വൈവാഹിക ബലാത്സംഗം: മനേക ഗാന്ധിയുടെ തെറ്റുകളും സ്ത്രീകളുടെ ശരികളും

വൈവാഹിക ജീവിതത്തിൽ ബലാത്സംഗം അംഗീകൃതമോ എന്ന വിഷയം പിന്നെയും സജീവമായി ചർച്ചകളിൽ ഉയർന്നു വരുന്നത് കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ പ്രസ്താവനയോടെയാണ്. വിവാഹജീവിതത്തിൽ ലൈംഗികതക്ക് വളരെ പ്രസക്തി ഉണ്ട്. ജൈവശാസ്ത്രപരമായി മാത്രമല്ല വൈകാരികമായും. ആർക്കും അതിൽ ധാരണക്കുറവുണ്ടാവാൻ സാധ്യതയില്ല. അത് വിവാഹത്തോട് ചേർന്ന് വരുന്ന ഒരു മുഖ്യ ഉത്പന്നമാണ് നമ്മുടെ കാഴ്ചപ്പാടിൽ. NSS വളണ്ടിയർ ആയി മത്സ്യ ബന്ധന മേഖലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞ 1994 കാലഘട്ടത്തിൽ ആണ് പലപ്പോഴും ലൈംഗികതയുടെ അസ്വീകാര്യത എന്ന പ്രതിഭാസത്തെക്കുറിച്ച് മനസിലാക്കാൻ സാധിച്ചത്. മീൻ വിൽക്കാൻ പകൽ വീടുവീടാന്തരം കയറി ഇറങ്ങി, തിരിച്ചെത്തി വീട്ടു പണിയും കഴിഞ്ഞു വിശ്രമിക്കുമ്പോൾ മദ്യത്തിന്റെ ലഹരിയിൽ ഭർത്താവിന്റെ സ്നേഹപ്രകടനം പലപ്പോഴും ഒരു ബലാൽസംഗം പോലെ അനുഭവപ്പെടുന്നു എന്ന് ചില അമ്മമാർ അഭിപ്രായപ്പെട്ടു. അവിവാഹിതരായ ഒരു സംഘം പെണ്‍കുട്ടികൾ ആയിരുന്നു ഞങ്ങൾ അന്ന്. അതിന്റെ ഗുരുത്വം അന്ന് മനസിലായില്ല. മാത്രമല്ല ഞങ്ങളുടെ മിസ്സ്‌ (അദ്ധ്യാപിക...അന്ന് ഞാൻ പോസ്റ്റ്‌ഗ്രാജുവേഷൻ ഒന്നാം വർഷം ) തികച്ചും പുരുഷ പക്ഷപാതപരമായ ഒരു വിശദീകരണമാണ് ഈ വിഷയത്തിൽ തന്നത്.

“പകൽ, കൊടും വെയിലിൽ കടലിൽ പോയി മീൻ പിടിച്ചു വരുന്നത് തന്നെ കായികാദ്ധ്വാനം വളരെ വേണ്ടിവരുന്ന ഒന്നാണ്. ക്ഷീണവും ദേഹാസ്വാസ്ഥ്യവും മാറ്റാൻ അവർ ഒരു അല്പം കുടിക്കുന്നത് ഒരു വലിയ തെറ്റായി കാണാൻ പാടില്ല. പിന്നെ അത് കഴിഞ്ഞാൽ വേറെ എന്ത് നേരമ്പോക്കാണ് ഉള്ളത്? അയാളുടെ ആവശ്യങ്ങൾ സാധിക്കാൻ അയാൾ പിന്നെ എന്ത് ചെയ്യണം!” എന്ന്.

അന്ന് മിസ്സിനോട് ചോദിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ഉണ്ട്. മീൻ വിൽക്കാൻ, അന്നു മിക്കവാറും കാൽനടയായി വീടുകൾ കയറിയിറങ്ങി, തിരിച്ചു വന്നു വട്ടിപ്പലിശയ്ക്ക് എടുത്ത പൈസ തിരിച്ചുകൊടുത്തു, ബാക്കി വല്ലതുമുണ്ടെങ്കിൽ അതുകൊണ്ട് വീടു പുലർത്താൻകഷ്ടപെട്ട ആ സ്ത്രീയ്ക്ക് ദേഹത്തിനു വേദന ഒന്നും ഉണ്ടാകില്ലേ? അവർക്ക് വേണ്ടേ വിശ്രമം?

