ദാഹത്തിന്റെ പരിണാമ സിദ്ധാന്തം

ദാഹിക്കുന്നു, ഒരു ബോട്ടില്‍ മിനറല്‍ വാട്ടറിനായി!

ഒരു ബോട്ടില്‍ വെള്ളവുമായി കച്ചവടക്കാര്‍ ആരെങ്കിലും വന്നിരുന്നുവെങ്കില്‍.. ദാഹിക്കുന്നുണ്ട്.. ട്രെയിന്‍ കിട്ടാതാകുമോ എന്ന ഭയത്താല്‍ റയില്‍വേ സ്റ്റേഷനില്‍ ഓട്ടോ ഇറങ്ങി, പ്ലാറ്റ്ഫോമിലേക്ക് ഓടി കയറുകയായിരുന്നു. ഐ.ആര്‍.സി.റ്റി.സി-യുടെ കൌണ്ടറില്‍ നിന്നും ഒരു ബോട്ടില്‍ മിനറല്‍ വാട്ടര്‍ വാങ്ങിക്കുവാന്‍ സമയം കിട്ടിയില്ല. ട്രെയിനില്‍ കച്ചവടക്കാര്‍ കൊണ്ടുവരുമ്പോൾ വാങ്ങിക്കാമല്ലോ എന്നു കരുതി. ഈ ട്രെയിനില്‍ വെള്ളവുമായി കച്ചവടക്കാര്‍ ആരും കയറുന്നുമില്ല. ഈ ട്രെയിനില്‍ പാൻട്രി ഇല്ല എന്ന് അറിയാമായിരുന്നു. എങ്കിലും ചെറിയ സ്റ്റേഷനുകളില്‍ ഐ.ആര്‍.സി.റ്റി.സി-യുടെ യൂണിഫോമിനു സാമ്യമുള്ള ഷര്‍ട്ടുമിട്ട് ലോക്കല്‍ കച്ചവടക്കാര്‍ കയറാറുണ്ട്. അവരെ ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാം. ഷര്‍ട്ട് ശ്രദ്ധയില്ലാതെ ആയിരിക്കും ധരിച്ചിരിക്കുക. ബട്ടണുകൾ പലതും കാണുകയുമില്ല. റയില്‍വേ പോലീസിന്റെ നോട്ടത്തില്‍ പെട്ടെന്നു പിടിക്കപ്പെടാതിരിക്കുവാനുള്ള ഒരുപായമായി, നിറം മങ്ങിയ സാധാരണ ഷര്‍ട്ടിനു മുകളില്‍ക്കൂടിയിടുന്ന ഒരു മൂടുപടം. അതു മാത്രം ആയിരിക്കും ആ യൂണിഫോം കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത്. അവരുടെ കൈയ്യില്‍ നിന്നു ചായയോ സമോസയോ താന്‍ വാങ്ങാത്തതാണ്. അവർ കൊണ്ടുവരുന്ന മിനറല്‍ വാട്ടറും അസാധാരണമായേ ഞാൻ വാങ്ങിക്കാറുള്ളു. എവിടെയോ ഒരു വിശ്വാസക്കുറവ്. പക്ഷേ, ഈ ട്രെയിനില്‍ അവരെയും കാണുന്നില്ല.

