വെള്ളത്തിന്‌ തീ പിടിപ്പിക്കുന്ന മോന്റെക് മാജിക്

"വെള്ളത്തിന്റെ വിലയൊക്കെ സര്‍ക്കാര്‍ ഒന്ന് പുതുക്കി നിശ്ചയിക്കണം. ഇപ്പൊ എന്തൊരു വിലക്കുറവാ.. തനി പകല്‍കൊള്ള!” പറയുന്നത് ബാര്‍ബര്‍ഷാപ്പില്‍ രാഷ്ട്രീയവിവാദങ്ങള്‍ക്ക് തിരി കൊളുത്തുന്ന ശശിയണ്ണന്‍ അല്ല. മൊണ്‍ടെക് സിങ്ങ് അലുവാലിയജി ആണ്. ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷന്‍. മന്‍മോഹന്‍ജിക്ക് കാര്യം അറിയാം - ആസൂത്രിതവികസനം എന്നത് സാമ്പത്തികശാസ്ത്രത്തിന് പറ്റിയ ഒരു അബദ്ധമാണ്. ഇന്ത്യയുടെ ആസൂത്രിത വികസനത്തിന്റെ ചുക്കാന്‍ പിടിച്ച പി. സി. മഹലനോബിസ് നല്ല രീതിയില്‍ 'ചുവപ്പ്' ആയിരുന്നു. ചുവപ്പ് എന്നു പറഞ്ഞാല്‍ ഈ മാര്‍ക്സും ലെനിനും ഒക്കെ വായിക്കുന്ന "ടൈപ്പ്". അങ്ങേര് ആയിരിക്കണം കാര്യങ്ങള്‍ ഇത്ര വഷളാക്കിയത്. പാവപ്പെട്ട മുതലാളിമാരെ ക്രൂരമായി വേട്ടയാടി; അവരുടെ മൂലധനത്തിന്റെ വളര്‍ച്ചയെ മുരടിപ്പിച്ച്, കണ്ട ദരിദ്രവാസി കര്‍ഷകര്‍ക്ക് സബ്സിഡി കൊടുക്കുന്ന ഒരു രാജ്യമായി ഇന്ത്യയെ അധ:പതിപ്പിച്ചു. പില്കാലത്ത് രാജ്യം ഭരിച്ചവര്‍ക്ക് ദീര്‍ഘവീക്ഷണം ഉള്ളതു കൊണ്ട് അവര്‍ മുതലാളിമാരുടെ വികസനത്തിന് ഒരു "സൈഡ് ട്രാക്ക്" ഇട്ടു കൊടുത്തു. പക്ഷെ എന്നാലും പ്രശ്നങ്ങള്‍ ബാക്കി നിന്നു. ഈ പ്രശ്നങ്ങള്‍ എല്ലാം ശരി ആക്കാന്‍ ആണ് ആദ്യം ഐ.എം.എഫില്‍ നിന്ന് മന്‍മോഹന്‍ജി വന്നത്. ഒറ്റയ്ക്ക് ശരി ആക്കാന്‍ പറ്റാത്തത് കൊണ്ടാകും ഐ.എം.എഫില്‍ നിന്ന് മൊണ്‍ടെക് സിങ്ങ് അലുവാലിയജിയെ കൂടി മന്‍മോഹന്‍ജി വരുത്തിയത്. അതോടെ കാര്യങ്ങള്‍ കുറച്ച് വെടിപ്പ് ആയി തുടങ്ങി. മന്‍മോഹന്‍ജിയും അലുവാലിയജിയും കൂടി സര്‍ദാര്‍ജി ഫലിതം ആടുകയാണെന്ന് വിചാരിച്ച ജനത്തിന് തെറ്റി. രണ്ട് പേരും തികഞ്ഞ ബുദ്ധിജീവികള്‍ ആണ് എന്ന് തെളിയിച്ചിരിക്കുകയാണ്.

