സി പി ഐ എമ്മും കേരള മാലിന്യ രാഷ്ട്രീയവും: വിമർശനങ്ങളിലെ രാഷ്ട്രീയ അല്പ്പത്തങ്ങൾ

xdfdfd
മാലിന്യ നിർമ്മാർജനത്തിനായി നിർമ്മിച്ച എറോബിക്ക് ബിന്നുകളുടെ സമീപം ജനങ്ങളോട് സംവദിക്കുന്ന സ:തോമസ് ഐസക്‌
ആലപ്പുഴയില്‍ തോമസ്‌ ഐസകിന്റെ നേതൃത്വത്തിലും പിന്നീടു കേരളമൊട്ടാകെ സി പി ഐ എമ്മിന്‍റെ നേതൃത്വത്തിലും എകോപനത്തിലും തുടങ്ങിയ മാലിന്യ നിർമ്മാർജ്ജനപ്രവർത്തനങ്ങൾക്കെതിരായി ഉയര്‍ന്നു വന്ന വിമർശനങ്ങളുടെ അല്പ്പത്തവും കേരളത്തിലെ മാലിന്യ നിര്‍മാര്‍ജന രാഷ്ട്രീയത്തിന്‍റെ വിവിധ വശങ്ങളും,പ്രത്യേകിച്ച് പദ്ധതിയുടെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ നടപ്പിലാക്കിയ “പ്ലാസ്റ്റിക് തരൂ, പുസ്തകം തരാം” എന്ന ആശയത്തെക്കുറിച്ച് എത്രത്തോളം വസ്തുനിഷ്ഠപരമായി നാം ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നത് ചിന്ത്യമാണ്. "കുടിവെള്ളം മുട്ടിക്കുന്ന" അശാസ്ത്രീയത എന്ന് ഇതിനെതിരെ വിമർശനത്തിന്റെ വാൾ ഉയരുമ്പോൾ വിശേഷിച്ചും. 1. എന്താണ് മാലിന്യവും അതിന്‍റെ സംസ്കരണവുമായി ബന്ധപ്പെട്ടു കേരളം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ?
 • നഗരങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഉയർന്ന തോതിലുള്ള മാലിന്യം
 • പടരുന്ന സാംക്രമിക രോഗങ്ങൾ
 • മാലിന്യങ്ങളുടെ മിശ്രണത്തിലുള്ള സങ്കീർണത കൊണ്ട് പരാജയപ്പെടുന്ന കേന്ദ്രീകൃത കമ്പോസ്റ്റ് സാങ്കേതികവിദ്യ
 • അലക്ഷ്യമായി നഗരപ്രദേശങ്ങളിൽ വലിച്ചെറിയപ്പെടുന്ന മാലിന്യം ശേഖരിച്ചു ജനനിബിഡമായ നഗര പ്രാന്ത പ്രദേശങ്ങളിൽ കുഴിച്ചുമൂടുന്നതു വഴി ജീവിതം ദുസ്സഹമായ ഒരു ജനത

 • കേരളത്തിലെ മാലിന്യ സംസ്കരണ പരീക്ഷണങ്ങളുടെ ടൈം ലൈന്‍ എങ്ങിനെയാണ്?
 • കേരളത്തിൽ പണ്ട് മുതലേ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് അംഗീകരിക്കപ്പെട്ടത് ലാൻറ്ഫില്ലിംഗ് (landfilling) എന്ന പ്രക്രിയയുടെ ഒരു അസംസ്കൃത രൂപമാണ്. ‘ട്രെഞ്ചിംഗ്’ എന്ന് പേരിട്ടു വിളിക്കുന്ന ഈ പ്രക്രിയയിൽ നഗരങ്ങളിൽ നിന്ന് മാലിന്യം ശേഖരിച്ചു നീണ്ട ചാലുകളിൽ (ട്രെഞ്ചുകൾ) കുഴിച്ചു മൂടി അത് കൃഷിക്കനുയോജ്യമായ കമ്പോസ്റ്റ് ആകുമ്പോൾ പുറത്തെടുത്തു കർഷകർക്ക് നല്കുന്ന രീതിയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ പ്ലാസ്റ്റിക്‌ മാലിന്യങ്ങളുടെ അതിപ്രസരം മൂലം കുഴിച്ചു മൂടിയ മാലിന്യങ്ങൾ ദ്രവിക്കാതെ വരികയും മാലിന്യം കുന്നുകൂടുകയും ചെയ്തു. അടിഞ്ഞു കൂടിയ മാലിന്യം ജനജീവിതം ദുസ്സഹമാക്കിയതിന്റെ ഫലമായി നടന്നിട്ടുള്ള സമരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രീകൃത കമ്പോസ്റ്റിങ്ങ് ടെക്നോളജി കേരളത്തിൽ കൊണ്ട് വന്നത്. എന്നാൽ ഈ രീതിയിൽ മാലിന്യസംസ്കരണം നടത്തുന്നതിനായി വേർതിരിക്കപ്പെട്ട മാലിന്യം പ്രധാനപ്പെട്ട ഒരു മുന്നുപാധിയായി വരികയുണ്ടായി. ഈയൊരവസ്ഥയിലാണ് കുടുംബശ്രീയുടെ സഹായം തേടാൻ നഗരസഭകൾ തീരുമാനിച്ചതും കേരളത്തിലുടനീളം ആ പദ്ധതി വിപുലീകരിപ്പിച്ചതും. എന്നാൽ കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റിൽ ഉണ്ടാക്കപ്പെടുന്ന കമ്പോസ്റ്റിനേക്കാൾ അധികമാണ് അവിടെ നിന്നും പുറം തള്ളപ്പെടുന്ന ചണ്ടി(rejects) . അതുകൊണ്ട് തന്നെ landfilling ചെയ്യാനുള്ള മാലിന്യത്തിൽ കുറവുണ്ടാകാതെ വരികയും മാലിന്യത്തിന്റെ ആധിക്യം കൊണ്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകാതെ വരികയും ചെയ്യുന്നു. ഈയൊരു മാർഗ്ഗമല്ലാതെ ഇന്ന് കേരളത്തിൽ നടത്തി വിജയിപ്പിക്കാൻ പറ്റിയ രണ്ടു പരീക്ഷണങ്ങൾ കോവളത്ത് നടത്തിയ ‘സീറോ വേസ്റ്റ്’ പരിപാടിയും, ആലപ്പുഴ നഗരസഭയുടെ ‘ നിർമല ഭവനം, നിർമല നഗരം’ പദ്ധതിയുമാണ്. 1996 ഇൽ മാലിന്യം കത്തിച്ചു കളയുന്ന (incineration) പദ്ധതിക്കെതിരായി തണൽ എന്ന സന്നദ്ധ സംഘടന യുടെ നേതൃത്വത്തിൽ തുടങ്ങിയ പരിപാടിയാണ് 'സീറോ വേസ്റ്റ്'. മാലിന്യ നിർമാർജ്ജനവും സംസ്കരണവും എത്ര പ്രാധാന്യമർഹിക്കുന്നതാണ് എന്ന് കേരളത്തിന്‌ കാണിച്ചു തന്ന ആദ്യത്തെ സംരംഭമാണ് സീറോ വേസ്റ്റ് പ്രോഗ്രാം. എന്നാൽ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ (capacity building) സഹായിക്കുക എന്നതിനപ്പുറം പദ്ധതിയെ സംസ്ഥാന വ്യാപകമായി ഉയർത്താൻ കഴിഞ്ഞില്ല.

