വളര്‍ച്ചയും പുനര്‍വിതരണവും

കൊളംബിയ യൂണിവേഴ്സിറ്റി പ്രോഫസർമാരായ ജഗദീഷ് ഭഗവതിയും അരവിന്ദ് പനഗേറിയയും നോബല്‍ സമ്മാനജേതാവായ അമര്‍ത്യ സെന്നിനെ ഈ അടുത്ത കാലത്ത് നിശിതമായി വിമര്‍ശിച്ചത് സാമ്പത്തിക വളർച്ചയെയും പുനര്‍വിതരണത്തെയും സംബന്ധിച്ച ചർച്ചകൾക്ക് കളമൊരുക്കി. സമ്പത്തിന്റെ പുനര്‍വിതരണത്തെക്കാള്‍ വളര്‍ച്ചാനിരക്കിനാണ്‌ കൂടുതല്‍ പ്രാമുഖ്യം നൽകേണ്ടത് എന്നും അതല്ലെങ്കില്‍ പുനർവിതരണം നടത്താന്‍ സമ്പത്ത് ഉണ്ടാകുകയില്ല എന്നുമാണ് ഭഗവതിയും പനഗേറിയയും വാദിച്ചത് . സാമ്പത്തിക വളര്‍ച്ചക്ക്‌ ഏറെ പ്രാമുഖ്യം നല്‍കുന്ന സംസ്ഥാനം എന്ന നിലയില്‍ മാധ്യമങ്ങളാല്‍ കൊട്ടിഘോഷിക്കപെട്ട ഗുജറാത്തിനെ അവര്‍ മാതൃകയാക്കി. സമ്പത്തിന്റെ പുനര്‍വിതരണത്തിന് പ്രാമുഖ്യം നൽകുന്ന സമഗ്രവികസനം എന്ന ആശയം സെന്‍ ഏറെക്കാലമായി ഉന്നയിക്കുന്നതാണ്.

കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാബില്‍ ആയിരുന്നു ഈ ചര്‍ച്ചയുടെ പശ്ചാത്തലം. വിലക്കയറ്റം, അഴിമതി, രൂപയുടെ മൂല്യശോഷണം, ധനകാര്യ- വ്യാപാര ഇരട്ടക്കമ്മി, പ്രകൃതി വിഭവശോഷണം, സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വികള്‍ തുടങ്ങിയ പ്രതിസന്ധികളില്‍ നിന്നും രക്ഷപെടാന്‍ വെമ്പുന്ന യു.പി.എ സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാബില്ലിനെ സെന്‍ പിന്താങ്ങി എന്നായിരുന്നു ആരോപണം. ഉയര്‍ന്ന വളര്‍ച്ചാനിരക്ക് നേടിയതിനു ശേഷമാകാം പുനര്‍വിതരണം എന്നും നിർദേശിക്കപെട്ടു. എന്നാല്‍ ഈ നിർദേശത്തിന്റെ പ്രായോഗിക പ്രശ്നങ്ങളിലേക്ക് ചര്‍ച്ചയുടെ ദിശ കേന്ദ്രീകരിക്കപ്പെട്ടില്ല. കൂടാതെ അസമത്വവും ദാരിദ്ര്യവും വികസ്വര സമ്പദ് വ്യവസ്ഥകളില്‍ ഉണ്ടാക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥയും പ്രക്ഷോഭങ്ങളും എല്ലാം വിസ്മരിക്കപ്പെട്ടു. ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ള നവ കമ്പോള സമ്പദ് വ്യവസ്ഥ ആയ ഇന്ത്യയില്‍ ഇന്ന് നിലനില്ക്കുന്നതും കൂടുതൽ കൂടുതൽ മോശം ആയിക്കൊണ്ടിരിക്കുന്നതുമായ ദാരിദ്ര്യം അസമത്വം തുടങ്ങിയ സാമൂഹിക വികസന പ്രതിസന്ധികളുടെ വിശാലമായ പശ്ചാത്തലത്തില്‍ ആയിരിക്കണം ഈ ചര്‍ച്ചയെ വിലയിരുത്തേണ്ടത്. ഇതിനായി ഭഗവതിയെയും പനഗേറിയയെയും പോലുള്ള കമ്പോള സാമ്പത്തിക വിദഗ്ദ്ധരുടെ വാദങ്ങള്‍ ആദ്യമായി പരിശോധിക്കേണ്ടതുണ്ട് .

വളര്‍ച്ചാനിരക്കിന് എന്തുകൊണ്ട് പ്രാധാന്യം നല്കണം?

സാമ്പത്തിക വളര്‍ച്ചക്കാണ് നയരൂപീകരണ രംഗത്ത് പ്രഥമ പരിഗണന നല്കേണ്ടത് എന്നാണ് പനഗേറിയയും ഭഗവതിയും അടക്കമുള്ള കമ്പോള സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. വളര്‍ച്ചാനിരക്കിന് പ്രഥമപരിഗണന നല്കണമെന്ന് വാദിക്കുന്നവരുടെ പ്രധാന അഭിപ്രായങ്ങള്‍ ചുരുക്കി പരിശോധിക്കാം.

