ബോബ് മാര്‍ലി: നഷ്ടദേശം തേടി ഒരു സംഗീതസഞ്ചാരം

Get up, stand up: stand up for your rights!

Get up, stand up: don't give up the fight!

1980 സെപ്റ്റംബര്‍ 23. പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗില്‍ ബോബ് മാര്‍ലി തന്റെ അവസാന സംഗീതപരിപാടിയിലെ അവസാന ഗാനം പാടുകയാണ്. പതിവുപോലെ രോഷവും വേദനയും ആവേശവും കലര്‍ന്ന ശബ്ദത്തിലെ ഭാവഭേദങ്ങൾ മുഖത്തും പടരുന്നു.മെലിഞ്ഞു നീണ്ട ഉടൽ താളാത്മകമായി ഉയര്‍ന്നു താഴുന്നു.ഗിറ്റാറിലെ വിരലുകളും കയറുപോലെ പിരിച്ചിട്ട നീണ്ട മുടിയും ആ ചടുലചലനങ്ങളെ പൂരിപ്പിക്കുന്നു. തെരുവുഗായകനെ ഒാര്‍മ്മിപ്പിക്കുന്ന അലസവേഷം നിരന്തരമായ യാത്രയെ തന്നെ പ്രതീകവത്കരിക്കുന്നു. ഇടയ്ക്കിടെ മുന്നോട്ടു നീട്ടുന്ന കൈകൾ തന്നോടൊപ്പം ചേരാന്‍ പ്രേക്ഷകരെ ആഹ്വാനം ചെയ്യുന്നു.'വോ യൊയൊയോ' എന്നുറക്കെപ്പാടി അവരതേെറ്റടുക്കുന്നു. കാരണം അവര്‍ക്കത് സംഗീതം മാത്രമല്ല, ഒരു വംശം പിന്നിട്ടൂപോന്ന സഹനത്തിന്റെ ഓർമ്മപ്പെടുത്തലും അതിജീവനത്തിനായുള്ള സമരത്തിന്റെ തയ്യാറെടുക്കലുമാണ്.

അടിമത്തത്തിലൂടെ, കോളനിഭരണത്തിലൂടെ കടന്നുവന്ന ഒരു നാടിന്റെ സംഗീതത്തിലൂടെയുള്ള ഉയര്‍ത്തെഴുന്നേല്പുകൂടിയാണ് ജമൈക്കന്‍ ഗായകനായ ബോബ് മാര്‍ലിയുടെ മാസ്മരികമായ അവതരണങ്ങളിലൂടെ സംഭവിച്ചത്. അദ്ദേഹം പ്രതിനിധീകരിച്ച സ്കാ, റോക്ക്സ്റ്റെഡി, റെഗ്ഗെ എന്നീ സംഗീതശൈലികളെയാകട്ടെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നു വേർപ്പെടുത്തി സാങ്കേതികമായി മാത്രം നിർവ്വചിക്കാനുമാവില്ല. വ്യക്തിജീവിതവും സംഗീതവും രാഷ്ട്രീയവും അത്രമേൽ ഇഴചേര്‍ന്നിരിക്കുന്നതിനാലാവാം ജമൈക്കന്‍ സംഗീതത്തിലെയെന്നല്ല, മുഖ്യധാരാസംഗീതത്തിലെ തന്നെ ഏറ്റവും പ്രധാനഗായകരിലൊരാളായി ബോബ് മാര്‍ലി വിലയിരുത്തപ്പെടുന്നത്. മരിച്ചിട്ട് മുപ്പതാണ്ടുകളാകുമ്പോഴും അദ്ദേഹത്തിന്റെ ജനപ്രീതി കുറയുകയല്ല, നിരന്തരം കൂടുകയാണു ചെയ്യുന്നത്. 2010 ഒാഗസ്റ്റിൽ സി. എന്‍. എന്‍. നടത്തിയ കണക്കെടുപ്പിൽ അഞ്ച് ആഗോളതാരങ്ങളിലൊരാളായി ബോബ് മാര്‍ലി തെരഞ്ഞെടുക്കപ്പെട്ടത് ഒടുവിലത്തെ ഉദാഹരണം. മരണശേഷം മാത്രം പുറത്തുവന്ന 'ബഫലോ സോൽജിയര്‍' എന്ന ഗാനത്തിനു ലോകമെങ്ങും ലഭിച്ച പ്രചാരംതന്നെ സമീപകാലത്തും അദ്ദേഹത്തിനുള്ള ജനകീയതയ്ക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് ആവര്‍ത്തിച്ചു തെളിയിക്കുന്നുണ്ട്.

പ്രതിഷേധത്തിന്റെ സ്വരവും താളവും

Buffalo soldier, dreadlock rasta

There was a

Buffalo soldier in the heart of America

Stolen from Africa, brought to America

Fighting on arrival, fighting for survival

അമേരിക്കയിലെ ആദിമനിവാസികളെ പുറത്താക്കി ആ നാടിനെ വെളുത്തവരുടെ സ്വന്തമാക്കാനുള്ള നൂറ്റാണ്ടുകൾ നീണ്ട യുദ്ധത്തിനിടയിൽ 1866 ൽ രൂപം കൊടുത്ത സായുധസേനയുടെ ഭാഗമായിരുന്നു ബഫലോ സൈനികര്‍. ആഫ്രിക്കയിൽനിന്ന് അടിമകളായി കൊണ്ടുവന്ന കറുത്തവരാണ് അവര്‍. അധിനിവേശകരുടെ വേട്ടമൃഗങ്ങളായിരിക്കെത്തന്നെ ഇരകളുമായവര്‍. ബോബ് മാര്‍ലിയുടെ ഗാനത്തിലെ ആദ്യവരികളിൽത്തന്നെ ആ അടിമജീവിതത്തിന്റെയെും ഉള്ളിലടക്കപ്പെട്ടെ പോരാട്ടവീര്യത്തിന്റെയെും ഹ്രസ്വചരിത്രമുണ്ട്. അമേരിക്കയിൽ മാത്രമല്ല യൂറോപ്യന്‍ നാടുകളിലും കരീബിയൻ ദ്വീപുകളിലുമൊക്കെ ആഫ്രിക്കയിൽനിന്നുള്ള കറുത്തവര്‍ അടിമ േവലയ്ക്കു നിയോഗിക്കപ്പെട്ടു. സ്വന്തം സംസ്കാരത്തിൽനിന്നും പുതിയ യജമാനന്മാരുടെ സംസ്കാരത്തിൽനിന്നും അവര്‍ ഒരേ സമയം അന്യവത്കരിക്കപ്പെട്ടു. ഇത്തരത്തിൽ നഷ്ടമായ സ്വത്വചിഹ്നങ്ങളെ വീണ്ടെടുക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിൽ റോക്ക്സ്റ്റെഡി, റെഗ്ഗെ എന്നീ സംഗീതശൈലികളുടെ മുന്‍ഗാമിയായ സ്കാ സംഗീതം പ്രചാരം നേടിയത്. 1960 കളിൽത്തന്നെ പ്രസിദ്ധ ജമൈക്കന്‍ പോപ് സംഗീതജ്ഞന്‍ പ്രിന്‍സ് ബസ്റ്റര്‍ പറഞ്ഞു:

"എന്റെ സംഗീതം പ്രതിഷേധത്തിന്റെ സംഗീതമാണ്. ജമൈക്കയിലെ കോളനിഭരണത്തിനുകീഴിൽ ഞങ്ങളനുഭവിച്ച അടിമത്തത്തിനും വര്‍ഗപരമായ മുന്‍വിധികൾക്കും വംശീയതാവാദത്തിനും അസമത്വത്തിനും സാമ്പത്തികമായ വിവേചനത്തിനും അവസരനിഷേധത്തിനും അനീതിക്കും എതിരേയുള്ള പ്രതിഷേധത്തിന്റെ സംഗീതം. ആഫ്രിക്കയിൽ രാജാക്കന്മാരും രാജ്ഞിമാരുമായിരുന്നു ഞങ്ങളുടെ പൂര്‍വികര്‍. അവരെ അടിമകളാക്കി കപ്പലിൽ ജമൈക്കയിലേക്കു കൊണ്ടുവന്നു. ഇവിടെ ഞങ്ങളുടെ സ്വന്തം പേരുകളിൽനിന്ന്, ഭാഷയിൽനിന്ന്, സംസ്കാരത്തിൽനിന്ന്, ദൈവത്തിൽനിന്ന്, മതത്തിൽനിന്നൊക്കെ ഞങ്ങൾ അഴിച്ചുമാറ്റപ്പെട്ടു. പക്ഷേ സംഗീതം ആഫ്രിക്കയുടെ ആത്മാവാണ്. അതിന്റെ ചോദനയും ഡി. എന്‍. എ. യും പാരമ്പര്യവുമാണ്. അതിനെ അവര്‍ക്കു കീഴ്‌പ്പെടുത്താനായില്ല. റോക്ക്സ്റ്റെഡി, റെഗ്ഗെ എന്നിവയ്ക്കു ജന്മം നല്കിയ, ഞങ്ങളുടെ ജീവിതശൈലിതന്നെയായ സ്കാ എന്ന ജമൈക്കന്‍ സാംസ്കാരികവിപ്ലവത്തെ സാധ്യമാക്കിയത് അതാണ്."

