ഞാനും ഒരു നികുതിദായകനാണ്

സ്റ്റാന്‍ലി ജോണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ മലയാളം പരിഭാഷ.

പരിഭാഷ: പ്രതീഷ് പ്രകാശ്

'പ്രിയപ്പെട്ട ജെ.എൻ.യു. വിദ്യാർത്ഥികളേ, ഞങ്ങൾ പണം ചിലവഴിക്കുന്നത് നിങ്ങളുടെ വിദ്യാഭ്യാസത്തിനാണ്, രാഷ്ട്രീയത്തിനല്ല' എന്നാണ് മോഹൻദാസ് പൈ എൻഡിടിവി വെബ്‌സൈറ്റിൽ എഴുതിയിരിക്കുന്നത്. ഇതേ അഭിപ്രായം പലരുടെ ശബ്ദത്തിലും പ്രതിധ്വനിക്കുന്നുണ്ട്. 'ഞങ്ങള്‍ നികുതിയടയ്ക്കുന്നത് നിങ്ങളുടെ പഠനത്തിനാണ്, രാഷ്ട്രീയത്തിനല്ല' എന്ന് മലയാളം സിനിമാ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും തന്റെ ഫെയ്സ്ബുക്ക് പേജില്‍ എഴുതുകയുണ്ടായി.

ആരാണ് ഇവര്‍ പറയുന്ന ഈ 'ഞങ്ങൾ'? നികുതിയിളവെന്ന പേരിൽ കോർപറേറ്റുകൾക്ക് എത്ര രൂപയാണ് നമ്മുടെ ഗവണ്മെന്റ് സമ്മാനമായി നൽകുന്നതെന്ന് നിങ്ങൾക്ക് എന്തെങ്കിലും ബോധ്യമുണ്ടോ? കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കമ്പനികള്‍ക്ക് നല്‍കിയ നികുതിയിളവ്, സര്‍ക്കാര്‍ ഖജനാവിനുണ്ടാക്കിയ നഷ്ടം 62,398.6 കോടി രൂപയാണെന്ന് പാര്‍ലമെന്റിനെ അറിയിച്ചത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്നെയാണ്. ഇതിനെതിരെ സംസാരിക്കുവാൻ നിങ്ങളുടെയൊക്കെ നട്ടെല്ല് എന്നെങ്കിലും നിവരുമോ? നികുതി കൊടുക്കുന്നത് ലാഭിക്കുവാൻ വേണ്ടി എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് ബിസിനസ് ഇടപാടുകൾ പുറംരാജ്യങ്ങളിൽ നടത്തുന്ന കമ്പനികളെ ചൊല്ലി എന്നെങ്കിലും നിങ്ങളുടെ ധാര്‍മിക രോഷമുയരുമോ? ഉദാഹരണത്തിനു വോഡഫോണ്‍ കമ്പനി ഇന്ത്യന്‍ റ്റാക്സ് ഡിപാര്‍ട്മെന്റിനു നികുതിയിനത്തില്‍ കൊടുക്കാനുള്ളത് ഏകദേശം പതിനാലായിരം കോടി രൂപയാണ്. ഇത് അടയ്ക്കുന്നതിനു പകരം സര്‍ക്കാരിനെതിരെ അന്താരാഷ്ട്രീയ ആര്‍ബിട്രേഷനു പോകുകയാണു കമ്പനി ചെയ്തത്. ഇതിനെ പറ്റി ഇക്കൂട്ടരാരെങ്കിലും സംസാരിച്ച് കേട്ടിട്ടുണ്ടോ? വൻകിട കമ്പനികൾക്ക് നൽകുന്ന ദശലക്ഷക്കണക്കിനുള്ള കടം കിട്ടാക്കടമായി എഴുതി തള്ളുന്ന തുകയോ? കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 29 പൊതുമേഖലാ ബാങ്കുകള്‍ എഴുതിതള്ളിയ കോര്‍പറേറ്റ് കടം Rs 1.14 ലക്ഷം കോടിയോളം വരും. ഇക്കാര്യത്തില്‍ ആര്‍ക്കും നികുതി പണത്തെ ചൊല്ലി വേവലാതിയില്ലേ?

