സമകാലീന ഇന്ത്യൻ സമ്പദ് വ്യവസ്ഥയും നരേന്ദ്ര മോഡി സർക്കാരും (ഭാഗം 1)

ആധുനിക ഇന്ത്യയുടെ ഇരുപതാം നൂറ്റാണ്ടിലെ സാമൂഹിക വികാസ ചരിത്രത്തിൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിന്റെ കറാച്ചി സമ്മേളനം(1931) ഒരു നാഴികക്കല്ലാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ ശ്രീ പ്രഭാത് പട്നായിക്ക് സോഷ്യൽ സൈന്റിസ്റ്റിൽ എഴുതിയ ഒരു ലേഖനത്തിൽ (2013) സമർഥിക്കുന്നുണ്ട്. സാർവ്വദേശീയ സ്വയം നിർണ്ണയ അവകാശത്തിന്റെ സ്ഥാപന വത്കരണം, മതേതര രാഷ്ട്രസങ്കല്പത്തിന്റെ രൂപവത്കരണം, പ്രകൃതി വിഭവങ്ങളുടെ ഏറെക്കുറെ സാമൂഹികമായ ഉപയോഗം, വിദേശ മൂലധനത്തിന്റെ വ്യാപനം ചെറുത്ത് അപകോളനീകരണം ത്വരിതമാക്കുന്ന വിധത്തിൽ സ്വീകരിച്ച നടപടികൾ തുടങ്ങി ആധുനിക ഇന്ത്യഎന്ന രാഷ്ട്രസങ്കൽപം ഉരുത്തിരിയുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ച ഒട്ടേറെ സാമൂഹിക മാറ്റങ്ങൾക്കാണ് കറാച്ചി സമ്മേളനം തുടക്കമിട്ടത്. സ്വതന്ത്ര ഇന്ത്യ എന്തായിരിക്കണമെന്ന കാഴ്ചപ്പാടോടുകൂടി സമ്മേളനം വിഭാവനം ചെയ്ത അടിസ്ഥാന ആശയങ്ങളിൽ ആണ് ഇന്ത്യയുടെ ഭരണഘടന പോലും ഉരുത്തിരിഞ്ഞത്. എന്നാൽ ഈ മുന്നേറ്റങ്ങളെ എല്ലാം നൂറ്റാണ്ടുകളോളം പിന്നോട്ട് നടത്തുന്ന ഒരു സാമൂഹിക പ്രതി വിപ്ലവത്തിന്റെ ആശങ്ക ഇന്ത്യൻ സാമൂഹിക സാംസ്കാരിക സാമ്പത്തിക രംഗങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ മുതലാളിത്ത സമ്പത്ത് വ്യവസ്ഥയുടെ കീഴിൽ വർദ്ധിച്ചു വരുന്ന അസമത്വം, ആഗോള ഫിനാൻസ് മൂലധനം രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയ അവകാശങ്ങൾക്ക് മേൽ ഉയർത്തുന്ന ആധിപത്യം, രാജ്യത്തെ അരാഷ്ട്രീയ മദ്ധ്യവർഗ്ഗ യുവത്വം, കോർപ്പറേറ്റ് -സർക്കാർ ബന്ധത്തിൽ നിന്നും ഉടലെടുക്കുന്ന അഴിമതി ,ഖാപ് പഞ്ചായത്തുകൾ പോലെയുള്ള അർദ്ധ ഫ്യൂടൽ സ്ഥാപനങ്ങൾ ഇന്നും നിലനില്ക്കുന്ന സാമൂഹിക സാഹചര്യം എന്നിവ ഈ സാമൂഹിക പ്രതിവിപ്ലവ പ്രക്രിയയെ സ്വാധീനിച്ച സാമൂഹിക സാഹചര്യങ്ങൾ ആണ്. അദ്ദേഹംഈ ലേഖനമെഴുതുമ്പോൾ തികച്ചും ജനാധിപത്യ വിരുദ്ധമായി രൂപീകൃതമായ സെമി ഫാസിസ്റ്റു സംഘടനകളാൽ നിയന്ത്രിതമായ ഏകജാലക സ്വഭാവമുള്ള മോഡി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയിട്ടില്ലായിരുന്നു. ഗാന്ധിയുടെ വധത്തിനു ശേഷം ഇന്ത്യയിൽ തീവ്രമായ വർഗ്ഗീയതയുടെ രാഷ്ട്രീയം അവരുടെ അജണ്ട നടപ്പാക്കാൻ ഉതകുന്ന വിധം സകല ജനാധിപത്യ സംവിധാനങ്ങളിലും സെമി ഫാസിസ്റ്റു ഇടപെടലുകൾ നടത്താൻ ആരംഭിച്ചിട്ടില്ലായിരുന്നു . 2014 മേയോട് കൂടി അതിനുള്ള വേദി ഒരുങ്ങിയിരിക്കുന്നു.

ആധുനിക ചരിത്ര പഠനത്തിന്റെ രീതീശാസ്ത്രത്തെപ്പോലും പടിക്കു പുറത്ത് നിർത്തി രാമായണത്തിനും മഹാഭാരതത്തിനും ഭാവനാ പൂർണ്ണ മായ പുതിയ വ്യാഖ്യാനങ്ങൾ നല്കി പ്രതിലോമ ശക്തികളുടെ പേക്കൂത്ത് ആരംഭിച്ചിരിക്കുന്നു. ന്യൂന പക്ഷങ്ങളെ മുൾമുനയിൽ നിർത്തി ആൾ ദൈവങ്ങളും സന്യാസിമാരും ഭാരതത്തിന്റെ ‘വിശുദ്ധ പാരമ്പര്യം’ വ്യക്തിസ്വാതന്ത്രങ്ങൾക്കും ജനാധിപത്യ അവകാശങ്ങൾക്കും മുകളിൽ .അടിച്ചേൽപ്പിക്കാൻ ആരംഭിച്ചിരിക്കുന്നു . കഴിഞ്ഞ ഒരു വർഷം ഇന്ത്യ ഭരിച്ച നരേന്ദ്ര മോഡി സർക്കാരിന്റെ ഇത്തരം വർഗ്ഗീയ ഫാസിസ്റ്റു നടപടികളെ സംബന്ധിച്ച് ഒട്ടേറെ പഠനങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഈ ലേഖനത്തിന്റെ ഉദ്ദേശം അതല്ല. ഗുജറാത്ത് മോഡൽ വികസനം എന്ന മിത്ത് , സ്വന്തം വ്യക്തി പ്രഭാവം, ആഗോള ഫിനാൻസ് മൂലധനത്തോട് അതിർവരമ്പുകൾ പോലുമില്ലാത്ത പൊക്കിൾകൊടി ബന്ധം, അവർ നിയന്ത്രിക്കുന്ന മാധ്യമ ങ്ങളിലൂടെയുള്ള ഗീബൽസിയൻ പ്രചരണം, ഇവെന്റ്റ് മാനെജുമെന്റു ഗ്രൂപ്പുകളുടെ തിരക്കഥകൾ അനുസരിച്ചുള്ള നാടകങ്ങൾ എന്നീ പൊടിക്കൈകളിലൂടെ മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ നരേന്ദ്ര മോഡിയുടെ കഴിഞ്ഞ ഒരു വർഷത്തെ സാമ്പത്തിക നയങ്ങളെ ഇന്ത്യ ഇന്ന് നേരിടുന്ന സാമൂഹിക പ്രതിവിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ അവലോകനം ചെയ്യുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.