സ്കാ സംഗീതം പിറവികൊള്ളുന്നതുവരെ അമേരിക്കന്‍ റിഥം ആന്‍ഡ് ബ്ലൂസ് സംഗീതത്താൽ കോളനിവത്കരിക്കപ്പെട്ട മനസ്സായിരുന്നു ജമൈക്കക്കാരുടെത് എന്നും ബസ്റ്റര്‍ സൂചിപ്പിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തെത്തുടര്‍ന്ന് റേഡിയോയിലൂടെയും നൃത്തശാലകളിലൂം തുറസ്സുകളിലും സ്ഥാപിക്കപ്പെട്ട വലിയ സൗണ്ട് സിസ്റ്റങ്ങളിലൂടെയും റിഥം ആന്‍ഡ് ബ്ലൂസ് ഗായകര്‍ ജമൈക്കന്‍ യുവത്വത്തെ കീഴ്പ്പെടുത്തി. ഇതേ കാലത്തുതന്നെ തനതായ ഒരു സംഗീതശൈലിക്കായി സംഗീതജ്ഞര്‍ നടത്തിയ അന്വേഷണത്തിന്റെ ഫലമാണ് സ്കാ സംഗീതം. എന്നാൽ ആഫ്രിക്കയുടെയോ ജമൈക്കയുടെയോ പരമ്പരാഗത സംഗീതം മാത്രമായിരുന്നില്ല അത്. മെന്റോ എന്ന ജമൈക്കന്‍ നാടോടിസംഗീതത്തിന്റെയെും ആഫ്രിക്കന്‍ ̨കരീബിയന്‍ താളങ്ങളുടെയും ജാസ്, റിഥം ആന്‍ഡ് ബ്ലൂസ് എന്നീ അമേരിക്കന്‍ ശൈലികളുടെയും സങ്കരമായിരുന്നു സ്കാ. അറുപതുകളുടെ തുടക്കത്തിൽത്തന്നെ ഇൌ സംഗീതത്തിന് ജമൈക്കയിൽ മാത്രമല്ല ഇംഗ്ലണ്ടിലും ഒട്ടേറെ ആരാധകരുണ്ടായി. സ്കാറ്റലൈറ്റ് എന്ന സംഗീതബാന്‍ഡിനും മില്ലി സ്മോൾ എന്ന ഗായികയ്ക്കും ലഭിച്ച അന്തര്‍ദ്ദേശീയമായ ജനപ്രീതി ഉദാഹരണം. അറുപതുകളുടെ മധ്യത്തോടെ അമേരിക്കന്‍ സോൾ സംഗീതത്തിന്റെ സ്വാധീനഫലമായി സ്കായുടെ ത്രസിപ്പിക്കുന്ന ചടുലതാളങ്ങൾ താരതമ്യേന മന്ദവും കയറ്റിറക്കങ്ങളില്ലാത്തതുമായ റോക്ക്സ്റ്റെഡിയുടെ ലയാത്മകതയ്ക്കു വഴി മാറി. വേഗത കുറഞ്ഞതെങ്കിലും വികാരപരമായ തീവ്രതയും സ്വരാത്മകമായ തീക്ഷ്ണതയുമുള്ള നൃത്തസംഗീതമായിരുന്നു റോക്ക്സ്റ്റെഡി. അറുപതുകളുടെ അന്ത്യത്തോടെ സ്കാ, റോക്ക്സ്റ്റെഡി എന്നിവയുടെ അടിസ്ഥാനസങ്കേതങ്ങൾ സമന്വയിക്കുന്നതിനൊപ്പം രാഷ്ട്രീയമാനങ്ങളുള്ള വരികളുംകൂടി ചേര്‍ന്നതോടെയാണ് റെഗ്ഗെ സംഗീതം രൂപം കൊള്ളുന്നത്. കലാപകലുഷിതമായ ജമൈക്കന്‍ രാഷ്ട്രീയകാലാവസ്ഥയിൽ കറുത്തവരുടെ വംശപരമായ സ്വത്വത്തിന്റെ അഭിമാനപ്രഖ്യാപനമായാണ് അന്നത്തെ റെഗ്ഗെ സംഗീതം സ്വയം നിര്‍വചിച്ചത്. അങ്ങനെ എത്യോപ്യയെ വാഗ്ദത്തഭൂമിയായിക്കണ്ടുകൊണ്ട് എത്യോപ്യന്‍ ചക്രവര്‍ത്തിയായ ഹൈലി സലാസിയോടു കൂറു പ്രഖ്യാപിക്കുകയും സാംസ്കാരികമായി ആഫ്രിക്കയിലേക്കുള്ള മടക്കത്തെ കാംക്ഷിക്കുകയും ചെയ്യുന്ന രാസ്തഫാരിയന്‍ പ്രത്യയശാസ്ത്രത്തിന്റെ വാഹനമായിത്തീര്‍ന്നു റെഗ്ഗെ. ടൂട്സ് ആന്‍ഡ് മെയ്ടാൾസ് എന്ന സംഗീതസംഘവും ബേണിങ് സ്പിയര്‍, ജിമ്മി ക്ലിഫ് തുടങ്ങിയ ഗായകരും ഇൗ സംഗീതശൈലിയുടെ ആവിര്‍ഭാവകാലത്തുതന്നെ ശ്രദ്ധേയരായിത്തീര്‍ന്നു.

സംഗീതശൈലിയെന്ന നിലയിൽ ലളിതമാണ് റെഗ്ഗെ. മിക്കപ്പോഴും 4/4 പോലെ സാര്‍വത്രികമായ പ്രചാരം നേടിയ താളത്തിലെങ്കിലും റിഥം ഗിറ്റാറിലോ പിയാനോയിലോ സിന്തസൈസറിലോ അതിലെ ഒാഫ് ബീറ്റുകൾക്കു നല്കുന്ന ഉൗന്നലുകൾ ഗാനത്തെ ചടുലവും നാടകീയവുമാക്കുന്നു. നാലു ബീറ്റുകളുള്ള താളത്തിന്റെ ഒന്നും മൂന്നും ബീറ്റുകൾക്കു പ്രാധാന്യം നല്കുന്ന യൂറോപ്യന്‍ ക്ലാസിക്കൽ സംഗീതത്തിന്റെയെും രണ്ടും നാലും ബീറ്റുകൾക്ക് ഉൗന്നൽ നല്കുന്ന അമേരിക്കന്‍ റോക്ക് ആന്‍ഡ് റോൾ സംഗീതത്തിന്റെയെും രീതികളിൽനിന്നു ഭിന്നമായി മൂന്നാമത്തെ ബീറ്റിൽ നല്കുന്ന ഉൗന്നൽ റൂട്ട്സ് റെഗ്ഗെ സംഗീതത്തിന്റെ അടിസ്ഥാനപരമായ സവിശേഷതയാണ്. "വൺ ഡ്രോപ്പ് രിഥം" എന്ന ഇൗ സങ്കേതത്തോടുള്ള ആഭിമുഖ്യം വൺ ഡ്രോപ്പ് എന്ന ഗാനത്തിൽ ബോബ് മാര്‍ലി തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം ഇൗ സങ്കേതത്തിനു നല്കുന്ന സാമൂഹികമാനങ്ങൾ നോക്കുക:

Feel it in the one drop;

And we'll still find time to rap;

We're makin' the one stop,

The generation gap;

Now feel this drumbeat

As it beats within,

Playin' a riddim,

Resisting against the system, ooh-wee!

സ്വാഭാവികമായും നൃത്തച്ചുവടുകളിലും ഇൗ താളക്രമത്തിന്റെ സ്വാധീനം പ്രതിഫലിക്കുന്നു. നല്ല വണ്ണം വലിച്ചുമുറുക്കിയ സ്നെയര്‍ ഡ്രമ്മിലോ സമാനമായ ശബ്ദം പുറപ്പെടുവിക്കുന്ന ടിംബാലസ് എന്ന ക്യൂബന്‍ വാദ്യത്തിലോ ഉള്ള ചടുലമായ നാദവിന്യാസങ്ങളിലൂടെ റെഗ്ഗെ സംഗീതത്തിന്റെ വ്യത്യസ്തത കാതുകൾ വേഗം തിരിച്ചറിയും. ഒന്നോ രണ്ടോ സ്വരസംയുക്തങ്ങൾമാത്രം പ്രധാനമായി ഉപയോഗിക്കുമ്പോഴും അവയുടെ നിരന്തരമായ ആവര്‍ത്തനത്തിലൂടെ സൃഷ്ടിക്കുന്ന ലയാത്മകതയാണ് മറ്റൊരു സവിശേഷത. ആവിര്‍ഭാവകാലത്തുതന്നെ പാശ്ചാത്യ പോപ് സംഗീതത്തിന്റെ പൊതുധാരയെ സ്വാധീനിക്കാന്‍ ഇൗ ജമൈക്കന്‍ സംഗീതശൈലിക്കു കഴിഞ്ഞു. ബ്രിട്ടീഷ് സംഗീതബാന്‍ഡായ സ്പെന്‍സര്‍ ഡേവിസ് ഗ്രൂപ്പിന്റെ "കീപ് ഓൺ റണ്ണിങ്" (1967) എന്ന ഗാനം ഉദാഹരണം. എങ്കിലും എഴുപതുകളിൽ ബോബ് മാര്‍ലിയും ഒപ്പം ശ്രദ്ധേയരായ പീറ്റര്‍ ടോഷും ബണ്ണി ലിവിങ്സ്റ്റണും ചേര്‍ന്നു പ്രവര്‍ത്തിച്ച ദ വെയ്ലേഴ്സ് എന്ന സംഗീതബാന്‍ഡ് രാജ്യാന്തരമായി നേടിയ വമ്പിച്ച പ്രചാരമാണ് റെഗ്ഗേയെ പോപ് സംഗീതത്തിന്റെ മുഖ്യധാരയിൽ പ്രതിഷ്ഠിച്ചത്. അതോടെ പോപ് സംഗീതചരിത്രത്തിലെ ഇതിഹാസതാരങ്ങളിലൊരാളായി ബോബ് മാര്‍ലി മാറുകയും ചെയ്തു. 'മൂന്നാം ലോകത്തിന്റെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍', 'രാസ്തയുടെ പ്രവാചകന്‍' എന്നിങ്ങനയുള്ള വിളിപ്പേരുകൾ അദ്ദേഹത്തിനു ലഭിച്ചത് സ്വാഭാവികം മാത്രം.

