അയോധ്യ വിധി: ഒരു വിശകലനം

രാജ്യം ഏറെ ഉറ്റുനോക്കിയിരുന്ന അലഹബാദ് ഹൈക്കോടതിയുടെ അയോധ്യ തര്‍ക്കത്തെ സംബന്ധിച്ച വിധി അഴിക്കാന്‍ ശ്രമിക്കും തോറും മുറുകുന്ന ഒരു കടുംകെട്ടാണ് സമ്മാനിച്ചിരിക്കുന്നത്. ഒരു കോടതി വിധി എന്ന നിലയില്‍ ഇത് ബാക്കി നിര്‍ത്തുന്ന സംശയങ്ങളും, ആകുലതകളും പൊതു സമുഹം അവശ്യം ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ ആണ്.

ഏറെ സ്ഫോടനാത്മകമായ അന്തരീക്ഷം നിലനിന്നപ്പോഴും സമചിത്തതയോടെ വിധിയെ സ്വീകരിച്ച ഭാരതീയ പൊതു സമുഹം പ്രശംസ അര്‍ഹിക്കുന്നു എന്ന് ആദ്യമേ തന്നെ പറയട്ടെ. പക്ഷേ താല്‍ക്കാലികമായ ഈ ശാന്തതയില്‍ മുഴുകി വിധിയെ വെള്ളം തൊടാതെ വിഴുങ്ങുന്നത് അബദ്ധവും, ഭാവിയില്‍ ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ട്ടിക്കാന്‍ ഇട നല്‍കുന്ന നടപടിയും ആയിരിക്കും. ഇവിടെ മാധ്യമങ്ങള്‍ ആഘോഷിച്ചു ചര്‍ച്ച ചെയ്തത് വിധി 'ഹിന്ദുക്കള്‍ക്ക്' അനുകുലമോ അതോ 'മുസല്മാന്മാര്‍ക്ക്' അനുകുലമോ എന്ന അമിതമായി സാമാന്യവല്‍ക്കരിച്ച ഒരു വശം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ഒരു കോടതി വിധി ചര്‍ച്ച ചെയ്യേണ്ടത് അത് യുക്തി ഭദ്രവും, നീതി നിഷ്ഠവും ആണോ എന്നാണ്. ആ ചട്ടക്കൂടില്‍ നിന്നും പരിശോധിക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ ചോദിക്കാതെ വയ്യ:

  1. ഒരു വിഭാഗം ജനങ്ങള്‍, അവര്‍ ജന സംഖ്യയുടെ സിംഹ ഭൂരിപക്ഷം തന്നെ ആകട്ടെ, പുലര്‍ത്തുന്ന വിശ്വാസങ്ങളെ നീതി വ്യവസ്ഥയില്‍ ഒരു തെളിവായി അംഗീകരിക്കാമോ? ഉത്തര്‍പ്രദേശിലെ അയോധ്യ രാമന്റെ ജന്മ സ്ഥലം ആണെന്ന് ഹൈക്കോടതി വിധിച്ചതിലെ യുക്തിയെ ചോദ്യം ചെയ്യാതെ വയ്യ. അങ്ങിനെ എങ്കില്‍ എത്രയോ ജനവിഭാഗങ്ങള്‍ ഇന്ന് നിലനില്‍ക്കുന്ന പല സ്ഥലങ്ങളെയും, സ്മാരകങ്ങളെയും കുറിച്ച് വിചിത്രങ്ങളായ വിശ്വാസങ്ങള്‍ വച്ച് പുലര്‍ത്തുന്നവര്‍ ആണ്. അതെല്ലാം ഒരു ഉടമസ്ഥ തര്‍ക്കത്തില്‍ തെളിവായി അംഗീകരിക്കാമോ, പ്രത്യേകിച്ച് 'രാമന്‍' എന്ന 'വ്യക്തിയെയോ', 'ചരിത്ര പുരുഷനെയോ' കുറിച്ച് ആര്‍ക്കും തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയാതെ ഇരിക്കുമ്പോള്‍?

