ഒരു ഭയങ്കര കാമുകൻ പുറംചട്ടയിൽ എത്തിയതെങ്ങനെ?

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഉണ്ണി ആറിന്റെ “ഒരു ഭയങ്കര കാമുകൻ” എഴുത്തിന്റെ ഭാഷയെയും, അതിന്റെ ആസ്വാദന രീതികളെയും കുറിച്ച് നമ്മളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. കഥയിൽ വിഷയമെന്ന് പറയാവുന്നത് സ്വന്തം കലയോട് കലാകാരന്റെ ബന്ധവും, കലയിലൂടെ മതവും മറ്റു വൻ നറേറ്റീവുകളെയും ചോദ്യം ചെയ്യാൻ ശ്രമിക്കുന്നതുമാണ് എങ്കിലും അതിനുപയോഗിക്കുന്ന ഭാഷ, , മീഡിയം, വീണ്ടും മേല്പ്പറഞ്ഞ ആധിപത്യമായ ആഖ്യാനങ്ങളെ വളരെ ശക്തമായി പുനരുത്പാതിപ്പിക്കുന്നതാണ് . മതം, കല എന്നിവയെ പൂർണ്ണമായി വിശകലനം ചെയ്യണമെങ്കിൽ പുരുഷാധിപത്യ ഭാഷയിൽ ഉടക്കിക്കിടന്നു ചെയ്യുവാൻ സാധ്യമല്ല. മതത്തിന്റെയും, പ്രതിനിദാനത്തിന്റെയും, ജെണ്ടർ-ന്റെയും രാഷ്ട്രീയം സങ്കീർണമായി കൂടിക്കലർന്നു നിലനില്ക്കുകയാണ്. ഒന്നിനെ ഒഴിവാക്കിയുള്ള മറ്റുള്ളവയുടെ പൊളിച്ചെഴുത്ത് പുരോഗമനസാഹിത്യത്തിനു യോചിച്ചതല്ല എന്നാണ് ഞാൻ ഇവിടെ പറയാൻ ശ്രമിക്കുന്നത്.

ഉണ്ണി ആറിന്റെ എഴുത്തുകളിൽ പൊതുവേയുള്ള ആധിപത്യ പുരുഷ ലൈംഗിക ഫാന്റസികൾ നൂറ്റാണ്ടുകളായ് ആവർത്തിച്ച് ആഘോഷിക്കുന്ന പ്രശ്നഭരിതമായ ലൈംഗിക രാഷ്ട്രീയത്തിന്റെ തുടർച്ച മാത്രമാണ്. ക്വീർ മൂവ്മെന്റ്സിന്റെ ഭാഗമായി നോർമൽ എന്നതിലപ്പുറത്ത് ഉള്ള ശരീരത്തെയും pleasure -നെയും പുനർ രചിക്കാനാണ് സെക്സിനെ ഭംഗിയുള്ള ഭാഷയിലും ബിംബങ്ങളിലും പ്രതിനിധീകരിക്കുവാൻ തുടങ്ങിയത്. സെക്സിനെയും ശരീരത്തെയും, വർണ്ണത്തെയും കുറിച്ചുള്ള ഒരുപാട് ചർച്ചകൾക്കും, നിയമ തിരുത്തലുകൾക്കും അവ വഴിവെച്ചു . ശരീരത്തിലേക്ക് കുത്തി കയറ്റാതെയുള്ള രതിയനുഭവങ്ങൾക്കും സ്ഥാനമുണ്ടെന്നും, അത് പോലെ ഈ കുത്തി കയറ്റൽ മാത്രമല്ല ലൈംഗിക അതിക്രമമെന്നും നമ്മെ ചിന്തിപ്പിച്ച സാഹിത്യവും സിനിമകളും ഒരുപാടുണ്ട്. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ആണ്, ലിംഗ കേന്ദ്രീകൃതമായ ഒരു ലൈഗീകതയെ ഇങ്ങനെ വീണ്ടും വീണ്ടും പറഞ്ഞു പറഞ്ഞു മടുപ്പിക്കുന്നത്. ഇനി ഇപ്പോൾ ലിംഗം ഒഴിവാക്കാതെയുള്ള രതി സങ്കല്പ്പിക്കാൻ കഴിയുന്നില്ലെങ്കിൽ കുറഞ്ഞത്‌ ലിംഗം-യോനി ബൈനറിക്കപ്പുറമെങ്കിലും നമുക്ക് ചിന്തിക്കാൻ കഴിയണ്ടേ? ഒന്ന് ശക്തിയുടെ ബിംബവും മറ്റൊന്ന് പരാജയത്തിന്റെയും ചിഹ്നമാകുന്നത് എന്തുകൊണ്ട്? ഇന്ദ്രിയവിഷയകമായ, എന്നാൽ ആധിപത്യ പുരുഷമൂല്യങ്ങൾ ഒഴിവാക്കിയുള്ള സങ്കല്പങ്ങൾ നമ്മൾ ഇതിനു മുൻപ് കാണുകയും ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. കീസ്ലോവിസ്കിയുടെ La Double vie de Veronique 1 എന്ന സിനിമയിൽ നായികയുടെ മുഖത്ത് മഴത്തുള്ളികൾ വന്നു വീഴുന്നതും, പിന്നീട് അവൾ ഉന്മാദത്തോടെ മഴയിലൂടെ സ്വയം അറിയുന്നതും നമ്മൾ കണ്ടിട്ടുള്ളതല്ലേ? റൂം ഇൻ റോം എന്ന സിനിമയിൽ നായികമാർ റ്റബ്ബിൽ കെട്ടിപ്പിടിച്ചു തിരിയുന്നത്‌ സെക്സിനെയോ ശരീരത്തെയോ ഒഴിവാക്കാനല്ല , മറിച്ചു നാം പൊതുവായി മനസിലാക്കുന്ന ലൈംഗിക ഫാന്റസിയെ പുനര്‍നിര്‍മ്മിക്കാനാണ്.

