അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം: വസ്തുതകളും സമീപനങ്ങളും

ആദ്യമായിത്തന്നെ ഭര്‍സിക്കുവാനും ധ്വംസിക്കുവാനും ആര് കാണിക്കുന്ന മിടുക്കും ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ് എന്ന നയം വ്യക്തമാക്കട്ടെ. ജനായത്ത വ്യവസ്ഥയില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ഇത് ഒരേപോലെ ബാധകമാണ്. ഭരിക്കുന്നവരായാലും ഭരിക്കപ്പെടുന്നവരായാലും സമരക്കാരായാലും സമരകാരണക്കാരായാലും കാവലാളുകള്‍ ആയാലും ജനാധിപത്യ നീതി എന്നത് സാര്‍വത്രികമാണ്. ജനാധിപത്യ ചര്‍ച്ചയുടെ ആദ്യ പാഠവും ഇത് തന്നെയാണ്. ജനാധിപത്യ പ്രക്രിയയിലെ അവശ്യ ഘടകങ്ങളില്‍ പ്രധാനമാണ് വ്യക്തികളുടെ സാമ്പത്തികവും രാഷ്ട്രീയപരവുമായ അവകാശങ്ങളുടെ വിനിയോഗവും സംരക്ഷണവും. ഇത് സാധ്യമാക്കാതെ പ്രവര്‍ത്തിക്കുന്ന എല്ലാ മണ്ഡലങ്ങളും ജനാധിപത്യവിരുദ്ധ മണ്ഡലങ്ങള്‍ ആണെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ജനായത്തത ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഈ ചര്‍ച്ചയുടെ കേന്ദ്ര വാദങ്ങളില്‍ ഒന്നാണ്. സമീപകാലത്ത്, പ്രത്യേകിച്ചും 2016 ജനുവരിയില്‍ നടന്ന രണ്ട് സംഭവവികാസങ്ങളെ ആധാരമാക്കിയാണ് ഈ പരിശോധനാക്കുറിപ്പ്. ഈ രണ്ട് സംഭവങ്ങളും വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് എന്നുള്ള വിശേഷവും ഇതിന്റെ തിരഞ്ഞെടുക്കലിനു കാരണമാണ്. ഇതില്‍ ഒന്നാമത്തേത്, സര്‍വ്വകലാശാലകളില്‍ നടക്കുന്ന ജാതീയ-വര്‍ഗീയ വിവേചനങ്ങളുടെ ഒടുവിലത്തെ രക്തസാക്ഷിയായ രോഹിത് വെമുല എന്ന വിദ്യാര്‍ത്ഥിയുടെ മരണവും അതിനെ തുടര്‍ന്നുള്ള സമരപ്രക്ഷോഭങ്ങളോടുള്ള പ്രതികരണവും അടിസ്ഥാനപ്പെടുത്തിയാണ്. രണ്ടാമത്തെ വിഷയം 2016 ജനുവരി 29-ന് കോവളത്ത് നടന്ന എസ്.എഫ്.ഐ ധര്‍ണ കൈയ്യാങ്കളിയില്‍ അവസാനിച്ചതിനെ തുടര്‍ന്നുള്ള ചര്‍ച്ചകളെ മുന്‍നിര്‍ത്തിയുള്ളതാണ്‌.

