''തയ്യാറെടുപ്പ് ഒരു കുറ്റകൃത്യമല്ല"

''തയ്യാറെടുപ്പ് ഒരു കുറ്റകൃത്യമല്ല'' - രാജ്യത്തെ പരമോന്നത നീതിപീഠം 1992 നവംബറിലെ അവസാനദിനങ്ങളിലൊന്നില്‍ പറഞ്ഞതാണിത്. ബാബ്‌രി മസ്ജിദില്‍ കര്‍സേവ നടത്താൻ സംഘ്പരിവാര്‍ തയ്യാറെടുത്തു നില്‍ക്കുമ്പോഴായിരുന്നു ഈ പരാമര്‍ശം. ബാബ്‌രി മസ്ജിദിന് പരുക്കേല്‍പ്പിക്കും വിധത്തിലുള്ള പ്രവൃത്തിയോ ഏതെങ്കിലും വിധത്തിലുള്ള നിര്‍മാണ പ്രവൃത്തിയോ അവിടെ നടക്കില്ലെന്ന് ഉറപ്പാക്കും വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനു നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ അവരുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ എന്തെങ്കിലും വീഴ്ചകള്‍ വരുത്തിയാല്‍ മാത്രമേ എന്തെങ്കിലും ഉത്തരവുകള്‍ പുറപ്പെടുവിക്കേണ്ടതുള്ളൂവെന്നുമാണ് സുപ്രീം കോടതി അന്ന് പറഞ്ഞത്. 1992 ഡിസംബര്‍ ആറിന്, എല്‍. കെ. അഡ്വാനി മുതല്‍ സാധ്വി റിതംബര വരെയുള്ളവരുടെ തീ പടര്‍ത്തിയ വര്‍ഗീയ പ്രസംഗങ്ങളുടെ അകമ്പടിയോടെ കര്‍സേവകര്‍ ബാബ്‌രി മസ്ജിദ് തകര്‍ത്തു. കര്‍സേവ എന്നത് വെറും ഭജനയും പ്രാര്‍ഥനയുമല്ലെന്ന് സംഘ്പരിവാര്‍ നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് “തയ്യാറെടുപ്പ് ഒരു കുറ്റകൃത്യമല്ലെന്ന്” നമ്മുടെ നീതിപീഠം പറഞ്ഞത്.

1992 ഡിസംബര്‍ ഏഴിന് ആരംഭിച്ച് ജനുവരിയിലേക്ക് വ്യാപിച്ചതാണ് മുംബൈയിലെ വര്‍ഗീയ കലാപം. മസ്ജിദ് തകര്‍ത്തതിനോടനുബന്ധിച്ച് മുസ്‌ലിംകള്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങളും, സംഘ്പരിവാറിന്റെയും ശിവസേനയുടെയും പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനങ്ങളുമാണ് കലാപത്തിനു തുടക്കമിട്ടത്. ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനകള്‍, പ്രസംഗങ്ങള്‍, മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനങ്ങള്‍ ഇവയൊക്കെ അതിന്റെ രണ്ടാംഘട്ടത്തിന് വഴിമരുന്നിട്ടു. മുരളി മനോഹര്‍ ജോഷിയെപ്പോലുള്ള നേതാക്കള്‍, മുസ്‌ലിംകള്‍ക്കെതിരായ കലാപാഹ്വാനവുമായി രംഗത്തുവന്നു. പിന്നീടങ്ങോട്ട് അരങ്ങേറിയത് വംശഹത്യക്ക് സമാനമായ മുസ്‌ലിം വേട്ടയായിരുന്നു. “ശിവസൈനികരുടെ ശാഖകള്‍ പ്രാദേശിക കമാന്‍ഡുകളായി മാറി. മുസ്‌ലിംകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ പട്ടികയും വോട്ടര്‍ പട്ടികയും കൈവശം വെച്ചാണ് ശിവസേനാ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്.” (ശ്രീകൃഷ്ണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ നിന്ന്)