ഈ വിശകലനത്തെ മൂന്ന് ഭാഗങ്ങൾ ആയി തിരിച്ചിരിക്കുന്നു. ഇന്നത്തെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അവസ്ഥ എന്തെന്ന് പരിശോധിക്കുക ആണ് ഒന്നാമത്തെ ഭാഗത്തിൽ. സാമ്പത്തിക സൂചകങ്ങൾക്കൊപ്പം ലഭ്യമായ സാമൂഹിക സൂചകങ്ങളും ഈ വിശകലനത്തിന് ഉപയോഗിച്ചിരിക്കുന്നു. രണ്ടാം ഭാഗത്തിൽ മോഡിയുടെ സർക്കാർ കൈകൊണ്ട സാമ്പത്തിക നയങ്ങൾ സമകാലീന ഇന്ത്യൻ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെടുത്തി വിശദമായി ചർച്ച ചെയ്യുന്നു. ആ നയങ്ങൾ എങ്ങനെ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രെസ്സ് നേതൃത്വം നല്കിയ രണ്ടാം യു പി എ സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ തുടർച്ച ആകുന്നു എന്ന് പരിശോധിക്കുന്നു. സർക്കാരിന്റെ സാമ്പത്തിക സർവേ, ബഡ്ജറ്റ്, മറ്റു ഉറവിടങ്ങൾ എന്നിവയാണ് അവലംബം. ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക പ്രതിവിപ്ലവ പ്രക്രിയയിലേക്ക് ഈ നവലിബറൽ നയങ്ങൾ ഹ്രസ്വകാലയളവിൽ എങ്ങനെ സംഭാവന ചെയ്യുന്നു എന്ന് പരിശോധിക്കലാണ് രണ്ടാം ഭാഗത്തിന്റെ ലക്‌ഷ്യം. കേവലം ഒരു വർഷത്തെ സാമ്പത്തിക പ്രവർത്തനം മാത്രം വിലയിരുത്തിക്കൊണ്ട് വളരെ ദീർഘകാലയളവിൽ സംഭവിക്കാവുന്ന സാമൂഹിക പ്രതിവിപ്ലവ പ്രവർത്തനത്തെ വിശദീകരിക്കുന്നു , ഹണിമൂണ്‍ കാലം പോലും കഴിയാത്ത ഈ സർക്കാരിന് വേണ്ടത്ര സമയം നല്കാതെ കുറ്റവിചാരണ നടത്തുന്നു തുടങ്ങിയ ആരോപണങ്ങൾ വരാനിടയുണ്ട്. എന്നാൽ ലഭ്യമായ സ്ഥിതിവിവര കണക്കുകളും, സാമ്പത്തിക സർവ്വേ, ബജറ്റ് തുടങ്ങിയ രേഖകളും ഉപയോഗിച്ച് ഈ സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ ദിശാബോധത്തെ കുറിച്ചു വ്യക്തമായ സൂചനകൾ വായിച്ച് എടുക്കാനാണ് ഈ ഉദ്യമം. മൂന്നാം ഭാഗം പ്രധാന കണ്ടെത്തലുകളെ സ്വാംശീകരിക്കുന്നു.

സമകാലീന ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ

ഒരു സമ്പദ് വ്യവസ്ഥയിലെ ഉയർന്ന സാമ്പത്തിക വളർച്ച ഗുണം ചെയ്യേണ്ടത് ആ സമ്പദ് വ്യവസ്ഥയിലെ ജനങ്ങൾക്കാണ്. സമഗ്ര സാമൂഹിക പുരോഗതി കൈവരിക്കണമെങ്കിൽ പിന്തുടരുന്ന വളർച്ചാ നയം കൂടുത്തൽ ജനപക്ഷത്തു നില്ക്കുന്ന ഒന്നായിരിക്കണം. ഇന്ത്യ പിന്തുടരുന്ന വളർച്ചാ രീതി ആഭ്യന്തര-ആഗോള കോർപ്പറേറ്റ്കളെ പ്രീണിപ്പിക്കുന്ന മുതലാളിത്ത വികസന രീതി ആണ്.