രോഹിത് വെമുല: വസ്തുതകളും സമീപനങ്ങളും

ജനുവരി 17-നാണ് രോഹിത് മരണത്തിലൂടെ ഒരു പുതിയ സമീപനത്തിന് തിരികൊളുത്തിയത്. എന്ത് കൊണ്ടാണ് ഇതൊരു പുതിയ സമീപനം എന്നത് സംശയം ഉളവാക്കിയേക്കാം. ഇന്ത്യയിലെ സാംസ്കാരിക പഠനത്തിലെ നാഴികക്കല്ലുകളായ ഗായത്രി സ്പിവാക് രചിച്ച "കീഴാളര്‍ സംസാരിക്കുമോ?" (Can the Subaltern Speak?), രാണജിത് ഗുഹ രചിച്ച "ചന്ദ്രയുടെ മരണം" (Chandra’s Death) മുതലായവ പറയുന്നത് കീഴാളര്‍ അല്ല സംസാരിക്കുന്നത് പകരം അധികാരവര്‍ഗത്തിന്റെ ഭാഷ, കീഴാള ഭാഷയായി ചരിത്ര/പഠനവല്‍കരിക്കുന്നു എന്നാണ്. ഇതില്‍ നിന്നും വ്യത്യസ്തമായാണ് രോഹിത് വെമുലയുടെ മരണം ഒരു വിപ്ലവ പ്രസ്ഥാനമായി മാറുന്നത്. 2008-ല്‍ മറ്റൊരു കീഴാള യുവാവ് അതേ ക്യാമ്പസില്‍ മരിച്ചിട്ടും ഉണ്ടാകാത്ത തരം പ്രതികരണത്തിനാണ് രോഹിത്തിന്റെ രക്തസാക്ഷിത്വം തിരികൊളുത്തിയത്. കാരണം മരണത്തിലൂടെ കീഴാളവല്കരിക്കപ്പെടുന്ന ഒച്ചയെ, മരണക്കുറിപ്പിലൂടെ രോഹിത്ത് തന്റെ തന്നെ ശബ്ദമായി അവശേഷിപ്പിച്ചു എന്നതാണ്. അധികാരഭാഷയുടെ അസ്തിവാരത്തില്‍ത്തന്നെ പൊട്ടിത്തെറികള്‍ സൃഷ്ടിക്കുന്ന ആയുധമാണ് രോഹിത്തിന്റെ മരണക്കുറിപ്പ്. മരണക്കുറിപ്പ് റൊമാന്റിക് അല്ല എന്നതും നാം മനസ്സിലാക്കേണ്ട ചരിത്രപരമായ വസ്തുതയാണ്.

ഒരു വധശിക്ഷക്കെതിരെ പ്രതിഷേധിച്ചു എന്ന പേരിലാണ് രോഹിത്തിനെ രാജ്യദ്രോഹിയായി ഭരണകൂടം (രാജ്യത്തിന്റെയും സര്‍വ്വകലാശാലയുടെയും) മുദ്രകുത്തിയത്. യുക്തിഭദ്രമല്ലാത്ത വധശിക്ഷ വേണ്ട എന്ന് യുക്തിഭദ്രമായി വാദിക്കുമ്പോള്‍ അവരെ സര്‍വ്വകലാശാല അധികാരികള്‍ പുറത്താക്കുന്നത് ഇന്ത്യ എന്ന പരമാധികാര ജനാധിപത്യ രാജ്യത്തിന്‌ തന്നെ അപമാനമാണ്. ആരാണ് യഥാര്‍ഥത്തില്‍ ഈ അപമാനം വരുത്തിവച്ചത്? യുക്തമായി വാദിച്ച രോഹിത്തോ രോഹിത്തിന്റെ ജനാധിപത്യ അവകാശങ്ങളെ ധ്വംസിച്ച ഭരണകൂടമോ?

രണ്ടാമതായി മുഖ്യധാര ഇടതുപക്ഷവും, എല്ലാ പുരോഗമന പ്രസ്ഥാനങ്ങളും സൈദ്ധാന്തികമായി വധശിക്ഷക്കെതിരാണ്. ഒരു വധശിക്ഷക്കെതിരെ പ്രതിഷേധിച്ചു എന്ന പേരിലാണ് രോഹിത്തിനെ രാജ്യദ്രോഹിയായി ഭരണകൂടം (രാജ്യത്തിന്റെയും സര്‍വ്വകലാശാലയുടെയും) മുദ്രകുത്തിയത്. യുക്തിഭദ്രമല്ലാത്ത വധശിക്ഷ വേണ്ട എന്ന് യുക്തിഭദ്രമായി വാദിക്കുമ്പോള്‍ അവരെ സര്‍വ്വകലാശാല അധികാരികള്‍ പുറത്താക്കുന്നത് ഇന്ത്യ എന്ന പരമാധികാര ജനാധിപത്യ രാജ്യത്തിന്‌ തന്നെ അപമാനമാണ്. ആരാണ് യഥാര്‍ഥത്തില്‍ ഈ അപമാനം വരുത്തിവച്ചത്? യുക്തമായി വാദിച്ച രോഹിത്തോ രോഹിത്തിന്റെ ജനാധിപത്യ അവകാശങ്ങളെ ധ്വംസിച്ച ഭരണകൂടമോ?

