Krishnan_Damodaran എന്ന എന്റെ പുതിയ ഫേസ്ബുക്ക്‌ പാസ്സ്‌വേര്‍ഡിനെ പറ്റി

നല്ല ജില്‍ - ജില്‍ന്നൊരു പകല്‍ . അത് വെട്ടി പൂളി മൂന്നു പൊളി ആക്കിയിട്ടു.....

കാലത്ത്‌ എപ്പോഴോ തുടങ്ങിയ ഒന്നാം പൊളിയില്‍ ഞങ്ങള്‍ ആകാശത്തെ ചുടുവേരുകളില്‍ കോര്‍ത്ത്‌ ഒട്ടിച്ചു നിര്‍ത്തിയ ‘കോമ്രേഡ് ഭാസ്കരന് ’ സ്പര്‍ശ രേഖകള്‍ വരച്ചു മടിക്കേരി–തിരുവുലകം സര്‍വീസ് റോഡിലൂടെ തൂവാനം നനഞ്ഞു പാറികൊണ്ടിരുന്നു....

രണ്ടാം പൊളി ഓര്‍മ്മകളുടെ പ്രളയമാണ്....മേഞ്ഞ ഓലകെട്ടുകളുടെ വിടവുകളിലൂടെ കാന്‍വാസില്‍ വെളിച്ചവട്ടങ്ങള്‍ വീഴുന്ന നാടോടി ടാകീസ്....ഇരുട്ട് വീഴുമ്പോള്‍ കേള്‍ക്കുന്ന ബഹളം ജിന്നനാണ്. ചിലപ്പോഴൊക്കെ തദ്ദേശീയരും ഞങ്ങളോട് കൂവാന്‍ കൂടി. ഒരറ്റത്ത് കത്തി നീറി തുടങ്ങുന്ന വെള്ളിത്തിരയുടെ മറ്റേ അറ്റത് നൃത്തം ചെയ്യുന്ന നായിക സ്വപ്നമാണ്...അത് ജിന്നനോട് പറഞ്ഞില്ല....അവന്‍ അങ്ങനെ എന്തെങ്കിലും കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു, കൊള്ളി ഉരയ്കാന്‍ ....

തളര്‍ച്ചയുടെ മൂന്നാം പൊളി നിനക്കും അറിയാം. പൊള്ളി തുരുമ്പിച്ച പെട്രോള്‍ ടാങ്കില്‍ ഉരഞ്ഞു എന്റെ വൃഷണങ്ങള്‍ നീറി തുടങ്ങിയിരുന്നു അപ്പോഴേക്കും. ജിന്നന്‍ പാതയോരങ്ങളില്‍ തുളുമ്പി കൊണ്ടിരുന്നു. വഴിയരികില്‍ അലറുന്ന പച്ച വെളിച്ചത്തില്‍ കുളിച്ച് നിന്ന വൈന്‍ ഷോപിനു മുന്നില്‍ വേഗം കുറച്ചപ്പോള്‍ പലതവണ ചീറി ഇടയ്ക്ക് കയറിയും വിട്ടു തന്നും കൂടെ ഉണ്ടായിരുന്ന രാക്ഷസന്‍ കരി ലോറി ഞങ്ങളെ കടന്നു പോയി. ജിന്നനു ഭ്രാന്ത് അവസാനിച്ചിരുന്നില്ല. എനിക്ക് കാത്തു നില്‍ക്കാതെ അവന്‍ വരിയില്‍ കയറിയപ്പോള്‍ തടഞ്ഞു,

“ഡേയ്, വീടെത്തുമോ?”

“പോടാ...കാലത്ത് ബുള്ളറ്റും പെടച്ചു ഇറങ്ങിയത് റോഡില്‍ കിടന്നു ഉറങ്ങാനാണ്”

ഇറങ്ങുമ്പോള്‍ അവന്‍ സമ്മതിച്ചതാണ്. സന്ധ്യക്ക് മുന്‍പ്‌ പിടുത്തം വിടാം. എന്നാലും ഒരു പരിചയവും ഇല്ലാത്ത ഒരിടത്ത്‌ അവനെ ഇങ്ങനെ ഒറ്റയ്ക്ക് വിട്ടു പോകാന്‍ തോന്നിയില്ല.

“ഡാ നീയ്യ് നിക്കണ്ട...തെറിച്ചോ...ലവള് വിളി തോടങ്ങിയില്ലേ...?”

അതെ. അവള്‍ കാത്തിരിക്കുന്നു... ഹൈ-വേയില്‍ നിന്നും തിരിയുന്ന അവസാനത്തെ നാട്ടുവഴിയില്‍ വെച്ച് ഞങ്ങള്‍ പിരിഞ്ഞു...

കാര്യേജ് ട്രക്കുകള്‍ മാത്രം നിര്‍മിക്കുന്ന ഞങ്ങളുടെ കമ്പനിയുടെ ഇന്ത്യയിലെ ഡിസൈന്‍ ടീമിന്റെ വിക്കീ പേജ് തുറക്കുമ്പോള്‍ കൃഷ്ണന്‍ D. നെടുങ്ങാടി എന്ന മലയാളി ചുവയുള്ള പേര് നിങ്ങള്‍ പലയിടത്തും കണ്ടുവെന്ന് വരാം. ഞങ്ങള്‍ക്ക്‌ അത് പക്ഷെ ഡിപ്രഷന്റെ മൂന്നാമത്തെ അവധിയും കഴിഞ്ഞു തിരിച്ചെത്തിയിട്ടും ഇടയ്ക്കൊക്കെ വിചിത്രമായി പെരുമാറുന്ന പഴയ ടീം ലീഡിന്റെ പേരാണ്. ഡിസൈന്‍ ടീമിലെ ഇളമുറക്കാര്‍ക്ക്, ഞങ്ങള്‍ക്ക്‌, ഇന്നലെ കാലത്ത് കിട്ടിയ രസികന്‍ ടാസ്ക്കില്‍ നിന്ന് വേണം തുടങ്ങാന്‍. സംഗതി ഇതാണ്,പുതിയ ചില prototype കള്‍ സൃഷ്ടിക്കാന്‍ ഒരു കളിമണ്‍ ശില്പിയെ സംഘടിപ്പിക്കണം. നെടുങ്ങാടി സര്‍ ഇന്നലെ സ്റുഡിയോയിലേക്ക് ചിരിച്ചു കൊണ്ടാണ് കയറി വന്നത്.