  1. അസമത്വം ദാരിദ്ര്യം നിരക്ഷരത പോഷകാഹാരക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ സമ്പദ് വ്യവസ്ഥക്ക് ഉയർന്ന വളർച്ചാനിരക്ക് വേണം. സമ്പത്തിന്റെ 'കിനിഞ്ഞിറങ്ങല്‍ ' അസമത്വവും ദാരിദ്ര്യവും പരിഹരിക്കും. വളർച്ചയെ തഴയുന്ന നിലപാട് "മരം വളരുന്നതിന് മുൻപ് ഫലം തിന്നുന്നത് പോലെ” യാണെന്നാണ് മിസിസ് ജോണ്‍ റോബിൻസണ്‍ പരിഹസിച്ചത്. മാത്രമല്ല ഒരിക്കല്‍ പുനർവിതരണം നടത്തിയാല്‍ അതുമൂലം സമ്പദ് വ്യവസ്ഥയിൽ ഉണ്ടാകുന്ന സമത്വം അതുപോലെ നിലനില്ക്കുമെന്നും ഉറപ്പു പറയാനാകില്ല. ഉയർന്ന വരുമാനമുള്ളവർക്ക് ഉയർന്ന നികുതിയെന്ന പുരോഗമനാത്മക നികുതി സംവിധാനത്തെ cutting the head of the tallest poppies എന്ന് പരിഹസിക്കുന്നത് ഇതിനാലാണ്.
  2. ഇന്നത്തെ ആഗോള സാമ്പത്തികക്രമത്തില്‍ ഒരു സമ്പദ് വ്യവസ്ഥക്കും ഒറ്റപെട്ട ഒരു ദ്വീപ്‌ ആയി നിലനില്ക്കാന്‍ സാധ്യമല്ല. വ്യാപാരത്തില്‍ നിന്നുള്ള ലാഭം പരമാവധി ആക്കുന്നതിന് സ്വതന്ത്ര വ്യാപാരം അനിവാര്യമാണ്. സ്വതവേ മൂലധനലഭ്യത കുറഞ്ഞ, അതായത് മൂലധന ചെലവ് കൂടിയ ഇന്ത്യ പോലൊരു രാജ്യത്ത് നിക്ഷേപ സൌഹൃദ അന്തരീക്ഷം നിലനിര്‍ത്തണമെങ്കില്‍ സുസ്ഥിരമായ നിരക്കിനു വേണ്ടി ശ്രമിക്കണം. തൊണ്ണൂറുകളിൽ വളർച്ചാനിരക്കിന് പ്രാധാന്യം നല്കുന്ന സാമ്പത്തിക പരിഷ്കാരനടപടികള്‍ വളർച്ചാനിരക്ക് വർധിക്കുന്നതിന് സഹായകമായി. എണ്‍പതുകളില്‍ ആരംഭിച്ച് തൊണ്ണൂറുകളിൽ ഇന്ത്യയില്‍ പ്രാവർത്തികമാക്കിയ സാമ്പത്തിക പരിഷ്കാര നടപടികള്‍ ഒന്‍പതു ശതമാനം വളര്‍ച്ച നേടാന്‍ സമ്പദ് വ്യവസ്ഥയെ പ്രാപ്തമാക്കി.വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ലൈസന്‍സ് രാജുകള്‍ നിർത്തലാക്കി മത്സരാധിഷ്ടിതമായ ഒരു സാമ്പത്തികരംഗം കെട്ടിപ്പടുക്കുന്നതിന് പരിഷ്കാരങ്ങള്‍ വഴിയൊരുക്കി . തൊണ്ണൂറുകളിൽ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പില്‍ ആക്കുന്നതിനു മുന്‍പ് വ്യാവസായികരംഗത്ത് സ്വകാര്യ പങ്കാളിത്തം കുറക്കാന്‍ കാരണമായത്‌ ഗവണ്മെന്റിന്റെ ഈ കടുത്ത നിയന്ത്രണങ്ങളാണ്. ഉദാരവത്കരണ സ്വാകാര്യവത്കരണനയങ്ങള്‍ ഈ പ്രതിബന്ധങ്ങള്‍ നീക്കി വളര്‍ച്ചാനിരക്ക് വര്‍ദ്ധിക്കാന്‍ കളമൊരുക്കി.
  3. വളര്‍ച്ചാനിരക്കിനു അനുകൂലമായി സംസാരിക്കുന്നവര്‍ പുനര്‍വിതരണത്തിനു പരിപൂര്‍ണ്ണമായും എതിരല്ല. പുനര്‍വിതരണ നയങ്ങള്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യകാല സാമ്പത്തിക നയങ്ങളുടെ അവിഭാജ്യഘടകം ആയിരുന്നു. എന്നാല്‍ വളര്‍ച്ചാ നിരക്കിന് പ്രഥമ പ്രാധാന്യം നല്‍കിയാല്‍ മാത്രമേ സുസ്ഥിരമായ പുനര്‍വിതരണം സാദ്ധ്യമാകുകയുള്ളൂ എന്ന തിരിച്ചറിവിനു ഭരണതലത്തില്‍ ക്രമേണ കൂടുതൽ പ്രാമുഖ്യം ലഭിച്ചു . സാമൂഹിക വികസനം പ്രാവര്‍ത്തികമാക്കാന്‍ ഉത്പാദനം വര്‍ദ്ധിക്കണം. ഉത്പാദനം വര്‍ദ്ധിക്കാന്‍ നിക്ഷേപം വരണം. അതിന് സമ്പാദ്യം ഉയരണം.സ്വാതന്ത്രത്തിനു ശേഷം ആഭ്യന്തര നിക്ഷേപത്തില്‍ ഉണ്ടായ ക്രമമായ വളര്‍ച്ചയാണ് ഉത്പാദനരംഗത്തെ ഉയര്‍ന്ന വളര്‍ച്ചാനിരക്കിന് കാരണം എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഉയര്‍ന്ന ഉത്പാദനം തൊഴിലവസരങ്ങള്‍, വരുമാനം, ഉപഭോഗം എന്നിവ വര്‍ദ്ധിപ്പിക്കും .അപ്പോള്‍ ഉയര്‍ന്ന ഉത്പാദനം ഉയര്‍ന്ന വളര്‍ച്ചാനിരക്കിന്റെ നിയാമക ഘടകമാണ്.
  4. ഉയര്‍ന്ന വളര്‍ച്ചാനിരക്ക് നേടിയ ഒരു രാജ്യത്തിനു പുനര്‍വിതരണത്തെ കുറിച്ചു ചിന്തിക്കാവുന്നതാണ്. കൂടാതെ സമ്പദ് വ്യവസ്ഥ സുസ്ഥിര വികസനം കാഴ്ചവയ്ക്കുമ്പോള്‍ അസമത്വവും മറ്റു പ്രശ്നങ്ങളും കുറയുന്നതായി ഗവേഷണ ഫലങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും തൊഴിലില്ലായ്മ കുറക്കുകയും ചെയ്യും. ഇത് ജനങ്ങള്‍ക്ക്‌ ഉയര്‍ന്ന വരുമാനം ലഭിക്കന്‍ ഇടയാക്കും. ഉയര്‍ന്ന വരുമാനം നല്ല ഗുണനിലവാരമുള്ള ആരോഗ്യ വിദ്യാഭ്യാസ സേവനങ്ങള്‍ വാങ്ങാന്‍ ജനങ്ങളെ പ്രാപ്തരാക്കും. ദേശീയ തലത്തില്‍ സര്‍ക്കാരുകള്‍ക്ക് മികച്ച ആരോഗ്യ വിദ്യാഭ്യാസ സേവനങ്ങള്‍ ഒരുക്കാനുള്ള പൊതുചിലവിനായി കൂടുതൽ വരുമാനം കണ്ടെത്തണം. ഇതിന് ഉയര്‍ന്ന വളര്‍ച്ചാനിരക്ക് ആവശ്യമാണ്‌. കൂടുതൽ വളര്‍ച്ച കൂടുതൽ പുനര്‍വിതരണം നടത്താനുള്ള വരുമാനം നേടാന്‍ ഉപകരിക്കും.
  5. ഇന്ത്യയുടെ ഇറക്കുമതി ചെലവ് കയറ്റുമതി വരുമാനത്തെക്കാള്‍ കൂടുതലാണ്. ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് നല്കുന്ന കണക്കുകള്‍ പ്രകാരം 2012-13 കാലയളവില്‍ വ്യാപാരക്കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 4.8 ശതമാനം ആണ്. അതിനുപുറമേ ധനകാര്യ കമ്മിയും വര്‍ദ്ധിച്ചു. പൊതു ചെലവുകള്‍ നികുതി നികുതിയേതര വരുമാനത്തെക്കാള്‍ കൂടുതൽ ആകുമ്പോളാണ് ധനകാര്യക്കമ്മി ഉണ്ടാവുന്നത്. ഇന്ത്യയുടെ ധനക്കമ്മിയുടെ ഒരു പ്രധാന കാരണം ഭക്ഷ്യ സുരക്ഷാബില്‍ പോലെ എടുത്താല്‍ പൊങ്ങാത്ത ചെലവുകൾ വഹിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നതാണ്. പൊതു ചെലവ് ജനങ്ങളുടെ കയ്യില്‍ പണം വര്‍ധിപ്പിച്ച് ഇറക്കുമതി കൂട്ടുന്നു. അങ്ങനെ ഇറക്കുമതി ചെലവ് കയറ്റുമതി വരുമാനത്തെക്കാള്‍ വദ്ധിക്കുന്നത് ഇരട്ട കമ്മി ഉണ്ടാക്കും. ഇത്തരത്തില്‍ പുനര്‍വിതരണം മാത്രം ലക്‌ഷ്യം വയ്ക്കുന്ന നയങ്ങള്‍ ധനകാര്യക്കമ്മിയും ഇരട്ട ക്കമ്മിയും വളര്‍ത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ . കമ്മി നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന എഫ്.ആര്‍.ബി.എം ആക്റ്റ് പ്രകാരം ജി.ഡി.പി യുടെ 3.5 % ആയി നിലനിര്‍ത്തേണ്ട ധനകാര്യ കമ്മി ഇപ്പോള്‍ 5% ആയി ഉയര്‍ന്നത് ഇതുപോലെയുള്ള പുനര്‍വിതരണനയങ്ങള്‍ക്ക് ഭരണതലത്തില്‍ കൂടുതൽ പരിഗണന നല്‍കുന്നതിനാല്‍ ആണ്. വോട്ട് മാത്രം ലക്ഷ്യമിടുന്ന ഈ നിലപാട് നല്ല സാമ്പത്തിക ശാസ്ത്രം അല്ല. 3-6 ലക്ഷം കോടിയുടെ യുടെ അധികബാധ്യത ഖജനാവിനു ഉണ്ടാക്കുന്നതാണ് ഭക്ഷ്യസുരക്ഷാബില്‍ . അതുകൊണ്ട് തന്നെ ഭക്ഷ്യസുരക്ഷാബില്‍ പോലുള്ള പുനര്‍വിതരണനയങ്ങള്‍ ഇരട്ടകമ്മി ഉയര്‍ത്തും. ഇത്തരത്തില്‍ കമ്മി സൃഷ്ടിക്കുന്ന വികസനം മൂഡി, സ്റ്റാന്‍ഡേഡ് ആന്‍ഡ്‌ പുവര്‍ തുടങ്ങിയ റേറ്റിങ്ങ് ഏജന്‍സികള്‍ ഇന്ത്യയുടെ റേറ്റിങ്ങ് കുറക്കുന്നതിനും വിദേശ നിക്ഷേപസൌഹൃദ അന്തരീക്ഷം ഇന്ത്യയില്‍ ഇല്ല എന്ന പ്രതീതി ജനിപ്പിക്കുന്നതിനം ഉപകരിക്കുകയുള്ളൂ . വ്യവസ്ഥയുടെ സമൂല തകര്‍ച്ചക്ക് ഇത് വഴിയൊരുക്കും.

