നിയോലിബറലിസം: ചരിത്രം, വർത്തമാനം, പ്രത്യയശാസ്ത്രം

.

മുഖവുര

നിയോലിബറലിസം അഥവാ നവഉദാത്തവാദം എന്ന പ്രത്യയശാസ്ത്രത്തെയും അത് ഗർഭസ്ഥമായിരിക്കുന്ന കാലത്തിനേയും അതിലെ പ്രശ്നങ്ങളേയും മലയാളി വായനക്കാരുടെ സമക്ഷം ലളിതമായി അവതരിപ്പിക്കുക എന്നതാണ് ഈ പരമ്പരയുടെ ലക്ഷ്യം. ഇതിലൂടെ തികച്ചും പ്രായോഗികവും ദൈനംദിന ജീവിതത്തിൽ നാം നേരിടുന്നതുമായ സാമ്പത്തിക വിഷയങ്ങളെ, അവയുടെ പ്രശ്നങ്ങളെ സൈദ്ധാന്തികവും, പ്രവർത്തനപരവുമായ രീതിയിൽ അപഗ്രഥിക്കുന്നു. “സൈദ്ധാന്തിക യുക്തിയായ്” പലപ്പോഴും മാറ്റിവക്കുന്ന വിഷയങ്ങളെ തീർത്തും ലളിതവല്കരിക്കുക എന്നതും ഈ പരമ്പര ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇതിലെ അദ്ധ്യായക്രമങ്ങൾ ഇത്തരം ചിന്തകളുമായി ഏർപ്പെടുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

നാല് ഭാഗങ്ങളായാണിത് വിഭജിച്ചിരിക്കുന്നത്. 'നവഉദാത്തവാദവും പ്രത്യയശാസ്ത്രവും’ എന്ന ശീർഷകത്തിലാണ് ഒന്നാമത്തെ ഭാഗം. എന്താണ് നവലിബറൽ സാമ്പത്തികക്രമം, ഈ സാമ്പത്തികക്രമം പ്രവർത്തിക്കുന്ന മണ്ഡലം എങ്ങനെ പരുവപെട്ടു, നവഉദാത്തവാദം/നിയോലിബറലിസം എങ്ങനെയാണ് ഉദാത്തവാദം (liberalism), ഉദാത്ത ജനാധിപത്യം (liberal democracy), സാമൂഹിക ജനാധിപത്യം (social democracy) മുതലായ പ്രത്യയശാസ്ത്രങ്ങളിൽ നിന്നും വ്യത്യസ്തപ്പെടുന്നത് തുടങ്ങിയ പ്രശ്നങ്ങളാണ് ഈ ഭാഗത്ത് കൈകാര്യം ചെയ്യുന്നത്. പരമ്പരയുടെ രണ്ടാം ഭാഗം നിരൂപണാത്മകമായി ചർച്ച ചെയ്യുന്നത് നവഉദാത്തവാദത്തിൻ്റെ ചരിത്രവും വർത്തമാനവുമാണ്. ഭരണകൂടങ്ങളും അതിൻ്റെ പിൻപ്രവർത്തകരുമെല്ലാം ബോധപൂർവ്വം ആഘോഷിക്കുന്ന നവലിബറൽ ആശയം എങ്ങനെയാണ് ചരിത്രത്തിൽ ഇടം പിടിച്ചതെന്നും എത്തരത്തിലാണ് അത് സമകാലിക ലോകത്തെ അധീശപ്പെടുത്തുന്നത് എന്നും ഇന്ത്യൻ കേരളം സാഹചര്യങ്ങളിൽ എപ്രകാരമാണ് ഇവ പിടിമുറുക്കുന്നത് എന്നും ഈ ഭാഗം വ്യക്തമാക്കുന്നു. നവഉദാത്തവാദത്തിൻ്റെ ശരികൾ എങ്ങനെ ഗീബല്സിയനും വസ്തുതാവിരുദ്ധവും ആണെന്ന്, അതിൻ്റെ തന്നെ പ്രമേയത്തെയും ധർമ്മത്തെയും അധികരിച്ചുകൊണ്ടുള്ള വിശദീകരണമാണ് മൂന്നാമത്തെ ഭാഗത്തിൽ ഇടം പിടിക്കുന്നത്. നവഉദാത്തവാദം/നിയോലിബറലിസം എങ്ങനെയൊക്കെ ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിൻ്റെ വിചാരങ്ങൾക്കും സ്വപ്നങ്ങൾക്കും കൂച്ചുവിലങ്ങായി (ഒരു ന്യൂനപക്ഷത്തിന് മുതൽക്കൂട്ടും) എന്ന പഠനമാണ് ഇവിടെ പരാമർശിക്കുന്നത്. നവലിബറൽ സാഹചര്യം ഉയർത്തുന്ന ഇത്തരം പ്രതിസന്ധികളെ എങ്ങിനെ ലോകം നേരിട്ടു അഥവാ എങ്ങിനെയാണ് നേരിടേണ്ടത് തുടങ്ങിയ ദേശീയവും അന്തർദേശീയവുമായ ബദലുകളെ കുറിച്ച്‌ പ്രതിപാദിക്കുന്നതാണ് 'നവഉദാത്തവാദത്തിൻ്റെ ബദലുകൾ' എന്ന നാലാം ഭാഗം.

