ഗിരിഗിരിയെ വെറുതേ വിടുക, അവന്റെ സംഗീതം അവന്റെ മാത്രമാകുന്നു.

ഒന്ന്‌‌:

സാംസ്കാരികമായ ഒരു തനിമയെ സംരക്ഷിക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ക്ക് ഗോത്രങ്ങളായി ജീവിച്ചുതുടങ്ങിയ കാലത്തോളം തന്നെ പഴക്കമുണ്ടാവണം. തങ്ങളുടേതായ ദൈവങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും സൃഷ്ടിച്ചും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ കലാരൂപങ്ങളെ - അവയെത്ര പ്രാകൃതരൂപത്തിലുള്ളതായിരുന്നെങ്കില്‍ കൂടെയും - കണ്ടെത്തിയും ഓരോ ഗോത്രവും തങ്ങള്‍ക്ക് മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായൊരു നില‌‌നില്‍പുണ്ടെന്ന് ഉറപ്പുവരുത്താന്‍ കിണഞ്ഞു ശ്രമിച്ചു. ജലഭദ്രമായി വേര്‍തിരിക്കപ്പെട്ട അറകളില്‍ സംസ്കാരങ്ങളെയോരോന്നിനെയും അടച്ചുപൂട്ടി അവയുടെ പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളെ നിഷേധിക്കേണ്ടതുണ്ടെന്ന് അവര്‍ക്ക് തോന്നി. ഗോത്രത്തിനു വെളിയില്‍ നിന്നും ഇണയെ കണ്ടെത്താനുള്ള അനുവാദം ഗോത്രാംഗങ്ങള്‍ക്കില്ലായിരുന്നു എന്ന് അനുമാനിക്കാം. അഥവാ അപ്രകാരം ചെയ്യുന്ന പക്ഷം ഊരുവിലക്ക് കല്‍പ്പിക്കാനുള്ള അധികാരം ഗോത്രനേതൃത്വത്തിനുണ്ടായിരുന്നു. ഇടപഴകല്‍ ഇഴുകിച്ചേരലുകളായി മാറുത്തീരുമെന്നവര്‍ക്കറിയമായിരുന്നിരിക്കണം. സാമൂഹ്യമായോ അല്ലാതെയോ മനുഷ്യന്‍ എത്ര പുരോഗമിക്കുമ്പോഴും തന്റെ ഗോത്രവാസനകളെ പൂര്‍ണമായും ഉപേക്ഷിക്കുക സാധ്യമല്ലെന്ന് നിരീക്ഷിക്കാവുന്നതാണ്. പത്രങ്ങളിലെ വൈവാഹികപംക്തികളില്‍ പരസ്യങ്ങളിലോരോന്നിന്റെയും തുടക്കം ജാതിപ്പേരുകളാവുന്നതിന്റെ മനഃശാസ്ത്രവും മറ്റൊന്നല്ല.

പൂര്‍വികരാല്‍ കൈമാറപ്പെട്ട ഒരു സംസ്കാരവും സ്വത്വവും തനിക്കുണ്ടെന്നും അത് തന്നിലൂടെ അടുത്ത തലമുറയിലേക്കും കൈമാറപ്പെടേണ്ടതുണ്ടെന്നും ഒരുവള്‍ ചിന്തിക്കുമ്പോള്‍ അതില്‍ ചെറുതല്ലാത്ത ആത്മാഭിമാനം അടങ്ങിയിട്ടുണ്ട്. അതാവട്ടെ അടിച്ചമര്‍ത്തപ്പെടുകയോ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ ചെയ്ത വിഭാഗങ്ങളെ സംബന്ധിച്ചേടത്തോളം ഗുണകരമായ മാറ്റങ്ങള്‍ക്ക് ഇന്ധനം പകരുവാന്‍ സഹായിക്കുകയും മറ്റവസരങ്ങളില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമൂഹത്തില്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നുണ്ട്.

ഉദാഹരണത്തിനു റെഗ്ഗെ സംഗീതത്തിന്റെ കാര്യമെടുക്കുക. അടിമത്തത്തിന്റെയും കോളനിഭരണത്തിന്റെയും നാളുകളിലൂടെ കടന്നുവന്ന ഒരു ജനതയുടെ സ്വയം വീണ്ടെടുക്കലാണ്` റെഗ്ഗെ എന്ന് വിശേഷിപ്പിക്കാം.

