സഖാക്കളുടെ സഖാവ്

പതിനെട്ടു വര്‍ഷം നീണ്ട തുലോം ഹ്രസ്വമായ രാഷ്ട്രീയജീവിതം. ഒരു പുരുഷായുസ്സുകൊണ്ടും സാധിക്കാത്ത കാര്യങ്ങള്‍ സഖാവ് ആ ചുരുങ്ങിയ കാലയളവില്‍ നിര്‍‌വഹിച്ചു. മണ്മറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ കേരളരാഷ്‌ട്രീയത്തിലെ പ്രാമാണികരായ നേതാക്കന്മാരിലാരേക്കാളും, രാഷ്‌ട്രീയജീവിതം അതിന്റെ പൂര്‍ണ്ണതയില്‍ ജീവിച്ചുതീര്‍ത്ത ഒരാളേയുള്ളൂ, കൃഷ്ണപിള്ള.
- " സഖാവ് " , പി. കൃഷ്ണപിള്ളയുടെ ജീവചരിത്രം - റ്റി.വി.കൃഷ്ണന്‍.

സഖാക്കളുടെ സഖാവായ പി.കൃഷ്ണപിള്ളയുടെ 62-ആം ചരമവാര്‍ഷികമാണ്‌ 2010 ഓഗസ്റ്റ് 19-ആം തിയതി. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടാന്‍ സർവഥാ യോഗ്യനായ ധീരവിപ്ലവകാരി. സമാനതകളില്ലാത്ത സംഘടനാ പാടവത്തിലൂടെ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് ബീജാവാപം നടത്തിയ ആദ്യപഥികരില്‍ ഒരാള്‍. ഇ എം എസ് എന്ന കമ്മ്യൂണിസ്റ്റ് താത്വികാചാര്യന്റെയും എ കെ ജി എന്ന "പാവങ്ങളുടെ പടത്തലവ"ന്റെയും സമകാലികനായിരുന്ന സഖാവ് കൃഷ്ണപിള്ള, അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ തൊഴിലാളികളുടെയും തൊഴിലാളിപ്രസ്ഥാനത്തിന്റെയും ഏറ്റവും വലിയ ജനകീയ സംഘാടകനായിരുന്നു. 1906 ഓഗസ്റ്റ് 19 മുതല്‍ 1948 ഓഗസ്റ്റ് 19 വരെ 42 വര്‍ഷം നീണ്ട ഇതിഹാസതുല്യമായ ആ ജീവിതത്തില്‍, സഖാവ് ചിന്തിച്ചതും, പ്രവര്‍ത്തിച്ചതും, ജീവിച്ചതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടിയായിരുന്നു, ഈ നാട്ടിലെ തൊഴിലാളികള്‍ക്കു വേണ്ടിയായിരുന്നു.

ജീവിതം എന്ന രാഷ്ട്രീയ സര്‍‌വകലാശാല

1906-ല്‍ അന്നത്തെ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന വൈക്കത്ത്, മയിലേഴത്തു മണ്ണപ്പിള്ളി നാരായണന്‍ നായരുടെയും പാര്‍‌വതിയമ്മയുടെയും മകനായി ഒരു ഇടത്തരം മധ്യവര്‍ഗ്ഗ കുടുംബത്തിലാണ്‌ സഖാവ് കൃഷ്ണപിള്ള ജനിച്ചത്. 14-ആം വയസ്സില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥനായി. പിന്നീട് ചേച്ചിമാരുടെയും അമ്മാമന്റെയും പരിചരണയിലാണ് വളര്‍ന്നത്. ആലപ്പുഴയിലെ കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായി പണിയെടുത്തിട്ടുള്ള സഖാവ് തൊഴിലന്വേഷണ സംബന്ധിയായി 1927-ല്‍ അലഹബാദ് നഗരത്തിലെത്തി. അവിടെ വച്ച് ഹിന്ദി ഭാഷ അഭ്യസിക്കുകയും സാഹിത്യ വിശാരദ് ബിരുദം നേടുകയുമുണ്ടായി. രണ്ടു കൊല്ലത്തെ അലഹബാദ് വാസം, ഒക്ടോബര്‍ വിപ്ലവത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചിരുന്ന വടക്കേ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്, തൊഴിലാളി പ്രസ്ഥാനങ്ങളെ അടുത്തറിയാന്‍ സഖാവിനെ സഹായിച്ചു. 1929-ല്‍ കേരളത്തില്‍ തിരിച്ചെത്തിയ കൃഷ്ണപിള്ള തൃപ്പൂണ്ണിത്തുറയില്‍ ദക്ഷിണഭാരത ഹിന്ദിപ്രചാര സഭയുടെ പ്രചാരകനായി ജോലിയില്‍ പ്രവേശിച്ചു.

