ജയിലറകള്‍ ആളിക്കത്തിച്ച വിചാര വിപ്ലവം

അന്റോണിയോ ഗ്രാംഷി എന്ന സാര്‍ദീനിയന്‍ വിപ്ലവകാരി മരിച്ചിട്ട് പത്തു കൊല്ലങ്ങള്‍ക്ക് ശേഷം, 1947-ലാണ് അദ്ദേഹത്തിന്റെ ‘ജയിലില്‍ നിന്നുള്ള കത്തുകള്‍’ ഒരു സമാഹാരമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. ഭരണകൂടം/പൗരസമൂഹം, സാംസ്കാരിക അധീശത്വം, ജൈവബുദ്ധിജീവി/പാരമ്പര്യബുദ്ധിജീവി എന്നിങ്ങനെ, വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശകമായ നൂതന പരികല്പനകള്‍ പരിചയപ്പെടുത്തുന്ന, ‘ജയില്‍ നോട്ടുപുസ്തകങ്ങള്‍’ (Prison Notebooks) എന്ന ബൃഹദ് പദ്ധതിയുടെ ഉല്‍പ്പത്തിയും വികസനവും മിഴിവോടെ വരച്ചിടുന്നവയാണ് ഈ കത്തുകള്‍. അതിലുപരിയായി ഗ്രാംഷി എന്ന മനുഷ്യസ്നേഹിയുടെ വികാര പ്രപഞ്ചത്തിലേക്കും ജയില്‍ വാസത്തിന്റെ ഭീകരതയിലേക്കും തുറന്നു വെച്ച കണ്ണാടി കൂടിയാണവ.

പ്രതികൂല സാഹചര്യങ്ങളിലെ പഠനവും ചിന്തയും

1926 നവംബര്‍ മാസത്തില്‍ മുസ്സോളിനി ഭരണകൂടം കൈയാമം വെയ്ക്കുന്ന സമയത്ത്, ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പത്രത്തിന്റെ എഡിറ്റോറിയല്‍ ജീവനക്കാര്‍ക്കെഴുതിയ ഒരു കുറിപ്പ് അദ്ദേഹത്തിന്റെ പക്കല്‍ നിന്നും കണ്ടെത്തി - കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍, കഠിനവും പ്രതികൂലവുമായ സാഹചര്യങ്ങളില്‍ പോലും പഠനവും ചിന്തയും തുടര്‍ന്നുകൊണ്ടുപോകാന്‍ പരിചയിക്കണം എന്നതായിരുന്നു ആ കുറിപ്പിന്റെ സാരം. ജയില്‍ ജീവിതം തന്റെ ബൗദ്ധിക വ്യാപാരങ്ങള്‍ക്കു വിഘാതമാകുമോ എന്നായിരുന്നു ആ ധിഷണാശാലി ഭയപ്പെട്ടിരുന്നത്. എന്നിരിക്കിലും ഏതു സാഹചര്യത്തെയും നേരിടാനുള്ള മനോബലം ഗ്രാംഷി സംഭരിച്ചിരുന്നുവെന്നു ജയില്‍ വാസത്തിന്റെ ആദ്യ നാളുകളില്‍ തന്റെ അമ്മയ്ക്കെഴുതിയ കത്തിലെ വരികളില്‍ കാണാം:

എന്റെ മനസ്സ് വളരെ ശാന്തവും സ്വച്ഛവുമാണ്. ധാര്‍മ്മികമായി ഞാന്‍ എന്തിനും തയ്യാറായിരുന്നു. ഞാന്‍ നേരിടാന്‍ പോകുന്ന ശാരീരികവും മാനസികവുമായ പീഡകളെ ആവതും തരണം ചെയ്യാന്‍ ശ്രമിക്കും.

