പരിസ്ഥിതിവിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള്‍

വര്‍ഷം 2007. ഏഴാം ക്ലാസില്‍ തിരുവനന്തപുരം നഗരത്തിലെ വളരെ ദരിദ്രമായ (കുട്ടികളുടെ എണ്ണത്തില്‍ തന്നെ) ഒരു പാവം സര്‍ക്കാര്‍ എയ്ഡഡ് സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു 'വാല്‍ക്കിണ്ടി പ്രോജക്റ്റ്‌' ചെയ്തിരുന്നു. കുട്ടികള്‍ പൈപ്പ് തുറന്നിട്ട് വെള്ളം ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന അനാവശ്യമായ ദുരുപയോഗം ഒഴിവാക്കാന്‍ വാല്‍ക്കിണ്ടി ഉപയോഗിക്കാം എന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശലക്ഷ്യം. പക്ഷെ, വാല്‍ക്കിണ്ടി ഉപയോഗിച്ചാല്‍ ഈ നഷ്ടം ഒഴിവാക്കാം എന്ന് ഞങ്ങള്‍ കുട്ടികള്‍ക്ക് ബോധ്യപ്പെടണമല്ലോ!!

ഞങ്ങള്‍ അധ്യാപകരോടും രക്ഷകര്‍ത്താക്കളോടും ഇക്കാര്യം പറഞ്ഞു. "എന്നാ പിന്നെ പഠിച്ചുകളയാം" എന്നു പറഞ്ഞ് അവരും ആവേശത്തില്‍ ഇറങ്ങിപ്പുറപ്പെട്ടു. പഠിക്കേണ്ടത് ഞങ്ങളാണ്. അതിനായി ഒരു ടീമിനെ തിരഞ്ഞെടുത്തു. ആദ്യത്തെ ദിവസം വലിയ വീപ്പകള്‍ പൈപ്പിന് കീഴെ വച്ച് നിശ്ചിത എണ്ണം കുട്ടികള്‍ ഉച്ചഭക്ഷണത്തിന് മുമ്പും ശേഷവും ഉപയോഗിച്ച വെള്ളം ശേഖരിച്ചു. എന്നിട്ട് അത് അളവുപാത്രം കൊണ്ട് അളന്നു. എച്ചില്‍ വെള്ളമാണെന്നോര്‍ക്കണം. എന്നിട്ടും ജിജ്ഞാസയും ആവേശവും കൈമുതലായതു കൊണ്ട് ഞങ്ങള്‍ പിന്തിരിഞ്ഞില്ല. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലായി ഇതേ പ്രവര്‍ത്തനം മഗ്ഗും വാല്‍ക്കിണ്ടിയും ഉപയോഗിച്ച് നടത്തി. അളന്നു. അളവിലെ വ്യത്യാസം ഭീകരമായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴുണ്ടായ സന്തോഷത്തിനു പകരം വക്കാന്‍ മറ്റൊന്നുമില്ല. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒക്കെ കൂടിയ യോഗത്തില്‍ സകല കണക്കുകളുമായി ഞങ്ങള്‍ ഈ പ്രോജക്റ്റ് അവതരിപ്പിച്ചു. വാല്‍ക്കിണ്ടി ഉപയോഗിക്കുന്നതിലൂടെ ഒരു അധ്യയനവര്‍ഷം ലാഭിക്കാന്‍ പോകുന്ന വെള്ളത്തിന്റെ അളവ് പറഞ്ഞപ്പോള്‍ നീണ്ട കരഘോഷം. അധ്യാപകരും രക്ഷിതാക്കളും ഒക്കെ ചേര്‍ന്ന് ആവശ്യത്തിനു വാല്‍ക്കിണ്ടികള്‍ എത്തിച്ചു. പൈപ്പുകള്‍ മൂകരായി. പിന്നീട് വാല്‍ക്കിണ്ടിമയം. ഔപചാരികമായി ഈ പരിപാടി സഖാവ് എം എ ബേബി (അന്നത്തെ വിദ്യാഭ്യാസമന്ത്രി) ഒരു വാല്‍ക്കിണ്ടി സമ്മാനിച്ചുകൊണ്ട് നിര്‍വഹിച്ചു. ഞാനായിരുന്നു അത് ഏറ്റുവാങ്ങിയത്. അന്നത്തെ സന്തോഷം! അഭിമാനം! പിന്നീട്, പണവും ശുപാര്‍ശയും ബന്ധങ്ങളും പരസ്പരം മത്സരിച്ച ശാസ്ത്രമേളകള്‍ക്ക് വേണ്ടി പ്രോജക്ടുകള്‍ നടത്തിയപ്പോള്‍ പോലും കിട്ടാത്ത ആവേശം! ഇത് ഒരു തുടക്കമായിരുന്നു. പിന്നീട് പച്ചക്കറികൃഷിയും മണ്ണിരകമ്പോസ്റ്റും പേപ്പര്‍ ബാഗ് നിര്‍മാണവും ഒക്കെയായി അധ്യയനേതരപ്രവര്‍ത്തനങ്ങളുടെ ഒരു നീണ്ട നിര ഉണ്ടായി. എല്ലാം കുട്ടികളുടെ പങ്കാളിത്തത്തോടെയും, നേതൃത്വത്തോടെയും. അധ്യാപകരും രക്ഷിതാക്കളും നല്ല വഴികാട്ടികളായി. അക്കൊല്ലത്തെ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ മികച്ച പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്കൂളിനുള്ള അവാര്‍ഡ് മുഖ്യമന്ത്രി സഖാവ് വി എസ്സിന്റെ കൈയില്‍ നിന്നും ഏറ്റുവാങ്ങി!

വിമര്‍ശനങ്ങള്‍ക്ക് എത്രയോ പഴുതുകളുണ്ട്. അന്നും ഇന്നും. കുട്ടികളെ കൊണ്ട് എച്ചില്‍ വെള്ളം കോരിപ്പിക്കുന്നു. പച്ചക്കറികള്‍ കൃഷി ചെയ്യിപ്പിക്കുന്നു. മണ്ണിരയെ തൊടീക്കുന്നു. മണ്ണും ചെളിയും പറ്റി കുഴിനഖം വരെ വന്നേക്കാം! അങ്ങനെയങ്ങനെ എത്രയോ പഴുതുകള്‍. പക്ഷെ, ക്ലാസ്സുമുറികള്‍ക്ക് പുറത്ത്, സിദ്ധാന്തങ്ങള്‍ക്ക് പുറത്ത്, പ്രകൃതിയുമായി ചേര്‍ന്നും വിദ്യാഭ്യാസം നിലകൊള്ളുന്നുണ്ട് എന്നു നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഡോ തോമസ്‌ ഐസക്കിന്റെ കാര്‍മികത്വത്തിലുള്ള "പ്ലാസ്റ്റിക് തരൂ, പുസ്തകം തരാം" എന്ന പരിപാടിയാണ് ഇതൊക്കെ ഓര്‍മിപ്പിച്ചത്..

ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒപ്പമാണ് ബഹുമാന്യനായ ടി ടി ശ്രീകുമാറിന്റെ "മാധ്യമം" ദിനപത്രത്തില്‍ വന്ന ലേഖനം വായിക്കാന്‍ ഇടയായത്. "രാഷ്ട്രീയ പാര്‍ട്ടികളുടെ ഫാഷിസ്റ്റ് രാഷ്ട്രനിര്‍മിതിയുടെ ഭാഗം" എന്നും "മനുഷ്യവിരുദ്ധം" എന്നും ഒക്കെ വിളിച്ച് ഇത്തരം അക്കാദമിക-സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ അപഹസിക്കുന്നതിനോട് സ്നേഹപൂര്‍വം വിയോജിക്കട്ടെ. പ്ലാസ്റ്റിക്ക് ശേഖരണത്തെ പുസ്തകം കാട്ടി കൊതിപ്പിച്ച് കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്ന "ഫാഷിസ്റ്റ്" പ്രവണതയായി കാണുന്നുവെങ്കില്‍ വര്‍ഷങ്ങളായി കേരളത്തിലെ സ്കൂളുകളില്‍ നാഷണല്‍ സര്‍വീസ് സ്കീമും (എന്‍. എസ്. എസ്.) മറ്റു ക്ലബ്ബുകളും നടത്തിവരുന്ന പ്രവര്‍ത്തനങ്ങളോട് എന്തായിരിക്കും പ്രതികരണം? അവര്‍ നടത്തി വരുന്ന വിപ്ലവകരമായ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ നിരോധിക്കണം എന്നാണോ? എന്‍. എസ്. എസ്. ക്യാമ്പുകളില്‍ നടക്കുന്ന പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ പോയി കാണുകയെങ്കിലും ചെയ്തവര്‍ക്ക് ഈ രീതിയില്‍ പ്രതികരിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല. പാടത്ത് നെല്ലടക്കം കൃഷി ചെയ്ത് വിളവു കൊയ്ത് വില്പനമേള നടത്തി വിറ്റ്, അതില്‍ നിന്ന് കിട്ടുന്ന പണം അടുത്ത വര്‍ഷത്തെ കൃഷിക്കായി സ്വരൂപിക്കുന്ന, പൊതുസമൂഹത്തിന് അസൂയ തോന്നുംവിധം പാരിസ്ഥിതിക-കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുട്ടികളുണ്ട് നമ്മുടെ പൊതുവിദ്യാലയങ്ങളില്‍. അതിനെ "ഫാഷിസം" ആയാണോ അതോ അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണോ കാണേണ്ടത്?

ഒരു എന്‍. എസ്. എസ്. ക്യാമ്പില്‍ പങ്കെടുത്ത അനുഭവം കൂടി പങ്കുവെക്കട്ടെ. രണ്ടു മൂന്നു കൊല്ലം മുമ്പ് ചിറയിന്‍കീഴ്‌ പാലവിള എന്ന സ്ഥലത്ത് നടന്ന ക്യാമ്പില്‍, മാലിന്യം കൊണ്ട് നാറുന്ന, കുപ്പിച്ചില്ലുകളടക്കം നിറഞ്ഞ ഒരു വലിയ കുളമാണ് ഞങ്ങള്‍ വൃത്തിയാക്കിയത്. നാട്ടുകാരും എന്തിന് പ്രോഗ്രാം ഓഫീസറും ഞാനടങ്ങുന്ന ചില കുട്ടികളും ആശങ്കപ്പെട്ടു. എന്നിട്ടും ചില കൂട്ടുകാരുടെ നേതൃത്വത്തില്‍ അങ്ങ് തുടങ്ങി. പിന്നെ ഒരാവേശം. രാവിലെ തൊട്ടു വൈകുന്നേരം വരെ പണി തന്നെ പണി. നാട്ടുകാര്‍ ഞങ്ങളുടെ ഊര്‍ജം കണ്ട് ഒപ്പം കൂടി. വെള്ളവും ഭക്ഷണവും തന്നു. കുപ്പിച്ചില്ലു കൊണ്ട് കാലു മുറിഞ്ഞവരെ അപ്പോള്‍ തന്നെ അടുത്തുള്ള താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അങ്ങനെ ആ കുളം കഴിയും വിധം വൃത്തിയാക്കി. വൃത്തിയാക്കല്‍ അടിച്ചേല്‍പ്പിച്ചതല്ല, പൂര്‍ണമനസോടെ ചെയ്തതാണ്.. പിറ്റേ ദിവസം പഞ്ചായത്ത്‌ പ്രസിഡണ്ടും വാര്‍ഡ്‌ മെമ്പര്‍മാരും നാട്ടുകാരും ഒക്കെ വന്നു, അഭിനന്ദിക്കാന്‍. അവര്‍ക്ക് വഴി കാട്ടിയായത്, കുറച്ചു കുട്ടികളാണ്.. പ്രലോഭനത്തിനായി ഗ്രേസ് മാര്‍ക്കും മികച്ച വോളണ്ടിയര്‍ക്കുള്ള അവാര്‍ഡും ഉണ്ട്. പക്ഷെ അതിലപ്പുറം, ആ കൂട്ടായ്മ പ്രവര്‍ത്തിച്ചത് വ്യക്തമായ ഒരു സാമൂഹിക-പരിസ്ഥിതി ബോധം ഊട്ടിയുറപ്പിച്ചുകൊണ്ടാണ്. വടിയെടുത്തും ആജ്ഞാപിച്ചും കുട്ടികളെ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് തള്ളിവിടുന്നത് തീര്‍ത്തും കുറ്റകരമാണ്. പക്ഷെ, അവര്‍ ജീവിക്കുന്ന ചുറ്റുപാടും നേടിയ വിദ്യാഭ്യാസവും നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്ത്വം ആണെന്ന തിരിച്ചറിവിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍, അവര്‍ അതിനായി ഇറങ്ങിത്തിരിക്കുമ്പോള്‍ അതിലൊരു വിപ്ലവത്തീയുണ്ട്. അത് കാണാതിരിക്കരുത്. അല്ലെങ്കില്‍ പിന്നെന്തിനാണ് വിദ്യാഭ്യാസം? കൊല്ലപ്പരീക്ഷയുടെ മാര്‍ക്കിനും കുറച്ചു സര്‍ട്ടിഫിക്കറ്റുകള്‍ക്കും വേണ്ടിയോ? ഇവിടെയാണ്‌ ആലപ്പുഴയിലെ മാതൃക പ്രസക്തമാകുന്നത്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്ക് തന്ന നേതൃഗുണവും സാമൂഹിക-പരിസ്ഥിതി ബോധവും ഒന്നും ഒട്ടും ചെറുതായി കാണാന്‍ കഴിയില്ല. ഈ പ്രവര്‍ത്തനങ്ങള്‍ ഒക്കെ കൂട്ടായി, എത്ര സന്തോഷത്തോടെയായിരുന്നു ഞങ്ങള്‍ ഏറ്റെടുത്തത്! അതിനു കിട്ടിയ അംഗീകാരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ആത്മവിശ്വാസവും ആഹ്ലാദവും അഭിമാനവും എത്ര വലുതാണ്! പരീക്ഷാപഠനത്തില്‍ പിന്നാക്കം നിന്നവര്‍ മറ്റെവിടെയോക്കെയോ ഏറെ മുന്നില്‍ എത്തുന്നത്‌ കണ്ടപ്പോള്‍, അവരുടെ തോളോടു തോള്‍ നിന്നപ്പോള്‍ ഈ കാണുന്നതിനൊക്കെ അപ്പുറത്താണ് വിദ്യാഭ്യാസം നിലകൊള്ളുന്നത് എന്ന് ഞങ്ങള്‍ തിരിച്ചറിയുകയായിരുന്നു.. ഇത് ചെറിയ ഒരു അനുഭവം മാത്രം. അറിയപ്പെടാതെ കിടക്കുന്ന എത്രയോ വലിയ കാര്യങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ ചെയ്യുന്നുവെന്ന സത്യം ആരും കാണുന്നില്ല. അതിനെയൊക്കെ അന്ധമായ രാഷ്ട്രീയവിരോധം കൊണ്ട്, കുട്ടികളെ ബലിയാടാക്കുന്നു എന്ന പൊള്ളയായ വാദം കൊണ്ട് എതിര്‍ക്കുകയും നിരുല്‍സാഹപ്പെടുത്തുകയും ചെയ്യണമെന്നാണോ? ശ്രീ. ടി. ടി. ശ്രീകുമാര്‍ അദ്ദേഹത്തിന്റെ വാദത്തില്‍ അത്ര ആത്മാര്‍ഥത പുലര്‍ത്തുന്നുണ്ട് എങ്കില്‍ സി പി എമ്മുകാരനായി എന്ന കുറ്റത്തിന് തോമസ്‌ ഐസക്കിനെതിരെയല്ല, എന്‍. എസ്. എസിന്റെ "ദാരുണ ക്രൂരതകള്‍"ക്കെതിരായാണ് എഴുതേണ്ടത്.

