കൊല്‍ക്കത്ത പ്ലീനം - കൂടുതൽ ശക്തമായൊരു സി.പി.ഐ.(എം) പടുത്തുയർത്തുക

സി.പി.ഐ. (എം) 2015 ഡിസംബര്‍ 27 മുതല്‍ 31 വരെ കൊല്‍ക്കത്തയില്‍ വച്ചു സംഘടിപ്പിച്ച സംഘടനാ പ്ലീനത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പാര്‍ടി സെക്രട്ടറി കൂടിയായ സഖാവ് സീതാറാം യെച്ചൂരി പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.
പരിഭാഷ: പ്രതീഷ് പ്രകാശ്

ഇരുപത്തിയൊന്നാം പാര്‍ടി കോണ്‍ഗ്രസില്‍ നിര്‍ദേശിക്കപ്പെട്ടത് പ്രകാരം സി.പി.ഐ. (എം)-ന്റെ സംഘടനാ പ്ലീനം "2015-ന്റെ അവസാനത്തോട് കൂടി" സംഘടിപ്പിക്കപ്പെടുകയും അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. എട്ട് മാസമെന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ നിര്‍ദേശം വിജയകരമായി നടപ്പിലാക്കുവാന്‍ കഴിഞ്ഞത് സി.പി.ഐ. (എം)-ന്റെ മികച്ച നേട്ടമാണ്.

പ്ലീനത്തിന്റെ നടത്തിപ്പിനായിട്ട് പാര്‍ടി കേന്ദ്ര കമ്മിറ്റി സമഗ്രവും വിശദവുമായ നടപടികളും സമയക്രമവും തീരുമാനിച്ചു വച്ചിരുന്നു. എല്ലാ സംസ്ഥാന കമ്മിറ്റികളില്‍ നിന്നും അവിടുത്തെ പാര്‍ടി സംഘാടനത്തെ സംബന്ധിച്ചും പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുമുള്ള വിവരശേഖരണത്തിനായി പാര്‍ടി കേന്ദ്ര കമ്മിറ്റി വിശദമായ ഒരു ചോദ്യോത്തരി തയ്യാറാക്കിയിരുന്നു. വിവിധ സംസ്ഥാനക്കമ്മിറ്റികള്‍ നല്‍കിയ മറുപടികള്‍ പരിശോധിച്ച്, അവയെ അടിസ്ഥാനപ്പെടുത്തിയാണ് കരട് റിപ്പോര്‍ട്ടും സംഘടനയെ സംബന്ധിച്ച കരട് പ്രമേയവും തയ്യാറാക്കിയത്. പാര്‍ടി കോണ്‍ഗ്രസിന്റെയും പ്ലീനത്തിന്റെയും ഇടയിലായി പൊളിറ്റ്ബ്യൂറോ നാല് തവണയും, കേന്ദ്ര കമ്മിറ്റി മൂന്ന് തവണയും പ്ലീനത്തിന്റെ പ്രചണ്ഡമായ തയ്യാറെടുപ്പുകള്‍ക്കായി കൂടിയിട്ടുണ്ട്.

2015 ഡിസംബര്‍ 27 ഉച്ച കഴിഞ്ഞ് കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന പടുകൂറ്റന്‍ റാലിയുടെ സമാപനത്തിന് ശേഷമാണ് പ്ലീനം ചര്‍ച്ചകള്‍ തുടങ്ങിയത്. സമീപകാലത്ത് നടന്നതില്‍ വച്ച് ഏറ്റവും വലിയ റാലിയാണ് ബ്രിഗേഡില്‍ സംഘടിപ്പിക്കപ്പെട്ടത് എന്ന വസ്തുത ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്ക് വരെ സമ്മതിക്കേണ്ടി വന്നു. യുവജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ പാര്‍ടി പരാജയപ്പെടുന്നു എന്ന് വര്‍ഗ ശത്രുക്കളും ബൂര്‍ഷ്വാ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതില്‍ കഴമ്പില്ലായെന്നാണ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണങ്ങളും ഭീഷണികളും മറികടന്ന് റാലിയില്‍ പങ്കെടുക്കാനെത്തിയ ജനലക്ഷങ്ങള്‍ തെളിയിച്ചത്. പശ്ചിമ ബംഗാളിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള യുവജനങ്ങള്‍ ആവേശപൂര്‍വം ഈ റാലിയില്‍ പങ്കെടുക്കുകയുണ്ടായി.