സത്യത്തില്‍ ഇത് തിരിച്ചറിയാന്‍ വൈകിയ നമ്മള്‍ ഇന്ത്യക്കാരെ മാത്രമേ കുറ്റം പറയാന്‍ പറ്റുകയുള്ളു. ഒന്നുമില്ലെങ്കിലും പ്രതിദിനം 25 രൂപ ഒരു ശരാശരി ഗ്രാമീണ ഇന്ത്യക്കാരന് ഭക്ഷണച്ചെലവിനും വിദ്യാഭാസച്ചെലവിനും, ചികിത്സാച്ചെലവിനും കൂടെ ധാരാളം ആണ് എന്നു കണ്ടുപിടിച്ച മഹാന്‍ ആണ് അദ്ദേഹം. ഇതാ അതേ കൂര്‍മ്മബുദ്ധിയില്‍ ഉടലെടുത്ത അടുത്ത "ഐറ്റം" ആണ് വെള്ളത്തിന്റെ മൂല്യനിര്‍ണയം. വെള്ളം ചുമ്മാ കൊടുക്കാന്‍ ഇതെന്തോന്ന് വെള്ളരിക്കാപ്പട്ടണമോ? വെള്ളത്തിന്റെ മൂല്യം നിര്‍ണയിച്ചിട്ട് നല്ല അന്താരാഷ്ട്ര കമ്പനികള്‍ വഴി വിതരണം ചെയ്താല്‍ എല്ലാം ശരി ആകും. കാശ് ഉള്ളവന്‍ വെള്ളം കുടിച്ചാല്‍ മതി. കാശ് ഇല്ലാത്തവന്‍ ആദ്യം കാശ് ഉണ്ടാക്കട്ടെ, എന്നിട്ടാകാം വെള്ളം കുടിക്കുന്നത്. വെള്ളത്തിന്റെ മൂല്യം നിര്‍ണയിച്ച് കഴിയുമ്പോള്‍ കൂടി വന്നാല്‍ കുറേ "കൂതറ"കള്‍ വെള്ളം കിട്ടാതെ തട്ടിപ്പോകും. അങ്ങനെ വന്നാല്‍ സ്വാഭാവികമായും ഇന്ത്യയുടെ ജി.ഡി.പി കുതിച്ച് കയറും. പിന്നെ സത്യം പറഞ്ഞാല്‍ ഈ രാജ്യത്തിന്റെ പ്രധാന പ്രശ്നം ഇവിടെ ജനങ്ങള്‍ അല്പം കൂടുതല്‍ ആണ് എന്നത് അല്ലെ? നമ്മുക്ക് വേണ്ടത് നമ്മുടെ കമ്പോളങ്ങളുടെ മൂല്യം കുറയ്ക്കാതെ ജനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ഒക്കുന്ന ഒരു വികസനപാത ആണ്. ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളില്‍ കിടക്കുന്ന ഗ്രാമവാസികള്‍ ആണ് പ്രശ്നം. കുറെ എണ്ണം കാര്‍ഷികമേഖല തുറന്ന് കൊടുത്തതിന്റെ ഫലമായി കീടനാശിനി അടിച്ച് ചത്തു. വ്യാപാരമേഖല വിദേശനിക്ഷേപത്തിന് മൊത്തത്തില്‍ തുറന്ന് വെച്ചു കൊടുക്കുമ്പോള്‍ കുറേ എണ്ണം കൂടി പടമാകും. വെള്ളത്തിനെ ഒന്നു നല്ലതു പോലെ മൂല്യം നിര്‍ണയിക്കുമ്പോള്‍ ബാക്കി കൂടി ശരിയാകും. അലുവാലിയജിക്ക് കാര്യം പിടികിട്ടിയിട്ടുണ്ട്. ഇന്ത്യയുടെ പ്രശ്നം ഗ്രാമങ്ങളില്‍ ആണ്. അതു പരിഹരിക്കാന്‍ ഉള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം മൂല്യനിര്‍ണ്ണയം ആണ്. നേരെ ചൊവ്വെ മൂല്യുനിര്‍ണ്ണയം നടത്തിയാല്‍ മൂല്യം ഇല്ലാത്ത, സര്‍ക്കാര്‍ ആനുകൂല്യങ്ങളും നോക്കി ഇരിക്കുന്ന കീടങ്ങളൊക്കെ അങ്ങു പോകും. വികസനം കയ്യില്‍ ഇരിക്കുകയും ചെയ്യും. ഇതൊക്കെ കൊണ്ട് തന്നെ അലുവാലിയാജിക്കു മന്‍മോഹന്‍ജിയുടെ സര്‍ക്കാര്‍ ഒപ്പിച്ച് കൊടുത്ത പത്മവിഭൂഷണ്‍ തികച്ചും അര്‍ഹിക്കുന്നു. എന്തൊരു ദീര്‍ഘവീക്ഷണം! സത്യം പറഞ്ഞാല്‍ ഇത് ഇവിടെ നിര്‍ത്തരുത്. സര്‍ക്കാര്‍ ഈ രീതിയില്‍ സധൈര്യം മുന്നോട്ട് പോകണം. വെള്ളത്തിന്റെ മാത്രമല്ല പലതിന്റെയും മൂല്യനിര്‍ണ്ണയത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു.