 • എന്താണ് ആലപ്പുഴയില്‍ വിജയകരമായി നടപ്പിലാക്കിയതും ഇപ്പോള്‍ തുടര്‍ന്ന് വരുന്നതുമായ ‘നിർമല ഭവനം നിർമല നഗരം പദ്ധതി’? അത് മറ്റു പദ്ധതികളില്‍ നിന്നും വ്യതസ്തമാകുന്നതെങ്ങിനെ?
 • ആലപ്പുഴ നഗരത്തിന്റെ കുപ്പത്തൊട്ടിയായ സർവോദയപുരത്തിന്‍റെ അനുഭവം ലാലൂർ,ഞെളിയമ്പറമ്പ്,വിളപ്പിൽശാല തുടങ്ങിയ മറ്റു മാലിന്യസംസ്കരണ കേന്ദ്രങ്ങളിൽ നിന്നും വ്യതസ്തമായിരുന്നില്ല. അങ്ങനെ കലുഷിതമായ ഒരന്തരീക്ഷത്തിൽ ഇവിടെ വേറിട്ടൊരു കാഴ്ചപ്പാടോട് കൂടി തുടങ്ങിയ പരിപാടിയാണ് ‘നിർമല ഭവനം നിർമല നഗരം’. ആലപ്പുഴ നഗരത്തില്‍ നിന്നുള്ള മുഴുവന്‍ മാലിന്യവും നിക്ഷേപിച്ചിരുന്നത് മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ സര്‍വോദയപുരം എന്ന സ്ഥലത്തായിരുന്നു. സാങ്കേതിക വിദ്യാ കാര്യക്ഷമതയിലും നടത്തിപ്പിലും ഒക്കെ കെടുകാര്യസ്ഥതയും വീഴ്ചയും പതിവായപ്പോള്‍ സര്‍വോദയപുരം മാലിന്യസംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടേണ്ടി വന്നു.സാമൂഹ്യ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വരെ വഴി വച്ച മാലിന്യ സംസ്കരണ പ്രശ്നം പരിഹരിക്കുവാന്‍ മുന്നോട്ടു വച്ചതും നടപ്പിലാക്കിയതുമായ പല കേന്ദ്രീകൃത സംസ്കരണം പദ്ധതികളും പാളുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ആണ് ആലപ്പുഴ എം എല്‍ എ ആയ സഖാവ്.തോമസ്‌ ഐസക്കിന്റെ നേതൃത്വത്തില്‍ 'ഉറവിട മാലിന്യ സംസ്‌കരണം' എന്ന ആശയത്തില്‍ ഊന്നി സമൂഹം-കുടുംബശ്രീ -NGO എന്നീ ഘടകങ്ങളെ എല്ലാം തന്നെ ഒരുമിപ്പിച്ചു കൊണ്ട് ആലപ്പുഴ നഗരസഭയിൽ ജനകീയ അടിത്തറയിൽ നടത്തപ്പെട്ട വികേന്ത്രീകൃത മാലിന്യ നിർമ്മാർജ്ജന പദ്ധതിയായ നിര്‍മല ഭവനം നിര്‍മല നഗരം പദ്ധതി വരുന്നത്. ഈ പരിപാടിയുടെ അന്തസത്ത ‘കുറയ്ക്കുക , പുനചംക്രമണം ചെയ്യുക, വീണ്ടും ഉപയോഗിക്കുക ( reduce, recycle, reuse) എന്നീ രീതികൾ ഉപയോഗിച്ച് മാലിന്യത്തിന്റെ അളവിൽ കുറവ് വരുത്തുകയും, വീടുകളിൽ/പ്രദേശങ്ങളിൽ തന്നെ വികേന്ദ്രീകൃതമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ബയോഗ്യാസ്‌, കമ്പോസ്റ്റ് എന്നിവ ഉണ്ടാക്കി ജനങ്ങൾക്ക്‌ ഉപയോഗപ്രദമായ രീതിയിൽ മാലിന്യത്തെ കൈകാര്യം ചെയ്യുകയുമാണ്‌. നഗര ശുചീകരണത്തിലേക്ക് ആലപ്പുഴയെ നയിച്ച ഈ പദ്ധതിയെ പിന്നീട് CPI(M) ന്റെ നേതൃത്വത്തിൽ മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ‘ശുചിത്വ കേരളം’ എന്ന പ്രവർത്തനത്തിനു കേരളത്തിൽ തുടക്കം കുറിച്ചത്.

