മാലിന്യക്കൂനയിലെ ജീവിതങ്ങള്‍: ഒരു യാത്രയുടെ ഓര്‍മ്മകള്‍

മാലിന്യം എന്ന വാക്ക് അധികമൊന്നും സംസാരിച്ചു കേള്‍ക്കാതിരുന്ന ഒരു കാലത്താണ് ഞാന്‍ മാലിന്യത്തെ കുറിച്ച് പഠിക്കാനിറങ്ങിത്തിരിച്ചത്. പഠനത്തിന് വേണ്ടി കേരളത്തിലെ മൂന്നു നഗരങ്ങളാണ് ഞാൻ സന്ദര്‍ശിച്ചത്: കോഴിക്കോട്, തൃശൂര്‍, പിന്നെ കൊച്ചിയും. ഈ വിഷയത്തില്‍ കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന തിരുവനനന്തപുരം നഗരത്തെ എന്തു കൊണ്ട് ഒഴിവാക്കി എന്നാവും സ്വാഭാവിക ചോദ്യം. അവിടത്തെ ദുരിതപൂര്‍ണമായ ജീവിതങ്ങളെ മറന്നിട്ടല്ല. പക്ഷെ ഞാന്‍ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരം എല്ലായിടത്തും ഏകദേശം ഒരേ പോലെ തന്നെ ബാധകമായിരുന്നു. എന്നാല്‍ തൃശൂര്‍ ഉള്ള കമ്പോസ്റ്റ് ടെക്നോളജി വ്യത്യസ്തമായിരുന്നു. അത് കൊണ്ട് താരതമ്യപഠനത്തിനു തൃശൂര്‍ ആയിരിക്കും അഭികാമ്യം എന്ന് കരുതി. കോഴിക്കോട് അന്ന് കൊള്ളാവുന്ന ഒരു മാലിന്യസംസ്കരണപദ്ധതി ഉണ്ടായിരുന്നു. കൊച്ചിയാണെങ്കിൽ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന കാര്യത്തില്‍ കൃത്യമായ ഒരു തീരുമാനം എടുക്കുകയും ചെയ്തിരുന്നു.
മൂന്നു നഗരങ്ങളുടെയും മാലിന്യകേന്ദ്രങ്ങളായ ഞെളിയന്‍ പറമ്പ്, ലാലൂര്‍, ബ്രഹ്മപുരം എന്നിവിടങ്ങളിലായിരുന്നു യാത്രയുടെ അധികം സമയവും ചിലവഴിച്ചത്. ഹൃദ്യമായ സ്വീകരണങ്ങളേ ആയിരുന്നില്ല ഈ സ്ഥലങ്ങളിലൊന്നിലും ലഭിച്ചത്. പത്രത്തില്‍ നിന്നാണോ എന്ന് ചോദിച്ചു ആരൊക്കെയോ എന്നെ ഓടിച്ചു വിട്ടു, സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെ ചിലര്‍ ഞാന്‍ ചെന്നപ്പോള്‍ ഓടി വീട്ടില്‍ കയറി വാതിലടച്ചു, ആദ്യമൊക്കെ ശങ്കിച്ചെങ്കിലും പിന്നീട് ചിലര്‍ സംസാരിക്കാൻ തയ്യാറായി; വിശന്നു വലഞ്ഞു നടന്നപ്പോള്‍ ആരൊക്കെയോ വീട്ടിലേക്ക് വിളിച്ചു കയറ്റി ഉള്ള ഭക്ഷണം എനിക്ക് കൂടി വിളമ്പി, ഹൃദയം തുറന്ന് ഒരുപാടു വേദനകളും അനുഭവങ്ങളും കൈമാറി. പുരുഷന്മാരില്‍ ചിലര്‍ അധികൃതര്‍ ഒളിപ്പിക്കാൻ ശ്രമിച്ച പലതും എന്റെ ശ്രദ്ധയില്‍ പെടുത്തി, ഒരാള്‍ എന്നോട് സംസാരിക്കാന്‍ തയ്യാറായ സ്ത്രീയെ വഴക്കു പറഞ്ഞ് അടിക്കാന്‍ കൈയോങ്ങി. അങ്ങനെ എത്രയോ ഓര്‍മ്മകള്‍. ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകള്‍ നല്കിയ ആ യാത്രയും, അതിലുടനീളം കണ്ട ജീവിതങ്ങളും! കേരളം അറിയാന്‍ ഇതിലും നല്ലൊരു അവസരം എനിക്കു ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് എല്ലാവരെയും നന്ദിയോടെ, വേദനയോടെ ഓര്‍ത്തു കൊണ്ട് എന്റെ തോന്നലുകൾ ഇവിടെ കുറിച്ചിടുന്നു.
മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയിലെ ജീവിതങ്ങളിലൂടെ മനസ്സോടിക്കുമ്പോള്‍ ആദ്യത്തെ ഓര്‍മ ഒരു ലോറിയാത്രയുടെതാണ്. നഗരത്തില്‍ നിന്ന് ലാലൂരിലേക്ക് മാലിന്യങ്ങള്‍ കയറ്റി അയക്കുന്ന ലോറിയില്‍ കയറിയുള്ള യാത്ര.
ഒന്ന് രണ്ടു ചാക്കുകള്‍ കെട്ടിയിട്ടിട്ടുണ്ടായിരുന്നു ലോറിയില്‍. മാലിന്യക്കൂനയില്‍ നിന്നും കിട്ടിയ കൊള്ളാവുന്ന പ്ലാസ്റ്റിക് എല്ലാം പണിക്കാര്‍ അതിലേക്കെടുത്തിട്ടു. പോകുന്ന വഴിയിൽ അവ റീസൈക്ളിംഗിനു ഏല്പിച്ചു. അതായിരുന്നു ഞാന്‍ കണ്ടതില്‍ നഗരത്തിലെ മാലിന്യങ്ങളെ വേര്‍തിരിക്കുന്നതിനു (waste segregation) വേണ്ടിയുള്ള ഏക പ്രവര്‍ത്തനം.
ഓരോ സ്റ്റോപ്പിലും കുടുംബശ്രീ പ്രവർത്തകര്‍ അടിച്ചു വാരി കൂട്ടിയിട്ട മാലിന്യങ്ങള്‍ വാരി വണ്ടിയില്‍ നിറച്ചുകൊണ്ട് മെല്ലെ ആ ലോറി നീങ്ങി. ഒന്ന് രണ്ടു ചാക്കുകള്‍ കെട്ടിയിട്ടിട്ടുണ്ടായിരുന്നു ലോറിയില്‍. മാലിന്യക്കൂനയില്‍ നിന്നും കിട്ടിയ കൊള്ളാവുന്ന പ്ലാസ്റ്റിക് എല്ലാം പണിക്കാര്‍ അതിലേക്കെടുത്തിട്ടു. പോകുന്ന വഴിയിൽ അവ റീസൈക്ളിംഗിനു ഏല്പിച്ചു. അതായിരുന്നു ഞാന്‍ കണ്ടതില്‍ നഗരത്തിലെ മാലിന്യങ്ങളെ വേര്‍തിരിക്കുന്നതിനു (waste segregation) വേണ്ടിയുള്ള ഏക പ്രവര്‍ത്തനം. കുടുംബശ്രീ പ്രവർത്തകരുടെ സേവനം മറക്കുന്നില്ല. കൈയില്‍ കരുതിയ ടിഫിന്‍ പാത്രം തുറന്ന് രാവിലത്തെ ഭക്ഷണം കഴിച്ച ചേച്ചിയോട് ഞാനിടക്കു ചോദിച്ചു - എങ്ങനെയാണു കഴിക്കാൻ പറ്റുന്നതെന്ന്? "രാവിലെ 5.30ന് വീട്ടിൽ നിന്നും ഇറങ്ങിയതാണ്. ഉച്ചയാകും തിരിച്ചെത്താന്‍. അത് വരെ വിശന്നിരിക്കാന്‍ വിഷമമാണ്. ആദ്യമൊക്കെ അറപ്പുണ്ടായിരുന്നു. വീട്ടില്‍ പോയി ഭക്ഷണം കഴിക്കുമ്പോള്‍ പോലും ഓക്കാനം വരുമായിരുന്നു. ഇന്നിപ്പോള്‍ എല്ലാം ശീലമായി", എന്നു പറഞ്ഞു അവര്‍ അത് മുഴുവന്‍ അറപ്പില്ലാതെ കഴിച്ചു. അത്രയും സമയം വാചാലമായിരുന്ന എനിക്ക് പിന്നീടുള്ള യാത്രയില്‍ അധികം ചോദ്യങ്ങളൊന്നും തന്നെ ഇല്ലായിരുന്നു. അവരിലോരോരുത്തരെയും അടുത്തറിയാന്‍ മാത്രം ശ്രമിച്ചു.