ഒരു കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക്, പാര്‍ടി സംഘടനയുടെ അപ്രമാദിത്വത്തെ കുറച്ചുകാണുവാന്‍ ഒരിക്കലും സാധിക്കില്ല. പാര്‍ടിയുടെ ധാരണയും രാഷ്ട്രീയവും ഇന്ത്യയിലെ ജനതയിലേക്ക് എത്തിക്കുവാന്‍ സാധിപ്പിക്കുന്ന പാര്‍ടിയുടെ മുഖ്യ ആയുധമാണ് അത്. ഫലപ്രദമായതും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നതുമായ പാര്‍ടി സംഘടന ഇല്ലാത്തിടത്തോളം, ഒരു കാലത്തും ഇന്ത്യന്‍ ജനതയുമായി ദൃഢബന്ധം സ്ഥാപിക്കുവാനോ അല്ലെങ്കില്‍ അവരുടെ താല്പര്യങ്ങ‌ള്‍ക്ക് വേണ്ടി പൊരുതുവാനോ കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് സാധിക്കില്ല.

ബഹുജന നയമുള്ള ഒരു വിപ്ലവ പാര്‍ടി

സമകാലീനമായ വെല്ലുവിളികള്‍ നേരിടുവാനുള്ള സി.പി.എമ്മിന്റെ കര്‍മ്മസന്നദ്ധത പ്രാവര്‍ത്തികമാക്കണമെങ്കില്‍ കൂടുതല്‍ ശക്തമായ ജനപ്രക്ഷോഭങ്ങള്‍ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. പാര്‍ടിയുടെ സ്വതന്ത്രശക്തി വന്‍തോതില്‍ വര്‍ദ്ധിപ്പിക്കണം എന്നാണ് ഇതിന്റെ അര്‍ഥം. ഈ പ്രക്രിയ ഇന്ത്യന്‍ ജനതയെ പ്രതിനിധീകരിക്കുന്ന വര്‍ഗശക്തികളുടെ പരസ്പരബന്ധം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് (Left and Democratic Front or LDF) അനുകൂലമാക്കണമെന്ന് ആവര്‍ത്തിക്കുന്ന പാര്‍ടിയുടെ രാഷ്ട്രീയനയരേഖയുമായി ഒത്തുചേര്‍ന്ന് പോകേണ്ടതുണ്ട്. രണ്ട് ബൂര്‍ഷ്വാ രാഷ്ട്രീയ വിന്യാസങ്ങളില്‍ നിന്ന് ഒന്നിനെ തിരഞ്ഞെടുക്കേണ്ടി വരുന്ന ദുരവസ്ഥയ്ക്ക് പകരം, ബദല്‍ നയങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഒരു വര്‍ഗബദല്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ വയ്ക്കുവാന്‍ തക്ക ശക്തി ഈ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രാപ്തമായിരിക്കണം.

പ്ലീനത്തിന്റെ വിജയകരമായ പരിസമാപ്തിയോട് കൂടി, നമ്മുടെ ലക്ഷ്യങ്ങളെ ദ്രുതഗതിയില്‍ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പാര്‍ടി സംഘടനയെ പുനര്‍ജീവിപ്പിക്കുവാനും പാര്‍ടി അംഗങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കുവാനുമുള്ള പ്രക്രിയ തുടങ്ങുകയുണ്ടായി. പാര്‍ടി അത് വരെ പിന്തുടര്‍ന്ന് പോന്ന രാഷ്ട്രീയ നയരേഖ (political-tactical line) പുനരവലോകനം ചെയ്തുകൊണ്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാമുഖ്യം ഊട്ടിയുറപ്പിച്ചു കൊകൊണ്ടുമാണ് ഇരുപത്തിയൊന്നാം പാര്‍ടി കോണ്‍ഗ്രസ് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള രാഷ്ട്രീയ നയരേഖ അംഗീകരിച്ചത്.

സമകാലീനമായ വെല്ലുവിളികള്‍ നേരിടുവാനുള്ള സി.പി.എമ്മിന്റെ കര്‍മ്മസന്നദ്ധത പ്രാവര്‍ത്തികമാക്കണമെങ്കില്‍ കൂടുതല്‍ ശക്തമായ ജനപ്രക്ഷോഭങ്ങള്‍ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. പാര്‍ടിയുടെ സ്വതന്ത്രശക്തി വന്‍തോതില്‍ വര്‍ദ്ധിപ്പിക്കണം എന്നാണ് ഇതിന്റെ അര്‍ഥം. ഈ പ്രക്രിയ ഇന്ത്യന്‍ ജനതയെ പ്രതിനിധീകരിക്കുന്ന വര്‍ഗശക്തികളുടെ പരസ്പരബന്ധം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് (Left and Democratic Front or LDF) അനുകൂലമാക്കണമെന്ന് ആവര്‍ത്തിക്കുന്ന പാര്‍ടിയുടെ രാഷ്ട്രീയനയരേഖയുമായി ഒത്തുചേര്‍ന്ന് പോകേണ്ടതുണ്ട്. രണ്ട് ബൂര്‍ഷ്വാ രാഷ്ട്രീയ വിന്യാസങ്ങളില്‍ നിന്ന് ഒന്നിനെ തിരഞ്ഞെടുക്കേണ്ടി വരുന്ന ദുരവസ്ഥയ്ക്ക് പകരം, ബദല്‍ നയങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഒരു വര്‍ഗബദല്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ വയ്ക്കുവാന്‍ തക്ക ശക്തി ഈ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രാപ്തമായിരിക്കണം. ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ സോഷ്യലിസമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഇന്ത്യന്‍ വിപ്ലവത്തിനെ നയിക്കുന്ന ജനകീയ ജനാധിപത്യ മുന്നണിയുടെ പൂര്‍വ്വഗാമി ആയിരിക്കും ഇങ്ങനെ രൂപപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി.

മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് തത്വങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയ വിപ്ലവ പാര്‍ടിയാണ് സി.പി.ഐ. (എം) എങ്കിലും ഈ കാലഘട്ടത്തില്‍ അതെടുക്കേണ്ട നിലപാട് ഇന്ത്യന്‍ ജനതയുമായിട്ടുള്ള അതിന്റെ ബന്ധങ്ങള്‍ ശക്തിപ്പെടുക എന്നതായിരിക്കണമെന്ന് സംഘടനാ പ്ലീനം ആവര്‍ത്തിക്കുകയുണ്ടായി. അതായത് ബഹുജന നയമുള്ള ഒരു വിപ്ലവ പാര്‍ടിയാണ് സി.പി.ഐ. (എം).

സംഘടനാശേഷി ശക്തിപ്പെടുത്തുക

പാര്‍ടിയുടെ സംഘടനാ ശേഷി വിപുലമാക്കാതെ ഈ വിപ്ലവ ലക്ഷ്യങ്ങള്‍ സ്വായത്തമാക്കുവാന്‍ സാധിക്കില്ല. എന്നാല്‍ നമുക്ക് മുന്നില്‍ ദുര്‍ഘടങ്ങളായ കടമ്പകളുണ്ട്. ആഗോള പ്രതിസന്ധി നമ്മുടെ രാജ്യത്തും സമൂഹത്തിലും തുടര്‍ച്ചയായി ആഴത്തിലുള്ള പരിക്കുകള്‍ ഏല്പിക്കുന്നു. "എല്ലാ പ്രതിസന്ധി സന്ദര്‍ഭങ്ങളിലും ഒരു അവസരമുണ്ട്" എന്നാണ് പഴഞ്ചൊല്ല്. ഇത്തരം അവസരങ്ങളെ മുന്‍കൂട്ടി കൈവശപ്പെടുത്തണമെന്ന തീരുമാനമാണ് പ്ലീനത്തില്‍ സി.പി.ഐ. (എം) കൈക്കൊണ്ടത്.

