ഹിന്ദുത്വയുടെ വിളയാട്ടം ഹരിയാന കേന്ദ്ര സര്‍വകലാശാലയിലും

അഭിപ്രായസ്വാതന്ത്ര്യ ലംഘനത്തെപ്പറ്റിയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാവിവല്ക്കരണത്തെപ്പറ്റിയും ചൂട് പിടിച്ച സംവാദങ്ങളും പ്രതിഷേധങ്ങളും ഉയ‌ര്‍ന്ന് വരികയാണല്ലോ. തലസ്ഥാന നഗരിയില്‍ നിന്നും നാല് മണിക്കൂര്‍ മാത്രം അകലെയുള്ള ഹരിയാന കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ നേരിടുന്നതും സമാന പ്രശ്നങ്ങളാണ്. അധികാരത്തിനും അധികാരികള്‍ക്കും വഴങ്ങി ജീവിക്കുന്നത് ഒരാചാരം പോലെ കരുതുന്ന കലാലയം. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെപ്പറ്റിയോ സംഘടിത വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളുടെ ആവശ്യകതയെപ്പറ്റിയോ ബഹുഭൂരിപക്ഷവും ബോധവാന്മാരല്ല. അതുകൊണ്ട് തന്നെ സ്ഥാപിത താല്പര്യങ്ങള്‍ക്കനുസൃതമായി നിയമങ്ങളെ വ്യാഖ്യാനിക്കുവാനും നടപ്പില്‍ വരുത്തുവാനും എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുവാനും അധികാരികള്‍ക്ക് വളരെ എളുപ്പമാണ്.

ഒറ്റയ്ക്കും തെറ്റയ്ക്കും ഉയര്‍ന്നു വന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ട് പോയ സര്‍വകലാശാലയില്‍ കഴിഞ്ഞ “ഫൗണ്ടേഷന്‍ ഡേ”യിലാണ് കാവി അജണ്ട മറ നീക്കി പുറത്ത് വന്നത്. ചര്‍ച്ചകളോ സെമിനാറുകളോ സംവാദങ്ങളോ നടക്കാത്ത, നടത്തുവാന്‍ അനുവദിക്കാത്ത, ഈ കലാലയത്തില്‍ നടന്ന ആദ്യ പൊതുചടങ്ങായിരുന്നു ഇത് (2014-2015 അധ്യയന വര്‍ഷത്തില്‍). അതിഥിയായി എത്തിയതാകട്ടെ എ.ബി.വി.പി.യുടെ നേതാവും. ഭാരത സംസ്കാരത്തെക്കുറിച്ചും ഭാരതമാതാവിനെക്കുറിച്ചും വാചാലനായ അദ്ദേഹം എ.ബി.വി.പി.യുടെ ഊഷ്മളമായ സ്വീകരണവും കഴിഞ്ഞ് മടങ്ങി. ഇതിനിടയില്‍ ഒരു ചെറിയ കൂട്ടം വിദ്യാര്‍ത്ഥികള്‍ ചടങ്ങ് ബഹിഷ്കരിച്ച് കലാലയത്തിലെ പൊതു ഇടങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചു. ഇതിനെത്തുടര്‍ന്ന് ആര്‍.എസ്.എസ്.ന്റെ ഭീഷണി - ‘പഠിക്കുവാന്‍ വന്നാല്‍ പഠിച്ചു പോയാല്‍ മതി. അതല്ലെങ്കില്‍ ഇതുപോലെ പോകാമെന്ന് വിചാരിക്കേണ്ട’. ഈ സംഭവ വികാസങ്ങള്‍ക്ക് ശേഷം അധികം വൈകാതെ, “നോട്ടിസ് ബോര്‍ഡുകളിലല്ലാതെ പോസ്റ്ററുകളും നോട്ടിസുകളും പതിക്കുവാന്‍ പാടുള്ളതല്ല, അതും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോട് കൂടി മാത്രം” എന്ന പുതിയ വിജ്ഞാപനം പുറത്തിറങ്ങി.

സര്‍വകലാശാലയില്‍ രാഷ്ട്രീയം നിരോധിച്ചതാണ്. എങ്കിലും സര്‍വകലാശാല മതില്‍ക്കെട്ടിനകത്ത് അധികാരികളുടെ മൗനാനുവാദത്തോടെ ആര്‍.എസ്.എസ്. ശാഖ പ്രവര്‍ത്തിക്കുന്നു. ഈ പ്രത്യേക പരിഗണനയെ ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നു. ശാഖയ്ക്ക് നേതൃത്വം നല്‍കുന്നതാകട്ടെ ഒരു കൂട്ടം അദ്ധ്യാപകരും. വിദ്യാര്‍ത്ഥികളെ ശാഖയിലേക്ക് ചേര്‍ക്കുവാന്‍ നേതൃത്വം നല്‍കുന്നതും ഹോസ്റ്റലില്‍ മുറികള്‍ കയറിയിറങ്ങി പ്രചരണം നടത്തുന്നതും ഈ അദ്ധ്യാപകര്‍ തന്നെ.

ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകടനം എ.ബി.വി.പി., ബജരംഗ്ദള്‍ പ്രവര്‍ത്തരാല്‍ കയ്യേറ്റം ചെയ്യപ്പെടുകയും ആക്രമിക്കപ്പെടുകയുമുണ്ടായി. ഈ അക്രമത്തെ ന്യായീകരിക്കുന്ന സമീപനമാണ് അധികാരികള്‍ സ്വീകരിച്ചത്. തുടന്ന് ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് നാല്പതോളം വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു.

വീണ്ടും പ്രത്യക്ഷമായി ഒരു പ്രശ്നമുണ്ടാകുന്നത് നിയമ വിഭാഗത്തിലെ ഒരു അദ്ധ്യാപകന്റെ നേതൃത്വത്തില്‍ ആനന്ദ് പട്‌വര്‍ദ്ധന്‍ സംവിധാനം ചെയ്ത “റാം കെ നാം” എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച സമയത്താണ്. സിലബസിന്റെ ഭാഗമായി നടത്തിയ പ്രദര്‍ശനത്തില്‍ നിയമ വിഭാഗത്തിന് പുറത്തു നിന്നും ആളുകള്‍ സദസ്യരായി എത്തിയിരുന്നു. പ്രദര്‍ശനം തുടങ്ങി അല്പസമയത്തിന് ശേഷം ഹാളിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. എ.ബി.വി.പി. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അധികൃതരുടെ നടപടിയായിരുന്നു ഇത്. അധികാരികളുടെ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വിധേയപ്പെടാത്ത അദ്ധ്യാപകരുടെ അവസ്ഥ ഇതൊക്കെയാണ്. ചുരുക്കി പറഞ്ഞാല്‍ സ്വന്തമായി അഭിപ്രായങ്ങളോ ആശയങ്ങളോ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ മുന്നോട്ട് പോകാം.

ഈ വര്‍ഷാരംഭത്തില്‍ ഞങ്ങളുടെ ചെറുത്തു നില്‍പ്പുകള്‍ ആരംഭിക്കുന്നത് ഫീസ് വര്‍ദ്ധനയോടനുബന്ധിച്ചാണ്. ഒരു കൂട്ടം പി.എച്ച്.ഡി. വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരത്തിന്റെ ഫലമായി ഫീസ് ഇരട്ടിയിലധികം വര്‍ദ്ധിപ്പിക്കുവാനുള്ള നീക്കം പിന്‍വലിച്ചു. ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള അധികാരികളുടെ തീരുമാനം വിദ്യാര്‍ത്ഥികളെ വീണ്ടും മറ്റൊരു പ്രതിഷേധത്തിലേക്കെത്തിച്ചു. 2014-2015ല്‍ ഏഴായിരം മാത്രമായിരുന്ന ഫീസ് ഈ വര്‍ഷം പതിനെട്ടായിരമാക്കി ഉയര്‍ത്തി. ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകടനം എ.ബി.വി.പി., ബജരംഗ്ദള്‍ പ്രവര്‍ത്തരാല്‍ കയ്യേറ്റം ചെയ്യപ്പെടുകയും ആക്രമിക്കപ്പെടുകയുമുണ്ടായി. ഈ അക്രമത്തെ ന്യായീകരിക്കുന്ന സമീപനമാണ് അധികാരികള്‍ സ്വീകരിച്ചത്.

xdfdfd
സ്മൃതി ഇറാനി ഹരിയാന സെൻട്രൽ യൂണിവേഴ്സിറ്റി സന്ദർശിച്ചപ്പോൾ ചിത്രത്തിന് കടപ്പാട്: India News Calling