സഹനത്തിൽനിന്നു സംഗീതത്തിലേക്ക്

1945 ഫെബ്രുവരി ആറാം തീയതി ജമൈക്കയിലെ സെയ്ന്റ് ആന്‍ പാരിഷിലുള്ള നയന്‍ മൈൽസിലാണ് റോബര്‍ട്ട് നെസ്റ്റാ മാര്‍ലി എന്ന ബോബ് മാര്‍ലി ജനിച്ചത്. ബ്രിട്ടിഷ് നാവികസേനയിൽ ക്യാപ്റ്റനായിരുന്ന നോര്‍വൽ സിന്‍ക്ലയര്‍ മാര്‍ലിയുടെയും ഗായികയും എഴുത്തുകാരിയുമായ സിഡെല്ല ബുക്കറുടെയും പുത്രന്‍. അറുപതിനടുത്തു പ്രായമുണ്ടായിരുന്ന വെളുത്ത വര്‍ഗക്കാരനായ പിതാവും പതിനെട്ടു വയസ്സു മാത്രമുണ്ടായിരുന്ന കറുത്തവളായ മാതാവും തമ്മിലുള്ള ദാമ്പത്യത്തിന് ആയുസ്സുണ്ടായില്ല. കുട്ടിയുടെ ജനനത്തിനു ശേഷം സിഡെല്ലയെ ഉപേക്ഷിച്ച പിതാവ് ജമൈക്കയുടെ തലസ്ഥാനമായ കിങ്സ്റ്റണിലേക്കു പോയി. 1955 ൽ അദ്ദേഹം അന്തരിച്ചു. ബോബ് മാര്‍ലിയുടെ ബാല്യം ദുരിതപൂര്‍ണമായിരുന്നു. സാമ്പത്തികപ്രതിസന്ധിയിലായ അമ്മ കച്ചവടവും വീട്ടുവേലയും ചെയ്താണ് അന്നൊക്കെ പിടിച്ചുനിന്നത്. തുടര്‍ന്ന് ബോബ് മാര്‍ലിയും മാതാവും തൊഴിലന്വേഷിച്ച് അമ്പതുകൾക്കൊടുവിൽ വെസ്റ്റ് കിങ്സ്റ്റണിലുള്ള ട്രെഞ്ച്ടൗണിലെത്തിയെങ്കിലും രോഗവും അക്രമവും ദാരി്രദ്യവും നിറഞ്ഞ അന്തരീക്ഷത്തിലാണ് അവര്‍ക്കു ജീവിക്കേണ്ടിവന്നത്. എങ്കിലും ബോബ് മാര്‍ലിയുടെ സംഗീതജീവിതം സജീവമാകുന്നത് ഇവിടെയാണ്. പില്ക്കാലത്ത് ബണ്ണി വെയ്ലര്‍ എന്ന പേരിൽ പ്രസിദ്ധനായ ബണ്ണി ലിവിങ്സ്റ്റൺ (1947-) എന്ന ബാലനുമായുള്ള സൗഹൃദം സംഗീതത്തിലുള്ള താല്പര്യം കൂടുന്നതിനിടയാക്കി. അയൽവാസിയായ ബണ്ണിയുമൊത്ത് അദ്ദേഹം ഫാറ്റ് ഡോമിനോ, റേ ചാൾസ്, ലൂയി ജോര്‍ദാന്‍ തുടങ്ങിയവരുടെ സംഗീതവുമായി കൂടുതൽ അടുത്തു. ഇക്കാലത്ത് സ്കൂൾ പഠനം ഉപേക്ഷിച്ച ബോബ് മാര്‍ലി ഉപജീവനത്തിനായി വെൽഡിങ് ജോലിയെയാണ് ആശ്രയിച്ചത്. അതേ സമയംതന്നെ സംഗീതപഠനത്തിനായി അദ്ദേഹം ബണ്ണിയുമൊരുമിച്ച് പ്രസിദ്ധ ജമൈക്കന്‍ ഗായകനായ ജോ ഹിഗ്സി(1940 -1999)ന്റെ കീഴിൽ പരിശീലനം നേടി. അവിടെവച്ചാണ് അവരിരുവരും പീറ്റര്‍ ടോഷു(1944 -1987)മായി പരിചയപ്പെടുന്നത്. താമസിയാതെ മൂവരും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ടീനേജേഴ്സ് എന്നൊരു സംഗീത സംഘത്തിനു രൂപം നൽകുകയും ചെയ്തു. വേഴ്സ്, കോറസ്, ബ്രിഡ്ജ് തുടങ്ങിയ ഗാനഘടകങ്ങളുടെ സംയോജനത്തെക്കുറിച്ച് ജോ ഹിഗ്സിൽനിന്നു പഠിച്ച ബോബ് മാര്‍ലി ഗാനരചനയിലും മികവു പ്രകടിപ്പിച്ചു.

1960 കളിലെ ജമൈക്കന്‍ യുവത്വത്തിന് സംഗീതം ഒരു രക്ഷാമാര്‍ഗമായിരുന്നു. അവരിലേറെയും വിദ്യാഭ്യാസമോ തൊഴിലോ ഇല്ലാത്തവര്‍. പൂര്‍ണമായും അരാഷ്ട്രീയവത്കരിക്കപ്പെട്ടവർ. അധികാരത്തിനും വ്യവസ്ഥാപിതത്വത്തിനെയും എതിര്‍ക്കുമ്പോൾതന്നെ വ്യാപകമായ കുറ്റകൃത്യങ്ങളിലൂടെ പൊതുസമൂഹത്തിനെതിരെയും നിലയുറപ്പിച്ചവര്‍. 'റൂഡ് ബോയ്' സംസ്കാരം എന്നറിയപ്പെടുന്ന ഇൗ ജമൈക്കന്‍ പ്രതിഭാസത്തിന്റെ പ്രയോക്താക്കളെയാണ് അന്നത്തെ സംഗീതത്തിനു സംബോധന ചെയ്യേണ്ടിയിരുന്നത്. സ്കാ സംഗീതത്തിനു പ്രചാരം ലഭിച്ചുകൊണ്ടിരുന്ന അറുപതുകളുടെ തുടക്കത്തിൽ കലാവാസനയുള്ള കൗമാരപ്രായക്കാര്‍ പലരും സംഗീതരംഗത്തെ ആശ്രയിച്ചു. കൗമാരകാലത്തുതന്നെ ചില ഹിറ്റ് ഗാനങ്ങളിലൂടെ പ്രാദേശികമായ പ്രശസ്തി നേടിയിരുന്ന ജിമ്മി ക്ലിഫ് ആണ് ബോബ് മാര്‍ലിയുടെ സംഗീത പ്രതിഭ കണ്ടെത്തിയത്. ടീനേേജഴ്സ് ബാന്‍ഡിന്റെ സംഗീതം ആലേഖനം ചെയ്യാന്‍ വിസമ്മതിച്ച ലെസ്ലി കോങ് എന്ന സംഗീതനിര്‍മ്മാതാവിനെ ബോബ് മാര്‍ലിയിൽ വിശ്വാസമര്‍പ്പിക്കാന്‍ വീണ്ടും പ്രേരിപ്പിച്ചത് ക്ലിഫ് ആണ്. അങ്ങനെ 1962 ൽ കോങ്ങിന്റെ ബെവര്‍ലീസ് എന്ന ലേബലിൽ ബോബ് മാര്‍ലിയുടെ 'ജഡ്ജ് നോട്ട്', 'വൺ കപ്പ് ഒാഫ് കോഫി', 'ടെറര്‍' എന്നീ ഗാനങ്ങൾ ആലേഖനം ചെയ്യപ്പെട്ടെങ്കിലും ടെറര്‍ പുറത്തുവന്നില്ല. നീതിനിഷേധത്തിനെതിരായ 'ജഡ്ജ് നോട്ട്' എന്ന ഗാനം റോബര്‍ട്ട് മാര്‍ലി എന്ന പേരിലും പ്രണയം പ്രമേയമാക്കിയ 'വൺ കപ്പ് ഒാഫ് കോഫി' ബോബി മാര്‍ഷൽ എന്ന പേരിലുമാണ് പുറത്തിറങ്ങിയത്. വിപണനത്തിലോ റേഡിയോ അവതരണത്തിലോ ഒന്നും വേണ്ടത്ര ശ്രദ്ധ കിട്ടാത്തതിനാൽ രണ്ടു ഗാനങ്ങൾക്കും ജനപ്രീതി ലഭിച്ചില്ല. തുടര്‍ന്ന് ബോബ് മാര്‍ലി ലെസ്ലി കോങ്ങുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ടീനേജേഴ്സ് എന്ന സംഘത്തിലേക്കുതന്നെ മടങ്ങുകയും ചെയ്തു.

1963 ൽ ക്ലമന്റ് ഡോഡ് എന്ന സംഗീതനിര്‍മ്മാതാവിന്റെ സഹായത്തോടെ - ബോബ് മാര്‍ലി, പീറ്റര്‍ ടോഷ്, ബണ്ണീ ലിവിങ്സ്റ്റൺ എന്നിവര്‍തന്നെ ടീനേജേഴ്സിനെ, സംഘാംഗങ്ങളുടെ എണ്ണം കൂട്ടി വെയ്ലിങ് വെയ്ലേഴ്സ് എന്ന പുതുപ്പേരിൽ അവതരിപ്പിച്ചുകൊണ്ട് 'സിമ്മര്‍ ഡൗൺ' എന്ന ഗാനം പുറത്തിറക്കി. അക്രമികളായ കൗമാരക്കാരെ അതിൽനിന്നു പിന്തിരിയാന്‍ പ്രേരിപ്പിക്കുന്ന ആ ഗാനം ജമൈക്കയിൽ ഏറെ ജനപ്രിയമായി. അന്നു ജമൈക്കയിൽ പ്രചാരം നേടിയിരുന്ന സ്കാ സംഗീതത്തിന്റെ ശൈലിയാണ് ഇൗ ആദ്യഗാനത്തിൽ വെയ്ലിങ് വെയ്ലേഴ്സ് പ്രധാനമായും പിന്തുടര്‍ന്നത്. തൊട്ടെടുത്ത വര്‍ഷം നഷ്ടബോധവും ഏകാന്തതയും പ്രമേയമായ 'ഇറ്റ് ഹര്‍ട്സ് ടു ബീ എലോൺ', 'ലോൺസം ഫീലിങ്' എന്നീ ഗാനങ്ങളും 1965 ൽ അമേരിക്കന്‍ ഡൂ-വോപ് ശൈലിയിൽ ആവിഷ്കരിച്ച 'െഎ ആം സ്റ്റിൽ വെയ്റ്റിങ്' എന്ന ഗാനവും ജനപ്രീതിയിൽ മുമ്പിലെത്തിയതോടെ വെയ്ലിങ് വെയ്ലേഴ്സ് ജമൈക്കയിൽ താരങ്ങളായിത്തീര്‍ന്നു.