മുതലാളിത്തത്തിന്റെ കീഴില്‍ നടക്കുന്ന ഒരു തരത്തിലുമുള്ള പരിഷ്കരണവും പ്രതിദിനം രൂക്ഷമാകുന്ന ചൂഷണത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കുവാന്‍ ഉതകുന്നതല്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന ആഗോള മുതലാളിത്തത്തിന്റെ ഈ പ്രതിസന്ധി ഘട്ടത്തില്‍, ചൂഷിത വര്‍ഗങ്ങളില്‍ പെടുന്ന എല്ലാ ജനവിഭാഗത്തിന്റെയും പിന്തുണയാര്‍ജ്ജിച്ചുകൊണ്ട് തൊഴിലാളി വര്‍ഗത്തിന്റെ രാഷ്ട്രീയ പാര്‍ടിയായി മുന്നോട്ട് വരുവാന്‍ പറ്റുന്നത് സി.പി.ഐ. (എം)നാണ്. സോഷ്യലിസമെന്ന രാഷ്ട്രീയ ബദലിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. ഇന്ത്യന്‍ ജനതയുടെ തനതായ കഴിവുകളെ തിരിച്ചറിയുവാന്‍ ഉതകുന്നതും അതിന്റെ അടിസ്ഥാനത്തില്‍ ഒരു മെച്ചപ്പെട്ട ഇന്ത്യയെ നിര്‍മ്മിക്കുവാന്‍ സഹായിക്കുന്നതുമായ ഒരു ബദല്‍ രാഷ്ട്രീയനയമാണ് സി.പി.ഐ. (എം) മുന്നോട്ട് വയ്ക്കുന്നത്. സാമ്പത്തികാസമത്വങ്ങള്‍ അനേകമിരട്ടി വര്‍ദ്ധിപ്പിക്കുന്ന ഇന്നത്തെ രാഷ്ട്രീയനയങ്ങളെ അപേക്ഷിച്ച്, നമ്മുടെ രാജ്യത്തിന്റെ വിഭവസമ്പത്തിനെ ക്രമമായി വിനിയോഗിച്ചുകൊണ്ട് ഇന്ത്യന്‍ യുവത്വത്തിന് മെച്ചപ്പെട്ട വിദ്യാഭ്യാസവും മികച്ച ആരോഗ്യരക്ഷയും സുസ്ഥിരമായ തൊഴില്‍സാധ്യതകളും ഒക്കെയുള്ള തെളിച്ചമാര്‍ന്ന ഒരു ഭാവിയാണ് ഈ ബദല്‍ വാഗ്ദാനം ചെയ്യുന്നത്. നമ്മുടെ ബഹു-മത, ബഹു-ഭാഷാ, ബഹു-സാംസ്കാരിക, ബഹു-വംശ ജനതയുടെ ഐക്യത്തിനു വേണ്ടിയും അചഞ്ചലമായി നിലകൊള്ളുകയും പ്രയത്നിക്കുകയും ചെയ്യുന്ന സി.പി.ഐ. (എം) ആണ് ആ ഐക്യത്തെ വര്‍ഗീയമായ ധ്രുവീകരണത്തിലൂടെ തകര്‍ക്കുവാനും, അസഹിഷ്ണുതയുടെയും ഫാസിസത്തിന്റെയും വിഷം പേറുന്ന 'ഹിന്ദു രാഷ്ട്രം' എന്ന ആര്‍.എസ്.എസ്./ബി.ജെ.പി. പദ്ധതിയെ ചെറുക്കുന്നതും. എല്ലാ നിറത്തിലുമുള്ള ഭീകരതയെയും മൗലികവാദത്തെയും സി.പി.ഐ. (എം) ഇതേപോലെ എതിര്‍ക്കുന്നുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ മൗലികവാദവും പരസ്പരം പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങളാണ്. ജാതിയടിസ്ഥാനത്തിലുള്ള തൊട്ടുകൂടായ്മയെയും, ചൂഷണത്തിനെയും അതിന്റെ സര്‍വഭാവങ്ങളെയും, എല്ലാ തരത്തിലുമുള്ള മറ്റ് സാമൂഹികമായ അടിച്ചമര്‍ത്തലുകളെയെല്ലാം തന്നെയും നിരോധിക്കുന്നതിന് വേണ്ടിയുള്ള സമരങ്ങള്‍ സി.പി.ഐ. (എം) ശക്തിപ്പെടുത്തുകയാണ്. രാഷ്ട്രീയ ധാര്‍മ്മികത ക്ഷയിച്ചുണ്ടായൊരു മാലിന്യക്കുഴിയില്‍ അഴിമതിക്കെതിരെയും പൊതുജീവിതത്തിലെ ധാര്‍മ്മികമായ മറ്റ് ചോര്‍ച്ചകള്‍ക്ക് എതിരെയും ജ്വലിച്ചു നില്‍ക്കുന്ന ദൃഷ്ടാന്തമാണ് സി.പി.ഐ. (എം).

സി.പി.ഐ. (എം)ന്റെ ഈ ചരിത്രപശ്ചാത്തലം ഇത്തരം പ്രവർത്തനങ്ങളെ മുന്നോട്ട് കൊണ്ട് പോകുന്നതിന് അവസരമൊരുക്കുകയും അതുവഴി പാർടി സംഘടനയെ പ്രവർത്തനോന്മുഖമാക്കുക എന്ന ഉദ്ദേശലക്ഷ്യം സാധ്യമാക്കുകയും ചെയ്യും.

