ആത്യന്തികമായി മൂലധനത്തിന്റെ സംരക്ഷകരാണ് മാധ്യമങ്ങള്‍

1. രാഷ്ട്രീയപ്രവര്‍ത്തകന്‍, മാധ്യമപ്രവര്‍ത്തകന്‍, വിമര്‍ശകന്‍, അഭിഭാഷകന്‍, എഴുത്തുകാരന്‍ - ഇങ്ങനെ അനവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണല്ലോ താങ്കള്‍. ഇതില്‍ ഏതിനോടെങ്കിലും കൂടുതല്‍ മമത പുലര്‍ത്താറുണ്ടോ?

എനിക്കു ആദ്യകാലത്ത് അഭിനിവേശം എന്ന് പറയാവുന്ന രീതിയില്‍ താല്‍പര്യം ഉണ്ടായിരുന്നത് പത്രപ്രവര്‍ത്തനമായിരുന്നു. ഒരു അറിയപ്പെടുന്ന എഴുത്തുകാരനും, പത്രപ്രവര്‍ത്തകനും, കഴിയുമെങ്കില്‍ ഒരു പത്രാധിപരും ആകാനായിരുന്നു എന്റെ മോഹം. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുണ്ടായിരുന്ന ഒരു പത്രമായ ഇന്ത്യന്‍ എക്സ്‌പ്രെസ്സില്‍ തന്നെ പ്രവര്‍ത്തിയ്ക്കാന്‍ അവസരം കിട്ടി. അതും അടിയന്തിരാവസ്ഥക്കാലത്ത്. സെന്‍സര്‍ഷിപ്പൊക്കെയുള്ള ആ കാലഘട്ടത്തില്‍ ഒരു പത്രപവര്‍ത്തനത്തിന്റേതായ സാഹസികത, ഒരു "ത്രില്‍", ഒക്കെ അനുഭവിച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം ഉണ്ടായതാണ്. പക്ഷെ മറ്റു ചില കാരണങ്ങളാല്‍ ആ രംഗം വിടേണ്ടി വന്നു. പിന്നീട് പല മേഖലകളിലും പ്രവര്‍ത്തിച്ചു. അഭിഭാഷകനായി, പാര്‍ലമെന്റ് അംഗമായി, നിയമസഭാംഗമായി. ഇപ്പോള്‍ ചെറുപ്പകാലത്തു തോന്നിയിരുന്ന അത്രയും ആവേശം പത്രപ്രവര്‍ത്തനത്തോടു തോന്നുന്നില്ലെങ്കിലും ഒരു അവസരം കിട്ടിയാല്‍ ഇപ്പോഴും അതുതന്നെയായിരിക്കും ഞാന്‍ തിരഞ്ഞെടുക്കുന്ന പ്രവര്‍ത്തനമേഖല.

2. മൂന്നു തവണ ലോകസഭാസാമാജികനായും, ഒരു തവണ നിയമസഭാംഗമായും, ഏഴു തവണ ഇടതുപക്ഷസ്ഥാനാര്‍ഥിയായും ജനങ്ങളോടു നേരിട്ടു സംവദിക്കാന്‍ കഴിഞ്ഞ വ്യക്തിയാണല്ലോ താങ്കള്‍. ഒപ്പം തന്നെ ഒരു മാധ്യമവിമര്‍ശകന്‍ എന്ന നിലയില്‍ മാധ്യമങ്ങള്‍ ജനകീയപ്രശ്നങ്ങളെ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നതും അടുത്ത് അറിവുള്ളതാണല്ലോ. ഇവ രണ്ടും തമ്മില്‍ കാതലായ അന്തരം ഉള്ളതായി അനുഭവപെട്ടിട്ടുണ്ടോ?

ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കുള്ള ഒരു ഇടപെടലും സാമിപ്യവും സമൂഹവുമായിട്ടുണ്ട്. എനിക്കു ധാരാളം പ്രാവശ്യം ഇടതുപക്ഷസ്ഥാനാര്‍ഥിയായി ഒരേ സ്ഥലത്തു നിന്നു മത്സരിക്കുന്നതിനുള്ള അവസരം കിട്ടി. അത് പിന്നീട് പൊതുപ്രവര്‍ത്തനത്തിനുള്ള ഒരു ഇടം സ്വാഭാവികമായും ഉണ്ടാക്കി. ഇപ്പോഴും ധാരാളം സ്ഥലങ്ങളില്‍ പ്രസംഗിക്കുന്നതിനും ജനങ്ങളെ നേരിട്ട് കാണുന്നതിനും അറിയുന്നതിനും ഒക്കെയുള്ള അവസരം ഉണ്ട്. പക്ഷെ അതും മാധ്യമപ്രവര്‍ത്തനവുമായി വലിയ വ്യത്യാസമുണ്ട്.

മാധ്യമപ്രവര്‍ത്തനം കോടിക്കണക്കിനാളുകളിലേക്ക് എത്തിചേരാന്‍ കഴിയുന്ന ഒരു അവസരമാണ്. മാധ്യമപ്രവര്‍ത്തനത്തില്‍ പ്രഫഷണലായ ഒരു സമീപനവും പ്രവര്‍ത്തനരീതിയും ശൈലിയുമുണ്ട്. അതു കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. അവിടെ കുറേകൂടി ഉത്തരവാദിത്തോടെയുള്ള പ്രവര്‍ത്തനം ആവശ്യമുണ്ട്. ഒരു പക്ഷെ ഞാന്‍ ഒരു പഴയ സ്കൂളില്‍ പെടുന്ന ആളായതുകൊണ്ടാവാം മാധ്യമധര്‍മ്മം എന്നു പറയുന്ന ചില മര്യാദകളും തത്ത്വങ്ങളുമൊക്കെ പാലിക്കപ്പെടണമെന്ന ശാഠ്യമുണ്ട്. ഇതെല്ലാം പണ്ട് പാലിക്കപ്പെട്ടിരുന്നു എന്നല്ല. പക്ഷെ പണ്ട് കുറേകൂടി ഈ കാര്യങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടായിരുന്നു. ആ മര്യാദകള്‍ പാലിച്ചുകൊണ്ടുള്ള ജനകീയവും ജനാധിപത്യപരവുമായ മാധ്യമപ്രവര്‍ത്തനം നടക്കണമെന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണ് പലപ്പോഴും മാധ്യമപ്രവര്‍ത്തനത്തില്‍ പോരായ്മകള്‍ കാണുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെ കുറ്റപ്പെടുത്തേണ്ടി വരുന്നത്.

3. വാര്‍ത്തയ്ക്കൊരു വിപണനമൂല്യമുണ്ടോ? ഉണ്ടെങ്കില്‍ അത് എന്തിനെയൊക്കെ ആശ്രയിച്ചിരിക്കും? ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് ഒരു വാര്‍ത്തയുടെ വിപണനമൂല്യത്തെ എത്രത്തോളം നിര്‍ണയിക്കുന്നു.

മലയാളത്തില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ആണ് ആദ്യമായി പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്. ദേവ്ജി ഭീംജി എന്ന ഗുജറാത്തി കൊച്ചിയില്‍ നിന്നിറക്കിയിരുന്ന പത്രം 'വെസ്റ്റേണ്‍ സ്റ്റാര്‍" - പശ്ചിമ താരക - ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചിരുന്നു. അതൊന്നും വിപണിക്കു വേണ്ടിയുള്ളതായിരുന്നില്ല.

വാര്‍ത്തയുടെ വിപണനമൂല്യം എന്നത് ഒരു പുതിയ സംഭവവികാസമാണ്. അച്ചടിച്ച പത്രത്തിന് 400 വര്‍ഷത്തെ പഴക്കമുണ്ട്. പക്ഷെ ആദ്യകാലത്ത്, അതു ലോകത്തൊരിടത്തും ആരംഭിക്കുന്നതോ നിലനിന്നതോ വിപണിയെ കണ്ടുകൊണ്ടല്ല. ചില കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കണം എന്നു തോന്നുന്നവര്‍ക്ക് സ്വന്തമായി ഒരു പത്രം അച്ചടിച്ചിറക്കുന്നതിനുള്ള അവസരം ഉണ്ടായിരുന്നു. മലയാളത്തില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ആണ് ആദ്യമായി പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്. ദേവ്ജി ഭീംജി എന്ന ഗുജറാത്തി കൊച്ചിയില്‍ നിന്നിറക്കിയിരുന്ന പത്രം 'വെസ്റ്റേണ്‍ സ്റ്റാര്‍" - പശ്ചിമ താരക - ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചിരുന്നു1. അതൊന്നും വിപണിക്കു വേണ്ടിയുള്ളതായിരുന്നില്ല.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അല്ലെങ്കില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ന്യൂയോര്‍ക്കിലാണ് രണ്ട് പ്രഗല്‍ഭരായ പത്രാധിപന്‍മാര്‍ -ജോസഫ് പുലിറ്റ്സറും വില്യം റാന്‍ഡോള്‍ഫ് ഹേര്‍സ്റ്റും - വിപണിയെ കണ്ടുകൊണ്ടുള്ള പരസ്പരമത്സരം ആരംഭിക്കുന്നത്. അവര്‍ പത്രമുടമകള്‍ കൂടിയായിരുന്നു. ആ പത്രങ്ങള്‍ തമ്മില്‍ പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി വലിയതോതിലുള്ള ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്. ഹേര്‍സ്റ്റും പുലിറ്റ്സറും മര്യാദയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നു എന്ന ആക്ഷേപം ഉണ്ടായി. ആ ഏറ്റുമുട്ടലിന്റെ ഭാഗമായാണ് 'മഞ്ഞപത്രം'2 എന്ന വിശേഷണമൊക്കെ ഉണ്ടായത്. അതോടു കൂടി തന്നെയാണ് പത്രപ്രവര്‍ത്തനത്തിലെ മര്യാദകളെ കുറിച്ചുള്ള ചിന്തയുണ്ടാവുന്നത്. അതുവരെ അങ്ങനെ ഒരു ചര്‍ച്ചയുടെ ആവശ്യമൂണ്ടായിരുന്നില്ല. അന്നുണ്ടായ ആലോചനകളിലും ചര്‍ച്ചകളില്‍ നിന്നുമാണ് മാധ്യമധര്‍മ്മം എന്നാലെന്ത് എന്നുള്ള ചോദ്യമുണ്ടാവുന്നത്. അതിനുള്ള ഏറ്റവും നല്ല ഉത്തരം നല്കിയത് മാഞ്ചെസ്റ്റര്‍ ഗാര്‍ഡിയന്‍3 പത്രത്തിന്റെ പത്രാധിപര്‍ സി. പി. സ്കോട്ടാണ്. അദ്ദേഹം 1921-ലാണ് വിഖ്യാതമായ "comment is free, but facts are sacred" എന്ന പ്രസ്താവന നടത്തിയത്. വാര്‍ത്ത കലര്‍പ്പില്ലാതെ, ശുദ്ധമായ രീതിയില്‍, അതിന്റെ എല്ലാ സംശുദ്ധിയോടും കൂടി വായനക്കാര്‍ക്ക് നല്കണം എന്നതാണ് സ്കോട്ടിന്റെ പ്രസ്ഥാവന. ആ കാലം മുതലാണ് ആ രീതിയിലുള്ള ഒരു പരിശോധന വാര്‍ത്തയെ സംബന്ധിച്ച് നടത്താന്‍ തുടങ്ങിയത്.

അതോടൊപ്പം സാങ്കേതികവിദ്യ വികസിച്ചു. പഴയ കല്ലച്ചും ഗുണ്ടര്‍ട്ടിന്റെ കാലത്തെ അച്ചടിവിദ്യയുമൊക്കെ പോയി. പുതിയ രീതിയിലുള്ള സാങ്കേതികവിദ്യകള്‍ വന്നു. വാര്‍ത്ത പ്രക്ഷേപണം ചെയ്യുന്നതിന് റേഡിയോ അല്ലെങ്കില്‍ വയര്‍ലെസ്സ് കമ്മ്യൂണിക്കേഷന്‍ വന്നു. വാര്‍ത്ത കമ്പോസ് ചെയ്യുന്നതിനുള്ള പുതിയ രീതികള്‍ വന്നു. ലക്ഷക്കണക്കിന് പകര്‍പ്പുകള്‍ അച്ചടിച്ച് വിതരണം ചെയ്യാന്‍ കഴിയുന്ന പ്രിന്റിംഗ് പ്രസ് വന്നു. ചുരുക്കത്തില്‍ വാര്‍ത്താശേഖരണം, അതിന്റെ പ്രോസസിങ്ങ്, അതിന്റെ വിനിമയം, വില്പന എല്ലാം വന്‍തോതില്‍ വാണിജ്യവല്‍ക്കരിക്കപെടുന്ന ഒരു കാലം വന്നു. ഇതുകാരണം ഇന്ന് വലിയ ഒരു മൂലധനം ഓരോ പത്രത്തിന്റെയും പിന്നിലുണ്ട്. അപ്പോള്‍ ആ മൂലധനം സംക്ഷിക്കപെടണം. അതിനു ലാഭമുണ്ടാവണം. അങ്ങനെയാണ് പതുക്കെ വാര്‍ത്തയുടെ വിപണിമൂല്യം കണ്ടു തുടങ്ങിയത്. അത് പല രൂപത്തില്‍ വന്നു.

ബ്രിട്ടീഷ് സാമ്രാജ്യം സൂര്യനസ്തമിക്കാത്ത സാമ്രാജ്യമാണെന്നു പറഞ്ഞിരുന്നെങ്കില്‍ ഇപ്പോളവിടെ സൂര്യന്‍ അസ്തമിക്കുന്നുണ്ട്. പക്ഷെ റൂപര്‍ട്ട് മര്‍ഡോക്കിന്റെ സാമ്രാജ്യത്തില്‍ സൂര്യന്‍ അസ്തമിക്കുന്നില്ല.

