ഫിഡെല്‍

ഫിഡെല്‍ കാസ്റ്റ്രോ

ഏകത്വമെന്നാൽ ഏകസ്വരമാണെന്ന് തെറ്റിദ്ധരിച്ച
കിരീടം വെക്കാത്ത രാജാവായിരുന്നു അയാളെന്ന് ശത്രുക്കൾ പറയുന്നു.
അവരുടെ അഭിപ്രായം ശരിയാണ്.
നെപ്പോളിയനു ഗ്രാൻമ പോലൊരു പത്രമുണ്ടായിരുന്നെങ്കിൽ
വാട്ടർലൂവിലെ ദുരന്തം ഫ്രഞ്ചുകാർ അറിയുമായിരുന്നില്ലെന്ന് അയാളുടെ ശത്രുക്കൾ പറയുന്നു.
അവരുടെ അഭിപ്രായം ശരിയാണ്.
ശബ്ദങ്ങളെക്കാൾ മാറ്റൊലികൾ കേട്ടു ശീലമായതിനാൽ
ഒരുപാട് സംസാരിച്ചും ഒട്ടും കേൾക്കാതെയുമാണ് അയാൾ ഭരിച്ചതെന്നു ശത്രുക്കൾ പറയുന്നു.
അവരുടെ അഭിപ്രായം ശരിയാണ്.
പക്ഷെ ചിലതൊന്നും അയാളുടെ ശത്രുക്കൾ പറയാറില്ല,
അയാൾ വെടിയുണ്ടകൾക്ക് മാറു വിരിച്ചത് ചരിത്ര പുസ്തകങ്ങളിൽ വരാനായിരുന്നില്ലെന്ന്
കൊടുങ്കാറ്റിനെ അയാൾ കൊടുങ്കാറ്റായി നേരിട്ടതിനെ കുറിച്ച്,
637 വധശ്രമങ്ങളെ അതിജീവിച്ചതിനെ കുറിച്ച്.
അയാൾ പകർന്ന ഊർജ്ജമാണ് ആ രാജ്യത്തെ മോചിപ്പിച്ചത്,
കത്തിയും മുള്ളുമായി തിന്നാനിരുന്ന 10 അമേരിക്കൻ പ്രസിഡന്റുമാരെ
അവർ അതിജീവിച്ചത് ലൂസിഫറിന്റെ ശാപം കൊണ്ടോ ദൈവാനുഗ്രഹം കൊണ്ടോ ആയിരുന്നില്ല.
ശിരസ്സ് കുനിക്കാത്ത അപൂർവ രാജ്യങ്ങളിലൊന്നാണ് ക്യൂബയെന്ന കാര്യം
അയാളുടെ ശത്രുക്കൾ പറയാറില്ല.
തലയുയർത്തി നിന്നതിനു ശിക്ഷിക്കപ്പെട്ടതിനാൽ ആഗ്രഹിച്ച വിപ്ലവം അവർക്കു നേടാനായില്ലെന്ന്,
സ്വപ്നങ്ങളെയും യാഥാർഥ്യത്തെയും വേർതിരിക്കുന്ന മതിലിന് വീതിയേറിയതും
ജനാധിപത്യത്തിന് കുരുക്ക് വീണതും
എല്ലാ പ്രതിവിധികൾക്കും പ്രശ്നമുണ്ടാക്കുന്ന ഉദ്യോഗസ്ഥ മേധാവിത്തം വന്നതും
സാമ്രാജ്യത്വ ഉപരോധങ്ങൾ കൊണ്ടാണെന്ന്
അയാളുടെ ശത്രുക്കൾ പറയാറില്ല.
അവർ പറയാറില്ല
എല്ലാ സങ്കടങ്ങൾക്കുമിടയിലും പ്രകോപനങ്ങൾക്കും
ഉപരോധങ്ങൾക്കും ദുരിതങ്ങൾക്കുമിടയിലും
കീഴടങ്ങാതെ ഒരു കൊച്ചു ദ്വീപ്
ലാറ്റിനമേരിക്കയിലെ ഏറ്റവും നീതിയുള്ളൊരു നാടിന് ജന്മം നല്കിയതിനെക്കുറിച്ച്.
ജനതയുടെ ത്യാഗത്തിന്റെയും
പ്രശസ്തനായ ആ പഴയ സഖാവിനെപ്പോലെ
എന്നും പരാജിതർക്കൊപ്പം പോരാടിയ കർക്കശക്കാരനായ ആ പോരാളിയുടെ
നിർബന്ധ ബുദ്ധിയുടെയും അഭിമാന ബോധത്തിന്റെയും ഫലമാണ്
ഈ അത്ഭുത കൃത്യമെന്ന്
അയാളുടെ ശത്രുക്കൾ പറയാറില്ല,
അയാളുടെ ശത്രുക്കൾ പറയാറില്ല...

പരിഭാഷ: സബാള്‍ടേണ്‍ മേനോന്‍