ഓരോ എഴുത്തിനും വായനക്കും അഭിരുചിയെ വളർത്താനും തളർത്താനുമുള്ള ശക്തി ഉണ്ട്. ചില എഴുത്തുകൾ നിലനില്ക്കുന്ന ബിംബങ്ങളെ തുടരാൻ അനുവദിക്കുന്നു, നമ്മളിലൂടെ. പുരോഗമനം എന്നു നമ്മൾ കരുതുന്ന പല എഴുത്തുകളും ഈ കെണിയിൽ വീണു പോകുന്നു. എന്നാൽ ഇത്തരം പല എഴുത്തുകളും ചില പ്രത്യേക സ്വത്വങ്ങളെ ഒഴിവാക്കുകയോ ചവിട്ടിമെതിക്കുകയോ ചെയ്യുന്നത് നമ്മൾ അനുവദിച്ചുകൂടാ.

ഉണ്ണി ആർ. വളരെ ഭംഗിയായി വാക്കുകളെ നിരത്താൻ കഴിയുന്ന എഴുത്തുകാരനാണ്‌. രൂപകങ്ങൾ കൊണ്ട് എന്നെ വിസ്മയിപ്പിക്കാറുണ്ട് പലപ്പോഴും. എന്നിട്ടും ഇത്രയും ക്രാഫ്റ്റുള്ള ഒരു എഴുത്തുകാരനെ ആധിപത്യ ആണത്ത ഭാഷയിൽ മാത്രം കാര്യങ്ങളെ പറയാൻ പ്രേരിപ്പിക്കുന്നതെന്താണ്‌? അങ്ങനെയുള്ള എഴുത്തിനെ നമ്മളിൽ പലരും മഹത്തരമായി കണ്ടു വായിച്ച് ആസ്വദിക്കുന്നതും എന്തു കൊണ്ടാണ്? മതത്തിനെയും masculinity crisis-നെയും എന്തുകൊണ്ട് മറ്റു gender representations-ന്റെ ദേഹത്ത് ചവിട്ടിയല്ലാതെ ചോദ്യം ചെയ്യാൻ സാധിക്കുന്നില്ല? എന്തു കൊണ്ടാണ്, കുട്ടിയമ്മയെ പിയേത്ത തന്നെ ആക്കേണ്ടി വരുന്നത്? Madonna /Whore ബൈനറിയും അവയുടെ ഒന്നിക്കലും പിന്നെ whore madonna -യെ പുനഃസ്ഥാപിക്കുകയുമൊക്കെ ചെയ്യുന്നത് ആഴത്തിൽ വ്യവസ്ഥാപിച്ചിട്ടുള്ള മൂല്യങ്ങളെ ചോദ്യം ചെയ്യുന്നുണ്ടെന്ന് തോന്നിപ്പിക്കുകയും എന്നാൽ അതിനെ ചോദ്യം ചെയ്യുന്ന മട്ടിൽ അതിനെ ദൃഡമാക്കുകയും ആണ് ചെയ്യുന്നത്. വളരെ വലിയ വാല്യു സ്പെക്ട്രത്തിൽ വെറും രണ്ടു അസ്‌തിത്വങ്ങളായ ഇവയെ വൈരുദ്ധ്യങ്ങളായി നിലനിർത്തുകയാണ് കുട്ടിയമ്മയെ പിയേത്ത ആക്കി സൃഷ്ടിക്കുമ്പോൾ സംഭവിക്കുന്നത്. വൈരുദ്ധ്യങ്ങളല്ല മറിച്ചു വെറും ഭിന്നതകളാണ് നമുക്ക് ആവശ്യം. അധികാരശ്രണിയില്ലാത്ത ഭിന്നതയാണ് പിയേത്ത ആകുന്ന കുട്ടിയമ്മയുടെ ഒന്നിക്കലിനേക്കാൾ നമുക്കാവശ്യം. പിന്നെ, ഈ ഭിന്നത അത്യന്തം ചലനാത്മകമായ ഒന്നായി വേണം സങ്കല്പ്പികുവാൻ. ഒരു വ്യക്തിക്ക് ഒരേ സമയം മഡോണ്ണയും കുട്ടിയമ്മയും പിന്നെ മറ്റെന്തെല്ലാമോ ആകുവാനുള്ള ഇടവും കാഴ്ചയും പിന്നെ ഭാവനയുമാണാവശ്യം