" അമേരിക്കയില്‍ മാത്രമല്ല യൂറോപ്യന്‍ നാടുകളിലും കരീബിയന്‍ ദ്വീപുകളിലുമൊക്കെ ആഫ്രിക്കയില്‍നിന്നുള്ള കറുത്തവര്‍ അടിമ വേലയ്ക്കു നിയോഗിക്കപ്പെട്ടു. സ്വന്തം സംസ്കാരത്തില്‍നിന്നും പുതിയ യജമാനന്മാരുടെ സംസ്കാരത്തില്‍നിന്നും അവര്‍ ഒരേ സമയം അന്യവത്കരിക്കപ്പെട്ടു. ഇത്തരത്തില്‍ നഷ്ടമായ സ്വത്വചിഹ്നങ്ങളെ വീണ്ടെടുക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ റോക്ക്സ്റ്റെഡി, റെഗ്ഗെ എന്നീ സംഗീതശൈലികളുടെ മുന്‍ഗാമിയായ സ്കാ സംഗീതം പ്രചാരം നേടിയത്. 1960 കളില്‍ത്തന്നെ പ്രസിദ്ധ ജമൈക്കന്‍ പോപ് സംഗീതജ്ഞന്‍ പ്രിന്‍സ് ബസ്റ്റര്‍ പറഞ്ഞു:

"എന്റെ സംഗീതം പ്രതിഷേധത്തിന്റെ സംഗീതമാണ്. ജമൈക്കയിലെ കോളനിഭരണത്തിനുകീഴില്‍ ഞങ്ങളനുഭവിച്ച അടിമത്തത്തിനും വര്‍ഗപരമായ മുന്‍വിധികള്‍ക്കും വംശീയതാവാദത്തിനും അസമത്വത്തിനും സാമ്പത്തികമായ വിവേചനത്തിനും അവസരനിഷേധത്തിനും അനീതിക്കും എതിരേയുള്ള പ്രതിഷേധത്തിന്റെ സംഗീതം. ആഫ്രിക്കയില്‍ രാജാക്കന്മാരും രാജ്ഞിമാരുമായിരുന്നു ഞങ്ങളുടെ പൂര്‍വികര്‍. അവരെ അടിമകളാക്കി കപ്പലില്‍ ജമൈക്കയിലേക്കു കൊണ്ടുവന്നു. ഇവിടെ ഞങ്ങളുടെ സ്വന്തം പേരുകളില്‍നിന്ന്, ഭാഷയില്‍നിന്ന്, സംസ്കാരത്തില്‍നിന്ന്, ദൈവത്തില്‍നിന്ന്, മതത്തില്‍നിന്നൊക്കെ ഞങ്ങള്‍ അഴിച്ചുമാറ്റപ്പെട്ടു. പക്ഷേ സംഗീതം ആഫ്രിക്കയുടെ ആത്മാവാണ്. അതിന്റെ ചോദനയും ഡി. എന്‍. എ. യും പാരമ്പര്യവുമാണ്. അതിനെ അവര്‍ക്കു കീഴ്‌പ്പെടുത്താനായില്ല. റോക്ക്സ്റ്റെഡി, റെഗ്ഗെ എന്നിവയ്ക്കു ജന്മം നല്കിയ, ഞങ്ങളുടെ ജീവിതശൈലിതന്നെയായ സ്കാ എന്ന ജമൈക്കന്‍ സാംസ്കാരികവിപ്ലവത്തെ സാധ്യമാക്കിയത് അതാണ്."

