അഴിമതിയെ കൊല്ലാൻ അണുകുടുംബം ചുടണോ?

അഴിമതിയുടെ എല്ലാവിധ സാങ്കേതിക, ധാർമ്മിക വകഭേദങ്ങളും കൂടിച്ചേർന്ന ഒരു സമ്പൂർണ്ണ വലതുപക്ഷ ഭരണത്തിന് ശേഷം അതിനെതിരെയുള്ള ജനവിധിയിലൂടെ നിലവിൽ വന്നതെന്ന് സ്വയം വിശേഷിപ്പിക്കുന്നതും മാധ്യമങ്ങളാൽ വിശകലനം ചെയ്യപ്പെടുന്നതുമായ ഇടത് സർക്കാർ തങ്ങളുടെ കാലാവധിയായ അഞ്ച് വർഷത്തിൽ അര പോലും പൂർത്തിയാക്കുന്നതിന് മുമ്പേ നഗ്നമായ ബന്ധുജന പക്ഷപാതത്തിന് പ്രതിക്കൂട്ടിലായി എന്നത് കമ്യൂണിസ്റ്റ് അനുഭാവികളായി സ്വയം അടയാളപ്പെടുത്തുന്ന പൊതുസമൂഹത്തിലെ ഒരു വൻവിഭാഗം മനുഷ്യരിൽ ഉണ്ടാക്കിയിരിക്കുന്ന നൈതീക പ്രതിസന്ധി ചെറുതല്ല. ഇതാദ്യമല്ല ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗത്തിനെതിരെ ആരോപണമുണ്ടാകുന്നത്. ഇതിലും ഗുരുതരമായ എത്രയോ ആരോപണങ്ങളിലൂടെ കടന്ന് പോയതാണ് കമ്യൂണിസ്റ്റ് മന്ത്രിസഭകളുടെ, നേതാക്കളുടെ ചരിത്രം. തൊട്ടുമുമ്പ് കാലാവധി പൂർത്തിയാക്കിയ വലത് സർക്കാർ ബാക്കിവച്ചുപോയ നൈതിക കീഴ്വഴക്കമനുസരിച്ചാണെങ്കിൽ അഴിമതി അതല്ലാതാവാൻ സ്വന്തം മനസാക്ഷിയുടെ കോടതിയിൽ നിന്ന് ഒരു ഇടക്കാല വിധി സമ്പാദിച്ചാൽ മാത്രം മതിതാനും. എന്നിട്ടും ഇതെന്തുകൊണ്ട് ഇത്ര വലിയ ഒരു പ്രതിസന്ധി സൃഷ്ടിച്ചു?

കാരണം വ്യക്തമാണ്. മുമ്പില്ലാത്തവണ്ണം നവമാധ്യമങ്ങളുടെ വളർച്ച ത്വരിതപ്പെട്ട അര പതിറ്റാണ്ടാണ് കഴിഞ്ഞുപോയത്. വ്യവസ്ഥാപിത അച്ചടി, ദൃശ്യമാധ്യമങ്ങൾ മാത്രം കേന്ദ്രീകരിച്ചുള്ള പൊതുബോധരൂപീകരണം ഭാഗികമായെങ്കിലും ഇന്ന് ചോദ്യം ചെയ്യപ്പെടുന്നു. കേന്ദ്രീകൃതമായ ഒരു ഘടനയില്ലാത്ത ഈ നവമാദ്ധ്യമ ആശയലോകം താരതമ്യേനെയെങ്കിലും ബാഹ്യനിയന്ത്രണങ്ങൾക്ക് അതീതമായി വർത്തിക്കുന്നു എന്നതുകൊണ്ടാണ് അത് സാദ്ധ്യമാകുന്നത്. അത്തരം സ്വാതന്ത്ര്യം സംവാദങ്ങളെ എല്ലാത്തരം സംഘടനാ ചട്ടക്കൂടുകൾക്കും പുറത്ത് പ്രാഥമികമായി ആശയപ്രമുഖവും പ്രത്യയശാസ്ത്രപരവുമായ ഒരു ഉള്ളടക്കത്തിലേക്ക് വികസിപ്പിക്കുന്നു. വ്യവസ്ഥാപിത മുഖ്യധാരാ മാധ്യമങ്ങൾക്ക് സ്വാഭാവികമായുമുള്ള ഇടത് വിരോധത്തിന് പൊതുബോധത്തിൽ മേൽക്കൈ ലഭിക്കാതെ കഴിഞ്ഞ അഞ്ച് വർഷക്കാലം ചെറുത്തതിൽ ഇത്തരം നവമാധ്യമ സംവാദങ്ങൾക്ക് ഒരു പങ്കുണ്ട്. അത് ഇടത് രാഷ്ട്രീയത്തിന് കണ്ടില്ലെന്ന് നടിക്കാനാവില്ല. അതു തന്നെയാണ്, അതായത് പുറത്തുനിന്നുള്ള സമ്മർദ്ദങ്ങൾക്കല്ല, ആന്തരിക തിരുത്തൽ ശക്തികളുടെ സമ്മർദ്ദത്തിന് ധനാത്മകമായി വഴിപ്പെട്ടുകൊണ്ടാണ് പാർട്ടി അതിന്റെ ഒരു കേന്ദ്രകമ്മിറ്റി അംഗം കൂടിയായ മന്ത്രിക്ക് എതിരേ നിലപാടെടുത്തത്.

ഇത് തെളിയിക്കുന്നത് മാറിയ കാലത്തിനനുസരിച്ച് പഴയ ലെനിനിസ്റ്റ് സംഘടനാ ചട്ടക്കൂട് വിട്ട് ആശയപരമായി കൂടുതൽ സംവാദാത്മകവും, ഘടനാപരമായി അയഞ്ഞതുമായ ഒരു ജനാധിപത്യ ലിബറൽ രീതിശാസ്ത്രത്തിലേക്ക് കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രവർത്തനം പരുവപ്പെടുന്നു എന്നതാണ്. ‘ഇടതുപക്ഷം വരും എല്ലാം ശരിയാകും’ എന്ന പരസ്യ വാചകത്തെ അതിനപ്പുറം നെഞ്ചേറ്റിയ പുത്തൻ അനുഭാവിവൃന്ദത്തിന്റെ പ്രതികരണങ്ങൾ ഇതുവരെ പറഞ്ഞുവന്ന കാരണങ്ങൾ കൊണ്ട് തന്നെ നിശബ്ദമോ പരോക്ഷമോ ആയിരിക്കില്ല എന്നും അവയുമായി ആദർശബന്ധിയും പ്രത്യയശസ്ത്രപരവുമായി പ്രതികരിച്ചുകൊണ്ടല്ലാതെ മുന്നോട്ട് പോകാനാവില്ല എന്ന് പാർട്ടി തിരിച്ചറിയുന്നു എന്നുമാണ്. എന്നാൽ ഈ അനുഭാവിവൃന്ദമാകട്ടെ പ്രശ്നങ്ങളുടെ പ്രഭവകേന്ദ്രമെന്ന നിലയിൽ വ്യവസായ വകുപ്പ് മന്ത്രി സഖാവ് ഇ പി ജയരാജന്റെ രാജിയോടെ പ്രതിസന്ധി എന്നെന്നേക്കുമായി പരിഹരിക്കപ്പെട്ടു എന്ന് വിശ്വസിക്കാൻ തയ്യാറുമല്ല.

പ്രശ്നങ്ങളെയും അതിന്റെ പരിഹാരത്തെയും ചരിത്രനിരപേക്ഷമായി വ്യക്തികളിലേയ്ക്കും സംഭവങ്ങളിലേയ്ക്കും ചുരുക്കുന്നത് ഒരു കമ്യൂണിസ്റ്റ് രീതിശാസ്ത്രമല്ല. അതുകൊണ്ട് തന്നെ ഇ പി രാജിവച്ചില്ലേ എന്ന് കോൺഗ്രസ്സുമായി താരതമ്യം ചെയ്ത് പറയാം എന്നല്ലാതെ തങ്ങൾ ചെന്നു പെട്ടിരിക്കുന്ന പ്രതിസന്ധി നിയമന വിവാദം എന്ന ഒരു പ്രശ്നമുണ്ടായി, ഉണ്ടാക്കിയ ആളിനെതിരേ നടപടിയെടുത്തു, കഴിഞ്ഞു എന്ന നിലയിൽ രേഖീയമായ പരിഹാരച്ചടങ്ങുകളിൽ ഒതുങ്ങില്ല എന്ന് അവർക്കറിയാം. അതുകൊണ്ടു തന്നെയാണ് അന്വേഷണങ്ങൾ ‘മാർക്സിസത്തിൽ കുടുംബത്തിന്റെ സ്ഥാനം’ എന്ന അടിസ്ഥാനപരവും സൈദ്ധാന്തികവുമായ സംവാദത്തിലേക്ക് മടങ്ങിവരുന്നതും.