ഈ വസ്തുതയാണ് അടുത്ത പ്രധാനവിഷയം. എന്തുകൊണ്ടാണ് യുക്തിഭദ്രമായി വാദിക്കുന്നവരെ ഭരണകൂടം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്? ഇതിലേക്കെന്തേ ജനാധിപത്യപരതയും, സാംസ്കാരികപരതയും പുരോഗമനപരതയും സംസാരിക്കുന്നവര്‍ ഒരുപോലെ യുക്തിഭദ്രമായി പ്രതികരിക്കാത്തത്. മാര്‍ക്സിയന്‍, അംബേദ്‌കറൈറ്റ്, ഗാന്ധിയന്‍ പുരോഗമന വായനകളില്‍ പ്രതിഫലിക്കുന്നത് അടിച്ചമര്‍ത്തല്‍ ആര് നടത്തിയാലും അവര്‍ക്കെതിരെ പ്രതികരിക്കണം എന്ന വീക്ഷണമാണ്. മാര്‍ഗങ്ങള്‍ ചിലപ്പോള്‍ വ്യത്യസ്തമായിരിക്കാം. ഇതിന്‍റെ പശ്ചാത്തലത്തിലാണ് രോഹിത് വെമുലക്ക് നീതി എന്ന് വാദിക്കുന്നതും, എല്ലാ കീഴാള ശബ്ദങ്ങളും മുഖ്യധാരയില്‍ എത്തേണ്ടതുണ്ടെന്നും അതിനായി പോരാടണമെന്ന് ആഹ്വാനം ചെയ്യുന്നതും. ഈ പ്രയത്നങ്ങള്‍ സാധ്യമാകണമെങ്കില്‍ കീഴാളരെ സംസാരിക്കുവാന്‍ അനുവദിക്കുകയും അവര്‍ക്ക് വേണ്ട അവസരങ്ങള്‍ ഒരുക്കുകയുമാണ് സമരാനുഭാവികള്‍ ചെയ്യേണ്ടത്. രണ്ട് കാര്യങ്ങള്‍ ഇതില്‍ പ്രസക്തമാണ്. ഒന്ന് മാധ്യമങ്ങള്‍ അരുന്ധതി എന്ന വിദ്യാര്‍ത്ഥിയോട് അമിതമായി ഈ വിഷയത്തിന്റെ വ്യാപ്തി അന്വേഷിച്ചു പോയപ്പോള്‍ അംബേദ്‌കര്‍ വിദ്യാര്‍ത്ഥി സംഘാടകര്‍ അവരെ ഇതില്‍നിന്നും പിന്തിരിപ്പിക്കുകയുണ്ടായി. ഇതിനെ ഋണാത്മകമായി ചിത്രീകരിക്കാന്‍ പലരും ശ്രമിക്കുകയും ചെയ്തു. അംബേദ്‌കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്റെ പ്രവര്‍ത്തനവും അരുന്ധതിയുടെ പ്രതികരണവും സ്വാഗതാര്‍ഹമാണ്. കാരണം മാധ്യമങ്ങള്‍ ഇഷ്ടപ്പെടുന്നത് നേരത്തെ ഗുഹയും സ്പിവാകും സൂചിപ്പിച്ച കാരണങ്ങളാണ്; ആരുടെ വിഷയമായാലും മുഖ്യധാരയുടെ ചിന്ത ആയാല്‍മതി ജനങ്ങളുടെ ചിന്ത എന്ന പരിപ്രേക്ഷ്യമാണ്. രോഹിത്തിനെ പോലെ തന്നെ എ.എസ്.എ.-യും ഇതിലെ അപകടം തുറന്ന് കാണിക്കുകയുണ്ടായി. മറ്റൊരു പ്രശ്നം മുഖ്യധാര രാഷ്ട്രീയ പാര്‍ടികള്‍ ഈ വിഷയത്തെ തങ്ങളുടെ പ്രശ്നമായി പൂര്‍ണമായും ഏറ്റെടുക്കുമ്പോള്‍ സംഭവിക്കുന്ന വര്‍ഗ-ജാതി വൈരുധ്യമാണ്. സംസാരശേഷി നശിപ്പിക്കപ്പെട്ടവര്‍ സംസാരിക്കുമ്പോള്‍, അവര്‍ക്കുവേണ്ട ഒത്താശ പിന്നില്‍ നിന്നും ചെയ്യുന്നതല്ലാത്ത എന്തും കീഴാള ശബ്ദത്തെ നിശബ്ദമാക്കും എന്നതിലുപരിയായി ഒരു ഗുണവും ചെയ്യുന്നില്ല. ഇതിന്റെ വ്യാപ്തിയിലാണ് മാര്‍ക്സും അംബേദ്‌കറും കീഴാളരുടെ ശബ്ദവും അവരുടെ വിപ്ലവവും അവര്‍ തന്നെ നയിക്കണം അല്ലെങ്കില്‍ അത് മധ്യവര്‍ഗ (ബൂര്‍ഷ്വ) വിപ്ലവമോ, സ്പിവാകോ ഗുഹയോ പറഞ്ഞതുപോലെ ഭരണവര്‍ഗ പ്രതിഫലനമോ മാത്രമായി ചുരുങ്ങും എന്ന വസ്തുത. ഇവിടെയാണ്‌ ജനാധിപത്യ സംരക്ഷണത്തിന്റെ വിഷയം പ്രസക്തമാകുന്നത്.

