നാണയവും മൂല്യവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയും

നാണയവും മൂല്യവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയും

xdfdfd

ചരിത്രം ആവര്‍ത്തിക്കുന്നത് ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും ആണ്.
                                    - കാള്‍ മാര്‍ക്സ് (1852)

പശ്ചാത്തലം

നാണയവും മൂല്യവും അതിന്റെ ക്രയ വിക്രയവും അങ്ങേയറ്റം ബന്ധപ്പെട്ട് കിടക്കുന്ന പ്രശ്നങ്ങളാണ്. രണ്ടായിരത്തി പതിനാറ് നവംബര്‍ എട്ടിന് ഭാരത സര്‍ക്കാര്‍ രാജ്യത്ത് പ്രചാരത്തില്‍ നിലനിന്നിരുന്ന രണ്ട് പ്രധാന നാണയ മൂല്യങ്ങളായ 500, 1000 നോട്ടുകളെ അസാധുവായി പ്രഖ്യാപിക്കുകയും നവംബർ മാസം ഒമ്പതിന് തന്നെ ഈ തീരുമാനം പ്രാബല്യത്തില്‍ കൊണ്ടു വരുകയും ചെയ്തു. അന്ന് ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും പത്താം തിയതി പുതിയ നോട്ടായ 2000 രൂപ ഇറക്കുകയുമുണ്ടായി. എന്നാല്‍ രാജ്യത്തെ മൊത്തം പണമിടപാടിന്റെ 86 ശതമാനം വഹിച്ചിരുന്ന 500 ഉം 1000 വും നോട്ടുകള്‍ മൂല്യമറ്റതായതോടെ ജനം പരിഭ്രാന്തരായി. ഇതിനെ തുടര്‍ന്ന് രാജ്യമെമ്പാടും ആശങ്കകളും കഷ്ടതകളും സാധാരണ ജനജീവിതത്തിന്റെ തന്നെ സ്തംഭനവും സംജാതമായി. ഈ സാഹചര്യത്തില്‍ മൂല്യമില്ലായ്മ ചെയ്യപ്പെട്ടതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. പലരും ഇതിനെ കാണുന്നത് കേവലം രാഷ്ട്രീയമായാണ്. ഇത് എത്രത്തോളം സാമ്പത്തിക മണ്ഡലങ്ങളെ ഇളക്കിമറിക്കും, അതുവഴി എത്രമാത്രം സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ കോലാഹാലങ്ങള്‍ക്ക് കാരണമാകും എന്ന ചര്‍ച്ച പ്രസക്തമാണ്. ഈ സാഹചര്യത്തില്‍ മൂല്യമില്ലാതാക്കപ്പെട്ടതിന്റെ ചരിത്രവും വര്‍ത്തമാനവും വിശകലന വിധേയമാക്കേണ്ടതുണ്ട്.

എന്താണ് പണമൂല്യം

പണത്തിന്റെ (പ്രത്യേകിച്ചും കറന്‍സി) മൂല്യം എന്നത് രാജ്യത്തിന്റെ അധികാര വ്യവസ്ഥ കല്പിച്ച് നല്‍കുന്ന വിശ്വാസവും അതുമൂലം ജനങ്ങളുടെ അംഗീകാരവുമാണ്. കാലാകാലങ്ങളില്‍ ഈ അംഗീകാരങ്ങൾ അധികാര വ്യവസ്ഥയുടെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് സാധാരണവത്കരിക്കപ്പെടും എന്നതും ചരിത്രമാണ്. എല്ലാ നോട്ടുകളിലും രേഖപ്പെടുത്തിയിട്ടുള്ള "മൂല്യം അംഗീകരിച്ച് പെരുമാറണം" എന്ന് നോട്ടുകളില്‍ ആലേഖനം ചെയ്ത് ഒപ്പ് പതിപ്പിക്കുന്നത് ഇതാണ് സൂചിപ്പിക്കുന്നത്. ഇത് തന്നെയാണ് സര്‍ക്കാരിലേയും ആര്‍ബിഐയിലേയും അധികാരത്തിന്റെയും വിശ്വാസത്തിന്റെയും ഊടും പാവും. ചിലപ്പോഴൊക്കെയെങ്കിലും ഇതിനോട് ജനത അല്പമെങ്കിലും കലഹിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും അധികാര കേന്ദ്രങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിക്കുകയോ ചെയ്യുന്നത് അതിനാല്‍തന്നെ കുറ്റകരമായാണ് വീക്ഷിക്കുന്നത്. എന്നാല്‍ അധികാരക്രമങ്ങള്‍ മാറുമ്പോള്‍ അധികാരവ്യവസ്ഥയുടെ മാറ്റത്തിനെ സൂചിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നോട്ടുകളും നാണയങ്ങളും ഇറക്കുന്നത് സ്വാഭാവികമാണ്. ഇത് മുന്‍കാലങ്ങളില്‍ സ്വീകരിച്ച് പോന്നിരുന്നതുമാണ്. എന്നാല്‍ ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത ഭരണങ്ങള്‍ പോലും കറന്‍സി മാറ്റം സാധ്യമാക്കുന്നത് ക്രമേണ പഴയതിനെ തിരസ്കരിച്ച് പുതിയ നാണയത്തെ അവരോധിക്കുന്നതിലൂടെയാണ്. ഇത്തരം സമീപനങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കുന്ന കാഴച്ചയാണ് ഇപ്പോഴത്തെ കേന്ദ്രത്തിലെ ജനാധിപത്യ സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. ഇത് ജനാധിപത്യത്തിന്‍റെയും വിശ്വാസത്തിന്റെയും കടക്കലാണ് കത്തിവയ്ക്കുന്നത് എന്ന് അമര്‍ത്യ സെന്നിനെ പോലുള്ളവര്‍ അഭിപ്രായപ്പെടുന്നു. ജനാധിപത്യ സര്‍ക്കാരുകള്‍ ഇത്തരം രീതികള്‍ നിര്‍ദാക്ഷണ്യം പൗരരുടെ മേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ നഷ്ടമാകുന്നത് ജനായത്തതയിലുള്ള വിശ്വാസമാണ്. അതുകൊണ്ട് തന്നെ ചരിത്രത്തില്‍ പണത്തിന്റെ മൂല്യം എത്തരത്തില്‍ ഒക്കെയാണ് മാറ്റപ്പെട്ടത് എന്നത് പരിശോധിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ഇന്ത്യ ചരിത്രം പരിശോധിക്കുകയോ ഇതേകാലത്തെ തിരിവിതാംകൂര്‍ ചരിത്രം പരിശോധിക്കുകയോ ചെയ്‌താല്‍ ജനാധിപത്യപരമല്ലാത്ത സര്‍ക്കാരുകളുടെ നടപടികള്‍ എങ്ങനെയൊക്കെ ആയിരുന്നു എന്നത് കൂടുതല്‍ വ്യക്തമായേക്കും. ആധുനീക കേരളത്തിന്‍റെ നല്ലൊരു ചരിത്രഭാഗം കൈയാളുന്ന ദേശമാണല്ലോ തിരിവിതാംകൂര്‍. രാജവാഴ്ച്ചയില്‍ എങ്ങനെയാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചത് എന്നതിന്റെ നേര്‍കാഴ്ചയാകും ഈ ഉദാഹരണം. ബ്രിട്ടീഷ് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലബാറും തിരിവിതാംകൂര്‍ എന്ന രാജ്യവും കൊച്ചി രാജ്യവും ചേരുന്ന കേരളത്തിന്‍റെ പശ്ചാത്തലത്തിലാണ് സാമ്പത്തിക ഭൗമ രാഷ്ട്രീയത്തെ ചരിത്രവല്‍കരിക്കുന്നത്.

പണവും ബ്രിട്ടീഷ് ഇന്ത്യയും

ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന മലബാര്‍ പ്രദേശത്ത് ബ്രിട്ടീഷ് ഇന്ത്യന്‍ നാണയ വ്യവസ്ഥയാണല്ലോ ഉണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് ഇവിടെയും ഡിമോണിറ്റൈസേഷന്‍ നടന്നിരുന്നു. പല കാലഘട്ടങ്ങളിലായാണ് പണത്തിന്റെ മൂല്യ നിര്‍ണ്ണയവും പുനര്‍ നിര്‍ണ്ണയവും ഇവിടെ നടന്നതായി മനസ്സിലാക്കാന്‍ കഴിയുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു പുതിയ അധികാരക്രമം സാധ്യമാകുമ്പോല്‍ മാത്രമാണ് ഇത്തരം മാറ്റങ്ങള്‍ എന്നതും ഓര്‍ക്കേണ്ടതുണ്ട്. ഇപ്പോഴുണ്ടായ ഡിമോണിറ്റൈസേഷന്‍ ചര്‍ച്ചയില്‍ പലരും ഉന്നയിക്കുന്ന 1946 ലെ നോട്ടുകൾ മൂല്യമറ്റതാക്കിയിരുന്നതാണ് സ്വാതന്ത്ര്യത്തിന് മുന്‍പുണ്ടായ അവസാനത്തെ ഡിമോണിറ്റൈസേഷന്‍. ഇതെങ്ങിനെയായിരുന്നു എന്ന് പരിശോധിക്കാം.

1946 ലെ ഡിമോണിറ്റൈസേഷനിലൂടെ പതിനായിരം രൂപ നോട്ടുകളെ പിന്‍വലിക്കുക എന്നതായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ ചെയ്തത്. ധനികര്‍ക്കിടയില്‍ വ്യാപകമായ തോതില്‍ കള്ളപ്പണ പ്രചാരണം നടക്കുന്നു എന്ന നിരീക്ഷണത്തെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ ഈ തീരുമാനം കൈകൊണ്ടത്. 1946 ഉം 2016 സാദൃശ്യപ്പെടുന്നത് ഈ വാദഗതിയിലാണ്. എന്നാല്‍ രണ്ട് കാലഘട്ടങ്ങളില്‍ പണത്തിന് കല്പിച്ച് നല്‍കിയ മൂല്യവും അതിന്‍റെ കൈകാര്യവും തികച്ചും വ്യത്യസ്തവും അസമവും ആയിരുന്നു. അതുകൊണ്ടുതന്നെ ഇവയുടെ പ്രത്യാഘാതങ്ങളും വ്യത്യസ്തമായിരുന്നു. ഇത് മനസ്സിലാക്കുമ്പോഴാണ് ഇപ്പോള്‍ നാം എവിടെ നില്കുന്നുവെന്നു മനസ്സിലാകുന്നത്.