“വീകെന്‍റ് വെറുതെയിരിക്കണ്ട...കറങ്ങ് ...ഉടുപ്പി-കരാവല്ലി സ്ട്രിപ്പ് പിടിക്ക്...പുഴമണ്ണ് കുഴച്ചു പ്രതിമ പണിയുന്നവര്‍ പറ്റില്ല...ഇതിനു സ്പെഷ്യലിസ്റ്റുകള്‍ വേറെ ഉണ്ട്. പഴയ ചില contract artisans ന്റെ അഡ്രെസ്സുകള്‍ തരാം...കാര്യം അറിഞ്ഞാല്‍ ഒരു മടിയുമില്ലാതെ പുറപ്പെടും...അവര്‍ക്കിത് 'goldmine' അല്ലെ ?”

നാട്ടില്‍ മഴ തുടങ്ങിയ ആഴ്ചയാണ്. പോകാന്‍ ലേശം കൊതി പോലും തോന്നി തുടങ്ങിയിരുന്നു. കമ്പനി ചിലവിലുള്ള റോഡ്‌-ട്രിപ്പുകള്‍ എപ്പോഴും വരില്ല. നെടുങ്ങാടി സര്‍ കൈയ്യിലെ ഒഴിഞ്ഞ പേപ്പര്‍ ഗ്ലാസ്‌ അറ്റം കീറി പരത്തി കൊണ്ട് പറഞ്ഞു,

“താല്പര്യമുണ്ടെങ്കില്‍ നിങ്ങടെ ബാച്ചിലെ ആരെയെങ്കിലും കൂടെ വിളിച്ചോ...വണ്ടിയെടുക്ക്...പെട്രോള്‍ ബില്ല്‌ കളയണ്ട...ഇവിടെ പ്രോട്യൂസ് ചെയ്യണം...”

കാഫെറ്റീരിയയില്‍ വെച്ചു ഏണാക്ഷിയോട് സൂചിപിച്ചപ്പോള്‍ പരിഹാസം.

“ക്രിഷിനു വട്ട്.... Plaster-of-Paris ഉം മറ്റും വെച്ചുള്ള ചെറിയ അഭ്യസങ്ങള്‍ക്കുള്ള സ്കോപ്പ് അല്ലെ ഇവിടെ ഉള്ളു...കട്ടിംഗ് എഡ്ജ് മോഡലിംഗ് ഒന്നും നമ്മള്‍ ഇന്ത്യയില്‍ ചെയുന്നില്ലല്ലോ... ശില്പി എന്തിനു ? ജീപ്പുകളുടെ കൂടെ ഇനി നമ്മള്‍ ഫെങ്ങ്ഷൂ പ്രതിമകളും വിറ്റ്‌ തുടങ്ങുന്നുണ്ടോ ?”

ഇതൊക്കെ പറഞ്ഞാലും അവള്‍ വരുമെന്ന് തോന്നി. പി ജി ഹോസ്റ്റലില്‍ പകലുകള്‍ തള്ളി നീക്കുന്നത് കഷ്ടം. ഒരു തരത്തിലും പിടി കിട്ടാത്ത ഭാഷ. പരിചയക്കാര്‍ കുറവ്. ഭജനയുള്ള അമ്പലങ്ങളില്‍ പോകുന്നു. മള്‍ടിപ്ലക്സുകള്‍ താല്‍പര്യമില്ലെന്ന് മുന്‍പും തോന്നിയിട്ടുണ്ട്. ‘ബിചിത്ര’യുടെ ചെറിയ മീറ്റിങ്ങുകള്‍. ഷട്ട്-ഡൌണ്‍ ഇല്ലാത്ത ആഴ്ചയറുതികളില്‍ ഓഫീസില്‍ വന്നിരിക്കുന്നത് കണ്ടിട്ടുണ്ട്.
അര മണിക്കൂറിനുള്ളില്‍ ഏണാക്ഷിയ്ക്ക് സി-സി ഇട്ടു കൊണ്ട് ക്രിഷിന്റെ മെയില്‍ വന്നു. പിംഗ് ചെയ്തു ചോദിച്ചപ്പോള്‍ മറുപടി,

”എതിര്‍പ്പില്ല..അത്ര തന്നെ”

ഞായറാഴ്ച കാലത്ത് പുട്ടുരില്‍ എത്തുന്നതരത്തില്‍ ഉള്ള ട്രെയിന്, അങ്ങനെയാണ് നോക്കിയത്...തത്ക്കാലില്‍ പോലും ടിക്കറ്റ്‌ കാണാഞ്ഞപ്പോള്‍ മാരുതിയാവും സജ്ജസ്റ്റ്‌ ചെയ്തത്,

“സാറ്റര്‍ഡേ ഈവനിംഗ് നോക്ക് ”

കാബിനുകള്‍ക്കപ്പുറത്ത് നിന്നും പിന്നെയും ശബ്ദങ്ങള്‍ കേട്ടു.

“അക്കൊമോടെഷന്‍ പേടിക്കണ്ട.രാമകൃഷ്ണ മിഷന്റെ പ്രയര്‍ ഹാള്‍ ഉണ്ട്, പയസ്വിനിയുടെ തീരത്ത് തന്നെ. രാത്രിയായാല്‍ കയറ്റ്കട്ടിലുകള്‍ പിടിച്ചിട്ടു ഡോര്മിട്രറി ആക്കും. ലേഡീസ് ഓണ്ലി. സേഫ് ആണ് ”

പിന്നെയും ചര്‍ച്ചകള്‍. ബഹളം ഒഴിഞ്ഞപ്പോള്‍ ഏണാക്ഷി ഡസ്കിലേക്ക് വന്നു.

“യാത്ര ആഘോഷിക്കുകയാണല്ലോ മേഡം ?”

