ഇമേജുകളിൽ തഴക്കുന്ന ‘ഇന്ത്യ’

ഇന്ത്യൻ ജനാധിപത്യം തികച്ചും കലുഷിതമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. പുരോഗമനശബ്ദങ്ങൾ തുടച്ചു നീക്കപ്പെടുന്നു. ലിബറൽ വേദികൾ നശിപ്പിക്കപ്പെടുന്നു. ‘ഹിന്ദുത്വ’ ഇന്ത്യ ഒരു ജനാധിപത്യവാദിക്ക് സമ്മാനിക്കുന്നത് ഓരോ ദിവസവും ഓരോ സമരങ്ങൾ ആണ്. മാക്രോയും മൈക്രോയും ആയ ഓരോ സമരങ്ങൾ. ഇത്തരത്തിലുള്ള കണക്കില്ലാത്ത ആശയ സമരങ്ങളാണ് സോഷ്യൽ മീഡിയയിൽ അവനെ/അവളെ കാത്തിരിക്കുന്നത്. ഫെയിസ്ബുക്കിലും റ്റ്വിറ്ററിലും മാത്രമല്ല തെരുവുകളിലും അവൻ/അവൾ ആക്രമിക്കപ്പെടുന്നു. വർധിച്ചു വരുന്ന അസഹിഷ്ണുതക്ക് ഇരയാക്കപ്പെടുന്നു. ദേശീയതയുടെയും രാജ്യസ്നേഹത്തിന്റെയും അഗ്നിശുദ്ധി തെളിയിക്കേണ്ടി വരുന്നു. ഇന്ത്യയിലെ വളർന്നു വരുന്ന അസഹിഷ്ണുതയെക്കുറിച്ചു കല്പന ശർമ്മ The Hindu-വിൽ എഴുതിയ ഒരു ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ് - “ഏകസാംസ്കാരികമായി നിർമ്മിക്കപ്പെടുന്ന [ആ] ഇന്ത്യയിൽ നിങ്ങൾക്ക് ചോയിസുകൾ ഇല്ല, അനുസരിക്കുക”. അതായത് ഫാസിസത്തിന് മുന്നിൽ ജനങ്ങൾ രണ്ടു വിഭാഗങ്ങൾ ആയി ചുരുങ്ങുന്നു - അനുസരിക്കുന്നവരും അനുസരിക്കാത്തവരും. ഈ രണ്ടു വിഭാഗങ്ങളെയും നയിക്കുന്ന രാഷ്ട്രീയം രണ്ടാണ്. അനുസരിക്കുന്നവനെ കൂടുതൽ അനുസരിപ്പിക്കുന്നവനും വിധേയനുമാക്കുവാൻ ചില ഇമേജുകളെ മുൻനിർത്തിയുള്ള discourseകൾ സൃഷ്ടിക്കുന്നു. സോഷ്യൽ മീഡിയ മുന്‍നിർത്തി നടത്തുന്ന പ്രചാരത്തിന്റെ - ഇമേജുകളുടെ രാഷ്ട്രീയമാണ് ഇങ്ങനെ ‘ഭക്തരെ എപ്പോഴും ഭകതരാക്കി’ നിലനിർത്തുവാനുള്ള മാർഗം. ഫാസിസ്റ്റ് തന്ത്രങ്ങൾക്ക് വഴങ്ങി കൊടുക്കാത്ത ‘അനുസരിക്കാത്തവരെ’ വരുതിക്ക് കൊണ്ടുവരുവാൻ അതിശക്തമായ അധികാരപ്രയോഗവും നടത്തുന്നു. മോദിയുടെ നേതൃത്വത്തിലുള്ള ഫാസ്സിസ്റ്റ് ഭരണകൂടം ഈ രണ്ടു തന്ത്രങ്ങളും ഒന്നിച്ചു പ്രയോഗിക്കുന്നതായി കാണുവാൻ കഴിയും. ഫാസിസത്തിന്റെ സ്ഥല-കാല-തന്ത്രങ്ങളെ മനസ്സിലാക്കുക എന്നത് അതുകൊണ്ട് തന്നെ വളരെ പ്രധാനമാകുന്നു.

ഇമേജുകളുടെ രാഷ്ട്രീയം

ജിത്തു ജോസഫിന്റെ ഹിറ്റ്‌ സിനിമയായ ദൃശ്യത്തിലെ പോലീസ് മേധാവിയായ ആശ ശരത് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. “ദൃശ്യം - ഒരു ദൃശ്യം മനസ്സിൽ പതിയുന്ന ആഴത്തിൽ മറ്റൊന്നും പതിയില്ല”. അതെ, “images can be deceptive”. യുവതയെ കുടുക്കുന പ്രധാന സംഘി തന്ത്രവും ഇതു തന്നെ. ഫോട്ടോഷോപ്പ് ജാലവിദ്യകൾ ഉപയോഗിച്ച ഇമേജുകൾ സൃഷ്ടിക്കുക. ഭൂതവും ഭാവിയും വർത്തമാനവുമെല്ലാം പുനർനിർമ്മിക്കുക. അവ പ്രചാരണ ആയുധമാക്കി മാറ്റുക.