കുടുംബവും സ്വജനപക്ഷപാതവും

കുടുംബം, സ്വകാര്യസ്വത്ത്, സ്റ്റേറ്റ് തുടങ്ങിയവ പരസ്പരം സ്വതന്ത്രമായ സ്ഥാപനങ്ങളല്ല എന്നും അവ സങ്കീർണ്ണമായ ഒരു പ്രതിപ്രവർത്തനത്തിലൂടെ പരസ്പരം സ്വാധീനിക്കുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു എന്നും തന്റെ പ്രശസ്തമായ ‘ഒറിജിൻ ഓഫ് ഫാമിലി, പ്രൈവറ്റ് പ്രൊപ്പർട്ടി, ആൻഡ് സ്റ്റേറ്റ്’ എന്ന ഗ്രന്ഥത്തിലൂടെ ഏംഗൽസ് സ്ഥാപിക്കുന്നുണ്ട്. മാർക്സിസത്തിൽ കുടുംബത്തിന്റെ സ്ഥാനം അന്വേഷിക്കുന്നവർ അതുകൊണ്ട് തന്നെ ആ പുസ്തകത്തിലേക്ക് എത്തിച്ചേരുക സ്വാഭാവികം മാത്രം. പക്ഷേ ഇവിടെ നമ്മൾ സ്വയം ചോദിക്കേണ്ടുന്ന ഒരു ചോദ്യം ഈ അന്വേഷണത്തിന് കാരണമായ നെപ്പോട്ടിസം അഥവാ സ്വജനപക്ഷപാതത്തിന്റെ കാരണങ്ങൾ, പോട്ടെ, ആ പ്രതിഭാസത്തെ തന്നെ കമ്യൂണിസ്റ്റ് ആശയപരിസരത്തുനിന്ന് സമീപിക്കാനാവുമോ എന്നതാണ്. ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ അങ്ങനെ തോന്നുമെങ്കിലും എല്ലാ വ്യവസ്ഥയിലും ഭരണകൂട തിന്മയായി നിലനിന്നിരുന്ന ഒന്നായിരുന്നില്ല നെപ്പോട്ടിസം. അതുകൊണ്ട് തന്നെ അത് നിലനിന്നിരുന്നതും, വിഭാവനം ചെയ്യപ്പെട്ടതുമായ സകല രാഷ്ട്രീയ വ്യവസ്ഥകളിലും സ്വാഭാവികമായി വന്നുചേരുന്ന ഒരു മുൻകരുതൽ പരിഗണനയുമല്ല.

ഭരണാധികാരികൾ അധികാരം ഉപയോഗിച്ച് തങ്ങളുടെ കുടുംബക്കാർക്കും ബന്ധു ജനങ്ങൾക്കും അനർഹമായ സ്വത്തും സ്ഥാനമാനങ്ങളും തരപ്പെടുത്തി കൊടുക്കുന്നതിനെയാണല്ലോ സാധാരണ നിലയിൽ നാം സ്വജനപക്ഷപാതം എന്ന് പറയുന്നത്. ഇത് ഒരു സാർവ്വകാല നൈതീകസങ്കല്പമാണോ? ആയിരുന്നില്ല എന്ന മറുപടിയേ ചരിത്രത്തിന് നൽകാനാകൂ. ഭൂമിയുടെ അവകാശി അത് പടച്ച തമ്പുരാനായ ദൈവമാണെന്നും ആ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ് ഭരണാധികാരിയെന്നും വിശ്വസിക്കപ്പെട്ടിരുന്ന, ആ വിശ്വാസത്തിന് മേൽകോയ്മയുണ്ടായിരുന്ന ആധുനിക പൂർവ്വ വ്യവസ്ഥകളിൽ ഒക്കെയും ബന്ധുത്വ തർക്കങ്ങളല്ലാതെ സ്വജനപക്ഷപാതം എന്ന ആക്ഷേപമേ നിലനിന്നിരുന്നില്ല. രാജാധിപത്യത്തിൽ ഭൂമിയുടെ എകാവകാശിയായ ദൈവത്തിന്റെ (മനുഷ്യന്റെയല്ല) പ്രതിനിധിയാണ് രാജാവ്. അയാളുടെ ഇച്ഛ ദൈവേച്ഛ തന്നെയാണ്. അയാളുടെ മകനോ, മകനില്ലെങ്കിൽ മകളോ പിന്തുടർച്ചാവകാശിയാകുന്നത് വ്യവസ്ഥാബന്ധിയായാണ്, യോഗ്യത മാനദണ്ഢമാക്കിയല്ല. ആ നിലയ്ക്കാണ് പ്രായപൂർത്തിയാകാത്ത ഭരണകർത്താക്കൾ വരെ അതിലുണ്ടാകുന്നത്. പ്രയോഗതലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാജാവിന് പ്രായപൂർത്തിയാകുംവരെ അയാൾക്കായി ഭരിക്കാൻ വേറൊരാൾ കാണും എന്ന് മാത്രം. അതാണ് വ്യവസ്ഥ എന്നതിനാൽ തന്നെ അവിടെ സ്വജനപക്ഷപാതമെന്ന ഒന്നില്ല. രാജാവ് അയാൾക്ക് ഇഷ്ടമുള്ളവർക്ക് ഇഷ്ടമുള്ളതൊക്കെ കൊടുക്കും. അത് ഇവിടെ പക്ഷപാതമല്ല വിവേചനാധികാരമാണ്.

xdfdfd

ഇനി കമ്യൂണിസ്റ്റ് വ്യവസ്ഥയെടുത്താൽ പ്രാകൃതകമ്യൂണിസവും ഫ്യൂഡലിസവും മുതലാളിത്തവും സോഷ്യലിസവും കഴിഞ്ഞ് ഉരുത്തിരിയുമെന്ന് വിഭാവനം ചെയ്യപ്പെടുന്ന കമ്യൂണിസത്തിൽ ഇന്ന് നിലനിൽക്കുന്ന അർത്ഥത്തിലുള്ള കുടുംബത്തിനോ സ്വകാര്യസ്വത്തിനോ അധികാരത്തിന് തന്നെയുമോ ഇടമില്ല. അതുകൊണ്ട് അതിൽ സ്വജനപക്ഷപാതത്തിന് ആശയപരമായി പോലും പ്രസക്തിയുമില്ല. വർഗ്ഗബോധം എന്ന ഉന്നത സാംസ്കാരികാവസ്ഥയാൽ സ്വതന്ത്രരാക്കപ്പെട്ട മനുഷ്യരുടെ, ‘അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കപ്പെടുന്ന’ സമൂഹത്തിലെ, പരസ്പര ബന്ധങ്ങളെ ഗോത്രീയവും ഫ്യൂഡലുമായ ബന്ധുത്വകല്പനകളാൽ സമീപിക്കാനേ ആവില്ല. ഇനി ഒരു പദം എന്ന നിലയ്ക്ക് അത് ഉപയോഗിക്കുകയാണെങ്കിൽ അവിടെ എല്ലാവരും എല്ലാവരുടെയും ബന്ധുക്കളാണെന്ന് വരും. അധികാരമേ പ്രവർത്തിക്കാത്ത ഭരണകൂടരഹിതമായ അത്തരം ഒരു സമൂഹത്തിൽ എന്ത് സ്വജന പക്ഷപാതം!