മൂര്‍ത്തമായ സാഹചര്യങ്ങളുടെ മൂര്‍ത്തമായ അപഗ്രഥനം

"മൂര്‍ത്തമായ സാഹചര്യങ്ങളുടെ മൂര്‍ത്തമായ അപഗ്രഥനമാണ് വൈരുദ്ധ്യാത്മകതയുടെ ജീവസത്ത" എന്ന ലെനിനിസ്റ്റ് പ്രമാണത്തെ സി.പി.ഐ. (എം) എന്നും പിന്തുടര്‍ന്ന് പോന്നിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി, നവലിബറലിസത്തിന്റെ കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തെ മൂര്‍ത്തമായ മാറ്റങ്ങളെ പറ്റി പഠിക്കുവാനായി മൂന്ന് പഠനസംഘങ്ങളെ സി.പി.ഐ. (എം) നിയോഗിക്കുകയുണ്ടായി. ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വര്‍ഗ-ബഹുജന പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പ്ലീനം സമ്മേളനം ചില തീരുമാനങ്ങള്‍ എടുക്കുകയുണ്ടായി. ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ജന്മി-നാട്ടുപ്രമാണി സഖ്യങ്ങള്‍ക്കെതിരെ കര്‍ഷക തൊഴിലാളികളുടെയും, ചെറുകിട-മധ്യനില കര്‍ഷകരുടെയും, കാര്‍ഷികേതര തൊഴിലാളികളെയും, കൈപ്പണിക്കാരെയും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മറ്റ് വിഭാഗങ്ങളെയും ഒരുമിപ്പിച്ച് കൊണ്ട് ഒരു വിശാല മുന്നണി പടുത്തുയര്‍ത്തുക; സംഘടിത-അസംഘടിത മേഖലകളിലുള്ള കരാര്‍ തൊഴിലാളികളെ സംഘടിപ്പിക്കുക; ട്രേഡ് യൂണിയനുകളെയും യുവജനങ്ങളെയും സ്ത്രീജനങ്ങളെയും ഒക്കെ ഏകോപിപ്പിക്കുവാന്‍ മേഖലാ തല സംഘടനകള്‍ രൂപീകരിക്കുക; നഗരങ്ങളിലുള്ള സാമ്പത്തികാവശത അനുഭവിക്കുന്നവരെ കോളനികളുടെ/മേഖലകളുടെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുക; തൊഴിലടിസ്ഥാനത്തിലുള്ള അയല്‍പ്പക്ക കമ്മിറ്റികള്‍ രൂപീകരിക്കുക; സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വേദികള്‍ നിര്‍മ്മിച്ചു കൊണ്ടും, സിറ്റിസണ്‍ ഫോറങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടും മധ്യവര്‍ഗത്തിന്റെ ഇടയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍, പ്രധാനമായും പ്രത്യയശാസ്ത്രപരമായവ, കൂടുതല്‍ ദൃഢപ്പെടുത്തുക; അവരുടെ ജീവിതവും തൊഴിലുമായി ബന്ധപ്പെട്ട ശാസ്ത്രീയാവബോധവും (scientific temper) മറ്റും വികസിപ്പിക്കുക; റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, പെന്‍ഷനര്‍ അസോസിയേഷനുകള്‍ തുടങ്ങിയവയില്‍ ഉള്ള പ്രവര്‍ത്തനം ശക്തമാക്കുക എന്നിവയാണവ.

ഉചിതമായ ഒരു കേഡര്‍ നയം നടപ്പിലാക്കല്‍

ഒരു കമ്മ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നത് എപ്പോഴും മുകളില്‍ നിന്ന് താഴോട്ടാണ് . അത് കൊണ്ടു തന്നെ, നമ്മുടെ സംഘടനാ സംവിധാനം പോഷിപ്പിക്കുന്നതിനായിട്ടുള്ള ശ്രമങ്ങള്‍ തുടങ്ങേണ്ടത് പാര്‍ടി കേന്ദ്രം ശക്തിപ്പെടുത്തുന്നതിലൂടെ ആവണമെന്നും, അതിന്റെ തുടര്‍ച്ചയായി പാര്‍ടിയുടെ എല്ലാ തലത്തിലെയും നിലവാരം മെച്ചപ്പെടുത്തണമെന്നും പ്ലീനം തീരുമാനമെടുത്തു. ഇത് സാധ്യമാക്കുന്നതിനുതകുന്ന പല മാർഗ്ഗങ്ങളിൽ പ്ലീനം അടിവരയിടുന്നത്, യുവസഖാക്കളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും അതാത് കമ്മറ്റികളുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അവർക്ക് പ്രവർത്തനചുമതലകൾ ഏൽപ്പിച്ച് കൊടുക്കുന്നത് ഉറപ്പാക്കുകയും ചെയ്യുക വഴി ഒരു യുക്തമായ കേഡർ നയം നടപ്പിലാക്കുകയെന്ന ആവശ്യകതയെയാണ്. ഇത്തരം കേഡർമാരെ, വിപ്ലവകരമായ പരിവർത്തനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലെ പ്രത്യയശാസ്ത്ര വ്യക്തതയുടെയും ത്യാഗത്തിന്റെയും പ്രതീകമാകുന്ന തരത്തിലുള്ള മുഴുവൻസമയ പാർടിപ്രവർത്തകരായി വളർത്തിക്കൊണ്ട് വരേണ്ടതും, മുഴുവൻസമയ പാർടിപ്രവർത്തകർക്ക് കൃത്യമായൊരു വേതനഘടനയും അതിന്റെ സമയനിഷ്ഠമായ വിതരണവും ഉറപ്പാക്കുകയും ചെയ്യേണ്ടതുമാണ്.

