മണ്ഡല പരിചയം: മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ

xdfdfd

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

22. മാനന്തവാടി

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ മാനന്തവാടി മുനിസിപ്പാലിറ്റിയും, പനമരം, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വെള്ളമുണ്ട എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മാനന്തവാടി നിയമസഭാമണ്ഡലം. മാനന്തവാടി നിയമസഭാമണ്ഡലം വയനാട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. വടക്കേ വയനാട് നിയമസഭാമണ്ഡലം എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലം 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെ മാനന്തവാടി നിയമസഭാമണ്ഡലം എന്ന് പേര് മാറ്റി. മാത്രമല്ല വടക്കേ വയനാടിൽ നേരത്തേയുൾപ്പെട്ടിരുന്ന കണ്ണൂർ ജില്ലയിൽപ്പെട്ട കേളകം ഗ്രാമപഞ്ചായത്ത്, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് എന്നീ പഞ്ചായത്തുകൾ പേരാവൂർ നിയമസഭാമണ്ഡലത്തോട് ചേർക്കുകയും ചെയ്തു. 1977 മുതൽ കോൺഗ്രസ് ജയിച്ചു വന്നിരുന്ന വടക്കേ വയനാട് നിയമസഭാമണ്ഡലം 2006-ൽ കെ. സി കുഞ്ഞിരാമൻ സി.പി.ഐ.എമ്മിന് വേണ്ടി തിരിച്ചു പിടിച്ചു. യു.ഡി.എഫിൽ ജയിച്ച ഒരേ ഒരു വനിത എം.എൽ.എ ആയ പി. കെ ജയലക്ഷ്മിയാണ് നിലവിലെ എം.എൽ.എ. ആകെ ഒരു വനിതാ എം.എൽ.എ മാത്രമേ യു.ഡി.എഫിന് ഉള്ളുവെന്നതിനാൽ, മണ്ഡലത്തിൽ നിന്നും ചില്ലറ എതിർപ്പുകൾ നിലനിൽക്കുന്നു എങ്കിലും, ഇത്തവണയും മന്ത്രി ജയലക്ഷ്മി തന്നെയാകും ഇവിടെ കോൺഗ്രസിനായി മത്സരിക്കുക. ഇത്തവണ ഒ. ആർ കേളുവാണ് സി.പി.ഐ.എം സ്ഥാനാർത്ഥിയായി ഇവിടെനിന്നും മത്സരിക്കുന്നത്. മന്ത്രിയെന്ന നിലയിൽ വയനാട്ടിലെ ആദിവാസികളുടെ ക്ഷേമത്തിനോ വികസനങ്ങൾക്കോ കാര്യമായ സംഭാവന ഒന്നും നൽകിയിട്ടില്ല എന്നത് ജയലക്ഷിക്ക് തിരിച്ചടിയായാൽ അത് ഇടതിന് ഗുണം ചെയ്യും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഇവിടെ നിന്ന് 4.62​% വോട്ടുകൾ കിട്ടിയിട്ടുണ്ട്.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.​

ആകെ വോട്ട്: 166823

പോൾ ചെയ്യപ്പെട്ട വോട്ട്: 124052

പോളിംഗ് ശതമാനം: 74.36%

xdfdfd

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ കോൺഗ്രസ്സിനു കിട്ടിയ 12734 വോട്ടിൻറെ ഭൂരിപക്ഷം, 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ എത്തിയപ്പോഴേക്കും ഇടതുപക്ഷത്തിന് ലഭിച്ച 8666 വോട്ടിൻറെ ഭൂരിപക്ഷമായി മറിഞ്ഞു. ഇടതിന് അനുകൂലമായി മണ്ഡലം ചിന്തിച്ചു എന്നതിന്റെ തെളിവാണിത്. ഭരണവിരുദ്ധ വികാരവും മന്ത്രിയെന്ന നിലയിലെ പ്രവർത്തനക്കുറവും ജയലക്ഷിക്ക് ഭീഷണിയാവുകയാണെങ്കിൽ ഇടതിന് ഇവിടെ വിജയം എളുപ്പമാവും. എഴായിരത്തിൽപ്പരം വോട്ടുകളുടെ വർദ്ധന 2014ൽ ബി.ജെ.പിക്ക് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

