ദേശാന്തരവാസികളുടെ ദുരിതക്കയങ്ങൾ

xdfdfd

2001 മുതൽ 2011 വരെയുള്ള പത്തു വർഷക്കാലം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് വളരെ സവിശേഷതകൾ ഉള്ളതാണ്. ഇന്ത്യൻ സാമ്പത്തിക വളർച്ച ഒമ്പത് കണ്ട കാലയളവാണിത്. ഈ കാലയളവിൽ തന്നെയാണ് ഏറെ ചർച്ചകൾക്ക് വഴിവെച്ച തൊഴിൽരഹിത വളർച്ചയുണ്ടായതും. ഇവയ്ക്കെല്ലാമുപരി ഇന്ത്യൻ നഗരങ്ങൾ ഗ്രാമങ്ങളെ അപേക്ഷിച്ച് ജനസംഖ്യ വർദ്ധനവ്‌ രേഖപ്പെടുത്തിയ വർഷങ്ങളാണിവ. 2011 സെൻസസ് റിപ്പോർട്ട്‌ പ്രകാരം നഗരങ്ങളിലെ ജനസംഖ്യ കഴിഞ്ഞ പത്തു വർഷത്തിൽ (2001-2011) 91 ദശലക്ഷം വർദ്ധിച്ചപ്പോൾ ഗ്രാമീണ ഇന്ത്യയുടേത് 90.6 ദശലക്ഷം മാത്രമാണ് വർദ്ധിച്ചത്. പ്രത്യക്ഷത്തിൽ ചെറുതെന്ന് തോന്നിയേക്കാവുന്ന ഈ അന്തരം പക്ഷെ ഒരു പുതിയ പ്രതിഭാസമാണ്. ഗ്രാമങ്ങൾ വിട്ട് നഗരങ്ങളിലേക്ക് ചേക്കേറുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഈ പ്രതിഭാസത്തിന്റെ മുഖ്യസ്രോതസ്സായി വിലയിരുത്തപ്പെടുന്നു. മുംബൈ , ഡൽഹി , കൊൽകത്ത മുതലായ വൻ നഗരങ്ങൾ ഇന്ന് ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപാർക്കുന്ന ലോകത്തിലെ പത്ത് നഗരങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു.

എന്തുകൊണ്ട് ഗ്രാമങ്ങൾ വിട്ട് നഗരങ്ങളിലേക്ക് ?

വർദ്ധിതതോതിൽ നടക്കുന്ന നഗരവൽക്കരണവും അതുവഴി നഗരങ്ങളിൽ ലഭ്യമാകുന്ന പുതിയ അവസരങ്ങളും ഇതിന് ഒരു കാരണമായി പറയാമെങ്കിലും നവലിബറൽ പരിഷ്കാരങ്ങൾ നട്ടെല്ലൊടിച്ച ഇന്ത്യൻ കാർഷിക മേഖലയും ഒപ്പം ഗ്രാമീണ ഇന്ത്യയും നേരിടുന്ന ദുരവസ്ഥയുടെ നേർസാക്ഷ്യമാണിത്. വികലവികസനമാതൃകകൾ തീർത്ത ദുരിതക്കയം ഇല്ലാതാക്കിയത് ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ ഉപജീവനമാർഗമാണ്. മണിക്കൂറിൽ ശരാശരി 83 പേർ കാർഷികവൃത്തി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്ന തരത്തിൽ ഇത് വളർന്നിരിക്കുന്നു. പട്ടിണിയും ദാരിദ്ര്യവും തൊഴിലവസരങ്ങളുടെ ലഭ്യതക്കുറവും തീർക്കുന്നദുരിതങ്ങളുടെ ദൂഷിതവലയം ഈ വലിയ വിഭാഗത്തെ തൊഴിൽ തേടിയുള്ള ദേശാന്തരവാസത്തിലേക്ക്നയിക്കുന്നു. ഇന്ത്യയിലിന്നു ജനസംഖ്യയുടെ മുപ്പതു ശതമാനത്തിലേറെ തൊഴിൽപരമായ ദേശാന്തരവാസത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ്.

