മാടെ സ്നാന - വിശ്വാസത്തിന്റെ ഉരുണ്ടു മറിച്ചില്‍

എന്താണ് മാടെ സ്നാന? പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നായിക ഉരുളല്‍ നേര്ച്ച നേര്‍ന്നത് പോലെ വിശ്വാസികള്‍ ഉരുളുന്നു. പക്ഷെ ഒരു വ്യത്യാസം - ഉരുളുന്നത് “ശ്രേഷ്ഠ” ബ്രാഹ്മണര്‍ ഉണ്ട എച്ചിലിലകള്‍ക് മീതെ ആണെന്ന് മാത്രം. ഉരുണ്ടാല്‍ ആഗ്രഹിച്ച എന്തും നടക്കും എന്ന് വിശ്വാസം. ക്ഷേത്രകാര്യമന്ത്രിയും അലോപതി ഡോക്ടറും ആയ ബി ജെ പി നേതാവ് വി എസ ആചാര്യ തന്നെ മാടെ സ്നാനയ്കു സര്‍ട്ടിഫിക്കറ്റ് കൊടുത്തു - ത്വക് രോഗങ്ങള്‍ക് ബഹു കേമം. ഇനി മുതല്‍ ത്വക് രോഗം വന്നാല്‍ ഡോക്ടറുടെ അടുത്ത് പോകേണ്ട കാര്യമില്ല ഒരു മാടെ സ്നാന നടത്തിയാല്‍ മതി!

കര്‍ണാടകത്തിലെ സുള്ളിയ താലൂക്കില്‍ കുക്കെ സുബ്രമണ്യ ക്ഷേത്രത്തില്‍ കൊണ്ടാടുന്ന മാടെ സ്നാന ഇക്കുറി വിവിധ ദളിത്‌, പുരോഗമന സംഘടനകളുടെ പ്രതിഷേധം ക്ഷണിച്ചു വരുത്തി. ദളിത്‌ സംഘടനാ നേതാവ് കെ എസ ശിവരാമുവിനെ മാടെ സ്നാന അനുകൂലികള്‍ പൊതിരെ തല്ലി. എന്തായാലും മാടെ സ്നാന ഒരു ചര്‍ച്ച വിഷയമായി. മാടെ സ്നാന കേവലം ഒരു വിശ്വാസം മാത്രമാണോ അതോ എന്തെങ്കിലും ഒരു പ്രത്യേക ലക്‌ഷ്യം മുന്നില്‍ കണ്ടുള്ളതാണോ?

രാജാവ്‌ ദൈവത്തിന്റെ അവതാരം

നേപാളിലെ രാജാവ്‌ വിഷ്ണുവിന്റെ അവതാരം എന്നാണ് വയ്പ്. എന്താണ് ഇത്തരമൊരു വിശ്വാസത്തിന്റെ ഉദ്ദേശ്യ ലക്‌ഷ്യം? പ്രപഞ്ച സൃഷ്ടാവായ ദൈവം ചോദ്യം ചെയ്യപെട്ടുകൂടാത്തവനാണ് ആയതിനാല്‍ ദൈവത്തിന്റെ അവതാരമായ രാജാവും ചോദ്യം ചെയ്യപെട്ടു കൂടാത്തവന്‍. വിശ്വാസം ഒരു വ്യക്തിയെ ദൈവതുല്യന്‍ ആക്കി മാറ്റുന്നു, അല്ലെങ്കില്‍ ചോദ്യം ചെയ്യപെട്ടുകൂടാത്തവന്‍ ആക്കി മാറ്റുന്നു. തികച്ചും നിരുപദ്രവമെന്ന് തോന്നാവുന്ന വിശ്വാസങ്ങള്‍ ചില പ്രത്യേക ലക്ഷ്യങ്ങള്‍ നേടാന്‍ കൂടിയുള്ളതുമാനെന്നു വരുന്നു. റോമ രാജ്യത്തും മറ്റും ഒരടിമയ്ക്ക് പോലും രാജാവാകുവാന്‍ കഴിഞ്ഞിരുന്നു എന്ന് കൂടി ഓര്‍ക്കുക. നിര്ദോഷം എന്ന് തോന്നാവുന്ന പല ആചാരങ്ങല്കും പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടാവും.