xdfdfd

രാജ്യവ്യാപകമായി രോഹിത്തിന്റെ കാരണങ്ങള്‍ക്ക് നീതിതേടുമ്പോള്‍ ഭരണകൂടം യഥാര്‍ഥത്തില്‍ ജനാധിപത്യ ധ്വംസനമാണ് നടത്തുന്നത്. ഭരണവര്‍ഗമോ അതിനെ താങ്ങിനിര്‍ത്തുന്ന പ്രത്യയശാസ്ത്രമോ ആണ് ഈ വിഷയത്തില്‍ ആദ്യമായി രാജ്യത്തിന്റെ ജനാധിപത്യാവകാശങ്ങളുടെ പ്രകടമായ വിലോപം വരുത്തിയത്. അതിനെതിരെയുള്ള ജനാധിപത്യപരമായ പ്രതിഷേധത്തെ വീണ്ടും ലംഘിച്ചതും ഇതേ സംരക്ഷകരാകുമ്പോഴാണ് നാം വിഷയത്തെ കൂടുതല്‍ ജാഗ്രതയോടെ വീക്ഷിക്കേണ്ടത്. തന്റെ എല്ലാ അവകാശങ്ങളെയും നിഷേധിച്ച വ്യവസ്ഥ, തന്നെ ശൂന്യമാക്കി എന്നാണ് രോഹിതിന്റെ മരണമൊഴി. ഈ വാദം ജനാധിപത്യത്തിന്റെ കാഴ്ചപാടില്‍ അത്യധികം ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണ്. മരണത്തില്‍ പോലും കീഴാളരുടെ നിലനില്പിനെയും സ്വത്വത്തെയും ഭരണകൂടം വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണ്. കേന്ദ്രത്തി‌ല്‍ മാനവ വിഭവശേഷി മന്ത്രാലയം കൈയാളുന്ന സ്മൃതി ഇറാനിയും വിദേശകാര്യവകുപ്പ് കൈയാളുന്ന സുഷമ സ്വരാജും ഒക്കെ ജനാധിപത്യത്തിന്റെ പ്രതീക്ഷകളെയാണ് ശൂന്യതയിലാക്കുന്നത്. ഇവിടെ മനസ്സിലാക്കേണ്ടത് അധികാരവര്‍ഗവും അവരുടെ ഭാഷയും കീഴാളരെ നിരന്തരം ശൂന്യമാക്കപ്പെടുന്ന, നിശബ്ദമാക്കപ്പെടുന്ന സമീപനം നിര്‍ലോഭം സ്വീകരിക്കുന്നു എന്നതാണ്. എന്നാല്‍ ഈ നിശബ്ദവല്തകരണത്തിനെതിരെ നിരന്തരം കലഹിക്കുക എന്നതാണ് വിപ്ലവത്തിന്‍റെ സൂചന. പലപ്പോഴും അതുചെയ്യുന്നവരെ ഭരണകൂടവും അവരുടെ ജിഹ്വ ആയ മധ്യവര്‍ഗ ബുദ്ധിജീവികളും പ്രതിസന്ധിയിലാക്കിയേക്കും. അവരെ ഭരണകൂടം തല്ലിച്ചതയ്ക്കുവാന്‍ ശ്രമിച്ചേക്കും. കഴിഞ്ഞദിവസം ഡല്‍ഹിയിലെ ആര്‍.എസ്.