ഇനി എത്ര പരിസ്ഥിതിദിനങ്ങള്‍ കൂടി

അങ്ങനെ ഒരു 'ലോക പരിസ്ഥിതിദിനം' കൂടി കടന്നു പോയി; ഇനി എത്ര പരിസ്ഥിതിദിനങ്ങള്‍ക്കു കൂടി സാക്ഷ്യം വഹിക്കാന്‍ മനുഷ്യവര്‍ഗ്ഗം ഈ ഭൂമിയില്‍ ഉണ്ടാവും എന്ന ചോദ്യം വീണ്ടും അവശേഷിപ്പിച്ചു കൊണ്ട്.

ആഗോള താപനില ഇന്നുള്ളതിനേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നാല്‍ പിന്നെ ഒരു തിരിച്ചുപോക്കിനു സാധ്യതയില്ലാത്തവണ്ണം ഭൂമി വിനാശത്തിന്റെ പടുകുഴിയിലേക്കുള്ള പതനം ആരംഭിച്ചു കഴിഞ്ഞിരിക്കും. ധ്രുവങ്ങളിലെ മഞ്ഞുപാളികള്‍ ഉരുകിയുണ്ടാവുന്ന പ്രളയത്തില്‍ മുങ്ങിയോ, തുന്ദ്രകളില്‍ നിന്നു വമിക്കുന്ന മീതേയിന്‍ വിഷവാതകം ശ്വസിച്ചോ ആവാം ആ പതനത്തില്‍ മനുഷ്യരുള്‍പ്പെടെയുള്ള അനേകം ജീവജാലങ്ങളുടെ വംശാവസാനം. ഇന്നത്തെ തോതില്‍ എണ്ണയുടെയും കല്‍ക്കരിയുടേയും ഉപയോഗം കൂടിവന്നാല്‍ 2043 ആഗസ്റ്റ് 23 ആകുന്നതോടു കൂടി അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈയോക്സൈഡിന്റെ അളവ് ഒരു ലക്ഷം കോടി ടണ്‍ ആവുകയും, അതുമൂലം ആഗോള താപനില 2 ഡിഗ്രി സെല്‍ഷ്യസ് ഉയരുകയും ഭൂമി പിന്നെ ഒരു തിരിച്ചു വരവിനു സാധ്യതയില്ലാത്തവണ്ണം ആ ലക്ഷ്മണരേഖ മുറിച്ചു കടന്നിരിക്കുകയും ചെയ്യും1. 2043-ല്‍ ആ ലക്ഷ്മണരേഖ ('Irreversible Tipping Point') കടക്കാതിരിക്കാനുള്ള ഒരു സാധ്യത താപനില കാരണമല്ലാത്ത മറ്റെന്തെങ്കിലും കാരണം കൊണ്ട് അതിനു മുന്നേ തന്നെ ആ രേഖ കവച്ചു വെക്കുക എന്നതാണ്. ഓസോണ്‍ പാളിയുടെ നാശം, സമുദ്രങ്ങളുടെ അസിഡിഫിക്കേഷന്‍, നൈട്രജന്‍-ഫോസ്ഫറസ് സൈക്കിളിന്റെ താളംതെറ്റല്‍, തുടങ്ങി ഭൂമിയെ ഈ ലക്ഷമണരേഖയ്ക്കപ്പുറം തള്ളിയിടാന്‍ മത്സരിക്കുന്ന ഒന്‍പതു കാരണങ്ങള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട് (Nine Planetary Boundaries). ഒന്‍പതും മനുഷ്യസൃഷ്ടികള്‍.