ഡ്രെഡ്ലോക്ക് രാസ്താ

ഇക്കാലമായപ്പോഴേക്കും ജമൈക്കയിൽ സ്കാ സംഗീതം റോക്ക്സ്റ്റെഡിയിലേക്കു മാറാന്‍ തുടങ്ങിയിരുന്നു. വെയ്ലിങ് വെയ്ലേഴ്സും ആ സംഗീതത്തിന്റെ ശൈലിയിൽ ആകൃഷ്ടരായി. സ്കാസംഗീതത്തിൽ പ്രാധാന്യത്തോടെ ഉപയോഗിച്ചിരുന്ന ഹോൺ പുതിയ സംഗീതത്തിൽ കീ ബോര്‍ഡിനു വഴിമാറി. ഗിറ്റാറിന്റെ ഉൌന്നൽ 4/4 താളത്തിന്റെ രണ്ടും നാലും ബീറ്റുകളിലും ബാസിന്റേത് ഒന്നും മൂന്നും ബീറ്റുകളിലുമായിത്തീര്‍ന്നു. ഗാനവേഗതയും റോക്ക്സ്റ്റെഡിക്കിണങ്ങുന്ന വിധത്തിൽ താഴ്ന്നകാലത്തിലേക്കു പരിവര്‍ത്തനപ്പെട്ടു. റൂഡ് ബോയ് ജീവിതരീതിയുടെ അക്രമവാസന ബോബ് മാര്‍ലിയുടെ സംഗീതത്തിലും പ്രതിഫലിച്ചു. വെയ്ലിങ് വെയ്ലേഴ്സ് 1965 ൽ പുറത്തിറക്കിയ 'റൂഡ് ബോയ്' എന്ന ഗാനം ആ ജീവിത രീതിയെ ആദര്‍ശവത്ക്കരിച്ചതിലൂടെ ജമൈക്കന്‍ യുവാക്കൾക്കു പ്രിയപ്പെട്ടതായി. ഇൗ കാലഘട്ടത്തിൽ ബൈബിളിൽനിന്നുള്ള ഉദ്ധരണികൾ ഗാനത്തിലുപയോഗിക്കുകയെന്ന സ്വന്തം രീതിയും ബോബ് മാര്‍ലി പരീക്ഷിച്ചു തുടങ്ങിയിരുന്നു. 1965 അവസാനമായപ്പോൾ ജൂണിയര്‍ ബ്രയ്ത്‌വെയ്റ്റ് തുടങ്ങിയ സംഘാംഗങ്ങൾ ഇൗ സംഗീത ബാൻഡിനോടു വിടപറഞ്ഞതോടെ അതിലെ അംഗങ്ങളുടെ എണ്ണം വീണ്ടും മൂന്നായി കുറഞ്ഞു. സംഗീത സംഘത്തിന്റെ പേര് ദ വെയ്ലേഴ്സ് എന്നായി ചുരുക്കുകയും ചെയ്തു. 1965 ൽ സൗലെ റ്റെസ് എന്ന സംഗീതസംഘത്തിലെ (പിൽക്കാലത്ത് ഇവര്‍ െഎ-ത്രീസ് എന്നറിയപ്പെട്ടു) മൂന്നു ഗായികമാരിലൊരാളായ റീത്താ ആന്‍ഡേഴ്സണു(1950 -)മായി ബോബ് മാര്‍ലി പ്രണയത്തിലാവുകയും 1966 ൽ അവര്‍ വിവാഹിതരാവുകയും ചെയ്തു. പക്ഷേ സംഗീതത്തിൽനിന്ന് ഒന്നും സമ്പാദിക്കാനാവാതെ സംഗീതനിര്‍മ്മാതാവായ ഡോഡുമായി തെറ്റിപ്പിരിഞ്ഞ് ബോബ് തൊഴിൽതേടി അമേരിക്കയിലെ ഡെലവയറിലേക്കുപോയി. ചില്ലറ തൊഴിലുകൾ ചെയ്തും ഒപ്പം ഗാനങ്ങളെഴുതിയും കഴിച്ചുകൂട്ടിയ ഇൗ കാലയളവിലാണ് അദ്ദേഹം രാസ്തഫാരിയനിസത്തിൽ കൂടുതൽ ആകൃഷ്ടനാവുകയും അതിന്റെ അനുയായികളെപ്പോലെ തലമുടി കയര്‍പോലെ പിരിച്ചുനീട്ടുകയും ചെയ്തത്. ഡ്രെഡ്ലോക്ക് എന്നറിയപ്പെടുന്ന ഇൗ ജടാധാരണം കറുത്ത വര്‍ഗത്തിന്റെ സ്വത്വപ്രഖ്യാപനംകൂടിയാണ്. ക്രിസ്തുമതത്തിന്റെയെും ആഫ്രിക്കന്‍ മിത്തുകളുടെയും ഒരു സങ്കരമാണ് രാസ്തഫാരിയനിസം. എത്യോപ്യന്‍ ചക്രവര്‍ത്തിയായ ഹൈലി സലാസി I (1892-1975) അടിമത്തത്തിൽനിന്നു തങ്ങളെ മോചിപ്പിക്കാനായി പുനരവതരിച്ച യേശുതന്നയൊണെന്ന് അവര്‍ കരുതുന്നു. അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള 'I' ഒരേ സമയം ഒന്ന് എന്ന അക്കത്തെയും ഞാന്‍ എന്ന അര്‍ത്ഥത്തിലുള്ള 'ഐ' എന്ന ഇംഗ്ലീഷ് വാക്കിനെയും പ്രതിനിധീകരിക്കുന്നു. ബോബ് മാര്‍ലി പല ഗാനങ്ങളിലും, രാസ്തഫാരികൾ തങ്ങളെയും ദൈവത്തെയും ഒരേ സമയം കുറിക്കുവാനുപയോഗിക്കുന്ന ഇൗ 'വൺ ആന്‍ഡ് െഎ' ഭാഷാസങ്കേതം ഉപയോഗിക്കുന്നുണ്ട്.

xdfdfd
Photo: kronic.it @flickr

1967-ൽ നവീകരിക്കപ്പെട്ട വിശ്വാസവുമായി അമേരിക്കയിൽനിന്നു തിരിച്ചെത്തിയ ബോബ് മാര്‍ലി അതിനകംതന്നെ രാസ്തഫാരിയനിസം സ്വീകരിച്ചുകഴിഞ്ഞിരുന്ന ബണ്ണി, ടോഷ് എന്നീ സൂഹൃത്തുക്കൾക്കൊപ്പം ആ വിശ്വാസത്തിന്റെ പ്രചാരകനായി. ബൈബിൾ വായിക്കുകയും മദ്യവും മാംസാഹാരവും ഉപേക്ഷിക്കുകയും നിയമപരമായി നിരോധിക്കപ്പെട്ടിരുന്നെങ്കിലും മരിയുവാന(കഞ്ചാവ്) ഉപയോഗിക്കുകയുമൊക്കെ ചെയ്തുകൊണ്ട് രാസ്തഫാരിയന്‍ ജീവിതരീതി പിന്തുടര്‍ന്നിരുന്ന അവരുടെ പില്ക്കാലഗാനങ്ങളെയും ആ പ്രത്യയശാസ്ത്രത്തിൽനിന്നു വേര്‍പെടുത്തി കാണാനാവില്ല. രാസ്തഫാരിയനിസത്തിന്റെ വക്താവായ മോര്‍ട്ടിമര്‍ പ്ലാനോ, ദ വെയ്ലേഴ്സിന്റെ മാനേജര്‍കൂടിയായതോടെ ആ സംഗീതസംഘത്തിന്റെ തന്നെ വിശ്വാസപ്രമാണങ്ങൾ കൂടുതൽ ദൃഢമായിത്തീര്‍ന്നു. ഇക്കാലത്ത് വെയ്ലേഴ്സ് പുറത്തിറക്കിയ 'ദിസ് മാന്‍ ഇൗസ് ബാക്ക്', 'സെലാസി ദ ചാപ്പൽ', 'ബസ് ദെം ഷട്ട്' എന്നീ ഗാനങ്ങൾ ഒരേ സമയം ജമൈക്കന്‍ യുവത്വത്തോടും രാസ്തഫാരിയനിസത്തോടും കൂറു പുലര്‍ത്തുന്നവയാണ്. ഇൗ ഗാനങ്ങളിൽ അമേരിക്കന്‍ സോൾ സംഗീതത്തിന്റെയെും വര്‍ദ്ധിച്ച സ്വാധീനമുണ്ട്. 'ഫ്രീഡം ടൈം', 'ഹിപ്പോ ക്രൈറ്റ്സ്', 'നൈസ് ടൈം', 'സ്റ്റിര്‍ ഇറ്റ് അപ്പ്' എന്നിവയാണ് 1967 ൽ വെയ്ലേഴ്സ് പുറത്തിറക്കിയ മറ്റു ശ്രദ്ധേയഗാനങ്ങൾ. പ്രണയഗാനമായ 'സ്റ്റിര്‍ ഇറ്റ് അപ്പ്' ബോബ് മാര്‍ലിയെ ജമൈക്കയ്ക്കു പുറത്തും പ്രശസ്തനാക്കി.

1968 ൽ റൊഡേഷ്യ(പിന്നീട് സിംബാബ്വേയുടെ ഭാഗം)യിലെ വെളുത്തവരുടെ ഭരണകൂടത്തിന്റെ വര്‍ണ്ണവിവേചനത്തിനെതിരേ പ്രതിഷേധിച്ചതിന് പീറ്റര്‍ ടോഷ് അറസ്റ്റു ചെയ്യപ്പെട്ടു. ഇതേ സമയത്തു തന്നെ മരിയുവാന കൈവശം വച്ചതിന് ബോബ് മാര്‍ലിയും ബണ്ണി ലിവിങ്സ്റ്റണും അറസ്റ്റിലായി. ജയിൽമോചിതരായ മൂവര്‍ സംഘം സംഗീതരംഗത്തും രാഷ്ട്രീയരംഗത്തും ഒരുപോലെ സജീവമായി. അറുപതുകളുടെ അന്ത്യത്തിലും എഴുപതുകളുടെ തുടക്കത്തിലുമായി ആഫ്രോ അമേരിക്കന്‍ ഗായകനായ ജോണി നാഷ്, ജമൈക്കന്‍ സംഗീതജ്ഞനും സൗണ്ട് എഞ്ചിനീയറുമായ ലീ സ്ക്രാച്ച് പെറി എന്നിവരുടെ സഹകരണത്തോടെ വെയ്ലേഴ്സ് കൂടുതൽ ഗാനങ്ങൾ ആലേഖനം ചെയ്യുകയും അന്തര്‍ദ്ദേശീയമായി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പെറിയുടെ സഹകരണത്തോടെ ആവിഷ്കരിച്ച 'ലൈവ്ലി അപ്പ് യുവര്‍സെൽഫ്', 'കായാ', '400 ഇയേഴ്സ്', 'ട്രെഞ്ച്ടൗൺ റോക്ക്' എന്നീ ഗാനങ്ങളും രാസ്തഫാരി പ്രസ്ഥാനവുമായി ബന്ധപ്പെട്ടെവതന്നെ. കഞ്ചാവിന്റെ ജമൈക്കന്‍ നാമമായ 'കായാ' എന്നു തലക്കെട്ടുള്ള ഗാനത്തിൽ ലഹരിയുടെ അനൂഭവത്തെ മഹത്വവത്ക്കരിക്കുന്നുണ്ട്.

