വിധി എഴുതാം ഭാവി കേരളത്തിനായ്!

അഞ്ചു വർഷത്തെ അഴിമതി ഭരണത്തിൽ നിന്നും മോചനം എന്നതിലുപരി ഭാവി കേരളത്തെ നിശ്ചയിക്കുന്ന വിധി എഴുത്താണ് മെയ് 16 നു നടക്കാൻ പോകുന്നത്. നവോത്ഥാന മുന്നേറ്റങ്ങളുടെയും ഇടതുപക്ഷ സോഷ്യലിസ്റ്റ്‌ ചിന്തകളുടെയും തണലിൽ കെട്ടിപ്പടുത്ത മതനിരപേക്ഷ സാമൂഹിക കാഴ്ച്ചപ്പാടുകൾ തകരാതെയിരിക്കുവാനുള്ള വിധി നിർണയിക്കുകയെന്ന ചരിത്രനിയോഗം കൂടിയാണിത്. ഗുജറാത്ത് കത്തിയപ്പൊഴും കന്ധമാലിലും മുസഫര്‍ നഗറിലും രക്തം വീണപ്പോഴും നാം പരസ്പരം വെട്ടാതെയിരുന്നത്‌ നമ്മളുയര്‍ത്തി പിടിച്ച മൂല്യങ്ങളുടെ ബലത്തിലാണ്. നമ്മളാരും ജാതിയും മതവും നോക്കി കൂട്ടുകൂടിയവരല്ല. ഉത്സവവും പള്ളിപെരുന്നാളും ചന്ദനകുടവും നമ്മൾ ഒന്നിച്ചാണ് ആഘോഷിച്ചത്. ഓണവും വിഷുവും ബലിപെരുന്നാളും ഒന്നിച്ചാണുണ്ടത്. മുഖ്യധാര ഇടതുപക്ഷ പാര്‍ട്ടികള്‍ക്കപ്പുറം വളർന്ന ഇടതുപക്ഷ ബോധത്തിന്റെ സ്വാധീനതിലാണ് നാം ജീവിച്ചത്. നമ്മുടെ സാംസ്കാരിക സാമൂഹിക മണ്ഡലം വളർന്നത്. ആ നന്മകള്‍ ഇല്ലാതെയാവുന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ മാറാതെ ഇരിക്കുവാനുള്ള മുൻകരുതൽ എടുക്കുകയെന്ന മഹത്തായ ചുമതല കൂടി ഈ ജനവിധി നമ്മളിൽ അര്‍പ്പിക്കുന്നു.

നമ്മുടെ സാമൂഹിക സാംസ്കാരിക മുന്നേറ്റത്തിൽ ഇടതുപക്ഷത്തിന്റെ പങ്കെന്തായിരുന്നുവെന്ന് ചരിത്രത്താളുകള്‍ മറിച്ചു നോക്കിയാൽ കാണാം. 1957ല്‍ ഒരു കമ്യുണിസ്റ്റ് സര്‍ക്കാർ ബാലറ്റിലൂടെ അധികാരത്തിലെത്തി, സഖാവ് EMSന്റെ നേതൃത്വത്തിൽ ആ സര്‍ക്കാർ വെട്ടിയ വഴിയിലാണ് കേരള സമൂഹം പിന്നെ സഞ്ചരിച്ചത്‌, കേരളീയ സമൂഹം അടി മുടി മാറിയത്, മധ്യവർഗം ഉയർന്നു വന്നത്, ജന്മിത്തം നിലംപറ്റിയത്.