ഈ പ്രവചനത്തിന്റെ കൃത്യതയില്‍ തര്‍ക്കമുണ്ടാവാമെങ്കിലും, ഇന്നത്തെ തരത്തില്‍ തന്നെ മനുഷ്യന്റെ ഉല്‍പാദന-വിതരണ-ഉപഭോഗ രീതികള്‍ മുന്നോട്ടു പോയാല്‍ മനുഷ്യവര്‍ഗ്ഗത്തെ താങ്ങി നിറുത്താന്‍ ഇനി അധികം കാലം ഈ ഭൂമിക്കു കഴിയില്ല എന്ന കാര്യത്തില്‍ വലിയ തര്‍ക്കങ്ങളില്ല. ഇരുപതു ലക്ഷം കൊല്ലത്തെ പാരമ്പര്യവും പൈതൃകവും ഒന്നും അന്നു വിലപ്പോവില്ല എന്നത് സാമാന്യയുക്തി മാത്രമാണ്. അതുകൊണ്ടുതന്നെ ഈ വിനാശത്തെ എങ്ങനെ തടയാം എന്ന ചോദ്യമാണ് ഏറ്റവും പ്രസക്തം. നിര്‍ഭാഗ്യവശാല്‍ ഈ ചോദ്യത്തിനാണ് ഒരു ഒറ്റ ഉത്തരം ഇല്ലാത്തതും. അതിനാല്‍ സാധാരണയായി കേട്ടു വരുന്ന ചില ഉത്തരങ്ങള്‍ ഇവിടെ പരിശോധിക്കാം.

 1. മനുഷ്യര്‍ അവരുടെ ഉപഭോഗം കുറയ്ക്കുക. അതു വഴി ഉല്‍പാദനത്തിന്റെ തോത് താനെ കുറയുകയും അങ്ങനെ മലിനീകരണത്തിന്റെ തോത് സുരക്ഷിതനിലവാരത്തിനുള്ളില്‍ നില്‍ക്കുകയും ചെയ്യും.

 2. ഉല്‍പാദനത്തിനും ഉപയോഗത്തിനും ഒരുപാടു ഊര്‍ജ്ജം വേണ്ടിവരുന്ന, എന്നാല്‍ മനുഷ്യന് അനിവാര്യമല്ലാത്ത, വസ്തുക്കളുടെ ഉല്‍പാദനം നിയമം വഴി തടയുകയോ കുറയ്ക്കുകയോ ചെയ്യുക.

 3. നിയമങ്ങള്‍ വഴി മലിനീകരണത്തിന് പരമാവധി നിയന്ത്രണമേര്‍പെടുത്തുക. അനിയന്ത്രിതമായി പരിസ്ഥിതിയെ മലിനമാക്കുന്ന വ്യവസായങ്ങളെ അടച്ചുപൂട്ടുക.

 4. മലിനീകരണസാധ്യത ഇല്ലാത്തതോ, കുറവുള്ളതോ ആയ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപെടുത്തി ഉല്‍പാദനപ്രക്രിയയെ കൂടുതല്‍ പ്രകൃതിയോടിണങ്ങിയതാക്കുക.

 5. മലീനീകരണ നിയന്ത്രണത്തിന് കച്ചവട തന്ത്രങ്ങള്‍ തന്നെ ഉപയോഗിക്കുക. (കാര്‍ബണ്‍ ട്രേഡിങ്ങ്‌ പോലെ)

 6. മലിനീകരണമുണ്ടായാലും അതിന്റെ പരിണിതഫലമായ ദുരന്തം തടഞ്ഞു നിറുത്താനായി വിപ്ലവകരമായ പുതിയ സാങ്കേതികവിദ്യകള്‍ കണ്ടുപിടിക്കുക. (ജിയോ-എജ്ഞിനിയറിങ്ങ്)

ഇതില്‍ ചിലതൊക്കെ പണ്ടു മുതലേ കേള്‍ക്കുന്നതും മറ്റുചിലത് സയന്‍സ് ഫിക്ഷനേ അനുസ്മരിപ്പിക്കുന്നതുമാണ്. ഭൂമിയിലെത്തുന്ന സൂര്യരഷ്മികളെ തട്ടിയകറ്റാനായി മേഘങ്ങളെ വെള്ളപൂശുന്നതും, ബഹിരാകാശത്ത് കണ്ണാടികള്‍ സ്ഥാപിക്കുന്നതുമൊക്കെ ഇതില്‍ പെടും2. എന്തായാലും പരിസ്ഥിതിനശീകരണത്തിന്റെ അപകടം മനുഷ്യന്‍ തിരിച്ചറിഞ്ഞിട്ട് അനേകം പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. 1972 ജൂണ്‍ മാസം 5 മുതല്‍ 16 വരെയാണ് 113 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത United Nations Conference on the Human Environment നടന്നത്. (അന്നു മുതലാണ് ജ്യൂണ് 5 'ലോക പരിസ്ഥിതിദിന'മായി ആഘോഷിക്കുന്നത്.)