ഈ രണ്ട് കാലഘട്ടങ്ങളിലും നാം മനസ്സിലാക്കേണ്ട വ്യത്യാസം 1946-ല്‍ സാധാരണ ജനങ്ങള്‍ ഒരു രൂപ തന്നെ കഷ്ടിച്ചാണ് ക്രയവിക്രയം നടത്താന്‍ ഉപയോഗിച്ചത്. ഇത് മനസ്സിലാക്കാന്‍ വ്യത്യസ്ത രീതികള്‍ ഉണ്ടെങ്കിലും സ്വര്‍ണ്ണമോ വെള്ളിയോ അനുസരിച്ച് രൂപയുടെ മൂല്യം മനസ്സിലാക്കുക എന്നതാണ് കൂടുതല്‍ സ്ഥിരതയുള്ള മാനകമായി മനസ്സിലാകുന്നത്. ഇതിന് കാരണം പണ പെരുപ്പ-ചുരുക്കങ്ങളെ ഒരുവിധം താരതമ്മ്യാധാരം ചെയ്ത് മനസ്സിലാക്കാന്‍ സാധിക്കുന്നത് ഈ മാനകത്തിലൂടെയാണ്. ഇതുപോലും ഒരു പൂര്‍ണ്ണമായ രേഖയായി കാണുക എന്നതില്‍ പരിമിതി ഉണ്ടെങ്കിലും ഇത് യുക്തിഭദ്രമാണ് എന്നത് തര്‍ക്കമറ്റതാണ്.

സ്വര്‍ണ്ണ വിലയിലാണ് നാം രൂപയുടെ മൂല്യത്തെ മനസ്സിലാക്കുന്നത് എങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ ലളിതമാകുമെന്ന് പറഞ്ഞല്ലോ. 1946-ല്‍ 24 ക്യരറ്റ് സ്വര്‍ണ്ണം ഗ്രാമിന് അന്നത്തെ 8.38 രൂപയാണ്. അതായത് പതിനായിരം രൂപക്ക് 1946 ഏകദേശം 1193 ഗ്രാം സ്വര്‍ണ്ണം വാങ്ങാം. ഇന്നത്തെ കണക്കില്‍ (2016 നവംബര്‍) ഇതിനെ മാറ്റിയാല്‍ (24 ക്യാരറ്റ് തങ്കത്തിന്) ഗ്രാമിന് 3080 രൂപയാണ് അങ്ങനെയെങ്കില്‍ 1946 ലെ പതിനായിരം രൂപയുടെ മൂല്യം ഏകദേശം 3674440 രൂപയാണ്. മുപ്പത്തേഴ് ലക്ഷത്തോളം രൂപ എന്നത് എത്ര വലിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വാര്‍ഷികമായി നേടാവുന്ന വരുമാനത്തിലും പലമടങ്ങ്‌ മുകളിലാണ്. ആയതിനാല്‍ ഈ പതിനായിരത്തിന്റെ പിന്‍വലിക്കല്‍ രാജ്യത്ത് ഒരു ക്രമസമാധാന പ്രശ്നവും അന്ന് സൃഷ്ടിച്ചില്ല എന്നത് പ്രത്യേകം പറയേണ്ടതില്ലലോ. അതിനാല്‍ ഈ പണം ആരാണ് കൈവശം വച്ചിരുന്നത് എന്നും ഇത് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നതിന്റെ പൊരുള്‍ ഉള്‍കൊള്ളാനും സാധിക്കും. പതിനായിരം എന്ന വലിയ തുകയേക്കാള്‍ വളരെ ചെറിയ (നൂറിലൊന്ന്) മൂല്യമുള്ള നൂറു രൂപയാണ് പിന്നെ ഉപയോഗിച്ചിരുന്ന വലിയ തുക. കൂടാതെ 50, 10 എന്നീ ചെറിയ മൂല്യങ്ങളും അടങ്ങുന്നതാണ് ഇരുപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഇന്ത്യന്‍ നോട്ടുകള്‍. ഇതുകൂടാതെ സ്വര്‍ണ്ണ നാണയം അടക്കമുള്ള നാണയങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. അക്കാലത്ത് ഡിമോണിറ്റൈസേഷനു വിധേയമായ പതിനായിരം രൂപയും പ്രചാരത്തിലിരുന്ന ചില നോട്ടുകളും ചുവടെ കൊടുക്കുന്നു.

xdfdfd

ഈ പണ മൂല്യങ്ങളും മാനകങ്ങളും ക്രയവിക്രയത്തിന്റെ നട്ടെല്ല് ആകുമ്പോള്‍ വലിയനോട്ടുകള്‍ വലിയതോതിലുള്ള വളരെ പ്രവേഗം കുറഞ്ഞ ട്രാന്‍സാക്ഷന്‍ മാനകങ്ങള്‍ ആയിരുന്നു. അതിനാല്‍ തന്നെ ഇതിനെ ഒരു ശേഖരമായി കണ്ട് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളാണ് 1946 ല്‍ നടന്നത്. ഇതേകാലയളവില്‍ തിരുവിതാംകൂറില്‍ എന്ത് സംഭവിച്ചു എന്നുകൂടി പരിശോധിക്കുന്നത് കാര്യങ്ങളെ മനസ്സിലാക്കുന്നതില്‍ കൂടുതല്‍ സഹായകമാകും.

പണവും തിരുവിതാംകൂറും

തിരുവിതാംകൂറിന്റെ പണ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ സ്വര്‍ണ്ണത്തിലധിഷ്ഠിതമായ (Gold Standard) പണ വ്യവസ്ഥയാണ് നിലനിന്നിരുന്നത്. ധര്‍മ്മരാജ എന്നറിയപ്പെട്ട രാമവര്‍മയുടെ കാലത്താണ് തിരുവിതാംകൂറില്‍ കമ്മട്ടവും നാണയ പ്രചാരണവും നടക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ ഇത് ജനകീയമായിരുന്നില്ല. എന്നാല്‍ 1902 നവംബര്‍ ഒന്നുമുതല്‍ ചെമ്പ്, വെള്ളി നാണയങ്ങള്‍ തിരുവിതാംകൂറില്‍ നിലവില്‍ വന്നു. 1903-ഓടുകൂടി ഇത് പ്രചുരപ്രചാരത്തിലായി , 1902 ന് മുന്‍പ് ഇത് നിലവിലിരുന്നുവെന്ന് പല പരാമർശങ്ങളും ഉണ്ടെങ്കിലും രാജകല്പനയായി കാണുന്ന രണ്ട് വര്‍ഷങ്ങള്‍ ഇതാണ് (തിരുവിതാംകൂര്‍ ഭരണ റിപ്പോര്‍ട്ട്; 2006 ലെ ലോക നാണയ വിവര പട്ടിക മുതലായവ അധികരിച്ച്).

തിരുവിതാംകൂറിലെ ഏറ്റവും ചെറിയ നാണയം ഈ കാലയളവില്‍ "കാശ്" എന്ന നാണയമാണ്. ചില്ലിക്കാശ് എന്ന പ്രയോഗവും ഇതുമായി ബന്ധപ്പെട്ടതാണ്. കാശിനെക്കാള്‍ ഉയര്‍ന്ന മൂല്യമാണ് "ചക്രം" എന്ന നാണയം. പതിനാറ് (16) കാശാണ് ഒരു ചക്രം. ചക്രത്തിനെക്കാള്‍ ഉയര്‍ന്ന ക്രയവിക്രയ മൂല്യമാണ് "ഫണം" എന്ന നാണയം. നാല് ചക്രമാണ് ഒരു ഫണം. എന്നാല്‍ ബ്രിട്ടീഷ് രൂപയോട് കിടപിടിക്കുന്നതിന് തിരിവിതാംകൂറില്‍ രൂപ സങ്കല്‍പം കൊണ്ടുവരികയും തിരുവിതാംകൂര്‍ കാല്‍ രൂപ, അര രൂപ നാണയങ്ങള്‍ അടിക്കുകയും ചെയ്തു. ഏഴ് ചക്രമാണ് കാല്‍രൂപ. അതായത് 7 ഫണം ഒരുരൂപക്ക് സമം എന്ന് സാരം. എന്നാല്‍ ഒരു രൂപ നാണയം തിരുവിതാംകൂര്‍ ഇറക്കിയിരുന്നില്ല. ഇതിന് മുന്‍പുതന്നെ തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി. തിരുവിതാംകൂര്‍ ഭരണ റിപ്പോര്‍ട്ടുകളില്‍ പലതിലും ഇതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെങ്കിലും ഒരുരൂപ ഇവര്‍ മിന്റ് ചെയ്തിരുന്നില്ല. തിരുവിതാംകൂര്‍ പുറപ്പെടുവിച്ച ഏറ്റവും മൂല്യമുള്ള സാധാരണ നാണയം അങ്ങനെ അര രൂപയായി തുടര്‍ന്നു. 1946 വരെ മാത്രമാണ് ഈ അര രൂപ അടിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്. എങ്കിലും 1949 വരെ ഈ നാണയം പ്രചാരണത്തില്‍ ഉണ്ടായിരുന്നു. 1947-ല്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി തിരുകൊച്ചി ഉണ്ടായെങ്കിലും തിരുവിതാംകൂര്‍ നാണയങ്ങള്‍ ഉടനടി പിന്‍വലിച്ചില്ല. സാധാരണ ജനജീവിതവും സാമ്പത്തിക ഇടപാടുകളും താറുമാറാകാതിരിക്കാനാണ് നടപടി. ഇന്നത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അത് ഏത് യുക്തിയുടെ അടിസ്ഥാനത്തിലായാലും വീണ്ടുവിചാരം ഇല്ലാതെ പിന്തുണക്കുന്ന ആധുനീക സമൂഹത്തിന്റെ മുന്‍ഗാമികള്‍ കൂടുതല്‍ ദീര്‍ഘവീക്ഷണം വച്ച് പുലര്‍ത്തിയിരുന്നു എന്നുവേണം മനസ്സിലാക്കാന്‍.

xdfdfd

പ്രചരണത്തിന്റെ കാര്യത്തില്‍ മറ്റ് നാണയങ്ങളുടെ അവസ്ഥയും ഇതുതന്നെ ആയിരുന്നു. രാജഭരണ കാലം അവസാനിക്കുകയും മറ്റൊരു അധികാര ക്രമം അവരോധിക്കപ്പെടുകയും ചെയ്തിട്ടും നാണയ വിനിമയത്തേയും അതിന്റെ വിശ്വാസ്യതയേയും കണക്കിലെടുത്തുകൊണ്ടാണ് പണത്തിന്റെ വിനിമയ മൂല്യം ഇല്ലാതാക്കുന്നത്. അതാണ് ജനക്ഷേമപരം എന്നത് അധികാരബോധത്തിന്റെ ബാലപാഠമാണ്. മിക്ക നാട്ടുരാജ്യങ്ങളും ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുമ്പോള്‍ ഈ ഡിമോണിട്ടൈസേഷനു വിധേയമായിട്ടുണ്ടെങ്കിലും അവയെല്ലാം സാവകാശം ആയിരുന്നു എന്നത് ചരിത്രമാണ്. അധികാര മാറ്റത്തിന്റെ വിവേകമാണ് ഈ കാലതാമസം.