ഭാഗം ഒന്ന്: നവഉദാത്തവാദവും പ്രത്യയശാസ്ത്രവും

പൊതുവിൽ നവഉദാത്ത/നിയോലിബറൽ നയങ്ങളെ മൂർത്തതയോടെ നിർവ്വചിക്കുക ദുഷ്കരമായാണ് നിരൂപകർ ചൂണ്ടിക്കാണിക്കുന്നത്. ഈ പദം ആദ്യമായി പ്രയോഗിച്ചത് അലക്‌സാണ്ടർ റസ്റ്റോ എന്ന ജർമ്മൻ പണ്ഡിതനാണെന്ന് മിറോസ്കിയും ഹാർവിച്ചും രേഖപ്പെടുത്തുന്നു (Mirowski, 2009; Hartwich, 2009). എന്നാൽ നവഉദാത്തവാദത്തിൻ്റെ പ്രയോഗം 1970-80കളിലാണ് വ്യാപകമാകുന്നത്. ഈ പുത്തൻ പരിപ്രേക്ഷ്യത്തിൻ്റെ അർത്ഥം ഓൺലൈൻ ഓഫ്-ലൈൻ മാധ്യമങ്ങളിൽ തിരയുകയാണെങ്കിൽ ലഭിക്കുന്ന പഴയ നിർവചനങ്ങളിൽ പ്രശസ്തമായത് എലിസബത്ത് മാർട്ടിനസും അർണോൾഡ ഗാർഷ്യയും ചേർന്ന് നൽകുന്നതാണ്. ഇവരുടെ നിരീക്ഷണത്തിൽ “കഴിഞ്ഞ കാൽ നൂറ്റാണ്ടായി ലോകത്ത് ആകമാനം സ്വീകരിച്ച് വരുന്ന ഒരുകൂട്ടം സാമ്പത്തിക നയങ്ങളെയാണ് നവലിബറൽ നയങ്ങൾ എന്ന് അറിയപ്പെടുന്നത്. പല മുതലാളിത്ത രാഷ്ട്രങ്ങളും ഈ പദം ഉപയോഗിക്കാറില്ലെങ്കിലും ഇതിൻ്റെ കൃത്യമായ പ്രതിഫലനം ദൈനംദിന ജീവിതത്തിലും പ്രവർത്തനങ്ങളിലും അടയാളപ്പെടുത്തുന്നത് കാണാം. രണ്ടാം ലോക മഹായുദ്ധാനന്തരം ലോകത്താകമാനം സ്വീകരിച്ച സാമ്പത്തികനയം “സർക്കാർ ഇടപെട്ടുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ്”. മുതലാളിത്ത വ്യവസ്ഥക്കും അതിൻ്റെ മൂർത്തസങ്കല്പമായ ലാഭത്തിനും വൻതോതിലുള്ള ഇടിവ് ഈ വികസന രീതി സമ്മാനിച്ചു. ഇതിനെ തരണം ചെയ്യുന്നതിന് ആഗോള ധനമൂലധനം ആഗോള സാമ്പത്തിക സ്ഥാപനങ്ങളായ ലോക ബാങ്ക്, അന്താരാഷ്‌ട്ര നാണയ നിധി, അന്തർദേശീയ അമേരിക്കൻ വികസന ബാങ്ക് മുതലായവയുടെ സഹായത്തോടെ നടപ്പിലാക്കിയ സാമ്പത്തിക രാഷ്ട്രീയ നയങ്ങളാണ് നവലിബറൽ ക്രമം.” (Martinez & Garcia, 1996). ഇവിടെ ഒരു നിർവചനം എന്ന നിലക്ക് നവലിബറലിസം കൃത്യമായും പരാമർശിക്കപെടുന്നില്ല എങ്കിലും എങ്ങനെയാണ് നവഉദാത്തവാദം പ്രവർത്തിക്കുന്നത് എന്ന് വ്യക്തമാണ്. എന്താണ് നവലിബറലിസം എന്ന ചോദ്യം അതിനാൽ തന്നെ ബാക്കിയാവുകയാണ്. കാരണം ഒരുകൂട്ടം സാമ്പത്തിക നയം എന്നത് തികച്ചും അമൂർത്തമാണ്. അതിനാൽത്തന്നെ നവലിബറലിസത്തെ ഇവർ പരാമർശിക്കുന്ന ചില സവിശേഷതകൾ ചൂണ്ടികാണിച്ച് വ്യക്തമാക്കുന്നതാകും ഉചിതം.

