മിസ്റ്റര്‍ സുധീരന്, നമുക്ക് ലാവലിന്‍ വിവാദത്തെ പറ്റിത്തന്നെ ചര്‍ച്ച ചെയ്യാം

ഒരു നുണ ഒരായിരം തവണയാവര്‍ത്തിച്ചാല്‍ അത് സത്യമാക്കാമെന്ന് പറഞ്ഞത് ഗീബല്‍സാണ്. കെ.പി.സി.സി. പ്രസിഡന്റ് എന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വി.എം. സുധീരനും, ചാനലുകളിലെ ചാവേര്‍ പണി ഒട്ടും ആത്മാര്‍ഥതയില്ലാതെ ചെയ്യുന്ന റ്റി. സിദ്ദിഖും ഗീബല്‍സിനെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ ആണ് ലാവലിന്‍ കേസിനെ സംബന്ധിച്ചുള്ള നുണകള്‍ - വര്‍ഷങ്ങള്‍ക്ക് മുമ്പേ പൊളിഞ്ഞടുങ്ങിയ നുണകള്‍ - തുറന്ന കത്തിലൂടെയും ചാനല്‍ ചര്‍ച്ചയിലെ കത്തിക്കലുകളിലൂടെയും ആവര്‍ത്തിക്കുന്നത്.
തെരെഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ കോണ്ഗ്രസ്സുകാര് ലാവലിന്‍ കണ്ട് പനിക്കുന്നത് ഇതാദ്യമായിട്ടല്ല. 2006 ഫെബ്രുവരി 10-നാണ് ലാവലിന്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ വിജിലന്‍സ് പിണറായി വിജയനെ ആരോപണവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട് സമര്‍പ്പിക്കുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് സി.ബി.ഐ. അന്വേഷണം ആവശ്യമില്ല എന്നും, വിജിലന്‍സ് അന്വേഷണം മതിയെന്നും യു.ഡി.എഫ്. സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയത്. തങ്ങളുടെ താല്പര്യങ്ങള്ക്ക് പ്രതികൂലമായ റിപ്പോര്‍ട്ട് വന്നപ്പോള്‍, 2006 മാര്‍ച്ചില്‍, നിയമസഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ലാവലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നത്. 2009-ലെ ലോകസഭാ തെരെഞ്ഞെടുപ്പിന് തൊട്ട് മുമ്പും, 2011-ലെ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പും ഇത് പോലെ ലാവലിന്‍ ഒരു രാഷ്ട്രീയ ആയുധമാക്കിയിരുന്നു കോണ്‍ഗ്രസും യു.ഡി.എഫും.
2013 നവംബര്‍ 5-ന് ആണ് സി.ബി.ഐ. പ്രത്യേക കോടതി ലാവലിനുമായി ബന്ധപ്പെട്ട കേസില്‍ വിധി പറഞ്ഞത്. പ്രസ്തുത കേസില്‍ പ്രത്യേക താല്പര്യമെടുത്ത്, അതില്‍ കക്ഷി പോലുമല്ലാത്ത കേരള സര്‍ക്കാര്‍, ഹൈക്കോടതിയില്‍ സി.ബി.ഐ. നല്കിയ റിവിഷന്‍ ഹര്‍ജിയില്‍ പെട്ടെന്ന് തീര്‍പ്പാക്കണമെന്ന് അപേക്ഷ നല്‍കിയത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ക്കെതിരെ വന്നിരിക്കുന്ന അത്യന്തം ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധയെ വഴി തെറ്റിക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണ് ഈ പടപ്പുറപ്പാട് എന്ന് കോണ്‍ഗ്രസ്സിന്റെ മുന്‍കാലചരിത്രത്തില്‍ നിന്ന് വ്യക്തമാണ്.
ആദര്‍ശധീരതയുടെയും സത്യസന്ധതയുടെയും നിറകുടങ്ങളെന്ന് സ്വയം സാക്ഷ്യപ്പെടുത്തിക്കൊണ്ട് കെ.പി.സി.സി.-യുടെ സംസ്ഥാന പ്രസിഡന്റ് വി.എം. സുധീരന്റെയും കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ഔദ്യോഗിക ചാനല്‍ ചാവേറായ റ്റി. സിദ്ദിഖിന്റെയും നേതൃത്വത്തില്‍ ലാവലിന്‍ വിവാദം ആളിക്കത്തിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ സാമാന്യബുദ്ധിയുള്ള ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്.
374 കോടി രൂപ എന്ന വലിയ നുണ
ശക്തമായ ആ വാദങ്ങള്‍ മാറ്റി വയ്ക്കുകയാണെങ്കില്‍ കൂടിയും സംസ്ഥാന ഖജനാവിന് 374.5 കോടി രൂപ നഷ്ടപ്പെട്ടു എന്നത് സുധീരന്റെ തെളിവുകളുടെ പിന്‍ബലമില്ലാത്ത കണ്ടുപിടുത്തം - അതായത് നുണ - മാത്രമാണ്. അങ്ങനെയൊന്ന് CAG റിപ്പോര്‍ട്ടിലില്ല.
സംസ്ഥാന ഖജനാവിന് 374.5 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (CAG) റിപ്പോര്‍ട് ഉണ്ട് എന്നാണ് സുധീരാദികള്‍ ആവര്‍ത്തനത്തിലൂടെ സത്യമാക്കുവാന്‍ ശ്രമിക്കുന്ന ആദ്യത്തെ നുണ. പന്നിയാര്‍-ശെങ്കുളം-പള്ളിവാസല്‍ (PSP പദ്ധതി) നവീകരണ പദ്ധതിയെ പറ്റിയുള്ള CAG റിപ്പോര്‍ടില്‍1 സംസ്ഥാന ഖജനാവിന് 374.5 കോടി രൂപ നഷ്ടപ്പെട്ടുവെന്നല്ല പറയുന്നത്. PSP പദ്ധതിക്ക് വേണ്ടി കെ.എസ്.ഇ.ബി. ചിലവിട്ട 374.5 കോടിക്ക് (പദ്ധതിച്ചെലവിന് പുറമെ കടം വാങ്ങിയതിന്റെ പലിശയുള്പടെയുള്ള തുകയാണിത്) തത്തുല്യമായ മെച്ചം ഉണ്ടാക്കുവാന്‍ സാധിച്ചില്ല ("did not yield commensurate gains") എന്നാണ് 2005 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നത്.