ഉന്നതവിദ്യാഭ്യാസത്തെ സംബന്ധിച്ച് എന്താണു നിങ്ങളൊക്കെ ധരിച്ചു വച്ചിരിക്കുന്നത്? വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉള്ള ധനസഹായം ഗവണ്മെന്റ് നൽകുന്ന ഭിക്ഷയാണെന്ന് കരുതിയോ നിങ്ങൾ? ഈ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, സ്വതന്ത്രമായി ചിന്തിക്കുവാൻ ശേഷിയില്ലാത്ത, സ്വന്തമായി രാഷ്ട്രീയ നിലപാടുകൾ എടുക്കുവാൻ കഴിയാത്ത, വിദൂരനിയന്ത്രിതമായ റോബോട്ടുകൾ ആണെന്ന് കരുതിയോ നിങ്ങൾ? അതുമല്ലെങ്കിൽ നിങ്ങൾ ഗവണ്മെന്റിനു നികുതി കെട്ടുന്നത് കൊണ്ട് മാത്രം നിങ്ങളുടെ അടിമകളാണ് അവരെന്ന് കരുതിയോ? സാമൂഹിക ശാസ്ത്രം എന്താണെന്ന് എന്തെങ്കിലും ബോധ്യമുണ്ടോ? രാഷ്ട്ര-നിർമാണത്തിൽ അഭ്യസ്തവിദ്യരായ യുവജനത്തിനുള്ള പ്രാധാന്യമെന്തെന്ന് അറിയുമോ?

ഞാനൊരു കൂലിപ്പണിക്കാരന്റെ മകനാണ്. പതിനഞ്ചാമത്തെ വയസ്സിൽ എനിക്കെന്റെ അച്ഛനെ നഷ്ടപ്പ്പെട്ടു. മഹാത്മാ ഗാന്ധി സർവ്വകലാശാലയും ജെ.എൻ.യു.-വും പോലെയുള്ള പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ എനിക്ക് പിഎച്ച്ഡി പോയിട്ട് ഒരു എംഎ പോലും നേടാനാവുമായിരുന്നില്ല. അത് കൊണ്ട് തന്നെ ഈ രാജ്യത്തിന്റെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നിനു മേൽ നടക്കുന്ന പരിഹാസ്യമായ അതിക്രമങ്ങളിൽ എനിക്കുള്ള രോഷവും മനസ്സിലാക്കാവുന്നതാണല്ലോ.

രാജ്യത്തെ എല്ലാ നികുതിദായകരുടെയും അഭിപ്രായമായി നിങ്ങൾ നിങ്ങളുടെ അഭിപ്രായത്തെ പ്രതിഷ്ഠിക്കേണ്ടതില്ല. ഞാനും ഒരു നികുതിദായകനാണ്. ഒരു കൂട്ടം മുതലാളിത്തർക്ക് ആനുകൂല്യങ്ങളായി നൽകാതെ, ഏതൊരു ആധുനിക പുരോഗമനരാഷ്ട്രത്തെയും പോലെ, എന്നിൽ നിന്നും മറ്റ് പൌരരില്‍ നിന്നുമുള്ള നികുതിപ്പിരിവ് മികച്ച വിദ്യാഭ്യാസവും ആരോഗ്യപരിപാലനത്തിനും നൽകുന്നതിനു വേണ്ടി വിനിയോഗിക്കണമെന്നാണു എന്റെ നിലപാട്. വിദ്യാഭ്യാസ മേഖലയ്ക്കായി ഇന്ത്യ ചിലവഴിക്കുന്നതെത്രയെന്നു നോക്കുക. ലോക ബാങ്കിന്റെ കണക്കുകളനുസരിച്ച് 2012ൽ ഇന്ത്യ വിദ്യാഭ്യാസത്തിനായി ചിലവിട്ടത് മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ 3.9 ശതമാനമാണ്. മൊസാംബിക്കും മൊറോക്കയും വരെ ആറില്പരം ശതമാനം ചിലവിട്ടു. അമേരിക്കയുടേയും ബ്രിട്ടന്റേയും ശതമാനക്കണക്ക് അഞ്ചില്‍ മുകളിലാണ്.