2007 നുശേഷം ലോക മുതലാളിത്ത സമ്പത്ത് വ്യവസ്ഥ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിൽ അമേരിക്ക, യൂറോപ്പ് തുടങ്ങിയ സമ്പദ്‌വ്യവസ്ഥകളെ ബാധിച്ച മഹാമാന്ദ്യത്തോടാണ് (great depression) 2007 ലെ സാമ്പത്തിക മാന്ദ്യം ഉപമിക്കപ്പെട്ടിരിക്കുന്നത്. പ്രകടമായ വ്യത്യാസങ്ങൾ ഇവ രണ്ടും തമ്മിൽ ഉണ്ട്. എങ്കിലും ആഗോള മുതലാളിത്ത സാമ്പത്തിക ക്രമത്തിന്റെ തലസ്ഥാനത്തുനിന്നു ആരംഭിച്ച് ലോകമാകെ പടരുന്ന മാന്ദ്യമായി ഇത് മാറുന്ന രീതി ഏറെ സമാനതകൾ ഉള്ളതാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി എന്നത് ഊഹക്കച്ചവടത്തിന്റെ ഇളകുന്ന അടിത്തറയിൽ ചീട്ടുകൊട്ടാരം പോലെ പടുത്തുയർത്തിയ ബാങ്കിംഗ് മേഖലയുടെ അനിവാര്യമായ തകർച്ച ആണെന്ന് വിലയിരുത്തപ്പെടുന്നു. മുതലാളിത്ത ലോകത്തിന് പ്രതിസന്ധികൾ പുത്തരിയല്ല. മുതലാളിത്ത സമ്പദ് വ്യവസ്ഥകൾ ഏറെക്കാലം ആയി കടന്നു പോകുന്നത് ഇത്തരം 'ബൂം-ബസ്റ്റ്' (boom-bust)' വളർച്ചാ പന്ഥാവിലാണ്. ചെറുതും വലുതുമായി മുതലാളിത്ത ലോകം ഇന്നനുഭവിച്ച സാമ്പത്തിക പ്രതിസന്ധികൾ എല്ലാം യഥാർത്ഥത്തിൽ മുതലാളിത്തത്തിൽ തന്നെ അന്തർലീനമായ പ്രതിസന്ധിയുടെ പരിണിത ഫലം ആണ്. തെറ്റു ചെയ്തവന്‍ അതിന്റെ പരിണിതഫലം അനുഭവിയ്ക്കണമെന്ന കമ്പോളയുക്തി പാലിക്കാതെ, സമ്പദ്ഘടനയില്‍ ഊഹാപോഹത്തിന്റെ കുമിളകള്‍ ഊതിവീര്‍പ്പിച്ചവരെ, പൊതുഖജനാവില്‍ നിന്ന് പണമെടുത്ത് മുതലാളിത്ത ഭരണകൂടങ്ങള്‍ 'ബെയില്‍ ഔട്ട്' ചെയ്തു രക്ഷിച്ചത് ഈ തിരിച്ചറിവിൽ നിന്നാണ്. സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കത്തിൽ ഈ മാന്ദ്യം ഇന്ത്യയെ ഒരു കാരണവശാലും ബാധിക്കുകയില്ലെന്ന് ഒരു അവകാശ വാദം നിലനിന്നിരുന്നു. ഈ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന വിധത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പ്രധാന മേഖലകളെയെല്ലാം മാന്ദ്യം നേരിട്ടോ അല്ലാതെയോ വലിയ തോതിൽ സ്വാധീനിച്ചു. ഉദാരീകൃതമായ ചരക്ക് വ്യാപാര ബന്ധങ്ങളിലൂടെയും അതിരുകളില്ലാതെ പ്രവഹിക്കുന്ന ഫിനാൻസ് മൂലധനത്തിലൂടെയും ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇന്ന് ആഗോള സമ്പദ് വ്യവസ്ഥയുമായി ഏറെ കൂട്ടി യോജിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ ഇന്ത്യക്ക് ഒറ്റപ്പെട്ട ഒരു ദ്വീപ്‌ ആയി നിലനില്ക്കാൻ സാധിക്കുകയില്ലെന്ന സത്യം ഏവർക്കും ബോധ്യമായി. ലോകമാസകലം നവലിബറൽ ചിന്താഗതികൾക്കെതിരെ ജനവികാരം ശക്തമായത്‌ ഇക്കാലയളവിലാണ്. ഇന്ത്യയിൽ അന്ന് അധികാരത്തിൽ ഇരുന്ന രണ്ടാം യു പി എ സർക്കാർ ആകട്ടെ കൂടുതൽ കരുത്തോടെ നവലിബറൽ നയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. മുതലാളിത്ത ലോകത്ത് സാമ്പത്തിക കുഴപ്പങ്ങൾ ഉണ്ടാകുമ്പോൾ നിക്ഷേപങ്ങൾ കൂടുതൽ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് "പാർക്ക് " ചെയ്യുന്ന ഊഹക്കച്ചവടക്കാരായ നിക്ഷേപകരെ ആകർഷിക്കാൻ ഇന്ത്യ യത്നിച്ചു. ഇതെല്ലാം ജനഹിതം അനുസരിച്ചാണ് ചെയ്യുന്നതെന്ന പതിവ് പല്ലവിയും കേൾക്കാമായിരുന്നു. വളർച്ചാ നിരക്കിനു അമിത പ്രാധാന്യം നല്കുകയും ഗ്രാമീണ മേഖലയുടെ ദാരിദ്രവും കാർഷിക മേഖല അനുഭവിച്ച പ്രതിസന്ധികളും നിരന്തരമായി അവഗണിക്കുകയും ചെയ്തു. രാജ്യത്തെ ഗ്രാമീണ കാർഷിക മേഖല കടുത്ത പ്രതിസന്ധി നേരിട്ട സമയത്ത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അംബാനി സഹോദരങ്ങൾ തമ്മിലുള്ള കുടുംബ സ്വത്ത്‌ തർക്കത്തിന് മധ്യസ്ഥത വഹിക്കാമെന്ന് വാഗ്ദാനം ചെയ്തത് ഒരു ഉദാഹരണം മാത്രം.

xdfdfd
ചിത്രം 1

ഈ ആഗോള സാമ്പത്തിക പരിതസ്ഥിതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സംബന്ധിക്കുന്ന വിശകലനം ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്കുമായി ബന്ധപ്പെട്ട ചർച്ചയിൽ നിന്നാരംഭിക്കാം. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ പ്രകടമായ മാറ്റം ദൃശ്യമായത് എണ്‍പതുകളില്‍ ആണ്. നവലിബറല്‍ പരിഷ്കാരത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നതു പോലെ 1990കളിലെ പരിഷ്ക്കാരത്തിനു ശേഷം അല്ല (ചിത്രം 1 കാണുക), എന്നാൽ 2000 നു ശേഷം, ഇക്കഴിഞ്ഞ രണ്ടു ദശകങ്ങൾ ആയി ചൈനക്കുശേഷം ലോക സമ്പദ് വ്യവസ്ഥകളിൽ ഏറ്റവും കൂടുത്തൽ വളർച്ചാ നിരക്ക് കൈവരിച്ച രാജ്യമാണ് ഇന്ത്യ .1980-2005 കാലയളവിൽ ഇന്ത്യയുടെ യഥാർത്ഥ പ്രതിശീർഷ വരുമാന വർദ്ധനവ്‌ 3.95 ശതമാനം ആയിരുന്നു. 2000-2005 കാലയളവ് മാത്രം കണക്കിലെടുത്താൽ ഇത് 5.4 ശതമാനം ആയിരുന്നു. ഒന്നും രണ്ടും യു പി എ സർക്കാരുകളുടെ കാലത്തെ 10 വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ യഥാർത്ഥ മൊത്തം ആഭ്യന്തര ഉത്‌പാദനം 7.6 ശതമാനം വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. (ഘട്ടക്, മയിത്രേഷ് 2014). 2003-04 മുതൽ 2008-09 കാലയളവിൽ 9 ശതമാനത്തിനടുത്ത് ശരാശരി വളർച്ചാ നിരക്ക് ഇന്ത്യൻ സമ്പദ് വ്യവസ്ഥ രേഖപ്പെടുത്തിയിട്ടുണ്ട്. 2002 ന് ശേഷം ഇന്ത്യയുടെ ഉത്പന്നങ്ങളുടെ ചോദനം വർദ്ധിച്ചത്, വിവര സാങ്കേതിക രംഗത്ത് കൈവരിച്ച പുരോഗതി, സേവന കയറ്റുമതി രംഗത്ത് ഇന്ത്യ ആർജിച്ച നേട്ടങ്ങൾ, ഉയർന്ന തോതിൽ വിദേശ മൂലധനം - വിശിഷ്യാ ഫോറിൻ ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റ്‌മെന്റ് രാജ്യത്തിലേക്ക് വന്നത് വഴി ബാങ്കിംഗ് മേഖലയിൽ വായ്പ്പ ലഭ്യത ഉയർന്നത് തുടങ്ങിയ കാരണങ്ങളാണ് ഈ ത്വരിത വളർച്ചക്ക്‌ കാരണങ്ങൾ (നാഗരാജ് ആർ, 2013).