ആരാണ് ഇവർ ? പോകുന്നത് എവിടേക്ക്?

തൊഴിൽ തേടിയുള്ള ദേശാന്തരവാസത്തിൽ ഏർപ്പെടുന്ന തൊഴിലാളികളിൽ ചില പൊതു സ്വഭാവങ്ങൾ കാണാനാകും. ഇവരിൽ ഏറിയ പങ്കും പട്ടികജാതി പട്ടികവർഗ വിഭാഗക്കാരും മറ്റ് പിന്നോക്ക സമുദായാംഗങ്ങളുമാണ്. വലിയൊരു വിഭാഗം നിരക്ഷരരും സാമ്പത്തികബാധ്യതയുള്ളവരുമാണ്. ജാതീയവും സാമ്പത്തികവുമായ ഇവരുടെ ഈ പിന്നോക്കാവസ്ഥ തൊഴിൽ കമ്പോളത്തിൽ ഇവർ എത്തിപ്പെടുന്ന സാഹചര്യങ്ങൾ നിർണ്ണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. ബീഹാർ , രാജസ്ഥാൻ , ഉത്തർ പ്രദേശ്‌ , ജാർഖണ്ഡ് , ഒഡീഷ , തെലങ്കാന മുതലായ പിന്നോക്ക സംസ്ഥാനങ്ങളിൽ നിന്നാണ് ഇവരിൽ ഭൂരിപക്ഷവും.

ജീവിതപ്രാരാബ്ധങ്ങൾ കൂടാതെ തങ്ങൾ വിധേയരാക്കപ്പെടുന്ന സാമ്പത്തിക ശാരീരിക ചൂഷണങ്ങൾ തൊഴിലാളികളെ അവനവനിലേക്ക്‌ തന്നെ ചുരുക്കുന്നു. തന്റെ സാമ്പത്തിക പരാധീനതകൾ തീർക്കുന്നതിനും ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിലുമപ്പുറം തൊഴിലിടങ്ങളിലെ അവകാശങ്ങൾ ഉറപ്പു വരുത്തുവാനോ മനുഷ്യത്വപരമായ സമീപനം തങ്ങളോട് പുലർത്തണം എന്ന് അവകാശപ്പെടുവാനോ ഇവർ തയ്യാറാകുന്നില്ല. സംഘാടന ശേഷിയുള്ള തൊഴിലാളികളെ മുതലാളിമാർ മുക്കാടമ്മാരാക്കി മാറ്റുന്നു.

ഒരേ സമയം വികസനസംബന്ധമായ പ്രാദേശിക അസമത്വത്തിന്റെയും ഇന്ത്യൻ സാമ്പത്തിക വളർച്ചയുടെയും സിരാകേന്ദ്രങ്ങളായി വർത്തിക്കുന്ന വൻ നഗരങ്ങളാണ് ഇവരുടെ പ്രധാന അഭയസ്ഥാനങ്ങൾ. ചേക്കേറുന്ന വൻനഗരങ്ങൾ ഇവർക്ക് താൽക്കാലിക അഭയകേന്ദ്രങ്ങൾ മാത്രമാണ്.എവിടെയും ഇവർ സ്ഥിരമായി തങ്ങുന്നില്ല. ചിലർ ആവശ്യത്തിനു പണം സമ്പാദിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്നു. സമ്പാദിച്ച പണം കൃഷിയിൽ തന്നെയോ അല്ലെങ്കിൽ മറ്റ് ഉല്പാദന മേഖലകളിലോ നിക്ഷേപിച്ച ശേഷം പഴയ തൊഴിലിലേക്ക് മടങ്ങുന്നു. ഇങ്ങനെ ഇവർ ഒരു ചാക്രിക സ്വഭാവം പ്രകടിപ്പിക്കുന്നു (Circular Migration ). മറ്റൊരു കൂട്ടർക്ക് കൃത്യമായ ലക്ഷ്യസ്ഥാനങ്ങളില്ല. മൂന്നുമാസക്കാലം മുംബൈയിലെങ്കിൽ അടുത്ത ആറുമാസക്കാലം ഇവർ ഡൽഹിയിലോ ബാംഗ്ലൂരോ മറ്റേതെങ്കിലും നഗരത്തിലോ ആവാം. മുമ്പ് പറഞ്ഞ കൂട്ടരിൽനിന്ന് ഇവരെ വ്യത്യസ്തരാക്കുന്നത് ദേശാന്തരവാസത്തിലെ ഈ ക്രമമില്ലായ്മയാണ് (Footloose Migration ). സാമ്പത്തിക പരാധീനതകൾ വേട്ടയാടുന്ന ഇവർ ചെന്നെത്തുന്ന നഗരങ്ങളിൽ എന്ത് ജോലി ചെയ്യാനും തയ്യാറാകുന്നു. കെട്ടിടനിർമാണമേഖലയിലും , കട്ടചൂളകളിലും, ഹോട്ടലുകളിലും യാതൊരു സുരക്ഷയുമില്ലാത്ത ജോലികളിൽ ഇവർ ഏർപ്പെടുന്നു. പല നഗരങ്ങളിലും തൊഴിൽ തേടിയെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ അതിപ്രസരം ഇന്ന് കാണാവുന്നതാണ്. അങ്ങനെ 'തിളങ്ങുന്നഇന്ത്യ' യുടെ സാമ്പത്തിക വളർച്ചയുടെ ചരിത്രം ദുരിതങ്ങൾ പേറി ഗ്രാമാന്തരങ്ങൾ വിടുന്ന തൊഴിലാളികളുടെ ദേശാന്തരവാസത്തിന്റെ ചരിത്രം കൂടിയാകുന്നു.