പണ മൂല്യം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നൂറുരൂപ നോട്ടാണ് ഏറ്റവും വലിയ പണ മൂല്യമായിരുന്നത്. എന്നാല്‍ 1954-ല്‍ റിസേര്‍വ് ബാങ്ക് വീണ്ടും 1000, 5000, 10000 രൂപ നോട്ടുകള്‍ പുനരവതരിപ്പിക്കുകയുണ്ടായി. കൂടുതല്‍ മെച്ചപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ക്കാണ് ഈ ഉന്നത മൂല്യമുള്ള തുക അവതരിപ്പിച്ചത്. പരമ്പരാഗത വിനിമയ ഉപാധികളെക്കാല്‍ ലളിതവും സുതാര്യവുമായിരുന്നു പണത്തിന്റെ കൈകാര്യം എന്നതിനാലാണ് ഈ തുകകള്‍ വീണ്ടും പ്രചാരത്തില്‍ എത്തിച്ചത്. ഒര് പരിധി വരെ ഈ വലിയ സംഖ്യ നോട്ടുകളുടെ പുനരവതരണം ലക്ഷ്യം വച്ചത് വന്‍തോതിലുള്ള സാമ്പത്തിക ക്രയവിക്രയങ്ങള്‍ ലളിതമാക്കുക എന്ന ഉദ്ദേശത്തിലാണ്, അതില്‍ വിജയിച്ചിട്ടുണ്ട് എന്നാണ് സര്‍ക്കാരും ആര്‍ബിഐയും അവകാശപ്പെടുന്നതും. ഈ ഉന്നത മൂല്യമുള്ള തുകയുടെ ചിത്രം ചുവടെ ചേര്‍ക്കുന്നു.

xdfdfd

കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ അന്ത്യം കുറിച്ച് കൊണ്ട് ജനതാ ഗവണ്മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ വര്‍ദ്ധിച്ച തോതിലുള്ള കള്ളപ്പണം പ്രത്യേകിച്ചും തിരഞ്ഞെടുപ്പിലും അതിന് മുന്‍പിലും അധികരിച്ചു എന്ന വാദം മുന്‍ നിര്‍ത്തി മൊറാര്‍ജി ദേശായ് 1978-ല്‍ ഈ നോട്ടുകള്‍ മൂല്യ രഹിതമാക്കി പിന്‍വലിച്ചു. അപ്പോഴും ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ഈ ഉന്നത മൂല്യങ്ങളിലുള്ള തുക അപ്രാപ്യമായിരുന്നു. രാജ്യത്തിന്റെ സാമാന്യ വരുമാനവും വേതനവും വളരെ തുശ്ചമായതിനാലും ഇവ സാധാരണ വിനിമയ ഉപാധി അല്ലാത്തതിനാലും സാമാന്യ ജനജീവിതത്തെ ഒട്ടും ഈ രൂപയുടെ അവതരണമോ പിന്‍വലിക്കലോ ബാധിച്ചില്ല. ഉദാഹരണത്തിന് നേരത്തെ സൂചിപ്പിച്ചത് പോലെ 1978-ലെ സ്വര്‍ണ്ണവില ഗ്രാമിന് 68.5 രൂപയായിരുന്നു. ഡിമോണിറ്റൈസേഷന് വിധേയമായ പതിനായിരം രൂപക്ക് 146 ഗ്രാമോളം സ്വര്‍ണ്ണം ലഭിക്കുമായിരുന്നു. അതിന്റെ ഇന്നത്തെ മൂല്യം ഏകദേശം 450000 രൂപ വരും. അങ്ങിനെയാണെങ്കില്‍ കുറഞ്ഞ മൂല്യമായ 1000 രൂപയ്ക്കു 45000 രൂപയോളം വരും. 10000/1000 രൂപ ഇന്നത്തെ ശരാശരി സര്‍ക്കാര്‍ ജീവനക്കാരന്റെ വാര്‍ഷിക/മാസ വരുമാനത്തോളം വരും. അപ്പോള്‍ ഇതിന്റെ ഫലം മനസ്സിലാക്കാവുന്നതേ ഉള്ളു. മൊറാര്‍ജി ദേശായിയുടെ ഉദ്ദേശം കള്ളപ്പണം പ്രതിരോധിക്കുക എന്നതുകൊണ്ട് വലിയ സംഖ്യ നോട്ടില്‍ നിന്നും ചെറിയ സംഖ്യയിലേക്കാണ് സര്‍ക്കാര്‍ മാറിയത്. ഇതിനായി പുതിയ നോട്ടുകള്‍ അച്ചടിക്കുകയുണ്ടായി. അഞ്ഞൂറ് ആണ് ഈ പുതിയ പണ സമ്പ്രദായത്തില്‍ ഏറ്റവും വലിയ സംഖ്യ.

xdfdfd

ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യം ദേശായി സര്‍ക്കാരിലെ പ്രബലരായ ഒരുവിഭാഗം ബിജെപിയുടെ മുന്‍ഗാമികളായ ജനസംഘം ആണ്. കള്ളപ്പണം പരിഹരിക്കുന്നതിന് ഡിമോണിറ്റൈസേഷന്‍ നല്ലൊരു ഉപായമാണെന്ന കണ്ടെത്തല്‍ ചരിത്രപരമായി ഇപ്പോഴത്തെ സര്‍ക്കാരിനും അവകാശപ്പെട്ടതാണ്, അല്ലെങ്കില്‍ അതില്‍ പിന്തുടര്‍ച്ച ആഗ്രഹിക്കുന്നവരാണ്. ഇവിടെ എഴുപത്തെട്ടിലെ നയത്തിലെ വീഴ്ച ചരിത്രപരമായി തുടരുമ്പോള്‍ പുതിയ കാലഘട്ടത്തിലും ഇതനുവര്‍ത്തിക്കുന്നത് ഇത് വിജയിക്കും എന്ന വിശ്വാസത്തിലാകും എന്നുകരുതുന്നു. ഈ സര്‍ക്കാര്‍ തീരുമാനമാണ് പരിശോധിക്കപ്പെടെണ്ടതും. ഈ വിഷയത്തില്‍ വരുന്നതിന് മുന്‍പ് ഡിമോണിറ്റൈസേഷന്‍ അല്ലാത്ത ഏതെങ്കിലും തരത്തില്‍ സര്‍ക്കാര്‍ കള്ളനോട്ട് പ്രതിരോധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാം.

1996 വരെ ദേശായി സര്‍ക്കാര്‍ അവതരിപ്പിച്ച അഞ്ഞൂറ് രൂപയും മറ്റ് ചെറിയ സംഖ്യകളും തുടര്‍ന്നു. എന്നാല്‍ ഈ കാലയളവില്‍ വര്‍ദ്ധിച്ച കള്ളനോട്ടുകള്‍ കാരണം എല്ലാ വലിയ സംഖ്യ നോട്ടുകളും സര്‍ക്കാര്‍ പുതുതായി അച്ചടിക്കാന്‍ തീരുമാനിച്ചു. പുതിയ നോട്ട് സമ്പദ് വ്യവസ്ഥയില്‍ കൊണ്ടുവരുന്നതോടെ താല്‍കാലികമായി കള്ളനോട്ടുകള്‍ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ഉന്നം വച്ചത്. അങ്ങനെ മഹാത്മാ ഗാന്ധി സീരിസ് എന്നറിയപ്പെടുന്ന ഇപ്പോള്‍ മൂല്യം ഇല്ലാതാക്കിയ നോട്ടുകളുടെ സീരീസ്‌ 1996 മുതല്‍ ആരംഭിച്ചു. ഈ പുതിയ സീരീസില്‍ 1000 രൂപ നോട്ട് പുനരവതരിപ്പിക്കുകയുണ്ടായി. കാരണം ഈ കാലഘട്ടങ്ങളില്‍ ക്രമാതീതമായ പണപ്പെരുപ്പവും രാജ്യം ഉദാരവല്കരണത്തിനും സ്വകാര്യ വല്കരണത്തിനും വിധേയമായതും മൂലം കൂലി, അടിസ്ഥാന ക്രയവിക്രയങ്ങളുടെ മൂല്യച്യുതി തുടങ്ങി നിരവധി ഘടകങ്ങളോട് പ്രതികരിക്കുന്നതിനാണ് ഈ നീക്കം. ഇതിന് മറ്റൊരു ഉദാഹരണമാണ് ചെറിയ നോട്ടുകളായ ഒരുരൂപ രണ്ടുരൂപ അഞ്ചുരൂപ മുതലായവ ഈ സീരീസില്‍ നിന്നും ഒഴിവാക്കിയത്. ഈ പുതിയ നോട്ടുകളെ കാലഘട്ടത്തിന്റെ ആവശ്യമായാണ് പലരും കണ്ടതും അംഗീകരിച്ചതും. എന്നാല്‍ അഞ്ചുരൂപ നോട്ടുകള്‍ ചെറിയ സംഖ്യ എന്ന നിലയില്‍ വീണ്ടും 2002-ല്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. 2001-ല്‍ ഇരുപതുരൂപയും പുതിയ സീരീസില്‍ ഇറക്കുമ്പോള്‍ സര്‍ക്കാര്‍ പഴയ നോട്ടുകളെ ഒറ്റ രാത്രികൊണ്ടോ ഒരാഴ്ച്കൊണ്ടോ അല്ല പിന്‍വലിച്ചത്. പകരം രാജ്യത്തെ വിനിമയ സമ്പ്രദായത്തെ തകരാറില്‍ ആക്കാതെ ക്രമേണയാണ് ഈ നോട്ടുകളെ പിന്‍വലിച്ചത്. ഇത് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയാണ് എന്നത് ഈ സാഹചര്യത്തില്‍ എടുത്ത് പറയേണ്ടുന്ന വിഷയം ആണ്.

xdfdfd

തൊണ്ണൂറ്റിയാറിലെ നോട്ടുകളും കാലക്രമേണ കള്ളനോട്ടു നിര്‍മ്മാതാക്കള്‍ കോപ്പി ചെയ്ത് രാജ്യത്ത് ക്രയവിക്രയത്തിലെത്തിച്ചു. നോട്ടിന്റെ സുരക്ഷ കൂടുതല്‍ ഉറപ്പാകുന്നതിനാണ് സര്‍ക്കാര്‍ 2005 മുതല്‍ നോട്ടിന് പിന്നില്‍ വര്‍ഷം കുറിച്ചുകൊണ്ടുള്ള പുതിയ രീതിയും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയത്. ഇതില്ലാത്ത നോട്ടുകളെ രണ്ടാം യുപിഎ കാലത്ത് പിന്‍വലിച്ചതില്‍ പ്രതിപക്ഷമായ ബിജെപി വലിയ ഒച്ചപ്പാട് ഉണ്ടാക്കി. ഇത് ഇന്ന് സ്വീകരിച്ച നയത്തെക്കാള്‍ ഫലപ്രദമായി പണത്തിന്‍റെ മൂല്യം ഇല്ലാതാക്കാതെ തന്നെ പ്രത്യേകിച്ചും ജനങളുടെ പോലും ശ്രദ്ധ ക്ഷണിക്കാതെയാണ് നടപ്പാക്കിയത്. 2015 ഡിസംബര്‍ മുപ്പത്തിഒന്ന് വരെ സര്‍ക്കാര്‍ ഇതിന്റെ കാലാവധി നീട്ടുകയും ഉണ്ടായി. മോഡി സര്‍ക്കാ വന്നതിന് ശേഷം വ്യാപകമായ കള്ളനോട്ട് ഉണ്ടായി എന്നാണ് സര്‍ക്കാരിന്റെ വാദത്തെ അപനിര്‍മ്മിക്കുമ്പോള്‍ മനസ്സിലാകുന്നത്. വെറും രണ്ടുവര്‍ഷം കൊണ്ട് വല്യ ഒരു ശതമാനം തുക കള്ളനോട്ട് രാജ്യത്തുണ്ട് എന്ന് പറയുന്നതിലെ ന്യായവാദം അതല്ലെങ്കില്‍ ദുര്‍ബലപ്പെടുന്ന ഒരുവാദം മാത്രമാണ്. 2005-നു മുന്‍പുള്ള സീരീസിന്റെ പിന്‍വലിക്കലിന്റെ തുടര്‍ച്ചയായി പുതിയ നോട്ടുകള്‍ സര്‍ക്കാരിന് ഇറക്കാം എന്നിരിക്കെയാണ് അഞ്ഞൂറും ആയിരവും നോട്ടുകള്‍ ഒറ്റ രാത്രികൊണ്ട് അസാധുവാക്കി പിന്‍വലിച്ചത്.

