പൊതുസ്ഥലങ്ങളിലെ ശൗചാലയം അന്വേഷിക്കുന്ന മലയാളി

കേരളത്തില്‍ മുഴുവന്‍ പബ്ലിക്ക് ടോയിലറ്റുകള്‍ നിർമിക്കുക; അതിനോടു ചേർന്ന് കുടിവെള്ളത്തിനുള്ള സൗകര്യം ഏർപ്പാടാക്കുക; ടോയിലറ്റുകള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അംഗവൈകല്യം ഉള്ളവർക്കുമൊക്കെ ഉപയോഗിക്കാന്‍ തക്ക വിധത്തില്‍ രൂപപ്പെടുത്തുക; 2013-ല്‍ കേരള സർക്കാർ ​എടുത്ത തീരുമാനം ഇങ്ങിനെ ആയിരുന്നു. 24x7 എന്ന രീതിയില്‍ അത്യാവശ്യ സൗകര്യത്തിനു ഹെല്‍പ് ഡസ്ക് കൂടി ഏർപ്പെടുത്തികൊണ്ട് തികച്ചും ജനോപകാരപ്രദമായ രീതിയില്‍ ഇവ ഒരുക്കുവാനായിരുന്നു തീരുമാനം. പരിസ്ഥിതി സൗഹൃദമായി തദ്ദേശജന്യമായ രീതിയില്‍ സൗകര്യങ്ങള്‍ ഒരുക്കുക എന്നതായിരുന്നു പദ്ധതി.

പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ പർപസ് വെഹിക്കിൾ (SPV) രൂപീകരിച്ച് കേരളത്തില്‍ എല്ലായിടത്തും ബസ് ഷെല്‍റ്റർ നിർമിക്കാന്‍ കൂടി ആ സമയത്ത് തീരുമാനം ഉണ്ടായിരുന്നു. Prateeksha Bus Shelters Kerala Ltd. (PBSKL)​, Ashwas Public Amenities Kerala Limited (APAKL) എന്നിവയെ നോഡല്‍ ഏജന്‍സി ആക്കി കൊണ്ട് ടോയിലെറ്റ്‌ നിർമാണം, വികസനം, പരിപാലനം ഇതായിരുന്നു പൊതുവില്‍ ഉണ്ടായിരുന്ന ആശയം. കമ്പനിയുടെ 26% സർക്കാരിന്റെ ഉടമസ്ഥതയിലായിരിക്കും എന്നാണ് വിഭാവനം ചെയ്തത്. അഞ്ച് ലക്ഷം രൂപ കമ്പനിയുടെ മൂലധനമായി മുതൽ മുടക്കിയാണ് തിരുവനന്തപുരം ആസ്ഥാനമായി ഓഫീസ് തുടങ്ങിയത്. ഇതിന്റെ ഡയറക്ടർമാരായി ആയി അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹീം കുഞ്ഞ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ധനകാര്യ വകുപ്പ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തർ, Chief Executive Officer of the KRFB ഹരികേഷ് പി.സി. എന്നിവരെയും തീരുമാനിച്ചു.

മാർച്ചു മാസം സോഷ്യല്‍ മീഡിയ വഴി ചിലർ കേരളത്തിലെ ടോയിലറ്റ് ഉപയോഗത്തെ കുറിച്ച് ഉയർത്തി വിട്ട ചർച്ചകളില്‍ കാര്യമായ പ്രതികരണമാണ് നാടിന്‍റെ നാനാഭാഗത്ത്‌ നിന്നും ഉണ്ടായത്, അന്നത്തെ സർക്കാർ ഈ വിഷയത്തെ കണ്ടില്ല എന്ന് മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭരണകക്ഷിപ്രമുഖർ വരെ ഈ വിഷയത്തെ കണ്ടില്ല എന്ന് നടിച്ചു. പക്ഷെ അന്നത്തെ പ്രതിപക്ഷം കൃത്യമായി വിഷയത്തെ ഏറ്റെടുത്തു.

ഇതിനു ശേഷം കഥ എന്തായി എന്ന് ആർക്കും അറിയില്ല! ഫയലില്‍ ഉറങ്ങുകയാണെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഇതൊന്നു പൊടി തട്ടി എടുക്കാന്‍ ശ്രമിക്കുമോ?