 • നിർമല ഭവനം നിർമല നഗരം പദ്ധതിയുടെ സവിശേഷതകള്‍ എന്തൊക്കെയാണ്?
 • ജഗതിയിൽ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളിൽ സഖാക്കളോടൊപ്പം സ:പിണറായി വിജയൻ
  നിർമല ഭവനം, നിർമല നഗരം പദ്ധതി മാലിന്യസംസ്കരണത്തിനൊരു ജനകീയ കൂട്ടായ്മയൊരുക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നു. മാലിന്യസംസ്കരണപ്രക്രിയയിൽ പങ്കെടുക്കുന്ന എല്ലാവരേയും ഉൾപ്പെടുത്തി ഈ പദ്ധിതി നടപ്പിലാക്കാൻ ശ്രമിച്ചുവെന്നുള്ളതാണ് ഇതിനെ മറ്റ് പദ്ധതികളിൽ നിന്നും വ്യത്യസ്തമാക്കുന്ന ഘടകം. മാലിന്യവിമുക്തമായ ഒരു പരിതസ്ഥിതിയിൽ ജീവിക്കുക എന്നത് ഏതൊരു സമൂഹത്തിന്റേയും അവകാശമാണ്. ഇതിനുവേണ്ടി പരിശ്രമിക്കേണ്ടത് ഗവണ്മെന്റുകളായിരിക്കണം. ഭരണത്തിൽ ഇരിക്കുന്നവർക്ക് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു എന്താണ് ചെയ്യാൻ കഴിയുക? ഒന്ന്: ഇതിനാവശ്യമുള്ള വിഭവങ്ങൾ സമാഹരിക്കുക (സാമ്പത്തികവും, സാങ്കേതികവും മാനവശേഷിയുമാകുന്ന വിഭവങ്ങൾ), രണ്ട്: വ്യക്തമായി പഠിച്ചു, പ്ലാൻ ചെയ്തു ദിശാബോധത്തോടെ നിരന്തര പ്രവർത്തനങ്ങളിലേർപ്പെടുക, മൂന്ന്: സമൂഹത്തിലെ ഒരു വിഭാഗവും മാലിന്യം മൂലം ദുരിതമനുഭവിക്കാൻ ഇടവരുത്താതിരിക്കുക. ധനാഗമ മാർഗങ്ങൾ പൊതുവെ കുറവായ കേരളത്തിലെ ത്രിതല പഞ്ചായത്തുകളിൽ വലിയ പണച്ചിലവുള്ള പ്രവൃത്തികൾ ഏറെ ഗുണം ചെയ്യില്ല. ഇങ്ങനെ ഒരു സാഹചര്യത്തിൽ തദ്ദേശീയമായി ലഭ്യമാകുന്ന വിഭവങ്ങൾ കൊണ്ട് നടത്തപ്പെട്ട പരിപാടിയാണ് ആലപ്പുഴയിലെ” നിർമല ഭവനം, നിർമല നഗരം പദ്ധതി. കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന്റെ പരാജയങ്ങളെ കുറിച്ച് വിശകലനം ചെയ്തു പഠിച്ച് ശ്രദ്ധയോടെ ആവിഷ്കരിച്ചതാണ് ഈ പദ്ധതി. CPI(M) ഈ പദ്ധതിയെ കേരളത്തിൽ ഒട്ടാകെ പ്രചരിപ്പിക്കുവാൻ തീരുമാനിക്കുക മാത്രമാണ് ചെയ്തത്. കേരളത്തിലെ മാലിന്യ പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്തു സമൂഹത്തിലെ എല്ലാവർക്കും വൃത്തിയുള്ള പരിതസ്ഥിതിയിൽ ജീവിക്കാനുള്ള അവകാശം നേടിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇത്തരത്തിൽ മൂന്ന് കാര്യങ്ങളെയും കൃത്യമായി സമൂഹനന്മക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നതു വഴി, ലാഭം കൊയ്യുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന പല വേസ്റ്റ് മാനേജ്‌മന്റ്‌ കമ്പനികളുടെയും കേരളത്തിലേക്കുള്ള ഒഴുക്ക് തടയാൻ ഈ പദ്ധതി കൊണ്ട് കഴിയും. കേരളത്തിൽ നാൾക്കു നാൾ ക്ഷയിച്ചു വരുന്ന കാർഷിക മേഖലയിലേക്ക് ഒരു മുതൽ കൂട്ടായി ഗ്രാമങ്ങളിലും നഗരങ്ങളിലും പച്ചക്കറി കൃഷി തുടങ്ങുകയും അതിലേക്കു മാലിന്യ സംസകരണ കേന്ദ്രങ്ങളിൽ നിന്നുള്ള കമ്പോസ്റ്റ് ഉപയോഗപ്പെടുത്തുകയും ചെയ്യുക വഴി ശുചിത്വ കേരളം മുന്നോട്ടു വയ്ക്കുന്നത് ഭൂമിയുടെ metabolic ഘടനയെ കേടുപറ്റാതെ മുന്നോട്ടു കൊണ്ട് പോകാനുള്ള മാതൃക കൂടിയാണ്. ഇവ തന്നെയാണ് ഈ പദ്ധതിയുടെ സവിശേഷതയും.

 • CPIM ശുചിത്വ കേരളം എന്ന് പറഞ്ഞൊരു പ്രവർത്തനം തുടങ്ങാനുണ്ടായ സാഹചര്യം എന്താണ്?
 • കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണ - പ്രതിപക്ഷത്തിരുന്ന കാലഘട്ടങ്ങളിൽ മാലിന്യവുമായി ബന്ധപ്പെട്ടു തീക്ഷ്ണമായ അനുഭവങ്ങളിലൂടെയും തിരിച്ചറിവുകളിലൂടെയും കടന്നു പോയിട്ടുള്ള CPI(M)-നു മാലിന്യം എത്ര ഗുരുതരമായ പ്രശ്നമാണെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടുകളില്ല. നിലവിലുള്ള ട്രെഞ്ചിംഗ് രീതിയും, കേന്ദ്രീകൃത കമ്പോസ്റ്റിങ്ങ് രീതിയും പരാചയപ്പെട്ടു നഗരസഭയുടെ ഒരുചവറു കൂന മാത്രമായി ചുരുങ്ങിയ ഗ്രാമ പ്രദേശങ്ങളിൽ നിന്നുയർന്നു വന്നിട്ടുള്ള സമരങ്ങൾ ഈ തീരുമാനത്തിലെത്തിച്ചേരാൻ സഹായിച്ചിട്ടുണ്ട്. CPI(M)- ന്റെ നേതൃത്വത്തിൽ ക്ലീൻ കേരള മിഷൻ 2006 ഇൽ തുടങ്ങിയിരുന്നു. പിന്നീടു വന്ന സർക്കാർ TSC(Total Sanitation Campaign)-ഉം ക്ലീൻ കേരള മിഷനും കൂടി സംയോജിപ്പിച്ചാണ് ശുചിത്വ മിഷന് രൂപം കൊടുത്തത്. വികേന്ദ്രീകൃത മാലിന്യ സംസകരണമാണ് കേരളത്തിന്‌ അഭികാമ്യം എന്ന് പോളിസി യിലൂടെ ഉറപ്പിച്ച സംരംഭമായിരുന്നു ക്ലീൻ കേരള മിഷൻ. എന്നാൽ പ്രായോഗിക തലത്തിൽ വ്യക്തമായ ഒരു ദിശാബോധം നല്കാൻ അതിനു കഴിയാതെ പോയി. അത് നികത്തുന്നതാണ് ആലപ്പുഴയിലെ “നിർമല ഭവനം,നിർമല നഗരം” പരിപാടി. 2013-ൽ പാലക്കാട്‌ വെച്ച് നടന്ന പാർട്ടി പ്ലീനത്തിൽ പ്രത്യക്ഷമായ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കൊപ്പം ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടണമെന്ന് CPI(M) തീരുമാനിച്ചിരുന്നു. ആലപ്പുഴയിലെ സംരംഭം മാതൃകാപരമായ ഒന്നായി വളര്ന്ന സാഹചര്യത്തിൽ 2014 ഇൽ തദ്ദേശസ്വയം ഭരണ സ്ഥാപന പ്രതിനിധികൾ പങ്കെടുത്ത ഒരു സെമിനാറിൽ വെച്ചാണ്‌ " നിർമല ഭവനം, നിർമല നഗരം" പദ്ധതി കേരളത്തിലുടനീളം വ്യാപിപ്പിക്കാൻ പാർട്ടി തീരുമാനിച്ചതും 'ശുചിത്വ കേരളം' എന്ന പ്രവൃത്തിയ്ക്ക് തുടക്കം കുറിച്ചതും.

 • ശുചിത്വ കേരളം പരിപാടിക്ക് കുട്ടികളുമായുള്ള ബന്ധം എന്താണ്?
 • കുട്ടികളിലൂടെ വീടിനെയും സമൂഹത്തെയും മാലിന്യ നിർമ്മാർജനത്തെ കുറിച്ചും അതിനു വേണ്ടി ഉറവിടത്തിൽ മാലിന്യം വേർതിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ ബോധ്യമുള്ളവരാക്കാൻ തുടങ്ങിയ പരിപാടികളാണ് “മാലിന്യം തരൂ, പുസ്തകം തരാം” , കുട്ടികളുടെ ശുചിത്വക്വിസ്, കൂട്ടപ്പാട്ട് , ക്യാമ്പുകൾ എന്നിവ. സ്വയം മാലിന്യ നിർമാർജ്ജനത്തിന്റെ ആവശ്യങ്ങളെ ക്കുറിച്ച് മനസിലാക്കുന്നതോടൊപ്പം സാമൂഹിക മാറ്റത്തിന്റെ വക്താക്കൾ കൂടിയാവുകയാണ് കുട്ടികളിവിടെ.

 • "പ്ലാസ്റ്റിക്‌ തരൂ, പുസ്തകം തരാം" എന്ന മുദ്രാവാക്യവുമായി ബന്ധപ്പെട്ടു ഉയർന്ന ആശങ്കകൾ / വിമർശനങ്ങൾ ഇവയെപ്പറ്റി?
 • മൂന്ന് പ്രധാനപ്പെട്ട വിമർശനങ്ങളാണ് ഈ സംരംഭത്തിനെതിരെ സോഷ്യൽ മീഡിയ യിൽ ഉയർന്നു വന്നിട്ടുള്ളത്. അവ എന്തെന്ന് നോക്കാം.

  1. ഈ പദ്ധതിയിൽ ആരോഗ്യവും നയപരവുമായ പാളിച്ചകൾ ഉണ്ട്.