xdfdfd

മൊറാര്‍ജി ദേശായിയുടെ നയത്തിന് വിപരീതമായി കള്ളനോട്ട് ചെറുക്കാന്‍ ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയത് നിലവിലുള്ള സംഖ്യകളേക്കാള്‍ വലിയ സംഖ്യയിലുള്ള നോട്ടാണ്. ഇത് സാധാരണക്കാരെ കൂടുതല്‍ വലക്കുന്ന തീരുമാനമാണ്. കാരണം കള്ളപ്പണം വലിയ കാശുകാര്‍ നടത്തുന്ന ഇടാപാടാണെങ്കില്‍ വലിയസംഖ്യയുടെ അവതരണം ഇവരെ കൂടുതല്‍ സഹായിക്കില്ലേ എന്ന ചോദ്യമാണ് എല്ലാ ഭാഗത്ത് നിന്നും സ്വാഭാവികമായി ഉയര്‍ന്ന് വന്നത്. ഇതിന്റെ യുക്തി അതുകൊണ്ടുതന്നെ സംശയാസ്പദമാണ്. മറ്റൊരുപ്രശനം ജനങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഉപയോഗിച്ചിട്ടില്ലാത്ത, ഇറക്കിയിട്ടില്ലാത്ത കറന്‍സി മൂല്യമായ രണ്ടായിരം രൂപ ആദ്യമായി അവതരിപ്പിക്കുകയാണ്. നോട്ടിന്റെ നിറം പോകുന്നത് മുതല്‍ അതിലെ സുരക്ഷ ക്രമീകരണങ്ങളിലെ വീഴ്ചയായ അക്ഷരതെറ്റ് വരെ ജനങ്ങളുടെ വിശ്വാസ്യത പ്രഥമ ദൃഷ്ടിയാല്‍ പ്രതികൂലമാക്കുകയാണ്. ഇവിടെ രണ്ടായിരം എന്ന പുതിയ ഡിനോമിനേഷന്‍ എത്ര ഗുണകരമാകുമെന്നത് ഈ സന്ദര്‍ഭത്തില്‍ സംശയാസ്പദമാണ്. അഞ്ഞൂറ് രൂപയേയും പുതിയ രൂപത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് പ്രായോഗികമായും സ്വാഗതാര്‍ഹമാണ്. എന്നാല്‍ ആയിരം രൂപ പാടെ ഇല്ലാതാക്കിയത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. കള്ളനോട്ട് ഇല്ലായ്മ ചെയ്യുകയും അതുവഴി രാജ്യത്തിലെ കള്ളപ്പണം ഇല്ലായ്മ ചെയ്യുക എന്ന സര്‍ക്കാരിന്റെ പ്രാഥമിക ഉദ്ദേശം ഇതിനാല്‍ പരിശോധിക്കേണ്ടതുണ്ട്. കള്ളനോട്ടും കള്ളപ്പണവും തമ്മിലുള്ള അന്തരത്തെ കുറിച്ചുള്ള ചര്‍ച്ച പലപ്പോഴും വഴിപിരിയുന്നത് ഇവിടെയാണ്.

കള്ളപ്പണവും കള്ളനോട്ടും

നവംബര്‍ എട്ടാം തിയതി അര്‍ധരാത്രിയോട് കൂടി നിലവില്‍ വന്ന അഞ്ഞൂറ് ആയിരം രൂപ ഡിനോമിനേഷന്റെ നിരോധനത്തെ "സാമ്പത്തിക ശസ്ത്രക്രിയ" (surgical strike) എന്നാണ് സര്‍ക്കാരും അനുകൂലികളും വിളിച്ചത്. കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനെ ഇതിന് പ്രേരിപ്പിച്ചത് എന്നതാണ് ഔദ്യോഗിക പക്ഷം. രാജ്യത്ത് ട്രക്ക് കണക്കെ കള്ളനോട്ടുകള്‍ പാകിസ്ഥാന്‍ ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങള്‍ വഴി ഇന്ത്യയില്‍ എത്തുന്നുവെന്നും അതുവഴി രാജ്യവ്യാപകമായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നു എന്നുമാണ് മറ്റൊരു ഔദ്യോഗിക ഭാഷ്യം. എന്നാല്‍ ജനുവരി 2016-ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഏകദേശം 30000 കോടി രൂപയുടെ 1000 വും 500 ഉം നോട്ടുകള്‍ സെക്യൂരിറ്റി മാനദണ്ഡങ്ങളില്‍ പിഴവ് വരുത്തി സമ്പദ്‌വ്യവസ്ഥയില്‍ പ്രചരിപ്പിച്ചു എന്നവാര്‍ത്തയും ശക്തമാണ്. ഇത് ആര്‍ബിഐ സമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേരത്തെ സൂചിപ്പിച്ച ചുരിങ്ങിയ കാലം കൊണ്ടുള്ള നോട്ട്വ്യാപനത്തില്‍ ഈ സര്‍ക്കാര്‍ പിഴവിന്റെ പങ്ക് വ്യക്തമാണ് എന്ന് ഇതിനാലാണ് നിരൂപകര്‍ വിലയിരുത്തുന്നത്. ഇത്തരം വാര്‍ത്തകളുടെ രത്നച്ചുരുക്കം രാജ്യത്തില്‍ കള്ളനോട്ട് വ്യാപകമാണ് എന്നതാണ്.

കള്ളനോട്ടിനെതിരെയുള്ള സര്‍ക്കാര്‍ നിലപാട് കൂടുതല്‍ ഭദ്രമായ പുതിയ നോട്ട് കൊണ്ടുവരിക എന്നുള്ളതാണ്. ആ നിലപാട് സ്വാഗതാര്‍ഹവുമാണ്. പുതിയ നോട്ടിന്റെ പ്രചാരം ഒരുപരിധിവരെ കുറഞ്ഞ കാലത്തേക്കെങ്കിലും കള്ളനോട്ടിന് തടയിടും എന്നതില്‍ തര്‍ക്കമില്ല. ഇതില്‍ നാം നേരത്തെ ഉന്നയിച്ചത് പ്രകാരം കള്ളനോട്ട് സാധ്യത പര്‍വ്വതീകരിക്കപ്പെട്ട അത്ര ഇല്ലെങ്കില്‍ കൂടിയും പുതിയനോട്ടുകള്‍ ഒരു ചെറിയ കാലത്തേക്കെങ്കിലും വലിയ തോതില്‍ കള്ളനോട്ടുകളെ തടയും. ഈവാദമാണ് പലരും ഉന്നയിക്കുന്നതും. ഈ വാദത്തിന് തന്നെ അപവാദമായിക്കൊണ്ട് കേവലം ഒരുമാസം കൊണ്ടുതന്നെ വലിയതും പുതിയതുമായ നോട്ടുകള്‍ കള്ളനോട്ടായി പ്രചരിച്ച് തുടങ്ങി എന്ന വാര്‍ത്തകളും ആശങ്കാജനകമാണ്. ഡിമോണിറ്റൈസേഷന്‍ കള്ളപ്പണം ഇല്ലായ്മ ചെയ്യും എന്ന വാദത്തിന്റെ കാതല്‍ കള്ളനോട്ട് ഒര് ശേഖരമാണ് എന്ന കാഴ്ചപ്പാടാണ്. കള്ളനോട്ട് പുതിയ നോട്ട് വരുമ്പോള്‍ ഇല്ലാതാകും എന്ന് വാദിക്കുന്നതും പുതിയ നോട്ടിലൂടെ ഈ ശേഖരത്തെ മൂല്യമറ്റതാക്കും എന്ന പ്രതീക്ഷയിലാണ്. യഥാര്‍ത്ഥത്തില്‍ അതാണോ പ്രശ്നം എന്നത് അതുകൊണ്ട് തന്നെ വിശദീകരിക്കേണ്ടതുണ്ട്.

കള്ളപ്പണം ഒരു ശേഖരമാണെന്നും ആളുകള്‍ ഈ പണം ഭദ്രമായി തങ്ങളുടെ പെട്ടികളിലും മറ്റ് വ്യത്യസ്ത സ്വരൂപണ രൂപങ്ങളിലും മാറ്റിസൂക്ഷിക്കും എന്ന വാദമാണ് പണത്തിന്റെ മൂല്യമില്ലാതാക്കലിന്റെ ആദ്യനാളുകളില്‍ സര്‍ക്കാര്‍ വൃന്ദങ്ങള്‍ പറഞ്ഞുപരത്തിയത്. ഇങ്ങനെ വരുന്ന പണത്തിന്റെ അളവ് കള്ളപ്പണത്തിന്റെ പകുതിയോളം വരുമെന്നുമാണ് പലരും വിദ്വാന്മാരും കണക്കാക്കിയത്. നാളിതുവരെയുള്ള കള്ളനോട്ടുകളുടെ പിടിത്തം പരിശോധിക്കുകയാണെങ്കില്‍ മറു കാഴ്ചയാണ് സമ്മാനിക്കുന്നത്. അപ്പോള്‍ തത്വത്തില്‍ കള്ളപ്പണം സൂക്ഷിക്കുന്നത് ഒര് ശേഖരമായല്ല എന്ന് വ്യക്തമാണ്. ഇതൊരു ഒഴുക്കാണെന്നതാണ് (flow) വാസ്തവം. ഒരു വസ്തു കച്ചവടത്തിന്റെ (property sale) കണക്ക് പരിശോധിച്ചുകൊണ്ട് ഇതിനെ പരിശോധിക്കാം. ഇന്നത്തെ നിലയില്‍ അന്‍പത് ലക്ഷം വിലയുള്ള (buying rate) വസ്തുവിന് പ്രമാണം രേഖപ്പെടുത്തുമ്പോള്‍ ഇരുപത്തഞ്ച് ലക്ഷം (market rate) വയ്ക്കുകയും വില്പനക്കാര്‍ വാങ്ങുന്നവരില്‍ നിന്നും അമ്പത് ലക്ഷം വാങ്ങുകയും ചെയ്‌താല്‍ പ്രമാണ രേഖയിലില്ലാത്ത തുക നികുതി വെട്ടിച്ച തുകയാണ്. ഇത് സര്‍ക്കാര്‍ കണക്കില്‍ പെടില്ല. സര്‍ക്കാര്‍ കണക്കനുസരിച്ച് വെള്ളപ്പണം അമ്പത് ശതമാനവും കള്ളപ്പണം അമ്പത് ശതമാനവുമാണ്.