നവീകരണ-പുനരുദ്ധാരണ പദ്ധതികള്‍ ആവിഷ്കരിക്കപ്പെടുന്നത് വൈദ്യുതനിലയങ്ങളുടെ ശേഷി (capacity) കൂട്ടുവാന്‍ ഉദ്ദേശിച്ചുള്ളതല്ല മറിച്ച് വൈദ്യുതനിലയങ്ങളുടെ കാലാവധി നീട്ടുവാനുള്ളതാണ്. മാത്രവുമല്ല, CAG റിപ്പോര്‍ട് വന്നതിന് ശേഷമുള്ള വര്‍ഷങ്ങളില്‍, അതായത് 2004-05, 2005-06, 2006-07 വര്‍ഷങ്ങളില്‍, PSP പദ്ധതികളില്‍ നിന്നുള്ള വൈദ്യുത ഉല്പാദനം CAG റിപ്പോര്‍ട് പഠനവിധേയമാക്കിയ സമയത്തതിനേക്കാള്‍ വര്‍ദ്ധിച്ചതായുമാണ് (യഥാക്രമം 534, 587, 586 ദശലക്ഷം യൂണിറ്റ്) കണക്കുകള്‍ സൂചിപ്പിക്കുന്നത്. അത് കൊണ്ടു തന്നെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വൈദ്യുതോല്പാദനം കുറഞ്ഞു എന്ന CAG റിപ്പോര്ടിലെ കണ്ടുപിടുത്തത്തിന് യാഥാര്‍ഥ്യവുമായി ബന്ധമൊന്നുമില്ല എന്ന് ഇത്തരുണത്തില്‍ സൂചിപ്പിക്കട്ടെ. ഇപ്പോഴത്തെ യു.ഡി.എഫ്. ഗവണ്മെന്റ് ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്ങ്മൂലവും ഈ വാദങ്ങളെ ശരി വയ്ക്കുന്നു. ഇതിനെ സംബന്ധിച്ച് "ലാവലിന്‍: നഷ്ടമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍" എന്ന തലക്കെട്ടില്‍ 2014 ഫെബ്രുവരി 7-ന് മലയാള മനോരമയില്‍ വന്ന വാര്‍ത്തയിലെ ചില ഭാഗങ്ങള്‍ പരിശോധിക്കാം.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ (പിഎസ്പി) കരാറുകളുടെ കാര്യത്തില്‍ സിഎജി റിപ്പോര്‍ട്ടിലെ പ്രതികൂല പരാമര്‍ശനങ്ങള്‍ക്ക് ഊര്‍ജ വകുപ്പ് മറുപടി നല്‍കിയിട്ടുള്ളതാണെന്നും പറയുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പൂര്‍ണമായി ശരിയല്ല. വസ്തുതകളുടെയും സാഹചര്യങ്ങളുടെയും നോട്ടപ്പിശകു കൊണ്ടാണ് ഇത്തരം കണ്ടെത്തലുകളുണ്ടായത്.
.... 35 വര്‍ഷ കാലാവധി കഴിഞ്ഞ പിഎസ്പി പദ്ധതികളുടെ നവീകരണം അനിവാര്യമായിരുന്നു. കരാര്‍ ജോലി തൃപ്തികരമായി പൂര്‍ത്തിയാക്കിയെന്നും, പ്രതീക്ഷിച്ച നേട്ടങ്ങള്‍ കിട്ടുന്നുണ്ടെന്നും വ്യക്തമാണ്.
ഈ വാദങ്ങള്‍ CAG റിപ്പോര്‍ട് ഇറങ്ങിയ കാലം മുതല്‍ക്ക് ശക്തമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. ശക്തമായ ആ വാദങ്ങള്‍ മാറ്റി വയ്ക്കുകയാണെങ്കില്‍ കൂടിയും സംസ്ഥാന ഖജനാവിന് 374.5 കോടി രൂപ നഷ്ടപ്പെട്ടു എന്നത് സുധീരന്റെ തെളിവുകളുടെ പിന്‍ബലമില്ലാത്ത കണ്ടുപിടുത്തം - അതായത് നുണ - മാത്രമാണ്. അങ്ങനെയൊന്ന് CAG റിപ്പോര്‍ട്ടിലില്ല. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യവാങ്ങ്മൂലം വിരല്‍ ചൂണ്ടുന്നത് സുധീരന്റെ പ്രൊപ്പഗണ്ടയിലേക്ക് തന്നെയാണ്. താന്‍ പറയുന്നത് നുണ തന്നെയാണ് എന്ന ബോധ്യത്തോടെ കൂടിത്തന്നെയാണ് കെ.പി.സി.സി. പ്രസിഡന്റ് സുധീരന് ഫെയിസ്ബുക്കില് എഴുതുന്നത്. നുണ പറച്ചിലിന്റെ കാര്യത്തില്‍ സുധീരനും തന്റെ പാര്ടികാരനായ മുഖ്യമന്ത്രിയെപ്പോലെ ധാര്‍മികതയെ കീഴിലാക്കിയ മനഃസാക്ഷിയെപ്പോലെ തന്നെ ആണെന്ന് തോന്നുന്നു.
മറച്ചു വയ്ക്കപ്പെടുന്ന വസ്തുതകള്‍
ചെലവാക്കിയ പണം മുഴുവന്‍ പാഴായി ("Expenditure of Rs. 201 crore rendered unfruitful") എന്ന് കേരളത്തിലെ ഒരു ജലവൈദ്യുത പദ്ധതിയെ സംബന്ധിച്ച് CAG റിപ്പോര്ടുണ്ട് 2. കോണ്‍ഗ്രസുകാര്‍ തന്നെ നടത്തിയ കുറ്റ്യാടി എക്സ്റ്റെന്ഷന് പദ്ധതിയെ കുറിച്ചാണ് CAG അങ്ങനെ വിലയിരുത്തിയത്. ഖജനാവിനുണ്ടായ വേവലാതിയെക്കുറിച്ചാണെങ്കില് യാതൊരു വ്യക്തതക്കുറവുമില്ലാതെ CAG അടിവരയിട്ട് പറഞ്ഞ കുറ്റ്യാടി പദ്ധതിയില്‍ ചിലവാക്കിയ 201 കോടി രൂപയുടെ നഷ്ടത്തെക്കുറിച്ച് സമാധാനം പറയേണ്ട ഉത്തരവാദിത്തം സുധീരന് മാത്രമല്ല, ഓരോ കോണ്‍ഗ്രസ്സുകാരനുമുണ്ട്.
