ചില ഹോമിയോ ആരോപണങ്ങളും മറുപടികളും

ഹോമിയോപ്പതിക്കെതിരെ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിന് കീഴെ വന്ന കമന്റുകളിൽ ആവർത്തിക്കപ്പെട്ട ചില ആരോപണങ്ങൾക്കുള്ള മറുപടിയാണ് ഇവിടെ ഉദ്ദേശിയ്ക്കുന്നത്. ഹോമിയോപ്പാത്തുകൾക്കെതിരേ കമന്റ് ഡിബേറ്റിന് പോകുന്നത്, ലോജിക്കൽ ഫാലസികളെക്കുറിച്ച് വല്ല പ്രോജക്റ്റും ചെയ്യാനാണെങ്കിൽ മാത്രമേ പാടുള്ളു എന്ന് പണ്ടേ പഠിച്ചതായതിനാലാണ് അവിടെ അപ്പപ്പോൾ മറുപടിയ്ക്ക് മുതിരാത്തത്. പറയാനുള്ളത് ഒരുമിച്ച് ഒരിടത്ത് തന്നെ പറയുന്നതാണല്ലോ എല്ലാവർക്കും സൗകര്യം. ‘കള്ളന് ഏത് വഴിയേ വേണേലും ഓടാം, പോലീസിന് കള്ളന്റെ പിറകേ തന്നെ ഓടണം’ എന്ന പ്രശ്നമുള്ളതിനാൽ ഇത്തിരി നീളം കൂടിയ എഴുത്താണ്. അന്ധമായ ഹോമിയോഭക്തിയോ ശാസ്ത്രവിരോധമോ ഉള്ളവരോട് ഇവിടെ ഒന്നും തന്നെ പറയാനുദ്ദേശിച്ചിട്ടില്ല. എതിർത്തും അനുകൂലിച്ചുമുള്ള വാദങ്ങൾ കണ്ട് ആകെ കൺഫ്യൂഷനായിട്ടുള്ളവരെ മാത്രമേ മുന്നിൽ കണ്ടിട്ടുള്ളൂ. അങ്ങനെയുള്ളവർക്ക് ഒരു തീരുമാനമെടുക്കാൻ ഇത് സഹായിക്കും എന്ന് കരുതുന്നു. പ്രധാന ആരോപണങ്ങളെ ഓരോന്നായി പരിശോധിയ്ക്കാം.

ഹോമിയോപ്പതിക്കെതിരെ മനഃപൂർവം വ്യാജപ്രചരണം നടത്തുന്നു

‘വ്യാജം’ എന്നാൽ അടിസ്ഥാനരഹിതം എന്നാണല്ലോ അർത്ഥം. ഹോമിയോയ്ക്കെതിരേ ഞാൻ ഉയർത്തുന്ന വാദങ്ങൾ ആ ലേബലിൽ വരുമോ ഇല്ലയോ എന്ന കാര്യത്തിൽ പരിശോധിക്കാനുള്ള മാർഗം, പറയുന്നതിന് തെളിവുണ്ടോ എന്ന് നോക്കലാണ്. ഹോമിയോപ്പതിയുടെ അടിസ്ഥാനം സാമ്യം സാമ്യത്തിനെ സുഖപ്പെടുത്തുന്നു, നേർപ്പിക്കും തോറും മരുന്നിന്റെ വീര്യം കൂടുന്നു എന്നീ രണ്ട് പരമാബദ്ധ സിദ്ധാന്തങ്ങളാണ് എന്ന് ബോധ്യപ്പെടാൻ ഏതെങ്കിലും ഹോമിയോപ്പതി പുസ്തകം എടുത്ത് വായിച്ചാൽ മതി. മാവോ സേ തൂങ് അമേരിക്കൻ പ്രസിഡന്റായിരുന്നു എന്നും പറഞ്ഞ് ഒരു ചരിത്രപുസ്തകം ചർച്ച തുടങ്ങിയാൽ അത് മണ്ടത്തരമാണോ അല്ലയോ എന്ന് തീരുമാനിയ്ക്കാൻ ആ പുസ്തകം മൊത്തം വായിക്കേണ്ട കാര്യമുണ്ടോ? ഹോമിയോപ്പതിയുടെ വീര്യംകൂട്ടൽ പ്രക്രിയ വഴി 100c വരെ പൊട്ടൻസി എത്തിയ മരുന്നിൽ മരുന്നിന്റെ ഒരു തന്മാത്ര പോലും ഉണ്ടാകാൻ സാധ്യതയില്ല. അത് അഞ്ചാം ക്ലാസ് സയൻസാണ്. ഓരോ ഘട്ടത്തിലും നൂറ് മടങ്ങ് ലയിപ്പിക്കുന്ന പൊട്ടൻറ്റൈസേഷൻ പ്രക്രിയയെ ഏതെങ്കിലും ഹോമിയോ ഡോക്ടർമാർ നിഷേധിയ്ക്കുന്നുണ്ടെങ്കിൽ അവർ മുന്നോട്ട് വരട്ടെ. അല്ലാതെയുള്ള ഒരു ആശയത്തർക്കത്തിനും വകുപ്പില്ല. കാരണം ഒന്നും ഒന്നും കൂട്ടിയാൽ മൂന്നേമുക്കാലാണെന്ന് പറയുന്നവരോട് കണക്ക് തർക്കിക്കാൻ പോകുന്നത് അതിലും വലിയ മണ്ടത്തരമാണ്. ഹോമിയോപ്പതി സിദ്ധാന്തങ്ങൾ ശരിയാണെങ്കിൽ, ഫിസിക്സിലേയും കെമിസ്ട്രിയിലേയും ബയോളജിയിലേയും ഒട്ടുമിക്ക അടിസ്ഥാനസിദ്ധാന്തങ്ങളും തെറ്റാണെന്നാണ് അർത്ഥം. ഇക്കണ്ട ശാസ്ത്രപുരോഗതികളൊക്കെ കൺമുന്നിൽ നിൽക്കുമ്പോൾ അങ്ങനെ വിചാരിയ്ക്കാൻ നിങ്ങൾക്ക് സാധിക്കുമോ? എന്തായാലും, ബിരുദാനന്തരതലം വരെ ശാസ്ത്രം പഠിപ്പിക്കുന്ന എനിക്കതിന് തീരെ നിർവാഹമില്ല.