1927 ജനുവരി മാസത്തിലാണ് ഗ്രാംഷിയെ ഉസ്റ്റിക്കാ ജയിലില്‍ നിന്നും മിലാനിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവിറങ്ങുന്നത്. മാര്‍ച്ച് 19, 1927-ന് ഭാര്യാ സഹോദരി താത്യാനയ്ക്കെഴുതിയ കത്തില്‍ ഗ്രാംഷി തന്റെ പഠനത്തെയും ഭാവിയിലെ പദ്ധതികളെപറ്റിയും വാചാലനാകുന്നു:-

ജീവിതം തികച്ചും വിരസമായി മാറിയിരിക്കുന്നു. പഠനം പോലും വിചാരിക്കുന്നതിലും ബുദ്ധിമുട്ടായി മാറുന്നു. കുറച്ചു പുസ്തകങ്ങള്‍ കിട്ടി..ഒരുപാട് അധികം വായിക്കുന്നു, ഈ ദിവസങ്ങളില്‍..മറ്റൊരു പ്രധാന കാര്യം..എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരാശയം.. ഒരു പക്ഷേ ജയിലഴിക്കുള്ളില്‍ കഴിയുന്നവര്‍ക്കെല്ലാം തോന്നുന്നതാകണം ഇത് - എനിക്കു ശേഷവും ശാശ്വതമായി നിലനില്‍ക്കുന്ന എന്തെങ്കിലുമൊന്നിനായി പ്രവര്‍ത്തിക്കണം.

പിന്നീട് രണ്ട് കൊല്ലം വേണ്ടിവന്നു, ‘ജയില്‍ നോട്ടുപുസ്തകങ്ങള്‍’ എന്ന അനശ്വരമായ ഗ്രാംഷിയന്‍ പദ്ധതി തുടങ്ങി വെയ്ക്കാന്‍. തന്റെ കത്തുകളിലൂടെ, പുസ്തകങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ ഗ്രാംഷി ആവശ്യപ്പെട്ടിരുന്നു. മിലാനിലെ പരിമിതമായ ജയില്‍ ലൈബ്രറി സൗകര്യം പോലും അദ്ദേഹം പരമാവധി ഉപയോഗപ്പെടുത്തി. തന്റെ ഗവേഷണ പദ്ധതിക്കു വേണ്ടി, ജയിലില്‍ പ്രധാനമായും ലഭ്യമായിരുന്ന ജനപ്രിയ നോവലുകള്‍ വായിച്ചു തീര്‍ക്കുന്നതിനെ ഗ്രാംഷി തമാശ രൂപത്തില്‍ വിശേഷിപ്പിച്ചത് കല്ലില്‍ നിന്നും ചോര ഞെക്കിപ്പിഴിഞ്ഞെടുക്കുന്നതു പോലെ എന്നാണ്. ഗ്രാംഷിയുടെ വാക്കുക്കളില്‍:

"ജനപ്രിയ സാഹിത്യം വായിക്കുന്നതില്‍ തീര്‍ച്ചയായും ഒരു ബൗദ്ധിക മൂല്യമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. എന്തു കൊണ്ട് ഇത്തരം സാഹിത്യം ഏറ്റവും കൂടുതല്‍ അച്ചടിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു? എന്തു തരം അഭിലാഷങ്ങളെയും ആവശ്യങ്ങളെയുമാണ് അവ പ്രതിനിധാനം ചെയ്യുന്നത്.? ആരുടെ വികാരങ്ങളും കാഴ്ചപ്പാടുകളുമാണ് അവയില്‍ പ്രതിഫലിക്കുന്നത്..? വളരെയധികം പ്രസക്തിയുള്ള ചോദ്യങ്ങളാണിവ."