xdfdfd
കെ എസ ശിവരാമുവിനെ കൈയേറ്റം ചെയ്യുന്ന വിശ്വാസികള്‍. കടപ്പാട്: ദി ഹിന്ദു

വിശ്വാസത്തിലെ ചോദ്യം

വിശ്വാസത്തില്‍ ചോദ്യം ഇല്ലെന്ന പോലെ എന്താണ് ശൂദ്രന്‍ ഉണ്ട ഇലകള്‍ക് മീതെ ബ്രാഹ്മണന്‍ ഉരുണ്ടാല്‍ എന്ന ചോദ്യം അരുത്. വേദങ്ങളും ഉപനിഷത്തുകളും കലക്കി കുടിച്ച “ശ്രേഷ്ഠ” ബ്രാഹ്മണര്‍ എവിടെ പാവപ്പെട്ട ശൂദ്രന്‍ എവിടെ. എന്നിരുന്നാലും ചോദിച്ചു കൂടാത്ത ചോദ്യം, എന്താണ് ശൂദ്രന്‍ ഉണ്ട ഇലകള്‍ക് മീതെ ബ്രാഹ്മണന്‍ ഉരുണ്ടാല്‍? ആരെങ്കിലും ഉരുണ്ടു നോക്കിയിട്ടുണ്ടോ? ഋഷിവര്യന്മാര്‍ വല്ലതും?

കേരളത്തിലും ഒരു കാലത്ത് സമാന സമ്പ്രദായങ്ങള്‍ നിലവില്‍ നിന്നിരുന്നു. സമൂഹ സദ്യക്കും മറ്റും ബ്രാഹ്മണര്‍ ഉണ്ട ഇലയില്‍ ആയിരുന്നു ശൂദ്രന് വിളമ്പിയിരുന്നത്. “ശ്രേഷ്ഠ” ബ്രാഹ്മണരുടെ ഉമിനീരില്‍ ഉള്ള ചില പ്രത്യേകതകള്‍ ആകാം ഇത്തരം ആചാരങ്ങല്ക് പിന്നില്‍! എന്താണ് ഈ ബ്രാഹ്മണര്‍ ഉണ്ട ഇലയില്‍ ശുദ്രന് വിളമ്പുക അല്ലെങ്കില്‍ ശുദ്രന്‍ ഉരുളുക തുടങ്ങിയ ആചാരങ്ങളുടെ ആവിര്‍ഭാവത്തിനു കാരണം?

സ്മൃതികള്‍

മനുസ്മൃതി പറയുന്നു :

The remnants of their food must be given to him, as well as their old clothes, the refuse of their grain, and their old household furniture. [Chapter 10, 125] (ബ്രാഹ്മണന്‍ തന്റെ ഭക്ഷണത്തിന്റെ ബാക്കിയോ, പഴയ വസ്ത്രങ്ങളോ, പാഴ് ധാന്യങ്ങളോ ശുദ്രന് കൊടുക്കണമെന്ന് മനു)

But let a (Sudra) serve Brahmanas, either for the sake of heaven, or with a view to both (this life and the next); for he who is called the servant of a Brahmana thereby gains all his ends.[Chapter 10, 122] The service of Brahmanas alone is declared (to be) an excellent occupation for a Sudra; for whatever else besides this he may perform will bear him no fruit.[Chapter 10, 123] (ബ്രാഹ്മണനെ സേവിക്കലാണ് ശുദ്രന്റെ ഏറ്റവും പറ്റിയ പണിയെന്നു മനു)

ഇതിലും കൂടിയ പല നിയമങ്ങളും മനു പറയുന്നുണ്ട്.

Killing a Brahmana, drinking (the spirituous liquor called) Sura, stealing (the gold of a Brahmana), adultery with a Guru’s wife, and associating with such (offenders), they declare (to be) mortal sins (mahapataka).[Chapter 11,55]

(ബ്രാഹ്മണഹത്യ മഹാപാതകം)

One fourth (of the penance) for the murder of a Brahmana is prescribed (as expiation) for (intentionally) killing a Kshatriya, one-eighth for killing a Vaisya; know that it is one-sixteenth for killing a virtuous Sudra.[Chapter 11,127]

He who has slain a Sudra, shall perform that whole penance during six months, or he may also give ten white cows and one bull to a Brahmana.[Chapter 11,131]

(ശുദ്രന്റെ ജീവന്റെ വില പത്തു പശുക്കളും ഒരു കാളയും)

ബ്രാഹ്മണ മേധാവിത്വം നിലനിര്‍ത്താനുള്ള ഉപായങ്ങള്‍ ആണ് പല വിശ്വാസങ്ങളും. രാജാവ്‌ അവതാരമാകുമ്പോള്‍ രാജാവിനും രാജാ കുടുംബങ്ങങ്ങല്കും കിട്ടുന്ന പരിവേഷം തന്നെയാണ് ബ്രാഹ്മണ സേവ ചെയ്യുന്ന ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ ബ്രാഹ്മണനും കൊടുക്കുന്നത്.