xdfdfd
ചിത്രത്തിന് കടപ്പാട്: Beyond Headlines

ഇമേജുകളെ കുറിച്ച വിശദമായി പഠിച്ച സമൂഹ ശാസ്ത്രജ്ഞന്‍ ആയ വലേറി ബുറി പറയുന്നത് ഇമേജുകൾ പ്രധാന സാമൂഹിക വ്യവഹാരങ്ങൾ ആണെന്നാണ്‌[1]. അത് ആളുകൾ ചിന്തിക്കുകയും സമൂഹത്തിൽ ഇടപെടുകയും ചെയ്യുന്ന രീതികളെ സ്വാധീനിക്കുന്നു. അതിനു വാചികമായ സംവേദനങ്ങളെക്കാളും ശക്തി ഉള്ളതുകൊണ്ടുതന്നെ അവ പുതിയ സാംസ്കാരിക യാഥാർത്ഥ്യങ്ങൾ (cultural meanings) സൃഷ്ടിക്കുകയും അത് വഴി സമൂഹത്തിൽ ആഴത്തിൽ വേരോടുകയും ചെയ്യുന്നു.
ഒരു പ്രാദേശിക നേതാവിൽ നിന്നും പ്രധാനമന്ത്രിപദത്തിലേക്കുള്ള മോദിയുടെ പ്രയാണത്തിൽ ചില്ലറയല്ല ഇമേജുകളുടെ പങ്ക്. P.R. മാത്രം ഉപയോഗിച്ചുള്ള മോദിയുടെ ഈ ഉയർച്ചയെ ചില മാധ്യമങ്ങൾ ‘ബ്രാന്‍ഡ്‌ മോദി’ എന്ന് വിളിച്ചു. ഇത്തരം ഇമേജുകളുടെ പ്രചാരത്തിലൂടെയാണ് മോദിക്ക് ഗുജറാത്ത്‌ വംശഹത്യയുടെ ഭീകര പശ്ചാത്തലം മറികടന്ന് ഒരു ‘വികസന നായക’ന്‍റെ പ്രതിച്ഛായ സൃഷ്ടിക്കുവാൻ കഴിഞ്ഞത്. അതേ സമയം തന്നെ മോദിക്ക് ഒരു ‘വർക്കിംഗ്‌ ക്ലാസ്സ്‌’ പശ്ചാത്തലം നൽകുവാനുള്ള ശ്രമവും തകൃതിയായി നടന്നു. മോദിയുടെ തറ അടിച്ചു വാരുന്ന ഇമേജും ചായ് വാലാ ഇമേജും ഇത് തന്നെ ഉദ്ദേശിച്ചായിരുന്നു. അങ്ങനെ മോദി വികസനനായകന്‍ ആയിരിക്കെത്തന്നെ അടിസ്ഥാനവർഗത്തിന്റെ പ്രതിനിധിയും ആയിത്തീർന്നു. തിരഞ്ഞെടുപ്പ് സമയത്ത് വളരെ പ്രചാരം കിട്ടിയ ഇമേജ്‌ ആണ് ഗുജറാത്ത് സർക്കാർ വഡോദരയിൽ നിർമിച്ച ‘ലോകോത്തര’ ബസ്‌ ടെർമിനലിന്റെത്. ഗുജറാത്തിലെ റോഡുകളുടെയും നടപ്പാതകളുടെയും ചിത്രങ്ങൾ ഫെയിസ്ബുക്കിൽ പാറി നടന്നു. ഇത്തരം ഇമേജുകളിലൂടെ വളരെ പെട്ടെന്നാണ് ‘ഗുജറാത്ത് മോഡൽ’ വികസനം എന്ന സങ്കൽപം പടർന്നു പന്തലിക്കുന്നത്. കേരളത്തിലെ ബസ്‌ ടെർമിനലുകളുടെയും വഡോദര ബസ്‌ ടെർമിനലിന്റെയും താരതമ്യ ഇമേജുകൾ പ്രചരിക്കുവാൻ തുടങ്ങി. ഇങ്ങനെ ഒക്കെ തുടങ്ങിയ ഇമേജ് പ്രചരണം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടുവാൻ തുടങ്ങി. ഗുജറാത്തിലെ ‘സാമ്പത്തിക പുരോഗതി’യെപ്പറ്റിയുള്ള ചർച്ചകൾ ഉണ്ടാകുവാൻ തുടങ്ങി. കേരള-ഗുജറാത്ത്‌ മോഡലുകളെ ചൊല്ലിയുള്ള അമർത്യ സെന്‍- ജഗ്ദിഷ് ഭഗവതി വാദ-പ്രതിവാദങ്ങൾ ചർച്ചയെ മറ്റൊരു തലത്തിൽ എത്തിച്ചു. എത്ര പെട്ടെന്നാണ് ഇമേജുകൾ ഒരു discourse തന്നെ സൃഷ്ടിച്ചത് എന്ന് നോക്കുക.