ഈ അമ്പത് ലക്ഷത്തിന്‍റെ ഇടപാട് മൊത്തമായി കണക്കാക്കിയാല്‍, ഉദാഹരണത്തിന് അമ്പത് ലക്ഷം നല്‍കിയ ആള്‍ ഒരു വിദേശ മലയാളി എന്നിരിക്കട്ടെ. ഈ തുകമുഴുവനും ഒന്നാമത്തെ പീരിഡില്‍ വെള്ളപ്പണമാണ് അഥവാ സര്‍ക്കാര്‍ കണക്കില്‍ പെട്ടതാണ് (ബാങ്ക് വഴി വന്നെതെന്ന് വയ്ക്കാം). എന്നാല്‍ ഇത് വാങ്ങിയ ആളുടെ കണക്കില്‍ ഈ തുക മുഴുവനും വരുന്നില്ല ബാക്കി തുക കള്ളപ്പണവും കരം നല്‍കി പ്രമാണത്തില്‍ കാണിച്ച തുക വെള്ളപ്പണവുമാണ്. രണ്ടാമത്തെ പീരിഡില്‍ പകുതി ക്രയവിക്രം കണക്കില്‍ പെട്ടതും പകുതി കണക്കില്‍ പെടാത്തതുമായി വരുകയും കള്ളപ്പണം (Balack Money/Economy) നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്നു. ഇത് ഓരോ ക്രയവിക്രയവും കഴിയുമ്പോള്‍ അടിസ്ഥാനപരമായി ഇതിന്റെ ഇന്‍ക്രിമെന്റല്‍ ഓഹരി വര്‍ധിച്ചുവരുന്നു. ആയതിനാല്‍ കള്ളപ്പണം എന്നത് ഒരിക്കലും ഒരുശേഖരമായി വിലയിരുത്താനാവില്ല.

രാജ്യത്തെ മൊത്തം ക്രയവിക്രയം ശ്രദ്ധിച്ച് മനസ്സിലാക്കുന്ന പക്ഷം ശേഖരത്തെ നേരിടാന്‍ ഉതകുന്ന പണമൂല്യത്തിന്റെ താല്‍കാലിക പിന്‍വലിക്കല്‍ മൊത്തം പ്രവര്‍ത്തനത്തിന്റെ ഒരറ്റം മാത്രമെ തൊടുന്നുള്ളു. ഇത് തെറ്റെന്നല്ല. മറിച്ച് ഇതിന് നല്‍കുന്ന വില വളരെ വലുതെന്നാണ് ക്രൂഗ്മാനെപോലുള്ള നോബല്‍ സമ്മാനാര്‍ഹരായ സാമ്പത്തിശാസ്ത്രജ്ഞരും പ്രഭാത്പട്നായിക്കിനെ പോലുള്ള സാമ്പത്തിക-രാഷ്ട്രീയ നിരീക്ഷകരും നടത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് അമര്‍ത്യസെന്നും മന്‍മോഹന്‍സിങ്ങും ഈ നയത്തെ അപക്വം എന്ന് വിശേഷിപ്പിച്ചത്.

ഇനി കള്ളപ്പണം ഉന്മൂലനം ചെയ്യുകയാണ് സര്‍ക്കാരിന്റെ ഉദ്യമം എങ്കില്‍ എല്ലാ കള്ളപ്പണവും കള്ളനോട്ടല്ല എന്ന് പറഞ്ഞല്ലോ. പകരം എല്ലാ കള്ളനോട്ടും കള്ളപ്പണമാണുതാനും. കള്ളപ്പണത്തിന്റെ കേവലം ആറ് ശതമാനമേ പണത്തിന്റെ രൂപത്തില്‍ കള്ളപ്പണക്കാര്‍ സൂക്ഷിക്കുന്നുള്ളൂ എന്നാണ് പല കണക്കുകളും പറയുന്നത്. ഇതൊക്കെ കൃത്യമാണോ എന്ന് ചോദിച്ചാല്‍ ഒരു വ്യക്തതയുമില്ല എന്നുവേണം മാനസിലാക്കാന്‍. കാരണം കള്ളപ്പണത്തെ തന്നെ മനസ്സിലാക്കാന്‍ നമുക്ക് വ്യക്തമായ മാര്‍ഗ്ഗമോ രേഖകളോ ഇല്ല. 2007-ലെ ലോകബാങ്കിന്റെ കണക്കുകളാണ് പലപ്പോഴും ഗവേഷകര്‍ അവലംബിക്കുന്നത്. എന്നാല്‍ എന്ത് മാനദണ്ഡത്തിലാണ് ഈ പഠനം എന്നത് സുതാര്യമല്ലതാനും. ഇതാണ് പൊതുവില്‍ കള്ളപ്പണത്തിന്റെ പ്രശനം. ലോകബാങ്കിന്റെ കണക്ക് തന്നെ എടുത്ത് പരിശോധിക്കുകയാണെങ്കില്‍ ഇന്നത്തെ ഇന്ത്യയുടെ മൊത്ത ഉല്പന്നമൂല്യത്തിന്റെ നാലിലൊന്ന് വരും. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായ സുബ്ബറാവു ചൂണ്ടിക്കാണിക്കുന്നത് ഏകദേശം 500 ബില്യന്‍ ഡോളര്‍ മൂല്യം ഇതിന് വരുമെന്നാണ് (ഇന്ത്യയുടെ മൊത്തം ആഭ്യന്തരം ഉത്പാദനത്തിന്റെ മൂല്യം ഏകദേശം രണ്ട് ട്രില്യന്‍ ഡോളര്‍ ആണ്).

ഇന്ത്യയുടെ കള്ളപ്പണത്തെക്കുറിച്ച് ദീര്‍ഘകാല ഗവേഷണം നടത്തിയ അരുണ്‍കുമാര്‍ അഭിപ്രായപ്പെടുന്നത് 2013-ല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 60 ശതമാനം കള്ളപ്പണം എന്നാണ്. അത് 2016 ആകുമ്പോള്‍ 70 ശതമാനമായി വര്‍ദ്ധിച്ചതായി ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതില്‍ കള്ളനോട്ടിന്റെ വര്‍ദ്ധനവ് കേവലം 3 ശതമാനം മാത്രമാണ് എന്നാണു കാരവന്‍ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അരുണ്‍കുമാര്‍ അഭിപ്രായപ്പെടുന്നത്. ഉദാരവത്കരണത്തിന് ശേഷമുള്ള ഇന്ത്യയിലെ കള്ളപ്പണത്തെക്കുറിച്ചുള്ള പെന്‍ഗിന്‍ പ്രകാശനം ചെയ്ത പുസ്തകത്തില്‍ ഇതിന്റെ മാതൃക വിശദമായി സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ കറന്‍സി കൊണ്ടുവന്നതിലൂടെയോ അക്കൗണ്ടിങ് സുതാര്യമാക്കിയതു കൊണ്ടോ കള്ളപ്പണം ഇല്ലാതാകണമെന്നില്ല. സ്ഥിതിവിവര കണക്കുകളും അപ്രകാരമാണ് ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ തന്നെ കള്ളപ്പണത്തിന്റെ സമാഹരണം കേവലം കള്ളനോട്ടില്‍ ഒതുങ്ങുന്ന ഒന്നല്ല.

കള്ളപ്പണം പൂഴ്ത്തി വയ്ക്കുന്നവരുടെ നടപടിയെ എത്തരത്തിലാണ് ശരിപ്പെടുത്തുന്നത് എന്നത് തികച്ചും അവ്യക്തമാണ്. ഇതില്‍ നിന്നും ഒരുപടി മുന്നോട്ടു പോയാണ് പ്രഭാത് പട്നായിക് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. വലിയ മൂല്യമുള്ള പണം രാജ്യത്തെ ഇടപാടുകളില്‍ കള്ളപ്പണവും കള്ളനോട്ടും വ്യാപകമാക്കുമെങ്കില്‍ സര്‍ക്കാരിന്റെ പ്രതിവിധിയായി വന്നിരിക്കുന്നത് നിലവിലുള്ളതിനേക്കാള്‍ വലിയ സംഖ്യയായ രണ്ടായിരമാണ്. ഇത് കള്ളപ്പണത്തെ നിര്‍മാര്‍ജ്ജനം ചെയ്യാനാണ് എന്നവാദത്തെ സംശയത്തിന്റെ മുനയിലാക്കുന്നു. അതിനാല്‍ സര്‍ക്കാരിന്റെ കള്ളപ്പണത്തിനെതിരെയുള്ള സമരം എന്നത് അവിശ്വസനീയവും സാമ്പത്തിക യുക്തിക്ക് നിരക്കാത്തതുമാണ്. ഈ വാദത്തെ അനുകൂലിക്കുന്നതാണ് ആര്‍ബിഐ പുറത്തുവിട്ട തിരിച്ചുപിടിക്കപ്പെട്ട 500, 1000 രൂപയുടെ വിവരം. അതായത് ആര്‍ബിഐയുടെ 2016 മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം രാജ്യത്തെ മൊത്തം പണമിടപാട് 16.42 ലക്ഷം കോടിയാണ്. ഇതില്‍ 14.18 ലക്ഷം കോടിരൂപ (86%) 500, 1000 രൂപ നോട്ടാണ്. ഈ സംഖ്യയുടെ 11 ലക്ഷം കോടി രൂപ ഇതിനോടകം ബാങ്കുകളില്‍ തിരിച്ചെത്തി എന്നാണ് റെവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തത് (ഇന്ത്യന്‍ എക്സ്‌പ്രസ് 07/12/2016). ഈ തുക 500, 1000 നോട്ടുകളുടെ ഏകദേശം 80% വരും. ബാങ്കുകള്‍ ആര്‍ബിഐയില്‍ സൂക്ഷിക്കുന്ന കരുതല്‍ ധനം (Cash Reserve Ratio) ഏകദേശം 4.06 ലക്ഷം കോടിയാണ് എന്ന് നവംബര്‍ 8 ലെ കണക്കില്‍ ആര്‍ബിഐ കാണിക്കുന്നുണ്ട്. ഇതില്‍ ഏറിയപങ്കും വലിയ സംഖ്യ നോട്ടിലാണ് എന്ന് നവംബറിലെ ആര്‍ബിഐവീക്കിലി ബുള്ളറ്റിനില്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ എവിടെയാണ് കള്ളപ്പണം എന്നത് പ്രസക്തമാണ്. സര്‍ക്കാരിന്റെ വാദം കേവലവാദം മാത്രമാണ് എന്ന് ആരെങ്കിലും വാദിച്ചാല്‍ കണക്കുകള്‍ നിരത്തിയാലും പ്രതിരോധിക്കുക അസാധ്യമാണ്. മൊറാര്‍ജി ദേശായി തന്റെ ഡിമോണിറ്റൈസേഷന്‍ പ്രക്രിയയിലൂടെ കള്ളനോട്ട് മാത്രമല്ല കള്ളപ്പണത്തിനെ ഇല്ലാതാക്കുന്ന വ്യവ്‌സഥയാണ് നിലവില്‍ വരുന്നത് എന്നഭിപ്രായപ്പെട്ടപ്പോള്‍ ആര്‍ കെ ലക്ഷ്മണ്‍ വരച്ച കാര്‍ട്ടൂണ്‍ ഇതുകൊണ്ട് തന്നെ വളരെ വാചാലമാണ് (ചിത്രം കടപ്പാടുകളോടെ ചുവടെ). ഈ ചിത്രത്തെ അന്വർത്ഥമാക്കുന്ന കാഴ്ചയാണ് ഒരുമാസം പിന്നിടുന്ന ഡിമോണിറ്റൈസേഷന്‍ നല്‍കുന്നത്.