എന്നാല്‍ അവിടെനിന്ന് ഇത്രയും വര്‍ഷങ്ങളായിട്ടും പരിസ്ഥിതിവിനാശം മൂലമുള്ള വംശനാശം ഒരു ആസന്നമായ സാധ്യതയായി മനുഷ്യരാശിക്കു മുന്നില്‍ ഇന്നും പത്തിവിടര്‍ത്തി നില്‍ക്കുന്നു. വ്യാവസായിക വിപ്ലവം തുടങ്ങി ഇതുവരെയുള്ള ഊര്‍ജ്ജോപയോഗത്തിന്റെ 50 ശതമാനവും നടന്നിരിക്കുന്നത് കഴിഞ്ഞ 20 വര്‍ഷങ്ങളിലാണ്3 മുകളില്‍ പരാമര്‍ശിച്ച പരിഹാരങ്ങളില്‍ പലതും ഈ കാലയളവില്‍ പരീക്ഷിച്ചു നോക്കിയതുമാണ്:

 1. മനുഷ്യര്‍ കൂടുതല്‍ അറിവു നേടുന്നതോടെ അവര്‍ ഉപഭോഗം സ്വയം മിതപെടുത്തും എന്ന പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നവര്‍ ഇന്നത്തെ ലോകത്തിലെ വികസിത രാജ്യങ്ങളിലേയും വികസനപാതയില്‍ അതിവേഗം സഞ്ചരിക്കുന്ന രാജ്യങ്ങളിലേയും ഉപഭോഗത്തിന്റെ തോത് പഠിച്ചാല്‍ മതിയാകും. ഉദാഹരണത്തിനു ലോകത്തിലെ 4.59% ശതമാനം ജനങ്ങള്‍ ജീവിക്കുന്ന അമേരിക്കയാണ് ലോകത്തെ ഊര്‍ജ്ജോപയോഗത്തിന്റെ 25% നടത്തുന്നത്. ഏറ്റവും വേഗം വികസിക്കുന്ന ചൈനയിലാണ് ഊര്‍ജ്ജോപയോഗത്തിന്റെ വളര്‍ച്ചയുടെ തോതും ഏറ്റവും കൂടുതല്‍4.

 2. മനുഷ്യന്റെ ആവശ്യങ്ങളുടെ ഒരു മുന്‍ഗണനാടിസ്ഥാനത്തില്‍ ഉല്‍പാദന-വിതരണം നിയന്ത്രിക്കാമോ എന്നതായിരുന്നു രണ്ടാമത്തെ ശ്രമം. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പത്തും പതിനാലും മണിക്കൂറുകള്‍ ലോഡ് ഷെഡ്ഡിങ്ങ് നിലനില്‍ക്കുമ്പോള്‍ ഡേ-നൈറ്റ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ചിലവാക്കുന്ന വൈദുതിയുടെ അതിപ്രഭ മതി ഈ മുന്‍ഗണനാപട്ടിക ഇന്ന് എന്താണെന്നു മനസ്സിലാക്കാന്‍. ഉപഭോഗം കുറയ്ക്കുന്നതിനല്ല, അതു എത്രയും കൂട്ടുന്നതിനാണ് ഉല്‍പാദകര്‍ മത്സരിക്കുന്നത്. മനുഷ്യനു അനിവാര്യമല്ലാത്ത വസ്തുക്കള്‍ അവനെ കൊണ്ടു വാങ്ങിപിക്കുന്ന തന്ത്രത്തെയാണെല്ലോ 'മാര്‍കെറ്റിങ്ങ്' എന്നു വിളിക്കുന്നത്. ഒരു ഉല്‍പ്പന്നത്തിന് ഒരു പരസ്യം വേണ്ടി വരുന്നെങ്കില്‍ മിക്കവാറും ആ ഉല്‍പ്പന്നം നിങ്ങള്‍ക്കു വേണ്ടതായിരിക്കില്ല എന്നു മനസ്സിലാക്കാവുന്നതല്ലേയുള്ളു.