കണക്കുകള്‍ പറയുന്നത് ഇന്ത്യ അതിവേഗം പ്രമേഹം, ഹൃദ്രോഗം മുതലായ അസുഖങ്ങളുടെ തലസ്ഥാനം ആയി വളര്‍ന്നു വരുന്നു എന്നാണ്. ഇതില്‍ ഒളിച്ചിരികുന്ന വിപണനസാദ്ധ്യതകള്‍ കാണാതിരിക്കുനത് വിനാശകരം ആയിരിക്കും. ഈ മേഖല നിരുപാധികം വിദേശനിക്ഷേപത്തിന് തുറന്ന് കൊടുക്കണം. അങ്ങനെ പുതിയ മരുന്നുകള്‍, പുതിയ ചികിത്സാരീതികള്‍, പുതിയ സംവിധാനങ്ങള്‍ എല്ലാം വന്നു കഴിയുമ്പോള്‍, ആരു പോകും നാറുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍? അങ്ങനെ മൂല്യനിര്‍ണയം ഈ മേഖലയെ മാറ്റി മറിക്കും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഉടനടി പിന്‍മാറണം. അത് ഈ മേഖലയുടെ വികസനത്തിന് അത്യാവശ്യം ആണ്. നല്ലതു പോലെ വിദേശനിക്ഷേപം വന്ന് കഴിയുമ്പോള്‍ പിന്നെ നമ്മുക്ക് ആരോഗ്യ-ടൂറിസം മേഖലയെ വികസിപ്പിച്ച് അതു വഴി അറബിനാട്ടുകളില്‍ നിന്ന് കാശ് ഒഴുക്കാം. ഇവിടെ സ്വാഭാവികമായി ആശുപത്രി ബില്ല് അല്പം കൂടുതല്‍ ആയിരിക്കും. പക്ഷേ അതു നല്ലതാണ്. കണ്ട തെണ്ടികളൊന്നും ഇവിടത്തെ ആശുപത്രികളില്‍ കേറി ഇറങ്ങില്ല. ഒരു ആശുപത്രി ബില്‍ പോലും അടയ്ക്കാന്‍ ഒക്കാത്തവന്‍ വായ്പ എടുക്കണം. അതിനു പോലും കഴിവ് ഇല്ലാത്തവനെ കൊണ്ട് പിന്നെ ആര്‍ക്ക് എന്ത് ഉപയോഗം?

xdfdfd
Image credits: The Hindu

കപില്‍ സിബല്‍ജി വ്യക്തമാക്കിയത് പോലെ ഇന്നതെവിദ്യാഭ്യാസനിലവാരം ഉയര്‍ത്താന്‍ ഉള്ള ഏറ്റവും എളുപ്പവഴി ഈ മേഖലിയിലെ സ്വകാര്യമുതല്‍മുടക്ക് കൂട്ടുക എന്നതാണ്. സ്വതന്ത്ര(സ്വകാര്യ) വിദ്യാഭാസസ്ഥാപനങ്ങളുടെ ഒരു 30 കി.മി. ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പൊതുവിദ്യാഭാസസ്ഥാപനങ്ങളും ഉടനടി അടച്ചുപൂട്ടി സര്‍ക്കാരിന് ഈ വിഷയത്തില്‍ തങ്ങളുടെ ആത്മാര്‍ത്ഥത തെളിയിക്കാനാകും. പിന്നെ ഫീസ് നിര്‍ണ്ണയം പോലുള്ള കാര്യങ്ങളില്‍ അനാവാശ്യമായി ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും ഉടനടി പിന്‍വലിക്കണം. അങ്ങനെ ഈ മേഖലയിലേക്ക് കടക്കാന്‍ നിക്ഷേപകര്‍ക്ക് ധൈര്യം പകരാനാകും. ഇത് മുതല്‍മുടക്കിന് നല്ല ലാഭം ലഭിക്കുന്ന ഒരു മേഖല ആയി മാറി കഴിയുമ്പോള്‍, പിന്നെ വിദേശ മൂലധനത്തെയും, വിദേശവിദ്യാഭ്യാസസംരംഭകരെയും ഇന്ത്യയിലേക്ക് എളുപ്പം ആകര്‍ഷിക്കാന്‍ കഴിയും. സര്‍ക്കാര്‍ കോളേജുകളില്‍ പ്രവേശനം സ്വകാര്യകോളേജുകളിലെ പ്രവേശനത്തിന് ശേഷം നടത്താന്‍ തീരുമാനിക്കുക വഴി സര്‍ക്കാരിന് പതുക്കെ ലാഭകരമല്ലാത്തെ സര്‍ക്കാര്‍ കോളേജുകള്‍ അടച്ചുപൂട്ടുകയും, അതു വഴി വര്‍ഷാവര്‍ഷം ഉണ്ടാകുന്ന കോടികളുടെ നഷ്ടം ഒഴിവാക്കാനും കഴിയും. ആഗോളനിലവാരത്തിലേക്ക് ഇന്ത്യന്‍ വിദ്യാഭ്യാസത്തെ ഉയര്‍ത്താന്‍ ഇത് തീര്‍ത്തും സഹായകം ആകും.