പ്രഭാത്‌ പട്നായിക്കിൻ്റെ അഭിപ്രായത്തില്‍ നവലിബറല്‍ ക്രമം രണ്ടു കാര്യങ്ങളിലാണ് വ്യത്യാസം അടയാളപെടുത്തുന്നത്. ഒന്ന്, “ജനപക്ഷത്ത് നിന്നുകൊണ്ട് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍-ഭരണ സംവിധാനങ്ങള്‍ അധ്വാനിക്കുന്ന ജനവിഭാഗം കല്പ്പിച്ചുനല്കിയ അധികാരത്തെ ധനമൂലധനത്തിൻ്റെ ഉന്നമനത്തിന് വേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്നു. രണ്ട്, അതിര്‍ത്തികള്‍ ലംഘിച്ച് ഒഴുകുന്ന ധനമൂലധനം പ്രത്യക്ഷമായി ഒരു സാമ്രാജ്യത്വ ശക്തിയുടെ കീഴിലല്ലെങ്കിലും യുഎസ്സിന് കീഴിലുള്ള ഏകധ്രുവ ലോകത്തെ പരിപോഷിപ്പിക്കുകയും, അതുവഴി മൂലധനത്തിൻ്റെ താൽപര്യങ്ങള്‍ സംരക്ഷിക്കുന്ന സാമ്പത്തിക ക്രമത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.