ലോകത്തെ മുഴുവന്‍ വാര്‍ത്താശേഖരണവും നാലോ അഞ്ചോ ഏജന്‍സികള്‍ കോളനിവാഴ്ചകാലത്ത് തന്നെ വിഭജിച്ചെടുക്കുകയായിരുന്നു. ലണ്ടന്‍ ആസ്ഥാനമായിട്ടുള്ള റോയിട്ടേഴ്സ് ബ്രിട്ടീഷ് കോളനികള്‍ മുഴുവന്‍ കൈവശമാക്കി. ഫ്രഞ്ച് ഏജന്‍സിയായ എ.എഫ്.പി. ഫ്രഞ്ച് കോളനികള്‍ അവരുടെ കയ്യിലാക്കി. അതുപോലെ അമേരിക്കന്‍ ഏജന്‍സി അസോസിയേറ്റഡ് പ്രസ് (എ.പി.). അപ്പോള്‍ ഇങ്ങനെ സാമ്രാജ്യങ്ങള്‍ക്കൊപ്പം ഭൂപ്രദേശങ്ങള്‍ പങ്കിട്ടുകൊണ്ട് ലോകവാര്‍ത്ത മുഴുവന്‍ ശേഖരിക്കുകയും അവയെ കമ്പോളവല്‍ക്കരിച്ചുകൊണ്ട് ലാഭമുണ്ടാക്കുകയും ചെയ്യുന്ന ഒരു അവസ്ഥയിലേക്കു കാര്യങ്ങള്‍ മാറി. റോയിട്ടേഴ്സ് ഇന്ന് രാഷ്ട്രീയവാര്‍ത്തകളൊക്കെ വിട്ട് സാമ്പത്തികവാര്‍ത്തകളിലേക്ക് കടന്നു. അവരുടെ 90% വരുമാനവും സാമ്പത്തികവാര്‍ത്തകളില്‍ നിന്നാണ്. അതുവഴി ലോകസാമ്പത്തികക്രമത്തെയും സാമ്പത്തികനിലപാടുകളെയും നിയന്ത്രിക്കുന്ന ഒരു സംവിധാനമായി ആ ഏജന്‍സി മാറുകയാണ്. പുറകേയാണ് വമ്പിച്ച മൂലധനവുമായി ബീവര്‍ബ്രൂക്, തോംസണ്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ ഈ രംഗത്തേക്ക് വരുന്നത് 4. ഇന്ന് നമ്മള്‍ കേള്‍ക്കുന്ന പേരാണ് റൂപര്‍ട്ട് മര്‍ഡോക്ക്. ബ്രിട്ടീഷ് സാമ്രാജ്യം സൂര്യനസ്തമിക്കാത്ത സാമ്രാജ്യമാണെന്നു പറഞ്ഞിരുന്നെങ്കില്‍ ഇപ്പോളവിടെ സൂര്യന്‍ അസ്തമിക്കുന്നുണ്ട്. പക്ഷെ റൂപര്‍ട്ട് മര്‍ഡോക്കിന്റെ സാമ്രാജ്യത്തില്‍ സൂര്യന്‍ അസ്തമിക്കുന്നില്ല. എവിടെയൊക്കെ സൂര്യോദയമുണ്ടോ അവിടെയൊക്കെ മര്‍ഡോക്കിന്റെ പത്രവുമുണ്ട്. ഈ രീതിയില്‍ വമ്പിച്ച സാമ്പത്തിക ശക്തിയായി പത്രങ്ങള്‍ മാറി. അവിടെയാണ് വാര്‍ത്തയ്ക്ക് മൂല്യമുണ്ട് എന്ന് വന്നത്. വിലയുണ്ട് എന്ന് വന്നത്. ആ വിലയുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത രാഷ്ട്രീയവുമായും, അധികാരവുമായും പണവുമായും ഇഴചേര്‍ന്ന് വളരെ സങ്കീര്‍ണമായ ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. ഗ്ലോബലൈസേഷന്റെ കാലഘട്ടത്തില്‍ ഗ്ലോബലൈസേഷന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ടുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ തന്നെ പറഞ്ഞുതുടങ്ങി : "newspaper is a product"; പത്രമെന്നത് ഉല്പന്നമാണ്; വാര്‍ത്തയെന്നത് ഉല്പന്നമാണ്; അതു വില്ക്കാനുള്ളതാണ്. അതുകൊണ്ട് ഞങ്ങള്‍ വാര്‍ത്തയേ ആകര്‍ഷകമാക്കി, വില്പനവസ്തുവാക്കി അവതരിപ്പിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ തന്നെ സ്വയം ന്യായീകരണം എന്ന രീതിയില്‍ പറഞ്ഞുതുടങ്ങി. ഇന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് വാര്‍ത്ത എന്നത് ഒരെ സമയം വിപണിയേ സ്വാധീനിക്കുന്നതും അതോടൊപ്പം വിപണിയില്‍ ഏറ്റവും മൂല്യമുള്ളതുമായ ഒരു വസ്തുവായി മാറുകയും ചെയ്തിരിക്കുന്നു.

ഇന്നു ഓരോ പത്രത്തിനും പിന്നീലുള്ള മൂലധനം സംരക്ഷിക്കപെടണമെന്നതോ, അതിനു ലാഭമുണ്ടാവണമെന്നതോ ഒന്നും ഞങ്ങള്‍ എതിര്‍ക്കുന്നില്ല. പക്ഷെ അതോടൊപ്പം പത്രങ്ങള്‍ രാഷ്ട്രീയാധികാരം കൈയ്യാളുന്ന ഒരു അവസ്ഥ വന്നു. രാഷ്ട്രീയാധികാരം പങ്കുവെക്കുന്നതിനും രാഷ്ട്രീയാധികാരത്തില്‍ ഇടപെടുന്നതിനുമൊക്കെയുള്ള ഒരു പ്രവണത പത്രങ്ങള്‍ക്കുണ്ടായി. അതിനു കാരണം പത്രങ്ങളുടെ വമ്പിച്ച ജനസ്വാധീനമാണ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനു സാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജനങ്ങളെ സമീപിക്കുന്നതിനും അവരുടെ അഭിപ്രായം രൂപപ്പെടുത്തുന്നതിനും അവരുടെ നിലപാടുകളില്‍ ഇടപെടുന്നതിനും ഒക്കെയുള്ള സാഹചര്യം പത്രങ്ങള്‍ക്കുണ്ടായി. "ഈ പത്രങ്ങള്‍ അധികാരം പ്രയോഗിക്കുന്നു, അധികാരം കൈയ്യാളുന്നു, ഉത്തരവാദിത്തം ഇല്ലാതെ" - "They are enjoying power without responsibility" - എന്നാണ് ബ്രിട്ടണില്‍ പ്രൈം മിനിസ്റ്റര്‍ ആയീരുന്ന സ്റ്റാന്‍ലി ബാള്‍ഡ്വിന്‍ പറഞ്ഞിട്ടുള്ളത്. തിരഞ്ഞെടുക്കപെട്ട ഒരു ജനപ്രതിനിധിക്ക്, പ്രധാനമന്ത്രിക്ക് റെസ്പോണ്‍സിബിലിറ്റി കൂടിയുണ്ട്, അക്കൗണ്ടബിലിറ്റിയുണ്ട്. ഇതൊന്നുമില്ലാതെ പത്രങ്ങള്‍ അധികാരം അനുഭവിക്കുന്നു എന്ന വിമര്‍ശനവും ഉണ്ടായിട്ടുണ്ട്.

4. ഒരുപക്ഷെ ഇന്നു പത്രങ്ങളുടെ പോലും വരുമാനം, വരിസംഖ്യയേക്കാള്‍ കൂടുതല്‍ പരസ്യങ്ങളില്‍ നിന്നാണല്ലോ. ദൃശ്യമാധ്യമങ്ങളുടെ വരുമാനം ഏതാണ്ട് പൂര്‍ണമായും പരസ്യങ്ങളില്‍ നിന്നാണ്. ഇതു മാധ്യമങ്ങളെ വായനക്കാരെക്കാള്‍ കൂടുതല്‍ പരസ്യദാതാക്കളോട് കൂറുള്ളവരാക്കാന്‍ സാധ്യതയില്ലേ?

വാസ്തവത്തില്‍ അഡ്വര്‍ട്ടൈസേഴ്സാണ് സബ്സിഡൈസ് ചെയ്ത് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് പത്രം വില്പനയ്ക്കെത്തിക്കുന്നതും ചാനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും.

ഒരു സംഭവത്തെ വാര്‍ത്തയാക്കുന്നതിന്റെ മാനദണ്ഡം മാറിയിട്ടുണ്ട്. ജനങ്ങള്‍ക്ക് എത്രമാത്രം താല്‍പര്യമുണ്ടാവും, ജനങ്ങളെ ഏതു രീതിയില്‍ ബാധിക്കും എന്നതൊക്കെയായിരുന്നു പണ്ടത്തെ മാനദണ്ഡമെങ്കില്‍ ഇന്ന് ആ അവസ്ഥയ്ക്കൊക്കെ മാറ്റം വന്നു. ഒരു സംഭവത്തെ വാര്‍ത്തയാക്കി മാറ്റുന്നതിനുള്ള മാനദണ്ഡം ഇന്നു വ്യത്യസ്തമാണ്. അതു നിര്‍ണ്ണയിക്കുന്നവരും വേറെയാണ്. അതു നിര്‍ണ്ണയിക്കുന്ന ആ "മറ്റു ചില ശക്തികള്‍" ഇന്ന് സാമ്പത്തികശക്തികളാണെന്ന് പറയേണ്ടി വരും. പരസ്യങ്ങള്‍ എല്ലാവര്‍ക്കുമൊരു ശല്യമാണ്. വായനക്കര്‍ക്ക് പരസ്യം കാണുന്നത് ഇഷ്ടമല്ല. ടെലിവിഷന്‍ കാണുന്നവര്‍ക്കും പരസ്യം കടന്നു വരുന്നതിഷ്ടമല്ല. പക്ഷെ ഈ പരസ്യക്കാരാണ് വാസ്തവത്തില്‍ ഈ മാധ്യമങ്ങളെ നിലനിര്‍ത്തിക്കൊണ്ടു പോരുന്നത്. മലയാളത്തില്‍ 4 രൂപക്ക് കിട്ടുന്ന പത്രം പരസ്യം ഇല്ലാതെയാണെങ്കില്‍ 20 രൂപയെങ്കിലുമാകുമെന്നാണ് കണക്ക്. ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങള്‍ കെട്ടുകണക്കിന് പ്രിന്റഡ് പേപ്പര്‍ ഒരു വിലപോലുമീടാക്കാതെയാണ് പലപ്പോഴും തരുന്നത്. ഇതു സാധിക്കുന്നത് പരസ്യവരുമാനം ഉള്ളതുകൊണ്ടാണ്. അപ്പോള്‍ വാസ്തവത്തില്‍ അഡ്വര്‍ട്ടൈസേഴ്സാണ് സബ്സിഡൈസ് ചെയ്ത് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് പത്രം വില്പനയ്ക്കെത്തിക്കുന്നതും ചാനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും. അതുകൊണ്ടിതു പൂര്‍ണമായും തെറ്റാണെന്ന് പറയാന്‍ കഴിയില്ല. അങ്ങനെ അഡ്വര്‍ട്ടൈസ്മെന്റിനെ ആശ്രയിച്ച് നില്ക്കുന്ന പ്രവര്‍ത്തനമായതുകൊണ്ട് മാധ്യമങ്ങള്‍ക്ക് അഡ്വര്‍ട്ടൈസേഴ്സിനെ പൂര്‍ണമായും ആശ്രയിക്കേണ്ടി വരുന്നു. അവരെ പിണക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നു. അവരോടു "അടിമത്തം" എന്നു വിശേഷിപ്പിക്കാവുന്ന രീതിയിലുള്ള വിധേയത്വം ഉണ്ടാവുന്നു. അത് വാര്‍ത്തയെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസവും കേരളാ ഹൈക്കോടതി മാധ്യമങ്ങളോട് ഒരു ചോദ്യം ചോദിച്ചു. നിങ്ങള്‍ പല ഹോട്ടലുകളിലും റെയ്ഡ് നടത്തുന്നു. ഭക്ഷണയോഗ്യമല്ലാത്ത ആഹാരം പിടിച്ചെടുത്ത് നശിപ്പിക്കുന്നു. എന്തുകൊണ്ട് നിങ്ങള്‍ ആ ഹോട്ടലുകളുടെ പേര് പരസ്യപെടുത്തുന്നില്ല? അതു പരസ്യപ്പെടുത്തിയാലല്ലേ ആ ഹോട്ടലുകളെ ജനങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയു? അങ്ങിനെ ജനങ്ങള്‍ ഒഴിവാക്കുമെന്ന അവസ്ഥ വന്നാല്‍ പിന്നെ മുനിസിപ്പല്‍ ഹെല്‍ത്ത് ഓഫീസറുടെ ആവശ്യമില്ല. സാനിറ്റേഷന്‍ ഇന്‍സ്പെക്ടറുടെ ആവശ്യമില്ലാതെ തന്നെ ഹോട്ടലുകള്‍ ക്വാളിറ്റി നിലനിര്‍ത്തും. പക്ഷെ ഒരു പത്രവും ആ ഹോട്ടലുകളുടെ പേര് പറയില്ല. കേരളാ ഹൈക്കോടതി തന്നെ 100% ശതമാനം തോല്‍വി രേഖപ്പെടുത്തിയ ഏതാനും എഞ്ചിനിയറിങ്ങ് കോളേജുകള്‍ നിലവാരമില്ലാത്തതിനാല്‍ അടച്ച് പൂട്ടണം എന്ന് ഉത്തരവിട്ടു. ജഡ്ജുമെന്റില്‍ ആ കോളേജുകളുടെയെല്ലാം പേര് പറഞ്ഞിട്ടുണ്ട്. പക്ഷെ ഒരു പത്രമോ ഒരു ചാനലോ ആ കോളേജുകളുടെ പേര് പറഞ്ഞില്ല. നമുക്ക് വ്യക്തമായ കാരണങ്ങളാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ പരസ്യം കിട്ടുമെന്നുണ്ടെങ്കില്‍ അവരെ ഉപദ്രവിക്കാന്‍, അവരെ പിണക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവുന്നില്ല. അത് ചെറിയ പത്രങ്ങളുടെ മാത്രം അവസ്ഥയല്ല - മനോരമയും, മാതൃഭൂമിയും, ഏഷ്യാനെറ്റും ഒക്കെ ഉള്‍പ്പടെ സാമ്പത്തികഭദ്രതയുള്ള സ്ഥാപനങ്ങള്‍ക്കു പോലും ഈ പരസ്യക്കാരുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ വഴങ്ങിക്കൊടുക്കാതിരിക്കാന്‍ കഴിയുന്നില്ല. ഇതു വലിയ അപകടം തന്നെയാണ്. സ്വര്‍ണ്ണവ്യാപാരികള്‍ക്കെതിരെ, തുണിവ്യാപാരികള്‍ക്കെതിരെ, ഒന്നും ഒരു വാര്‍ത്തയും വരില്ല. കാരണം അവരെ ആശ്രയിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തയുടെ രൂപീകരണത്തില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടല്‍ വളരെ വലുതാണ്.

മനോരമയും, മാതൃഭൂമിയും, ഏഷ്യാനെറ്റും ഒക്കെ ഉള്‍പ്പടെ സാമ്പത്തിക ഭദ്രതയുള്ള സ്ഥാപനങ്ങള്‍ക്കു പോലും ഈ പരസ്യക്കാരുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ വഴങ്ങിക്കൊടുക്കാതിരിക്കാന്‍ കഴിയുന്നില്ല.

