ഞങ്ങളീ ഓണം തന്നെ ഉണ്ടോളാം

ഏതാനും ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരം സംസ്‌കൃത കോളേജിലെ പ്രോഫസർ ഉണ്ണികൃഷ്ണൻ നമ്പൂതിരി ആർ.എസ്.എസിന്റെ മലയാളം മുഖപത്രമായ കേസരിയിൽ ഓണം മഹാബലിയുടെ വരവിന്റെ ആഘോഷമല്ല മറിച്ച് വിഷ്ണുവിന്റെ അവതാരമായ വാമനന്റെ ജനനത്തിന്റെ ആഘോഷമാണെന്ന് അഭിപ്രായപ്പെട്ടു കൊണ്ടൊരു ലേഖനമെഴുതി. ഹിന്ദു വർഗീയതയുടെ കേരള അമ്പാസഡർ ഹിന്ദു ഐക്യ വേദിയുടെ കേരള പ്രസിഡന്റ് ശശികല ടീച്ചറും സമാനമായ അഭിപ്രായ പ്രകടങ്ങൾ നടത്തി കഴിഞ്ഞ ദിവസങ്ങളിൽ പത്രങ്ങളിൽ നിറഞ്ഞു നിന്നു. ഇതാ ഇപ്പോൾ, "വാമന ജയന്തി ആശംസകൾ" നേർന്നു കൊണ്ട് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഉത്രാട ദിനത്തിൽ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ ഒരു ഫോട്ടോയും ഇട്ടിരിക്കുന്നു. മൂന്നുപേരും പങ്കുവെക്കുന്ന ആശയത്തെ അടയാളപ്പെടുത്തി പ്രസിദ്ധീകരിച്ച മഹാബലിയുടെ തലയിൽ വാമനൻ കാൽ വയ്ക്കുന്ന ഫോട്ടോയുടെ വർണ്ണ സങ്കലനം തന്നെ മതി ബി.ജെ.പിയുടെ ജാതി രാഷ്ട്രീയവും അവരുടെ പക്ഷവും വെളിപ്പെടുത്താൻ. ഗുജറാത്തിലെ ഉനയിൽ ഈ അടുത്ത കാലത്തു നടന്ന വലിയ ദളിത് പ്രതിഷേധം കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്തു വികസന മാതൃകയിലൂടെ ബി.ജെ.പി ദളിതർക്ക് സമ്മാനിച്ചതെന്താണെന്ന് ഈ ചിത്രത്തോടു ചേർത്ത് വായിക്കാവുന്നതാണ്. കഴിഞ്ഞ കാലങ്ങളിലൊന്നും ബി.ജെ.പി ക്കില്ലാതിരുന്ന ഓണപ്രേമം ഇത്തവണ മൊട്ടിടുന്നത് തങ്കളുടെ താമര വിരിയാൻ പാകത്തിൽ കേരളത്തിൽ ഒരു ചെറു ന്യൂനപക്ഷത്തിന്റെ മനസ്സിലെങ്കിലും വർഗീയതയുടെ ചളി നിറഞ്ഞെന്ന കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തെ തിരിച്ചറിവാണ്. അങ്ങനെ വരുമ്പോൾ ഈ ഓണം, എല്ലാവരും ഒരുമിച്ചാഘോഷിച്ചു സ്നേഹത്തിന്റെയും സമത്വത്തിന്റെയും മത സൗഹാർദ്ദത്തിന്റെയും സന്ദേശം ഇന്ത്യാ മഹാരാജ്യത്തിനാകെ നൽകുകയെന്ന രാഷ്ട്രീയ ദൗത്യം കൂടി നമ്മെ ഏല്പിക്കുന്നുണ്ട്.