ഒരു സമ്പദ് വ്യവസ്ഥയിലെ ഉയർന്ന സാമ്പത്തിക വളർച്ച ഗുണം ചെയ്യേണ്ടത് ആ സമ്പദ് വ്യവസ്ഥയിലെ ജനങ്ങൾക്കാണ്. സമഗ്ര സാമൂഹിക പുരോഗതി കൈവരിക്കണമെങ്കിൽ പിന്തുടരുന്ന വളർച്ചാ നയം കൂടുത്തൽ ജനപക്ഷത്തു നില്ക്കുന്ന ഒന്നായിരിക്കണം. ഇന്ത്യ പിന്തുടരുന്ന വളർച്ചാ രീതി ആഭ്യന്തര-ആഗോള കോർപ്പറേറ്റ്കളെ പ്രീണിപ്പിക്കുന്ന മുതലാളിത്ത വികസന രീതി ആണ്. ഈ രീതി സാമൂഹിക വികസനത്തെ എത്രമാത്രം സ്വാധീനിക്കും എന്ന് പരിശോധിക്കേണ്ടതാണ്. എണ്‍പതുകളില്‍ ഇന്ത്യയുടെ ആഭ്യന്തര ഉല്പാദനത്തിന്റെ വളർച്ചാ നിരക്കില്‍ രേഖപ്പെടുത്തിയ പ്രകടമായ ഉണര്‍വ് സാമൂഹിക വികസന രംഗത്തെ നേട്ടമാക്കി മാറ്റുന്നതിൽ ഇന്ത്യൻ ഭരണവർഗ്ഗം പരാജയപ്പെട്ടു. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഈ വളർച്ചക്ക് സാധിച്ചിട്ടില്ല. (ഡോ ദീപക് നയ്യാർ, 2006 )

ഒരു ജനതയുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ ഭക്ഷണം, ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം പോഷകാഹാരക്കുറവ് തുടങ്ങിയ സൂചകങ്ങൾ പരിശോധിക്കുന്നത് ഈ അവസരത്തിൽ ഏറെ ഉചിതമാണ്. ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടു 1999-2000 കാലയളവിലെ നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ കണക്കുകളെ വിശകലനം ചെയ്ത ഡോ. ഉത്സ പട്നായിക്ക് (2006) എത്തിച്ചേരുന്ന നിഗമനങ്ങൾ നോക്കാം . 1993-94 കാലയളവിൽ ഇന്ത്യയിലെ പ്രതിശീർഷ, പ്രതിവർഷ ധാന്യലഭ്യത 177 കിലോഗ്രാം ആയിരുന്നു എങ്കിൽ 2004 ൽ അത് 153 കിലോഗ്രാം ആയി കുറയുക ആണ് ചെയ്തത്. ജനങ്ങൾ ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നതിൽ വൻ ഇടിവ് രേഖപ്പെടുത്തിയ വർഷം 2001 ആണ്. എൻ ഡി എ സർക്കാർ ഇന്ത്യ ഭരിച്ച 1990-2000 കാലയളവിൽ ഇന്ത്യയിലെ പോഷകാഹാര ലഭ്യത സബ് സഹാറൻ ആഫ്രിക്കയിലേതിനേക്കാൾ കുറവായിരുന്നു. യു പി എ സർക്കാരുകളുടെ കാലത്തും സ്ഥിതി വിഭിന്നമല്ല. അരനൂറ്റാണ്ടിലധികം പ്രായമായ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നും നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥ എന്നും (ലോക ബാങ്ക്, 2015) അഭിമാനിക്കുന്ന സ്വതന്ത്ര ഇന്ത്യയുടെ പ്രതിശീർഷ, പ്രതിവർഷ ധാന്യലഭ്യത 1943 ലെ ബംഗാൾ പട്ടിണിക്കാലത്ത് നിലനിന്ന പ്രതിശീർഷ ധാന്യലഭ്യതയ്ക്ക് ഏറെക്കുറെ അടുത്ത് നില്ക്കുന്നു! വാങ്ങൽ ശേഷിയിൽ വന്ന കുറവും ഭക്ഷ്യ വിലക്കയറ്റവും സൃഷ്ടിക്കുന്ന രാജ്യത്തെ മിച്ച ഭക്ഷ്യ ധാന്യങ്ങളുടെ ഉയർന്ന കയറ്റുമതി, ഭക്ഷ്യ ധാന്യസംഭരണവും വിതരണവും സാമൂഹിക സുരക്ഷമുൻനിർത്തി കാര്യക്ഷമമായി നിർവഹിക്കാതിരുന്നത്, നേരിട്ട് ഉപഭോഗം ചെയ്യേണ്ട ഭക്ഷ്യ ധാന്യങ്ങൾ വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്ന മാംസത്തിന്റെ ഉത്പാദനത്തിലേക്ക് വഴിതിരിച്ചു വിടൽ തുടങ്ങി ഒട്ടനവധി കാരണങ്ങൾ ഈ ദുരവസ്ഥക്ക് പിന്നിൽ ഉണ്ട് . ഒരു കാര്യം വസ്തുനിഷ്ഠമായി തെളിയിക്കപ്പെട്ടതാണ് . ഭക്ഷ്യ ധാന്യ ഉത്പാദനത്തിൽ വന്ന കുറവല്ല മറിച്ച് നവലിബറൽ നയങ്ങളുടെ ഫലമായി സർക്കാർ ചിലവുകളിൽ വരുന്ന കുറവ് ജനങ്ങളുടെ വാങ്ങൽ ശേഷിയിൽ വരുത്തുന്ന ഇടിവാണ് ഈ ദുരവസ്ഥക്ക് കാരണം.

