അംബേദ്‌കറും മുല്‍ക് രാജ് ആനന്ദും സംഭാഷണത്തില്‍

ഡോ. ബി. ആര്‍. അംബേദ്‌കറും മുല്‍ക് രാജ് ആനന്ദും 1950-ല്‍ ബോംബെയിലെ കുഫെ പരേഡില്‍ വച്ച് നടത്തിയ സംഭാഷണം ശ്രീ. കെ. കെ. ബാബുരാജ്‌ പരിഭാഷപ്പെടുത്തി സൂചകം മാസികയുടെ 2002 മെയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദളിത് വിമോചനപ്രസ്ഥാനങ്ങളും സോഷ്യലിസ്റ്റുചേരിയിലെ പ്രസ്ഥാനങ്ങളൂം ഒന്നിച്ചു അണിനിരക്കേണ്ട ചരിത്രപരമായ കടമ വെളിപ്പെടുത്തുന്ന പ്രസ്തുത അഭിമുഖം ബോധി പുന:പ്രസിദ്ധീകരിക്കുന്നു.

മുല്‍ക്ക് രാജ്‌ ആനന്ദ്‌ (ആനന്ദ്‌): നമസ്‌കാരം, ഡോ. അംബേദ്‌കര്‍.

ബി. ആര്‍. അംബേദ്‌കര്‍ (അംബേദ്‌കര്‍): ഞാന്‍ തെരഞ്ഞെടുക്കുന്നത്‌ ബുദ്ധിസ്‌റ്റ്‌ ഉപചാരവചനമാണ്‌. ഓം മാനി പത്മായേ. താമരപ്പൂവുകള്‍ വിരിയട്ടെ.

ആനന്ദ്‌: ഞാനും അതിനോടു യോജിക്കുന്നു. നമ്മള്‍ എത്ര ചിന്താശൂന്യരാണ്‌! നാം വാക്കുകളെ അവയുടെ അര്‍ത്ഥമന്വേഷിക്കാതെ സ്വീകരിക്കുന്നു. തീര്‍ച്ചയായും നമസ്‌കാരം എന്നതിനര്‍ത്ഥം ഞാന്‍ അങ്ങയെ കുമ്പിടുന്നു എന്നാണ്.

അംബേദ്‌കര്‍: അത്‌ വിധേയത്വത്തെ ഉട്ടിയുറപ്പിക്കുന്നു. താമരപ്പൂവുകള്‍ വിരിയട്ടെ എന്നത്‌ ബോധോദയത്തിന്‍റെ പ്രാര്‍ത്ഥനയാണ്.

ആനന്ദ്‌: തീര്‍ച്ചയായും പഴയ ആചാരങ്ങള്‍ പതുക്കെയേ മരിക്കുന്നുള്ളൂ. യാതൊന്നും ചിന്തിക്കാതെ നാം അവയെ സ്വീകരിക്കുന്നു.

അംബേദ്‌കര്‍: എല്ലാ കാര്യത്തിലും.. ഒരു മാറ്റവും സംഭവിക്കാതെ, ഒരു പോലെ മുദ്രകുത്തപ്പെട്ടു, എന്നെന്നേക്കും അടിമത്തത്തിന്‌ വിധേയരായി. അയ്യായിരം വര്‍ഷങ്ങള്‍ക്കു ശേഷവും ഈ നില പരിതാപകരമായി തുടരുന്നു. ഒരു അയിത്തക്കാരന്‌ കുളി കഴിഞ്ഞശേഷം പോലും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. അയാള്‍ ഗ്രാമത്തിനു പുറത്തുള്ള അഴുക്കുചാലില്‍ നിന്നും വെള്ളം ശേഖരിക്കണം. അയാള്‍ക്കു ഭൂവുടമയുടെ സ്ഥലത്ത്‌ കന്നുകാലികളെ മേയ്ക്കാന്‍ പാടില്ല. അയാള്‍ വൃത്തികെട്ടവനാണ്‌. കാരണം, അയാള്‍ വൃത്തികേടുകളെ നീക്കുന്നു. എല്ലായ്പ്പോഴും അശുദ്ധനായി പരിഗണിക്കപ്പെടുന്നു. ഒരു മൃഗത്തെ തൊടാം പക്ഷെ, ഒരു അയിത്തക്കാരനെ തൊട്ടുകൂടാ.