ഹോമിയോപ്പതി ഭൂരിഭാഗം ശാസ്ത്രീയപഠനങ്ങളിലും പരാജയപ്പെട്ടതായാണ് ചരിത്രം. ഓസ്ട്രേലിയ, ബ്രിട്ടൻ, സ്വിറ്റ്സർലാൻഡ് എന്നീ സർക്കാരുകളുടെ ഔദ്യോഗിക പഠനറിപ്പോർട്ട് തന്നെ ഹോമിയോപ്പതി ഫലപ്രദമല്ല എന്ന നിഗമനത്തിൽ എത്തിയിട്ടുണ്ട്. അതേ കാരണം കൊണ്ടാണ് മാരകമായ രോഗങ്ങൾക്ക് ഹോമിയോ ഉപയോഗിയ്ക്കരുത് എന്ന് ലോകാരോഗ്യസംഘടന തന്നെ മുന്നറിയിപ്പ് തന്നിരിക്കുന്നതും.

സയൻസിന് മനസിലാകാത്തതെല്ലാം തെറ്റാണെന്ന അഹങ്കാരം വെച്ചാണ് ഹോമിയോയെ എതിർക്കുന്നത്.

അതിൽ അഹങ്കാരത്തിന്റെ അംശമൊന്നും ഇല്ല. മനസിലാവാത്ത കാര്യങ്ങളുണ്ടെന്ന് അംഗീകരിയ്ക്കുന്ന സ്വഭാവം സയൻസിന് മാത്രം അവകാശപ്പെടാവുന്ന ഒന്നാണ്. അതുകൊണ്ടാണ് മോഡേൺ മെഡിസിൻ പുസ്തകങ്ങൾ കാലാകാലങ്ങളിൽ പരിഷ്കരിയ്ക്കപ്പെടുന്നതും, മറ്റ് ചികിത്സാരീതികൾ ഇന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള പുസ്തകങ്ങൾ അതേപടി പിൻതുടരുന്നതും. അതെന്തായാലും, ഹോമിയോ ഫലപ്രദമായ ചികിത്സയല്ല എന്ന് പറയുന്നത് അതിന്റെ അടിസ്ഥാനസിദ്ധാന്തങ്ങൾ സയൻസിന് നിരക്കാത്തതായതുകൊണ്ട് മാത്രമല്ല. ഹോമിയോപ്പതിയുടെ പ്രയോഗക്ഷമതയെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. അവയുടെയെല്ലാം ആകെത്തുകയായിട്ടാണ് ഹോമിയോപ്പതി മരുന്നുകൾ കാര്യമായ ഒരു ചികിത്സാഫലവും ഉളവാക്കുന്നില്ല എന്ന് തെളിഞ്ഞത്. മരുന്ന് കഴിയ്ക്കലും, രോഗം ഭേദമാകലും അടുത്തടുത്ത് സംഭവിച്ചതുകൊണ്ട് മാത്രം മരുന്ന് രോഗം മാറ്റി എന്ന നിഗമനത്തിൽ എത്താനാകില്ല. ഒരു മരുന്ന് രോഗം മാറ്റുന്നുണ്ടോ എന്ന് പരിശോധിയ്ക്കുന്നതിന് മറ്റ് പല സാധ്യതകളും പരിശോധിയ്ക്കണം.

ലളിതമായ ഒരു ഉദാഹരണം പറഞ്ഞാൽ ഒരേ രോഗമുള്ള നൂറ് പേരെ നാം പഠനവിധേയമാക്കുന്നു. അതിൽ അമ്പത് പേർക്ക് മരുന്ന് കൊടുക്കുന്നു, ബാക്കി അമ്പത് പേർക്ക് മരുന്ന് എന്ന പേരിൽ പ്രത്യേകിച്ച് ഫലമൊന്നും ഇല്ലാത്ത ഒരു വസ്തു-അതിനെ പ്ലാസിബോ എന്ന് വിളിയ്ക്കാം- കൊടുക്കുന്നു. നൂറ് പേരിൽ ആർക്കും തന്നെ താൻ കഴിച്ചത് മരുന്നാണോ പ്ലാസിബോ ആണോ എന്ന് അറിയില്ല. അതിന്റെ റോക്കോഡ് വേറെയാണ് സൂക്ഷിക്കുന്നത്. മരുന്നിന്റെ കോഴ്സ് കഴിയുമ്പോൾ താഴെ കാണുന്ന ചോദ്യങ്ങൾക്കാണ് നാം ഉത്തരം തേടുന്നത്:

  1. മരുന്ന് കഴിച്ചവരിൽ എത്ര പേർക്ക് രോഗം മാറി
  2. പ്ലാസിബോ കഴിച്ചവരിൽ എത്ര പേർക്ക് രോഗം മാറി
  3. മരുന്ന് കഴിച്ചവരിൽ രോഗം മാറാത്തവർ എത്ര
  4. പ്ലാസിബോ കഴിച്ചിട്ട് രോഗം മാറാത്തവർ എത്ര

ഈ കണക്കെടുപ്പിൽ മരുന്ന് കഴിച്ചിട്ട് രോഗം മാറിയവർ പ്ലാസിബോ കഴിച്ചിട്ട് രോഗം മാറിയവരെക്കാൾ ഗണ്യമായ തോതിൽ കൂടുതലാകുക, മരുന്ന് കഴിച്ചിട്ടും രോഗം മാറാത്തവർ വളരെ കുറച്ച് മാത്രം ഉണ്ടാകുക തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചു മാത്രമേ പ്രസ്തുത മരുന്ന് ഫലപ്രദമാണെന്ന് കരുതാൻ സാധിക്കൂ. വ്യക്തിപരമായ അനുഭവങ്ങൾ കൊണ്ട് ഈ വിധിനിർണയം സാധിയ്ക്കില്ല. അതിന് കൃത്യമായി നടത്തപ്പെട്ട പഠനങ്ങൾ തന്നെ വേണ്ടിവരും. ഞാൻ മരുന്ന് കഴിച്ചു രോഗം മാറി, എനിയ്ക്കറിയാവുന്ന കുറേ പേര് മരുന്ന് കഴിച്ചു രോഗം മാറി, അതുകൊണ്ട് ഹോമിയോ മരുന്ന് ഫലിയ്ക്കും എന്ന നിഗമനത്തിലേയ്ക്ക് നിങ്ങൾ എത്തിച്ചേർന്നു എങ്കിൽ, പെന്തെക്കോസ്ത് രോഗശാന്തി ശുശ്രൂഷ വഴി രോഗം മാറിയവർ എത്രപേരുണ്ട് എന്ന് നിങ്ങളൊന്ന് അന്വേഷിച്ച് നോക്കുക. അവരുടേയും നിങ്ങളുടേയും കൈയിലുള്ളത് ഒരേതരം തെളിവുകളാണ് എന്ന് മനസിലാവും. ഹോമിയോ മരുന്ന് കൊണ്ട് അരിമ്പാറ മാറിയവരേയും, മരുന്നൊന്നും ചെയ്യാതെ അരിമ്പാറ മാറിയവരേയും ഞാൻ ധാരാളം കണ്ടിട്ടുണ്ട്. പക്ഷേ ഹോമിയോവിശ്വാസി, ആദ്യത്തെ കൂട്ടരെ മാത്രം ശ്രദ്ധിയ്ക്കുകയും ഹോമിയോയ്ക്ക് തെളിവായി ഇത്തരം അനുഭവസാക്ഷ്യങ്ങളെ കണക്കാക്കുകയും ചെയ്യും. മരുന്നൊന്നും ചെയ്യാതെ അത് മാറിയവരെ കൂടി പരിഗണിയ്ക്കാൻ ശാസ്ത്രീയമായ അന്വേഷണത്തിന് തയ്യാറുള്ളവർക്കേ സാധിയ്ക്കൂ. ഹോമിയോപ്പതി ഭൂരിഭാഗം ശാസ്ത്രീയപഠനങ്ങളിലും പരാജയപ്പെട്ടതായാണ് ചരിത്രം. ഓസ്ട്രേലിയ, ബ്രിട്ടൻ, സ്വിറ്റ്സർലാൻഡ് എന്നീ സർക്കാരുകളുടെ ഔദ്യോഗിക പഠനറിപ്പോർട്ട് തന്നെ ഹോമിയോപ്പതി ഫലപ്രദമല്ല എന്ന നിഗമനത്തിൽ എത്തിയിട്ടുണ്ട്. അതേ കാരണം കൊണ്ടാണ് മാരകമായ രോഗങ്ങൾക്ക് ഹോമിയോ ഉപയോഗിയ്ക്കരുത് എന്ന് ലോകാരോഗ്യസംഘടന തന്നെ മുന്നറിയിപ്പ് തന്നിരിക്കുന്നതും.

ഹോമിയോക്കാരുടെ കഞ്ഞികുടി മുട്ടിയ്ക്കാൻ മരുന്ന് മാഫിയ കാശുകൊടുത്ത് എഴുതിയ്ക്കുന്നു