യു.ഡി.എഫിനെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സോളാര്‍, ബാര്‍ക്കോഴ, റ്റൈറ്റേനിയം അഴിമതി ആരോപണങ്ങളില്‍ നിന്നും, അഴിമതികളുമായി ബന്ധപ്പെട്ടവര്‍ നടത്തുന്ന വെളിപ്പെടുത്തലുകളില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധത്തില്‍ നിന്ന് പൊതുജനത്തിന്റെ ശ്രദ്ധ മാറ്റുക എന്നത് മാത്രമല്ല നുണകളും അര്‍ദ്ധസത്യങ്ങളും കുത്തിനിറച്ചുള്ള ഈ പ്രൊപ്പഗണ്ടാ സംവിധാനത്തിന്റെ ഉദ്ദേശങ്ങള്‍. എല്‍.ഡി.എഫിന്റെ നേട്ടങ്ങള്‍ക്ക് ജനശ്രദ്ധ കിട്ടരുത് എന്ന ഉദ്ദേശവും സുധീരന്റെ നേതൃത്വത്തില്‍ ഉള്ള ഈ പ്രൊപ്പഗണ്ടാ മെഷീനറിക്കുണ്ട്.
ഡോ. ഐസക്കിനും പിണറായി വിജയനും മറുപടിയായി വി.എം. സുധീരന് ഫെയിസ്ബുക്കില് എഴുതിയ പോസ്റ്റില്‍ ഒരു ഭാഗമുണ്ട്. PSP പുനരുദ്ധാരണത്തിന്റെ പദ്ധതിച്ചെലവായ 374.5 കോടി രൂപയ്ക്ക് ആനുപാതികമായ ലാഭം ഉണ്ടാക്കുവാന്‍ സാധിക്കാഞ്ഞത് ഏത് പദ്ധതിയുമായി താരതമ്യപ്പെടുത്തുമ്പോഴാണ് എന്ന് CAG റിപ്പോര്‍ടില്‍ പറയുന്ന ഭാഗം.
"ടേണ്‍കീ വ്യവസ്ഥയില്‍ 100 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റെന്ഷന് സ്കീം എന്ന പുതിയ ഹൈഡ്രോ ഇലക്ട്രിക്കല്‍ പദ്ധതി പൂര്‍ത്തീകരണത്തിന് ഭാരത് ഹെവി ഇലക്ട്രിക്കല്‍/ എല്‍.ആന്റ്.ടിയ്ക്ക് നല്‍കിയത് 66.05 കോടി രൂപയ്ക്കായിരുന്നു. അതായത് മെഗാവാട്ട് നിരക്ക് 0.66 കോടി."
മാതൃകപരമെന്ന് സുധീരന് വിശേഷിപ്പിക്കുന്ന കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റെന്ഷന് പദ്ധതി (ഇത് നേരത്തെ പറഞ്ഞ കുറ്റ്യാടി എക്സ്റ്റെന്ഷന് സ്കീമല്ല. വേറെ പദ്ധതിയാണ്.) ഭാരത് ഹെവി ഇലക്ട്രിക്കല്‍സിന് (BHEL) ഓപ്പണ്‍ റ്റെന്‍ഡര്‍ വിളിച്ച് നല്‍കിയത് പിണറായി വിജയന് വൈദ്യുത വകുപ്പ് മന്ത്രി ആയിരുന്ന സമയത്താണ്. അതിന് തൊട്ടു മുന്നത്തെ യു.ഡി.എഫ്. ഗവണ്മെന്റിന്റെ കാലത്ത് പതിമൂന്ന് പദ്ധതികളാണ് ഗ്ലോബല്‍ റ്റെന്‍ഡര്‍ വിളിക്കാതെ ധാരണാപത്രത്തിലൂടെ നടപ്പിലാക്കിയത്. ഖജനാവിനുണ്ടായ നഷ്ടത്തെക്കുറിച്ചാണ് വേവലാതിയെങ്കില്‍, പിണറായി വിജയന് ഒപ്പിട്ട കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റെന്ഷന് പദ്ധതിയുണ്ടാക്കിയ ആനുപാതിക ലാഭം കോണ്ഗ്രസ്സുകാര് തുടങ്ങിയ ഏതെങ്കിലും പദ്ധതികള്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് സുധീരന് ഒന്ന് അന്വേഷിച്ച് വയ്ക്കുന്നത് നല്ലതായിരിക്കും. ഈ വസ്തുതകള്‍ കെ.പി.സി.സി. പ്രസിഡന്റിനു അറിയാഞ്ഞിട്ടൊന്നുമല്ല. അതൊക്കെ പറഞ്ഞാല്‍ തകര്‍ന്നടിയുവാന്‍ പോകുന്നത് സുധീരനുള്പടെയുള്ളവര് പണിതുയര്‍ത്തിയ നുണക്കൊട്ടാരങ്ങളാണ്.
ഖജനാവിനുണ്ടായ നഷ്ടത്തെക്കുറിച്ചാണ് വേവലാതിയെങ്കില്‍, പിണറായി വിജയന് ഒപ്പിട്ട കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റെന്ഷന് പദ്ധതിയുണ്ടാക്കിയ ആനുപാതിക ലാഭം കോണ്ഗ്രസ്സുകാര് തുടങ്ങിയ ഏതെങ്കിലും പദ്ധതികള്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് സുധീരന് ഒന്ന് അന്വേഷിച്ച് വയ്ക്കുന്നത് നല്ലതായിരിക്കും.