ഒരു ജനതയുടെ ചിന്താധാരയെയും അവരുടെ സാമൂഹിക സമീപനതെയും സ്വാധീനിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്നു അവർ സ്വായത്തമാക്കിയ അറിവും വായിച്ച സാഹിത്യവും തന്നെയാണ്. ശരാശരി മലയാളിയിലേയ്ക്ക് അറിവും അക്ഷരവും വന്നെത്തിയത് എങ്ങനെയാണെന്ന് ചോദിച്ചാൽ നിസംശയം പറയാം, ആദ്യ ഇടതുക്ഷ സര്‍ക്കാരിന്റെ ഭൂപരിഷ്കരണത്തിലൂടെ സമൂഹത്തിലുണ്ടായ മാറ്റവും തുടർന്ന് മുണ്ടശ്ശേരി മാസ്ടറുടെ വിദ്യാഭ്യാസ ബില്ലും അതുവഴിയുണ്ടായ വിദ്യാഭ്യാസ സാര്‍വത്രികവത്കരണവും മൂലമാണെന്ന്. 1989ല്‍ ഇടതുപക്ഷ സര്‍ക്കാർ നടപ്പിലാക്കിയ ഗ്രന്ഥശാലാ ബില്ലും പുറകേ വന്ന സമ്പൂർണ സാക്ഷരത യജ്ഞവും മലയാളിയുടെ ജീവിതത്തിലും ചിന്തയിലും പ്രവർത്തിയിലും ഉണ്ടാക്കിയ കുതിച്ചു ചാട്ടം വിസ്മരിക്കാൻ സാധിക്കില്ല. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിനും ത്രിതല ലൈബ്രറി ഭരണ സംവിധാനത്തിനും കീഴില്‍ ഇന്ത്യയില്‍ മറ്റെങ്ങും കാണാത്ത വിധം ലൈബ്രറികൾ നമ്മുടെ നാട്ടിൻ പുറങ്ങളിൽ സാധാരണമായി. 1991ല്‍ അക്ഷര കേരളം പദ്ധതിയിലൂടെ കേരളം സമ്പൂർണ സാക്ഷരതയും കൈവരിച്ചു. അങ്ങനെ നാം സംപുഷ്ട്ടമാക്കിയ അറിവിന്റെ കലവറകളിലേയ്ക്ക് സംഘപരിവാരം അക്രമം അഴിച്ചു വിടുന്നൊരു കാലത്താണ് ഈ ജനവിധി നടക്കുന്നത്. തിരൂര് എ.കെ.ജി വായനശാല ആര്‍.എസ്.എസ്സുകാര്‍ അഗ്നിക്കിരയാക്കിയതും വായനശാലയ്ക്ക് വേണ്ടി സാമൂഹ്യമാധ്യമങ്ങള്‍ വഴി ഇടതുപക്ഷ പ്രവർത്തകർ നടത്തിയ പുസ്തക സമാഹരണവും യാഥാർത്ഥ്യങ്ങളായ് നമുക്ക് മുന്നിൽ നിൽക്കുന്നു. സംസ്ഥാനം ഭരിക്കുന്ന മുന്നണിയിലെ പാര്‍ട്ടികള്‍ക്കും അക്ഷരങ്ങളോടുള്ള സമീപനം മറിച്ചല്ല. പാഠപുസ്തകം കത്തിക്കുന്ന പാരമ്പര്യം ഉള്ളവർ ആക്കൂട്ടത്തിലുമുണ്ട്.

പാർശ്വവത്കരിക്കപെട്ട ജനതയ്ക്ക് നേരിടണ്ടി വരുന്ന ദുരിതങ്ങൾ, ആദിവാസികളും ദളിതരും ഉൾപടെയുള്ളവരുടെ സമൂഹിക ചുറ്റുപാടുകൾ, ഭിന്നലിംഗകാർക്കുള്ള നിയമഭേദഗതികൾ ഇവയെല്ലാം ചർച്ച ചെയ്യപ്പെടണം. സ്ത്രീ സുരക്ഷക്കായുള്ള നിർഭയ പദ്ധതി നന്നായി നടപ്പിലാകാൻ സാധിക്കാത്തൊരു സർക്കാരാണ് സംസ്ഥാനത്തുള്ളതെന്നു മനസിലാക്കണം. പോലീസിന്റെ ഭാഗത്തെ അനാസ്ഥ എത്രമാത്രം ഉണ്ടായെന്നു ചിന്തിക്കണം.