തയ്യാറെടുപ്പ് ഒരു കുറ്റകൃത്യമല്ലെന്ന ആപ്തവാക്യം ഇവിടെയും പ്രാവര്‍ത്തികമായി. വോട്ടര്‍ പട്ടികയുടെ പകര്‍പ്പെടുത്ത് നല്‍കി ആക്രമണത്തിന് തയ്യാറെടുപ്പുകള്‍ നടത്തിയവരൊന്നും കുറ്റവാളികളായില്ല. വാക്കിലും നോക്കിലും വിഷം വമിപ്പിച്ച് ആക്രമണത്തിന് പ്രേരിപ്പിച്ചയാളുകള്‍ പിന്നീട് രാജ്യഭാരം കൈയാളുകയോ കൈകാര്യം ചെയ്യുകയോ ചെയ്തത് അതുകൊണ്ടാണ്. മുംബൈ കലാപത്തിന്റെ പ്രതികാരമായിരുന്നു മുംബൈയില്‍ അരങ്ങേറിയ സ്‌ഫോടന പരമ്പര എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പറയുന്നത്. അതിന്റെ തയ്യാറെടുപ്പില്‍ പങ്കാളിയായെന്ന കുറ്റത്തിനാണ് യാക്കൂബ് മേമന്‍ തൂക്കിലേറ്റപ്പെട്ടിരിക്കുന്നത്. തയ്യാറെടുപ്പുകള്‍ കുറ്റകരമല്ലാതാകുന്നതും കുറ്റകരമാകുന്നതും ഭേദമുള്ള സംഗതിയാണെന്ന് ചുരുക്കം. (നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ച് നിസ്സഹാരായ മനുഷ്യരുടെ ജീവനെടുക്കുന്ന പ്രതികാരത്തെ, അതിന്റെ സര്‍വ നികൃഷ്ടതയും അംഗീകരിച്ച്, തള്ളിക്കൊണ്ടാണ് ഇത് പറയുന്നത്. അതിന്റെ തയ്യാറെടുപ്പില്‍ പങ്കാളിയായിട്ടുണ്ടെങ്കില്‍ അര്‍ഹമായ ശിക്ഷ ലഭിക്കുകയും വേണം). പക്ഷേ, അത്തരമൊരു ആക്രമണത്തിന് പദ്ധതിയിട്ട ക്രൂരമനസ്സുകള്‍, പങ്കാളികളെ കണ്ടെത്തുക എളുപ്പത്തിലാക്കാന്‍ പാകത്തിലുള്ള സാഹചര്യം തയ്യാറാക്കിയവര്‍, ഇവരെല്ലാം നിയമത്തിന്റെ പരിധിക്ക് പുറത്തായിരുന്നു. ഇപ്പോഴും ആണ്. യാക്കൂബിനെ തൂക്കിലേറ്റുന്നത് വൈകിപ്പിച്ചാല്‍ ബോംബെ സ്‌ഫോടനങ്ങളില്‍ പൊലിഞ്ഞ 257 മനുഷ്യരുടെ ബന്ധുക്കള്‍ക്ക് നീതി ഇനിയും വൈകുമെന്ന് ന്യായം പറയുന്ന ഉന്നത ന്യായാധിപന്‍മാര്‍, ബോംബെ കലാപങ്ങ‌ള്‍ക്ക് നേതൃത്വം നല്‍കിയവര്‍ പൊലിച്ചിട്ട ആയിരക്കണക്കിന് മനുഷ്യരുടെ ബന്ധുക്കള്‍ക്ക് നീതി നല്‍കുവാന്‍ സാധിച്ചിട്ടുണ്ടോ എന്ന് കൂടി ചിന്തിക്കുന്നത് നല്ലതാണ്.

കലാപത്തിനുള്ള പ്രതികാരമായിരുന്നു സ്‌ഫോടനങ്ങളെന്ന് കുറ്റപത്രത്തിലെ രേഖപ്പെടുത്തല്‍ സ്വീകരിക്കുന്ന ന്യായാസനങ്ങള്‍, കലാപം സൃഷ്ടിച്ചവര്‍ ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കുന്നതില്‍ എത്രമാത്രം പങ്കുവഹിച്ചുവെന്ന് കൂടി ആലോചിക്കണം. കേസുകള്‍ ഒറ്റക്കൊറ്റക്കാണ് വിചാരണ ചെയ്യുന്നതും തീര്‍പ്പുകല്‍പ്പിക്കുന്നതും. പക്ഷേ, ഇത്തരം സംഭവങ്ങളില്‍ കേസുകളുടെ സൃഷ്ടിയിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും പ്രധാനമാണ്. ആ സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള നടപടികള്‍ ഇല്ലാതിരിക്കെ, അല്ലെങ്കില്‍ അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ സംഘടിതമായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ, ഒരു വധശിക്ഷ കൊണ്ട് സ്‌ഫോടനപരമ്പരാ കേസില്‍ നീതി നടപ്പായെന്ന് മേനി നടിക്കുന്നതില്‍ അര്‍ഥമില്ല. തൂക്കിലേറ്റുന്നതിന് മുൻപ് നിയമപരമായ നടപടിക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കിയെന്നും അതിനു വേണ്ടി ചരിത്രത്തിലാദ്യമായി പാതിരാത്രിക്ക് ശേഷവും കോടതി സമ്മേളിച്ചുവെന്നുമൊക്കെ ഊറ്റംകൊള്ളുമ്പോള്‍, അത് വെറും പൊള്ളത്തരം മാത്രമേ ആകുന്നുള്ളൂ. ഇത്തരം സാഹചര്യങ്ങളെ ഇല്ലാതാക്കാന്‍ തങ്ങള്‍ എന്തു ചെയ്തുവെന്ന് തിരിച്ച് ചോദിക്കേണ്ട ഉത്തരവാദിത്തമുണ്ട്, ദയാഹ‌ര്‍ജി തള്ളാന്‍ തീരുമാനിക്കുന്ന ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ഹരജി തള്ളണമെന്ന് ശിപാര്‍ശ ചെയ്യുന്ന ഭരണകൂടത്തിനും.