ആനന്ദ്‌: ഭരണഘടനാനിര്‍മാണസഭയിലെ ഒരംഗം എന്ന നിലയില്‍ താങ്കള്‍ക്ക് വ്യക്തിയുടെ അവകാശങ്ങളെ സ്ഥാപിക്കുവാന്‍ കഴിഞ്ഞുവോ? ഞാന്‍ ഉദ്ദേശിക്കുന്നത്‌ താങ്കള്‍ ഉള്‍പ്പെട്ട കമ്മിറ്റി മൗലികാവകാശങ്ങള്‍ വാഗ്ദാനം ചെയ്‌തു. എന്നാല്‍ സ്വത്ത്‌ സമ്പാദിക്കാനുള്ള അവകാശത്തേയും നിങ്ങള്‍ മൗലികാവകാശമായി പരിഗണിച്ചിരിക്കുന്നു. സമ്പത്ത്‌ കുന്നുകൂട്ടി വെച്ചിരിക്കുന്നവര്‍ക്ക്‌ വളരെ ഗുണകരമായ നടപടിയല്ലേ അത്? അയിത്തക്കാര്‍ക്ക് ‌ഇതുകൊണ്ട്‌ ദോഷമേ സംഭവിക്കാനുള്ളൂ.

അംബേദ്‌കര്‍: നമ്മുടെ ഭരണഘടനയിലൂടെ നാമൊരു മതേതര-സോഷ്യലിസ്‌റ്റു-ജനാധിപത്യത്തിന്റെ ആശയം മുന്നോട്ടു വച്ചിരിക്കുന്നു. എല്ലാവര്‍‌ക്കും പണിയെടുക്കുവാന്‍ പറ്റുന്ന വിധം ഭൂമിയുടെ കുത്തകാവകാശം ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാവുകയാണെങ്കില്‍, ഇതിലൂടെ വ്യക്തികളുടെ അവകാശാധികാരങ്ങളുടെ തുല്യത ഉറപ്പാക്കപ്പെടുകയാണെങ്കില്‍ പിന്നീടു ചൂഷണത്തിന്‍റെ ആവശ്യകത ഇല്ല. ഇപ്പോള്‍ അയിത്തക്കാര്‍ക്കും കുറെയധികം മുസ്ലീങ്ങള്‍ക്കും ചില സവര്‍ണഹിന്ദുക്കള്‍ക്കു പോലും ഭൂവുടമസ്ഥതയില്ല. ഈ ഭൂരഹിതരായ കര്‍ഷകര്‍ ഒന്നുമില്ലാത്തവരാണ്.

സ്വാതന്ത്ര്യമെന്നത്‌ ഭൂവുടമക്ക്‌ പാട്ടം വര്‍ദ്ധിപ്പിക്കാനുള്ള സ്വാതന്ത്ര്യമായി മാറ്റപ്പെടുന്നു. സ്വകാര്യമുതലാളി എപ്പോഴും ജോലിസമയം കൂട്ടാനും കൂലി കുറക്കാനും വ്യഗ്രതപ്പെടുന്നു. മുതലാളിത്തമെന്നത്‌ സ്വകാര്യമുതലാളിമാരുടെ സര്‍വാധിപത്യമാണ്.

ആനന്ദ്‌: അപ്പോള്‍ തൊഴിലവകാശം മൗലികാവകാശം ആയിരിക്കണം.

അംബേദ്‌കര്‍: ഞാന്‍ ഭരണഘടനാസമിതിയിലെ ഒരംഗം മാത്രമായിരുന്നു.

ആനന്ദ്‌: താങ്കള്‍ സിംഹങ്ങള്‍ക്കു മുമ്പില്‍പെട്ട കുഞ്ഞാടു മാത്രമായിരുന്നു?

അംബേദ്‌കര്‍: ഞാന്‍ ഭയങ്കരമായി തന്നെ ഗര്‍ജിച്ചു. ഇപ്പൊഴും ഞാന്‍ അലറുകയാണ്.

ആനന്ദ്‌: ഒരു അഭിഭാഷകനെന്ന നിലയില്‍ താങ്കള്‍ക്കറിയാം ജഡ്‌ജിമാര്‍ എപ്പോഴും സവര്‍ണഹിന്ദുക്കള്‍ക്കും മേല്‍ജാതിക്കാര്‍ക്കും അനുകൂലമായിട്ടേ നിലപാടെടുക്കൂ.