നെപ്പോട്ടിസം എന്ന വാക്കിന്റെ ആശയപരമായ നിലനിൽപ്പ് തന്നെ ജനാധിപത്യം എന്ന ഭരണവ്യവസ്ഥിതിയിൽ മാത്രമാണ്. അതായത് വിശാലമായ അർത്ഥത്തിൽ ഭരിക്കപ്പെടുന്നവരും ഭരിക്കുന്നവരും ഒന്നാകുന്ന ഒരു മഹത്തായ പ്രാതിനിധ്യ ആശയത്തിന്റെ പ്രായോഗിക രൂപങ്ങളായ ജനാധിപത്യ ഭരണവ്യവസ്ഥയിൽ മാത്രമുണ്ടാകാവുന്ന ഒരു പുഴുക്കുത്താണത്. അധുനിക സമൂഹം തിന്മയായി എണ്ണുന്ന പല പ്രവണതകളും ആധുനികപൂർവ്വ സമൂഹങ്ങളിൽ വ്യവസ്ഥയായിരുന്നു. അതുകൊണ്ട് അവയെ കേവലം ഉല്പാദനവ്യവസ്ഥയിലെയോ രാഷ്ട്രീയവ്യവസ്ഥയിലെയോ മാറ്റങ്ങളുമായി മാത്രം ഘടിപ്പിച്ച് വിശകലനം ചെയ്യുന്നതിൽ കാര്യമില്ല. ഇവയ്ക്ക് സമാന്തരമായി സാംസ്കാരിക പരിണാമം എന്ന ഒരു പ്രക്രിയ കൂടി നടക്കുന്നുണ്ട്. അത് മേല്പറഞ്ഞ വ്യവസ്ഥകളുമായി കാര്യകാരണ ബന്ധിയായി, ഒന്നിൽ നിന്ന് ഒന്നിലേയ്ക്ക് നേരിട്ട് ഘടിപ്പിക്കപ്പെട്ടുകൊണ്ടല്ല, അവയുമായി സംവാദാത്മകമായി പ്രതിപ്രവർത്തിച്ചും പ്രതിഷേധിച്ചും വിയോജിച്ചും നീക്കുപോക്കുകളിൽ ഏർപ്പെട്ടും ഒക്കെയായി വികസിക്കുന്ന ഒന്നാണ്. അതായത് ഇവിടെ ബന്ധം രേഖീയമല്ല, വൈരുദ്ധ്യാത്മകമാണെന്ന് വ്യക്തം.

ഇവിടെ സ്വാഭാവികമായും ഉയരാവുന്ന ഒരു ചോദ്യം ഇപ്പോൾ ഉയർന്നുവന്ന ഈ സ്വജനപക്ഷപാതത്തിന്റെ പ്രശ്നം ഉൾപ്പെടെ മുന്നോട്ട് വയ്ക്കുന്നത് ജനാധിപത്യമെന്ന താൽകാലികപരിഹാരത്തിൽ നിന്ന് വിപ്ളവത്തെ മുമ്പോട്ട് കൊണ്ടുപോകേണ്ടതുണ്ട് എന്നതിനെ കുറിച്ചുള്ള ഒരു ഉണർത്തല്ലെ എന്നാവും. ബൂർഷ്വാ ജനാധിപത്യം ഒരു അന്തരാളഘട്ടം മാത്രമായാണ് കമ്യൂണിസത്തിൽ വിഭാവനം ചെയ്യപ്പെടുന്നത്. അതല്ല വിപ്ളവമാണ് ലക്ഷ്യം. പക്ഷേ എങ്ങനെ, എന്തിൽ നിന്ന് എന്ന ചോദ്യങ്ങൾക്ക് അവയെ നാം ഇന്ന് അഭിമുഖീകരിക്കുന്ന ചരിത്രഘട്ടത്തിന്റെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ സവിശേഷതകൾ ഉൾക്കൊണ്ടുകൊണ്ട് തന്നെയുള്ള പ്രായോഗികമായ ഉത്തരങ്ങളാണ് വേണ്ടത്. അതിന് സിദ്ധാന്തങ്ങളുടെ സൂക്ഷ്മവും, പിന്നെയും സൂക്ഷ്മവുമായ അപനിർമ്മാണം അനിവാര്യമാണ്.

ഒറിജിൻ ഓഫ് ഫാമിലി, പ്രൈവറ്റ് പ്രോപ്പർട്ടി ആൻഡ് സ്റ്റേറ്റ്

പ്രാചീനമനുഷ്യന്റെ ചരിത്രത്തെ സാവേജറി, ബാർബേറിസം, സിവിലൈസേഷൻ എന്നിങ്ങനെ മുന്ന് ഘട്ടങ്ങളായി ക്രമപ്പെടുത്തിയത് പ്രശസ്ത അമേരിക്കൻ ആന്ത്രപ്പോളജിസ്റ്റായ ലൂയി എച് മോർഗനാണെന്ന് കരുതപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ‘ഏൻഷ്യന്റ് സോസൈറ്റി’ എന്ന പുസ്തകം നരവംശ ശാസ്ത്രത്തിന്റെ വികാസചരിത്രത്തിലെ നിർണ്ണായകമായ ഒരു ഏടായിരുന്നു. പ്രസ്തുത പുസ്തകത്താൽ പ്രചോദിതനായി മാർക്സ് എഴുതിയ ചില കുറിപ്പുകൾ അദ്ദേഹത്തിന്റെ മരണാനന്തരം എംഗൽസിന്റെ കണ്ണിൽ പെടുന്നു. മാർക്സ് പൂർത്തിയാക്കാതെ പോയ ഒരു ഉദ്യമം എന്ന നിലയിൽ ഏംഗൽസ് അവയെ ഏറ്റെടുക്കുകയും പൂർത്തീകരിക്കാൻ നിശ്ചയിക്കുകയും ചെയ്തു. തുടർന്ന് അവയെയും, മോർഗന്റെ കൃതിയിലെ നിരീക്ഷണങ്ങളെയും സ്വന്തം ഗവേഷണ പഠനങ്ങളിലൂടെ ആർജ്ജിച്ച അറിവുകളെയും ക്രോഡീകരിച്ചുകൊണ്ട് ഏംഗൽസ് ഒരു പ്രബന്ധം രചിച്ചു. വെറും രണ്ട് മാസക്കാലം കൊണ്ട് എഴുതി പൂർത്തിയാക്കിയ ആ പ്രബന്ധമാണ് പിന്നീട് ‘ഒറിജിൻ ഓഫ് ഫാമിലി, പ്രൈവറ്റ് പ്രോപ്പർട്ടി ആൻഡ് സ്റ്റേറ്റ്’ എന്ന പേരിൽ പ്രസിദ്ധമായ കൃതി.

ഇതിൽ അദ്ദേഹം മാർക്സിന്റെയും മോർഗനെ പോലെയുള്ള നരവംശ ശാസ്ത്രജ്ഞന്മാരുടെയും മറ്റും നിരീക്ഷണ പഠനങ്ങൾ ആധാരമാക്കി കുടുംബത്തിന്റെ പരിണാമ ചരിത്രം, അതിനുള്ളിൽ തന്നെ പറ്റ ലൈംഗീകതയിൽ നിന്ന് ഏകപങ്കാളി വ്യവസ്ഥയിലേക്കുള്ള മാറ്റം, അതിന് ഉല്പാദനവ്യവസ്ഥയുമായും സ്വത്തുമായും അധികാരവുമായും ഒക്കെയുമായുള്ള പ്രതിപ്രവർത്തനങ്ങൾ എല്ലാം രേഖപ്പെടുത്തുന്നു. ഇവിടെ പറ്റ ലൈംഗീകത എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരു പറ്റം മനുഷ്യർ എതിർലിംഗത്തിൽ പെട്ട കണ്ണിൽ കാണുന്നവരുമായൊക്കെ ഇണചേർന്ന് ജീവിക്കുന്ന വ്യവസ്ഥ എന്നല്ല. സാമൂഹ്യവും സദാചാരബന്ധിയുമായ വ്യതിരിക്ത നിയമങ്ങൾ നിലനിൽക്കുമ്പോഴും അതിൽ ഒരു പുരുഷന് ഒരു സ്ത്രീ എന്ന കരാർ ഇല്ല എന്ന് മാത്രമാണ്. ഉദാഹരണത്തിന് അച്ഛനമ്മമാരുമായും സഹോദരങ്ങൾ തമ്മിലും ലൈംഗീകബന്ധം പാടില്ല എന്ന സദാചാരനിയമം നിലനിൽക്കെ തന്നെ അങ്ങനെ അല്ലാത്ത ഏത് സ്ത്രീയും പുരുഷനും തമ്മിൽ ഉഭയസമ്മത പ്രകാരം ലൈംഗീക ബന്ധം പുലർത്തുകയും അവർ ഇരുവരും ആഗ്രഹിക്കുന്നിടത്തോളം അതിനെ ഒരു ഏകപങ്കാളിത്ത വ്യവസ്ഥയായി തന്നെ വ്യക്തിതലത്തിൽ നിലനിർത്താനും പറ്റും. പക്ഷേ അത് ഭഞ്ജിക്കപ്പെട്ടാൽ ഇന്നത്തെപ്പോലെ ഒരു വലിയ സാമൂഹ്യ, സദാചാര പാതകമായി അത് എണ്ണപ്പെടില്ല, മറിച്ച് സാധാരണവും സ്വാഭാവികവുമായി വിലയിരുത്തപ്പെടും എന്ന് മാത്രം.