എസ്. കാര്യാലയത്തിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിനെ പൊലീസ് തല്ലിച്ചതച്ചത് ഇതിനുദാഹരണമാണ്. അടിച്ചമര്‍ത്തുന്ന ഈ ശബ്ദത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നത് സാംസ്കാരികമല്ല എന്ന് പറയുന്നതിന്റെ അജണ്ട എന്താണ്? അവരുടെ ജനായത്തത എന്താണ്? പുരോഗമനപ്രസ്ഥാനങ്ങള്‍ എല്ലാം തന്നെ ഇതിനോട് പ്രതികരിക്കേണ്ടിയിരിക്കുന്നു. കാരണം ഇതാണ് മാറ്റത്തിന്റെ സമീപനം. അതാണ് കാലഘട്ടം ആവശ്യപ്പെടുന്നതും.

എസ്.എഫ്.ഐ. ധര്‍ണയും കൈയാങ്കളിയും

പൊതുവിദ്യാഭ്യാസത്തെ പ്രതിസന്ധിയിലാക്കുന്ന ഇടപെടലുകളാണ് ഓരോ സമയത്തും വലതുപക്ഷ മധ്യവര്‍ഗ പാര്‍ടികളും അതിന്റെ ഗുണഭോക്താക്കളും ചെയ്യുന്നത്. ഉദാഹരണത്തിന് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിയില്‍ അദ്ധ്യാപക-അനദ്ധ്യാപക-ടെക്നിക്കല്‍ മേഖലയിലും പൊതു-സ്വകാര്യ മേഖലയിലും ശോഭിക്കുന്നവരുടെ കുട്ടികളെ സ്വകാര്യ മാനേജ്മെന്റുകളിലാണ് പഠിപ്പിക്കുന്നത്. പൊതുമുതലിന്റെ ഗുണഭോക്താക്കളായ ഇവര്‍ ഇവരടങ്ങുന്ന പൊതുസംരഭങ്ങളെ തന്നെ മൂല്യമില്ലാത്തത് എന്ന ഗണത്തിലാക്കി പുച്ഛിക്കുന്നു. സത്യത്തില്‍ ആര്‍ക്കാണ്, എവിടെയാണ് പ്രശ്നം എന്നത് ചുരുളഴിയാത്ത രഹസ്യമാണോ അജണ്ടയാണോ എന്നതിലെ തര്‍ക്കമുള്ളൂ. ഈ സാഹചര്യത്തിലാണ് ഇവരുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നതിനായി സ്വാശ്രയ കോളേജും സ്വയംഭരണ കോളേജുകളും കേരളത്തിലുണ്ടായത് എന്ന് നാം മനസ്സിലാക്കേണ്ടത്. ഇതിന്റെ വിജയപരാജയങ്ങളെല്ലാം ചര്‍ച്ചകള്‍ക്ക് വിധേയമായതുമാണ്. ഇത് രണ്ടും പൂര്‍ണമായി വിഭാവനം ചെയ്യുന്നത് വിദ്യാഭ്യാസം ഒരു കച്ചവട വസ്തുവാണ് എന്ന മുതലാളിത്ത മൂല്യബോധമാണ്. ഇതിന്റെ പ്രയോക്താവായിരുന്ന, 2001-2004 കാലഘട്ടത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന ഏ.കെ. ആന്റണി പിന്നീട് ഇതിനെക്കുറിച്ച്‌ ഉല്‍കണ്ഠപ്പെട്ടതും ചരിത്രമാണ്.