ഇമേജുകളെ കുറിച്ച വിശദമായി പഠിച്ച സമൂഹ ശാസ്ത്രജ്ഞന്‍ ആയ വലേറി ബുറി പറയുന്നത് ഇമേജുകൾ പ്രധാന സാമൂഹിക വ്യവഹാരങ്ങൾ ആണെന്നാണ്‌[1]. അത് ആളുകൾ ചിന്തിക്കുകയും സമൂഹത്തിൽ ഇടപെടുകയും ചെയ്യുന്ന രീതികളെ സ്വാധീനിക്കുന്നു. അതിനു വാചികമായ സംവേദനങ്ങളെക്കാളും ശക്തി ഉള്ളതുകൊണ്ടുതന്നെ അവ പുതിയ സാംസ്കാരിക യാഥാർത്ഥ്യങ്ങൾ (cultural meanings) സൃഷ്ടിക്കുകയും അത് വഴി സമൂഹത്തിൽ ആഴത്തിൽ വേരോടുകയും ചെയ്യുന്നു. ഒരു പ്രാദേശിക നേതാവിൽ നിന്നും പ്രധാനമന്ത്രിപദത്തിലേക്കുള്ള മോദിയുടെ പ്രയാണത്തിൽ ചില്ലറയല്ല ഇമേജുകളുടെ പങ്ക്.

അധികാരത്തിലേറിയ ശേഷവും ഇമേജുകൾ ‘ഫലപ്രദ’മായി ഉപയോഗിക്കുവാൻ മോദിയുടെ ടീമിന് കഴിഞ്ഞു. അതിൽ വളരെ പ്രധാനപ്പെട്ട ഒരു ഒന്നാണ് ഒബാമയോടൊപ്പം മോദിയും മന്മോഹനന്‍ സിംഗും നിൽക്കുന്ന രണ്ടു വ്യത്യസ്ത ഇമേജുകൾ. തന്‍റെ 54 അടി നെഞ്ച് വിരിച്ചു കാട്ടി ‘നടു വളക്കാതെ’ ഒബാമയോട് സംസാരിക്കുന്ന മോദിയും അതിനു വിപരീതമായി ഒബാമയോടൊപ്പം കൂനിക്കൂടി നിൽക്കുന്ന മന്മോഹനും. ഒരു ‘പച്ചപ്പരമാർത്ഥിയായ’ ദർശകന് ഇത് നൽകുന്ന സന്ദേശം എന്താണ്? ഇത് പ്രതീകവല്കരിക്കുന്നത് നേതാക്കന്മാർ തമ്മിലുള്ള വ്യത്യാസം മാത്രമല്ല, പഴയ ഗവണ്മെന്റിനെ പോലെ പാശ്ചാത്യ രാജ്യങ്ങളോട് ‘ഒച്ഛാനിച്ചു’ നിൽക്കുന്ന സർക്കാരല്ല ഇത് എന്ന സന്ദേശം വ്യക്തം. മോദിയുടെ വികസന നായകൻ അഥവാ ‘വികാസ് പുരുഷ്’ പ്രതിച്ചായ കാത്തുസൂക്ഷിക്കുവാൻ വളരെ ആസൂത്രിതമായ പ്രചാരണം തന്നെ നടന്നു. Make in India ആണ് അതിനായുള്ള പുതിയ മന്ത്രം. Make in Indiaയുടെ ഭാഗം ആയി ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കയറ്റുമതി ചെയ്ത മെട്രോ കോച്ചുകളുടെ ഇമേജുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ട്‌ അധിക നാളുകൾ ആയില്ല. ഈ ഇമേജുകൾ എല്ലാം തന്നെ ദേശീയതയുമായി ബന്ധപ്പെടുത്തിയാണ് പ്രചരിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മോദിയുടെ വികസന മാഹാത്മ്യങ്ങൾ ആയി പ്രചരിപ്പിക്കുന ഇമേജുകളിൽ എല്ലാം തന്നെ ത്രിവർണ്ണ പതാക ഒരു അനിഷേധ്യ സാന്നിധ്യമാകുന്നു. ഇങ്ങനെ ഈ ഇമേജുകൾ വികസനം-ദേശീയത എന്നിങ്ങനെ രണ്ടു ‘വികാരങ്ങളെ’ ബന്ധിപ്പിക്കുകയും അവ കാണികളുടെ മനസ്സിൽ ആഴ്ത്തി ഇറക്കുകയും ചെയ്യുന്നു. മോദി ഒരേ സമയം വികസനത്തിന്റെയും ദേശീയതയുടെയും പതാകവാഹകനാകുന്നു. ഇമേജ് രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ പ്രയോഗമാണ് ഇപ്പോൾ ജെ.എൻ.യു-വിൽ നടന്നു കൊണ്ടിരിക്കുന്നത്. കന്നൈയ്യ കുമാറിന്റെ അറസ്റ്റ് ഫാസിസത്തിന്‍റെ രണ്ടാമത്തെ തന്ത്രവുമായി ബന്ധപ്പെട്ടിരിക്കുകയാണെങ്കിലും, അതിനെ ന്യായീകരിക്കാനും അത് വഴി ‘ഭക്ത ജനങ്ങളെ’ സ്വന്തം കൂടാരത്തിൽ തന്നെ നിർത്തുവാനുമുള്ള ശ്രമം കൂടിയാണ്. പാകിസ്ഥാനോട് ചേർക്കപ്പെട്ട ഇന്ത്യയുടെ ഭൂപടത്തിന്റെ പശ്ചാത്തലത്തിൽ കനൈയ്യ കുമാർ ആഹ്വാനം ചെയ്യുന്ന ഇമേജ് സൃഷ്ടിക്കുന്ന രാഷ്ട്രീയം ഇത് തന്നെ ആണ്. ജെ.എൻ.യു-വിനെ മൊത്തത്തിൽ രാജ്യദ്രോഹികളുടെ കേന്ദ്രമായി ചിത്രീകരിക്കാനുള്ള ഇമേജുകളും പരക്കുന്നുണ്ട്. ഇമേജുകളോടൊപ്പം തന്നെ തമാശ രൂപേണയും മറ്റും പ്രചരിപ്പിക്കുന്ന എഴുത്തുകളും പ്രചാരണങ്ങളിൽ പ്രധാനം ആണ്. കേരളത്തിലെ കോളേജ് അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ വാട്സാപ്പിലൂടെ പ്രചരിക്കുന്ന ഒരു തമാശ ശ്രദ്ധിക്കൂ:

“ഇന്ന് ആഫ്സൽ [sic] നീ ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്നു ... നാളെ അജ്മൽ കസബ് ഞങളുടെ [sic] മനസ്സിൽ നിനക്ക് മരണമില്ല ... കുറച്ചു നാൾ കഴിഞ്ഞ് ബിന്‍ ലാദനിക്ക നിങ്ങൾ പോരാടിയത് ഞങ്ങൾക്കു വേണ്ടിയാണ് ... ഇതൊക്കെ കേട്ട് പുളകിതരായി വേറൊരു ലോകത്ത് ഇവർ മൂന്നുപേരും ആർമാദിക്കുമ്പോഴാണ് ഇരുട്ടിൽ മൂന്നുപേരുടെ നിഴൽ കണ്ടത് അവരെ കണ്ടപ്പോൾ അഫ്സൽ ഗുരു ചോദിച്ചു, ആരാണു നിങ്ങൾ ? ആദ്യത്തെ നിഴൽ ഉത്തരം നൽകി .എന്‍റെ പേര് സന്ദീപ്‌ ഉണ്ണികൃഷ്ണന്‍. ഇത് മേജർ മുകുന്ദ് വരദരാജ് .. അവസാനത്തേത് കേണൽ സന്തോഷ് മഹ്ദിക്ക് .. ഒരു കാര്യം ചോദിക്കാന്‍ വന്നതാണ് .. നിങ്ങൾ എങ്ങനെ ആയിരുന്നു മരിച്ചത് ? ഇതു കേട്ടതും കസബും അഫ്സലും ആക്രോശിച്ചു നിനക്ക് ഓർമയില്ലെടാ [sic] ഇന്ത്യയിലെ തീവ്രവാദത്തിനിടയ്ക്ക് നീയൊക്കെ അല്ലെടാ [sic] ഞങ്ങളെ വെടിവച്ചു കൊന്നത് ? അതു പറഞ്ഞു തീരും മുമ്പേ ആ പട്ടാളക്കാർ അവരുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു .. മതി നിങ്ങൾക്കെങ്കിലും അതോർമയുണ്ടല്ലോ എന്റെ ജനങ്ങൾ അത് മറന്നു തുടങ്ങിയിരിക്കുന്നു .. നിങ്ങളുടെ മരണ ദിവസം ഓർത്തിരിക്കാന്‍ ഒരുപാടു പേരുണ്ട് .. പക്ഷേ ഞങ്ങളുടെ കാര്യം ഓർക്കാന്‍ ഇപ്പോ ഞങ്ങളുടെ വീട്ടുകാർ മാത്രമേയുള്ളൂ .. ഈ രാജ്യത്ത് രാജ്യസ്നേഹികളേക്കാൾ വലുത് തീവ്രവാദികളാണെന്ന് ഇപ്പോ മനസ്സിലായി .. ഇത്രയും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ അഫ്സൽ ഗുരു ചിരിച്ചു കൊണ്ട് പറഞ്ഞു ഗാന്ധിജി മരിച്ചത് ഓട്ടോ ഇടിച്ചല്ല എന്നാ JNU ലെ പിള്ളേര് പറയുന്നേ .. അത് പറഞ്ഞു തീരുന്നതിനു മുന്‍പേ മേജർ അവന്റെ മുഖമടച്ച് ഒന്നു പൊട്ടിച്ചു കൊണ്ട് പറഞ്ഞു .. ഞങ്ങൾ മരിച്ചത് പ്രേമിച്ച പെണ്ണിനെ കിട്ടാത്തതു കൊണ്ട് മരത്തിൽ തൂങ്ങിയിട്ടല്ലെന്നും പറഞ്ഞു കൊടുത്തെക്ക് [sic].....”.

അഫ്സൽ ഗുരുവും അജ്മൽ കസബും ആക്രമണത്തിനിടെ കൊല്ലപ്പെട്ടതാണ് എന്ന വസ്തുതാപരമായ തെറ്റ് ഒഴിവാക്കിയാൽ, ഈ വരികൾ ഒരു ‘അരാഷ്ട്രീയ ദേശീയവാദിക്ക്‌’ നൽകുന്ന സന്ദേശം വളരെ പ്രധാനമാണ്. യഥാർത്ഥ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിപ്പിച്ച് കാര്യങ്ങളെ എങ്ങനെ ആണ് ഇമേജുകളുടെ ഉപയോഗത്തിലൂടെ വളച്ചൊടിക്കുന്നു എന്ന് വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. മോദിയുടെ ഫോട്ടോഷോപ്പ് ഫാക്ടറിയിൽ നിന്നും ഇറങ്ങുന്ന അനേകം ഇമേജുകളാണ് ഇന്ത്യയിൽ ഫാസിസത്തിന് നിലനിന്നു പോകുവാനുള്ള അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത്. ഇതാണ് യഥാർത്ഥ Make in India.