അംബേദ്‌കര്‍: ഉറപ്പായും. നമ്മുടെ പണ്ഡിറ്റുമാരുടെ ഗവണ്‍മെന്റില്‍ ബ്രാഹ്മണനല്ലാത്ത ഏകവ്യക്തിയായ നെഹ്രു സ്വത്തവകാശം മൗലികാവകാശമാക്കുന്നതിനെ കഠിനമായി എതിര്‍ത്തു. എന്നാല്‍ ബാബു രാജേന്ദ്രപ്രസാദ്‌ കരുതിയത്‌ നെഹ്രു ഇന്ത്യയെ ഒരു റഷ്യയാക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ്‌. വ്യക്തിയുടെ പരമപ്രധാനമായ അവകാശങ്ങളെ നിര്‍ദേശകതത്വങ്ങളില്‍ ഉള്‍പ്പെടുത്താനേ സവര്‍ണഹിന്ദുക്കളായ അവര്‍ സമ്മതിച്ചുള്ളൂ. നമുക്ക്‌ ഈ അവകാശങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്‍റില്‍ വാദിക്കാം.

ആനന്ദ്‌: സമ്പന്നര്‍ക്ക് ‌അനുകൂലമായ ഒരു തീരുമാനമാണിത്.

അംബേദ്‌കര്‍: ഒരുദിവസം സോഷ്യലിസ്‌റ്റുകള്‍ക്കു‌ ഭൂരിപക്ഷം ലഭിക്കും. അന്ന്‌ കാര്യങ്ങളെ മറികടക്കാന്‍ കഴിയും. ഏതായാലും ഇന്ന്‌ അയിത്തജാതിക്കാരും ആദിവാസികളും പട്ടികവിഭാഗങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്‌. അവര്‍ക്ക്‌ സ്വയം വികസിക്കാനുള്ള ചില സാഹചര്യങ്ങള്‍ ലഭ്യമാക്കപ്പെട്ടിട്ടുണ്ട്‌. സംവരണം പോലുള്ള കാര്യങ്ങള്‍.

ആനന്ദ്‌: മേല്‍ജാതിക്കാര്‍ക്ക് സംവരണത്തോട്‌ എല്ലായ്പോഴും വിദ്വേഷമായിരിക്കും.

അംബേദ്‌കര്‍: നാം സംഘടിക്കണം. ചിന്നിച്ചിതറിക്കിടക്കുന്ന സമരശക്തികളെ ഒരുമയോടെ ഉയര്‍ത്തിയെടുക്കണം. പുറംജാതിക്കാരെന്ന്‌ വിളിക്കപ്പെടുന്നവര്‍ക്ക് സവര്‍ണരേക്കാള്‍ ഭൂരിപക്ഷമാണുള്ളത്‌. നമ്മള്‍, മേല്‍ജാതിക്കാര്‍ക്ക് അസ്‌പൃശ്യരായ മുസ്ലീങ്ങളേയും ഉള്‍ക്കൊള്ളണം. കൂടാതെ ആദിവാസികളേയും. ഒത്തൊരുമിച്ചാല്‍ ഇവര്‍ക്ക് ‌സോഷ്യലിസ്‌റ്റുകളുമായിച്ചേര്‍ന്ന്‌ സ്വകാര്യസ്വത്തുടമസ്ഥതയെ നിര്‍മാര്‍ജനം ചെയ്യാനാകും. അപ്പോള്‍ ഭൂവുടമകള്‍ ഉണ്ടാവുകയില്ല. കാര്‍ഷികഅടിയാളര്‍ ഉണ്ടാവുകയില്ല. ദരിദ്രരായ ഭൂരഹിതര്‍ ഉണ്ടാവുകയില്ല.

ആനന്ദ്‌: സ്‌റ്റേറ്റ്‌ മുതലാളിത്തവും അപകടകരമാണെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. റഷ്യയില്‍ എന്താണ്‌ സ്റ്റാലിന്‍ ചെയ്‌തതെന്ന്‌ താങ്കള്‍ക്ക് അറിയാം. കമ്മ്യൂണിസത്തിന്റെ പേരില്‍ ജനങ്ങള്‍ക്കുമേല്‍ ഒരുകൂട്ടം ഉദ്യോഗസ്ഥപ്രമാണിമാരെ സ്ഥാപിച്ചിരിക്കുന്നു.