ഇതു പലപ്പോഴും ജനങ്ങളുടെ താല്പര്യങ്ങള്‍ക്കെതിരാവുന്നുണ്ട് . പൊതുതാല്പര്യമുള്ള വാര്‍ത്തകള്‍ പലതും പരസ്യപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ വരുന്നു. ഞാന്‍ പത്രപ്രവര്‍ത്തകനായി ഇരുന്നത് 35 വര്‍ഷം മുന്‍പാണ്. അന്നു ഞങ്ങള്‍ക്ക് അഡ്വര്‍ട്ടൈസ്മെന്റ് ഡിപ്പാര്‍ട്ടുമെന്റുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അവര്‍ക്ക് ന്യൂസ് റൂമിലേക്ക് പ്രവേശനമില്ലായിരുന്നു. അവരുടെ ആകെ ജോലി ഓരോ പേജിലും എത്ര പരസ്യമുണ്ട്, അതിന്റെ അളവ് എത്ര എന്നു കാണിക്കുന്നതിന് വേണ്ടിയുള്ള ഡമ്മി ഷീറ്റ് വരച്ചു തരലായിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല. എഡിറ്റര്‍ ഇല്ലാതെയാണ് ഇന്ന് പത്രങ്ങള്‍ ഇറങ്ങുന്നത്. ഏത് പത്രത്തിനാണ് അറിയപ്പെടുന്ന ഒരു എഡിറ്റര്‍ ഉള്ളത്? ഇന്നൊരു വായനക്കാരനോടു ചോദിച്ചാലും അവന്‍ വായിക്കുന്ന പത്രത്തിന്റെ എഡിറ്റര്‍ ആര് എന്നു പറയാന്‍ കഴിയില്ല. ഞാന്‍ പത്രം വായിച്ച് തുടങ്ങുന്ന കാലത്ത് എനിക്ക് ഞാന്‍ വായിക്കുന്ന പത്രത്തിന്റെയൊക്കെ പത്രാധിപരെ നല്ല പരിചയമായിരുന്നു. ഫ്രാങ്ക് മൊറൈസ്, പോത്തന്‍ ജോസഫ് തുടങ്ങിയവര്‍. കെ. പി. കേശവമേനോന്‍, കെ. എം. മാത്യൂ, കെ. എം. ചെറിയാന്‍, കെ. സുകുമാരന്‍, കെ. ബാലകൃഷ്ണന്‍ തുടങ്ങിയ പേരുകള്‍ കേട്ടാല്‍ എല്ലാവരും തിരിച്ചറിയുമായിരുന്നു. ഇന്നങ്ങനെ ഒരു പത്രാധിപരില്ല. പത്രാധിപരുടെ പേര് പരസ്യപ്പെടുത്തണം എന്നത് മാന്‍ഡേറ്ററി ആയതുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ ഈ പേരുകളൊക്കെ കൊടുക്കുണുണ്ട്. പക്ഷെ അവര്‍ അത് ഏത് പേജിലാണ് കൊടുക്കുന്നത് എന്നു കണ്ടുപിടിച്ച് വായിക്കാന്‍ സാധാരണഗതിയില്‍ ആര്‍ക്കും കഴിയില്ല. അതു കൊടുക്കുമ്പോള്‍ തന്നെ 'എഡിറ്റര്‍ (കേരള മാര്‍ക്കറ്റ്)' എന്നാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്. അപ്പോള്‍ മാര്‍ക്കറ്റ് ഏരിയ നോക്കി മാര്‍ക്കറ്റടിസ്ഥാനത്തില്‍ എഡിറ്ററെ നിയോഗിക്കുന്ന രീതി. ഇതൊക്കെയാണ് പുതിയ കാലഘട്ടം. എഡിറ്റര്‍ ഇല്ലാതെ, ഒരു പത്രത്തെ നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട ആരുമില്ലാതെ, ബിസിനസ് എക്സിക്യുട്ടീവുകളാല്‍ കാര്യങ്ങള്‍ തീരുമാനിക്കപെടുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ ഇന്ന് എത്തിനില്‍ക്കുന്നു. ഏതു വാര്‍ത്ത പ്രസിദ്ധീകരിക്കണം, ഏതു വാര്‍ത്തയ്ക്കാണ് പ്രാധാന്യം, ഏതു വാര്‍ത്ത നിലനിര്‍ത്തണം എന്നൊക്കെ അവര്‍ തീരുമാനിക്കും. ചാനലുകളിലൊക്കെ എത്ര ഗൗരവമുള്ള ചര്‍ച്ച നടക്കുമ്പോഴും അതിന്റയിടയ്ക്ക് ഒരു ബ്രേക്ക് അനിവാര്യമായിരിക്കുന്നു എന്നു പറയില്ലെ? ഈ അനിവാര്യത അവതാരകന്റെയല്ല. അപ്പുറത്ത് പരസ്യം റിലീസ് ചെയ്യാനിരിക്കുന്നവരുടെ അനിവാര്യതയാണ്. പരസ്യങ്ങള്‍ക്ക് വളരെ പോസിറ്റീവ് ആയ ഒരു ഗുണവശമുണ്ട്. ഇന്‍ഫൊര്‍മേഷന്‍ കൂടിയാണത്. പരസ്യത്തിലൂടെ നമ്മള്‍ക്ക് ധാരാളം ഇന്‍ഫൊര്‍മേഷന്‍ കിട്ടുന്നുണ്ട്. അങ്ങനെ നല്ലവശങ്ങളുമുണ്ട്. പക്ഷെ ഇതിന്റെ ദോഷവശം എന്നത് ഇതെല്ലാം നിയന്ത്രിക്കുന്ന ശക്തിയായി അവര്‍ മാറിയിരിക്കുന്നു എന്നുള്ളതാണ്.

5. വാര്‍ത്തകളുടെ സെന്‍സേഷണലൈസേഷന്‍ ഇപ്പോള്‍ അതിരൂക്ഷമാണല്ലോ. അതു പലപ്പോഴും വ്യക്തികളുടെ സ്വകാര്യതയിലേക്കു പോലും കടന്നുകയറുന്നു - റൂപര്‍ട്ട് മര്‍ഡോക്കിന്റെ 'ന്യൂസ് ഓഫ് ദ വേള്‍ഡ്', അടച്ചുപൂട്ടാനിടയായതും ഇതുപോലൊരു സെന്‍സേഷണലൈസേഷനു വേണ്ടിയുള്ള ശ്രമം കാരണമാണെല്ലോ. പരസ്യങ്ങള്‍ക്കു വേണ്ടിയുള്ള മത്സരം ആണോ വാര്‍ത്തകളുടെ സെന്‍സേഷണലൈസേഷനു പ്രധാന കാരണം?

പിണറായി വിജയന്‍ "മാധ്യമ സിന്റിക്കേറ്റ്" എന്ന് ഒരിക്കല്‍ പറഞ്ഞു. ഇപ്പൊള്‍ അദ്ദേഹം "മാധ്യമ സിന്റിക്കേറ്റ്" എന്ന പദം ലഘുവായിപ്പോയി, കുറച്ചുകൂടി ഘനമുള്ള മറ്റൊരു പദം കണ്ടു പിടിക്കണം എന്ന് പറയുന്നു. ലോകത്തെവിടെയും ഈ ആക്ഷേപമുണ്ട്. കേരളത്തിലെ സി.പി.ഐ.എമ്മിനോ, പിണറായിക്കോ മാത്രമുള്ള ആക്ഷേപമല്ല.

പരസ്യങ്ങള്‍ പ്രധാന ഘടകമാണ്. സെന്‍സേഷണലിസം എന്നത് എപ്പോഴും മാധ്യമപ്രവര്‍ത്തനത്തില്‍ ആരോപിക്കപെടുന്ന കുറ്റമാണ്. എന്നാല്‍ ഞാന്‍ അതില്‍ കുറ്റം കാണാത്ത ആളാണ്‌. പ്രൊഫഷണല്‍ ആയി ഒരു പത്രം ഇറക്കുമ്പോള്‍ എല്ലാ കാര്യങ്ങളും ആകര്‍ഷകമാക്കണം. ആകര്‍ഷണീയതയാണ് സെന്‍സേഷണലിസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അതില്‍ വലിയ ദോഷം ഒന്നുമില്ല. പക്ഷെ അതിനെല്ലാം അപ്പുറത്തേക്ക് നമ്മള്‍ പോകുന്നു. വാര്‍ത്ത അല്ലാത്തതിനെ "അവാര്‍ത്ത" എന്ന് വേണമെങ്കില്‍ പറയാം. ഈ അവാര്‍ത്തയെയാണ് നമ്മള്‍ വാര്‍ത്തയാക്കി അവതരിപ്പിക്കുന്നത്‌. പ്രാധാന്യം ഉള്ള കാര്യങ്ങളുടെ ലഘൂകരണം (ട്രിവിയലൈസേഷന്‍) നടത്തുന്നു. നിസ്സാരകാര്യങ്ങളുടെ ഒരു പര്‍വതീകരണം നടത്തുന്നു. ഇങ്ങനെയുള്ള പല ദോഷങ്ങളെയും നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഇങ്ങനെ എന്താണ് വാര്‍ത്ത എന്ന് പോലും അറിയാന്‍ വയ്യാത്ത രീതിയില്‍ വികലമായ ഒരു വാര്‍ത്താവിന്യാസം നടക്കുന്നു. അതില്‍ ഫാബ്രിക്കേഷന്‍, സപ്രഷന്‍, ഡിസ്റ്റോര്‍ഷന്‍ തുടങ്ങിയ എല്ലാ ദോഷങ്ങളും ഉണ്ട്. ഈ ദോഷങ്ങളൊക്കെ പലരും പല രീതിയില്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. പിണറായി വിജയന്‍ "മാധ്യമ സിന്റിക്കേറ്റ്" എന്ന് ഒരിക്കല്‍ പറഞ്ഞു. ഇപ്പൊള്‍ അദ്ദേഹം "മാധ്യമ സിന്റിക്കേറ്റ്" എന്ന പദം ലഘുവായിപ്പോയി, കുറച്ചുകൂടി ഘനമുള്ള മറ്റൊരു പദം കണ്ടു പിടിക്കണം എന്ന് പറയുന്നു. ലോകത്തെവിടെയും ഈ ആക്ഷേപമുണ്ട്. കേരളത്തിലെ സി.പി.ഐ.എമ്മിനോ, പിണറായിക്കോ മാത്രമുള്ള ആക്ഷേപമല്ല. കഴിഞ്ഞ ദിവസം വത്തിക്കാനില്‍ മാര്‍പാപ്പക്കും ഈ ആക്ഷേപം ഉള്ളതായി വായിച്ചു. വത്തിക്കാന്റെ പ്രതിച്ഛായക്ക് ദോഷമുണ്ടാക്കുന്നരീതിയില്‍ മാധ്യമങ്ങള്‍ സമീപിക്കുന്നു എന്ന ആക്ഷേപം.

ഇതൊക്കെ സംഭവിക്കുമ്പോള്‍ ഇന്ന് രണ്ടു കാര്യങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. പുലിറ്റ്സറും ഹേര്‍സ്റ്റും മര്യാദവിട്ട പത്രപ്രവര്‍ത്തനം നടത്തിയത് അവരുടെ ലാഭത്തിനു വേണ്ടി മാത്രമായിരുന്നു. അവരുടെ പത്രത്തിന്റെ പ്രചാരം വര്‍ധിപ്പിക്കുക, അതിലൂടെ കൂടുതല്‍ പരസ്യം കിട്ടുക, അങ്ങനെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. പക്ഷെ ഇന്ന് അതല്ല. ഇന്ന് ആഗോള മൂലധനത്തിന്റെ (ഗ്ലോബല്‍ ക്യാപിറ്റല്‍) സംരക്ഷകരായി മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. അതുകൊണ്ട് ആഗോളവല്‍ക്കരണം എന്ന പ്രക്രിയ തടസമില്ലാതെ മുന്നോട്ടു പോകുന്നതിനു സഹായകരമായ പ്രവര്‍ത്തനം മാധ്യമങ്ങള്‍ സ്വീകരിക്കുന്നു. ആഗോളവല്‍ക്കരണം എന്നത് ആഗോള അധിനിവേശമാണ്. പക്ഷെ മാധ്യമങ്ങള്‍ അതിനെ വിശേഷിപ്പിക്കുന്നത് ചരിത്രത്തിലെ ഏറ്റവും ജനാധിപത്യപരമായ പ്രവര്‍ത്തനം എന്നാണ്‌. അതിനവര്‍ പറയുന്ന കാരണം, "it is done by consent" (അതു സമ്മതത്തോടെയാണ് നടത്തുന്നത്) നമ്മുടെയൊക്കെ ഈ കണ്‍സെന്റ് ആര് കൊടുത്തു എന്ന ചോദ്യമുണ്ട്. ചോംസ്കി പറയുന്നത് "the media is manufacturing consent5" (മാധ്യമങ്ങള്‍ സമ്മതി സൃഷ്ടിക്കുന്നു) എന്നാണ്‌.

ലക്ഷ്യബോധത്തോടെയും ആദര്‍ശശുദ്ധിയോടെയുമുള്ള മാധ്യമ പ്രവര്‍ത്തനം ആര്‍ക്കും നടത്താന്‍ കഴിയാത്ത അവസ്ഥയില്‍ ആഗോളമൂലധനം അതിന്റെ പിടി മുറുക്കിയിരിക്കുകയാണ്

അപ്പോള്‍ ആ രീതിയില്‍ ആഗോള മൂലധനത്തിന്റെ രക്ഷാധികാരികളും സംരക്ഷകരുമായി മാധ്യമങ്ങള്‍ മാറുമ്പോള്‍ വാര്‍ത്തയെ കുറിച്ചുള്ള നിര്‍വചനം തന്നെ മാറുന്നു. പുതിയ നിര്‍വചനവും പുതിയ സമീപനവുമെല്ലാമുണ്ടാവുന്നു. ഇതിനെതിരെ എത്ര ആദര്‍ശശുദ്ധിയുള്ള ഒരു ചെറിയ പത്രത്തിനും പിടിച്ചു നിക്കാന്‍ കഴിയില്ല. കാരണം അവര്‍ക്ക് കിട്ടുന്ന വാര്‍ത്തകള്‍, അവര്‍ക്ക് കിട്ടുന്ന ചിത്രങ്ങള്‍, ജനങ്ങള്‍ അവരില്‍ നിന്നും പ്രതീക്ഷിക്കുന്നത് എല്ലാം വ്യത്യസ്തമായ കാര്യങ്ങളാണ്. അതുകൊണ്ടാണ് ഒരു ബദല്‍ മാധ്യമ പ്രവര്‍ത്തനം അനായാസമായി നടക്കാത്തത്. സോഷ്യല്‍ സൈറ്റുകള്‍, ഇന്റര്‍നെറ്റ്‌ എന്നീ സൈബര്‍ സ്പേസില്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്നിരിക്കിലും അതല്ലാത്ത രീതിയില്‍ ലക്ഷ്യബോധത്തോടെയും ആദര്‍ശശുദ്ധിയോടെയുമുള്ള മാധ്യമ പ്രവര്‍ത്തനം ആര്‍ക്കും നടത്താന്‍ കഴിയാത്ത അവസ്ഥയില്‍ ആഗോളമൂലധനം അതിന്റെ പിടി മുറുക്കിയിരിക്കുകയാണ്

6. വാര്‍ത്തകളും ഫീച്ചറുകളും കൂടുതല്‍ നഗരകേന്ദ്രീകൃതമാകുന്നുണ്ടെന്നു തോന്നിയിട്ടുണ്ടോ? ഗ്രാമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടിങ്ങ് ഒരു സായിനാഥില്‍ ഒതുങ്ങി പോകുന്നുണ്ടോ?

പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും അവരുടെ മുന്‍പില്‍ ഒരു ഓഡിയന്‍സ് ഉണ്ട്. അവരുടെ കസ്റ്റമര്‍ ആരാണ്, ആര്‍ക്കു വേണ്ടിയാണീ പത്രം ഇറക്കുന്നത്‌, ആര്‍ക്കുവേണ്ടിയാണീ ചാനല്‍ നടത്തുന്നത്, എന്ന് ചിന്തിക്കുമ്പോള്‍ അവര്‍ സ്വാഭാവികമായും നഗരകേന്ദ്രീകൃതമാകും. പക്ഷെ അതിലും മാറ്റങ്ങള്‍ വരുന്നുണ്ട്. കേരളത്തില്‍ ഗ്രാമങ്ങളെ അങ്ങിനെ ഒഴിവാക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയില്ല. നഗര-ഗ്രാമ വ്യത്യാസം കേരളത്തില്‍ അത്ര പ്രകടമല്ല. പക്ഷെ ഇന്ത്യയെ സംബന്ധിച്ചെടത്തോളം വളരെ വിപുലമായ ഗ്രാമീണമേഖലകളുണ്ട്. അവിടെ നടക്കുന്ന കാര്യങ്ങള്‍, സാധാരണ വായനക്കാര്‍ക്ക് താത്പര്യം ഇല്ലാത്ത കാര്യങ്ങള്‍ ആണ് എന്ന രീതിയിലാണ് അവഗണിക്കപ്പെടുന്നത്. സായിനാഥ് പലപ്പോഴും ഇത് ചൂണ്ടികാണിക്കാറുണ്ട്. അതിനെ ശക്തമായി വിമര്‍ശിക്കാറുമുണ്ട്. അന്താരാഷ്‌ട്രരംഗത്തും ഇങ്ങനെതന്നെയാണ്. നമുക്ക് കിട്ടുന്ന "ഗ്ലോബല്‍ ന്യൂസ്‌" എവിടെ നിന്ന് വരുന്നു? വികിസിത പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നു മാത്രമാണത്‌ അത് വരുന്നത്. ആ രാജ്യങ്ങളുടെ മൂലധനം മാത്രമാണ് വാര്‍ത്തയുടെ ഉറവിടം അഥവാ പ്രഭവകേന്ദ്രം. ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ലണ്ടന്‍, പാരിസ് അങ്ങിനെ പോകുന്നു. ആഫ്രിക്ക എന്ന വലിയ ഭൂഖണ്ഡത്തില്‍ നിന്നും നമ്മള്‍ വല്ല വാര്‍ത്തയും പൊതുവേ വായിക്കാറുണ്ടോ? അവിടെ ഒരു ഭൂകമ്പമോ, അട്ടിമറിയോ ഉണ്ടായാല്‍ മാത്രം നമുക്ക് വാര്‍ത്ത വായിക്കാം. യൂറോപ്പിലോ, അമേരിക്കയിലോ നിന്നൊരു പത്രം എടുത്തു നോക്കിയാല്‍ ഏഷ്യയ്ക്ക് എത്ര പ്രാധാന്യമുണ്ട് എന്ന് മനസ്സിലാകും, എന്തിനേറെ നമ്മുടെ നാട്ടില്‍ നിന്നും തന്നെ പത്രങ്ങളില്‍ തന്നെ ഏഷ്യയുടെ വാര്‍ത്തകള്‍ എത്ര ശതമാനം കാണും? അത്യാഹിതങ്ങള്‍ മാത്രം കാണും.