xdfdfd

ഇതിനെ തുടര്‍ന്നിപ്പോള്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ എന്ന ആശയം ജനങ്ങളുടെമേല്‍ അവരുടെ താല്പര്യമാണ് എന്ന് കാണിക്കുന്ന തരത്തില്‍ മുന്നോട്ട് വച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി തന്റെ സര്‍ക്കാരിന്റെ അവസാന മാസങ്ങളില്‍ തത്രപ്പെടുന്നതും ഏതു അജണ്ട നടപ്പിലാക്കുവാന്‍ ആണെന്നത് വ്യക്തമാണ്. ഇതിനെ തുടക്കം മുതല്‍ തന്നെ ഇടതുപക്ഷം പ്രത്യേകിച്ചും എസ്.എഫ്.ഐ. പോലുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ എതിര്‍ത്തിരുന്നു. 29-ന് അതിന്റെ കലാശക്കൊട്ടായിരുന്നു. വിദേശ-സ്വദേശ വിദ്യാഭ്യാസ കച്ചവടക്കാരുടെ ആഗോള സമ്മേളന ദിവസമായ 2016 ജനുവരി 29-ന് കേരളത്തിലെ ഭരണകൂടത്തിന്റെ പൊതുവിരുദ്ധതയ്ക്കെതിരെ പ്രതിഷേധം എന്ന തരത്തിലാണ് വിദ്യാര്‍ത്ഥി സമൂഹവും അധ്യാപക സംഘടനകളും ധര്‍ണ നടത്തിയത്. സമരം സമാധാനപരമാകുവാനാണ് നേരത്തെ തന്നെ വിദ്യാര്‍ത്ഥികള്‍ സമ്മേളന നഗരിയില്‍ ധര്‍ണയിരുന്നത്. മീറ്റില്‍ പങ്കെടുത്തവരേയും മറ്റ് പല വിശിഷ്ട വ്യക്തികളെയും സുഗമമായി കടത്തിവിട്ടത് കുഴപ്പം സൃഷ്ടിക്കുന്നതിനല്ല ഇവര്‍ അവിടെ വന്നത് എന്നതിനുള്ള തെളിവാണ്. എന്നാല്‍ ഇവരുടെ ഈ പ്രവര്‍ത്തനത്തിനെ ഇകഴ്ത്തുന്ന തരത്തിലാണ് വന്ദ്യ വയോധികനും ഈ കച്ചവട സമ്മേളനത്തിന്റെ അമരക്കാരനുമായ ടി.പി. ശ്രീനിവാസന്‍ രംഗപ്രവേശനം നടത്തുന്നത്. പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട് അനുസരിച്ച് ടി.പി. ശ്രീനിവാസന്‍ മോശമായി വിദ്യാര്‍ത്ഥികളോട് പെരുമാറിയതാണ് സംഘര്‍ഷ കാരണം എന്നാണു പത്രങ്ങള്‍ പോലും പുറത്ത് വിട്ടിരിക്കുന്നത്. അതെന്തുതന്നെ ആയാലും വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ ദേഹോപദ്രവം ഏല്പിച്ചത് അപലപനീയമാണ്, അത് വ്യക്തിയുടെ സ്വാതന്ത്ര്യ ധ്വംസനവുമാണ്. അതുകൊണ്ടാണ് മാതൃസംഘടനാ നേതാക്കള്‍ ഒരുമിച്ച് ക്ഷമ ചോദിച്ചതും. ഇവിടെ മറ്റൊരു കാര്യം വിദ്യാര്‍ത്ഥികളുടെ അവകാശലംഘനം നടത്തിയതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല എന്നതാണ്. അതായത് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധിക്കാനുള്ള അവകാശം, അതിനെ അലങ്കോലപ്പെടുത്തിയ നടപടി, കൂടാതെ പോലീസിന്റെയും ഭരണകൂടത്തിന്റെയും കിരാതമായ വിദ്യാര്‍ത്ഥി വേട്ട. ഇതൊന്നും ചര്‍ച്ചാവിഷയമല്ലാതെ ആകുമ്പോഴാണ് വിദ്യാര്‍ത്ഥിസമൂഹം കീഴാളവല്ക്കരിക്കപ്പെടുന്നതും അവരുടെ ശബ്ദത്തെ കാട്ടുനീതിയാല്‍ ഇല്ലായ്മ ചെയ്യപ്പെടുന്നതും. മുകളില്‍ നിന്ന് ഓഡര്‍ വന്നാല്‍ ആരെയും തച്ചുതകര്‍ക്കും എന്നുപറയുന്ന പോലീസ് യഥാര്‍ഥത്തില്‍ ജനാധിപത്യത്തിന്റെ കാവലാളുകളല്ല മറിച്ച് ഫ്യൂഡല്‍-നാടുവാഴി-കൊളോണിയല്‍ രൂപത്തിന്റെ ആധുനീക രൂപം തന്നെയാണ്.