I feel so high, I even touch the sky

Above the falling rain

I feel so good in my neighbourhood, so

Here I come again

Got to have kaya now

പില്ക്കാലത്ത് 'ലീഗലൈസ് മരിയുവാന' എന്ന പോലെയുള്ള ഗാനങ്ങളിലൂടെ ഇൗ ലഹരിയെയും അദ്ദേഹം രാസ്തഫാരിയന്‍ ജീവിതരീതിയുടെ അടിസ്ഥാനമായിത്തന്നെ വ്യാഖ്യാനിച്ചു. 'ട്രെഞ്ച്ടൗൺ റോക്കി'ന്റെ വാണിജ്യവിജയം വെയ്ലേഴ്സിനെ മുഖ്യധാരയിൽ നിലനിര്‍ത്താന്‍ സഹായകമായി. 1971 ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ കരീബിയന്‍ സംഗീതത്തോടു സവിശേഷമമതയുണ്ടായിരുന്ന ക്രിസ് ബ്ലാക്ക്‌വെൽ എന്ന സംഗീതനിര്‍മ്മാതാവിന്റെ സഹായം വെയ്ലേഴ്സിനു ലഭിച്ചതും അവരുടെ രാജ്യാന്തരപ്രചാരത്തിന് വേഗതകൂട്ടി.

ഗെറ്റ് അപ് സ്റ്റാന്‍ഡ് അപ്

1973-ലാണ് വെയ്ലേഴ്സിന്റെ ആദ്യഗാനസമാഹാരമായ ക്യാച്ച് എ ഫയര്‍ പുറത്തുവരുന്നത്. 'സ്റ്റിര്‍ ഇറ്റ് അപ്പ്', '400 ഇയേഴ്സ്' തുടങ്ങി നേരത്തെതന്നെ പ്രശസ്തമായ ഗാനങ്ങളും ഒപ്പം 'കോൺക്രീറ്റ് ജംഗിൾ', 'സ്ലേവ് ഡ്രൈവര്‍', 'സ്റ്റോപ്പ് ദാറ്റ് ട്രയിന്‍', 'ബേബി വീ ഹാവ് ഗോട്ട് എ ഡേറ്റ്', 'കിങ്കി റെഗ്ഗെ', 'നോ മോര്‍ ട്രബ്ൾ', 'മിഡ്നൈറ്റ് റാവേഴ്സ്' എന്നിവയുമാണ് ഇൗ ആൽബത്തിലെ ഗാനങ്ങൾ. 'ദുരിതത്തിലകപ്പെടുക' എന്ന അര്‍ത്ഥത്തിൽ ജമൈക്കയിൽ പ്രചാരത്തിലുള്ള ശൈലിയാണ് 'ക്യാച്ച് എ ഫയര്‍' എന്നത്. പ്രകടമായ രാഷ്ട്രീയ മാനങ്ങളുള്ള 'സ്ലേവ് ഡ്രൈവര്‍' എന്ന ഗാനത്തിൽനിന്നാണ് ആൽബത്തിന്റെ തലക്കെട്ട് സ്വീകരിച്ചിരിക്കുന്നത്.

Slave driver, the table is turn; (catch a fire)

Catch a fire, so you can get burn, now. (catch a fire)

Slave driver, the table is turn; (catch a fire)

Catch a fire: gonna get burn. (catch a fire)

സാമൂഹികപ്രാധാന്യമുള്ള ഗാനങ്ങളും വൈകാരികമായ പ്രണയഗാനങ്ങളും ഇടകലര്‍ത്തിയ ഇൗ ആൽബം അങ്ങനെ രണ്ടു തരത്തിലും ശ്രദ്ധേയമായി. ഇക്കാലത്തു സൗന്ദര്യശാസ്ത്രപരമായി വന്ന വ്യതിയാനത്തിന് ആദ്യരൂപത്തിൽനിന്നു സൂക്ഷ്മവ്യത്യാസത്തോടെ പുനരാലേഖനം ചെയ്ത '400 ഇയേഴ്സ്' എന്ന ഗാനംതന്നെ ഉദാഹരിക്കാം. റോക്ക്സ്റ്റെഡിയുടെ മധ്യമകാലത്തിൽ ആരംഭിക്കുന്ന ഇൗ ഗാനം ആദ്യത്തെ കോറസ് ആരംഭിക്കുന്നതോടെ വേഗം കുറയുകയും സോൾസംഗീതത്തിന്റെ സ്വാധീനമുള്ള റെഗ്ഗെയുടെ വികാരതീവ്രത സ്വരത്തിൽ ആവാഹിക്കുകയും ചെയ്യുന്നത് വെയ്ലേഴ്സിന്റെ പൂര്‍വകാലഗാനങ്ങളിൽനിന്നുള്ള വ്യത്യാസത്തെത്തന്നെ കുറിക്കുന്നു. 1973 ൽ 'ക്യാച്ച് എ ഫയര്‍' എന്ന പേരിൽ ബോബ് മാര്‍ലിയും സംഘവും ഇംഗ്ലണ്ടിലും അമേരിക്കയിലും സംഗീതപര്യടനം നടത്തുകയും ചെയ്തു.

വെയ്ലേഴ്സ് ഇതേ വര്‍ഷം തന്നെ ബേണിങ് എന്ന രണ്ടാമത്തെ ആൽബവും പുറത്തിറക്കി. രാസ്തഫാരിയനിസത്തിലും ജമൈക്കന്‍ രാഷ്ട്രീയത്തിലും ഉൗന്നുന്ന ഗാനങ്ങളാണ് ഇൗ സമാഹാരത്തിലുള്ളത്. പ്രതിരോധത്തിനും സമരത്തിനുമായി ജമൈക്കയിലെ ദരിദ്രരെ ആഹ്വാനം ചെയ്യുന്ന ഇൗ ആൽബത്തിലെ 'ഗെറ്റ് അപ് സ്റ്റാന്‍ഡ് അപ്', 'ഹല്ലേലൂയാ ടൈം', 'െഎ ഷോട്ട് ദ ഷെരീഫ്', 'ബേണിങ് ആന്‍ഡ് ലൂട്ടിങ്', 'പുട്ട് ഇറ്റ് ഒാൺ', 'സ്മോൾ ആക്സ്', 'പാസ് ഇറ്റ് ഒാൺ', 'ഡപ്പി കോൺക്വറര്‍', 'വൺ ഫൗണ്ടേഷന്‍', 'രാസ്താമാന്‍ ചാന്റ്' എന്നിവയെല്ലാം വെയ്ലേഴ്സിന്റെ പ്രസിദ്ധഗാനങ്ങളിലൂൾപ്പെടുന്നു. ജമൈക്കന്‍ നിവാസികളുടെ വിധി അവര്‍തന്നെയാണു നിര്‍വഹിക്കേണ്ടതെന്നും അത് ആത്മാര്‍ത്ഥതയില്ലാത്ത അധികാരികൾക്കു വിട്ടുകൊടുക്കരുതെന്നും ഇൗ ആൽബത്തിലൂടെ വെയ്ലേഴ്സ് ഒാര്‍മ്മിപ്പിക്കുന്നു. അധികാരിയായ ഷെരീഫിനെ താന്‍ വെടിവച്ചെന്നും അത് ആത്മരക്ഷയ്ക്കുവേണ്ടിയായിരുന്നെന്നും എന്നാൽ തന്നിൽ കുറ്റമാരോപിക്കുന്നതുപോലെ ഡെപ്യൂട്ടിയെ വെടിവച്ചില്ലെന്നും വിളിച്ചുപറയുന്ന 'െഎ ഷോട്ട് ദ ഷെരീഫി'ലെ ആഖ്യാതാവ് ജമൈക്കന്‍ തെരുവിന്റെ പ്രതിനിധിയാണ്. ആ ഷെരീഫ് വംശീയവിദ്വേഷത്തിന്റെ പ്രതിനിധിയാണെന്നു വ്യക്തം.

Sheriff John Brown always hated me,

For what, I don't know:

Every time I plant a seed,

He said kill it before it grow -

He said kill them before they grow.

ഇംഗ്ലീഷ് പോപ് താരമായ എറിക് ക്ലാപ്റ്റൺ 1974 ൽ ഇൗ ഗാനം പുനരാവിഷ്കരിച്ചപ്പോഴും വിസ്മയകരമായ പ്രചാരമാണ് അതിനുണ്ടായത്. എന്നാൽ പില്ക്കാലത്ത് ഏറെ പ്രശസ്തമായ ഇൗ ഗാനങ്ങളുമായി 1973 ൽത്തന്നെ വെയ്ലേഴ്സ് അമേരിക്കയിലും ഇംഗ്ലണ്ടിലും പര്യടനം നടത്തിയെങ്കിലും നിരാശാജനകമായ പ്രതികരണമാണു ലഭിച്ചത്. 1974 ൽ വെയ്ലേഴ്സിന്റെ ഇൌ പ്രതിസന്ധിയുടെ ഘട്ടത്തിൽ പീറ്റര്‍ ടോഷും ബണ്ണി ലിവിങ്സ്റ്റണും ബോബ് മാര്‍ലിയുമായുള്ള അഭിപ്രായവ്യത്യാസം മൂലം വെയ്ലേഴ്സിൽനിന്നു പോവുകയും സ്വന്തം നിലയിലുള്ള സംഗീതജീവിതം തുടരുകയും ചെയ്തതോടെ കൗമാരകാലം മുതൽ ഒരുമിച്ചുണ്ടായിരുന്ന മൂവര്‍സംഘത്തിന്റെ വൈകാരികമായ സൗഹൃദത്തിനും വിരാമമായി.

രാസ്താമാന്‍ വൈബ്രേഷന്‍

എന്നാൽ അന്തര്‍ദ്ദേശീയസംഗീതരംഗത്തെ പ്രമുഖതാരമെന്ന നിലയിലേക്കുള്ള ബോബ് മാര്‍ലിയുടെ വളര്‍ച്ച ഇവിടെയാണാരംഭിക്കുന്നത്. ബോബ് മാര്‍ലി ആന്‍ഡ് ദ വെയ്ലേഴ്സ് എന്ന പേരിൽ തുടര്‍ന്നും സജീവമായ അദ്ദേഹം അതുവരെ ബണ്ണിയും ടോഷും ചെയ്തിരുന്ന വാചികമായ ലയാത്മക സംഗീതഭാഗങ്ങൾ െഎ- ത്രീ എന്ന ഗായികാസംഘത്തെ ഏല്പിച്ചു. 1974 ൽത്തന്നെ പുറത്തിറക്കിയ നാറ്റി ഡ്രഡ് (Natty Dread)എന്ന ആൽബം അദ്ദേഹത്തിന്റെ സംഗീതജീവിതത്തിലെ വലിയ വഴിത്തിരിവായിത്തീര്‍ന്നു. ആത്മീയതയും വിപ്ലവവും ചര്‍ച്ച ചെയ്യുന്ന ഒരു രാസ്താ പുരോഹിതന്റെ മട്ടിലാണ് അദ്ദേഹം ഇൗ ആൽബത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിലെ 'സോ ജാ സേ' ഒരു രാസ്തഫാരിയന്‍ ആത്മീയഗാനംതന്നെയാണ്. 'ജാ' എന്ന വാക്ക് ഒരേ സമയം ദൈവത്തെയും ഹൈലി സലാസിയെയും കുറിക്കുന്നു. 'ടോക്കിങ് ബ്ലൂ' എന്ന ഗാനത്തിൽ കത്തോലിക്കാ മതത്തോടുള്ള രാസ്തകളുടെ എതിര്‍പ്പു വ്യക്തമാക്കുന്ന തരത്തിൽ ഒരു പള്ളി തകര്‍ക്കുന്നതിനെപറ്റി ചര്‍ച്ച ചെയ്യുന്നുണ്ട്. 'റെവലൂഷൻ', 'റിബൽ മ്യൂസിക്ക് (ത്രീ ഒ ക്ലോക്ക് റോഡ് മോക്ക്)', 'ദെം ബെല്ലി ഫുൾ (ബട്ട് വീ ഹംഗ്റി)' എന്നീ ഗാനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത വിപ്ലവമനോഭാവമാണുള്ളത്. 'ലൈവ്ലി അപ്പ് യുവര്‍സെൽഫ്' മാര്‍ലിയുടെ പഴയഗാനം തന്നെ. പല ഗാനങ്ങളിലും ജമൈക്കന്‍ ഭാഷാഭേദത്തിലൂടെ അര്‍ത്ഥവ്യത്യാസം വരുത്തുന്നതും കൊളോണിയലിസത്തോടുള്ള ഒരു രാസ്തഫാരിയന്‍ പ്രതികരണം എന്ന നിലയിൽത്തന്നെ ബോബ് മാര്‍ലി നിര്‍വഹിക്കാറുണ്ട്. ആൽബത്തിന്റെ തലക്കെട്ടുതന്നെ രാസ്തകളുടെ ഡ്രെഡ്ലോക്കിനെ കുറിക്കുന്ന 'knotty dread' എന്നാണെങ്കിലും അതിന്റെ ജമൈക്കന്‍ ഉച്ചാരണമായ 'natty dread' എന്നുപയോഗിക്കുന്നതിലൂടെ വേഷത്തിലും പെരുമാറ്റത്തിലുമുള്ള ആകര്‍ഷകത്വമെന്ന അര്‍ത്ഥംകൂടി വന്നുചേരുന്നത് ഉദാഹരണം. വിവാദപരമായ ധാരാളം പ്രണയബന്ധങ്ങളുണ്ടായിരുന്ന അദ്ദേഹം അഭിമുഖങ്ങളിൽ സംഗീതത്തെക്കുറിച്ച് സംവേദനക്ഷമമായ ഇംഗ്ലീഷിൽ സംസാരിക്കുമെങ്കിലും വിവാദപരമായ ചോദ്യങ്ങൾക്കു മറുപടി പറയുമ്പോൾ പെട്ടെന്നു മനസ്സിലാവാത്ത ജമൈക്കന്‍ ഇംഗ്ലീഷിനെ ആശ്രയിച്ചു രക്ഷപ്പെടുമായിരുന്നു എന്നത് രസകരമായ മറ്റൊരു കാര്യം. 'നോ വുമൺ നോ ക്രൈ' ആണ് ഇൗ ആൽബത്തിലെ ഏറ്റവും പ്രശസ്തമായ ഗാനം. ഇംഗ്ലീഷ് ശ്രോതാക്കൾക്ക് ആശയക്കുഴപ്പമുണ്ടാകാമെങ്കിലും ജമൈക്കന്‍ ഭാഷാഭേ ദമനുസരിച്ച് 'സ്ത്രീയേ കരയരുത്' എന്നാണു ഗാനത്തിന്റെ ആശയം. "Woman, little darlin, say dont shed no tears" എന്ന വരിയിൽ ഇതു കൂടുതൽ വ്യക്തമാകുന്നുമുണ്ട്. വികാരതീവ്രതയുള്ള ഇൗ ഗാനം ബോബ് മാര്‍ലിയുടെ അന്തര്‍ദ്ദേശീയമായ പ്രശസ്തി വര്‍ദ്ധിപ്പിച്ചു. പിൽക്കാലത്ത് ബോണി എം ഉൾപ്പെടെ പലരും ഇതു പുനരവതരിപ്പിച്ചിട്ടുണ്ട്. ഇൗ ആൽബത്തിന് അമേരിക്കയിൽനിന്നുൾപ്പെടെ അനുകൂലമായ പ്രതികരണങ്ങളുണ്ടായത് ബോബ് മാര്‍ലിയുടെ സംഗീതത്തിന്റെ തുടര്‍ന്നുള്ള പ്രചാരത്തിനു സഹായകമായിട്ടുണ്ട്.

1975 ൽ കിങ്സ്റ്റണിൽ നടന്ന സംഗീതപരിപാടിയിൽ മൈക്കേൽ ജാക്സൺ ഉൾപ്പെട്ട ജാക്സൺ ഫൈവിനൊപ്പം സംഗീതമവതരിപ്പിച്ചതും ബോബ് മാര്‍ലി ആന്‍ഡ് ദ വെയ്ലേഴ്സിന്റെ തിളക്കം കൂട്ടി. 1975 ൽ 'നാറ്റി ഡ്രെഡ്' എന്ന പേരിൽ അവര്‍ അമേരിക്ക, കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നടത്തിയ സംഗീതപര്യടനങ്ങളും വിജയകരമായിരുന്നു. അമേരിക്കൻ പര്യടത്തിന്റെ അവസാനമായി കാലിഫോർണിയയിൽ നടത്തിയ സംഗീതാവതരണത്തിൽ ബീറ്റിൽസ്, റോളിങ്സ്റ്റോൺസ്, ഗ്രേറ്റ്ഫുൾ ഡെഡ് തുടങ്ങിയ ബാന്‍ഡുകളിലെ പ്രമുഖസംഗീതജ്ഞര്‍ സന്നിഹിതരായിരുന്നു. 1975 ൽ പ്രശസ്ത ഗായകനായ സ്റ്റീവി വണ്ടര്‍ ജമൈക്കന്‍ നാഷനൽ സ്റ്റേഡിയത്തിൽ നടത്തിയ അന്ധര്‍ക്കായുള്ള ഒരു ധനസമാഹരണ സംഗീതപരിപാടിയിൽ ബോബ് മാര്‍ലി, പീറ്റര്‍ ടോഷ്, ബണ്ണി ലിവിങ്സ്റ്റൺ എന്നിവര്‍ ചേര്‍ന്ന് സംഗീതമവതരിപ്പിച്ചു. അന്നാണ് വെയ്ലേഴ്സിലെ മൂവര്‍സംഘം അവസാനമായി ഒരുമിച്ചു വേദിയിലെത്തിയത്. ബോബ് മാര്‍ലിയെ 'മാസ്റ്റര്‍ ബ്ലാസ്റ്റര്‍' എന്നു വിശേഷിപ്പിക്കുന്ന ഗാനം സ്റ്റീവി വണ്ടര്‍ അവിടെ അവതരിപ്പിക്കുകയും ചെയ്തു.

1975 ൽ ഹൈലി സലാസി അന്തരിച്ചതോടെ രാസ്തഫാരിയനിസത്തിന് അനുയായികളിൽ വലിയ കുറവുണ്ടായെങ്കിലും ബോബ് മാര്‍ലി പിന്‍വാങ്ങാന്‍ തയ്യാറായില്ല. പകരം 'ജാ ലിവ്' എന്ന ഗാനത്തിലൂടെ അദ്ദേഹം തന്റെ വിശ്വാസം കൂടുതൽ ദൃഢമായി പ്രഖ്യാപിക്കുകയാണു ചെയ്തത്. ബോബ് മാര്‍ലിയുടെ ജീവിതത്തിലെ അവസാനത്തെ അഞ്ചു വര്‍ഷം അദ്ദേഹം നിരന്തരം ഗാനങ്ങളെഴുതുക, ആൽബങ്ങളിറക്കുക, സംഗീതാവതരണയാത്രകളിലേര്‍പ്പെടുക എന്നിവയിലൂടെ ഏറെ ക്രിയാത്മകമായിരുന്നു. 1976 ൽ റോളിങ്സ്റ്റോൺ മാഗസിന്‍ ബോബ് മാര്‍ലി ആന്‍ഡ് ദ വെയ്ലേഴ്സിനെ ബാന്‍ഡ് ഒാഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തത് അന്തര്‍ദ്ദേശീയരംഗത്ത് ആ സംഗീതസംഘം നേടിയ താരപദവിക്ക് ഉദാഹരണമാണ്. 1976 ൽ പുറത്തിറങ്ങിയ രാസ്താമാന്‍ വൈബ്രേഷന്‍ എന്ന ആൽബം എത്യോപ്യന്‍ പതാകയിൽനിന്നു സ്വീകരിച്ച കറുപ്പ്, ചുവപ്പ്, മഞ്ഞ,പച്ച എന്നീ നിറങ്ങളിലൂടെ പേരിലും പകിട്ടിലും രാസ്തഫാരിയനിസത്തെത്തന്നെ പ്രതീകവത്കരിച്ചു. കറുപ്പ് ജനങ്ങളെയും ചുവപ്പ് ആത്മരക്ഷയ്ക്കായി അവര്‍ ചൊരിഞ്ഞ രക്തത്തെയും മഞ്ഞ പൂര്‍വികരിൽനിന്നു കവര്‍ന്നെടുക്കപ്പെട്ടെ സ്വര്‍ണത്തെയും പച്ച ആഫ്രിക്കയെന്ന നഷ്ടഭൂമിയെയും പ്രതിനിധാനം ചെയ്തു. 'വാര്‍' ആണ് ഇൗ ആൽബത്തിലെ ഏറ്റവും പ്രധാനഗാനം. 1963 ൽ ഹൈലേ സലാസി െഎക്യരാഷ്ടസഭയിൽ വര്‍ണവിവേചനത്തിനെതിരേ നടത്തിയ പ്രസംഗമാണ് ഇതിലെ വരികൾക്കാധാരം. രാസ്തഫാരികളുടെ രാഷ്ട്രീയം അക്രമത്തിന്റേതല്ലെന്ന് 'റാറ്റ് റെയ്സ്' എന്ന ഗാനത്തിലൂടെ വ്യക്തമാക്കുന്നു. 'പോസിറ്റീവ് വൈബ്രേഷന്‍', 'റൂട്ട്സ് റോക്ക് റെഗ്ഗെ', 'ക്രൈ റ്റു മീ', 'നൈറ്റ് ഷിഫ്റ്റ്' എന്നിവയും ഇൗ ആൽബത്തിലെ പ്രസിദ്ധഗാനങ്ങളാണ്.