1930 ഏപ്രില്‍ 13-നു സിവില്‍ നിസ്സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമായി കേളപ്പന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കോഴിക്കോട്-പയ്യന്നൂര്‍ ഉപ്പു സത്യാഗ്രഹ ജാഥയിലെ 32 വളണ്ടിയര്‍മാരില്‍ ഒരാളായിരുന്നു പി.കൃഷ്ണപിള്ള. ഈ 32 പേരില്‍ സഖാവുള്‍പ്പടെ അഞ്ചു പേരോളം പിന്നീട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായി പരിണമിക്കുകയുണ്ടായി. മുഴുവന്‍സമയ പൊതുപ്രവര്‍ത്തകനായി മാറിയ സഖാവിന്റെ ജീവിതം, കൊടിയ മര്‍ദ്ദനങ്ങളുടെയും തുടര്‍ച്ചയായ ജയില്‍വാസങ്ങളുടെയും ദുഷ്ക്കരമായ ഒളിവുകാലങ്ങളുടെയും ആകെത്തുകയായിരുന്നു. 1930 നവംബര്‍ ഒന്നിനു കോഴിക്കോട്ടു കടപ്പുറത്ത് ഉപ്പു നിയമം ലംഘിച്ച്, ബ്രിട്ടീഷ് പോലീസിന്റെ മര്‍ദ്ദനം ചെറുത്തു കൊണ്ട്, ത്രിവര്‍ണ്ണ പതാകയുയര്‍ത്തി സഖാവ് തന്റെ സമരവീര്യം തെളിയിച്ചു.

സഖാവ് കമ്മ്യൂണിസ്റ്റാകുന്നു

ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തതിനു കണ്ണൂര്‍ ജയിലില്‍ അടയ്ക്കപ്പെട്ട സഖാവിന്, ഇ എം എസ്സിനോടൊപ്പം കമല്‍നാഥ് തിവാരി തുടങ്ങിയ മറ്റു വിപ്ലവകാരികളെ പരിചയപ്പെടാന്‍ അവസരം ഒരുങ്ങുകയും, ആ സ്വാധീനം പതിയെ കോണ്‍ഗ്രസ്സിനുള്ളിലെ ഇടതുപക്ഷ കേന്ദ്രീകരണത്തിനും കേരളത്തിലെ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനു വിത്തു പാകുന്നതിനും കാരണമായി. അവര്‍ണ്ണഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തിനായി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്ത "അബ്രാഹ്മണനായ" കൃഷ്ണപിള്ള എന്ന പോരാളി, സാമൂതിരിയുടെ നായര്‍ പടയാളികളുടെ ഭീകര മര്‍ദ്ദനത്തെ അവഗണിച്ചുകൊണ്ട് ഗുരുവായൂരിലെ ക്ഷേത്രമണി മുഴക്കി. പിന്നീട് 1934 -ഇല്‍ ബോംബെയില്‍ വച്ചു നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സമ്മേളനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി (സി.എസ്.പി) രൂപീകൃതമായപ്പോള്‍ കേരളത്തിലെ സെക്രട്ടറിയായി സഖാവ് നിയോഗിക്കപ്പെട്ടു.