അംബേദ്‌കര്‍: തീര്‍ച്ചയായും. മറ്റുള്ളവരുടെ കടന്നാക്രമണങ്ങളില്‍ നിന്നും വ്യക്തിയുടെ സ്വാതന്ത്ര്യത്തെ പരിരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്‌. വ്യക്തിയുടെ സ്വാതന്ത്ര്യം പരമമായ പരിഗണനയര്‍ഹിക്കുന്ന ഒന്നായിരിക്കണം. ഇതാണ്‌ മൗലികാവകാശങ്ങള്‍ക്കു വേണ്ടി വാദിച്ചപ്പോള്‍ എന്റെ മനസിലുണ്ടായിരുന്നത്.

ആനന്ദ്‌: ഇതാണ്‌ താങ്കളുടെ മനസിലുണ്ടായിരുന്നതെങ്കില്‍ മൗലികാവകാശങ്ങളെ പുനഃപരിശോധിക്കാന്‍ താങ്കള്‍ പാര്‍ലമെന്‍റില്‍ ശബ്ദമുയര്‍ത്തണം. നമുക്ക്‌ സ്റ്റേറ്റ്‌ മുതലാളിത്തത്തേയും ഒരുമിച്ചെതിര്‍ക്കേണ്ടതുണ്ട്‌. ഭൂരിപക്ഷം വരുന്ന ജനങ്ങളും സ്വകാര്യമുതലാളിമാരുടെ ഔദാര്യത്തിന്‌ മുമ്പില്‍ നില്‍ക്കുന്നത്‌ എങ്ങിനെയെന്ന്‌ താങ്കള്‍ക്കറിയാം.

ഡോ. അംബേദ്‌കര്‍: തീര്‍ച്ചയായും. സ്വാതന്ത്ര്യമെന്നത്‌ ഭൂവുടമക്ക്‌ പാട്ടം വര്‍ദ്ധിപ്പിക്കാനുള്ള സ്വാതന്ത്ര്യമായി മാറ്റപ്പെടുന്നു. സ്വകാര്യമുതലാളി എപ്പോഴും ജോലിസമയം കൂട്ടാനും കൂലി കുറക്കാനും വ്യഗ്രതപ്പെടുന്നു. മുതലാളിത്തമെന്നത്‌ സ്വകാര്യമുതലാളിമാരുടെ സര്‍വാധിപത്യമാണ്.

ആനന്ദ്‌: മൗലികാവകാശം, ജീവിക്കാനുള്ള അവകാശം, സ്വാതന്ത്യത്തിനും ആഹ്ലാദത്തിനുമുള്ള അവകാശം, ഇതൊക്കെ ഒരു സ്വപ്‌നമായിത്തന്നെ നിലകൊള്ളുന്നു.

അംബേദ്‌കര്‍: പുതിയ തലമുറ സമരം തുടരണം. അവര്‍ക്ക്‌ ഭരണഘടന മാറ്റാനാകും.

ആനന്ദ്‌: 1789-ല്‍ ഫ്രാന്‍സിലുണ്ടായ മുന്നേറ്റം പോലെ ഒന്നില്ലാതെ ഇത്‌ സാധ്യമല്ല.

അംബേദ്‌കര്‍: ഗാന്ധിയെ അയിത്തക്കാരുടെ വിമോചകനായി ചിത്രീകരിച്ചിട്ടുണ്ട്‌. അഹിംസാമതത്തില്‍ നിന്നും മതം മാറിയ താങ്കളില്‍ നിന്നുമിത്‌ കേള്‍ക്കുന്നത്‌ അത്ഭുതകരമാണ്.

ആനന്ദ്‌: എനിക്ക്‌ മഹാത്മാവിന്‍റെ ആശയഗതികളെ ഉള്‍ക്കൊള്ളാനാവുന്നില്ല. നമുക്ക്‌ ഹിറ്റ്‌ലറേയും മുസ്സോളിനിയേയും നേരിടേണ്ടിവന്നു. ഞാന്‍ സ്‌പെയിനില്‍ ചെന്ന്‌ സാര്‍വദേശീയ സൈന്യത്തില്‍ അംഗമായ ആളാണ്‌. ഒരാശുപത്രിയില്‍ മുറിവുണ്ടാകുമ്പോഴുണ്ടാകുന്ന രക്തം കണ്ടാല്‍ പോലും തലചുറ്റുന്ന ഞാന്‍ രണ്ടാം ലോകമഹായുദ്ധത്തിന്‌ സാക്ഷ്യം വഹിച്ചു. ഫാസിസത്തിനെതിരെ ജനാധിപത്യത്തിന്‍റെ സമരത്തെക്കുറിച്ചൊരു കവി പാടിയതിങ്ങനെയാണ്‌ - "ഒരു മുഴുവന്‍ നുണക്കെതിരെ ഒരു പാതിനുണയുടെ സമരം".