വിശ്വാസം ഇരുമ്പുലക്കയല്ല

"വിശ്വാസത്തെ ഹനിക്കരുത്. എച്ചിലിലയില്‍ ഉരുളല്‍ മറ്റാരെയും ഉപദ്രവിക്കുന്നില്ലല്ലോ. വിശ്വാസികളായി അവരുടെ പാടായി" തുടങ്ങിയ പല വിധത്തിലുള്ള ന്യായീകരണങ്ങളും ഉയര്‍ന്നു കേള്‍കാം. എത്രയോ വിശ്വാസങ്ങള്‍ മാറിയിരിക്കുന്നു . കര്‍ണാടകത്തില്‍ തന്നെ നഗ്ന പൂജ തൊട്ടു, മൃഗ ബലി വരെ നിരോധിക്കപെട്ടു. അതിലും ഒക്കെ എത്ര മ്ലെശ്ചമായ ഒരു പരിപാടിയാണ് ഈ എച്ചിലിലയില്‍ ഉരുള് സേവ?

സതി, ശൈശവ വിവാഹം, വിധവ പീഡനം, തൊട്ടുകൂടായ്മ, തീണ്ടികൂടയ്മ, കുടിയാന്‍ ജന്മി സമ്പ്രദായം മുതലായ ഒട്ടേറെ മനുഷ്യത്വരഹിതമായ സമ്പ്രദായങ്ങള്‍ നിലവില്‍ നിന്നിരുന്ന ഒരു സമൂഹമാണ്‌ നമ്മുടേത്‌. പല അനാചാരങ്ങളെയും തുടച്ചു മാറ്റാന്‍ നമുക്ക് സാധിച്ചു. സതി, ശൈശവ വിവാഹം, വിധവ പീഡനം മുതലായ ആചാരങ്ങള്‍ തുടച്ചു മാറ്റിയത് മതതിനുള്ളില്‍ നടന്ന നവോഥാനം ആണെന്ന് കാണാന്‍ കഴിയും. ഉദാഹരണത്തിന് സതികെതിരെയും ശൈശവ വിവാഹതിനെതിരെയും നടന്ന പോരാട്ടം - സതിവാദികളും സതി വിരോധികളും തമ്മില്‍ നടന്ന സംവാദം രാജാ രാം മോഹന്‍ റോയിയുടെ സമ്പൂര്‍ണ കൃതികളില്‍ കാണാന്‍ കഴിയും. സ്വാമി ദയാനന്ദ സരസ്വതിയെ പോലുള്ളവര്‍ മത ഗ്രന്ഥങ്ങളെ ഉദ്ധരിച്ചു തന്നെയാണ് സതിവാദികളെ നേരിട്ടത്. മതങ്ങള്‍ക്കുള്ളില്‍ തന്നെ ഇത്തരത്തിലുള്ള ആചാരങ്ങളെ എതിര്കാനുള്ള വകുപ്പ് ഉണ്ടെന്നതാണ് വാസ്തവം. നിലവിലുള്ള സമൂഹത്തിനു യോജിക്കാന്‍ ആകാത്ത സമ്പ്രദായങ്ങള്‍ മാറിയെ തീരു, ഏതു മതത്തില്‍ ആയാലും.

മാറ്റം മാത്രമാണ് അചഞ്ചലമായത് എന്ന് പറഞ്ഞ ഗ്രീക്ക് ഫിലോസോഫര്‍ ആയ ഹെരക്ലിടസ് (Heraclitus) (535 BC - 475 BC), മാറ്റുവിന്‍ ചട്ടങ്ങളെ! അല്ലെങ്കില്‍ മാറ്റും അതുകളീ നിങ്ങളെത്താന്‍, എന്ന് ചൊല്ലിയ കുമാരനാശാന്‍,

Come mothers and fathers; Throughout the land; And don’t criticize; What you can’t understand; Your sons and your daughters; Are beyond your command; Your old road is; Rapidly agin’; Please get out of the new one; If you can’t lend your hand; For the times they are a-changin’

എന്ന് പാടിയ അമേരിക്കന്‍ ഗായകന്‍ ബോബ് ഡിലന്‍, ഉത്തിഷ്ടത ജാഗ്രത എന്ന് ആഹ്വാനം ചെയ്ത സ്വാമി വിവേകാനന്ദന്‍.. ഇവരെല്ലാം നിലകൊണ്ടതും മാറ്റത്തിനു വേണ്ടി ആയിരുന്നു.