കേരള രാഷ്ട്രീയത്തിന് പി.കൃഷ്ണപിള്ള എന്ന ജനകീയ നേതാവിന്റെ ഏറ്റവും വലിയ സംഭാവന, അന്നു വരെ കേരളരാഷ്ട്രീയത്തില്‍ നിലനിന്നിരുന്ന വരേണ്യ നേതൃത്വത്തിനു പകരമായി അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗത്തിന്റെയും കർഷകരുടെയും കൂട്ടായ ഒരു നേതൃത്വം വരുന്നതിനു വിത്തു പാകി എന്നതും തൊഴിലാളി മുഖമുള്ള രാഷ്ട്രീയബോധം സമൂഹ പൊതുമണ്ഡലത്തിൽ കേന്ദ്രബിന്ദുവായി ഉയര്‍ത്തി കൊണ്ട് വന്നു എന്നുള്ളതും ആണ്. സി.എസ്.പി നേതാവായി സഖാവ് കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കുകയും തുണി മില്ല്, കയര്‍ തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരെ സംഘടിപ്പിച്ച് അവരുടെ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്തു. 1937-ല്‍ കോഴിക്കോട്ടു വച്ചു രൂപീകൃതമായ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ സെക്രട്ടറിയായി സഖാവ്. എന്‍.സി.ശേഖര്‍, ഈ.എം.എസ്സ്, കെ.ദാമോദരന്‍ തുടങ്ങിയവരായിരുന്നു മറ്റു നേതാക്കള്‍. സി.എസ്.പി രൂപീകരിച്ച് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 1939 ഒക്ടോബര്‍ 13-ന് കണ്ണൂര്‍ പിണറായിയിലെ പാറപ്രത്തു വെച്ചു തൊണ്ണൂറോളം സി.എസ്.പി നേതാക്കള്‍ സമ്മേളിക്കുകയും കേരളത്തിലെ സി.എസ്.പി ഘടകത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ(സി.പി.ഐ) കേരള ഘടകമായി പ്രഖ്യാപിക്കുകയും ചെയ്തു.

കമ്മ്യൂണിസ്റ്റ് ആയി മാറുന്നതിനുള്ള പശ്ചാത്തലം സഖാവിന്റെ സ്വന്തം വാക്കുകളില്‍:

ഞാന്‍ ഒരു കോണ്‍ഗ്രസ്സുകാരനായി 1930-ല്‍ നിയമലംഘന കാലത്ത് കോണ്‍ഗ്രസ്സില്‍ വന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം സമ്പാദിക്കലായിരുന്നു എന്റെ ലക്ഷ്യം. ഈ ഉദ്ദേശ്യം കോണ്‍ഗ്രസ്സിനുള്ളതു കൊണ്ട് ഞാന്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ മാര്‍ഗ്ഗം അതിന്റെ ലക്ഷ്യത്തിലെത്തിക്കയില്ലെന്നു എനിക്കു ബോദ്ധ്യപ്പെട്ടു. ഞാന്‍ മറ്റു സംഘടനകളിലേക്ക് നോക്കാന്‍ തുടങ്ങി. പല സംഘടനകളുടെയും പരിപാടികള്‍ പരിശോധിച്ചു. അവസാനം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു മാത്രമേ ഇന്ത്യയെ അതിന്റെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്നെനിക്കു മനസ്സിലായി. ഞാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു.