അവസാനമായി, സ്വകാര്യ മേഖലയിൽ വിദ്യാഭ്യാസം വില്‍ക്കുന്ന മ‍ണിപ്പാൽ ഗ്ലോബൽ എജ്യൂക്കേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനാണ് മോഹന്‍‌ദാസ് പൈ. (ഇത് എന്‍ഡിറ്റിവി ലേഖനത്തിന്റെ കൂടെ ഡിസ്ക്ലൈമറായി കൊടുക്കേണ്ടതായിരുന്നു.) ജെഎന്‍യുവിനോടുള്ള, അല്ലെങ്കില്‍ പൊതുമേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള മിസ്റ്റര്‍ പൈയുടെ വിദ്വേഷം മനസിലാക്കാവുന്നതേയുള്ളൂ. ഞാനൊരു കൂലിപ്പണിക്കാരന്റെ മകനാണ്. പതിനഞ്ചാമത്തെ വയസ്സിൽ എനിക്കെന്റെ അച്ഛനെ നഷ്ടപ്പെട്ടു. മഹാത്മാ ഗാന്ധി സർവ്വകലാശാലയും ജെ.എൻ.യു.-വും പോലെയുള്ള പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ എനിക്ക് പിഎച്ച്ഡി പോയിട്ട് ഒരു എംഎ പോലും നേടാനാവുമായിരുന്നില്ല. അത് കൊണ്ട് തന്നെ ഈ രാജ്യത്തിന്റെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നിനു മേൽ നടക്കുന്ന പരിഹാസ്യമായ അതിക്രമങ്ങളിൽ എനിക്കുള്ള രോഷവും മനസ്സിലാക്കാവുന്നതാണല്ലോ.

എന്ത് കൊണ്ട് ജെ.എൻ.യു.?

എന്ത് കൊണ്ടാണ് JNUSU പ്രസിഡന്റായ കൻഹയ്യ കുമാർ അറസ്റ്റ് ചെയ്യപ്പെട്ടത്? കഴിഞ്ഞ ആഴ്ച ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തപ്പെട്ട പരിപാടി സംഘടിപ്പിച്ചത് JNUSU ആണോ? അല്ല എന്ന് തന്നെയാണുത്തരം. കൻഹയ്യ ആ മുദ്രാവാക്യങ്ങൾ വിളിക്കുകയോ അതേറ്റ് പറയുകയോ ചെയ്തിരുന്നുവോ? ഇല്ല എന്നാണു വീണ്ടുമുത്തരം. കാമ്പസിലെ പ്രമുഖമായ ഇടതു വിദ്യാർഥി സംഘടനകൾ, SFI, കൻഹയ്യ അംഗമായ AISF, ഈ മുദ്രാവാക്യങ്ങൾ ഏറ്റ് വിളിച്ചിരുന്നുവോ? തീർച്ചയായുമില്ല. പിന്നെ എന്തിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കൻഹയ്യയേയും അദ്ദേഹത്തിന്റെ സഖാക്കളെയും പൊലീസ് കസ്റ്റഡിയിൽ വച്ചിരിക്കുന്നത്? മാവോയിസ്റ്റ് ചായ്വുകളുള്ള DSU എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ചില വിദ്യാർഥികളാണു പ്രസ്തുത പരിപാടി നടത്തിയത്. JNU അധികാരികൾ ആദ്യം ഈ പരിപാടിക്ക് അനുമതി നൽകിയിരുന്നുവെങ്കിലും, ABVP-യുടെ ഭീഷണികൾക്ക് വഴങ്ങി കൊണ്ട് പരിപാടി തുടങ്ങുവാൻ മിനുറ്റുകൾ ബാക്കി നിൽക്കെ അത് പിൻവലിക്കുകയായിരുന്നു. സംഘാടകർ പരിപാടിയുമായി മുന്നോട്ട് പോകുവാൻ തന്നെ തീരുമാനിക്കുകയും അത് നടത്തുകയും ചെയ്തു. ഇങ്ങനെ മുമ്പും സംഭവിച്ചിട്ടുള്ളതാണു. മുസഫർനഗർ കലാപത്തെ സംബന്ധിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കുവാൻ ശ്രമിച്ചതാണ് ഇതിൽ ഏറ്റവും അവസാനത്തേത്. ഒരു പിടി ആളുകൾ മാത്രമാണ് മുദ്രാവാക്യം വിളിയിൽ മുഴുകിയത്. കാമ്പസിലെ ഇടതു സംഘടനകൾ എല്ലാം തന്നെ അത്തരം നടപടികളിൽ നിന്നും മാറി നിൽക്കുകയാണ് ചെയ്തത്. പക്ഷെ പൊലീസ് ഇടതുപക്ഷ വിദ്യാർത്ഥികളുടെ പിറകെയാണ്, ABVP ആകട്ടെ അവരെ രാജ്യദ്രോഹികളായി ചാപ്പകുത്തുവാനുള്ള തത്രപ്പാടിലും.