  2. എന്താണ് ഈ പരിപാടിയിലെ ആരോഗ്യ പരമായ പ്രശ്നങ്ങൾ? വിമർശകർ ഉന്നയിച്ചത് കുട്ടികൾ പുസ്തകം വാങ്ങാനുള്ള വ്യഗ്രതയിൽ വഴിയിൽ കിടക്കുന്നതെന്തും പെറുക്കുകയും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളിലേക്ക് നയിക്കപ്പെടുകയും ചെയ്യും എന്നതാണ്. നയപരമായ പാളിച്ച എന്താണെന്നു പക്ഷെ വിശദീകരിച്ചിട്ടുമില്ല. ആകെ പറയാൻ ശ്രമിച്ചത് മാലിന്യം അതുത്പാദിപ്പിക്കുന്നവരുടെ ബാദ്ധ്യതയാണ് അതിനെ കുട്ടികളിലേക്ക് കൈമാറ്റം ചെയ്യുകയല്ല വേണ്ടത് എന്നാണ്. “കള്ളക്കടത്ത് നടത്തുന്നത് എതാശയങ്ങളാണെന്നു ചിന്തിക്കേണ്ടതുണ്ട്”എന്ന ആഹ്വാനമുയർത്തിയത് കൂടി പരിഗണിക്കുകയാണെങ്കിൽ ഈ പരിപാടി ആത്യന്തികമായി നവലിബറൽ ആശയങ്ങളുമായി സന്ധി ചേരുന്നു എന്നൊരു ധ്വനി ഉണ്ട്. ഈ രണ്ടു പ്രസ്ഥാവനയിലും പാക്കേജിങ്ങ് വ്യവസായത്തെക്കുറിച്ചും, കേരളത്തിൽ നടക്കുന്ന പരിപാടിയെക്കുറിച്ചും വ്യക്തമായ ധാരണയില്ലെന്ന് കാണാം. കുട്ടികൾക്ക് വീട്ടിൽ നിന്നുള്ള പ്ലാസ്റ്റിക്കുകൾ കൊണ്ട് വരാൻ കൃത്യമായി നിർദ്ദേശം ഉണ്ടായിരുന്നു. ഒരു വീട്ടിലെ പ്ലാസ്റ്റിക്‌ ഉല്പന്നങ്ങളിലേയ്ക്കു വെറുതെ ഒന്ന് കണ്ണോടിക്കാം. നഗര പ്രദേശങ്ങളിൽ പൊതുവെ പാൽ ലഭ്യമാവുന്നത് പാക്കറ്റുകളിലാണ് . ഒരു ദിവസം ഒരു കവർ പാൽ വീതം ഉപയോഗിക്കുകയാണെങ്കിൽ, ആ കവർ കഴുകി എടുത്തു വെക്കുകയാണെങ്കിൽ ആഴ്ചയിൽ 7 പ്ലാസ്റ്റിക്‌ കൂടുകൾ എങ്കിലും ലഭിക്കും. ഇന്ന് പലചരക്കു കടകൾ വഴിമാറി നഗരങ്ങളിൽ സൂപ്പർ മാർക്കറ്റ്‌ സ്ഥലം പിടിച്ചു കഴിഞ്ഞു. ഈ രണ്ടിടങ്ങളിൽ നിന്നാണെങ്കിലും ഒരാഴ്ച വീട്ടിലേക്കു വാങ്ങുന്ന എത്ര സാധനങ്ങൾ പ്ലാസ്റ്റിക്‌ കൊണ്ട് പാക്കേജ് ചെയ്തവയാണെന്ന് ഒന്ന് എണ്ണമെടുത്താൽ ഒരു പക്ഷെ വീട്ടിൽ ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ സാധിക്കും. ഇത്തരം പ്ലാസ്റ്റിക് വസ്തുക്കൾ വീടുകളിൽ സംസ്കരിക്കാൻ പറ്റില്ല. നഗരസഭയുടെ കേന്ദ്രീകൃത പരിപാടിയിൽ ഇവ ശേഖരിച്ചു കുഴിച്ചു മൂടുകയാണ് പതിവ്. ഇന്ന് ചെയ്യാൻ കഴിയുന്ന ഏക കാര്യം അവ ശേഖരിച്ചു വീണ്ടുമുപയോഗിക്കുകയെന്നതാണ്. കേരളത്തിൽ ഇന്ന് പ്രവർത്തന ക്ഷമമായ പുനരുപയോഗ യൂണിറ്റുകളുടെ എണ്ണം വളരെ കുറവാണ്. ഇത്തരം ഒരു സാഹചര്യത്തിൽ പ്ലാസ്റ്റിക്‌ പുനരുപയോഗത്തെപ്പറ്റിയും കുട്ടികളുടെയും മുതിർന്നവരുടേയും ബോധവല്ക്കരണത്തേയും കൂടി ലക്‌ഷ്യം കണ്ടു കൊണ്ട് നടത്തപ്പെടുന്നതാണ് “മാലിന്യം തരൂ, പുസ്തകം തരാം” എന്ന പരിപാടി.