ശാരീരികവും മാനസികവും നിയമ വിരുദ്ധവുമായ ഒരു പീഡിപ്പിക്കൽ ആണ് ശൈശവവിവാഹം. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ എല്ലാ അവസരങ്ങൾക്കും തടയിടുക മാത്രമല്ല ശൈശവ വിവാഹം ചെയ്യുന്നത്. ഇത് അവളുടെ മാനസിക ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

ഇന്ന് എന്റെ കീശയിൽ വേറൊരു ചോദ്യം കൂടി ഉണ്ട്. ഭർത്താവിനു ഉത്തേജനം ഇല്ലാത്ത അവസരം ആണെങ്കിൽ ഉത്തേജിതയായ ഭാര്യ എന്ത് ചെയ്യും?

ഇന്നും കിടക്കറയിൽ ആർത്തവസമയത്ത് ഭാര്യ നിലത്തു കിടക്കണം എന്നു ശഠി ക്കുന്ന ഭർത്താക്കന്മാർ, വധുവിനു കന്യാചർമം ഉണ്ടോ എന്നറിയാൻ വെള്ള വിരിക്കുന്ന ബന്ധുക്കൾ, ലൈംഗിക ബന്ധത്തിനു സ്ത്രീ മുൻകൈ എടുത്താൽ സടകുടഞ്ഞെഴുന്നേൽക്കുന്ന ഇണയുടെ സദാചാര ചിന്തകൾ, ഇതൊക്കെയാണ് MDG (മില്ലിനിയം വികസന ലക്ഷ്യങ്ങൾ) ഒരു വികസിത രാജ്യത്തിന്റെ അതേ അവധാനതയോടെ നേടിക്കഴിഞ്ഞ സാക്ഷര സുന്ദര മധുര മനോജ്ഞ കേരളത്തിലെ പെണ്ണവസ്ഥ.

ശൈശവവിവാഹത്തിലെ സ്ത്രീവിരുദ്ധത

ശാരീരികവും മാനസികവും നിയമ വിരുദ്ധവുമായ ഒരു പീഡിപ്പിക്കൽ ആണ് ശൈശവവിവാഹം. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ എല്ലാ അവസരങ്ങൾക്കും തടയിടുക മാത്രമല്ല ശൈശവ വിവാഹം ചെയ്യുന്നത്. ഇത് അവളുടെ മാനസിക ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു; അവൾ ഗാർഹിക പീഡനത്തിനിരയാകുന്നു; ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്കും വിധേയയാകേണ്ടി വരുന്നു. അവളുടെ മരണം കാലമെത്തും മുൻപ്, മിക്കവാറും ആദ്യ പ്രസവത്തോടെ. അവിടെ രക്ഷപ്പെട്ടില്ലെങ്കിൽ, അനാരോഗ്യവതിയായ മാതാവ് ആരോഗ്യമില്ലാത്ത ശിശുവിന് ജന്മം നൽകുകയും, നരകതുല്യമായ ജീവിതം നയിക്കുകയും ചെയ്യുന്നു. ഇവിടെ വിവാഹം എല്ലായ്പ്പോഴും ബലാത്സംഗം തന്നെ.

ഗവേഷണമൊന്നും വേണ്ട ഇതിന്റെ കാര്യകാരണങ്ങൾ അറിയാൻ. സാമ്പത്തിക ബുദ്ധിമുട്ട്, അല്ലെങ്കിൽ ഒരു പ്രത്യേക സമൂഹത്തിൽ നിലവിലുള്ള ലിംഗ പദവി വ്യത്യാസം. മാത്രമല്ല ഒരു തരത്തിലെ സാമ്പത്തിക നിക്ഷേപത്തിനും യോഗ്യയല്ല പെൺകുട്ടി. പ്രത്യേകിച്ച് വിദ്യാഭ്യാസം നൽകി വളർത്തിയാൽ ലാഭം തിരിച്ചുകിട്ടാത്ത ഒരു നിക്ഷേപമായി അവൾ കരുതപ്പെടുന്നു. രജസ്വലയായാൽ അവൾ “നശിപ്പിക്കപ്പെടാതിരിക്കാൻ’ നേരത്തെ കൂട്ടി അവളെ വല്ലവരെയും ഏല്പ്പിക്കുക എന്ന ദൗത്യം നിർവഹിക്കുക കുടുംബത്തിന്റെ ഉത്തരവാദിത്തമാകുന്നു. നിർബന്ധിത ബലാത്സംഗത്തിനു അവളെ വിട്ടുകൊടുക്കുന്നു.