"നിങ്ങള്‍ മല്ലൂസിന്റെ conspiracy യില്‍ നിന്നും എന്നെ ഒഴിവാക്കി എടുക്കാന്‍ മാരുതി സര്‍ ശ്രമിക്കുന്നുണ്ട്. But Krish is adamant, that I should accompany you."

അത് വിട്, നീ താല്പര്യം കാണിക്കാതെ നെടുങ്ങാടി സര്‍ detailed trip plan ഉം മറ്റും ഉണ്ടാകില്ല. മെയിലുകള്‍ അയക്കില്ല. (നിന്നെ വെറുതെ rope-in ചെയ്തതിനും അത് വഴി അനാവശ്യ complications ഉണ്ടാകിയതിനും എന്നോടുള്ള നീരസം വേറെ.) ഇത്തരം വക്ക് പൊട്ടിയ നമ്പരുകളില്‍ നീ അവസാന വാക്കാണു. അത് കൊണ്ട് എന്റെ കമന്റ്‌ താഴെ ചേര്‍ക്കുന്നു,

"ROFLMAO"

അകലങ്ങളില്‍ ഇരുന്നു ഏണാക്ഷി എന്നിലേക്ക്‌ എത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ അന്തരീക്ഷത്തില്‍ വീണു ചിന്നികൊണ്ടിരുന്നു....

അവസാനത്തെ മെസ്സേജ് മാത്രം മുഴുവനായി കിട്ടി, “കൊതായ്‌ ബോദ്മാഷ് ? 1 ”.

‘പയ്യന്‍’ ആയിട്ട് മറുപടി പെടച്ചു ”വരുന്നെടി ഞാന്‍”. മുള്‍ ചെടികള്‍ അതിരിട്ട നീണ്ടു നടുവളഞ്ഞ റോഡിന്‍റെ അറ്റത്തെ ആകാശത്ത് ‘കോമ്രേഡ് ഭാസ്കരന്‍’ അവസാനത്തെ പഫ്ഫും എടുത്ത് കാത്തു നിന്നു.

ചരല്‍ കല്ലുകള്‍ അട്ടിയിട്ട കനാല്‍ വരമ്പിലൂടെ സൂക്ഷിച്ചു വേണം നീങ്ങാന്‍. ഇടയ്ക്ക് ഒന്ന് വഴുക്കി മൊട്ടു വകറുകയും ചെയ്തു. അനാഥ ചന്ദ്രന്‍ അല്ലാതെ വേറെ പൊട്ടും പൊളിയും വീഴാത്ത പയസ്വിനിയുടെ ആകാശത്ത് ഇടയ്ക്കിടെ മിന്നലുകള്‍ പാറികൊണ്ടിരുന്നു. അകലെ കാണുന്ന പള്ളി മിനാരങ്ങള്‍ക്കിടയില്‍ പലയിടത്തായി നീല വെളിച്ചത്തിന്റെ മൊട്ടുകള്‍ കാണാം. അകത്തു മുക്രിയെങ്കിലും കാണാതിരിക്കില്ല...പ്രയര്‍ ഹാളിലേക്ക്‌ ഉള്ള വഴി അറിയണം, അത്രയെ ഉള്ളു. രാത്രി കിടത്തം എവിടെയും ആവാം. വണ്ടി പള്ളിയുടെ കവാടത്തിലേക്ക് തിരിക്കുമ്പോള്‍ യാദൃശ്ചികമായി ഹെഡ്ലൈറ്റ് അകലെയുള്ള തുരുമ്പിച്ച ബംഗാളി അക്ഷരങ്ങളില്‍ ചെന്ന് വീണു. ഗെയ്റ്റിന്റെ വിടവുകളിലൂടെ അകത്തെ പടിയില്‍ മഫ്ലര്‍ പുതച്ചിരിക്കുന്ന അവളുടെ രൂപം ശ്രദ്ധിച്ചു. വണ്ടി മതില്‍ ചാരി നിര്‍ത്തുമ്പോള്‍ അകത്തു നിന്നും സംസാരം കേള്‍കാം, കെയര്‍ടേക്കര്‍ വൃദ്ധനോട് ലാതി വീശുകയാവും.

“ഹിന്ദി അറിയുന്ന ഒറ്റ കിഴവന്മാരെ നീ മിസ്സ്‌ ചെയ്യില്ല !”

“കാണാഞ്ഞപ്പോള്‍ നീ ഇനി പ്ലാന്‍ മാറ്റിയോ എന്ന് ചോദിക്കുകയായിരുന്നു സകലേഷ്‌ ദാ”

കിഴവന്‍ ഇടയ്ക്ക് കയറി, “ഞങ്ങള്‍ നാട്ടുകാരാണ്...വെസ്റ്റ്‌ അസ്സം...നല്ബാരി”

അവള്‍ ചിരിച്ചു. അവള്‍ക്കിതിന്റെ ആവശ്യമൊന്നും ഇല്ല. അവള്‍ നല്ല പിടയ്ക്കുന്ന ഹൌറകാരിയാണ്.

“ഡിന്നര്‍ അയിത്താ ?”

“ആയിത്തു ആയിത്തു”. വികലമെങ്കിലും അവളുടെ ഉച്ചാരണം കേള്‍ക്കാന്‍ രസമുണ്ട്.

“മാരുതി സര്‍ കുറച്ചു മുന്‍പും കൂടി വിളിച്ചിരുന്നു. ഇവിടുത്തെ ഊടുവഴികള്‍ വരുത്തര്‍ക്ക് കഠിനം. അഡ്രസ്സുകള്‍ ഒക്കെ മറക്കാതെ കൈയ്യില്‍ വെച്ചാട്ടെ. ഒക്കെ തേടിയെടുക്കം.രാവിലെ ആവട്ടെ”

അവള്‍ക്ക ചിരി. ഓ !! ഇതും മാരുതിയുടെ ഏര്‍പ്പാട് ആണല്ലേ...ബലേ !

“ഹള്ളി മനെയില്‍ ഒരു തട്ട് മുറി പറഞ്ഞിട്ടുണ്ട്. എന്നാല്‍ നടക്കാം സാറെ ?”