ആഫ്രിക്ക എന്ന വലിയ ഭൂഖണ്ഡത്തില്‍ നിന്നും നമ്മള്‍ വല്ല വാര്‍ത്തയും പൊതുവേ വായിക്കാറുണ്ടോ? അവിടെ ഒരു ഭൂകമ്പമോ, അട്ടിമറിയോ ഉണ്ടായാല്‍ മാത്രം നമുക്ക് വാര്‍ത്ത വായിക്കാം.

അമേരിക്കയും, യൂറോപ്പും മാത്രം വാര്‍ത്തകള്‍ ആകുന്നതു പോലുള്ള അതെ സമീപനം തന്നെയാണ് നമ്മുടെ നാട്ടിലും. നമുക്ക് ഡല്‍ഹിയും, ബോംബെയും തുടങ്ങിയ നഗരങ്ങള്‍ മാത്രമാണ് വാര്‍ത്താകേന്ദ്രങ്ങള്‍. അതിനപ്പുറത്തേക് വിദര്‍ഭയും, വയനാടുമെല്ലാം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ആത്മഹത്യകളിലൂടെയാണ്. ആത്മഹത്യകള്‍ നടക്കുന്നില്ലെങ്കിലും വിദര്‍ഭയും വയനാടും പോലെ എത്രയോ പ്രദേശങ്ങള്‍ ഉണ്ട്. അവയുടെ ഒന്നും പേര് പോലും നമുക്ക് അറിയാന്‍ വഴിയില്ല. ഇതൊരു ഡിസ്റ്റോര്‍ഷനാണ്. അതെ സമയം യാഥാര്‍ത്ഥ്യവും ആണ്. ഗ്രാമങ്ങള്‍ ഒടുവില്‍ ഉണര്‍ന്ന്, ആധിപത്യം സ്ഥാപിക്കുന്ന കാലത്ത് ഇതിനു വ്യത്യാസം വരും. മുത്തങ്ങയുടെ കാര്യം എടുക്കാം. അവിടെ പണ്ടും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ മുത്തങ്ങയുടെ പേര് നമ്മള്‍ കേട്ടത് ജാനുവും കൂട്ടരും സെക്രട്ടേറിയറ്റിന്റെ മുന്‍പില്‍ കുടിലുക്കെട്ടി താമസിച്ചപ്പോളായിരുന്നു. അങ്ങനെ ഒരു കയ്യേറ്റം ഗ്രാമങ്ങളില്‍ നിന്നുണ്ടാകും, അപ്പോള്‍ അത് മാധ്യമങ്ങളിലേക്കും ഉണ്ടായിക്കൂടെന്നില്ല. സാക്ഷരത വര്‍ദ്ധിക്കുന്നു, എല്ലാവരും പത്രം വായിക്കുന്നു, ചാനലുകള്‍ കാണുന്നു എന്നിങ്ങനെയുള്ള അവസ്ഥ വരുമ്പോള്‍ അവരും ഞങ്ങള്‍ക്ക് കൂടുതല് സ്പേസ് ഉണ്ട് എന്ന് പ്രസ്താവിക്കുമല്ലോ. വയനാട്ടിലെ ആദിവാസികള്‍ പത്രം വായിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് പരാതി ഉണ്ടാകില്ലല്ലോ. എന്നാല്‍ അവരും പത്രം വായിക്കുന്ന സാഹചര്യത്തില്‍ അവരെയും അവഗണിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയാതെ വരും.

7. പത്രമുടമയുടെ താല്‍പര്യം ഏതെല്ലാം തരത്തില്‍ ഒരു പത്രത്തിന്റെ നിലപാടുകളെ സ്വാധീനിക്കാം? ഇതിനെതിരെ എന്തെങ്കിലും മുന്‍കരുതലുകള്‍ നമ്മുടെ പത്രങ്ങളും മാധ്യമങ്ങളും സ്വീകരിക്കാറുണ്ടോ? കേരളത്തിലെ മാധ്യമവൃത്തങ്ങളില്‍ ഈ സ്വാധീനം എത്രത്തോളം പ്രബലമാണ്?

പത്രമുടമയുടെ സ്വാധീനം പത്രത്തില്‍ ഉണ്ടാകുക എന്നുള്ളത് സ്വാഭാവികം മാത്രമാണ്. ആദ്യകാലത്ത് ഈ ഉടമ തന്നെയായിരുന്നു പത്രാധിപര്‍; പത്രാധിപര്‍ തന്നെ ആയിരുന്നു പത്രത്തിന്റെ ഉടമയും. പിന്നീടാണല്ലോ ഈ പ്രൊഫഷണല്‍ ജേര്‍ണലിസ്റ്റുകളുടെ വരവ്. അതിനു ശേഷം അത്തരത്തിലുള്ള പത്രപ്രവര്‍ത്തകരുണ്ടായി, പത്രാധിപന്മാരുണ്ടായി. മാധ്യമസ്വാതന്ത്ര്യം എന്നുള്ളത് ഉടമയുടെ സ്വാതന്ത്ര്യം ആണെന്ന് ആദ്യ കാലത്ത് പറഞ്ഞിരുന്നു. ഇന്ന് അങ്ങിനെ പറയാറില്ല. അതിനെ കുറിച്ചുള്ള സങ്കല്‍പ്പത്തിന് മാറ്റം വന്നിരിക്കുന്നു. പക്ഷെ ഇപ്പോഴും ഉടമയുടെ നിയന്ത്രണം പത്രത്തില്‍ ഉണ്ട്.

മലയാള മനോരമയുടെയോ, മാത്രുഭൂമിയുടെയോ ഒരു പത്രാധിപര്‍ക്ക് അവരുടെ ഉടമയ്ക്ക് കീഴ്പ്പെടാതെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്.

ഏഡിറ്ററുടെ പദവി എന്താണ്, അദ്ദേഹത്തിന്റെ തീരുമാനങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ ഉടമ ഇടപെടരുത്, എന്നതെല്ലാം പ്രസ് കൗണ്‍സില്‍ പറയുന്ന കാര്യങ്ങള്‍ ആണ്. ലോകം മുഴുവനും അത് അംഗീകരിക്കുന്നതാണ്. പക്ഷേ എന്നാലും ഉടമയുടെ സ്വാധീനവും, ഇടപെടലും, നിയന്ത്രണവും പത്രത്തില്‍ എല്ലാ കാലത്തും ഉണ്ടാകും എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. അതിനെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞേക്കാം. ഉദാഹരണത്തിന് സണ്‍ഡേ ടൈംസ് എന്ന ലണ്ടന്‍ പത്രത്തിന്റെ പത്രാധിപരായിരുന്നു ഹരോള്‍ഡ് ഇവാന്‍സ്. ആധുനിക കാലത്തെ ഏറ്റവും അറിയപ്പെടുന്ന ഒരു പത്രാധിപന്‍. പക്ഷെ റൂപര്‍ട്ട് മര്‍ഡോക്ക് സണ്‍ഡേ ടൈംസ് ഏറ്റെടുത്തപ്പോള്‍ അവിടെ നില്‍ക്കാന്‍ കഴിയില്ല എന്ന കാര്യം അദ്ദേഹത്തിനു മനസ്സിലായി6. അദ്ദേഹം രാജി വച്ചു. രാജിവയ്ക്കാതെ വഴങ്ങിക്കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്നവരും ഉണ്ട്. നമ്മുടെ നാട്ടില്‍ തന്നെ, മലയാള മനോരമയുടെയോ, മാത്രുഭൂമിയുടെയോ ഒരു പത്രാധിപര്‍ക്ക് അവരുടെ ഉടമയ്ക്ക് കീഴ്പ്പെടാതെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഉടമയെ വെല്ലുവിളിക്കണം എന്ന് ഞാന്‍ പറയുന്നില്ല. അവിടെ ഏറ്റവും ദുര്‍ബലനായ വ്യക്തിയായി മാറിയിരിക്കുന്നു പത്രാധിപര്‍. പത്രാധിപരായിരിക്കുനിടത്തോളം വായനക്കാരോട് പലതും പറയാറുള്ള പത്രാധിപര്‍ക്ക് പക്ഷെ, രാജിവെച്ചൊഴിയുമ്പോള്‍, ഈ സ്ഥാപനത്തിലെ പ്രവര്‍ത്തനം ഞാന്‍ അവസാനിപ്പിക്കുന്നു, നാളെ മുതല്‍ ഞാനല്ല പത്രാധിപന്‍ എന്ന് വായനക്കാരോട് പറയാനുള്ള അവസരം പോലും ഇല്ല. ഏറ്റവും ഒടുവില്‍ എക്സ്പ്രസ്സ്‌ ഗ്രുപ്പിന്റെ സമകാലിക മലയാളം വാരികയുടെ പത്രാധിപന്‍ ജയചന്ദ്രന്‍ നായര്‍ അവിടെ നിന്നും രാജി വച്ചൊഴിഞ്ഞു. ഈ വാര്‍ത്ത നമ്മള്‍ അറിയുന്നത് മറ്റു മാധ്യമങ്ങളില്‍ നിന്നാണ്. അറിയാന്‍ കാരണം അതിനു മറ്റൊരു പശ്ചാത്തലം ഉണ്ടായിരുന്നത് കൊണ്ടാണ്. അത് ശരിയോ തെറ്റോ എന്നറിയില്ല, അത് തന്നയാണോ കാരണം എന്നും അറിയില്ല. അദ്ദേഹത്തിന് എഴുതാന്‍ കഴിഞ്ഞാലല്ലേ അത് നമ്മള്‍ അറിയൂ. ഏതു പത്രാധിപരും രംഗം വിടുന്നത് അങ്ങനെതന്നെയാണ്. അതു കൊണ്ട് പത്രാധിപരുടെ അധികാരവും നിയന്ത്രണവും പത്രമുടമയുടെ താല്പര്യങ്ങള്‍ക്ക് അനുസൃതമായി മാത്രമെ നടക്കു.

8. ഏഷ്യാനെറ്റിന്റെയും ഏഷ്യാനെറ്റ് പ്ലസ്സിന്റെയും ഒക്കെ 51% ഓഹരി റൂപര്‍ട്ട് മര്‍ഡോക്കിന്റെ സ്റ്റാര്‍ ടി.വി.യുടെ കയ്യിലാണല്ലോ. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ വാങ്ങാത്തതിനു കാരണമായി അവര്‍ തന്നെ പറയുന്നത് ഇന്ത്യയില്‍ ഇന്നുള്ള നിയമപ്രകാരം വാര്‍ത്താചാനലുകളില്‍ 26% വിദേശനിക്ഷേപമേ അനുവദിക്കൂ എന്നതാണ്. ഇതു മാറ്റാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുമുണ്ട്. മാധ്യമങ്ങളില്‍ വന്‍തോതില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെന്തൊക്കെ ആണ്?

അതിനു രണ്ടു വശമുണ്ട്. ഒന്ന്, പ്രായോഗികവശം. ഞാന്‍ ഇന്നലെ കൊച്ചി തേവര കോളേജില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഒരു പെണ്‍കുട്ടി ചോദിച്ച ചോദ്യം - "ടൈം മാഗസനില്‍ മന്‍മോഹന്‍ സിംഗിനെ കുറിച്ചു വന്ന വിലയിരുത്തല്‍ വായിക്കുന്നതിനു ഒരു കോപ്പി വാങ്ങാം എന്നു വിചാരിച്ചാല്‍ അതിനു വില നൂറ്റിപത്തു രൂപയാണ്. അങ്ങനെ വില ഇടുന്നത് വായനക്കാര്‍ക്കു അതു വാങ്ങി വായിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതല്ലേ?" വിദേശപ്രസിദ്ധീകരണങ്ങള്‍ ഇന്ത്യയില്‍ അനുവദിക്കില്ല എന്നത് ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലം മുതലുള്ള നയതീരുമാനം ആണ്. റീഡേഴ്സ് ഡൈജസ്റ്റ് മാത്രമാണ് അതിനൊരു അപവാദം. അപ്പോള്‍ ഈ വിദേശപ്രസിദ്ധീകരണങ്ങള്‍ക്കൊക്കെ ഇന്ത്യയില്‍ വില കൂടും. മാധ്യമരംഗത്ത് വിദേശമൂലധനം ഇന്ത്യയില്‍ അനുവദിച്ചാല്‍ ആ കുട്ടി ആവശ്യപ്പെടുന്നത് പോലെ ടൈം മാഗസിന്‍ നൂറ്റിപ്പത്തിന്റെ നാലിലൊന്ന് വിലക്കു വാങ്ങാന്‍ കഴിയും. അങ്ങനെ വാങ്ങണോ വേണ്ടയോ എന്നുള്ള ചോദ്യം വേറേ നിലനില്‍ക്കുന്നു. പക്ഷെ അതിന്റെ ഒരു യാഥാര്‍ഥ്യം അതാണ്. [ഇനി രണ്ടാമത്തെ വശം.] ഇന്നിപ്പോള്‍ ആഗോളീകരണത്തിന്റെ ഈ കാലത്തില്‍ Foreign Direct Investment (FDI) അനുവദിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ആഗോളമൂലധനം ഒരു രാജ്യാതിര്‍ത്തിയെയും മാനിക്കുന്നില്ല. അതെവിടെയും കടന്നു ചെല്ലും. ഏതു രീതിയിലും ലാഭമുണ്ടാക്കും. ആ ലാഭം വന്ന വഴിയെ തന്നെ തിരിച്ചു പോകുകയും ചെയ്യും. റൂപര്‍ട് മര്‍ഡോകിനെ നമുക്കു തടയാന്‍ കഴിയില്ല, റൂപര്‍ട് മര്‍ഡോകിന്റെ പ്രവര്‍ത്തനം ഏതു രീതിയിലായാലും. പലതും നമുക്കു അറിയാന്‍ പോലും കഴിയില്ല. അമേരിക്കയില്‍ ഫോക്സ് ന്യൂസ് മര്‍ഡോക് സ്വന്തമാക്കി പത്തു വര്‍ഷം കഴിഞ്ഞാണ് ഫോക്സിന്റെ പ്രേക്ഷകര്‍ ആ വിവരം അറിഞ്ഞത്. കാരണം അമേരിക്കന്‍ നിയമമനുസരിച്ച് അമേരിക്കന്‍ പൌരത്വം ഇല്ലാത്ത ഒരാള്‍ക്ക് ഒരു ചാനല്‍ വാങ്ങാന്‍ കഴിയില്ല. ഇദ്ദേഹം ആസ്ട്രേലിയനാണ്. മര്‍ഡോക് പത്തു കൊല്ലം കൊണ്ട് ആ നിയമത്തില്‍ പല പഴുതുകളും കണ്ടെത്തി ആ നിയമത്തെ ദുര്‍ബലപ്പെടുത്തി ആ ചാനലിനെ നിയമപരമായി സ്വന്തമാക്കിയതിനു ശേഷമാണ് വിവരം പുറത്തുവിട്ടത്. ആ രീതിയില്‍ ഇന്ത്യയിലും അദ്ദേഹം എന്തെല്ലാം ചെയ്തിട്ടുണ്ടെന്നു നമുക്കു അറിയില്ല. ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ 26 ശതമാനം വാങ്ങി എന്നാണ് കേള്‍ക്കുന്നത്, യഥാര്‍ത്ഥത്തില്‍ എത്ര ശതമാനമാണ്, ആരൊക്കെ ആണ് അദ്ദേഹത്തിന്റെ ബിനാമികള്‍ എന്നൊന്നും നമുക്കു അറിയില്ല. അദ്ദേഹത്തിനു ആകെ ഒരു അപകടം സംഭവിച്ചതു ബ്രിട്ടണിലാണ്, ന്യൂസ് ഓഫ് ദ വേള്‍ഡ് സ്വമേധയാ അടച്ചു പൂട്ടേണ്ടി വന്നു. പാര്‍ലമെന്റിന്റെ സദാചാരസഭക്കു മുന്നില്‍ വിചാരണക്കു വിധേയമാകേണ്ടി വന്നു. തെറ്റുകള്‍ ഏറ്റു പറയേണ്ടി വന്നു. അപ്പോള്‍ അതിനര്‍ത്ഥം എത്ര ശക്തനാണ്, ഭീമനാണ് മാധ്യമസമ്രാട്ട് എന്നു വിശേഷിപ്പിച്ചാലും വായനക്കാരുടെ പ്രതിഷേധമുണ്ടായാല്‍ അതിനെ വക വയ്ക്കാതെ ഏറെക്കാലം മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകും. വിശ്വാസ്യത (credibility) വളരെ പ്രധാനപ്പെട്ട കാര്യമാണ്. ന്യൂസ് ഓഫ് ദ വേള്‍ഡ് ചെയ്ത അപരാധം എന്നത് നിയമം മറികടന്ന് വ്യകതികളുടെ സ്വകാര്യതയിലേക്കു, അവരുടെ സല്‍പേരിലേക്കു വന്‍ തോതിലുള്ള കയ്യേറ്റമായിരുന്നു. അതിലൂടെ നഷ്ടമായത് വിശ്വാസ്യതയാണ്. വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ എത്ര കരുത്തുറ്റ സ്ഥാപനമായാലും അതിനു മുന്നോട്ടു പോകാന്‍ കഴിയില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ന്യൂസ് ഓഫ് ദ വേള്‍ഡ്. അതു കേരളം ഉള്‍പെടെ എല്ലായിടത്തുമുള്ള മാധ്യമങ്ങള്‍ക്കു ഒരു ഗുണപാഠമാണ്.