ഇടക്കിടെ നിര്‍ത്തിയ ചെറിയ സ്റ്റേഷനുകളില്‍ ബോഗിയുടെ വാതില്‍ക്കല്‍ വന്നു എത്തി നോക്കി. അടുത്ത് ഐ.ആര്‍.സി.റ്റി.സി കൌണ്ടര്‍ വല്ലതും ഉണ്ടെങ്കില്‍ പോയി ഒരു ബോട്ടില്‍ വെള്ളം വാങ്ങിക്കാം. പക്ഷേ, നിര്‍ത്തിയ ചെറിയ സ്റ്റേഷനുകളില്‍ ഒന്നും തന്നെ കൌണ്ടര്‍ കണ്ടില്ല. പ്ലാറ്റ്ഫോമില്‍ ഇറങ്ങി നടന്നു നോക്കുവാൻ ഒരു ഭയം. ട്രെയിന്‍ എങ്ങാനും വിട്ടാലോ? ഇനി ഒരു വലിയ സ്റ്റേഷന്‍ വരുന്നതു സേലം എത്തുമ്പോഴാണ്. അതിനു ഇനിയും രണ്ട് മണിക്കൂര്‍ കിടക്കുന്നു. അത്രയും ക്ഷമിക്കാന്‍ വയ്യ. നന്നായി ദാഹിക്കുന്നുണ്ട്.

ക്രോസ്സിങ്ങിനായി നിര്‍ത്തിയ ഒരു ചെറിയ സ്റ്റേഷനില്‍ ചായയുമായി ഒരു തമിഴ് സ്ത്രീ കയറിയതായിരുന്നു. അവരുടെ കൈയ്യില്‍ നിന്നു ചായ വാങ്ങുവാന്‍ ഒരു മടി. ലോക്കല്‍ കച്ചവടക്കാരിയാണ്. വൃത്തിയുള്ള വസ്ത്രധാരണമൊക്കെയാണ്. എന്നാലും വാങ്ങിക്കുവാൻ തോന്നുന്നില്ല. ചായ വിശ്വസിക്കാമോ? വാങ്ങിക്കണ്ട. കുറച്ചു കൂടി കാത്തിരിക്കാം, ഒരു മിനറല്‍ വാട്ടറുകാരൻ വരാതിരിക്കില്ല.

അടുത്ത സ്റ്റേഷനില്‍ വണ്ടി നിർത്തി. ഇതും ഒരു ചെറിയ സ്റ്റേഷന്‍ ആണ്. പ്ലാറ്റ്ഫോം പോലും വളരെ പഴകിയത്. പുറകിലത്തെ ബോഗിയില്‍ നിന്നു ഒരാൾ ഇറങ്ങി ഓടിവന്നു മതിലിനോട് ചേര്‍ന്നുള്ള ടാപ്പില്‍ നിന്നു ഒരു ബോട്ടില്‍ വെള്ളവും എടുത്തു തിരികെ ഓടിക്കയറി. ടാപ്പിനു മുകളില്‍ മാഞ്ഞുതുടങ്ങിയ കറുത്ത അക്ഷരങ്ങളുണ്ട്, "ഡ്രിങ്കിങ്ങ് വാട്ടര്‍". എന്നാലും അതു കുടിക്കാൻ പറ്റുമോ? പ്യൂരിഫിക്കേഷൻ സിസ്റ്റം കേടായിട്ട് കാലങ്ങളായിട്ടുണ്ടാകും. ആ വെള്ളം വരുന്ന ടാങ്കില്‍ എട്ടുകാലിയോ, പാറ്റയോ ചത്തു കിടപ്പുണ്ടെങ്കിലോ?

സമയം പതിനൊന്ന് കഴിഞ്ഞു. അടുത്ത ബർത്തിലെ യാത്രക്കാര്‍ പലരും കിടന്നു ഉറക്കം തുടങ്ങി. ഞാന്‍ കിടക്കാന്‍ ശ്രമിച്ചു നോക്കിയതാണ്. ദാഹം കാരണം ഉറക്കം വരുന്നില്ല. എന്നാലും ഉറക്കം എന്നു വിളിക്കാന്‍ കഴിയാത്ത ഒരു മയക്കം ഉണ്ടായി. എന്തൊക്കെയോ മനസ്സിലൂടെ കടന്നു പോയി. അർത്ഥമില്ലാത്ത സ്വപ്നശകലങ്ങളെപ്പോലെ ചിതറി കിടക്കുന്ന ചില ചിന്തകൾ. അസുഖകരമായ ചിന്തകൾ. ശരീരത്തിൽ ജലാംശം കുറയുമ്പോൾ ഇങ്ങനെ ആണോ? ചിതറി കിടക്കുന്ന, യുക്തിയില്ലാത്ത, അലോസരമുണ്ടാക്കുന്ന ചിന്തകൾ മനസ്സിലേക്കു കടന്നു വരുമോ? ഇതു ഈ ഇടക്കു തോന്നി തുടങ്ങിയ ഒരു സംശയമാണ്.