പര്യാപ്തമായ ഒരു കേഡര്‍ പടുത്തുയര്‍ത്തുന്നതിന്റെ ഭാഗമായി, ചിട്ടയോടെ പാര്‍ടി സ്കൂളുകള്‍ നടത്തേണ്ടുന്നതിന്റെയും, കേന്ദ്രീകൃതമായ ഒരു പാഠ്യപദ്ധതിയും അതിന്റെയൊപ്പം സഖാക്കള്‍ക്ക് സ്വന്തമായി പഠിച്ചു മനസ്സിലാക്കുവാനുള്ള അടിസ്ഥാന പഠനസാമഗ്രികളും തയ്യാറാക്കുന്നതിന്റെയും, പാര്‍ടി രേഖകളുടെയും പ്രസിദ്ധീകരണങ്ങളുടെയും നിലവാരവും വ്യാപ്തിയും വര്‍ധിപ്പിക്കുന്നതിന്റെയും, അവയുടെ ഘടനയും ഉള്ളടക്കവും മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതിന്റെയും ആവശ്യകത പ്ലീനം സമ്മേളനത്തില്‍ എടുത്തു പറയുകയുണ്ടായി.

സാമൂഹികമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ തീവ്രമാക്കുക

ഇന്ത്യയില്‍ വര്‍ഗസമരത്തിനെ മുന്നോട്ട് നയിക്കുന്ന "രണ്ട് പാദങ്ങള്‍" സാമ്പത്തിക ചൂഷണവും സാമൂഹികമായ അടിച്ചമര്‍ത്തലും ആണെന്ന സി.പി.ഐ. (എം)-ന്റെ ധാരണയെ അടിവരയിട്ടുകൊണ്ട് ലിംഗപരമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും, ദളിതര്‍, ആദിവാസികള്‍, ഭിന്നശേഷിക്കാര്‍, മത ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെയും ഉള്ള സമരങ്ങള്‍ പാര്‍ടി ഒറ്റക്കെട്ടായി നിന്ന് കൊണ്ട് ശക്തിപ്പെടുത്തണമെന്നും അതിനു വേണ്ടി പാര്‍ടിയുടെ സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ട ആവശ്യമുണ്ട് എന്നും പ്ലീനം സമ്മേളനം ചൂണ്ടിക്കാട്ടുകയുണ്ടായി.

വര്‍ഗീയതയെ ചെറുത്ത് തോല്പിക്കുക

വര്‍ഗീയ ശക്തികള്‍ ഇന്ന് അഴിച്ചുവിടുന്ന ആശയപരമായ കടന്നാക്രമണങ്ങളെ ചെറുക്കുന്നതിന് സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്തേണ്ട ആവശ്യകത പ്ലീനം സമ്മേളനം അടിവരയിട്ടു കൊണ്ട് പറയുകയും അതിനുവേണ്ടി സാഹിത്യകാരെയും, ശാസ്ത്രജ്ഞരെയും, ചരിത്രകാരെയും, സാംസ്കാരിക പ്രവര്‍ത്തകരെയും മറ്റ് ഗണങ്ങളിലുള്ള ബുദ്ധിജീവികളെയും അണിനിരത്തുക; ശാസ്ത്രീയാവബോധവും മതേതര മൂല്യങ്ങളും വളര്‍ത്തുവാന്‍ പ്രീ-സ്കൂള്‍, സ്കൂള്‍ തലങ്ങളില്‍ അധ്യാപകരെയും മറ്റ് സാമൂഹിക സംഘടനകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ മുന്‍കൈയ്യെടുക്കുക; ചൂഷിത വര്‍ഗങ്ങള്‍ക്കിടയിലും, ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും വര്‍ഗീയതയുടെ നുഴഞ്ഞു കയറ്റം നിയന്ത്രിക്കുന്നതിനായി പ്രത്യേകം പ്രവര്‍ത്തനനങ്ങള്‍ വികസിപ്പിക്കുക; പുരോഗമന-മതേതര മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായിട്ട് വിശാലമായ സാംസ്കാരികവേദികള്‍ സജ്ജമാക്കുക; മുതലായ നടപടികള്‍ സ്വീകരിക്കണമെന്നും തീരുമാനമുണ്ടായി.