9. ജനാധിപത്യത്തിന്റെ കാവല്‍ക്കാരായി പലപ്പോഴും മാധ്യമങ്ങളെ ചിത്രീകരിക്കാറുണ്ടല്ലോ. എന്നാല്‍ ഈ മാറുന്ന വരുമാന/ഉടമസ്ഥ വ്യവസ്ഥകള്‍ അവയെ ജനാധിപത്യത്തേക്കാളുപരി വിപണിയുടെയും മുതലാളിത്തത്തിന്റെയും കാവല്‍ക്കാരാക്കി മാറ്റാന്‍ സാധ്യതയുണ്ടോ?

നാനൂറ് കൊല്ലം മുമ്പ് പത്രം ആരംഭിക്കുമ്പോള്‍ ജനാധിപത്യം ഇല്ല. ജനാധിപത്യം കൊണ്ടു വന്നതും പത്രങ്ങളല്ല. അതു ജനങ്ങള്‍ തന്നെ നേരിട്ടു ഇടപെട്ട് കൊണ്ടുവന്നതാണ്.

മാധ്യമങ്ങള്‍ ആരംഭിക്കുന്നത് ജനാധിപത്യം സംരക്ഷിക്കാം എന്ന അവകാശവാദത്തോടെ അല്ല, ചരിത്രപരമായി ആ ഉത്തരവാദിത്തം പത്രങ്ങള്‍ ഏറ്റെടുത്തിട്ടുമില്ല. പക്ഷെ, നമ്മള്‍ അങ്ങനെ ഒരു ഉത്തരവാദിത്തം പത്രങ്ങളില്‍ ആരോപിക്കുകയാണ്. നമ്മുടെ ഭരണഘടന Article 1(a) അഭിപ്രായസ്വാതന്ത്ര്യയം (freedom of speech and expression) മൌലികാവകാശമായി പ്രഖ്യാപിക്കുന്നു. Universal declaration of Human rights-ല്‍ Article 19 അറിയാനുള്ള അവകാശം (Right to know) ഒരു മനുഷ്യാവകാശമായി പ്രഖ്യാപിക്കുന്നു. ഈ അവകാശങ്ങള്‍ ആരാണ് നമുക്കു സാധിച്ചു തരേണ്ടത്? മറ്റേതൊരു അവകാശവും ഭരണകൂടം നമുക്കു സാധിച്ചു തരണം. പക്ഷെ അറിയുവാനുള്ള അവകാശം ഭരണകൂടം സാധിച്ചു തരുന്നതല്ല നമുക്കു വേണ്ടത്. അതുകൊണ്ടാണ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന പത്രങ്ങളും ചാനലുകളും അടങ്ങുന്ന മാധ്യമലോകം നമ്മുടെ ഭരണഘടനാപരമായ അവകാശം നിറവേറ്റി തരും എന്ന പ്രതീക്ഷ നമുക്കുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങളെ നമ്മള്‍ ജനാധിപത്യത്തിന്റെ ഒരു ഭാഗമായി അംഗീകരിക്കുന്നത്. എന്നാല്‍ ഈ ഒരു തോന്നല്‍ മാധ്യങ്ങള്‍ക്കുണ്ടോ എന്ന് എനിക്കറിയില്ല. ചരിത്രപരമായി അങ്ങനെ ഒരു കടമ മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടില്ല. ''ഞങ്ങള്‍ പലതും പറയും, അതു നിങ്ങള്‍ക്കു വേണമെങ്കില്‍ വാങ്ങിച്ചു വായിക്കാം'' എന്നാണ് അവരുടെ രീതി. നാനൂറ് കൊല്ലം മുമ്പ് പത്രം ആരംഭിക്കുമ്പോള്‍ ജനാധിപത്യം ഇല്ല. അല്ലെങ്കില്‍ ഇന്ത്യയില്‍ ജെയിംസ് അഗസ്റ്റസ് ഹിക്കി ആദ്യത്തെ പത്രം ബംഗാള്‍ ഗസറ്റ് ആരംഭിക്കുമ്പോള്‍, അല്ലെങ്കില്‍ കേരളത്തില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് രാജ്യസമാചാരം ആരംഭിക്കുമ്പോള്‍ ഇവിടെ ജനാധിപത്യം ഇല്ല. ജനാധിപത്യം കൊണ്ടു വന്നതും പത്രങ്ങളല്ല. അതു ജനങ്ങള്‍ തന്നെ നേരിട്ടു ഇടപെട്ട് കൊണ്ടുവന്നതാണ്. ജനാധിപത്യസംവിധാനത്തില്‍ മാധ്യമങ്ങള്‍ക്കു പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കാനുണ്ടെന്ന് എന്ന തിരിച്ചറിവിലാണ് ജനങ്ങള്‍ മാധ്യങ്ങള്‍ക്കു സവിശേഷമായ സ്ഥാനവും പദവിയും അംഗീകാരവും ഒക്കെ നല്കിയിട്ടുള്ളത്. അതിനനുസരിച്ചു പ്രവര്‍ത്തിക്കുക എന്നത് അവരുടെയും ഉത്തരവാദിത്തമാണ്. അല്ലെങ്കില്‍ അവരുടെ ആ സ്വാതന്ത്ര്യം നഷ്ടപ്പെടും എന്നതിനു അടിയന്തരാവസ്ഥയെങ്കിലും നമ്മുടെ മുന്‍പില്‍ മാതൃകയായിട്ടുണ്ട്.

10. രാഷ്ട്രീയ പാര്‍ടിയുടെ ഉടമസ്ഥതയില്‍ പത്രങ്ങള്‍ നടത്തുന്നതിനെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ്?

മാധ്യമസ്വാതന്ത്ര്യം എന്നു പറയുന്നമ്പോള്‍ അത് എല്ലാ പൗരന്‍മാര്‍ക്കുമുള്ള അഭിപ്രായപ്രകടന സ്വാതന്ത്ര്യം അല്ലെങ്കില്‍ സംസാരസ്വാതന്ത്ര്യമാണ്. അത് മാധ്യമങ്ങളിലൂടെയും ആകാം, അതിനുള്ള ഒരു ഉപാധിയാണ് മാധ്യമങ്ങള്‍ എന്നാണ് നമ്മുടെ നിയമങ്ങളിലെ വ്യാഖ്യാനം. എനിക്കൊരു അഭിപ്രായം പറയാനുണ്ടെങ്കില്‍ എനിക്കൊരു പത്രമിറക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, പ്രസ്ഥാനങ്ങള്‍ക്കുണ്ട്, പാര്‍ട്ടികള്‍ക്കുണ്ട്, മത-സാമുദായിക സംഘടനകള്‍ക്കുണ്ട്. ഇതൊന്നുമില്ലാതെ മുഖ്യധാരയിലുള്ളവ എന്നു അവകാശപെട്ടുകൊണ്ട് തങ്ങള്‍ സ്വതന്ത്രമാണ്, നിഷ്പക്ഷമാണ് എന്നു പറയുന്ന ചില മാധ്യമങ്ങളുമുണ്ട്. ഇവര്‍ക്കെല്ലാം പ്രവര്‍ത്തിക്കുന്നതിനുള്ള അവകാശം നമ്മള്‍ നല്കുന്നുണ്ട്. മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധി മാധ്യമങ്ങളുടെ പെരുപ്പം ആണ് എന്നാണ് അമേരിക്കന്‍ സുപ്രീം കോടതി ഒരു കേസില്‍ പറഞ്ഞിട്ടുള്ളത്. ഒരു തുറന്ന വിപണിയില്‍ പല ഉല്പന്നങ്ങള്‍ വരും. ചില പ്രാഥമികമായ നിയമങ്ങളല്ലാതെ അവയുടെ ഗുണനിലവാരം നിശ്ചയിക്കുന്നതിന് അവിടെ ഇന്‍സ്പെക്ടര്‍മാരാരുമില്ല. നല്ലത് അല്ലെങ്കില്‍ ചീത്ത എന്ന തിരിച്ചറിവ് ഉള്ളത് ഉപഭോക്താക്കള്‍ക്കാണ്. അതുപോലെ ആശയങ്ങളുടെ ലോകത്ത് എല്ലാതരം പത്രങ്ങളും വരട്ടെ. വ്യത്യസ്തമായ, വിഭിന്നങ്ങളായ കാര്യങ്ങള്‍ അവര്‍ പറയട്ടെ, അതില്‍നിന്ന് നല്ലതും ചീത്തയും തിരിച്ചറിയാന്‍ വായനക്കാര്‍ക്ക് പ്രാപ്തിയുണ്ട്. നല്ലത് നിലനില്‍ക്കുകയും നല്ലതല്ലാത്തത് തിരസ്കരിക്കപെടുകയും ചെയ്യും. അതാണൊരു തത്ത്വം. അങ്ങനെയൊരു തത്ത്വം പറയാന്‍ കാരണം അതല്ലാതെ ഇതിന്റെ ഒരു പരിശോധനച്ചുമതല നമ്മള്‍ ആരേയേല്‍പ്പിക്കും? ഗവണ്‍മെന്റിനെ അല്ലെങ്കില്‍ ഭരണകൂടത്തെ, അല്ലെങ്കില്‍ പുറത്തുള്ള ഏതെങ്കിലും ഏജന്‍സിയെ ആ ചുമതല ഏല്‍പ്പിക്കാന്‍ കഴിയില്ല. അങ്ങനെയേല്‍പ്പിച്ചാല്‍ അതൊരെ ഇടപെടല്‍ ആയി മാറും. പുറത്തു നിന്നുള്ള ''റെഗുലേഷന്‍'' മാധ്യമസ്വാതന്ത്ര്യത്തിന് ചേര്‍ന്നതല്ല. ജനാധിപത്യപരമായ കാഴ്ചപ്പാടോടു കൂടിയാണ് ആ പരിശോധന/നിയന്ത്രണം മാധ്യമങ്ങള്‍ക്കു തന്നെ നമ്മള്‍ വിട്ടുകൊടുക്കുന്നത്. അതുകൊണ്ടാണ് "സെല്ഫ് റെഗുലേഷന്‍" - സ്വയം നിയന്ത്രിക്കുക - എന്നു നമ്മള്‍ ആവശ്യപെടുന്നത്.

11. ടി പി വധം അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇപ്പോള്‍ വിവാദമായിരിക്കുന്ന ഒരു വിഷയമാണല്ലോ മാധ്യമപ്രവര്‍ത്തകരും അന്വേഷണോദ്യോഗസ്ഥരും തമ്മിലുള്ള അതിരു കടന്ന സഹകരണം. "ഫോര്‍ത്ത് എസ്റ്റേറ്റ്" എന്ന പ്രയോഗത്തില്‍ അന്തര്‍ലീനമായ ഭരണകൂടത്തില്‍ നിന്നു നിഷ്പക്ഷമായ മീഡിയ എന്ന സങ്കല്പം ഇവിടെ തകരുകയാണോ?

എല്ലാ മരണവും, എല്ലാ കൊലപാതകവും ഒരു പോലെ വാര്‍ത്താപ്രാധാന്യം നേടുന്നില്ല. പക്ഷെ, ചില മരണങ്ങള്‍ ഒരു വലിയ വാര്‍ത്ത ആയി മാറുന്നുണ്ട്. ഇവിടെ ചന്ദ്രശേഖരന്റെ കൊലപാതകത്തിനു വാര്‍ത്താപ്രധാന്യം ഉണ്ട് എന്ന് ഞാന്‍ അംഗീകരിക്കുന്നു. അന്വേഷിക്കപ്പെടേണ്ടതായ ഒരു കുറ്റകൃത്യം തന്നെയാണ് അത്. അത് കൊണ്ട് കുറ്റാന്വേഷണം, കുറ്റകൃത്യത്തിന്റെ അവലോകനം ഇതെല്ലം മാധ്യമങ്ങള്‍ക്ക് നടത്താം. പക്ഷെ, സമൂഹത്തെ സംബന്ധിച്ച് അതിനേക്കാള്‍ പ്രധാനപെട്ടത്, പോലീസ് അന്വേഷണം ആണ്. കൃത്യമായി അന്വേഷണം നടത്തി ആരാണ് കൊലപാതകി, ആരാണ് ഇതിനു ഉത്തരവാദികള്‍ എന്ന് കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്നുള്ളതാണ്, സമൂഹത്തിനു ഏറ്റവും താത്പര്യമുള്ള, ഉത്കണ്ഠയുള്ള വിഷയം. അവിടെ മാധ്യമങ്ങളുടെയും പോലീസിന്റെയും പ്രവര്‍ത്തനം തമ്മില്‍ ഒരു കലഹം ഉണ്ടാകാന്‍ പാടില്ല, അവര്‍ തമ്മില്‍ കൂടുതല്‍ അടുക്കാനും പാടില്ല. ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനം നമ്മള്‍ അഫ്ഘാനിസ്ഥാനില്‍ ഒക്കെ കേട്ടത് പോലെ, പട്ടാളവും മാധ്യമങ്ങളും ഒരു യൂണിറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചതു പോലെയുള്ള ഒരു എമ്പഡഡ് ജേണലിസം ആണ്. മാധ്യമ പ്രവര്‍ത്തകര്‍ പോലീസിനെ അമിതമായി ആശ്രയിക്കുകയും, പോലീസിന്റെ വക്താക്കള്‍ ആയി മാറുകയും ചെയുന്ന അവസ്ഥ. അതേ സമയം, പോലീസിനു കൃത്യമായി എല്ലാ വിവരവും പരസ്യപ്പെടുത്താന്‍ കഴിയില്ല, അതു കൊണ്ട് ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്ത മുഴുവന്‍ പോലീസ് നല്കിയതാണോ എന്നും അറിയില്ല, അതിന്റെ ഉറവിടം മാധ്യമങ്ങള്‍ പറയുന്നില്ല. ഉറവിടം പറയാത്തിടത്തോളം, ഒരു പക്ഷെ കൂട്ടം കൂടിയിരുന്നു കല്പിതകഥകളും പത്രങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ എന്നു നമുക്കറിയാന്‍ കഴിയില്ല. രണ്ടു രണ്ടര മാസമായിട്ട് എല്ലാ ദിവസവും ജനങ്ങള്‍ക്ക്‌ താത്പര്യം നിലനിര്‍ത്തി കൊണ്ട് പോകുന്ന തരത്തിലുള്ള വാര്‍ത്തകളുടെ സൃഷ്ടി നടക്കുന്നുണ്ടാവാം.