പറഞ്ഞുവരുന്നത് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത് പോലെ ബഹുഭാര്യാത്വം, ബഹുഭർതൃത്വം തുടങ്ങിയ ദ്വന്ദ്വങ്ങൾ മാത്രമല്ല, ചരിത്രത്തിൽ ബഹുപിതൃത്വവും, ബഹുമാതൃത്വവും പോലും സ്ഥാപനവൽക്കരിക്കപ്പെട്ട് തന്നെ നിലനിന്നിരുന്നു എന്നാണ്. ഇതിനർത്ഥം ഒരു മനുഷ്യനെ പല സ്ത്രീകൾ ചേർന്ന് പ്രസവിക്കുന്ന ഒരു ജീവശാസ്ത്ര സമ്പ്രദായം പണ്ട് ഉണ്ടായിരുന്നു എന്നല്ല. കുടുംബം എന്ന സ്ഥാപനം മാതൃകേന്ദ്രീകൃതമായിരുന്ന കാലവും ചരിത്രത്തിൽ ഉണ്ട്. അവിടെ കുട്ടികളെ വളർത്തുന്നതും കുടുംബം നിലനിർത്തുന്നതും അമ്മമാരാണ്. അച്ഛന്മാർ വന്നുപോകുന്നവർ മാത്രം. അതായത് എന്റെ അമ്മ എന്നെ പെറ്റ തള്ളയും അവരുടെ സഹോദരിമാരും ഒക്കെ ചേരുന്ന ഒരു കൂട്ടമാണ്. അച്ഛൻ എന്നത് അമ്മ പറഞ്ഞ് കേട്ട, ഒരുപക്ഷേ മാത്രം നേർപരിചയമുള്ള അറിവും. എന്റെ സഹോദരീസഹോദരന്മാർ എന്ന് ഞാൻ എണ്ണുന്നവർക്ക് ഞാനുമായി ഒരു ഉദരമല്ലാതെ ബീജം പൊതുവായി ഉണ്ടായിക്കൊള്ളണമെന്നില്ല.

വ്യക്തികളുടെ അതിജീവനത്തിൽ അവർ അംഗീകരിച്ചാലും നിഷേധിച്ചാലും സമൂഹത്തിന്, അധികാരത്തിന്, അവ ചേർന്ന് നിയന്ത്രിക്കുന്ന ഉല്പാദനക്രമത്തിന്, സ്വത്തിന്, അനിഷേദ്ധ്യമായ ഒരു പങ്കുണ്ട്. അതായത് ഇതിൽ നിന്ന് ബഹിഷ്കൃതനാകുന്ന ഒരു നിഷേധിക്ക് പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം മൗലീകമായി താൻ ഇതിന് പുറത്താണെന്ന് അവകാശപ്പെടാനാവില്ല. ഒപ്പം പുറത്താക്കപ്പെട്ടു എങ്കിൽ കൂടി ഈ നിഷേധികൾ ഉന്നയിച്ച നിഷേധങ്ങളോട് സംവദിച്ചുകൊണ്ടല്ലാതെ സമൂഹത്തിന് അവരുടെ പുറത്താക്കൽ സാധൂകരിക്കാനുമാവില്ല. അതിനായില്ലെങ്കിൽ നിഷേധങ്ങൾ ആവർത്തിക്കപ്പെടുമെന്നും, അതിലൂടെ ഒരു സമാന്തരസമൂഹം തന്നെ രൂപപ്പെടുമെന്നും ഉള്ളതിനാൽ അവർ നടത്തുന്ന ആശയസമരങ്ങൾ സമൂഹത്തിന്റെ പരിണാമപ്രക്രിയയിലേക്ക് മെല്ലെയാണെങ്കിലും ഉൾച്ചേർക്കപ്പെടുകയും ചെയ്യും. ഇതിലെ വൈരുദ്ധ്യത്തെ അഭിസംബോധന ചെയ്യാതെ ഈ മെറ്റാമോഡേൺ കാലത്ത് കുടുംബം, സ്വകാര്യ സ്വത്ത്, അധികാരം തുടങ്ങിയ സ്ഥാപനങ്ങൾ നിത്യജീവിതത്തിൽ നടത്തുന്ന ഇടപെടലിനെ വിശദീകരിക്കാനാവില്ല എന്ന് തോന്നുന്നു.

പറ്റ ലൈംഗീകതയും പൊതു ഉല്പാദനവ്യവസ്ഥയും നിലനിന്നിരുന്ന പ്രാചീന മാതൃകേന്ദ്രീകൃത കുടുംബ വ്യവസ്ഥയിൽ നിന്ന് പിതൃകേന്ദ്രീകൃത സാമൂഹ്യ വ്യവസ്ഥയിലേക്കുള്ള പരിണാമത്തിൽ മോണൊഗമിയുടെയും സ്വകാര്യ സ്വത്തിന്റെയും സ്റ്റേറ്റ് എന്ന അധികാര സ്ഥാപനത്തിന്റെയും ഒക്കെ ആവിർഭാവം എങ്ങനെ ഇഴ ചേർന്ന് കിടക്കുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്ന വസ്തുനിഷ്ഠവും, ചരിത്രപരവുമായ നിരീക്ഷണങ്ങളാൽ സമ്പന്നമാണ് ഏംഗൽസിന്റെ ഈ പുസ്തകം. ആധുനികതയ്ക്ക് ശേഷവും പല നവ സിദ്ധാന്തവൽക്കരണങ്ങളുടെയും അടിത്തറയായി അത് ഇന്നും വർത്തിക്കുന്നതിൽ അതിശയം ഇല്ലതാനും.

നാം ഇന്ന് കാണുന്ന നിലയിലുള്ള കുടുംബം എന്ന സ്ഥാപനവും, അനുബന്ധ സദാചാര സംഹിതകളും കല്പാന്ത കാലം മുതൽക്കെ നിലനിന്നിരുന്നതോ, ദൈവീകമോ സാമൂഹ്യമോ ആയ അരുളിപ്പാടുകൾ വഴി നിലവിൽ വന്നവയോ അല്ല എന്നത് നമ്മൾ സമ്മതിച്ചാലും ഇല്ലെങ്കിലും പ്രകടമായ ഒരു വസ്തുതയാണ്. അതിന് വിസ്തൃതമായ ഒരു പരിണാമ കാലമുണ്ട്. അതിൽ ഉണ്ടായ ശാസ്ത്രീയവും ജ്ഞാനബന്ധിയും സാംസ്കാരികവും രാഷ്ട്രീയവുമായ വിവിധ ചിന്താധാരകളും അവ തമ്മിലുള്ള ബലാബല പരീക്ഷണങ്ങളും അതാത് കാലങ്ങളിൽ ഓരോന്ന് ആർജ്ജിച്ച മേൽകോയ്മയും ഒക്കെയുണ്ട്. അതുകൊണ്ട് തന്നെ കുടുംബം എന്ന സ്ഥാപനത്തിനോ, അതിന് ഇന്ന് ഓരോ സമൂഹവും ഉണ്ടെന്ന് കരുതുന്ന തനത് ആദർശ ഘടനയ്ക്കോ, അതിനെ അങ്ങനെ തന്നെ നിലനിർത്തണമെന്ന് അടമ്പിടിക്കുന്ന സദാചാര സംഹിതകൾക്കോ അവയ്ക്ക് മേൽകോയ്മയുള്ള വർത്തമാനത്തിലപ്പുറം പ്രത്യേകിച്ച് ഒരു സർവ്വകാല പ്രസക്തിയുമില്ല.

അത് അങ്ങനെ ആയിരിക്കുമ്പൊഴും ബഹുപങ്കാളിത്ത വ്യവസ്ഥയിൽ നിന്ന് ഏകപങ്കാളിത്ത വ്യവസ്ഥയിലേക്കുള്ള പരിണാമത്തെ പൊതുസ്വത്തിൽ നിന്ന് സ്വകാര്യസ്വത്തിലേക്ക്, പ്രാകൃത കമ്യൂണിസത്തിൽ നിന്ന് മുതലാളിത്തത്തിലേക്കുള്ള പരിണാമത്തിന്റെ സമാന്തരമായി കാണുവാനാകുമോ? ആകുമെങ്കിൽ തന്നെ ആധുനിക മുതലാളിത്ത വ്യവസ്ഥയോടുള്ള നമുക്കുള്ള വിമർശനങ്ങളെ ഏകപങ്കാളിത്ത വ്യവസ്ഥയുമായി ഘടിപ്പിക്കുവാനാകുമോ എന്നതാണ് പ്രശ്നം.