തുടന്ന് ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് നാല്പതോളം വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ഒന്നാം ദിവസം ഉച്ചതിരിഞ്ഞതോടെ കൂടെയുണ്ടായിരുന്ന പല പി.എച്ച്.ഡി. വിദ്യാര്‍ത്ഥികളും നിരാഹാരം അവസാനിപ്പിച്ച് മടങ്ങി. ഗൈഡിന്റെ സമ്മര്‍ദവും സര്‍വകലാശാലയുടെ ഭീഷണിയും പലര്‍ക്കും സഹിക്കുവാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു. നിരാഹാരത്തിലിരുന്ന ഓരോ കുട്ടിയുടെയും വീട്ടിലേക്ക് വാര്‍ഡന്റെയും അദ്ധ്യാപകരുടെയും വക ഫോൺ വിളികള്‍, നേരിട്ടുള്ള ഭീഷണികള്‍ എന്നിവയുണ്ടായി. ഈ സമ്മര്‍ദങ്ങള്‍ക്കിടയില്‍ പലരും നിരാഹാരത്തില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിതരായി. ഇനിയും പിന്മാറാന്‍ തയ്യാറാകാതിരുന്ന വിദ്യാര്‍ത്ഥികളെ പ്രാഥമിക കര്‍മങ്ങള്‍ പോലും നിര്‍വഹിക്കുവാന്‍ അനുവദിക്കാതെ ഗെയ്റ്റില്‍ തടഞ്ഞു. സാദ്ധ്യമായ എല്ലാ രീതികളിലും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയായിരുന്നു അധികൃതര്‍. പക്ഷേ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ ചെറുത്തുനില്പിന്റെ ഫലമായി അധികൃതര്‍ക്ക് വര്‍ദ്ധിപ്പിച്ച ഫീസ് പിന്‍വലിക്കേണ്ടി വന്നു. ഇത്തരം ഭീഷണികളാണ് അധ്യാപകരുടെയും അധികാരികളുടെയും ഭാഗത്ത് നിന്നും പ്രതികരിക്കുവാന്‍ മുന്നോട്ട് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരിടേണ്ടിവരുന്നത്. ആര്‍.എസ്.എസിന്റെയും എ.ബി.വി.പി.യുടെയും ഭീഷണി വേറെയും.

രാജ്യത്തു വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് സാംസ്കാരിക നായകര്‍ മുന്നോട്ട് വന്നപ്പോള്‍ അതിന്റെ അനുരണനങ്ങള്‍ ഹരിയാന സര്‍വകലാശാലയിലുമുണ്ടായി. ബീഫ് കഴിച്ചു എന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ അഖ്ലാഖിനെ കൊലപ്പെടുത്തിയത്തില്‍ പ്രതിഷേധിച്ച് ഞങ്ങള്‍ ഒരു കാന്റില്‍ ലൈറ്റ് മാര്‍ച്ച് നടത്തുകയുണ്ടായി. പതിവുപോലെ എ.ബി.വി.പി.യുടെയും ആര്‍.എസ്.എസിന്റെയും ഭീഷണി, മാര്‍ച്ചില്‍ പങ്കെടുത്ത അദ്ധ്യാപകരെ വിളിച്ച് വിശദീകരണം തേടല്‍ ഇങ്ങനെ കുറെ നാടകങ്ങള്‍ നടന്നു. ആള്‍ക്കൂട്ടത്തിന്റെ നീതിയാണല്ലോ ഇപ്പോള്‍ രാജ്യത്തെങ്ങും നടന്നു വരുന്നത്, ആ നീതി തന്നെയാണ് സര്‍വകലാശാലയിലും നടക്കുന്നത്.

ഓരോ കൂട്ടായ്മകള്‍ ഉയര്‍ന്നു വരുമ്പോഴും വളരെ പ്രതീക്ഷയോടെ അവയെ നോക്കിക്കാണുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ - എസ്.എഫ്.ഐ. ഉള്‍പ്പെടെയുള്ള ഇടത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍, എന്‍.എസ്.യു.ഐ. പ്രവര്‍ത്തകര്‍, ആം ആദ്മി പ്രവര്‍ത്തകര്‍ - തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കാറുണ്ടെങ്കിലും അവരെ പിന്തുണയ്ക്കാനോ കൂടെ നില്ക്കാനോ ആരും തയ്യാറല്ല. ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളേയല്ല എന്നതാണ് ബഹു ഭൂരിപക്ഷത്തിന്റെയും നിലപാട്.

രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തി എന്നു എ.ബി.വി.പി.ക്കാര്‍ ആരോപിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഒഴികെ എല്ലാവരും ദളിത്-മുസ്ലിം വിഭാഗത്തില്‍ നിന്നും വരുന്നവരാണ്. ഇവിടെ നടക്കുന്ന ഓരോ പ്രശ്നങ്ങളും ലക്ഷ്യം വെക്കുന്നത് ഈ ആളുകളെയാണ്.