അതിലുപരി ഈ "സവര്‍ണ-അവര്‍ണ" ചിന്തകള്‍ കൂട്ടിക്കുഴക്കുന്നത് അതിന്റെ ഗൗരവത്തെ തന്നെ ഇല്ലാതാക്കുന്നു എന്ന് തോന്നുന്നു. ഈ ലേഖകന്റെ അറിവില്‍ കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഒട്ടു മുക്കാലും കുട്ടികള്‍ സൗഹാര്‍ദത്തോടെയാണ് പഠിക്കുകയും മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത്. അവരുടെ ഇടപെടലുകളില്‍ ജാതി-സാമ്പത്തിക നിലകള്‍ വിഷയമകുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. സവര്‍ണകുടുംബത്തില്‍ നിന്നും വരുന്ന കുട്ടി കൊണ്ടു വരുന്ന വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും അവന്റെ സുഹൃത്ത് സ്കൂളില്‍ നിന്നും കഴിക്കുന്ന ഉച്ചക്കഞ്ഞിയും പരസ്പരം പങ്കുവെച്ചു കഴിക്കുന്ന സാഹചര്യം കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഉണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. സാമ്പത്തികനിലയെക്കുറിച്ചുള്ള ബോധം ഊണോ പ്ലാസ്റ്റിക്കോ ഉണ്ടാക്കുമെന്നും കരുതുന്നില്ല. അത് കൊണ്ട് തന്നെ, മാധ്യമത്തിലെ ലേഖനത്തില്‍ പറയുന്ന "അപകര്‍ഷതാബോധ"ത്തില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. പ്ലാസ്റ്റിക്കിന്റെ ശേഖരണത്തിലൂടെ കിട്ടുന്ന പുസ്തകങ്ങളിലും അവര്‍ ഒരു സഹകരണമനോഭാവം പുലര്‍ത്തും എന്നാണ് എന്റെ അനുഭവത്തില്‍ എനിക്ക് തോന്നുന്നത്. "നിനക്ക് കൂടുതല്‍ പുസ്തകം കിട്ടിയല്ലേ, കാണിച്ചു തരാം" എന്നല്ല "ആ പുസ്തകം വായിച്ചു കഴിഞ്ഞിട്ട് എനിക്കും തരാമോ" എന്ന് ചോദിക്കുന്ന കുട്ടികളല്ലേ നമ്മുടെ നാട്ടിലുള്ളത്? ഇനി അങ്ങനെയല്ലെങ്കില്‍ ആ സംസ്കാരമല്ലേ നമുക്ക് വളര്ത്തിയെടുക്കേണ്ടത് ഈ പദ്ധതിയിലൂടെ? പുസ്തകങ്ങള്‍ ഈ പദ്ധതിക്ക് ഒരു സര്‍ഗാത്മകവും ക്രിയാത്മകവുമായ മാനം നല്‍കുന്നില്ലേ? പുസ്തകങ്ങള്‍ കിട്ടാന്‍ വേണ്ടി പ്ലാസ്റ്റിക്ക് ശേഖരിക്കുക എന്നതല്ല മറിച്ച് വീട്ടിലെ പ്ലാസ്റ്റിക്ക് ശേഖരിച്ചതിനു അവര്‍ക്ക് നല്‍കുന്ന അംഗീകാരമായി പുസ്തകകൂപ്പണ്‍ മാറുകയാണ് ചെയ്യുന്നത്. പുസ്തകം കിട്ടാന്‍ വേണ്ടി കുട്ടികള്‍ തെരുവുകളിലെ മുഴുവന്‍ പ്ലാസ്റ്റിക്കും പെറുക്കാന്‍ തുടങ്ങും എന്നും അത് അനാരോഗ്യകരമായിത്തീരുമെന്നും വിമര്‍ശനം