“കമ്പോള വ്യവസ്ഥയുടെ ആധിപത്യം, സാമൂഹിക സേവന മേഖലയിലെ സർക്കാർ ചെലവ് ചുരുക്കൽ, എല്ലാത്തരം സാമ്പത്തിക ക്രയ-വിക്രയ നിയന്ത്രണങ്ങളും എടുത്ത് കളയുക, പൊതുമുതൽ അഥവാ സാർവ്വജനീന വസ്തുക്കൾ ഇല്ലാതാക്കുക, ഇതിലൂടെ സ്വകാര്യവത്കരണം സമ്പൂർണ്ണമാക്കുക” തുടങ്ങിയവയാണ് നവഉദാത്തവാദത്തിൻ്റെ സവിശേഷതകൾ. ഈ സവിശേഷതകൾ നവലിബറലിസത്തിൻ്റെ സകാരാത്മക (positive) സവിശേഷതകളായാണ് പൊതുവിൽ അറിയപ്പെടുന്നത്. ഇത് കൂടാതെ പ്രഭാത്‌ പട്നായിക്കിൻ്റെ അഭിപ്രായത്തില്‍ നവലിബറല്‍ ക്രമം രണ്ടു കാര്യങ്ങളിലാണ് വ്യത്യാസം അടയാളപെടുത്തുന്നത്. ഒന്ന്, “ജനപക്ഷത്ത് നിന്നുകൊണ്ട് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍-ഭരണ സംവിധാനങ്ങള്‍ അധ്വാനിക്കുന്ന ജനവിഭാഗം കല്പ്പിച്ചുനല്കിയ അധികാരത്തെ ധനമൂലധനത്തിൻ്റെ ഉന്നമനത്തിന് വേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്നു. രണ്ട്, അതിര്‍ത്തികള്‍ ലംഘിച്ച് ഒഴുകുന്ന ധനമൂലധനം പ്രത്യക്ഷമായി ഒരു സാമ്രാജ്യത്വ ശക്തിയുടെ കീഴിലല്ലെങ്കിലും യുഎസ്സിന് കീഴിലുള്ള ഏകധ്രുവ ലോകത്തെ പരിപോഷിപ്പിക്കുകയും, അതുവഴി മൂലധനത്തിൻ്റെ താൽപര്യങ്ങള്‍ സംരക്ഷിക്കുന്ന സാമ്പത്തിക ക്രമത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. ഒന്നാമത്തേത് ഒരു രാജ്യത്തിൻ്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങളില്‍ ധനമൂലധനം ചെലുത്തുന്ന സ്വാധീനവും രണ്ടാമത്തേത് എത്തരത്തില്‍, ആരുടെയൊക്കെ താല്‍പര്യങ്ങൾ സംരക്ഷിക്കപ്പെടണം എന്നതിൻ്റെ അജണ്ടയുമാണ് വ്യക്തമാക്കുന്നത് (Patnaik, 2006). ഇത് നവലിബറലിസത്തിൻ്റെ ആഖ്യാനാത്മക (Normative) സവിശേഷതയായി വേണം മനസ്സിലാക്കാൻ. എന്താണ് നവലിബറൽ സ്റ്റേറ്റ് എന്നതും അതിലെ സാമൂഹിക/വ്യക്തി ബന്ധങ്ങൾ എങ്ങനെ ആണ് നിലനിൽക്കുന്നതുമുള്ള വസ്തുതകൾ ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ലളിതമായി പറഞ്ഞാൽ “വ്യക്തിസ്വാതന്ത്ര്യം അനുവദിക്കുകയും സ്വതന്ത്ര വാണിജ്യ-വ്യാപാര സാധ്യതകള്‍ അടിസ്ഥാനപ്പെടുത്തി പോകുകയും ചെയ്യുന്ന ഭരണ സ്ഥിതിയെയാണ് നവലിബറല്‍ സ്റ്റേറ്റ്” എന്ന് വിളിക്കുന്നത് (Harvey, 2005). ഈ ലളിത വീക്ഷണത്തിന്റെ ആഖ്യാനാത്മക വിശദീകരണമാണ്‌ പട്നായിക് നൽകുന്നത്. നവ ഉദാത്തവാദികൾ വിശദീകരിക്കുന്നത് “നവഉദാത്തവാദം വ്യക്തികളുടെ അന്തസ്സും സ്വാതന്ത്യവും ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹിക-സാമ്പത്തിക ക്രമം” എന്ന ഇതിന്റെ വക്താക്കളായ ഹായക് ഫ്രീഡ്മാൻ മുതലായവരുടെ (Hayek, 1944; Hayek, 1948; Freedman, 1962) അവകാശവാദങ്ങളെ മുൻ നിർത്തിയാണ്.