തങ്ങളുടെ ഇച്ഛയ്ക്കു വിരുദ്ധമായി സ്വന്തം മണ്ണില്‍ നിന്നും സംസ്കാരത്തില്‍ നിന്നും ബലമായി അടര്‍ത്തിമാറ്റപ്പെട്ട ഒരു ജനത സ്വന്തം സ്വത്വം തേടി ഒരു തിരിച്ചു പോക്ക് നടത്തിയില്ലെങ്കില്‍ അതില്‍ അസ്വാഭാവികമായി എന്തോ‌ ഒന്നുണ്ടെന്നാണ് കരുതേണ്ടത്. വ്യവാസായവിപ്ലവം ജന്മം നല്‍കിയ കോളനിവല്‍ക്കരണവും സാമ്രാജ്യത്വ അധിനിവേശവും കയ്യേറുകയും നശിപ്പിക്കുകയും ചെയ്ത വിവിധ സംസ്കാരങ്ങളുടെ എണ്ണം ലളിതഗണിതത്തിനു വഴങ്ങുന്നതിലും കൂടുതലത്രേ. കഴിഞ്ഞ സഹസ്രാബ്ദം ദര്‍ശിച്ച രണ്ടു മഹായുദ്ധങ്ങള്‍ക്കു ശേഷം മാറിമറഞ്ഞ രാഷ്ട്രീയസാഹചര്യങ്ങള്‍, അതു വരെ മരണത്തിനു കീഴടങ്ങാന്‍ കൂട്ടാക്കാതെ ഊര്‍ദ്ധ്വശാസം വലിച്ചു കിടന്നിരുന്ന ജനതകളോരൊന്നിന്റെയും അവരുടെ സംസ്കാരങ്ങളുടെയും പുനരുദ്ധാരണത്തിനു വഴിയൊരുക്കുകയാണുണ്ടായത്. അക്കൂട്ടത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു ലോകമെമ്പാടുമുള്ള കറുത്ത വര്‍ഗക്കാരുടെ ഉയിര്‍ത്തെഴുന്നേല്‍ക്കല്‍. സ്വാതന്ത്രത്തിനു വേണ്ടിയുള്ള ഓരോ മുന്നേറ്റങ്ങളും ആഫ്രിക്കന്‍ വംശജരെ സംബന്ധിച്ചേടത്തോളം സ്വന്തം സ്വത്വം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ കൂടെ ചേര്‍ന്നതായിരുന്നു.

ഇത്തരം വീണ്ടെടുക്കലുകളുടെ അലയൊലികള്‍ ആംഗലേയരാജ്യങ്ങളിലങ്ങോളമിങ്ങോളം പരന്നു കിടന്നിരുന്ന ആഫ്രിക്കന്‍ വംശജരിലൊതുങ്ങുതായിരുന്നില്ല. കോളനി ഭരിച്ചവരുടെ സംസ്കാരത്തെയും അവര്‍ പിറകില്‍ ഉപേക്ഷിച്ച് പോയ സമ്പ്രദായങ്ങളെയും തങ്ങളില്‍ നിന്ന് തൂത്തെറിയേണ്ടതുണ്ടെന്ന ബോധം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ജനതയില്‍ ഇക്കഴിഞ്ഞ കാലയളവില്‍ ഉടലെടുത്തിരിക്കുന്നുവെന്ന് കാണാവുന്നതാണ്. സ്വന്തം നഗരങ്ങളുടെ (ഗ്രാമങ്ങളുടെയും) പേര്‍ വീണ്ടെടുക്കുന്നത് മുതല്‍ വിദ്യാഭാസസമ്പ്രദായങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ വരെ സൂക്ഷ്മവും സ്ഥൂലവും ബൃഹത്തായതുമായ ഏറെ മാറ്റങ്ങള്‍ ഇതിന്റെ അനുരണനമെന്നോണം ഈ പ്രദേശങ്ങളില്‍ നിരീക്ഷിക്കാം. ഇക്കൂട്ടത്തില്‍ തങ്ങളുടെ ഭാഷ വീണ്ടെടുക്കുക എന്നത് ഏറെ പ്രധാനമാണെന്ന വിശ്വാസം ഇന്ത്യയടക്കമുള്ള പ്രദേശങ്ങളിലെ വിവിധ ജനവിഭാഗങ്ങളില്‍ വേരൂന്നിയിട്ടുണ്ട്.