ഒരു വിപ്ലവകാരിയുടെ ആത്മബലം

1928 മെയ് മാസത്തില്‍ റോമിലെ പ്രത്യേക കോടതിയിലായിരുന്നു ഗ്രാംഷിയുടെ കേസിന്റെ അന്തിമ വിചാരണ. റോമിലേയ്ക്ക് യാത്ര തിരിക്കുന്നതിനു മുമ്പ് ഗ്രാംഷി തന്റെ അമ്മയ്ക്കെഴുതി:

ഞാന്‍ സഹതാപം ആഗ്രഹിക്കുന്നില്ല. ഞാനൊരു പോരാളിയാണ്. സുദീര്‍ഘമായ ഈ പോരാട്ടത്തില്‍ താല്‍കാലികമായി പരാജയപ്പെട്ട ഒരുവന്‍.. അവന്‍ പോരാടുന്നത് സ്വേച്ഛ പ്രകാരമാണ്..അരാലും നിര്‍ബന്ധിതനല്ല ഞാന്‍.

ഈ വാക്കുകളില്‍ തുളുമ്പുന്ന ആത്മബലമാണ്, ജയില്‍ ജീവിതം സമ്മാനിച്ച കഠിനമായ ശാരീരിക അസ്വാസ്ഥ്യങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് തുണയായത്. ഫാസിസ്റ്റ് സര്‍ക്കാരിനോട് മാപ്പപേക്ഷിച്ച് ജയില്‍ മോചനം നേടണമെന്ന നിര്‍ദ്ദേശത്തെ ഗ്രാംഷി തന്റേടത്തോടെ തള്ളിക്കളഞ്ഞു.

റോമിലെ കോടതിയില്‍ നടന്ന ചോദ്യം ചെയ്യലില്‍ ഗ്രാംഷി പറഞ്ഞു:

ഞാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. ലെ യുണിറ്റാ പത്രത്തിന്റെ ചുമതലക്കാരന്‍ എന്ന നിലയിലും ഒരു പാര്‍ളമെന്റ് പ്രതിനിധി എന്ന നിലയിലും എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം എല്ലാവര്‍ക്കും അറിവുള്ളതാണ്. ഒരു കമ്മ്യൂണിസ്റ്റാവുക എന്നതിന്റെ ഉത്തരവാദിത്വം ഞാന്‍ അഭിമാനത്തോടെ ഏറ്റെടുക്കുന്നു.

അതേ വര്‍ഷം ജൂണ്‍ രണ്ടിനാണ് കുപ്രസിദ്ധമായ ആ വിധി പ്രസ്താവന ഉണ്ടാകുന്നത്. "അടുത്ത ഇരുപതു വര്‍ഷത്തേക്ക് ഈ തലച്ചോര്‍ പ്രവര്‍ത്തന രഹിതമാക്കണം."

ലഹള, ഗൂഡാലോചന, വര്‍ഗ്ഗ വെറിക്കു പ്രേരണ, അഭ്യന്തര യുദ്ധം എന്നീ കുറ്റങ്ങള്‍ ചുമത്തി ഇരുപതു വര്‍ഷം, നാലു മാസവും പിന്നെ അഞ്ചുദിവസത്തേക്കും ജയില്‍ വാസം - അതായിരുന്നു ഗ്രാംഷിക്കു ലഭിച്ച ശിക്ഷ.

അനാരോഗ്യം വേട്ടയാടിയ ബാല്യമായിരുന്നു ഗ്രാംഷിയുടേത്. നാലാം വയസ്സില്‍ സംഭവിച്ച ഒരു വീഴ്ച്ച കുഞ്ഞു 'നിനോ'-യ്ക്ക് സമ്മാനിച്ചത് കൂനും, ജീവിതകാലം മൊത്തം വേട്ടയാടിയ ആരോഗ്യപ്രശ്നങ്ങളുമായിരുന്നു. ജയില്‍ ജീവിതം ഗ്രാംഷിയുടെ ശാരീരികാവസ്ഥയെ പ്രതികൂലമായി തന്നെ ബാധിച്ചു. ജയില്‍ വാസത്തിന്റെ രണ്ടു കൊല്ലങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാ പല്ലുകളും നഷ്ടമായിരുന്നു. കടുത്ത പനി, ക്ഷയം, രക്ത ധമനി സംബന്ധമായ മറ്റസുഖങ്ങള്‍ എന്നിവ ആ ശരീരത്തെ മാറി മാറി ആക്രമിച്ചു.