കമ്പോളാധിഷ്ഠിത ആഗോള സാമ്പത്തിക ക്രമത്തിന്റെ ഈ വാദങ്ങൾക്കുള്ള മറുവാദം പുനർവിതരണത്തിനാണ് സര്‍ക്കാരുകൾ ആദ്യ പരിഗണന നല്കേണ്ടത് എന്നാണ്. ഇന്ത്യയുടെ സമീപകാല സാമ്പത്തിക വളര്‍ച്ചാ സൂചകങ്ങൾ, ദാരിദ്ര്യം, അസമത്വം തുടങ്ങി ലഭ്യമായ സാമൂഹിക സൂചികകള്‍ എന്നിവ പരിശോധിച്ചാല്‍ പുനര്‍വിതരണ നയങ്ങൾക്ക് അടിയന്തിരമായി ലഭിക്കേണ്ട പ്രാമുഖ്യം ബോധ്യമാകും.

വളര്‍ച്ചാനിരക്കിന്റെ സ്വഭാവം

സ്വതന്ത്ര ഇന്ത്യയുടെ വളർച്ചാനിരക്കിലുണ്ടായ കയറ്റിറക്കങ്ങള്‍ ചിത്രം ഒന്നില്‍ നിന്നും വ്യക്തമാണ്.

xdfdfd
ചിത്രം1 : ഇന്ത്യയുടെ വളർച്ചാനിരക്കിലുണ്ടായ കയറ്റിറക്കങ്ങള്‍

വളര്‍ച്ചാനിരക്കുമായി ബന്ധപെട്ടു പ്രസക്തമായ ചില കാര്യങ്ങള്‍ ചർച്ച ചെയ്യേണ്ടതുണ്ട്.

1950 മുതല്‍ 1980 വരെ 3.5 ശതമാന മായിരുന്നു ഇന്ത്യയുടെ ശരാശരി വളര്‍ച്ചാനിരക്ക് (ഇത് ഹിന്ദു വളര്‍ച്ചാനിരക്ക് എന്ന് അറിയപ്പെടുന്നു). പിന്നീടുള്ള പത്തുവർഷം വളർന്നത്‌ 5.2 % ത്തിലാണ്. എല്ലാ സാമ്പത്തിക സൂചികകളും അനുകൂലമെങ്കിലും സമഗ്ര വികസനം നേടാന്‍ ഈ പുത്തന്‍ ഉണര്‍വിനെ ഫലപ്രദമായി ഉപയോഗിക്കാത്തത് തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇന്ത്യ നേരിട്ട സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതായി വിലയിരുത്തപെടുന്നു. ബദലുകള്‍ ഇല്ലെന്ന പ്രചാരണത്തോടെ പരിഷ്കാര നടപടികള്‍ രാജ്യത്ത് നടപ്പാക്കാന്‍ 90കളിലെ സാമ്പത്തിക പ്രതിസന്ധിയുടെ അവസരം കമ്പോള ശക്തികള്‍ മുതലാക്കി. തൊണ്ണൂറുകളിലെ 5.2 ശതമാനം വളര്‍ച്ചാനിരക്കില്‍ നിന്നും 5.9 ശതമാനം ശരാശരി വളര്‍ച്ചാനിരക്കിലേക്ക് 1990-2000 കാലയളവിൽ സാമ്പത്തിക വളര്‍ച്ചാ വര്‍ദ്ധന ഉണ്ടായി . 2000-2010 കാലയളവിൽ ആകട്ടെ ശരാശരി വളർച്ചാ നിരക്ക് 7.6 ശതമാനം ആയി വർദ്ധിച്ചു. കാലയളവിൽ ഇന്ത്യയിലെ അതീവ ധനികരുടെ സ്വത്തിന്റെ ആകെ തുക മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നാല് ശതമാനത്തില്‍ നിന്നും ഇരുപത്തിമൂന്നു ശതമാനമായി വര്‍ദ്ധിയ്ക്കുകയാണ് ചെയ്തത്.

മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് സമ്പത്ത് വ്യവസ്ഥയുടെ വിവിധ ഘടകങ്ങൾ നടത്തുന്ന സംഭാവന (sectoral contribution to GDP) ഒരു രാജ്യത്തിന്റെ വികസനത്തിന്റെ ചർച്ചകളിൽ ഏറെ പ്രാധാന്യമുള്ള ഒരു വസ്തുത ആണ്. പരിഷ്കാരാനന്തര വളർച്ച നേടാൻ ഇന്ത്യയെ സഹായിച്ചത് ത്രിതീയ മേഖലയായ സേവന മേഖല ആണ്. സേവനമേഖലയിലെ ഉയർന്ന വളർച്ച അസമത്വത്തെ രണ്ടു രീതിയിൽ പരിപോഷിപ്പിക്കാം. ഇന്ത്യയിൽ ബഹുഭൂരിപക്ഷം ജനങ്ങളും ജീവിതോപാധിയായി കാർഷിക മേഖലയെ ആശ്രയിക്കുന്നവർ ആണ്. എന്നാൽ ത്രിതീയമേഖലയിൽ ഉണ്ടാകുന്ന വളർച്ച വരുമാനത്തിലുള്ള അന്തരം വർദ്ധിക്കാൻ കാരണമാകും. രണ്ടാമതായി സാമ്പത്തിക പരിഷ്കാരങ്ങൾ, ജനങ്ങളുടെ തിരഞ്ഞെടുപ്പിന്, കൂടുതൽ ഉത്പന്നങ്ങൾ വിപണിയിൽ എത്താൻ സഹായിക്കുക വഴി ജനങ്ങളുടെ ക്ഷേമം വർദ്ധിക്കും എന്ന് നവലിബറൽ സാമ്പത്തിക ശാസ്ത്രം വാദിക്കുന്നു. എന്നാൽ ത്രിതീയമേഖലയിലെ വളർച്ച യഥാർത്ഥ ഉത്പന്നങ്ങളുടെ (real output) ഉത്പാദനം വർദ്ധിപ്പിക്കുന്നില്ല. അതിനാൽ ക്ഷേമവും വർദ്ധിപ്പിക്കുകയില്ല.

വളര്‍ച്ചാനിരക്കില്‍ പ്രകടമായ മാറ്റം ദൃശ്യമായത് എണ്‍പതുകളില്‍ ആണ്. നവലിബറല്‍ പരിഷ്കാരത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നതു പോലെ 1990കളിലെ പരിഷ്ക്കാരത്തിനു ശേഷം അല്ല. 80 കള്‍ക്ക് ശേഷം കയറ്റിറക്കങ്ങളില്‍ ഉണ്ടായ കുറവും ശരാശരി വളർച്ചാനിരക്കില്‍ പ്രകടമായ മാറ്റവും ചിത്രത്തില്‍ നിന്നും വ്യക്തമാണ്. മാത്രമല്ല എണ്‍പതുകളിലെ ഉയർന്ന വളര്‍ച്ചാനിരക്ക് നിലനിർത്താനോ അതിനെ കവച്ചുവയ്ക്കാനോ പരിഷ്ക്കാരാനന്തര സമ്പദ് വ്യവസ്ഥക്ക് സാധിച്ചിട്ടില്ല. 1970-1980 കാലയളവില്‍ ഗവണ്മെന്റിന്റെ ഉയർന്ന പൊതുചെലവ് മൊത്തം ഡിമാന്റിലും ഉത്പാദനത്തിലും വരുത്തിയ വർദ്ധനവ്‌,പുതിയ നിക്ഷേപങ്ങളുടെ ഫലമായി - GDP യില്‍ ഉണ്ടായ ഉയർച്ച, പശ്ചാത്തല സൗകര്യ വികസനത്തിലൂടെ ഉത്പാദനത്തില്‍ നിലനിന്ന തടസങ്ങള്‍ മറികടക്കാനായത്, 1970 കളിലെ വ്യാപാര രംഗത്തെ പരിഷ്കാരങ്ങള്‍ ഉത്പാദന ക്ഷമതയില്‍ വരുത്തിയ ഗുണകരമായ മാറ്റങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് 1980കൾക്ക് ശേഷം ഉണ്ടായ ഉയർന്ന വളർച്ചക്ക് കാരണങ്ങളായി ചൂണ്ടിക്കാണിക്കപെട്ടിരിക്കുന്നത്. കാരണങ്ങള്‍ എന്ത് തന്നെ ആയാലും മുപ്പതു വർഷത്തെ സർക്കാർ നയങ്ങള്‍ ഇന്ത്യയുടെ പുനര്‍വിതരണ പശ്ചാത്തല സംവിധാനത്തെ മികവുറ്റതാക്കി എന്നതാണ് പ്രധാനം.

സാമ്പത്തിക വളര്‍ച്ചാനിരക്കിന്റെ സ്വഭാവമാണ് പുനര്‍വിതരണത്തിന്റെ ഗുണം നിശ്ചയിക്കുന്നത്. ഇന്ത്യയുടെ ഇന്നത്തെ വളര്‍ച്ചാനിരക്കിന്റെ സ്വഭാവം പുനര്‍വിതരണം സാധ്യമാകുന്ന ഒന്നല്ല. എണ്‍പതുകളില്‍ ഇന്ത്യയുടെ വളർച്ചാനിരക്കില്‍ പ്രകടമായ ഉണര്‍വ് സാമൂഹിക വികസന രംഗത്തെ നേട്ടമാക്കി മാറ്റി എടുക്കുന്നതില്‍ ഭരണവർഗ്ഗം പരാജയപെട്ടു. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപെടുത്താന്‍ ഈ വളർച്ചക്ക് സാധിച്ചിട്ടില്ല. രാജ്യത്തെ മൂന്നിലൊന്നു ഭാഗം ജനത ഇന്നും ദരിദ്രരും പാർശ്വവത്കൃതരും വികസനത്തില്‍ നിന്നും മാറ്റി നിർത്തപെട്ടവരും ആണ്. ഇന്ത്യ സ്വതന്ത്രമായ കാലത്തെ മൊത്തം ജനസംഖ്യയെക്കാളധികം വരുന്ന ഈ ജനവിഭാഗമാണ് ഇന്ത്യയുടെ ഉയർന്ന വളർച്ച സാമൂഹിക വികസന രംഗത്തെ നേട്ടമാക്കി മാറ്റിയെടുക്കുന്നതിൽ ഭരണവർഗ്ഗം പരാജയപെട്ടു എന്ന് വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നത് .

അസമത്വവും ദാരിദ്ര്യവും

ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളർച്ചയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായപ്പോൾ ഇന്ത്യയുടെ സാമൂഹിക വികസനത്തിന് എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കുന്ന താണ് ഴീൻ ഡ്രേസുമായി ചേർന്ന് അമർത്യാ സെൻ എഴുതിയ ഏറ്റവും പുതിയ പുസ്തകം (An Uncertain Glory: India and its Contradictions). വളര്‍ച്ചാനിരക്കിന് ഏറെ പ്രാമുഖ്യം നല്കുന്ന ഇന്നത്തെ ആഗോള സാമ്പത്തിക ക്രമത്തിന്റെ ഭാഗമായ ഭരണകൂടങ്ങള്‍ പുനര്‍വിതരണനയങ്ങളെ അപ്രധാനമായി കാണുന്നത്തിന്റെ പരിണിതിയാണ്‌ ഇന്ത്യയുടെ സാമൂഹിക വികസന മുരടിപ്പിന് പ്രധാന കാരണമെന്ന് പുസ്തകം വിലയിരുത്തുന്നു. അസമത്വവും ദാരിദ്ര്യവും മറ്റ് സാമൂഹിക വികസന സൂചികകള്‍ക്കൊപ്പം ഇന്ത്യയിൽ വര്‍ദ്ധിക്കുന്ന കാഴ്ച്ചയാണ് നാം കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ കണ്ടത്. ശുചിത്വം,പോഷകാഹാരം വിദ്യാഭ്യാസം, ലിംഗപരമായ സമത്വം തുടങ്ങിയ എല്ലാ മേഖലകളിലും അസമത്വം നിലനില്ക്കുന്നതായി ലോകബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു . 2009 ലെ കണക്കു പ്രകാരം ഇന്ത്യയിലെ നഗര വാസികളില്‍ 75.5 ശതമാനം ആളുകള്‍ക്ക് പ്രതിദിനം 2200 കലോറിയും ഗ്രാമവാസികളില്‍ 73 ശതമാനം ആളുകള്‍ക്ക് പ്രതിദിനം 2100 കലോറിയും ഭക്ഷണം വാങ്ങാന്‍ ശേഷി ഇല്ലാത്തവരാണ്. 2004-2005 കണക്കു പ്രകാരം ഇത് യഥാക്രമം 69.5 ഉം 64.5 ഉം ആയിരുന്നു. വളര്‍ച്ചാനിരക്കിന് പ്രാധാന്യം നല്കിയ പരിഷ്കാരാനന്തര കാലഘട്ടത്തില്‍ ദാരിദ്ര്യനിർമാർജനത്തിന്റെ നിരക്ക് പരിഷ്കാരത്തിനു മുൻപുള്ള കാലഘട്ടത്തെ നിരക്കായ 0.85 ശതമാനത്തെ അപേക്ഷിച്ചു 0.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മാനവവികസന സൂചിക, ബഹുമുഖ ദാരിദ്ര്യസൂചിക, ലിംഗപരമായ അസമത്വ സൂചിക,ആഗോള വിശപ്പ്‌ സൂചിക, മറ്റു ലഭ്യമായ പഠനങ്ങള്‍ എന്നിവകളുടെ വെളിച്ചത്തില്‍ ഇന്ത്യയുടെ സാമൂഹിക വികസനത്തെ വായിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.