ചന്ദ്രശേഖരന്‍ വധക്കേസില്‍ മാധ്യമങ്ങള്‍ വ്യക്തമായ ഒരു വലതുപക്ഷ അജണ്ട മുന്‍നിര്‍ത്തി കൊണ്ട്, ഗൂഡോദ്ദേശ്യത്തോടു കൂടി പ്രവര്‍ത്തിക്കുന്നു എന്ന ഒരു ആക്ഷേപം വ്യാപകമായി കേരളത്തില്‍ ഉണ്ട്,

മാത്രമല്ല, ഈ കാര്യത്തില്‍ പ്രത്യക്ഷത്തില്‍ കാണുന്ന ചില ദോഷങ്ങളുമുണ്ട്. തിരിച്ചറിയല്‍ പരേഡിന് വിധേയനാകേണ്ട പ്രതിയെ മുഖാവരണം അണിയിച്ചു പോലീസ് കോടതിയില്‍ ഹാജരാക്കുമ്പോള്‍, ആ പ്രതിയുടെ നേരത്തെ ഉള്ള പടം ചാനല്‍ കൊടുത്തു കൊണ്ടിരിക്കയാണ്. അത് ആ അന്വേഷണത്തെ തടസ്സപെടുത്തുകയാണ്. പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞു എന്ന് കോടതിയില്‍ പറയാന്‍ കഴിയാത്ത അവസ്ഥ മാധ്യമങ്ങള്‍ ഉണ്ടാക്കി. അറസ്റ്റ് ചെയപ്പെടുന്നവര്‍ക്കും ചോദ്യം ചെയ്യപ്പെടുന്നവര്‍ക്കും ഒക്കെ അവകാശങ്ങള്‍ ഉണ്ട്, നിയമപരമായ പരിരക്ഷ ഉണ്ട്. കോടതി കുറ്റവാളി എന്ന് പ്രഖ്യാപിക്കുന്നത് വരെ അവര്‍ നിരപരാധി ആണ് എന്നാണ് നിയമത്തിന്റെ അനുമാനം. പോലീസ് ന്യായമായിട്ടാണോ അവരോട് പെരുമാറുന്നത് എന്ന് പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്തവും മാധ്യമങ്ങള്‍ക്ക് ഉണ്ട്, മാധ്യമങ്ങള്‍ക്ക് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം കൂടിയുണ്ട്. പക്ഷെ ഇന്ന് ആ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍, ചോദിക്കുന്നവരെ ആണ് മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത്. പോലീസിന്റെ അന്വേഷണത്തില്‍ ഇടപെടുന്നു, പോലീസിനെ ഭീഷണിപെടുത്തുന്നു എന്നുള്ള ആരോപണം ഈ ചോദ്യകര്‍ത്താക്കള്‍ക്കെതിരെ ഈ മാധ്യമങ്ങള്‍ ഉന്നയിക്കുകയും, പല തരത്തിലും പോലീസിന്റെ അന്വേഷണത്തിന് ഫലസിദ്ധി കിട്ടാതെ പോകുന്ന പ്രവര്‍ത്തനം മാധ്യമങ്ങള്‍ സ്വയം നടത്തുകയും ചെയുന്നുണ്ട്. അങ്ങനെ ഉള്ള കുറേ പോരായ്മകള്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ, അല്ലെങ്കില്‍ നിയമപരമായി കാര്യങ്ങള്‍ നോക്കുന്ന ഒരാളിന്റെ വീക്ഷണത്തിലൂടെ നമുക്ക് കാണാന്‍ കഴിയുന്നുണ്ട്.

ഇപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ നടത്തുന്ന എല്ലാ വിമര്‍ശനങ്ങളും ന്യായമാണെന്ന് ഞാന്‍ പറയുന്നില്ല. മാധ്യമങ്ങളുടെ ഇത്തരത്തിലുള്ള ഇടപെടല്‍, ജാഗ്രത ഇല്ലെങ്കില്‍ പല കേസുകളും അസ്തമിച്ചു പോകാന്‍ സാധ്യത ഉണ്ട്. മീഡിയാ ആക്ടിവിസം കൊണ്ട് മാത്രം നിലനിന്ന് പോവുകയും അതിന്റെ ഒരു ലക്ഷ്യത്തിലേക്ക് എത്തുകയും ചെയ്തിട്ടുള്ള പല കേസുകളും ചൂണ്ടിക്കാണിക്കാനും കഴിയും. പക്ഷെ ചന്ദ്രശേഖരന്‍ വധക്കേസില്‍ മാധ്യമങ്ങള്‍ വ്യക്തമായ ഒരു വലതുപക്ഷ അജണ്ട മുന്‍നിര്‍ത്തി കൊണ്ട്, ഗൂഢോദ്ദേശ്യത്തോടു കൂടി പ്രവര്‍ത്തിക്കുന്നു എന്ന ഒരു ആക്ഷേപം വ്യാപകമായി കേരളത്തില്‍ ഉണ്ട്, അങ്ങനെ ഒരു ആക്ഷേപം ഉണ്ടാകാന്‍ പാടില്ലായിരുന്നു, ഉണ്ടാകാതെ നോക്കേണ്ട ചുമതലയും മാധ്യമങ്ങള്‍ക്ക് ഉണ്ടായിരുന്നു.

12. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ നഷടപ്പെട്ട സി പി എം എന്ന പ്രസ്ഥാനത്തെ, അതും കേരളത്തിന്റെ സാമൂഹികപുരോഗതിയില്‍ മുഖ്യ പങ്കു വഹിച്ച ഒരു പാര്‍ട്ടിയെ "കൊലയാളി പാര്‍ട്ടി" എന്നു മുദ്ര കുത്താനുള്ള ഒരു ശ്രമം ബോധപൂര്‍വ്വമാണ് എന്നു താങ്കള്‍ കരുതുന്നുണ്ടോ?

ആരാണ് കൊലപാതകി അല്ലെങ്കില്‍ ഗൂഢാലോചന നടത്തിയത് എന്നിവയെക്കുറിച്ച് പോലീസിനു ധാരണ കിട്ടും മുന്‍പ് തന്നെ ഇതെല്ലാം കണ്ണൂര്‍ സംഘത്തിന്റെ പ്രവര്‍ത്തനമാണ് എന്ന് മാധ്യമങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

അതാണ്‌ ഞാന്‍ പറഞ്ഞത്, കൊലപാതകത്തിന് രാഷ്ട്രീയ പ്രാധാന്യം ഉണ്ട് എന്നുള്ളത് ശരിയാണ്. പക്ഷെ ആ കൊലപാതകിയെ കണ്ടെത്തുക, അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ കണ്ടെത്തുക എന്ന പരിശ്രമത്തിനപ്പുറം, സംഭവം നടന്ന അന്ന് തന്നെ സി പി ഐ എം ആണ് കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയത് എന്ന് പ്രഖ്യാപിക്കുകയും, അതിനു അനുസൃതമായ രീതിയില്‍ അവര്‍ മുന്നോട്ടു പോവുകയും ചെയ്തു. ആരാണ് കൊലപാതകി അല്ലെങ്കില്‍ ഗൂഢാലോചന നടത്തിയത് എന്നിവയെക്കുറിച്ച് പോലീസിനു ധാരണ കിട്ടും മുന്‍പ് തന്നെ ഇതെല്ലാം കണ്ണൂര്‍ സംഘത്തിന്റെ പ്രവര്‍ത്തനമാണ് എന്ന് മാധ്യമങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. മാതൃഭൂമി ചന്ദ്രശേഖരനെ വിവരിച്ചത് രക്തനക്ഷത്രം എന്നാണ്‌, അതിനപ്പുറത്തേക്ക് ഒരു പദം പ്രയോഗിക്കാനില്ല. അതിലെല്ലാം അവരുടേതായ അജണ്ട വ്യക്തമായിരുന്നു; ഇങ്ങനെ ഒരു അജണ്ട തീരുമാനിച്ചു കൊണ്ട്, ആ അജണ്ട മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുക എന്നുള്ളതല്ല നല്ല മാധ്യമപ്രവര്‍ത്തനം. സത്യസന്ധമായി ആ കേസിനെ മാധ്യമങ്ങള്‍ പിന്തുടര്‍ന്നിരുന്നുവെങ്കില്‍, അത് പ്രശംസിക്കപ്പെടേണ്ടതായ മാധ്യമപ്രവര്‍ത്തനമായി മാറുമായിരുന്നു.

13. മാധ്യമങ്ങള്‍ സിന്‍ഡിക്കേഷന്‍ വഴി വാര്‍ത്തകളും, കാര്‍ട്ടൂണുകളും ഒക്കെ സംഘടിപ്പിക്കുനത് പണ്ടുമുതലെ പ്രചാരത്തിലുള്ളതാണല്ലോ. ഹിന്ദു പോലുള്ള പ്രമുഖ പത്രങ്ങള്‍ പോലും ഗാര്‍ഡിയന്റെയും മറ്റും സിന്‍ഡിക്കേഷന്‍ സര്‍വ്വീസ് ഉപയോഗിക്കാറുമുണ്ട്; അതു വാര്‍ത്തകള്‍ക്കു താഴെ സ്പഷ്ടമാക്കാറുമുണ്ട്. എന്നാല്‍ ഇതിനുപരിയായി സുതാര്യമല്ലാത്ത രീതിയില്‍ ചില മാധ്യമങ്ങള്‍ തമ്മില്‍ ഒത്തുചേര്‍ന്ന് ഒരേ തരത്തിലുള്ള വാര്‍ത്തകളും വിശകലനങ്ങളും അവരവരുടേതെന്ന മട്ടില്‍ പ്രസിദ്ധീകരിക്കുന്ന ഒരു പ്രവണത കേരളത്തില്‍ നിലനില്‍ക്കുന്നതായി തോന്നിയിട്ടുണ്ടോ?

കേരളത്തില്‍ അത്തരത്തില്‍ സംഘടിതമായി വാര്‍ത്താനിര്‍മ്മിതി നടക്കുന്നു എന്നുള്ളതായിരുന്നു പിണറായി വിജയന്റെ ആക്ഷേപം. അദ്ദേഹം ആണ് മാധ്യമസിന്‍ഡിക്കേറ്റ് എന്ന വിമര്‍ശനം ഉന്നയിച്ചത്. ആ പദം താന്‍ ഉദ്ദേശിക്കുന്ന വിമര്‍ശനത്തിനെ പൂര്‍ണ്ണമായും ഉള്‍ക്കൊളളാന്‍ പര്യാപ്തമല്ല എന്നും അദ്ദേഹത്തിനു പിന്നീട് പറയേണ്ടി വന്നു. അതുകൊണ്ട് ആ പദത്തെ കുറിച്ചല്ല, ആ പദം കൊണ്ട് ഉദ്ദേശിക്കുന്ന രീതിയില്‍ ഉള്ള പ്രവര്‍ത്തനം നടക്കുന്നുണ്ടൊ എന്നുള്ളതാണ് നോക്കേണ്ടത്. മാധ്യമസിന്‍ഡിക്കേറ്റ് എന്ന പദം വന്ന കാലത്ത് ഞാന്‍ പറഞ്ഞു അതിന് മാധ്യമപ്രവര്‍ത്തകരെ അല്ല കുറ്റപ്പെടുത്തേണ്ടത്. എവിടെയൊ നിന്ന്, ഏതോ ഒരു സങ്കേതത്തില്‍ നിന്നു വാര്‍ത്തകള്‍ സൃഷ്ടിക്കപെടുന്നുണ്ട്. അപ്രകാരം സൃഷ്ടിക്കപെടുന്ന വാര്‍ത്തകള്‍ ചില മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. മാധ്യമവൃത്തങ്ങളില്‍ വട്ടം ചുറ്റുന്നു. അത് ശരിയായ വാര്‍ത്തയാണ് എന്ന ധാരണയില്‍ പ്രസിദ്ധീകരിക്കപ്പെടുന്നു, വായനക്കാര്‍ വായിക്കുന്നു, അല്ലെങ്കില്‍ ചാനല്‍ പ്രേക്ഷകര്‍ കാണുന്നു. അതു തന്നെയാണ് സംഭവിച്ചത് എന്ന് പിന്നീട് പാര്‍ട്ടിക്കും ബോധ്യമായല്ലൊ. വാര്‍ത്താസൃഷ്ടിയുടെ ഉത്തരവാദിത്തം ഷാജഹാന്റെയും കൂട്ടരുടേയും ആയിരുന്നു. അവരെയൊക്കെ അതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കേണ്ടി വന്നു. ഷാജഹാന്‍ ഒരു ഉദാഹരണം ആയി ഞാന്‍ ചൂണ്ടിക്കാണിച്ചെന്നെ ഉള്ളു. അവര്‍ അല്ലെങ്കില്‍ അങ്ങനെ പലരും നിക്ഷിപ്തതാല്‍പര്യങ്ങള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. പെയ്ഡ് ന്യൂസ് പോലും ആ കൂട്ടത്തില്‍ പെടുത്താം, മാധ്യമങ്ങളെ നല്ല നിലയിലൊ അല്ലാതെയൊ സ്വാധീനിച്ച് അത്തരം വാര്‍ത്തകള്‍ക്കു പ്രചാരം കൊടുക്കുന്നു. അതിന് കൂട്ടു നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരും ഉണ്ടാകാം. ഇവിടെ മാധ്യമപ്രവര്‍ത്തകരെ അല്ല നമ്മള്‍ കുറ്റപ്പെടുത്തുന്നത്. ആ രീതിയില്‍ ഉള്ള മാധ്യമ പ്രവര്‍ത്തനം അപലപനീയം ആണ്. അതാണ് മാധ്യമ സിന്‍ഡിക്കേറ്റ് എന്ന വിമര്‍ശനത്തിലൂടെ പിണറായി വിജയന്‍ ഉന്നയിച്ചതും, ഇപ്പോഴും മറ്റ് പലരും ഉന്നയിച്ച് കൊണ്ടിരിക്കുന്നതും.