xdfdfd

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

xdfdfd

23. സുൽത്താൻ ബത്തേരി

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയും പൂതാടി, നെന്മേനി, നൂൽപ്പുഴ, പുൽപ്പള്ളി, മുള്ളൻകൊല്ലി, അമ്പലവയൽ, മീനങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലം. ഈ മണ്ഡലം വയനാട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. 1977 മുതൽ 2011 വരെ നടന്ന ഒൻപതു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഏഴു തവണ കോൺഗ്രസ് സ്ഥാനാർത്ഥികളും രണ്ടു തവണ സി.പി.ഐ.എം സ്ഥാനാർത്ഥികളും ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. മുൻ മന്ത്രി കെ. കെ രാമചന്ദ്രൻ ഇവിടെ നിന്നും മൂന്ന് തവണ വിജയിച്ചിട്ടുണ്ട്. രണ്ടായിരത്തിയാറിൽ സി.പി.ഐ.എമ്മിലെ പി. കൃഷണപ്രസാദ്‌ 25540 വോട്ടിൻറെ ഭൂരിപക്ഷത്തിന് ഡി.ഐ.സിയിലെ എൻ. ഡി അപ്പച്ചനെ തോൽപ്പിച്ചു. പക്ഷേ 2011ൽ കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. നിലവിൽ കോൺഗ്രസിലെ ഐ. സി. ബാലകൃഷ്ണൻ ആണ് എം.എൽ.എ. കോൺഗ്രസിൻറെ ഉറച്ച മണ്ഡലമായിരുന്ന ബത്തേരിയിൽ സി.പി.എമ്മും കരുത്തരായി മാറുന്ന കാഴ്ചയാണ് അടുത്ത കാലത്തായി കാണുന്നത്. കോൺഗ്രസ്സിലെ ഗ്രൂപ്പ് വഴക്കുകൾ തെരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മിന് അനുകൂലമാവുന്ന അവസ്ഥയുണ്ടായാൽ ഇടതിന് വിജയം എളുപ്പമാവും എന്ന് കരുതാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 6.07% വോട്ടുകൾ പോൾ ചെയ്യപെട്ടിട്ടുണ്ട്.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ട്: 198272

പോൾ ചെയ്യപ്പെട്ട വോട്ട്: 145512

പോളിംഗ് ശതമാനം: 73.39%

xdfdfd

മാനന്തവാടി മണ്ഡലത്തിലേതു പോലെ തന്നെ ഇവിടെയും നിയമസഭാ ഇലക്ഷനിൽ നിന്നും ലോകസഭയിലേക്ക് എത്തിയപ്പോഴേക്കും യു.ഡി.എഫിൽ നിന്നും മണ്ഡലം ഇടതുപക്ഷം തിരിച്ചു പിടിക്കുന്നതായി കാണാം. കോൺഗ്രസ്സിലെ ഗ്രൂപ്പ് വഴക്ക് അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴായിരുന്നു ലോകസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെങ്കിൽ ഇടതിന് ജയിച്ചു കേറാവുന്ന സാഹചര്യം ഇവിടെയുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പതിനായിരം വോട്ടിൻറെ വർദ്ധനവ്‌ ഉണ്ടായിട്ടുണ്ട്. ഇത്തവണ ബി.ജെ.പിക്ക് അതിൽ കൂടുതൽ വോട്ടുകൾ കിട്ടുന്നു എങ്കിൽ അത് എങ്ങിനെ രണ്ടു മുന്നണികളുടെയും ജയപരാജയങ്ങളെ ബാധിക്കുന്നു എന്നത് ഫലം വന്നാൽ മാത്രമേ പറയാൻ കഴിയൂ.

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

xdfdfd

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കാം:

xdfdfd

24. കൽപറ്റ

വയനാട് ജില്ലയിലെ കൽപ്പറ്റ നഗരസഭയും മുട്ടിൽ, മേപ്പാടി, വൈത്തിരി , കണിയാമ്പറ്റ, കോട്ടത്തറ, വേങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ, പൊഴുതന, മൂപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ കൽപറ്റ നിയമസഭാമണ്ഡലം. ഈ മണ്ഡലവും വയനാട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. പൊതുവേ യു.ഡി.എഫ് മണ്ഡലം എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലത്തിൽ 1977 മുതൽ നടന്ന ഒൻപതു തെരഞ്ഞെടുപ്പുകളിൽ യു.ഡി. എഫിന് വേണ്ടി നാല് തവണ കോൺഗ്രസ്സും രണ്ടു തവണ ജെ.എൻ.പിക്ക് വേണ്ടി എം. പി. വീരേന്ദ്രകുമാറും ഒരു തവണ എം. കമലവും രണ്ടു തവണ ജെ.ഡി.എസ്സിന് വേണ്ടി ശ്രേയാംസ് കുമാറും ജയിച്ചിട്ടുണ്ട്. 2006ൽ ഇടതുപക്ഷത്ത് നിൽക്കുന്ന സമയത്താണ് ശ്രേയാംസ് കുമാർ അവിടെ നിന്നും ജയിച്ചതെങ്കിൽ 2011ൽ യു.ഡി.എഫിന് വേണ്ടി മണ്ഡലം ശ്രേയാംസ് കുമാർ നേടി. ഇരുമുന്നണികളും ജനതദളിന് നൽകുന്ന സീറ്റാണിത്. പക്ഷേ ഇത്തവണ ഇടതുപക്ഷത്ത് നിന്നും സി.പി.ഐ(എം) വയനാട് ജില്ലാ സെക്രട്ടറി സഖാവ് സി കെ ശശീന്ദ്രൻ, "വയനാട്ടിൻറെ സ്വന്തം ശശിയേട്ടൻ", ആണ് മത്സരത്തിനിറങ്ങുന്നത്. അത് കൊണ്ട് തന്നെ മണ്ഡലം പിടിക്കാൻ തന്നെയാണ് ഇടതുപക്ഷത്തിന്റെ പുറപ്പാട് എന്ന് വേണം കരുതാൻ. കമ്മ്യൂണിസ്റ്റ്കാർക്ക് മാതൃകയാക്കാവുന്ന ജീവിതത്തിനുടമയാണ് ശശീന്ദ്രൻ. ആദിവാസികളുടെ, പാവപെട്ടവരുടെ, സാധാരണ ജനങ്ങളുടെ വിഷയങ്ങളിൽ നേരിട്ട് ഇടപെട്ടു പരിചയമുള്ള സി. കെ. ശശീന്ദ്രൻ യു.ഡി.എഫിന് കനത്ത ഭീഷണിയാണ് എന്നതിൽ തെല്ലും സംശയമില്ല. യു.ഡി.എഫിന് വേണ്ടി ജെ.ഡി.എസ് സ്ഥാനാർത്ഥിയായി ശ്രേയാംസ് കുമാർ തന്നെ മത്സരിക്കാനാണ് സാധ്യത. ബി.ജെ.പിക്ക് ​5.20% വോട്ടുകൾ ​2011ൽ പോൾ ചെയ്യപ്പെട്ടിട്ടുണ്ട്.

​2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.​

ആകെ വോട്ട്: 170042

പോൾ ചെയ്യപ്പെട്ട വോട്ട്: 126584

പോളിംഗ് ശതമാനം: 74.44%

xdfdfd

വയനാട്ടിലെ മൂന്ന് മണ്ഡലത്തിലെയും, 2011 നിയമസഭയിലെയും 2014 ലോകസഭയിലെയും വോട്ടിംഗ് നോക്കിയാൽ വയനാട് ജില്ലയിൽ കോൺഗ്രസ്/യു.ഡി.എഫ് വോട്ടുകളിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെന്ന് കാണാം. 2011ൽ യു.ഡി.എഫ് വിജയിച്ച മറ്റ് രണ്ടു മണ്ഡലങ്ങളിൽ 2014ൽ എത്തിയപ്പോഴേക്കും കൃത്യമായ മേൽക്കൈ ഇടതുപക്ഷം പുലർത്തുന്നത് കാണാം. ഇവിടെയും അത് ദൃശ്യമാണെങ്കിലും ഇടതിന് ഭൂരിപക്ഷം നേടാൻ ആയില്ല. പക്ഷെ 18169 വോട്ടിൻറെ ഭൂരിപക്ഷം 1880 ആയി കുറയ്ക്കാൻ കഴിഞ്ഞുവെന്നത് കുറച്ചു കാണാൻ കഴിയില്ല. അതുകൊണ്ട് തന്നെ വയനാട് മേഖലയിൽ കൃത്യമായ ഇടതുപക്ഷ ചായ്‌വ് ദൃശ്യമാണെന്ന നിഗമനത്തിൽ എത്താൻ കഴിയും. ലോകസഭാ തെരഞ്ഞെടുപ്പിൽ എം. ഐ. ഷാനവാസിന് വയനാട് ജില്ലയിൽ കാര്യമായ വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടില്ല. ബി.ജെ.പി ഇവിടെ വോട്ടിംഗ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തൽസ്ഥിതി തുടർന്നാൽ ഇടതിന് മൂന്ന് മണ്ഡലങ്ങളിലും ജയിച്ചു കയറാം എന്ന് വിലയിരുത്താം. കേരളം വീക്ഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് കൽപ്പറ്റയാണ് എന്നതിൽ സംശയമില്ല.

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ കൽപറ്റ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

xdfdfd

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

xdfdfd