കുടുംബവും അതിജീവനവും

കുടുംബം മുതൽ ദേശവും ദേശീയതയും മതവും സദാചാരവും ഉൾപ്പെടെ നാം ഇന്ന് മനസിലാക്കുന്ന മനുഷ്യനിർമ്മിതമായ മിക്കവാറും എല്ലാ സ്ഥാപനങ്ങളുടെയും ഉരുത്തിരിയലിനും വികാസ പരിണാമങ്ങൾക്കും പ്രാഥമികമായി അതിജീവനവുമായും അത് എളുപ്പമാക്കിയ ഉല്പാദനക്രമങ്ങളുമായും ബന്ധമുണ്ട്. കേവലമായ മൃഗലോക അതിർത്തികളിൽ നിന്ന് മനുഷ്യനിർമ്മിതവും, കൂടുതൽ സങ്കീർണ്ണവുമായ അതിർത്തികൾ ഉണ്ടാകുന്നത് ഇതുമായി ബന്ധപ്പെട്ടാണ്. അതിർത്തി എന്നത് വെറും സ്ഥലബന്ധിയായ ഒന്നല്ല ഇവിടെ. അത് സാമൂഹ്യവും രാഷ്ട്രീയവും സദാചാരപരവുമൊക്കെയായി അതിസങ്കീർണ്ണമായ ഒരു പാരസ്പര്യത്തിലൂടെ വികസിക്കുന്നു. ഒപ്പം അതിന്റെ വികാസ പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും അധികാരം എന്ന അമൂർത്ത സങ്കൽപ്പം കൂടുതൽ കൂടുതൽ മൂർത്തവും അനുഭവേദ്യവുമായി തീരുന്നുമുണ്ട്.

ഉല്പാദനം അനിവാര്യമെന്നോണം സ്വത്ത് അഥവാ ‘അസ്സറ്റ്’ ഉണ്ടാക്കുന്നു. അതിൽ മണ്ണ് മുതൽ വിത്തും ഉപകരണങ്ങളും മെരുക്കിയെടുത്ത മൃഗങ്ങളും ഒക്കെ പെടും. അതായത് സ്വത്തിന്റെ ഉടമ ആര് എന്ന ചോദ്യം നിലനിൽക്കുമ്പൊഴും മനുഷ്യവംശത്തിന്റെ പരിണാമചരിത്രത്തിൽ അതൊരു ഋണാത്മക വികസനമായിരുന്നില്ല എന്ന് ചുരുക്കം. പക്ഷേ അത് തന്നെയാണ് അധികാരം എന്ന സ്ഥാപനത്തെ മൂർത്തമായ ഒരു ഭൗതീക യാഥാർത്ഥ്യമാക്കുന്നതും. ഒറ്റയ്ക്ക് നായാടിയോ പെറുക്കി തിന്നോ ജീവിക്കുന്ന ഒരു ജിവിയിലും അധികാരം നേരിട്ട് പ്രവർത്തിക്കുന്നില്ല. എന്നാൽ പറ്റമായ ജീവിതത്തിൽ അനിവാര്യമെന്നോണം അത് കടന്നുവരുന്നു. സമൂഹ ജീവിതത്തിന്റെ അതിജീവനബന്ധിയായ ഒരു ആവശ്യമെന്ന നിലയിൽ ‘സ്വത്ത്‘ ഉണ്ടാകുന്നതോടെ അതിന്റെ ഉപോൽപ്പന്നമായി അധികാരവും ഉണ്ടാകുന്നു. ഈ അധികാരം പിന്നീട് പലതരം ചൂഷണങ്ങളുടെ ഉറവിടമായി. ഇത് വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഒരു പ്രതിപ്രവർത്തന ശൃംഖലയാണ്.

സഹസ്രാബ്ദങ്ങൾ നീണ്ടുനിന്ന പ്രാചീന മനുഷ്യജീവിതത്തിന്റെ ചരിത്രത്തിലും കുടുംബം എന്ന സ്ഥാപനത്തിന്റെ വിവിധ രൂപങ്ങൾ നിലനിന്നിരുന്നതായി നരവംശ പഠനങ്ങൾ വ്യക്തമാക്കുന്നു; അവയിൽ പലതും നമ്മുടെ വർത്തമാന സദാചാരബോധം വച്ച് കുടുംബമായി എണ്ണാൻ കഴിയില്ലെങ്കിൽകൂടി. എന്നാൽ അതാത് കാലങ്ങളിൽ മേൽകൈ നേടിയ ലൈംഗീക സദാചാരബോധം തന്നെയായിരുന്നു ഇന്നത്തെപ്പോലെ അന്നും കുടുംബത്തെ, അവ ചേർന്നുള്ള സമൂഹത്തെ, സാമൂഹ്യ ജീവിതത്തെ നിർവചിച്ചിരുന്നതും. ആ മേൽകോയ്മയെ അംഗീകരിക്കാത്തവർ, വ്യവസ്ഥയെ അംഗീകരിക്കാത്തവർ, അതിൽ നിന്ന് പുറത്താവുന്ന പതിവ് അന്നും ഉണ്ടായിരുന്നു എന്ന് ചുരുക്കം. ഇവിടെയാണ് കുടുംബത്തെയും, അധികാര ഘടനയെയും കുറിച്ചുള്ള അന്വേഷണങ്ങൾ വ്യക്തിയും സമൂഹവും തമ്മിലുള്ള അടിമുടി വൈരുദ്ധ്യാത്മകമായ ബന്ധത്തിലേക്ക് എത്തിച്ചേരുന്നത്. പരിഹാരം സുദീർഘമായ ഒരു പരിണാമഘട്ടത്തിലെ ഏതെങ്കിലും ഒരു കുടുംബവ്യവസ്ഥയുടെ ഘടന പരിശോധിച്ച് അതാണ് ആദർശാത്മകം എന്ന തീർപ്പിലെത്തുകയല്ല, ഈ പ്രക്രിയയിലൂടെ വികസിച്ച ഗോത്രനൈതീകതയും വ്യക്തിനൈതീകതയും തമ്മിലുള്ള സംഘർഷത്തെ മനസിലാക്കുന്നതിൽ കൂടിയാണ്. അതായത് ഉല്പാദന വ്യവസ്ഥയും സ്വത്തുമായി ബന്ധപ്പെട്ട് മാത്രമല്ല, ഈ സംഘർഷത്തിന്റെ വൈകാരികവും നൈതീകവുമായ ആശയരൂപീകരണത്തിലൂടെ കൂടിയാണ് സാമൂഹ്യവും രാഷ്ട്രീയവുമായ പരിണാമപ്രക്രിയ കടന്നുപോകുന്നത്.

വ്യക്തികളുടെ അതിജീവനത്തിൽ അവർ അംഗീകരിച്ചാലും നിഷേധിച്ചാലും സമൂഹത്തിന്, അധികാരത്തിന്, അവ ചേർന്ന് നിയന്ത്രിക്കുന്ന ഉല്പാദനക്രമത്തിന്, സ്വത്തിന്, അനിഷേദ്ധ്യമായ ഒരു പങ്കുണ്ട്. അതായത് ഇതിൽ നിന്ന് ബഹിഷ്കൃതനാകുന്ന ഒരു നിഷേധിക്ക് (റിബൽ) പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം മൗലീകമായി താൻ ഇതിന് പുറത്താണെന്ന് അവകാശപ്പെടാനാവില്ല. ഒപ്പം പുറത്താക്കപ്പെട്ടു എങ്കിൽ കൂടി ഈ നിഷേധികൾ ഉന്നയിച്ച നിഷേധങ്ങളോട് സംവദിച്ചുകൊണ്ടല്ലാതെ സമൂഹത്തിന് അവരുടെ പുറത്താക്കൽ സാധൂകരിക്കാനുമാവില്ല. അതിനായില്ലെങ്കിൽ നിഷേധങ്ങൾ ആവർത്തിക്കപ്പെടുമെന്നും, അതിലൂടെ ഒരു സമാന്തരസമൂഹം തന്നെ രൂപപ്പെടുമെന്നും ഉള്ളതിനാൽ അവർ നടത്തുന്ന ആശയസമരങ്ങൾ (നിഷേധത്തിന് അങ്ങനെ ഒരു ഉള്ളടക്കം ഉണ്ടെങ്കിൽ) സമൂഹത്തിന്റെ പരിണാമപ്രക്രിയയിലേക്ക് മെല്ലെയാണെങ്കിലും ഉൾച്ചേർക്കപ്പെടുകയും ചെയ്യും. ഇതിലെ വൈരുദ്ധ്യത്തെ അഭിസംബോധന ചെയ്യാതെ ഈ മെറ്റാമോഡേൺ കാലത്ത് കുടുംബം, സ്വകാര്യ സ്വത്ത്, അധികാരം തുടങ്ങിയ സ്ഥാപനങ്ങൾ നിത്യജീവിതത്തിൽ നടത്തുന്ന ഇടപെടലിനെ വിശദീകരിക്കാനാവില്ല എന്ന് തോന്നുന്നു.