മാലിന്യക്കൂമ്പാരങ്ങളിലെ ജീവിതങ്ങളെ പറ്റി ഒരു നീണ്ട ചരിത്രം തന്നെ ഞെളിയന്‍ പറമ്പിനും ലാലൂരിനും പറയാനുണ്ടാകും. രണ്ടു സ്ഥലങ്ങളിലെയും ജനജീവിതക്രമങ്ങള്‍ വ്യതസ്തമാണെങ്കിലും രണ്ടിടത്തും സമാനമായുള്ളത് ട്രെഞ്ചിംഗ് ഗ്രൗണ്ടിൽ നിന്ന് മാലിന്യക്കൂനയിലേക്കുള്ള ദൂരമാണ്.
ഒരു വീടിന്റെ ഉമ്മറത്തിരുന്ന ഉമ്മയോട് കാര്യങ്ങള്‍ ചോദിക്കാമെന്ന് കരുതി. എനിക്കു അപ്രതീക്ഷിതമായി കിട്ടിയ അടി പോലെയയിരുന്നു അവരുടെ വാക്കുകള്‍: "എന്തിനാണ് ഇവിടെ വന്നത്? ഞങ്ങളുടെ വിഷമങ്ങള്‍ കുറെ പേരോട് പറഞ്ഞിട്ടുണ്ട്. എല്ലാം കേട്ടിട്ടു എല്ലാവരും പോയി. ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കിയിട്ടുമില്ല. ഇനി നമുക്കു പ്രതീക്ഷകളില്ല. ഒന്നും പറയാനുമില്ല. ഇത് ഞങ്ങളുടെ വിധിയാണ്."
രണ്ടു കൂട്ടര്‍ക്കും പറയാന്‍ ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ കളിച്ച കളികളും, കാലിയെ മേയ്ചതും, പച്ചക്കറികള്‍ പറിച്ചു നടന്ന കഥകളുമൊക്കെയുണ്ട്. ഞാന്‍ ചെല്ലുമ്പോൾ ഞെളിയന്‍ പറമ്പില്‍ വാഴക്കൃഷി ഉണ്ടായിരുന്നു. പുറമേ നിന്ന് നോക്കിയാല്‍ ട്രീറ്റ്മെന്റ് പ്ലാന്റ് കാണാന്‍ കഴിയുമായിരുന്നില്ല. ആദ്യത്തെ ദിവസം എന്നെ അകത്തു കടത്തി വിടാത്തത് കൊണ്ട് അടുത്ത് കണ്ട വഴിയിലൂടെ വെറുതെ പരിസരം ഒന്ന് നിരീക്ഷിക്കാമെന്നു വച്ചു . മതിലിനു തൊട്ടടുത്തായി വീടുകള്‍ കണ്ടു. ഒരു വീടിന്റെ ഉമ്മറത്തിരുന്ന ഉമ്മയോട് കാര്യങ്ങള്‍ ചോദിക്കാമെന്ന് കരുതി. എനിക്കു അപ്രതീക്ഷിതമായി കിട്ടിയ അടി പോലെയയിരുന്നു അവരുടെ വാക്കുകള്‍: "എന്തിനാണ് ഇവിടെ വന്നത്? ഞങ്ങളുടെ വിഷമങ്ങള്‍ കുറെ പേരോട് പറഞ്ഞിട്ടുണ്ട്. എല്ലാം കേട്ടിട്ടു എല്ലാവരും പോയി. ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കിയിട്ടുമില്ല. ഇനി നമുക്കു പ്രതീക്ഷകളില്ല. ഒന്നും പറയാനുമില്ല. ഇത് ഞങ്ങളുടെ വിധിയാണ്." എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ തിരിച്ചു നടന്നു ആരോടൊക്കെയോ എന്തൊക്കെയോ ചോദിച്ചു. സംസാരിക്കാന്‍ തയ്യാറായ ഒരു ചേച്ചി കുട്ടികള്‍ സ്കൂളില്‍ അനുഭവിക്കുന്ന ഒറ്റപ്പെടലുകളുടെ കഥ പറഞ്ഞു. പട്ടിണി കൊണ്ടും അറിവില്ലായ്മ കൊണ്ടും വീട്ടുകാരുടെ തീരുമാനത്തിന് വഴങ്ങി സുമംഗലിയായി മാലിന്യക്കുഴിയിലേക്ക് എത്തിപ്പെട്ടതോര്‍ത്തു. സ്ഥിരമായി എന്നെ അവിടെ കണ്ടപ്പോൾ കൂടുതല്‍ അടുപ്പത്തില്‍ സംസാരിക്കാന്‍ അവര്‍ തയ്യാറായി. ഒരു വലിയ കട്ട ചുമലിലേറ്റി കൊണ്ട് വന്നു മതിലില്‍ ചേര്‍ത്ത് വെച്ച് തന്നു പുഴുത്തു പതയുന്ന ലീചേറ്റ് (leachate) ടാങ്ക് എനിക്ക് കാണിച്ചു തന്നത് ഒരിക്കയാണ്. ആ ഒരൊറ്റ കാഴ്ചയിലൂടെ എനിക്കു കിട്ടിയ സൂചനകളാണ്, 7.30 ലക്ഷം രൂപ മുടക്കി കെട്ടിയ ലീചറ്റ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ സത്യാവസ്ഥ അധികൃതരാല്‍ കബളിക്കപ്പെടാതെ പിന്നീട് മനസിലാക്കാന്‍ എനിക്കു സഹായകമായത്. അതിനു ശേഷം അടുത്ത് കണ്ട വീട്ടില്‍ മുറ്റത്ത് എന്തോ ചെയ്യുകയായിരുന്ന ചേച്ചിമാരുടെ അടുത്ത് ചെന്നതും അവര്‍ ഓടി വീട്ടില്‍ കയറി വാതിലടച്ചതും ഒരുമിച്ചായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ നിന്ന എന്നെ അടുത്ത വീട്ടിലെ അമ്മ വിളിച്ചു. ആ വീട്ടിൽ നടന്ന വേദനാ ജനകമായ ഒരു കാര്യത്തെ പത്രങ്ങള്‍ വളച്ചൊടിച്ചു വാര്‍ത്തയാക്കിയതിന്റെ പേരില്‍ ഉദ്യോഗസ്ഥരുടെ വിദ്വേഷത്തിനു പാത്രമായതിന്റെ ഭയമാണ് അവരെ എന്നില്‍ നിന്നും ഓടി ഒളിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. കുറെ നേരം സംസാരിച്ചു കഴിഞ്ഞപ്പോള്‍ അമ്മ എന്നോട് ഭക്ഷണം കഴിക്കുന്നോ എന്നു ചോദിച്ചു. നല്ല വിശപ്പുണ്ടായതു കൊണ്ടാകാം ഞാന്‍ വെറുതെ ചിരിച്ചതേയുള്ളൂ. വിളമ്പി വെച്ച ചോറ് ആര്‍ത്തിയോടെ വലിച്ചു വാരി തിന്നു കഴിഞ്ഞപ്പോഴാണ് നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്ന അമ്മയെ ഞാന്‍ ശ്രദ്ധിച്ചത്. അവർ പറഞ്ഞു, "എത്രയോ നാളുകളായി മോളെ എന്റെ വീട്ടില്‍ ആരെങ്കിലും ഇതു പോലെ ഒന്നു വന്നിരുന്നു ഭക്ഷണം കഴിച്ചിട്ട്". ആ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മനസ്സില്‍ തോന്നിയ വികാരങ്ങള്‍ എനിക്ക് വിവരിക്കാന്‍ കഴിയില്ല. ലാലൂരിലെയും അനുഭവങ്ങള്‍ വ്യതസ്തമായിരുന്നില്ല. മഴക്കാലത്തൊരിക്കല്‍ ഓട്ടോക്കാരന്‍ ചവറ്റുകൂമ്പാരത്തിനിടയിലൂടെ പോകാന്‍ കഴിയില്ല എന്ന് പറഞ്ഞു കുട്ടികളെയും തന്നെയും ചളിക്കുണ്ടില്‍ ഇറക്കി വിട്ട കഥ പറഞ്ഞ ചേച്ചിയും, എന്നോട് സംസാരിക്കാൻ തയ്യാറായി എന്നത് കൊണ്ട് മാത്രം ഭര്‍ത്താവിന്റെ അനിഷ്ടത്തിനു പാത്രമായി പരസ്യമായി അപമാനിക്കപ്പെട്ട ചേച്ചിയും ഒക്കെ മാലിന്യത്തിനടയില്‍ അടിച്ചമര്‍ത്തപ്പെട്ട അനവധി ദുരിതജീവിതങ്ങളുടെ ചില പ്രതിനിധികള്‍ മാത്രം.