  2. ബാബറുടെ മേല്‍ ആരോപിക്കപെടുന്ന ക്ഷേത്ര ധ്വംസത്തിന്റെ തീര്‍പ്പ് യഥാര്‍ത്ഥ തെളിവുകളുടെ അടിസ്ഥാനത്തിലാണോ കല്പിച്ചതു? മസ്ജിദിനു മുന്‍പ് അവിടെ മറ്റൊരു കെട്ടിടം നിലനിന്നിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ട്, പക്ഷെ ബാബര്‍ അത് പൊളിച്ചു നിര്‍മിച്ചു എന്നത് ഇതിനാല്‍ കൂട്ടി വായിക്കാമോ? അയോധ്യയിലെ തന്നെ രണ്ടില്‍ കൂടുതല്‍ മറ്റു ക്ഷേത്രങ്ങള്‍ക്ക് ദ്രവ്യങ്ങള്‍ ദാനം ചെയ്തതും ഇതേ ബാബര്‍ തന്നെ. അതിന്റെ ചെമ്പു തകിടുകള്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടു. ഇതിനു പുറമേ, സ്വന്തം പുത്രനായ ഹുമയൂണിനോടു പശു മാംസം ഹിന്ദുക്കള്‍ക്ക് വര്‍ജ്ജ്യമായതിനാല്‍ ഉപേക്ഷിക്കണം എന്ന് വില്‍പത്രത്തില്‍ എഴുതിയ ബാബറിനെയും ചേര്‍ത്ത് വായിക്കുമ്പോള്‍, കുറ്റം ആരോപിക്കും മുന്‍പ് വിശദവും, വ്യക്തവുമായ തെളിവുകള്‍ ആവശ്യമാണ്‌. അതിനു മസ്ജിദ് നിര്‍മ്മിക്കാന്‍ കല്പിച്ചതു ബാബര്‍ ആണെന്ന തെളിവ് മാത്രം പോര.

  3. അവസാനമായി ചരിത്രത്തിലെ (സാങ്കല്പിക്കാമോ, യഥാര്‍ത്ഥമോ ആയ) "അനീതികളെ", ഇന്നത്തെ നിയമവ്യവസ്ഥയില്‍ തീര്‍പ്പ് കല്പിക്കുന്നതിലെ യുക്തി ഭദ്രത പരിശോധിക്കപ്പെടേണ്ടതാണ്. ഇന്നത്തെ ക്ഷേത്രങ്ങളുടെ അടിവാരം മാന്തിയാല്‍ ഒരു ബുദ്ധ വിഹാരം ലഭിച്ചേക്കാം, പിന്നെയും കുഴിച്ചാല്‍ ഗോത്രാചാരങ്ങളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചേക്കാം, വീണ്ടും ആഴത്തില്‍ പോയാല്‍ ശിലായുഗമനുഷ്യന്റെ തലയോട്ടികളും, അപ്പോള്‍ എത്ര ആഴത്തില്‍ കുഴിക്കുന്നതാണ് നീതി, എന്നും കോടതി ചൂണ്ടി കാണിക്കേണ്ടതുണ്ട് .

അലഹബാദ് ഹൈക്കോടതിയുടെ വിധിയെ നമ്മള്‍ വിലയിരുത്തേണ്ടതു മേല്‍ പറഞ്ഞ ചോദ്യങ്ങള്‍ക്ക് അത് നല്‍കുന്ന ഉത്തരങ്ങളുടെ വെളിച്ചത്തിലും ആയിരിക്കണം. താല്‍ക്കാലികമായ സമാധാനത്തിന് (അത് എത്രമേല്‍ ഗുണകരവും, ആശ്വാസകരവുമെങ്കില്‍ പോലും), യുക്തിക്ക് നിരാക്കാത്തതും, ഭാവിയില്‍ ദോഷം ചെയ്യുന്നതുമായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുന്നത് തീര്‍ത്തും അപകടകരമായ ഒരു പ്രതിഭാസം ആണ്. അതോടൊപ്പം ഈ വിവാദത്തിലെ കേന്ദ്ര ബിന്ദു വെറും ഒരു ഉടമസ്ഥത്തര്‍ക്കം അല്ല എന്നതും നമ്മള്‍ മറക്കരുത്. ഭാവി ഭാരതത്തില്‍ നീതിയും, യുക്തിയും എങ്ങിനെ നിര്‍വചിക്കപ്പെടുന്നു എന്ന ചരിത്രപരമായ ബാധ്യതയും ഈ കോടതി വിധിക്ക് ഉണ്ട്.