അതും എരമ്പി.

“അപ്പോള്‍ കാലത്ത് ”

അവള്‍ അകത്തേക്ക് നടന്നു. പള്ളി കോമ്പൌണ്ടിന്റെ വെളിച്ചം വീഴാത്ത ഒരറ്റത്ത് കൂടെ ഞങ്ങള്‍ നടന്നു തുടങ്ങി. അകലെ മിനാരങ്ങളുടെ നിഴലില്‍ നീലവെളിച്ചം വീഴ്ത്തുന്ന മൊബൈലുകളില്‍ സംസാരിച്ചു കൊണ്ട് ഉലാത്തുന്ന ഒരുപാട് സ്ത്രീകളെ കണ്ടു. വിചിത്രമായി തോന്നി.

“ബൈ-ടു കേസുകള്‍ ആണ് സാറെ. ഹിജ്രകള്‍. ഈ പള്ളി അവരുടെ താവളം ആണ് ”

നടുക്കം പുറത്തു കേള്‍ക്കാതിരിക്കാന്‍ ഉറക്കെ ചിരിച്ചു. പള്ളിയിലേക്ക്‌ വഴിയന്വേഷിച്ചു കയറാന്‍ തീരുമാനിച്ച നിമിഷത്തെ ഓര്‍ത്തു. പിന്നെ, ബള്‍ബുകളില്‍ നിന്നും സ്വര്‍ണ്ണ വെളിച്ചം തിളച്ചോലിക്കുന്ന 'മെജെസ്റ്റിക്കി'ലേയ്ക്കുള്ള സബ്-വേകളില്‍ ഇളകുന്ന ലോലാക്കുകള്‍ക്കും കരുത്തന്‍ കൈയ്യടികള്‍ക്കും ഇടയില്‍ ഒറ്റപ്പെട്ടുപോകുന്ന രാത്രിയാത്രാന്ത്യങ്ങളെ കുറിച്ച്. വണ്ടി ഇളകി തുടങ്ങുന്നതിനു തൊട്ട് മുന്‍പ്‌ മാത്രം ഫുട്ബോര്‍ഡില്‍ നിന്നും ചാടി ഇറങ്ങുന്ന കിലുങ്ങുന്ന രൂപങ്ങളെ ഭയപ്പെടാന്‍ പഠിപ്പിച്ചത് മഹാ നഗരമാണ്....

ഉയരം കുറഞ്ഞ തട്ടുള്ള പഴയ ഒരു മുറി. പൊളിഞ്ഞ അലമാരയുടെ തടി തിരിച്ചിട്ട് പലക വെച്ചതാണ് കട്ടില്‍. തേയിലയുടെ വലിയ ചാക്ക് കെട്ടുകള് അരികില്‍ അട്ടിയിട്ടിട്ടുണ്ട്. തുറന്നിട്ട ജനലിലൂടെ തൂവാനം നനഞ്ഞു നില്‍കുമ്പോള്‍ കടവത്തെ മണലില്‍ നിര്‍ത്തിയിട്ട ‘ജീവന്‍’ എന്ന ലേബല്‍ ഒട്ടിച്ച ബൈക്കിന്‍റെ ചിത്രം, അതായിരുന്നു ഉറങ്ങുന്നതിനു മുന്‍പ്‌ കണ്ട അവസാനത്തെ കാഴ്ച..

ഇവിടുത്തെ പകലിനു ഒട്ടും മൂര്‍ച്ചയില്ലെന്നു തോന്നി. തണുത്ത മാളങ്ങളില്‍ നിന്നും വെയിലിന്റെ അലകള്‍ പറന്നു തുടങ്ങുന്നു. പയസ്വിനിയുടെ അതിരുകള്‍ കോര്‍ത്ത്‌ കേട്ടിയ തൂക്കുപാലം ഇളക്കങ്ങളില്‍ കിലുങ്ങി കൊണ്ടിരുന്നു. താഴെ കാണുന്ന കടവുകളില്‍ ഏതിലൊ നിന്നും വലിച്ചെറിഞ്ഞ കീറിയ ശീലകഷ്ണം പോലെ സൂര്യന്‍ പുഴയില്‍ കിടന്നു തിളങ്ങി. വളരെ പണിപ്പെട്ടു സ്വയം ബാലന്‍സ് ചെയ്തു അവള്‍ ഒന്ന് രണ്ടു ചിത്രങ്ങള്‍ എടുത്തു. ഞങ്ങളും അനങ്ങാതെ നിന്ന് കൊടുത്തു. കിഴവന്‍ കാലത്ത് തന്നെ വെള്ളമാണെന്ന് തോന്നുന്നു.

“നിങ്ങള്‍ തന്ന അഡ്രസ്സുകള്‍ ഒന്നും ശരിയാവണം എന്ന് തന്നെ ഇല്ല കെട്ടോ. പുഴ ഭൂമിശാസ്ത്രം തന്നെ മാറ്റി എഴുതുകയല്ലേ ? പിന്നെയാണോ വിലാസങ്ങള്‍. ഇനി ഒന്നും സംഭവിച്ചില്ലെങ്കില്‍ കൂടി കയറിയും ഇറങ്ങിയും വരുന്ന പുഴയുമായി തായം കളിച്ചു മടുക്കുമ്പോള്‍ പലരും അടിവാരത്തേക്ക് ഇറങ്ങുന്നു. അവിടെ കുംഭകാര തെരുവുകളില്‍ സാറീ പറയുന്ന പലരും കാണും.”

മഴ വീണു കുതിര്‍ന്ന നാട്ടുവഴികളിലൂടെ ഞങ്ങള്‍ നടന്നെത്തിയത് വലിയ കിണറിനു ചുറ്റും നിരത്തിയ എണ്ണമില്ലാത്ത വിഗ്രഹങ്ങള്‍ക്ക്‌ മുന്നില്‍ ആണ്.