സി.ബി.ഐ. പ്രത്യേക കോടതി വിചാരണയ്ക്ക് മുമ്പേ എഴുതി തള്ളിയ കേസ് എന്നതാണ് ആദര്ശധീരന് പൊട്ടിക്കുവാന്‍ നോക്കുന്ന അടുത്ത ഗുണ്ട്. ഹൈക്കോടതിയില്‍ ഉബൈദ് ജസ്റ്റിസ് രാവിലെ കേസെടുത്ത് ഉച്ചയ്ക്ക് വിധി പറഞ്ഞ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവുകള്‍ മരവിപ്പിച്ചതിന്റെ ഹാങ്ങോവറിലാണ് സുധീരന് അങ്ങനെ പറഞ്ഞതെന്ന് കരുതാം. അതിലേക്ക് കടക്കുന്നതിന് മുന്നേ സി.ബി.ഐ. നല്കിയ കുറ്റപത്രം എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. നിയമപരമായി പിണറായി വിജയന് സി.ബി.ഐ. കോടതിയില്‍ നേരിടേണ്ടി വന്ന ഒരേയൊരു ആരോപണം എന്താണ് എന്നത് മനസ്സിലാക്കിയാല്‍ മാത്രമേ സുധീരന്റെ നേതൃത്വത്തില്‍ നടക്കുന്ന വലതുപക്ഷ ദുഷ്പ്രചരണങ്ങളിലെ പൊള്ളത്തരം വ്യക്തമാവുകയുള്ളൂ.
എന്താണ് സി.ബി.ഐ. കുറ്റപത്രത്തില്‍ ഉള്ളത്?
മലബാര്‍ കാന്‍സര്‍ സെന്ററിന് കാനഡയില്‍ നിന്നുള്ള ധനസഹായമായി ലഭിക്കേണ്ടിയിരുന്ന 98.30 കോടി രൂപയിലെ 86.25 കോടി രൂപ ലഭിക്കാതെയിരുന്നത് സംബന്ധിച്ചാണ് സി.ബി.ഐ.-യുടെ കുറ്റപത്രം. ഇത് ലഭിക്കാതെ ഇരുന്നതും PSP നവീകരണ പദ്ധതിയുടെ കരാര്‍ എസ്.എന്‍.സി-ലാവലിന്‍ കമ്പനിക്ക് നല്കുവാനുമായി പിണറായി വിജയനും മറ്റ് ഉദ്യോഗസ്ഥരും ലാവലിന്‍ കമ്പനിയുമായി ഗൂഢാലോചന നടത്തി എന്നതാണ് സി.ബി.ഐ. കുറ്റപത്രത്തില്‍ ഉള്ളത് 3.
പിണറായി വിജയനോ അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയനോ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും ക്രിമിനല്‍ ദുരുദ്ദേശത്തിന് തെളിവില്ല എന്നുമുള്ള സി.ബി.ഐ.-യുടെ ക്ലീന്‍ ചിറ്റ് തന്നെയാണ് ഗൂഢാലോചനാരോപണത്തെ ദുര്‍ബലമാക്കുന്ന ആദ്യത്തെ വസ്തുത 4. ലാവലിനുമായി PSP നവീകരണ കരാര്‍ ഒപ്പിടുമ്പോള്‍ ചിത്രത്തിലേ ഇല്ലാതിരുന്ന പിണറായി വിജയന് എങ്ങനെ പ്രതിയായി, നവീകരണ കരാര്‍ ഒപ്പിട്ട ജി. കാര്ത്തികേയന് എങ്ങനെ ഒഴിവായി, നിലനില്‍ക്കാത്ത ഒരു കരാര്‍ (മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ധനസഹായവുമായി ബന്ധപ്പെട്ടിട്ടുള്ളത്) ഒപ്പിട്ടില്ല എന്ന കാരണം കൊണ്ട് എങ്ങനെ പിണറായി വിജയന് കുറ്റക്കാരനാകും - എന്നീ ചോദ്യങ്ങള്‍ ചോദിച്ചത് സി.ബി.ഐ. പ്രത്യേക കോടതിയിലെ ജഡ്ജ് ആയിരുന്ന ആര്. രഘുവാണ് 5.
"374.50 കോടി രൂപ നഷ്ടപ്പെട്ടില്ല എന്നത് ശരി തന്നെ. പക്ഷെ മലബാര്‍ കാന്‍സര്‍ സെന്ററിന് കിട്ടേണ്ടുന്ന 86.25 കോടി രൂപ എങ്ങനെയാണ് നഷ്ടപ്പെട്ടത്?" തികച്ചും സ്വാഭാവികമാണ് ഈ ചോദ്യം. മലബാര്‍ കാന്‍സര്‍ സെന്ററിന് വാഗ്ദാനം ചെയ്യപ്പെട്ട ഈ ധനസഹായം ആണ് ഗൂഢാലോചനയില്‍ പിണറായി വിജയന് കിട്ടിയ കിക്ക് ബാക്ക് എന്ന നുണയായിരുന്നു ഒരു കാലഘട്ടത്തില്‍ മനോരമയും വലതുപക്ഷവും ഉന്നയിച്ചിരുന്നത്. എല്ലാ അസത്യങ്ങളെയും പോലെ ആ ആരോപണവും പിന്നീട് പൊളിഞ്ഞടുങ്ങുക ആയിരുന്നു. ഇനി എങ്ങനെയാണ് മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ടിയിരുന്ന ധനസഹായം പൂര്‍ണമായും സംസ്ഥാനത്തിന് ലഭിക്കാതെയിരുന്നത് എന്നതിനെ സംബന്ധിച്ചുള്ള ചരിത്രപരമായ വസ്തുതകള്‍ വിശദമായി പരിശോധിക്കാം.
മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള ഗ്രാന്റ്
കനേഡിയന്‍ കമ്പനികളുമായി ബിസിനസ് നടത്തുന്ന മൂന്നാം ലോകരാജ്യ ഗവണ്മെന്റുകള്ക്ക് Canadian International Development Agency (CIDA) വഴി സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് കനേഡിയന്‍ ഗവണ്മെന്റ് ധനസഹായം നല്‍കുന്നുണ്ട്. ഇവിടെ ഒരു കാര്യം എടുത്ത് പറയേണ്ടതുണ്ട്, PSP കരാറിന്റെ പ്രതിഫലമായി കിട്ടിയതല്ല ഈ ഗ്രാന്റ്. മറിച്ച് ഇടുക്കി ജലവൈദ്യുത പദ്ധതി നടപ്പാക്കിയത് മുതല്‍ ലാവലിന്‍ കമ്പനിക്ക് കേരള സംസ്ഥാനവുമായുള്ള ദീര്‍ഘകാലമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് CIDA വഴി ഗ്രാന്റ് കേരളത്തിന് ലഭ്യമാക്കുവാന്‍ ഏര്‍പ്പാട് ചെയ്യാമെന്ന് ലാവലിന്‍ കമ്പനി പ്രതിനിധികള്‍ സംസ്ഥാന ഗവണ്മെന്റിനോട് പറഞ്ഞത്. ഇക്കാരണം കൊണ്ടു തന്നെ CIDA വഴിയുള്ള സാമൂഹികക്ഷേമനിധിക്കുള്ള കരാര്‍, PSP നവീകരണകരാറിന്റെ ഭാഗമാക്കുവാന്‍ സാധിക്കുമായിരുന്നില്ല.