ഹോമിയോ പ്രാക്റ്റീസ് ചെയ്യുന്നവരോടോ ഉപയോഗിക്കുന്നവരോടോ വ്യക്തിപരമായ യാതൊരു വിരോധവും എനിയ്ക്കില്ല. ബന്ധുക്കളും സുഹൃത്തുക്കളുമായി എനിയ്ക്ക് വേണ്ടപ്പെട്ട ഒരുപാട് പേർ ഈ രണ്ട് കൂട്ടത്തിലുമായിട്ട് ഉണ്ട് താനും. വ്യക്തികളെയല്ല, ആശയങ്ങളെയാണ് എതിർക്കുന്നത്. ഹോമിയോയിലെ പൊള്ളത്തരങ്ങൾ തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ ഹോമിയോവൈദ്യം പഠിയ്ക്കാൻ ചെല്ലുന്നവരാണ് മിക്ക ഹോമിയോ ഡോക്ടർമാരും. പഠനം കഴിഞ്ഞ്, പഠിച്ചതിലെ പൊള്ളത്തരം മനസിലായാലും ഇല്ലെങ്കിലും കൈയിലിരിക്കുന്ന പ്രൊഫഷണൽ ഡിഗ്രി വച്ച് ജീവിയ്ക്കാനേ അവർ നോക്കൂ. (പൊള്ളത്തരം മനസിലാവണമെങ്കിൽ പ്ലസ് ടൂ വരെയുള്ള സയൻസ് പാഠങ്ങൾ എൻട്രൻസ് ട്രിക്സിന്റെ രൂപത്തിലല്ലാതെ പഠിയ്ക്കേണ്ടി വരും എന്നത് വേറെ കാര്യം. എൻട്രൻസ് പരീക്ഷ കൂടുതൽ ബുദ്ധിമുട്ടാക്കാമെന്നല്ലാതെ ഫിസിക്സും കെമിസ്ട്രിയും കൊണ്ട് വേറെന്ത് പ്രയോജനമെന്ന് ചോദിച്ച ഹോമിയോ ഡോക്ടർ ഫെയ്സ്ബുക്കിലുണ്ട്!). അതിലവരെ കുറ്റം പറയാനുമാവില്ല. ജീവിതത്തിലെ ഏറ്റവും ഊർജസ്വലമായ നാലോ അഞ്ചോ വർഷങ്ങൾ ചെലവഴിച്ചാണ് അവരാ ഡിഗ്രി നേടിയത്. കൂട്ടത്തിൽ പാതിയ്ക്ക് പഠനം നിർത്തിയവരും, പഠനം കഴിഞ്ഞ് മറ്റ് ജോലികൾക്ക് പോയവരും ഉണ്ട്. (ഇതെന്റെ അനുഭവസാക്ഷ്യം ആണ്. വസ്തുനിഷ്ഠമായ തെളിവായി പരിഗണിയ്ക്കണമെന്നില്ല. കൂട്ടത്തിൽ പറഞ്ഞുവെന്നേ ഉള്ളൂ. ഇവിടെ വർഷാവർഷം BHMS പാസ്സാകുന്നവരുടെ എണ്ണവും, ഹോമിയോ ഡോക്ടർമാരായി പ്രാക്റ്റീസ് ചെയ്യുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം എങ്ങോട്ട് പോകുന്നു എന്നൊന്ന് പരിശോധിയ്ക്കാവുന്നതാണ്) അതുകൊണ്ട് കെണിയിലേയ്ക്ക് എടുത്ത് ചാടുന്നതിന് മുൻപ് അവരെ ബോധ്യപ്പെടുത്താനായാൽ അതൊരു വലിയ കാര്യമാണെന്നേ ഞാൻ പറയൂ. അതിനായി എൻട്രൻസ് റാങ്ക് ഹോൾഡേഴ്സിന് ലഘുലേഘ വിതരണം ചെയ്യാനുള്ള ശ്രമം മരുന്ന് മാഫിയയുടെ കാശ് വാങ്ങിയുള്ളതാണെന്ന് വരുത്തിത്തീർക്കുന്ന ഹോമിയോപ്പാത്തുകളുടെ മാനസികാവസ്ഥയും എനിയ്ക്ക് മനസിലാവും. ഇവിടെ ഹോമിയോ എന്നല്ല, സകല ഇതരചകിത്സകരുടേയും സ്ഥിരം പരിവേദനമാണ് മോഡേൺ മെഡിസിനിലെ മരുന്ന് മാഫിയ. മാഫിയ പോലെ പെരുമാറുന്ന മരുന്ന് കമ്പനികളേയും അവർ രോഗചികിത്സാരംഗത്ത് ചെയ്യാൻ സാധ്യതയുള്ള അപകടങ്ങളേയും ഞാനൊരിയ്ക്കലും നിഷേധിക്കില്ല. അതൊരു യാഥാർത്ഥ്യമാണ്. പക്ഷേ ഒന്ന് ചോദിച്ചോട്ടെ, എങ്ങനെയാണ് മോഡേൺ മെഡിസിനിൽ മാഫിയകൾ ഉണ്ടാകുന്നത്? മരുന്ന് വിറ്റ് കൊള്ളലാഭമുണ്ടാക്കാനുള്ള സാധ്യത മോഡേൺ മെഡിസിനിൽ മാത്രമേ ഉള്ളോ? MBBS പഠിച്ചിറങ്ങുന്ന കുട്ടികളെല്ലാം ഭീകരൻമാരും, BHMS, BAMS പഠിച്ചിറങ്ങുന്നവരെല്ലാം സ്വാഭാവികമായി സാത്വികരും ആകും എന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്താണ് ഹോമിയോ, സിദ്ധ, ആയുർവേദ മരുന്നുകളിലൊന്നും പിടിമുറുക്കാൻ കുത്തകകൾ ശ്രമിക്കാത്തത്? എന്തുകൊണ്ടാണ് ഫലപ്രദവും അതേസമയം സുരക്ഷിതവുമെന്ന് അവകാശപ്പെടുന്ന ഇതരമരുന്നുകളിൽ മാഫിയകൾ ഉണ്ടാകാത്തത്? സിമ്പിൾ ലോജിക്കാണ് സുഹൃത്തേ, ഫലപ്രദമെന്ന് ഉറപ്പുള്ള മരുന്നുകളിലാണ് കുത്തകകൾ പിടിമുറുക്കാൻ ശ്രമിക്കുന്നത്. മാഫിയകൾ എന്ന ദുഃസാഹചര്യം ആ ഒരർത്ഥത്തിൽ മോഡേൺ മെഡിസിന്റെ കാര്യക്ഷമതയുടെ തെളിവാണ്. ഇവിടെ പ്രശ്നം സയന്റിഫിക്കല്ല, എത്തിക്കലാണ്. അവിടെ അധികാരവും നിയമനിർവഹണ സംവിധാനവും ഉപയോഗിക്കേണ്ടിവരും. അത് തടയേണ്ടതും മോണിറ്റർ ചെയ്യേണ്ടതുമൊക്കെ ഭരണകൂടങ്ങളുടെ ചുമതലയാണ്. അവരത് ചെയ്യുന്നില്ല എങ്കിൽ നിങ്ങളുടെ പ്രതിഷേധം അവിടെയാണ് ചെലവാക്കേണ്ടത്. അരിയിൽ കല്ലുണ്ടെങ്കിൽ കല്ല് നീക്കം ചെയ്യാനാണ് ശ്രമിയ്ക്കേണ്ടത്, അരി ഉപേക്ഷിച്ച് എന്തെന്നോ എതെന്നോ അറിയാത്ത വസ്തുക്കൾ വാരി ഭക്ഷിയ്ക്കാനല്ല.