ഓണത്തെ കുറിച്ചുള്ള ഐതിഹ്യങ്ങൾ പലതാണ്. ഐതിഹ്യങ്ങൾക്ക് അങ്ങനെ ചരിത്രത്തിന്റെ ആധികാരികതയൊന്നുമില്ല. രാവണൻ വില്ലനും നായകനുമായ രാമായണങ്ങളുള്ള നാടാണ് നമ്മുടേത്. രാമായണം തന്നെ 360 ലധികം തരത്തിലുണ്ട് പോലും. നാം നമ്മുടേതെന്നു കരുതുന്ന പലതും നമ്മുടേതല്ല എന്നതാണ് വാസ്തവം എന്നൊരിക്കൽ സുനിൽ മാഷിന്റെ (സുനിൽ പി ഇളയിടം) ഒരു പ്രസംഗത്തിൽ കേട്ടതായി ഓർക്കുന്നു. ഐതിഹ്യത്തിന്റെ തോണിയിൽ കയറി സഞ്ചരിച്ചാൽ അത് പല കടവിലും അടുപ്പിച്ചാണ് നമ്മുടെ അടുത്തെത്തിയതെന്നും ഇവിടെ നിന്നൊരുപാട് കടവിലേക്കതിനു യാത്ര ചെയ്യേണ്ടി വരുമെന്നും നമുക്ക് ബോധ്യപ്പെടും. നാം ഈ ഇന്ത്യൻ സംസ്കാരം എന്നൊക്കെ പറഞ്ഞു കൊട്ടിഘോഷിക്കുന്നവ പലതും ഇന്ത്യൻ തന്നെയാണോ എന്നതു തന്നെ സംശയം.

പാണ്ഡവർ വനവാസത്തിനു പോയത് പതിനാലു വർഷക്കാലമാണ്, ഗ്രീക്ക് ഐതിഹ്യത്തിലെ ട്രോജൻ യുദ്ധം നീണ്ടു നിന്നതും പതിനാലു വർഷക്കാലം തന്നെ. മഹാഭാരത യുദ്ധത്തിന്റെ തുടക്കത്തിൽ യുദ്ധം ചെയ്യാൻ വിസമ്മതിക്കുന്ന അർജുനനെ ഓർമപ്പെടുത്തും ട്രോജൻ യുദ്ധത്തിൽ പങ്കെടുക്കാൻ വൈമനസ്യം കാണിക്കുന്ന അക്കിലിസ്. യുദ്ധത്തിൽ ജീവൻ നഷ്ട്ടപെട്ട അഭിമന്യുവിന്റെ ശവശരീരം നോക്കി കരയുന്ന അർജുനന്റെ മുഖം തന്നെയാണ് തന്റെ സുഹൃത്ത് പട്രോക്ലൂസിന്റെ ജഡം നോക്കി കരഞ്ഞ അക്കില്ലിസിനും. ആയോധനത്തിൽ മിടുക്കനായ അക്കില്ലിസിനെ കൊല്ലുന്നത് കാൽമടമ്പിന് അമ്പെയ്ത്താണ്. നമ്മുടെ ഭഗവാൻ കൃഷ്ണനും മരണത്തെ ഏറ്റുവാങ്ങുന്നതും സമാനമായ രീതിയിൽ തന്നെ. ദുഷ്ടനായ തന്റെ മകനോട് അടങ്ങാത്ത പുത്രസ്നേഹമുള്ള ധൃതരാഷ്ട്രരും, പാരിസിനെ അകമഴിഞ്ഞു സ്നേഹിക്കുന്ന ട്രോജൻ രാജാവ് പ്രിയമോസും പ്രതിബിംബങ്ങളാണെന്നു നമുക്ക് തോന്നും. ഗ്രീക്ക് പുരാണവും ഇന്ത്യൻ പുരാണവും തമ്മിൽ ഇങ്ങനെ ആയിരം സാമ്യങ്ങൾ നമുക്ക് കാണാൻ കഴിയും. ഇതൊക്കെ യാദൃശ്ചികമാണെന്ന് തലയിൽ ആൾതാമസമില്ലാത്ത സംഘികൾ ചിലപ്പോ വാദിച്ചേക്കാം. പക്ഷെ സത്യമതല്ലലോ, കൊടുത്തും വാങ്ങിയും തന്നെയാണ് നമ്മുടെയെല്ലാം സംസ്കാരം രൂപപ്പെട്ടത്. സുനിൽ മാഷിന്റെ വാക്ക് തന്നെ കടമെടുത്താൽ "അമ്പിളി മാമൻ നമ്മുടെ ആകാശത്താണ് ഉദിച്ചതെന്നു നമുക്ക് ശ ഠിക്കാം , അടുത്തുള്ളവന്റെ പറമ്പിൽ പോയി ആകാശം നോക്കും വരെ".