ലോകമെമ്പാടുമുള്ള സാമൂഹിക-രാഷ്ട്രീയ-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുംഅവർ സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളുമെല്ലാം ലിബറലിസത്തിന്റെ അന്തസത്തയായ സ്വാതന്ത്ര്യവും അന്തസ്സും തന്നെയാണ് ഉയർത്തിപ്പിടിക്കുന്നത് (Buono & Lara, 2007). മുഖ്യധാരാ ഭരണ-അധികാര ശക്തികൾക്ക് നേരെ അതതു കാലങ്ങളിൽ വിമത പ്രവര്‍ത്തനങ്ങൾക്ക്‌ തിരിതെളിച്ചതും ഈ ആശയത്തിന്റെ ശക്തി തന്നെയാണ്. വ്യക്തികള്‍ക്ക് സ്വതന്ത്രവും വ്യക്തിപരമായും തീരുമാനങ്ങള്‍ നിര്‍ദേശിക്കാന്‍ സാധിക്കുന്ന ഒരു സാമൂഹിക സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ മൂല്യങ്ങള്‍ സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയായി പ്രവർത്തിക്കും. കാരണം എക്കാലത്തും സ്വാതന്ത്ര്യ ബോധത്തിൽ നിന്നാണ് സാമൂഹിക മാറ്റം സാധ്യമാകുന്നത്. സ്വാതന്ത്ര്യത്തിനായി സംഘടിക്കുന്നതോടുകൂടി സ്വാതന്ത്ര്യം എന്ന ആശയം സ്ഥാപനവത്കരിക്കപ്പെടുന്നു.

അന്തസ്സും സ്വാതന്ത്ര്യവും വ്യക്തികളെ സംബന്ധിച്ച് അങ്ങേയറ്റം പ്രലോഭനപരമായ കാഴ്ചപ്പാടാണ്. ഇത് ആധുനികതയുടെ വ്യക്തിമുദ്രകൂടിയാണ് അഥവാ ലിബറൽ (ഉദാത്ത) വാദത്തിൻ്റെ കേന്ദ്രബിന്ദു തന്നെയാണ്. ഇവിടെ അന്തസ് എന്ന പ്രയോഗത്തിന് പകരം തുല്യത എന്ന മാനദണ്ഡമാണ് ക്ലാസിക്കൽ ലിബറൽ വീക്ഷണത്തിൽ ഊന്നുന്നത്. നവഉദാത്തവാദികളുടെ അഭിപ്രായത്തില്‍ മാനുഷികമായ ഈ നന്മകളെ പ്രതിരോധത്തിലാഴ്ത്തുന്ന ഭരണവ്യവസ്ഥകളാണ് ഫാസിസവും, ഏകാധിപത്യവും തുടങ്ങി എല്ലാ സര്‍ക്കാര്‍ നിയന്ത്രിത വ്യവസ്ഥകളും. കാരണം ഇവയെല്ലാം വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും അവരുടെ അന്തസ്സിനേയും പ്രതിരോധത്തിലാഴ്ത്തുന്നു. തീര്‍ച്ചയായും സ്വാതന്ത്ര്യയവും വ്യക്തികളുടെ അന്തസ്സും രണ്ട് പ്രധാന മൂല്യങ്ങളാണ് എന്നതില്‍ തര്‍ക്കമില്ല. ഇവ സർക്കാരുകൾ ഇല്ലാതെ സാധ്യമാണോ എന്നത് മാത്രമാണ് തർക്കമുള്ള വിഷയം.