1931-ല്‍ ഗ്രാംഷി തന്റെ അവസ്ഥയെക്കുറിച്ച് നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അമ്മയ്ക്ക് എഴുതി: "ശരിയാണ്..എനിക്ക് ഒറ്റക്കാലില്‍ നൃത്തം ചെയ്യാന്‍ കഴിയില്ല..എങ്കിലും ചിലപ്പോള്‍, എന്റെ പ്രതിരോധ ശക്തിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അല്‍ഭുതമാണ്."

1933-ല്‍ ഗ്രാംഷിയെ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട ഡോക്ടര്‍ ഉമ്പര്‍ട്ടോ അര്‍ക്കാങ്ഗെലി തന്റെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കുറിച്ചിട്ടു: "ഇപ്പോഴത്തെ അവസ്ഥയില്‍ ഗ്രാംഷിക്ക് അധികനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. ഉപാധികളോടെയുള്ള ജയില്‍ മോചനം സാധ്യമല്ലെങ്കില്‍ അദ്ദേഹത്തെ എത്രയും പെട്ടെന്ന് ഒരു ആശുപത്രിയിലേക്ക് മാറ്റേണ്ടതാണ്. "

ഇത്രയും പ്രതികൂലമായ സാഹചര്യങ്ങളെ അവിശ്വസനീയമായ ഇച്ഛാശക്തികൊണ്ട് അതിജീവിച്ചാണ് ഗ്രാംഷി എന്ന വിപ്ലവകാരി, തന്റെ ചിന്തകളെ മുപ്പതോളം നോട്ടുപുസ്തകങ്ങളിലായി, മൂവായിരത്തോളം പേജുകളിലായി രേഖപ്പെടുത്തി വെച്ചത്. 'ജയില്‍ നോട്ടുപുസ്തകങ്ങളുടെ' താളുകളില്‍ ഈ മനുഷ്യന്റെ ചിന്ത, ശരീരത്തിന്റെ വേദനയില്‍ നിന്നും തികച്ചും വേറിട്ടു നില്‍ക്കുന്നു. ശാരീരികമായും മാനസികമായും തകര്‍ന്നടിഞ്ഞ മനുഷ്യാവസ്ഥയുടെ ചെറിയ ഒരടയാളം പോലും കാണാനാകാത്ത വണ്ണം പ്രോജ്ജ്വലമാണ് ‘ജയില്‍ നോട്ടുപുസ്തകങ്ങള്‍’ മുന്നോട്ടു വെയ്ക്കുന്ന ഗ്രാംഷിയന്‍ ചിന്തകള്‍.

കുടുംബം, ജൂലിയ, താത്യാന

xdfdfd
ഗ്രാംഷിയുടെ ഭാര്യാ സഹോദരി താത്യാന Image Credit: International Gramsci Society

1922-ല്‍ ഒരു റഷ്യന്‍ യാത്രക്കിടെ പരിചയപ്പെട്ട ജൂലിയ (Julia Schucht) എന്ന വയലിനിസ്റ്റാണ് പിന്നീട് ഗ്രാംഷിയുടെ ജീവിത പങ്കാളിയായി മാറിയത്. ഡെലിയോ, ഗിലിയാനോ എന്നീ പേരുകളില്‍ രണ്ട് ആണ്മക്കളായിരുന്നു ആ ദമ്പതിമാര്‍ക്ക്. സാര്‍ദീനിയയിലെ ബന്ധുക്കളെയും റഷ്യയില്‍ പുത്രന്മാരോടൊപ്പം കഴിയുന്ന ജൂലിയയെയും ബന്ധപ്പെടാന്‍ കത്തുകള്‍ മാത്രമായിരുന്നു മാര്‍ഗ്ഗം. ജയില്‍ ജീവിതം തന്റെ കുടുംബ ബന്ധങ്ങളെ ബാധിക്കാതിരിക്കാന്‍ ഗ്രാംഷി ആവുന്നതു പരിശ്രമിച്ചു.