ഇത്രയും തര്‍ക്കമറ്റ വിഷയമാണെന്ന് തീര്‍ച്ചയായും സമ്മതിക്കേണ്ടതായുണ്ട്. എന്നാല്‍ ഈ പ്രവണത തീര്‍ത്തും അപകടകരമാണെന്ന് പറയുവാന്‍ സാധിക്കയില്ല. ഇത്തരം വീണ്ടെടുക്കലുകളുടെ രാഷ്ട്രീയമായ പരിണതി ഓരോ പ്രദേശത്തിന്റെയും നിലവിലുള്ള രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടാം എന്നതാണ് വസ്തുത. ഏറെ പ്രസക്തമായ കാര്യം ഒരു പ്രത്യേക പ്രദേശത്തെ മുഴുവന്‍ ഏതെങ്കിലും ഒരു പ്രത്യേക പൂര്‍വസംസ്കാരത്തിന്റെ പരിധിയില്‍ നിര്‍ബന്ധിതമായി അടച്ചുറപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ യുക്തിരാഹിത്യമാണ്. ഇത് പ്രതികൂലമായി ബാധിക്കുന്നതാവട്ടെ ആ പ്രദേശങ്ങളില്‍ നൂറ്റാണ്ടുകളായി അധഃകൃതരായി കഴിയേണ്ടി വരികയും ഇന്നും അതേ അവസ്ഥയില്‍ തുടരുകയും ചെയ്യുന്ന ജനവിഭാഗങ്ങളെയായിരിക്കും. ഉദാഹരണത്തിനു ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലങ്ങോളമിങ്ങോളമുള്ള ചിതറിക്കിടന്നിരുന്ന വിവിധ സംസ്കാരങ്ങള്‍ പിന്തുടര്‍ന്ന് പോന്നിരുന്ന പലവിധ ജനവിഭാഗങ്ങളെയെല്ലാം 'ഹിന്ദു' എന്ന മതവിഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ നാം ഉല്‍സാഹം കാണിച്ചിട്ടുണ്ട്. ചരിത്രപരമായി ഇതെത്രത്തോളം നീതിപൂര്‍വകമാണ് എന്നത് വലിയൊരു ചോദ്യമായി അവശേഷിക്കുകയാണ്. വിവിധ ഗോത്രസംസ്കൃതികളെ സെമിറ്റിക് മതങ്ങളില്‍ ലയിച്ചില്ലാതാവുന്നതില്‍ നിന്നും തടഞ്ഞുവെന്ന് സമാധാനിക്കാമെങ്കിലും അത്രത്തോളം തന്നെ അവര്‍ക്കു ശീലമില്ലാത്ത മറ്റൊരു സംസ്കാരത്തിന്റെ ഭാഗമായി മാറേണ്ടി വരികയും അതു വഴി തങ്ങളുടെ സ്വത്വം അവര്‍ക്ക് നഷ്ടമാവുകയും ആണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായത് എന്ന് ദര്‍ശിക്കാവുന്നതാണ്.

മറ്റൊന്ന് കോളനിവല്‍ക്കരണത്തിനും മുന്‍പ് നിലനിന്നിരുന്ന സാമൂഹ്യഘടനയിലെ അധികാരശ്രേണികളെ പുനഃപ്രതിഷ്ഠിക്കുവാന്‍ 'സ്വത്വം വീണ്ടെടുക്കല്‍ ' ചെറുതല്ലാത്ത രീതിയില്‍ സഹായകമാകും എന്നതാണ്. പുരാതന ഇന്ത്യന്‍ സംസ്കാരം എന്ന പേരില്‍ നാം വിശ്വസിച്ച് പോരുന്ന സംസ്കാരികപൈതൃകം ദളിതര്‍ അടക്കമുള്ള വിവിധവിഭാഗങ്ങള്‍ക്ക് സ്വന്തം സംസ്കാരമായി തിരിച്ചറിയാന്‍ സാധിക്കുമെന്ന മുന്‍വിധി നമ്മെയാകെ നയിക്കുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തിനു തങ്ങളെ അത്രയും കാലം മൃഗതുല്യമായി പരിഗണിച്ച ഒരു സംസ്കാരത്തെ തങ്ങളുടെ സംസ്കാരമായി അംഗീകരിക്കാനുള്ള ബുദ്ധിമുട്ടുകളെ പറ്റി നാം ചിന്തിക്കുന്നേയില്ല എന്നതാണ് വാസ്തവം. ഒരു വ്യക്തിയില്‍ അല്ലെങ്കില്‍ ഒരു പ്രദേശത്തെ മൊത്തം വ്യക്തികളിലൊന്നാകെ ഒരു സംസ്കാരം, ഒരു ഭാഷ മുതലായവ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളിലെ അപകടവും പതിയിരിക്കുന്നത് ഇവിടെയാണ്. സാംസ്കാരിക അധിനിവേശം [cultural imperialism] ഇംഗ്ലീഷുകാരന്റെ മാത്രം ശീലമല്ലെന്നെങ്കിലും നാം മനസിലാക്കേണ്ടതുണ്ട്.