അതുല്യമായ സംഘടനാ ശേഷി

സവിശേഷ നേതൃഗുണമുള്ള പൊതുപ്രവർത്തന ശൈലിയിലൂടെ, വിനയവും മാനവികതയും ഉൾച്ചേർന്ന കമ്മ്യൂണിസ്റ്റ് ബോധത്തിൽ അടിയുറച്ചു നിന്നുകൊണ്ട്, കേരളമെമ്പാടുമുള്ള ചൂഷിത തൊഴിലാളിവർഗ്ഗത്തിന്റെ പ്രിയപ്പെട്ട സംഘാടകനായി മാറുകയായിരുന്നു സഖാവ് പി.കൃഷ്ണപിള്ള. തന്റെ അക്ഷീണപ്രയത്നം കൊണ്ട് കെട്ടിപ്പടുത്ത പ്രസ്ഥാനത്തിന്റെ വളർച്ചയിലും മുന്നേറ്റത്തിലും, സ്വയം ഒരു രാസത്വരകം മാത്രമായി കരുതിയ സൗമ്യനായ തൊഴിലാളി നേതാവ്. കേരളത്തിന്റെ മുക്കിലും മൂലയിലും ആവേശത്തോടെ സഞ്ചരിച്ച് തന്റെ തൊഴിലാളി സഖാക്കൾക്ക് ആത്മധൈര്യം പകരാൻ എന്നും ശ്രദ്ധിച്ചിരുന്നു, സഖാവ്. വശ്യമനോഹരമായ പെരുമാറ്റത്തിലൂടെയും നിരീക്ഷണപാടവത്തിലൂടെയും ഒട്ടനവധി കഴിവുറ്റ കേഡർമാരെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകർഷിക്കാൻ സഖാവിനു കഴിഞ്ഞു. ഭീകരമായ പോലീസ് നരനായാട്ട് നടമാടിയിരുന്ന 1930-കളുടെ അന്ത്യപാദത്തിൽ, തൊഴിലാളിസംഘടനാപ്രവർത്തനം അതീവദുഷ്ക്കരമായിരുന്ന ഒരു കാലഘട്ടത്തിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുക എന്ന വെല്ലുവിളി സഖാവ് കൃഷ്ണപിള്ള സ്വന്തം ചുമലിലേറ്റുന്നത്.

കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിലൂടെയായിരുന്നു പി.കൃഷ്ണപിള്ള എന്ന സംഘാടകന്റെയും തൊഴിലാളി നേതാവിന്റെയും ആദ്യകാല വളർച്ച. ഗാന്ധിയൻ ആദര്ശങ്ങളിൽ നിന്നും വഴിമാറി പ്രവർത്തിക്കാനാരംഭിച്ച അദ്ദേഹം തന്റെ അനുയായികളോടൊപ്പം കേരളത്തിലുടനീളം സഞ്ചരിക്കുകയും രഹസ്യ രാഷ്ട്രീയ യോഗങ്ങൾ, പ്രകടനങ്ങൾ, യുവസംഗമങ്ങൾ, കർഷകതൊഴിലാളി യൂണിയൻ സംഘാടനം തുടങ്ങി ഒട്ടനവധി രാഷ്ട്രീയ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുകയും ചെയ്തു. പി.കൃഷ്ണപിള്ള ഒരിക്കലും ഒരു പ്രദേശത്ത് ഒതുങ്ങി നിന്നു രാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാവായിരുന്നില്ല. തിരുവിതാംകൂർ, കൊച്ചി, മലബാര്‍ മേഖലകളായി നീണ്ടുകിടന്ന മലയാളക്കര മുഴുവൻ തന്റെ പ്രവർത്തനമണ്ഡലമായി കണ്ട കർമ്മധീരനായിരുന്നു സഖാവ്. 1934 മുതൽ 1939 വരെയുള്ള അഞ്ചു വർഷ കാലയളവിൽ എൺപതോളം തൊഴിലാളി യൂണിയനുകളാണ് കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ കേരളത്തിലങ്ങോളമിങ്ങോളമായി രൂപം കൊണ്ടത്. കോഴിക്കോട്, കണ്ണൂർ എന്നീ നഗരങ്ങളിൽ രണ്ട് കേന്ദ്രീകൃതതൊഴിലാളി യൂണിയനുകളും, സഖാവ് സെക്രട്ടറിയായി 1935-ൽ ഒരു അഖില കേരള തൊഴിലാളി യൂണിയൻ കമ്മിറ്റിയും രൂപമെടുക്കുകയുണ്ടായി. 1938-ല്‍ കേരളത്തിലെ ആദ്യ പൊതുപണിമുടക്കെന്നു വിശേഷിപ്പിക്കാവുന്ന പ്രസിദ്ധമായ ആലപ്പുഴ തൊഴിലാളി സമരത്തിന്റെ മുഖ്യസംഘാടകനായി അദ്ദേഹം. വന്‍ വിജയമായി മാറിയ ഈ സമരം തിരുവിതാംകൂറിലെ തൊഴിലാളികള്‍ക്കു സംഘടിക്കാനും കൂലി ചോദിക്കാനുമുള്ള അവകാശം വാങ്ങിക്കൊടുത്തു. വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിനു പിന്നിലെ പ്രധാന സ്വാധീനവും ഊര്‍ജ്ജവുമായി ഈ സമരം മാറി.