രണ്ടാമതായി, വിവാദപരമായ മുദ്രാവാക്യങ്ങൾ ആരെങ്കിലും വിളിച്ചിട്ടുണ്ടെങ്കിൽ തന്നെ എന്തടിസ്ഥാനത്തിലാണു അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്? നമ്മുടെ കൊളോണിയൽ ഭൂതകാലത്തിന്റെ ശ്വാസം മുട്ടിപ്പിക്കുന്ന അവശിഷ്ടബാക്കിയാണു രാജ്യദ്രോഹക്കുറ്റമെന്ന കരിനിയമം. പ്രത്യേകമായ ഏതൊക്കെ സാഹചര്യങ്ങളിലാണ് രാജ്യദ്രോഹക്കുറ്റ നിയമങ്ങൾ പ്രാ‍യോഗിക്കേണ്ടത് എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹഫിങ്ടൺ പോസ്റ്റിലെ [1] ലേഖനത്തിൽ ശിവം വിജ് ചൂണ്ടിക്കാട്ടുന്നത് പോലെ, അക്രമമോ അക്രമത്തിനു നേരിട്ടുള്ള ആഹ്വാനമോ ഉള്ള സാഹചര്യങ്ങളിൽ മാത്രമേ രാജ്യദ്രോഹക്കുറ്റം പ്രാ‍യോഗിക്കാൻ പാടുള്ളൂ എന്ന് 1962-ൽ സുപ്രീംകോടതി പ‍റഞ്ഞിട്ടുണ്ട്. മുദ്രാവാക്യം വിളിക്കുന്നത് ഏതെങ്കിലും തരത്തിൽ രാജ്യത്തിന് ഭീഷണി ഉയർത്ത്തുന്നുണ്ടോ? "നമ്മൾ ഒരു ജനാധിപത്യ രാജ്യമാണ്. അദ്ദേഹം ഒരു (മാവോയിസ്റ്റ്) അനുഭാവി ആയിരിക്കാം, പക്ഷെ അത് അദ്ദേഹത്തെ രാജ്യദ്രോഹിയാക്കുന്നില്ല" എന്നാണ് ഡോ. ബിനായക് സെന്നിനു, രാജ്യദ്രോഹക്കുറ്റ കേസിൽ വിചാരണയ്ക്ക് നേരിടുന്ന അവസരത്തിൽ, ജാമ്യം നൽകിക്കൊണ്ട് സുപ്രീംകോടതി പ‍റഞ്ഞത്.