ഒരു രാജ്യത്തിന്റെ സാമൂഹിക വികസനം മനസ്സിലാക്കാന്‍ ഏറ്റവും ആധികാരികമായി ഇന്ന് നിലവിലുള്ള സൂചകം യുണൈറ്റെഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം (UNDP) യുടെ മാനവ വികസന സൂചിക (HDI) ആണ്. എണ്‍പതുകള്‍ മുതല്‍ ഇന്ത്യയുടെ മാനവവികസന സൂചികയില്‍ ഉണ്ടായ മാറ്റം ചിത്രം രണ്ടില്‍ കൊടുത്തിരിക്കുന്നു. 2007 - 2012 കാലയളവില്‍ മാനവവികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പിറകോട്ടു പോകുകയായിരുന്നു. ഇക്കാലയളവില്‍ സൂചികയിലെ ഇന്ത്യയുടെ മൂല്യത്തില്‍ ഉണ്ടായ പ്രതിവർഷ വർധനവ്‌ 1.5 ശതമാനം മാത്രമാണ് . 180 ഓളം രാജ്യങ്ങളുടെ പട്ടികയില്‍ 25ഓളം രാജ്യങ്ങള്‍ ഇന്ത്യയെക്കാള്‍ ഉയർന്ന തോതിലുള്ള മാനവവികസനമാണ് നേടിയത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

xdfdfd
ചിത്രം 2: ഇന്ത്യയുടെ മാനവ വികസന സൂചികയില്‍ ഉണ്ടായ മാറ്റം

ലോകത്തിലെ ദരിദ്രരുടെ മൂന്നിലൊരു ഭാഗം ആറര പതിറ്റാണ്ടിന്റെ വികസന പാരമ്പര്യമുള്ള ഇന്ത്യയിലാണ്. 2012 ലെ യു.എൻ.ഡി.പി യുടെ ബഹുമുഖ ദാരിദ്ര സൂചികയിലെ (Multidimensional Poverty Index) 104 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 74 (മൂല്യം .283) ആണ്. നേപ്പാള്‍(.217) ഭുട്ടാന്‍ (.199) കെനിയ ( .229) പാകിസ്താന്‍ (.264 ) തുടങ്ങിയ ഒട്ടേറെ രാജ്യങ്ങള്‍ ഈ പട്ടികയില്‍ ഇന്ത്യയ്ക്ക് മുന്നിലാണ്. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും ജീവിതനിലവാരത്തിന്റെയും അടിസ്ഥാനത്തിലാണ് ബഹുമുഖ ദാരിദ്ര്യസൂചിക നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ വരുമാനാടിസ്ഥാനത്തിലുള്ള പരമ്പരാഗത ദാരിദ്ര്യനിര്‍ണ്ണയ സൂചികകളെ അപേക്ഷിച്ചു ദാരിദ്ര്യത്തെ കുറിച്ചു കൂടുതൽ ബൃഹത്തായ ചിത്രം ലഭിക്കുന്നതിനു ഈ സൂചിക ഉപകരിക്കും. സൂചികയിലെ മോശം പ്രകടനം ഇന്ത്യയില്‍ നിലനില്ക്കുന്ന ദാരിദ്ര്യത്തിന്റെ ആഴവും പരപ്പും തുറന്നു കാട്ടുന്നു. ഇന്ത്യയിലെ എട്ടു ദരിദ്ര സംസ്ഥാനങ്ങളിലെ ദരിദ്രരുടെ ജനസംഖ്യ (42.1 കോടി ) 26 ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളിലെ ദരിദ്രരുടെ ജനസംഖ്യ (41 കോടി ) യേക്കാള്‍ കൂടുതൽ ആണ്. 9.5 കോടി ദരിദ്രര്‍ ബീഹാറില്‍ മാത്രമായുണ്ട്. വൈദ്യുതി ,കുടിവെള്ളം , ശുചിത്വം ,പാചക ഇന്ധനം മറ്റ് ആസ്തികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന ജീവിതനിലവാരം ആണ് ഇന്ത്യയുടെ ബഹുമുഖ ദാരിദ്ര്യസൂചികാ മൂല്യം നിര്‍ണ്ണയിക്കുന്ന ഏറ്റവും പ്രധാനഘടകം. വിദ്യാഭ്യാസത്തിലെ പിന്നോക്കാവസ്ഥയും പ്രധാനമാണ്. വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്കരണം അതിന്റെ വിതരണത്തിൽ അസമത്വവും ഗുണനിലവാരത്തിൽ കാര്യമായ ഇടിവും വരുത്തിയിട്ടുണ്ട്.

ജാതിപരമായും ലിംഗപരമായും വികസനത്തില്‍ നിന്ന് ഇതുവരെ അകറ്റി നിർത്തിയവരെ വികസനത്തിന്റെ ഭാഗമാക്കുന്ന ഇന്ക്ലൂസിവ് വികസനം എന്ന നയത്തിനും ആശിച്ച ഫലം കാണാനാവുന്നില്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2012 ലെ ലിംഗപരമായ അസമത്വത്തെ സംബന്ധിക്കുന്ന യു.എന്‍.ഡി.പി കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. പ്രത്യുല്പാദന ആരോഗ്യം, ശാക്തീകരണം, തൊഴില്‍ പങ്കാളിത്തം എന്നിവയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി നിർമിച്ച ജെന്റർ ഇനിക്വാളിറ്റി ഇന്‍ഡക്സിലെ ഇന്ത്യയുടെ സ്ഥാനവും ഏറെ പിറകിലാണ്. 2005- 2010 കാലയളവില്‍ 62.8 ശതമാനം സാക്ഷരതയുള്ള ഇന്ത്യയില്‍ തൊഴില്‍ വൈദഗ്ദ്ധ്യം നേടാന്‍ ഉതകുന്ന സെക്കണ്ടറി ലെവല്‍ വിദ്യാഭ്യാസം കരസ്ഥമാക്കുന്നതില്‍ സ്ത്രീകളും പുരുഷന്മാരും തമ്മില്‍ വളരെ വലിയ അന്തരമാണ് നിലനില്ക്കുന്നത്. തൊഴില്‍ പങ്കാളിത്തത്തിന്റെ കാര്യത്തിലാണ് ഈ അന്തരം ഏറ്റവും കൂടുതൽ നിഴലിക്കുന്നത് . 2011ല്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത അനുപാതം (work participation rate) 29 ഉം പുരുഷന്മാരുടേത് 80.7 ഉം ആയിരുന്നു. ഈ അന്തരം ഉയർന്ന രീതിയിലുള്ള ലിംഗപരമായ അസമത്വം ഇന്ത്യയില്‍ നിലനില്ക്കുന്നു എന്നതിന് പ്രത്യക്ഷത്തിലുള്ള തെളിവാണ്.