സഖാവ് രൂപം നൽകിയ രാഷ്ട്രീയ സമരങ്ങൾ കേരളത്തിലെ അധകൃത തൊഴിലാളിവർഗ്ഗത്തിനിടയിൽ കൊണ്ടുവന്ന രാഷ്ട്രീയ ഉണർവ് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വേരുറപ്പിക്കുന്നതിനും ഉപോൽബലകമായി നിലകൊണ്ടു. 1940-ൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചതിനെ തുടർന്ന് ഒളിവിൽ പോയ കൃഷ്ണപിള്ള ജന്മനാടായ വൈക്കത്തു വച്ച് പോലീസ് പിടിയിലാവുകയും കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്തെ ഇടലക്കുടി സബ് ജയിലില്‍ തടവിലാവുകയും ചെയ്തു. അവിടെ വച്ചാണ് പിന്നീട് ജീവിതപങ്കാളിയായി മാറിയ തങ്കമ്മയെ പരിചയപ്പെടുന്നത്. 1943-ല്‍ കോഴിക്കോടുവച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ പ്രഥമ സമ്മേളനത്തില്‍ കൃഷ്ണപിള്ളയെ ആദ്യ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1946 ഒക്ടോബറിലെ ഐതിഹാസികമായ പുന്നപ്ര-വയലാര്‍, മാരാരിക്കുളം സമരത്തിനു മുന്നോടിയായി നടന്ന പണിമുടക്കും ആക്ഷന്‍ കൌണ്‍സില്‍ രൂപീകരണവും ഒളിവു കാലത്തു പാർട്ടി സെക്രട്ടറി എന്ന നിലയില്‍ സഖാവിന്റെ നേതൃത്വത്തിൽ എടുത്ത തീരുമാനങ്ങളായിരുന്നു.

അകാലത്തിൽ പൊലിഞ്ഞുപോയ വിപ്ലവ നക്ഷത്രം

1948-ലെ കൽക്കത്താ തീസിസിനെ തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി വീണ്ടും നിരോധിക്കപ്പെടുകയും സഖാവടക്കമുള്ള നേതാക്കൾക്കു ഒളിവിൽ പോകേണ്ടതായും വന്നു. ജ്വലിക്കുന്ന ഓർമ്മകൾ ഇന്നും തങ്ങി നിൽക്കുന്ന ആലപ്പുഴ മുഹമ്മയിൽ കണ്ണാർക്കാട്ടെ ചെല്ലിക്കണ്ടത്തിൽ വീട്. ഇന്നത്തെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ 106-ആം നമ്പർ ഭവനം. അവിടെയായിരുന്നു 1948 ഓഗസ്റ്റ് 19-ന് സഖാവ് കൃഷ്ണപിള്ള ഒളിവിൽ കഴിഞ്ഞിരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമിതിയിൽ വായിക്കുവാനായി ഒരു കുറിപ്പു തയ്യാറാക്കുന്നതിനിടയിലാണ് കയ്യിൽ പാമ്പുകടിയേറ്റു സഖാവ് മരണമടയുന്നത്. വൈക്കം മുഹമ്മദ് ബഷീർ തന്റെ "കാൽപ്പാട് " എന്ന കഥയിൽ സ്നേഹത്തോടെ ഓർക്കുന്ന ആ "കറുത്ത നേതാവ്", ഒരു ജനതയെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട് വിട വാങ്ങുകയായിരുന്നു. ആ സംഭവത്തെ കുറിച്ച് സഖാവിന്റെ ജീവിത സഖി, തൊഴിലാളി സഖാക്കളുടെയെല്ലാം പ്രിയപ്പെട്ട തങ്കമ്മ ചേച്ചി ഓർക്കുന്നതിങ്ങനെയാണ്.