ജോലിസ്ഥലങ്ങൾ , വ്യവസ്ഥകൾ , ആനുകൂല്യങ്ങൾ

ഗ്രാമങ്ങളിൽ സാമ്പത്തിക അരക്ഷിതാവസ്ഥ അനുഭവിക്കുന്ന തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ പ്രത്യേകം ആളുകളുണ്ട്. ഇവർ 'മുക്കാടം' എന്ന പേരില് അറിയപെടുന്നു. മുക്കാടം ഇടനിലക്കാരനാണ്. യഥാർത്ഥ മുതലാളിയുടെ വിശ്വസ്തനുമാണ്‌. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും മുക്കാടം വഴി മാത്രം നടക്കുന്നു. പലപ്പോഴും തൊഴിലാളികൾക്ക് മുതലാളി ആരെന്ന് യാതൊരു ധാരണയും ഉണ്ടാവില്ല. എല്ലാം മുക്കാടം നിയന്ത്രിക്കുന്നു. ഇയാൾ ഗ്രാമങ്ങളിലുള്ള തൊഴിലാളി കുടുംബങ്ങളിൽ ചെന്ന് ഒരു വലിയ തുക 'അഡ്വാൻസ്‌' നല്കി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. ഒരു കുടുംബത്തെ മൊത്തമായോ ജോലിചെയ്യാൻ കെല്പ്പുള്ള കുടുംബാംഗങ്ങളെ മാത്രമായോ ഇയാൾ റിക്രൂട്ട് ചെയ്തെന്നു വരാം. ഓരോ തൊഴിലാളിക്കും പതിനായിരമോ പതിനയ്യായിരമോ അഡ്വാൻസ്‌ നല്കുന്നു. ഈ തുക തൊഴിലാളികൾ അവരുടെ അദ്ധ്വാനത്തിലൂടെ തിരികെ നൽകേണ്ടതാണ്. ഈ വ്യവസ്ഥ പലപ്പോഴും ഒരു കെണിയായി മാറുന്നു.