ഇവിടെ ഒരു കാര്യം കൂടി ശ്രദ്ധിയ്ക്കണം. മോഡേൺ മെഡിസിൻ പ്രാക്റ്റീസ് ചെയ്യുന്നൊരു ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നിന് വ്യക്തമായ ഒരു പേര് കാണും. ഇന്നത്തെ കാലത്ത് ആ പേരൊന്ന് ഇന്റർനെറ്റിൽ പരതിയാൽ അതിൽ എന്തൊക്കെ രാസവസ്തുക്കൾ ഉണ്ട്, അതിന്റെയൊക്കെ കെമിക്കൽ ആക്ഷൻ എന്താണ്, അതിന്റെ ഡോസേജ്, പാർശ്വഫലങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ കിട്ടും. ഒരുപക്ഷേ ഡോക്ടർ എന്ന മനുഷ്യന് ഒരു തെറ്റുപറ്റിയാൽ ആ വഴിയ്ക്ക് അത് കണ്ടുപിടിയ്ക്കാനും തിരുത്താനും വരെ സാധ്യതകളുണ്ട്. ഹോമിയോയിലോ? പഞ്ചാരമുട്ടായിയിൽ ഡോക്ടർ ഒഴിച്ചുതരുന്ന സാധനം എന്താണെന്നറിയാൻ മാർഗമുണ്ടോ? ഡോക്ടർക്ക് മരുന്ന് മാറിപ്പോയാൽ നിങ്ങൾക്കോ ഡോക്ടർക്കോ പിന്നീടത് തിരിച്ചറിയാൻ സാധ്യതകളുണ്ടോ? ആ അവസ്ഥയിൽ ഇതിൽ ഏത് മെഡിസിനെയാണ് സത്യത്തിൽ നിങ്ങൾ സൂക്ഷിക്കേണ്ടത്?

മോഡേൺ മെഡിസിൻ മനുഷ്യനെ കീറി മുറിയ്ക്കുന്നു, പ്രതിരോധശേഷി തകർക്കുന്നു

ഈ വാദവും ഇന്നൊരു ഫാഷനായി മാറിയിട്ടുണ്ട്. മാന്യമായി പറഞ്ഞാൽ തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയതാണ് എന്ന് വിശേഷിപ്പിക്കാം അതിനെ. ഏതെങ്കിലും ഒരു സർക്കാർ മെഡിക്കൽ കോളേജിൽ പോയി അവിടെ ഒരു ദിവസം അഡ്മിറ്റ് ചെയ്യപ്പെടുകയും ഡിസ്ചാർജ് ചെയ്യപ്പെടുകയും ചെയ്യുന്ന ആളുകളുടെ കണക്കൊന്ന് എടുത്ത് നോക്കുക. വേണ്ട, മടിയുള്ളവർ, വെറുതേ ഒരു മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ ചെന്ന് അര മണിക്കൂർ നിൽക്കുക. അവിടെ ഏതൊക്കെ കോലത്തിൽ എത്ര പേർ ആ സമയം കൊണ്ട് ആമ്ബുലൻസുകളിൽ വന്നിറങ്ങുന്നു എന്ന് നോക്കുക. ചതഞ്ഞും ഒടിഞ്ഞും വാരിക്കൂട്ടി എടുത്തുകൊണ്ട് വരപ്പെടുന്ന എത്ര ശരീരങ്ങൾ അവിടന്ന് മനുഷ്യരായി തിരിച്ച് പോകുന്നു എന്നൊന്ന് കാണുക. ഇനി ഇതേ നിൽപ്പ് ഒരു ഹോമിയോ ആശുപത്രിയുടെ മുന്നിൽ നിൽക്കുന്നതായി സങ്കല്പിച്ചാലോ? പറയണ്ടല്ലോ അല്ലേ?