രണ്ട്:

അക്കരക്കാഴ്ചകള്‍ എന്ന വിഖ്യാത മലയാള ടെലിവിഷന്‍ പരമ്പരയിലെ നാല്‍പത്തിയേഴാം എപ്പിസോഡ് ഓര്‍ക്കുന്നുവോ? ഗ്രിഗറി അഥവാ ഗിരിഗിരി അമേരിക്കന്‍ സംഗീതത്തെ കണ്ടെടുക്കാനുള്ള ശ്രമത്തില്‍ പരാജയം ഏറ്റുവാങ്ങുന്നു എന്നതാണ് കഥയുടെ മൂലം.

ജോര്‍ജ് തേക്കുമ്മൂട്ടില്‍ എന്ന പ്രധാനകഥാപാത്രത്തിന്റെ മരുമകനായ 'ഡിജെ കെജെ'യുടെ വരവാണ് കഥ സൃഷ്ടിക്കുന്നത്. പൂര്‍ണമായും അമേരിക്കന്‍ സംസ്കാരത്തില്‍ മുഴുകി ജീവിക്കുന്ന കെജെ ഒരല്‍ഭുതവസ്തുവാണ്. അവന്‍ ഒരു 'ഇയ്യോ' ആണെന്ന് പറയാം. 'yO'എന്നത് നമുക്കൊരു വെറുക്കപ്പെട്ട വാക്കാണ്. 'ഇയ്യോ' എന്നു പറയുന്നവരെയെല്ലാം കോമാളികളായാണ് നാം കാണാനിഷ്ടപ്പെടുന്നത്. അവന്‍ /അവള്‍ ഒരു 'yo type' ആണ് എന്ന് നാം പറയുന്നതിനര്‍ത്ഥം അവനൊരു 'അടിച്ചുപൊളി'ക്കാരനോ‌ [കാരിയോ] ആണെന്നും ഉത്തരവാദിത്വബോധമില്ലാത്ത, അരാജകത്വം ജീവിതരീതിയാക്കിയ ഒരുവന്‍ /ഒരുവളാണെന്നുമാണ്. സംസ്കാരമില്ലാത്തവര്‍, സ്വന്തം സംസ്കാരത്തെ അവഹേളിക്കുന്നവര്‍ , ദുരാചാരികള്‍ , ധൂര്‍ത്തര്‍ , അരാഷ്ട്രീയര്‍ മുതലായവ ഇയ്യോക്കാരനു നമ്മള്‍ അനുവദിച്ചുകൊടുക്കുന്ന മറ്റു ചില വിശേണങ്ങളാണ്. ഇയ്യോകള്‍ എന്തുകൊണ്ടാണ് ഇത്രയും വെറുക്കപ്പെടുന്നത്? കോമാളിവല്‍ക്കരിക്കപ്പെടുന്നത്? നിലവിലുള്ള സ്വത്വങ്ങളെ അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ല എന്നത് തന്നെയാവാം പ്രധാനകാരണം. തങ്ങള്‍ ജനിച്ചു വളര്‍ന്ന നാടിന്റെയോ അതിന്റെ സംസ്കാരത്തിന്റെയോ‌ വ്യവസ്ഥാപിതമായ രീതികളില്‍ നിന്നും അകന്നു നില്‍ക്കുന്നുവെന്നത് സ്വന്തം സംസ്കാരങ്ങളെക്കുറിച്ചഭിമാനിക്കുന്ന നോണ്‍ ഇയ്യോകളെ അലോസരപ്പെടുത്തുന്നതില്‍ അല്‍ഭുതകരമായിട്ടൊന്നുമില്ല. എന്നാല്‍ അതില്‍ ചിന്തനീയമായി ഏറെയുണ്ടു താനും.