   ആലപ്പുഴയിൽ 'പ്ലാസ്റ്റിക് തരു പുസ്തകം തരാം' പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ നിന്ന്


   അടുത്തത് ഉത്പാദക ബാദ്ധ്യത(producer responsibility) യെന്ന ധാരണയെ ചുറ്റിപ്പറ്റിയാണ്. ലോകത്ത് ഇന്ന് ഉല്പാതിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകലുടെ ഉത്പ്പാദകർ ആരാണ്? ഏതോ രാജ്യത്ത് പാക്കേജ് ചെയ്യുന്ന ബഹുരാഷ്ട്ര കമ്പനികളോ? അതോ പാക്ക് ചെയ്ത സാധനങ്ങൾ വിതരണം ചെയ്യുന്ന സൂപ്പർ മാർക്കറ്റുകളോ? അതോ ഉപയോഗിക്കുന്ന വീട്ടുകാരോ? കമ്പനിയോ സൂപ്പർ മാർക്കറ്റോ ആണെങ്കിൽ ഉപയോഗിച്ച പ്ലാസ്റ്റിക്‌ തിരിച്ചെടുക്കുന്ന ഒരു സംവിധാനം ഇന്ത്യയിലെവിടെയെങ്കിലും നിലവിലുണ്ടോ? ഇനി വീട്ടുകാരാണെങ്കിൽ കേരളത്തിലെ ഇന്നത്തെ പരിതസ്ഥിതി എന്താണ്? മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറിൽ കൂട്ടിക്കെട്ടി റോഡിലിടുമ്പോൾ അവ വെർതിരിക്കാനൊ സംസ്കരിക്കാനൊ കഴിയാതെ ഗ്രാമങ്ങളിൽ അടിഞ്ഞു കൂടുകയല്ലേ ചെയ്യുന്നത്. അതിൽ മാറ്റം പ്രതീക്ഷിച്ചു കുട്ടികളിലൂടെ സമൂഹത്തെ ബോധവൽക്കരിക്കാനും ഒരു മാറ്റം വരുത്താനും ശ്രമിക്കുന്നതിൽ എവിടെയാണ് നവലിബറൽ അജണ്ട? കുടുംബശ്രീയുടെ പ്രവർത്തനവുമായി താരതമ്യം ചെയ്തു കൊണ്ട് കൂടിയാണ് ‘ഉത്തരവാദിത്ത വ്യതിയാനത്തെപ്പറ്റി’ (shifting responsibility) സംസാരിച്ചു കേട്ടത്. കുടുംബശ്രീ പ്രവർത്തകരുടെ സഹായം പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തേടിയിട്ടുള്ളത് മാലിന്യ സംസ്കരണം വൃത്തിയായി നടക്കാൻ ഉറവിട മാലിന്യം വേർതിരിച്ചു ശേഖരിക്കാൻ വേണ്ടിയാണ്. ഇത് ഒരു സ്വയം തൊഴിലിന്റെ കൂടി ഭാഗമാണ്. അത് കൊണ്ട് തന്നെ തൊഴിലുമായി ബന്ധപ്പെട്ടു ആ സംരംഭത്തിന്റെ നന്മ തിന്മകളെ വിശകലം ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാൽ കുട്ടികളിലൂടെയുള്ള ഒരു ബോധവൽക്കരണ ശ്രമവും കുടുംബശ്രീയുടെ പ്രവർത്തനങ്ങളും കൂട്ടിക്കെട്ടി ചിന്തിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വിമർശകർ എവിടെയും പരാമർശിച്ചു കണ്ടില്ല. ഈ പരിപാടിയെ ചോദ്യം ചെയ്യുക എന്നതിനപ്പുറം മറ്റൊരു ലക്‌ഷ്യം ഇല്ല എന്നുതന്നെ വേണം ഇതിൽ നിന്ന് മനസിലാക്കാൻ.

  3. കുട്ടികളെ വെറും ചവറു പെറുക്കികളാക്കുന്നു. അത് മൂലം അവരിൽ ജാതി / വർണ വിവേചനത്തിലൂന്നിയ അപകർഷത വളർത്താൻ സഹായിക്കുന്നു
  4. ഇവിടെ വിമർശകർ ഉന്നയിക്കുന്നത് സവർണ ‘സമുദായത്തിലുള്ളവർ പ്ലാസ്റ്റിക്‌ വാങ്ങി കൂട്ടുമെന്നും അത് മൂലം അവരുടെ കുട്ടികൾക്ക് കൂടുതൽ കൂപ്പണ്‍ ലഭിക്കുകയും പർച്ചേസിങ്ങ് പവർ ഇല്ലാത്തതു കൊണ്ട് അവർണ സമുദായത്തിലുള്ള കുട്ടികൾക്ക് കൂപ്പണ്‍ ലഭിക്കാതെ പോവുകയും ചെയ്യുമെന്നതിനാൽ അവരിലെ അപകർഷത വളരാൻ ഇട വരുത്തുമെന്നാണ്’. ഇത് പോലൊരു വിശകലനം പ്രശ്നങ്ങളെ പഠിക്കാത്തത് കൊണ്ട് വരുന്നതാണെന്ന് പറഞ്ഞാൽ തെറ്റില്ല. ഒന്നാമതായി പാക്കേജിങ്ങ് വ്യവസായത്തിന്റെ രാഷ്ട്രീയം എടുത്തു നോക്കുകയാണെങ്കിൽ ഒരു മതമോ ജാതിയോ അതിൽ നിന്നു ഒഴിവാക്കപ്പെടുന്നില്ല. ജീവിക്കാനാവശ്യമുള്ള അത്യാവശ്യ സാധനങ്ങളെല്ലാം തന്നെ പ്ലാസ്റ്റിക്കിൽ പാക്കേജ് ചെയ്താണ് ഇന്ന് നഗരങ്ങളിൽ ലഭ്യമാവുന്നത്. ചില്ലറയായി ചെറിയ കടകളിൽ നിന്ന് വാങ്ങാൻ കഴിയുന്ന സാധനങ്ങൾ പോലും പ്ലാസ്റ്റിക്‌ ബാഗുകളിലാക്കിയാണ് ഉപഭോക്താവിന് ലഭിക്കുന്നത്. സാധനങ്ങൾ വാങ്ങാൻ വ്യക്തികൾ സഞ്ചി കൊണ്ട് നടക്കാത്ത കേരളം പോലൊരു സംസ്ഥാനത്ത് പ്ലാസ്റ്റിക്‌ കവറുകൾ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമേ കിട്ടുന്നുള്ളൂ എന്ന് പറയുന്നതിലെ അസംബന്ധം തിരിച്ചറിഞ്ഞാൽ കൊള്ളാം. എന്നാൽ ദാരിദ്ര്യവും പട്ടിണിയും മൂലം ഉപജീവനത്തിനാവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ കഴിയാത്തവരെ കുറിച്ചാണ് ചർച്ചയെങ്കിൽ അങ്ങനെയുള്ളവരുടെ കുട്ടികൾ ഇങ്ങനെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ സ്കൂളിൽ എത്തുന്നുണ്ടോ എന്നന്വേഷിക്കുന്നത് ഒന്ന് നന്നായിരിക്കും. ഗതി കേടു കൊണ്ട് ആഴ്ചയിൽ ഒരു ദിവസം റേഷൻ കടയിൽ പോയി കുറച്ചു അരി വാങ്ങി അത് തീരുന്നത് വരെ മുളക് പൊടി കലക്കിയ ചമ്മന്തിയും കൂട്ടി കഴിക്കുന്ന ആൾക്കാർ കേരളത്തിലുണ്ട്. വിമർശനങ്ങൾ അഴിച്ചു വിടുന്നവർ ഇടക്കെപ്പോഴെങ്കിലും കേരളത്തിന്റെ ആത്മാവിലെക്കൊന്നു ഇറങ്ങി ചെന്നാൽ മാത്രം മതി.അവരുടെയൊക്കെ കുട്ടികൾ ഒട്ടിയ വയറുമായി അടുത്തുള്ള അങ്കൻവാടിയിലെ ഭക്ഷണം വിളമ്പുന്നത് നോക്കി ഇരിക്കുന്നുണ്ടാവും. രണ്ടാമതായി ‘മാലിന്യം തരൂ പുസ്തകം തരാം’ എന്ന പരിപാടി ഉറവിടത്തിൽ തന്നെ പ്ലാസ്റ്റിക്‌ വൃത്തിയാക്കി വേർതിരിച്ചെടുക്കാനും പുനരുപയോഗം സാധ്യമാക്കുവാനും കൂടിയുള്ളതാണ്. മാലിന്യം കലർന്ന പ്ലാസ്റ്റിക്കുകൾ പുനരുപയോഗിക്കാൻ കഴിയുകയില്ല. അവ ഒന്നുകിൽ കത്തിക്കാനോ അല്ലെങ്കിൽ കുഴിച്ചു മൂടാനോ മാത്രമേ കഴിയൂ. അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉന്നയിക്കുന്നത് വഴി നേടിയെടുക്കാൻ കഴിയുന്നത്‌ രണ്ടു കാര്യങ്ങളാണ്‌.