എറിക് ഹോബ്സ്ബാമും ടെറൻസ് ബാങ്കറും ചേർന്ന് എഡിറ്റ് ചെയ്ത 'The invented Tradition’ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ ലേഖകർ പറയുന്നത് നമ്മൾ പുരാതനമെന്നു കരുതുന്നതും അങ്ങനെ അവകാശപ്പെടുന്നതുമായ പല സംസ്കാരങ്ങളും വളരെ അടുത്തകാലത്തു ജന്മമെടുത്തവയോ ചിലപ്പോൾ കെട്ടിച്ചമച്ചവയോ ആണെന്നാണ്. ഹോബ്സ്ബാമിന്റെ ഈ ആശയം പ്രധാനമായും മതവുമായി ബന്ധപ്പെട്ട സംസ്കാര പഠനത്തിലാണ് ഉപയോഗിക്കപ്പെട്ടത്. ഈ ആശയങ്ങൾ സാമൂഹ്യശാസ്ത്ര പഠനത്തിലെ സമാനമായ ‘Pizza effect ‘ എന്ന ആശയത്തിന്റെ പ്രയോഗത്തിലും കാണാം. മനുഷ്യന്റെ സംസ്കാരം എന്നത് പരിവർത്തനത്തിനു വിധേയമായതോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും രൂപപ്പെട്ടു കൈമാറ്റം ചെയ്യപ്പെട്ടവയോ ആകാം എന്നതാണ് ‘Pizza effect‘ മുന്നോട്ടു വയ്ക്കുന്ന ആശയം (ഇറ്റാലിയൻ ഭക്ഷണമെന്നു നമുക്ക് സുപരിചിതമായ പിസ്സ രൂപം കൊണ്ടത് സത്യത്തിൽ അമേരിക്കയിലെ ഇറ്റാലിയൻ കുടിയേറ്റക്കാരിലാണ് പിന്നീടാണത് ഇറ്റലിയിൽ വ്യാപകമായത്). ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യ തർക്കങ്ങളിലും ഈ രണ്ട് ആശയവും നമുക്ക് കൂടുതൽ ആലോചനകൾക്ക് വഴിവെട്ടുകയും വെളിച്ചം നൽകുകയും ചെയ്യുമെന്ന് തോന്നുന്നു. കഥകൾ നിരവധിയാണ്. ഓണം എവിടെ നിന്നാണ് തുടങ്ങിയതെന്ന് അങ്ങനെ തറപ്പിച്ചു പറയാൻ നമുക്ക് ഒന്നിനും കാര്യമായ തെളിവൊന്നുമില്ല. അതുകൊണ്ട് തന്നെ നമ്മുടെ എല്ലാ സംസ്കാരങ്ങളെയും പോലെ ഓണവും പല സംസ്കാരങ്ങളുടെയും കലർപ്പു തന്നെയാകണം. ബിസിയിൽ അസ്സീറിയ (മെസപ്പെട്ടോമിയൻ രാജ്യം) ഭരിച്ചിരുന്ന ചില രാജാക്കൻമാരുടെ അഷുർ- ഉബലിത് എന്ന സ്ഥാനപ്പേരുകളിൽ നിന്നാണ് അസുരരാജാവായ മഹാബലി ഉണ്ടായതെന്ന് ഒരു വാദമുണ്ട്. ഓണത്തിന് നാം ഒരുക്കുന്ന പൂക്കളത്തിനു ഉത്തരേന്ത്യയിലെ രംഗോളിയുമായുള്ള സാമ്യത്തെ ചൂണ്ടി കാണിച്ചു ഓണം വന്നത് ഉത്തരേന്ത്യയിൽ നിന്നാണെന്നു പറയുന്ന കൂട്ടരുമുണ്ട്. ഞാൻ ജീവിക്കുന്ന മഹാരാഷ്ട്രയിലും ബലിരാജാവുമായി ബന്ധപ്പെട്ട ചില സങ്കല്പങ്ങളുണ്ട്. ഫുലെ ബലിയെ സാധാരണക്കാരന്റെയും കർഷകരുടെയും രാജാവായാണ് കണ്ടത്. വാമനനെ സ്വദേശികളായ ഇന്ത്യൻ ജനതയെ ചൂഷണം ചെയ്ത ആര്യന്മാരുടെ പ്രതീകമായാണ് അദ്ദേഹം കണ്ടത്. ഈ വാദത്തെ ഫുലെ സാധൂകരിച്ചത് ദീപാവലി ആഘോഷങ്ങൾക്കിടയിൽ മഹാരാഷ്ട്രയിലെ സ്ത്രീകൾ പാടാറുള്ള “ഇട പിട ജാവോ, ബാലിച്ച രാജ്യ യേവോ” (കഷ്ടപ്പാടും ദുഃഖവും മാറട്ടെ, ബലി രാജവിന്റെ കാലം വരട്ടെ) എന്ന വരിയെ പിടിച്ചാണ്. ബലിയുടെ നഷ്ടപ്പെട്ടുപോയ രാജ്യം പുനഃസ്ഥാപിക്കുക വഴി വേദനയും കഷ്ടപാടുമില്ലാത്ത നല്ല കാലം വരുമെന്ന പ്രതീക്ഷയിൽ നിന്നാണ് ആ വാക്കുകൾ വരുന്നത്. ഫുലെ ഇന്ത്യയെ വിളിക്കുന്നത് തന്നെ ബലിയുടെ പേര് ചേർത്ത് ബലിസ്താൻ എന്നാണ്. ബലിയുടെ സങ്കൽപ്പത്തെ മഹാരാഷ്ട്രയുടെ മുഖ്യധാര ആഘോഷത്തിന്റെ ഭാഗമാക്കി തീർക്കാൻ ഫുലേയ്ക്കും കഴിഞ്ഞില്ല.