കമ്യൂണിസവും മുതലാളിത്തവും അഥവാ വർഗ്ഗബോധവും വ്യക്തിബോധവും

ചരിത്രപരമായി ഏതാണ്ട് ഒരേ കാലഘട്ടത്തിന്റെ, ആധുനികതയുടെ സൃഷ്ടിയാണ് മുതലാളിത്തവും അസ്തിത്വവാദവും. അതുകൊണ്ട് തന്നെ അവ തമ്മിൽ, അതായത് വ്യക്തിഗത സ്വത്വബോധത്തിനും മുതലാളിത്തത്തിനും ഇടയിൽ, ആധുനികത സാമൂഹ്യവും രാഷ്ട്രീയവും സൈദ്ധാന്തികവുമായ ഒരു പാലമായി വർത്തിച്ചു എന്ന വിമർശനം സാധുവാണെന്ന ഒരു പ്രതീതി ജനിപ്പിക്കപ്പെടുന്നുമുണ്ട്. ഈ സാദ്ധ്യതയിൽ ഉൾപ്പെടെ ഊന്നിക്കൊണ്ട് ആധുനികതാവിമർശനം എന്നത് മുതലാളിത്ത വിമർശനം തന്നെയാണ് എന്ന് സിദ്ധാന്തിക്കുന്നവരിൽ ഇടത് സൈദ്ധാന്തികരുമുണ്ട്. പക്ഷേ അവർ വ്യക്തിയുടെ അസ്തിത്വപ്രതിസന്ധിക്ക്, താൻ ആരാണ് എന്ന അന്വേഷണത്തിന്, മുതലാളിത്ത ആധുനികതയെന്ന് അവർ വിളിക്കുന്ന കാലഘട്ടത്തേക്കാൾ ഏത്രയോ ദീർഘമായ ചരിത്രമുണ്ട് എന്നത് പരിഗണിക്കുന്നില്ല.

ആധുനിക കാലത്ത് തന്നെയാണ് മാർക്സിയൻ കമ്യൂണിസവും ഉണ്ടായതെന്ന് സമ്മതിക്കുമ്പൊഴും പല മാർക്സിയൻ ഭരണകൂടരൂപങ്ങളിലും സംഭവിച്ച പ്രയോഗതല വീഴ്ചകളെ ആധുനികതയുടെ സ്വാധീനം എന്ന നിലയിൽ ജാമ്യത്തിലെടുക്കാനും അവർ ആധുനികതാ വിമർശനമെന്ന സൈദ്ധാന്തിക ഉപകരണത്തെ അവലംബിക്കുന്നു. അതുവഴി ആധുനികതാ വിമർശനം മുതലാളിത്ത വിമർശനം തന്നെയാണെന്നും അത് ചരിത്രാവലോകനങ്ങളുടെ ഇടത് പരിപ്രേക്ഷ്യമാണെന്നും സ്ഥാപിക്കുന്നു. എന്നാൽ മുതലാളിത്തം ആധുനികപൂർവ്വ ഗോത്ര സാമൂഹ്യതയെ ലോകത്തെമ്പാടും തകർത്തെറിഞ്ഞു എന്നത് തന്നെ ഒരു അബദ്ധധാരണയാണ് എന്ന വസ്തുത ഉൾപ്പെടെ ചരിത്രത്തെ വേണ്ടത്ര ഭൗതീകമായി പരിഗണിക്കാറുമില്ല. ഇതിന് ഉദാഹരണം തേടി ഒരുപാട് ദൂരമൊന്നും സഞ്ചരിക്കേണ്ടതില്ല. നമ്മുടെ ഇന്ത്യ തന്നെ ഉദാഹരണമായി എടുത്താൽ അത് സാങ്കേതികമായി അല്ലാതെ സാംസ്കാരികമായി ഒരു ആധുനിക ജനാധിപത്യ രാഷ്ട്രമായിട്ടുണ്ടോ? അതിൽ നിന്ന് ഗോത്രീയത തൂത്തെറിയപ്പെട്ടോ എന്നത് പോട്ടെ, അതിന്റെ പിടിയിൽ നിന്ന് ഗണനീയമാം വിധം ഒരു മാറ്റമെങ്കിലും ഏഴുപതിറ്റാണ്ട് നീണ്ട ‘മുതലാളിത്ത’ ജനാധിപത്യത്തിന് ഉറപ്പുവരുത്താനായിട്ടുണ്ടോ?

ഇല്ല എന്ന് ഇന്ന് മിക്കവാറും ഇടത് സൈദ്ധാന്തികരെങ്കിലും സമ്മതിക്കും. അപ്പോൾ അവിടെ തകരുന്നത് അവർ മുമ്പോട്ട് വയ്ക്കുന്ന ആധുനികതാ വിമർശനത്തിന്റെ യുക്തിയാണെന്നത് പക്ഷേ ഇവർ ഒരിക്കലും അംഗീകരിക്കുകയും ഇല്ല! ആധുനിക മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ സ്വാഭാവിക നിർമ്മിതിയാണ് മോണോഗമിക് കുടുംബവും, സ്വകാര്യ സ്വത്തും, അത് ആർജ്ജിക്കുവാനായുള്ള അഴിമതികളും എന്ന രേഖീയവും കാല്പനികവുമായ കാര്യകാരണ ബന്ധം സൈദ്ധാന്തികമായി നിലനിൽക്കുന്നതും ഇത്തരം വഴുക്കൻ നിഗമനങ്ങളിലാണ്. മുതലാളിത്തത്തിന് അനിവാര്യമായ സ്ഥല കാല സാഹചര്യങ്ങളിലല്ലാതെ സാമൂഹ്യമാറ്റം എന്ന അജണ്ട ഇല്ല. അത് ഒരു പുതിയ സമൂഹത്തെ ഉണ്ടാക്കുന്നതിലല്ല, നിലനിൽക്കുന്നതിനെ പരമാവധി ലാഭകരമായി ഉപയോഗിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ അത് അധീശത്വം നേടുന്ന സമൂഹങ്ങളിലൊക്കെയും ഫ്യൂഡലിസത്തിന്റെ തകർച്ചയും സ്വാഭാവികമായി നടന്നുകൊള്ളും എന്നത് ഒരു അബദ്ധ ധാരണയാണ്.

ഫ്യൂഡൽ സമൂഹങ്ങളിലും, അനിവാര്യമായ മേഖലകളിൽ മാത്രം വേണ്ട മാറ്റങ്ങൾ, അത്രമാത്രം, നീക്കുപോക്കുകളായി സാധിച്ചെടുത്ത് അതിജീവിക്കാനുള്ള വഴക്കം ആ വ്യവസ്ഥയ്ക്കുണ്ട്. അതുകൊണ്ടുതന്നെ അതിന്റെ അതിജീവനം നൂലുപിടിച്ചുള്ള വിശകലന വ്യായാമങ്ങളിൽ ഒതുങ്ങുന്നതല്ല. മുതലാളിത്തത്തിന് നിലനിൽക്കാൻ ഫ്യൂഡലിസത്തിന്റെ ഉച്ചാടനം എന്ന ഒരു മുൻവ്യവസ്ഥ ആവശ്യമില്ലെന്ന് ചുരുക്കം. മുതലാളിത്തം ഗ്രസിച്ച സമൂഹങ്ങളിൽ നിലനിർത്തപ്പെടുന്നവയെല്ലാം അതിന്റെ നിർമ്മിതികൾ മാത്രമാണെന്ന വാദം അതുകൊണ്ട് തന്നെ പൊള്ളയാണെന്ന് വരുന്നു. ഇത്തരത്തിൽ ഉത്തരാധുനിക സൈദ്ധാന്തിക വ്യായാമങ്ങൾ വഴി മുതലാളിത്തത്തിൽ ഏകപക്ഷീയമായി കെട്ടിവയ്ക്കപ്പെട്ട മറ്റൊരു കർതൃത്വമാണ് തീവ്രവാദം.