ലോകമെമ്പാടുമുള്ള സാമൂഹിക-രാഷ്ട്രീയ-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുംഅവർ സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളുമെല്ലാം ലിബറലിസത്തിന്റെ അന്തസത്തയായ സ്വാതന്ത്ര്യവും അന്തസ്സും തന്നെയാണ് ഉയർത്തിപ്പിടിക്കുന്നത് (Buono & Lara, 2007). മുഖ്യധാരാ ഭരണ-അധികാര ശക്തികൾക്ക് നേരെ അതതു കാലങ്ങളിൽ വിമത പ്രവര്‍ത്തനങ്ങൾക്ക്‌ തിരിതെളിച്ചതും ഈ ആശയത്തിന്റെ ശക്തി തന്നെയാണ്. വ്യക്തികള്‍ക്ക് സ്വതന്ത്രവും വ്യക്തിപരമായും തീരുമാനങ്ങള്‍ നിര്‍ദേശിക്കാന്‍ സാധിക്കുന്ന ഒരു സാമൂഹിക സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ മൂല്യങ്ങള്‍ സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയായി പ്രവർത്തിക്കും. കാരണം എക്കാലത്തും സ്വാതന്ത്ര്യ ബോധത്തിൽ നിന്നാണ് സാമൂഹിക മാറ്റം സാധ്യമാകുന്നത്. സ്വാതന്ത്ര്യത്തിനായി സംഘടിക്കുന്നതോടുകൂടി സ്വാതന്ത്ര്യം എന്ന ആശയം സ്ഥാപനവത്കരിക്കപ്പെടുന്നു. സ്ഥാപനവൽക്കരണം അധികാരത്തിൻ്റെ പ്രയോഗമാണ് എന്ന് ലിബറലിസത്തിൻ്റെ ഉജ്ജ്വല നക്ഷത്രമായ റൂസ്സോ തന്നെ വാദിക്കുന്നുമുണ്ട് (Rousseau, 2006). കാൽ പൊളാനി തന്റെ മഹത്തായ മാറ്റം (The Great Transformation) എന്ന ഗ്രന്ഥത്തിൽ പറയുന്നത് “സ്വാതന്ത്ര്യത്തിൻ്റെ അർത്ഥം തന്നെ പരസ്പരവിരുദ്ധമാണ്. ആയതിനാൽ സ്വാതന്ത്ര്യം തന്നെ പാരതന്ത്ര്യത്തിനു കാരണമാകുന്ന പ്രതിഭാസമായി മാറാം.” ഉദാഹരണത്തിന് സ്വാതന്ത്ര്യത്തിലെ നൈതികതയെ വ്യക്തമാക്കാൻ പൊളാനി ശ്രമിക്കുന്നതിങ്ങനെയാണ്: “നല്ല സ്വാതന്ത്ര്യവും ചീത്ത സ്വാതന്ത്ര്യവും ഉണ്ട്; സഹജീവികളെ ചൂഷണം ചെയ്യുന്നത് സ്വാതന്ത്ര്യത്തിൻ്റെ ചീത്ത രൂപവും സഹജീവികൾക്ക് ഉപകാരപ്രദമാകുന്ന പ്രവർത്തനങ്ങൾ നല്ല സ്വാതന്ത്ര്യവും ആണ്” (Polani, 1957). ഇതേ ചിന്തയെ പ്രഹസനരൂപത്തിൽ “സ്വാതന്ത്ര്യം അടിമത്വം” എന്ന് ഓർവെൽ ചിത്രീകരിക്കുന്നു (Orwell, 2008). ഓർവെല്ലിൻ്റെ ഈ ഓർമ്മപ്പെടുത്തൽ റൂസ്സോതന്നെ അഭിപ്രായപ്പെട്ട “സ്വാതന്ത്ര്യവും അടിമത്വവും അധികാരത്തിന്റെ ഒരേ ഉല്പന്നം” എന്ന വാദത്തെ അടിസ്ഥാനമാക്കി ആയിരിക്കാം. കാരണം സ്വാതന്ത്ര്യവും അടിമത്വവും അധികാര വിനിയോഗത്തിൻ്റെ നൈതികതക്ക് അനുസരിച്ച് തകിടം മറിയാവുന്നതേ ഉള്ളുവെന്ന് റൂസ്സോ സോഷ്യൽ കോൺട്രാക്ടിൽ വ്യക്തമാക്കുന്നുണ്ട്.