അദ്ദേഹം ജൂലിയയ്ക്കെഴുതി: "നിന്നെയും കുട്ടികളെയും സംബന്ധിച്ച് എനിക്കു അറിയാനാകുന്ന ഓരോ ചെറിയ വിവരങ്ങളും, നിങ്ങളൊക്കെ എന്തു ചെയ്യുന്നു എന്നതിന്റെ ഒരു വലിയ ചിത്രമാണ് എനിക്കു നല്‍കുന്നത്. അതു കൊണ്ടു തന്നെ നിന്റെ ജീവിതത്തില്‍ നടക്കുന്ന ഓരോ നിസ്സാര സംഭവങ്ങളെക്കുറിച്ചും എനിക്കു വിശദമായി എഴുതുക."

ജയില്‍ വാസത്തിന്റെ യാതനകള്‍ തന്റെ മാനസികാരോഗ്യം തകര്‍ത്തെറിയുകയാണെന്ന യാഥാര്‍ത്ഥ്യം ഗ്രാംഷി മനസ്സിലാക്കിയിരുന്നു. ഇതു ജൂലിയയുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിച്ചു എന്നുവേണം പറയാന്‍. 1933-ല്‍ ജൂലിയയും മാനസികമായി തകര്‍ന്ന് വിഷാദരോഗത്തിന്റെ വക്കോളമെത്തി. ജൂലിയയോടുള്ള അതിയായ സ്നേഹവും ഉല്‍ക്കണ്ഠയും ഒരു വശത്തും, തെറ്റിദ്ധാരണകളും നിര്‍വികാരതയും മറുവശത്തുമായി ഉള്ള ഏറ്റുമുട്ടലായിരുന്നു ആ കാലയളവില്‍ ഗ്രാംഷി എഴുതിയ കത്തുകള്‍.

1936 ജനുവരിയില്‍ ഇറ്റലി സന്ദര്‍ശിച്ച് ഗ്രാംഷിയെ നേരില്‍ കാണാനുള്ള സാധ്യതകള്‍ ആരാഞ്ഞ് ജൂലിയ എഴുതിയ കത്തിന് അദ്ദേഹം എഴുതിയ മറുപടി ആ ബന്ധത്തിലെ പിരിമുറുക്കം വരച്ചു കാട്ടുന്നു: "ജൂലിയ - ഇരുട്ടിനാലും കൊടിയ പീഡനങ്ങളാലും വരിഞ്ഞുമുറുക്കപ്പെട്ട് കടന്നു പോയ കുറേ വര്‍ഷങ്ങള്‍ക്കു ശേഷം നിന്നെ കാണുക എന്നത്, ഒരു സുഹൃത്തിനോടെന്നവണ്ണം സംസാരിക്കാന്‍ കഴിയുക എന്നത് വളരെ ആശ്വാസമായിരിക്കും. അതിനെ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്വമായി ഒരിക്കലും കാണരുത്. ഞാനാഗ്രഹിക്കുന്നത് ഒരു സാധാരണ സംഭാഷണമാണ്. രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍ നടക്കുന്നപോലത്തെ ഒന്ന്്."

‘ജയിലില്‍ നിന്നുള്ള കത്തുകളില്‍' പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നതാണ് ഗ്രാംഷി, തന്റെ ഭാര്യാ സഹോദരി താത്യാനക്ക് (Tatiana Schucht) അയച്ച കത്തുകള്‍. 1925-ല്‍ ആദ്യമായി താത്യാനയെ കണ്ടുമുട്ടിയതിനെക്കുറിച്ച് ഗ്രാംഷി ജൂലിയയ്ക്കയച്ച കത്തില്‍ നിന്ന്്: "നിന്റെ സഹോദരി താത്യാനയെ കണ്ടു. ഇന്നലെ വൈകുന്നേരം മുതല്‍ അര്‍ദ്ധരാത്രി വരെ ഞങ്ങള്‍ ഒരുമിച്ചാണ് സമയം ചിലവഴിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളായി മാറി."