വീണ്ടും ദളിതര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ പല രൂപത്തിലും പല ഭാവത്തിലും ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ. ഇതിനിടയില്‍ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണം ഇന്ത്യയിലൊട്ടാകെയുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ ആഴത്തില്‍ ഞെട്ടിച്ചു. ബ്രഹ്മണിക് മൂല്യങ്ങള്‍ പേറുന്ന ഈ അര്‍ദ്ധ ഫ്യൂഡല്‍ സമൂഹത്തില്‍ ദളിതര്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒരു സ്ഥാനവുമില്ല എന്ന സത്യം പലരും തിരിച്ചറിഞ്ഞു തുടങ്ങി. രോഹിത് വെമുലയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധയോഗത്തിനിടയില്‍ എ.ബി.വി.പി. പ്രവര്‍ത്തകര്‍, കൂടി നിന്നവരെ കൈയ്യേറ്റം ചെയ്തു, ഭീഷണിപ്പെടുത്തി. ബ്രഹ്മണിസത്തെയും സംഘപരിവാര്‍-ബി.ജെ.പി.യെയും വിമര്‍ശിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്. പരിപാടി അലങ്കോലപ്പെടുത്താനുള്ള എ.ബി.വി.പി. ശ്രമം അത്രകണ്ട് വിജയിച്ചില്ല എന്നുമാത്രമല്ല എ.ബി.വി.പി.യുടെ ദളിത് വിരുദ്ധത പ്രകടമാകുകയും ചെയ്തു. പ്രസ്തുത ദിവസം വൈകുന്നേരം, പരിപാടിയില്‍ പങ്കെടുത്ത മുസ്ലിം നാമധാരിയായ സഖാവിനെത്തേടി ഹോസ്റ്റലില്‍ മൂന്നു ആളുകള്‍ എത്തി. മുറികള്‍ കയറി ഇറങ്ങി ആളെ അന്വേഷിച്ച ഇവരോട് എന്താണ് കാര്യം എന്നു ചോദിച്ച ഒരാള്‍ക്ക് കിട്ടിയ മറുപടി ഞെട്ടിപ്പിക്കുന്നതാണ്. “മുസ്ലിംങ്ങള്‍ക്ക് ഈ രാജ്യത്ത് ആവശ്യത്തിലധികം സ്വാതന്ത്ര്യം ലഭിക്കുന്നതുകൊണ്ടാണവര്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നാളെ അവരെ ഞങ്ങള്‍ ഞങ്ങളുടെ ചെരുപ്പിനടിയില്‍ വരുത്തും.” ഈ സംഭവം ചൂണ്ടിക്കാണിച്ച് ഞങ്ങള്‍ പരാതി നല്കിയെങ്കിലും വിദ്യാര്‍ത്ഥികളെ പ്രതിക്കൂട്ടിലാക്കി പുറത്തു നിന്നും വന്ന ആര്‍.എസ്.എസിനെ രക്ഷിക്കുവാനുള്ള ശ്രമമാണ് അധികാരികള്‍ നടത്തിയത്. ‘കേന്ദ്ര സര്‍വകലാശാലയില്‍ രാജ്യദ്രോഹ പ്രവര്‍ത്തങ്ങള്‍ നടക്കുന്നു എന്നു എ.ബി.വി.പി.’ എന്ന് അതിനടുത്ത ദിവസം പ്രാദേശിക പത്രത്തില്‍ വാര്‍ത്തയും വന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ച് എ.ബി.വി.പി.ക്കാര്‍ പോലീസില്‍ പരാതി നല്കിയതായും വാര്‍ത്തയില്‍ പറയുന്നു. രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തി എന്നു എ.ബി.വി.പി.ക്കാര്‍ ആരോപിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഒഴികെ എല്ലാവരും ദളിത്-മുസ്ലിം വിഭാഗത്തില്‍ നിന്നും വരുന്നവരാണ്. ഇവിടെ നടക്കുന്ന ഓരോ പ്രശ്നങ്ങളും ലക്ഷ്യം വെക്കുന്നത് ഈ ആളുകളെയാണ്.

ഏറ്റവും അവസാനമായി വന്നത് ഫേസ്ബുക്കിലെ ഒരു പേജിനെതിരെ കൊടുത്ത പോലീസ് കേസാണ്. സര്‍വകലാശാലയ്ക്ക് അപകീര്‍ത്തികരമായ കാര്യങ്ങള്‍ എഴുതുന്നു എന്നതാണു പേജിനെതിരെയുള്ള ആരോപണം. സ്വന്തം ഫെയിസ്ബുക്ക് പേജില്‍ സര്‍വകലാശാലയിലെ എന്തെങ്കിലും ഒരു പ്രശ്നം പങ്കുവെച്ചാല്‍ ചോദ്യം ചെയ്യുന്ന അദ്ധ്യാപകരും അധികാരികളുമുള്ള ഇവിടെ സര്‍വകലാശാലയുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്ന ഒരു പേജിനെ എങ്ങനെ അംഗീകരിക്കും? ഇതുപോലെ പ്രതികരിക്കുന്ന നാവുകളെ അടക്കി നിര്‍ത്താനുള്ള തത്രപ്പാടില്‍ മുന്നോട്ട് പോകുന്ന ഒരു സര്‍വകലാശാലയെ സമരകലുഷിതവും, ക്രിയാത്മകവുമായ നാളുകളായിരിക്കും കാത്തിരിക്കുന്നത്.