   1. പൊതുജനത്തിന്റെയിടയിൽ ആശയക്കുഴപ്പമുണ്ടാക്കി ഈ പരിപാടിയെ താറടിക്കുക
   2. മാലിന്യം നിർമാർജ്ജനം ചെയ്യാൻ കത്തിക്കൽ(incineration) പോലെയുള്ള സാങ്കേതികവിദ്യകൾ വേണമെന്നുമുള്ള ബഹുരാഷ്ട്രകമ്പനികളുടെ യുക്തിക്ക് ചൂട്ടു പിടിക്കു

  5. സ്വന്തം രാഷ്ട്രീയം പരാജയപ്പെടുമ്പോൾ പകരം വെച്ച അടവുനയമാണ് മാലിന്യ നിർമാർജ്ജനം അല്ലെങ്കിൽ CPI(M)- ന്റെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന മാലിന്യ നിർമാർജ്ജന പ്രവർത്തനം. അത് അവരുടെ നിലനിൽപ് രാഷ്ട്രീയത്തിന്റെ അജണ്ടയാണ്.
  6. “മാലിന്യം തരൂ, പുസ്തകം തരാം” എന്ന പരിപാടി എങ്ങനെയാണ് CPI(M)- ന്റെ നിലനില്പിനെ സഹായിക്കുന്നത് എന്ന് വിമർശിച്ചവർ എവിടെയും പരാമർശിച്ചു കണ്ടില്ല. സമൂഹത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സ്വന്തം രാഷ്ട്രീയ നിലപാടുകൾ വിശകലനം ചെയ്യുന്നത് നല്ലത് തന്നെ എന്ന് കരുതുന്നുണ്ട്. പക്ഷെ ഇവിടെ ഉയര്ത്തിയ വിമർശനം CPI(M) മാലിന്യ നിർമാർജനത്തിന് മുൻകൈയെടുക്കുന്നത് "നിലനിൽപ് രാഷ്ട്രീയത്തിന്റെ" ഭാഗമായിട്ടണെന്നാണ്. ഇന്ന് മാലിന്യ സംസകരണവുമായി ബന്ധപ്പെട്ടു ഏറ്റവും കൂടുതൽ വിമര്ശനങ്ങൾ ഏറ്റു വാങ്ങുന്നത് കേരളത്തിലെ നഗരസഭകളും അഞ്ചു കോർപ്പറേഷനുകളുമാണ്. ഓരോ തിരഞ്ഞെടുപ്പിലും പല നഗരസഭകളിലും കോർപ്പറേഷനുകളിലുമായിട്ടു അധികാരത്തിലിരിക്കുന്ന CPI(M) എന്ന പാർടിക്ക് കേരളത്തിലെ മാലിന്യ പ്രശ്നങ്ങൾ എത്ര വലുതാണെന്ന് തിരിച്ചറിയാൻ ഒരു പാട് തല പുകക്കേണ്ട ആവശ്യമില്ല. പല നഗര സഭകളിലായി CPIM നേരിട്ട പ്രശ്നങ്ങളെ വിശകലനം ചെയ്തു മനസിലാക്കുകയും, ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തോട്‌ ഉള്ള പ്രതിബദ്ധതയും മാത്രം മതി . ഇറക്കുമതി ചെയ്ത സാങ്കേതികവിദ്യ ഉപയോഗശൂന്യമാവുകയും ജനജീവിതം ദുസ്സഹം ആവുകയും ചെയ്ത സാഹചര്യത്തിൽ ആലപ്പുഴ പരീക്ഷണം വിജയിക്കുകയും അവ വ്യാപിപ്പിക്കുകയും ചെയ്തത് വഴി CPI(M) മുന്നോട്ടു വെയ്ക്കുന്നത് ഒരു ബദൽ മാതൃകയാണ്. അല്ലാതെ നിലനിൽക്കാൻ വേണ്ടി ആരുടേയും കണ്ണിൽ പൊടിയിടുകയല്ല. നിലവിലുള്ള ഭൗതികസാഹചര്യങ്ങളെ വിശകലനം ചെയ്യാതെ വിമർശനം എന്ന് പറഞ്ഞു അഴിച്ചു വിടുന്ന അല്പത്തത്തിന് ചിന്താദാരിദ്ര്യം വന്നുപെട്ടവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ചെവി കൊടുക്കാൻ കഴിയുക?