മേമന്റെ സഹായത്താലാണ് കുടുംബത്തിലെ കൂടുതല്‍ പേരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനായത്. കീഴടങ്ങുകയും അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ കൈമാറുകയും ചെയ്താല്‍ ഇളവുകള്‍ നല്‍കാമെന്ന വാഗ്ദാനം യാക്കൂബിന് നല്‍കിയിരുന്നുവെന്നും രാമന്‍ പറയുന്നു. ഈ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് മറച്ചുവെച്ചു? യാക്കൂബിനെ പിടികൂടിയത് സ്വന്തം ക്രഡിറ്റിലാക്കുകയും അയാള്‍ കൈമാറിയ വിവരങ്ങള്‍ സ്വയം അന്വേഷിച്ച് കണ്ടെത്തിയവയാണെന്ന് വരുത്തുകയും ചെയ്ത് യശസ്സും സ്ഥാനക്കയറ്റവും സ്വന്തമാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതാണോ? അതോ മുംബൈയില്‍ ശിവ സൈനികരും സംഘ് പരിവാര്‍ പ്രവര്‍ത്തകരും താണ്ഡവമാടുമ്പോള്‍ കൂട്ടുനിന്ന പോലീസുകാരെപ്പോലെ, വര്‍ഗീയ വിഷം കലര്‍ന്ന മനസ്സുമായി, ഭീകരപ്രവര്‍ത്തനത്തിന് ഒരു കുടുംബമൊന്നാകെ ശിക്ഷിക്കപ്പെടുമ്പോള്‍ ഭീകരവാദികളെക്കുറിച്ചുള്ള പൊതുബോധം കുറേക്കൂടി ശക്തമാകട്ടെ എന്ന് വിചാരിച്ചതാണോ?

തീവ്രവാദത്തിലേക്ക് വഴിതിരിഞ്ഞുപോയവര്‍ക്ക് തിരിച്ചെത്താന്‍ ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിപ്രകാരം കീഴടങ്ങാനെത്തിയതാണ് സയ്യദ് ലിയാഖത്ത് ഷാ. നേപ്പാള്‍ അതിര്‍ത്തിയില്‍ സൈന്യത്തിന് കീഴടങ്ങിയ ഷായെ, ജനം അറിയുന്നത് പാര്‍ലിമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരം ചെയ്യാനെത്തിയ ഭീകരവാദിയെന്ന നിലയ്ക്കാണ്. ഉത്തര്‍പ്രദേശിലെ ഖരഗ്പൂരില്‍ നിന്ന് ഷായെ അറസ്റ്റു ചെയ്തുവെന്നായിരുന്നു ഡല്‍ഹിയിലെ പോലീസിലെ സ്‌പെഷല്‍ ബ്രാഞ്ചിന്റെ ഭാഷ്യം. ഷായില്‍ നിന്ന് പിടിച്ചെടുത്തത് എന്ന പേരില്‍ എ.കെ.-56 തോക്കും ഏതാനും ഗ്രനേഡുകളും ഡല്‍ഹി പോലീസ് ഹാജരാക്കുകയും ചെയ്തു. കീഴടങ്ങുവാനെത്തിയ ആളെ ഭീകരവാദിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തതില്‍ ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ ശക്തമായി പ്രതിഷേധിക്കുകയും, ഡല്‍ഹി പോലീസിന്റെ അറസ്റ്റ് നാടകം അരങ്ങേറുന്നതിന് മുമ്പ് തന്നെ ഷാ കീഴടങ്ങിയതാണെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞത് പുറത്തുവരികയും ചെയ്തതോടെ ഷായ്ക്കെതിരായുള്ള കേസ് പൊളിഞ്ഞു. രണ്ട് വര്‍ഷത്തിന് ശേഷം നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, ഷാ നിരപരാധിയാണെന്ന് കോടതിയെ അറിയിച്ചതോടെയാണ് കേസ് അവസാനിക്കുന്നത്.