“ഉഗാദിയ്ക്കുള്ള ഉത്സവ പണി നടക്കുന്നു”

പണിഞ്ഞു തീരാത്ത ആയുധങ്ങളുടെ കളിമണ്‍ രൂപങ്ങളും പകുതിയ്ക്ക് വെച്ച് നിര്‍ത്തിയ, നാക്ക് പുറത്തേക്കു നീട്ടി നില്‍കുന്ന, രാക്ഷസത്തലകളും മഴ വീണു കുതിര്‍ന്ന കോണ്‍ക്രീറ്റ് നിലത്ത് കിടന്നുരുണ്ടു. മൊട്ടു വരെ ചളിപുരണ്ട കാലുകള്‍ ഞങ്ങള്‍ക്ക് ചുറ്റും തിരക്ക് പിടിച്ചു നീങ്ങി കൊണ്ടിരുന്നു. കുറച്ചകലെ ചാക്കുവിരികള്‍ മറച്ചിട്ട അകത്തളങ്ങളിലേയ്ക്ക്‌ പലരും കയറി പോകുന്നത് കണ്ടു.

“ഫ്ലോടിന്റെ പണി അവിടാ നടക്കുന്നത്. മായന്‍ നിങ്ങള്‍ക്ക്‌ പറ്റിയ ഒരുത്തനാ. അകത്തു കാണും. സാറ് കയറി നോക്കിയാട്ടെ.”

അപ്പോള്‍ ആദ്യമായി ഇത് അപരിചിതമായ ഒരിടം ആണെന്ന തിരിച്ചറിവ് ഉണ്ടായി. അവളെ ഒറ്റയ്ക്ക് ഇവിടെ നിര്‍ത്തി അകത്തേക്ക് കടക്കാന്‍ എന്തോ ഒരു വല്ലായ്മ തോന്നി. ചാക്കുവിരികള്‍ നിവര്‍ത്തി അകത്തേക്ക് ആദ്യം കടന്നത് അവളാണ്. കൈയ്യില്‍ പ്ലാസ്റ്റിക്‌ ഉറ ചുറ്റികെട്ടി വെളുത്ത മാവ് കൊണ്ട് വിഗ്രഹങ്ങളില്‍ മിനുക്കുപണികള്‍ ചെയ്യുന്ന ചിലരെ കണ്ടു.

“പള്‍പ് ആണ് മുഴുവന്‍. പുറത്തു പാരിസ്‌ പൊടിയിട്ട് മിനുക്കും”

അകത്തു സരസ്വതിയുടെ ദീര്‍ഖരൂപത്തിന്റെ ഇടതു പകുതിക്കടുത്ത് കണ്ണാടി വെച്ചിരിക്കുന്നത് കണ്ട് കൌതുകം തോന്നി. ഞങ്ങള്‍ ഇത് ചെയ്യുന്നതാണ്, പുറത്തു നിന്നും നോക്കുമ്പോള്‍ ജീപ്പുകള്‍ bilaterally symmetric ആണ്, മനുഷ്യരെ പോലെ. അത് കൊണ്ട് ഇടതു ഭാഗം കാസ്റ്റ്‌ ചെയ്തു അരികില്‍ കണ്ണാടി വെക്കുമ്പോള്‍ കണ്ണാടിയിലെ പ്രതിബിംബവും ചേര്‍ത്ത് മുഴുവന്‍ ജീപ് കിട്ടുന്നു. സ്റുഡിയോയില്‍ ഇപ്പോഴും ഇടതു ഭാഗത്തിന്റെ കാസ്റ്റ്‌ മാത്രമേ നിര്‍മിക്കാറുള്ളു !

സരസ്വതി രൂപത്തിന്റെ അടുത്ത് നില്‍ക്കുന്ന കൃതാവിലേക്ക് നീട്ടി വളര്‍ത്തിയ മീശയുള്ള മനുഷ്യനാണ് മായന്‍ എന്ന് ആരോ പറഞ്ഞു തന്നു.

xdfdfd
Image Credit: Flickr@ Andrew Hill

“അങ്കപ്പോരുത്തം 2 തന്നെയാണ് ഞങ്ങളുടെയും നോട്ടം. ഇടതു വശത്ത് പറ്റിയ തെറ്റുകള്‍ വലതിടതും ആവര്‍ത്തിക്കണം. അല്ലെങ്കില്‍ കാണുന്നവര്‍ മൂര്‍ത്തിയുടെ ഒതുക്കമില്ലായ്മയെ കുറിച്ചു പരാതി പറയും.”

“സ്റ്റുഡിയോ വര്‍ക്കുകള്‍ ? ”

“ഞാന്‍ വന്നിട്ടുണ്ട് അവിടങ്ങളില്‍ ഒക്കെ. ദോമ്മസാന്ദ്രയിലെ നിങ്ങളുടെ പഴയ ഓഫീസ് കെട്ടിടത്തില്‍ . ലോഡ്ജിലെ താമസം, ഭക്ഷണം. പണിസ്ഥലത്ത് പലരും കയറി ഇറങ്ങും, അഭിപ്രായം പറയും. കടലാസ്സില്‍ വരച്ചിടുന്നത് മണ്ണില്‍ കുഴുച്ചിട്ടു കൊടുക്കാന്‍ ഞാന്‍ വേണമെന്നില്ലല്ലൊ.”

“സമ്മതിക്കുന്നു.പക്ഷെ ഇതിന്റെ കണക്കുകള്‍ ,സാങ്കേതികത്വം ഒക്കെ വേറെ. അത് പരിചയമുള്ളവര്‍ കുറവ്. ഞങ്ങളുടെ കൈയില്‍ സമയം കഷ്ടിയാണ്.”

“വീട്ടിലേക്ക്‌ ഇരിക്കു. ഞാന്‍ ഇതൊന്നു മുഴുവനാക്കട്ടെ”

സകലേഷ്‌ദാ യെ ഞങ്ങള്‍ക്ക്‌ ഇതിനിടയ്ക്ക് എവിടെയോ വെച്ചു നഷ്ടപ്പെട്ടു. പാറക്കൂട്ടങ്ങളിലേക്ക് ഇറങ്ങുന്ന ഇടവഴി ആരോ കാണിച്ചു തന്നു. കള്ളി ചെടികള്‍ അതിരിട്ടു നില്‍ക്കുന്ന തകരം മേഞ്ഞ വീടിന്റെ മുന്‍ഭാഗത്ത്‌ ഞങ്ങള്‍ ഒന്നും ചെയ്യാനില്ലാതെ അകലേക്ക്‌ നോക്കി ഇരുന്നു.