xdfdfd
Image Courtesy: Wikimedia Commons

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ആൻഗസ് ഡീടനും ഴീൻ ദ്രേഷും(2009) ചേർന്ന് നടത്തിയ പഠനം നോക്കുക. ഇന്ത്യയുടെ ദാരിദ്ര്യ രേഖ പ്രകാരം നഗര മേഖലയിൽ 2100 കലോറി ഊർജ്ജവും ഗ്രാമീണ മേഖലയിൽ 2400 കലോറി ഊര്ജ്ജവും നേടാനുള്ള വാങ്ങൽ ശേഷി ഇല്ലാത്തവരാണ് രാജ്യത്തെ മുക്കാൽ ഭാഗം ജനതയും. കൂടുതൽ വസ്തുനിഷ്ഠമായി പറഞ്ഞാൽ ഗ്രാമീണ മേഖലയിൽ 2004-2005 ൽ 87 ശതമാനവും 2009-2010 ൽ 90.5 ശതമാനവും ആളുകൾക്ക് 24 00 കലോറി ഊർജ്ജം എന്ന ദാരിദ്ര്യ രേഖക്ക് മുകളിൽ ഉപഭോഗം നടത്താനുള്ള വാങ്ങൽ ശേഷി ഇല്ലാത്തവരാണ്. നഗര മേഖലയിൽ ഇത് 64.5 ശതമാനവും (2004-2005) 73 ശതമാനവും (2009-2010) ആണ് (പട്നായിക്ക്, ഉത്സ 2013). 1983 നേക്കാൾ 2004-2005 കാലയളവിൽ ഇന്ത്യക്കാർക്ക് 10% കലോറി കുറവാണ് ഊർജ്ജം ലഭിക്കുന്നത്. പ്രോട്ടീനുകളുടെയും നുട്രിയന്റുകളുടെയും കാര്യത്തിലും ഈ കുറവ് കാണാവുന്നതാണ്. ലോകത്തിലെ ഏറ്റവും പോഷകാഹാരകമ്മി അനുഭവിക്കുന്ന ദരിദ്ര ജനതയിലെ ഏറിയ പങ്കും ഇന്ത്യയിൽ നിന്നാണ്. 3 വയസ്സുവരെ പ്രായമുള്ള കുട്ടികളിൽ 1998-99 കാലയളവിൽ 47 ശതമാനവും 2005-06 കാലയളവിൽ 46 ശതമാനവും തൂക്കക്കുറവുള്ളവരാണെന്ന് നാഷണൽ ഫാമിലി ഹെൽത്ത് സർവേ കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾക്കിടയിലെ പോഷകാഹാര കമ്മിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയേക്കാൾ കുറഞ്ഞ വളർച്ചാ നിരക്കും കൂടിയ ശിശു മരണ നിരക്കുകളും നിലനില്ക്കുന്ന സബ് സഹാറൻ ആഫ്രിക്കയിലെ ചില രാജ്യങ്ങളെക്കാൾ കൂടിയ പോഷകാഹാരക്കമ്മി ഇന്ത്യയിലെ ജനങ്ങൾ അനുഭവിക്കുന്നുണ്ട്. പോഷകാഹാര കമ്മി പരിഹരിക്കപ്പെടുന്നതിന്റെ വേഗത തുലോം കുറവാണ് താനും. ദാരിദ്ര്യ നിർമാർജ്ജനം സാമ്പത്തിക പരിഷ്കാരത്തിന്റെ ലക്ഷ്യമാണെന്ന് അടിവരയിടുമ്പോഴും പരിഷ്കാരാനന്തര ഇന്ത്യയിൽ ദാരിദ്ര്യ നിര്മാർജ്ജനത്ത്തിന്റെ തോതിൽ വന്ന കുറവ് ശ്രദ്ധേയമാണ്. ഇന്ത്യ സ്വതന്ത്രമായ കാലത്തെ മൊത്തം ജനസംഖ്യയെക്കാളധികം വരുന്ന ദരിദ്ര ജനവിഭാഗമാണ് ഇന്ത്യയുടെ ഉയർന്ന വളർച്ച സാമൂഹിക വികസന രംഗത്തെ നേട്ടമാക്കി മാറ്റിയെടുക്കുന്നതിൽ ഭരണവർഗ്ഗം പരാജയപെട്ടു എന്ന് വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ ഒരു വിഭാഗം സാമ്പത്തിക വിദഗ്ദ്ധർ വളർച്ചയുടെ ഭാവി കാണുന്നത് ഇന്ത്യയിലെ യുവാക്കളിലാണ്. ജനസംഖ്യയിൽ യുവാക്കളുടെ അനുപാതം കൂടുതലാണ് എന്നതിനാൽ ഇന്ത്യയിലെ ആശ്രിതരുടെ അനുപാതം (dependency ratio) കുറയുക വഴി ഒരു തരം ഡിമോഗ്രാഫിക് ഡിവിഡന്റ് ഉണ്ടെന്നും ഇത് വളർച്ചയെ സ്വാധീനിക്കും എന്നുമാണ് വാദം. ഈ ഡിമോഗ്രാഫിക് ഡിവിഡന്റിൻറെ ആനുകൂല്യംവഴി സാമ്പത്തിക വളർച്ച മാറണമെങ്കിൽ ഒന്നാമതായി സമ്പദ് ഘടനയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം. രണ്ടാമതായി തൊഴിലെടുക്കുവാനുള്ള ആരോഗ്യം നേടാനുള്ള മിനിമം കലോറി ഊർജ്ജം ലഭിക്കുന്ന ഭക്ഷണം വാങ്ങാനുള്ള ശേഷിയെങ്കിലും ജനങ്ങൾക്ക് ഉണ്ടാവണം. ആ വാങ്ങൽ ശേഷിയാണ് നവലിബറൽ സാമ്പത്തിക നയങ്ങൾ നടപ്പാക്കുന്നതുമൂലം നഷ്ടമാകുന്നത്. എങ്ങിനെയാണ് ഇന്ത്യയിലെ ജനങ്ങളുടെ വാങ്ങൽ ശേഷിയിൽ കാര്യമായ കുറവ് രേഖപ്പെടുത്തുന്നത്? ജനങ്ങളുടെ വാങ്ങൽ ശേഷിയെ നിർണ്ണയിക്കുന്ന ഏറ്റവും പ്രധാന ഘടകം വരുമാനം ആണല്ലോ. വരുമാനം ആകട്ടെ അവരുടെ തൊഴിലിനെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ ഇന്ത്യയിൽ നടപ്പിലാക്കുന്ന നവ ലിബറൽ നയങ്ങളുടെ ഫലമായി ഉയർന്ന തോതിലുള്ള വരുമാന ശോഷണം സംഭവിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പോള വ്യവസ്ഥിതി അനേകം തൊഴിലവസരങ്ങൾ ഒരുക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്ത് എന്തുകൊണ്ടാണ് ജനങ്ങൾക്കിടയിൽ ഇങ്ങനെ വ്യാപകമായി വരുമാനശോഷണം സംഭവിക്കുന്നത്‌? ഇത് മനസ്സിലാക്കാൻ ഇന്ത്യയിലെ തൊഴിലുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ ചര്ച്ച ചെയ്യുന്നത് ഈ അവസരത്തിൽ അനിവാര്യമാണ്.

ലോകം മുഴുവനും മൂലധനത്തിന് തടസ്സങ്ങളില്ലാതെ സഞ്ചരിക്കാം എന്ന സ്ഥിതി വന്നതോടെ ഉയർന്ന വേതനം , താരതമ്യേന കുറഞ്ഞ ലാഭം, മറ്റ് ഏതെങ്കിലും പ്രതികൂല കാലാവസ്ഥകൾ എന്നിവ നിലനില്ക്കുന്ന സമ്പദ് വ്യസ്ഥകളിൽ നിന്നും നിമിഷങ്ങൾക്കകം മൂലധനത്തെ പിൻ വലിച്ച് ലാഭമേറിയ മേഖലകളിൽ നിക്ഷേപിക്കാൻ ഇന്ന് നിക്ഷേപകർക്ക് സാധിക്കും. തൊഴിലാളികളും മുതലാളികളും തമ്മിൽ നടക്കുന്ന വിലപേശലിൽ തൊഴിലാളികൾക്ക് താരതമ്യേന മോശമായ നേട്ടങ്ങൾ ലഭിക്കാൻ ഉള്ള ഒരു കാരണം അവസരങ്ങളുടെ വിതരണ ത്തിലുള്ള ഈ അസന്തുലിതാവസ്ഥ ആണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