അടുത്ത കാലത്തായി ദേശീയ-അന്തർദേശീയ തലത്തിലുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങൾ കേരള പൊതുസമൂഹത്തിന്റെ മതനിരപേക്ഷ ബോധത്തെ കാര്യമായി ബാധിച്ചിരിക്കുന്നു. അപകടകരമായ ഈ വർഗ്ഗീയവൽക്കരണത്തെ കൂടുതൽ ശക്തമാക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാർ ഇപ്പോൾ നടത്തുന്നത്. അതിൽ പലതും ഇന്ന് പ്രത്യക്ഷമല്ല എന്നതാണ് സത്യം. അതിൽ പ്രത്യക്ഷമായ ഒരു ഇടപെടലാണ് ശ്രീമതി ശശികലയുടെയും കേസരി മാസികയുടെയും ഓണാഘോഷത്തെക്കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങൾ.

ഭാഗവത പുരാണത്തിലാണല്ലോ വിഷ്ണുവിന്റെ അവതാര കഥകളൊക്കെ പറയുന്നത്. ഹിരണ്യകശിപുവിന്റെ വിഷ്ണു ഭക്തനായ മകൻ പ്രഹ്ലാദനെ രക്ഷിക്കാനാണ് വിഷ്ണു നരസിംഹനായി അവതരിക്കുന്നത്. അതേ പ്രഹ്ലാദന്റെ പ്രജാക്ഷേമ തലപ്പരനായ പൗത്രൻ മഹാബലിയെ കൊല്ലാനാണു വിഷ്ണു വീണ്ടും വാമനനായി അവതരിക്കുന്നത്. ഒരു കല്ലുകടി ഇതിൽ തന്നെയില്ലെ? കേരളം ഉണ്ടാക്കിയത് പരശുരാമൻ മഴു എറിഞ്ഞാണെന്ന് കുഞ്ഞായ കുഞ്ഞുങ്ങൾക്കൊക്കെ ഇപ്പോഴും നാം പറഞ്ഞു കൊടുക്കുന്നു. ഓണക്കാലത്തെങ്കിലും കേരളം ഭരിച്ചത് മഹാബലിയാണെന്നും മൂപ്പരെ തട്ടിയത് വാമനനാണെന്നും നമ്മളതേ കുട്ടികളോട് പറയുന്നു. അതിലേതെങ്കിലും കുരുത്തം കെട്ടവൾ വാമനന്റെ അവതാരത്തിനു ശേഷമല്ലേ വിഷ്ണു പരശുരാമനായി പിറന്നത്, അപ്പോൾ മഹാബലി എങ്ങനെ കേരളം ഭരിക്കും എന്ന് ചോദിച്ചാൽ നമുക്കവളെ ചെവി പിടിച്ചു കണ്ണുരുട്ടി പേടിപ്പിച്ച് ഇരുത്തുകയെ വഴിയുള്ളൂ. കാട് കയറുകയല്ല, പറഞ്ഞു വരുന്നത് ഇതാണ്. അമിത് ഷായ്ക്കും, ശശികല ടീച്ചർക്കും കൂട്ടർക്കും ഭാവിതലമുറയ്ക്കായി പുതിയ ഒരു കെട്ടു കഥയുണ്ടാക്കാം. മഹാബലിയെ വില്ലനാക്കാം. വാമനനെ സ്വാതന്ത്യ്രസമര സേനാനിയോ പുരാണ ഭാരത രാഷ്ട്രപിതാവോ ഒക്കെ ആക്കി ചിത്രീകരിച്ചു കഥകൾ മെനയാം. അതിലും തെറ്റില്ല. പക്ഷെ എന്തിനു വേണ്ടിയാണ് എന്നതാണ് ചോദ്യം. ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിന്റെ മതാഘോഷങ്ങൾ പോലും മതസൗഹാര്ദത്തിന്റെ വേദിയാണ്. അത് ചടങ്ങിനെന്ന പോലെ ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ പൗരോഹിത്യ വേഷധാരികളായ കുട്ടികളെ ഒരു വേദിയിൽ അണിനിരത്തി മതേതരത്വം പ്രസംഗിക്കുന്ന കെട്ടുകാഴ്ചയുമല്ല. ക്രിതുമസ്സിനു വീട്ടിന്റെ മുറ്റത്തു നക്ഷത്രങ്ങൾ തൂക്കുന്നത് ക്രിസ്ത്യാനികൾ മാത്രമല്ലെന്നതാണ് എന്റെ കേരളാനുഭവം. ഹിന്ദു ഐതിഹ്യത്തോട് ചേർന്നു കിടക്കുമ്പോഴും ഓണം ഹിന്ദുക്കളുടെ മാത്രം ആഘോഷമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. (അത് കേരള പൊതുബോധത്തിന്റെ ഹൈന്ദവവൽക്കരണമാണെന്നു ബുദ്ധിജീവികൾക്ക് വാദിക്കാം). നോമ്പുകാലത്തെ ഇഫ്താർ വിരുന്നും ആഘോഷവും മുസ്ലിംമത വിശ്വാസികളുടേത് മാത്രമാണെന്ന് കേരളത്തിൽ ജീവിച്ച കാലത്തു തോന്നിയതേയില്ല. ഒരു മലയാളിയുടെ ഈ സാധാരണ അനുഭവങ്ങൾ പക്ഷെ മഹാരാഷ്ട്രയിൽ ചിലപ്പോൾ പത്രത്തിൽ ഇടം പിടിക്കാൻ മാത്രം അസ്വാഭാവികമായെന്നു വരാം. കേരളത്തിന്റെ സാമൂഹ്യജീവിത പരിസരമെന്നത് സ്വാഭാവികമായ മതസൗഹാർദത്തിന്റെ വേദിയായിരുന്നു ഇന്നലെവരെയും.

ഈയൊരു സാഹചര്യം നിലനിൽക്കെ സംഘപരിവാരത്തിന്റെ അപരമത വിരോധത്തിന്റെ രാഷ്ട്രീയത്തിന് കേരളത്തിൽ വേരിറക്കുക എന്നത് അസാധ്യമാണ്. എന്നാൽ ഈ അടുത്ത കാലത്തായി ദേശീയ-അന്തർദേശീയ തലത്തിലുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങൾ കേരള പൊതുസമൂഹത്തിന്റെ മതനിരപേക്ഷ ബോധത്തെ കാര്യമായി ബാധിച്ചിരിക്കുന്നു. അപകടകരമായ ഈ വർഗ്ഗീയവൽക്കരണത്തെ കൂടുതൽ ശക്തമാക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാർ ഇപ്പോൾ നടത്തുന്നത്. അതിൽ പലതും ഇന്ന് പ്രത്യക്ഷമല്ല എന്നതാണ് സത്യം. അതിൽ പ്രത്യക്ഷമായ ഒരു ഇടപെടലാണ് ശ്രീമതി ശശികലയുടെയും കേസരി മാസികയുടെയും ഓണാഘോഷത്തെക്കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങൾ. രണ്ടു കാര്യങ്ങളാകണം ഈ വിവാദത്തിലൂടെ സംഘപരിവാർ ലക്ഷ്യം വയ്ക്കുന്നത്. ഒന്നാമത്തേത്, അബദ്ധജടിലമായ ഇത്തരം പ്രസ്താവനകൾ ഉയർത്തുന്ന ചർച്ചകൾ അറിഞ്ഞോ അറിയാതെയോ ഓണമെന്നത് ഹിന്ദുക്കളുടെ മാത്രം ആഘോഷമായി പരിമിതപ്പെടുത്തും. അതുതന്നെയാണ് സംഘപരിവാരത്തിന്റെ ലക്ഷ്യവും. അതിൽ കുടുങ്ങിപ്പോകാതിരിക്കാൻ നാമെല്ലാം ജാഗ്രത പുലർത്തിയെ മതിയാകൂ.