ഇവിടെ ഒരു കാര്യം എടുത്ത് പറയേണ്ടതുണ്ട്, PSP കരാറിന്റെ പ്രതിഫലമായി കിട്ടിയതല്ല ഈ ഗ്രാന്റ്. മറിച്ച് ഇടുക്കി ജലവൈദ്യുത പദ്ധതി നടപ്പാക്കിയത് മുതല്‍ ലാവലിന്‍ കമ്പനിക്ക് കേരള സംസ്ഥാനവുമായുള്ള ദീര്‍ഘകാലമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് CIDA വഴി ഗ്രാന്റ് കേരളത്തിന് ലഭ്യമാക്കുവാന്‍ ഏര്‍പ്പാട് ചെയ്യാമെന്ന് ലാവലിന്‍ കമ്പനി പ്രതിനിധികള്‍ സംസ്ഥാന ഗവണ്മെന്റിനോട് പറഞ്ഞത്.
ജി. കാര്ത്തികേയന് വൈദ്യുത വകുപ്പ് കൈകാര്യം ചെയ്യുന്ന കാലഘട്ടത്തില്‍ ഗ്രാന്റ് സംബന്ധിയായ കാര്യങ്ങള്‍ക്ക് വേണ്ടി എഴുത്തുകുത്തുകള്‍ നടത്തിയിരുന്നു എന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. പ്രസ്തുത ഗ്രാന്റ് കൊണ്ട് എന്തൊക്കെ സാമൂഹിക ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാമെന്ന് മാര്‍ച്ച് 28, 1996-ല്‍ ലാവലിന്റെ കോര്‍പറേറ്റ് സെക്രട്ടേറിയേറ്റില്‍ എത്തിയ ജി. കാര്‍ത്തികേയന്റെ കത്തില്‍ പറയുന്നുണ്ട്. ആശൂപത്രിക്ക് പുറമെ ടെക്നിക്കല്‍ ട്രെയിനിങ്ങ് കോളേജ്, ജലശുദ്ധീകരണ പ്ലാന്റ്, കുടിവെള്ള പ്ലാന്റ്, റോഡ് പുനര്‍നിര്‍മാണം തുടങ്ങിയ പദ്ധതികളും ആലോചനയിലുണ്ട് എന്നാണ് ഈ കത്തില്‍ ജി. കാര്ത്തികേയന് പറയുന്നത് 6. പിണറായി വിജയന് വൈദ്യുതിവകുപ്പ് കൈകാര്യം ചെയ്യുന്ന സമയത്താണ്, ജി. കാര്‍ത്തികേയന്റെ അഭ്യര്‍ഥനകളുടെ കൂടെ പ്രതികരണമായി, മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മ്മിച്ചു തരാം എന്ന് ലാവലിന്‍ ആദ്യം വാഗ്ദാനം ചെയ്യുന്നത്. PSP നവീകരണവുമായി ജി. കാര്ത്തികേയന് ഒപ്പിട്ടതിന്റെ അനുബന്ധ (addendum) കരാര്‍ ഒപ്പിട്ട ഇതേ അവസരത്തില്‍ തന്നെയാണ് 49 കോടി ഗ്രാന്റ് തുക 98.30 കോടി രൂപയായി ഉയര്‍ത്തുവാന്‍ പിണറായി വിജയന് സാധിച്ചതും.
PSP കരാര്‍ ഒപ്പിടുന്ന സമയത്ത് സാമൂഹികക്ഷേമനിധിക്കുള്ള സാമ്പത്തിക സഹായത്തിന് തയ്യാറുള്ള കാനഡയിലെ വിവിധ ഏജന്‍സികളുമായി ധാരണയില്‍ എത്താതെ ധനസഹായത്തിനുള്ള അന്തിമക്കരാറുറപ്പിക്കല് അസാധ്യവുമായിരുന്നു. ഇതിനാല്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നടക്കം പണം സമാഹരിച്ച് ആശുപത്രി സ്ഥാപിക്കുമെന്നും, 180 ദിവസങ്ങള്‍ക്കുള്ളില്‍ ഔപചാരികമായ ഒരു ബൈന്‍ഡിങ്ങ് കരാറില്‍ എത്തുമെന്നുള്ള ഒരു ധാരണാപത്രം (Memorandum of Understanding) മാത്രമാണ് ലാവലിന്‍ കമ്പനിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 180 ദിവസങ്ങള്‍ക്കുള്ളില്‍ ഔപചാരികമായ ഒരു കരാറില്‍ എത്തുവാന്‍ ഇരു കക്ഷികള്‍ക്കും സാധിച്ചില്ല. ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഉഭയസമ്മത പ്രകാരം അതിന്റെ കാലവധി വീണ്ടുമൊരു മൂന്ന് മാസത്തേക്ക് നീട്ടി. 1998 ഒക്റ്റോബര്‍ 5-നാണ് ധാരണാപത്രം പുതുക്കിയത്. പതിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷം, അന്നത്തെ സംസ്ഥാന സെക്രട്ടറി ആയിരുന്ന ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുവാന്‍ പിണറായി വിജയന് വൈദ്യുതി മന്ത്രി സ്ഥാനം 1998 ഒക്റ്റോബര്‍ 18-ന് രാജി വയ്ക്കുകയും ചെയ്തു. തുടര്‍ന്നുള്ള നാല് വര്‍ഷക്കാലം അതായത് 2002 മാര്‍ച്ചില്‍ ലാപ്സാകുന്നത് വരെ ഈ ധാരണാപത്രം - ഉഭയസമ്മതപ്രകാരം - ഇരുകക്ഷികളും പുതുക്കിക്കൊണ്ടിരുന്നു. 2001 മേയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുകയും, ഏ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിരുന്നു എന്ന് സാന്ദര്‍ഭികമായി സൂചിപ്പിച്ചുകൊള്ളട്ടെ. കടവൂര്‍ ശിവദാസനായിരുന്നു ഈ മന്ത്രിസഭയില്‍ വൈദ്യുതവകുപ്പ് കൈകാര്യം ചെയ്തിരുന്നത്. 7