xdfdfd

കള്ളനോട്ടുകള്‍ ഒരു പുതിയ കറന്‍സി കൊണ്ടുവരുന്നതിലൂടെയോ അല്ലെങ്കില്‍ നിലവിലുള്ള കറന്‍സിയുടെ സ്വഭാവം മാറ്റുന്നതിലൂടെയോ ഇല്ലായ്മ ചെയാവുന്നതാണ് എന്നത് ലളിത യുക്തിയാണ്. ഇതിനായി നിലവിലുള്ള കറന്‍സി ഒറ്റ രാത്രികൊണ്ടോ അല്ലെങ്കില്‍ വലിയ ജനശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടോ അല്ലാതേയോ ചെയ്യാവുന്നതാണ്. അതിനെ ഒരു രാഷ്ട്രീയ നയത്തിനപ്പുറം കാണുക അതിനാല്‍ സാധ്യമല്ല. ഇതിനെ കള്ളപ്പണ വിമുക്ത ഇന്ത്യ സൃഷ്ടിക്കുന്നതിന് ഉപയോഗിക്കാവുന്ന ഉപകരണമായി കാണുക എന്നത് എത്രകണ്ട് യുക്തിയുക്തമാണ് എന്നതും സന്ദിഗ്‌ദ്ധമാണ്. കാരണം രാജ്യത്തിന്റെ മൊത്തം വിനിമയത്തിന്റെ ഏറിയപങ്കും പണ ഇടപാടിനെ ആശ്രയിച്ചിരിക്കുമ്പോള്‍, രാജ്യത്തിന്റെ വലിപ്പവും വ്യത്യസ്ഥതകളും അംഗ സംഖ്യാ ബലവും കണക്കിലെടുക്കുമ്പോള്‍ മേല്‍പ്പറഞ്ഞ രണ്ടുവസ്തുതകളുടെയും വിജയം ദുഷ്കരമാണ്. അതാണ്‌ വര്‍ത്തമാന വിവരങ്ങള്‍ അടയാളപ്പെടുത്തുന്നതും.

മൂല്യനിരോധനവും പുതിയ നോട്ടിനായുള്ള വരിയും

നവംബര്‍ പത്തിന് തുടങ്ങി ഇരുപത്തിനാലിന് അവസാനിച്ച പണം മാറ്റിവാങ്ങല്‍ പരിപാടിയും പിന്നെയും തുടരുന്ന പണം അക്കൗണ്ടില്‍ നിക്ഷേപിക്കലും (ഡിസംബര്‍ 31 വരെ) രാജ്യത്തു സമ്മാനിച്ചത് നൂറുകണക്കിന് മീറ്റര്‍ നീളമുള്ള വരികളാണ്. ദിവസങ്ങളോളം തൊഴില്‍-ഉപജീവന മാര്‍ഗ്ഗങ്ങള്‍ ത്യജിച്ചുള്ള ഈ വരിനില്‍ക്കല്‍ ഏകദേശം നൂറോളം ജീവനുകളും അപഹരിച്ചു.

xdfdfd

ഇത്തരം ക്യൂകളുടെ ഗതി ആദ്യ അഞ്ചുദിവസത്തിനുള്ളില്‍ 25 പേരുടെ ജീവനും (ഹഫിംഗ്ടന്‍ പോസ്റ്റ്) ഒരാഴ്ച കൊണ്ട് 33 പേരുടെ ജീവനും (ഇന്ത്യന്‍ എക്സ്‌പ്രസ്) പത്ത് ദിവസം കൊണ്ട് 55 ആയും (ഹഫിംഗ്ടന്‍ പോസ്റ്റ്) ജീവന്‍ അപഹരണ റിപോര്‍ട്ടുകള്‍ പുറത്ത് വന്നു. ഈ മനുഷ്യ കുരുതിയെക്കുറിച്ച് നവംബര്‍ ഇരുപത്തി ഒന്നിന് പാര്‍ലമെന്റില്‍ ചര്‍ച്ചയായപ്പോള്‍ അത് ഏകദേശം എഴുപത് ആയി എന്നാണ് പ്രതിപക്ഷ പാര്‍ടികള്‍ ചൂണ്ടികാണിച്ചത് (ദി ഹിന്ദു).

രാജ്യത്തെ ഈ നീണ്ട ക്യൂ വിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചര്‍ച്ചകള്‍ പൊതുമണ്ഡലത്തില്‍ കാണാന്‍ സാധിക്കും. ഇതിനെ അനുകൂലിച്ചവര്‍ പ്രധാനമായും ഉന്നയിച്ചത് രാജ്യ പുരോഗതിക്കല്ലെ കുറച്ച് ത്യാഗം ചെയ്തേ മതിയാകു എന്ന ക്ളീഷേയാണ്. രാജ്യം രക്ഷിക്കാന്‍ പട്ടാളക്കാര്‍ അതിര്‍ത്തിയില്‍ കഷ്ടപ്പെടുന്നു അതിനാല്‍ സാധാരണ പൗരര്‍ ഇത്തരത്തില്‍ വല്ലപ്പോഴും ത്യാഗപൂര്‍ണ്ണമാകുന്നതില്‍ തെറ്റില്ല എന്നാണ്. സദ്മൂല്യം (Moral(ity)-values) എന്ന കാഴ്ചയില്‍ ഇത് ശരിയുമാണ്. ഇതിലെ വിയോജനക്കുറിപ്പ് വരുന്നത് വിവേകത്തിലൂടെ ചിന്തിക്കുമ്പോഴാണ്. രാജ്യം ഒരാപത്ഘട്ടത്തില്‍ ആയാല്‍ പൗരരെ സംരക്ഷിക്കുന്ന നടപടിയാണ് പട്ടാളക്കാര്‍ ചെയ്യുന്നത്. അതാണ് അവരുടെ ചുമതലയും. ഇത് പ്രത്യുപകാരം സ്വീകരിച്ച് കൊണ്ടുള്ള ഒരു നടപടികൂടിയാണ്. ഇതേ അതിര്‍ത്തിയില്‍ ത്യാഗപൂര്‍ണ്ണമായ സേവനം അനുഷ്ടിച്ച പട്ടാളക്കാരന്‍ ക്യൂവില്‍ നില്‍ക്കുകയും ആത്മഹത്യ ചെയ്യുകയും ചെയ്ത സാഹചര്യം ഡിമോണിറ്റൈസേഷന്‍ സംജാതമാക്കിയിരിക്കുന്നു എന്നതും ചരിത്രത്തിലെ വൈപരീത്യമാണ്. പട്ടാളത്തിന്റെയും മറ്റും ഉപമയുടെ കണ്ണട മാറ്റി പച്ചയായി പൗര സമൂഹത്തെ കാണുകയാണെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാകും എന്നാണ് ഇത്തരം വാദങ്ങള്‍ക്ക് മറുപടി.

പൗരസമൂഹം അനുഭവിക്കുന്ന ക്ലേശങ്ങളുടെ പട്ടികയില്‍ പ്രത്യുപകാരം ഇല്ല എന്നുമാത്രമല്ല രാജ്യപുരോഗതിക്ക്‌ മുതല്‍ക്കൂട്ട് ആകേണ്ടുന്ന ഉത്പാദന-ഉപഭോഗ-സേവന പ്രവര്‍ത്തനങ്ങളെ പ്രതിരോധത്തിലാക്കിയാണ് ഈ നീണ്ട നിര. ഇത് പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഡിമോണിറ്റൈസേഷന്‍ നയത്തിന്റെ പ്രായോഗികത ചരിത്രപരമായ പരിശോധനയില്‍ ഉദ്ദേശലക്ഷ്യം കൈവരിക്കുന്നതില്‍ സഹായകമല്ല എന്നാണ് മനസ്സിലാകുന്നത്. ഈ പശ്ചാത്തലത്തിലാണ് നീണ്ടവരികളും സാധാരണ പൗരരുടെ കഷ്ടതകളും രാജ്യ പുരോഗതിയെ ലക്ഷ്യം വച്ചുള്ളതാണ് എന്ന തത്വം സംശയിക്കപ്പെടുന്നത്. രാജ്യത്തിന്റെ വളര്‍ച്ചതന്നെ മന്ദഗതിയിലാക്കുന്നു എന്നുള്ള റിപോര്‍ട്ടുകള്‍ ഈ സംശയങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. നിരൂപണാത്മകമായി വേണം ഈ തീരുമാനത്തെ കാണേണ്ടത് എന്ന പക്ഷമാണ് അക്കാദമികമായ ശരി. ഉല്‍പാദന-ഉപഭോഗ മേഖലകളിലെ ഇടിവും സാമ്പത്തിക പ്രതിസന്ധിയുമൊക്കെ കലശലാകുന്നു എന്നവാദം അതുകൊണ്ട് തന്നെ പരിശോധിക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ ഇന്ത്യയിലെ ഡിമോണിറ്റൈസേഷന്‍ ചരിത്രപരമായ ഒരു കാല്‍വയ്പ്‌ തന്നെയായിരിക്കും എന്നതിലും തര്‍ക്കമില്ല. ആഭ്യന്തര സാമ്പത്തിക പ്രതിസന്ധിയെകുറിച്ച് പരാമര്‍ശിക്കുന്നതിന് മുന്‍പ് എന്താണ്/എങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ ഡിമോണിറ്റൈസേഷന്‍ അനുഭവങ്ങള്‍ എന്ന് വ്യക്തമാക്കുന്നത് വിഷയത്തിലേക്കുള്ള നമ്മുടെ കാഴ്ചയെ കൂടുതല്‍ സുതാര്യമാക്കും.