മാർച്ചു മാസം സോഷ്യല്‍ മീഡിയ വഴി ചിലർ കേരളത്തിലെ ടോയിലറ്റ് ഉപയോഗത്തെ കുറിച്ച് ഉയർത്തി വിട്ട ചർച്ചകളില്‍ കാര്യമായ പ്രതികരണമാണ് നാടിന്‍റെ നാനാഭാഗത്ത്‌ നിന്നും ഉണ്ടായത്, അന്നത്തെ സർക്കാർ ഈ വിഷയത്തെ കണ്ടില്ല എന്ന് മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭരണകക്ഷിപ്രമുഖർ വരെ ഈ വിഷയത്തെ കണ്ടില്ല എന്ന് നടിച്ചു. പക്ഷെ അന്നത്തെ പ്രതിപക്ഷം കൃത്യമായി വിഷയത്തെ ഏറ്റെടുത്തു, പിണറായി വിജയന്‍, തോമസ്‌ ഐസൿ, എം.ബി. രാജേഷ് എന്നിവർ വിഷയങ്ങളില്‍ കൃത്യമായ നിലപാട് സ്വീകരിക്കുകയും ചെയ്തു.

ഭരണം മാറി. അന്നത്തെ പ്രതിപക്ഷം ഇന്നത്തെ ഭരണപക്ഷമായി. അന്ന് ഈ വിഷയത്തില്‍ ക്രിയാത്മക നിർദേശങ്ങള്‍ നൽകിയ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി. തോമസ് ഐസക്ക് ധനമന്ത്രിയും. സ്ത്രീകള്‍ക്കായി ഈ സർക്കാർ പ്രത്യേക വകുപ്പ് രൂപീകരിച്ചു. രണ്ടുസ്ത്രീകളെ സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരാക്കി. കഴിഞ്ഞ ഒരു മാസം കൊണ്ടുതന്നെ സർക്കാർ ജനകീയ തീരുമാനങ്ങള്‍ എടുത്തു തുടങ്ങി. അതു കണ്ട സാമൂഹിക മാധ്യമങ്ങള്‍ തങ്ങൾക്ക് മൂത്രമൊഴിക്കാന്‍ പൊതു സ്ഥലത്ത് സൗകര്യം വേണം എന്നുള്ള പഴയ ആ മുദ്രാവാക്യവുമായി ഇറങ്ങിത്തുടങ്ങി.

വിദ്യാലയങ്ങളില്‍ കോളേജുകളില്‍ എന്നു വേണ്ട, പൊതുജനം ഇടപെടുന്ന സർവത്ര മേഖലയിലും മൂത്രം ഒഴിക്കല്‍ എന്നത് ഒരു സാഹസമാണ്. പുരുഷന്മാർ എവിടേലും ഒരു മറവു കണ്ടാല്‍ കാര്യം സാധിച്ചു എന്ന് വരാം. പ്രശ്നം അനുഭവിക്കുന്നത് സ്ത്രീകളാണ്. ഇവിടെ ദുരിതം അനുഭവിക്കുന്നവർ സ്ത്രീകൾ മാത്രമല്ല. ധാരാളം ടൂറിസ്റ്റുകള്‍ വന്നു പോകുന്ന ഒരു സംസ്ഥാനമാണ് കേരളം. ടൂറിസം സാധ്യതകള്‍ കൂടുതല്‍ ഉള്ള മേഖലകളില്‍ പോലും അതിദയനീയ കാഴ്ചകള്‍ ആണ് നാം കാണുന്നത്.

ഇപ്പോള്‍ തന്നെ മിക്ക ബസ് സ്റ്റേഷന്‍ പരിധിയിലും ശൗചാലയങ്ങള്‍ കാണാം. അതിന്‍റെ ഒക്കെ ദയനീയ മുഖം നേരിട്ട് കണ്ടു ബോധ്യപ്പെടണം. അത്രയ്ക്കും വൃത്തിഹീനമായ ചുറ്റുപാടിലാണ് അവയൊക്കെ പ്രവർത്തിക്കുന്നത്, വൃത്തിയുള്ള, മാന്യമായ രീതിയില്‍ ശൗചാലയങ്ങള്‍ ഉണ്ടാക്കാനും സംരക്ഷിക്കാനും കഴിയണം.