ബ്രഹ്മപുരത്തെ ചെല്ലിപ്പാടം ഗ്രാമം ഞാന്‍ ചെല്ലുമ്പോള്‍ ആളനക്കമില്ലാതെ വള്ളിപ്പടര്‍പ്പുകള്‍ തഴുത്തു വളര്‍ന്ന വീടുകളുമായി അനക്കമറ്റു നിന്നു. ഒരുപാടു സമരങ്ങള്‍ക്കും വേദനകള്‍ക്കുമൊടുവില്‍ സര്‍ക്കാര്‍ കൊടുത്ത കാശും വാങ്ങി ജീവിതം തുന്നിക്കൂട്ടാന്‍ അവരെല്ലാം എവിടെക്കോ പോയിരുന്നു. അവരെവിടെയാണെന്ന് കൊച്ചി നഗരസഭയിലുള്ള ആരും തന്നെ പറഞ്ഞു തരാന്‍ തയ്യാറായില്ല. രണ്ടു ദിവസം കഴിഞ്ഞു പ്ലാന്റുമായി ബന്ധപ്പെട്ടു തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ ഒരു വാര്‍ത്ത കണ്ടപ്പോള്‍ വെറുതെ ഞാന്‍ അവിടെ വരെ പോയി. അവിടെ നിന്ന് ഒരു ചെരുപ്പ് കടയിലേക്കും പിന്നെ ചെല്ലിപ്പാടത്തെ മനുഷ്യരുടെ അടുത്തേക്കും ഞാന്‍ എത്തിപ്പെട്ടു. ആദ്യം ചെന്നിടത്ത് പതിനഞ്ചോളം വീടുകള്‍ ഉണ്ടായിരുന്നു. എല്ലാം മുസ്ലിം കുടുംബങ്ങള്‍. അവിടെ നിന്നും കുറച്ചു മാറി വേറെ കുറച്ചു വീടുകൾ. എല്ലാം ഹിന്ദു സവര്‍ണസമുദായത്തില്‍ പെട്ടവര്‍. ഒന്നൊഴിയാതെ എല്ലാ വീട്ടിലെയും സ്ത്രീകള്‍ മനസ് തുറന്നത് അവരുടെ നാളത്തെ കുറിച്ചുള്ള ആകുലതകളെ കുറിച്ചാണ്. ഭര്‍ത്താക്കന്മാരുടെ സാമൂഹികബന്ധങ്ങള്‍ നഷ്ടപ്പെട്ടതും, അതുവഴി ജോലിയില്‍ ഉണ്ടായ പ്രശ്നങ്ങളും, തങ്ങളുടെ സ്വന്തം വരുമാനം നഷ്ടപെട്ടതും (ഗ്രാമത്തിൽ സ്ത്രീകളുടെ പ്രധാന വരുമാനമാര്‍ഗം കന്നുകാലി വളർത്തലായിരുന്നു), ദിനംപ്രതി ചോര്‍ന്നു പോകുന്ന നീക്കിയിരുപ്പുകളും.. അങ്ങനെ ഒരു പാട് കഥകള്‍. പിന്നീട് ഞാന്‍ പോയത് കുറച്ചകലെ മാറി താമസിച്ചിരുന്ന കുടുംബങ്ങളെ തേടിയാണ്. ഇപോഴും നമ്മുടെ സമൂഹത്തില്‍ നിലനില്ക്കുന്ന ജാതിവ്യവസ്ഥ ഏറ്റവും താഴെത്തട്ടില്‍ പെടുത്തിയിരിക്കുന്നവരെ തേടി. ഓട്ടോയില്‍ ചെന്നിറങ്ങുമ്പോള്‍ ഒരച്ഛന്‍ മുറ്റത്ത് വിറകു വെട്ടുകയായിരുന്നു. എന്നോട് സംസാരിച്ചത് അദ്ദേഹത്തിന്റെ മകളാണ്: അച്ചു. ആ പരിചയത്തിലുടെയാണ് ഞാന്‍ അവളെ പിന്നീട് വിളിച്ചതും സംസാരിച്ചതുമെല്ലാം. ഞാന്‍ അവള്‍ക്കു കുഞ്ഞേച്ചിയായതും. മാസങ്ങള്‍ക്ക് ശേഷം എന്റെ മൊബൈല്‍ വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്യുന്നത് വരെ ആ സൗഹൃദം നീണ്ടു. പിന്നെടിതു വരെ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. തങ്ങളുടെ ജീവിതത്തെ കുറിച്ച് അവര്‍ സംസാരിച്ചതു മുഴുവന്‍ കേട്ടു നിന്ന് തിരിച്ചു പോകുമ്പോള്‍ എന്റെ മനസ്സില്‍ ഒരു ചോദ്യം മാത്രം ബാക്കി നിന്നു: എന്തുകൊണ്ടാണ് ശിഥിലമാക്കപ്പെട്ട ഈ ജീവിതങ്ങള്‍ ജാതിയും മതവും അവരുടെ പ്രതിരോധകവചമാക്കി മാറ്റിയതെന്ന്. ആരോടൊക്കെയോ അന്നു ഞാനത് ചോദിക്കുകയും ചെയ്തിരുന്നു. ഈ ദുഷിച്ച മാലിന്യക്കൂമ്പാരത്തിന്, അതിനിടയിലെ ജീവിതാവസ്ഥക്ക് ഒരു കൂട്ടം മനുഷ്യരെ ജാതിമതാടിസ്ഥാനത്തില്‍ ധ്രുവീകരിക്കാന്‍ കഴിഞ്ഞെങ്കില്‍ ഒരു പടി കൂടി കടന്ന് ഒരു വര്‍ഗീയകലാപത്തിലേക്കു എന്തു കൊണ്ട് വഴി വച്ചു കൂടാ? ജാതീയതയിലും വര്‍ഗീയതയിലും വിഹരിക്കുന്ന ഓരോ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഈ ജനസമൂഹത്തെ കൂടുതല്‍ ഭിന്നധ്രുവങ്ങളിലേക്കു അകറ്റി അവരിലെ അരക്ഷിതാവസ്ഥയുടെ ആക്കം കൂട്ടി അതിന്റെ ഫലം പറ്റി ചീര്‍ത്തു വളരുകയാണ്.
ജീവിതപങ്കാളിയെ കിട്ടാത്ത പുരുഷന്മാര്‍ സ്വന്തം സ്ഥലത്തിന്റെ വിവരങ്ങള്‍ മറച്ചു വെക്കുന്നതും, ദാരിദ്ര്യം കൊണ്ടും തീരുമാനങ്ങൾ എടുക്കാനുള്ള ശേഷിക്കുറവ് കൊണ്ടും മാലിന്യക്കൂമ്പാരത്തിനിടയിലെ വീടുകളിലേക്കു കെട്ടിച്ചയക്കപ്പെടുന്ന സ്ത്രീകളുടെയും പ്രശ്നങ്ങളും വേര്‍തിരിച്ചല്ല, മറിച്ച് ഇഴചേര്‍ത്താണ് കാണേണ്ടത്.
ജീവിതം അസഹനീയമായിട്ടു പോലും എന്തുകൊണ്ട് വിട്ടു പോകുന്നില്ല എന്ന് ചോദിക്കുന്നവരോട് അവര്‍ക്കുള്ള മറുചോദ്യമിതാണ്: "ഞങ്ങളുടെ ജീവിതത്തിന്റെ സമ്പാദ്യം മുഴുവനിവിടെയാണ് നിക്ഷേപിച്ചത്. ഇവിടെ സ്ഥലം വാങ്ങാനാരും വരില്ല, വരുന്നവര്‍ തന്നെ നക്കാപിച്ച കാശു ആണ് പറയുക. പിന്നെ ഞങ്ങളെങ്ങനെയാണു വേറെ സ്ഥലം വാങ്ങി വീട് വെക്കുക?"