അംബേദ്‌കര്‍: ഗാന്ധി സര്‍വസ്വവും ഹരിജനങ്ങള്‍വേണ്ടി സമര്‍പ്പിച്ചിട്ടും ഭഗവദ്ഗീത അനുശാസിക്കുന്ന വര്‍ണാശ്രമധര്‍മത്തെ ഉപേക്ഷിച്ചില്ല. "ദൈവത്തിന്‍റെ മക്കള്‍" എന്നു വിളിക്കുന്നതിലൂടെ അവര്‍ക്ക് ഔന്നത്യം നല്‍കുകയാണ്‌ താന്‍ ചെയ്‌തതെന്നാണ്‌ അദ്ദേഹം കരുതിയത്‌. യഥാര്‍ഥത്തിലവര്‍ അടിത്തട്ടില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്.

ആനന്ദ്‌: ഈ കാരണത്താലാണോ താങ്കള്‍ ബുദ്ധമതം സ്വീകരിച്ചത്?

അംബേദ്‌കര്‍: ഇതൊരു പ്രധാന കാരണമായിരിക്കണം. പട്ടികജാതിക്കാരനായ ഒരു പൗരന്‍റെ സാമൂഹ്യപദവി പുറംജാതിക്കാരന്‍റേതാണ്‌. എനിക്ക്‌ ബുദ്ധിസത്തില്‍ താല്‍പര്യമുള്ളത്‌ അത്‌ ഹിന്ദുദൈവമായ ബ്രഹ്മാവിനേപ്പോലെ യാഥാസ്ഥിതികത്വത്തിന്റെ കെട്ടുകഥകളിലും പ്രഹേളികകളിലും ജനങ്ങളെ കുരുക്കുന്നില്ല എന്നതിലാണ്‌. അതില്‍ ഒരാള്‍ക്ക് ‌ജ്ഞാനാന്വേഷിയായി നില്‍ക്കാനാകും. ഹിന്ദുയിസത്തിലെ അനേകം വരട്ടുവാദങ്ങളേയോ രാമനേപോലെയുള്ള ജാതിപ്രമാണിമാരേയോ നമിക്കേണ്ടതില്ല.

ആനന്ദ്‌: ഉറപ്പായും ബ്രാഹ്മണരുടെ അനേകം ഊഹാപോഹങ്ങളേക്കാള്‍ മുന്നേറ്റം ബുദ്ധന്‍ നടത്തിയിട്ടുണ്ട്‌. ശ്രീബുദ്ധനായിരുന്നു ലോകത്തിലെ ആദ്യ അസ്‌തിത്വചിന്തകന്‍. ലോകം ദുഃഖമയമാണ്‌ എന്നദ്ദേഹം വിലപിച്ചു. ദൈവം ആനന്ദമയമാണെന്ന കപടസംതൃപ്‌തിയാണ്‌ ഹിന്ദുക്കള്‍ക്കുള്ളത്‌. നാടുവാഴിപ്രഭുവിന്‌ മുമ്പില്‍ വിത്തും വിളയും കാണിക്ക നല്‍കുന്ന ദരിദ്രവാസികള്‍ക്കാശ്വസിക്കാന്‍ ഈ വികാരം മതിയാകും. ഇതിലൂടെ പൂജാരിയുടെ വയറ്റുപ്പിഴപ്പും നടക്കുന്നു.

അംബേദ്‌കര്‍: എനിക്ക്‌ അയിത്ത ജാതിക്കാരോട്‌ പറയാനുള്ളത്‌ ഇതാണ്: എപ്പോഴും ഒരു സിംഹത്തെ പോലെ നിലകൊള്ളുക. ഹിന്ദുക്കള്‍ കാളിക്ക്‌ ബലിയര്‍പ്പിക്കുന്നത്‌ ആടുകളെ മാത്രമാണ്‌. നിങ്ങള്‍ നിങ്ങളുടെ വെളിച്ചമായിരിക്കട്ട.

ആനന്ദ്‌: ബുദ്ധന്‍ ആനന്ദനോട്‌ പറഞ്ഞതുപോലെ നിങ്ങളിലെ വെളിച്ചം നിങ്ങള്‍ തന്നെയാവട്ടെ.