ആയുർദൈർഘ്യം , പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക്, പെണ്‍കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയ സൂചകങ്ങൾ പരിശോധിച്ചാൽ ബംഗ്ലാദേശ് അടക്കമുള്ള ദരിദ്രരാജ്യങ്ങളെക്കാൾ പിറകിലാണ് ഇന്ത്യ എന്ന വസ്തുത മനസിലാകും. ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് പുറത്തിറക്കിയ 179 രാജ്യങ്ങളുടെ ആഗോള വിശപ്പ്‌ സൂചികയിലെ (2013) ഇന്ത്യയുടെ സ്ഥാനം 65 ആണ് . ഈ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം നിഗര്‍ നേപ്പാള്‍ സുഡാന്‍ റുവാണ്ട തുടങ്ങിയ ദരിദ്ര രാജ്യങ്ങളെക്കാള്‍ പിറകിലാണ്. ഗ്രാമീണ ജനങ്ങളിൽ 44 ശതമാനത്തിനും പോഷണക്കുറവുണ്ട്. 75 ശതമാനത്തിനും ലഭ്യതകുറവുണ്ട്. പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ലോകത്തിലെ കുട്ടികളുടെ 40 ശതമാനവും (21.7 കോടി) ഇന്ത്യയില്‍ ആണ്. 5 വയസ്സില്‍ താഴെയുള്ള 48% കുട്ടികള്‍ വളര്‍ച്ചാ മുരടിപ്പും 43 ശതമാനം കുട്ടികള്‍ ഭാരക്കുറവും ഉള്ളവരാണ്. ഇന്ത്യയിലെ ജനങ്ങളുടെ പ്രതിശീർഷധാന്യ ഉപഭോഗത്തിലും വന്‍കുറവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത് . അന്താരാഷ്ട്രവ്യാപാരം വഴിയും ഉദാരമാക്കിയ മൂലധന കൈമാറ്റം വഴിയും വികസ്വരരാജ്യങ്ങളിലെ പെരിഫെറികളില്‍ നിന്നും മിച്ച മൂല്യം വികസിതരാജ്യങ്ങളുടെ കേന്ദ്രത്തിലേക്ക് ക്രമമായി ഒഴുകിക്കൊണ്ടിരിക്കുന്നതായി നിരീക്ഷിക്കപെട്ടിട്ടുണ്ട്. വ്യാപാരം ഉദാരമാക്കിയതോടുകൂടി കൂടുതൽ കൂടുതൽ കാർഷികഭൂമി കയറ്റുമതി ഉത്പാദനത്തിനു മാത്രമാക്കി വിട്ടുകൊടുക്കുന്നത് ഭക്ഷ്യവിലക്കയറ്റം ഉണ്ടാക്കുന്നു.വികസ്വര സമ്പദ് വ്യവസ്ഥകളിലെ ഉയർന്ന ഭക്ഷ്യവിലക്കയറ്റവും ഭക്ഷ്യധാന്യ വിതരണസംവിധാനത്തില്‍ നിന്നും സർക്കാരിന്റെ പിന്മാറ്റവും മറ്റും ജനങ്ങളുടെ വാങ്ങല്‍ശേഷിയില്‍ വരുത്തിയ ഇടിവ് ജീവിക്കാന്‍ ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനുള്ള കഴിവ് പോലും നഷ്ടമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ മിച്ചമായി സൂക്ഷിക്കുന്ന ധാന്യമാണ്‌ കയറ്റുമതി ചെയ്യപെടുന്നത് എന്ന് പറയുമ്പോള്‍ ഈ ചിത്രം പൂര്‍ണ്ണമാകും.

സമ്പദ് വ്യവസ്ഥയിലെ തൊഴിലെടുക്കാനാകുന്ന ജനവിഭാഗത്തെ നിർണയിക്കുന്നത് ആ രാജ്യത്തെ വിദ്യാഭ്യാസവും-വിശിഷ്യ ഉന്നത വിദ്യാഭ്യാസവും- തൊഴിലധിഷ്ടിത പ്രാഗത്ഭ്യപരിശീലനവും (skill Development) ആണ്. എന്നാല്‍ ഇന്ത്യയില്‍ തൊഴിലെടുക്കാനാകുന്ന ജനവിഭാഗത്തില്‍ 10 ശതമാനത്തില്‍ താഴെയുള്ളവര്‍ മാത്രമേ സെക്കണ്ടറി വിദ്യാഭ്യാസം നേടിയിട്ടുള്ളൂ. അവർക്കാകട്ടെ ഇന്നത്തെ ആഗോളവത്കൃതസമ്പത്ത് വ്യവസ്ഥയില്‍ മത്സരിക്കാനുള്ള തൊഴില്‍ വൈദഗ്ദ്ധ്യം കുറവാണ് താനും. ഇന്ത്യയുടെ വളർച്ചയെ പരിപോഷിപ്പിക്കാന്‍ ഏറ്റവും ഉതകുന്ന ഘടകം രാജ്യത്തെ മൊത്തം ജനതയില്‍ തൊഴിലെടുക്കാനാവുന്ന യുവജന വിഭാഗത്തിന്റെ ഉയർന്ന സാന്നിധ്യമാണെന്ന് ഊറ്റം കൊള്ളുന്നവരാണ് ഈ കണക്കുകള്‍ ശ്രദ്ധിക്കേണ്ടത്. ഈ ഡിമോഗ്രാഫിക്ക് ഡിവിഡന്റിനെ ഗുണപരമായി ഉപയോഗിക്കാനുള്ള രാജ്യത്തിന്റെ ശേഷിക്കാണ് കുട്ടികളിലെ പോഷകാഹാരക്കുറവും യുവാക്കളിലെ തൊഴില്‍ വൈദഗ്ദ്ധ്യത്തിന്റെ അഭാവവും വിലങ്ങുതടി ആകുന്നത്.