ജനവിധി തേടി മൂന്നാംകക്ഷിയായി ബി.ജെ.പിയും സഖ്യവും വരുമ്പോള്‍ അത് ചര്‍ച്ച ചെയ്യാതെയിരിക്കാന്‍ തരമില്ല, പ്രത്യേകിച്ചും മൃഗീയ ഭൂരിപക്ഷത്തിൽ ബി.ജെ.പി രാജ്യം ഭരിക്കുന്ന ഘട്ടത്തിൽ. ഇടതും വലതും മാറി ഭരിച്ചിട്ടും മാറ്റമില്ല, ഞങ്ങൾക്കവസരം തരൂ എന്ന് പറഞ്ഞു ബി.ജെ.പി കളത്തിലിറങ്ങുമ്പോൾ ഓര്‍ക്കേണ്ടത് 2014ലെ ലോകസഭ തിരഞ്ഞെടുപ്പാണ്. ഇതാ വരുന്നു പുതിയ ഇന്ത്യ എന്ന തരത്തിൽ പ്രചാരണം അഴിച്ചു വിട്ടു, മോദിയെ അധികാരത്തിലേറ്റിയവർ എന്ത് മാറ്റമാണ് വരുത്തിയതെന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഭക്ഷണം മുതൽ വിദ്യാഭ്യാസം വരെ സകല മേഖലകളിലും കാവി ഫാസിസം കടന്നു കയറുന്നു. കാലികളെ വളർത്തി കുടുംബം പുലർത്തുന്നവനെ കൊന്നു കെട്ടിത്തൂകും തരത്തിൽ കാവി ഭീകരത അതിന്റെ താണ്ഡവം തുടങ്ങിയിരിക്കുന്നു. രാജ്യത്തെ സർവകലാശാലകൾ കയ്യേറുന്നു, കള്ളപ്പണക്കാർ നാട് വിടുന്നു, വിലവർദ്ധനവ് തുടരുന്നു, ഒരു മതേതര ജനാധിപത്യ രാഷ്ട്രത്തിൽ നടക്കാവുന്ന തോന്ന്യവാസങ്ങളുടെ പരിധികൾ ലംഘിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

മനുഷ്യ വിരുദ്ധതയ്ക്ക് കുട പിടിക്കുന്ന, സമ്പന്നനു വേണ്ടത് ചെയ്തു കൊടുക്കുന്ന, ചാതുർവർണ്യത്തെ നെഞ്ചിലേറ്റുന്ന ബി.ജെ.പിക്ക് ഒരു MLA പോലും ഇല്ലാത്ത സംസ്ഥാനമായി ഇന്നും കേരളം നിലനില്ക്കുന്നു. അതിനാൽ ഇവിടെ ഏതുവിധേനയും ചുവടുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് വലിയ നേട്ടമുണ്ടാവില്ല എന്നറിഞ്ഞിട്ടും അവർ കാട്ടികൂട്ടുന്ന പരാക്രമങ്ങൾ. അഴിമതിയിൽ മുങ്ങി നിൽക്കുന്ന സംസ്ഥാന സർക്കാരാവട്ടെ അതിനു കൂട്ട് നില്ക്കുകയും ചെയ്യുന്നു. കാവി ഫാസിസത്തിനെതിരെ രാജ്യത്ത് വലിയ സമരങ്ങള നടന്നപ്പൊഴൊന്നും ഒരു പത്രസമ്മേളനത്തിൽ പോലും ഫാസിസത്തിനെതിരെ ഉരിയാടാത്ത മുഖ്യമന്ത്രി ആണ് നമുക്കുള്ളത്. അഗസ്താ വെസ്റ്റ്ലാന്റ് അഴിമതിയിൽ മോദി സോണിയ ഗാന്ധിയെ കടന്നാക്രമിച്ചപ്പോൾ മാത്രമാണ് കോണ്ഗ്രസ്കാർക്ക് പ്രതികരണ ശേഷി കൈവന്നത്. അല്ലാത്ത പക്ഷം ഹിന്ദുത്വയോട് മൃദുസമീപനമാണ് കേരളത്തിലെ കോൺഗ്രസ് സ്വീകരിച്ചു പോരുന്നത്. കേരളത്തിൽ അക്കൗണ്ട്‌ തുറക്കാനുള്ള പരാക്രമങ്ങൾ ഏറ്റവും ഒടുവിലായി വസ്തുതാ വിരുദ്ധമായ പ്രസ്താവന നടത്തുന്ന രാഷ്ട്രീയ പാപ്പരത്വത്തിലെത്തി നിൽക്കുന്നു. സംവരണം ഉൾപടെയുള്ള വിഷയങ്ങളിൽ ബി.ജെ.പിയും സംഘപരിവാരും സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് ചർച്ച ചെയ്യാൻ തയ്യാറാവാതെ നായാടി മുതൽ നമ്പൂതിരിയെന്നു മുദ്രാവാക്യം ഉയർത്തി ജാതി സംഘടനകളും ബി.ജെ.പി ക്യാമ്പിൽ എത്തിയിരിക്കുന്നു. വർണ വെറിയുള്ള പരാമർശങ്ങൾ പോലും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്.