നാഷണൽ സാമ്പിൾ സർവേ 2009-10 ലെ യുടെ 66 ആം റൌണ്ട് റിപ്പോർട്ട് പ്രകാരം1990-99 കാലയളവിൽ 1.7 ശതമാനം ഉണ്ടായിരുന്ന പ്രതിവർഷ തൊഴിൽ വർദ്ധനവ്‌ 1999-2005 കാലയളവിൽ 2.66 ശതമാനം ആയി വർദ്ധിച്ചിട്ടുണ്ട്. പക്ഷെ 2005 മുതൽ 2010 വരെയുള്ള 5 വർഷം ഇന്ത്യയിലെ തൊഴിൽ വർദ്ധനവ്‌ 0 .88 ശതമാനം മാത്രം ആയി ചുരുങ്ങുകയാണ് ചെയ്തത്. സ്ത്രീകളുടെ സ്വയം തൊഴിൽ മേഖലയിലാണ് ഏറ്റവും വലിയ കുറവ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. ഗ്രാമീണ മേഖലയിൽ 0.4 % ശതമാനവും നഗര മേഖലയിൽ 1.9 ശതമാനവും മാത്രമായിരുന്നു ഇക്കാലയളവിൽ തൊഴിൽ വർദ്ധന. മുൻപ് സൂചിപ്പിച്ചതുപോലെ താരതമ്യേന ഉയർന്ന വളർച്ച രേഖപ്പെടുത്തിയ ഈ വർഷങ്ങളിൽ താഴ്ന്ന തോതിലാണ് തൊഴിലവസരങ്ങൾ വർദ്ധിച്ചത് എന്ന വസ്തുത സമകാലീന ഇന്ത്യൻ സമ്പ ദ് വ്യവസ്ഥ ഒരു തൊഴിൽരഹിത വളർച്ചാ (jobless growth) പന്ഥാവിലാണ് സഞ്ചരിക്കുന്നത് എന്ന് തെളിയിക്കുന്നു. ഇതിനു കാരണങ്ങൾ വിശകലനം ചെയ്യേണ്ടതായിട്ടുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യം മൂലം കയറ്റുമതി ഉത്പാദനത്തിൽ വന്ന ഇടിവ് , 2009-2010 ലെ കാർഷിക ഉത്പാദനം കുറക്കാൻ കാരണമായ വരൾച്ച തുടങ്ങിയ കാരണങ്ങളാണ് പരക്കെ ചൂണ്ടിക്കാണിക്കപ്പെട്ടത്. എന്നാൽ 2004 ലെ ഫിസ്ക്കൽ റെസ്പോൻസിബിലിറ്റി ആന്റു ബഡ്ജെറ്റ് മാനേജുമെന്റ് ആക്ടിന്റെ (എഫ് ആർ ബി എം) ഭാഗമായി ധനകമ്മി കുറക്കുന്നതിനായി 2005-2008 കാലയളവിൽ സർക്കാരിന്റെ ചിലവുകളിൽ വരുത്തിയ കുറവ് തൊഴിൽ അവസരങ്ങളുടെ രൂപീകരണത്തിൽ വൻ ഇടിവ് വരുത്തിയിട്ടുണ്ട് (പട്നായിക്, ഉത്സ, 2013).സാമ്പത്തിക പരിഷ്കാരാനന്തര ഇന്ത്യയിലെ ബഡ്ജെറ്റുകളുടെ പൊതുസ്വഭാവം ആണ് ധനകാര്യ മൗലിക വാദം (fiscal fundamentalism). ഇത് നവ ലിബറൽ പരിഷ്കാരത്തിന്റെ വക്താക്കളിൽ നിന്നാരംഭിച്ച പല്ലവിയാണ്. അത് പാലിക്കപ്പെട്ടില്ലെങ്കിൽ ആഗോള ഫിനാൻസ് മൂലധനത്തിന് ഇന്ത്യ അസ്വീകാര്യമാകും.റേറ്റിംഗ് ഏജൻസികൾ ഇന്ത്യ നിക്ഷേപ സൗഹൃദ ഇടമല്ല എന്ന് വിധിയെഴുതും.ഹ്രസ്വ മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ എത്തിക്കും എന്ന ഭയമാണ് സര്ക്കാരിനെ നയിക്കുന്നത് .ഈ കമ്മി ചുരുക്കൽ നടപടി യഥാർത്ഥത്തിൽ ഗ്രാമീണ ജനതയുടെ വരുമാനം ചുരുങ്ങുന്നതിലേക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാത്ത അവസ്ഥയിലേക്കും നയിക്കും. തോഴിലവസരങ്ങളിൽ വരുത്തുന്ന ഈ കുറവാണ് ഇന്ത്യയുടെ കരുതൽ തൊഴിൽ ശേഖരം വർദ്ധിക്കാൻ കാരണമാകുന്നത്.

വികസ്വര രാജ്യങ്ങളിലെ ഉയർന്ന ഈ കരുതൽ തൊഴിൽ ശേഖരമാണ് ലോകത്താകമാനമുള്ള വേതനത്തെ അടിസ്ഥാന വേതനത്തിൽ തളച്ചിടുന്ന ഏറ്റവും പ്രധാന ഘടകം. മൂന്നാം ലോക രാജ്യങ്ങളിലെ തൊഴിലില്ലാത്തവരും മുതലാളിത്ത വ്യവസ്ഥയുടെ പ്രവർത്തനത്തിന്റെ ഫലമായി പാർശ്വവത്കരിക്കപ്പെട്ടവരും എല്ലാം കൂടി ചേരുന്ന കരുതൽ തൊഴിൽ ശേഖരം വേതനത്തെ സബ് സിസ്സ്റ്റസ് വേതന നിലവാരത്തിൽ നിലനിർത്താൻ മുതലാളിത്ത ലോകത്തെ സഹായിക്കുന്നുണ്ട്. ഇന്ത്യയിലെ സംഘടിത മേഖലയിൽ പോലും വേതനത്തെ ഇത്തരത്തിൽ മിനിമം വേതനത്തിൽ തളച്ചിടാൻ കരുതൽ തൊഴിൽ ശേഖരം സഹായിക്കുന്നു. ഇന്ത്യയിലെ സംഘടിത വ്യാവസായിക മേഖലയിലെ തൊഴിലാളികളുടെ യഥാർത്ഥ വേതനത്തിന്റെ അവസ്ഥ പരിശോധിച്ചാൽ ഇ ക്കാര്യം വ്യക്തമാകും. 1990-95 കാലയളവിൽ യഥാർത്ഥ വേതനം വർദ്ധിച്ചു എങ്കിലും 1995-96 നു ശേഷം ഇതിൽ ഭീമമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2004-2004 ലെ യഥാർത്ഥ വേതനം 1995-96 ലെതിനേക്കാൾ 11 % കുറവാണ്. എന്നാൽ രാജ്യത്തിന്റെ ഉത്പാദന മേഖലകളിൽ എല്ലാം തന്നെ എണ്‍പതുകൾക്ക് ശേഷം സാങ്കേതിക വിദ്യയുടെ വികാസം ഉണ്ടായിട്ടുണ്ട്. ഈ വികാസം ഉത്പാദന ക്ഷമതയിൽ വൻപിച്ച വളർച്ച സാധ്യമാക്കുന്നുണ്ട്. ആന്വൽ സർവേ ഓഫ് ഇന്ടസ്ട്രി യുടെ കണക്കുകൾ പ്രകാരം വ്യാവസായിക അറ്റ മൂല്യത്തിന്റെ അനുപാതം എന്ന നിലയിൽ 1981-1982 മുതൽ 1996-97 വരെയുള്ള കാലയളവിൽ തൊഴിലാളികളുടെ പ്രതിശീർഷ ഉത്പാദന ക്ഷമതയിൽ മൂന്നിരട്ടി വർദ്ധനവ്‌ ഉണ്ടായിട്ടുണ്ട്. ഈ വർദ്ധനവ്‌ ഉത്പാദനം വർദ്ധിപ്പിച്ചു. ഉത്പാദനം വർധിക്കുമ്പോൾ ഉത്പാദന ഉപാധികളായ ഭൂമി / കെട്ടിടം, മൂലധനം, സംരംഭകത്വം, തൊഴിൽ എന്നിവയുടെ വരുമാനവും വർധിക്കും. എന്നാൽ ലാഭം, വാടക, പലിശ എന്നീ ഉത്പാദന ഉപാധികളുടെ വരുമാനം വർദ്ധിക്കാൻ കാരണമായത്‌ ഈ ഉത്പാദന വർദ്ധനവ്‌ ആണ് . അതായത് മിച്ചമൂല്യത്തിൽ വർദ്ധനവ്‌ ഉണ്ടാകാൻ കാരണം തൊഴിലാളികളുടെ ഉത്പാദന ക്ഷമതയിൽ ഉണ്ടായ ഈ വളർച്ച ആണെന്ന് സാരം. ഈ കാലത്തെല്ലാം രാജ്യത്തെ കോർപ്പറേറ്റ് കളുടെ ലാഭം വൻതോതിൽ വർദ്ധിക്കുന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. മുതലാളിത്ത സാമ്പത്തിക വിദഗ്ദ്ധർ അഭിമാനപുരസ്സരം കൊട്ടിഘോഷിക്കുന്ന, ഇന്ത്യൻ സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ (അത് തൊഴിലാളിയുടെ ഉത്പാദന ക്ഷമതയുടെ വർധനവിൽ നിന്ന് ഉണ്ടായതാണെങ്കിലും) ഒരുകൂട്ടം കോർപ്പറേറ്റ്കൾ കയ്യടക്കുന്നു എന്ന് പറയുന്നത് ഇതുകൊണ്ടാണ്.