1993ലെ മുംബൈ സ്‌ഫോടന പരമ്പര നടക്കുമ്പോള്‍ ദുബൈയിലായിരുന്നുവെന്നാണ് യാക്കൂബ് മേമന്‍ അവകാശപ്പെട്ടിരുന്നത്. അവിടെ നിന്ന് പാക്കിസ്ഥാനിലേക്ക്. അവിടെ കഴിയുമ്പോഴാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് മുമ്പാകെ കീഴടങ്ങി, നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചതെന്നും യാക്കൂബ് അവകാശപ്പെട്ടിട്ടുണ്ട്. അതിനായി മുംബൈ സ്‌ഫോടന പരമ്പരക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള തെളിവുകള്‍ ശേഖരിച്ചുവെന്നും. എന്തായാലൂം യാക്കൂബിനെ പിടികൂടിയത് നേപ്പാളിലെ കാഠ്മണ്ഠുവില്‍വെച്ചാണെന്നും സ്‌ഫോടനപരമ്പരാക്കേസിന്റെ അന്വേഷണത്തില്‍ സഹകരിച്ചുവെന്നും റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന്റെ സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന ബി. രാമന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. മേമന്റെ സഹായത്താലാണ് കുടുംബത്തിലെ കൂടുതല്‍ പേരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനായത്. ഇവരില്‍ പലരും അതിനകം തന്നെ കേസില്‍ ആരോപണവിധേയരായിരുന്നു. എന്നിട്ടും അവരെ തിരിച്ചെത്തിക്കാന്‍ യാക്കൂബ് യത്‌നിച്ചു. കീഴടങ്ങുകയും അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ കൈമാറുകയും ചെയ്താല്‍ ഇളവുകള്‍ നല്‍കാമെന്ന വാഗ്ദാനം യാക്കൂബിന് നല്‍കിയിരുന്നുവെന്നും രാമന്‍ പറയുന്നു. എന്നാല്‍ ഈ വിവരങ്ങളൊന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചിരുന്നില്ലെന്നാണ് യാക്കൂബിന് വധശിക്ഷ വിധിച്ച പ്രത്യേക കോടതിയുടെ ജഡ്ജിയും പ്രോസിക്യൂട്ടറും പറയുന്നത്. ഈ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് മറച്ചുവെച്ചു? യാക്കൂബിനെ പിടികൂടിയത് സ്വന്തം ക്രഡിറ്റിലാക്കുകയും അയാള്‍ കൈമാറിയ വിവരങ്ങള്‍ സ്വയം അന്വേഷിച്ച് കണ്ടെത്തിയവയാണെന്ന് വരുത്തുകയും ചെയ്ത് യശസ്സും സ്ഥാനക്കയറ്റവും സ്വന്തമാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതാണോ? അതോ മുംബൈയില്‍ ശിവ സൈനികരും സംഘ് പരിവാര്‍ പ്രവര്‍ത്തകരും താണ്ഡവമാടുമ്പോള്‍ കൂട്ടുനിന്ന പോലീസുകാരെപ്പോലെ, വര്‍ഗീയ വിഷം കലര്‍ന്ന മനസ്സുമായി, ഭീകരപ്രവര്‍ത്തനത്തിന് ഒരു കുടുംബമൊന്നാകെ ശിക്ഷിക്കപ്പെടുമ്പോള്‍ ഭീകരവാദികളെക്കുറിച്ചുള്ള പൊതുബോധം കുറേക്കൂടി ശക്തമാകട്ടെ എന്ന് വിചാരിച്ചതാണോ?