14. അങ്ങയെ ഒരു നിയമജ്ഞന്‍ എന്ന നിലയില്‍ കണ്ടുകൊണ്ടു ഒരു ചോദ്യം ചോദിക്കട്ടെ. ടി. പി. വധത്തിന്റെ അന്വേഷണത്തില്‍ ദിവിസങ്ങള്‍ കഴിയും തോറും പോലീസ് നടത്തുന്ന അറസ്റ്റുകളും ചോദ്യംചെയ്യല്ലുകളും പൗരാവകാശത്തെ തന്നെ ലംഘിക്കുന്നതായി തോന്നുണ്ടോ?

ഏത് അന്വേഷണം നടത്തുമ്പോഴും, നിയമം ഉണ്ടല്ലൊ. നിയമം അനുവദിക്കുന്ന വഴിയിലൂടെ മാത്രമേ അന്വേഷണം നടത്താന്‍ കഴിയുകയുള്ളു. ക്രിമിനല്‍ നിയമം വളരെ വിശദമായി എല്ലാ കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിമിനല്‍ നിയമത്തിന്റെ ഒരു സവിശേഷത അത് പോലീസിനെ വിശ്വസിക്കുന്നില്ല എന്നുള്ളതാണ്. അതുകൊണ്ടാണ് അന്വേഷണം നടത്തുന്ന പോലീസിന് പല തലരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പോലീസ് അന്വേഷിക്കുന്ന കാര്യങ്ങള്‍ ഒന്നും കോടതി വിശ്വസിക്കുന്നില്ല. ചോദ്യം ചെയ്യുമ്പോളൊക്കെ പലരും കുറ്റസമ്മതം നടത്തിയെന്നൊക്കെ ഇവര്‍ പറയുന്നുണ്ടല്ലൊ. ഇതൊന്നും കോടതി വിശ്വസിക്കില്ലല്ലൊ. കോടതിയില്‍ ആ സാക്ഷികള്‍ നേരിട്ട് ഹാജരായി, സ്വതന്ത്രമായി പറയുന്ന കാര്യങ്ങള്‍ മാത്രമെ കോടതിയ്ക്ക സ്വീകാര്യമാകുകയുള്ളു. അപ്പോള്‍ ഇത്തരത്തില്‍ പോലീസിന് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ആണ്. പൗരാവകാശം എന്നുള്ളത് ദീര്‍ഘകാലത്തെ പ്രവര്‍ത്തനം കൊണ്ട് രൂപപ്പെട്ടു വന്ന ഒന്നാണ്. ജാമ്യം അനുവദിക്കണം എന്നുള്ളത് പതിമൂന്നാം നൂറ്റാണ്ടില്‍ മാഗ്നാകാര്‍ട്ടയില്‍ രേഖപ്പെടുത്തിയ അവകാശമാണ്. അപ്പൊള്‍ അങ്ങനെയാണ് കാര്യങ്ങള്‍ എന്നിരിക്കെ പൊലീസ് പറയുന്നതെല്ലാം വിശ്വസിക്കണം, അപ്പുറത്ത് പറയുന്നതെല്ലാം തെറ്റാണ്, പോലിസിനോട് ന്യായമായി പ്രവര്‍ത്തിക്കണമെന്നും മൂന്നാംമുറ പ്രയോഗിക്കരുതെന്നും എം.വി.ജയരാജന്‍ പറഞ്ഞാല്‍ അത് പോലീസിനെ ഭീഷണിപ്പെടുത്തലാണ്, പോലിസിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തലാണ് എന്ന രീതിയിലുള്ള വ്യാഖ്യാനം - ഇവയൊക്കെ കേവലമായ രാഷ്ട്രീയം ആണ്, രാഷ്ട്രീയപക്ഷപാതിത്വം ആണ്. ഉത്തമമാധ്യമപ്രവര്‍ത്തനം ആണെങ്കില്‍ പോലീസിന്റെ അന്വേഷണം നിയമം അനുവദിക്കുന്ന രീതിയില്‍ തന്നെയാണോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങള്‍ നിറവേറ്റണം. അതവര്‍ നിറവേറ്റുന്നില്ല.

പൊലീസ് പറയുന്നതെല്ലാം വിശ്വസിക്കണം, അപ്പുറത്ത് പറയുന്നതെല്ലാം തെറ്റാണ്, പോലിസിനോട് ന്യായമായി പ്രവര്‍ത്തിക്കണമെന്നും മൂന്നാംമുറ പ്രയോഗിക്കരുതെന്നും എം.വി.ജയരാജന്‍ പറഞ്ഞാല്‍ അത് പോലീസിനെ ഭീഷണിപ്പെടുത്തലാണ്, പോലിസിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തലാണ് എന്ന രീതിയിലുള്ള വ്യാഖ്യാനം - ഇവയൊക്കെ കേവലമായ രാഷ്ട്രീയം ആണ്, രാഷ്ട്രീയപക്ഷപാതിത്വം ആണ്.

ഈ കാലഘട്ടത്തില്‍ ഒരു വാര്‍ത്തയ്ക്കം രണ്ട് ദിവസത്തില്‍ കൂടുതല്‍ ആയുസ്സ് വേണ്ട എന്നാണ് മര്‍ഡോക്കിന്റെ സിദ്ധാന്തം. മൂന്നാം ദിവസം നിങ്ങള്‍ പുതിയ വാര്‍ത്ത സൃഷ്ടിക്കണം, അല്ലെങ്കില്‍ കണ്ടുപിടിക്കണം. നമ്മുടെ നാട്ടിലൊക്കെ മലയാള സിനിമയുടെ പോസ്റ്റര്‍ ഇറങ്ങിയിരുന്നത് പണ്ട് 25-ആം ദിവസം, 50‌-ആം ദിവസം, 100-ആം ദിവസം എന്നൊക്കയാണ്. ഇപ്പോള്‍ 13-ആം ദിവസം, 23-ആം ദിവസം എന്നൊക്കെയായി. ഇപ്പോള്‍ പത്രങ്ങളുടെയും അവസ്ഥ അതാണ്. രണ്ടോ മൂന്നോ ദിവസം ഒഴികെ, എല്ലാ ദിവസവും പ്രമുഖപത്രങ്ങളുടെ ഒന്നാം പേജ് ഉള്‍പ്പടെ നിരവധി പേജുകള്‍ ഒഞ്ചിയം കൊലപാതകത്തിനെ മുന്‍നിര്‍ത്തിയുള്ള വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു. ലളിതമായ യുക്തിയുപയോഗിച്ചാല്‍ തന്നെ നമ്മുക്ക് അറിയാം അത്രയും വാര്‍ത്തകള്‍ സംഭവിച്ചതാകണമെന്നില്ലെന്ന്. കാരണം അത്രയും വാര്‍ത്തകള്‍ പോലീസുകാര്‍ പുറത്തു വിട്ടിരിക്കാന്‍ ഇടയില്ല. അപ്പൊള്‍ ഈ രണ്ടര മാസക്കാലം എങ്ങനെ മാധ്യമങ്ങള്‍ ഇത്രയും വാര്‍ത്ത എഴുതി? അത് സ്വയംസൃഷ്ടി ആണ്. ഈ സ്വയംസൃഷ്ടി ഉത്തമമായ മാധ്യമപ്രവര്‍ത്തനം അല്ല. അവിടെയാണ് നമ്മുക്ക് വിയോജിപ്പ് ഉള്ളത്. ആ വിയോജിപ്പ് മാധ്യമങ്ങളെ ആക്ഷേപിക്കുന്നതിനു വേണ്ടിയല്ല. അത് അവര്‍ തന്നെ തിരിച്ചറിയേണ്ടതാണ്. 15 വയസ്സുള്ള ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സ്വീകരിച്ച അധാര്‍മികമായ പാതകളാണ് മര്‍ഡോക്കിന്റെ "ന്യൂസ് ഒഫ് ദ വേള്‍ഡ്" അടച്ചു പൂട്ടുന്നതിന് ഇടയായത്. അത് അധികം പഴക്കമുള്ള സംഭവമല്ല. അത് നമ്മുടെ മാധ്യമങ്ങള്‍ക്കും ഒരു ഗുണപാഠം ആകേണ്ടതാണ്.

15. വലിയ ഫീസു കൊടുത്തു പ്രശസ്ത ജേര്‍ണലിസ്റ്റ് സ്കൂളുകളില്‍ നിന്നു പഠിച്ചിറങ്ങുന്ന പ്രഫഷണല്‍സ് ആണു ഇന്നത്തെ ജേര്‍ണലിസ്റ്റുകളില്‍ ഭൂരിഭാഗവും. അമച്വര്‍ ജേര്‍ണലിസ്റ്റുകളുടെ കുറവ് ന്യൂസ് കവറേജിനെ ബാധിക്കുന്നുണ്ടോ?

ജേണലിസം എജ്യൂക്കേഷനെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ട്. ഞാന്‍ എം.എ, എല്‍.എല്‍.ബി എന്നിവ കഴിഞ്ഞ ശേഷം ബാംഗ്ലൂരില്‍ ഡെക്കന്‍ ഹെറാള്‍ഡില്‍ ജോലി അന്വേഷിച്ചു വന്ന ഒരാളാണ്. അന്നത്തെ എഡിറ്റര്‍ വി. വി. മേനോന്‍ എന്നോട് പറഞ്ഞത്, ജേണലിസം ഡിപ്ലോമ കൂടിയുണ്ടായിരുന്നെങ്കില്‍ ജോലി തരാമെന്നാണ്. പക്ഷേ അന്നു കേരളത്തില്‍ ജേണലിസം ഡിപ്ലോമയൊന്നും ഇല്ലായിരുന്നു. പിന്നീട് ഭാരതീയ വിദ്യാഭവന്‍ അതു തുടങ്ങിയപ്പോള്‍, അതിന്റെ ആദ്യ ബാച്ചില്‍ ഡിപ്ലോമയെടുത്തു. പക്ഷേ അതൊക്കെയൊരു "വിനീതമായ" ഡിപ്ലോമയായിരുന്നു എന്നു തോന്നത്തക്ക രീതിയിലാണ് ഇപ്പോള്‍ ജേണലിസം എജ്യൂക്കേഷന്റെ അവസ്ഥ. യൂണിവേഴ്സിറ്റികള്‍ നടത്തുന്ന കോഴ്സുകള്‍ ഒരു വശത്ത്, മറു വശത്ത് ലക്ഷക്കണക്കിനു രൂപ ഫീസ് ഈടാക്കി നടത്തുന്ന പല തരത്തിലുള്ള ചെറിയ സ്ഥാപനങ്ങള്‍ - ചെന്നൈയിലെ ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം, ഹൈദരാബാദിലെ റാമോജി അക്കാദമി ഓഫ് ഫിലിം & ടെലിവിഷന്‍, ബാംഗ്ലൂരിലെ തന്നെ പല സ്ഥാപനങ്ങള്‍. നമ്മുടെ നാട്ടില്‍, ഇന്നു ഒരു ജേണലിസ്റ്റിനു പ്രതീക്ഷിക്കാവുന്ന ശമ്പളം വെച്ചു നോക്കുമ്പോള്‍, അവര്‍ക്ക് ഇത്രയും പണം മുടക്കുന്നത് ഒരു രീതിയിലും മുതലാവില്ല. പക്ഷേ അതേ ചോദ്യം നമുക്കു മെഡിക്കല്‍ വിദ്യാഭ്യാസത്തെ കുറിച്ചും ചോദിക്കാം. ലക്ഷങ്ങള്‍ ചിലവാക്കി എം.ബി.ബി.എസ്സ് ബിരുദമെടുത്തിട്ട് എറണാകുളത്ത് അയ്യായിരം രൂപയ്ക്കൊക്കെ ജോലിചെയ്യുന്ന ഡോക്ടര്‍മാരുണ്ട്. പക്ഷേ മുതലാകുമോ ഇല്ലയോ എന്നു നോക്കാതെയാണ് കുട്ടികള്‍ പണം മുടക്കുന്നത്. എന്നെങ്കിലും ഇതൊക്കെ തിരിച്ചു കിട്ടും എന്ന പ്രതീക്ഷയിലാകാം.

അക്കാദമിക് യോഗ്യത നിര്‍ബന്ധമായതോടെ, സര്‍ഗ്ഗവൈഭവമുള്ള ആളുകള്‍ക്കു കടന്നുവരാന്‍ കഴിയാത്ത ഒരു മേഖലയായി മാധ്യമരംഗം മാറി.

പക്ഷേ അങ്ങനെ പഠിച്ചു വരുന്നവരെ കൊണ്ട് ജേര്‍ണലിസത്തിന്റെ ക്വാളിറ്റി വര്‍ദ്ധിക്കുമോ എന്ന ചോദ്യമുണ്ട്. വര്‍ദ്ധിക്കുന്നില്ല എന്നതിലാണ് നമ്മുടെ ഉത്കണ്ഠ. കാരണം, അക്കാദമിക് യോഗ്യത നിര്‍ബന്ധമായതോടെ, സര്‍ഗ്ഗവൈഭവമുള്ള ആളുകള്‍ക്കു കടന്നുവരാന്‍ കഴിയാത്ത ഒരു മേഖലയായി മാധ്യമരംഗം മാറി. കേരളത്തിലെ ഒരുദാഹരണമെടുത്താല്‍, കെ. ആര്‍. ചുമ്മാര്‍ നമുക്കാര്‍ക്കും മറക്കാന്‍ പറ്റാത്ത ഒരു പത്രപ്രവര്‍ത്തകനാണ്. പക്ഷേ ചുമ്മാറിനു ഇപ്പോഴായിരുന്നുവെങ്കില്‍ ജോലി കിട്ടില്ല, കാരണം അദ്ദേഹത്തിന് ഡിഗ്രിയില്ല. ഡിഗ്രിയെടുത്തു വരുന്ന എല്ലാവരും പത്രപ്രവര്‍ത്തനത്തോടു അഭിനിവേശവും പ്രതിബദ്ധതയും, അതുപോലെ സര്‍ഗാത്മകതയും ഉള്ളവരാകണമെന്നും ഇല്ല.

16. ആത്യന്തികമായി ജേര്‍ണലിസ്റ്റുകളും തൊഴിലാളികളാണ്. തൊഴില്‍ മേഖലയിലെ ചൂഷണം, പ്രാകൃതമായ വേതനവ്യവസ്ഥകള്‍ എന്നിവയ്കെതിരെ ശബ്ദമുയര്‍ത്താന്‍ കെല്പുള്ള തൊഴിലാളി സംഘടനകള്‍ ഈ മേഖലയിലുണ്ടോ? പ്രത്യേകിച്ചും, മജീതിയ വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ ചര്‍ച്ചാവിഷയമായി നില്ക്കുന്ന ഈ വേളയില്‍ പത്രപ്രവര്‍ത്തകരുടെ ഇടയിലെ യൂണിയന്‍ പ്രവര്‍ത്തനത്തെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?