മറ്റൊന്ന്, ബലിയുടെ രാജ്യമെന്നത് ഫുലെയുടെ ആശയങ്ങൾ കൈക്കൊണ്ടാൽ ദളിതന്റെ മോചനം സാധ്യമാകുന്നതും ബ്രാഹ്മണ്യത്തിന്റെ അധികാരം തകർക്കപ്പെടുന്നതുമായ ഒന്നാണ്. അങ്ങനെയാകുമ്പോൾ ഓണം മുന്നോട്ട് വയ്ക്കുന്ന സമത്വത്തിന്റെ ആശയം എല്ലാ അർത്ഥത്തിലും ചതുർവർണ്യ ജാതിവ്യവസ്ഥ നിലനിന്നിരുന്ന വേദകാലത്തെ പുനഃസഥാപിക്കുക എന്ന സംഘപരിവാരത്തിന്റെ രാഷ്ട്രീയത്തെ അറിഞ്ഞോ അറിയാതെയോ വെല്ലുവിളിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഓണമെന്ന ആഘോഷത്തെ മഹാബലിയിൽ നിന്നും വാമനനിലേക്ക് പറിച്ചു നട്ട് ആ ആഘോഷത്തെ സൗന്ദര്യപൂർണ്ണമാക്കുന്ന ആശയത്തെ അട്ടിമറിക്കാനാണ് സംഘികൾ ശ്രമിക്കുന്നത്.

ഇത്തരത്തിൽ സംഘപരിവാരത്തിന്റെ ഓണക്കളിയിലെ രാഷ്ട്രീയത്തെ ജാഗ്രതയോടെ പരിശോധിക്കുമ്പോൾ തന്നെ നമ്മുടെ നിലവിലെ ഓണാഘോഷത്തിന്റെ ബ്രഹ്മണ്യവത്കരണത്തെയും (പലയിടങ്ങളിലും മാവേലിക്ക് പൂണൂൽ കാണാറുണ്ട്) കമ്പോളവത്കരണത്തെയും കുറിച്ചൊരു വിമർശനാത്മക സ്വയംപരിശോധന നടത്തുന്നത് നന്നാകും.

എന്തായാലും നമ്മുടെ ഓണം ഓണമാകുന്നത് അത് മഹാബലിയുടെ ആഘോഷമാകുമ്പോഴാണ്. മഹാബലിയെ സ്വീകരിക്കുന്ന ഈ ഓണം നമ്മെളെല്ലാവരും കൂടി ഒരുമിച്ചിരുന്നു ബീഫും ചിക്കനും കൂട്ടി ഉണ്ടോളാം. സ്വാതന്ത്ര്യ സമരസേനാനി വാമനെ വാഴ്ത്തി നിങ്ങളീ ഓണക്കാലത്തു പ്രതിഷേധിച്ച് പട്ടിണി കിടന്നോളൂ.

ഏവർക്കും ഓണാശംസകൾ. വാൽ : നവസഫലിസ്റ്റുകളുടെ ഓണവിരുദ്ധമായ പ്രചാരങ്ങളും ഇതേ നാണയത്തിന്റെ മറ്റൊരു വശമാണെന്ന് മറക്കണ്ട. അനുബന്ധം: ഈ ലേഖനത്തിലെ ഏതാനും ചില ആശയങ്ങൾ കഴിഞ്ഞ വർഷം മുംബൈയിൽ സുനിൽ പി ഇളയിടം നടത്തിയ പ്രസംഗത്തിൽ നിന്നും കൈക്കൊണ്ടതാണ്