 3. കര്‍ണ്ണാടകയിലെയും ആന്ധ്രയിലേയും ഇരിമ്പുഖനികളുടെ കഥ വായിച്ചാല്‍ മതി നിയമം വഴിയുള്ള മലിനീകരണ നിയന്ത്രണത്തിന്റെ നിസ്സഹായത വ്യക്തമാകാന്‍. അതു ഇന്ത്യയിലെ മാത്രം പ്രശ്നമാണെന്നു കരുത്തുന്നുണ്ടെങ്കില്‍ ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി-ഖനിയായ മംഗോളിയയിലെ തവന്‍ തൊല്‍ഗോയ് പ്രദേശത്തിന്റെ അവസ്ഥ കൂടി കാണുക.

 4. ഏറ്റവും മലിനീകരണം കുറഞ്ഞ സൗരോര്‍ജ്ജത്തിന്റെയും, ഏറ്റവും മലിനീകരണം കൂടിയ കല്‍ക്കരിയുടെയും ഉപയോഗത്തിന്റെ അളവു - യഥാക്രമം 0.7 ശതമാനവും 27 ശതമാനവും5 - തന്നെ മലിനീകരണസാധ്യതയല്ല മറിച്ചു ഉല്പാദനച്ചിലവും ലാഭവുമാണ് സാങ്കേതികവിദ്യയുടെ സ്വീകരണത്തിനുള്ള മാനദണ്ഡം എന്നു വ്യക്തമാക്കുന്നു. സൗരോര്‍ജ്ജം ലാഭകരമല്ല എന്ന വാദത്തിനുള്ളില്‍ തന്നെ മനുഷ്യനന്മയല്ല, മറിച്ച് ലാഭമാണ് ഇവിടെ മുഖ്യം എന്ന സന്ദേശം സുവ്യക്തമാണ്.

 5. വികസിതരാജ്യങ്ങള്‍ക്കൂ അവരുടെ അതിഭീകര തോതിലുള്ള മലീനികരണം തുടര്‍ന്നു കൊണ്ടുപോകാനുള്ള ഒരു ന്യായം നല്‍കുക മാത്രമാണ് കാര്‍ബണ്‍ ട്രേഡിങ്ങ്‌ നല്‍ക്കുന്നത് എന്ന ആരോപണവും പരിശോധിക്കേണ്ടതാണ്. ഇതിനെകുറിച്ച് വളരെ ലളിതമായ ഭാഷയില്‍ വിശദീകരിക്കുന്ന ഒരു വീഡിയോ The Story of Stuff എന്ന പ്രോജക്റ്റ് തയ്യാറാക്കിയിട്ടുണ്ട്.

അപ്പോള്‍ ചോദ്യം 'പ്രകൃതിയെ രക്ഷിക്കാന്‍ നമുക്കു എന്തൊക്കെ ചെയ്യാം?' എന്നതില്‍ നിന്നു മാറി, 'എന്തുകൊണ്ടു സാങ്കേതിവിദ്യക്കും, നിയമങ്ങള്‍ക്കും, കച്ചവടതന്ത്രതിനും ഒന്നും ഇവിടെ ഫലവത്താകാന്‍ കഴിയുന്നില്ല?' എന്നതില്‍ എത്തുന്നു. ഒരുപക്ഷെ ഈ പരാജയങ്ങളുടെ കാരണങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനിടയില്‍ മുറിയില്‍ നിവര്‍ന്നു നില്‍ക്കുന്ന ആനയെ കാണാതിരുന്നോ? അതോ കണ്ടില്ലെന്നു നടിച്ചോ? പരിസ്ഥിതിനാശത്തിന്റെ മുഖ്യസ്രോതസ് ഉല്‍പാദനപ്രക്രിയ ആണെന്നിരിക്കെ അതിന്റെ ചാലകശക്തിയെ പഠനവിധേയമാക്കാന്‍ വിട്ടുപോയോ?