ഇതിനിടയില്‍ 2000 മെയ് 13-ന് അന്തിമകരാറിന്റെ കരട് സര്‍ക്കാരിന്റെ പരിഗണനയ്ക്കായി എസ്.എന്‍.സി.-ലാവലിന്‍ സമര്‍പ്പിച്ചിരുന്നു. കരട് കരാറിന്മേല് തുടര്‍ നടപടികള്‍ ഒന്നും സ്വീകരിക്കാതെ ഇരുന്നത് മാത്രമല്ല, ധാരണാപത്രം പുതുക്കുവാന്‍ മെനക്കെടാതെ അത് ലാപ്സാക്കിയതും യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ് സംഭവിച്ചത്. ധാരണാപത്രം റദ്ദായതിന് ശേഷവും കേരളവുമായുള്ള ദീര്‍ഘകാലബന്ധം മുന്‍നിര്‍ത്തി അന്തിമകരാര്‍ ഒപ്പിടുവാന്‍ ഉള്ള സന്നദ്ധത ലാവലിന്‍ കമ്പനി പ്രതിനിധികള്‍ 2002 നവംബര്‍ 14-ന് ചേര്‍ന്ന ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. അന്തിമകരാര്‍ ഔദ്യോഗികമായി റദ്ദായതിന് ശേഷമാണ് മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ബ്ലഡ് ബാങ്ക് പണി ചെയ്ത് തീര്‍ത്തത്. ധനസഹായം നിലച്ചതിന് ഹേതുവായ കൃത്യവിലോപം ആരുടെ ഭാഗത്തായിരുന്നു എന്നത് ഇതില്‍ നിന്ന് കൃത്യമായി മനസ്സിലാക്കുവാന്‍ സാധിക്കും.
ഇനിയും മനസ്സിലാകാത്തവര്‍ 'മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഭാവി ഭീഷണിയില്‍' എന്ന തലക്കെട്ടില്‍ മലയാള മനോരമ 2002 സെപ്റ്റംബര്‍ 13-ന് പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ ഈ വരികള്‍ വായിക്കേണ്ടതാണ്:
“മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കാനഡ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി വൈദ്യുത ബോര്‍ഡ് ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ കാലാവധി അവസാനിച്ചു. ഇത് പുതുക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെയോ വൈദ്യുതബോര്ഡിന്റെയോ ഭാഗത്ത് നിന്ന് നടപടികളില്ല. ഇതോടെ മലബാറിലെ കാന്‍സര്‍ ചികില്സാരംഗത്ത് നാഴികക്കല്ലാകേണ്ടിയിരുന്ന കേന്ദ്രത്തിന്റെ നിലനില്‍പ്പ് ഭീഷണിയിലായി.”
മനോരമ തന്നെ 'കാന്‍സര്‍ സെന്റര്‍: ലാവലിന്‍ പിന്‍വാങ്ങിയത് സര്‍ക്കാരിന്റെ കത്ത് കിട്ടാത്തതിനാല്‍' എന്ന തലക്കെട്ടില്‍, രണ്ട് ദിവസത്തിന് ശേഷം 2002 സെപ്റ്റംബര്‍ 15-ന് തുടര്‍വാര്‍ത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത വാര്‍ത്തയില്‍ നിന്നും:
"മലബാര്‍ കാന്‍സര്‍ സെന്ററിന് കാനഡയില്‍ നിന്ന് പണം സ്വരൂപിച്ച് നല്‍കാമെന്ന വാഗ്ദാനത്തില്‍ നിന്ന് എസ്.എന്‍.സി. ലാവലിന്‍ പിറകോട്ട് പോയത് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട കത്തിന്റെ പേരില്‍. തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനത്തിന് ലഭിച്ച സഹായത്തിന് നന്ദി പ്രകടിപ്പിച്ചും അഭിനന്ദനം അറിയിച്ചും സംസ്ഥാന സര്‍ക്കാര്‍ കത്തു നല്കിയാല് കാനഡയിലെ വിവിധ ഏജന്‍സികളില്‍ നിന്ന് ഇനിയും തുക സമാഹരിച്ചു നല്കുവാന് കഴിയുമെന്ന എസ്.എന്‍.സി. ലാവലിന്റെ നിര്‍ദേശം വൈദ്യുതി വകുപ്പ് ചെവിക്കൊണ്ടില്ല. ലാവലിന്‍ നല്‍കേണ്ട ലെറ്റര്‍ ഓഫ് അപ്രീസിയേഷനുള്ള അപേക്ഷ ഒന്നര വര്‍ഷമായി ചുവപ്പു നാടയിലാണ്."
2002 ഒക്റ്റോബര്‍ 1-ന് മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ടിയിരുന്ന സാമ്പത്തിക സഹായത്തിനെ പറ്റി ആയിരുന്നു 'മലബാര്‍ കാന്‍സര്‍ സെന്ററിനെ രക്ഷിക്കണം' എന്ന തലക്കെട്ടിലുള്ള മനോരമ മുഖപ്രസംഗം. അതിലെ ചില ഭാഗങ്ങള്‍,
"എസ്.എന്‍.സി. ലാവലിന്‍ 12 കോടി രൂപയുടെ നിര്‍മ്മാണം നടത്തി. ഇതോടെ ആശുപത്രിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. 2000 നവംബര്‍ 11 മുതല്‍ ആശുപത്രി പ്രവര്‍ത്തിച്ചു തുടങ്ങി. മൂന്ന് വര്‍ഷം കൊണ്ട് 100 കോടി രൂപ ഇവിടെ ചെലവഴിച്ച് ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച കാന്‍സര്‍ ആശുപത്രിയായി ഇതിനെ മാറ്റണമെന്നായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എസ്.എന്‍.സി. ലാവലിനുമായുള്ള ധാരണാപത്രം പുതുക്കുവാനോ അവരുമായി കരാറുണ്ടാക്കുവാനോ ഇപ്പോള്‍ ശ്രമം നടക്കുന്നില്ല..."