ദാഹം കൂടി വരുന്നു. ഒരു "വാട്ടര്‍" കച്ചവടക്കാരനെ കണ്ടിരുന്നുവെങ്കില്‍.. അടുത്ത ബര്‍ത്തുകാരന്റെ വെള്ളക്കുപ്പി, തീവണ്ടിയുടെ വല സഞ്ചിയിൽ കിടന്നു ആടുകയാണ്. അയാൾ വീട്ടില്‍ നിന്നു തിളപ്പിച്ചു കൊണ്ടുവന്നതാണെന്നു തോന്നുന്നു. ദാഹശമനിയുടേയോ മറ്റോ നിറമുണ്ട് വെള്ളത്തിന്. ആ വെള്ള കുപ്പിയിൽ നോക്കി കിടക്കുമ്പോൾ ദാഹം ഇരട്ടിക്കുന്നു. അല്പം ചോദിച്ചാലോ? വേണ്ട..മോശമല്ലേ! അല്പം കൂടി സഹിക്കാം. ഇനി ഒന്നര മണിക്കൂര്‍ കൂടിയേ ഉള്ളു സേലമെത്താന്‍.

പിന്നെയും ബര്‍ത്തില്‍ തന്നെ മലർന്നു കിടന്നു. അറിയാതെ മയങ്ങി പോയി. കുത്തഴിഞ്ഞ ചിന്തകൾ.. തല വേദനിക്കുന്നതു പോലെ. താനൊരു കിണറ്റിന്‍കരയിൽ നിൽക്കുകയാണ്. കൂടെ കുറേ കുട്ടികളുമുണ്ട്. തൊട്ടിയില്‍ വെള്ളം കോരി കുടിക്കുന്നു. മുന്നില്‍ നില്‍ക്കുന്ന കുട്ടി വെള്ളം കുടിച്ച് കഴിയുവാന്‍ നോക്കി നിൽക്കുകയാണ് ഞാന്‍. അവൻ വെള്ളം കുടിച്ച്, ബട്ടൺ പൊട്ടിയ സ്കൂൾ യൂണിഫോം ഷർട്ടിന്റെ തുമ്പു കൊണ്ട് മുഖം തുടച്ചുമാറുമ്പോൾ, താൻ കുനിഞ്ഞുനിന്ന്, കിണർവക്കത്തു തൊട്ടി ചരിച്ചുവെച്ച്, കൈക്കുമ്പിളിൽ വെള്ളം മൊത്തി കുടിക്കുന്നു.

ട്രെയിന്‍ പൊടുന്നനെ ചെറിയ കുലുക്കത്തോടെ ഉരഞ്ഞുഞ്ഞു നിന്നു. മയക്കത്തില്‍ നിന്നു ഞെട്ടിയുണർന്നപ്പോൾ ജനാലയിലൂടെ അകലെ കണ്ട അരണ്ട വഴിവെളിച്ചം പോലെ മനസ്സിലും ഒരു ബോധം തെളിയുന്നു. ഉണർന്നപ്പോൾ താന്‍ ഞെട്ടലിന്റെ ശബ്ദമെന്തെങ്കിലും പുറപ്പെടുവിച്ചോ എന്നു സംശയമായി. അയല്‍ ബെര്‍ത്തുകാരൻ തന്നെ തുറിച്ചു നോക്കി ഇരിക്കുന്നു.