...അപ്പോഴേക്കും വിലാപയാത്ര വലിയചുടുകാട്ടിലേക്ക് നീങ്ങിയിരുന്നു. സഖാവിന്റെ മുഖംമാത്രം കാണാം. വീരതേജസ്സ് അവിടെ കളിയാടുന്നു. രക്തപുഷ്പങ്ങള്‍കൊണ്ട് ശവമഞ്ചം മൂടിയിരിക്കുന്നു. വിങ്ങിപ്പൊട്ടുന്ന പതിനായിരങ്ങള്‍. വീരന്മാര്‍ ഒരിക്കലും വീട്ടില്‍ കട്ടിലില്‍ കിടന്നു സുഖമരണം പ്രാപിക്കില്ല എന്ന ചൊല്ല് സഖാവ് അന്വര്‍ഥമാക്കി. നീണ്ട ഏഴുവര്‍ഷങ്ങളുടെ ദാമ്പത്യം അവസാനിച്ചു. എന്റെ സഖാവും വഴികാട്ടിയും എല്ലാമെല്ലാമായ ആ വലിയ മനുഷ്യന്‍ യാത്രയായി. വൈകുന്നേരമായപ്പോള്‍ ശ്മശാനഘോഷയാത്ര ആരംഭിച്ചു. രക്തപുഷ്പങ്ങള്‍ മൂടിയ ശവശരീരം മുന്നിലും, വിങ്ങിപ്പൊട്ടുന്ന പതിനായിരക്കണക്കിന് ഹൃദയങ്ങള്‍ പിന്നിലും. യൂണിയനാപ്പീസ് മുതല്‍ ചുടുകാടുവരെ അണിമുറിയാത്ത ജനപ്രവാഹമായിരുന്നു. അതില്‍ എല്ലാ രാഷ്ട്രീയപാര്‍ടിയിലും പെട്ട മനുഷ്യരുണ്ടായിരുന്നു. പി കൃഷ്ണപിള്ള ആരാണെന്ന് വിവരമുള്ള മനുഷ്യര്‍. പുന്നപ്രവയലാര്‍ സമരത്തില്‍ രക്തസാക്ഷികളായ കുറേ സഖാക്കളെ കൊണ്ടുവന്ന് വിറകുകൂട്ടുന്നതുപോലെ കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ചു തീയിട്ടത് ഈ ശ്മശാനത്തിലാണ്. പി കൃഷ്ണപിള്ള തന്റെ ജീവന്‍പോലും പണയംവെച്ച് പ്രവര്‍ത്തിച്ചു വളര്‍ത്തിക്കൊണ്ടുവന്ന മഹത്തായ പ്രസ്ഥാനത്തിന്റെ അഭിമാനം കാത്തുരക്ഷിച്ച ആ ധീരദേശാഭിമാനികളുടെ അസ്ഥിയും മാംസവും വെന്തെരിഞ്ഞു ചേര്‍ന്ന ആ മണലുതന്നെ സഖാവിന് അന്ത്യവിശ്രമമനുവദിച്ചു. ചിതയ്ക്ക് തീ കൊളുത്തുന്നതിനുമുമ്പ് എസ് ദാമോദരന്‍ നീറുന്ന വേദനയോടെ അദ്ദേഹത്തിന് അന്ത്യാഭിവാദ്യങ്ങള്‍ നല്‍കി. ആളിപ്പടര്‍ന്ന അഗ്നി ചിതയെ വിഴുങ്ങി. അങ്ങനെ ഒരു കാലഘട്ടത്തിന്റെ ധീരനായ കര്‍മയോഗി എന്നെന്നേക്കുമായി നമ്മെ വിട്ടുപോയി. പാമ്പുകടിയേറ്റതിനെത്തുടര്‍ന്ന് നോട്ട് ബുക്കില്‍ എന്തോ എഴുതിയെന്നു പറഞ്ഞല്ലോ. ആ സമയത്തെഴുതിക്കൊണ്ടിരുന്ന, എന്നാല്‍ പൂര്‍ത്തിയാകാത്ത "സ്വയം വിമര്‍ശനമില്ല, വിമര്‍ശനമുണ്ട്'' എന്ന റിപ്പോര്‍ട്ടിന്റെ അടിയില്‍ അദ്ദേഹം എഴുതിയ വാക്കുകള്‍ ഇതായിരുന്നു: "എന്റെ കണ്ണില്‍ ഇരുള്‍ വ്യാപിച്ചുവരുന്നു. എന്റെ ശരീരമാകെ തളരുകയാണ്, എന്തു സംഭവിക്കുമെന്ന് എനിക്കറിയാം, സഖാക്കളേ മുന്നോട്ട്... ലാല്‍ സലാം''.