ഇന്ന് വളരെയേറെ ചർച്ച ചെയ്യേണ്ടതും എന്നാൽ ആവശ്യത്തിനു ശ്രദ്ധ ലഭിക്കാതെ പോകുന്നതുമായ ഒരു വിഷയമാണ് masculinity crisis . അതു കൊണ്ട് തന്നെ "ഒരു ഭയങ്കര കാമുകൻ" വായിച്ചു കഴിഞ്ഞപ്പോൾ സംശയം തോന്നിയത് ഈ കഥ ആ വിഷയത്തിൽ ഊന്നി നില്ക്കുന്നുണ്ടോ എന്നാണ്. കഥയിലെ കഥാപാത്രങ്ങൾ മത്തമാപ്പിളയുടെ ലൈംഗികജീവിതത്തെ അതിശയോക്തിയോടെ നിരന്തരമായി പറഞ്ഞുപിടിപ്പിക്കുമ്പോൾ അവരുടെ ജീവിതത്തിൽ അവർക്ക് അനുഭവപ്പെടുന്ന ഒരു തരത്തിലെ വിടവ്, ഇല്ലായ്മയെ സൂചിപ്പിക്കുന്നു. പുരുഷത്വത്തിനു ഒരു അത്യുത്തമ മാതൃക ഉണ്ടെന്നും അത് മത്തമാപ്ല ആണെന്നുമാണ് അവർ ധരിക്കുന്നത്. ഈ ബിംബം ഒടുവിൽ തകരുന്നുണ്ടെങ്കിലും അത് വ്യക്തികേന്ദ്രിതമാണ്. അതു കൊണ്ടല്ലേ മത്തമാപ്പിളയുടെ വീഴ്ചയിൽ നമ്മൾ യോനിയെ കാണുന്നത്? ഇവിടെ മത്തമാപ്ലയുടെ സങ്കല്പം മാത്രമാണ് ഉടയുന്നത് അല്ലാതെ നേരത്തെ ആഘോഷിക്കപ്പെടുന്ന പുരുഷ ലൈംഗികതയല്ല. ആധിപത്യ പുരുഷത്ത ലൈംഗികതയെ പൊളിച്ചെഴുതേണ്ടത് ഇത്തരം പുരുഷമാതൃകയിൽ യോനിയെ കാണിച്ചു കൊണ്ടാണോ എന്നും, അങ്ങനെ പ്രതിനിധീകരിക്കുന്നത് വിഷയത്തെ വളരെ പരിമിതപ്പെടുത്തുകയല്ലേ എന്നും സംശയിക്കുകയാണ്.