I would rather have every one of you be rank atheists than superstitious fools. There is no mystery in religion. Mystery mongering and superstition are always signs of weakness. These are always signs of degradation and of death. Therefore beware of them; be strong, and stand on your own feet.

എന്ന് പറയുന്ന സ്വാമി വിവേകാനന്ദന്‍ ഒരു വശത്തും. മാടെ സ്നാന പോലുള്ള ആചാരങ്ങളെ ന്യായീകരിക്കുന്ന പെജവര്‍ ആശ്രമത്തിലെ സ്വാമി വിശ്വേശതീത മറു വശത്തും. അജഗജാന്തരം തന്നെ! കര്‍ണാടകത്തിലെ മഠങ്ങള്‍ തദ്ദേശ സ്വിസ്സ് ബാങ്കുകള്‍ ആണെന്ന് ഇരുമ്പയിര്‍ കുംഭകോണം പുറത്തു കൊണ്ട് വന്ന വിവരാവകാശ പ്രവര്‍ത്തകന്‍ അഭിപ്രായപ്പെട്ടതില്‍ അതിശയിക്കാനില്ല. മാറ്റത്തിനു നേരെ ഉള്ള ഈ മസില്‍ പിടിത്തം എന്ന് വരെ എന്ന ചോദ്യം ബാക്കി! ആന്ധ്ര പ്രദേശിലും, തമിഴ്നാടിലും ജാതി കോട്ട കൊത്തളങ്ങള്‍ മറിച്ചിട്ടുകൊണ്ടുള്ള ദളിത്‌ പുരോഗമന പ്രസ്ഥാനം, ഇനിയും ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ സമ്പ്രദായങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്നുള്ള സൂചന അല്ലേ? മാറ്റം കാലത്തിന്റെ ഒരനിവാര്യത അല്ലേ?.

കേരളത്തിലെ രാജഭക്തര്‍

കൊച്ചു കേരളത്തില്‍ ചരിത്രത്തിന്റെ ചുവരെഴുത്ത് കാണാത്തവര്‍ മഹാരാജാവിന്റെ പിറനാള്‍ ആഘോഷം ഒരു വര്ഷം വീണ്ടു നില്‍കുന്ന കലാപരിപാടി ആക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. പരമ പൂജ്യനായ ശ്രീ കെ ആര്‍ നാരായണന്‍ എന്ന ഒന്നാം റാങ്കുകാരന് ദളിതനെന്ന ഒറ്റ കാരണത്താല്‍ ജോലി നിഷേധിച്ച ശ്രീ ചിത്തിര തിരുനാള്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പേരില്‍ ആഘോഷിക്കപെടുന്നു (ഇവിടെ പ്രവേശനം കിട്ടിയവരല്ലേ ക്ഷേത്ര പ്രവേശന വിളംബരം ആഘോഷിക്കേണ്ടത്? ഒരു പക്ഷിയെ കൂട് തുറന്നു വിട്ടാല്‍, കൂടിന്റെ താക്കോല്‍ സൂക്ഷിപ്പ്കാരനാണോ അതോ പക്ഷി ആണോ സ്വാതന്ത്ര്യം ആഘോഷിക്കുന്നത്?). സ്വാമി വിവേകാനന്ദന്‍ ഭ്രാന്തലയമെന്നു വ്യസനിച്ച കേരളത്തെ ഇന്ന് കാണുന്ന നിലയില്‍ എത്തിച്ചത് അയ്യങ്കാളിയെയും, ശ്രീ നാരായണ ഗുരുവിനെയും, സഹോദരന്‍ അയ്യപ്പനെയും, വി ടി ഭട്ടതിരിപാടിനെയും പോലുള്ള നവോഥാനനായകരായിരുന്നു, പുരോഗമന ആശയങ്ങള്‍ വിതച്ച ഇടതുപക്ഷ പ്രസ്ഥാനമായിരുന്നു. അവരെയൊക്കെ അല്ലേ നമ്മള്‍ ആഘോഷിക്കേണ്ടത്?

References:

  1. The Hindu Dec 1, 2011 "Assaulted for protesting against made snana"
  2. The Hindu Nov 30, 2011 "Vedike demands ban on made snana"
  3. Times Of India Nov 29, 2011 "Swelling numbers opt for ritual 'snana' at Kukke Subrahmanya"
  4. Manu-smriti Translated by George Bühler [1886] Sacred Books of the East, vol. 25