മോഡേൺ മെഡിസിൻ വളർന്നശേഷം മനുഷ്യരാശിയ്ക്ക് വന്നിട്ടുള്ള മാറ്റം കൺമുന്നിലുണ്ട്. പോളിയോ ബാധിച്ചവരേയും വസൂരി ബാധിച്ചവരേയും ദിനംപ്രതി കണ്ടുകൊണ്ടിരുന്ന ഒരു തലമുറ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ശരാശരി ആയുർദൈർഘ്യത്തിൽ വന്ന വർദ്ധനവും, ശിശുമരണനിരക്കിൽ വന്ന കുറവും, ജനസംഖ്യയിൽ വന്ന വർദ്ധനവും വ്യക്തമായ കണക്കുകളായി മുന്നിൽ കിടപ്പുണ്ട്. മോഡേൺ മെഡിസിൻ ഇല്ലായിരുന്നെങ്കിൽ ജനിയ്ക്കുകയേ ചെയ്യുമായിരുന്നില്ലാത്ത ആളുകളാണ്, ഇന്ന് മോഡേൺ മെഡിസിനെ കുറ്റം പറഞ്ഞ് രസിയ്ക്കുന്നതിൽ പലരും എന്നതാണ് രസം.

ഒരു അത്യാഹിതം വന്നാൽ ഏത് കൊമ്പത്തെ ഹോമിയോ ഡോക്ടറും ഓടുന്നത് മേഡേൺ മെഡിസിന്റെ അടുത്തോട്ടാണ്. റോഡിൽ വണ്ടിയിടിക്കുന്നവരും, മരത്തിൽ നിന്ന് വീഴുന്നവരും, ഹൃദയാഘാതം വരുന്നവരും, പല്ലുവേദന എടുക്കുന്നവരും ഒക്കെ അതേ ദിശയിലാണ് ഓടുക. മോഡേൺ മെഡിസിൻ വാർഡുകൾ ദൈന്യതയുടെ അസ്വസ്ഥമായ കാഴ്ചയും, ഹോമിയോ ആശുപത്രികൾ സ്വസ്ഥമായ കാഴ്ചയും ആകുന്നത് എന്തുകൊണ്ടെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ആദ്യത്തെ ഇടത്തെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണത്തിലേയും അവരുടെ പ്രശ്നത്തിന്റെ ഗൗരവത്തിന്റേയും ബാഹുല്യമാണ് അത് കാണിക്കുന്നത്. ഇതിനെ ഇതരചികിത്സകർ വ്യാഖ്യാനിയ്ക്കുന്നത് വളരെ രസകരമായ രീതിയിലാണ്, “ഞങ്ങൾ രോഗത്തിന്റെ മൂലകാരണത്തെയാണ് ചികിത്സിക്കുന്നത്. അതുകൊണ്ട് അത് സമയമെടുത്തേ കുറയൂ”. ഹൃദയാഘാതം വന്ന് മരിക്കാൻ പോകുന്ന ആളിനും ഉണ്ടാകുമല്ലോ സർ ഒരു മൂലകാരണം, അതിനെയെന്തേ ചികിത്സിക്കാൻ പറ്റില്ല? അടിയന്തിരഘട്ടങ്ങളിൽ തങ്ങളുടെ മരുന്ന് ഫലിയ്ക്കാത്തത്, അതിന് ഫലമില്ലാത്തതുകൊണ്ടല്ല, പതുക്കെയായതുകൊണ്ടാണെന്ന് വിശ്വസിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. രോഗം സ്വാഭാവികമായോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ കുറയുമ്പോൾ അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാൻ അവർ മുന്നിൽ കാണുകയും ചെയ്യും.

മോഡേൺ മെഡിസിൻ വളർന്നശേഷം മനുഷ്യരാശിയ്ക്ക് വന്നിട്ടുള്ള മാറ്റം കൺമുന്നിലുണ്ട്. പോളിയോ ബാധിച്ചവരേയും വസൂരി ബാധിച്ചവരേയും ദിനംപ്രതി കണ്ടുകൊണ്ടിരുന്ന ഒരു തലമുറ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ശരാശരി ആയുർദൈർഘ്യത്തിൽ വന്ന വർദ്ധനവും, ശിശുമരണനിരക്കിൽ വന്ന കുറവും, ജനസംഖ്യയിൽ വന്ന വർദ്ധനവും വ്യക്തമായ കണക്കുകളായി മുന്നിൽ കിടപ്പുണ്ട്. മോഡേൺ മെഡിസിൻ ഇല്ലായിരുന്നെങ്കിൽ ജനിയ്ക്കുകയേ ചെയ്യുമായിരുന്നില്ലാത്ത ആളുകളാണ്, ഇന്ന് മോഡേൺ മെഡിസിനെ കുറ്റം പറഞ്ഞ് രസിയ്ക്കുന്നതിൽ പലരും എന്നതാണ് രസം. സയൻസ് വളർന്ന്, മേലനങ്ങാതെ പണിയെടുക്കാനും മുട്ടില്ലാതെ വേണ്ടതിലധികം തിന്നാനും സാഹചര്യമൊരുങ്ങിയപ്പോൾ ഷുഗറും പ്രഷറും കൊളസ്ട്രോളുമൊക്കെ വാരിക്കൂട്ടി അതിന്റെ പഴി കൂടി സയൻസിന്റെ തലയിൽ തന്നെ കെട്ടിവെക്കുന്നതാണ് ഇന്നത്തെ കാഴ്ച. തിന്നത് എല്ലിന്റെ ഇടയിൽ കയറുന്നു എന്ന് പറഞ്ഞതും അതുകൊണ്ടാണ്.