ഈ ഗവണ്മെന്റ് അധികാരത്തിലേറിയത് മുതൽ ഹിന്ദുത്വ ദേശീയതാവാദികൾ ഈ റിപബ്ലിക്കിനും അതിന്റെ നേതാക്കൾക്കുമെതിരെ ഭീഷണികൾ ഉയർത്തിയിട്ടുണ്ട്. നമ്മുടെ ഭരണഘടനയേയും റിപബ്ളിക്കിനെയും പരസ്യമായി വെല്ലുവിളിച്ചു കൊണ്ട് ഒരു വിഭാഗം റിപബ്ളിക് ദിനം ഒരു കരിദിനമായി ആഘോഷിക്കുകയുണ്ടായി; മറ്റൊരു വിഭാഗം ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുമെന്ന് പ്രതിജ്ഞയെടുത്തു.

മൂന്നാമതായി, തികച്ചും പക്ഷപാതപരമായ ഈ ദേശീയതാവികാരവിക്ഷോഭം എന്തിനാണ്? ഈ ഗവണ്മെന്റ് അധികാരത്തിലേറിയത് മുതൽ ഹിന്ദുത്വ ദേശീയതാവാദികൾ ഈ റിപബ്ലിക്കിനും അതിന്റെ നേതാക്കൾക്കുമെതിരെ ഭീഷണികൾ ഉയർത്തിയിട്ടുണ്ട്. നമ്മുടെ ഭരണഘടനയേയും റിപബ്ളിക്കിനെയും പരസ്യമായി വെല്ലുവിളിച്ചു കൊണ്ട് ഒരു വിഭാഗം റിപബ്ളിക് ദിനം ഒരു കരിദിനമായി ആഘോഷിക്കുകയുണ്ടായി; മറ്റൊരു വിഭാഗം ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഒരു ഹിന്ദു മഹാസഭ നേതാവ് ഗാന്ധിവധത്തിൽ തങ്ങളുടെ ഒരു അംഗം ഭാഗഭാക്കായതിൽ അഭിമാനം പ്രകടിപ്പിച്ചു; ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിനെ വധിക്കുമെന്ന് പരസ്യമായ ഭീഷണി മുഴക്കി. ഇതേ സംഘം ആൾക്കാർ തന്നെയാണു ഗാന്ധിവധത്തിന്റെ പേരിൽ തൂക്കിലേറ്റപ്പെട്ട ഗോഡ്സെയുടെ മരണദിവസം ബലിദാന ദിവസമായി ആഘോഷിക്കുന്നത്. ഈ ഗവണ്മെന്റ് എപ്പോഴെങ്കിലും ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നോ? ഇല്ല. ഹിന്ദു ദേശീയവാദികൾക്ക് മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നല്ല. ഗവണ്മെന്റ് ഈ വിഷയത്തിൽ സഹിഷ്ണുത പാലിച്ചിരുന്നു. നമ്മുടേത് ഒരു ജനാധിപത്യ വ്യവസ്ഥയാണെന്നതിനാൽ അതിൽ ഒരു പ്രശ്നവുമില്ല. എന്നാൽ ഇതേ അവകാശങ്ങൾ എന്ത് കൊണ്ട് വിദ്യാർത്ഥികൾക്ക് നിഷേധിക്കുന്നു? (ജെ.എൻ.യു. കാമ്പസിൽ യഥാർത്ഥത്തിൽ മുദ്രാവാക്യം വിളിച്ചവരെ പറ്റിയാണു സൂചിപ്പിച്ചത്. ഗവണ്മെന്റ് അന്യായമായി വേട്ടയാടുന്ന വിദ്യാർത്ഥികളെ പറ്റിയല്ല.) എന്തുകൊണ്ടാണു ഈ പക്ഷപാതിത്വം?