ഇവിടെ യുക്തിപരമായി നാം ഒരു പ്രതിസന്ധിയിൽ അകപ്പെടുകയാണ്. അതായത് അധികാരത്തിൽ നിന്നുള്ള മോചനമായ സ്വാതന്ത്ര്യം പ്രാപ്തമാക്കുന്നതിന് അധികാരം പ്രയോഗിക്കേണ്ടി വരുന്നു എന്ന ആന്തരിക വൈരുധ്യമാണ് ആ യുക്തിവൈപരീത്യം. “അടുക്കളയിലാണ് ഭക്ഷണം പാകം ചെയ്യുന്നതെങ്കിലും എന്ത് പാകം ചെയ്യണം എന്നത് അടുക്കളയിലല്ല തീരുമാനിക്കുന്നത്” എന്ന പോൾ ബാരൻ(Baran, 1957) അഭിപ്രായം പോലെയാണ് ഇതിൻ്റെ പ്രായോഗികത. ഈ പശ്ചാത്തലത്തിൽ ലിബറൽവാദം അഥവാ ഉദാത്തവാദം ധൈഷണികമായിക്കൂടി എത്രകണ്ട് സ്വീകാര്യമാണ് എന്നത് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. പ്രായോഗിക തലത്തിലും ഇതിന്റെ വ്യാപ്തി മനസ്സിലാക്കുന്നത് സങ്കീണ്ണമാണ്. ഉദാഹരണത്തിന് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സ്വാതന്ത്ര്യം എന്ന അവകാശത്തിൻ്റെ വ്യാപ്തിയും പ്രയോഗവും എത്രകണ്ട് കൃത്യമായാണ് വിനിയോഗിക്കപെട്ടത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇവിടെ അടിസ്ഥാന സ്വാതന്ത്ര്യത്തില്‍ അടിവരയിടുന്ന ഭരണഘടന നിലനില്‍ക്കുമ്പോള്‍ തന്നെ ഇവയെ അടിമുടി ഉലയ്ക്കുന്ന രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. സ്വാതന്ത്ര്യം പരമമായ വ്യക്തിബോധമാണെങ്കില്‍ എങ്ങിനെ, എവിടെ, ഏതെല്ലാം തരത്തില്‍ ഹനിക്കപ്പെടുന്നു എന്നത് സമകാലിക ഇന്ത്യയുടെ പശ്ചാത്തലം നല്ലൊരു ഉദാഹരണമാണ്.

സ്വാതന്ത്ര്യത്തിൻ്റെ പ്രായോഗികവും ധൈഷണികവുമായ അന്തരത്തെ പ്രതിപാദിച്ച് മാത്യു അർണോൾഡ് അഭിപ്രായപ്പെട്ടത് “സ്വാതന്ത്ര്യം നല്ല ഒരു സവാരിക്കുതിരയാണ്, മറ്റെവിടേക്കോ സവാരിചെയ്യേണ്ട കുതിര” എന്നാണ് (Harvey, 2005ൽ നിന്നും ഉദ്ധരിച്ചത്). ഇവിടെ സ്വാഭാവികമായി ഉയർന്നുവരുന്ന സംശയം നവലിബറൽ ആശയവും യൂറോപ്യൻ ലിബറൽ ആശയവും തമ്മിൽ സാമ്യമില്ലേ എന്നതാണ്. ഇതിന് അനുബന്ധമായി ചർച്ച ചെയ്യപ്പെടേണ്ട ചോദ്യങ്ങളാണ്:

1)എന്താണ് ഉദാത്തവാദം(ലിബറലിസം), അതെങ്ങനെ നവഉദാത്തവാദവുമായി(നിയോലിബറലിസം) ബന്ധപ്പെട്ടിരിക്കുന്നു?