xdfdfd
കേരളത്തിലെ ദേശാന്തര തൊഴിലാളികൾ കടപ്പാട്: ദി ഹിന്ദു

മുംബൈ, ഹൈദരാബാദ് മുതലായ നഗരങ്ങളുടെ സമീപപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന കട്ടചൂളകൾ ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെടുന്ന ദേശാന്തരവാസികളായ തൊഴിലാളികൾ പണിയെടുക്കുന്ന ഒരു പ്രധാന മേഖലയാണ്. തൊഴിലാളികളുടെ കൂലി അവർ നിർമ്മിക്കുന്ന ചുടുകട്ടകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ മുക്കാടം നല്കുന്ന അഡ്വാൻസ്‌ തുക ഈടാക്കിയ ശേഷം അവശേഷിക്കുന്നത് മാത്രമേ ഇവർക്ക് ലഭിക്കുകയുള്ളൂ. ആ തുക തന്നെ നിർമ്മിച്ച ചുടുകട്ടകൾ കമ്പോളത്തിൽ വിപണനം ചെയ്തശേഷം മുതലാളിക്ക് കിട്ടുന്ന ലാഭത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. ലാഭമില്ലെങ്കിൽ കൂലിയില്ല. ചുരുക്കത്തിൽ തൊഴിലാളികൾക്ക് പലപ്പോഴും ഒന്നും കിട്ടാത്ത അവസ്ഥയാണ് ഉണ്ടാവുക. ഇത് ഒരു ഒറ്റപ്പെട്ട അനുഭവമല്ല. ദേശാന്തരവാസികളായ തൊഴിലാളികൾ പണിയെടുക്കുന്ന മിക്ക മേഖലകളിലും സ്ഥലങ്ങളിലും ഇത് കാണാവുന്നതാണ്. ഇവർ അനുഭവിക്കുന്ന ചൂഷണത്തിന്റെ ഒരു വശം മാത്രമാണിത്. ശാരീരിക പീഡനങ്ങൾ ഇവർക്ക് ഒരു പുതുമയല്ല. കൂലിവർദ്ധനവ് ആവശ്യപെട്ട തൊഴിലാളിയുടെ കൈപ്പത്തി മുറിച്ചുമാറ്റിയ സംഭവമുണ്ടായത് ഹൈദരാബാദിന് സമീപമുള്ള ഒരു കട്ടചൂളയിലാണ് . സ്ത്രീ തൊഴിലാളികൾ ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാക്കപ്പെടുന്നു. തൊഴിൽപരമായ അവകാശങ്ങളെ സംബന്ധിച്ച് യാതൊരു അറിവുമില്ലാത്ത ഇക്കൂട്ടരെ നിയന്ത്രിക്കുവാൻ ഒരു പ്രയാസവും മുതലാളിമാർ അനുഭവിക്കുന്നില്ല. മുക്കാടം ഇതിൽ മുതലാളിയെ സമ്പൂർണമായി പിന്തുണയ്ക്കുന്നു. തൊഴിലാളികൾക്ക് ഇടവേളകൾ നൽക്കുന്നത് വിരളമാണ്. ഒരു ദിവസം പതിനാലും പതിനാറും മണിക്കൂർ പണിയെടുക്കേണ്ടിവരുന്ന തൊഴിലാളികൾക്ക് ജോലിസ്ഥലത്ത് കണ്ടുമുട്ടുന്ന സഹതൊഴിലാളികൾ അല്ലാതെ സാമൂഹ്യ ബന്ധങ്ങൾ ഒന്നും തന്നെ ഉണ്ടാവാറില്ല. വിരട്ടിയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പാർപ്പിച്ചും ഇവർ പ്രാദേശിക തൊഴിലാളികളുമായി ഇടപഴകുന്നതോ ചങ്ങാത്തം സ്ഥാപിക്കുന്നതോ തടയുന്നു. സാധാരണ തൊഴിലാളികൾക്ക് ലഭിക്കുന്ന പി.എഫ് മുതലായ ആനുകൂല്യങ്ങൾ ദേശാന്തരവാസികളായ തൊഴിലാളികൾക്ക് കേട്ടുകേൾവിപോലുമില്ല.