1976 ൽ ജമൈക്കയിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന അക്രമത്തിൽ ബോബ് മാര്‍ലിക്കു നേരേ വധശ്രമമുണ്ടായി. രാഷ്ട്രീയരംഗത്തെ അസ്വസ്ഥതകൾ മൂലം രണ്ടു വര്‍ഷത്തോളം ലണ്ടനിലേക്കു മാറി താമസിച്ചെങ്കിലും സംഗീതരംഗത്ത് അദ്ദേഹം സജീവമായിത്തന്നെ തുടര്‍ന്നു. എക്സോഡസ് (1977), കായാ (1978) എന്നീ ആൽബങ്ങൾ ഇൗ കാലയളവിലാണു പുറത്തു വന്നത്. എക്സോഡസിന്റെ ആലേഖനവേളയിൽ തന്നെ സന്ദര്‍ശിക്കാനെത്തിയ ലീ സ്ക്രാച്ച് പെറിക്കുവേണ്ടി 'പങ്കി റെഗ്ഗേ പാര്‍ട്ടി' എന്നാെരു ഗാനവും അദ്ദേഹം ആലേഖനം ചെയ്തിട്ടുണ്ട്. പെറി എഴുതിയ ഗാനം റെഗ്ഗെയും ഇംഗ്ലീഷ് പങ്ക് സംഗീതവും തമ്മിലുള്ള ബന്ധം ഉറപ്പിക്കുക എന്ന ഉദ്ദേശ്യം സഫലമാക്കി. വധശ്രമത്തെത്തുടര്‍ന്നുള്ള ബോബ് മാര്‍ലിയുടെ മനോഭാവം വ്യക്തമാക്കുന്നതാണ് എക്സോഡസിലെ ഗാനങ്ങൾ. അദ്ദേഹത്തിന്റെ വിളിപ്പേരുകളിലൊന്നായ 'നാച്ചുറൽ മിസ്റ്റിക്' എന്നുതന്നെ നാമകരണം ചെയ്ത ഗാനം നോക്കുക.

There's a natural mystic blowing through the air;

If you listen carefully now you will hear.

This could be the first trumpet, might as well be the last:

Many more will have to suffer,

Many more will have to die - don't ask me why.

'സോ മച്ച് തിങ്സ് ടു സേ', 'ഗിൽറ്റിനെസ്സ്', 'ദ ഹീതന്‍' എന്നീ ഗാനങ്ങളിലെ ഭാവഗീതസ്വഭാവം 1976 ലെ അക്രമത്തെത്തുടര്‍ന്നു മാനസികമായി വീണ്ടെടുത്ത സമാധാനത്തെ പ്രതിനിധീകരിക്കുന്നു. 'വെയ്റ്റിങ് ഇന്‍ വെയ്ന്‍', 'ടേൺ യുവര്‍ ലൈറ്റ്സ് ഡൗൺ ലോ', 'ത്രീ ലിറ്റിൽ ബേര്‍ഡ്സ്' എന്നിവ പ്രണയഗാനങ്ങളാണ്. ഏറെ പ്രശസ്തമായ 'ജാമിങ്' എന്ന ഗാനം രാസ്തഫാരിയന്‍ െഎക്യത്തെയും 'വൺ ലവ്/പീപ്പിൾ ഗെറ്റ് റെഡി' മാനവികമായ െഎക്യത്തെയും കാംക്ഷിക്കുന്നു. കായാ എന്ന ആൽബത്തിലെ 'ഇൗസ് ദിസ് ലവ്', 'സാറ്റിസ്ഫൈ മൈ സോൾ' എന്നിവയും ബോബ് മാര്‍ലിയുടെ അന്തര്‍ദ്ദേശീയമായ ജനപ്രീതി ഏറെ വര്‍ദ്ധിപ്പിച്ച ഗാനങ്ങളാണ്.

1978 ൽത്തന്നെ പുറത്തുവന്ന ബാബിലോൺ ബൈ ബസ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ പതിമൂന്നു ഗാനങ്ങളുടെ അരങ്ങവതരണങ്ങൾ സമാഹരിച്ചതാണ്. ഇൗ ആൽബവും ആരംഭിക്കുന്നത് സെലാസിയിലും രാസ്തഫാരിയനിസത്തിലുമുള്ള തന്റെ വിശ്വാസം പ്രഖ്യാപിച്ചുകൊണ്ടാണ്. 1978 ൽ അദ്ദേഹം തന്റെ സ്വപ്നഭൂമിയായ എത്യോപ്യ സന്ദര്‍ശിച്ചു. സ്വാഭാവികമായും ഹൈലേ സലാസിയുടെ ജീവിതവും രാസ്തഫാരിയനിസവുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ് അദ്ദേഹത്തിനു പ്രിയങ്കരമായത്. അന്ന് സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെ അന്ത്യദശയിലായിരുന്ന റൊഡേഷ്യയുടെ മോചനമാവശ്യപ്പെട്ടുകൊണ്ടുള്ള പ്രകടനത്തിലും അദ്ദേഹം പങ്കുചേര്‍ന്നു. ഇൗ അനുഭവങ്ങളാണ് റൊഡേഷ്യയെ ആഫ്രിക്കകാര്‍ വിളിച്ചിരുന്ന സിംബാബ്‌വേ എന്ന പേരിലുള്ള ഗാനത്തിന്റെ രചനയ്ക്കു പ്രേരണയായത്. 1979 ൽ ബാബിലോൺ ബൈ ബസ് എന്നു പേരിട്ട സംഗീതാവതരണയാത്രയ്ക്ക് ജപ്പാന്‍, ഒാക്ക്ലന്‍ഡ്, ന്യൂസീലാന്‍ഡ്, ഒാസ്ട്രേലിയ, ഹവായ് എന്നിവിടങ്ങളിൽ ലഭിച്ച ആവേശകരമായ സ്വീകരണം അദ്ദേഹത്തിന്റെ അന്തര്‍ദ്ദേശീയമായ സ്വീകാര്യതയുടെ വ്യാപ്തി വ്യക്തമാക്കി.

സംഗീതത്തിലൂടെ ഒരു വിമോചനപദ്ധതി

1979 ലെ സര്‍വൈവൽ അക്ഷരാര്‍ത്ഥത്തിൽത്തന്നെ രാഷ്ട്രീയപ്രേരിതമായ ഗാനസമാഹാരമാണ്. 'സോ മച്ച് ട്രബ്ൾ ഇന്‍ ദ വേൾഡ്', 'സിംബാബ്‌വേ', 'ടോപ് റാങ്കിങ്', 'ബാബിലോൺ സിസ്റ്റം', 'സര്‍വൈവൽ', 'ആഫ്രിക്കാ യുണൈറ്റ്', 'വൺ ഡ്രോപ്പ്', 'റൈഡ് നാറ്റി റൈഡ്', 'ആംബുഷ് ഇന്‍ ദ നൈറ്റ്', 'വേക്ക് അപ് ആന്‍ഡ് ലിവ്' എന്നീ ഗാനങ്ങൾ അന്നത്തെ രാഷ്ട്രീയസാഹചര്യങ്ങളോടു നേരിട്ടുതന്നെ ബന്ധപ്പെടുന്നു. പാശ്ചാത്യലോകത്തിലെ അടിച്ചമര്‍ത്തപ്പെട്ട കറുത്തവരുടെ നേതാവായിത്തന്നെ ഇൌ ആൽബത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെടുന്നു. ആഫ്രിക്കയുടെ ഏകീകരണത്തിനും സിംബാബ്‌വേയുടെ മോചനത്തിനും ഇതരരാജ്യങ്ങളിലുള്ള ആഫ്രിക്കന്‍ വംശജരുടെ സമാധാനത്തിനും ആവശ്യപ്പെടുന്നു. മൂന്നു ഘട്ടമായി നിറവേറ്റേണ്ട പ്രായോഗികമായ ഒരു പ്രവര്‍ത്തനപദ്ധതിതന്നെ മുന്നിൽക്കണ്ടുകൊണ്ടാണ് അദ്ദേഹം സര്‍വൈവൽ എന്ന ആൽബം തയ്യാറാക്കിയത്. നാനൂറു വര്‍ഷത്തെ അടിച്ചമര്‍ത്തലിൽനിന്നുള്ള അതിജീവനത്തിന്റെ സന്ദേശമാണ് അതിലുള്ളത്. രണ്ടാം ഘട്ടത്തെ അപ്റൈസിങ് (1980) എന്ന അടുത്ത ആൽബം പ്രതിനിധീകരിക്കുന്നു. കറുത്തവരുടെ െഎക്യവും അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടവുമാണ് അതിന്റെ സന്ദേശം. 'കുഡ് യൂ ബീ ലവ്ഡ്', 'റിഡംപ്ഷന്‍ സോങ്' എന്നീ അതിപ്രശസ്ത ഗാനങ്ങൾ ഇൗ ആൽബത്തിന്റെ ഭാഗമാണ്. ജമൈക്കന്‍ വംശജനും കറുത്തവരുടെ അന്തര്‍ദ്ദേശീയ നേതാവുമായിരുന്ന മാര്‍കസ് ഗാവേയുടെ ഒരു പ്രസംഗമാണ് 'റിഡംപ്ഷന്‍ സോങ്ങി'നാധാരം. ആഫ്രിക്കന്‍ വംശജരെല്ലാം െഎക്യത്തോടെ സ്വദേശത്തുതന്നെ താമസിക്കുന്നതിനെ വിഭാവനം ചെയ്യുന്ന മൂന്നാം ഘട്ടം കൺഫ്രണ്ടേഷന്‍ (1983) എന്ന ആൽബത്തിലാണ് പൂര്‍ത്തിയാകുന്നത്. 'ചാന്റ് ഡൗൺ ബാബിലോൺ', 'ബഫലോ സോൾജിയര്‍', 'മിക്സ് അപ് മിക്സ് അപ്', 'ബ്ലാക്ക്മാന്‍ റിഡംപ്ഷന്‍', 'ട്രെഞ്ച്ടൗൺ', 'സ്റ്റിഫ് നെക്ക്ഡ് ഫൂൾസ്', 'െഎ നോ', 'രാസ്താമാന്‍ ലിവ് അപ്' എന്നീ ഗാനങ്ങളിലൂടെ ശ്രദ്ധേയമായ ഇൗ ആൽബം പക്ഷേ ബോബ് മാര്‍ലിയുടെ മരണശേഷമാണ് പുറത്തുവന്നത്.സംഗീതത്തിലൂടെ ബോബ് മാര്‍ലി വിഭാവനം ചെയ്ത രാഷ്ട്രീയമായ പ്രവര്‍ത്തനപദ്ധതി ഭാഗികമായെങ്കിലും യാഥാര്‍ത്ഥ്യമാകുന്നത് കാണാന്‍ അദ്ദേഹത്തിനു സാധിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. 'സിംബാബ്‌വേ' എന്ന ഗാനത്തിന്റെ സന്ദേശം അക്ഷരാര്‍ത്ഥത്തിൽത്തന്നെ സ്വീകരിച്ച ആ രാജ്യത്തെ സ്വാതന്ത്ര്യസമരസൈനികര്‍ തങ്ങളുടെ പ്രകടനങ്ങളിൽ അതുപയോഗിച്ചു.