xdfdfd
Image Credit: Akkarakazhchakal Youtube Channel

പ്രസ്തുത എപ്പിസോഡില്‍ ഒരു ഇയ്യോ ആയ കെജെയുടെ സ്വാധീനത്തില്‍ സ്വയം ഒരു ഇയ്യോ ആകുവാന്‍ ഗിരിഗിരി ശ്രമിക്കുകയാണ്. വേഷത്തിലും ഭാവത്തിലും കെ.ജെയെ ഗിരിഗിരി അനുകരിക്കുന്നു. കെ.ജെയുടെ സംഗീതത്തെ തന്റെ സംഗീതമായി സ്വീകരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഏറെക്കഴിയും മുന്‍പേ തന്നെ കെ.ജെയും മറ്റ് ഇയ്യോകളും ഗിരിഗിരിയെ കയ്യൊഴിയുന്നു. ഗിരിഗിരിയുടെ 'നാടന്‍ റാപ്പി'നെ കളിയാക്കുകയും ചെയ്യുന്നു.‌ നിരാശനായ ഗിരിഗിരി, ജോര്‍ജ്ജിന്റെ ഉപദേശം കൂടെ ഉള്‍ക്കൊണ്ട്, വീണ്ടും പഴയ സ്വത്വത്തിലേക്ക് തിരിച്ചെത്തുന്നു.

സ്വന്തം സ്വത്വം ഉപേക്ഷിച്ച് മറ്റൊന്നായിത്തീരാന്‍ ശ്രമിക്കുന്നവരെയെല്ലാം കാത്തിരിക്കുന്ന വിധി ഇതായിരിക്കാം എന്ന് സംവിധായകന്‍ മൂര്‍ച്ചയേറിയ പരിഹാസത്തിലൂടെ നമ്മെ മനസിലാക്കുവാന്‍ ശ്രമിക്കുന്നുണ്ടിവിടെ. അമേരിക്കന്‍ നഗരവീഥികളില്‍ വണ്ടിയോടിക്കുമ്പോഴും 'വികാരനൗകയുമായ്' എന്ന് നീട്ടിപ്പാടുന്ന ജോര്‍ജ് തേക്കുമ്മൂട്ടില്‍ സ്വത്വം കാത്തുസൂക്ഷിക്കുന്ന മലയാളികളുടെ ഉത്തമോദാഹരണമായി മറ്റ് എപ്പിസോഡുകളില്‍ ചിത്രീകരിക്കപ്പെടുന്നുമുണ്ട്.

എന്നാല്‍ പരമ്പരയുടെ മറ്റെപ്പിസോഡുകള്‍ കൂടെ പരിശോധിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന ചിത്രം ഒരു പക്ഷേ‌ഏറെ വ്യത്യസ്തമായിരിക്കും. ഏറ്റവും പ്രധാനം സ്വന്തം ജനങ്ങളില്‍ നിന്ന് - അതായത് മലയാളികളില്‍ നിന്ന് - തന്നെ ഗിരിഗിരി നേരിടേണ്ടി വരുന്ന അവഗണനകളും പരിഹാസങ്ങളുമാണ്. ഗിരിഗിരിയുടെ കഥാപാത്രനിര്‍മ്മാണം തന്നെ പ്രത്യേകശ്രദ്ധയര്‍ഹിക്കുന്നതാണ്. മറ്റ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗിരിഗിരിക്കൊരു തറവാട്ടുപേരില്ല. ജോര്‍ജ്ജ് തേക്കുമ്മൂട്ടില്‍ എന്ന പേരു പോലെ അഭിമാനകരമായി പേര്‍ത്തും പേര്‍ത്തും ഉറെക്കെ വിളിച്ചു ചൊല്ലുന്ന ഒരു പേരല്ല ഗിരിഗിരിക്കുള്ളത്. ഗിരിഗിരിയുടെ യഥാര്‍ത്ഥനാമം ഗ്രിഗറി എന്നത്രേ! എന്നാല്‍ ഗിരിഗിരി അത്തരമൊരു നാമം അര്‍ഹിക്കുന്നില്ല എന്ന് മറ്റു കഥാപാത്രങ്ങള്‍ ചിന്തിക്കുന്നു. അവര്‍ക്ക് ഗിരിഗിരി, ഗിരിഗിരി മാത്രമാണ്. ഗ്രിഗറി എന്ന പേരിനു അഭികാമ്യനല്ലാത്തവന്‍.