നാണയ മൂല്യം ഇല്ലാതാക്കിയ രാജ്യങ്ങളുടെ അനുഭവം

ഇന്ത്യയുടെ 2016 നവംബര്‍ പണമൂല്യം പിന്‍വലിക്കുന്നത് ആദ്യമല്ല എന്ന് പറഞ്ഞല്ലോ. പല രാജ്യങ്ങളും നാണയ മൂല്യം ഇല്ലാതാക്കിയ അനുഭവങ്ങളും സമീപകാലത്തുണ്ടായിട്ടുണ്ട്. അതില്‍ പ്രധാനമാണ് മ്യാന്‍മര്‍ (1964, 1985, 1987 & 2015), ഘാന (1982), നൈജീരിയ (1984), സോവിയറ്റ് യൂണിയന്‍ (1991), ഓസ്ട്രേലിയ (1992-1996), സയര്‍ (1993-1997), നോര്‍ത്ത് കൊറിയ (2010), സിംബാബ്‌വെ (2015), ഫിലിപ്പൈന്‍സ് (2015) പാകിസ്ഥാന്‍ (2016), തുടങ്ങിയ രാജ്യങ്ങള്‍. ഇതില്‍ നമ്മുടെ അയല്‍ രാജ്യങ്ങളായ മ്യാന്‍മാറും പാകിസ്ഥാനും ഉണ്ട് എന്നത് ഇന്ത്യക്കാര്‍ക്ക് കൂട്ടായി. ഇതില്‍ പ്രത്യേക പാഠമായി ഉള്‍കൊള്ളാവുന്നത് മ്യാന്‍മാറിലെ 1987 ലെ ഡിമോണിറ്റൈസേഷന്‍ രാജ്യത്തെ 80 ശതമാനം വരുന്ന പണത്തിന്റെ മൂല്യം അസാധുവാക്കിയ സാഹചര്യമാണ്. കള്ളനോട്ട് ഇല്ലായ്മ ചെയ്യുക എന്ന ഉദ്ദേശമാണ് 1964, 1985, 1987, 2015 ലും പണം അസാധുവാക്കലിലൂടെ മ്യാന്മാറില്‍ ലക്ഷ്യം വച്ചത്. ഇപ്പോഴത്തെ ഇന്ത്യ ഗവണ്മെന്റ് പറയുന്ന രീതിക്ക് സമാനമായി ഇവിടെ പണം പിന്‍വലിച്ചിരുന്നു എന്നതാണ് ഈ പ്രത്യേക പരാമര്‍ശത്തിന് ഹേതു. എന്നാല്‍ ഈ സമീപനത്തിലൂടെ രാജ്യത്തെ പണ ഇടപാടുകളെയോ കള്ളപ്പണത്തെയോ വേണ്ടത്ര പ്രതിരോധിക്കാന്‍ മ്യാന്മാറിന് കഴിഞ്ഞില്ല എന്നാണ് ഈ രാജ്യത്തിന്‍റെ ചരിത്രം സൂചിപ്പിക്കുന്നത്.

പാകിസ്ഥാന്‍ നോട്ട് മൂല്യം ഇല്ലാതാക്കുന്ന വിളംബരം ഒന്നര വര്‍ഷം മുന്‍പ് നല്‍കിയിരുന്നു. രാജ്യത്തെ എല്ലാ പഴയ ഡിസൈന്‍ നോട്ടും മാറ്റുക എന്നതാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. 2016 ഡിസംബര്‍ ഒന്ന് മുതല്‍ പൂര്‍ണ്ണതോതില്‍ നിലവില്‍ വന്ന ഈ നോട്ടു മാറ്റലിനെ രാഷ്ട്രീയമായി വൈരികളായി തുടരുന്ന ഇന്ത്യ പാകിസ്ഥാനെ കടത്തിവെട്ടി ഒരുമാസം മുന്‍പ് ഈ നേട്ടം കൈവരിച്ചു എന്നുകൂടി ചില റിപ്പോര്‍ട്ടുകള്‍ സംശയിക്കുന്നു. ഇതില്‍ കാര്യമാത്ര പ്രസക്തിയില്ലെങ്കിലും കള്ളനോട്ട് പ്രതിപ്പട്ടികയില്‍ നില്‍കുന്ന പാക്കിസ്ഥാന്‍ പുതിയ കറന്‍സി സ്വീകരിക്കുമ്പോള്‍ ഇന്ത്യ ഇതിനെ വളരെ മുന്‍പുതന്നെ സ്വീകരിക്കണം എന്നത് ദേശീയതയുടെ കാലത്തെ അനിവാര്യതയാണ് എന്ന് നേരത്തെ സൂചിപ്പിച്ച റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഉത്തര കൊറിയ 2010-ല്‍ നോട്ട് അസാധു ആക്കിയിരുന്നെങ്കിലും ഈ നീക്കത്തില്‍ ഉത്തര കൊറിയക്ക് വന്‍ പരാജയമാണ് ഉണ്ടായത്. കിംജോങ് ഇൽ രാജ്യത്തിന്റെ ധനകാര്യ മന്ത്രിയെ വിചാരണ ചെയ്തുകൊണ്ടാണ് ഇതിനോട് ക്ഷമാപണം നടത്തിയത്. ഒരു എകാധിപത്യ രാഷ്ട്രത്തിലെ എകാധിപതി അത്തരം നടപടി സ്വീകരിക്കുന്നതില്‍ തെല്ലതിശയം പോലും തോന്നുന്നില്ല. സോവിയറ്റ് യൂണിയനിലെ റൂബിളിന്റെ മൂല്യം ഇല്ലാതാക്കിയത് ഗോര്‍ബച്ചേവിന്റെ പതനത്തിലും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയിലുമാണ് കലാശിച്ചത്.

സിംബാബ്‌വേയിലും ഫിലിപൈന്‍സിലും ഇതുതന്നെയായിരുന്നു സ്ഥിതി. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിത ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുന്നതില്‍ പൂര്‍ണ്ണപരാജയമാണ് എന്ന് ഈ രാജ്യങ്ങളുടെ അവസ്ഥ മനസ്സിലാക്കുമ്പോള്‍ തെളിയുന്നുണ്ട്. ഘാനയിലും നൈജീരിയയിലും സയറിലും ആഭ്യന്തര കലാപവും അതിനെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയും ഭരണമാറ്റവുമാണ് പണമൂല്യത്തിന്റെ മാറ്റത്തിലൂടെ ഫലംകണ്ടത്. ഓസ്‌ട്രേലിയയില്‍ കള്ളനോട്ട് തടയുന്നതിനായി പ്ലാസ്റ്റിക് പേപ്പറില്‍ പുതിയ നോട്ട് പ്രിന്റ് ചെയ്യുകയും പഴയ പേപ്പര്‍ നോട്ടുകള്‍ പിന്‍വലിച്ച് പുതിയത് നടപ്പിലാക്കുന്നതിന് ഏകദേശം നാലുവര്‍ഷം വേണ്ടിവന്നു. ഇന്ത്യയുടെ രണ്ട് ശതമാനത്തില്‍ താഴെ മാത്രം വരുന്ന ജനസംഖ്യയില്‍ (കേരളത്തിന്‍റെ ഏകദേശം പകുതി ജനസംഖ്യ) പുതിയ നോട്ട് എത്തിക്കാനും പഴയതിനെ പിന്‍വലിക്കാനും നാലുവര്‍ഷം കൊണ്ടേ സാധിച്ചുള്ളു. ഇന്ത്യയേക്കാല്‍ പലമടങ്ങ് വികസനം സാധ്യമാക്കിയ രാജ്യം ചെയ്തത് അനുകരിച്ചാല്‍ പോലും വലിയ ഒരു കാലഘട്ടത്തിലൂടെയെ ഇതിനെ പ്രതിരോധിക്കുക സാധ്യമാകുകയുള്ളു. ഈ ദീര്‍ഘ കാല ആസൂത്രണങ്ങള്‍ ഉണ്ടായിട്ടും പുതിയനോട്ടുകള്‍ കള്ളനോട്ട് പ്രതിരോധിക്കുവാന്‍ ഫലപ്രദമായില്ല എന്നാണ് ആസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നിഗമനം.

ഇതൊക്കെ സൂചിപ്പിക്കുന്നത് പ്രധാനമന്ത്രി ആവശ്യപ്പെടുന്ന അന്‍പത് ദിവസം എന്നതിലേക്കടുക്കുമ്പോള്‍ നാം കൂടുതല്‍ സങ്കീര്‍ണ്ണവും രൂക്ഷവുമായ സാമൂഹിക സാമ്പത്തിക ഉപരോധത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് എന്ന വസ്തുതയാണ്. വ്യക്തമായ രൂപരേഖയോ ആസൂത്രണമോ ഇല്ലാതെ നാം മുന്നോട്ട് പോയാല്‍ കൂടുതല്‍ ഭീഗരമായ വര്‍ഷമായിരിക്കും 2017. ഡിസംബറിലെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കഷ്ടിയാണ് തൊഴിലാളികള്‍ക്കും മറ്റും ലഭിക്കുന്നത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പിന്‍വലിക്കേണ്ട തുകക്ക് വലിയ വിലക്കുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് മറ്റ് രാജ്യങ്ങളിലെ അനുഭവം പോലെതന്നെ ഇന്ത്യയിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയോ മാന്ദ്യമോ ആണ് ഫലത്തില്‍ പ്രതിഫലിപ്പിക്കുന്നത്.

മൂല്യനിരോധനവും സാമ്പത്തിക പ്രതിസന്ധിയും

ഡിമോണിറ്റൈസേഷന്‍ തീരുമാനവും ഇതുമൂലം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും പ്രത്യേകിച്ചും രാജ്യത്തെ പൗരരുടെ സമ്പത്ത് വിനിയോഗിക്കുന്നതിലുള്ള നിയന്ത്രണം ഉല്‍പാദന-ഉപഭോഗ മേഖലയെയും സേവന മേഖലയെയും ഒരുപോലെ പിന്നോട്ടടിക്കുന്നതായാണ് വളരെ ചുരുങ്ങിയകാലം കൊണ്ടുതന്നെ പല പഠനങ്ങളും വ്യക്തമാക്കുന്നത്. ഈ ചര്‍ച്ചകളുടെയും പഠനങ്ങളുടെയും കേന്ദ്രവാദങ്ങള്‍ നിലകൊള്ളുന്നത് കെയ്‌നീഷ്യന്‍ ഡിമാന്‍ഡ് മാനേജ്‌മെന്റിന്റെയും നിയോക്ളാസ്സിക്കല്‍ സപ്ലൈ മാനേജ്‌മെന്റിന്റെയും കാഴ്ചപ്പാടിലാണ്. രാജ്യത്തെ പുരോ-അധോ ഗതികള്‍ വിലയിരുത്തപ്പെടുന്നതും ഈ കണ്ണടയിലൂടെയാണ്. ഡിമോണിറ്റൈസേഷനെ കുറിച്ചുള്ള കാഴ്ച പ്രഗത്ഭരായുള്ള സാമ്പത്തിക ശാസ്ത്രജ്ഞരും വിലയിരുത്തുന്നത് മേല്പറഞ്ഞ സൈദ്ധാന്തിക തലങ്ങളിലൂടെയാണ്. അമര്‍ത്യസെന്‍, പോള്‍ക്രൂഗ്മാന്‍, പ്രഭാത്പട്നായിക്, മന്‍മോഹന്‍സിംങ്ങ്, കൗശിക്ബസു, രഘുറാംരാജന്‍ തുടങ്ങി നിരവധി പ്രഗത്ഭര്‍ ഇതിനോടകം പ്രതികരിച്ച് കഴിഞ്ഞു. കൂടാതെ അരുണ്‍ഷൂരിയെപോലുള്ള ബിജെപിയുടെ പണ്ഡിതന്മാര്‍ പോലും ഈ നടപടി സാമ്പത്തിക ഉയര്‍ച്ചക്ക് ഗുണപരമല്ല എന്ന കാഴ്ചയാണ് മുന്നോട്ട് വയ്ക്കുന്നത്. ഇതിന് കാരണം ഡിമോണിറ്റൈസേഷനിലൂടെ മുന്നോട്ടുവയ്ക്കപ്പെട്ട തത്വങ്ങളില്‍ ഏറെയും ഇത് നടപ്പാക്കിയ മിക്കവാറും രാജ്യങ്ങളിലും "ഡിമാന്‍ഡും സപ്ലൈയും പരിമിതപ്പെടുത്തുകമാത്രമാണ്" ഫലം എന്ന നിരീക്ഷണമാണ്. ഇതിന്‍റെ വിജയ പരാജയങ്ങള്‍ നേരത്തെതന്നെ പ്രതിപാദിച്ചിട്ടുണ്ട്.