Every man gotta right to decide his own destiny,

And in this judgement there is no partiality.

So arm in arms, with arms, we'll fight this little struggle,

'Cause that's the only way we can overcome our little trouble.

എന്നിങ്ങനെ തങ്ങളുടെ യുദ്ധം എന്തിനെന്ന് സാധൂകരിക്കാനുള്ള വൈകാരികവും സാംസ്കാരികവുമായ കാരണങ്ങൾ മുന്നോട്ടുവയ്ക്കാനും വിജയപ്രതീക്ഷ നല്കാനും ഗാനത്തിനു സാധിച്ചത് അവര്‍ക്ക് ആവേശം പകര്‍ന്നു. താമസിയാതെ സിംബാബ്‌വേ സ്വാതന്ത്ര്യവും നേടി. ഒൗദ്യോഗികമായ സ്വാതന്ത്ര്യാഘോഷങ്ങളുടെ ഭാഗമായി 1980 ഏപ്രിൽ 18 ന് ബോബ് മാര്‍ലി ആന്‍ഡ് ദ വെയ്ലേഴ്സ് ഇൗ ഗാനമുൾപ്പെടുന്ന സംഗീതപരിപാടി സിംബാബ്‌വേയിലെ സാലിസ്ബറിയിൽ അവതരിപ്പിച്ചതോടെ ആ രാജ്യത്തിന്റെ അനൗദ്യോഗിക ദേശീയഗാനമായിത്തന്നെ അതു സ്വീകരിക്കപ്പെട്ടു.

xdfdfd
Photo: Feggy Art @flickr

അധികം താമസിയാതെ അപ്റൈസിങ് എന്ന ആൽബവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നടത്തിയ സംഗീതാവതരണയാത്രയ്ക്കിടയിൽ ബോബ് മാര്‍ലി തളര്‍ന്നു വീണതോടെ തുടര്‍ന്നുള്ള പര്യടനം ഉപേക്ഷിക്കപ്പെട്ടു. വയറിലും ശ്വാസകോശത്തിലും തലച്ചോറിലുമുണ്ടായ അര്‍ബുദബാധയെത്തുടര്‍ന്ന് 1981 മെയ് പതിനൊന്നിന് മുപ്പത്തിയാറാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ബോബ് മാര്‍ലിയുടെ മരണശേഷം അദ്ദേഹത്തിന്റെ പ്രസിദ്ധഗാനങ്ങൾ സമാഹരിച്ച ലെജന്‍ഡ് (1984), ആദ്യഗാനമായ 'ജഡ്ജ് നോട്ട്' മുതൽ അവസാനഗാനമായ 'റിഡംപ്ഷന്‍ സോങ്' വരെയുള്ള പ്രധാന സംഗീതാവിഷ്കാരങ്ങളുൾക്കൊള്ളുന്ന സോങ് ഒാഫ് ഫ്രീഡം (1992) എന്നിവയ്ക്ക് പിന്നീടുള്ള കാലത്തും ലഭിച്ച ജനപ്രീതി അദ്ഭുതകരമാണ്. മറ്റു പോപ് സംഗീത ഗായകരെക്കാൾ ബോബ് മാര്‍ലിയെ കേരളവും ഗാനങ്ങളിലൂടെത്തന്നെ ഇന്നും തിരിച്ചറിയുന്നു. ഭൂതകാലത്തിന്റെ തുരുമ്പ് അദ്ദേഹത്തിന്റെ ഗാനങ്ങളിൽ പതിഞ്ഞിട്ടില്ല . ഇവിടത്തെ ദലിത് പ്രസ്ഥാനങ്ങളും വിമോചനത്തിന്റെ ഉൌര്‍ജ്ജമുള്ള അന്തര്‍ദ്ദേശീയമായ സാംസ്കാരികമാതൃകകളിൽ പ്രധാനമെന്ന നിലയിൽത്തന്നെ ബോബ് മാര്‍ലിയുടെയും പീറ്റര്‍ ടോഷിന്റെയെും ഗാനങ്ങൾ പരിഗണിച്ചിട്ടുണ്ട്.

എന്നാൽ ആഗോളമായ സ്വീകാര്യതയുള്ളപ്പോഴും അദ്ദേഹത്തിന്റെ വ്യക്തിപരവും സംഗീതശൈലീപരവുമായ ചില കാര്യങ്ങൾ വിമര്‍ശനവിധേയമായിട്ടുണ്ട്. അന്തര്‍ദ്ദേശീയരംഗത്ത് അദ്ദേഹം കറുത്തവരുടെയും രാസ്തഫാരിയന്‍ പ്രത്യയശാസ്ത്രത്തിന്റെ സംഗീതരൂപമായ റെഗ്ഗെയുടെയും പ്രതീകമായിരിക്കുമ്പോൾ ജന്മദേശമായ ജമൈക്കയിൽനിന്നാണ് ഏറെ വിമര്‍ശനങ്ങളുണ്ടായിട്ടുള്ളത് എന്നതു കൗതുകകരമാണ്. വംശപരമായിത്തന്നെയുള്ള വെളുപ്പിന്റെ കലര്‍പ്പാണ് മറ്റു റെഗ്ഗെ ഗായകരെക്കാൾ ബോബ് മാര്‍ലിയെ ജനപ്രിയനാക്കിയതെന്നു പീറ്റര്‍ ടോഷ് കരുതിയിരുന്നു. എഴുപതുകളുടെ പകുതിയോടെ അന്തര്‍ദ്ദേശീയരംഗത്ത് കൂടുതൽ ശ്രദ്ധേയനായപ്പോൾ സംഗീതശൈലിയിൽ അദ്ദേഹം റെഗ്ഗെയെ ഇതര േപാപ് ശൈലികളെന്ന േപാലെ കലര്‍പ്പുകൾക്കു വിധേയമാക്കിയെന്നും ആ സംഗീതത്തിന് അന്നത്തെ ജമൈക്കന്‍ റെഗ്ഗെ സംഗീതത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ലോയ്ഡ് ബ്രാഡ്ലി ചൂണ്ടിക്കാണിക്കുന്നു. വിവാദപരമായ നിരവധി പ്രണയബന്ധങ്ങളുണ്ടായിരുന്ന ബോബ് മാര്‍ലിക്ക് രാസ്തഫാരിയന്‍ ഗാനങ്ങളെക്കാൾ പ്രണയഗാനങ്ങളിലായിരുന്നു കമ്പമെന്നും വിമര്‍ശനമുണ്ടായിട്ടുണ്ട്. താന്‍ ഏതെങ്കിലും വംശത്തിന്റെമാത്രം വക്താവല്ലെന്നും മനുഷ്യരാശിയുടെ സമത്വവും സ്നേഹവുമാണ് തന്റെ സംഗീതത്തിന്റെ ലക്ഷ്യമെന്നും വിമര്‍ശനങ്ങളെ ലാക്കാക്കി ബോബ് മാര്‍ലി മറുപടിയും പറഞ്ഞിട്ടുണ്ട്.

വ്യക്തിപരമോ ശൈലീപരമോ ആയ വിശുദ്ധിവാദങ്ങൾ മാറ്റിവെച്ചാൽ വംശം, നിറം, ഭാഷ എന്നിവയെ മറികടക്കുന്ന സ്വീകാര്യത ബോബ് മാര്‍ലിക്കുണ്ടായിരുന്നു എന്നതിൽ സംശയമില്ല. സംഗീതാവിഷ്കാരത്തിന്റെ എല്ലാ ഘടകങ്ങളിലുമുള്ള അനിതരസാധാരണമായ വൈദഗ്ദ്ധ്യവും പ്രതിഭയും അദ്ദേഹത്തിനുണ്ടായിരുന്നു. ഗാനരചന, സംഗീതരചന, ആലാപനം എന്നിവയിൽ മാത്രമല്ല, വിവിധവാദ്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും പ്രഗല്ഭനായിരുന്നു അദ്ദേഹം. ഇതിലൊക്കെ പ്രധാനമായ ഒരു കാര്യമുണ്ട്. സൗന്ദര്യശാസ്ത്രപരമായിപരമായി മികച്ചതായിരിക്കെ തന്നെ രാഷ്ട്രീയമായ പ്രസക്തിയുണ്ടായിരിക്കുക, ഇക്കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെതന്നെ ജനലക്ഷങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുക, അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണത്. ലോകക്രമങ്ങളും സംഗീതശൈലികളുമെല്ലാം അതിവേഗം മാറിയിട്ടും ബോബ് മാര്‍ലിയുടെ സംഗീതം ഇപ്പോഴും ആകര്‍ഷകമായി തുടരുന്നതിൽ ആശ്ചര്യപ്പെടേണ്ടതില്ല.

Get up, stand up: stand up for your rights!

video link

അവലംബം

  1. Bradley, Lloyd. (2000) This is Reggae Music, Newyork: Grove Press.
  2. Davis, S. (1992) Reggae Bloodlines: In Search of the Music and Culture of Jamaica, New York: Da Capo Press.
  3. Erlwine, M.., Bogdanov, V. and Woodstra, C. (1995) All Music Guide to Rock, San Fransisco: Miller Freeman.
  4. Fiske, J. (1989) Understanding Popular Culture, Boston: Unwin Hyman.
  5. Moskowitz, David V. (2007) Bob Marley: A Biography, London: Greemwood Press.
  6. Potter John. edi. (2000) The Cambridge Companion to Singing, Cambridge University Press.
  7. Shuker, Roy (1998) Key Concepts in Popular Music, London: Routledge.
  8. White, Timothy. (1989) Catch a Fire: The Life of Bob Marley, Newyork: Holt, Rinechart and Winston.

ലേഖകൻ - മനോജ് കുറൂർ, ചെറിയ കുറൂർ, പാറമ്പുഴ.പി.ഓ, കോട്ടയം.

മാതൃഭൂമി ആഴ്ച്ചപതിപ്പിലാണ് ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത്. ലേഖകന്റെ അനുമതിയോടെ ബോധി കോമണ്‍സ് പുന:പ്രസിദ്ധീകരിക്കുന്നു. പകര്‍പ്പവകാശം പൂര്‍ണ്ണമായും ലേഖകനില്‍ നിക്ഷിപ്തമാണ്.