“ഉച്ചയ്ക്ക് മുന്‍പ്‌ ഇത് കഴിഞ്ഞു കിട്ടിയാല്‍ കലക്കി ! അണ്ണാജി ഇന്ന് നഗരത്തില്‍ ഉണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ ഫ്രീഡം പാര്‍ക്കില്‍ ഒരു സെഷന്‍ ഞങ്ങളും ഫാസ്റ്റ് ചെയ്തിട്ടുണ്ട്.”

തര്‍ക്കിക്കാന്‍ തോന്നിയില്ല. വല്ലാത്ത ക്ഷീണം. പാല്‍പാട നിറത്തിലുള്ള അവളുടെ ചുരിദാറിലെ സ്വസ്തിക ചിഹ്നങ്ങള്‍ നോക്കി കൊണ്ടിരുന്നു. വലിയ ഓട്ടു ഗ്ലാസില്‍ വീട്ടമ്മ കൊണ്ട് വന്നു വെച്ച കൊഴുത്ത ചായ കുടിക്കാന്‍ തോന്നിയില്ല.

“ഉഗാദി തിരക്ക് തന്നെ. ഈ സീസണിലെ വര്‍ക്ക്‌ ഇതോടെ തീര്‍ന്നു.”

ഈ സ്ത്രീയുടെ കന്നഡ മനസ്സിലാക്കിയെടുക്കാന്‍ ബുദ്ധിമുട്ട്. ഏണാക്ഷി മുറ്റത്ത് കളിക്കുന്ന കുട്ടികളുടെ ഒന്ന് രണ്ടു ചിത്രങ്ങള്‍ എടുത്തു. അവര്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയിട്ടെന്നവണ്ണം കൂടുതല്‍ വാശിയോടെ കളി തുടര്‍ന്നു. അകത്തു നിന്നും ആരോ മുഷിഞ്ഞ ഒരു ഫയല്‍ എടുത്തു കൊണ്ട് വന്നു. പഴയ ചില എക്സിബിഷന്‍ ചിത്രങ്ങള്‍ , അലങ്കരിച്ച തേരിന്റെ വലിയ ചിത്രം, കുക്കെ ക്ഷേത്രത്തിന്റെ illustration. പിന്നെ മടക്കി വെച്ച ബട്ടര്‍ പേപ്പറില്‍ മെഷര്‍മെന്റ് ഇട്ടു വരച്ച സ്കെച്ചുകള്‍ . പരിചയമില്ലാത്ത ചില പുതിയ vehicle architecture കളുടെ ത്രിമാന വര ചിത്രങ്ങള്‍ . chassis ടെയും suspension ന്റെയും മറ്റും വിശദമായ വരകളില്‍ ചിലയിടത്ത് കന്നടത്തില്‍ മാര്‍കിങ്ങുകള്‍ . ഇതാണെടീ 'സ്കൂപ്പ്'. ഏണാക്ഷിയുടെ കൈയ്യില്‍ നിന്നും ക്യാമറ വാങ്ങി ബട്ടര്‍ പേപ്പറുകള്‍ മുറ്റത് നിരത്തി വെച്ച് ചിത്രങ്ങള്‍ എടുത്തു. അവള്‍ക്കു കൌതുകം. ഇടയ്ക്കെപ്പോഴോ ബെഞ്ചില്‍ വേച്ച മൊബൈല്‍ വിറച്ചു തുടങ്ങി, ക്രിഷ് ആണ്.

“I’m not spying on you.But, Google Latitude ല്‍ താന്‍ ഇപ്പോഴും ബാംഗ്ലൂര്‍ വിട്ടിട്ടില്ലല്ലോ.What is happening ?”

“Locator അപ്ടേറ്റ്‌ ചെയ്യാന്‍ വിട്ടു. ഇപ്പൊ സുള്ളിയയില്‍ . ഇവിടെ local sculptors ല്‍ ഒരാളെ ഉറപ്പിച്ചു. ഒരു മായന്‍. നമ്മുടെ വര്‍ക്കിനോട് നല്ല ടേസ്റ്റ് ഉള്ള കക്ഷിയാണ്. awesome professional.”

“ചില അഡ്രസ്സുകള്‍ തന്നിരുന്നത് ?”

“സര്‍ ...അതില്‍ പലതും...”

“ futile ആയെങ്കില്‍ വിട്. റിട്ടേണ്‍ പിടിക്ക് ! ഇനി അവിടെ കെട്ടി തിരിയണ്ട. ഇവിടെ ടൌണില്‍ നോക്കാം. ഫൈന്‍ ആര്‍ട്സ്‌ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഇല്ലേ. ഇല്ലെങ്കില്‍ ഫീല്‍ഡില്‍ അമച്ച്വര്‍സ് കാണും. മായനെ പ്രൊസീഡ്‌ ചെയ്യണ്ട.”

“കിഴവന്റെ ഭ്രാന്ത്.” അവള്‍ അത്ഭുതത്തോടെ നോക്കി. വീട്ടിലുള്ള സ്ത്രീകളും ശ്രദ്ധിക്കുന്നുണ്ട്.

“കീ ഹോയെച്ചേ ? 3” “later...”

“ഇറങ്ങട്ടെ”

“അയ്യോ പണി കഴിഞ്ഞിട്ടുണ്ടാവും. ഒരു കുട്ടിയെ ചൊല്ലി വിടാം. ഇരിക്കൂ”

“അല്ല. ഞാന്‍ വിളിക്കാം”

കുത്തനെയുള്ള നാട്ടുവഴിയിലൂടെ കിതച്ചു കൊണ്ട് കയറി. ഏണാക്ഷി എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. ഒന്നും പറയാതെ മുന്നില്‍ നടന്നു പിന്നെ പെട്ടെന്ന് ചോദിച്ചു,

“ബൈക്കില്‍ വരുന്നോ ? നിനക്ക് റിട്ടേണ്‍ ?”