മുതലാളിത്തം കേവലം ആദർശബന്ധിയായി ഒരു വ്യവസ്ഥയേയും തകർക്കുന്നില്ല, കഴിയുന്നിടത്തോളം; ഒപ്പം ഒരു പ്രതിവ്യവസ്ഥയിലും മുതൽമുടക്കുന്നുമില്ല. കാരണം തകർക്കലിനോട് അതിന് ആദർശപരമായോ സൈദ്ധാന്തികമായോ എന്തെങ്കിലും വിയോജിപ്പുള്ളതുകൊണ്ടല്ല, അതിന് നീക്കുപോക്കുകളിലൂടെ തങ്ങളുടെ പക്ഷത്ത് ആക്കാൻ പറ്റാത്തത്ര ദാർഢ്യമുള്ള വ്യവസ്ഥകൾ ഇവിടെ ചുരുക്കമാണെന്നത് മാത്രമാണ് കാരണം; അതായത് മുതലാളിത്തത്തിൽ വിപ്ളവം കോസ്റ്റ് ഇഫക്ടീവല്ല. പഴഞ്ചൻ പടപ്പ് പിന്നെയും പിന്നെയും പുതുക്കി പണിയുന്നതിലും ലാഭമാണ് അത് പൊളിച്ച് വേറെ ഒന്നുണ്ടാക്കുന്നത് എന്ന വീട് പോലുള്ള മൈക്രോനിർമ്മിതികളുടെ കാര്യത്തിൽ ഫലപ്രദമാകുന്ന മുതലാളിത്ത യുക്തി അതേ നിലയിൽ പടർന്ന് പന്തലിച്ച വ്യവസ്ഥാബന്ധിത മാക്രോസ്ഥാപനങ്ങളുടെ കാര്യത്തിലും ചെലുത്താൻ മുതലാളിത്തം ഒരു കാല്പനിക നക്സൽ പ്രസ്ഥാനമല്ല എന്നെങ്കിലും അതിന്റെ വിമർശകർ അനിവാര്യമായി മനസിലാക്കേണ്ടതുണ്ട്.

ഈ കാരണങ്ങൾ കൊണ്ട് തന്നെ വ്യക്തിഗത സൂക്ഷ്മാഖ്യാനങ്ങൾക്കും സാമൂഹ്യ ബ്രഹദാഖ്യാനങ്ങൾക്കും ഇടയിൽ പിൽക്കാല മുതലാളിത്തം ഒരു അതിജീവന സിദ്ധാന്തമായി വികസിപ്പിച്ചെടുത്തിരിക്കുന്ന തന്ത്രം ഇവയെ രണ്ട് വ്യതിരിക്ത മാർക്കറ്റ് സെഗ്മെന്റുകളായി നിലനിർത്തി അതിന്റെയും വിപണിസാദ്ധ്യതകളെ തുറന്നിടുകയും ലാഭത്തിന്റെ ഒരു പങ്ക് (അർഹമായ വിഹിതമല്ല) അതാത് വിഭാഗങ്ങൾക്ക് വീതിച്ച് നൽകുകയും ചെയ്യുക എന്നതാണ്.

കമ്യൂണിസം വേഴ്സസ് സ്വത്വവാദം അഥവാ ബൃഹദാഖ്യാനം വേഴ്സസ് സൂക്ഷ്മാഖ്യാനം

കമ്യൂണിസ്റ്റ് വർഗ്ഗ കല്പന എന്നത് വ്യക്തിഗത വിയോജിപ്പുകളും അതുണ്ടാക്കുന്ന ചലനാത്മക സംവാദങ്ങളും ആവശ്യമില്ലാത്ത ഒരു ആദർശാവസ്ഥയാണെന്നും വ്യാഖ്യാനിക്കാവുന്നതാണ്. അന്യന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കപ്പെടുന്ന അവസ്ഥ എന്നത് സംവാദങ്ങളെ റദ്ദ് ചെയ്യുന്നില്ല എങ്കിൽ പോലും അവ തള്ളിക്കളയലുകൾ ഇല്ലാതെ പരസ്പരം അംഗീകരിച്ച് മുന്നേറുന്ന, ഒന്ന് മറ്റൊന്നിനെ പൂരിപ്പിക്കുന്ന സൃഷ്ടിമാത്രമായ ഒരു അവസ്ഥയാണ്. അതിൽ വർഗ്ഗബോധത്താൽ സാംസ്കാരികമായി പൂരകവൽക്കരിക്കപ്പെട്ട മനുഷ്യർ വ്യവസ്ഥയെ സർഗോന്മുഖമായി നിരന്തരം വികസിപ്പിച്ച് മുന്നേറുന്നു.

ഇന്നത്തെ അവസ്ഥയിൽ എത്രത്തോളം മനോഹരമാകുന്നോ അത്രത്തോളം അപ്രായോഗികമാകുന്ന ഒരു ഉട്ടോപ്പിയൻ ആശയം എന്ന് ഇതിനെ ആരെങ്കിലും വിശേഷിപ്പിച്ചാൽ അതിൽ മുഖം ചുളിക്കാനാവില്ല. ഇവിടെ വ്യക്തിയുടെ വൈരുദ്ധ്യാത്മകമായ സാമൂഹ്യ സൃഷ്ടികർതൃത്വത്തിന്റെ സൂക്ഷ്മാഖ്യാനങ്ങൾ വർഗ്ഗബോധം എന്ന് വർഗ്ഗാധികാര സ്ഥാപനങ്ങൾ വ്യാഖ്യാനിക്കുന്ന ബൃഹദാഖ്യാനത്താൽ റദ്ദ് ചെയ്യപ്പെടുന്നതാണ് ചരിത്രത്തിൽ പലപ്പൊഴായി ആവർത്തിക്കപ്പെട്ട് കണ്ടിട്ടുള്ളത്.

ഏതാണ്ട് ഇതേ സൈദ്ധാന്തിക രീതിശാസ്ത്രം അവലംബിച്ച് ആദർശവർഗ്ഗത്തിന് പകരം ആദർശ സ്വത്വം നിർമ്മിക്കാൻ ആഗ്രഹിക്കുകയും അതാണ് ബദൽ എന്ന് അവകാശപ്പെടുകയും ചെയ്യുന്ന സ്വത്വവാദത്തിലോ? യാന്ത്രിക കമ്യൂണിസത്തിന്റെ സൈദ്ധാന്തിക വ്യാഖ്യാനങ്ങൾ വർഗ്ഗബോധത്തിന്റെ നിർമ്മിതിയിലൂടെ സാംസ്കാരികമായി സാദ്ധ്യമാകും എന്ന് വിശ്വസിക്കുന്ന സ്വർഗ്ഗം തന്നെയല്ലേ സ്വത്വബോധം എന്ന നിർമ്മിതിയിലൂടെ സാദ്ധ്യമാകുമെന്ന് സ്വത്വവാദികളും സ്വപ്നം കാണുന്നത്? അല്ല, സ്വത്വമല്ല, സ്വത്വങ്ങളാണ്, അവയുടെ സഹവർത്തിത്വമാണ് എന്നൊക്കെയുള്ള മറുപടികൾ സ്വാഗതാർഹം തന്നെ. പക്ഷേ സ്വത്വങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങളെ അവയുടെ പ്രഭവകേന്ദ്രമായ കാലത്തിൽ വച്ച് അഭിസംബോധന ചെയ്യാൻ പോന്ന ഒരു പ്രത്യയശാസ്ത്രമോ രീതിശാസ്ത്രമൊ രൂപീകരിക്കാൻ മെനക്കെടാതെ നീക്കുപോക്കുകൾ വഴി കമ്പോളവുമായി വിലപേശൽ നടത്തി പിൽക്കാല മുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തികളിലൂടെ മാത്രം ദൃശ്യപ്പെടുന്ന സൈദ്ധാന്തികർ സ്വത്വമല്ല, സ്വത്വങ്ങളാണ് എന്നൊക്കെ പറയുമ്പൊഴും സംവാദങ്ങൾ സ്വന്തം സ്വത്വവിഭാഗങ്ങളിൽ നിന്ന് ഉയർന്നുവരുമ്പോഴും അവയെ സാംസ്കാരികമായി അഭിസംബോധന ചെയ്യുന്നതിന് പകരം പരിമിതമായ സംഘടനാധികാരം ഉപയോഗിച്ച് പ്രശ്നക്കാരെ ‘സ്വത്വവഞ്ചകർ’ എന്ന് മുദ്രകുത്തുന്നതാണ് അതിന്റെ പരിമിതമായ രാഷ്ട്രീയ ചരിത്രം നൽകുന്ന നേർകാഴ്ച. ഇവിടെ ഭരണകൂട അധികാരമില്ലാത്തതിനാൽ സ്വത്വ വഞ്ചനകളെ കായികമായി ഉന്മൂലനം ചെയ്യുക എന്ന പ്രലോഭനത്തിലേയ്ക്ക് അത് വളരുന്നില്ലെന്ന് മാത്രം.

