവണ നിറയൊഴിച്ചിട്ട് രക്ഷപെടുകയായിരുന്നു. "എന്നഹ്ദയെ എതി‌ര്‍ക്കുന്നവരെല്ലാം തന്നെ അക്രമത്തിനിരയാകും" എന്ന് കൊല്ലപെടുന്നതിന്റെ തലേന്നു രാത്രികൂടി അദ്ദേഹം ഓര്‍മ്മപെടുത്തിയതാണ്.

കഴിഞ്ഞ ഏതാനം മാസങ്ങളായി ടുണീഷ്യയില്‍ കൊടുമ്പിരികൊള്ളുന്ന ജനകീയപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ഈ രാഷ്ട്രീയകൊലപാതകത്തെ കാണാന്‍ [4]. ഇടതുപക്ഷ പ്രക്ഷോഭങ്ങള്‍ വളരെ ശക്തമാകുന്ന കാഴ്ചയാണ് അടുത്തകാലത്ത് ടുണീഷ്യയില്‍. നവലിബറല്‍ നയങ്ങള്‍ക്കെതിരെ അധ്യാപകര്‍ 2013 ജനുവരി 22-നും 23-നും നടത്തിയ പണിമുടക്കില്‍ തലസ്ഥാന നഗരിയായ ടുണിസിലെ 95% അധ്യാപകരും പങ്കെടുത്തു. ബെന്‍ അലിയുടെ ഏകാധിപത്ത്യഭരണകാലത്ത് കമ്മ്യൂണിസ്റ്റുകാരെയാകെ നാടുകടത്തിയും ജയിലിലടച്ചും ഇടത്തുപക്ഷപ്രസ്ഥാനങ്ങളെ അപ്പാടെ ടുണീഷ്യയില്‍ തകര്‍ത്തിരുന്നു. ഇസ്ലാമിക സംഘടനകളുടെ കാര്യത്തിലും ബെന്‍ അലിയുടെ നിലപാടുകള്‍ സമാനമായിരുന്നു. പക്ഷെ പള്ളികളുടെ തണലും, അറബ് രാജ്യങ്ങളില്‍ നിന്നൊഴുകിയെത്തിയ പണവും അവരുടെ അടിവേരുകള്‍ ഇളകാതെ കാത്തു. അതിനാലാണ് മുല്ലപ്പൂവിപ്ലവത്തിനു ശേഷം ഇടതുപക്ഷത്തെ അപേക്ഷിച്ച് ഇസ്ലാമിസ്റ്റുകളും അവരുടെ രാഷ്ട്രീയപാര്‍ട്ടിയായ എന്നഹ്ദയും കാട്ടുതീപോലെ വളര്‍ന്നതും വിപ്ലവം തുടങ്ങി പത്തു മാസത്തിനകം നടന്ന തിരഞ്ഞെടുപ്പില്‍ 37% വോട്ടുകള്‍ നേടി അധികാരത്തില്‍ എത്തിയതും.

xdfdfd
Chokri Belaïd (26 November 1964 – 6 February 2013)

ഇത് വിപ്ലവത്തിന്റെ പടയാളികളായിരുന്ന ഘനിത്തൊഴിലാളികള്‍ക്കും ചേരിനിവാസികള്‍ക്കും മറ്റു പുരോഗമനചിന്താഗതിക്കാര്‍ക്കും തികച്ചും നിരാശാജനകമായിരുന്നു. അവിടുന്നു തുടങ്ങിയാണ് പതുക്കെ ഇടതുപക്ഷം അതിന്റെ സംഘടനാശക്തി വീണ്ടും പണിതുയര്‍ത്തിയത്. പോയമാസങ്ങളിലെ സമരങ്ങളില്‍ ജ്വലിച്ചുകണ്ട ഈ ശക്തിയാവണം അധികാരികളെ ഉലച്ചതും ഇത്ര ഹീനമായ ഒരു കൊലപാതകത്തിനു കൂട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചതും.

ബലൈഡിന്റെ കൊലപാതകത്തെതുടര്‍ന്നു കഴിഞ്ഞദിവസങ്ങളില്‍ നടന്ന പ്രതിഷേധപ്രകടനങ്ങള്‍ പക്ഷെ സര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്.

null

മൊഹമദ് ബൗഅസ്സീസി എന്ന ബിരുദധാരിയായ തെരുവുകച്ചവടക്കാരന്‍ ആത്മാഹുതി ചെയ്ത തീയില്‍ നിന്നാണ് മുല്ലപ്പൂവിപ്ലവത്തിലേക്കു തീ പടര്‍ന്നുകയറിയത്. ബലൈഡിന്റെ ശിരസ്സില്‍ നിന്നു വാര്‍ന്ന ചോര ഒരുപക്ഷെ ഒരു രണ്ടാം വിപ്ലവത്തിന്റെ - ഇത്തവണ ഒരു ഇടതുപക്ഷ-പുരോഗമന വിപ്ലവത്തിന്റെ - പുതുനാമ്പ് കിളിര്‍ക്കുന്നതിനുള്ള നനവു പകര്‍ന്നുകൂടെന്നില്ല. തങ്ങളുടെ സമരം ഇനിയങ്ങോട്ട് അഭിപ്രായസ്വാതന്ത്ര്യത്തിനും സംഘടനസ്വാതന്ത്ര്യത്തിനും വേണ്ടി മാത്രമല്ല, തങ്ങളുടെ നിലനില്‍പ്പിനു തന്നെ അനിവാര്യമാണെന്ന് ടുണീഷ്യന്‍ ജനത ഇതോടുകൂടി തിരിച്ചറിഞ്ഞിരിക്കണം [5]. ബലൈഡിന്റെ ശവസംസ്കാരചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ ജനലക്ഷങ്ങള്‍ അതിനു സാക്ഷ്യം.

കൂടുതല്‍ വായിക്കാന്‍

  1. Chokri Belaid, Wikipedia

  2. Tunisia: killing for political gain, Editorial, The Guardian, February 8, 2013

  3. An assassination in Tunisia, Editorial, The Newyork Times, February 8, 2013

  4. The assassination of hope, Vijay Prashad, The Hindu, February 12, 2013

  5. The poet and politician: Who was Chokri Belaid?, Mohamed-Salah Omri, Think Africa Press, February 7, 2013