പ്രതികരണങ്ങള്‍ മധ്യവര്‍ഗവല്കരിക്കപ്പെടുമ്പോള്‍ യഥാര്‍ഥത്തില്‍ ചൂഷണം തുടരുകതന്നെ ചെയ്യും. തൊഴിലാളി വര്‍ഗ പാര്‍ടികളുടെ പ്രതിനിധാനവും പ്രാധാന്യവും യഥാര്‍ഥത്തില്‍ ഉയരുന്നത്, അവര്‍ “കീഴാളര്‍ സംഘടിക്കട്ടെ അവര്‍ മാറ്റത്തിന് നേതൃത്വം കൊടുക്കട്ടെ” എന്ന ആശയത്തില്‍ തന്നെയാണ്. ഗ്രാംഷി പറയുന്ന സര്‍ഗാത്മക വിപ്ലവകാരികള്‍ അഥവാ ജൈവബുദ്ധിജീവികള്‍ യഥാര്‍ഥത്തില്‍ പിന്തുണക്കേണ്ടത് കീഴാളരെയാണ്, അതുവഴി അവരുടെ ശബ്ദത്തെയുമാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരക്ഷരം പോലും വാദിക്കാത്ത ബുദ്ധിജീവികളും വിചക്ഷണരും തത്വത്തില്‍ ഭരണവര്‍ഗത്തിന്റെ, അധികാരത്തിന്റെ ജിഹ്വ മാത്രമാണ്. സ്പിവാകും ഗുഹയും പറഞ്ഞത് ഇവരുടെ അഭിപ്രായം തത്വത്തില്‍ വിദ്യാര്‍ത്ഥി സമൂഹത്തെ, കീഴാളരെ പ്രതിനിധീകരിക്കാന്‍ കഴിയില്ല എന്നതാണ്. പതിനെട്ടാമത്തെ ബ്രുമയറില്‍ (The Eighteenth Brumaire of Louis Bonaparte, 1852) കാള്‍ മാര്‍ക്സ് സൂചിപ്പിക്കുന്നതും ഇതാണ്. പ്രതികരണങ്ങള്‍ മധ്യവര്‍ഗവല്കരിക്കപ്പെടുമ്പോള്‍ യഥാര്‍ഥത്തില്‍ ചൂഷണം തുടരുകതന്നെ ചെയ്യും. തൊഴിലാളി വര്‍ഗ പാര്‍ടികളുടെ പ്രതിനിധാനവും പ്രാധാന്യവും യഥാര്‍ഥത്തില്‍ ഉയരുന്നത്, അവര്‍ “കീഴാളര്‍ സംഘടിക്കട്ടെ അവര്‍ മാറ്റത്തിന് നേതൃത്വം കൊടുക്കട്ടെ” എന്ന ആശയത്തില്‍ തന്നെയാണ്. ഗ്രാംഷി പറയുന്ന സര്‍ഗാത്മക വിപ്ലവകാരികള്‍ അഥവാ ജൈവബുദ്ധിജീവികള്‍ യഥാര്‍ഥത്തില്‍ പിന്തുണക്കേണ്ടത് കീഴാളരെയാണ്, അതുവഴി അവരുടെ ശബ്ദത്തെയുമാണ്.