ജേണലിസ്റ്റുകള്‍ സംഘടിക്കുന്നതിനുള്ള ശ്രമം സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ക്കു തന്നെയുണ്ട്. ജേണലിസ്റ്റുകളെ ആദ്യമായി സംഘടിപ്പിച്ചത് ഒരു പത്രാധിപരാണ് - പോത്തന്‍ ജോസഫ്. അദ്ദേഹം തന്നെയാണ് വര്‍ക്കിങ്ങ് ജേര്‍ണലിസ്റ്റ് ആക്ട് പാസാക്കാനുള്ള ശ്രമം നടത്തിയത്. സംഘടിക്കുന്നതില്‍ തെറ്റൊന്നുമില്ല. സംഘടിക്കുമ്പോള്‍ അതിനൊരു ട്രേഡ് യൂണിയന്‍ സ്വഭാവം ഉണ്ടാവുകയും ചെയ്യും. വര്‍ക്കിങ്ങ് ജേണലിസ്റ്റുകള്‍ സംഘടിക്കുന്നു, നോണ്‍-വര്‍ക്കിങ്ങ് ജേണലിസ്റ്റുകള്‍ സംഘടിക്കുന്നു, മറ്റ് പത്രജീവനക്കാര്‍ സംഘടിക്കുന്നു. റിട്ടയേര്‍ഡ് ജേര്‍ണലിസ്റ്റുകള്‍, പെന്‍ഷനേര്‍സ് എന്നിവര്‍ സംഘടിക്കുന്നു. ഇതിലൊന്നും ദോഷമില്ല. പക്ഷേ, സംഘടിച്ചു പ്രവര്‍ത്തിക്കുക, ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുക എന്ന രീതിയിലേക്ക് ഒതുക്കാവുന്ന ഒന്നല്ല മാധ്യമപ്രവര്‍ത്തനം. നമുക്ക് ആറു മണിക്കൂര്‍ ജോലി മാത്രമേ കഴിയൂ എന്നു മാത്രം പറഞ്ഞ് ഒതുക്കാന്‍ കഴിയില്ല. കോളേജധ്യാപകര്‍ക്ക് വേണമെങ്കില്‍ ക്ലാസ്സ് സമയം കഴിഞ്ഞാല്‍ ഇറങ്ങി പോകാം. പക്ഷേ അവര്‍ക്കും അതിനപ്പുറം സമയം വീട്ടിലും ലൈബ്രറിയിലുമൊക്കെ ചിലവഴിച്ച് തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. പക്ഷേ യൂ.ജി.സി ശമ്പളം നടപ്പാക്കിയതോടുകൂടി ഇന്നു ഒരു ലക്ഷം രൂപയില്‍ കുറഞ്ഞ് ശമ്പളമില്ല. ഞാന്‍ കോളേജ് അധ്യാപകനായി ജോലി തുടങ്ങിയ ആളാണ്. അന്ന് 200 രൂപയായിരുന്നു ശമ്പളം. പക്ഷേ ഇന്നു കിട്ടുന്ന ഉയര്‍ന്ന ശമ്പളത്തിനനുസരിച്ചുള്ള പ്രതിബദ്ധതയും സംഭാവനയും ഉണ്ടാകുന്നുണ്ടോ? ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ന്ന് പൂജ്യം വിജയശതമാനമുള്ള കോളേജുകള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി പറയുന്ന അവസ്ഥ വരെയെത്തി. എന്നതുപോലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ഇന്നു വേജ് ബോര്‍ഡ്, മറ്റു പല പരിരക്ഷകള്‍, ശമ്പള വര്‍ദ്ധനവ്, മത്സരാധിഷ്ഠിതമായി കൂടുതല്‍ ശമ്പളം വാങ്ങുന്ന അവസ്ഥ - ഇതെല്ലാം ഉണ്ടാകുമ്പോള്‍, നമ്മള്‍ പ്രതീക്ഷിക്കുന്ന രീതിയിലുള്ള നിലവാരം നമുക്കു കിട്ടുന്നില്ല എന്നൊരു തോന്നലുണ്ട്, വിമര്‍ശനമുണ്ട്. ശമ്പളം പോലുമില്ലാതിരുന്ന കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന പ്രതിബദ്ധത ഇന്നു ശമ്പളവും ആനുകൂല്യങ്ങളും എല്ലാം അനുഭവിക്കുന്ന മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഉണ്ടാകുന്നില്ല.

17. സിറ്റിസണ്‍ ജേണലിസം, ബ്ലോഗ്കൂട്ടായ്മകള്‍, സ്വതന്ത്ര വെബ് പോര്‍ട്ടലുകള്‍ തുടങ്ങിയ മാധ്യമബദലുകളെ താങ്കള്‍ എങ്ങനെ കാണുന്നു? വന്‍കിട മാധ്യമസംരംഭങ്ങള്‍ക്ക് ബദലായി എന്തെല്ലാം സാധ്യതകള്‍ വളര്‍ത്തി കൊണ്ടു വരാന്‍ കഴിയും?

പ്രൊഫഷണല്‍ ജേണലിസത്തിലെ ചില വിടവുകള്‍ നികത്തുന്നതിനും അതിലെ ചില പോരായ്മകള്‍ ചൂണ്ടീക്കാണിക്കുന്നതിനും മാത്രമേ സിറ്റിസണ്‍ ജേണലിസ്റ്റുകള്‍ക്ക് കഴിയുകയുള്ളൂ.

ഇവയ്ക്ക് പരിമിതമായൊരു പ്രവര്‍ത്തനമേഖലയേ ഉള്ളൂ. അതിനുള്ള കാരണം ബദല്‍ മീഡിയക്കും സിറ്റിസണ്‍ ജേര്‍ണലിസത്തിനുമൊന്നും പൂര്‍ണ്ണമായും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയില്ല. ഉദാഹരണത്തിന് മഹാരാഷ്ട്രയില്‍ സെക്രട്ടറിയേറ്റിനു തീപിടിക്കുമ്പോള്‍ ഒരു പ്രൊഫഷണല്‍ ജേണലിസ്റ്റ് ഓണ്‍ ദ സ്പോട്ട് നല്‍കുന്ന പോലെ വാര്‍ത്ത നല്‍കാന്‍ മൊബൈല്‍ ഫോണും ക്യാമറയുമൊക്കെ ഉണ്ടെങ്കിലും സിറ്റിസണ്‍ ജേണലിസ്റ്റിനാകില്ല. അതുകൊണ്ട് പ്രൊഫഷണല്‍ ജേണലിസത്തിനു തന്നെയാണ് സാധ്യതയുള്ളത്. പ്രൊഫഷണല്‍ ജേണലിസത്തിലെ ചില വിടവുകള്‍ നികത്തുന്നതിനും അതിലെ ചില പോരായ്മകള്‍ ചൂണ്ടീക്കാണിക്കുന്നതിനും മാത്രമേ സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് കഴിയുകയുള്ളൂ. ആക്റ്റിവിസ്റ്റുകള്‍ക്കും അതേ കഴിയൂ. അവര്‍ക്ക് ഏതെങ്കിലുമൊരു ലക്ഷ്യത്തിനു വെണ്ടി പൊരുതാം. എന്നാല്‍ നമുക്കു നേരം വെളുക്കുമ്പോള്‍ കിട്ടുന്ന പത്രം ആക്റ്റിവിസ്റ്റുകളൂം സിറ്റിസണ്‍സും ചേര്‍ന്നു തരാന്‍ പറ്റില്ല. അവിടെയാണ് പ്രൊഫഷണല്‍ ആയിട്ടുള്ള സമീപനം ആവശ്യമുള്ളത്. ജേണലിസം എജ്യൂക്കേഷന്റയെല്ലാം പ്രാധാന്യം വരുന്നതും അവിടെയാണ്. അതുകൊണ്ട് അത് നിലനില്‍ക്കും. മൂലധനം അടിസ്ഥാനമാക്കിയുള്ള വ്യവസായം തന്നെയാണ് മീഡിയ. അവിടെ പ്രൊഫഷണലായ സമീപനം കൂടിയേ തീരൂ.

18. പുരോഗമന ഇടതുപക്ഷവുമായി ചേര്‍ന്നു നില്ക്കുന്ന നമ്മള്‍ ഒരുപാട് പ്രതീക്ഷകളോടെ ചര്‍ച്ച ചെയ്യാറുള്ള ഒരു ആശയമാണ് "ഇടതുപുരോഗമന മാധ്യമപ്രവര്‍ത്തനം". ഇങ്ങനെ ഒരു ആശയത്തെ പറ്റി താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ?

അതൊരു സ്വയം വിമര്‍ശനം ആവശ്യമുള്ള ചോദ്യമാണ്. നമ്മളീ പോരായ്മയെല്ലാം പറയുന്നുണ്ട്. ചോദ്യത്തിലുള്ള ഇടതുപുരോഗമന മാധ്യമങ്ങളില്‍ പെടുന്ന പത്രമാണ് ദേശാഭിമാനി. ദേശാഭിമാനിയുടെ ബാംഗ്ലൂര്‍ എഡിഷനു വേണ്ടി വളരെ കാര്യമായ ഒരു പരിശ്രമം നടന്നതാണ്. ഇതു ലക്ഷക്കണക്കിന് കേരളീയര്‍ താമസിക്കുന്ന ഒരു നഗരമാണ്. അതില്‍ ഗണ്യമായ ഇടതുപക്ഷചിന്താഗതിക്കാരുമുണ്ട്. പക്ഷേ ആ പത്രത്തിനിവിടെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതേയവസ്ഥയാണ് മറ്റു പലയിടത്തുമുള്ളത്. ജനങ്ങള്‍ക്കാവശ്യം വാര്‍ത്തകളുടെ കാര്യത്തില്‍ അവര്‍ക്ക് തൃപ്തി നല്‍കുന്ന പത്രമാണ്. അവിടെ പുരോഗമനാശയങളുണ്ടെങ്കില്‍ നല്ലത്. അവിടെ പക്ഷം പിടിക്കുന്നതിന് പരിമിതിയുണ്ട്. എന്നാല്‍ അതും ആവശ്യമുള്ളതാണ്. ഏതു ന്യൂനപക്ഷത്തിനും അവരുടേതായ ശബ്ദം വേണം. ആ ശബ്ദം എന്ന നിലയില്‍ ചില മാധ്യമങ്ങളൊക്കെ ഉണ്ടായിക്കോട്ടേ. നമ്മുടെ വിമര്‍ശനം മുഖ്യധാരാമാധ്യമങ്ങളെ സംബന്ധിച്ചതാണ്. അവര്‍ക്കൊരു ഉത്തരവാദിത്തമുണ്ട്. അവര്‍ക്ക് പക്ഷം പിടിക്കേണ്ട കാര്യമില്ല. അവര്‍ കാര്യങ്ങള്‍ കുറേക്കൂടി നിഷ്പക്ഷമായി മനസ്സിലാക്കി നിലപാട് സ്വീകരിക്കണം.

മുഖ്യധാരാമാധ്യമങ്ങളോട് ഏറ്റുമുട്ടാനായി നമുക്കു മറ്റൊരു ബദല്‍ സംവിധാനമുണ്ടാക്കാന്‍ കഴിയില്ല. അതിനു പരിധിയുണ്ട്. പരിമിതിയുണ്ട്.

57-ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ അതിനെ സ്വാഗതം ചെയ്ത ഒരു പത്രമായിരുന്നില്ല, ഇന്‍ഡ്യന്‍ എക്സ്പ്രസ്സ്. ഫ്രാങ്ക് മൊറൈസ് എന്ന പ്രഗല്‍ഭനായിരുന്നു അന്നു പത്രാധിപര്‍. പക്ഷേ വിമോചനസമരത്തെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ പിരിച്ചു വിട്ടപ്പോള്‍ ആ നടപടി തെറ്റാണെന്ന് മുഖപ്രസംഗമെഴുതിയ പത്രാധിപരും ഫ്രാങ്ക് മൊറൈസ് ആയിരുന്നു. വിമോചനസമരത്തിന് അനുകൂലമായ നിലപാടായിരുന്നു അവര്‍ക്ക്. അതായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തില്‍ നിന്നു പോകണം എന്നാഗ്രഹിച്ചിരുന്ന പത്രാധിപരും സര്‍ക്കാരിനെ പുറത്താക്കിയ ഈ രീതി തെറ്റാണെന്നെഴുതി. കാരണം നാളെയും ഒരു നിലപാട് അവര്‍ക്കെടുക്കേണ്ടി വരും. അങ്ങനെയൊരു നിലപാട് അന്നേ എടുത്തതു കൊണ്ടാണ് അടിയന്തരാവസ്ഥ വന്നപോഴും അവര്‍ക്ക് എതിര്‍ക്കാന്‍ കഴിഞ്ഞത്. അതു കൊണ്ടാണ് ആ എതിര്‍പ്പില്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയുമുണ്ടായിരുന്നത്. അതു കൊണ്ട് മാധ്യമങ്ങള്‍ സി.പി.എമ്മിനെ എതിര്‍ക്കട്ടെ. ഇലക്ഷന്‍ വരുമ്പോള്‍ ജനങ്ങള്‍ സി.പി.എമ്മിനു വോട്ട് ചെയ്യരുത് എന്ന് ആഹ്വാനം ചെയ്യട്ടെ. എന്നാല്‍ എല്ലാ കാര്യങ്ങളും സി.പി.എമ്മിനു ദോഷമായി വരത്തക്ക രീതിയിലേ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യൂ എന്ന നിര്‍ബന്ധം പാടില്ല എന്നതു മാത്രമാണ് നമ്മുടെ പ്രതീക്ഷ. അവിടെ അതിനോടു ഏറ്റുമുട്ടാനായി നമുക്കു മറ്റൊരു ബദല്‍ സംവിധാനമുണ്ടാക്കാന്‍ കഴിയില്ല. അതിനു പരിധിയുണ്ട്. പരിമിതിയുണ്ട്. മനോരമയോടെതിരിടാന്‍ മറ്റൊരു മനോരമ ഉണ്ടാക്കാന്‍ നമുക്കു കഴിയില്ല. നമുക്കു പക്ഷെ ജനങ്ങളോടു നേരിട്ട് സംവദിക്കാന്‍ കഴിയും. അതിലൂടെ ഈ മാധ്യമങ്ങളെ ദുര്‍ബലപെടുത്താന്‍ നമുക്കു കഴിയും. നമുക്കു സ്വയം ഒരു തിരിച്ചറിവുണ്ടാകണം. ഇവര്‍ പറയുന്നതല്ല ശരി എന്ന കാര്യം കൂടുതല്‍ കൂടുതല്‍ വായനക്കാരിലെത്തുമ്പോള്‍ ആ മാധ്യമത്തിന്റെ വിശ്വാസ്യത കുറയും. വിശ്വാസ്യത നഷ്ടമായാല്‍ പിന്നെ മുന്നോട്ടൂപോകാന്‍ കഴിയില്ല എന്ന് റുപ്പര്‍ട്ട് മര്‍ഡോക്ക് തന്നെയാണ് നമ്മളോട് പറയുന്നത്.

ആത്യന്തികമായി മൂലധനത്തിന്റെ സംരക്ഷണമാണ് മാധ്യമങ്ങളുടെ ധര്‍മം. എന്നാല്‍ മൂലധനത്തോട് നിരന്തരം കലഹിക്കുകയാണല്ലോ ഇടതുപക്ഷം ചെയ്യുന്നത്. അതുകൊണ്ടു മാധ്യമങ്ങളുടെ ചായ്‌വ് എന്നും ഇടതുപക്ഷത്തിനു എതിരാവും. അതില്ലാതാവണമെങ്കില്‍ ഒരുപക്ഷെ മാര്‍ക്സോ ഏംഗല്‍സോ ഒക്കെ വിഭാവനം ചെയ്ത ഒരു വിപ്ലവാനന്തരഘട്ടം വരെ കാത്തിരിക്കേണ്ടി വരും. പക്ഷെ അതിനര്‍ത്ഥം അതുവരെ മിണ്ടാതിരിക്കുക എന്നല്ല. നിരന്തരമായി വര്‍ത്തമാനം തുടരുക. സംഭാഷണം തുടരുക. എത്രയെത്ര സാമ്രാജ്യങ്ങള്‍ നമ്മള്‍ കണ്ടിരിക്കുന്നു. അതില്‍ എത്രയെണ്ണം ഇന്നു നിലനില്‍ക്കുന്നു? റോമാസാമ്രാജ്യത്തെ കുറിച്ചു കേട്ടിട്ടില്ലേ? മര്‍ഡോക്കിനു മുമ്പും മാധ്യമസമ്രാട്ടുകള്‍ ഉണ്ടായിട്ടില്ലേ? അവയൊക്കെ ഇന്നെവിടെ? നാളെ ഈ മനോരമയും ഒരുപക്ഷെ വിസ്മൃതിയില്‍ മറയാം.