അവസാനമായി, നമുക്കെല്ലാമറിയാം എന്ത് കൊണ്ടാണ് ഈ ഗവണ്മെന്റ് ജെ.എൻ.യു.-വിനു പിന്നാലെ എന്ന്. വളരെ ലളിതമാണ്. അത് ദേശീയത കൊണ്ടൊന്നുമല്ല. മറിച്ച്, വെറുപ്പിനാൽ പൂരിതമായ സംഘപരിവാറിന്റെ ദുഷിച്ച പൂർവ്വാധുനിക ലോകവീക്ഷണത്തെ നിരാകരിക്കുന്ന വിദ്യാർത്ഥിസമൂഹത്തെ നിർമിക്കുന്ന, വിമർശനാത്മക ചിന്തയെ പ്രോൽസാഹിപ്പിക്കുന്ന ഒരു സർവ്വകലാശാല ആയത് കൊണ്ടാണ്. വളരെ കാലമായി ഭിന്നാഭിപ്രായത്തിന്റെ ഈ സംസ്കാരത്തെ മെരുക്കുവാൻ ആർ.എസ്.എസ്. ശ്രമിച്ച് തുടങ്ങിയിട്ട്. സംഘപരിവാറിന്റെ തലതൊട്ടപ്പന്മാർ മുതൽ സോഷ്യൽ മീഡിയയിൽ വിഹരിക്കുന്ന സാദാ സംഘികൾ വരെ ജെ.എൻ.യു.-വിനെതിരെ ഈ കടുത്ത വിദ്വേഷം അഴിച്ചുവിടുന്നതിനു കാരണം ഇതാണ്. "ഒരു വലിയ രാജ്യവിരുദ്ധ സംഘം" എന്ന് സംഘപരിവാർ മുഖപത്രം ജെ.എൻ.യു.-വിനെ വിശേഷിപ്പിച്ചത് ഈ അടുത്തകാലത്താണ്. അവർ ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. നിർഭാഗ്യവശാൽ, ഒരു ചെറിയ സംഘം ആളുകൾ വിളിച്ച വിവാദ മുദ്രാവാക്യങ്ങൾ സംഘപരിവാർ അവരുടെ ഉദ്ദേശ്യനിവൃത്തിക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു. സംഘപരിവാർ അധികാരവർഗത്തിന്റെ ഗുണ്ടകളെപ്പോലെ പെരുമാറിയ ABVP-ക്കാർ പൊലീസിനു കാര്യങ്ങൾ എ‍ളുപ്പമാക്കിക്കൊടുത്തു. ഈ ഗവണ്മെന്റ് നിയമിച്ച വൈസ് ചാൻസലർ പോലീസിനു സ്വൈര്യ വിഹാരം നടത്തുവാൻ കാമ്പസ് തുറന്ന് കൊടുക്കുകയും ചെയ്തു. രോഹിത് വെമുലയുടെ ആത്മഹത്യ സൃഷ്ടിച്ച പൊതുജനരോഷത്തിൽ നിന്ന് ശ്രദ്ധ തിരിക്കുവാനും, ഒരു പരിധി വരെ ഈ ഗവൺമെന്റിനെതിരെ കഴിഞ്ഞ ഒന്നര വർഷത്തോളമായി സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ പകപോക്കുവാനും പൊലീസ് നീക്കം കൊണ്ട്‍ സാധിച്ചു.

ഈ രാജ്യത്തെ മറ്റുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേതിനെ അപേക്ഷിച്ച് ജെ.എൻ.യു. വിദ്യാർത്ഥി സമൂഹം സുസംഘടിതമാണ്. ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ച് ബലപ്രയോഗം നടത്തി അവരെ ഒതുക്കുവാൻ ഗവണ്മെന്റിനു എ‍ളുപ്പമായിരിക്കില്ല. അതെ, ഏകദേശം ഇരുട്ടിത്തുടങ്ങി എന്നത് നേര് തന്നെ. എന്നാൽ രാത്രി ആയിട്ടില്ല, ഇത് വരേയ്ക്കും.

[1] http://www.huffingtonpost.in/2016/02/12/kanhaiya-kumar-jnu-afzal-_n_9218...