2) എന്തുകൊണ്ട് ഉദാത്തവാദത്തിൽ നിന്നും ലോകം സോഷ്യൽ ഡെമോക്രസിയിലേക്ക് മാറി?

3) എന്തുകൊണ്ട് സോഷ്യൽ ഡെമോക്രസി വാദത്തിൽ നിന്നും നവഉദാത്തവാദത്തിലേക്ക് ലോകം പോയി?

4) എന്താണ് ഇതിൻ്റെ സാമ്പത്തിക രാഷ്ട്രീയം അഥവാ നവലിബറലിസം സാമ്രാജ്യത്വത്തിൻ്റെ തിരിച്ചു വരവാണോ? എന്നിവ.

ഉദാത്തവാദം(ലിബറലിസം), സാമൂഹിക ജനാധിപത്യം തുടങ്ങിയ ഉദാര ആശയങ്ങൾ എപ്രകാരമാണ് നവഉദാത്തവാദത്തിന് പ്രത്യയശാസ്ത്ര അടിത്തറ നൽകിയതെന്ന് മനസ്സിലാക്കുകയാണ് വരും അധ്യായങ്ങൾ. എന്നാൽ മുകളിൽ സൂചിപ്പിച്ച നവഉദാത്ത പ്രത്യയശാസ്ത്രത്തിന്റെ സകാര-ആഖ്യാന (Positive & Normative) ധർമ്മങ്ങൾ പ്രതിപാദിക്കുക പ്രത്യയശാസ്ത്ര വിശദീകരണങ്ങളെ തുടർന്നുള്ള അദ്ധ്യായങ്ങളിലാണ്.

അവലംബം

 • Baran, Paul A. The Political Economy of Growth. 1st ed. New York: Monthly Review, 1957. Print.
 • Buono, Richard Alan Dello, and José Bell Lara, eds. Imperialism, Neoliberalism and Social Struggles in Latin America. Boston: Brill, 2007. Print.
 • Friedman, Milton. Capitalism and Freedom. Chicago: U of Chicago, 1962. Print.
 • Hartwich, Oliver. "Neoliberalism: The Genesis of a Political Swearword." Http://www.ort.edu.uy/. The Centre for Independent Studies (CIS), 21 May 2009. Web. 22 June 2016. http://www.ort.edu.uy/facs/boletininternacionales/contenidos/68/neoliber....
 • Harvey, David. A Brief History of Neoliberalism. Oxford: Oxford UP, 2005. Print.
 • Hayek, F A. Individualism and Economic Order. Chicago: U of Chicago, 1948. Print.
 • Hayek, F A. The Road to Serfdom. Chicago: U of Chicago, 1944. Print.
 • Martinez, Elizabeth, and Arnoldo Garcia. "What Is Neoliberalism?" CorpWatch : What Is Neoliberalism? Intercontinental Encounter for Humanity and against Neoliberalism, Chiapas, July-Aug. 1996. Web. 12 Oct. 2016. http://www.corpwatch.org/article.php?id=376.
 • Mirowski, Philip, and Dieter Plehwe, eds. The Road from Mont Pèlerin: The Making of the Neoliberal Thought Collective. Cambridge, Massachusetts: Harvard UP, 2009. Web.
 • Orwell, George. 1984. Harlow: Pearson Education, 2008. Print.
 • Patnaik, Prabhat. "The State under Neo-liberalism." Monthly Review Zine/Macroscan. Monthly Review Foundation/Macroscan, 31 Oct. 2006/2010. Web. 12 Oct. 2016.
 • Polanyi, Karl. The Great Transformation. Boston: Beacon, 1957. Print.
 • Rousseau, Jean-Jacques. The Social Contract. New York: Penguin, 2006. Print.