xdfdfd
A farmers' agitation held in Ahmedabad in June 2013.Image Courtesy: Trupti Patel, Frontline

മിച്ചമൂല്യം എല്ലാ തൊഴിൽ / ഉത്പാദന മേഖലകളിലും ഒരേപോലെ ആണ് വർദ്ധിക്കുന്നത് എന്ന് പറയാനാകില്ല. ചെറുകിട കാർഷിക കാർഷികേതര ഉത്പാദകർ, സ്വയം തൊഴിൽ സംരംഭകർ തുടങ്ങി ഇന്ത്യയിലെ തൊഴിൽ സേനയിലെ വിവിധ വിഭാഗങ്ങളിൽ വിവിധ രീതിയിലാണ് ഈ മിച്ചമൂല്യം വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. മിച്ചമൂല്യത്തിന്റെ പുനർനിക്ഷേപത്തിലൂടെ ആണ് ഉത്പാദനം വികസിക്കുന്നത്. താരതമ്യേന മിച്ചമൂല്യം കുറഞ്ഞ വിഭാഗങ്ങളിൽ നിലനില്ക്കുന്ന ചെറുകിട ഉത്പാദക സംരംഭങ്ങൾ ഇന്ത്യയിലെ മുതലാളിത്ത വികസനത്തിന്റെ ഭാഗമാകാനാകാതെ നാശോന്മുഖമാകുകയും അതിൽ തൊഴിലെടുത്തിരുന്നവർ കരുതൽ തൊഴിൽ ശേഖരത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നു. അവരെ പുനരധിവസിപ്പിക്കാൻ ഇന്ത്യയിലെ മുതലാളിത്ത സമ്പത്ത് വ്യവസ്ഥക്ക് സാധിക്കുന്നുമില്ല. ഒരു നല്ല ഉദാഹരണമാണ് നമ്മുടെ രാജ്യത്തെ കാർഷിക പ്രതിസന്ധി. 1991 നും 2011 നും ഇടയിൽ 14.2 മില്യണ്‍ കർഷകർ, ഒരു ദിവസം 2000 കർഷകർ എന്ന നിരക്കിൽ കാർഷിക വൃത്തി ഉപേക്ഷിക്കാൻ ബാധ്യസ്തരായി (സായ് നാഥ് പി, 2013 ). കടക്കെണിയും ദാരിദ്ര്യ വും സഹിക്കാനാവാതെ 1995-2012 കാലയളവിൽ 270940 കർഷകരാണ് ആത്മഹത്യ ചെയ്തത് . നാഷണൽ ക്രൈം റിക്കോർഡ്സ് ബ്യൂറോ യുടെ കണക്കുകൾ പ്രകാരം 11,772 കർഷക ആത്മഹത്യകളാണ് 2013ൽ മാത്രം ഉണ്ടായത്. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്‌, കർണാടക, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ ആത്മഹത്യകളിൽ ഏറെയും നടന്നത്. നവലിബറലിസത്തിന്റെ ഭാഗമായ ചെലവ് ചുരുക്കൽ നടപടികൾ വരുത്തുന്ന വരുമാന ശോഷണം കർഷക ആത്മഹത്യകളുടെ ഒരു പ്രധാന കാരണമാണ്. ഇന്ത്യയുടെ ഗ്രാമീണ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നതിന് വ്യക്തമായ തെളിവാണ് ഇത്.

ഇതോടൊപ്പം തന്നെ ലോകമാകമാനം തൊഴിലാളികളുടെ സംഘടനാ ശക്തിയിൽ ഇടിവ് ഉണ്ടായിട്ടുണ്ട്. സംഘടനയിൽ അംഗത്വമുള്ള തൊഴിലാളികളുടെ എണ്ണം (ട്രേഡ് യൂണിയൻ ഡെൻസിറ്റി) കുറഞ്ഞു വരുന്നത് അവരുടെ സംഘടിത വിലപേശൽ കഴിവിനെ (unionized bargaining power) പ്രതികൂലമായി ബാധിക്കും. കാഷ്വൽ തൊഴിലാളികളെ നിയമിക്കുക, തൊഴിലുകൾ പുറംപണിക്കായി മാറ്റി വയ്ക്കുക തുടങ്ങി തൊഴിൽ രംഗത്തെ പ്രതിലോമകരമായ പ്രവണതകൾ വേതനത്തിൽ വരുത്തുന്ന ഇടിവ് തൊഴിലാളികളുടെ വാങ്ങൽ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ലോകം മുഴുവനും മൂലധനത്തിന് തടസ്സങ്ങളില്ലാതെ സഞ്ചരിക്കാം എന്ന സ്ഥിതി വന്നതോടെ ഉയർന്ന വേതനം , താരതമ്യേന കുറഞ്ഞ ലാഭം, മറ്റ് ഏതെങ്കിലും പ്രതികൂല കാലാവസ്ഥകൾ എന്നിവ നിലനില്ക്കുന്ന സമ്പദ് വ്യസ്ഥകളിൽ നിന്നും നിമിഷങ്ങൾക്കകം മൂലധനത്തെ പിൻ വലിച്ച് ലാഭമേറിയ മേഖലകളിൽ നിക്ഷേപിക്കാൻ ഇന്ന് നിക്ഷേപകർക്ക് സാധിക്കും. തൊഴിലാളികളും മുതലാളികളും തമ്മിൽ നടക്കുന്ന വിലപേശലിൽ തൊഴിലാളികൾക്ക് താരതമ്യേന മോശമായ നേട്ടങ്ങൾ ലഭിക്കാൻ ഉള്ള ഒരു കാരണം അവസരങ്ങളുടെ വിതരണ ത്തിലുള്ള ഈ അസന്തുലിതാവസ്ഥ ആണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലെല്ലാം വേതനത്തിൽ വരുന്ന കുറവാണ് ഗ്രാമീണ മേഖലയിലെ കുറഞ്ഞ വാങ്ങൽ ശേഷിയിലെക്കും ദാരിദ്രത്തിലെക്കും സമ്പത്ത് വ്യവസ്ഥയെ നയിക്കുന്ന പ്രധാന ഘടകം. മൊത്തം മൂല്യ വർദ്ധനവിൽ വേതനത്തിന്റെ പങ്ക് 1980 -1990 കാലയളവിൽ മാറ്റമില്ലാതെ നിലനിൽക്കുകയായിരുന്നു.1990-96 മുതൽ 2003-2004 വരെ ക്രമാനുഗതമായ കുറവല്ല രേഖപ്പെടുത്തിയത് എങ്കിലും 2003-04 കാലയളവിലുള്ള വേതനം സംഘടിത വ്യാവസായിക രംഗത്തെ മൂല്യ വർദ്ധനവിന്റെ 15 ശതമാനം മാത്രമാണ്. ഇത് ലോക സമ്പദ് വ്യവസ്ഥകളിലെ തന്നെ ഏറ്റവും കുറഞ്ഞ അനുപാതവുമാണ്.