"... എന്നാല്‍, ചെയ്ത ജോലികള്‍ക്ക് ലെറ്റര്‍ ഓഫ് അപ്രീസിയേഷന്‍ നല്കിയാല് അടുത്ത ഘട്ടം പണം സമാഹരിച്ചു നല്‍കാമെന്ന് കാണിച്ച് എസ്.എന്‍.സി. ലാവലിന്‍ ആശുപത്രി ഡയറക്ടര്‍ക്ക് കത്തു നല്കിയിരിക്കുന്നു. ഈ അപേക്ഷ വൈദ്യുതവകുപ്പിന്റെ ഫയലിലുണ്ട്. ഭരണം മാറിയതോടെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും വൈദ്യുതമന്ത്രിയും ആരോഗ്യമന്ത്രിയുമെല്ലാമാണ് ആശുപത്രിയുടെ അമരത്ത്. ഭരണസമിതിയുടെ തലപ്പത്തുള്ളവര്‍ ആശുപത്രി സന്ദര്‍ശിക്കണം. രാഷ്ട്രീയക്കളിയില്‍ രോഗികള്‍ ബലിയാടാകരുത്."
മലബാര്‍ കാന്‍സര്‍ സെന്ററിന് വാഗ്ദാനം ചെയ്യപ്പെട്ട 98.30 കോടി രൂപയില്‍ 86.25 കോടി രൂപ കിട്ടാതെയിരുന്നതിന്റെ ഉത്തരവാദികള്‍, പിണറായി വിജയനുമല്ല എസ്.എന്‍.സി. ലാവലിനുമല്ല. 2001-2006 കാലഘട്ടത്തിലെ കേരള മന്ത്രിസഭയ്ക്ക് നേതൃത്വം വഹിച്ചിരുന്ന ഏ.കെ. ആന്റണിയും, ആ മന്ത്രിസഭയില്‍ വൈദ്യുത വകുപ്പ് കൈകാര്യം ചെയ്ത കടവൂര്‍ ശിവദാസനുമാണ് ധാരണാപത്രം ലാപ്സായി പോയതിനും ധനസഹായം മുടങ്ങിയതിനുമുള്ള പരിപൂര്‍ണമായ ഉത്തരവാദിത്തം എന്നത് പകല്‍ പോലെ വ്യക്തം.
സി.ബി.ഐ. പ്രത്യേക കോടതിയുടെ വിധി
പിണറായി വിജയന് വൈദ്യുത മന്ത്രി ആയിരിക്കുന്ന കാലഘട്ടത്തില്‍ എസ്.എന്‍.സി. ലാവലിനുമായുയി നടന്ന ചര്‍ച്ചകളില്‍, അവര്‍ക്കുള്ള കണ്സല്ടന്സി ചാര്‍ജ് 24 കോടി രൂപയില്‍ നിന്നും 17.88 കോടി രൂപയാക്കിയും, EDC-യില്‍ (Export Development Canada) നിന്നുള്ള ലോണ്‍ 173 കോടി രൂപയില്‍ നിന്നും 157 കോടി രൂപയുമാക്കി കുറച്ചിരുന്നു.
"ആരോപണവിധേയരായവര്‍ക്ക് ലാവലിനെ നിയമവിരുദ്ധമായി സഹായിക്കണമെന്ന് ഗൂഢോദ്ദേശമുണ്ടായിരുന്നുവെങ്കില് ഇത്രയധികം തുക കുറയ്ക്കുവാന്‍ അവര്‍ മുന്‍കൈ എടുക്കുകയില്ലായിരുന്നു" എന്ന് പറഞ്ഞു കൊണ്ടാണ് സി.ബി.ഐ. പ്രത്യേക കോടതി പിണറായി വിജയനുള്‍പ്പടെയുള്ള ആറ് കുറ്റാരോപിതര്‍ക്കെതിരെയുള്ള സി.ബി.ഐ. കുറ്റപത്രം റദ്ദാക്കിക്കൊണ്ടുള്ള വിധി 2013 നവംബര്‍ 5-ന് ജഡ്ജി ആര്.രഘു പ്രസ്താവിച്ചത് 8.
തിരികെ സുധീരന്റെ തുറന്ന കത്തിലേക്ക്
"പൊതു ഖജനാവിന് ഭീമമായ നഷ്ടമുണ്ടാക്കുകയും കനേഡിയന്‍ കമ്പനിയായ ലാവ്ലിന് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുകയും ചെയ്യുകവഴി സാധാരണക്കാരന്റെ നികുതിപ്പണം തട്ടിയെടുക്കുന്നവര്‍ കുറ്റവിചാരണയെ നേരിടണമെന്നത് നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ഏതൊരു പൗരന്റെയും ന്യായമായ ആവശ്യമാണ്" എന്നാണ് മനസ്സാക്ഷിക്ക് കീഴെ കുടികൊള്ളുന്ന ധാര്‍മ്മികബോധത്തോടെ സുധീരന് തന്റെ തുറന്ന കത്തില്‍ പറയുന്നത്.
എന്നാല്‍ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് കോട്ടം തട്ടിയിട്ടില്ലാത്ത ഒരാളുടെ മനസ്സില്‍ സ്വാഭാവികമായും ചില ചോദ്യങ്ങള്‍ ഉയരും. സാമൂഹികക്ഷേമനിധി മുടങ്ങിപ്പോയ കാലഘട്ടത്തില്‍ മുഖ്യമന്ത്രി ആയിരുന്ന ഏ.കെ. ആന്റണിയുടെയും വൈദ്യുത മന്ത്രി ആയിരുന്ന കടവൂര്‍ ശിവദാസന്റെയും നേര്‍ക്ക് ലാവലിന്‍ കേസിന്റെ ഒരു ഘട്ടത്തില്‍ പോലും അന്വേഷണം പോകാഞ്ഞതെന്ത് കൊണ്ടാണ്? 2001-ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം എസ്.എന്‍.സി. ലാവലിനും കേരള സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ മിനുട്സ് പ്രസിദ്ധീകരിച്ചു കൊണ്ട് തങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാനുള്ള ആര്‍ജ്ജവം യു.ഡി.എഫ്. നേതാക്കള്‍ കാണിക്കുമോ?