ഇന്ത്യയിലെ വിവിധ പ്രദേശങ്ങള്‍ തമ്മില്‍ ആളോഹരി വരുമാനവളർച്ചയുടെ അടിസ്ഥാനത്തില്‍ പ്രാദേശിക അസമത്വത്തെ സംബന്ധിക്കുന്ന അനേകം പഠനങ്ങള്‍ ലഭ്യമാണ് . പ്രദേശങ്ങളിലെ വ്യത്യസ്ത വളർച്ചാനിരക്കുകള്‍ ദീർഘകാലം സ്ഥിരതയുള്ള ശരാശരി വളർച്ചാനിരക്കിലേക്ക് (steady state growth) ഒരുമിച്ചു ചേരുന്നു എന്നുള്ളതിന് ഒരു തെളിവും ഈ പഠനങ്ങള്‍ നല്കുന്നില്ല. അതായത് ഇന്ത്യയിലെ ദരിദ്രസംസ്ഥാനങ്ങളുടെ ആളോഹരി വരുമാന വളർച്ച ധനിക സംസ്ഥാനങ്ങളുടേതില്‍ നിന്നും ഏതു മാനകം വച്ചളന്നാലും അടുപ്പിക്കാന്‍ ആകാത്തവിധം അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ലഭ്യമായ പഠനങ്ങളുടെ കണ്ടെത്തലുകളെ തൊണ്ണൂറുകളിലെ നയവ്യതിയാനങ്ങളുടെ പശ്ചാത്തലത്തില്‍ സ്വാംശീകരിച്ച് ശ്രീ ഗൌരവ് നയ്യാര്‍ 2008 ല്‍ നടത്തിയ പഠനം ഇന്ത്യയുടെ പ്രാദേശിക അസമത്വത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ സാമൂഹിക പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിനായി ഉയർന്ന തോതിലുള്ള സർക്കാർ ഇടപെടലുകളും പുനര്‍വിതരണവും കൂടിയേ തീരൂ എന്ന നിഗമനത്തിലാണ് പഠനം എത്തിച്ചേരുന്നത്.

വളര്‍ച്ചയുടെയും പുനര്‍വിതരണത്തിന്റെയും കാലഗണന ക്രമം

ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് നേടിയതിന് ശേഷമാകാം പുനര്‍വിതരണം എന്ന നിലപാടില്‍ ഒരുപാടു പ്രായോഗിക പ്രശ്നങ്ങളുണ്ട്. ഒന്നാമതായി വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന നയങ്ങള്‍ പിന്തുടരുന്ന സര്‍ക്കാരുകള്‍ ഒരു സുപ്രഭാതത്തില്‍ അവരുടെ നയങ്ങളില്‍ പരിപൂര്‍ണ്ണമായി മാറ്റം വരുത്തി പുനര്‍വിതരണത്തിനു മുതിരണം. ഇത്തരത്തിലുള്ള ഒരു വ്യതിയാനം പ്രായോഗികമായി സര്‍ക്കാരുകള്‍ പിന്തുടരും എന്ന് വിശ്വസിക്കാന്‍ വിഷമമാണ്. അതിലുപരി ഈ വ്യതിയാനം എത്ര കാലയളവിനുള്ളില്‍ എത്ര വളര്‍ച്ചാ നിരക്കില്‍ എത്തുമ്പോള്‍ ചെയ്യണമെന്നോ അതുവരെ ജനങ്ങള്‍ എന്ത് ചെയ്യും എന്നോ യാതൊരു രൂപവുമില്ല. അത്തരത്തില്‍ നോക്കുമ്പോള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് നേടിയ ഒരു രാജ്യത്തിനു പുനര്‍വിതരണത്തെ കുറിച്ചു ചിന്തിക്കാവുന്നതാണ് എന്ന വാദം തീർത്തും അസംബന്ധമാണെന്ന് വ്യക്തമാകും.

ഭക്ഷ്യസുരക്ഷാബില്ല് രാജ്യത്തിന്റെ ധനകമ്മി ഉയർത്തും എന്ന വാദവും അസംബധമാണ്. കണക്കുകല്‍ കൊണ്ട് ഇത് വ്യക്തമാക്കാം. 2012-13 കാലയളവില്‍ 85000 കോടി ഇന്ത്യയുടെ മൊത്തം സബ്സിഡി തുക 2013-14 ല്‍ 90000 ആകുമെന്നാണ് പ്രതീക്ഷ. 2011-12 ല്‍ 45% ആളുകള്‍ക്ക് റേഷൻ കടകളിലൂടെ ധാന്യങ്ങള്‍ ലഭിച്ചു. എന്നാൽ ഭക്ഷ്യസുരക്ഷാബില്ലിലൂടെ 67% പേർക്ക് ഗുണം ലഭിക്കും. 22% പേര്ക്ക് ധാന്യം നല്കാൻ 45000 കോടി മതി. ഇത് 2012 -13 ലെ ജി.ഡി.പി ആയ 9461013 കോടിയുടെ .47 % മാത്രമേ വരികയുള്ളൂ. ധാന്യങ്ങളുടെ നാശം കുറക്കാൻ വിതരണം വിപുലീകരിക്കണം എന്ന് ഗവേഷണ ഫലങ്ങള്‍ ഉണ്ട്.ഇനി ധാന്യ ഉത്പാദന ചെലവ് വർധിച്ചാലും ഭക്ഷ്യധാന്യ സബ്സിഡി 1.33-1.43% മാത്രമേ വർദ്ധിക്കുകയുള്ളൂ . നിക്ഷേപ സൌഹൃദ അന്തരീക്ഷത്തിനു വേണ്ടി ഇന്ത്യയിലെ നികുതി ജി.ഡി.പി അനുപാതം ഏറ്റവും കുറഞ്ഞ 10.4% ആയി നിജപ്പെടുത്തിയത് ഖജനാവിലെ വരുമാനം കുറയ്ക്കും.ഉള്ള നികുതിയിൽ തന്നെ ജി.ഡി.പി യുടെ 6 ശതമാനം പിരിച്ചു എടുക്കാൻ സാധിക്കാതെ കിടക്കുന്നു. അതായത് 573626.7 കോടി രൂപ. ഭക്ഷ്യസുരക്ഷാ ബിൽ നടപ്പാക്കാൻ ഈ തുക ധാരാളം മതി.

തൊഴിലുറപ്പ് ആരോഗ്യ ഇൻഷൂറൻസ് പദ്ധതികൾ

രണ്ടാം യു.പി.എ സർക്കാർ ഏറെ കൊട്ടിഘോഷിച്ചു നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതി, എന്നിവ എടുക്കാം. വസ്തുതാപരമായി നടത്തിയ സൂഷ്മ അപഗ്രഥനങ്ങൾ വ്യക്തമാക്കുന്നത് ഇതെല്ലാമാണ്.