വര്‍ഗീയ ശക്തികള്‍ ഇന്ന് അഴിച്ചുവിടുന്ന ആശയപരമായ കടന്നാക്രമണങ്ങളെ ചെറുക്കുന്നതിന് സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്തേണ്ട ആവശ്യകത പ്ലീനം സമ്മേളനം അടിവരയിട്ടു കൊണ്ട് പറയുകയും അതിനുവേണ്ടി സാഹിത്യകാരെയും, ശാസ്ത്രജ്ഞരെയും, ചരിത്രകാരെയും, സാംസ്കാരിക പ്രവര്‍ത്തകരെയും മറ്റ് ഗണങ്ങളിലുള്ള ബുദ്ധിജീവികളെയും അണിനിരത്തുക; ശാസ്ത്രീയാവബോധവും മതേതര മൂല്യങ്ങളും വളര്‍ത്തുവാന്‍ പ്രീ-സ്കൂള്‍, സ്കൂള്‍ തലങ്ങളില്‍ അധ്യാപകരെയും മറ്റ് സാമൂഹിക സംഘടനകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ മുന്‍കൈയ്യെടുക്കുക; ചൂഷിത വര്‍ഗങ്ങള്‍ക്കിടയിലും, ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും വര്‍ഗീയതയുടെ നുഴഞ്ഞു കയറ്റം നിയന്ത്രിക്കുന്നതിനായി പ്രത്യേകം പ്രവര്‍ത്തനനങ്ങള്‍ വികസിപ്പിക്കുക; പുരോഗമന-മതേതര മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായിട്ട് വിശാലമായ സാംസ്കാരികവേദികള്‍ സജ്ജമാക്കുക; മുതലായ നടപടികള്‍ സ്വീകരിക്കണമെന്നും തീരുമാനമുണ്ടായി. ട്രേഡ് യൂണിയനുകളും മറ്റ് ബഹുജന സംഘടനകളും തങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളില്‍ സാംസ്കാരികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതുണ്ട്. ഹെല്‍ത് സെന്ററുകള്‍, കോച്ചിങ്ങ് സെന്ററുകള്‍, വായനശാലകള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ മുതലായ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനൊപ്പം തന്നെ ശാസ്ത്ര-സാഹിത്യ പ്രസ്ഥാനങ്ങളും ശക്തിപ്പെടുത്തേണ്ട അടിയന്തരമായ ആവശ്യമുണ്ട്.

അടിയന്തിരമായ സര്‍വ്വപ്രധാന ദൗത്യങ്ങള്‍

അതിശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിനായി ഇന്ത്യന്‍ ജനതയുമായിട്ടുള്ള ബന്ധങ്ങള്‍ ദൃഢപ്പെടുത്തുവാനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ട് മാത്രമേ പര്യാപ്തമായ ഒരു പാര്‍ടി സംഘടനാ സംവിധാനം പടുത്തുയര്‍ത്തുവാന്‍ സി.പി.ഐ. (എം)-ന് സാധ്യമാവുകയുള്ളൂ. പാര്‍ടിയുടെ ബഹുജനനയം നടപ്പിലാക്കുകയും അത് വഴി ജനങ്ങളുമായുള്ള സജീവബന്ധം ആഴത്തില്‍ ഉറപ്പിക്കുകയുമാണ് പ്രാഥമികമായി ഇതിനായി ചെയ്യേണ്ടത്. പ്രാദേശിക പാര്‍ടി ഘടകങ്ങളെ പ്രക്ഷോഭങ്ങള്‍ തുടങ്ങുവാനായി ശക്തിപ്പെടുത്തുക എന്നതിലുപരിയായി ജനാധിപത്യ വിപ്ലവത്തിന്റെ അച്ചുതണ്ടായ കാര്‍ഷിക വിപ്ലവം മുന്നോട്ട് കൊണ്ടു പോകുവാന്‍ ശ്രമിക്കുകയും, ഗ്രാമീണ ചൂഷിത ജനവിഭാഗങ്ങളുടെ സമരങ്ങളില്‍ അവരെയെല്ലാം ഒരുമിപ്പിച്ചു കൊണ്ട് ഒരു തൊഴിലാളി-കര്‍ഷക സഖ്യത്തിനായുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം.

സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയും വര്‍ഗ-ബഹുജന പ്രക്ഷോഭങ്ങള്‍ കെട്ടിപ്പടുത്ത് കൊണ്ട് പാര്‍ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുവാനും അങ്ങനെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സജ്ജമാക്കുക എന്നതും ആയിരിക്കണം ഏറ്റവും ആദ്യത്തെ ലക്ഷ്യം. ബഹുജനനയം സ്വീകരിച്ചു കൊണ്ട് ജനങ്ങളുമായി സജീവമായ ബന്ധം പുലര്‍ത്തണം. സംഘടനാ സംവിധാനം തേച്ചു മിനുക്കി നിലവാരമുള്ള അംഗങ്ങള്‍ ഉള്ള ഒരു വിപ്ലവ പാര്‍ടി പടുത്തുയര്‍ത്തണം. യുവജനങ്ങളെ പാര്‍ടിയിലേക്ക് ആകര്‍ഷിക്കുവാന്‍ പ്രത്യേകമായ ഉദ്യമങ്ങള്‍ തുടങ്ങണം. വര്‍ഗീയതയ്ക്കും, നവലിബറലിസത്തിനും മറ്റ് പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കുമെതിരെ പ്രത്യയശാസ്ത്ര സമരങ്ങള്‍ തുടങ്ങണം.

പ്ലീനം രേഖകളായ പ്രമേയത്തിലും റിപ്പോര്‍ട്ടിലുമായി ഉള്‍ക്കൊള്ളിച്ച നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്നും, അത് പാര്‍ടിയുടെ പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും മുതല്‍ തുടങ്ങണമെന്നും പ്ലീനം സമ്മേളനത്തില്‍ തീരുമാനിക്കപ്പെട്ടു. ചില സംസ്ഥാനങ്ങള്‍ ഉടനെ അസംബ്ലി തെരെഞ്ഞെടുപ്പിനെ അഭിമുഖകരിക്കുന്നതിനാല്‍, എല്ലാ സംസ്ഥാന കമ്മിറ്റികളും അടുത്ത ഒരു വര്‍ഷത്തിനിടയില്‍ തങ്ങളുടെ മൂര്‍ത്ത സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സമയബന്ധിതവും മൂര്‍ത്തവുമായ പദ്ധതികളിലൂടെ തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്നും ഇക്കാലയളവില്‍ തന്നെ അത് സൂക്ഷ്മമായ അവലോകനങ്ങള്‍ക്ക് വിധേയമാക്കണമെന്നും പ്ലീനം ആവശ്യപ്പെട്ടു.

ഈ തീരുമാനങ്ങള്‍ അടിയന്തിരമായ കര്‍മ്മസന്നദ്ധതയോട് കൂടി നടപ്പിലാക്കുവാന്‍ പാര്‍ടി അംഗങ്ങളോടും, അനുഭാവികളോടും അഭ്യുദയകാംക്ഷികളോടും ആഹ്വാനം ചെയ്തുകൊണ്ടാണ് പ്ലീനം അതിന്റെ പരിസമാപ്തിയിലെത്തിയത്. അതിന്റെ ഉത്തരവാദിത്തങ്ങള്‍ നടപ്പിലാക്കുവാന്‍ വേണ്ടിയും വിപ്ലവകരമായ സാമൂഹിക മാറ്റം രാജ്യത്ത് സാധ്യമാക്കുന്നതിന് വേണ്ടിയും സി.പി.ഐ. (എം)-ന്റെ മുന്നിലുള്ള പാത ഇത് മാത്രമാണ്.

ഇന്ത്യയൊട്ടാകെ ബഹുജനാടിത്തറയുള്ള ഒരു ശക്തമായ സി.പി.ഐ.(എം) നായി മുന്നേറുക!

ബഹുജനങ്ങളെ അണിനിരത്തുന്ന ഒരു വിപ്ലവപാർടിയ്ക്ക് വേണ്ടി മുന്നേറുക!