തങ്ങളെ ആരു ഭരിക്കണം എന്നു തീരുമാനിക്കാന്‍ ജനാധിപത്യരാഷ്ട്രങ്ങളിലെങ്കിലും ഒരു പരിധി വരെ ഇന്നു ജനങ്ങള്‍ക്കു കഴിയുന്നുണ്ട്. പക്ഷെ തങ്ങളുടെ രാജ്യത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും ഉല്‍പാദന-വിതരണ പ്രക്രിയയില്‍ അവര്‍ക്കു എത്ര സ്വാധീനമുണ്ട്? എന്തുല്‍പാദിപ്പിക്കണം, എത്ര ഉല്‍പാദിപ്പിക്കണം എന്നതു ഒരു വ്യക്തിക്ക് ഒരുപക്ഷെ അവന്‍ എന്തു വാങ്ങുന്നു എന്നത് വെച്ചു ഒരു പരിധിവരെ സ്വാധിനിക്കാം (പരസ്യങ്ങള്‍ അവനെ സ്വാധീനിക്കാതിരുന്നാല്‍). പക്ഷെ അവിടെ ഒരു വ്യക്തിക്കല്ല, മറിച്ചു ഒരു രൂപക്കാണ് ഒരു വോട്ട് എന്ന കാര്യം വിസ്മരിച്ചുകൂട. പക്ഷെ, ഉല്‍പ്പന്നങ്ങള്‍ എങ്ങനെ ഉല്‍പാദിപ്പിക്കണം എന്ന കാര്യത്തില്‍ അവന്റെ സ്വാധീനം തീരെ പരിമിതമാണ്. പേരിനു ചില 'സാമൂഹിക പ്രതിബദ്ധതയുള്ള ഷോപ്പിങ്ങ്' നടത്താമെന്നല്ലാതെ ഒരോരുത്തരം അവര്‍ നിത്യേന ഉപയോഗിക്കുന്ന അനേകായിരം ഉല്‍പ്പന്നങ്ങളില്‍ എത്രയെണ്ണത്തിന്റെ ഉല്‍പാദനരീതിയെ സ്വാധീനിക്കും?

ഈ അവസ്ഥയില്‍ ഉല്‍പാദനരീതികള്‍ തിരഞ്ഞെടുക്കുന്നത് പൂര്‍ണ്ണമായും അതില്‍ പണം മുടക്കുന്ന ആള്‍ (മുതലാളി) തന്നെയായിരിക്കും. രാജ്യത്തിന്റെ സാമ്പത്തിക നിലനില്‍പ്പ് മുതലാളിവര്‍ഗ്ഗത്തിനെ പുറത്താകയാല്‍ നിയമങ്ങള്‍ക്കു അവരുടെ മേലുള്ള ശക്തി ഇന്നത്തെ വ്യവസ്ഥിതിയില്‍ വളരെ പരിമിതമാണ്. മുതലാളിയുടെ മുന്‍ഗണന മനുഷ്യവര്‍ഗ്ഗത്തിന്റെ ആയുസ്സല്ല, മറിച്ച് അയാള്‍ക്ക് ലഭിക്കുന്ന ലാഭമാണ്. ഇനി ഒരു വിഭാഗം മുതലാളിമാര്‍ക്കു അല്പം മനുഷ്യസ്നേഹമുണ്ടെങ്കിലും, അതില്ലാത്ത തനത് മുതലാളിമാരുടെ മത്സരത്തിനു മുന്നില്‍ അവര്‍ക്ക് ഒന്നുകില്‍ തോറ്റുപിന്‍മാറാനോ, അല്ലെങ്കില്‍ മനുഷ്യസ്നേഹം മാറ്റിവെക്കാനോ മാത്രമേ കഴിയുകയുള്ളു. വ്യക്തിപരമായി ഓരോ മുതലാളിക്കും പല മുന്‍ഗണനകളുണ്ടാവാമെങ്കിലും, ഒടുവില്‍ മുതലാളിവര്‍ഗ്ഗത്തിന്റെ ആകെതുകയായുള്ള മുന്‍ഗണന പട്ടിക (1) ലാഭം‌ പരമാവധിയാക്കുക (2) ലാഭം‌ പരമാവധിയാക്കുക (3) ലാഭം‌ പരമാവധിയാക്കുക (4) ... എന്നായി മാറുന്നത് അതുകൊണ്ടാണ്. ഈ പട്ടികയില്‍ പ്രകൃതിയും, മനുഷ്യനന്മയും ഒന്നും ഇടം നേടുന്നില്ല. അവയൊക്കെ ആ പട്ടികയില്‍ സ്ഥാനം നേടും എന്നു പ്രതീക്ഷിക്കുന്നത് ഏകാധിപതികള്‍ അവരുടെ അധികാരം ജനങ്ങള്‍ക്കു സ്വമേധയാ വിട്ടുകൊടുക്കും എന്നു കരുതുന്നത് പോലെയാണ്.