തെളിഞ്ഞ ബോധത്തോടൊപ്പം നശിച്ച മറ്റൊരു ബോധത്തിൽ, താന്‍ അറിയാതെയാണ് ചോദിച്ചത് - "ചേട്ടാ...കുറച്ച് വെള്ളം തരാമോ?" അയാൾ സന്തോഷത്തോടെ നെറ്റ് ബേയിൽ നിന്ന് വെള്ളക്കുപ്പിയെടുത്ത് തന്റെ നേരെ നീട്ടി. ദാഹജലം തൊണ്ടയിലൂടെ തണുത്തിറങ്ങുമ്പോൾ വല്ലാത്ത ആശ്വാസം. രണ്ട് കവിൾ കുടിച്ച്, ആ മനുഷ്യന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ വീണ്ടും നോക്കി. ഇനിയും കുടിച്ചുകൊള്ളാൻ ചിരിച്ചുകൊണ്ട് അനുവാദം. മൂന്നു കവിൾ കൂടി കുടിച്ചു. സന്തോഷം...ആശ്വാസം. കാലിയാകാറായ കുപ്പി അടച്ച് തിരികെ കൊടുത്തു. "Thank You..." അയാൾ വെറുതേ ചിരിച്ചു. "എത്ക്ക് തമ്പി thank you..?" ചിരിച്ചുകൊണ്ട് അയാൾ വീണ്ടും തന്റെ ബെര്‍ത്തിൽ മലർന്നു കിടന്നു.

തൊണ്ടയിലൂടെ തണുത്തിറങ്ങിയ ജലത്തിന്റെ കുളിര്‍മയില്‍ നിന്ന് ഒരു തിരിച്ചറിവ് മനസ്സിൽ തെളിയുന്ന പോലെ. "ശരിയാണ്. എന്തിനാണ് Thank You..? സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് ഉച്ചക്കഞ്ഞിയോ ഊണോ കഴിഞ്ഞ്, കൂട്ടുകാരോടൊത്ത്, പുറകിലെ വീട്ടിൽ നിന്നും കിണർ വെള്ളം കോരിക്കുടിച്ചിരുന്ന സമയത്ത്, താൻ ആ വീട്ടുകാരോട് thanks പറഞ്ഞിട്ടില്ല. മഴക്കാലത്ത് പനിയുടെ ലക്ഷണം തോന്നുന്ന ദിവസങ്ങളില്‍ അമ്മ പറഞ്ഞുവിടും - "ദാഹിക്കുമ്പോൾ പൈപ്പിലെയോ കിണറ്റിലെയോ വെള്ളം കുടിക്കരുത്. ബേബിച്ചേട്ടന്റെ ചായക്കടയിൽ നിന്ന് ചൂടുവെള്ളം വാങ്ങി കുടിക്കണം." അത് തന്റെ അമ്മ മാത്രം പറയുന്ന കാര്യമല്ല. ആ സ്കൂളിൽ പഠിച്ചിരുന്ന മിക്ക കുട്ടികളുടെയും അമ്മമാർ പറഞ്ഞുവിടുന്നതാണിത്. ഗവണ്മെന്റ് ആശുപത്രിയുടെ മതിലിനോട് ചേര്‍ന്നായിരുന്നു ബേബിച്ചേട്ടന്റെ കട. രാവിലെ ചായയും ഉച്ചയ്ക്ക് രോഗികൾക്കായി ഉച്ചക്കഞ്ഞിയും വിൽക്കുന്ന ചായക്കട. കഞ്ഞിയോടൊപ്പമോ അല്ലാതെയോ ചൂടുവെള്ളം വാങ്ങുമ്പോൾ രോഗികളോ, ഞങ്ങൾ കുട്ടികളോ നന്ദി പരഞ്ഞതായി ഓർക്കുന്നില്ല. ആ ചൂടുവെള്ളത്തിനായി പണവും ഇതുവരെ ആര്‍ക്കും മുടക്കേണ്ടതായി വന്നിട്ടില്ല. ഇന്നും ഒരു ചായക്കടക്കാരനോ, മുറ്റത്ത് കിണറുള്ള വീട്ടുടമസ്ഥനോ വെള്ളത്തിനു പകരം പണം കിട്ടുമെന്നു കരുതുവാന്‍ ഇടയില്ല.