xdfdfd

എതിർക്കുന്നവരെ നിശബ്ദരാക്കുക

ഫാസിസ്റ്റ് ഭരണകൂടത്തിനെ എതിർക്കുന്നവർ ആരൊക്കെയാണ്? നമ്മുടെ സർവ്വകലാശാലകളിലെ വിദ്യാർത്ഥികളും ഗവേഷകരും പ്രതിരോധത്തിന്റെ മുൻനിരയിൽ തന്നെ ഉണ്ട് എന്നതാണ് അവരെ ഫാസിസ്റ്റുകളുടെ കണ്ണിലെ കരടാക്കി മാറ്റുന്നത്. അറിവ് ആയുധമാക്കുന്ന വിദ്യാർത്ഥികൾ ഫാസിസത്തിന്റെ എക്കാലത്തെയും ദുഃസ്വപ്നം ആണ്. മോദി സർക്കാരിന്റെ പ്രധാന മുഖമുദ്ര അവരുടെ വിജ്ഞാനവിരോധ നിലപാടാണ്. ചരിത്രകാരൻ രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടത് പോലെ ഇന്ത്യ കണ്ട ഏറ്റവും ബൗദ്ധിക വിരുദ്ധമായ ഗവണ്മെന്റ് ആണ് ഇത്. അവർ അറിവിനെ ഭയക്കുന്നു. അറിവിന്റെ നിർമാണ കേന്ദ്രങ്ങളായ സർവ്വകലാശാലകൾ രണഭൂമികൾ ആകുന്നത് മറ്റൊന്നും കൊണ്ടല്ല. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുവാനുള്ള സംഘടിതമായ ശ്രമം ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഫെല്ലോഷിപ്പുകൾ നിർത്തലാക്കുവാനുള്ള തീരുമാനം ഈ പശ്ചാത്തലത്തിൽ ആണ് കാണേണ്ടത്. Occupy UGC മുന്നേറ്റത്തിന്റെ ഭാഗമായി സമരം ചെയ്ത വിദ്യാർത്ഥികളെ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി അ‍ടിച്ചമർത്തിയതും ഈ വിശാല അജണ്ടയുടെ ഭാഗമായി വേണം കാണാന്‍. വ്യത്യസ്തതകൾ സമ്മേളിക്കുന്ന ഒരിടം എന്ന നിലയിലും അവ പരസ്പരം സംവദിച്ചു പുതിയ ആശയങ്ങൾ കരുപ്പിടിപ്പിക്കപ്പെടുന്ന ഇടം എന്ന നിലയിലും സർവ്വകലാശാലകൾക്ക് വളരെ വലിയ പങ്കാണ് രാഷ്ട്രനിർമ്മാണ പ്രക്രിയയിലുള്ളത്. മറ്റൊന്ന്, ഇത്തരത്തിൽ ഉരുത്തിരിഞ്ഞു വരുന്ന നവ ആശയങ്ങളെ നിലനിൽക്കുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്യുവാനും അതിനോട് കലഹിക്കുവാനും നിരന്തരം സമരങ്ങളിലേർപ്പെടുവാനുമുള്ള സ്വാതന്ത്ര്യം എന്ന സാധ്യത സർവകലാശാലകൾ ലഭ്യമാക്കുന്നു എന്നതാണ്. ആശയങ്ങളുടെയും അറിവിന്റെയും ഒരു ഇന്ത്യയെ സംഘപരിവാർ ഭയക്കുന്നു. അതുകൊണ്ട് തന്നെയാണ് ആശയത്തെ ആയുധം കൊണ്ട് മാത്രം നേരിടുവാനറിയുന്ന നമ്മുടെ ഭരണകൂടം സർവകലാശാലകളെ നിയന്ത്രിക്കുവാനും അവിടുങ്ങളിലെ യുവതയെ പിടിച്ചുകെട്ടുവാനുമുള്ള കുത്സിത നീക്കങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുനത്. ഹൈദരാബാദ് സർവ്വകലാശാലയിൽ അരങ്ങേറിയതും ഇത്തരത്തിൽ ആസൂത്രിതമായി നടന്ന ഒരു സംഭവം ആണ്. രോഹിത് വെമുല എന്ന യുവ വിദ്യാർത്ഥിയുടെ അധികാരനിയുക്തമായ ആത്മഹത്യയും അതിലേക്ക് നയിച്ച സംഭവങ്ങളും ഫാസിസത്തിന്റെ ആജ്ഞാനുവർത്തികൾ ആകാൻ തയ്യാറാകാത്തവർക്ക് നൽകുന്ന ശിക്ഷയാണ്. രോഹിതിന്റെ മരണം തുറന്നു കാട്ടുന്നത് ഫാസിസത്തിന്റെ സവർണ്ണ-ജാതി സ്വഭാവമാണ്. ജാതീയതക്കെതിരെയും ഭൂരിപക്ഷ വർഗീയതക്കെതിരെയും പ്രതികരിച്ചതിനാണ് രോഹിത്തിനു അവർ മരണം വിധിച്ചത്. ഇവിടെയും ഫെല്ലോഷിപ്പ് നിഷേധം ഒരു ആയുധമാകുന്നു. രോഹിതിന്റെ ‘കൊലപാതകം’ തീർത്ത പ്രതിരോധതിനെയും അധികാര പ്രയോഗത്തിലൂടെയാണ് ഫാസിസ്റ്റ് ഭരണകൂടം നേരിട്ടത്. അധികാരപ്രയോഗത്തിന്റെ ഏറ്റവും മൂർത്തമായ രംഗങ്ങളാണ് ജെ.എൻ.യു-വിൽ അരങ്ങേറിയത്. കന്നൈയ്യയെ രാജ്യദ്രോഹി ആക്കുവാനും ഉമർ ഖാലിദിനെ തീവ്രവാദി ആക്കുവാനും ഫോട്ടോഷോപ്പ് ഫാക്ടറിയും സ്റ്റേറ്റ് മെഷീനറിയും ഒരുമിച്ച് പ്രവർത്തിച്ചു. ഇമേജുകൾ പുതിയ ‘വിപ്ലവം’ സൃഷ്ടിക്കുന്നു. പൊലീസ് കന്നൈയ്യയെ അറസ്റ്റ് ചെയ്യുന്നു. ‘രാജ്യം അപകടത്തിൽ ആണ്’. രാജ്യസ്നേഹം എങ്ങും അലയടിക്കുന്നു. ഭക്തർ ഉണരുന്നു. പുതിയ ഭക്തരുടെ ഒരു നിര തന്നെ സൃഷിടിക്കപ്പെടുന്നു. അവർ കോടതി പരിസരത്ത് വച്ച് കന്നൈയ്യയെ കൈകാര്യം ചെയ്യുന്നു. അതിലും ഭീകരമായി അയാളെ പോലീസ് കസ്റ്റഡിയിൽ വച്ച് തല്ലി ചതക്കുന്നു - ‘ഭാരത്‌ മാതാ കി ജയ്’ എന്ന് പറയിപ്പിക്കുന്നു. ഇതെല്ലം ഒരു ഗ്രാന്‍ഡ്‌ പ്ലാനിന്റെ ഭാഗം ആണെന്ന് തോന്നുന്നത് യാദൃശ്ചികമാണോ? ഈ സംഭവങ്ങൾ നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്. അനുസരിക്കുക.