ആരാധനയ്ക്കും , ആശയ പ്രചാരണത്തിനും, അഭിപ്രായത്തിനും ഉള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും, വിഭാഗത്തിനും ഉണ്ട്. അത് അലംഘനീയവും ആയിരിക്കണം. പക്ഷേ, ഏറ്റവും ജനസമ്മതി നേടി എന്നതു കൊണ്ടു മാത്രം ഒരു ആരാധനാ മൂര്‍ത്തിയേയോ, ആശയത്തെയോ, അഭിപ്രായത്തെയോ സത്യമായി അംഗീകരിക്കാന്‍ സാധ്യമല്ല, കാരണം ശരി എന്നത് ജനാധിപത്യം അല്ല. പഴമൊഴികളും, മിത്തുകളും, സത്യവും ആകണമെന്നില്ല. അവ സത്യമാണെന്ന വിശ്വാസത്തെ അടിച്ചേല്പ്പിക്കാന്‍ ആര്‍ക്കും അവകാശവും ഇല്ല. ചരിത്രപരമായ തെളിവുകളും, ആര്‍ക്കിയോളജി നല്‍കുന്ന തെളിവുകളും പരിശോദിച്ച്, പരിപൂണ്ണമായും, അസന്നിഗ്ദ്ധമായും പറയാവുന്ന ഒരു വസ്തുതയാണോ "ബാബര്‍, രാമന്‍ ജനിച്ച മണ്ണില്‍ നിലനിന്നിരുന്ന രാമക്ഷേത്രം പൊളിച്ചു" എന്നത്‌? കോടതി അതെ എന്നാണ് ഉത്തരം നല്‍കുന്നത് എങ്കില്‍, അവിടെ ഒരു മറുചോദ്യം അവശേഷിക്കുന്നു: വാല്മീകിയുടെ രാമന്‍ ജീവിച്ചിരുന്നതു, പുരാണങ്ങളെ വിശ്വസിക്കുകയാണെങ്കില്‍, 1,81,49,108 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃതയുഗത്തില്‍ ആണ്. പക്ഷേ, ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ ആകട്ടെ 2700 വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഒരു അവശിഷ്ട്ടങ്ങളും ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യക്ക് ലഭ്യമായിട്ടില്ല. നാനൂറില്‍ പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാബര്‍ അവിടെ നില നിന്നിരുന്ന ഒരു ക്ഷേത്രത്തെ പൊളിക്കാന്‍ ഉത്തരവിട്ടതായും തെളിവില്ല. അങ്ങിനെ എങ്കില്‍ അയോധ്യയെ "രാമജന്മ ഭൂമി" ആയി പ്രഖ്യാപിച്ചത് എന്ത് അടിസ്ഥാനത്തിലാണ്?

അടിസ്ഥാനപരമായി, സമൂഹത്തിന്ടെ പ്രയാണത്തിനു യാതൊരു ഗുണകരമായ സംഭാവനകളും നല്‍കാത്ത ഒരു വര്‍ഗീയ കസറത്ത് മാത്രമാണ് അയോധ്യാ കേസ്. അതില്‍ കൂടുതല്‍ സമസ്യകള്‍ ബാക്കി നിര്‍ത്തുന്ന ഈ വിധി പ്രസ്താവന വിഷയത്തെ കൂടുതല്‍ സങ്കീര്‍ണ്ണജടിലം ആക്കിയിരിക്കുന്നു. സുപ്രീം കോടതി കേസിനു മേല്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതിന് ഇതിനാല്‍ ഏറെ പ്രസക്തി ഉണ്ട്.