സംഘാടനസാദ്ധ്യതകൾ , വെല്ലുവിളികൾ

ജീവിതപ്രാരാബ്ധങ്ങൾ കൂടാതെ തങ്ങൾ വിധേയരാക്കപ്പെടുന്ന സാമ്പത്തിക ശാരീരിക ചൂഷണങ്ങൾ തൊഴിലാളികളെ അവനവനിലേക്ക്‌ തന്നെ ചുരുക്കുന്നു. തന്റെ സാമ്പത്തിക പരാധീനതകൾ തീർക്കുന്നതിനും ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിലുമപ്പുറം തൊഴിലിടങ്ങളിലെ അവകാശങ്ങൾ ഉറപ്പു വരുത്തുവാനോ മനുഷ്യത്വപരമായ സമീപനം തങ്ങളോട് പുലർത്തണം എന്ന് അവകാശപ്പെടുവാനോ ഇവർ തയ്യാറാകുന്നില്ല. സംഘാടന ശേഷിയുള്ള തൊഴിലാളികളെ മുതലാളിമാർ മുക്കാടമ്മാരാക്കി മാറ്റുന്നു. ഇങ്ങനെ ആ ചൂഷണ വ്യവസ്ഥയുടെ നെടുംതൂണായി മുക്കാടത്തെ നിലനിർത്തുന്നു.

സംഘടിത മേഖലയിൽ ശക്തമായ സാന്നിദ്ധ്യമായി നിലകൊള്ളുന്ന ഇടതുപക്ഷ ട്രേഡ് യൂണിയനുകൾ പക്ഷെ ദേശാന്തരവാസികളായ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ അത്ര കണ്ട് വിജയിച്ചിട്ടില്ല. അത്തരം ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഈ വിഭാഗം തൊഴിലാളികളുടെ ഇടയിലേക്ക് ഇറങ്ങിചെല്ലുവാൻ വിഘാതമാകുന്ന ഘടകങ്ങൾ അനവധിയാണ്. വിവിധ പ്രദേശങ്ങളിൽ നിന്ന് വരുന്ന ഇവരെ അഭിസംബോധന ചെയ്യാൻ ഭാഷ ഒരു വലിയ തടസ്സമാകുന്നു. അനുഭവിക്കുന്ന ചൂഷണത്തിന്റെ കാര്യത്തിൽ സമാനരെങ്കിലും തൊഴിലാളികൾ തമ്മിൽ നിലനില്ക്കുന്ന സാംസ്കാരികാന്തരം ഇവരെ സംഘടിപ്പിക്കുന്നതിന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. പ്രാദേശിക തൊഴിലാളികൾ പല സ്ഥലങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികളോട് പുലർത്തുന്ന ശത്രുതാപരമായ സമീപനവും സംഘാടനശ്രമങ്ങൾക്ക് വിഘാതമാകുന്നവയിൽ പ്രധാനമാണ്. പ്രാദേശിക - ഇതരസംസ്ഥാന ഭേദമന്യേ ഇരുകൂട്ടം തൊഴിലാളികളും നേരിടുന്ന പൊതുവായ പ്രശ്നങ്ങൾ അഭിസംബോധന ചെയ്ത് ആ ശ്രമങ്ങൾ യഥാവിധം തൊഴിലാളികളെ ബോധ്യപ്പെടുത്തുകയാകും ശരിയായ രീതി. മറ്റൊരു തൊഴിലാളി ദിനം കൂടി കടന്നുപോകുമ്പോൾ തങ്ങളുടെ അവകാശങ്ങളെപ്പറ്റി അറിവില്ലാത്ത ഒരു വലിയ വിഭാഗം തൊഴിലാളികളെ ബോധവാന്മാരാക്കേണ്ട ശ്രമകരമായ ദൗത്യമാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ഇടതുപക്ഷ സഹയാത്രികർക്കും മുന്നിലുള്ളത്.

അവലംബം

  1. Wage Hunters and Gatherers : Search for Work in the Urban and Rural Economy of South Gujarat, by Jan Breman, New Delhi : Oxford University Press, 1994.

  2. Worlds of Indian Industrial Labour, by Jan Breman, Karin Kapadia Jonathan P Parry, New Delhi: Sage Publications , 2000.

  3. Circular Migration and Multilocational Livelihood Strategies in Rural India, by Priya Deshingkar and John FarringtonNew Delhi: Oxford University Press, 2009.

  4. NCEUS. Report on the Conditions of Work and Promotion of Livelihoods in the Unorganised Sector . Study Report , New Delhi : NCEUS, 2007.

  5. http://www.ruralindiaonline.org/resources/census-of-india-2011-primary-c...