ആ കിടപ്പിൽ കിടന്നു കൊണ്ട് കുറച്ചുകൂടി ചിന്തിച്ചപ്പോൾ തന്നോടു തന്നെ പുച്ഛം തോന്നുന്നു. പഠിച്ചിരുന്ന കാലത്ത് പഞ്ചായത്ത് പൈപ്പിലെയോ, അടുത്ത വീട്ടിലെ ഇല വീഴാതെ വലയിട്ടുമൂടിയ കിണറ്റിലെയോ വെള്ളം കുടിച്ച് ദാഹം തീർത്തിരുന്ന താന്‍, എന്നു മുതലാണ്, ദാഹശമനം നൽകാന്‍ മിനറൽ വാട്ടറിനു മാത്രമേ കഴിയൂ എന്ന് തിരിച്ചറിഞ്ഞത്! അക്കാലത്ത് പനിയും ചുമയും വരുന്ന ആവൃത്തി, ഇന്നത്തേതില്‍ നിന്നും ഒട്ടും കൂടുതലുമായിരുന്നില്ല.

റെയില്‍വേ സ്റ്റേഷനിലെ "ഡ്രിങ്കിങ്ങ് വാട്ടറിന്" തന്റെ ദാഹം ശമിപ്പിക്കുവാനുള്ള യോഗ്യത നഷ്ടപ്പെട്ടതെന്നാണ്? രണ്ടു കൊല്ലങ്ങൾക്കു മുന്‍പ്, ഒരു ജോലി സമ്പാദിക്കുവാനായി അഭിമുഖങ്ങൾക്കും പരീക്ഷകൾക്കുമായ്, കയ്യില്‍ വണ്ടിക്കാശിനും ഭക്ഷണത്തിനും മാത്രമുള്ള പൈസയുമായി, ഒരു ഉദ്യോഗാർത്ഥിയുടെ വേഷത്തിൽ ഇതേ ട്രെയിനില്‍ യാത്രചെയ്തിരുന്നു താന്‍. അന്നെല്ലാം കയ്യില്‍ കരുതുന്ന കുപ്പിയില്‍ നിറച്ചു സൂക്ഷിച്ചത് ഈ "ഡ്രിങ്കിങ്ങ് വാട്ടർ" വെള്ളം തന്നെയായിരുന്നു.

ശരിയാണ്, പുച്ഛം തോന്നേണ്ടത് തന്നോടു തന്നെയാണ്. ഉള്ളില്‍ എവിടെയോ ഉറങ്ങിക്കിടക്കുന്ന ചില സംശയങ്ങളും, അത്ഭുതങ്ങളും, അത്ഭുതമെന്നു തിരിച്ചറിയാന്‍ മറന്നുപോയ ചില വസ്തുതകളും മനസ്സിലേക്കോടിയെത്തുന്നു.

പ്രൈമറി സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന അത്ഭുതങ്ങളെക്കുറിച്ച് സയന്‍സ് സാർ പറയുമായിരുന്നു. അതിലൊന്നായിരുന്നു, വ്യക്തികൾക്കു പരസ്പരം കണ്ടുകൊണ്ട് സംസാരിക്കാന്‍ കഴിയുന്ന തരം ടെലിഫോൺ. മറ്റൊന്ന്, വറ്റിവരളുന്ന ജലസ്രോതസ്സുകളെ കുറിച്ച് പറഞ്ഞപ്പോ, ഭാവിയില്‍ വെള്ളത്തിനു പാലിനേക്കാൾ വില വരുമെന്ന "പച്ചക്കള്ളം". രണ്ടും യാഥാർത്ഥ്യമായി. എന്നിട്ടും അത്ഭുതം കൂറാതെതന്നെ രണ്ടിനെയും സ്വീകരിച്ചു.