കാശില്ലാത്തതു കൊണ്ടും സ്വന്തമായി ഒരു തുണ്ട് ഭൂമിയ്ക്കു വേണ്ടിയുള്ള ആഗ്രഹത്തിന്റെ പേരിലും മാലിന്യക്കൂനകള്‍ക്കടുത്ത് വീട് വാങ്ങിയവര്‍ ഒരുപാടു പേരുണ്ട്. ജീവിതം അസഹനീയമായിട്ടു പോലും എന്തുകൊണ്ട് വിട്ടു പോകുന്നില്ല എന്ന് ചോദിക്കുന്നവരോട് അവര്‍ക്കുള്ള മറുചോദ്യമിതാണ്: "ഞങ്ങളുടെ ജീവിതത്തിന്റെ സമ്പാദ്യം മുഴുവനിവിടെയാണ് നിക്ഷേപിച്ചത്. ഇവിടെ സ്ഥലം വാങ്ങാനാരും വരില്ല, വരുന്നവര്‍ തന്നെ നക്കാപിച്ച കാശു ആണ് പറയുക. പിന്നെ ഞങ്ങളെങ്ങനെയാണു വേറെ സ്ഥലം വാങ്ങി വീട് വെക്കുക?" മാലിന്യം തള്ളാന്‍ കഴിയാതെ വരുമ്പോള്‍ അസഹിഷ്ണുതയോടെ "ഞങ്ങളുടെ പ്രശ്നങ്ങൾ മാലിന്യക്കൂനയില്‍ ജീവിക്കുന്ന മനുഷ്യര്‍ മനസിലാക്കണം" എന്ന് പറയുന്ന അധികൃതര്‍ മറുവശത്ത്. ഇവര്‍ രണ്ടു പേരും മാത്രമല്ല ഒരു ശ്രദ്ധയുമില്ലാതെ വഴിവക്കിലേക്കു മാലിന്യം വലിച്ചെറിയുന്ന ഓരോ നഗരവാസിയും, അത് ശേഖരിക്കുന്ന ഓരോ വ്യക്തിയും ഒക്കെ ആ ഇഴയില്‍ കണ്ണികളാണ്.
സ്വഛ് ഭാരത് അഭിയാന്‍, മാലിന്യമുക്ത കേരളം, ശുചിത്വകേരളം ഇവയൊക്കെ വിശകലനം ചെയ്യപ്പെടേണ്ടത് മുകളില്‍ എടുത്തുകാട്ടിയ ഒരു വലിയ ജനസമൂഹത്തിന്റെ പ്രശ്നങ്ങള്‍ ഈ പദ്ധതികള്‍ എങ്ങനെ നോക്കിക്കാണുന്നു എന്ന മാനദണ്ഡത്തിന്റെ കൂടി അടിസ്ഥാനത്തിലാകണം. അല്ലാതെ മാലിന്യം കൊണ്ട് പൊറുതിമുട്ടി ജനങ്ങള്‍ സമരത്തിനിറങ്ങുമ്പോള്‍ മാത്രം അവര്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുകയും, മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങളില്‍ ജനതയുടെ പ്രശ്നങ്ങളെ അവഗണിക്കുകയും ചെയ്യുന്ന പദ്ധതികള്‍ ചീഞ്ഞഴുകാന്‍ നാളുകളേറെ വേണ്ടി വരില്ല. ഗാന്ധി ജയന്തിയും ചൂലുകളും മാലിന്യ നിർമാർജ്ജനത്തിന്റെ പേരിൽ ഇന്ന് മാർക്കറ്റ് ചെയ്യപ്പെടുമ്പോൾ നാട് നന്നാക്കാൻ ഇറങ്ങി തിരിച്ച പ്രമുഖർക്ക് അടിച്ചുകൂട്ടിയ മാലിന്യങ്ങൾ എന്ത് ചെയ്യുമെന്നെങ്കിലും തിരിച്ചു ചോദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു! .