മോഡേൺ മെഡിസിൻ കൈവിട്ട കേസുകളാണ് ഹോമിയോക്കാര് ചീള് പോലെ ശരിയാക്കുന്നത്

കേൾക്കാൻ ഗുമ്മുള്ള അവകാശവാദമാണ്. ഒറ്റനോട്ടത്തിൽ ചിലപ്പോൾ ശരിയാണെന്ന് തോന്നുകയും ചെയ്യും. പക്ഷേ ആ വാദത്തിലേയ്ക്ക് (‘മോഡേൺ മെഡിസിൻ കൈവിട്ട കേസുകൾ’) ഒന്ന് സൂക്ഷിച്ച് നോക്കിയാൽ തന്നെ ഒരു കാര്യം വ്യക്തമാകും - ഇവരൊക്കെ ആദ്യം പോയത് മോഡേൺ മെഡിസിന്റെ സഹായം തേടിയാണ്. അവിടന്ന് ഫലം കിട്ടാതെ വന്നപ്പോഴാണ് ഇവർ ഹോമിയോയിലോ മറ്റോ എത്തുന്നത്. ആദ്യം മോഡേൺ മെഡിസിൻ തേടി എത്ര പേർ പോകുന്നു എന്നറിയാൻ നേരത്തേ പറഞ്ഞ മോഡേൺ മെഡിസിൻ സർക്കാരാശുപത്രിയുടെ മുന്നിൽ ചെന്ന് വെറുതേ വായിനോക്കി നിൽക്കുന്ന പരീക്ഷണം ചെയ്യാമല്ലോ. അവിടെ പലപ്പോഴും ശ്വാസം കിട്ടാത്ത തിരക്കായിരിക്കും. ഇതിൽ കുറേ പേർ ‘മോഡേൺ മെഡിസിൻ കൈവിട്ട കേസു’കളായി** ഹോമിയോ തേടി പോകുന്നു എന്നിരിക്കട്ടെ. (ഡോക്ടർക്ക് രോഗം തിരിച്ചറിയാൻ പറ്റിയില്ല, വേറെ രോഗമാണെന്ന് തെറ്റിദ്ധരിച്ചു...എന്നിങ്ങനെ പല വിധ സാധ്യതകൾ അവിടുണ്ട്) ഇനി ഹോമിയോ ആശുപത്രികളിലെ തിരക്ക് നോക്കിയാൽ അതിനെക്കുറിച്ചൊരു ധാരണ കിട്ടും. അങ്ങനെ വരുന്ന നൂറ് പേരിൽ അഞ്ച് പേരുടെ രോഗം ഭേദമായാൽ മതി, ഈ അഞ്ച് പേരും ചേർന്ന് അഞ്ഞൂറ് പേരോട് ഇക്കാര്യം പറയും. രോഗം എങ്ങനെ ഭേദമായി എന്നറിയാൻ ഓരോ കേസിലും വളരെ സൂക്ഷ്മാംശങ്ങളിലേയ്ക്ക് ചെന്ന് പരിശോധിയ്ക്കേണ്ടിവരും. പക്ഷേ രോഗം ഭേദമായിക്കഴിഞ്ഞാൽ പിന്നെ അതൊന്നും ചികഞ്ഞ് പോകാൻ ആരും മെനക്കെടില്ല. എല്ലാം അവസാനമായി കഴിച്ച മരുന്നിന്റെ ഫലമാണെന്ന് അങ്ങ് അനുമാനിക്കും, അത്രേയുള്ളൂ. ഭേദമാകാത്ത ബാക്കി തൊണ്ണൂറ്റഞ്ച് പേർക്കും യാതൊരുവിധ റെക്കോഡും ഉണ്ടാകില്ല. അവർ ഹോമിയോ ഡോക്ടർക്ക് പരസ്യം

xdfdfd

കൊടുക്കാനോ അയാളെ കുറ്റപ്പെടുത്താനോ നിൽക്കില്ല. കാരണം ഇനിയും രോഗം മാറാത്ത അവർ അടുത്ത ചികിത്സാ ഓപ്ഷൻ തേടി പരക്കം പായുകയാവും. ഇതിന്റെ ആകെത്തുക മനസ്സിൽ ചിത്രീകരിച്ച് നോക്കൂ. നിങ്ങൾ കൂടുതൽ കേൾക്കുന്നത് രോഗം മാറിയ കഥകളായിരിക്കും. അപ്പോൾ സ്വാഭാവികമായും നിങ്ങൾ ചിന്തിക്കുക, “ഇതിൽ എന്തോ ഉണ്ട്” എന്നായിരിക്കും. അതിൽ ആരെയും കുറ്റപ്പെടുത്താനാവില്ല. ഒരുപക്ഷേ നിസ്സാരമായ പനി, ജലദോഷം, ദഹനക്കേട് തുടങ്ങി മിക്കവാറും ശരീരം താനേ ഭേദമാക്കുന്ന രോഗങ്ങൾക്ക് ഹോമിയോ ഗുളികകൾ കഴിയ്ക്കുന്നത് നല്ലതായേക്കാം. കാരണം എന്തിനും ഏതിനും മരുന്ന് വാങ്ങി കഴിയ്ക്കുക എന്നൊരു ദുശ്ശീലം പലർക്കുമുണ്ട്. ഹോമിയോ മരുന്നാകുമ്പോൾ പ്രവർത്തനമൊന്നും ഉണ്ടാകാൻ സാധ്യത ഇല്ലാത്തതുകൊണ്ട് അക്കാര്യത്തിൽ സുരക്ഷിതവുമാണ്. പക്ഷേ ക്യാൻസർ, പ്രമേഹം പോലുള്ള ഗൗരവകരമായ രോഗങ്ങൾ ഉള്ളവർ ഇത്തരം പരസ്യങ്ങളിൽ വീണ്, മോഡേൺ മെഡിസിൻ ഉപേക്ഷിച്ച് മുള്ളാത്തയെന്നും പഞ്ചസാരമുട്ടായിയെന്നും പറഞ്ഞ് ഇറങ്ങിപ്പുറപ്പെട്ട് മരണപ്പെടുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. എന്റെ വ്യക്തിപരമായ സർക്കിളിൽ തന്നെ അങ്ങനെ കുറേ പേരുണ്ട്. (വീണ്ടും അനുഭവസാക്ഷ്യമാണ്. സ്വയം അന്വേഷിച്ച് നോക്കിയിട്ട് മുഖവിലയ്ക്കെടുത്താൽ മതിയാകും). ദൗർഭാഗ്യവശാൽ അതിനൊന്നും പ്രചാരം കിട്ടാറില്ല. അന്തരിച്ച നടൻ ജിഷ്ണു രാഘവനെപ്പോലെ പ്രശസ്തനായ ഒരാൾ മുള്ളാത്ത കഴിച്ച് ക്യാൻസർ രോഗം വഷളായ കാര്യം പ്രസിദ്ധപ്പെടുത്തിയിട്ട് പോലും അതിന് വേണ്ടത്ര പ്രചാരം കിട്ടിയില്ല. ബാക്കിയുള്ളവരുടെ കാര്യം പിന്നെ പറയണോ?