“കാരി ഓണ്‍ . ഐ വില്‍ മാനേജ്.”

തൂക്കുപാലത്തിന്റെ പടിക്കെട്ടില്‍ അവള്‍ പിന്നെയും ആര്‍ക്കോ വേണ്ടി കാത്തു കൊണ്ടിരുന്നു. തല ചുളുചുളെ കുത്തുന്നുണ്ട്. കണ്ണുകള്‍ പാളുന്നു. ജിന്നന്‍ ഇപ്പൊള്‍ എവിടെ കാണും? എത്രയും പെട്ടെന്ന് ഈ സ്ഥലം വിടണം എന്ന് തോന്നി. പള്ളിയുടെ കവാടം കടക്കുമ്പോഴും അകലെ മണല്‍പ്പരപ്പില്‍ പാല്പാട നിറമുള്ള ദുപട്ട ഇളകി കൊണ്ടിരുന്നു.

xdfdfd
Image Credit: Flickr@ woodleywonderworks

സായാഹ്നത്തിന്റെ അവസാന ചിറകടികളില്‍ എപ്പോഴോ നഗരത്തിന്റെ പഴയ അതിരില്‍ , അഞ്ചു വിളക്കിനു മുന്നില്‍ , എത്തിയപ്പോഴേക്കും തളര്‍ന്നു വിരലുകള്‍ വിറച്ചു തുടങ്ങിയിരുന്നു. ഫ്ലാറ്റിലേക്ക്‌ പോകാന്‍ തോന്നിയില്ല. ഖലാസിപാളയത്തെ കൊടിയന്റെ പഴയ ലോഡ്ജുമുറിയിലേക്കുള്ള പൊളിഞ്ഞു തുടങ്ങിയ കോണിപ്പടികള്‍ കിതച്ചു കൊണ്ട് കയറി. സെക്കന്റ്‌ ഷിഫ്റ്റ്‌ ആയത് കൊണ്ട് വലിയ 'ബഡായി' ഇല്ലാതെ തന്നെ അവന്‍ മുറി ഒഴിഞ്ഞു തന്നു. താഴെ അലറുന്ന തെരുവിന്റെ ബഹളങ്ങള്‍ ശ്വസിച്ചു ഉറങ്ങിയത് എപ്പോഴാണെന്ന് ഓര്‍മയില്ല. ഇതിനിടയ്ക്ക്‌ എപ്പോഴോ മൊബൈല്‍ അണഞ്ഞു. ഉണരുമ്പോള്‍ രാത്രി വെളിച്ചങ്ങളില്‍ കുതിര്‍ന്ന തെരുവ് താഴെ മുറിവേറ്റു കിടന്നു. ലാപ്ടോപ് എടുത്തു തുറന്നു. ഇന്‍ബോക്സില്‍ ഇന്ന് ഏണാക്ഷി എടുത്ത ചിത്രങ്ങള്‍ വന്നു കിടക്കുന്നുണ്ട്. വലിയ തരക്കേടില്ലാത്ത ചിലതെടുത്ത് ഫേസ്ബുക്കില്‍ അപ്‌ലോഡ്‌ ചെയ്തു. മായന്റെ സ്കെച്ചുകള്‍ പുതിയ ഒരു ആല്‍ബം ഉണ്ടാക്കി അതില്‍ ഇട്ടു. മായന്റെ അദ്ധ്യായം രസമുണ്ട്, ബ്ലോഗിലേക്ക് ഉള്ള പുതിയ പോസ്റ്റിനു വേണ്ട ഔട്ട്ലൈന്‍ അതില്‍ ഉണ്ട്. വരട്ടെ, യാത്രാക്ഷീണം മാറിയാല്‍ എഴുതി തുടങ്ങാം.... വീണ്ടും ഉറങ്ങാന്‍ കിടന്നപ്പോഴും പുലര്‍ന്നിരുന്നില്ല....

ഓഫീസിലെ പകല്‍ മണിക്കൂറുകള്‍ വിരസമായി തോന്നി. ഇടയ്ക്കെപ്പോഴോ ഫേസ്ബുക്ക്‌ തുറക്കാന്‍ ഒന്ന് രണ്ടു വട്ടം ശ്രമിച്ചപ്പോള്‍ ‘password error’ കാണിച്ചു. പിന്നെ net access പോയി . സര്‍വീസ് ഡസ്കില്‍ വിളിച്ചു പറഞ്ഞു. ഇന്ന് ഏണാക്ഷി വന്നിട്ടില്ലേ ? ക്രിഷ് പിംഗ് ചെയ്യുന്നു,

“സീറ്റില്‍ കാണണം. സംസാരിക്കാനുണ്ട്.”

അപ്പോള്‍ തന്നെ ഇറങ്ങി നടക്കാന്‍ തോന്നി. HR ലെ ജെറോം മൊബൈലില്‍ വിളിച്ചു

“ഡാ ഊളെ, നിനക്കെതിരെ കംപ്ലൈന്റ്റ്‌ പോയിട്ടുണ്ട്. IP violation”

“എന്ത് IPL ഓ ?”

“നീ ഇന്നലെ ഫേസ്ബുക്കില്‍ വല്ലതും അപ്‌ലോഡ്‌ ചെയ്താരുന്നോ ?”

“ഉവ്വ്. കുറച്ചു പടങ്ങള്‍ ”

“എന്നാല്‍ പണി പാളി അളിയാ.”

“എന്താ സംഭവം ? ഏണാക്ഷിയുടെ ഏഷണിയാണോ ?”

“ഞാന്‍ പിന്നെ വിളിക്കാം”

ഇത് ഹരമാവുന്നുണ്ട്. സ്ക്രീന്‍സേവര്‍ കളിച്ചു കൊണ്ടിരുന്ന കമ്പ്യൂട്ടറില്‍ ലോഗിന്‍ ചെയാന്‍ ശ്രമിക്കുമ്പോള്‍ ‘invalid ID’ കാണിയ്ക്കുന്നു. ക്രിഷ് സീറ്റില്‍ വന്നു.