xdfdfd

ഒടുവിൽ ചോദ്യം ചെയ്യാനാണെന്ന് കരുതുകയാണെങ്കിലും കഥയിലുടനീളം ഉള്ള ആധിപത്യ പുരുഷത്ത ലൈംഗികയുടെ ആഖ്യാനങ്ങളുടെ പ്രസക്തി എന്താണ്? മിക്ക സ്ത്രീ എഴുത്തുകാരും ആർത്തവ സാഹിത്യകാരികൾ എന്ന് സോഷ്യൽ മീഡിയയിൽ എങ്കിലും വിളിക്കപ്പെടുന്ന അവസ്ഥയിലാണ് "ഒരു ഭയങ്കര കാമുകൻ" മാതൃഭൂമിയുടെ പുറംചട്ടയിൽ നിന്നും ഗൗരവത്തോടെ നമ്മളെ നോക്കുന്നത്. ഉണ്ണി ആറിന്റെ ഏറെ പ്രശസിക്കപ്പെട്ട ലീല, ആനന്ദമാർഗം എന്നീ കഥകളിലും ഇതേ ലൈംഗികതയുടെ വാഴ്‌ത്തപ്പെടല്‍ കാണാം. എന്തു കൊണ്ടാണ് നമുക്ക് ഇത്തരത്തിലെ (മാത്രം) തുറന്നെഴുത്തുകളെ ആസ്വദിക്കാൻ സാധിക്കുന്നത്?ഇവയൊക്കെ നിരുപദ്രവമായ സാഹിത്യമായി നമുക്ക് വായിക്കാൻ കഴിയുന്നത്‌? കൂടാതെ പൊതുസ്ഥലത്ത് വച്ച് കഥയിലെ ശില്പി ഒരു പെണ്‍കുട്ടിയെ അവളുടെ സമ്മതം കൂടാതെ ഉമ്മ വയ്ക്കുന്നതിനെ തികച്ചും സാധാരണമായും നിര്‍ദ്ദോഷമായും, കുറച്ചൊക്കെ കാൽപ്പനികമായും നമ്മളെ വായിക്കാൻ ശീലിപ്പിച്ചത് ആരാണ്? ഇത്തരം എഴുത്തും നമ്മുടെ ആസ്വാദനവും അഭിരുചി ( taste) എന്ന വിഷയത്തിന്റെ വിശകലനം ആവശ്യപ്പെടുന്നുണ്ട്.

അഭിരുചി എന്നത് നമ്മൾ നമ്മുടെ സാമ്പത്തികമായ, സാമൂഹികമായ, സാംസ്‌കാരികമായ ഇടപെടലുകളിലൂടെ ആർജ്ജിച്ചെടുക്കുന്നവയാണ്. ടേസ്റ്റ് ഉണ്ടാക്കിയെടുക്കുന്നതിൽ നിലനില്ക്കുന്ന പ്രതിനിദാനങ്ങളുടെ സ്ഥാനം മറന്നുകൂടാ. ദൈനംദിന പ്രവർത്തികളിൽ നമ്മൾ സന്തോഷം, വേദന, ദുഃഖം, ഹിംസ, കരുണ, അധികാരം, അസ്വസ്ഥത, തമാശ തുടങ്ങിയവയെ തിരിച്ചറിയുന്നതിൽ സാഹിത്യം,സിനിമ, ചിത്രകല, photograph തുടങ്ങിയവയുടെ സ്വാധീനം മനസിലാക്കേണ്ടതുണ്ട്. പ്രതിനിധാനങ്ങളിലൂടെ ആണ് നാം പലപ്പോഴും യാഥാർത്ഥ്യത്തെ വരച്ചിടുന്നത്. അതു കൊണ്ട് തന്നെ നാം ആസ്വദിക്കുന്ന കല നമ്മുടെ ജീവിതവീക്ഷണത്തിൽ ഊന്നി നില്ക്കുന്നു. ഓരോ എഴുത്തിനും വായനക്കും അഭിരുചിയെ വളർത്താനും തളർത്താനുമുള്ള ശക്തി ഉണ്ട്. ചില എഴുത്തുകൾ നിലനില്ക്കുന്ന ബിംബങ്ങളെ തുടരാൻ അനുവദിക്കുന്നു, നമ്മളിലൂടെ. പുരോഗമനം എന്നു നമ്മൾ കരുതുന്ന പല എഴുത്തുകളും ഈ കെണിയിൽ വീണു പോകുന്നു. എന്നാൽ ഇത്തരം പല എഴുത്തുകളും ചില പ്രത്യേക സ്വത്വങ്ങളെ ഒഴിവാക്കുകയോ ചവിട്ടിമെതിക്കുകയോ ചെയ്യുന്നത് നമ്മൾ അനുവദിച്ചുകൂടാ. ചില ജെന്റർ -കാസ്റ്റ് -ക്ലാസ് intersections-ലെ സ്വത്വങ്ങൾ എന്നും വേട്ടയാടപ്പെടുന്നതു normalized ആകുന്നതും നമ്മുടെ രാഷ്ട്രീയത്തിന്റെ പരാജയം തന്നെയാണ്.

ഭാഷയുടെയും പുരോഗമന രാഷ്ട്രീയത്തിന്റെയും കാര്യത്തിൽ Audre Lorde പറഞ്ഞത് ഓർമ്മിപ്പിച്ചു നിർത്തട്ടെ, "The Master's Tools Will Never Dismantle the Master's House"