(**ഇവിടെ വേറൊന്നുകൂടി ഉണ്ട്. ‘ഒരുപാട് ഡോക്ടർമാരെ കാണിച്ചു, ഒരു കുറവുമില്ല’ എന്നതാണ് പരിചയക്കാരുടെ ഇടയിലെ ചർച്ചാവിഷയമാകുന്നത്, ‘അസുഖം വന്നു, ഡോക്ടറെ പോയി കണ്ടു, രോഗം മാറി’ എന്നത് ചർച്ചാ വിഷയമാകാൻ സാധ്യതയില്ല. അതായത്, മോഡേൺ മെഡിസിൻ ഡോക്ടറെ പോയി കണ്ട്, കുഴപ്പങ്ങളൊന്നുമില്ലാതെ ചികിത്സിച്ച് ഭേദമാക്കുന്ന കേസുകൾക്കൊന്നും സാധാരണഗതിയിൽ പ്രചാരം കിട്ടാറില്ല. ഡോക്ടർക്ക് പറ്റുന്ന അബദ്ധങ്ങൾക്ക് പ്രചാരം കിട്ടും. അതുകൊണ്ട് കൂടുതൽ കേൾക്കുന്നതും ചർച്ച ചെയ്യപ്പെടുന്നതും അതാകും. മോഡേൺ മെഡിസിൻ മൊത്തം കുഴപ്പമാണെന്നൊരു തോന്നൽ അങ്ങനെ നാമറിയാതെ ഉള്ളിൽ കടന്നുകൂടും. ഇതിന്റെ കൂടെ ഡോക്ടർമാരുടെ അബദ്ധം കാരണം രക്ഷപെടാതെപോയ നൂറുപേരിൽ അഞ്ച് പേരുടെ രോഗം വേറെയാരെയെങ്കിലും കണ്ട ശേഷം ഭേദമായാലോ? അത് അതിലും വലിയ വാർത്തയാകും. അതോടെ “മോഡേൺ മെഡിസിൻ അയ്യോ! മറ്റേ മെഡിസിൻ അയ്യാ!” എന്നൊരു ഇംപ്രഷന് ആക്കം കൂടും.)

ഈ സാഹചര്യത്തിലാണ് ഹോമിയോ പോലുള്ള പൊള്ളവൈദ്യങ്ങൾക്കെതിരേ ശബ്ദമുയർത്തേണ്ടി വരുന്നത്. ഞാൻ ഈ പറയുന്നതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാനല്ല നിങ്ങളോട് ആവശ്യപ്പെടുന്നത്, ഇതിൽ സത്യമുണ്ടോ എന്ന് സ്വയം അന്വേഷിയ്ക്കാനാണ്. ഒരിക്കൽ ഹോമിയോയും ഒരു നല്ല ചികിത്സാരീതിയാണ് എന്ന് കരുതിയിരുന്ന ഞാൻ, ഇന്ന് ഇത്രയൊക്കെ അതിനെതിരേ എഴുതുന്ന സാഹചര്യത്തിൽ എത്തിയിട്ടുണ്ടെങ്കിൽ, അതിന് വേണ്ടി കുറെയേറെ വായിക്കുകയും അന്വേഷിക്കുകയും ചെയ്തിട്ടാണ്. അതിന് വേണ്ടി കുറേ മെനക്കെട്ടിട്ടുമുണ്ട്. അതല്ലാ, ഇതൊക്കെ മരുന്ന് മാഫിയക്കാര് പൈസ തന്ന് എഴുതിക്കുന്നതാണെന്ന് കണ്ണുമടച്ച് വിശ്വസിച്ച് തള്ളിക്കളയാനാണ് നിങ്ങൾക്ക് തോന്നുന്നത് എങ്കിൽ അതുമാകാം. ചോയ്സ് നിങ്ങളുടേതാണ്. ജനസംഖ്യാവർദ്ധനവും ഇന്ത്യ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് എന്നതാണ് ഞാനവിടെ പോസിറ്റീവായി കാണുന്നത്.