ദേശീയത എന്ന ആയുധം

xdfdfd

ദേശീയത എന്ന വാക്കിനെ തന്നെ പ്രശ്നവൽക്കരിക്കേണ്ടതുണ്ട്. ഇന്ത്യയിലെ എല്ലാ വിധ ജനങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന ‘ദേശീയത’ ഉണ്ടോ? ബ്രാഹ്മണന്റെ ദേശീയത ആണോ ദളിതന്? മുതലാളിയുടെ ദേശീയതയാണോ തൊഴിലാളിക്ക്? സ്ത്രീയുടെ ദേശീയത ആണോ പുരുഷന്? വിദർഭയിൽ ആത്മഹത്യ ചെയ്യുന്ന പാവപ്പെട്ട കർഷകന്റെ ദേശീയത എന്താണ്? ഭരണകൂടത്തിനുമേലുള്ള സ്വാധീനം ഉപയോഗിച്ച് ശതകോടികൾ സമ്പാദിക്കുന്ന അദാനിയുടെ ദേശീയത എന്താണ്? ഗർഭിണിയുടെ നിറവയറിൽ ത്രിശൂലം കുത്തിക്കയറ്റി കുഞ്ഞിനെ പുറത്തെടുക്കുന്നവന് ദേശീയത ഉണ്ടോ? ദേശീയത എന്നത് രണ്ടു വിഭാഗക്കാർക്ക് നേരെയും - അനുസരിക്കുന്നവരെയും അനുസരിക്കാത്തവരെയും - പ്രയോഗിക്കുവാൻ പറ്റുന്ന ഒരു ആയുധമാണ്. അവിടെയും ഉപയോഗിക്കുന്ന ഇമേജുകൾ ശ്രദ്ധേയമാണ്. ദേശീയതയെ പ്രതിനിധാനം ചെയ്യുന്നത് സൈനികരുടെയും, കാശ്മീരിന്റെയും, ദേശീയപതാകയുടെയും പാകിസ്ഥാന്റെയും ഒക്കെ ഇമേജുകൾ ഉദ്ദീപിപ്പിച്ചുകൊണ്ടാണ്. എല്ലാവർക്കും ഒരുപോലെ ബാധകമാകുന്ന ഒരു ഏകതാനകമായ ദേശീയത ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇത് പലപ്പോഴും ഉത്തരേന്ത്യൻ ‘ഹിന്ദി’ ദേശീയതയായി മാറുന്നു. ഇതാണോ ദേശീയത? ജനങ്ങളുടെ അടിസ്ഥാനപരമായ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ച് അതിലൂടെ ഹിന്ദുത്വത്തിന്റെയും നവ-ലിബറൽ മുതലാളിത്തത്തിന്റെയും പദ്ധതികൾ നടപ്പാക്കുവാനുള്ള ഒരു മറയാണ് ‘ദേശീയത’. സമൂഹത്തിലെ പല വിടവുകളെയും തല്കാലത്തേക്ക് മറച്ചു വയ്ക്കുവാൻ ‘ദേശീയത’ എന്ന പുതപ്പിനാകുന്നു. രാജ്യത്തിന്‌ വേണ്ടി മുതലാളിയും തൊഴിലാളിയും ഒത്തുചേരുന്നു, വർഗ-ജാതി വ്യത്യാസങ്ങൾ മ‍റയ്ക്കപ്പെടുന്നു. ‘ജനങ്ങൾ’ ഒന്നിക്കുന്നു. എന്നും ഇങ്ങനെ ദേശീയതയുടെ പുകമറയിൽ നിർത്തപ്പെടുന്ന ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ പ്രധാനപെട്ട ആവശ്യങ്ങൾ അല്ലാതെയാകും. രാജ്യസുരക്ഷ ഒരു മുൻഗണന ആകും. അതേ സമയം തന്നെ ഇതിലൂടെ ഹിന്ദുത്വത്തിന്റെ ദീർഘകാല ശത്രുക്കളെ ഒറ്റപ്പെടുത്തുവാനും ആവും. ഈ ദേശീയത തികച്ചും ഹിന്ദുത്വത്തിൽ അധിഷ്ഠിതമായ ദേശീയത ആയതുകൊണ്ട് ചില അപരത്വങ്ങളെ സൃഷ്ടിക്കുവാനാകും. മുസ്ലീങ്ങളെയും മറ്റു മതന്യൂനപക്ഷങ്ങളെയും ഒറ്റപ്പെടുത്തുവാൻ ഇതിൽപരം നല്ല മാർഗം ഏതാണ്? ഹിന്ദുത്വം ഉണർത്തി വിടുന്ന ദേശീയതാ വാദത്തെ മനസ്സിലാക്കുവാൻ ഫൂക്കോയുടെ[2] ‘governmentality’ എന്ന ആശയം ഉപകരിക്കും. ഗവണ്മെന്റിന്റെ താല്പര്യങ്ങൾക്ക് അനുസരിച്ചുള്ള പൗരന്മാരെ സൃഷ്ടിക്കുന്ന പ്രക്രിയ ആണ് governmentality. ജനങ്ങളെ ഭരിക്കാൻ ഉപയോഗിക്കുന്ന പ്രക്രിയകളും ഉപാധികളും കൂടിയാണ് governmentality. ഹിന്ദുത്വ governmentalityയുടെ ആണിക്കല്ലാണ് ‘ദേശീയത’. ചെറിയ ഒരു ഉദാഹരണം മാത്രം മതി ഇതിന്റെ ശക്തി മനസ്സിലാക്കാന്‍. ജെ.എൻ.യു സംഭവത്തിന്‌ ശേഷം അവിടുത്തെ വിദ്യാർത്ഥികൾ ഏറ്റവും അധികം എതിർപ്പ് നേരിടേണ്ടി വരുന്നത് ഡൽഹിയിലെ സാധാരണക്കാരായ ജനങ്ങളിൽ നിന്നാണ്. ഡൽഹിയിലെ ഓട്ടോറിക്ഷ ഡ്രൈവർമാരും ശുചീകരണ തൊഴിലാളികളും അടങ്ങുന്ന ‘വർക്കിംഗ് ക്ലാസ്സ്‌’ ആണ് ജെ.എൻ.യു വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നത്. ജെ.എൻ.യു-വിലെക്ക് പോകുന്ന യാത്രക്കാർക്ക് ഓട്ടോ ഡ്രൈവർമാർ സവാരി നിഷേധിക്കുന്നു അവർ മറ്റൊരിക്കലും ഇല്ലാത്ത വിധം ജെ.എൻ.യു-വിനെയും വിദ്യാർത്ഥികളെയും എതിർക്കുന്നു. വെറുക്കുന്നു. ഹിന്ദുത്വ-governmentality ഇങ്ങനെയാണ് വർക്കിംഗ്‌ ക്ലാസ്സിനെ അവർക്ക് അനുകൂലമാക്കി തീർക്കുന്നത്. ദാരിദ്ര്യവും അസമത്വവും എല്ലാം ദേശീയതയുടെ മുന്നിൽ വിഷയങ്ങൾ അല്ലാതാകുന്നു. ഇങ്ങനെ ഒരേ സമയം തന്നെ ഹിന്ദുത്വത്തിന്റെയും മുതലാളിത്തത്തിന്റെയും താല്പര്യങ്ങൾ സംരക്ഷിക്കപെടുന്നു. വർക്കിംഗ്‌ ക്ലാസ്സിന്റെ ദൈനംദിന സമരങ്ങൾ ഗവൺമെന്റിനെതിരെ ഉള്ള സമരങ്ങളായി മാറാതിരിക്കാന്‍ ഈ ഹിന്ദുത്വ governmentality ഫലപ്രദമായി സഹായിക്കുന്നു. വർക്കിംഗ്‌ ക്ലാസ്സ്‌ ഇങ്ങനെ വളരെ എളുപ്പം അനുസരിക്കുന്നവരുടെ ഒരു നിരയായി തീരുന്നു. പാർത്ഥ ചാറ്റർജീ മുന്നോട്ടു വക്കുന്ന സിവിൽ സമൂഹം (civil society)/രാഷ്ട്രീയ സമൂഹം (political society)[3] എന്ന ദ്വന്ദത്തെ മറികടക്കാന്‍ ഈ ഹിന്ദുത്വ governmentality സഹായിക്കുന്നു. ഹിന്ദുത്വത്തിന് മുന്നിൽ സിവിൽസമൂഹവും രാഷ്ട്രീയസമൂഹവും ഇല്ല. അനുസരിക്കുന്നവരും അനുസരിക്കാത്തവരും മാത്രം. ഈ ദ്വന്ദത്തെ മാനേജു ചെയ്യുന്നതിലൂടെയാണ് അവർ രാജ്യത്തെ ഭരിക്കുന്നത്. എപ്പോഴെല്ലാം അനുസരിക്കാത്തവർ പ്രതിരോധിക്കുന്നുവോ അപ്പോഴെല്ലാം അതിനെതിരായി അനുസരിക്കുന്നവരുടെ ഒരു നിരയെ തന്നെ രംഗത്തിറക്കുന്നതിൽ അവർ വിജയിക്കുന്നു. ഭക്തർ ദൈവങ്ങളെ സംരക്ഷിക്കുന്നു. അതോടൊപ്പം തന്നെ അനുസരിക്കാത്തവരുടെ മേൽ ഇമേജുകളുടെ സൈബർ യുദ്ധം അഴിച്ചു വിടുന്നു.