ജിഷയുടെ ദാരുണ കൊലപാതകം മനസാക്ഷിയെ പിടിച്ചുലക്കുന്ന ഈ നാളുകളിൽ, അതു ഉയർത്തുന്ന ചോദ്യങ്ങൾക്ക് ആര് പരിഹാരം കാണും എന്ന ജീവൽ പ്രശ്നവും ജനവിധിയെ സ്വാധീനിക്കുമെന്നത് തീർച്ച. പാർശ്വവത്കരിക്കപെട്ട ജനതയ്ക്ക് നേരിടണ്ടി വരുന്ന ദുരിതങ്ങൾ, ആദിവാസികളും ദളിതരും ഉൾപടെയുള്ളവരുടെ സമൂഹിക ചുറ്റുപാടുകൾ, ഭിന്നലിംഗകാർക്കുള്ള നിയമഭേദഗതികൾ ഇവയെല്ലാം ചർച്ച ചെയ്യപ്പെടണം. സ്ത്രീ സുരക്ഷക്കായുള്ള നിർഭയ പദ്ധതി നന്നായി നടപ്പിലാകാൻ സാധിക്കാത്തൊരു സർക്കാരാണ് സംസ്ഥാനത്തുള്ളതെന്നു മനസിലാക്കണം. പോലീസിന്റെ ഭാഗത്തെ അനാസ്ഥ എത്രമാത്രം ഉണ്ടായെന്നു ചിന്തിക്കണം.

xdfdfd
കുറ്റ്യാടിയിലെ എൽ‌ഡി‌എഫ് സ്ഥാനാർത്ഥി കെ.കെ.ലതികയുടെ പ്രചാരണത്തിൽ നിന്ന്. കടപ്പാട്: Vijay Prashad

പുതുതലമുറ എങ്ങനെയാണ് ഇതിനോടൊക്കെ പ്രതികരിക്കുന്നതെന്നത് വളരെ പ്രസക്തമാണീ തിരഞ്ഞെടുപ്പിൽ. 70കളിലും 80കളിലും വസന്തതിന്റെ ഇടിമുഴക്കം സൃഷ്ട്ടിച്ച യുവത്വം പിന്നെ കുറേക്കാലം, എല്ലാം കണക്കാണെന്ന ഉഴപ്പൻ സമീപനം സ്വീകരിച്ച് പോന്നു. തുടർന്നു അരാഷ്ട്രീയതയും യുവത്വത്തെ പിടികൂടി, എന്നാൽ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്ത് യുവത്വം വീണ്ടും ചിന്തയുടെയും രാഷ്ട്രീയത്തിന്റെയും പാതയിലേയ്ക്കെത്തിയിരിക്കുന്നു. ആരാണ് ശരി ആരാണ് തെറ്റെന്ന് അവർക്കിന്നറിയാം, എല്ലാം കണക്കല്ലായെന്നറിയാം. അതൊക്കെ കൊണ്ട് തന്നെയാണ് വസ്തുതാ വിരുദ്ധമായ പ്രസ്താവനകളെ അവർ തിരിച്ചറിയുന്നതും.