വാല്‍കഷണം

പൊതുനന്മ പൊതുമുതല്‍ തുടങ്ങിയ വാക്കുകള്‍ നിലനില്ക്കുന്നതല്ല പകരം സ്വകാര്യതയില്‍ അധിഷ്ഠിതമായ, എന്തിനും വിലപേശുന്ന വിലയിടുന്ന മൂല്യബോധമാണ് മുതലാളിത്ത വ്യവസ്ഥ പഠിപ്പിക്കുന്നതും ചിന്തിക്കുന്നതും. മുതലാളിത്ത വ്യവസ്ഥയിലേക്ക് എന്നും മുതല്കൂട്ടാകുന്ന ആകുവാന്‍ ആഗ്രഹിക്കുന്ന മധ്യവര്‍ഗവും ഇതേ മൂല്യബോധമാണ് സൃഷ്ടിക്കുന്നതും പരിശീലിക്കുന്നതും. പൊതുമുതല്‍ ഉപയോഗിച്ച് ചില വിഭാഗങ്ങളെ മാത്രം പഠിപ്പിക്കുനതിനും പ്രത്യേക ആനുകൂല്യങ്ങള്‍ നല്കുന്നതിനുമെതിരെയാണ് അയ്യങ്കാളിയും, വൈകുണ്ഡരും മറ്റും സമരം നയിച്ചത്. കാരണം പൊതുമുതലില്‍ ആരെയും ഒഴിവാക്കാന്‍ വ്യവസ്ഥയില്ല എന്നതാണ്. കീഴാളനും മേലാളനും എന്ന വ്യത്യാസമില്ലാതെ രാജ്യത്തെ പൗരര്‍ ആയിരിക്കുമ്പോള്‍ ചിലരെ നിര്‍ബന്ധമായും ഒഴിവാക്കുന്നത് നിയമലംഘനമാണ് എന്നാണു അയ്യാവഴി വൈകുണ്ഠരും അയ്യങ്കാളിയുമെല്ലാം വാദിച്ചതും ജനാധികാരം നേടിയെടുത്തതും. പുരോഗമന പ്രസ്ഥാനങ്ങളെല്ലാം ഈ പാത ഇപ്പോഴും പിന്തുടരുന്നുണ്ട്. അവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഭരണ വര്‍ഗത്തില്‍നിന്നും മധ്യവര്‍ഗ ബുദ്ധിജീവികളില്‍ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനെ മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഇടത് ചിന്തകര്‍ അഥവാ ഗ്രാംഷിയന്‍ ജൈവബുദ്ധിജീവികള്‍ ചെയ്യേണ്ടത്.