ഇന്ന് ഇന്ത്യ നേരിടുന്ന ഒരു വല്യ ക്രമസമാധാനപ്രശ്നം പോലീസിന്റെ നിഷ്ക്രിയത്വം ആണ്. ഇന്നും നമ്മുടെ തെരുവുകളില്‍ വിളയാടുന്ന "ഇടതന്‍മാര്‍" ഇതിന്റെ ഉത്തമോദാഹരണം ആണ്. ഇനിയും എത്ര കോടീശ്വരന്‍മാരുടെ വാഹനങ്ങള്‍ കത്തിക്കപ്പെടും, ഇനിയും എത്ര പാവപ്പെട്ട മാനേജ്മെന്റ് കോളേജുകളുടെ ചില്ലുകള്‍ തകര്‍ക്കപ്പെടും? ഇതിനെയൊക്കെ അമര്‍ച്ച ചെയ്യാന്‍ നമ്മുക്ക് ആദ്യം ആവശ്യം രാഷ്ട്രീയാതീതമായ ഒരു പോലീസ് സേന ആണ്. സ്വതന്ത്ര പോലീസും, സ്വതന്ത്ര തടവറകളിലും ആണ് ഇന്ത്യയുടെ ഭാവി. അതു ഉണ്ടാകുന്നത് വരെ മനുഷ്യാവകാശങ്ങളുടെ മറവില്‍ ഇടത്-കിരാതത്തം തുടര്‍ന്ന് കൊണ്ടേ ഇരിക്കും. പോലീസ് വകുപ്പിനെ കൂടുതല്‍ കഴിവുറ്റതാക്കുന്നതിന്റെ ഭാഗമായി ആദ്യം ചെയ്യേണ്ടത് ഇന്ത്യയിലെ ജനങ്ങളെ അവരുടെ സാമ്പത്തികം അനുസരിച്ച് തരം തിരിക്കുക എന്നുള്ളതാണ്. ഇതു പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കും. കാശുള്ളവരെ ബാധിക്കുന്ന പോലുള്ള സങ്കീര്‍ണമല്ല കാശില്ലാത്തവരുടെ പ്രശ്നങ്ങള്‍. ഉദാഹരണത്തിന് ഇന്ത്യയിലെ ഒരു വ്യവസായപ്രമുഖന്റെ വീട്ടിലെ വളര്‍ത്തുനായയെ കാണാതെ പോകുന്നതും, ഏതെങ്കിലും ഗ്രാമത്തിലെ ഏതെങ്കിലും കര്‍ഷകന്റെ പശുവിനെ കാണാതെ പോകുന്നതും വ്യത്യസ്തമായ വിഷയങ്ങളാണ്. ഇതിനെ രണ്ടിനെയും ഒരു പോലെ സമീപിക്കുന്ന ഒരു പൊലീസ് സംവിധാനം അപഹാസ്യം ആണ്. വ്യവസായി തന്റെ വളര്‍ത്തുനായയെ കുറിച്ച് വ്യാകുലപ്പെടുമ്പോള്‍ ഇന്ത്യക്ക് നഷ്ടപെടുന്നത് ഇന്ത്യയുടെ വളര്‍ച്ചാനിരക്കാണ് എന്ന് എല്ലാവരും ഓര്‍ത്താല്‍ നന്ന്. മാത്രമല്ല പൊലീസ് സേന ഈ രീതിയില്‍ കാര്യക്ഷമമായാല്‍, പിന്നെ സഫ്ദര്‍ ഹഷ്മിയെ പോലുള്ള രാജ്യദ്രോഹികളെ ഒക്കെ ഇവര്‍ക്കു തന്നെ കൈകാര്യം ചെയ്യാം. മുകേഷ് ശര്‍മ്മയെ പോലെ ഉള്ള ധീരദേശസ്നേഹികള്‍ അവരുടെ രാഷ്ടീയജീവിതം ബലി കൊടുക്കേണ്ടി വരില്ല. ഈ വസ്തുതയെ അംഗീകരിക്കുന്ന രീതിയില്‍ മൂല്യനിര്‍ണ്ണയം നടത്തിയ ഒരു സ്വകാര്യ പോലീസ് സേനയ്ക്ക് വേണ്ടിയാണ് അരാഷ്ട്രിയരായ ഇന്ത്യക്കാര്‍ കാത്തിരിക്കുന്നു. ഇത് പോലെ ഇനിയും എത്രയോ മേഖലകള്‍ മൂല്യനിര്‍ണ്ണയത്തിനെ കാത്തിരിക്കുന്നു. അലുവാലിയാജി, പതറാതെ മുന്നോട്ട് പോയാലും!