ഗ്രാംഷിയുടെ ജയില്‍ വാസത്തിലുടനീളം അദ്ദേഹവുമായി ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു താത്യാന. മിലാനിലെയും റ്റൂറിയിലെയും ജയിലറകളിലും, പിന്നീട് ജയില്‍ മോചിതനായ ശേഷം ആശുപത്രി കിടക്കയിലും ഒരു താങ്ങായി അവളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ജയില്‍ ജീവിതത്തിലെ പ്രതിസന്ധികളെയും ബൗദ്ധികമായ ജഢത്വത്തെയും തരണം ചെയ്യാന്‍ ഗ്രാംഷിയെ സഹായിച്ച മറ്റൊരു സുഹൃത്തായിരുന്നു, കേംബ്രിഡ്ജില്‍ പൊളിറ്റിക്കല്‍ ഇക്കോണമി പ്രൊഫസറായിരുന്ന പിയറോ സ്രാഫ്ഫ (Piero Sraffa). ഗ്രാംഷിയുടെ ധിഷണാശക്തി മുഴുവന്‍ 'ജയില്‍ നോട്ടുപുസ്തകങ്ങള്‍' എന്ന ബൃഹദ്‌പദ്ധതിയിൽ കേന്ദ്രീകരിക്കപ്പെടാന്‍ പ്രേരണയായത് സ്രാഫ്ഫയാണ്. അവര്‍ക്കിടയില്‍ ഒരു ദൂതയായി പ്രവര്‍ത്തിച്ചത് താത്യാനയും. (റ്റൂറി ജയിലിലെ നിയമമനുസരിച്ച് അന്തേവാസികള്‍ക്ക് കുടുംബാംഗങ്ങളുമായി മാത്രമേ കത്തിടപാടു നടത്താന്‍ ആകുമായിരുന്നുള്ളൂ.)

ജയിലില്‍ ഗ്രാംഷിക്കു ലഭിക്കുന്ന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും വൈദ്യസഹായമെത്തിക്കുന്നതിനുമായി നിരവധി പ്രചാരണപ്രവര്‍ത്തനങ്ങളില്‍ താത്യാനയും സ്രാഫ്ഫയും ഏര്‍പ്പെട്ടു. ഒരു തരം കാല്‍പ്പനികമായ ആരാധനയോടെയായിരുന്നു താത്യാന, ഗ്രാംഷിയെ നോക്കിക്കണ്ടത്. അതു ഗ്രാംഷിക്ക് ഒരിക്കലും അംഗീകരിക്കാനാകുമായിരുന്നില്ല.

അദ്ദേഹം എഴുതി:

നിന്റെ കണ്ണില്‍ ഞാന്‍ രണ്ടാം ഗാന്ധിയാണ്. ഞാനൊരു പ്രായോഗികമതിയായ മനുഷ്യനാണെന്നു മനസ്സിലാക്കുക. ഒരു മനുഷ്യന്റെ തല ചുവരിലിടിച്ചാല്‍, ചുവരല്ല മറിച്ച് തലയാണ് പിളരുക എന്നു മനസ്സിലാക്കുന്നതിലാണ് എന്റെ പ്രായോഗികത.1

ഫാഷിസ്റ്റ് തുറങ്കു തകര്‍ത്ത വിചാര വിപ്ലവം

xdfdfd
ഗ്രാംഷിയുടെ ശവകുടീരം - റോമിലെ പ്രൊട്ടസ്റ്റന്റ് സെമിത്തേരി Photo: Flickr @ Sebastian Baryli

താത്യാനയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി, 1933 ഡിസംബര്‍ 7-ന് ഗ്രാംഷിയെ റ്റൂറി ജയിലില്‍ നിന്നും ഫോര്‍മിയയിലെ ഒരു ജയില്‍ ക്ലിനിക്കിലേക്ക് മാറ്റി.