ഒന്നു കൂടി പഴയ തലമുറയിലേക്ക് ചെല്ലുക. ജോര്‍ജ്ജ് തേക്കുമ്മൂട്ടിലിന്റെ പിതാവ് - അപ്പച്ചന്‍ - എന്ന കഥാപാത്രത്തെ സംബന്ധിച്ചേടത്തോളം ഗിരിഗിരി എന്ന പേരു പോലും അനാവശ്യമാണ്. 'പണിക്കാരന്‍ ചെക്കന്‍ ' എന്നാണ് അപ്പച്ചന്‍ ഗ്രിഗറിയെ എപ്പോഴും അഭിസംബോധന ചെയ്യുന്നത്. ഗിരിഗിരിയുടെ മുന്‍പില്‍ വെച്ച് അവനെ 'പണിക്കാരന്‍ ചെക്കന്‍ ' എന്ന് വിളിക്കരുത് എന്ന് ഒരിടത്ത് ജോര്‍ജ്ജ് അപ്പച്ചനെ വിലക്കുന്നുണ്ട്. കാരണം ഗിരിഗിരി വലിയ 'അഭിമാനി' ആണ് എന്നതത്രേ! പരമ്പരയിലുടനീളം ഗിരിഗിരി പല വിധത്തില്‍ മറ്റു കഥാപാത്രങ്ങളുടെ വിവിധ പരിഹാസങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന ഒരു കോമാളിയായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. അവന്റെ കലാപരമായ വാസനകളും [കവിതയെഴുത്ത് ഉദാഹരണം ] ഭാഷാപരമായ കഴിവുകളും [ സംസാരിക്കുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന വിക്ക്] ജോര്‍ജ് അടക്കമുള്ളവരില്‍ പരിഹാസമാണ് ഉണര്‍ത്തുന്നത്. ഒരിടത്ത് സ്പാനിഷ് സംസാരിക്കുമ്പോള്‍ തനിക്കു വിക്കില്ലെന്ന് ഗിരിഗിരി തിരിച്ചറിയുന്നുണ്ട്. തൊഴിലിനായും നിലനില്‍പിനായും ആണ് ഗിരിഗിരി സ്പാനിഷ് പഠിക്കുന്നത്. മാതൃഭാഷയായ മലയാളത്തെക്കാളും പോറ്റമ്മയായ സ്പാനിഷ് തന്നെ സ്വീകരിക്കുന്നുവെന്ന് ഗിരിഗിരി തിരിച്ചറിയുന്നതില്‍ വലിയൊരു പാഠം ഉണ്ടെന്ന് ന്യായമായും സംശയിക്കാം.

ഇത്തരുണത്തില്‍ സ്വന്തം സമൂഹമെന്ന് കരുതുന്നവരില്‍ നിന്നും ആ സംസ്കാരത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഗണനകളും അന്യവ‌‌ല്‍ക്കരണവും തന്നെയാവണം ഗിരിഗിരിയെ പാശ്ചാത്യസംസ്കാരത്തെ സ്വീകരിക്കാന്‍ , അതിനായി ഒന്നു ശ്രമിക്കാന്‍ പ്രേരിപ്പിച്ച ഘടകം. പക്ഷെ ഗിരിഗിരിയെ എല്ലായിടത്തും കാത്തിരിക്കുന്നത് പരാജയമാണെന്ന് അക്കരക്കാഴ്ചകള്‍ നമ്മെ പഠിപ്പിക്കുന്നു. ഒരു പക്ഷേ പാശ്ചാത്യമോ പൗരസ്ത്യമോ ആയ നിലവിലുള്ള സംസ്കാരങ്ങളും ഭാഷയും സംഗീതവും ഗിരിഗിരിയുടേത് അല്ലാതിരിക്കാന്‍ സാധ്യതയുണ്ട്. അവന്റെ ഭാഷയും സംസ്കാരവും സംഗീതവും അതുവഴി അവന്റെ സ്വത്വവും അവന്‍ തന്നെ കണ്ടുപിടിക്കുക എന്നതായിരിക്കാം ഗിരിഗിരിയെ കാത്തിരിക്കുന്ന നിയോഗം. എന്നാല്‍ അതിനു അവനെ നമ്മള്‍ അനുവദിക്കുമോ എന്നതാണ് പ്രസക്തമായതും അവശേഷിക്കുന്നതുമായ ചോദ്യം.

For more reading/reference:

[1]. “Cultural Identity: Solution or Problem” - Peter Wade , ISBN 978-0-904674-26-2

[2]. “Cultural Imperialism” - Robert Cecil, ISBN 978-0-904674-06-4

[3]. "ബോബ് മാര്‍ലി: നഷ്ടദേശം തേടിയുള്ള ഒരു സംഗീതസഞ്ചാരം" - മനോജ് കുറൂര്‍

[4]. “Akkarakkazhchakal Ep:47” - http://www.youtube.com/watch?v=92jKBDyCIlg