ഈ അന്തരീക്ഷത്തിലേയ്ക്കാണ് ഇടതുപക്ഷം വിണ്ടും വോട്ടഭ്യർത്ഥിച്ചു കടന്നുവരുന്നത്. സാമൂഹിക അസമത്വങ്ങൾ കുറയ്ക്കാൻ കഴിഞ്ഞ കാലങ്ങളിൽ ഇടതുപക്ഷ സർക്കാരുകൾ ചെയ്തു പോന്നതിന്റെ തുടർച്ച ഇത്തവണ അധികാരത്തിൽ എത്തിയാൽ ഉണ്ടാവുമെന്ന് ഇടതുപക്ഷം പ്രകടനപത്രികയിൽ പറയുന്നു. ഭൂരഹിതർക്കെല്ലാം കിടപ്പാടമെങ്കിലും ലഭ്യമാക്കാൻ ഇഎംഎസ് ഭവന പദ്ധതിയും എം. എൻ. ലക്ഷം വീട് പദ്ധതിയും പുനരുജ്ജീവിപ്പിക്കും എന്നതു തന്നെയാണ് അതിൽ സുപ്രധാനം. പട്ടികജാതി ഊരുകൂട്ടങ്ങൾക്ക് പദ്ധതിയാസൂത്രണത്തിൽ പൂർണാധികാരവും, സ്ത്രീകള്ക്ക് പ്രത്യേക വകുപ്പ് രൂപീകരണവും പ്രസക്തമാണ്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ ട്രാൻസ്ജെണ്ടറിനു പ്രത്യേഗ പരിഗണന നൽകുന്ന ട്രാൻസ്ജണ്ടർ പോളിസി നടപ്പിലാക്കും എന്ന് പ്രകടന പത്രിക പറയുന്നു. ബജറ്റിൽ ഫണ്ട് വകയിരുത്തി കണ്ണൂർ ജില്ലാ പഞ്ചായത്ത് നേരത്തെ തന്നെ ഈ വിഷയത്തിലെ ഇടതുപക്ഷ നിലപാട് വ്യക്തമാക്കിയിരുന്നു. പ്രകടന പത്രികയ്ക്ക് പുറമേ ഇടതുപക്ഷം അടുത്തകാലങ്ങളിൽ നടത്തിപോരുന്ന സാമൂഹിക ഇടപെടലുകളും ശ്രദ്ധേയമാണ്. മാലിന്യ ശുചീകരണവും, വിഷമുക്ത പച്ചക്കറികൃഷിയും അഴിമതി വിരുദ്ധ സമരങ്ങളും വർഗീയതേയ്ക്കെതിരെയുള്ള ചെറുത്തു നിൽപ്പുമെല്ലാം ഉദാഹരണങ്ങളാണ്. ഇടതുപക്ഷം വരും എല്ലാം ശരിയാകും എന്ന പ്രയോഗം ചിലർക്കെങ്കിലും അതിശയോക്തി ആയി തോന്നുമെങ്കിലും, പാർശ്വ വത്കരിക്കപ്പെട്ടവന്, പൊതുവിതരണ സംവിധാനം ഉപയോഗിക്കുന്നവന് അഴിമതി ഭരണത്തിൽ പൊറുതിമുട്ടിയ ജനതയ്ക്ക്, നല്ലൊരു നാളെ സ്വപ്നം കാണുന്നവര്ക്ക് അതൊരു പ്രതീക്ഷയും ആശ്വാസവുമാവുകയാണ്‌. മെയ് 16 അത്തരത്തിൽ ഭാവി കേരളത്തിനായുള്ള വിധിയെഴുത്താവട്ടെ !