ഉണ്ട്. പുസ്തകങ്ങള്‍ വായിക്കാന്‍ അവര്‍ക്ക് വായനശാലയും മറ്റു സൗകര്യങ്ങളും ഉണ്ട്. അങ്ങനെയിരിക്കെ, പുസ്തകത്തിനു വേണ്ടി മാത്രം പ്ലാസ്റ്റിക്ക് ശേഖരിക്കാന്‍ പോകുമോ അവര്‍? ഈ പദ്ധതി അവരിലേക്ക് എത്തുന്നത് തന്നെ പ്ലാസ്റ്റിക്ക് വിമുക്തനഗരം എന്ന ആശയത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ്. അല്ലാതെ പ്ലാസ്റ്റിക്കിന് കൂലി പുസ്തകം എന്നതല്ല സന്ദേശം. പുസ്തകകൂപ്പണിനെ അതിന്റെ സര്‍ഗാത്മകമായ ഒരു വശമായി മാത്രമേ കാണേണ്ടതുള്ളൂ. അവിടെ തന്നെ കിട്ടുന്ന പുസ്തകങ്ങള്‍ ഒരാളുടെ കുത്തക ആവുന്നില്ല എന്ന് ബോധ്യപ്പെടുത്തി പങ്കിട്ടു വായിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. എത്ര പുസ്തകങ്ങള്‍ കിട്ടി എന്നതാവില്ല, എത്ര കുറവ് പ്ലാസ്റ്റിക്ക് ശേഖരിക്കേണ്ടി വരുന്നു എന്നത് തന്നെയാവും അവിടെ മാനദണ്ഡം. എനിക്കെത്ര പുസ്തകം കിട്ടി എന്നതുമാവില്ല, നമുക്കെത്ര പുസ്തകം കിട്ടി എന്നതാവും അവരെ സന്തോഷിപ്പിക്കുക. ആ രീതിയില്‍ തന്നെ ഈ പദ്ധതി നടപ്പിലാക്കാന്‍ കഴിയും. കള്ളക്കടത്ത് ആശയങ്ങളുടേത് തന്നെയാണ്. പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ഒരു കൂട്ടായ്മയുടെയും.

പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ക്രിയാത്മകവിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും ഉയര്‍ന്നുവരേണ്ടത് തന്നെയാണ്. കൂടുതല്‍ മെച്ചപ്പെടുത്താന്‍ അവ ഉപകരിക്കുക തന്നെ ചെയ്യും. അന്ധമായ രാഷ്ട്രീയവിരോധം ആവാന്‍ പാടില്ല അവിടെ കടന്നു വരേണ്ടത്.

പരിസ്ഥിതിപ്രവര്‍ത്തനവും കൃഷിയും ഒക്കെ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. അവ ഒരുതരത്തില്‍ വിപ്ലവപ്രവര്‍ത്തനങ്ങള്‍ കൂടിയാണ്. അത് കുട്ടികളിലൂടെ തന്നെയാണ് തുടങ്ങേണ്ടതും. ആലപ്പുഴയിലെ കുട്ടികള്‍ അവരുടെ വീട്ടിലെ പ്ലാസ്റ്റിക്ക് ശേഖരിച്ച് പുസ്തകങ്ങള്‍ വാങ്ങട്ടെ. വായിക്കട്ടെ. വായിച്ചും പ്ലാസ്റ്റിക്കുകളോട് കലഹിച്ചും ആ സന്ദേശം ലോകം മുഴുവന്‍ അറിയിച്ചും അവര്‍ സമൂഹത്തെ മാറ്റത്തിലേക്ക് നയിക്കട്ടെ. ആയിരം സ്നേഹചുംബനങ്ങള്‍ സഖാവ് തോമസ്‌ ഐസക്കിന്, ഈ അക്കാദമിക-സര്‍ഗാത്മക പ്രവര്‍ത്തനത്തിന്റെ അമരക്കാരന്‍ ആയതില്‍.