സർക്കാരിന്റെ പണിയാണോ മൂത്രപ്പുര ഉണ്ടാക്കല്‍ എന്നാണു ചോദ്യം എങ്കില്‍, “അതെ” എന്നു തന്നെ ഉത്തരം പറയേണ്ടി വരും. ജനത്തിന്‍റെ ജീവനും സ്വത്തിനും സുരക്ഷ കൊടുക്കുന്നതു പോലെ തന്നെ പ്രധാനമാണ് പൊതു ഇടങ്ങളില്‍ ​ശൗചാലയങ്ങള്‍ വേണം എന്നുള്ളതും. അതൊരു മനുഷ്യാവകാശവിഷയമാണ് എന്ന് കരുതുന്നു. നഗരസഭകളും, പഞ്ചായത്തുകളും നേരിട്ട് ഇടപെട്ട് നടപ്പിലാക്കേണ്ട പദ്ധതികള്‍ ആണിത് എന്നതില്‍ സംശയമില്ല. ഒരു പക്ഷെ അതിനു ഫണ്ടില്ല എന്ന് പറഞ്ഞേക്കും. ഫണ്ട് കണ്ടെത്താന്‍ അനേകം വഴികള്‍ ഇന്ന് നാട്ടിലുണ്ട്, ഇതൊരു സൗജന്യ സർവീസ് ആവണം എന്ന് ആരും പറയുമെന്ന് തോന്നുന്നുമില്ല. ഇപ്പോള്‍ തന്നെ മിക്ക ബസ് സ്റ്റേഷന്‍ പരിധിയിലും ശൗചാലയങ്ങള്‍ കാണാം. അതിന്‍റെ ഒക്കെ ദയനീയ മുഖം നേരിട്ട് കണ്ടു ബോധ്യപ്പെടണം. അത്രയ്ക്കും വൃത്തിഹീനമായ ചുറ്റുപാടിലാണ് അവയൊക്കെ പ്രവർത്തിക്കുന്നത്, വൃത്തിയുള്ള, മാന്യമായ രീതിയില്‍ ശൗചാലയങ്ങള്‍ ഉണ്ടാക്കാനും സംരക്ഷിക്കാനും കഴിയണം. അതിനു വേണ്ടുന്ന രീതിയില്‍ ചെറിയ ഒരു തുക ഉപഭോക്താവിൽ നിന്ന് ഈടാക്കാവുന്നതാണ്.

വർധിച്ചു വരുന്ന കച്ചവട താൽപര്യങ്ങളുടെ ഫലമായി പൊതു ഇടങ്ങളെല്ലാം സ്വകാര്യവൽക്കരിക്കാനും അരാഷ്ട്രീയവൽക്കരിക്കാനും നടക്കുന്ന നീക്കങ്ങൾ പ്രധാനമായും ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും ആണ്. അർഹമായ ആവശ്യങ്ങൾ അംഗീകരിച്ചും സ്ത്രീസുരക്ഷ ഉറപ്പുവരുത്തിയുമുള്ള സമീപനത്തിലൂടെ മാത്രമേ സന്തുലിതമായ അവസ്ഥ സാദ്ധ്യമാവുകയുള്ളൂ. അതിനു ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ജെന്റർ ഓഡിറ്റിങ്ങും ജെന്റർ ബജറ്റിങ്ങും സ്ഥാപിക്കപ്പെടണം. ഇത്തരം മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാവണമെങ്കില്‍ ഒരു മനുഷ്യന് മലമൂത്ര വിസർജനം ചെയ്യാനുള്ള സൗകര്യം എന്നുള്ള അടിസ്ഥാനപരമയ അവകാശം സ്ഥാപിക്കപ്പെടണം.

പൊതു ഇടങ്ങള്‍ സ്ത്രീ സൗഹൃദപരവും സന്തുലിതവും ആക്കാനുള്ള ശ്രമം ഉണ്ടാവണം എന്നത് സി.പി.ഐ(എം) നടത്തിയ നാലാമത് അന്താരാഷ്‌ട്ര പഠന കോൺഗ്രസ്സിനോടനുബന്ധിച്ചു നടന്ന ചർച്ചയിലുയർന്നു വന്ന വിഷയമാണ്. അതുകൊണ്ടു തന്നെ പൊതുജന അടിസ്ഥാനപരമായ ഇത്തരം വിഷയങ്ങളില്‍ ഇടതുപക്ഷ സർക്കാരില്‍ നിന്നും ജനം ചിലത് പ്രതീക്ഷിക്കുന്നു.