മുതലാളിത്ത ലോകത്ത് സാമ്പത്തിക കുഴപ്പങ്ങൾ ഉണ്ടാകുമ്പോൾ നിക്ഷേപങ്ങൾ കൂടുതൽ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് "പാർക്ക് " ചെയ്യുന്ന ഊഹക്കച്ചവടക്കാരായ നിക്ഷേപകരെ ആകർഷിക്കാൻ ഇന്ത്യ യത്നിച്ചു. ഇതെല്ലാം ജനഹിതം അനുസരിച്ചാണ് ചെയ്യുന്നതെന്ന പതിവ് പല്ലവിയും കേൾക്കാമായിരുന്നു. വളർച്ചാ നിരക്കിനു അമിത പ്രാധാന്യം നല്കുകയും ഗ്രാമീണ മേഖലയുടെ ദാരിദ്രവും കാർഷിക മേഖല അനുഭവിച്ച പ്രതിസന്ധികളും നിരന്തരമായി അവഗണിക്കുകയും ചെയ്തു.

ഇന്ത്യയിലെ നവലിബറൽ സാമ്പത്തിക വളർച്ചാ നയങ്ങളുടെ ഫലമായി ജനങ്ങളുടെ വാങ്ങൽ ശേഷിയിൽ വരുന്ന ഇടിവ്, ഭക്ഷ്യ അരക്ഷിതത്വം പോഷകാഹാരക്കുറവ്, കരുത ൽ തൊഴിൽ സേനയുടെ വർദ്ധനവും മിച്ചമൂല്യത്തിന്റെ വളർച്ചയും വേതനത്തിൽ വരുന്ന കുറവും മറ്റു ഉത്പാദന ഉപാധികളുടെ വരുമാനത്തിലുണ്ടാകുന്ന വർദ്ധനയും തുടങ്ങി ഒട്ടേറെ സാമ്പത്തിക സൂചകങ്ങളുടെ അപഗ്രഥനം നമ്മൾ നടത്തി. വ്യാവസായിക മൂലധനത്തിന് പകരം ഊഹക്കച്ചവടത്തിൽ നിക്ഷേപം നടത്തി ലാഭം കൊയ്യുന്ന ഫിനാൻസ് മൂലധനം അതിരുകളില്ലാതെ വ്യാപിക്കുന്ന ആഗോള സാമ്പത്തിക ക്രമത്തിലേക്ക് കൂട്ടി യോജിപ്പിക്കപ്പെട്ട ഒരു സമ്പദ് വ്യവസ്ഥ ആണ് ഇന്ത്യയുടേത്. ആധുനിക ഇന്ത്യയുടെ സാമൂഹിക മേഖല നവലിബറൽ സാമ്പത്തിക കാഴ്ചപ്പാടിന്റെ കമ്പോള സാമ്പത്തിക താല്പര്യങ്ങൾ നിയന്ത്രിക്കുന്ന ഒരു പ്രതിവിപ്ലവത്തിന്റെ കരിനിഴലിലാണ്. കരകയറാൻ ആവാത്ത ഒരു പ്രതിസന്ധിയിലാണ് ഇന്ത്യയുടെ ഗ്രാമീണ മേഖല. ബദലുകൾ അനിവാര്യമാണ്. പക്ഷെ മൂലധന താത്പര്യങ്ങല്ക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനു കോട്ടം വരികയും മൂലധനം ഇന്ത്യയിൽ നിന്നും കൊഴിഞ്ഞു പോകുകയും ചെയ്യും. ആഗോള ഫിനാൻസ് മൂലധനത്തിന് ഹിതകരമല്ലാത്ത ഈ സ്ഥിതിവിശേഷം ഒഴിവാക്കാൻ ആഗോള ഫിനാൻസിന് പിന്തുണ ഏകുന്ന ഒരു ഉദ്യോഗസ്ഥ വൃന്ദത്തെ ആർ ബി ഐ (രഘുറാം രാജൻ) , ആസൂത്രണ കമ്മീഷൻ (മൊണ്ടേക് സിംഗ് ആലുവാലിയ) , ധനമന്ത്രാലയം (പി ചിദംബരം) തുടങ്ങിയ സുപ്രധാന നയരൂപീകരണ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ടിക്കുകയാണ് യു പി എ ചെയ്തത്. ആഗോള ഫിനാൻസ് മൂലധനത്തിന് സ്തുതിപാടുന്ന ഈ ഉദ്യോഗസ്ഥ വൃന്ദവും, ആഗോളവത്കരണ പ്രക്രിയയുടെ ചില ഗുണഫലങ്ങൾ (വിനോദത്തിനുള്ള അവസരങ്ങൾ, തൊഴിൽ, സാങ്കേതിക വികാസം, പെട്ടെന്ന് തൊഴിൽ ലഭിക്കുന്ന കോഴ്സുകൾ തുടങ്ങിയവ) അനുഭവിക്കുന്ന അരാഷ്ട്രീയ മധ്യവർഗ്ഗ നാഗരിക യുവത്വവും ചേർന്ന ഒരു manipulative power class ഇന്ത്യയിലെ ഭരണ സംവിധാനത്തെയും നയങ്ങളെയും നിയന്ത്രിക്കുന്ന സ്ഥിതിവിശേഷം സംജാതമായിട്ടുണ്ട്. ഈ അവസരമാണ് ഇന്ത്യയുടെ സാമൂഹിക പ്രതിവിപ്ലവ പ്രക്രിയയെ മുന്നോട്ടു നയിക്കുന്ന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾ ഫലപ്രദമായി ഉപയോഗിക്കുന്നത്.രണ്ടാം എൻ ഡി എ സർക്കാർ അധികാരത്തിലേറിയ ഈ സാമൂഹിക സാമ്പത്തിക സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ വേണം ഈ സർക്കാരിന്റെ കഴിഞ്ഞ ഒരു വർഷത്തെ സാമ്പത്തിക പ്രവര്ത്തനം വിലയിരുത്തേണ്ടത്.