പ്രത്യേക കോടതിയില്‍ സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രം റദ്ദ് ചെയ്ത് കൊണ്ട് വിധി പറഞ്ഞ ആര്. രഘു മുന്‍-എസ്.എഫ്.ഐ.ക്കാരനാണോ എന്ന ad hominem കുയുക്തികള്‍ അന്വേഷിക്കുവാനും അദ്ദേഹത്തിന്റെ ശവമഞ്ച ഘോഷയാത്ര നടത്തുവാന്‍ യൂത്ത് കോണ്‍ഗ്രസിനെ ഏര്‍പ്പാടാക്കുന്നതിനും മുമ്പ് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട രാഷ്ട്രീയ ഉത്തരവാദിത്തം കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനുണ്ട്.
ഊളകളല്ല മലയാളികള്‍
ബഹുമാന്യനായ കെ.പി.സി.സി. പ്രസിഡന്റ്, പ്രിയപ്പെട്ട റ്റി. സിദ്ദിഖ്. മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത ശ്രേഷ്ഠമാണ്. വിശ്വപ്രസിദ്ധമാണ്. കേരളത്തിന് പുറത്തുള്ള കാമ്പസുകളില്‍ പഠിച്ചിട്ടുള്ളവര്‍ക്ക് അതറിയാം. ഇടതുപക്ഷമായാലും വലതുപക്ഷമായാലും വിദ്യാര്‍ഥിപ്രശ്നങ്ങളെ ഏറ്റെടുത്ത് കൊണ്ട് സമരങ്ങള്‍ നയിക്കുന്നത് മലയാളി വിദ്യാര്‍ഥീവിദ്യാര്‍ഥിനികളാണ്. ആ മലയാളിക്ക് സുധീരനും സിദ്ദിഖും ഇപ്പോള്‍ നല്കുന്നതിനേക്കാള് ബഹുമാനം അവര്‍ അര്‍ഹിക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം. രാഷ്ട്രീയ എതിരാളികളെ ഇല്ലാതെയാക്കുവാനുള്ള നിങ്ങളുടെ കൊണ്ടുപിടിച്ചുള്ള ശ്രമങ്ങള്‍ മനസ്സിലാക്കാം, എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പൊളിഞ്ഞടുങ്ങിയ നുണകള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത് പ്രബുദ്ധരായ മലയാളിയുടെ സാമാന്യബോധത്തിന് നേരെയുള്ള കൊഞ്ഞണംകുത്തലാണ്.
ധാര്‍മികതയില്‍ നിങ്ങള്‍ക്ക് വിശ്വാസമില്ലായെന്നാണ് നിങ്ങളുടെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. അദ്ദേഹത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ക്ക് മേലുള്ള പ്രതികരണങ്ങള്‍ അദ്ദേഹത്തിന്റെ ധാര്‍മ്മിക നിലവാരം ആദ്യമേ തന്നെ ഞങ്ങള്‍ക്ക് കാണിച്ചു തന്നിരുന്നു. ഞങ്ങള്‍ക്ക് അശേഷം പ്രതിഷേധമില്ല. എന്നാല്‍ ധാര്‍മ്മികതയുടെ ആള്‍രൂപം എന്ന് അവകാശപ്പെടുന്ന അങ്ങ് നുണകള്‍ ആവര്‍ത്തിക്കുക മാത്രമല്ല, അതിന്റെ കൂടെത്തന്നെ കൃത്യവിലോപം കാട്ടി മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കുമായിരുന്ന 86.25 കോടി രൂപ നഷ്ടമാക്കിയ ഏ.കെ. ആന്റണിയെയും കടവൂര്‍ ശിവദാസനെയും രക്ഷിക്കുക എന്ന നീചമായ പ്രവര്‍ത്തി കൂടിയാണ് ചെയ്യുന്നത് എന്നോര്‍മ്മിപ്പിച്ചു കൊണ്ട് നിര്‍ത്തുന്നു. ചോദ്യങ്ങള്‍ മറക്കണ്ട. വെറും രണ്ട് ചോദ്യങ്ങള്‍ മാത്രമേയുള്ളൂ.
1. മലബാര്‍ കാന്‍സര്‍ സെന്ററിനായുള്ള സാമൂഹികക്ഷേമനിധി മുടങ്ങിപ്പോയ കാലഘട്ടത്തില്‍ മുഖ്യമന്ത്രി ആയിരുന്ന ഏ.കെ. ആന്റണിയുടെയും വൈദ്യുത മന്ത്രി ആയിരുന്ന കടവൂര്‍ ശിവദാസന്റെയും നേര്‍ക്ക് ലാവലിന്‍ കേസിന്റെ ഒരു ഘട്ടത്തില്‍ പോലും അന്വേഷണം പോകാഞ്ഞതെന്ത് കൊണ്ടാണ്? അതിന്മേല് സ്വതന്ത്രമായ ഒരു അന്വേഷണം ഇനിയെങ്കിലും നടത്തുവാന്‍ അങ്ങ് ശ്രമിക്കുമോ?
2. 2001-ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം എസ്.എന്‍.സി. ലാവലിനും കേരള സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ മിനുട്സ് പ്രസിദ്ധീകരിച്ചു കൊണ്ട് തങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാനുള്ള ആര്‍ജ്ജവം യു.ഡി.എഫ്. നേതാക്കള്‍ കാണിക്കുമോ? അത് പ്രസിദ്ധീകരിക്കുവാന്‍ വേണ്ട നടപടികള്‍ അങ്ങ് സ്വീകരിക്കുമോ?
(ഈ ലേഖനം പൂര്‍ത്തീകരിക്കുവാന്‍ സഹായിച്ച വിനോദ് വിദ്യയ്ക്കും സെബിന് എബ്രഹാം ജേക്കബിനും റ്റി.കെ. സുജിത്തിനും നന്ദി രേഖപ്പെടുത്തുന്നു. )
അധിക വായനയ്ക്ക്:
- കെപിസിസി പ്രസിഡന്റ് വി എം സുധീരന് ഒരു തുറന്ന പ്രതികരണം, ഡോ. തോമസ് ഐസക്.
- സി.പി. പ്രമോദിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്.
- ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന് കട്ടതു് എത്രകോടി?, സെബിന് എബ്രഹാം ജേക്കബു് (screen_optimized_pdf, print_optimized_pdf, epub, mobi)
- ലാവലിന്‍, ലാവലിന്‍ ഇനിയെന്ത്, ഡോ. തോമസ് ഐസക്, ചിന്ത പബ്ലിഷേഴ്സ്, 2011. (pdf archive)