മോണൊഗമിയെ തകർത്താൽ സ്വകാര്യസ്വത്തും, അതുവഴി സ്റ്റേറ്റും തകരും എന്ന ഒരു അബദ്ധധാരണ ഏംഗൽസിന്റെ പുസ്തകത്തിന്റെ ലളിതവായന പലരിലും ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പേട്രിയാർക്കി മുതൽ മുതലാളിത്തം വരെയുള്ള പ്രശ്നങ്ങളുടെ (അവയുടെ പ്രതിലോമ വ്യാപ്തിക്ക് മുന്നിൽ സ്വജനപക്ഷപാതമൊക്കെ അപ്രസക്തമാകുന്നു) പരിഹാരം അണുകുടുംബമെന്ന വർത്തമാന മൈക്രോ യാഥാർത്ഥ്യത്തെ ലൈംഗീക വിപ്ളവത്തിലൂടെ പൊളിച്ച് നിർമ്മിക്കേണ്ട പോളിഗമിയുടെ ബൃഹദാഖ്യാനമാണെന്ന് (അപ്പോൾ ബൃഹദാഖ്യാനങ്ങളുടെ കാലം കഴിഞ്ഞു എന്ന് പ്രഖ്യാപിച്ച മുതലാളിത്ത ചരമക്കുറിപ്പുകളോ?) ധരിക്കുന്നവരും ഏറെ. ആ നിലയിലുള്ള പ്രബന്ധനിർമ്മിതിക്കും അക്കാഡമിക് സാദ്ധ്യതയുണ്ട്. ഒപ്പം ഇതിന്റെ വിപരീതതലത്തിൽ സ്വത്വത്തെ അതിലെ ജാതീയവും മതപരവും ലിംഗപരവും ലൈംഗീക താല്പര്യബന്ധിയുമായ വൈരുദ്ധ്യങ്ങളുടെ അടരുകളെ മുഴുവൻ കൊഴിച്ച് ഒരൊറ്റ ആദർശമായി പുനർനിർമ്മിക്കാനാവും എന്ന് വിശ്വസിക്കുന്ന സ്വത്വരാഷ്ട്രീയവും. അതിനും മുതലാളിത്ത അക്കാദമിയിൽ വൻസാദ്ധ്യതകളാണ്. സംഭവം ഇവർ തമ്മിൽ, അതായത് വ്യക്തിയും സമൂഹവും തമ്മിൽ, അസ്തിത്വവാദവും കമ്യൂണിസവും തമ്മിൽ, സ്വത്വവാദവും ഇടതുപക്ഷവും തമ്മിൽ, അതായത് ആത്യന്തികമായി ചെറുത്ത് നിൽപ്പിന്റെ വ്യക്തിഗതവും സംഘടിതവുമായ ശ്രമങ്ങളുടെ വൈരുദ്ധ്യാത്മക സഹവർത്തിത്തത്തെ കേവല വൈരുദ്ധ്യങ്ങൾ ഉല്പാദിപ്പിച്ച് ദുർബലപ്പെടുത്താനുള്ള വ്യക്തിഗതമോ, സംഘടിതമോ ആയ ഏത് സൈദ്ധാന്തിക, സംഘടനാ പടപ്പിനും പ്ളാറ്റ്ഫോം നൽകാൻ മുതലാളിത്തത്തിന്റെ സാമ്രാജ്യം തയ്യാറാണ്; അവ ആശയപരമായെങ്കിലും പാർശ്വവൽകൃതർക്ക് ഒപ്പം നിൽക്കുന്ന രണ്ട് ചിന്താസരണികളും പ്രവർത്തി പദ്ധതികളും എന്ന നിലയിൽ സഹവർത്തിക്കാൻ ഒരു പൊതു പ്ളാറ്റ്ഫോം കണ്ടെടുക്കുന്നത് വരെയെങ്കിലും.

ഈ സാമ്രാജ്യത്വ സ്വജനപക്ഷപാതം പക്ഷേ സ്വജനപക്ഷപാതമല്ല. അത് മോണൊഗമിക് കുടുംബമുണ്ടാക്കുന്ന, സ്വകാര്യസ്വത്തിൽ അധിഷ്ഠിതമായ സ്റ്റേറ്റ് ഉണ്ടാക്കുന്ന പ്രശ്നമാണ് എന്ന വായനയാണ്. അതുകൊണ്ട് മോണൊഗമിയെ തകർത്താൽ അതുവഴി സ്വകാര്യ സ്വത്തും പിന്നെ അധികാരവും സ്വയം തകർന്നുകൊള്ളും എന്നുള്ള ധൈഷണിക അപനിർമ്മാണ പ്രക്രിയകളിൽ കടന്നുകൂടിയിട്ടുള്ള ചീട്ട് കൊട്ടാര വാസ്തുശാസ്ത്രത്തിന്റെ സ്കെച്ചും പ്ളാനുമാണ് പ്രശ്നം. ബൃഹദാഖ്യാനങ്ങളുടെ ചരിത്രം മരിച്ചു എന്ന് മുതലാളിത്തം വിധിയെഴുതുന്ന കാലത്തിൽ നിലനിൽക്കുന്ന സ്റ്റേറ്റ് എന്നത് തന്നെ ഒരു ബൃഹദാഖ്യാനമാണ് എന്നതിലെ വൈരുദ്ധ്യം നമ്മൾ കാണുന്നില്ല. നമ്മൾ നേരിടാൻ ശ്രമിക്കുന്ന മുതലാളിത്ത നിർമ്മിതിയുടെ സാമൂഹ്യ, സംസ്കാരിക, രാഷ്ട്രീയഘടന ഒന്ന് തട്ടിയാൽ അനുക്രമമായി വീഴുന്ന ഒരു ചീട്ട് കൊട്ടാരത്തിന്റേതല്ല, അതൊരു രാവണൻ കോട്ടയുടേതാണ്. അല്പബുദ്ധിയുടെ വഴിച്ചോറും പൊതിഞ്ഞ് പുറത്തേക്കുള്ള വഴി തേടുന്നവർ ഒക്കെയും ഒന്ന് കറങ്ങി തുടങ്ങിയ ഇടത്ത് തന്നെ എത്തിച്ചേരുകയും ഒടുവിൽ ഇത് തന്നെ സിദ്ധാന്തമെന്ന് പ്രശസ്തിപത്രം എഴുതിക്കൊടുത്ത് അവിടെ തന്നെ കുറ്റിയടിക്കുകയും ചെയ്യുന്ന ഇടം. ഈ സ്ഥലത്ത് മെറ്റാമോഡേൺ അനാർക്കിസ്റ്റ് സ്വത്വവാദികളും, പഴയ ക്ളാസിക്കൽ കമ്യൂണിസ്റ്റുകളും ചരിത്രപരമായ കെട്ടിക്കിടക്കലിൽ കൈകോർത്ത് നിലവെള്ളം ചവിട്ടുന്നു. പക്ഷേ ആ കുളത്തിൽ നിന്ന് മുതലകളെ കെണിവച്ച് പിടിച്ച് ഭക്ഷിക്കുന്നതിലൂടെ നാം പണ്ട് ആർജ്ജിച്ച ആർഷ കേരള സാസ്കാരിക പുരോഗതിവരെയെ കറങ്ങി എത്തു.

അതുകൊണ്ട് പേട്രിയാർക്കിയും, അതിന്റെ അധികാര, സദാചാര പരിണാമങ്ങളും ബാക്കിവച്ച വിഴുപ്പുകളെ ഒക്കെയും മോണോഗമിക് കുടുംബമെന്ന ഒറ്റ അലക്ക് കേന്ദ്രം തകർത്ത് സ്വതന്ത്രമാക്കാമെന്ന, അഴിമതിയും സ്വജനപക്ഷപാതവും ഉൾപ്പെടെയുള്ള പ്രവർത്തിതല അപഭ്രംശങ്ങളെയൊക്കെയും അണുകുടുംബമെന്ന ചരിത്രബന്ധിയായി പരിണമിച്ച സ്ഥാപനത്തെ അട്ടിമറിച്ചുകൊണ്ട് പ്രതിരോധിക്കാമെന്ന ബാലചാപല്യങ്ങളോളം നിഷ്കളങ്കവും സുന്ദരവുമായ അപ്രായോഗിക നിർദ്ദേശങ്ങളെ വിട്ട് സാംസ്കാരിക ലിബറലിസവും സയന്റിഫിക് എമ്പെരിസിസവും യോജിക്കുന്ന ചരിത്രപരമായ നിർദ്ധാരണ സാദ്ധ്യതകളിലൂടെ മുന്നോട്ട് പോകുന്നതാവും മാനവികതയുടെ ദീർഘകാല അസ്തിത്വ അജണ്ടകൾക്ക് മെച്ചം.