കേരളത്തിലെ പെൺ അവസ്ഥ എത്ര മെച്ചമാണെന്നു നോക്കൂ. ഒരു വർഷത്തിൽ രണ്ടായിരത്തി അഞ്ഞൂറിൽ പരം ശൈശവ വിവാഹം! 2015 ൽ ക്രോഡീകരിച്ച കണക്കാണിതെന്നു ഓർക്കണം.

ദുഃഖകരമായ മറ്റൊരവസ്ഥ, നിയമ വ്യവസ്ഥയെ അധിക്ഷേപിച്ചു കൊണ്ട് ആദിവാസി മേഖലയിൽ നടത്തപ്പെട്ട വിവാഹങ്ങൾ ഉണ്ട്. ഈ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യപ്പെടാത്തതിനാൽ ഉള്ള പ്രശ്നങ്ങൾ വേറെ. അവിവാഹിത അമ്മമാർ ഈ മേഖലകളിൽ ഒരു നിത്യസത്യമാണ്. ഇതിലേക്ക് വെളിച്ചം വീശുന്ന സ്ഥിതിവിവരക്കണക്കുകൾ പൂർണമായും ലഭ്യമല്ല.

സുശീല ഗോപാലൻ സ്മാരക സ്ത്രീ പദവി നിയമ പഠന കേന്ദ്രം നടത്തിയ പഠന റിപ്പോർട്ട് ഒന്ന് വായിച്ചാൽ അത് സംസ്ഥാനത്തെ സാമൂഹിക അവസ്ഥയെ കുറിച്ചുള്ള നമ്മുടെ പല മുൻധാരണകളെയും മാറ്റി മറിക്കും. കേരളത്തിലെ പെൺ അവസ്ഥ എത്ര മെച്ചമാണെന്നു നോക്കൂ. ഒരു വർഷത്തിൽ രണ്ടായിരത്തി അഞ്ഞൂറിൽ പരം ശൈശവ വിവാഹം! 2015 ൽ ക്രോഡീകരിച്ച കണക്കാണിതെന്നു ഓർക്കണം.

ഇത്തരം വിപത്തുകൾക്ക് തടയിടാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കാതിരിക്കുക അസാധ്യം.

ശരിയായ വിദ്യാഭ്യാസം; അതായത് ഒരു പെൺകുട്ടിയെ തീരുമാനമെടുക്കാൻ പ്രാപ്തയാക്കാനുള്ള പ്രായോഗിക വിദ്യാഭ്യാസം, അതാണ്‌ വേണ്ടത്. പെൺകുട്ടികൾക്ക് വിവിധ മേഖലകളിൽ അവസരങ്ങൾ, കുടുംബത്തിനു സാമ്പത്തിക സുരക്ഷിതത്വം, ബോധവത്കരണം, കർശ്ശനമായ നിയമനിർവഹണം ഇതിന്റെ മേമ്പൊടിയായി രാഷ്ട്രീയ ഇച്ഛാശക്തി, ഇതിലേറെ ലൈഫ് സ്കിൽ പരിശീലനം, വ്യക്തിത്വ വികസനം, സ്വാഭിമാനം, വ്യക്തമായ ആശയ വിനിമയം എന്നിവ ശീലിക്കുക കുട്ടിക്കാലത്ത് തന്നെ വേണം. അരുത് എന്നല്ല വേണ്ട എന്ന് യുക്തമായ സമയത്ത് പറയാൻ പെണ്‍കുട്ടി ശീലിക്കാതിരുന്നാൽ എത്ര മുതിർന്നാലും അവൾക്കതിനു സാധിക്കില്ല. ഇത് പറയാനുള്ള താമസം കൊണ്ടാണു പുറത്തു നിന്ന് ഒരു ഇടപെടൽ സ്ത്രീസുരക്ഷയ്ക്ക് വേണ്ടി ഉണ്ടാകുന്നത്. അതേ കാരണം കൊണ്ട് തന്നെയാണു ഒരു സാധാരണ സ്ത്രീയുടെ ആവശ്യങ്ങളോടോ പ്രശ്നങ്ങളോടോ താദാത്മ്യം പ്രാപിക്കാൻ സാധിക്കാത്ത ഉന്നതശീർഷർ എന്ന് ഭാവിക്കുന്നവർ, അവർ രാഷ്ട്രീയക്കാരോ നയനിർമാണ വിദഗ്ദ്ധരോ ആവട്ടെ, അവരുടെ നിസ്സംഗതകളിൽ നിന്നുളവാകുന്ന അബദ്ധങ്ങൾ ഇങ്ങനെ പ്രഖ്യാപിക്കുന്നതും അത് നാടിന്റെ നിയമമായി തീരുന്നതും!