സഖാവിന്റെ ജീവിതം : ഒരു പാഠപുസ്തകം

ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനു സഖാവ് കൃഷ്ണപിള്ളയുടെ ജീവിതം എല്ലാ കാലത്തും ഒരു അനുഭവപാഠമാണ്. അനീതിക്കും അടിച്ചമർത്തലുകൾക്കുമെതിരെ ഉള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളുടെ, അടിയുറച്ച കമ്മ്യൂണിസ്റ്റ് നൈതികതയുടെ, ഇടതുപക്ഷസംഘാടനത്തിന്റെ ഉദാത്ത മാതൃകയുടെ ഒക്കെ ആവേശോജ്ജ്വലമായ ഒരു പാഠപുസ്തകം. വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടത്തിൽ, കേരളത്തിലെ തൊഴിലാളിവർഗ്ഗ ശക്തിക്ക് വ്യക്തമായ രാഷ്ട്രീയ നേതൃത്വം കൊടുക്കുകയും അവരുടെ സംഘടിതശക്തിയെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനും തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തിനും അനുഗുണമായി വർത്തിയെടുക്കുകയും ചെയ്ത ക്രാന്തദർശിയായ ജനനേതാവായിരുന്നു സഖാവ്. പുതിയ കാലഘട്ടത്തിൽ കേരളസമൂഹം നേരിടുന്ന സമസ്യകൾ, നമ്മെ തുറിച്ചു നോക്കുന്ന സാമൂഹിക അസ്വസ്ഥതകൾ അന്നത്തേതിൽ നിന്നും തികച്ചും വ്യത്യസ്തങ്ങളാണ്. ഇന്നത്തെ സാഹചര്യങ്ങൾ ആവശ്യപ്പെടുന്ന കൃത്യമായ ഇടതുപക്ഷ വായനയെപറ്റി, പ്രസ്ഥാനം മുന്നോട്ടു വയ്ക്കേണ്ടുന്ന കർമ്മ പദ്ധതികളേയും ജനമുന്നേറ്റങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോൾ, സഖാവ് കൃഷ്ണപിള്ളയുടെ ജീവിതസമരം എന്നെന്നേക്കും ഒരു ദിശാസൂചിയായിരിക്കും. രാഷ്ട്രീയം അലർജിയായി കാണുന്ന ഒരു തലമുറ പതിയെയെങ്കിലും നമുക്കുചുറ്റും വേരെടുത്തുകൊണ്ടിരിക്കുകയാണ്. സംഘടിതമായ ജനകീയ പോരാട്ടങ്ങളിലൂടെ ഒരു സമൂഹത്തിന്റെയാകെ രാഷ്ട്രീയബോധവും പുരോഗമനോന്മുഖതയും വളർത്തിയെടുക്കാൻ കഴിയുമെന്നു പഠിപ്പിച്ച ത്യാഗനിർഭരമായ ആ രാഷ്ട്രീയ ജീവിതത്തിനു ഒരിക്കലും പ്രസക്തി നഷ്ടപ്പെടുന്നില്ല. സഖാവിന്റെ ജ്വലിക്കുന്ന ഓർമ്മയ്ക്കു മുന്നിൽ ആദരാഞ്ജലികൾ. സഖാക്കളേ മുന്നോട്ട്.