 • CPI(M) ന്റെ നേതൃത്വത്തിൽ നടക്കുന്ന മാലിന്യ സംസ്കരണം അശാസ്ത്രീയമാണ്
 • ജലമലിനീകരണത്തിന് കാരണമായേക്കാവുന്ന അശാസ്ത്രീയത ഈ മാലിന്യസംസ്ക്കരണ പ്രവർത്തനത്തിൽ ആരോപിക്കപ്പെടുന്നുണ്ട്. അഴിമുഖത്തിൽ ജോയ് ബാലകൃഷ്ണൻ എഴുതിയ "സിപിഎമ്മിന്റേത് അശാസ്ത്രീയ മാലിന്യസംസ്‌കരണം; ഇത് കുടിവെള്ളവും മുട്ടിക്കും" ആണ് ഈ നിരയിൽ അവസാനത്തേത്. വളരെ കാര്യഗൗരവത്തൊടെ തലക്കെട്ടിൽ അശാസ്ത്രീയതയെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും വീടുകളിൽ ബയോഗ്യാസ്‌ പ്ലാന്റ് സ്ഥാപിക്കണം എന്ന പരിപാടി മാത്രമാണ് വിമർശന വിധേയമാക്കുന്നത്. അതിനു വേണ്ടി ദ്രവ മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കുന്ന സെപ്ടിക് ടാങ്കുകൾ ജൈവ ബോംബുകളാണെന്ന് വരുത്തി അവസാനം പറഞ്ഞു നിർത്തുന്നത് ഇന്ന് കേരളത്തിലുള്ളത് പോലെ ഓരോ വീടിനും സെപ്ടിക് ടാങ്ക് പാടില്ല. പകരം ഒരു സീവേജ് സിസ്റ്റം വഴി കേന്ദ്രീകൃത മാലിന്യ സംസ്ക്കരണം നടത്തണം എന്നുമാണ്. ആർഗ്യൂമെന്റിനുള്ള അടിസ്ഥാനം കേരളത്തിലെ കുടിവെള്ളം ചീത്തയാക്കുന്നത് സെപ്ടിക് ടാങ്കുകൾ ആണ് എന്നുള്ള ‘കണ്ടുപിടിത്ത’മാണ്. കേരളത്തിലെ കുടിവെള്ളത്തിൽ ഇ-കോളി യുടെ സാന്നിദ്ധ്യം അധികമായുണ്ട് എന്നുള്ളത് പഠനങ്ങൾ തെളിയിച്ച കാര്യം തന്നെയാണ് . പക്ഷെ അവയൊന്നും സെപ്ടിക് ടാങ്ക് ആണ് പ്രശ്നമെന്ന് പറയുന്നില്ല. പകരം രണ്ടു കാരണങ്ങളാണ് കേരളത്തിലെ വെള്ളം മലിനീകരിക്കുന്നത് എന്നാണ്.
  1. സെപ്ടിക് ടാങ്കും കുടിവെള്ള സ്രോതസും തമ്മിലുള്ള അകലക്കുറവ്
  2. lined സെപ്ടിക് ടാങ്ക് ഇന്ന് കേരളത്തിൽ വ്യാപകമാവാത്തത്
  കേരളത്തിലെ ജനസാന്ദ്രതയും, വീടുകളുടെ സ്ഥിതിയും, ഉപയോഗിക്കപ്പെടുന്ന സെപ്ടിക് ടാങ്കുകളും (without lining) ,മറ്റു പല കാരണങ്ങളാലും (eg. leachate) ജലമലിനീകരണം സംഭവിക്കുന്നുണ്ട്. അല്ലാതെ സെപ്ടിക് ടാങ്ക് എന്ന ആശയം തന്നെ അശാസ്ത്രീയം ആയതു കൊണ്ടല്ല. എന്നിരുന്നാലും ദ്രവ മാലിന്യസംസ്ക്കരണം കേരളസമൂഹത്തിന്റെ അടിയന്തിര ജാഗ്രത ആവശ്യപ്പെടുന്ന വിഷയമാണ്. ഖരമാലിന്യ സംസ്ക്കരണം കേന്ദ്രീകരിച്ചു കൊണ്ടുള്ള CPI(M) പ്രവർത്തനങ്ങൾ വിമർശന വിധേയമാക്കുമ്പോൾ തികച്ചും വ്യത്യസ്ഥമായ പരിചരണം ആവശ്യമുള്ള ദ്രവമാലിന്യത്തിലേക്ക് ശ്രദ്ധ തിരിച്ചു വിടുക എന്ന തന്ത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്. വളരെ പരിഹാസ്യമാണ് ഇത് എന്ന് പറയാതെ വയ്യ. ശുചിത്വ കേരളത്തിൽ ഇന്ന് നടക്കുന്ന പല പ്രവർത്തനങ്ങളെയും കുറിച്ച് പരാമർശിക്കാതെ, പറയുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാതെ CPI(M) നെ വിമർശിക്കുന്നത് എന്തടിസ്ഥാനതിലാണെന്ന് വ്യക്തമാക്കിയാൽ കൊള്ളാം. അതോടൊപ്പം CPI(M) ന്റെ മാലിന്യ സംസ്കരണശ്രമത്തെ അശാസ്ത്രീയമാണെന്ന് പറയുന്നവരോട് ഒരു ചോദ്യം. ശാസ്ത്രീയമായ മാലിന്യ സംസ്കരണ രീതി എന്താണ്?

  ഈ ലേഖനം തയ്യാറാകിയ ബോധി സ്റ്റഡി ഗ്രൂപ്പിലെ അംഗങ്ങൾ - പ്രതിഭ ഗണേശൻ, വി.എസ്.ശ്യാം, ബിരണ്‍ജിത്ത്, ഷാറോൺ വിനോദ്, ദീപക് ജോണ്‍സൻ, വിക്കി