“കഫെടീരിയയില്‍ നിന്ന് ടീ എടുക്ക്. നമുക്ക്‌ നടക്കാം”

ഉവ്വ്. നടക്കുന്നു. “താന്‍ IP ട്രെയിനിംഗ് കംപ്ലീറ്റ്‌ ചെയ്തിരുന്നോ ?”

ചോദ്യമാണ്...കൃത്യമായി ഓര്‍ക്കുന്നില്ല. ജോയിന്‍ ചെയ്ത കാലത്ത് അങ്ങനെ ഉറങ്ങി തീര്‍ത്ത ഒരുപാടു സെഷനുകള്‍ ഉണ്ട്. തിരക്കിലാത്ത ലിഫ്റ്റിന്റെ ചതുര തളികയില്‍ നില്‍ക്കുമ്പോള്‍ രാവിലെകളിലെ ഉയര്‍ത്തി പിടിച്ച ടച്ച് പാടുകള്‍ക്കും കൊട്ടുവാകള്‍ക്കും ഈറന്‍ വിടാത്ത മുടിയിഴകള്‍ക്കും ഇടയിലെ ഉയര്‍ച്ചയുടെ അദ്ധ്യായങ്ങള്‍ ഓര്‍ത്തു.

“ശ്രദ്ധിക്ക്, Contract Artisans നെ എംപ്ലോയ് ചെയ്യുന്ന പരിപാടി നമ്മള്‍ നിര്‍ത്തുന്നത് കഴിഞ്ഞ കൊല്ലം ഫെബ്ബില്‍ ആണ്. ആ അവസാനത്തെ ബാച്ചില്‍ വന്നതാണ് മായന്‍. ആ കാലത്ത് സ്റ്റുഡിയോയില്‍ നിന്നും study materials ന്റെ ഹാര്‍ഡ്‌ കോപ്പികള്‍ കാണാതെ ആവുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. Technician’s guide, shred ചെയ്യാതെ വിടുന്ന xerox കള്‍ അങ്ങനെ പലതും. ചെയ്യുന്നത് അവനാണെന്ന് അറിയാം, പക്ഷെ എത്ര കുടഞ്ഞാലും അഡ്മിറ്റ്‌ ചെയ്യില്ല. സാധനം competitors ലേക്ക് പോകുന്നുണ്ടോ എന്ന് നോക്കി, ഇല്ലെന്നു തോന്നിയപ്പോള്‍ ഇഷ്യൂ ആക്കാതെ പറഞ്ഞു വിട്ടു. പക്ഷെ അവന്‍ വരുത്തി വെച്ച atrocities ന്റെ ഗ്രാവിറ്റി ഞാന്‍ മനസ്സിലാക്കുന്നത് ഇന്നലെ തന്റെ ഫേസ്ബുക്ക്‌ അപ്ടേറ്റ്‌സില്‍ നിന്നാണ്. ഞെട്ടിയത് ഗണയുടെ പേരില്‍ പേറ്റന്റ്‌ ബോര്‍ഡിന്റെ approval ന് സബ്‌മിറ്റ് ചെയ്ത വര്‍ക്കിന്റെ റഫ്‌ ഡ്രാഫ്റ്റുകള്‍ താനെടുത്ത് ചുമ്മാ upload ചെയ്തതിലല്ല, ഇന്ന് ഒന്നും അറിയാത്തതു പോലെ ഇവിടെ കയറി വന്നതിലാണ്." ഞങ്ങള്‍ നടന്നു താഴെ ലോബിയില്‍ എത്തി. പലരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്.

“ഇന്നലെ തന്നെ വിളിച്ചിട്ട് കിട്ടാതെ അന്വേഷിച്ചു ഞങ്ങള്‍ ഫ്ലാറ്റില്‍ വന്നിരുന്നു. ആരും പറഞ്ഞില്ലേ?”

“സര്‍ ഞാന്‍..”

“seriously, we had a very demanding night. എന്നിട്ട് രസം കേള്‍ക്ക്, തന്റെ എഫ്.ബി. അക്കൗണ്ട്‌ ഇന്നലെ ഗണ പൊളിച്ചിട്ടു. ആ ആല്‍ബം ഡിലീറ്റ് ചെയ്തിട്ടുണ്ട്. പുതിയ പാസ്സ്‌വേര്‍ഡ്‌ asdfgh”

കണ്ണുകള്‍ കടയുന്നു. പുറത്തു മഴ ചാറുന്നുണ്ടോ ?

“സെറ്റില്‍മെന്റ്സ് ഫിനാന്‍ഷിയല്‍ ഗ്രൂപ്‌ ടേക്ക് അപ്പ്‌ ചെയ്തിട്ടുണ്ട്. Termination ന്റെ papers താഴേക്ക്‌ കൊടുത്തയക്കും. വെയിറ്റ് ഹിയര്‍ ”
“എനിക്ക്..”

തലയുടെ ഒരറ്റത്ത് നിന്നും വേദന കടുത്ത് തുടങ്ങുന്നു. നമ്മള്‍ എന്തേ പറഞ്ഞു നിര്‍ത്തിയത്...അതെ മഴ...

“ഇത് ലീഗല്‍ ആയിട്ട് challenge ചെയ്യണം എന്ന് തോന്നുന്നോ ?”

ചിരിക്കാന്‍ ശ്രമിച്ചു. പിന്നെ മെല്ലെ നടന്നു തുടങ്ങി. Tech-park ന്റെ കവാടത്തിനു മുന്നിലെ പാതയോരത്ത് ഒരു കൈയ്യില്‍ തണുത്ത ചായയുമായി ഞാന്‍ നിന്നു.

(എന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഈ പോസ്റ്റിന്റെ ലിങ്കിന്റെ കൂടെ എന്റെ റെസ്യൂമും ഷെയര്‍ ചെയ്യുന്നു.)

  • 1. ങ്ങള് എവട്യാ ?
  • 2. symmetry
  • 3. ന്താ സംഭവം ?