എന്താണ് എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തമുണ്ട് നീതിന്യായ സംവിധാനത്തിന്. കേസില്‍ വിചാരണയും ശിക്ഷാവിധിയും ദയാഹ‌ര്‍ജിയിലെ തീര്‍പ്പുമൊക്കെ തീര്‍ന്നതിന് ശേഷം പുതിയ വിവരങ്ങള്‍ പുറത്തുവന്നാല്‍ പരിഗണിക്കേണ്ട ബാധ്യതയുണ്ടോ രാജ്യത്തെ നീതിന്യായ സംവിധാനത്തിന് എന്നത് കൂടി നിര്‍ണയിക്കപ്പെടണം. കഴുവിലൊടുങ്ങിയ യാക്കൂബിന്റെ ജീവന്‍ അതാവശ്യപ്പെടുന്നുണ്ട്. യാക്കൂബിനെക്കുറിച്ച് വിവരങ്ങള്‍ പുറത്തുപറഞ്ഞത്, യാക്കൂബോ ബന്ധുക്കളോ ആയിരുന്നില്ല. ആരോപണവിധേയരെ പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിക്കാന്‍ യത്‌നിച്ച രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. അത്തരമാളുകള്‍ പറയുന്ന കാര്യങ്ങള്‍, അതവരുടെ മരണശേഷമാണ് പുറത്തുവിടുന്നത് എങ്കില്‍പ്പോലും, പരിഗണിക്കുകയും അതില്‍ വസ്തുതയുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ, നിയമപരമായ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയെന്ന് ഊറ്റംകൊള്ളാന്‍ നീതിപീഠങ്ങള്‍ക്ക് സാധിക്കുകയുള്ളൂ. പുനഃപരിശോധനാ ഹരജി പരിഗണിച്ച ജസ്റ്റിസുമാര്‍ തന്നെയാണോ തെറ്റുതിരുത്തല്‍ ഹരജി പരിഗണിച്ചത് എന്ന സാങ്കേതികത്തര്‍ക്കമോ മരണവാറണ്ടിന്റെ സമയപരിധി അവസാനിക്കും മുമ്പ് നിയമപരമായ തടസ്സങ്ങളൊക്കെ നീക്കുന്നതിന് കാട്ടിയ ജാഗ്രതയോ അല്ല നീതിന്യായ സംവിധാനത്തിന്റെ മേന്‍മയും അവകാശങ്ങളെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടും നിശ്ചയിക്കുന്നത്. ഒരു ജീവന്‍ അവസാനിപ്പിച്ചുകൊണ്ട് പ്രതികാരം ചെയ്യാനോ നീതി നിറവേറ്റിയെന്ന് അവകാശപ്പെടാനോ ഭരണകൂടം തയ്യാറാകുമ്പോള്‍ അതിനെ തടയാന്‍ പാകത്തില്‍ നിയമസംഹിതകളെ വ്യാഖ്യാനിക്കുകയാണ് നീതിപീഠങ്ങളുടെ ബാധ്യത. അങ്ങനെയാണ് കൂടുതല്‍ പരിഷ്‌കൃതരാകേണ്ടതിനെക്കുറിച്ച് ഭരണകൂടത്തെ അതിനെ നയിക്കുന്ന രാഷ്ട്രീയ സംവിധാനങ്ങളെ, അവരിലൂടെ ജനാധിപത്യ പ്രക്രിയ പൂര്‍ത്തീകരിക്കുന്ന ജനങ്ങളെ ബോധവത്കരിക്കുക.

യാക്കൂബ് മേമന്റെ കാര്യത്തില്‍ നീതിപീഠവും അതിന്റെ ഭാവനകളെ ഉദ്ദീപിപ്പിക്കേണ്ട സമൂഹവും പൊതുവില്‍ പരാജയപ്പെട്ടുവെന്ന് തന്നെ വേണം കരുതാന്‍. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍പ്പോലും കേസുകളെടുത്ത്, ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ വലിയ മാതൃകകള്‍ സൃഷ്ടിച്ചവര്‍, ഒരു ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുമായിരുന്ന വിവരങ്ങളുടെ മുന്നില്‍ വാതില്‍ കൊട്ടിയടച്ച്, സാങ്കേതികത്വങ്ങള്‍ പാലിച്ചുവെന്ന് ആശ്വസിച്ചു. തയ്യാറെടുപ്പ് ഒരു കുറ്റകൃത്യമല്ലെന്ന് പറഞ്ഞ്, സമൂഹത്തില്‍ നടക്കുന്നതിനു നേര്‍ക്ക് വാതില്‍ കൊട്ടിയടച്ചവരെയാണ് തങ്ങള്‍ മാതൃകയാക്കുന്നതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.