കുറച്ചു സംശയങ്ങൾ മനസ്സിൽ തങ്ങിനിൽക്കുകയാണ്.....

ഏതാനും വര്‍ഷങ്ങൾക്കു മുന്‍പുവരെ, ദാഹിക്കുമ്പോൾ ഒരു ഗ്ലാസ്സ് വെള്ളത്തെയോ നാരങ്ങാ സർബത്തിനെയോ ഓര്‍ത്തിരുന്ന തന്റെ മനസ്സ്, ഇപ്പോൾ മിനറൽ വാട്ടറിനെയോ കൊക്കകോളയെയോ ഓര്‍ക്കുന്നു...കമ്പനിക്കാര്‍ എന്തെങ്കിലും കൂടോത്രം??

ബോട്ട്ലിങ്ങ് കമ്പനി കുപ്പിയിലടച്ചു തരുന്ന വെള്ളം പ്യൂരിഫൈഡ് മിനറല്‍ വാട്ടര്‍ എന്ന ഓമനപ്പേരില്‍ വില്‍ക്കുമ്പോൾ അതു 15 രൂപയ്ക്ക് വാങ്ങുവാന്‍ താൻ തയ്യാറാണ്. ഇവിടെ പാതവക്കത്തെ ഒരു ചായക്കടക്കാരന്‍, ചുക്കും കുരുമുളകും ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം വിൽക്കുവാന്‍ വന്നാൽ, 10 രൂപയ്ക്ക് വാങ്ങിക്കുവാന്‍ താന്‍ തയ്യാറാകുമോ?

ശ്രീമദ് ഭാഗവതത്തിൽ പറയുന്ന ഒരു കാര്യമുണ്ട്. കലികാലത്ത് പാകം ചെയ്ത ഭക്ഷണം വില്പനച്ചരക്കാക്കി ആളുകൾ ധനസമ്പാദനം നടത്തുമെന്ന്. അതേതായാലും തലമുറകള്‍ക്കു മുന്നേ തുടങ്ങി. പക്ഷേ...ജലം വിറ്റു പണം സമ്പാദിക്കുമെന്ന് വേദവ്യാസൻ പറഞ്ഞതായി അറിവില്ല. അദ്ദേഹത്തിനും ഇക്കാര്യത്തിൽ ദീര്‍ഘവീക്ഷണം കുറഞ്ഞുപോയി.

ഹൈ ഓൾറ്റിറ്റ്യൂഡ് ട്രെക്കിങ്ങ് വേണ്ടിവരുന്ന തീർത്ഥടന കേന്ദ്രങ്ങളിലേക്കുള്ള വഴിയേ 'പെയ്ഡ് ഓക്സിജൻ സെന്ററുകര്‍' ഉണ്ട് എന്നു കേട്ടിട്ടുണ്ട്. നാളെ അതും മലയിറങ്ങിവന്ന്, വഴിയോരങ്ങളിലും റെയിൽ‍വേ സ്റ്റേഷനുകളിലും 250 ml ഓക്സിജൻ അഥവാ ഫ്രഷ് എയര്‍ ബോട്ടിലുകളായി വിൽക്കപ്പെടുവാന്‍ നിരക്കുമ്പോൾ, യാത്രാക്ഷീണം മാറ്റുവാൻ തീവണ്ടികളിൽ അവയ്ക്കായി കാത്തിരിക്കുന്ന, അസ്വാഭാവികതയോ, അത്ഭുതമോ തോന്നാത്ത ഒരു എളിയ ഉപഭോക്താവായിരിക്കും ചിലപ്പോൾ ഈ ഞാനും.