പ്രതിരോധങ്ങൾ

ഹിന്ദുത്വത്തിന് മുന്നിൽ സിവിൽസമൂഹവും രാഷ്ട്രീയസമൂഹവും ഇല്ല. അനുസരിക്കുന്നവരും അനുസരിക്കാത്തവരും മാത്രം. ഈ ദ്വന്ദത്തെ മാനേജു ചെയ്യുന്നതിലൂടെയാണ് അവർ രാജ്യത്തെ ഭരിക്കുന്നത്. എപ്പോഴെല്ലാം അനുസരിക്കാത്തവർ പ്രതിരോധിക്കുന്നുവോ അപ്പോഴെല്ലാം അതിനെതിരായി അനുസരിക്കുന്നവരുടെ ഒരു നിരയെ തന്നെ രംഗത്തിറക്കുന്നതിൽ അവർ വിജയിക്കുന്നു.

ഇമേജുകളും അധികാര പ്രയോഗവും സൃഷ്ടിക്കുന്ന ഭീകര രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്നു. ഫാസിസത്തിന്റെ വേരോട്ടത്തിന് ത‍ടയിടുവാൻ ശക്തമായ പ്രതിരോധങ്ങൾ ആവശ്യമാണ്. ഒറ്റക്കും തെറ്റക്കും പ്രതിരോധങ്ങൾ നടക്കുന്നുണ്ടെങ്കിലും അവയ്ക്ക് ഒരു ഏകീകൃത സ്വഭാവം ഇല്ല. വിഘടിതമായ പ്രതിരോധം ഫാസിസത്തിന് പഴുതുകൾ സൃഷ്ടിക്കുന്നു. ഇന്ന് ഹിന്ദുത്വ ഫാസിസം ഉന്നം വയ്ക്കുന്നത് രണ്ടു രാഷ്ട്രീയ ധാരകളെ ആണെന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയും - ഇടതുപക്ഷ രാഷ്ട്രീയവും അംബേദ്കറൈറ്റ് രാഷ്ട്രീയവും ആണവ. കന്നൈയ്യയും രോഹിതും ഇതിന്റെ പ്രതീകങ്ങൾ ആണ്. ഈ രണ്ടു ധാരകളും ഒരുമിച്ച് ഒരു പ്രതിരോധ മുന്നണി തീർക്കുന്നതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു. കന്നൈയ്യ തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത് ‘ലാൽ സലാം, നീൽ സലാം’ എന്ന് പറഞ്ഞു കൊണ്ടാണ്. അതെ, അത് തന്നെ ആണ് മുന്നോട്ടുള്ള വഴി. ഇന്ത്യയിൽ മാർക്സിസ്റ്റ്‌ പ്രസ്ഥാനവും അംബേദ്കറൈറ്റ് പ്രസ്ഥാനവും സഹകരിച്ചു പ്രവർത്തിക്കണം. ഇവർ തമ്മിലുള്ള പരസ്പരം ഉള്ള കൊടുക്കൽ വാ‍ങ്ങലുകളിലൂടെ മാത്രമേ ഇന്ത്യന്‍ ജനാധിപത്യത്തിനെ രക്ഷിക്കാനാവൂ. ഒന്നിച്ചുള്ള പ്രതിരോധമാണ് കാലഘട്ടത്തിന്റെ ആവശ്യം.

അവലംബം

[1] Valerie Burri, Regula (2012), Visual Rationalities: Towards a sociology of images, p.45-60

[2] Foucault, Michel (1979) "Governmentality." Ideology and Consciousness 6:5-21.

[3] Chatterjee, Partha (2008), Democracy and Economic Transformation in India, Economic and Political Weekly, p.53-62

(സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ ഗവേഷണ വിദ്യാർത്ഥിയാണ് ലേഖകൻ)