അദ്ദേഹത്തെ റ്റൂറിയില്‍ നിന്നും മാറ്റിയ ആ വൈകുന്നേരം, ജയിലിലെ ഒരു സഹവാസി ഓര്‍ത്തെടുക്കുന്നതിങ്ങനെ:

അദ്ദേഹത്തിന്റെ യാത്രാ സാധനങ്ങള്‍ തയ്യാറാക്കാന്‍ ഞങ്ങള്‍ ഒരു ഗാര്‍ഡിന്റെ അകമ്പടിയോടെ വെയര്‍ഹൗസിലേക്കു പോയി. മുന്‍ ധാരണാ പ്രകാരം ഗ്രാംഷി, ഗാര്‍ഡിനെ കൊച്ചു വര്‍ത്തമാനത്തില്‍ വ്യാപൃതനാക്കി നിര്‍ത്തുന്നതിനിടെ, എഴുതി തീര്‍ന്ന 18 നോട്ടുപുസ്തകങ്ങള്‍ ഞാന്‍ ആ പെട്ടിയുടെ അടിയില്‍ ഒളിപ്പിച്ചു.

പിന്നീടുള്ള ചികിത്സയ്ക്ക് ഗ്രാംഷിയുടെ ആരോഗ്യത്തില്‍ കാര്യമായ മാറ്റമുണ്ടാക്കാനായില്ല. അദ്ദേഹം പഠനത്തിലും എഴുത്തിലുമായി ശ്രദ്ധ കേന്ദ്രീകരിച്ചു. ആഗസ്റ്റ് 24, 1935-ന് ഉപാധികളോടെ ആശുപത്രി തടവില്‍ നിന്നും മോചിതനായി. 1937 ഏപ്രിലില്‍ പൂര്‍ണ്ണമോചനം സാധ്യമായി. അതേ മാസം 25-ന് കടുത്ത ഒരു സെറിബ്രല്‍ ഹെമറേജിനു വിധേയനായി. രണ്ടു ദിവസങ്ങള്‍ക്കു ശേഷം, നാല്‍പ്പത്തിയാറാം വയസ്സില്‍ ഗ്രാംഷി മരണമടഞ്ഞു. മഹാനായ ആ വിപ്ലവകാരിയെ നരകിപ്പിച്ചു കൊല്ലുന്നതില്‍ ഫാസിസ്റ്റ് ശക്തികള്‍ വിജയിച്ചെങ്കിലും, ഗ്രാംഷി കൊളുത്തിവിട്ട വിചാര വിപ്ലവം - ആ 33 നോട്ടുപുസ്തകങ്ങള്‍ - ഭരണകൂടത്തിന്റെ കണ്ണു വെട്ടിച്ച് ആശുപത്രിയുടെ പുറത്തുകടത്തുന്നതില്‍ സ്രാഫ്ഫയും കൂട്ടരും വിജയിക്കുക തന്നെ ചെയ്തു. ഇന്നും ലോകമെമ്പാടുമുള്ള ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് പ്രായോഗിക പ്രവര്‍ത്തനത്തിനുള്ള കരുത്തുറ്റ ദിശാസൂചികളായി തിളങ്ങി നില്‍ക്കുകയാണ് ഗ്രാംഷിയന്‍ ചിന്തകള്‍.

അവലംബം / അധിക വായന:

  • 1. Nevertheless, he asserted the "eminently practical" sense of his own attitude concerning prison conditions. No useless external gesture, but, on the contrary, a detailed search for all legal ways that could make his confinement less painful. He would never aspire to become a "new Gandhi who wants to demonstrate before the celestial and the underworld the torments of the Indian people. (p119, ANTONIO GRAMSCI by Antonio A. Santucci )