അമര്‍ത്യസെന്‍ അഭിപ്രായപ്പെടുന്നത് ഡിമോണിറ്റൈസേഷനിലൂടെ നോട്ടുകള്‍ മാത്രമല്ല മോഡി സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിയിരിക്കുന്നത്. മറിച്ച്, ബാങ്ക് അക്കൗണ്ട്കളേയും സമ്പത്ത് വ്യവസ്ഥയുടെ പ്രതീക്ഷകളേയും വിശ്വാസത്തെയുമാണ് സര്‍ക്കാര്‍ തുരങ്കം വച്ചിരിക്കുന്നത്. യുക്തിപരമായി സര്‍ക്കാര്‍ വാദത്തെ നിര്‍വ്വചിക്കുകയാണെങ്കില്‍ "സ്വന്തം ജനങ്ങളെ മുഴുവന്‍ കള്ളന്മാര്‍ എന്ന് പൊതുവിശദീകരണം നല്‍കുന്ന" സര്‍ക്കാര്‍ എന്ന അവസ്ഥയാണ് ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നത്. ഇത് ജനായത്തവ്യവസ്ഥയെ മൊത്തത്തില്‍ ചോദ്യം ചെയ്യുന്നതും പ്രജാപീഢനത്തെ യുക്തിവല്കരിക്കുന്ന സ്വേഛാധിപത്യവുമാണ് എന്നാണ് സെന്നിന്റെ പക്ഷം. മറ്റൊരു നോബല്‍ സമ്മാനാര്‍ഹനായ ക്രൂഗ്മാന്‍ ഇതിനെ വിശേഷിപ്പിച്ചത് "സമ്പദ് വ്യവസ്ഥയില്‍ പിളര്‍പ്പുണ്ടാക്കുന്ന നടപടിയാണ്" ഇന്ത്യ ഗവണ്മെന്റും ആര്‍ബിഐ-യും ചെയ്തത്. ഇതൊക്കെ വിരല്‍ ചൂണ്ടുന്നത് രാജ്യം കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് കൂപ്പുകുത്തും എന്നാണ്.

കള്ളപ്പണത്തെക്കുറിച്ചു പട്നായിക്കിന്റെ അഭിപ്രായങ്ങള്‍ ശരിവയ്ക്കുന്നതാണ് കണക്കുകള്‍ എന്നത് ഡിമോണിറ്റൈസേഷനും സര്‍ക്കാരിന്റെ വാദങ്ങളും ദീര്‍ഘവീക്ഷണം ഇല്ലാത്തതാണ് എന്ന് തെളിയിക്കുന്നു. ഉദാഹരണത്തിന് ഇതുവരെ പിടിച്ചതായുള്ള കള്ള നോട്ടുകള്‍ വെറും 1.39 ലക്ഷം എണ്ണം മാത്രമാണ് ഇതിന്റെ മൂല്യം ഏകദേശം 9.63 കോടിയോളമാണ് എന്ന് ക്വിന്റ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ചെറിയ തുകക്കാണോ ഇതുവരെ 100 ഓളം ജീവന്‍ പൊലിഞ്ഞത് എന്നതോര്‍ക്കുമ്പോഴും കോടിക്കണക്കിന് ഇന്ത്യക്കാര്‍ ദിവസങ്ങളോളം പൊരിവെയിലത്ത് നിന്നത് എന്തിന് എന്നും ചോദിക്കുമ്പോള്‍ മറുപടിയില്ലാതെ ഇരിക്കുകയാണ് സര്‍ക്കാര്‍. അല്ലെങ്കില്‍ ഇതിനെ "എലിയെപ്പേടിച്ച് ഇല്ലംചുട്ട" നടപടിയോടാണ് ഉപമിക്കേണ്ടത്. ഇവിടെയും നേരത്തെ സൂചിപ്പിച്ച തൊഴില്‍ നഷ്ടവും ഉപഭോഗത്തിലുണ്ടായ കുറവും ഉല്‍പാദനത്തില്‍ വന്ന മന്ദതയും ചേര്‍ന്ന് ഇന്ത്യന്‍ സാമ്പത്തവ്യവസ്ഥയെ പിന്നോട്ടടിച്ചേക്കുമെന്ന വാദം കൂടുതല്‍ ബലപ്പെടുന്നുണ്ട്.

മുന്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ മാരായ മന്‍മോഹന്‍സിങ്, സുബ്ബറാവു, രഘുറാം രാജന്‍ തുടങ്ങിയര്‍ ഈ നയം ഷോര്‍ട് റണ്ണിലെ കഷ്ടതകള്‍ കൂടാതെ ദീര്‍ഘകാലത്തേക്ക് ഇന്ത്യ കൂടുതല്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തെ നേരിടേണ്ടിവരും എന്നഭിപ്രായപ്പെടുന്നുണ്ട്. സാമ്പത്തിക വിദഗ്ധനും നവലിബറല്‍ ആശയങ്ങളെ ഇന്ത്യയില്‍ പ്രാവര്‍ത്തിക മാക്കിയ മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍സിങ്ങ് രാജ്യസഭയില്‍ പരാമര്‍ശിച്ചത് ഡിമോണിറ്റൈസേഷന്‍ "സ്മരണാര്‍ത്ഥമായ പിടിപ്പ്കേടാണ്" എന്നാണ്. ഇത് രാജ്യത്ത് ദുരിതംവിതക്കുക മാത്രമല്ല രാജ്യത്തിന്റെ മൊത്തവരുമാന വളര്‍ച്ചയില്‍ കാര്യമായ തോതില്‍ (ഏകദേശം 2%) ഇടിവ് വരുംകാലങ്ങളില്‍ ഉണ്ടാക്കും. ഈ ഇടിവ് വികസിക്കാന്‍ വെമ്പല്‍കൊള്ളുന്ന വന്‍ശക്തിയായി പരിണമിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ സ്വപ്നങ്ങളെ പിറകോട്ടടിക്കുന്ന ഒന്നാണ് എന്നതില്‍ തര്‍ക്കമില്ല.

മുകളില്‍ വ്യക്തമാക്കിയ പലകാര്യങ്ങളും സൂചിപ്പിക്കുന്നത് ദീര്‍ഘകാലത്ത് ഇത് ഗുണപരമായ മാറ്റം കൊണ്ടുവരുമെന്നുള്ള വിശ്വാസമില്ലായ്മയാണ്. സര്‍ക്കാര്‍ തുടര്‍ച്ചയായി ഇതൊരു ചെറിയ കാലയളവിലെ "വിഷമതകളാണെന്നും" ദീര്‍ഘകാലത്ത് അങ്ങേയറ്റം മെച്ചമുണ്ടാക്കും എന്ന് പാടി പറയുമ്പോള്‍ ഇതിനെ കണക്കിന് പ്രഹരിക്കുന്ന രീതിയില്‍ മന്‍മോഹന്‍സിങ്ങ് ജോണ്‍ മെയ്നാഡ് കെയ്ന്‍സിന്റെ പ്രശസ്തമായ പ്രസ്താവനയായ "In the long run all of us are dead" എന്ന് പറയുമ്പോള്‍ രാജ്യം പോകുന്ന ദിശ എത്രകണ്ട് അശുഭമായ അവസ്ഥയിലേക്കാണ് എന്നത് ചിന്തിക്കേണ്ടതാണ്. കൗശിക് ബസുവും ഇതേ നിരീക്ഷണത്തെ പിന്താങ്ങുകയും ലോങ്ങ് റണ്ണിലെ വിജയത്തെക്കാള്‍ നഷ്ടമുള്ളതാണ് ഷോര്‍ട് റണ്ണിലെ ഈ നയമുണ്ടാക്കുന്ന നഷ്ടങ്ങള്‍. മേല്പറഞ്ഞ നിരീക്ഷണങ്ങളുടെ സംഗ്രഹം സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിത ലക്ഷ്യങ്ങളെ സംരക്ഷിക്കാന്‍ വേണ്ടുന്ന ഹോംവര്‍ക് നടത്താത്ത രാഷ്ട്രീയ-സാമ്പത്തിക എടുത്തുചാട്ടമാണ് എന്ന ഊന്നലാണ്.

ക്യാഷ്‌ലെസ്സ് വാല്‍കഷ്ണം

കള്ളപ്പണം, കള്ളനോട്ട് മുതലായവ തടയുകയും അതുമൂലം അതിര്‍ത്തി കടന്നുവരുന്ന ഭീഗര പ്രവര്‍ത്തനങ്ങള്‍ ഉന്മൂലനം ചെയ്യുകയും ചെയ്യും എന്ന സര്‍ക്കാര്‍ വാദം കള്ളപ്പണത്തിന്റെ ഒരു ശേഷിപ്പും ബാക്കിയാക്കാതെ തിരിച്ചെത്തിയ കറന്‍സിയും 10 കോടിയില്‍ താഴെ മാത്രം പിടിക്കപ്പെട്ട കള്ള നോട്ടും സര്‍ക്കാരിനെ പുതിയൊരു വാദത്തിലാണ് കൊണ്ട്നിര്‍ത്തുന്നത്. ഇത് പണ ഇടപാടോ പണമോ ഇല്ലാത്ത സമ്പദ് വ്യവസ്ഥയായ ക്യാഷ്ലെസ്സ് ഇകോണമിയാണ്. പണമില്ലാത്ത സമൂഹം നല്ല കാഴ്ചപ്പാടാണ് എങ്കിലും പ്രായോഗികമായി വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. രാജ്യത്തെ രണ്ടുലക്ഷത്തോളം വരുന്ന എ ടി എമ്മിന് പരിഹരിക്കാനോ കൈകാര്യം ചെയ്യാനോ കഴിയുന്ന ജനസംഖ്യ അല്ല എന്ന കേവല യുക്തിയെപ്പോലും വകക്കെടുക്കാത്ത നിലപാടാണ് ഇത്. കൂടാതെ സര്‍ക്കാര്‍ പരസ്യപ്പെടുത്തുന്ന ഓണ്‍ലൈന്‍ ബാങ്കിങ്ങും പണമിടപാടുകളും എത്രകണ്ട് ജനങ്ങള്‍ക്ക്‌ പ്രാപ്യമാണ് എന്നത് ഇനിയും കാത്തിരുന്ന് മനസ്സിലാക്കേണ്ട സ്ഥിതിഗതിയാണ്. ഇപ്പോഴത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ഈ ആവശ്യങ്ങളെയും നടത്തിപ്പിനെയും കാര്യമായും ബാധിക്കുന്നുണ്ട്. ഇതിന്റെ മുഖമാണ് ഇപ്പോള്‍ തെളിഞ്ഞുകൊണ്ടിരിക്കുന്നത്. കൂടാതെ വികസ്വര രാഷ്ട്രങ്ങളില്‍ തന്നെ പണമിടപാടും പണത്തിന്റെ ഉപയോഗവും ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ എന്നത് ഈ പ്രശ്നത്തിന്റെ സങ്കീർണത വര്‍ദ്ധിപ്പിക്കുന്നു.

അനുബന്ധം:

xdfdfd

ഉറവിടം: pentagold.