  1. ഒട്ടേറെ മാറ്റങ്ങൾ ദൃശ്യമാണ് എങ്കിലും ഒറീസ്സാ, ഗുജറാത്ത് മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാങ്ങളിൽ ഉദ്യോഗസ്ഥ രാഷ്ട്രീയ തലങ്ങളിൽ നിലനില്ക്കുന്ന അഴിമതിയും മെല്ലെപ്പോക്കും ഒരു വലിയ വിഭാഗം ഗുണഭോക്താക്കളെ ഈ പദ്ധതിയുടെ ഗുണഫലങ്ങൾ ലഭിക്കുന്നതിൽ നിന്നും മാറ്റി നിർത്തുന്നു. ഏറെ കൊട്ടിഘോഷിച്ച ഗുജറാത്തിൽ ദരിദ്രരിൽ ദരിദ്രരും നിരക്ഷരരുമായ മുക്കാൽ ഭാഗം ജനങ്ങൾക്കും ഇങ്ങനെ ഒരു പദ്ധതി നിലനില്ക്കുന്നുണ്ട് എന്ന അറിവ് നല്കാൻ പോലും സാധിച്ചിട്ടില്ല.
  2. ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുടെ ഭാഗമായി ചില സംസ്ഥാനങ്ങളിൽ പദ്ധതിക്കായി കണ്ടെത്തിയ എമ്പാനൽഡ് ആശുപത്രികളിൽ സ്വകാര്യ കോർപ്പൊറേറ്റ് മേഖലയിൽ ഉള്ള ആശുപത്രികൾ ആണ് അധികവും . ആശുപത്രികൾ ഒട്ടേറെ കൃത്രിമങ്ങൾ ഈ മേഖലയിൽ നടത്തുന്നുണ്ട്. അർഹരായ രോഗികൾക്ക് സൗജന്യ ചികിത്സ വ്യാപകമായി നിഷേധിക്കപ്പെടാൻ ഇത് കാരണമാവുന്നു.ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലും ആരോഗ്യ ഇൻഷൂറൻസ് കാർഡുകൾ വിതരണം ചെയ്യുന്നതിലും അഴിമതി പ്രകടമാണ്.
  3. ഒറീസ്സ പോലെയുള്ള സംസ്ഥാനങ്ങളിൽ ആരോഗ്യ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ അമ്പേ പരാജയപ്പെട്ടു എന്നാണു കണക്കുകൾ കാണിക്കുന്നത്.ഒരു ലക്ഷം ജനങ്ങൾക്ക്‌ കേരളത്തിൽ 14 ഉം അരുണാചൽ പ്രദേശിൽ 24 ഉം ആശുപത്രികൾ ഉള്ളയിടത്ത് ഒറീസ്സയിൽ ഒരു ലക്ഷം ജനങ്ങൾക്ക്‌ ഒന്നിൽ താഴെ ആണ് ആശുപത്രിയുടെ എണ്ണം. ഇവയിൽ പലതിനും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ല.
  4. തൊഴിലുറപ്പ് പദ്ധതി വൻവിജയം എന്ന് അവകാശപ്പെടുമ്പോഴും ഉയർന്ന ആളോഹരി വരുമാനവും ഉയർന്ന വളർച്ചാനിരക്കുമുള്ള പഞ്ചാബ്‌, കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് സ്വന്തം നാട്ടിൽ തൊഴിലില്ലാത്ത തൊഴിൽ അന്വേഷകരുടെ കുടിയേറ്റം വ്യാപകമായി കാണാൻ സാധിക്കും. പല സംസ്ഥാനങ്ങളിലും പദ്ധതി നിർവഹണത്തിലും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും മുൻഗണന നിശ്ചയിക്കുന്നതിലും രൂഢമൂലമായ അഴിമതി ദരിദ്രരിൽ ദരിദ്രരെ അവരുടെ തൊഴിൽ അവകാശത്തിൽ നിന്നും അകറ്റി നിരത്തുന്നു.
  5. പല സംസ്ഥാനങ്ങളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണ സംവിധാനത്തിന്റെ പിടിപ്പുകേട് പദ്ധതി നിർവഹണത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

പുനർവിതരണ നയങ്ങൾ തിരഞ്ഞെടുപ്പ് വർഷങ്ങളിൽ ഭരണകക്ഷികൾ ജനങ്ങൾക്ക്‌ നൽകേണ്ടുന്ന സോപ്പ് മാത്രമാണെന്ന് വാദിക്കുന്ന പനഗേറിയമാർക്കും ഭഗവതിമാർക്കും മേൽക്കൈയുള്ള എൻ.ഡി.എ സർക്കാരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്‌. മന്മോഹനെക്കാൾ ആർജവത്തോടെ നവലിബറലിസം ഗുജറാത്തിൽ നടപ്പാക്കി കോർപ്പറേറ്റുകളുടെ കണ്ണിലുണ്ണിയായ നരേന്ദ്രമോഡിയുടെതാണ് ഭരണം. ആസൂത്രണ കമ്മീഷനെ തകർത്തുകൊണ്ട് അവർ അവരുടെ പദ്ധതി ഉത്ഘാടനം ചെയ്തിരിക്കുന്നു. അസമത്വത്തില്‍ നിന്നും ഉയരുന്ന അസംതൃപ്തി സാമൂഹിക അരക്ഷിതാവസ്ഥയിലേക്കും പ്രക്ഷോഭങ്ങളിലേക്കും നീളുമെന്ന സമകാലിക ചരിത്രം പാടെ മറന്നിരിക്കുന്നു. മലേഷ്യ, ശ്രീലങ്ക ഉഗാണ്ട മെക്സിക്കോ ആഫ്രിക്ക ഫിജി നേപ്പാള്‍ ഗ്രീസ് ബ്രിട്ടന്‍ തുടങ്ങി ആഗോള സാമ്പത്തിക ക്രമത്തിന്റെ തലസ്ഥാനമായ അമേരിക്കയില്‍ വരെ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പ്രക്ഷോഭങ്ങളില്‍ നിന്നും രക്ഷ നേടാന്‍ വികസന ആവശ്യങ്ങളെ അടിസ്ഥാന അവകാശങ്ങള്‍ ആയി പ്രഖ്യാപിക്കുന്ന നിയമങ്ങള്‍ നിർമ്മിക്കാൻ മുറവിളി ഉയരുന്നുണ്ട്. തൊഴില്‍ അവകാശം, വിവരാവകാശം, വിദ്യാഭ്യാസ അവകാശം തുടങ്ങി ഒട്ടേറെ മേഖലകളില്‍ നിയമനിർമാണം ഇന്ത്യയിലും നടന്നിട്ടുണ്ട്.എന്നാൽ യഥാർത്ഥ ഗുണഭോക്താക്കൾ ഇന്നും ദുരിതക്കയത്തിൽ തന്നെ. ഭരണ കൂടങ്ങള്‍ കനിഞ്ഞു നല്കുന്ന അവകാശങ്ങള്‍ മാത്രമായി ഈ അടിസ്ഥാന ആവശ്യങ്ങളെ മാറ്റിതീര്‍ക്കുന്നത് കമ്പോളശക്തികൾക്ക് ഏറെ സ്വാധീനമുള്ള സര്‍ക്കാരുകളുടെ അപ്രമാദിത്വം വർദ്ധിപ്പിക്കും. കൂടാതെ അസമത്വത്തില്‍ നിന്നും ഉയരുന്ന അസംതൃപ്തി മാത്രമാണ് ഭരണകൂടങ്ങള്‍ അവകാശങ്ങള്‍ കനിഞ്ഞു നല്കുന്നതിലൂടെ പരിഹരിക്കപ്പെടുന്നത്. അടിസ്ഥാനപരമായ അസമത്വം സമസ്ത മേഖലകളിലും ഉയരുകതന്നെയാണ്. അവകാശങ്ങള്‍ കനിഞ്ഞു നല്കുന്ന പ്രവണതയാണ് വികസനം എന്ന കാഴ്ചപ്പാടിന് പകരം സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തലാണ് വികസനം എന്ന തിരിച്ചറിവിലൂടെ മാത്രമേ അസമത്വം പരിഹരിക്കപെടുകയുള്ളൂ എന്ന് തിരിച്ചറിയേണ്ടതുണ്ട്.