അങ്ങനെയാണെങ്കില്‍ ഇതില്‍നിന്നു മനുഷ്യന് രക്ഷപെടാന്‍ ഒരു വഴിയുമില്ലെ? വഴിയുണ്ടെന്നും ആ വഴി മുന്നോട്ട് തന്നെയാണെന്നും വിശ്വസിക്കുന്ന ആളാണ് ഈ ലേഖകന്‍. കഴിഞ്ഞ നൂറ്റണ്ടുകളിലെ ജനാധിപത്യ വിപ്ലവങ്ങളെ അതിന്റെ അടുത്തപടിയിലേക്കു കൊണ്ടുപോകുകയാവണം മനുഷ്യന്റെ ലക്ഷ്യം. ഭരണകൂടങ്ങളെ ജനാധിപത്യവല്‍കരിച്ച ആ മുന്‍കാലവിപ്ലവങ്ങളില്‍ നിന്നു പാഠവും ശക്തിയും ഉള്‍ക്കൊണ്ടു 'ഉല്‍പാദനപ്രക്രിയയെ ജനാധിപത്യവല്‍ക്കരിക്കുക' എന്നതാവണം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവത്തിന്റെ ലക്ഷ്യം. 2043 ആകാന്‍ ഇനി 31 വര്‍ഷം മാത്രം.

അടികുറിപ്പ്:

ഈ കുറിപ്പ് മുഖ്യമായും സാമൂഹ്യശാസ്ത്രജ്ഞനും, 'Monthly Review' എന്ന മാസികയുടെ പത്രാധിപരുമായ ജോണ്‍ ബെല്ലാമി ഫോസ്റ്ററിന്റെ 'Capitalism and Environmental Catastrophe' എന്ന ലേഖനത്തെ അടിസ്ഥാനപെടുത്തി എഴുതിയതാണ്. അദ്ദേഹം ഫ്രെഡ് മാഗ്‌ഡോഫുമായി ചേര്‍ന്നു ഈ വിഷയത്തെ കുറിച്ചെഴുതിയ 'What Every Environmentalist Needs To Know about Capitalism' എന്ന പുസ്തകം വളരെ വിഖ്യാതമാണ്. പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയായ നവോമി ക്ലെയിന്‍ ആ പുസ്തകത്തെ കുറിച്ചു പറഞ്ഞത് "മുതാലാളിത്തത്തോടു മല്ലിടാതെ പരിസ്ഥിതിസംരക്ഷണം സാധ്യമാകും എന്നു കരുത്തുന്ന പരിസ്ഥിതിപ്രവര്‍ത്തകരും, പരിസ്ഥിതിനശീകരണമാണ് മുതലാളിത്തം ഉയര്‍ത്തുന്ന ഏറ്റവും വലിയ ഭീഷണി എന്നു തിരിച്ചറിയാത്ത ഇടതുപക്ഷ പ്രവര്‍ത്തകരും അവശ്യം വായിച്ചിരിക്കേണ്ട പുസ്തകം" എന്നാണ്.